മര്‍ഹൂം കെ. അബ്ദുല്ലാ ഹസന്‍
പണ്ഡിതനും സംഘാടകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ബഹുമാന്യ സഹോദരന്‍ കെ. അബ്ദുല്ലാ ഹസന്‍ നിര്യാതനായി. ആ പണ്ഡിത സുഹൃത്തിന്റെ വേര്‍പാട് ഇസ്‌ലാമിക പ്രസ്ഥാനത്തിനും മതവിജ്ഞാന മേഖലക്കും പ്രത്യേകിച്ചും കനത്ത നഷ്ടമാണ് ഏല്‍പിച്ചത്. ജീവിതാവസാനം വരെ കര്‍മനിരതനായ അദ്ദേഹത്തിന്റെ നിര്യാണം തികച്ചും അവിചാരിതമായിരുന്നു.
അബ്ദുല്ലാ ഹസന്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ സന്തതിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരളത്തില്‍ ദൃശ്യമായ ഇസ്‌ലാമിക നവോത്ഥാനത്തില്‍ ഈ സ്ഥാപനത്തിന് അനിഷേധ്യമായ പങ്കുണ്ട്. ശാന്തപുരത്ത്‌നിന്ന് പഠനം പൂര്‍ത്തിയാക്കിയ പ്രഗത്ഭമതികളായ യുവപണ്ഡിതര്‍ മതവൈജ്ഞാനിക രംഗത്തും സമുദായ സമുദ്ധാരണ രംഗത്തും സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. ഖുര്‍ആന്‍ വ്യാഖ്യാനം, പുസ്തക രചന, പത്രപ്രവര്‍ത്തനം, അധ്യാപനം, സംഘടനാ പ്രവര്‍ത്തനം എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം മികച്ചുനിന്നു. ജീവിതത്തെ പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച ഇത്തരം കര്‍മയോഗികളുടെ മുന്‍നിരയിലാണ് അബ്ദുല്ലാ ഹസന്റെ സ്ഥാനം.
1967-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. അധികം കഴിയുന്നതിന് മുമ്പ് അദ്ദേഹം പ്രബോധനം മാസികയുടെ പത്രാധിപരായി. അക്കാലത്ത് തന്നെ ജമാഅത്ത് സംസ്ഥാന ശൂറായിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ഏറ്റവും പ്രായംകുറഞ്ഞ ശൂറാംഗമായിരുന്നു അദ്ദേഹം. പ്രസംഗകനായും എഴുത്തുകാരനായും സംവാദകനായും പ്രസ്ഥാനത്തിന്റെ യുവനിരയില്‍ തിളങ്ങിനില്‍ക്കാനും നേതൃനിരയില്‍ ഇടംപിടിക്കാനും കഴിഞ്ഞു. അപ്പോഴാണ് ഉപരിപഠനാര്‍ഥം ഖത്തറിലെ 'അല്‍മഅ്ഹദുദ്ദീനി'യിലേക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചതും ജീവിതത്തിന്റെ ഒരു പുതിയ മേഖല മുന്നില്‍ തുറക്കപ്പെടുന്നതും.
ഖത്തറിലെ ജീവിതം വൈജ്ഞാനിക രംഗത്ത് ബഹുദൂരം മുന്നോട്ടു പോകാനും പുതിയ ചക്രവാളങ്ങള്‍ കണ്ടെത്താനും അദ്ദേഹത്തിന് സഹായകമായി. ലോകപ്രശസ്തരായ പണ്ഡിതവര്യന്മാരുടെ ശിഷ്യത്വം, ഇസ്‌ലാമിക ലോകത്തിലെ ഉന്നത പ്രസിദ്ധീകരണാലയങ്ങളുടെ ഗ്രന്ഥങ്ങളുമായുള്ള പരിചയം, ധാരാളം ഒഴിവുസമയം എന്നിവ അദ്ദേഹത്തിന്റെ ഗവേഷണ ബോധത്തെയും ചിന്താ മണ്ഡലത്തെയും ത്രസിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ എന്ന ഒരു പ്രവാസി സംഘടന രൂപവല്‍ക്കരിക്കാനും സമാന മനസ്‌കരായ സുഹൃത്തുക്കളോട് ചേര്‍ന്ന് അതിനെ ഖത്തറിലെ ഏറ്റവും ശക്തമായ മലയാളി കൂട്ടായ്മയാക്കി മാറ്റാനും സാധിച്ചു. നീണ്ട 26 വര്‍ഷത്തെ പ്രവാസ ജീവിതം സാര്‍ഥകമായെന്ന് ചാരിതാര്‍ഥ്യമടയാന്‍ അദ്ദേഹത്തിന് കഴിയും.
അബ്ദുല്ലാ ഹസന്‍ ജീവിതത്തിലുടനീളം പ്രധാനമായും ഒരധ്യാപകന്‍ ആയിരുന്നു. ശാന്തപുരത്ത്‌നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെ 'ആലപ്പുഴ'യില്‍ ആരംഭിച്ച അധ്യാപക ജീവിതം ഖത്തറിലെത്തിയപ്പോള്‍ സ്റ്റഡിക്ലാസുകളുടെയും പ്രഭാഷണങ്ങളുടെയും ഖുര്‍ആന്‍ ദര്‍സുകളുടെയും രീതി സ്വീകരിച്ചുവെന്നേയുള്ളൂ. അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലക്കും വഖ്ഫ് മന്ത്രാലയത്തിന് കീഴിലുള്ള മത പ്രഭാഷകന്‍ എന്ന നിലക്കും അദ്ദേഹത്തിന് ജനകീയത ലഭിച്ചു. 2001-02 ല്‍ ഖത്തറില്‍നിന്ന് മടങ്ങിയ ശേഷം തന്റെ പഴയ താവളത്തിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. അല്‍ജാമിഅയിലെ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പലും റിസര്‍ച്ച് സെന്റര്‍ ഭാരവാഹിയുമെല്ലാമായി നീണ്ട 20 വര്‍ഷങ്ങള്‍ അദ്ദേഹം ചെലവഴിച്ചു. അല്‍ ജാമിഅയുടെ ഉന്നതാധികാര സമിതികളിലെല്ലാം അദ്ദേഹം മെമ്പറായിരുന്നു. ആ ദൗത്യ നിർവഹണത്തില്‍ മുഴുകിയിരിക്കെത്തന്നെയാണ് അല്ലാഹുവിന്റെ വിളിയെത്തിയത്.
വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ആനുകാലികങ്ങളില്‍ എഴുതാന്‍ തുടങ്ങിയ പരേതന്‍ ഗ്രന്ഥരചനാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ തന്റെ ചിന്താമണ്ഡലത്തില്‍ പതിഞ്ഞിരുന്ന വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ഗ്രന്ഥ രൂപത്തില്‍ ക്രോഡീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. കര്‍മശാസ്ത്ര സംബന്ധമായ വിഷയങ്ങളാണ് ഇവയില്‍ മിക്കതും. സമുദായത്തില്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്തുത വിഷയങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുനരാലോചന നടത്തുകയും കൂടുതല്‍ പ്രബലമെന്നും മുന്‍ഗണന നല്‍കപ്പെടേണ്ടതെന്നും തോന്നുന്ന അഭിപ്രായങ്ങളെ ശക്തിയായി അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പരേതന്റേത്. എതിരാളികള്‍ക്ക് ഒരിക്കലും വഴങ്ങാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കാരണം, അത്രയേറെ അപഗ്രഥനം നടത്തിയായിരിക്കും പ്രസ്തുത നിലപാടുകളിലേക്കദ്ദേഹം എത്തിച്ചേര്‍ന്നിരുന്നത്.
1999-ലാണ് 'സകാത്ത്- തത്വവും പ്രയോഗവും' എന്ന പുസ്തകം വെളിച്ചം കണ്ടത്. സകാത്ത് വിഷയത്തില്‍ പുതിയതും പഴയതുമായ പ്രശ്‌നങ്ങളെല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജനപ്രീതി നേടിയ ഈ പുസ്തകത്തിന് ഇതിനകം എട്ടു പതിപ്പുകള്‍ ഇറങ്ങി. 'മുസ്‌ലിംകള്‍ ബഹുസ്വര സമൂഹത്തില്‍' എന്നതാണ് മറ്റൊരു പുസ്തകം. ഇന്ത്യയെപോലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു ബഹുസ്വര സമൂഹത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന് ഗ്രന്ഥകാരന്‍ ഇതില്‍ പരിശോധിക്കുന്നു. മതപരിത്യാഗിയോടുള്ള നിലപാട് അഥവാ മുര്‍തദ്ദിന്റെ ശിക്ഷ, അമുസ്‌ലിം ദമ്പതികളിലൊരാള്‍ മുസ്‌ലിമായാല്‍ ദാമ്പത്യ ബന്ധം തുടരുമോ? തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പണ്ഡിതരുടെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമാണെങ്കിലും പാരമ്പര്യ വീക്ഷണങ്ങളെ ഇളക്കി മറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
'മുസ്‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും' എന്നതാണ് മറ്റൊരു കൃതി. സ്ത്രീകള്‍ക്ക് മാന്യതയും പരിരക്ഷയും സമൂഹത്തില്‍ സ്ഥാനപദവികളും നല്‍കിയത് ഇസ്‌ലാമാണെന്നും ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന പ്രചാരണം നിരര്‍ഥകമാണെന്നും ഈ കൃതിയില്‍ സ്ഥാപിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലേക്ക് ചില വിഭാഗങ്ങളില്‍നിന്ന് കടന്നുകൂടിയ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കടന്നാക്രമിക്കുകയും ചെയ്യുന്നു. മുസ്‌ലിം വ്യക്തിനിയമത്തില്‍ കാണപ്പെടുന്ന ഇസ്‌ലാം വിരുദ്ധമായ വിധി വിലക്കുകളെ ജസ്റ്റീഷ്യ എന്ന അഭിഭാഷക വേദിക്ക് വേണ്ടി ക്രോഡീകരിച്ചതും അദ്ദേഹത്തിന്റെ പ്രസ്താവ്യമായ സംഭാവനയാണ്.
ഇത്തിഹാദുല്‍ ഉലമ കേരളയെയും 'ബോധന'ത്തെയും സംബന്ധിച്ചേടത്തോളം അബ്ദുല്ലാ ഹസന്റെ നിര്യാണം ഒരു തീരാ നഷ്ടമാണ്.
'ഇത്തിഹാദുല്‍ ഉലമ'യുടെ പ്രവര്‍ത്തക സമിതിയിലും ഫത്‌വാ ബോര്‍ഡിലും അംഗമായിരുന്ന പരേതന്‍ ഇടക്കാലത്ത് ബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്മര്യപുരുഷന്റെ വേര്‍പാടില്‍ ഞങ്ങള്‍ അതിയായി ദുഃഖിക്കുകയും കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും നാഥന്‍ ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
تغمّد الله الفقيد بواسع رحمته وأسكنه فسيح جنّاته وألهم أهله وذويه الصّبر والسّلوان إنّالله وإنّا إليه راجعون