മനുഷ്യനും പരിസ്ഥിതിയും: ഖുര്‍ആനിക പരിപ്രേക്ഷ്യം

ഡോ. അബ്ദുല്‍ മജീദ് ഉമറുന്നജ്ജാര്‍‌‌
img

ഇസ്‌ലാമിക സംസ്‌കാരത്തില്‍ മനുഷ്യനും പരിസ്ഥിതിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ ദാര്‍ഢ്യവും ആഴവും മനസ്സിലാക്കാന്‍, പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമാകുമാറ് പാശ്ചാത്യ സംസ്‌കാരത്തെ സ്വാധീനിച്ച, ഇസ്‌ലാമേതര സംസ്‌കാരങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്.
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തില്‍ ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച ഐക്യവും ഔന്നത്യവും പാശ്ചാത്യമുള്‍പ്പെടെയുള്ള സംസ്‌കാരങ്ങള്‍ ഒട്ടും പരിഗണിച്ചില്ലെന്നതാണ് വിശകലനത്തില്‍ തെളിയുന്ന പ്രഥമകാര്യം. ആ സംസ്‌കാരങ്ങളെല്ലാം ഭാഗികമായോ മൊത്തമായോ ഏകപക്ഷീയമായാണ് തദ്വിഷയകമായ കാഴ്ചപ്പാട് മുന്നോട്ടു വെച്ചത്. മനുഷ്യനും പരിസ്ഥിതിയും തമ്മില്‍ ഒട്ടും ബന്ധമില്ലാതെയോ, പരിഗണനീയമായ വ്യതിരിക്തത കല്‍പിക്കപ്പെടാത്ത ഏകകമായോ കണ്ടുകൊണ്ടുള്ളതായിരുന്നു ആ കാഴ്ചപ്പാട്. ഇത് വിനാശകരമായ പാരിസ്ഥിതിക ചൂഷണത്തിന് വഴിവെച്ചു. പരിസ്ഥിതി മനുഷ്യനെയോ, മനുഷ്യന്‍ പരിസ്ഥിതിയെയോ പരിഗണിക്കേണ്ടതില്ലെന്ന കാഴ്ചപ്പാടും ആധുനിക സംസ്‌കാരങ്ങളുടേതു തന്നെ.
മനുഷ്യാസ്തിത്വവും പാരിസ്ഥിതിതികാസ്തിത്വവും തമ്മില്‍ ബന്ധമില്ലെന്നാണ് പൗരസ്ത്യ തത്വവാദ സംസ്‌കാരവും ഗ്രീക്ക് സംസ്‌കാരവും വാദിക്കുന്നത്. സമയബന്ധിതമായി തടവറയില്‍ കഴിയുന്ന വിദേശിയെപോലെ, ആകാശ ലോകത്തുനിന്ന് അവതരിച്ച ആത്മാവ് മനുഷ്യന്റെ ഭൗതികശരീരത്തില്‍ കുടിപാര്‍ക്കുകയാണെന്നാണ് ഇരുസംസ്‌കാരങ്ങളും പഠിപ്പിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യ ശരീരത്തില്‍നിന്ന് സര്‍വവിധേനയും മോചനം നേടുക എന്നതത്രെ ആത്മാവിന്റെ ഏകലക്ഷ്യം. അതായത്, മനുഷ്യനെയും പരിസ്ഥിതിയെയും പൂര്‍ണമായും രണ്ടായിത്തന്നെ കാണണം. ഉപരിലോകത്തുനിന്ന് അവതരിച്ച ആത്മാവിനു മാത്രം ഔന്നത്യവും പവിത്രതയും ചാര്‍ത്തിക്കൊടുക്കുന്നതിനാല്‍ പരിസ്ഥിതിയുടെ മൂല്യത്തെ അത് തീര്‍ത്തും നിസ്സാരമായി കാണുന്നു.1
ഖുര്‍ആന്റേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് പഴയ നിയമം മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ കാണുന്നത്. രണ്ടു ഘടകങ്ങളും തമ്മില്‍ ഐക്യമുണ്ടെന്ന് പഴയ നിയമത്തിലുണ്ടെങ്കിലും, ഇതര പാരിസ്ഥിതിക ഘടകങ്ങളെക്കാള്‍ മനുഷ്യനുള്ള സവിശേഷത നിരാകരിക്കും വിധമാണ് അതിലെ അവതരണം. എന്നല്ല, പരിസ്ഥിതിയിലെ ഏറ്റവും നിസ്സാരമായ ഘടകമാണ് മനുഷ്യന്‍ എന്ന രീതിയിലാണ് പരാമര്‍ശം. 'സഭാ പ്രഭാഷകനി'ല്‍ നിന്ന്: 'മനുഷ്യരുമായി ബന്ധപ്പെട്ട് ഞാന്‍ ആത്മഗതം ചെയ്തു: കന്നുകാലികള്‍ എങ്ങനെയോ, അങ്ങനെയാണവര്‍ എന്ന് അവരെ കാണിച്ചുകൊടുക്കാനായി തീര്‍ച്ചയായും ദൈവം അവരെ പരീക്ഷിക്കുന്നതായിരിക്കും. കാരണം അവര്‍ രണ്ടും (മനുഷ്യരും കന്നുകാലികളും) വ്യര്‍ഥമാണ്. രണ്ടും ഒരേ സ്ഥലത്തേക്കാണ് പോവുക. രണ്ടും മണ്ണില്‍നിന്നായിരുന്നു. രണ്ടും മണ്ണിലേക്ക് തന്നെയാണ് മടങ്ങുക.'2 'ഒരു മരത്തിന് പ്രത്യാശയുണ്ട്, വെട്ടിക്കളഞ്ഞാല്‍ അത് വീണ്ടും മുളയ്ക്കും, അതിനു മുളകള്‍ പൊട്ടാതിരിക്കില്ല. അതിന്റെ വേര് മണ്ണിലിരുന്ന് പഴകിയാലും, മുരട് ഉണങ്ങിപ്പോയാലും വെള്ളത്തിന്റെ ഗന്ധമേറ്റാല്‍ അത് പൊട്ടിക്കിളിര്‍ത്ത് തൈമരം പോലെ ശാഖകള്‍ പുറപ്പെടുവിക്കും. മനുഷ്യനോ, മരിക്കുന്നു, മണ്ണിലടിയുന്നു. അന്ത്യശ്വാസം വലിച്ചു കഴിഞ്ഞാല്‍ പിന്നെ അയാള്‍ എവിടെയാണ്? (ഇയ്യോബ്: 14/7-10) പഴയ നിയമമനുസരിച്ച് മനുഷ്യന്‍ പരിസ്ഥിതിയുടെ നിര്‍മിതിയിലെ ഒരു ഘടകമാണ്. പക്ഷേ, ഇതര സൃഷ്ടികളില്‍നിന്ന് മനുഷ്യനുള്ള മൂല്യാന്തരം അത് നിരാകരിക്കുന്നു.
ഇതര സംസ്‌കാരങ്ങളിലും മനുഷ്യനും പരിസ്ഥിതിയും തമ്മിലെ വിടവ് വലുതാണ്. നദികളും മലകളും മരങ്ങളും മൃഗങ്ങളുമെല്ലാം മനുഷ്യനേക്കാള്‍ മൂല്യവത്തും മനുഷ്യന്‍ മൂല്യന്യൂനനുമാണ് പല സംസ്‌കാരങ്ങളിലും. അധ്വാനഫലങ്ങള്‍ പോലും ഇവയ്ക്ക് ബലിനല്‍കപ്പെടുന്നു. ചിലപ്പോള്‍ മനുഷ്യര്‍ തങ്ങളെത്തന്നെ പ്രകൃതി ശക്തികള്‍ക്ക് ബലിയായി നല്‍കുന്നു. ഫറോവ കാലഘട്ടങ്ങളില്‍ ഈജിപ്തില്‍ നവവധുക്കളെ നൈല്‍ നദിക്ക് സമര്‍പ്പിച്ചിരുന്നതായി ചരിത്രം പറയുന്നു. മനുഷ്യന്റെ ചെലവില്‍ പരിസ്ഥിതിയുടെ മിഥ്യാ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് ഈ നിലപാട്.
പാശ്ചാത്യ നാഗരികതയുടെ അടിത്തറയായ ആധുനിക തത്വശാസ്ത്രത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൗരാണിക സംസ്‌കാരങ്ങള്‍ സ്വാധീനം ചെലുത്തുകയുണ്ടായി. അതു കൊണ്ടുതന്നെ ഈ തത്വശാസ്ത്രം ഒന്നിന്റെ മൂല്യം മറ്റൊന്നില്‍ ചാര്‍ത്തുന്ന നിലയിലായി. മനുഷ്യനെയും ഭൗതിക ലോകത്തെയും വേര്‍തിരിച്ചു കാണുന്ന തത്വശാസ്ത്രത്തിന്റെ വക്താക്കളായ ഡെകാര്‍ത്തിനെയും മറ്റും ഏറെ സ്വാധീനിച്ച തത്വശാസ്ത്രമാണ് പ്ലാറ്റോവിന്റേത്. ഡെക്കാര്‍ത്ത് പ്രഥമവും വലുതും ചിന്തിക്കുന്നതും എന്ന നിലയില്‍ മനുഷ്യസത്ത, ആത്മീയ ആശയത്തില്‍നിന്ന് മുക്തമായ ഭൗതിക ലോകം എന്നിങ്ങനെ ലോകത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പരസ്പര വിരുദ്ധമായ രണ്ടു ലോകങ്ങളാണുള്ളത്. ഒന്ന്. ബാഹ്യമായ യാന്ത്രികലോകം (ഭൗതിക പരിസ്ഥിതി). രണ്ട്. ആഭ്യന്തര ധൈഷണിക ലോകം (ഭൗതിക പരിസ്ഥിതിയുമായി ബന്ധമില്ലാത്ത മനുഷ്യന്‍). ഇതു രണ്ടും സംയോജിപ്പിച്ച് വിജയിപ്പിക്കുക സാധ്യമല്ല.3
'പാശ്ചാത്യ നാഗരികത പൂര്‍ണമായും പ്ലാറ്റോവിന്റെ ചിന്തകളുടെ ഓരം ചേര്‍ന്നാണ് സഞ്ചരിക്കുന്നത്. അതിന്റെ മുഖ്യപങ്കും ഡെക്കാര്‍ത്തിന്റേതാണ്. അതിലൂടെ മനുഷ്യന്‍ പ്രകൃതിയില്‍നിന്ന് ഏറെ ദൂരത്തായി. ഭൂഗോളത്തില്‍നിന്ന് ഏറെ അകലെയായി. എല്ലായിടത്തും ഭൗതികതയുടെ മാത്രം ചലനം ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയായി.4
പ്ലാറ്റോവില്‍നിന്ന് ഡെക്കാര്‍ത്തിലൂടെ വികസിച്ചുവന്ന ചിന്തകള്‍ പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ തകിടം മറിച്ചു.5
മനുഷ്യനെയും പ്രകൃതിയെയും തമ്മില്‍ വേര്‍പ്പെടുത്തുന്ന ഈ രൂപം പരിസ്ഥിതിയേക്കാള്‍ മനുഷ്യന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നതാണെങ്കിലും ഫലത്തില്‍ അതിന്റെ എല്ലാ മൂല്യങ്ങളെയും നിര്‍വീര്യമാക്കുന്ന തരത്തിലാണ്. ഈ വീക്ഷണമനുസരിച്ച ഏറ്റവും നല്ല സങ്കല്‍പ പ്രകാരം പോലും, പരിസ്ഥിതി കുറെ വസ്തുക്കളുടെ സംഘാടനം മാത്രമാണ്. അതിന്റെ മറ്റു യാഥാര്‍ഥ്യങ്ങളുടെ മൂല്യങ്ങളത്രയും മനുഷ്യ സങ്കല്‍പമനുസരിച്ചാണ് വിലയിരുത്തപ്പെടുക. ഈ കര്‍ക്കശമായ മനുഷ്യ-പരിസ്ഥിതി ഭേദനം അവക്കിടയില്‍ ഒരു തരത്തിലുള്ള അനുരഞ്ജനവും അംഗീകരിക്കുന്നില്ല. അതേസമയം, ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ച് മനുഷ്യനും പരിസ്ഥിതിയും ഒരേ സമയം സുദൃഢമായ അനുരഞ്ജനവും അതോടൊപ്പം സൂക്ഷ്മമായ വ്യതിരിക്തതയും പുലര്‍ത്തുന്നുണ്ട്.
പരിണാമവാദമനുസരിച്ച് മനുഷ്യന്‍ പരിണാമ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. പരിസ്ഥിതയേക്കാള്‍ അവന് സവിശേഷ മൂല്യമില്ല. അസ്തിത്വ മൂല്യത്തിലോ, നിര്‍മാണ ഘടകങ്ങളിലോ, ലക്ഷ്യത്തിലോ ഇതര പാരിസ്ഥിതിക ഘടകങ്ങളില്‍നിന്ന് അവന്‍ ഭിന്നനല്ല. പ്രപഞ്ചത്തിന്റെ മൊത്തം വികാസം പരിഗണിക്കുമ്പോള്‍ മനുഷ്യന്‍ മാത്രമല്ല, ഭൂഗോളം പോലും ഒരു മണല്‍ത്തരി മാത്രമാണെന്ന ആധുനിക ഗോളശാസ്ത്രത്തിന്റെ കണ്ടുപിടുത്തം വസ്തുക്കള്‍ തമ്മിലെ അന്തരങ്ങള്‍ ഇല്ലാതാക്കുകയും, മനുഷ്യനെ ചെറിയവനായി അവതരിപ്പിക്കുകയും ചെയ്തു. ഇത് മനുഷ്യനും പരിസ്ഥിതിയും തമ്മിലുണ്ടാകേണ്ട ആത്മീയ ബന്ധത്തെ അറുത്തുകളഞ്ഞു. 'ചിന്തകന്മാര്‍ രണ്ടു തരമാണ്: ഒന്ന്, ശാസ്ത്രത്തിന്റെ വക്താക്കള്‍. അവര്‍ ചിന്തയെ ഭൗതിക മാത്രമായി കണ്ടു. രണ്ടാമത്തെ വിഭാഗമായ തത്ത്വശാസ്ത്രവാദികള്‍ ഭൗതികതയെ ചിന്തയിലൊതുക്കി. അതുവഴിയുണ്ടായ പ്രശ്‌നങ്ങള്‍ ഇന്നും തുടരുന്നു.6
മനുഷ്യനും പരിസ്ഥിതിയും തമ്മിലെ വൈകാരിക ബന്ധം നഷ്ടപ്പെട്ടപ്പോള്‍ പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ബന്ധം വരള്‍ച്ചയുടെയും ഊഷരതയുടെയും ആശയങ്ങളുള്ളതോടൊപ്പം തന്നെ ഭക്ഷണത്തിന്റെ വന്‍ ശേഖരമുള്ള ഒരു ഗോഡൗണുമായുള്ള ബന്ധം പോലെയായി.
മനുഷ്യനും പരിസ്ഥിതിയും തമ്മിലെ അസ്തിത്വബന്ധം സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് ഭൗതികവും ആത്മീയവും വൈകാരികവും ഏകാത്മകവും, പരിണാമശൃംഖലയില്‍ മനുഷ്യനെക്കാള്‍ താഴെയായ പരിസ്ഥിതിയേക്കാള്‍ മനുഷ്യന്റെ മൂല്യ വ്യതിരിക്തത അംഗീകരിക്കുന്നതുമാണ്.
മനുഷ്യനും പരിസ്ഥിതിയും തമ്മിലെ 'തൊഴില്‍പരമായ ബന്ധം'
ജീവിതത്തില്‍ മനുഷ്യര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിസ്ഥിതി എന്ന കളരിയിലാണ്. അസ്തിത്വപരമായ ബന്ധത്തിനപ്പുറം തൊഴില്‍പരമായും അതുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടെന്നര്‍ഥം. മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണെന്നതിനര്‍ഥം അതില്‍ പരിസ്ഥിതിക്ക് നിര്‍ണിതമായ പങ്കുണ്ടെന്നാണ്. തൊഴില്‍പരമായ ഈ ബന്ധം മനുഷ്യനും പരിസ്ഥിതിയും തമ്മിലെ സാംസ്‌കാരിക സങ്കല്‍പത്തിന്റെ സുപ്രധാനമായ അടിസ്ഥാനമാണ്. ഈ ബന്ധത്തെ സംബന്ധിച്ച് ഖുര്‍ആനും ഹദീസും സമഗ്രമായി കൈകാര്യം ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ മനുഷ്യന് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വവും, അത് നിര്‍വഹിക്കുന്നതില്‍ പരിസ്ഥിതിയുടെ പങ്കും ഈ വിഷയകമായി പ്രധാനമാണ്.
ഭൂമിയിലെ പ്രാതിനിധ്യ നിയോഗമാണ് ഇസ്‌ലാം മനുഷ്യന് നിര്‍ണയിച്ചു നല്‍കിയ ദൗത്യം. ഭൂമുഖത്തെ പ്രഥമ മനുഷ്യന്റെ സൃഷ്ടിപ്രഖ്യാപനത്തോടനുബന്ധിച്ച് വ്യക്തമാക്കപ്പെട്ടതാണീ ലക്ഷ്യം. 'നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. തീര്‍ച്ചയായും ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നു' (അല്‍ബഖറ: 30) വ്യക്തി എന്ന നിലയിലുള്ള മനുഷ്യനെ ഇബാദത്തുപരവും വൈജ്ഞാനികവും മൂല്യപരവും സഹകരണാത്മകവും സ്‌നേഹസഹായപരവും മറ്റുമായ പുരോഗതിയിലേക്ക് എത്തിക്കുംവിധം ഭൂമിയുടെ പരിപാലനം സാക്ഷാത്കരിക്കുക എന്നാണ് ഖിലാഫത്തിന്റെ വിവക്ഷ. ഇതെല്ലാം അന്തിമമായി ലക്ഷ്യം വെക്കുന്നത് ശാശ്വതമായ പാരത്രിക മോക്ഷമാണ്. മനുഷ്യര്‍ക്ക് വ്യക്തിപരവും സാമൂഹികവുമായ പുരോഗതി സാധ്യമാകുന്നതിനനുസരിച്ചാണ് മനുഷ്യന്റെ സൗഭാഗ്യ ദൗര്‍ഭാഗ്യങ്ങള്‍.7 ഇസ്‌ലാമിക വീക്ഷണത്തില്‍, മനുഷ്യന്റെ പ്രാതിനിധ്യ ധര്‍മത്തിന്നനുസൃതമായാണ് ഭൂമി സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച പൂര്‍ണമായ ജ്ഞാനം മനുഷ്യര്‍ക്കാവശ്യമാണ്. മനുഷ്യനും പരിസ്ഥിതിയും തമ്മിലെ 'തൊഴില്‍പരമായ ബന്ധം' എന്നതിന്റെ ഉദ്ദേശ്യം ഇതത്രെ.
മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിസ്ഥിതിയെക്കുറിച്ച കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കുന്നത് തനത് ജീവിതവീക്ഷണങ്ങള്‍ക്കനുസൃതമായാണ്. അവ ബന്ധങ്ങള്‍ നിര്‍ണയിക്കുന്നത് രചനാത്മകമാവാം, നിഷേധാത്മകമാവാം. ഇസ്‌ലാമിന്റെ തദ്വിഷയകമായ നിലപാടാവട്ടെ, മനുഷ്യര്‍ അനുശാസിക്കപ്പെട്ട പ്രാതിനിധ്യ ധര്‍മത്തിനു വിധേയവും അനുയോജ്യവുമായിരിക്കും.
'ഭൗതിക പുരോഗതിയോടൊപ്പം പാരത്രിക ലോകത്ത് പ്രതിഫലം' എന്നതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമായി ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. മനുഷ്യന്റെ നിര്‍ദിഷ്ഠ ധര്‍മവും അവന്റെ കഴിവുകളും പാരിസ്ഥിതിക അവസരങ്ങളുമെല്ലാം ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ഒത്തൊരുമിക്കുന്നു. ഇത് പ്രകാശിപ്പിക്കാന്‍ ഖുര്‍ആന്‍ 'തസ്ഖീര്‍' എന്നവാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പരിസ്ഥിതിയെ അല്ലാഹു മനുഷ്യന്നായി കീഴ്‌പ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ മനുഷ്യനും പരിസ്ഥിതിയും തമ്മിലെ തൊഴില്‍പരമായ ബന്ധം എന്നാല്‍ 'അധീനപ്പെടുത്തലിന്റെ ബന്ധമാണ്.' ഖുര്‍ആനും ഹദീസും ഇത് വിസ്തരിച്ച് കൈകാര്യം ചെയ്തിട്ടുണ്ട്.
റാഗിബുല്‍ ഇസ്വ്ബഹാനി 'തസ്ഖീര്‍' എന്നതിനെ 'സവിശേഷ ലക്ഷ്യത്തിലേക്ക് ബലാല്‍ക്കാരം നയിക്കല്‍'8 എന്നാണ് വിശദീകരിച്ചിരിക്കുന്നത്.9 ഇതനുസരിച്ച് പരിസ്ഥിതിയെ മനുഷ്യന് അധീനപ്പെടുത്തിത്തന്നു എന്നതിന്റെ വിവക്ഷ മനുഷ്യന്റെ മാത്രം ലക്ഷ്യമായി നിര്‍ണയിച്ച പ്രാതിനിധ്യധര്‍മം നിര്‍വഹിക്കാന്‍ പാകത്തില്‍ പരിസ്ഥിതി പ്രകൃത്യാ സജ്ജമാണെന്നാണ്; സുസ്ഥിരമായ ചര്യകള്‍ക്കനുസൃതമായി അത് നിര്‍ബന്ധിതമായി വിധേയവാനെന്നാണ്. പരിസ്ഥിതി മനുഷ്യനെ അവനെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സഹായിക്കുന്നു. അതിനാവശ്യമായ അവന്റെ കഴിവുകളോട് ഇണങ്ങുന്നു. സത്യവിശ്വാസം, ഇബാദത്ത് എന്നീ മനുഷ്യന്‍ അനുശാസിതമായ പ്രാതിനിധ്യ ധര്‍മത്തിന്റെ താല്‍പര്യങ്ങള്‍ വിശദീകരിക്കവെ അല്ലാഹു പറയുന്നു: 'അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു) അവന്റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്തവിധം ഉപരിലോകത്തെ അവന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു.....' (ഹജ്ജ്: 65) ചുരുക്കത്തില്‍, അല്ലാഹു മനുഷ്യനെ പ്രാതിനിധ്യ ചുമതല ഏല്‍പിച്ചപ്പോള്‍ അതു നിര്‍വഹിക്കാന്‍ പാകത്തിലാണ് പരിസ്ഥിതിയെ മനുഷ്യനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ ഇരുപത്തിയഞ്ചിടങ്ങളില്‍ 'തസ്ഖീര്‍' (അധീനപ്പെടുത്തല്‍) എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഈ ആശയം ഒരിക്കലും യാദൃശ്ചികമായി വന്നുചേര്‍ന്നതല്ലെന്നും പ്രത്യുത, മൗലികമായിത്തന്നെ അതിന്റെ ഉദ്യേശ്യമായിരുന്നു എന്നും ഇതില്‍നിന്ന് വ്യക്തമാണ്.
പരിസ്ഥിതിയുടെ ഭൗതികമായ അധീനപ്പെടുത്തല്‍
ജീവിതത്തില്‍ മനുഷ്യന്റെ ധര്‍മം, മുകളില്‍ വിവരിച്ച പ്രകാരം ഭൂമിയുടെ പരിപാലനമായതിനാല്‍, മനുഷ്യന്‍ തന്നാല്‍ സാധ്യമാംവിധം അതിനായി ഭൗതിക സംഭാവനകള്‍ അര്‍പിക്കേണ്ടതുണ്ട്. പരിസ്ഥിതിക്ക് ഭൗതികമായി സംഭാവനയര്‍പ്പിക്കാന്‍ കഴിയാതിരിക്കുകയോ, മനുഷ്യന്‍ അത് പ്രയോജനപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ ജീവിതത്തില്‍ മനുഷ്യന്റെ ഉത്തരവാദിത്വ ധര്‍മം വൃഥാവിലാവും.
മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പാരത്രികലോകത്തെത്തന്നെ ഭാഗ്യമാണെങ്കിലും മനുഷ്യര്‍ വ്യക്തികള്‍, സമൂഹം എന്നീ നിലകളില്‍ പരിസ്ഥിതിയിലെ ശേഷികളെ ഉപയോഗപ്പെടുത്തിക്കൊണ്ടേ ആ മഹദ് ലക്ഷ്യം നേടാനൊക്കുകയുള്ളൂ. ആരോഗ്യദായകമായ ആഹാരം, വസ്ത്രം, വസതി, യാത്രാവാഹനം എന്നിവയെല്ലാം മനുഷ്യപുരോഗതിയുടെ ലക്ഷണങ്ങളാണ്. വിശപ്പും രോഗവും ഭയവും അനുഭവിക്കുന്ന മനുഷ്യന് എന്ത് മാന്യതയാണുണ്ടാവുക? ജീവിതലക്ഷ്യത്തിന്റെ ഭാഗമായ ഈ ഭൗതിക പുരോഗതി ഭൂമിയില്‍ നടക്കുന്ന വിവിധ പരിപാലനങ്ങളുടെ സ്വാഭാവിക ഫലമത്രെ. പരിസ്ഥിതി തന്തുവിലും രൂപത്തിലും ഈ അധീനപ്പെടുത്തലിനെ ഉള്‍ക്കൊള്ളുന്നു. അതിന്റെ മൗലിക നിര്‍മിതിതന്നെ മനുഷ്യന് ഭൗതികമായി അധീനമായ വിധത്തിലാണ്. അതിലെ സസ്യങ്ങള്‍, മൃഗങ്ങള്‍, ഖനിജങ്ങള്‍ മുതലായവയെല്ലാം ഭൗതിക പ്രയോജനങ്ങള്‍ സാക്ഷാല്‍ക്കരിക്കുമാറ് വിധേയമായിക്കൊണ്ടേയിരിക്കുന്നു. 'ആകാശങ്ങളിലും ഭൂമിയിലുമുള്ളവയെല്ലാം അല്ലാഹു നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിതന്നതും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹങ്ങള്‍ ബാഹ്യമായും ആന്തരികമായും പൂര്‍ത്തിയാക്കിത്തന്നതും നിങ്ങള്‍ കണ്ടില്ലേ? (ലുഖ്മാന്‍: 20). 'മൃഗം, മരം, വെള്ളം, സമുദ്രം, കപ്പലുകള്‍ മുതലായ പ്രയോജനങ്ങളെല്ലാം നിങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ആഹാരങ്ങള്‍ക്കും അഭയസങ്കേതത്തിനുമാണ്. അവയില്‍ ചിലത് ഉപയോഗിച്ച് നിങ്ങള്‍ ആനന്ദിക്കുന്നു, അവയെല്ലാം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. 10
ഇപ്രകാരം, പാരിസ്ഥിതിക വസ്തുക്കള്‍ ഉണ്ടാവുന്ന മൂലഘടകങ്ങളിലും, സ്ഥലപരമായ വിന്യാസത്തിലും, അവയുടെ ചലനം നിയന്ത്രിക്കുന്ന നിയമ-നടപടിക്രമങ്ങളിലുമെല്ലാം മനുഷ്യന്റെ ഭൗതികമായ പ്രയോജനം ദീക്ഷിക്കപ്പെട്ടിരിക്കുന്നു. 'സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.' (ഇബ്‌റാഹീം: 33)
സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ സംവിധാനിച്ചത് രാപകലുകള്‍ മാറിമാറിവരുന്നതിന് വ്യവസ്ഥയൊരുക്കിയത് ഋതുക്കളുടെ മാറ്റങ്ങള്‍ക്കും തദ്വാരാ മനുഷ്യര്‍ക്ക് പലതരം പ്രയോജനങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയാണ്. ഇസ്‌ലാമികാദര്‍ശ വിഷയകമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാര്‍ പരിസ്ഥിതിയുടെയും പ്രകൃതിയുടെയും സുനിശ്ചിതത്വവും, മനുഷ്യരുടെ ആവശ്യങ്ങളും തമ്മിലെ പൊരുത്തം സ്വീകരിച്ചിട്ടുണ്ട്. ജോണ്‍ എക്കല്‍സ് പറയുന്നു: മഹാവിസ്‌ഫോടനം മുതല്‍ക്ക് ആരംഭിച്ച പ്രാപഞ്ചിക സംഭവങ്ങളെല്ലാം വിശാലമായ പ്രപഞ്ചത്തില്‍ സുബോധമുള്ള സൃഷ്ടികള്‍ക്ക് അസ്തിത്വം അനുവദിച്ചുകൊടുക്കുന്ന തരത്തിലായിരുന്നു.11
പ്രകൃതിയെ മനുഷ്യര്‍ക്ക് അധീനപ്പെടുത്തിത്തന്നു എന്നതിന്റെ അര്‍ഥം അത് നേരിട്ട് സൗജന്യമായി തന്നുകൊണ്ടേയിരിക്കുമെന്നല്ല. മനുഷ്യന്‍ അന്വേഷിച്ചു ചെന്നാല്‍ ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ പരിസ്ഥിതി സര്‍വഥാ സജ്ജമാണെന്നര്‍ഥം. പ്രകൃതിയെ ബാഹ്യമായും അഭ്യന്തരമായും ഉപയോഗപ്പെടുത്താന്‍ മനുഷ്യര്‍ സന്നദ്ധരാവണമെന്നുമാത്രം. 'അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ 'ചുമലു'കളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയര്‍ത്തെഴുന്നേല്‍പ്.' (മുല്‍ക്: 15) ഭൂമി എല്ലാ അര്‍ഥത്തിലും മനുഷ്യന് വിധേയമാണെങ്കിലും അതിലൂടെ 'നടന്നാല്‍' മാത്രമേ അത് അന്നം ചുരത്തുകയുള്ളൂ. 'നടക്കണം' എന്നതിന്റെ വിവക്ഷ സല്‍ക്കര്‍മങ്ങളിലൂടെയുള്ള പരിശ്രമമാണ്. എന്നുവെച്ച് എന്തും എത്രയും വാരിക്കോരിയെടുക്കാന്‍ കഴിയുമെന്നല്ല. എല്ലാറ്റിനും അതിന്റേതായ നിയന്ത്രണങ്ങളുണ്ട്. 'അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ഉപജീവനം വിശാലമാക്കി കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.' (ശൂറാ: 27)
അല്ലാഹു പ്രകൃതിയില്‍ ആഹാര വഹകള്‍ യഥേഷ്ടം വാരിവിതറിയിട്ടില്ല. അല്ലാഹു ലഭ്യമാക്കുന്ന തോതില്‍, മനുഷ്യാധ്വാനത്തിലൂടെയാണവ പ്രാപ്യമാവുന്നത്. ഇവ്വിഷയകമായ ഖുര്‍ആന്റെ സാംസ്‌കാരിക സമീപനമാണിവിടെ അനാവൃതമാവുന്നത്. അതായത്, പരിസ്ഥിതി അളവിലും ഇനങ്ങളിലും മനുഷ്യോപകാരങ്ങള്‍ക്കായി സജ്ജമാണ്. പക്ഷേ, അത്ര സൗജന്യമായി ലഭ്യമല്ല, മനുഷ്യന്റെ ഭാഗത്തുനിന്നുള്ള അധ്വാനം വേണം. അത് സവിശേഷമായ സാംസ്‌കാരിക സ്വഭാവത്തോടുകൂടിയ ഇടപഴക്കമാണ് നമ്മോട് ആവശ്യപ്പെടുന്നത്. (ഇത് വഴിയെ വിശദീകരിക്കുന്നുണ്ട്)
പരിസ്ഥിതിയുടെ ആത്മീയമായ അധീനപ്പെടുത്തല്‍
മനുഷ്യന് തന്റെ ജീവിതദൗത്യം നിര്‍വഹിക്കാന്‍ പ്രകൃതി ഭൗതികമായി മാത്രം വിധേയമായാല്‍ പോരാ, ആത്മീയമായും വിധേയമാവണം. മനുഷ്യന്റെ ഭൗതികമായ നിലനില്‍പിനൊപ്പം ആത്മീയമായ നിലനില്‍പും സാക്ഷാത്കൃതമാവണം. അല്ലാഹുവുമായുള്ള ബന്ധം ബലപ്പെടുത്തിയും മനുഷ്യനുമായുള്ള ബന്ധം നന്നാക്കിയും, മനസ്സിനെ ശ്രേഷ്ഠമൂല്യങ്ങളാല്‍ സംസ്‌കരിച്ചും ജീവിക്കാന്‍ പരിസ്ഥിതി പര്യാപ്തമാണ്. വ്യക്തിപരവും സാമൂഹികവുമായ ഭൗതികമായ നിലനില്‍പിനെന്നപോലെ വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മീയ പുരോഗതിക്കും പരിസ്ഥിതി ആവശ്യമാണ്.
മനുഷ്യനും പരിസ്ഥിതിയുമായുള്ള ബന്ധത്തിന്റെ ഖുര്‍ആനിലെ സാംസ്‌കാരികരൂപം ആത്മീയവും ഭൗതികവുമായ അധീനപ്പെടലിന്റെ സംയോജിതമായ ഭാവമാണ് പ്രകാശിപ്പിക്കുന്നത്. പരിസ്ഥിതി മനുഷ്യന് ആത്മീയമായും വിശ്വാസപരമായും വിധേയമാണ്. അത് മരണാനന്തര ജീവിതത്തെ എന്ന പോലെ, അല്ലാഹുവിന്റെ അസ്തിത്വത്തെയും പൂര്‍ണതയെയും സാക്ഷ്യപ്പെടുത്തുന്നു. ഒരു ഖുര്‍ആന്‍ പഠിതാവിനെ സംബന്ധിച്ചേടത്തോളം പാരിസ്ഥിതിക കാഴ്ചകളില്‍നിന്ന് ആത്മീയോര്‍ജം സ്വാംശീകരിക്കാന്‍ കഴിയും. ഖുര്‍ആന്‍ പറയുന്നത് കാണുക: 'അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കിത്തന്നവന്‍. അവന്റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.' (ജാസിയ: 12) കടലിനെ അധീനപ്പെടുത്തിത്തന്നത് അതിനെ ഭൗതികമായി പ്രയോജനപ്പെടുത്താന്‍ മാത്രമല്ല, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും സംബന്ധിച്ച ചിന്തയിലൂടെ ആത്മീയോല്‍ക്കര്‍ഷം നേടാനും അവന്ന് നന്ദി പ്രകാശിപ്പിക്കാനും കൂടി വേണ്ടിയാണ്.
പരിസ്ഥിതി സൗന്ദര്യാത്മകമായാണ് മനുഷ്യര്‍ക്ക് അധീനപ്പെടുത്തപ്പെട്ടിരിക്കുന്നത്. മനുഷ്യമനസ്സില്‍ സ്‌നേഹവും അനുകമ്പയും മാനസികോല്‍ക്കര്‍ഷവും പകരുംവിധമാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് പുതുമാംസം എടുത്തുതിന്നുവാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ.' (നഹ്ല്‍: 14) ഈ സൂക്തമനുസരിച്ച് കടലിനെ അധീനപ്പെടുത്തിത്തന്നു എന്നതിന്റെ വിവക്ഷ ആഹാരവിഭവങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ഭൗതികമായ അധീനപ്പെടുത്തലും, ആഭരണപരമായ സൗകര്യത്തിലൂടെ ലഭ്യമാവുന്ന ആത്മീയമായ അധീനപ്പെടുത്തലുമാണ്.
പരിസ്ഥിതി മനുഷ്യനെ സംബന്ധിച്ചേടത്തോളം വൈജ്ഞാനികമായി അധീനമാണ്. അതിന്റെ നിര്‍മിതിയും അവസ്ഥാ മാറ്റങ്ങളുമെല്ലാം മനുഷ്യബുദ്ധിക്ക് പ്രായേണ പ്രാപ്യമാണ്. അതിന്റെ യാഥാര്‍ഥ്യങ്ങളും നടപടിക്രമങ്ങളുമെല്ലാം തഥൈവ. എന്നുവെച്ച് പരിസ്ഥിതി പൂര്‍ണമായും തുറന്നു കിടക്കുകയല്ല. ഒറ്റനോട്ടത്തില്‍ അവ മനസ്സിലാക്കിയെടുക്കാന്‍ കഴിയുകയില്ല. അതേസമയം ബുദ്ധി ഉപയോഗിച്ച് വായിച്ചാല്‍ അതിലെ രഹസ്യങ്ങള്‍ അനാവൃതമാവും. പരിസ്ഥിതിയില്‍ മനുഷ്യന്‍ ചുമത്തപ്പെട്ട തൊഴില്‍പരമായ ബന്ധം വിവരിച്ചേടത്ത് ഖുര്‍ആന്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. പരിസ്ഥിതിയിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍ ഉറ്റാലോചിക്കുകയേ വേണ്ടൂ. 'രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടവതന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവയും (അവന്റെ കല്‍പനയ്ക്ക് വിധേയം തന്നെ) ആലോചിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്' (നഹ്ല്‍: 12, 13) പരിസ്ഥിതിയിലെ ദൃശ്യാനുഭവങ്ങളെക്കുറിച്ച മേല്‍ അധീനപ്പെടുത്തല്‍ പരാമര്‍ശം വൈജ്ഞാനികമാണ്. അവയെല്ലാം കൃത്യമായ വ്യവസ്ഥകള്‍ക്ക് വിധേയവും സുഗ്രാഹ്യവുമാണ്. അവയുടെ യാഥാര്‍ഥ്യവും അവക്കപ്പുറമുള്ള അദൃശ്യയാഥാര്‍ഥ്യവും അവയിലൂടെ കണ്ടെത്താനാവും. പരിസ്ഥിതിയുടെ വിശ്വാസപരവും ആത്മീയവും സൗന്ദര്യപരവും ഭൗതികവുമായ അധീനപ്പെടുത്തലുകള്‍ പിരിച്ചെടുക്കാനാവാത്തവിധം ഖുര്‍ആനില്‍ ലയിച്ചു കിടക്കുകയാണ്.
അടുത്ത ലക്കത്തില്‍: 'മനുഷ്യനും പരിസ്ഥിതിയും: സംസ്‌കാരങ്ങളുടെ താരതമ്യം'
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top