പൂമണം വിതറുന്ന കൊടുങ്കാറ്റ്

‌‌

മുസ്ലിം ലോകത്തുടനീളം അന്യാദൃശമായ ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്. ജനകീയ വിപ്ളവത്തിന്റെ ശക്തമായ തീക്കാറ്റ്. അടുത്ത കാലത്തൊന്നും ഇളകുകയില്ലെന്നു നിനച്ചിരുന്ന സ്വേഛാധിപത്യസിംഹാസനങ്ങള്‍ ആ കാറ്റില്‍പെട്ടിതാ ഒന്നൊന്നായി കടപുഴകി മറിഞ്ഞുവീണ്ടുകൊണ്ടിരിക്കുന്നു; തൊടുത്തുവെച്ച വിഗ്രഹങ്ങള്‍ മറിഞ്ഞുവീഴുന്നപോലെ. ടുണീഷ്യയില്‍ നിന്നാണ് തുടക്കം. കടുത്ത ഇസ്ലാം വിരോധിയായിരുന്ന ഹബീബ് ബുര്‍ഗീബയെന്ന ഏകാധിപതിയെ അട്ടിമറിച്ചുഅധികാരത്തില്‍ വന്ന അതേ തൂവല്‍പക്ഷി സൈനുല്‍ ആബിദീന്‍ ബിന്‍ അലി തികച്ചും ആകസ്മികമായ ഒരു ജനകീയ കൊടുങ്കാറ്റിന്റെ തുടക്കത്തില്‍ തന്നെ സുഊദി അറേബ്യയിലേക്ക് ഓടിപ്പോയിരിക്കുന്നു. ബിന്‍ അലി ബുദ്ധിമാനാണ്. അടിച്ചുവീശാന്‍ തുടങ്ങിയ കൊടുങ്കാറ്റിന്റെ ശക്തി അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു. ടുണീഷ്യയില്‍ നിന്നാരംഭിച്ച ഈ കൊടുങ്കാറ്റ് കൂടുതല്‍ ശക്തിയോടെയാണ് ഈജിപ്തിലേക്കടിച്ചു വീശിയത്. രണ്ടുമൂന്നു ദശകങ്ങളായി പുരാതന ഈജിപ്തിലെ കുപ്രസിദ്ധ ഫറോവയെപ്പോലെ നാടിനെ വരിഞ്ഞുമുറുക്കി ജയിലറയാക്കുകയും ജനതയുടെ സമ്പത്ത് കവര്‍ന്നു, രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുകയും ചെയ്ത ഈ ഏകാധിപത്യ വേതാളം പിടിച്ചു നില്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കാതെയല്ല. പക്ഷെ പതിനെട്ടു ദിവസത്തിലധികം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ജനകീയകൊടുങ്കാറ്റ് അത്രമേല്‍ ശക്തമായതിനാല്‍ അവസാനം ഈജിപ്ഷ്യന്‍ മണ്ണില്‍ നിന്നു ഈ ക്ഷുദ്രവടവൃക്ഷവും പിഴിതെറിയപ്പെടുക തന്നെ ചെയ്തു. ഇനി ഏതെല്ലാം ഓരങ്ങളിലാണിത് അടിച്ചു തിമര്‍ത്താടുകയെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ഒരാള്‍ക്കും സാധ്യമല്ല. കൂടുതല്‍ ശക്തിയോടെയാണത് ലിബിയയുടെ തീരത്തേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ നാലു ദശകത്തിലധികമായി അട്ടയെപ്പോലെ സ്വന്തം ജനതയുടെ രക്തം കുടിച്ചു വീര്‍ത്തിരിക്കുകയായിരുന്നു 'വിപ്ളവ നായക'നായ ഖദ്ദാഫിയും കുടുംബവും. ജബലുല്‍ അഖ്ദറില്‍ ഇഖ്വാന്‍കാരെ കൂട്ടക്കൊല ചെയ്ത് നിശ്ശബ്ദരാക്കിയ പാരമ്പര്യമോര്‍ത്താവാം, ഈ കൊടുങ്കാറ്റിനെയും നാട്ടുകാരുടെ രക്തം ചിന്തി നേരിടാമെന്നു ഖദ്ദാഫി കണക്കുകൂട്ടിയത്. പക്ഷെ എരിതീയില്‍ എണ്ണയൊഴിച്ച പോലെ കൂട്ടക്കുരുതികള്‍ കൊണ്ട് വിപ്ളവം ആളിപ്പടരുക മാത്രമെ ചെയ്യുന്നുള്ള. എന്നാലും പാടുപെട്ടു പിടിച്ചു നില്‍ക്കാന്‍ കിണഞ്ഞുനോക്കുകയാണ് ഇതെഴുതുമ്പോഴും ഖദ്ദാഫി. ആയിരക്കണക്കില്‍ പ്രക്ഷോഭകാരികളെ പാറ്റകളെപ്പോലെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യനു ഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടെലിവിഷനില്‍ അവസാനം ഖദ്ദാഫിയെ കാണുകയും കേള്‍ക്കുകയും ചെയ്തവരാരും മറ്റൊരഭിപ്രായം പറയുകയില്ല. ഭ്രാന്ത്പിടിച്ചില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളൂ. പക്ഷെ തികച്ചും അന്യാദൃശമായ ഈ വിപ്ളവത്തെ രക്തത്തില്‍ മുക്കിക്കൊല്ലാനൊന്നും ആര്‍ക്കും കഴിയുകയില്ല. കാരണം ഇത് ദൈവം നിയോഗിച്ച ഒരു പ്രത്യേക കൊടുങ്കാറ്റാണെന്നുവേണം മനസ്സിലാക്കാന്‍. അതിലിനി കടപുഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഒരേകാധിപതിക്കും സാധ്യമല്ല. ദിവസങ്ങളുടെയോ കവിഞ്ഞാല്‍ മാസങ്ങളുടെയോ വ്യത്യാസം മാത്രമെ അവശേഷിക്കുന്നുള്ളൂ. മുസ്ലിം ലോകത്ത് മാത്രം കള്ള ദൈവങ്ങളായി വാഴുന്ന ഏകാധിപതികള്‍ എക്കാലവും മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് വിചാരിക്കുന്നത് ദൈവനീതിക്കു നിരക്കുന്നതല്ലല്ലോ. മാത്രമല്ല ഒരസാധാരണ വസന്തത്തിന്റെ പൂമണം ഈ വിപ്ളവക്കാറ്റിലൂടെ തെന്നിവരുന്നുമുണ്ട്. നബിതിരുമേനിയുടെ പ്രവചനം ഒരാവര്‍ത്തി ശ്രദ്ധാപൂര്‍വ്വം വായിച്ചു നോക്കുക: 'നബി തിരുമേനി പറഞ്ഞതായി ഹുദൈഫഃ(റ) ഉദ്ധരിക്കുന്നു: നിങ്ങള്‍ക്കിടയില്‍ പ്രവാചകത്വം അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനില്‍ക്കും. പിന്നെ അവനുദ്ദേശിക്കുമ്പോള്‍ അതവന്‍ ഉയര്‍ത്തിക്കളയും. പിന്നെ പ്രവാചകത്വ മാതൃകയില്‍ ഖിലാഫത്തുണ്ടാവും. അതല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനില്‍ക്കും. പിന്നെ അനന്തരമെടുക്കുന്ന രാജത്വമുണ്ടാവും. അതല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനില്‍ക്കും. പിന്നെ അവനുദ്ദേശിക്കുമ്പോള്‍ അതവന്‍ ഉയര്‍ത്തിക്കളയും. പിന്നെ സ്വേഛാധിപത്യമായിരിക്കും. അതല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനില്‍ക്കും. പിന്നെ അവനുദ്ദേശിക്കുമ്പോള്‍ അതവന്‍ ഉയര്‍ത്തിക്കളയും. പിന്നെ പ്രവാചകത്വ മാതൃകയില്‍ ഖിലാഫത്തുണ്ടാവും. പിന്നെ തിരുമേനി നിശ്ശബ്ദനായി' (അഹ്മദ്).

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top