വായനയുടെ സാംസ്‌കാരവും സംസ്‌കാരത്തിന്റെ വായനയുമായി 'ബോധനം' പുതിയ ചുവടുവെപ്പിലേക്ക്‌

‌‌

ഇസ്‌ലാമിക പക്ഷത്തുനിന്ന് കാമ്പും കാതലുമുള്ള വയനാ സംസ്‌കാരത്തിന് ബോധനം തുടക്കമിടുകയാണ്. കെട്ടുറപ്പോടെയും ഉള്‍ക്കരുത്തോടെയുമുള്ള ആധികാരിക പഠനസ്വഭാവത്തോടെ, പുതിയ മാറ്റങ്ങളോടെ അടുത്തലക്കം മുതല്‍ ബോധനം വായനക്കാരിലേക്ക് എത്തുകയാണ്. ഇസ്‌ലാമിക സമൂഹത്തില്‍ ഏറെ സ്വീകാര്യതയോടെ ഇടം പിടിച്ച ഈ ദൈ്വമാസിക തനിമയോടെയും എന്നാല്‍ പുതുമയോടെയുമാണ് ഇനി പുറത്തിറങ്ങുക. വരുംകാലങ്ങളില്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പൊതുവായ ഒരിടം അത് സ്ഥാപിച്ചെടുക്കും.
ഗവേഷണ മേഖലയില്‍ മുസ്‌ലിം സമൂഹത്തിന്റെ വര്‍ധിച്ച പ്രാധാന്യവും വൈജ്ഞാനിക ശേഷിയുള്ള പണ്ഡിത സാന്നിധ്യവും പരിഗണിച്ച്, സാമ്പ്രദായിക ശൈലിക്ക് പകരം പുതിയ തലമുറയിലെ ഗവേഷണ പ്രതിഭകളെ കൂടി സംബോധന ചെയ്യുന്ന ശൈലിയായിരിക്കും ഇനി മുതല്‍ ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന ബോധനം സ്വീകരിക്കുക. 'വായനയുടെ സാംസ്‌കാരവും സംസ്‌കാരത്തിന്റെ വായനയും' സാധ്യമാക്കുന്ന പുതിയ കാലത്ത് ഇസ്‌ലാമിനെ വൈജ്ഞാനിക അന്വേഷണങ്ങളുടെ ആത്മാവും അന്തസത്തയുമായി ഉപയോഗപ്പെടുത്തുന്ന വലിയൊരു സമരം കൂടിയാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടാന്‍ പോകുന്നത്. ഇസ്‌ലാമിക കലാലയങ്ങളിലും ഇസ്‌ലാമികലോകത്തും നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തെ അറിവിലൂടെ അടയാളപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയമായി മാത്രമല്ല വൈജ്ഞാനികമായും പുതിയ തുറസ്സിലേക്ക് എത്തിനില്‍ക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയവികാസത്തിന് ആക്കം കൂട്ടുന്ന അറിവുകളാണ് ഇതില്‍ പ്രധാനമായും ഉള്‍ക്കൊള്ളിക്കുക, അതോടൊപ്പം കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിര്‍മിതമായ മതില്‍കെട്ടുകള്‍ക്ക് വിള്ളലേല്‍പ്പിക്കുകയും പുതിയ വൈജ്ഞാനിക സൗഹാര്‍ദത്തിന്റെ മേഖലയിലേക്ക് അവരെയെത്തിക്കുകയും ചെയ്യുന്ന വായനയുടെയും രചനയുടെയും ശൈലിയിലായിരിക്കും ബോധനം സ്വീകരിക്കുക. നമ്മുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ബഹുമുഖമായ തുടര്‍ച്ചയാണ് ഇതിലൂടെ നിര്‍വഹിക്കേണ്ടത്. തീര്‍ച്ച, ഈ വായനാ സംസ്‌കാരത്തില്‍ നിന്ന് നിങ്ങള്‍ക്ക് മാറി നില്‍ക്കാനാവില്ല.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top