അപ്പോക്കാലിപ്റ്റിക് സിദ്ധാന്തങ്ങളും ഇസ്‌ലാമോഫോബിയയും

വി.എ.മുഹമ്മദ് അശ്‌റഫ്‌‌
img

ബുഷ് ഭരണകാലത്താണ് ആര്‍മഗെഡ്ഡണ്‍ അന്തിമയുദ്ധത്തിന്റെയും അപ്പോക്കാലിപ്റ്റിക് സിദ്ധാന്തത്തിന്റെയും സ്വാധീനത്തേയും ദുഷ്ഫലങ്ങളെയുംകുറിച്ച് മാനവ സമൂഹം അറിഞ്ഞു തുടങ്ങുന്നത്. എന്നാല്‍ ഇവയുടെ വേരുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നേരത്തെതന്നെ ആഴ്ന്നിറങ്ങിയിരുന്നു. പൂര്‍വ്വകാലഘട്ടവാദ  സഹസ്രാബ്ധവാഴ്ചാ ദൈവശാസ്ത്രം അമേരിക്കന്‍ ഇവാഞ്ചലിക്കലുകള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനമാണ് സെപ്റ്റംബര്‍ 11 ന് ശേഷമുള്ള ഇസ്‌ലാമോഫോബിയയുടെ ആഗോളതലത്തിലുണ്ടായ അതിശക്തമായ വളര്‍ച്ചയെ സ്വാധീനിച്ച ഘടകമെന്ന് ഈ പ്രബന്ധം വാദിക്കുന്നു.

പദാവലി:  
അപ്പോക്കാലിപ്‌സ്: മറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തുക എന്നാണ് അപ്പോക്കാലിപ്റ്റിക്  എന്ന ഗ്രീക്ക് പദത്തിനര്‍ഥം. ഒളിഞ്ഞിരിക്കുന്ന പൊരുളിനെ പുറത്തുകൊണ്ടുവരിക എന്നര്‍ഥമാണ്  ഈ വാക്കിന്റെ മതാത്മകമായ അര്‍ഥം. എന്നാല്‍ ഇന്ന് ഈ പദം അന്ത്യനാള്‍ രഹസ്യങ്ങളുടെ അനാവരണത്തെയാണ് സൂചിപ്പിക്കുന്നത്. യേശുവിന്റെ രണ്ടാംവരവിനെ സംബന്ധിച്ച ഗൗരവതരമായ ഊന്നലുകളും ചര്‍ച്ചകളുമാണ് ഈ പദത്തിന്റെ മുഖമുദ്ര.
ട്രിബുലേഷന്‍ (മഹാദുരന്തം): വെളിപാട് പുസ്തകത്തില്‍ (2:22, 7:14) പരാമര്‍ശിച്ച സംഭവം.
റപ്ചര്‍ (സ്വര്‍ഗാരോഹണം): 1 തെസലോനിയന്‍സ് 4:17 ല്‍ വിശദീകരിക്കപ്പെട്ട വിശ്വാസികളുടെ സ്വര്‍ഗാരോഹണം.
ആര്‍മഗഡ്ഡണ്‍: ഘോരമായ അന്തിമയുദ്ധം.
    
യേശുവിന്റെ രണ്ടാംവരവ് ഏറെ വൈകാതെതന്നെയുണ്ടാകുമെന്ന് ആദ്യകാല ക്രൈസ്തവ സമൂഹം കരുതിയിരുന്നു. എന്നാല്‍ ക്രമേണ അത് സംബന്ധമായ ഊഹങ്ങള്‍ക്കെതിരായ ക്രിസ്തുവിന്റെ മുന്നറിയിപ്പ് അവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. (സ്റ്റുവര്‍ട്ട് റസ്സല്‍ പേ. 84) യേശുവിന്റെ രണ്ടാംവരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജറുസലേമിന്റെ നാശം, ജൂതദേവാലയത്തിന്റെ തകര്‍ച്ച എന്നീ സംഭവങ്ങളോടെ ഒന്നാം നൂറ്റാണ്ടില്‍ തന്നെ നടന്നുകഴിഞ്ഞുവെന്ന് കരുതുന്ന ദൈവശാസ്ത്രത്തെ ''പ്രീട്ടെറിസം'' എന്നാണ് പറയുന്നത്. ലാറ്റിന്‍പദത്തില്‍ നിന്ന് നിഷ്പന്നമായ ഈ പദം ഏതാണ്ടെല്ലാ പ്രധാന ബൈബിള്‍ പ്രവചനങ്ങളും ക്രിസ്ത്വബ്ധം 70ല്‍ തന്നെ പൂര്‍ത്തിയായി എന്നു കരുതുന്നു.
       1820 കളിലാണ് കാലഘട്ടവാദം ഉടലെടുക്കുന്നത്. ഇവരുടെ വീക്ഷണത്തില്‍ ഇസ്രയേല്‍ രാഷ്ട്രം ക്രൈസ്തസഭയുമായി വേറിട്ട് നില്‍ക്കുന്ന മറ്റൊരു ദിവ്യ സ്ഥാപനമാണ്. (വാള്‍ട്ടര്‍ എ. എല്‍വെല്‍, പേ. 322) ഇസ്രയേലുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ പല വാഗ്ദാനങ്ങളുമുണ്ടെന്നും അതില്‍ പ്രധാനമായത് യേശുക്രിസ്തു തന്റെ രണ്ടാംവരവില്‍ മൂന്നാം ജൂതദേവാലയം നിര്‍മ്മിക്കുമെന്നും ജറുസലേം ആസ്ഥാനമാക്കി ഒരു സഹസ്രാബ്ധം വാണരുളുമെന്നതുമാണ്. ആദ്യകാലത്ത് മുഖ്യധാര ദൈവശാസ്ത്രത്തിന്റെ ഓരത്ത് മാത്രം നിലയുറപ്പിച്ചിരുന്ന കാലഘട്ടവാദം പിന്നീട് ജനകീയ ദൈവശാസ്ത്രമാകുന്നതാണ് നാം കാണുന്നത്. (ജെന്നി ചാപ്മാന്‍, പേ. 154)
    ''ഫണ്ടമെന്റലിസം'' എന്ന പ്രയോഗം വന്നതുതന്നെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ക്കെതിരെ ലിബറലിസം, വിമര്‍ശനാത്മക ബൈബിള്‍ വിമര്‍ശനം, പരിണാമവാദം എന്നിവ ഉണര്‍ത്തിവിട്ട ഭീഷണികളില്‍ നിന്ന് രക്ഷിക്കാനുദ്ദേശിച്ച പ്രമാണങ്ങളെക്കുറിക്കാനായിരുന്നു. (ഗബ്രിയല്‍ എ. അല്‍മൊണ്ട് പേ. 2)

1
    ട്രിബുലേഷന് മുമ്പായി വന്‍തോതില്‍ ജൂതര്‍ വധിക്കപ്പെടുകയും അവശേഷിക്കുന്ന ഇസ്രയേലി ജൂതര്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യും.
    ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ പ്രബലമായി നിന്ന അന്ത്യനാള്‍ ദൈവശാസ്ത്രം രീ്‌ലിമി േആയിരുന്നു ഇതുപ്രകാരം ഇസ്രയേലിനുള്ള മുഴുവന്‍ പഴയനിയമ വാഗ്ദാനങ്ങളും യേശുക്രിസ്തുവില്‍ പൂര്‍ണമായും പുലര്‍ന്നുകഴിഞ്ഞു; അദ്ദേഹത്തില്‍ വിശ്വസിക്കുന്ന സഭ തന്നെയാണ് പുതിയ ഇസ്രയേല്‍.

ക്രൈസ്തവ സയണിസവും അപ്പോകാലിപ്റ്റിക് ആശയങ്ങളും
    ക്രൈസ്തവ സയണിസത്തിന്റെ അടിത്തറ കാലഘട്ടവാദവും അതുമായി ബന്ധപ്പെട്ട് ജൂതര്‍ ഫലസ്ത്വീനിലേക്ക് ചേര്‍ക്കപ്പെടുന്ന അവസ്ഥയുമാണ്. (മറിയ ലെപോക്കാരി, പേ. 132). ഇംഗ്ലണ്ടിലെ ബ്രദറണ്‍ സഭക്കാരനായ ജോണ്‍ നെല്‍സണ്‍ ഡാര്‍ബി (1800 - 1882) യാണ് കാലഘട്ടവാദത്തിന്റെ ജനയിതാവ്. കാലഘട്ടവാദം, മാനവചരിത്രത്തെ വിവിധ ഘട്ടങ്ങളായി കാണുകയും ദൈവവുമായി വ്യത്യസ്ത കരാറിലേര്‍പ്പെടുന്നതായും 6 കാലഘട്ടങ്ങളിലൂടെ ദൈവം വിവിധ രീതിയില്‍ മനുഷ്യരെ പരീക്ഷിക്കുന്നതായും തിരിച്ചറിയുന്നു.
    തന്റെ സിദ്ധാന്തത്തിന്റെ പ്രചരണാര്‍ഥം ഡാര്‍ബി, യൂറോപ്പ്, ന്യൂസിലാന്റ്, കാനഡ, അമേരിക്ക എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. ക്രമേണ ഡാര്‍ബിയുടെ അന്ത്യനാള്‍ സിദ്ധാന്തങ്ങള്‍ക്ക് അമേരിക്കന്‍ ബാപ്റ്റിസ്റ്റുകള്‍, പ്രസ്ബിറ്റേറിയന്മാരുടെ പഴയ വിഭാഗം എന്നിവകളില്‍ അനുയായികള്‍ ലഭ്യമായി. (വാള്‍ട്ടര്‍ എ. എല്‍വെല്‍, പേ. 293) ഡാര്‍ബിയുടെ അനുയായി വൃന്ദത്തില്‍ സി.എസ്. സ്‌കോഫില്‍ഡ് എന്ന ബൈബിള്‍ വിജ്ഞാനകോശ രചയിതാവിനെ ലഭിച്ചത് വമ്പിച്ച പരിവര്‍ത്തനങ്ങള്‍ തന്നെ സൃഷ്ടിച്ചു.   
    സ്‌കോഫില്‍ഡ് റഫറന്‍സ് ബൈബിളില്‍ കാലഘട്ടവാദം തിരുകിക്കയറ്റപ്പെട്ടതിനെ തുടര്‍ന്ന് ഈ ആശയം ഇവാഞ്ചലിക്കലുകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതിനിടയായി. (റാമ്മി എ. ഹൈജി, പേ. 81)
    ലോകത്തേറ്റവുമധികം വിറ്റഴിഞ്ഞ ബൈബിള്‍ വിജ്ഞാനകോശമാണ് സ്‌കോഫില്‍ഡ് റഫറന്‍സ് ബൈബിള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ അത് പലവുരു ഉള്‍പ്പെട്ടു. 1937 ഓടെ, മൂന്ന് ദശലക്ഷം കോപ്പികളാണ് അമേരിക്കയില്‍മാത്രം ഈ കൃതി വിറ്റഴിഞ്ഞത്. ഇതിന്റെ ഫലമായി 1950 കളോടെ ഇവാഞ്ചലിക്കലുകളുടെ പകുതിയിലധികം വിഭാഗങ്ങളും പൂര്‍വസഹസ്രാബ്ധവാഴ്ചക്കാരായി മാറി. (വിക്‌ടോറിയ ക്ലാര്‍ക്ക്, പേ. 92)
       സ്‌കോഫില്‍ഡിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ അനുഗ്രഹം ദൈവീക നിയമ പാലനവുമായി ബന്ധപ്പെട്ടല്ല. ദൈവം ഇസ്രയേല്‍ രാഷ്ട്രത്തിന് പ്രത്യേകമായ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു. അവ ഒരു കരാര്‍ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലല്ല. അതില്‍ സുപ്രധാനമായത് വിശാല ഇസ്രായേലില്‍ ജൂതര്‍ക്ക് നല്കപ്പെട്ട ജന്മാവകാശമാണ്. ആവര്‍ത്തന പുസ്തകം 28:58-67, ജറമിയ 18: 1-17 എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ദൈവീക വാഗ്ദാനങ്ങള്‍ പുലരുകയുള്ളൂ എന്ന് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട് എന്നതൊന്നും കാലഘട്ടവാദികള്‍ക്ക് പ്രശ്‌നമല്ല.
    സാധാരണ ജനങ്ങള്‍ക്കിടയില്‍ ഫണ്ടമെന്റലിസവും അനുബന്ധ ആശയങ്ങളും കയറിക്കൂടിയതോടെ തങ്ങളുടെ വിശ്വാസങ്ങളെ ഉറപ്പായി സാമ്രാജ്യത്വ പദ്ധതികളുടെ നടത്തിപ്പ് കാണുന്ന അവസ്ഥ വന്നു. യാഥാസ്ഥികര്‍ക്കാവശ്യം ഇത്തരം പ്രത്യേക ഉറപ്പുകളായിരുന്നു. (ബ്രൂസ് ബാവെര്‍, പേ. 98)
    അന്ത്യനാള്‍ പുലര്‍ന്നു കാണാനുള്ള ആഗ്രഹം മനുഷ്യ സഹോദരന്മാരുടെ ദുരന്തങ്ങളെ അവഗണിക്കുന്നതിലേക്കാണ് നയിച്ചത്. (വിക്‌ടോറിയ ക്ലര്‍ക്ക്, പേ, 20) നിരവധി ദൈവശാസ്ത്രജ്ഞര്‍ സ്‌കോഫില്‍ഡ് പദ്ധതിയുടെ രാഷ്ട്രീയമായ ദുഷ്ടലാക്കുകളും ബൈബിള്‍ നൈതികതയുമായുള്ള വൈരുധ്യങ്ങളും എടുത്തുകാട്ടി. (റമ്മി എം. ഹൈജി, പേ. 81)
    ക്രൈസ്തവ സയണിസം എന്നാല്‍ ജൂതര്‍ ബൈബിള്‍ നാടുകളിലെത്തിക്കഴിഞ്ഞാല്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവില്‍ എത്തിനില്ക്കുന്ന വിശ്വാസപ്രമാണമാണ്. 1948-ല്‍ രൂപീകൃതമായ ഇസ്രയേല്‍ രാഷ്ട്രം ഇവര്‍ക്ക് ബൈബിള്‍പരമായ ഇസ്രയേല്‍ തന്നെയാണ്. അതുകൊണ്ട്തന്നെ ഈ ജൂതരാഷ്ട്രത്തിന്റെ നിലനില്പും വ്യാപനവും ക്രൈസ്തവര്‍ അംഗീകരി ക്കേണ്ടതുണ്ട്. കാലഘട്ടവാദം സര്‍വാത്മനാ സ്വീകരിച്ച ക്രൈസ്തവ സയണിസ്റ്റുകള്‍ക്ക് ഇസ്രയേലിന്റെ ഏത് അതിക്രമവും അന്യായവും ക്രൂരതകളും ന്യായമാണ്.

അമേരിക്കയുടെ ഫലസ്ത്വീന്‍ വിരുദ്ധതയുടെ വേരുകള്‍
    അമേരിക്കയിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയശക്തി സയണിസ്റ്റ് ലോബി സമാഹരി ച്ചിരിക്കുന്നു. ജൂത സയണിസ്റ്റുകളേക്കാള്‍ അനേകമടങ്ങ് സ്വാധീനമാണ് ക്രൈസ്തവ സയണിസ്റ്റുകള്‍ ഇസ്രയേല്‍ ലോബിയില്‍ ചെലുത്തുന്നത്. ഇസ്രയേലിന്റെ സൈനീക മേല്‍ക്കോയ്മയുറപ്പിക്കുന്ന പദ്ധതികള്‍ അമേരിക്കന്‍ മധ്യ-പൗരസ്ത്യ നയവുമായി കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ ആയുധ ലോബിക്കുപുറമേ എണ്ണലോബി, വിദേശനയ വിഭാഗം എന്നിവും ഇതിനോട് ആശയസമൈക്യമുണ്ട്. ഇസ്രയേലിനനുകൂലമായുള്ള അമേരിക്കയിലെ അതിശക്തമായ ശാക്തിക ചേരിയെ ''ആര്‍മഗെഡ്ഡണ്‍ ലോബി'' എന്നും വിളിക്കാറുണ്ട്.
    അതുകൊണ്ടുതന്നെ ഏക വന്‍ശക്തിയായി ഉയര്‍ന്നു നില്‍ക്കുന്ന അമേരിക്കയ്ക്ക്, സത്യസന്ധനായ ഒരു മധ്യവര്‍ത്തിയായി ഫലസ്ത്വീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലിടപെടാന്‍ കഴിയുന്നില്ല. ക്രൈസ്തവ സയണിസ്റ്റുകള്‍ക്ക് ഫലസ്ത്വീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നതില്‍ വിഷമമില്ല. അവര്‍ക്ക് സമാധാനത്തില്‍ താല്പര്യവുമില്ല. തങ്ങളുടെ സങ്കല്‍പരാഷ്ട്രമായി സമ്പൂര്‍ണ ആധിപത്യത്തോടെ ഇസ്രയേല്‍ വളര്‍ന്നുവരുന്നതില്‍ മാത്രമാണവര്‍ കണ്ണുനട്ടിരിക്കുന്നത്.
    യു.എന്‍. ഇടപെട്ട്  ഫലസ്ത്വീന്‍-ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ കാലഘട്ട വാദികള്‍ വെറുക്കുന്നു. ഏക വന്‍ശക്തിയുടെ നിരന്തരമായ വീറ്റോ മൂലം ഫലസ്ത്വീനികളുടെ ദുരിതം അറ്റമില്ലാതെ തുടരുകയാണ്. മധ്യപൗരസ്ത്യദേശത്ത് മനുഷ്യ ശ്രമഫലമായി സമാധാനം കൈവരിക്കയില്ലെന്നും യുദ്ധങ്ങളും യുദ്ധങ്ങളെക്കുറിച്ച് പ്രചാരണങ്ങളും അന്ത്യനാളോടെ ശക്തിപ്പെട്ടേ വരികയുള്ളൂവെന്നും മത്തായി 24:6  മുന്‍നിര്‍ത്തി  ക്രൈസ്തവ സയണിസ്റ്റുകള്‍ അന്ധമായി വാദിച്ചുകൊണ്ടിരിക്കുന്നു.
    ക്രൈസ്തവ സയണിസ്റ്റ് ഹാള്‍ ലിന്‍സേ എഴുതിയ കൃതിയുടെ തലക്കെട്ട് തന്നെ നോക്കൂ: ''1980 കള്‍ ആര്‍ഗെഡ്ഡനിലേക്കുള്ള കൗണ്ട് ഡൗണ്‍'' (ഹാള്‍ ലിന്‍സേ, 1980). ഈ കൃതിയില്‍ പ്രതിപാദിച്ച ഒരൊറ്റ പ്രവചനവും പുലര്‍ന്നിട്ടില്ല.  എന്നാല്‍  ക്രൈസ്തവ സയണിസത്തിന് ഇതൊന്നും പരിഗണനീയമല്ല.

അന്ത്യനാള്‍ വിശ്വാസം
    അന്ത്യനാളിനെക്കുറിച്ച് വിവിധതരം സങ്കല്‍പനങ്ങള്‍ ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുണ്ട്. സഹസ്രാബ്ധാനന്തരവാദം പൂര്‍വസഹസ്രാബ്ധ യേശുക്രിസ്തുവാഴ്ചയെ നിരാകരി ക്കുന്നു. സഹസ്രാബ്ധം ക്രിസ്തുരാജ്യ സംസ്ഥാപനത്തോടെ ആത്മീയാര്‍ഥത്തില്‍ ആരംഭിച്ചു വെന്നും സുവിശേഷ പ്രചരണത്തോടെ കൂടുതല്‍ മതപരിവര്‍ത്തരെ ആകര്‍ഷിച്ചെടുത്തുകൊണ്ട് മുന്നേറുന്നുവെന്നും ഇവര്‍ സങ്കല്‍പിക്കുന്നു. അന്ത്യനാളില്‍ സഹസ്രാബ്ധത്തിനൊടുവില്‍ യേശുശ്രിസ്തു തന്റെ ജനതയെ പുതിയ ജറുസലേമിലേക്ക് ആനയിക്കും.
    സഹസ്രാബ്ധനിഷേധം അക്ഷരാര്‍ഥത്തിലുള്ള സഹസ്രാബ്ധവാഴ്ചയെ നിഷേധിക്കുന്നു. സഹസ്രവര്‍ഷം എന്നത് ഒന്നാംവരവ് മുതല്‍ രണ്ടാംവരവ് വരെയുള്ള കാലഘട്ടത്തെക്കുറിക്കാനുള്ള ഒരു പ്രയോഗം മാത്രമായി ഇക്കൂട്ടര്‍ കാണുന്നു. യേശുവിന്റെ രണ്ടാം വരവുവരെ സുവിശേഷവ്യാപനവും വിശ്വാസികളുടെ ക്ലേശങ്ങളും തുടര്‍പ്രക്രിയയായിരിക്കും.  
    ഒട്ടനവധി യു.എസ്. പ്രസിഡന്റുമാര്‍ കാലഘട്ടവാദികളോ അതിന്റെ അനുഭാവികളോ ആയിരുന്നു. ഇത് ക്രൈസ്തവ സയണിസ്റ്റുകളുടെ രാഷ്ട്രീയ ശക്തിയെ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് റൊണാള്‍ഡ് റീഗന്‍ ആര്‍മഗെഡ്ഡണ്‍ ദൈവശാസ്ത്രത്തോട് തന്റെ രാഷ്ട്രീയ തന്ത്രം ബന്ധപ്പെടുത്തിയിരുന്നു. (ഡൊണാള്‍ഡ് ഇ. വാഗ്‌നര്‍, പേ. 169)

ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടെ പോര്
    മധ്യകാല ക്രൈസ്തവതയുടെ ജൂതവിരുദ്ധ ക്രൂരതകള്‍ക്കിരയായ (ഹിറ്റ്‌ലര്‍ നടത്തിയ ജൂതക്കുരുതികള്‍ അതിന്റെ പാരമ്യം) ജനതകളോടുള്ള അനുകമ്പയല്ല, ക്രൈസ്തവ സയണിസ്റ്റുകളെ സെക്യുലര്‍ ജൂതരാഷ്ട്രത്തോട് അനുഭാവമുള്ളവരാക്കിയത്. നീതി പുലര്‍ന്നുകാണാനുള്ള അഭിനിവേശവുമല്ല. (പോള്‍ ചാള്‍സ് മെര്‍ക്ലെ, പേ. 62) മറിച്ച് കാലഘട്ടവാദികളുടെ വീക്ഷണ ത്തിനുള്ള സംഭവഗതികള്‍ ഭൂമിയില്‍ പുലരിപ്പെടുന്നതിനെ പിന്തുണയ്ക്കാന്‍ മാത്രമാണവര്‍ ഇച്ഛിച്ചത്. (പോള്‍ ഹിക്ക്, പേ. 53)
    ജൂതമത വീക്ഷണത്തില്‍ യേശുക്രിസ്തു കപട മിശിഹായായിരുന്നു. അതുകൊണ്ട് തന്നെ ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടെ ബാന്ധവം താല്കാലികം മാത്രമാണ്. പണം കൊണ്ടും രാഷ്ട്രീയസ്വാധീനംകൊണ്ടും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സയണിസ്റ്റുകള്‍ ജൂതരുടെ മുന്നില്‍ രണ്ടിനെയും ഉന്മൂലനം ചെയ്യുന്ന അന്ത്യനാളിലേക്ക് സദാ കണ്ണുനട്ടിരിക്കുകയാണ്. ഈ വിശ്വാസം അടിസ്ഥാനപരമായ ആന്റിസെമിറ്റിസമാണെന്നതില്‍ തര്‍ക്കമില്ല. ജൂതര്‍ക്ക് വന്നുഭവിക്കുന്ന ഈ ദുരന്തം ദൈവീക മാനദണ്ഡത്തില്‍ അവര്‍ പരാജിതരാണ് എന്നത് തന്നെയാണ് കാരണം. (പോള്‍ എസ്. ബോയര്‍, പേ. 323)
    മിശിഹായുടെ വരവിന് മൂമ്പ് സംഭവിക്കുന്ന 'റപ്ചര്‍' എന്ന പ്രതിഭാസത്തില്‍ യഥാര്‍ഥ വിശ്വാസികളെ മുഴുവന്‍ ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലെത്തിച്ചിരിക്കും. ഈ സംഭവം നടക്കുന്നതിനുമുമ്പ് പ്രത്യേകം മുന്നറിയിപ്പൊന്നുമുണ്ടാകില്ല എന്നാണ് കാലഘട്ടവാദികളുടെ വാദം. അവിശ്വാസികള്‍ മാത്രമാകും ഭൂമിയില്‍ അവശേഷിക്കുക. ലോകവൈഷമ്യങ്ങള്‍ക്ക് മുമ്പ് തന്റെ യഥാര്‍ഥ അനുയായികളെ തന്റെ പിതാവിങ്കല്‍ എത്തിക്കാന്‍ ക്രിസ്തു ജാഗരൂഗനത്രെ. (കേ.ആര്‍തര്‍, പേ. 432)
    
കാലഘട്ടവാദവും ഇസ്‌ലാമോഫോബിയവും
    ക്രൈസ്തവ-മുസ്‌ലിം ശാത്രവത്തിന് ഒരുസഹസ്രാബ്ധത്തിലേറേ പഴക്കമുണ്ട്. തീര്‍ച്ചയായും ഇതില്‍ പ്രധാനമായത് കുരിശുയുദ്ധങ്ങളാണ് (1095-1291). അബ്രാമിക മതങ്ങള്‍ തമ്മിലുള്ള പോരിനെ സൈദ്ധാന്തികമായി വിശദീകരിക്കാനും ന്യായീകരിക്കാനും ക്രൈസ്തവ സയണിസ്റ്റുകള്‍ ഉത്സുകരാണ്. (തിമോത്തി മാര്‍, പേ. 90)
    പ്രോട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ആചാര്യനായ മാര്‍ട്ടിന്‍ ലൂതര്‍ പോലും തന്റെ 1529-ല്‍ പുറത്തിറക്കിയ 'തുര്‍ക്കികള്‍ക്കെതിരായ യുദ്ധം' എന്ന കൃതിയില്‍ ഇസ്‌ലാമിനെ സാത്താനാല്‍ നിര്‍മിതമായ മതമായി ചിത്രീകരിച്ചിട്ടുണ്ട്. ഒട്ടോമന്‍ സാമ്രാജ്യമായിരുന്ന ലൂതറുടെ വീക്ഷണത്തില്‍ വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിതമായ ഗോഗ്- മാഗോഗ്. (ആദാം ഫ്രാന്‍സിസ്‌കോ, പേ 131) ഒട്ടോമന്‍ തുര്‍ക്കികള്‍ ബാള്‍ക്കന്‍ പ്രദേശത്തേക്ക് മുന്നേറിയ 1520 കള്‍ ബൈബിള്‍ പരാമര്‍ശിതമായ ദു:ഖഘട്ടമായി ലൂതര്‍ സങ്കല്‍പിച്ചു. (ഫ്രഡറിക് ജെ. ബോംഗാര്‍ട്ട്, പേ. 83)
    ഇവാഞ്ചലിക്കലുകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സുപ്രധാന സംഭവങ്ങള്‍ 1948 ലെ ഇസ്രയേല്‍ രൂപീകരണവും 1967 ലെ 6 ദിന യുദ്ധവുമാണ്. 1967 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് ജറുസലേമിലെ 1900 വര്‍ഷക്കാലത്തെ മുസ്‌ലിം ആധിപത്യം അവസാനിച്ചതായും അന്ത്യനാളിന്റെ മണിമുഴക്കം തുടങ്ങിക്കഴിഞ്ഞതായും ക്രൈസ്തവ ഫണ്ടമെന്റലിസം അമേരിക്കയില്‍ പ്രചാരണം നടത്തി. (മെലാനി മാക്കലിസ്റ്റര്‍, പേ. 779)
    തുടര്‍ന്ന് നിരവധി ഇവാഞ്ചലിക്കല്‍ സയണിസ്റ്റുകള്‍ ഇസ്‌ലാമിനേയും മുഹമ്മദ്‌നബി യെയും അറബികളെയും അപരവല്‍കരിച്ചുകൊണ്ടുള്ള നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു. ക്രൈസ്തവ സയണിസ്റ്റ് ജോണ്‍ ഹാഗിയുടെ രചനയില്‍ മുസ്‌ലിംകളെ അന്തിക്രിസ്തുവിന്റെ ഏജന്റുകളായി ചിത്രീകരിച്ചു. (ജോണ്‍ ഹാഗി)
    2001 സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണം ഈ പ്രക്രിയയെ പതിന്മടങ്ങ് രൂക്ഷമാക്കി. ഇസ്രയേലിന് നല്‍കുന്ന അന്ധമായ രാഷ്ട്രീയ പിന്തുണ ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുക സ്വാഭാവികമായിരുന്നു.
    അന്ത്യനാളിനെ മുന്‍നിര്‍ത്തിയുള്ള ഇവാഞ്ചലിക്കല്‍ സമീപനങ്ങള്‍ അമേരിക്കയിലെ മതബഹുസ്വരതയെത്തന്നെ പരിക്കേല്‍പിച്ചതായി സ്റ്റീവന്‍ സലൈത നിരീക്ഷിക്കുന്നു. (സ്റ്റീവന്‍ സലൈത, 2006)
    ജെറി ഫാള്‍വെല്ലിനെ (1933-2007) പോലുള്ള കാലഘട്ടവാദികള്‍ അന്തിക്രിസ്തു ജൂതനാണെന്ന് കരുതിയിരുന്നെങ്കിലും ആധുനിക ക്രൈസ്തവ സയണിസ്റ്റുകള്‍ പ്രസ്തുത ദുഷ്ടവ്യക്തിക്ക് അറബ്-സിറിയന്‍ ഉല്‍പത്തിയാണെന്നും അയാള്‍ മധ്യ-പൗരസ്ത്യ ദേശക്കാരാണെന്നും പ്രഖ്യാപിക്കുന്നു.
    അമേരിക്കയുടെ വിദേശനയത്തില്‍ സുപ്രധാനമായ സ്വാധീനമാണ് കാലഘട്ടവാദം  ചെലുത്തുന്നത്. (റിച്ചാര്‍ഡ് അലന്‍, ബിബിസി ന്യൂസ്) അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ്, ക്രൈസ്തവ സയണിസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് നടത്തിയ വഷളായ രാഷ്ട്രീയ കരുനീക്കങ്ങള്‍ പൊതുജ്ഞാനമായി മാറി. അഫ്ഗാനിസ്താനിലും ഇറാഖിലും ഇടപെട്ടതും ഇറാനെതിരെ ആക്രോശങ്ങള്‍ നടത്തിയതും തന്റെ ആര്‍മഗെഡ്ഡണ്‍ ദൈവശാസ്ത്രത്തിന്റെ പ്രകടനമാണെന്ന് ബുഷ്തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ ആണവായുധ ശേഖരണത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദ് നെജാദിന്റെ അന്ത്യനാള്‍ വിശ്വാസവുമായി ബന്ധപ്പെടുത്തി ക്രൈസ്തവ സയണിസം കഥകള്‍ മെയ്യുന്നത്. (സ്‌കോട്ട് ആഷ്‌ലേ, പേ. 29 - 33)
    1989 ലെ സോവ്യറ്റ് യൂണിയന്റെ പതനത്തോടെ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന് പ്രതിപക്ഷത്തു നിര്‍ത്താന്‍ പുതിയൊരു ശത്രുവിനെ കണ്ടത്തേണ്ടതുണ്ടായിരുന്നു. ഇത് ഫലപ്രമായി ഉപയോഗിക്കുകയായിരുന്നു ഇസ്രയേല്‍ലോബി ചെയ്തത്. ഇസ്രയേലി അധിനിവേശത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന ഫലസ്ത്വീനികളുടെ മേല്‍ ഭീകരവാദത്തിന്റെ കരിമുദ്ര ചാര്‍ത്തപ്പെട്ടതിന്റെ പശ്ചാത്തലവും ഇത്തന്നെ.
    അരേിക്കന്‍ ഇവാഞ്ചലിക്കല്‍ ക്രൈസ്തവരുടെ രൂപാന്തരീകരണത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന രചനയാണ് തോമസ് കിഡ് രചിച്ചത്. (തോമസ് കിഡ്, 2009) മുഹമ്മദ് നബിയെക്കുറിച്ച് മധ്യകാല മുന്‍വിധികള്‍ അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ വ്യാപിപ്പിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. (ജോണ്‍ സ്മിത്ത്, പേ. 358)
    റീഗന്‍ ഭരണകൂടം അഫ്ഘാന്‍ മുജാഹിദുകളെയും സുഊദി വഹാബിസത്തെയും സദ്ദാമിന്റെ ഇറാന്‍ അധിനിവേശത്തെയും പിന്തുണച്ചത് മുസ്‌ലിംകളെ തമ്മിലടിപ്പിക്കുന്ന വന്‍ശക്തി തന്ത്രമായിരുന്നു. (ഫൈസല്‍ അബ്ദുല്‍ റഊഫ്, പേ. 239)
    മുസ്‌ലിംകളുടെ മസ്ജിദുല്‍ അഖ്‌സ തകര്‍ത്തുകൊണ്ട് മൂന്നാം ജൂതക്ഷേത്രം നിര്‍മിക്കുന്നതിനെ ആവേശപൂര്‍വം പിന്തുണയ്ക്കുന്നു ക്രൈസ്തവ സയണിസ്റ്റ് ജോണ്‍ ഹാഗി. (ജോണ്‍ ഹാഗി, പേ. 141) സോവ്യറ്റ് യൂണിയന്റെ പതനത്തെ തുടര്‍ന്ന് സോവ്യറ്റ് യൂണിയന്‍ ഗോഗ്-മഗോഗ് പ്രവചനങ്ങളുടെ കേന്ദ്രസ്ഥാനത്തുനിന്ന് മാറ്റപ്പെടുകയും പകരം ഇസ്‌ലാമിനെ അന്തിക്രിസ്തുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. (മറിയ ലെപകാരി, പേ. 127) സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തോടെ ഇസ്രയേലിനും ക്രൈസ്തവര്‍ക്കും ഇസ്‌ലാം ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതായി  സയണിസ്റ്റുകള്‍ നിരൂപിക്കുന്നു. (റോസ് മോറെറ്റ്, പേ. 3)
    ബുഷ് ഭരണകൂടത്തിന്റെ നന്മതിന്മകളുടെ അച്ചുതണ്ട് വാദം സെപ്റ്റംബര്‍ 11 നെ തുടര്‍ന്നുണ്ടായ ദൈവശാസ്ത്ര വെളിപാടാണ്. (ജാസണ്‍ ഡിറ്റ്മര്‍, പേ. 297)
    ഇറാഖ് അധിനിവശത്തെ വെളിപാട് പുസ്തകത്തിലെ ബാബിലോണ്‍ ഇന്നത്തെ ഇറാഖ് എന്ന വന്‍വേശ്യയെക്കുറിച്ച പരാമര്‍ശവുമായും ഇസ്രയേലിനെതിരെ സദ്ദാം തൊടുത്തുവിട്ട സ്‌കഡ്ഡ്, ആര്‍മഗെഡ്ഡാണ്‍  യുദ്ധത്തിന്റെ കാലൊച്ച കേള്‍പ്പിക്കുന്നതായും ക്രൈസ്തവ സയണിസം കണക്കുകൂട്ടുന്നു. (സ്‌കോട്ട് ആപ്പിള്‍ബി, പേ. 501)
    അമേരിക്കയുടെ മത-സാംസ്‌കാരിക ബഹുത്വരതക്കും ജനാധിപത്യത്തിനും കനത്ത വെല്ലുവിളിയാണ് കാലഘട്ടവാദവും ക്രൈസ്തവ സയണിസവും ഏല്‍പ്പിച്ചിരിക്കുന്നത്. (ചാള്‍സ് ഡേവിഡ്, പേ. 494)
    റോമന്‍ അധീശത്വമടക്കമുള്ള എല്ലാവിധ സാമ്രാജ്യത്വ ചൂഷണങ്ങളെയും വിവേചനങ്ങളേയും അടിച്ചമര്‍ത്തലുകളെയും വെല്ലുവിളിച്ച് മര്‍ദ്ദിതരുടെ പക്ഷത്ത് നിലയുറപ്പിച്ച സമാധാന പ്രഭുവായ യേശുവിന്റെ പേരില്‍ അസമാധാനവും യുദ്ധഭ്രാന്തും ഇളക്കിവിടുന്ന  ക്രൈസ്തവ സയണിസം മാനവികതയെത്തന്നെ വെല്ലുവിളിക്കുകയാണ്.
    
കുറിപ്പുകള്‍

Adam Francisco, Martin Luther and Islam: A Study in Sixteenth-Century Polemics and Apologetics, Boston: Brill, 2007
Allan C. Brownfield, 'Strange Bedfellows: The Jewish Establishment and the Christian-Right', Washington Report on Middle East Affairs August, 2002
Bruce Bawer, Stealing Jesus: How Fundamentalism Betrays Christianity, New York, Crown Publishing Company, 1998
Charles Davis, 'The Political Use and Misuse of Religious Language,' Journal of Ecumenical Studies 26, 1989
Donald E. Wagner, 'The Alliance between Fundamentalist Christians and the Pro-Israel Lobby: Christian Zionism in US Middle East Policy', Holy Land Studies 2.2, March 2004
Faisal Abdul Rauf, What's Right With Islam: A New Vision for Muslims and the West, New York: Harper Collins Publishers, 2004
Frederic J Baumgartner, Longing for the End: A History of Millennialism in Western Civilization, New York: Palgrave Macmillan, 1999
Gabriel A. Almond, R. Scott Appleby, and Emmanuel Sivan, Strong Religion: The Rise of Fundamentalisms Around the World, Chicago: University of Chicago Press, 2003
Hal Lindsey, The 1980s: Countdown to Armageddon, King of Prussia, PA:   Westgate Press, 1980
Jane I. Smith, 'Christian Missionary Views of Islam in the Nineteenth and Twentieth Centuries,' Islam and Christian-Muslim Relations 9, 1998
Jason Dittmer, 'Of Gog and Magog: The Geopolitical Visions of Jack Chick and Premillennial Dispensationalism.' ACME: An International E-Journal for Critical Geographies 6, 2007
Jennie Chapman, 'Selling Faith without Selling Out: Reading the Left Behind Novels in the Context of Popular Culture,' in The End All Around Us: Apocalyptic Texts and Popular Culture, ed. John Walliss, et al., London: Equinox, 2009
John Hagee, Final Dawn Over Jerusalem, Nashville, TN: Thomas Nelson Publishers, 1999
Kay Arthur, chairwoman of the international board of the Christian Allies Caucus Women's Council, sounds these themes in her Israel My Beloved, Eugene Oregon: Harvest House, 1996
Maria Leppakari, Apocalyptic Representations of Jerusalem, Apocalyptic Representations of Jerusalem. Boston: Brill, 2006
Maria Leppakari, Apocalyptic Representations of Jerusalem, Boston: Brill, 2006
Melani McAlister, 'Prophecy, Politics, and the Popular: The Left Behind Series and Christian Fundamentalism's New World Order,' South Atlantic Quarterly 102, 2003
Paul Charles Merkley, American Presidents, Religion, and Israel : The Heirs of Cyrus, Santa Barbara, CA: Greenwood Publishing Group, 2004
Paul Heck, Common Ground: Islam, Christianity, and Religious Pluralism, Washington, DC: Georgetown University Press, 2009
Paul S. Boyer, 'The Middle East in Modern American Popular Prophetic Belief,' in Imagining the End: Visions of the Apocalypse From the Ancient Middle East to Modern America, ed. Abbas Amanat, et al., New York: St. Martin's Press, 2002
Rammy M. Haiji, 'The Armageddon Lobby: Dispensationalist Christian Zionism and the Shaping of U.S. Policy towards Israel-Palestine,' Holy Land Studies: A Multi-Disciplinary Journal 5, 2006
Richard Allen Greene, 'Evangelical Christians plead for Israel,' BBC News, 19 July 2006
Ross Moret, 'Potential for Apocalypse,' 'Potential for Apocalypse: Violence and Eschatology in the Israel-Palestine Conflict.' Journal of Religion & Society 10, 2008
Scott Appleby R., 'History in the Fundamentalist Imagination,' The Journal of American History 89, 2002
Scott Ashley, What are Ahmadinejad's Aims?, The Good News, July-August 2012
Steven Salaita, Anti-Arab Racism in the USA: Where it Comes From and What it Means for Politics Today, Ann Arbor, MI: Pluto Press, 2006
Stuart Russell, The Parousia, London: T. Fisher Unwin Pub., 1887
Thomas Kidd, American Christians and Islam: Evangelical Culture and Muslims from the Colonial Period to the Age of Terrorism, Princeton, NJ: Princeton University Press, 2009
Timothy Marr, The Cultural Roots of American Islamicism, New York: Cambridge University Press, 2006
Victoria Clark, Allies for Armageddon: The Rise of Christian Zionism, New Haven, CT: Yale University Press, 2007
Walter A. Elwell, Evangelical Dictionary of Theology. Grand Rapids, MI: Baker Book House, 1984

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top