മദീനാ പ്രമാണം മുന്നോട്ടുവെക്കുന്ന ബഹുസ്വരതയുടെ സാധ്യതകള്‍

അലി ബുലാക്‌‌‌
img

ഹിജ്‌റയോടുകൂടി മദീനയില്‍ മൂന്ന് സാമൂഹിക വിഭാഗങ്ങള്‍ രൂപം കൊള്ളുകയുണ്ടായി: മുസ്‌ലിംകള്‍, ജൂതര്‍, വിഗ്രഹാരാധകര്‍.
മുസ്‌ലിംകളില്‍ത്തന്നെ ഉണ്ടായിരുന്നു രണ്ട് വിഭാഗങ്ങള്‍: മുഹാജിറുകളും(മക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍), അന്‍സാറുകളും(സഹായികള്‍, ഇസ്‌ലാം ആശ്ലേഷിച്ച മദീനക്കാര്‍). അന്‍സാറുകള്‍ ഔസ്, ഖസ്‌റജ് എന്നീ രണ്ട് ഗോത്രങ്ങളില്‍ പെട്ടവരായിരുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ പൂര്‍വ പാരമ്പര്യത്തിന് തികച്ചും അപരിചിതമായ ഒരു സാമൂഹിക ഘടനയായിരുന്നു ഇത്. പരമ്പരാഗത ഗോത്രജീവിതത്തില്‍ സാമൂഹിക രൂപീകരണങ്ങളുടെ അടിസ്ഥാനം രക്ത-കുടുംബ ബന്ധങ്ങളാണ്. എന്നാല്‍, മദീനയില്‍ വ്യത്യസ്തമായ ഭൂമിശാസ്ത്ര/വംശീയ/സാംസ്‌കാരിക പശ്ചാത്തലങ്ങളുള്ള ജനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് വേറിട്ടൊരു സാമൂഹിക വിഭാഗം ഇതാദ്യമായി ഉദയം ചെയ്തിരിക്കുകയാണ്. പിന്നീട്, റോമക്കാരനായ സുഹൈലും, പേര്‍ഷ്യക്കാരനായ സല്‍മാനും കുര്‍ദ് വംശജന    ായ ഗാവാനുമൊക്കെ പ്രസ്തുത സംഘത്തില്‍ വന്നു ചേര്‍ന്നു. 'മദീനാ പ്രമാണ'ത്തിന്റെ രണ്ടാം ഖണ്ഡികയില്‍ ഈ പ്രത്യേക സാമൂഹിക വിഭാഗത്തെ മതപരവും നിയമപരവുമായ അടിസ്ഥാനത്തില്‍ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ച് 'ഉമ്മത്ത്     (സമുദായം) എന്ന് വിളിക്കുന്നു.
എങ്കിലും, മദീന മുസ്‌ലിംകളുടേത് മാത്രമായിരുന്നില്ല. നേരത്തെ തന്നെ യഹൂദികളും ബഹുദൈവാരാധകരായ അറബികളും അവിടെയുണ്ട്. അവരൊന്നും ഇസ്‌ലാം ആശ്ലേഷിച്ചിട്ടില്ല. ഈ വ്യത്യസ്ത ജനവിഭാഗങ്ങളെ അന്യോന്യം ഐക്യപ്പെടുത്തുക, പരസ്പര സഹകരണത്തിന്റെ ഒരു ഫോര്‍മുല കണ്ടുപിടിക്കുക എന്ന സുപ്രധാന പ്രശ്‌നമാണ് (മദീനയില്‍ എത്തിയ) മുഹമ്മദ് നബി(സ) നേരിട്ടത്. എങ്ങനെയാണ് അദ്ദേഹമത് പരിഹരിച്ചത്?
മദീനയുടെ സാമൂഹികവും മതപരവും ജനസംഖ്യാപരവുമായ ഘടന കണ്ടെത്തുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അതിനുവേണ്ടി ഒരു ജനസംഖ്യാ കണക്കെടുപ്പ് നടത്തി. അക്കാലത്ത് ഒട്ടുമേ പരിചിതമല്ലാത്ത ഒരു നൂതന സംരംഭമായിരുന്നു അത്. മദീനാ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും (പുരുഷന്‍, സ്ത്രീ, കുട്ടി, വൃദ്ധര്‍) ഒരു പുസ്തകത്തില്‍ എഴുതി രേഖപ്പെടുത്തുക. ഇതിനെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പെന്ന് നമുക്ക് പറയാനാവുമോ? മറുപടി എന്ത് തന്നെ ആയിരുന്നാലും അറബികളെ സംബന്ധിച്ചേടത്തോളം അത് 'പുതിയതും അപരിചിതവും' ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചക ശിഷ്യനായ ഹുദൈഫ ഇബ്‌നുല്‍ യമാനില്‍നിന്നുള്ള ഒരു നിവേദനത്തില്‍ ഇപ്രകാരം കാണാം: 'പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു: ഇസ്‌ലാമിനെ മതമായി തെരഞ്ഞെടുത്ത് മുസ്‌ലിംകളായിത്തീര്‍ന്ന മുഴുവന്‍ ആളുകളുടെയും പേരുകള്‍ എഴുതി കൊണ്ടുവരിക. അതനുസരിച്ച് 1500 പേരുകള്‍ ഞങ്ങള്‍ എഴുതി കൊണ്ടുവന്നു.'
പ്രസ്തുത കണക്കെടുപ്പില്‍ മദീനയിലെ മൊത്തം ജനസംഖ്യ 10,000 മാണെന്ന് കണ്ടു. 1500 മുസ്‌ലിംകള്‍, 4000 യഹൂദികള്‍, 4500 ബഹുദൈവാരാധകര്‍. അനന്തരം നഗരത്തിന്റെ നാലു മൂലകളില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചുകൊണ്ട് മദീനയുടെ അതിരുകള്‍ നിര്‍ണയിച്ചു. അങ്ങനെ 'നഗരരാഷ്ട്രത്തി'ന്റെ ഭാഗമായ ഭൂമി അദ്ദേഹം ക്ലിപ്തപ്പെടുത്തി. മദീനാ പ്രമാണത്തിന്റെ 39-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന മദീനാ (യഥ്‌രിബ്) താഴ്‌വരയിലുള്‍പ്പെട്ട 'സംരക്ഷിത പ്രദേശം' അതാണ്.
പ്രസ്തുത നടപടികളില്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ തൃപ്തിപ്പെട്ടു. ജൂതന്മാര്‍ക്കും അതിഷ്ടപ്പെട്ടതായാണ് തോന്നുന്നത്. ബഹുദൈവാരാധകര്‍ക്ക് മാത്രമാണ് അനിഷ്ടമുണ്ടായത്. അവരതില്‍ ആപല്‍സാധ്യത കണ്ടു. മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത കാര്യമാണത്. മക്കയിലെ ബഹുദൈവാരാധകരുടെ ഭാഗത്ത് നിന്നുള്ള അസഹനീയ സമ്മര്‍ദങ്ങളെ തുടര്‍ന്നാണല്ലോ പ്രവാചകന്നും അനുയായികള്‍ക്കും മക്കയോട് വിടപറയേണ്ടി വന്നത്. അതിനാല്‍ മറ്റു മുശ്‌രിക്കുകളുമായുള്ള ബന്ധവും മെച്ചപ്പെട്ടതാവുമെന്ന് കരുതാവതല്ല. മാത്രമല്ല, മക്കയിലെ മുശ്‌രിക്കുകള്‍ അടുത്തുതന്നെ മദീനയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്ത ഹിജ്‌റയുടെ തൊട്ടുടനെത്തന്നെ കേള്‍ക്കാനും തുടങ്ങിയിരുന്നു.
ഒരു പോരാട്ടം നടക്കുകയാണെങ്കില്‍ മദീനയിലെ ബഹുദൈവാരാധകര്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക? എന്തിനു മുഹമ്മദിനെ അംഗീകരിച്ചു എന്ന് ചോദിച്ചുകൊണ്ട് ഖുറൈശികള്‍ അവരെ ആക്ഷേപിക്കുകയില്ലേ? ആക്രമണം നടക്കുന്നതിനു മുമ്പുതന്നെ അവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ സംഘര്‍ഷം ഉടലെടുക്കുകയില്ലേ? തീര്‍ച്ചയായും അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ സഹവര്‍ത്തിത്വം എങ്ങനെ സാധ്യമാകും?
കുടിയേറ്റക്കാരായ മുസ്‌ലിംകളെ പുനരധിവസിപ്പിക്കുകയും അവരെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികളില്‍ വ്യാപൃതനായിരുന്നു പ്രവാചകന്‍. മറുവശത്ത് ജൂതന്മാരുടെയും ബഹുദൈവാരാധകരുടെയും വിശ്വാസം ആര്‍ജിക്കുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. മദീനയില്‍ പരമാധികാരം സ്ഥാപിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മറിച്ച്, തന്റെ മതാനുയായികളുടെ സുരക്ഷയും പുതിയ മതത്തിന്റെ പ്രബോധനത്തിന് അനിവാര്യമായ സാഹചര്യം ഒരുക്കലുമാണ് തന്റെ ലക്ഷ്യം. തീര്‍ച്ചയായും, നേരത്തെ മക്കയില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ, 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' (109:6) എന്ന വാക്യത്തിലൂടെ ഒരു രാഷ്ട്രീയ തത്ത്വം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ ബഹുമത ബഹുസ്വര പദ്ധതിയെ നിരാകരിച്ച ഖുറൈശികള്‍ ഇസ്‌ലാമിക സന്ദേശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയും മുസ്‌ലിംകളാവാന്‍ ആഗ്രഹിച്ചവരെ പീഡിപ്പിക്കുകയുമാണ് ചെയ്തത്.
ഇക്കാരണങ്ങളാല്‍ മുഹമ്മദ് നബി(സ) തന്റെ നിലപാടുകളില്‍ മാറ്റം വരുത്തുമെന്ന് ആരും പ്രതീക്ഷിക്കുകയില്ല. മക്കയില്‍ അവതരിച്ച സൂക്തങ്ങളെ മദീനയിലെ ജീവിതം സാമൂഹ്യ നിയമ ആചാര തലങ്ങളില്‍ നടപ്പിലാക്കും. മക്കയിലെ ദര്‍ശനം മദീനയില്‍ പ്രാവര്‍ത്തികമാക്കും. അതുതന്നെയാണ് സംഭവിച്ചതും. മതപരവും നിയമപരവുമായ സ്വയംഭരണം എന്ന അടിസ്ഥാനത്തില്‍ ഊന്നി ഒരു ബഹുസ്വര സാമൂഹിക പദ്ധതി നടപ്പിലാക്കിക്കൊണ്ട് സഹവര്‍ത്തിത്വത്തിന്റെ സാധ്യമായ മാര്‍ഗങ്ങള്‍ അദ്ദേഹം ഓരോ വ്യക്തിക്കും സമുദായങ്ങള്‍ക്കും കാണിച്ചുകൊടുത്തു. മതസന്ദേശം തീര്‍ച്ചയായും പ്രചരിപ്പിക്കുക തന്നെ ചെയ്യും. എന്നാല്‍ ബലപ്രയോഗം കൊണ്ടോ സമ്മര്‍ദം കൊണ്ടോ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുകയില്ല. മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് മക്കയിലെപ്പോലെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയുമില്ല.
അവര്‍ ആദ്യമായി മദീനയിലെത്തിയപ്പോള്‍, മദീനക്കാരായ അന്‍സാറുകളും മക്കയില്‍നിന്ന് വന്നവരുടെ തലവന്മാരും പങ്കെടുത്ത ഒരു വലിയ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. മദീനാ പ്രമാണത്തിലെ ആദ്യത്തെ 23 വകുപ്പുകള്‍ ഈ സമ്മേളനത്തില്‍ വെച്ച് തീരുമാനിക്കപ്പെട്ടതാണ്. പുതിയ മുസ്‌ലിം സംഘത്തിന്റെ മത-സാമൂഹിക ബന്ധങ്ങളെ ലിഖിതശാസനകളായി അത് തിട്ടപ്പെടുത്തിയിരിക്കുന്നു.
അനന്തരം, മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതുപോലെ അമുസ്‌ലിം സാമൂഹിക സംഘങ്ങളുമായും പ്രവാചകന്‍(സ) കൂടിയാലോചന നടത്തി. പ്രവാചക ശിഷ്യനായ അനസ്ബ്‌നു മാലികിന്റെ വീട്ടിലായിരുന്നു സമ്മേളനം. പുതിയ 'നഗരരാഷ്ട്ര'ത്തിന്റെ അടിത്തറയാകാന്‍ പോകുന്ന തത്ത്വങ്ങള്‍ക്ക് എല്ലാവരും അംഗീകാരം നല്‍കി. പുതിയ രാഷ്ട്രത്തിന്റെ 'ഭരണഘടന' എഴുതി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത രേഖയാണ് അന്യത്ര ചേര്‍ത്തിട്ടുള്ളത്.
ഇനി, പ്രസ്തുത രേഖയിലെ വകുപ്പുകളെ സൂക്ഷ്മമായി പരിശോധിക്കാം.
ഡോ. മുഹമ്മദ് ഹമീദുല്ലയുടെ അഭിപ്രായമനുസരിച്ച് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യഭരണഘടന എന്ന സവിശേഷത മാത്രമല്ല, ലോകത്ത് തന്നെ ഒരു രാഷ്ട്രം പ്രഖ്യാപിച്ച ആദ്യത്തെ ലിഖിത ഭരണഘടന എന്ന മഹത്വവും ഈ ഉടമ്പടിക്കുണ്ട്. ഇറ്റാലിയന്‍ ചരിത്രകാരനായ ലിയോണ്‍ കയ്ത്താനി(1869-1935) 'ഭരണഘടന' എന്ന വാക്ക് ഉപയോഗിക്കാതെ 'പ്രമാണം' എന്ന് മാത്രമാണ് അതിനെ വിളിക്കുന്നത്. അദ്ദേഹം എഴുതുന്നു: 'ഈ പ്രമാണം പ്രവാചകന്‍ മുഹമ്മദിന്റെ ഒരു പുസ്തകമാണ്. അതിനാല്‍ മറ്റാരുമല്ല, അദ്ദേഹം തന്നെയാണ് അത് എഴുതിയത് (അഥവാ എഴുതിപ്പിച്ചത്). മറ്റുള്ളവര്‍, അതായത് മുസ്‌ലിംകളും ജൂതരും ബഹുദൈവാരാധകരും അത് അംഗീകരിച്ചു.
മുഹമ്മദ് നബി(സ) സ്വയം ഒരു പാഠം തയ്യാറാക്കുകയും അതില്‍ മാറ്റമൊന്നും വരുത്താതെ മറ്റുള്ളവരെക്കൊണ്ട് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് ഇപ്പറഞ്ഞതിന് അര്‍ഥം കല്‍പിക്കേണ്ടതില്ല. പ്രവാചക ശിഷ്യനായ മാലിക്ബ്‌നു അനസില്‍നിന്നും മറ്റു ചില സ്രോതസ്സുകളില്‍നിന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത് പരസ്പര ചര്‍ച്ചയിലൂടെയും സാമൂഹിക സമവായത്തിലൂടെയുമാണ് പ്രമാണം രൂപപ്പെട്ടതെന്നാണ്.
അത് തന്നെയാണ് ശരിയായ വ്യാഖ്യാനം. കാരണം പാതിരാസമയത്ത് മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു മനുഷ്യന്‍ സ്വന്തം ഉദ്ദേശ്യത്തെയും താല്‍പര്യത്തെയും മാത്രം സഹായിക്കുന്ന ഒരു ഉടമ്പടി സൈനികമായും ജനസംഘ്യാപരമായും കൂടുതല്‍ ശക്തരായ ഒരു ജനതക്കുമേല്‍ അടിച്ചേല്‍പിക്കുമെന്ന് സങ്കല്‍പിക്കാനാവുകയില്ല. അക്കാലത്ത് പ്രവാചകനെ അനുകൂലിക്കുന്നവരുടെ എണ്ണം നഗരത്തിലെ ജനസംഖ്യയുടെ 15 ശതമാനം മാത്രമായിരുന്നു എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്.
ഈ സാമൂഹിക ഉടമ്പടി സ്വീകരിക്കപ്പെടാനുള്ള മുഖ്യമായൊരു കാരണം മദീനയിലെ അരാജകവും അരക്ഷിതവുമായ സാഹചര്യമായിരുന്നു. 120 വര്‍ഷത്തെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൊണ്ട് പിച്ചിച്ചീന്തപ്പെട്ട ഒരു നഗരമായിരുന്നു അത്. മദീന ഒരു വിമോചകനെ തേടുന്നതുപോലുള്ള അവസ്ഥയായിരുന്നു. സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ സാമൂഹിക ക്രമീകരണം സ്വന്തമായോ നിലവിലുള്ള സാമൂഹിക ശക്തികള്‍ മുഖേനയോ കണ്ടെത്താന്‍ അതിനു കഴിയുമായിരുന്നില്ല. യുദ്ധം മൂലം മദീന സാമ്പത്തികമായും സ്തംഭനാവസ്ഥയിലായിരുന്നു. പുതിയ സംഘട്ടനങ്ങള്‍ രൂപപ്പെട്ടുവരുന്നതായും തോന്നിച്ചു. ഇത്തരമൊരു സന്ദിഗ്ധഘട്ടത്തില്‍, 'നിങ്ങള്‍ എന്താണോ അതുതന്നെയായിരിക്കുക' എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ചില നിയമഘട്ടങ്ങളുടെ അടിത്തറയില്‍ നിലകൊള്ളാന്‍ അവരെ ക്ഷണിച്ചുകൊണ്ട്, പരസ്പരം പങ്കിട്ടുകൊണ്ട് സഹവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ഒരു പരദേശി അവര്‍ക്ക് കാണിച്ചുകൊടുത്തു.
മുറിപ്പെടുത്തുക, വധിക്കുക, രക്തച്ചൊരിച്ചിലിന്റെ വില, സ്വാതന്ത്ര്യത്തിന്റെ നികുതി തുടങ്ങിയ വാക്കുകളുടെ പ്രമാണത്തില്‍ കൂടെക്കൂടെയുള്ള ആവര്‍ത്തനം, ദീര്‍ഘമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍കൊണ്ട് ശിഥിലമായ ഒരു സമൂഹത്തിന്റെ സാധാരണാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സംഘട്ടനമവസാനിപ്പിച്ച് നീതിയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തിനുള്ള ഒരു ക്രമീകരണം കണ്ടെത്തുകയായിരുന്നു അടിയന്തര ആവശ്യം. ഈ അര്‍ഥത്തില്‍ മദീനാ പ്രമാണം ഒരു നാഴികക്കല്ലാണ്. അതിലെ ഭരണഘടനാ തത്ത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിന്റെ ചരിത്രപരതയും അതില്‍ ഒപ്പുവെച്ച ആളുകളുടെ എണ്ണക്കുറവും അപ്രധാനമാണ്.
അധികാരം ചെലുത്താതെത്തന്നെ, ഒരു പ്രകൃതി യാഥാര്‍ഥ്യം എന്ന നിലക്ക് പരസ്പരം മാനിക്കാന്‍ എല്ലാവരെയും അത് പ്രാപ്തരാക്കി. ഓരോരുത്തരുടെയും ജീവിത സമ്പ്രദായങ്ങളെയും ചിന്താരീതികളെയും പരസ്പരം ആദരിക്കല്‍ നിയമമാക്കാനും നിയമത്തിന്‍ കീഴിലുള്ള സുരക്ഷയും നിയമംവഴി ഉറപ്പുവരുത്താനും അതിനു കഴിഞ്ഞു. ഇതാണ് മറ്റൊരു സുപ്രധാന സംഗതി.
ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യമിതാണ്: മദീനാപ്രമാണം നിര്‍ദേശിക്കുന്ന സാമൂഹിക പദ്ധതിയുടെ അടിസ്ഥാനം 'അധികാരവാഴ്ച'യല്ല. മറിച്ച്, എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പരസ്പര 'പങ്കാളിത്ത'മാണ്. പ്രമാണം നിര്‍ദേശിക്കുന്ന പദ്ധതി പ്രകാരം ദൈവത്തിന്റെയും പ്രവാചകന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മതപ്രചാരണം നടത്താനും മുസ്‌ലിംകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും ജൂതന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭ്യമായിരിക്കും. പ്രമാണത്തില്‍നിന്ന് നിര്‍ധാരണം ചെയ്യാവുന്ന ഒന്നാമത്തെ ഭരണഘടനാ തത്ത്വത്തിന് നാമിവിടെ അടിവരയിടുന്നു:
ജനങ്ങള്‍ക്കിടയില്‍ യഥാര്‍ഥ സമാധാനവും സുസ്ഥിരതയും ലക്ഷ്യമാക്കുന്ന, ധര്‍മനിഷ്ഠവും നീതിപൂര്‍ണവും നിയമബദ്ധവുമായ ഒരു മാതൃകാ പദ്ധതിയുടെ അടിസ്ഥാനം, വിവിധ (മത, നിയമ, രാഷ്ട്രീയ, ദാര്‍ശനികാദി) വിഭാഗങ്ങള്‍ തമ്മിലുള്ള ഒരു ഉടമ്പടി ആയിരിക്കേണ്ടതുണ്ട്. ഉടമ്പടി തായാറാക്കുന്ന സമയത്ത്, ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികളോ അംഗങ്ങളോ ഹാജറായിരിക്കണം. സ്വതന്ത്രമായ ഒരന്തരീക്ഷത്തില്‍ പരസ്പര ചര്‍ച്ചയിലൂടെയും ഒത്തുതീര്‍പ്പിലൂടെയുമായിരിക്കണം ഉടമ്പടിയിലെ വ്യവസ്ഥകള്‍ (അടിസ്ഥാന തത്ത്വങ്ങള്‍) തീരുമാനിക്കപ്പെടുന്നത്.
കക്ഷികള്‍ ബഹുസ്വരമായതിനാല്‍ ഓരോ വ്യവസ്ഥയും ഒരു പൊതു താല്‍പര്യത്തെ പ്രതിഫലിപ്പിക്കണം. അത് ജനാധിപത്യ രീതിയില്‍ നിര്‍ണയിക്കപ്പെടുകയും വേണം. ഓരോ പൊതുതാല്‍പര്യവും ഉടമ്പടിയിലെ ഒരു അനുഛേദമായിരിക്കും. വിയോജിപ്പുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട വിഭാഗത്തിന് വിട്ടുകൊടുക്കും. പൊതുവായ കാര്യങ്ങളാണ് ഉടമ്പടിയുടെ ഭാഗമാവുന്നത്. ഭിന്നിപ്പുള്ള കാര്യങ്ങള്‍ സ്വയാധികാര മേഖലക്ക് വിടേണ്ടതാണ്. ഇതാണ് നാനാത്വത്തിലെ സമ്പന്നമായ ഏകത്വം. അഥവാ യഥാര്‍ഥ ബഹുസ്വരത.
രണ്ടാമത്തെ ഭരണഘടനാ തത്ത്വം അധികാരവാഴ്ചക്ക് പകരം പങ്കാളിത്തത്തെ ആരംഭബിന്ദുവായി സ്വീകരിക്കുക എന്നതാണ്. കാരണം സമഗ്രാധിപത്യപരമോ, ഏകാധിപത്യപരമോ ആയ ഒരു രാഷ്ട്രീയ ഘടനക്ക് വൈവിധ്യത്തെ അംഗീകരിക്കാനാവുകയില്ല. മദീനാ പ്രമാണം മുസ്‌ലിംകളെയും ജൂതന്മാരെയും ഗോത്രം ഗോത്രമായി വഴിക്കുവഴി എടുത്തു പറയുന്നുണ്ട്. ബഹുദൈവാരാധകരെ വ്യത്യസ്തമായൊരു അനുഛേദത്തിലാണ് (അനുഛേദം 2013) പരാമര്‍ശിക്കുന്നത്. മുഹാജിറുകള്‍, അന്‍സാറുകള്‍, ബനൂ ഔഫ്, ബനുല്‍ഹാരിസ്, ബനൂ സാഇദ, ബനൂജുഷം, ബനുന്നജ്ജാര്‍, ബനൂ അംറുബ്‌നു ഔഫ്, ബനുന്നബിത്, ബനുല്‍ ഔസ് (അനു: 1-11). പിന്നെ ജൂതന്മാരില്‍നിന്ന് ബനൂ ഔഫ്, ബനുന്നജ്ജാര്‍, ബനുല്‍ ഹാശിഫ്, ബനൂ സാഇദ, ബനൂ ജുശം, ബനുല്‍ ഔസ്, ബനൂ സഅ്‌ലബ, ജഫ്‌ന, ബനൂ ശൂതൈബ (അനുഛേദം 25-33). അവരുടെ 'മൗലാ'കള്‍ തുടങ്ങിയവരെയെല്ലാം വഴിവഴിയായി എടുത്ത് പറഞ്ഞിരിക്കുന്നു.
രക്ത-കുടുംബ ബന്ധമില്ലാതെ, ഉടമ്പടി പ്രകാരം ഒരു ഗോത്രവുമായി ബന്ധം സ്ഥാപിച്ചിരിക്കുന്ന ഗോത്രങ്ങളോ കുടുംബങ്ങളോ സംഘങ്ങളോ ആണ് മൗലാ (സഹോദരങ്ങള്‍) എന്നറിയപ്പെടുന്നത്. മറ്റൊരു വിധം പറഞ്ഞാല്‍, ഉടമ്പടിയില്‍ പേരു ചേര്‍ക്കുകയും ഒപ്പ് ചാര്‍ത്തുകയും വഴി അതിലെ ഒരു കക്ഷിയായിത്തീരുന്ന ഓരോ സാമൂഹിക വിഭാഗവും അവര്‍ക്ക് തുല്യമൂല്യമുള്ള അവകാശങ്ങളും ബാധ്യതകളും അംഗീകരിക്കുമ്പോള്‍, അവരുമായി ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളെ കൂടി പ്രതിനിധീകരിക്കുന്നതാണ്.
എന്നാല്‍, അനുഛേദം 20 B, 43-ാം അനുഛേദത്തിന്റെ പിന്‍ബലത്തില്‍ ബഹുദൈവാരാധകര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുകയാണ്. മദീനയിലെ ബഹുദൈവാരാധകര്‍ മക്കയിലെ ബഹുദൈവാരാധകരുമായി സൈനിക രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു അത്. യഥാര്‍ഥത്തില്‍ മദീനയിലെ ബഹുദൈവാരാധകര്‍ മക്കക്കാരായ മുജാഹിദുകളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിന്റെ ഭവിഷ്യത്ത് അവര്‍ ഭയപ്പെടുകയും ചെയ്തിരുന്നു എന്നിട്ടും, നഗരത്തില്‍ അനുവദിക്കപ്പെട്ട എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തങ്ങള്‍ക്ക് കൂടി ലഭിക്കണമെന്ന് മറ്റുള്ളവരെപ്പോലെ അവരും ആഗ്രഹിച്ചു. പ്രസ്തുത അവകാശങ്ങള്‍ ആവശ്യപ്പെടാനുള്ള അവകാശം പ്രമാണം വകവെച്ചുകൊടുക്കുന്നുണ്ട്. തദ്ഫലമായി, ബദ്ര്‍, ഉഹ്ദ് യുദ്ധങ്ങള്‍ക്ക് ശേഷവും ഉടമ്പടിയില്‍ കക്ഷികളായ ബഹുദൈവാരാധകര്‍ മുസ്‌ലിംകളുമായി ഗുരുതരമായ സംഘര്‍ഷങ്ങളൊന്നും കൂടാതെ മദീനയില്‍ ജീവിക്കുന്നതായി നാം കാണുന്നു.
ഗോത്രങ്ങളെ ഓരോന്നോരോന്നായി എടുത്ത് പറയുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഓരോ മത-വംശീയ കൂട്ടായ്മകളുടെയും സ്വത്വം അംഗീകരിക്കുന്നതിനുവേണ്ടിയാണ്. ഗോത്രനേതാക്കള്‍ അതിനുവേണ്ടി പ്രത്യേകം ആവശ്യമുന്നയിക്കുകയും ചെയ്തിരിക്കാം.
ഇതില്‍നിന്നും എത്തിച്ചേരാവുന്ന ഒരു നിഗമനം ഇതത്രെ: ഓരോ മത-വംശീയ വിഭാഗങ്ങള്‍ക്കും സാംസ്‌കാരികവും നിയമപരവുമായ പൂര്‍ണ സ്വയം ഭരണാധികാരം ഉണ്ടായിരിക്കും. മറ്റൊരുവിധം പറഞ്ഞാല്‍ മതം, നിയമനിര്‍മാണം, നീതിന്യായം, വിദ്യാഭ്യാസം, വാണിജ്യം, സംസ്‌കാരം, കല, ദൈനംദിന ജീവിത സംഘാടനം എന്നീ കാര്യങ്ങളില്‍ ഓരോ വിഭാഗത്തിന്റെയും തല്‍സ്ഥിതി നിലനില്‍ക്കും. അവര്‍ നിര്‍ണയിക്കുന്ന സാംസ്‌കാരിക- നിയമപര മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വയം ആവിഷ്‌കരിക്കുകയും ചെയ്യും. അനുഛേദം 25ലാണ് ഈ മത-നിയമ സ്വയംഭരണാവകാശം ഉറപ്പു നല്‍കുന്നത്. അതിപ്രകാരമാണ്: 'ജൂതന്മാരുടെ മതം അവര്‍ക്കുള്ളതാണ്; മുസ്‌ലിംകളുടെ മതം അവര്‍ക്കുള്ളതാണ്; അവര്‍ക്കും അവരുടെ മൗലകള്‍ക്കും ഇത് ബാധകമാണ്.
പിന്നീടുണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ പ്രവാചക(സ)ന്റെ തീരുമാനത്തിന് വിടണമെന്ന 42-ാം അനുഛേദത്തിലെ വ്യവസ്ഥ ജൂതരും ബഹുദൈവാരാധകരും നിര്‍ദേശിച്ചതാണ്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മറ്റു സ്രോതസ്സുകളില്‍നിന്നും അത് വ്യക്തമാകുന്നുണ്ട്. നടേ പറഞ്ഞ കാരണങ്ങളാല്‍ മദീനയിലെ അരക്ഷിതാവസ്ഥ ഗോത്രങ്ങള്‍ക്കിടയിലുള്ള പരസ്പരവിശ്വാസം അലങ്കോലപ്പെടുത്തിയിട്ടുണ്ടായിരുന്നു. തര്‍ക്കങ്ങല്‍ പരസ്പരം ഒത്തുതീര്‍പ്പാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതൊരു 'ഉന്നത നീതിന്യായ അധികാരി'യുടെ മുമ്പില്‍ സമര്‍പ്പിക്കാമെന്ന് ഈ പ്രത്യേക അനുഛേദത്തിലൂടെ കക്ഷികള്‍ സമ്മതിച്ചു. മുഹമ്മദ് നബി(സ)യാണ് ആ 'ഉന്നത നീതിന്യായ അധികാരാധികാരി.' വിശ്വസ്തനും നിഷ്പക്ഷനും മദീനക്കു പുറത്ത് നിന്നുള്ള വ്യക്തിയും എന്നതാണ് അദ്ദേഹത്തെ അതിനര്‍ഹനാക്കുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാനുള്ള അധികാരം ഖുര്‍ആന്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ട് (5:42) അതിനാല്‍, അവര്‍ വിധി തേടി വരുന്ന ഓരോ സന്ദര്‍ഭത്തിലും പ്രവാചകന്‍ അവരോട് ചോദിക്കുമായിരുന്നു. 'ഞാന്‍ എങ്ങനെ തീര്‍പ്പുകല്‍പിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഖുര്‍ആന്‍ അനുസരിച്ചോ, അതല്ല, തോറാ അനുസരിച്ചോ?'
ഈ സംവിധാനത്തില്‍ പ്രവാചകന്‍ ഒരു 'ന്യായാധിപന്‍' ആയല്ല 'റഫറി' ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. അമുസ്‌ലിംകളുടെ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുകയോ അവരുടെ കോടതിക്കും നിയമത്തിനും അത് വിട്ടുകൊടുക്കുകയോ ചെയ്യുന്ന സമ്പ്രദായം അന്നുമുതല്‍ ഒട്ടോമന്‍ ഭരണത്തിന്റെ അന്ത്യം വരെയും 'ദിമ്മി' (ന്യൂനപക്ഷ വിഭാഗങ്ങള്‍) നിയമത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട് എന്ന വസ്തുത ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
ഇവിടെ മറ്റൊരു ഭരണഘടനാ തത്ത്വം ഉയര്‍ന്നുവരുന്നുണ്ട്: ഒരു ബഹുസ്വര സമൂഹത്തില്‍ ഏക നിയമ വ്യവസ്ഥ അനിവാര്യമല്ലെന്നും പലനിയമവ്യവസ്ഥകള്‍ക്ക് ഒരുമിച്ച് നില്‍ക്കാവുന്നതാണെന്നുമുള്ള വസ്തുതയാണത്. വ്യത്യസ്ത നിയമങ്ങള്‍ തമ്മിലുള്ള വൈരുധ്യം മൂലം കക്ഷികള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുക്കുകയാണെങ്കില്‍- അത് പ്രതീക്ഷിക്കാവുന്നതാണ്- അന്യായകോടതിക്ക് അതിന്റെ അധികാരം വിപുലപ്പെടുത്തി തര്‍ക്കം പരിഹരിക്കാവുന്നതാണ്. അങ്ങനെയാണ് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്. അല്ലെങ്കില്‍, എല്ലാ കക്ഷികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഉന്നത കോടതി രൂപീകരിക്കുകയും ചെയ്യാം. ഏത് നിയമ വ്യവസ്ഥ സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അന്യായത്തിന് ഇരയായ കക്ഷിക്ക് നല്‍കുന്നതായിരിക്കും മികച്ച പരിഹാരം എന്നാണ് എന്റെ വീക്ഷണം. ഇസ്‌ലാമിക നിയമത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അത് സാധ്യവുമാണ്.
അനുഛേദം 23 പ്രവാചകന്‍ മുഹമ്മദിനെ മുസ്‌ലിം സാമൂഹിക വിഭാഗത്തിന്റെ പരമാധികാരമുള്ള ഭരണ കര്‍ത്താവാക്കുന്നു. അത് സ്വാഭാവികമാണ്. കാരണം മുസ്‌ലിംകള്‍ അനുസരണ പ്രതിജ്ഞയിലൂടെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊള്ളാമെന്ന് വാക്ക് നല്‍കിയിട്ടുള്ളതാണ്. വിശ്വാസം, കര്‍മം, നിയമം എന്നിവയെ പരസ്പരം വിഛേദിച്ചു കാണരുതെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പവുമായി ബന്ധപ്പെട്ട ഒരു നിലപാടാണിത്. ഈ ഭരണഘടനാ തത്ത്വങ്ങള്‍ ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായിട്ടുള്ള ഒരു മതമാണെന്ന വസ്തുതയെ അടിവരയിടുന്നു.
ഇസ്‌ലാമിക മോഡല്‍ സമഗ്രാധിപത്യപരമാണെന്ന് അവകാശപ്പെടുന്നവര്‍ ഈ വസ്തുതയെക്കുറിച്ച് വേണ്ടത്ര അവബോധമുള്ളവരല്ല. ജനങ്ങള്‍ക്ക് അവരുടെ മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അവരുടെ നിയമവും ജീവിത രീതിയും അവരുടെ വിശ്വാസത്തിനും ആദര്‍ശത്തിനും ചേര്‍ന്നതായിരിക്കേണ്ടതാണ്. ഈ അര്‍ഥത്തില്‍ ഇസ്‌ലാം മതവും അതിന്റെ നിയമങ്ങളും മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമാണ്. മറ്റുളളവര്‍ക്ക് അത് ബാധകമല്ല. മറ്റുള്ളവര്‍ ആ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കാനും പാടില്ല. അതുകൊണ്ടാണ് അമുസ്‌ലിമായ ഒരു അടിമപ്പെണ്‍കുട്ടി തട്ടം കൊണ്ട് തലമറച്ചതായി കണ്ടപ്പോള്‍, തലമറക്കല്‍ ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മാത്രം ബാധകമായിട്ടുള്ള കാര്യമാണെന്ന് രണ്ടാം ഖലീഫ ഉമര്‍ ഇബ്‌നുല്‍ ഖത്താബ്(റ) അവളോട് പറഞ്ഞത്.
മറ്റൊരു വശത്ത്, വസ്തുനിഷ്ഠ നിയമങ്ങളിലൂടെ എല്ലാ മത-സാമൂഹിക വിഭാഗങ്ങളെയും മറികടക്കുകയും ചെയ്യുന്നുണ്ട് മദീനാപ്രമാണം. മറ്റൊരുവിധം പറഞ്ഞാല്‍, മുസ്‌ലിം, ജൂത, ബഹുദൈവ സമൂഹങ്ങള്‍ക്കൊന്നും അതിന്റെ പൊതുനിര്‍ദേശങ്ങളെ ലംഘിക്കുക സാധ്യമല്ല. ഈ അര്‍ഥത്തില്‍, പരസ്പര സമവായത്തിന്റെ ഉല്‍പന്നമായ പ്രമാണം ഖുര്‍ആനും തോറാക്കും സുസ്ഥാപിത ആചാരങ്ങള്‍ക്കും അതീതമാണ്.
അനുഛേദം 4ഉം 11ഉം സാമൂഹിക വിഭാഗങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ ഊന്നിപ്പറയുന്നു. പ്രസ്തുത വകുപ്പുകള്‍ അനുസരിച്ച്, ഗോത്രങ്ങള്‍ രക്തച്ചൊരിച്ചിലിന് ആചാരപ്രകാരമുള്ള നഷ്ടപരിഹാരവും യുദ്ധത്തടവുകാര്‍ക്കുള്ള മോചനദ്രവ്യവും നല്‍കേണ്ടതാണ്. അവരുടെ സാമ്പത്തിക ബാധ്യതകള്‍ അവര്‍ത്തന്നെ തീര്‍ക്കണം. പരസ്പര സമവായത്തിലൂടെയാണത് തീരുമാനിക്കേണ്ടത്. (അനുഛേദം 3,12,37) എന്നാല്‍ പഴയ വ്യവസ്ഥയില്‍ ചെയ്തിരുന്നത് പോലെ കുറ്റവാളികള്‍ക്ക് രക്ത-കുടുംബ ബന്ധങ്ങളുടെ പേരില്‍ സംരക്ഷണം നല്‍കാവതല്ല. വല്ലവരും കുറ്റം ചെയ്താല്‍ ഗോത്രത്തിലെ മറ്റു വ്യക്തികള്‍ അതിനു ഉത്തരവാദികളായി കണക്കാക്കപ്പെടുകയില്ല. അങ്ങനെ കുറ്റവും ശിക്ഷയും വ്യക്തിവല്‍ക്കരിക്കപ്പെടുന്നു (അനുഛേദം 22, 31 B). ഇത് തന്നെ ഒരു വിപ്ലവമായിരുന്നു.  കുറ്റവാളിയും പാതകിയും സംരക്ഷിക്കപ്പെടാത്ത ഈ പുതിയ ഘടനയില്‍, അയാള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായിരുന്നാലും- നീതിനിര്‍വഹണവും സുരക്ഷിതത്വവും പൊതു ഉത്തരവാദിത്വത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. കക്ഷികള്‍- ഒരു വിഭാഗത്തിലെ വ്യക്തികള്‍- പരസ്പരം ഉത്തരവാദികളായി ഗണിക്കപ്പെടുന്നു. (അനുഛേദം 12,13,21) അനുഛേദം 12 B വ്യക്തികള്‍ക്ക് മറ്റു വ്യക്തികളുടെ മൗലായുമായി വെവ്വേറെ കരാറിലേര്‍പ്പെടാനുള്ള സാധ്യത ഉറപ്പിക്കുന്നു. വിസ നല്‍കാനുള്ള അധികാരം ഭരണകൂടത്തില്‍നിന്നും എടുത്ത് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുകയാണ് ഈ നിയമങ്ങള്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
പ്രമാണത്തിലെ മറ്റു വകുപ്പുകള്‍ താഴെ പറയും വിധം ചുരുക്കി വിവരിക്കാവുന്നതാണ്: രാജ്യം, സംരക്ഷിത അതിര്‍ത്തികള്‍ എന്നീ സങ്കല്‍പങ്ങള്‍  അനുഛേദം 39 പരിചയപ്പെടുത്തുന്നു. അന്നത്തെ ചരിത്ര സന്ദര്‍ഭത്തില്‍ ഇതൊരു പുതുപരിഷ്‌കരണമായിരുന്നു. ഇവ്വിധം, രക്ത-കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗോത്രഘടന മറികടന്ന്, ഗ്രൂപ്പുകളായോ നിയമ കൂട്ടായ്മകളായോ ക്രമീകരിക്കപ്പെട്ട ഒരു ഉന്നത രാഷ്ട്രീയ സമിതിക്ക് ചുറ്റും അവര്‍ ഒരുമിച്ച് ചേര്‍ക്കപ്പെട്ടു. കുടുംബങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും ഇടയിലെ എല്ലാത്തരം നിയമലംഘനങ്ങളും നിരോധിക്കപ്പെടുകയും ചെയ്തു. പ്രമാണത്തില്‍ ഉപയോഗിച്ച 'ഹറം' എന്ന വാക്കിന്റെ അര്‍ഥം സംരക്ഷിത അതിര്‍ത്തി എന്നാണ്. പ്രാദേശിക ഉദ്ഗ്രഥനത്തെയും രാഷ്ട്രീയ ഐക്യത്തെയുമാണ് അത് അര്‍ഥമാക്കുന്നത്. ഈ രാഷ്ട്രീയ ഐക്യത്തിന് സമാനമായി പ്രമാണത്തില്‍ ഉപയോഗിച്ചിട്ടുള്ള പദമാണ് 'ഉമ്മത്ത്' (അനുഛേദം 2,25). ഈ അര്‍ഥത്തില്‍, മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവാരാധകരും ഉള്‍പ്പെടുന്ന രാഷ്ട്രീയ ഐക്യമാണ് ഉമ്മത്ത്. വംശം, ഭാഷ, മതം, ജാതി, വംശീയത എന്നിവയുടെയൊന്നും അടിസ്ഥാനത്തില്‍ വിവേചനം കല്‍പിക്കാത്ത ഒരു സാമൂഹിക പദ്ധതിയാണത്. (അനുഛേദം 1,2,16,25). കാരണം മതപരവും സാംസ്‌കാരികവും നിയമപരവുമായ സ്വയംഭരണത്തിന്റെ അടിസ്ഥാനത്തിലാണത് സ്ഥാപിതമായിട്ടുള്ളത്.
വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമിടയിലെ ബന്ധത്തെ സംബന്ധിച്ചേടത്തോളം സര്‍വരാലും അംഗീകരിക്കപ്പെട്ട സാര്‍വത്രിക ആദര്‍ശങ്ങളും അടിസ്ഥാന സദാചാര തത്ത്വങ്ങളും തന്നെയായിരിക്കും നിയമം (അനുഛേദം 47). എങ്കിലും അവയുടെ പ്രയോഗവല്‍ക്കരണത്തിന് സാമൂഹിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഒരു ലിഖിത പാഠം അത്യാവശ്യമാണ്. ഈ കാരണത്താല്‍, 'പുസ്തകം' എന്നും (അനുഛേദം 1,47) പത്രം (അനുഛേദം 22,39,42,46) എന്നുമാണ് പ്രമാണം അതിനെ സ്വയം വിശേഷിപ്പിക്കുന്നത്. അക്കാലത്തെ പാരമ്പര്യ സംസ്‌കാരത്തില്‍ ഉത്തരവാദിത്വ ബോധത്തെക്കുറിക്കുന്ന രണ്ടു സംജ്ഞകളാണത്. ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നതും 'പുസ്തകം' എന്നാണ്. മുന്‍പ്രവാചകന്മാര്‍ക്ക് പുസ്തകങ്ങളും പത്രങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നതായും അത് വ്യക്തമാക്കുന്നുണ്ട്.
നിയമ വാഴ്ചക്കുള്ള സമ്പൂര്‍ണ അനുസരണം എല്ലാവരുടെയും ബാധ്യതയായി പ്രമാണം നിശ്ചയിക്കുന്നുണ്ട് (അനുഛേദം 37, 37B). അതേസമയം യുദ്ധത്തെ വ്യക്തിയുടെയും ഗോത്രത്തിന്റെയും അധികാരപരിധിയില്‍നിന്നും എടുത്തുമാറ്റി ഒരു കേന്ദ്രഗവണ്‍മെന്റിനു കൈമാറുകയും ചെയ്യുന്നു. (അനുഛേദം 17,18). കേന്ദ്ര ഭരണകൂടം ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യുദ്ധ പ്രഖ്യാപനം നടക്കുക. വൈദേശിക ആക്രമണമായിരിക്കും യുദ്ധത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്. അത്തരമൊരു പ്രതിരോധ യുദ്ധത്തിന് പ്രമാണത്തില്‍ പങ്കാളികളായ എല്ലാ കക്ഷികളും സാമ്പത്തിക, സൈനിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ്. (അനുഛേദം 15,18,19,24). എന്നാല്‍, മതത്തിന്റെ പേരിലുള്ള യുദ്ധങ്ങള്‍ക്ക് പൊതു ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. (അനുഛേദം 45). അങ്ങനെ വരുമ്പോള്‍, മുസ്‌ലിംകള്‍ മദീനക്ക് പുറത്ത് വെച്ച് മതത്തിനുവേണ്ടി യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മദീനയിലെ ജൂതരും ബഹുദൈവാരാധകരും അവരോടൊപ്പം പോരേണ്ടതില്ല. ഈ വകുപ്പുപ്രകാരം ബദര്‍, ഉഹ്ദ് യുദ്ധങ്ങള്‍ മദീനക്ക് പുറത്ത് വെച്ചാണ് നടത്തപ്പെട്ടത്.
സാമൂഹിക ജീവിതത്തിലെ നീതിനിര്‍വഹണം, നിയമപ്രക്രിയയുടെ സംഘാടനം, നീതിന്യായ വകുപ്പ്, അവയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ കേന്ദ്ര അധികാരിക്ക് നല്‍കിക്കൊണ്ടാണ് നടപ്പിലാക്കുക. വ്യക്തികളുടെ സ്വന്തമായ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും അവ വിട്ടുകൊടുക്കുകയില്ല. (അനുഛേദം 13)
നീതിന്യായം, പ്രതിരോധം, യുദ്ധപ്രഖ്യാപനം എന്നിവക്കുള്ള അധികാരം കേന്ദ്ര അതോറിറ്റി (സ്റ്റേറ്റ്?)ക്ക് നല്‍കുമ്പോള്‍ തന്നെ നിയമനിര്‍മാണം, സംസ്‌കാരം, ശാസ്ത്രം, കല, സാമ്പത്തികം, വിദ്യാഭ്യാസം മുതലായ സേവനങ്ങളെല്ലാം സിവില്‍ സൊസൈറ്റിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് നികുതിപിരിവ്, നീതിന്യായം, പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റിനെ പരിമിതപ്പെടുത്തിയതായും മറ്റു കാര്യങ്ങള്‍ സിവില്‍ സമൂഹത്തിന് വിട്ടുകൊടുത്തതായും പ്രവാചകനില്‍നിന്നുള്ള മറ്റു റിപ്പോര്‍ട്ടുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്.

ബഹുസ്വര പദ്ധതിയുടെ സാധ്യത

പ്രമാണത്തിലെ പൊതുശാസനങ്ങളില്‍നിന്ന് വേറെയും ചില നിഗമനങ്ങളില്‍ എത്താനാവും. പക്ഷേ, ഇവിടെ അവ പ്രസക്തമല്ല. ക്രി. 622ല്‍ മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളും സിവില്‍ സമൂഹങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി രേഖപ്പെടുത്തുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത ഒരു പ്രമാണമാണ് ഇതെന്ന വസ്തുതയാണ് നമ്മെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നത്.
സാമാന്യവല്‍ക്കരണത്തിലൂടെയും നിര്‍ധാരണത്തിലൂടെയും ചില ഭരണഘടനാ തത്ത്വങ്ങള്‍ ഈ പ്രമാണത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്തിമമായ വിശകലനത്തില്‍ പ്രസ്തുത തത്വങ്ങള്‍ ഒരു ബഹുസ്വര പദ്ധതിയുടെ സാധ്യതയെ പിന്തുണക്കുന്നതാണ്. ദീര്‍ഘമായ അറബ്-ഇസ്രയേല്‍ യുദ്ധങ്ങള്‍, സമീപകാലത്തെ ആദരി-അര്‍മീനിയന്‍ യുദ്ധം, ലബനാനിലെ വഴക്കടിക്കുന്ന മതകീയ സമൂഹങ്ങള്‍, ബാള്‍ക്കന്‍ മേഖലയിലെ വംശീയ പ്രതിസന്ധികള്‍, കുര്‍ദ് പ്രശ്‌നം തുടങ്ങിയവയെല്ലാം നിലനില്‍ക്കുന്ന നമ്മുടെ മധ്യപൗരസ്ത്യ ദേശത്ത്, പങ്കാളിത്തം, തെരഞ്ഞെടുപ്പ്(choice), പ്രാതിനിധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ മത-വംശ-രാഷ്ട്രീയ ഗ്രൂപ്പുകളുടെ സഹജീവനം അനുവദിക്കുന്ന ബഹുസ്വര പദ്ധതികള്‍ അത്യാവശ്യമാണ്.

സഹജീവനത്തിന്റെ സുസാധ്യ പദ്ധതി

ഏതാണ് ഏറ്റവും മികച്ച ഭരണക്രമം? പ്രവാചകന്റെ അത്ഭുതപ്രവൃത്തികളില്‍ ഒന്നായ മദീനാ പ്രമാണം മേല്‍ചോദ്യത്തിനു മറുപടിയേകുന്ന ചരിത്രപരവും മൂര്‍ത്തവുമായ ഒരു ഉദാഹരണമത്രെ. കൃത്രിമമായ ഒരു സ്വപ്നലോകമോ സൈദ്ധാന്തികമാത്രമായ ഒരു രാഷ്ട്രീയ വ്യായാമമോ അല്ല ഈ പ്രമാണം. ക്രി. 622 മുതല്‍ 632 വരെ വ്യവസ്ഥാപിതമായും സമൂര്‍ത്തമായും പ്രയോഗവല്‍ക്കരിക്കപ്പെട്ട് ലിഖിതചരിത്രത്തില്‍ ഇടംതേടിയ ഒരു നിയമരേഖയാണത്.
രാഷ്ട്രീയ ഐക്യത്തിന്റെ ചട്ടക്കൂട് സ്ഥാപിക്കുന്നതിനും രാഷ്ട്രീയം അധികാരം എന്നീ സങ്കല്‍പങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നതിനും പ്രസ്തുത നിയമരേഖ  അടിസ്ഥാനമാക്കുന്ന തത്ത്വങ്ങല്‍ ഇന്നും പ്രസക്തമാണ്.
ചുരുക്കിപ്പറയുകയാണെങ്കില്‍ 'മദീനാപ്രമാണം രാഷ്ട്രീയ ഐക്യത്തിന്റെ നിയമ രേഖയാകുന്നു. അതിന്റെ പൊതു ചട്ടക്കൂട് (ഇന്നത്തെ ഇസ്‌ലാമിക ബുദ്ധിജീവികള്‍ക്ക്) മുമ്പില്‍ ഒരു സാമൂഹിക പദ്ധതി സമര്‍പ്പിക്കുന്നു.
ഒന്നാമതായി, ഉടമ്പടിയില്‍ പങ്കാളികളായ കക്ഷികളെ (മുസ്‌ലിംകള്‍, ജൂതര്‍, ബഹുദൈവാരാധകര്‍). സവിശേഷ 'ഉമ്മത്തുകള്‍' ആയി പ്രമാണം നിര്‍വചിക്കുന്നു (അനുഛേദം 2,25). ഇവിടെ ഉമ്മത്ത് ഒരു സാങ്കേതിക സംജ്ഞ എന്ന നിലക്ക് ഒരു രാഷ്ട്രീയ ഘടകത്തിന് സമാനമാണ്. പരമ്പരാഗതാര്‍ഥത്തിലുള്ള മുസ്‌ലിംകളുടെ രാഷ്ട്രീയ ഘടകത്തെയാണ് പ്രസ്തുത സംജ്ഞ കുറിക്കുന്നതെങ്കില്‍ അനുഛേദം 25 ല്‍ ജൂതരും ബഹുദൈവാരാധകരും അതനുസരിച്ച് മുസ്‌ലിംകളാണെന്ന് അംഗീകരിക്കേണ്ടി വരും. അത് ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ്.
അധികാരം എന്ന പ്രശ്‌നത്തെ മുസ്‌ലിം വീക്ഷണ കോണിലൂടെ നാം നോക്കുകയാണെങ്കില്‍, ഏതടിസ്ഥാനത്തിലാണ് അവര്‍ അധികാരികളാകുന്നത് എന്ന ചോദ്യം പ്രസക്തമായിത്തീരുന്നു. ഇതിനുള്ള മറുപടി ഒരു മതമെന്ന നിലക്ക് ഇസ്‌ലാം ജീവിതത്തിന് നല്‍കുന്ന അര്‍ഥത്തിലാണ് കുടികൊള്ളുന്നത്. ഏത് മുസ്‌ലിമിനെസംബന്ധിച്ചും ജീവിതത്തിന്റെ അര്‍ഥം ദൈവത്തിന്റെ അഭീഷ്ടം അനുസരിച്ചും അവനെ ആരാധിച്ചും ജീവിക്കുക എന്നതാണെന്ന കാര്യം നിസ്സംശയമാണ്. അതിനേക്കാള്‍ ഉല്‍കൃഷ്ടവും അന്തസ്സുറ്റതുമായ മറ്റൊരു ജീവിതം അവനില്ല. ദൈവത്തിന്റെ സന്തുഷ്ടി പ്രകാരം ജീവിക്കുന്നതെങ്ങനെ എന്ന് മുസ്‌ലിം പഠിക്കുന്നത്, പ്രവാചകന്‍ നടപ്പിലാക്കുകയും മൂര്‍ത്തമായി കാണിച്ചുകൊടുക്കുകയും ചെയ്ത ശരീഅത്തില്‍നിന്നാണ്. ദൈവിക നിയമത്തിന്റെ ലിഖിത രേഖയാണ് ശരീഅത്ത്. ദൈവേഛ അനുസരിച്ചു ജീവിക്കുന്നത് സംബന്ധിച്ച തത്ത്വങ്ങളുടെയും നിയമങ്ങളുടെയും ആകത്തുകയുമാണത്.
ഇസ്‌ലാമിന്റെ ദൈവദത്തമായ നിയമക്രമം അനുസരിച്ചു ജീവിക്കാനുള്ള മുസ്‌ലിമിന്റെ ആഗ്രഹം ഒരിക്കലും കുറയുന്നില്ല. മറിച്ച് താന്‍ ഉള്‍പ്പെട്ട മതത്തിന്റെ  ജ്ഞാനപ്രപഞ്ചത്തിലേക്ക് എത്രത്തോളം പ്രവേശിക്കുന്നുവോ അതിനൊത്ത് ആ ആഗ്രഹം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല, ഒരു മുസ്‌ലിമിന്റെ രണ്ടാമത്തെ പ്രധാന കര്‍ത്തവ്യം താന്‍ സത്യമായി അംഗീകരിച്ച മതത്തിന്റെ സത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നുള്ളതാണ്. ഈ കര്‍ത്തവ്യം അവഗണിക്കാനോ ഉപേക്ഷിക്കാനോ ഒരിക്കലും ഒരു മുസ്‌ലിമിന് സാധിക്കുകയില്ല. ഈ ഇരട്ട ദൗത്യം ഒരു സാമൂഹിക ഘടനക്കുള്ളില്‍ നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് അവര്‍ അധികാരസ്ഥരാകുന്നത്.
എല്ലാ പ്രവാചകന്മാരുടെയും, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെയും ജീവിതത്തില്‍ നിറഞ്ഞുനിന്ന കടുത്ത പോരാട്ടങ്ങളുടെയെല്ലാം അവസാന ലക്ഷ്യം, ഈ ദൗത്യത്തിന്റെ സാക്ഷാല്‍ക്കരണത്തിന് അനുയോജ്യമായ ഒരു സ്വതന്ത്ര ചുറ്റുപാട്, ഒരനുയോജ്യ സാമൂഹിക സാഹചര്യം സാധ്യമാക്കുക എന്നതായിരുന്നു. സ്വാതന്ത്ര്യം എന്നതുകൊണ്ട് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നത് തങ്ങളുടെ മതം അനുസരിച്ച് ജീവിക്കുന്നതിനും അത് മറ്റുള്ളവര്‍ക്ക് പ്രബോധനം ചെയ്യുന്നതിനുമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്.
പ്രവാചകന്‍ മദീനയിലെ സ്വതന്ത്രമായ ചുറ്റുപാടിലേക്ക് കുടിയേറിപ്പാര്‍ക്കുകയും, ഇപ്പറഞ്ഞ രണ്ട് ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ അവിടത്തെ മത-വംശീയ വിഭാഗങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തത്, രാഷ്ട്രീയാധികാരം കേന്ദ്രപ്രത്യയശാസ്ത്രത്തിനു വെളിയില്‍ രൂപപ്പെടുത്താമെന്ന് കാണിച്ചു തരുന്ന ഒന്നാമത്തെ ചുവടുവെപ്പായിരുന്നു. ഒരു കേന്ദ്ര പ്രത്യയശാസ്ത്രം വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ട ഗ്രൂപ്പുകളുടെ മേല്‍ അടിച്ചേല്‍പിക്കാവതല്ല എങ്കില്‍, സ്വന്തം മതവും ആദര്‍ശവും തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എങ്കില്‍, അവരുടെ തെരഞ്ഞെടുപ്പിനു അനുസരിച്ചുള്ള ജീവിത ശൈലികളില്‍ ഇടപെടാവതല്ല എങ്കില്‍, അതിന്റെ മൂര്‍ത്തമായ ഉറപ്പ് കുടികൊള്ളുന്നത് ഏകനിയമ പദ്ധതിയിലല്ല, മറിച്ചു ബഹുസ്വര നിയമ പദ്ധതിയിലത്രെ.
നിയമത്തെ മതത്തില്‍നിന്ന് വിഛേദിക്കുക സാധ്യമല്ല എന്ന തത്ത്വത്തിന് ഇസ്‌ലാം പ്രാമുഖ്യം കല്‍പിക്കുന്നു. ഈ തത്ത്വം അനുസരിച്ച്, ഗവണ്‍മെന്റ് ഒരു ഔദ്യോഗിക മതത്തെയോ പ്രത്യയശാസ്ത്രത്തെയോ പ്രതിനിധീകരിക്കുകയും, അതിനെ മുകളില്‍നിന്ന് താഴേക്ക് അടിച്ചേല്‍പിക്കുകയും ചെയ്യുന്നില്ലെങ്കില്‍, ഔദ്യോഗികമായ ഒരു ഏക നിയമ വ്യവസ്ഥയെ അടിച്ചേല്‍പിക്കുന്നത് വിരോധാഭാസമാണ്. മതം തെരഞ്ഞെടുക്കുന്നതില്‍ ബലപ്രയോഗം പാടില്ല എങ്കില്‍ വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വീകരിച്ചവരുടെ മേല്‍ നിയമം നടപ്പിലാക്കുന്നതിലും ബലപ്രയോഗം പാടില്ലാത്തതാകുന്നു. ഒരാള്‍ ഒരു മതം സ്വീകരിക്കുമ്പോള്‍ അതോടൊപ്പം തന്നെ ആ മതത്തിന്റെ ഒരു ആവിഷ്‌കാര രൂപമായ നിയമ പദ്ധതിയെക്കൂടി സ്വീകരിക്കുന്നുണ്ട്. മതം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജനങ്ങളെ സ്വതന്ത്രരായി വിടുകയും അതിന്റെ നിയമ വ്യവസ്ഥ സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ആധുനിക മതേതര ഭരണകൂടങ്ങള്‍ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെ സത്തയില്‍ കൈകടത്തുക എന്നാണ് ഇതിന്റെ അര്‍ഥം. മതത്തിലുള്ള ഏതു കൈകടത്തലും വിശ്വാസിയുടെ വ്യക്തിത്വത്തെ പിളര്‍ക്കുകയും അവനെ സാംസ്‌കാരികമായി സ്‌കീസോഫ്രാനിക് ആക്കുകയും ചെയ്യും. ആധുനിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും പടര്‍ന്നു പിടിച്ച സ്‌കീസോഫ്രാനിയ ശ്രദ്ധിക്കുക.
മുസ്‌ലിംകളുമായി യുദ്ധത്തിന് വരാത്ത കാലത്തോളം, വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ മതവും നിയമക്രമവും അനുസരിച്ച് ജീവിക്കാവുന്നതാണ്. മുഹമ്മദ് നബി(സ)യുമായി ഉടമ്പടിയിലേര്‍പ്പെട്ട അവിശ്വാസികളെപ്പോലെത്തന്നെ, മുസ്‌ലിംകളാവാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് അവര്‍ ജൂതരോ ക്രിസ്ത്യാനികളോ സെക്കുലറിസ്റ്റുകളോ നിരീശ്വരവാദികളോ ആരായിരുന്നാലും, സ്വന്തം മതവും ലോക വീക്ഷണവും പ്രത്യയശാസ്ത്രവും മറ്റു ചിന്താ പദ്ധതികളും സ്വീകരിക്കുകയും തങ്ങളുടെ മതത്തിന് അല്ലെങ്കില്‍ മതേതര വ്യവസ്ഥക്ക് അനുയോജ്യമെന്ന് കാണുന്ന നിയമക്രമം നടപ്പിലാക്കുകയും ചെയ്യാം.
മദീനാ പ്രമാണത്തിന്റെ ചട്ടക്കൂടില്‍, ഒരു മതവും നിയമവ്യവസ്ഥയും സ്വീകരിക്കുകയും ചെയ്തവര്‍ ഒരു നിയമഗ്രൂപ്പ് രൂപീകരിക്കുകയും ഇത്തരം ഗ്രൂപ്പുകള്‍ ഒരു രാഷ്ട്രീയ ഘടകം സ്ഥാപിക്കുന്നതിനുള്ള കക്ഷികളായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
ഈ മോഡലില്‍, ഉടമ്പടിയില്‍ ചേരുന്നവര്‍, തങ്ങള്‍ തെരഞ്ഞെടുത്ത മതത്തിന്റെയും നിയമ വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയാധികാരത്തെ ആന്തരികവല്‍ക്കരിക്കുന്നു. ഈ മോഡലില്‍ രാഷ്ട്രീയം എന്നത് കക്ഷികളുടെ കൂട്ടുകൂടലിനെ സാധ്യമാക്കുന്ന തന്ത്രവും ഭരണ നിര്‍വഹണ കലയുമായാണ് മനസ്സിലാക്കപ്പെടുന്നത്.
ഈ അര്‍ഥത്തില്‍, നിയമനിര്‍മാണം, സംസ്‌കാരം, വിദ്യാഭ്യാസം, ശാസ്ത്രം, സാമ്പത്തികം, ആരോഗ്യം മുതലായ പ്രവര്‍ത്തന മേഖലകള്‍ നിയമ ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കുകയും ഭരണയന്ത്രം മാത്രം എക്‌സിക്യൂട്ടീവില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എക്‌സിക്യൂട്ടീവ് ശാഖ പൊതുവും അവിഛേദ്യവുമായ സേവനങ്ങള്‍, നിര്‍വഹിക്കുന്നതിനാല്‍ സാമ്പത്തിക സ്രോതസ്സും (നികുതി) ഒരളവോളം നിയമനിര്‍മാണവും അതിന് വേണ്ടിവരും. ഓരോ കക്ഷിയും അതിന്റെ സാമ്പത്തിക ശേഷിയും ജനസംഖ്യാ ശക്തിയും അനുസരിച്ച് ഈ ചെലവുകളില്‍ പങ്കു വഹിക്കും. എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയിലുള്ള(ഗ്രാമം, നഗരം, പ്രവിശ്യ, മേഖല, രാഷ്ട്രം) നിയമ നിര്‍മാണ സഭകള്‍ നിയമ ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കുന്ന മെമ്പര്‍മാര്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും.
ഈ രാഷ്ട്രീയ ഘടകത്തിന് രൂപം നല്‍കുന്ന മൗലിക തത്ത്വങ്ങള്‍ മതത്തിന്റെയും നിയമ വ്യവസ്ഥയുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാകയാല്‍ ഗറ്റോകളും മതശുദ്ധീകരണങ്ങളും ആവശ്യമായി വരുകയില്ല. ചരിത്രാനുഭവങ്ങള്‍ വ്യക്തമാക്കുന്നത് പോലെ ഗറ്റോകളും കൂട്ടശുദ്ധീകരണവും ആവശ്യമില്ലാത്തിടത്ത് ജനങ്ങള്‍ ഒരുമിച്ചു ജീവിക്കാനുള്ള വലിയ ആഗ്രഹം പ്രകടിപ്പിക്കുന്നതാണ്.
രാഷ്ട്രീയം, അധികാരം, രാഷ്ട്രം തുടങ്ങിയ സങ്കല്‍പങ്ങള്‍ക്കും പുതിയ മാനങ്ങള്‍ നല്‍കാനുതകുന്ന വലിയ സാധ്യത മദീനാ പ്രമാണത്തിനുണ്ട്. മാത്രവുമല്ല, പ്രവാചകന്‍ നടപ്പിലാക്കിയ ഈ പ്രമാണം ഖുര്‍ആനില്‍നിന്ന് സ്വതന്ത്രമോ അതിനു പുറത്തുനിന്നുള്ളതോ അല്ലെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, പ്രവാചകന്റെ ഒരു ചര്യയും വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യക്ഷീകരണവും ഖുര്‍ആന്റെ ജീവദായക തത്ത്വങ്ങളുടെ ഒരു പ്രായോഗിക മാതൃകയുമാണത്.
സങ്കീര്‍ണമായ സമകാലീന പ്രശ്‌നങ്ങളും 1400 വര്‍ഷം മുമ്പ് വിവിധ സാമൂഹിക ഗ്രൂപ്പുകള്‍ ഒപ്പുവെച്ച ഈ നിയമ പ്രമാണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആകത്തുക ശരിയായ വിധം വായിക്കപ്പെടുകയാണെങ്കില്‍, ജീവിതത്തിന്റെ സകല വശങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഉപകരണത്തിന്റെ അപ്പുറത്തുള്ള എന്തോ ഒന്നാണ് രാഷ്ട്രം എന്ന് നമുക്ക് മനസ്സിലാക്കാനാവും.
ഒരു സമാന്തര സാമൂഹ്യ പദ്ധതിയുടെ ഈ രൂപരേഖ വിപുലവും നിരന്തരവുമായ ചര്‍ച്ചകളിലൂടെ ഇനിയും പരിപക്വമാക്കേണ്ടതുണ്ട്. എങ്കില്‍ത്തന്നെയും രാഷ്ട്രത്തെ എക്‌സിക്യൂട്ടീവിലേക്ക് ചുരുക്കുകയും എക്‌സിക്യൂട്ടീവിനെ പൊതുവും അനിവാര്യവുമായ സേവനങ്ങളിലേക്കു പരിമിതപ്പെടുത്തുകയും വഴി (മേല്‍പ്പറഞ്ഞ) പ്രശ്‌നത്തിന് ഒരു പരിഹാരം അത് സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍, വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവരുടെ സ്വത്വം നിര്‍ണയിക്കാനും സ്വന്തം മതവും നിയമ വ്യവസ്ഥയും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നിടത്താണ് യഥാര്‍ഥ ബഹുസ്വരതയുടെ കവാടം തുറക്കപ്പെടുന്നത്. സാമ്പത്തികം, സംസ്‌കാരം, ശാസ്ത്രം, വിദ്യാഭ്യാസം, കല, ആരോഗ്യം, വാര്‍ത്താവിതരണം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകൃത രാഷ്ട്രത്തിന്റെ നിയന്ത്രണത്തില്‍നിന്ന് എടുത്തുമാറ്റി വിവിധ മതങ്ങള്‍ക്കും സ്വത്വങ്ങള്‍ക്കും വിട്ടുകൊടുക്കുന്നില്ലെങ്കില്‍ യഥാര്‍ഥ ബഹുസ്വരത സാക്ഷാത്കരിക്കപ്പെടുകയില്ല എന്നാണ് അനുഭവം സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരമൊരു വിപ്ലവാത്മക പദ്ധതിക്കുള്ള മുന്നുപാധി നിയമത്തിന്റെ ഏക മുഖത്വം ഇല്ലായ്മ ചെയ്ത് പ്രസ്തുത മേഖല വ്യത്യസ്ത നിയമഗ്രൂപ്പുകളുടെ വിവേകത്തിനു വിട്ടുകൊടക്കുക എന്നതാണ്.
മുകളില്‍ വിവരിച്ച തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിന്റെ മൂര്‍ത്തരൂപം എന്തായിരിക്കണം എന്നത് രാഷ്ട്രീയ ഘടകം സംസ്ഥാപിക്കുന്ന നിയമ ഗ്രൂപ്പുകള്‍ തീരുമാനക്കേണ്ട പ്രശ്‌നമാണ്. ഈ രാഷ്ട്രീയ ഘടനയുടെ രൂപീകരണം ഏക പരമാധികാര വ്യവസ്ഥക്കുപകരം താഴെനിന്ന് മുകളിലേക്കുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നതാണ് ഇതര ഗവണ്‍മെന്റുകളില്‍നിന്നും അതിനെ വ്യതിരിക്തമാക്കുന്നത്.
അവസാനമായി, മദീനാ പ്രമാണത്തിന് ഊന്നല്‍ നല്‍കാനുള്ള മറ്റൊരു കാരണം ആധുനികതയെ മറികടക്കുക എന്നതുകൂടിയാണ്. ബാഹ്യമായും ആന്തരികമായും, അസംസ്‌കൃതവും സംസ്‌കൃതവുമായ രീതികളിലൂടെ കൂടുതല്‍ കൂടുതല്‍ സമഗ്രാധിപത്യപരമായിക്കൊണ്ടിരിക്കുന്ന ആധുനിക രാഷ്ട്രത്തിന് ബദലാകാവുന്ന ഒരു രൂപരേഖ മദീനാ പ്രമാണത്തില്‍നിന്നും വരച്ചെടുക്കാവുന്നതാണ്.

മദീനാപ്രമാണം
1) ഖുറൈശി അഭയാര്‍ഥികളും യസ്‌രിബുകാരും ആയ വിശ്വാസികള്‍ക്കും അവരെ തുടര്‍ന്ന്, അവരോടൊപ്പം ചേര്‍ന്ന്, അധിവാസമുറപ്പിക്കുകയും ഒന്നിച്ചു പ്രതിരോധം നടത്തുകയും ചെയ്യുന്ന ഇതര വിഭാഗങ്ങള്‍ക്കുമിടയില്‍ നടപ്പില്‍ വരേണ്ടതിനായി, ദൈവദൂതനും പ്രവാചകനുമായ മുഹമ്മദിനാല്‍ ക്രോഡീകൃതമായ പ്രമാണ രേഖയാണിത്.
2) മേല്‍പ്പറഞ്ഞ മതവിഭാഗങ്ങളെല്ലാം തന്നെ ഒരൊറ്റ 'ഉമ്മത്ത്' (രാഷ്ട്രം) ആയിരിക്കും - ഇതര ജനതകളെ കൂടാതെ.
3) ഖുറൈശി കുടിയേറ്റക്കാര്‍ തങ്ങളുടെ കീഴ്‌വഴക്കമനുസരിച്ചു കൊലപാതകത്തിനുള്ള പിഴ കൂട്ടായി സഹകരിച്ചു നല്‍കുന്നതായിരിക്കും.
അവര്‍ തങ്ങളുടെ ബന്ധനസ്ഥനെ, വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ന്യായത്തിനും നീതിക്കും അനുയോജ്യമാംവിധം പിഴകൊടുത്തു മോചിപ്പിക്കുന്നതാണ്.
4) ബനൂഔഫ് വംശക്കാര്‍ തങ്ങളുടെ കീഴ്‌വഴക്കപ്രകാരം നിലകൊള്ളുന്നതാണ്. അവരുടെ പ്രായശ്ചിത്തങ്ങള്‍ കൂട്ടായി സഹകരിച്ചു ഒടുക്കുന്നതായിരിക്കും.
പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും, താന്താങ്ങളുടെ ബന്ധനസ്ഥനെ, വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമാംവിധം പിഴയടച്ചു മോചിപ്പിക്കുന്നതായിരിക്കും.
5) ബനൂഹാരിസുബ്‌നു ഖസ്‌റജ് വംശം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതാണ്. കൊലപാതകപ്പിഴ കൂട്ടായി ഒടുക്കുന്നതായിരിക്കും.
പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമാംവിധം പിഴ ഒടുക്കി മോചിപ്പിക്കുന്നതായിരിക്കും.
6) ബനൂസാഇദ ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് കൊലപാതകപ്പിഴ കൂട്ടായി ഒടുക്കുന്നതാണ്.
അവരില്‍ ഓരോ വിഭാഗവും തങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയുക്തവുമാംവിധം പിഴ ഒടുക്കി മോചിപ്പിക്കുന്നതായിരിക്കും.
7) ബനൂജുശം ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി അടക്കുന്നതുമാണ്.
അവരില്‍ ഓരോ വിഭാഗവും തങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിപൂര്‍വകവുമായ വിധത്തില്‍ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
8) ബനുന്നജ്ജാര്‍ ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പിഴ സംഖ്യ കൂട്ടായി ഒടുക്കുന്നതുമാണ്.
അവരില്‍ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമായ വിധം പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
9) ബനൂഅംറുബ്‌നു ഔഫ് അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി ഒടുക്കുന്നതുമായിരിക്കും.
പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയുക്തവുമായ പിഴയൊടുക്കി മോചിപ്പിക്കുന്നതായിരിക്കും.
10) ബനൂനബീത് ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി സഹകരിച്ചു നല്‍കുന്നതുമാണ്.
പ്രസ്തുത ഗോത്രത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയിലധിഷ്ഠിതവുമായ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
11) ബനുല്‍ഔസ് ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി സഹകരിച്ചു നല്‍കുന്നതുമാണ്.
അവരില്‍ ഓരോ വിഭാഗവും താന്താങ്ങളുടെ ബന്ധനസ്ഥരെ, വിശ്വാസികള്‍ക്കിടയില്‍ നീതിപൂര്‍വകവും ന്യായാനുസൃതവുമായ മാര്‍ഗത്തില്‍ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
12) മുസ്‌ലിം സമൂഹം അവരില്‍പ്പെട്ട, മോചനപ്പിഴ ഒടുക്കാനോ നഷ്ടപരിഹാരത്തുക നല്‍കാനോ കഴിവില്ലാത്ത ഋണബാധിതരെ സഹായിക്കുന്നതില്‍ ഉപേക്ഷ വരുത്താവതല്ല.
12 B) ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്റെ 'മൗല'യെ എതിര്‍ക്കുകയില്ല. (ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന് ഉപദ്രവമാകുന്ന വിധം, അയാളുടെ 'മൗല'യുമായി കരാറിലേര്‍പ്പെടുകയില്ല എന്നും അര്‍ഥമാകാം.
13) മുസ്‌ലിം സമൂഹം, അവരില്‍ രാജ്യദ്രോഹം പ്രവര്‍ത്തിക്കുകയോ വിശ്വാസികള്‍ക്കിടയില്‍ കലാപം, ശത്രുത, കുറ്റകൃത്യം, അക്രമം എന്നിത്യാദി മാര്‍ഗങ്ങളിലൂടെ ആഭ്യന്തരഛിദ്രത സൃഷ്ടിക്കുകയോ ചെയ്യുന്ന ഏതൊരുവന് എതിരിലും ഒരുമിച്ച് നിലകൊള്ളുന്നതാണ് - അവന്‍ സ്വന്തം പുത്രനാണെങ്കിലും ശരി.
14) ശത്രുവിനെച്ചൊല്ലി വിശ്വാസിയെ വിശ്വാസിക്ക് വധിക്കാവതല്ല; വിശ്വസിക്കെതിരില്‍ ശത്രുവെ സഹായിക്കാവതുമല്ല.
15) വിശ്വാസികള്‍ പരസ്പരം അവകാശ ബന്ധുക്കളും സഹകാരികളുമാണ് - ഇതര ജനവിഭാഗങ്ങളെക്കൂടാതെ.
16) നമ്മോടൊപ്പം താമസിക്കുന്ന യഹൂദവിഭാഗം നമ്മുടെ ഉത്തമ സഹവര്‍ത്തനത്തിനും സദ്‌പെരുമാറ്റത്തിനും അവകാശികളാണ്. അവര്‍ അക്രമത്തിനു വിധേയരാകാവതല്ല. അവര്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാവതുമല്ല.
17) വിശ്വാസികളുടെ സമാധാനസന്ധി ഒറ്റക്കെട്ടായുള്ളതായിരിക്കണം. ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെക്കൂടാതെതനിച്ചു സമാധാനസന്ധി ചെയ്യാവതല്ല. വിശ്വാസികള്‍ക്കിടയില്‍ സമവും നീതിപൂര്‍വകവുമായ വിധത്തിലല്ലാതെ സന്ധി ഉണ്ടാകാവതല്ല.
18) നമ്മോടൊപ്പം യുദ്ധം ചെയ്യുന്ന ഓരോ സേനാവ്യൂഹവും ഊഴമനുസരിച്ച് ഒഴിവ് നല്‍കപ്പെടുന്നതാണ്.
19) ഈ വിഷയത്തില്‍ വിശ്വാസികളുടെ ഭക്തസമൂഹത്തിന്റെ നിലപാട് ഏറ്റവും ആര്‍ജവമാര്‍ന്നതും ഉത്തമസ്വഭാവത്തോടു കൂടിയതുമായിരിക്കും.
20) ഒരു ബഹുദൈവവിശ്വാസിയും(ശത്രുപക്ഷത്തുള്ള) ഖുറൈശികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാവതല്ല. വിശ്വാസികള്‍ക്കെതിരില്‍ അവരെ സഹായിക്കാവതുമല്ല.
21) നിരപരാധിയായ വിശ്വാസിയെ ആരെങ്കിലും അക്രമപരമായി വധിച്ചാല്‍ അവര്‍ പ്രതിക്രിയ(വധശിക്ഷ)ക്ക് വിധേയനായിരിക്കും; വധിക്കപ്പെട്ടവന്റെ അവകാശികള്‍ നഷ്ടപരിഹാരംകൊണ്ട് തൃപ്തിപ്പെട്ടാലൊഴികെ.
സത്യവിശ്വാസികള്‍ ഒന്നൊടങ്കം ഈ വ്യവസ്ഥ പാലിക്കുന്നതാണ്.
22) ഈ പ്രമാണപത്രം അംഗീകരിക്കുകയോ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയോ ചെയ്യുന്ന ഒരു വിശ്വാസിക്കും ദൈവിക സീമകള്‍ ലംഘിക്കുന്നവനെ തുണക്കുവാനും അവന്ന് അഭയം നല്‍കാനും പാടുള്ളതല്ല. അങ്ങനെ അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്കയാണെങ്കില്‍ അന്ത്യനാള്‍ വരെ അവന്റെ മേല്‍ ദൈവശാപവും കോപവും ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാരില്‍നിന്ന് യാതൊരു പശ്ചാത്താപവും പ്രായശ്ചിത്തവും സ്വീകരിക്കുന്നതല്ല.
23) നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുത്ഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വിധി പറയാനുള്ള അവകാശം ദൈവത്തിനും ദൈവത്തിന്റെ പ്രവാചകന്നുമായിരിക്കും.
24) യഹൂദന്മാര്‍ വിശ്വാസികളോടൊപ്പം ശത്രുക്കളോട് യുദ്ധം ചെയ്യുന്ന പക്ഷം തദാവശ്യാര്‍ഥമുള്ള ധനവ്യയം അവര്‍ സ്വയം നിര്‍വഹിക്കുന്നതാണ്.
25) ബനൂ ഔഫിലെ ജൂതന്മാരും അവരുടെ കീഴാളരും പ്രസ്തുത ഗോത്രം തന്നെയും വിശ്വാസികളോടൊപ്പം ഒറ്റ 'ഉമ്മത്താ' (ജനത)ണ്. എന്നാല്‍ യഹൂദന്മാര്‍ക്ക് അവരുടെ മതവും വിശ്വാസികള്‍ക്ക് അവരുടെ മതവും  പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. അക്രമവും കുറ്റകൃത്യങ്ങളും പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍നിന്ന് ഒഴിവാണ്.
25 B) അങ്ങനെ വല്ലവരും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ശിക്ഷ അത് പ്രവര്‍ത്തിച്ച വ്യക്തിക്കും കുടുംബത്തിനും മാത്രമായിരിക്കും.
26) ബനുന്നജ്ജാര്‍ വംശത്തിലെ യഹൂദന്മാര്‍ക്കും
27) ബനൂഹാരിസ് വംശത്തിലെ യഹൂദന്മാര്‍ക്കും
28) ബനൂസാഇദ വംശത്തിലെ യഹൂദന്മാര്‍ക്കും
29) ബനൂ ജുശം ഗോത്രത്തിലെ ജൂതര്‍ക്കും ബനൂ ഔഫ് ഗോത്രങ്ങളിലെ ജൂതര്‍ക്കും ഇതേ അവകാശം ഉണ്ടായിരിക്കും.
30) ഔസ് വംശത്തിലെ യഹൂദന്മാര്‍ക്കും ബനൂ ഔഫ് വംശത്തിലെ യഹൂദന്മാര്‍ക്കുള്ള അവകാശങ്ങളുണ്ട്.
31) ബനൂ ഥഅ്‌ലബ ഗോത്രത്തിലെ ജൂതന്മാര്‍ക്കും ഔഫ് ഗോത്രത്തിലെ ജൂതന്മാരുടെ അവകാശങ്ങള്‍ ഉണ്ടായിരിക്കും.
അതിക്രമം പ്രവര്‍ത്തിച്ചവര്‍ ഇതില്‍നിന്നൊഴിവാണ്. അത്തരം വ്യക്തികള്‍ തങ്ങളെയും തങ്ങളുടെ കുടുംബക്കാരെയുമാണ് നാശത്തിലകപ്പെടുത്തുന്നത്.
32) ജഫ്‌ന(കുടുംബം) ശഅ്‌ലബ(ഗോത്രത്തിന്റെ) ഒരു ശാഖയായതിനാല്‍ അവര്‍ ശഅ്‌ലബ ഗോത്രക്കാരായി പരിഗണിക്കപ്പെടും.
33) ബനൂ ശുബൈക്കാര്‍ക്ക് ബനൂഔഫിനുള്ള അവകാശങ്ങള്‍ ഉണ്ടായിരിക്കും. നിയമം പൂര്‍ണമായും അനുസരിക്കപ്പെടേണ്ടതാണ്. ആരും അത് ലംഘിക്കാവതല്ല.
34) ഥഅ്‌ലബ ഗോത്രത്തിന്റെ 'മൗല'കള്‍ ഥഅ്‌ലബ ഗോത്രക്കാരായി പരിഗണിക്കപ്പെടും.
35) ജൂതന്മാരുടെ അടുക്കല്‍ അഭയം പ്രാപിച്ചവര്‍ ജൂതന്മാരായി പരിഗണിക്കപ്പെടും.
36) പ്രസ്തുത വിഭാഗങ്ങളില്‍പെട്ട ആരുംതന്നെ മുഹമ്മദിന്റെ അനുമതി കൂടാതെ പുറത്തുപോകരുതാത്തതാകുന്നു.
36 B. മുറിവിന് പ്രതികാരം ചെയ്യുന്നത് വിലക്കപ്പെടുകയില്ല ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തുകയാണെങ്കില്‍ അയാളും അയാളുടെ കുടുംബവും ഉത്തരാദികളായി ഗണിക്കപ്പെട്ടു. അല്ലാത്ത പക്ഷം അനീതി ഉണ്ടാവും. (അതായത്, ഈ നിയമം പാലിക്കാത്തവര്‍ അന്യായം ചെയ്തവരാണ്). ദൈവം ഈ പ്രമാണം അംഗീകരിക്കുന്നവരുടെ കൂടെയായിരിക്കും.
37) ഈ പ്രമാണപത്രം അംഗീകരിച്ചവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ പരസ്പരം സഹായിക്കേണ്ടതുണ്ട്. അവര്‍ പരസ്പരം ഗുണകാംക്ഷ പുലര്‍ത്തേണ്ടതും മര്‍ദ്ദിതന്നെതിരില്‍ സഹായിക്കേണ്ടതുമാകുന്നു.
37 B) സഖ്യത്തിലേര്‍പ്പെട്ടവരോട് ആരും കുറ്റം ചെയ്യരുത്. തീര്‍ച്ചയായും മര്‍ദിതര്‍ക്ക് സഹായം ലഭിക്കുന്നതാണ്.
38) ഒരുമിച്ച് ചെയ്യുന്ന യുദ്ധങ്ങളില്‍ മുസ്‌ലിംകളോടൊപ്പം ജൂതരും ചെലവുകള്‍ വഹിക്കുന്നതാണ്.
39) ഈ കരാര്‍ പത്രം അംഗീകരിച്ചവരെ സംബന്ധിച്ചിടത്തോളം മദീനയുടെ അതിര്‍ത്തിക്കകം സൂരക്ഷിത പ്രദേശം(ഹറം) ആയിരിക്കുന്നതാണ്.
40) സംരക്ഷണത്തിലുള്ള ഏതൊരാളും സംരക്ഷകന് തുല്യമായിരിക്കും. അയാള്‍ അക്രമിക്കപ്പെടാവതല്ല. അക്രമിക്കാവതുമല്ല.
41) സംരക്ഷണം നല്‍കാന്‍ അനുമതി നല്‍കപ്പെട്ടവര്‍ക്ക് മാത്രമേ സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടായിരിക്കൂ.
42) ഈ കരാര്‍ പത്രം അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പം ആശങ്കിക്കുന്ന വല്ല സംഭവവുമുണ്ടായാല്‍ അതിന്റെ അന്തിമതീര്‍പ്പ് അല്ലാഹുവിലും പ്രവാചകനായ മുഹമ്മദിലും അര്‍പ്പിതമായിരിക്കുന്നതാണ്.
43) ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ സംരംക്ഷണം ലഭിക്കുന്നതല്ല.
44) യസ്‌രിബിനെ വല്ലവരും ആക്രമിക്കുകയാണെങ്കില്‍ കരാര്‍ പത്രം അംഗീകരിച്ച എല്ലാ വിഭാഗവും ആക്രമണകാരിയെ ചെറുക്കുന്നതില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
45) യഹൂദന്മാര്‍ വിശ്വാസികളുടെ സഖ്യകക്ഷികളുമായി സന്ധിക്ക് ക്ഷണിക്കപ്പെട്ടാല്‍ അവര്‍ സന്ധിയിലേര്‍പ്പെടേണ്ടതാണ്.
അത്തരം സന്ധിക്ക് അവര്‍ നമ്മെ ക്ഷണിക്കുകയാണെങ്കില്‍ വിശ്വാസികളുടെ മേലും അത് ബാധകമാവുന്നതാണ്.
എന്നാല്‍ മതത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്നവന് ഇത് ബാധകമായിരിക്കുന്നതല്ല.
45 B) (കൂട്ടായ യുദ്ധത്തില്‍) യുദ്ധച്ചെലവില്‍, ഓരോ വിഭാഗവും താന്താങ്ങളുടെ പങ്ക് വഹിക്കുന്നതാണ്.
46) ഔസ് വംശത്തിലെ യഹൂദന്മാരും അവരുടെ മൗലാകളും ഈ പ്രമാണപത്രത്തിന്റെ ആള്‍ക്കാരില്‍ പുണ്യവാനും സുകൃതവാനുമായവന്റെ കൂടെ സ്ഥിതിചെയ്യുന്നതാകുന്നു.
47) ബനൂശത്വബ ജഫന ഗോത്രത്തിന്റെ അവാന്തര വിഭാഗമാകുന്നു.
48) പുണ്യമെന്നാല്‍ പാപമല്ലാത്തതാകുന്നു.
49) അതിനാല്‍ പാപകൃത്യം ചെയ്യുന്നവന്‍ അവന്റെ ദോഷം സമ്പാദിച്ചുകൂട്ടുന്നത് തനിക്കെതിരില്‍ തന്നെ.
50) ഈ പ്രമാണരേഖയിലെ ഏറ്റവും സത്യനിഷ്ഠവും പുണ്യകരവുമായ സംഗതിക്ക് ദൈവമാണ് സാക്ഷി.
51) അക്രമിയെയും കുറ്റവാളിയെയും ശിക്ഷിക്കുന്നതിനു ഈ പ്രമാണപത്രം തടസ്സമായിരിക്കുന്നതല്ല.
52) പുറത്തിറങ്ങുന്നവനും അകത്തിരിക്കുന്നവനും നിര്‍ഭയനായിരിക്കും. എന്നാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ക്രമലംഘനം നടത്തുകയും ചെയ്തവന്റെ കാര്യം ഇതിന്നപവാദമാണ്.
53) ഈ പ്രമാണം പാലിയ്ക്കാന്‍ ഏറ്റവുമധികം കടപ്പെട്ടവന്‍ നല്ലവനും സുകൃതവാനുമായ വിശ്വാസിയാകുന്നു.


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top