'അകംപൊരുള്‍' പട്ടില്‍ പൊതിഞ്ഞ പാഷാണം
വി.കെ അലി
'ഖുര്‍ആന്‍ അകംപൊരുള്‍ മാനവികവ്യാഖ്യാനം' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം കണ്ടമാത്രയില്‍ മനസ്സിലുയര്‍ന്ന സംശയം ഖുര്‍ആന്ന് അകംപൊരുള്‍, പുറംപൊരുള്‍ എന്നിങ്ങനെ രണ്ടുതരം വായനണ്ടകളുണ്ടോ എന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം വിതണ്ഡവാദങ്ങളുമായി ചിലര്‍ രംഗപ്രവേശം ചെയ്തിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കുന്നതിനായി സൈനികാക്രമണങ്ങള്‍ പ്രയോജനപ്പെടുകയില്ല എന്നുറപ്പായപ്പോള്‍ ഇസ്‌ലാമില്‍ നുഴഞ്ഞുകയറി അതിനെ ഉള്ളില്‍ നിന്ന് നശിപ്പിക്കാനായി ഇവരുടെ ശ്രമം. ഖുര്‍ആന്ന് ആന്തരികാര്‍ഥവും ബാഹ്യാര്‍ഥവുമുണ്ടെന്ന വാദം അങ്ങനെയാണ് ഉടലെടുത്തത്. സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ മനസ്സിലാകില്ല, അഹ്‌ലുബൈത്തിലെ ഇമാമുമാരും സൂഫിയാക്കളും ആരിഫീങ്ങളുമൊക്കെയാണ് ഖുര്‍ആന്‍ മനസ്സിലാക്കിയവര്‍. അവരിലൂടെ മാത്രമേ ഖുര്‍ആന്റെ അകക്കാമ്പ് കണ്ടെത്താന്‍ കഴിയൂ എന്നൊക്കെയാണവരുടെ വാദം. ചരിത്രത്തില്‍ ബാത്വിനി (ഗൂഢാര്‍ഥ വാദികള്‍) സൂഫികള്‍, ശീഈകള്‍ എന്നീ വിഭാഗങ്ങളെല്ലാം ഇത്തരക്കാരാണ്. അവരുടെ വ്യാഖ്യാനത്തിന്റെ സാമ്പിള്‍ പറയാം:
സൂറതുര്‍റഹ്മാനില്‍ 19,22 സൂക്തങ്ങള്‍ ഇങ്ങനെ: مَرَجَ الْبَحْرَيْنِ يَلْتَقِيَان (രണ്ടുസമുദ്രങ്ങളെ അവന്‍ ഒന്നായി ചേരുംവിധം സംഗമിപ്പിച്ചു), يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ (അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തുവരുന്നു). ദൈവിക ദൃഷ്ടാന്തങ്ങളെന്ന നിലക്ക് സമുദ്രത്തില്‍ കാണപ്പെടുന്ന രണ്ട് അത്ഭുത പ്രതിഭാസങ്ങളെയാണ് യഥാര്‍ഥത്തില്‍ ഇവിടെ വിവക്ഷിക്കുന്നത്. എന്നാല്‍ ഇക്കൂട്ടര്‍ പറയുന്ന അകംപൊരുള്‍ അലിയെയും ഫാത്വിമയെയും വിവാഹം കഴിപ്പിക്കുകയും അവരിരുവരില്‍ നിന്നായി ഹസനും ഹുസൈനും ജനിക്കുകയും ചെയ്തതാണ് ഇവയുടെ സാക്ഷാല്‍ വിവക്ഷയെന്നും! ഇത്തരം വ്യാഖ്യാനാഭാസങ്ങളെ അതതുകാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ തച്ചുടക്കുകയും അവയുടെ പൊള്ളത്തരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ചില പ്രത്യേകക്കാര്‍ക്ക് മാത്രമേ ഖുര്‍ആന്‍ വഴങ്ങുകയുള്ളൂവെന്ന വാദം ഖുര്‍ആന്‍ സ്വയം തള്ളിക്കളഞ്ഞതാണ്. അറബി ഭാഷയില്‍നിന്ന് മനസ്സിലാകുന്നതും സ്വഹാബികളും താബിഇകളും മനസ്സിലാക്കിയതും ഉത്തമ നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതന്മാര്‍ നിര്‍ധാരണം ചെയ്തതുമായ അര്‍ഥങ്ങള്‍ക്ക് വിരുദ്ധമായി നിഗൂഢാര്‍ഥവാദികള്‍ ഉന്നയിക്കുന്ന ആശയങ്ങള്‍ സന്മാര്‍ഗത്തില്‍ നിന്നുള്ള വ്യതിയാനവും വ്യക്തമായ വഴികേടുമാണ്.
ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തിയത് ''സുവ്യക്തമായ അറബി ഭാഷയിലാണ് ഈ ഗ്രന്ഥം അവതരിച്ചത്'' (അശ്ശുഅറാഅ്: 195) എന്നും ''മനനം ചെയ്യുന്നവര്‍ക്ക് ഈ ഖുര്‍ആന്‍ നാം എളുപ്പമാക്കിയിരിക്കുന്നു'' (അല്‍ഖമര്‍: 22) എന്നുമാണ്. എന്നിരിക്കെ ഖുര്‍ആന് ഒരു അകംപൊരുളുമായി അവസാനകാലത്ത് ഒരു വിദ്വാന്‍ പുറപ്പെട്ടത് ദുരൂഹമാണ്.
അല്ലാഹുവിനോട് അലര്‍ജി
വിശുദ്ധ ഖുര്‍ആനില്‍ ഒരുപക്ഷേ ഏറ്റവുമധികം പ്രയോഗിക്കപ്പെട്ട പദമായിരിക്കും എന്നത്. സൃഷ്ടികര്‍ത്താവും സർവലോകപരിപാലകനുമായി അസ്തിത്വത്തിന്റെ നാമമാണത്. സൃഷ്ടികര്‍ത്താവിന് വിശുദ്ധഖുര്‍ആനില്‍ നിരവധി നാമങ്ങളുണ്ടെങ്കിലും 'ഇസ്മുല്‍ ജലാല' (പ്രൗഢിയുടെ നാമം) എന്നറിയപ്പെടുന്നത് الله എന്നതാണ്. ഇസ്‌ലാമിന്റെ ആദര്‍ശ വാക്യമായ لا إله إلا الله (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല) എന്നതിലും അതാണ് പ്രയോഗിക്കപ്പെട്ടത്. ഖുര്‍ആനില്‍ 2697 തവണ ഈ നാമം ആവര്‍ത്തിച്ചുവന്നിട്ടുണ്ട്.
الله എന്നത് ഒരൊറ്റപ്പെട്ട പദമാണ്. അറബിയിലോ ഇതരഭാഷകളിലോ അതിന് തുല്യമായ മറ്റൊരു പദമില്ല. അത് പരിഭാഷക്ക് വഴങ്ങുകയുമില്ല. അതിനാലാണ് ലോകത്തുള്ള മുസ്‌ലിംകളെല്ലാം എന്ന الله അറബി പദം തന്നെ പ്രയോഗിക്കുന്നത്. الله എന്നത് ഏകവചനമാണ്. അതിന് സ്ത്രീലിംഗരൂപമില്ല. ബഹുത്വമുള്ള യാതൊന്നും അല്ലാഹു ആകില്ല. എന്നെന്നും ഉള്ളവനും ഉണ്ടാകല്‍ അനിവാര്യവുമായ സാക്ഷാല്‍ സത്യദൈവമാണവന്‍. പ്രസ്തുത പദം അതേപടി പ്രയോഗിക്കുകയാണ് പരിഭാഷകര്‍ ചെയ്യാറുള്ളത്. എന്നാല്‍ ഈ പുസ്തകത്തില്‍ (ഒന്നാം വാള്യം) ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷയിലൊരിക്കലും അല്ലാഹു എന്ന് പ്രയോഗിച്ചിട്ടില്ല. പരമേശ്വരന്‍ എന്നോ പരമം എന്ന വാലും മുറിഞ്ഞ് ഈശ്വരന്‍ എന്നോ ദൈവം എന്നോ മാത്രമേ കാണാന്‍ കഴിയൂ.
ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ നാമം പരിഭാഷപ്പെടുത്താന്‍ പറ്റില്ല എന്നത് പ്രാഥമികമായ വസ്തുതയാണ്. ഒരാള്‍ക്ക് 'ഗോപാലന്‍' എന്ന് പേരിട്ടാല്‍ അവനെ 'പശുവിനെ മേക്കുന്നവനേ' എന്ന് വിളിക്കാറില്ല. 'കല്‍ബെ അലി' എന്ന് പേരിട്ടാല്‍ 'അലിയുടെ നായേ' എന്ന് വിളിക്കില്ല. എന്തുകൊണ്ട് അകംപൊരുള്‍കാരന്‍ الله വിനോട് ഇത്ര അകലം പാലിക്കുന്നു എന്ന് ചിന്തിച്ചാല്‍, കഴിയുന്നത്ര ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചിഹ്നങ്ങളും പദാവലികളും ഒഴിവാക്കുകയെന്നതായിരിക്കും ഉത്തരം. അതുമുഖേന താനുദ്ദേശിക്കുന്ന പരമതപ്രീണനം സാധിക്കുകയെന്നതും.
ഗോപൂജയോ ഗോഹത്യയോ?
വിശുദ്ധഖുര്‍ആനിലെ രണ്ടാമത്തെ അധ്യായം 'അല്‍ബഖറ'യാണല്ലോ. 'പശു' എന്നാണതിന്റെ അര്‍ഥം. പശുവിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ എഴുതുന്നു: 'മനുഷ്യജീവിതത്തെ അഗാധമായി സ്പര്‍ശിച്ചുനില്‍ക്കുന്ന ആ സാധു ജീവിയെ അതേ പ്രാധാന്യത്തോടെ ഖുര്‍ആന്‍ പരിഗണിച്ചതാണ് രണ്ടാം അധ്യായത്തിന് ഈ പേര്‍ നല്‍കാന്‍ കാരണം. പശു എക്കാലത്തും മനുഷ്യന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുനില്‍ക്കുന്ന സജീവസാന്നിധ്യമാകുമെന്ന സർവജ്ഞനായ ദൈവത്തിന്റെ അറിവ് ഈ നാമകരണത്തിന്റെ മറ്റൊരു കാരണമാണ്' (പേജ്: 59). പശുഭക്തരെ ഒന്ന് സുഖിപ്പിക്കുകയായിരിക്കും ലക്ഷ്യം. എന്നാല്‍ ഖുര്‍ആനില്‍ പശുവിന്റെ മാത്രമല്ല പല ജന്തുജാലങ്ങളുടെയും പേരില്‍ അധ്യായങ്ങളുണ്ട്. 'അന്നംല്' (തേനീച്ച), 'അന്നംല്' (ഉറുമ്പ്), 'അല്‍അന്‍കബൂത്' (എട്ടുകാലി), 'അല്‍ഫീല്‍' (ആന) എന്നിവ ഉദാഹരണം. അവക്കെല്ലാം എന്താണ് കാരണമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ പശുവിനെ മഹത്വവല്‍ക്കരിക്കാന്‍ ഖുര്‍ആന്‍ ഉദ്ദേശിച്ചിട്ടില്ല എന്നത് വ്യക്തമാണ്. കാരണം, ലക്ഷണമൊത്ത ഒരു പശുവെ തെരഞ്ഞെടുത്ത് അതിനെ ബലി കഴിക്കണമെന്നാണല്ലോ 'അല്‍ബഖറ'യില്‍ അല്ലാഹു കല്‍പിക്കുന്നത്. അതേതായാലും പശുവിനെ പ്രത്യേകം ആദരിച്ചതിന്റെ ലക്ഷണമല്ല. ലേഖകന്ന് പശുഭക്തരെ ഒന്ന് സുഖിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത് ഖുര്‍ആന്റെ ചെലവില്‍ വേണ്ട.
സാങ്കേതിക പദങ്ങളില്‍ അട്ടിമറി
വിശുദ്ധ ഖുര്‍ആനില്‍ നിരവധി സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഭാഷാപരമായ അതിന്റെ അര്‍ഥവും സാങ്കേതിക വിവക്ഷയും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും അതിന്റെ ആശയത്തെക്കുറിച്ച് ഒട്ടും അവ്യക്തതയുണ്ടാവില്ല. ഇസ്‌ലാം, ഈമാന്‍, ശിര്‍ക്ക്, മുസ്‌ലിം, മുഅ്മിന്‍, കാഫിര്‍, മുശ്‌രിക്ക്, സ്വലാത്ത്, സകാത്ത് എന്നിവ അക്കൂട്ടത്തില്‍ പെട്ടതാണ്. ഈ പദങ്ങളെയെല്ലാം അവയുടെ സാങ്കേതിക വിവക്ഷകളില്‍ നിന്ന് വളച്ചൊടിച്ച് ഇസ്‌ലാമേതര മതവിഭാഗങ്ങള്‍ക്ക് കൂടി സ്വീകാര്യമാകുന്ന തരത്തില്‍ അര്‍ഥകല്‍പന നല്‍കാനും അങ്ങനെ എല്ലാവരും ഒന്നുതന്നെയാണ് വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും വരുത്തിത്തീര്‍ക്കാന്‍ ഗ്രന്ഥകാരന്‍ ആദ്യന്തം കിണഞ്ഞുശ്രമിക്കുന്നുണ്ട്.
ഉദാഹരണമായി يَاأَيُّهَا الَّذِينَ آمَنُوا എന്ന സംബോധന വിശുദ്ധഖുര്‍ആനില്‍ 89 തവണ വന്നിട്ടുണ്ട്. സൂറതുല്‍ ബഖറയില്‍ മാത്രം 11 തവണ. എല്ലായിടത്തും ഇദ്ദേഹത്തിന്റെ പരിഭാഷ 'ആദര്‍ശശാലികളേ' എന്നാണ്. ഇതുവരെയുള്ള ഖുര്‍ആന്‍ ഭാഷ്യക്കാരെല്ലാം ഇതിന് നല്‍കിയ മൊഴിമാറ്റം 'സത്യവിശ്വാസികളേ' എന്നോ 'വിശ്വസിച്ചവരേ' എന്നോ ആണ്. മുഹമ്മദ് നബിയിലും അദ്ദേഹത്തിന് അവതരിച്ച വിശുദ്ധ ഖുര്‍ആനിലും വിശ്വസിക്കുന്നവരാണ് അതുകൊണ്ടുദ്ദേശ്യമെന്ന് പ്രഥമ ശ്രവണത്തില്‍തന്നെ ബോധ്യമാകും. എന്നാല്‍ ആദര്‍ശശാലി എന്ന് പറയുമ്പോള്‍ ഏത് ആദര്‍ശക്കാരനുമാകാം. ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ മതത്തെയോ ഉദ്ദേശിക്കാതെ എല്ലാ ആദര്‍ശക്കാരും എന്നാകുമ്പോള്‍ ആര്‍ക്കും പരാതിയില്ലല്ലോ. എന്നാല്‍ ചിലേടത്ത് എത്തുമ്പോള്‍ അദ്ദേഹം വിഷണ്ണനാവുന്നതും സത്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നതും കാണാം. ഉദാഹരണമായി, സൂറതുല്‍ ബഖറ 62-ാം സൂക്തത്തിന്റെ പരിഭാഷ കാണുക: ''വിശ്വാസികളും യഹൂദരും ക്രൈസ്തവരും സാബിഉകളുമായവര്‍ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവരുടെ നാഥങ്കല്‍ അവര്‍ക്ക് മോക്ഷമുണ്ട്.'' ഇതിന്റെ വ്യാഖ്യാനം ഇങ്ങനെ: ''മുഹമ്മദ് നബിയിലൂടെ ലഭിച്ച ചര്യകളെയും നിയമങ്ങളെയും അനുധാവനം ചെയ്യുന്ന ദൈവവിശ്വാസികളാണ് ഇവിടെ ഉദ്ദേശ്യം. ഓ! വിശ്വാസികളേ! എന്ന അഭിസംബോധന കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും അവര്‍ തന്നെ''. ഇത്രയും അംഗീകരിച്ച ശേഷം തന്റെ വികല വ്യാഖ്യാനത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുപോകുന്നത് കാണുക: ''മുഅ്മിനുകള്‍ എന്ന അറബി ശബ്ദം വിശ്വാസപരമായ എല്ലാ അടിത്തറകളെയും ഉള്‍ക്കൊള്ളുന്നു. മുന്‍കഴിഞ്ഞ സമൂഹങ്ങളും അവരിലേക്ക് നിയുക്തരായ വേദഗ്രന്ഥങ്ങളും മുഅ്മിനുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്'' (പേജ്: 135). പിന്നെയെന്തിനാണ് 105-ാം പേജില്‍ 41-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ എഴുതിയത്: ''വേദങ്ങള്‍ ദൈവവചനങ്ങളാണ്. ഒന്ന് മറ്റൊന്നിനെ സത്യപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. ദുര്‍ബലപ്പെടുത്തുകയോ അപ്രസക്തമാക്കുകയോ ഇല്ല. ദൈവവചനങ്ങള്‍ക്ക് കാലഹരണ
മില്ല.''
പേജ് 134-139-ല്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്: ''യഹൂദര്‍, ക്രൈസ്തവര്‍, സാബിഉകള്‍, പ്രകൃത്യാരാധകര്‍, സൂര്യാരാധകര്‍, നക്ഷത്രപൂജകര്‍, അഗ്നിയാരാധകര്‍..... ഈ ഗണത്തില്‍ പെട്ട ആര്‍ക്കും താഴെ ഗുണങ്ങളുണ്ടെങ്കില്‍ മോക്ഷം ലഭിക്കും. അഥവാ ദൈവവിശ്വാസവും പരലോകബോധവും സല്‍കര്‍മങ്ങളുമുണ്ടെങ്കില്‍ ഏത് മതക്കാരനായാലും അവര്‍ക്ക് ദൈവത്തിങ്കല്‍ മോക്ഷമുണ്ട്. മനുഷ്യര്‍ തീര്‍ത്ത മതിലിന്റെ അതിർവരമ്പുകളും സങ്കുചിത കാഴ്ചപ്പാടും ഇവിടെ തട്ടിത്തകരുന്നു''. അപ്പോള്‍ പരലോക മോക്ഷത്തിന് മുഹമ്മദ് നബിയെയോ വിശുദ്ധ ഖുര്‍ആനെയോ ഇസ്‌ലാമിനെയോ സ്വീകരിക്കേണ്ടതില്ല. ഏത് ബിംബാരാധകനും ആദര്‍ശശാലിയാകാനും സ്വര്‍ഗം നേടാനും കഴിയും. ഇത് ഇബ്‌നുജരീറും റശീദ് രിദായുമൊക്കെ പറഞ്ഞതാണെന്ന് ഗ്രന്ഥകാരന്‍ നുണ പറയുകയും ചെയ്യുന്നു.
തന്റെ സങ്കല്‍പത്തിലുള്ള മുഅ്മിനുക(ആദര്‍ശവാദികള്‍)ളെ സൃഷ്ടിക്കുന്നതിന് ഖുര്‍ആനിലെ സാങ്കേതിക പദങ്ങളെയെല്ലാം അര്‍ഥം മാറ്റി വ്യാഖ്യാനിച്ചു. 'നമസ്‌കാരം നിലനിര്‍ത്തുന്നവര്‍' (الَّذِينَ يُقِيمُونَ الصَّلَاةَ) പ്രാര്‍ഥനാനിരതരാകുന്നവരായി. 'സകാത്ത് നല്‍കുന്നവര്‍' (يُؤْتُونَ الزَّكَاةَ) നിത്യദാനം ചെയ്യുന്നവരായി. 'പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍' (وَبِالْآخِرَةِ هُمْ يُوقِنُونَ) മറ്റൊരു ലോകത്തെക്കുറിച്ച് ഉറപ്പുള്ളവരായി. അതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ''ഈ ലോകത്തും മറ്റൊരു ലോകം പണിയാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളവര്‍''. ഇസ്‌ലാം എന്നത് ലോകാരംഭം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും കൊണ്ടുവന്ന ദൈവിക മതത്തിന്റെ പേര്‍ എന്നത് മാറ്റി സമര്‍പ്പണം എന്ന് ഭാഷാന്തരം ചെയ്തു. وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ (മുസ്‌ലിംകളായല്ലാതെ നിങ്ങള്‍ മരിക്കുകയേ അരുത്) എന്നതിന്റെ പരിഭാഷ ''സമര്‍പ്പിതരായല്ലാതെ നിങ്ങള്‍ മരിക്കരുത്'' എന്നായി. അപ്പോള്‍ ഏത് മതത്തില്‍ വിശ്വസിച്ചാലും ദൈവത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും സമര്‍പ്പിതരായാല്‍ വിജയം ഉറപ്പായി!
ശിര്‍ക്ക്, മുശ്‌രിക്ക് എന്നീ പദങ്ങളുടെ വിവക്ഷ അറിയാത്ത ഒരു മുസ്‌ലിമുമുണ്ടാകില്ല. ശിര്‍ക്കിന്റെ താല്‍പര്യം അല്ലാഹുവില്‍ പങ്കുചേര്‍ക്കലും ബഹുദൈവങ്ങളില്‍ വിശ്വസിക്കലും. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാതകമായിട്ടാണ് ശിര്‍ക്കിനെ ഇസ്‌ലാം കാണുന്നത്. إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ (അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കുകയില്ല. അതല്ലാത്തതെല്ലാം അവനിച്ഛിക്കുന്നവര്‍ക്ക് പൊറുക്കും). ഇത്തരം ശിര്‍ക്ക് ചെയ്യുന്നവനാണ് മുശ്‌രിക്ക്. അവര്‍ നരകാവകാശികളാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു സാങ്കേതിക പദങ്ങളെയും വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നത് കാണുക: وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَى حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا
എന്നതിന്റെ പരിഭാഷ നോക്കുക: ''മനുഷ്യരില്‍ ഭൗതിക ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുളളവരാണ് അവരെന്ന് നിനക്ക് കാണാം. സത്യത്തെ പലതായി കാണുന്ന പങ്കാളിത്തവാദികളേക്കാള്‍ അവര്‍ ആര്‍ത്തിയുളളവരാണ്''. അപ്പോള്‍ الَّذِينَ أَشْرَكُوا (ശിര്‍ക്ക് ചെയ്യുന്നവര്‍) എന്നതിന് നല്‍കിയ അര്‍ഥം 'സത്യത്തെ പലതായി കാണുന്ന പങ്കാളിത്തവാദികള്‍' എന്ന്. അതിന് നല്‍കിയ വ്യാഖ്യാനം ''ഇന്ദ്രിയ സുഖങ്ങളില്‍ അഭിരമിച്ച് മതിയാവാതെ കൂടുതല്‍ സുഖം തേടുന്നവര്‍'' എന്നും. അപ്പോള്‍ എത്ര ദൈവങ്ങളില്‍ വിശ്വസിച്ചാലും കുഴപ്പമില്ല, ഇന്ദ്രിയസുഖങ്ങളില്‍ അഭിരമിക്കാതിരുന്നാല്‍ മതി.
''ബഹുദൈവവിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്, അവര്‍ വിശ്വാസിനികളായാലല്ലാതെ'' (2: 221) എന്ന സൂക്തത്തിന്റെ പരിഭാഷ ബഹുവിചിത്രമാണ്. 'പിശാച് സേവികമാരായ സ്ത്രീകളെ വിവാഹം കഴിക്കരുത്. അവര്‍ ആദര്‍ശജീവിതം നയിക്കുന്നത് വരെ' (പേജ്: 391). അപ്പോള്‍ പിശാച് സേവയില്ലെങ്കില്‍ ഏത് ബഹുദൈവാരാധകയെയും വിവാഹം ചെയ്യാം. എങ്ങനെയുണ്ട് മാനവിക വ്യാഖ്യാനം!
ആരാധനാ കര്‍മങ്ങളുടെ സാമാന്യവല്‍ക്കരണം
നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളാണ്. അവയുടെ പ്രാധാന്യവും നിര്‍ബന്ധ സ്വഭാവവും നിരാകരിക്കാന്‍ ഒരു മുസ്‌ലിമിനും സാധ്യമല്ല. എന്നാല്‍ മാനവിക വ്യാഖ്യാനത്തില്‍ പ്രസ്തുത കര്‍മങ്ങളെ എല്ലാ മതക്കാര്‍ക്കും പറ്റിയ രീതിയില്‍ വളച്ചൊടിക്കുന്നു. അപ്രധാനമാക്കാനും ബോധപൂർവം ശ്രമിച്ചതായി കാണാം. സ്വലാത്ത് (നമസ്‌കാരം) ഇസ്‌ലാമിന്റെ നട്ടെല്ലാണ്. കേവലം നമസ്‌കരിക്കുക മാത്രമല്ല, അതൊരു സമൂഹത്തിന്റെ ചിഹ്നമായി നിലനിര്‍ത്തുകയും മസ്ജിദുകള്‍ (നമസ്‌കാരസ്ഥലങ്ങള്‍) നിര്‍മിച്ചുകൊണ്ടും അവ പരിപാലിച്ചും സംരക്ഷിച്ചും സംഘടിതമായി അഞ്ചുനേരം നമസ്‌കാരം നിലനിര്‍ത്തുകയും ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ മുടങ്ങാതെ നടപ്പാക്കുകയും ചെയ്യണമെന്നാണ് ദീനിന്റെ ശാസന. എന്നാല്‍ അകംപൊരുളില്‍ صَلَاة എന്നത് കേവലം പ്രാര്‍ഥനയും أَقِيمُوا الصلاة (നമസ്‌കാരം നിലനിര്‍ത്തുക) എന്നത് 'പ്രാര്‍ഥനാനിരതരാകുവിന്‍' എന്നുമാണ് അര്‍ഥം. മാത്രമല്ല, ഖുര്‍ആനില്‍ صلاة എന്നതിന് 'പ്രാര്‍ഥന' എന്ന് മാത്രമാണ് അര്‍ഥമെന്നും 'നമസ്‌കാരം' എന്ന അര്‍ഥത്തില്‍ അപൂർവമായേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാദിക്കുന്നു. وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ എന്നതിന് ''നിങ്ങള്‍ പ്രാര്‍ഥന നിലനിര്‍ത്തുകയും നിത്യദാനം നില്‍കുകയും വിനയാന്വിതരോടൊപ്പം ദൈവത്തെ വണങ്ങുകയും ചെയ്യുവിന്‍'' എന്ന് പരിഭാഷ പറഞ്ഞശേഷം പ്രാര്‍ഥന എങ്ങനെയാകണമെന്ന് വിശദീകരിക്കുന്നത് കാണുക. ''പ്രാര്‍ഥനയെന്നാല്‍ മന്ത്രമല്ല, കാണാതെ പഠിച്ച വചനങ്ങള്‍ ഉരുവിടലുമല്ല, തന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും സ്രഷ്ടാവിന് മുന്നില്‍ ഹൃദയപൂർവം ബോധ്യത്തോടെ, ലഭിക്കുമെന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നതാണ് പ്രാര്‍ഥന. അത് സ്വന്തം ഭാഷയിലാകുമ്പോഴാണ് മനമറിഞ്ഞു പ്രാര്‍ഥിക്കാനാവുക'' (പേജ്: 110).
നമസ്‌കാരം കഴിഞ്ഞാല്‍ ഇസ്‌ലാമിലെ സുപ്രധാന കര്‍മം സകാത്താണ്. നിശ്ചിത വരുമാനമുണ്ടെങ്കില്‍ നിര്‍ണിതമായ വിഹിതം പ്രത്യേക വിഭാഗങ്ങളില്‍ ചെലവഴിക്കുകയാണ് സകാത്തിന്റെ രീതി. സകാത്തും സ്വദഖയും എന്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. നിര്‍ബന്ധദാനമായി മുകളില്‍ പറഞ്ഞ കാര്യമാണ് സകാത്ത്. സ്വദഖയെന്നത് നിര്‍ബന്ധ ദാനവും ഐഛിക ദാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദമാണ്. വിശുദ്ധ ഖുര്‍ആനില്‍ രണ്ടര്‍ഥങ്ങളിലും സ്വദഖ വന്നിട്ടുണ്ട്. എന്നാല്‍ മുപ്പതിലേറെ സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത് നിര്‍ബന്ധ ദാനമായ സകാത്ത് എന്ന പദമാണ്. 'അകംപൊരുളില്‍' ഈ പദങ്ങളില്‍ അട്ടിമറി നടത്തി സകാത്ത് എന്നതിന് നിത്യദാനം എന്നും സ്വദഖ എന്നാല്‍ നിര്‍ബന്ധ ദാനമെന്നും കീഴ്‌മേല്‍ മറിച്ചു. 108ാം പേജില്‍ പറയുന്നത് കാണുക: ''സകാത്ത് എന്ന അറബി പദത്തിന് നിത്യദാനം എന്നര്‍ഥം കൊടുത്തിരിക്കുന്നു. പ്രാര്‍ഥന പോലെ ഓരോ ആളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണത്.... ധനികദരിദ്ര ഭേദമില്ലാതെ എല്ലാവര്‍ക്കുമുള്ള സാമ്പത്തിക ബാധ്യത. ധനികര്‍മാത്രം നിശ്ചിത കാലയളവില്‍ ശതമാനക്കണക്കിന് നല്‍കേണ്ട സാമ്പത്തിക ബാധ്യത സ്വദഖ എന്ന പേരിലാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്''.
ഈ വാദം അബദ്ധജടിലമാണെന്ന് വ്യക്തമാകാന്‍ ഖുര്‍ആനിലെ ഒരൊറ്റ സൂക്തം വായിച്ചാല്‍ മതി. إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ ''നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അത് നല്ലതുതന്നെ. എന്നാല്‍ അത് രഹസ്യമാക്കി ചെയ്യുകയും ദരിദ്രര്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം'' (അല്‍ബഖറ: 271). ഈ സൂക്തത്തില്‍ സ്വദഖകള്‍ രഹസ്യമായും പരസ്യമായും ചെയ്യാമെന്ന് പറയുന്നു. രഹസ്യമാക്കുന്നതാണുത്തമം. ഇവിടെ صَدَقَة-യുടെ താല്‍പര്യം നിര്‍ബന്ധ ദാനമാണെങ്കില്‍ അത് രഹസ്യമാക്കി ദരിദ്രര്‍ക്ക് കൊണ്ടുപോയി കൊടുക്കേണ്ടതാണോ? പരസ്യമായി ഉദ്യോഗസ്ഥരെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് നിര്‍ണിത വകുപ്പുകളില്‍ ചെലഴിക്കേണ്ട നിര്‍ബന്ധ ദാനമല്ലേ? സംഭവം അതല്ല. നമസ്‌കാരം, സകാത്ത് എന്നിവയുടെ ഇസ്‌ലാമിക മാനങ്ങള്‍ മാറ്റിമറിച്ച് എല്ലാ മതക്കാരുടെയും പ്രാര്‍ഥനയും ദാനധര്‍മങ്ങളും ഒന്നാണെന്ന് വരുത്താനുള്ള വൃഥാശ്രമമാണിത്. അതിനെയാണ് പങ്കുവെപ്പിന്റെ സംസ്‌കാരം എന്ന് ലേഖകന്‍ പാടിപ്പുകഴ്ത്തുന്നത് (പേജ്: 170,171 നോക്കുക).
ഇസ്‌ലാമിലെ അടുത്ത ആധാരശില റമദാന്‍ വ്രതമാണ്. റമദാന്‍ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുകയെന്നത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. ഈ മാസത്തിന് സാക്ഷിയാകുന്നവന്‍ നോമ്പനുഷ്ഠിക്കണം (അല്‍ബഖറ: 185). ഇക്കാര്യത്തില്‍ മുസ്‌ലിംലോകത്ത് രണ്ടഭിപ്രായമില്ല. അത് നിഷേധിക്കുന്നവന്‍ ഇസ്‌ലാമിന് പുറത്താണ്. എന്നാല്‍ റമദാനില്‍ സൗകര്യമുണ്ടെങ്കില്‍ നോമ്പെടുത്താല്‍ മതി. ഇല്ലെങ്കില്‍ പിന്നീട് സൗകര്യപ്പെടുമ്പോള്‍ നോമ്പെടുത്താല്‍ മതിയെന്നാണ് ഗ്രന്ഥകാരന്‍ വാദിക്കുന്നത്. 328-ാം പേജില്‍ പറയുന്നു: ''വ്രതമനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ക്ക് റമദാനില്‍ നോമ്പ് ഒഴിവാക്കാം. പക്ഷേ, മറ്റു ദിവസങ്ങളില്‍ എടുത്താല്‍ മതി. നോമ്പിനോടൊപ്പം ഒരു ദരിദ്രന് ആഹാരം കൊടുക്കണമെന്ന് മാത്രം''. അഥവാ റമദാനിനുപകരം ഏകാദശി നോറ്റാലും മതിയെന്നര്‍ഥം.
തന്റെ വാദത്തിന് وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ''നോമ്പെടുക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു ദരിദ്രന് ആഹാരം എന്ന തോതില്‍ പ്രായശ്ചിത്തം നല്‍കാം'' എന്ന ഖുര്‍ആനിക സൂക്തമാണ് തെളിവായി ഉദ്ധരിച്ചിട്ടുള്ളത്. ഇതിന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന വിശദീകരണം, തുടക്കത്തില്‍ നോമ്പ് ഐഛികമായിരുന്നുവെന്നും നോമ്പിന് പകരം ദരിദ്രന് ആഹാരം നല്‍കിയാല്‍ മതിയെന്നുമായിരുന്നു നിയമം. പിന്നീട് അത് റദ്ദ് ചെയ്യുകയും കഴിയുന്നവരെല്ലാം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നും കല്‍പിച്ചു. ഇങ്ങനെ പടിപടിയായാണ് ഒരു മാസത്തെ വ്രതം നിര്‍ബന്ധമാക്കിയത്. ക്രമപ്രവൃദ്ധമായി ഒരു നിയമം നടപ്പാക്കുന്നതിനെ പരിഹസിച്ചുകൊണ്ടും അത് ദൈവത്തിന്റെ അജ്ഞതയെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുമാണ് ഗ്രന്ഥകാരന്‍ തന്റെ പുതിയ വാദം ആവിഷ്‌കരിച്ചത്. അതേസമയം മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും അവര്‍ നിന്നോട് ചോദിക്കുന്നു (يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ) എന്നതിന്റെ വിശദീകരണത്തില്‍ പടിപടിയായി സംസ്‌കരിക്കുന്നതിന്റെ ഔന്നത്യത്തെക്കുറിച്ച് വാചാലനാവുകയും ചെയ്യുന്നു (പേജ്: 387 കാണുക). ഖുര്‍ആന്‍ ഉദ്ധരിച്ച് എന്തും വിളിച്ചുകൂവാന്‍ അപാരമായ ചര്‍മസൗഭാഗ്യം വേണം.
നോമ്പിന് ശേഷം അടുത്ത ഇസ്‌ലാംമത സ്തംഭം ഹജ്ജാണ്. ഇബ്‌റാഹീം നബി പണിത കഅ്ബാലയവും പരിസരവുമാണ് ഹജ്ജിന്റെ കര്‍മഭൂമി. അദ്ദേഹത്തിന്റെ സ്മരണകളാണ് ഹജ്ജില്‍ നിറഞ്ഞുനില്‍ക്കുന്നത്. കഅ്ബാലയ പ്രദക്ഷിണം, ഹജറുല്‍ അസ്‌വദ് ചുംബിക്കുക, 'മഖാമു ഇബ്‌റാഹീമി'ല്‍ നമസ്‌കരിക്കുക, സ്വഫാ മർവാക്കിടയില്‍ ഓടുക, ജംറകളില്‍ എറിയുക, മൃഗബലി നടത്തുക എന്നിവയും ഹജ്ജ്കര്‍മങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഇവയൊന്നും അകംപൊരുള്‍കാരന് കണ്ണില്‍ പിടിക്കുന്നില്ല. ഇത്തരം കര്‍മങ്ങളെല്ലാം പരിഷ്‌കരിച്ച് ഇസ്‌ലാമിനെ കുറ്റമറ്റതാക്കാനാണ് ടിയാന്റെ ശ്രമം. അതിന്നായി ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത അര്‍ഥം നല്‍കി സംതൃപ്തിയടയുന്നു. അല്ലാഹുവിന്റെ ഭവനത്തെ ശുദ്ധീകരിച്ചുവെക്കാനും അവിടെ ത്വവാഫും ഇഅ്തികാഫും (ഭജനമിരിക്കുക) റുകൂഉം സുജൂദും (നമസ്‌കാരം) നിർവഹിക്കാനുമാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത്: أَنْ طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ഇതിന് നല്‍കിയ അര്‍ഥം (വ്യത്യസ്ത രീതിയില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടി ശുദ്ധീകരിച്ചു വെക്കുക). അപ്പോള്‍ കഅ്ബാലയത്തില്‍ ഏതുതരം ആരാധനയും ആകാമല്ലോ. കൂടാതെ وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى (മഖാമുഇബ്‌റാഹീമിനെ നമസ്‌കാരസ്ഥലമാക്കുക) എന്നതിന് നല്‍കി അര്‍ഥം ''ഇബ്‌റാഹീമിന്റെ നിലപാടുകളെ നിങ്ങള്‍ പിന്തുടരുന്നവരാകുവിന്‍'' എന്ന്. കഅ്ബാലയം നിര്‍മിക്കുമ്പോള്‍ ഇബ്‌റാഹീം കയറിനിന്ന കല്ലാണ് ഒരു സ്മാരകശിലയായി സംരക്ഷിച്ചു വെച്ചിട്ടുള്ളത്. ഹജറുല്‍ അസ്‌വദ് നിലനിര്‍ത്തിയപോലെ ഇതും ഒരു സ്ഫടികക്കൂട്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിന്ന് സമീപം നമസ്‌കരിക്കുന്നത് പുണ്യമായി കരുതപ്പെടുന്നു. അതിനെ പരിഹസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പറയുന്നത്. ''മാനവരാശിയുടെ നേതാവായ ഇബ്‌റാഹീമിന്റെ നിലപാടുകള്‍ പിന്തുടരാനാണ് (സ്ഫടികക്കൂട്ടിലെ കല്ലുകളെയല്ല) കല്‍പിച്ചിരിക്കുന്നത്.''
'തമത്തുഅ്' രീതിയില്‍ ഹജ്ജ് കര്‍മം നിർവഹിക്കുന്നവര്‍ (ആദ്യം ഉംറ നിർവഹിച്ച് ഇഹ്‌റാമില്‍ നിന്ന് മുക്തമായി പിന്നീട് ഹജ്ജ് നിർവഹിക്കുക) ഒരു മൃഗബലി നടത്തണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു. അല്‍ബഖറ 196-ല്‍ പറയുന്നു: ''ആരെങ്കിലും ഉംറ നിർവഹിച്ച് ഹജ്ജ് കാലം വരെ സൗകര്യം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സാധ്യമായ ബലി നടത്തേണ്ടതാണ്.'' ഗ്രന്ഥകാരന് ബലിയൊക്കെ പ്രാകൃതമായാണ് തോന്നുന്നത്. അതിനാലദ്ദേഹം ആയത്തിന്റെ അര്‍ഥം മാറ്റി. 'ബലിയറുക്കണം' എന്നതിനുപകരം 'കഴിയുന്ന ദാനം ചെയ്യണം' എന്നാക്കി. മുമ്പ് മൂസാ നബി തന്റെ അനുയായികളോട് പശുവിനെ അറുക്കാന്‍ പറഞ്ഞപ്പോള്‍, അവിടെയും ദാനം ചെയ്താല്‍ മതിയായിരുന്നില്ലേ?. അതോ هَدْي (ഹദ്‌യ്) - فَمَا اسْتَيْسَرَ مِنَ الْهَدْيِ - എന്ന ഖുര്‍ആനിക പദം هَدِيَّة (ഹദിയ്യ: ഗിഫ്റ്റ്, സമ്മാനം) എന്നാണെന്ന് തെറ്റിദ്ധരിച്ചുവോ?
ചുരുക്കത്തില്‍ നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയെല്ലാം തന്നിഷ്ടപ്രകാരം രൂപകല്‍പന ചെയ്യാനുള്ള വൃഥാശ്രമം 'അകംപൊരുളി'ലുടനീളം കാണാം. എല്ലാ മതങ്ങളിലെയും ആരാധനാകര്‍മങ്ങള്‍ സമാന സ്വഭാവത്തിലുള്ളതാണെന്ന് വരുത്തി കൈയടി വാങ്ങാനാണ് ശ്രമം.
അറബി അറിയാത്തവന്റെ ഖുര്‍ആന്‍ ഭാഷ്യം
ഖുര്‍ആന്‍ വ്യാഖ്യാനത്തിന്നൊരുങ്ങുന്നവന്‍ അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യമുള്ളവരായിരിക്കണം. ഭാഷാനൈപുണിയില്ലാത്തവന്‍ ഖുര്‍ആനില്‍ കയറി തോന്നിയതെല്ലാം വിളിച്ചുകൂവരുത്. അത്തരക്കാര്‍ക്ക് എന്താണ് ശിക്ഷയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
قُلْ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ مَتَاعٌ فِي الدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ الْعَذَابَ الشَّدِيدَ بِمَا كَانُوا يَكْفُرُونَ
''അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിപ്പറയുന്നവര്‍ വിജയിക്കാന്‍ പോകുന്നില്ല. ചില ഭൗതിക നേട്ടങ്ങള്‍ ലഭിച്ചേക്കും. പിന്നെയവര്‍ മടങ്ങിവരേണ്ടത് നമ്മുടെ അടുത്തേക്കാണ്. അപ്പോഴവരെ കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കും അവരുടെ സത്യനിഷേധം കാരണമായി'' (യൂനുസ്: 69,70). എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ദുർവ്യാഖ്യാനം ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങള്‍:
يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انْظُرْنَا وَاسْمَعُوا
(അല്‍ബഖറ: 104) എന്ന സൂക്തത്തിന് നല്‍കിയ പരിഭാഷ കാണുക: ''ആദര്‍ശശാലികളായവരേ, നിങ്ങള്‍ ബുദ്ധിശൂന്യമായ വര്‍ത്തമാനങ്ങള്‍ പറയരുത്. ഉള്‍ക്കാഴ്ചയുള്ള വാക്കുകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുവിന്‍''. സൂക്തത്തില്‍ പ്രയോഗിച്ച رَاعِنَا (ഞങ്ങളെ പരിഗണിക്കുക), انْظُرْنَا (ഞങ്ങളെ ശ്രദ്ധിക്കുക) എന്നതിനാണ് യഥാക്രമം ''ബുദ്ധിശൂന്യമായ വാക്കുകള്‍ പറയരുത്'' എന്നും ''ഉള്‍ക്കാഴ്ചയുള്ള വാക്കുകള്‍ പറയുക'' എന്നും അര്‍ഥമെഴുതിയത്. എന്നിട്ട് തന്റെ പുതിയ ഗവേഷണത്തെക്കുറിച്ച് ഒരുഗ്രന്‍ ഡയലോഗ് (ഈ വചനത്തിന്റെ പരമ്പരാഗത അര്‍ഥകല്‍പന ഇങ്ങനെയാണ്: വിശ്വാസികളേ! നിങ്ങള്‍ പ്രവാചകനോട് رَاعِنَا എന്ന് പറയരുത്. انْظُرْنَا എന്ന് പറയുക. കേള്‍ക്കുക. നിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. മിക്ക വ്യാഖ്യാനങ്ങളിലും ഈ രീതിയിലുള്ള അര്‍ഥമാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രവാചകനോട് മാത്രം അങ്ങനെ സംസാരിക്കരുത് എന്ന സൂചനയില്ല. ആരോടുമുള്ള സംഭാഷണങ്ങളിലും പുലര്‍ത്തേണ്ട മര്യാദയാണിത് സൂചിപ്പിക്കുന്നത്. ബുദ്ധിശൂന്യമായ എന്ന് പരിഭാഷപ്പെടുത്തിയത് رَاعِنَا എന്ന വാക്കിനെയാണ്. എന്ന رَعِينَة ധാതുവില്‍ നിന്നുണ്ടായതാണ് ഈ പദം. അവിവേകം, ബുദ്ധിശൂന്യത എന്നിങ്ങനെയാണ് ആ പദത്തിന്റെ അര്‍ഥം. 'റാഇനാ' എന്ന് അറബിയില്‍ പറയരുത് എന്നാണ് അര്‍ഥമെങ്കില്‍ അനറബികള്‍ക്ക് അതിലെന്തുകാര്യം (പേജ്: 202).
പ്രസ്തുത ആയത്തിന്റെ വിവക്ഷ ഖുര്‍ആന്‍ ഭാഷ്യക്കാര്‍ വിവരിച്ചത് ഇങ്ങനെ: കപടവിശ്വാസികള്‍ പ്രവാചക സദസ്സുകളില്‍ വന്നിരിക്കുകയും വിശ്വാസികളെപ്പോലെ നടിക്കുകയും ചെയ്യും. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ നബിയോടുള്ള വിദ്വേഷത്താല്‍ പതഞ്ഞുപൊങ്ങുന്നുണ്ടാവും. വിശ്വാസികള്‍ സാധാരണ നബിയുടെ സംസാരം വേണ്ടത്ര മനസ്സിലായില്ലെങ്കില്‍ 'റാഇനാ' എന്ന് പറയും. ഞങ്ങളെക്കൂടി പരിഗണിച്ച് ഒന്നുകൂടി വിശദീകരിക്കണം എന്നാണതിന്റെ താല്‍പര്യം. എന്നാല്‍ കപടന്മാര്‍ നാവുവളച്ചുകൊണ്ട് 'റാഈനാ' (ഞങ്ങളുടെ ഇടയാ!) എന്നുപറയും. പ്രവാചകന്‍ ചെറുപ്പത്തില്‍ ആട് മേച്ചില്‍കാരനായിരുന്നു എന്ന ദുസ്സൂചന അതിലുണ്ടായിരുന്നു. അതിനാല്‍ ഖുര്‍ആന്‍ വിശ്വാസികളോട് പ്രസ്തുത പദം ഒഴിവാക്കി സമാനാര്‍ഥമുള്ള 'ഉന്‍ളുര്‍നാ' എന്ന് ഉപയോഗിക്കാന്‍ പറഞ്ഞു. ഇതിനെയാണ് അകംപൊരുള്‍കാരന്‍ മാറ്റിമറിച്ച് അത് رَعِينَة എന്ന ധാതുവില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്നും അതിന്റെ അര്‍ഥം 'ബുദ്ധിശൂന്യമായ വാക്കുകള്‍ പറയരുത്' എന്നാണെന്നും വ്യാഖ്യാനിച്ചത്. എന്നാല്‍ رَعُونَة എന്നല്ലാതെ رَعَنَ എന്ന ധാതുവില്‍ നിന്ന് رَعِينَة എന്നൊരു പദം നിഷ്പന്നമായതായി അറബി നിഘണ്ടുകളിലൊന്നുമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അതില്‍നിന്ന് എങ്ങനെയാണ് رَاعِنَا എന്ന് നിഷ്പന്ന(اشتقاق)മാവുക. أُنظرنا، راعِنا എന്നിവയിലെ മുതകല്ലിമിന്റെ ളമീറിന് (نَا) നീ ഞങ്ങളെ നോക്കുക എന്നല്ലാതെ 'ഉള്‍ക്കാഴ്ചയുള്ള വാക്കുകള്‍ പറയുക' എന്നര്‍ഥം പറയാന്‍ അറബി ഭാഷയുമായി പുലബന്ധമുള്ള ഒരാളും ധൈര്യപ്പെടുകയില്ല. 'ഒരു സാർവലൗകിക ഗ്രന്ഥത്തില്‍ പ്രാദേശിക കാര്യങ്ങള്‍ എങ്ങനെ പറയും?' എന്നെല്ലാം കണ്ണുരുട്ടി തന്റെ വാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവന്‍ ഇങ്ങനെ എത്രയോ പ്രാദേശിക സംഭവങ്ങള്‍ ഖുര്‍ആനിലുണ്ട് എന്നതും പ്രവാചകനോടുള്ള മര്യാദകള്‍ പഠിപ്പിക്കുന്ന സൂക്തങ്ങള്‍ നിരവധിയാണെന്നും ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.
2. 189-ാം സൂക്തത്തില്‍ وَلَيْسَ الْبِرُّ بِأَنْ تَأْتُوا الْبُيُوتَ مِنْ ظُهُورِهَا എന്നും وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا എന്നും പറയുന്നുണ്ട്. ''വീടുകളില്‍ അതിന്റെ പിന്‍ഭാഗങ്ങളിലൂടെ പ്രവേശിക്കുന്നത് പുണ്യമല്ല'' എന്നും ''വീടുകളില്‍ അവയുടെ മുന്‍വാതിലിലൂടെ പ്രവേശിക്കുക'' എന്നുമാണ് അര്‍ഥം. ജാഹിലിയ്യാ കാലം മുതല്‍ നിലനിന്നിരുന്ന ഒരന്ധവിശ്വാസത്തെ തിരുത്തുകയാണിവിടെ. ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം വീടുകളില്‍ പ്രവേശിക്കേണ്ടി വരികയോ അല്ലെങ്കില്‍ ഹജ്ജ് നിർവഹിച്ച് വീട്ടിലേക്ക് മടങ്ങിവരികയോ ചെയ്യുമ്പോള്‍ മുന്‍വാതിലിലൂടെ പ്രവേശിക്കരുതെന്നായിരുന്നു അവരുടെ വിശ്വാസം. ഇതിനെ തിരുത്തി ഖുര്‍ആന്‍ പറഞ്ഞു, പുണ്യമെന്നത് ഇങ്ങനെ വീടുകളിലേക്ക് മുന്നിലൂടെയോ പിന്നിലൂടെയോ പ്രവേശിക്കുന്നതിലല്ല, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കലാണ് (وَلَكِنَّ الْبِرَّ مَنِ اتَّقَى). അതിനാല്‍ സാധാരണപോലെ വീടുകളില്‍ മുന്‍ഭാഗത്ത് കൂടിത്തന്നെ പ്രവേശിച്ചുകൊള്ളുക എന്ന്. എന്നാല്‍ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങളെല്ലാം ഖുര്‍ആനില്‍ പറയുന്നത് മോശമല്ലേ എന്നാണ് മാനവിക വ്യാഖ്യാനക്കാരന്‍ ചിന്തിക്കുന്നത്. അതിനാല്‍ ഗൃഹങ്ങള്‍ എന്നര്‍ഥമുള്ള (بُيُوت)-നെ ഗ്രഹങ്ങളാക്കി. എന്നിട്ട് സൂക്തത്തിന്റെ പരിഭാഷ ഇങ്ങനെയാക്കി: ''ഗ്രഹങ്ങളെ നിങ്ങള്‍ പിന്നിലൂടെ പിന്തുടരുന്നതല്ല പുണ്യം. ഗ്രഹങ്ങളെ അതിന്റെ മണ്ഡലങ്ങളിലൂടെ പിന്തുടരുക''. തുടര്‍ന്ന് അതിന് നല്‍കുന്ന വ്യാഖ്യാനം കാണുക: ''കേട്ടുകേള്‍വിയുടെയും ഭാവനാപൂര്‍ണമായ ഊഹങ്ങളുടെയും അടിസ്ഥാനത്തിലല്ല ഗ്രഹങ്ങളെ മനസ്സിലാക്കേണ്ടത്. അവയുടെ മണ്ഡലങ്ങളെയും രാശികളെയും നിലകളെയും പഠിച്ചും നിരീക്ഷിച്ചും വേണം. ഉദയചന്ദ്രനെ കിഴക്ക് നോക്കുന്നതിന് പകരം പടിഞ്ഞാറ് നോക്കുന്നത് ഗ്രഹത്തെ പിന്നാമ്പുറത്ത് കൂടി പിന്തുടരലാകുന്നു. ഓരോ ഗോളത്തിനും ദൈവം നിശ്ചയിച്ച വഴികളിലൂടെതന്നെ വേണം പിന്തുടരുക'' (പേജ്: 350). അങ്ങനെ അറബി ഭാഷക്കും ഗോളശാസ്ത്രത്തിനുമെല്ലാം തന്റേതായ പാഴ് സംഭാവനകള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുമുണ്ട്.
3. كُتِبَ عَلَيْكُمُ الْقِتَالُ (സമര പോരാട്ടം നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു - അല്‍ബഖറ: 216) എന്നു തുടങ്ങുന്ന ആയത്തിന്റെ വിശദീകരണത്തില്‍ قِتَال-ന്റെ വിവിധ അര്‍ഥങ്ങള്‍ പറഞ്ഞിട്ടുണ്ട്. അനന്തരം എഴുതുന്നു: ''യുദ്ധം എന്ന അര്‍ഥത്തില്‍ പരിമിതപ്പെടുത്തിയുള്ള വിശദീകരണമാണ് ഇതിന് നല്‍കപ്പെടാറുള്ളത്. എന്നാല്‍ യുദ്ധം എന്ന അര്‍ഥം ഖിതാല്‍ എന്ന പദത്തിന് ഒന്നാമത്തെയോ രണ്ടാമത്തെയോ പോലുമല്ല'' (പേജ്: 380). ഇസ്‌ലാമില്‍ യുദ്ധമല്ല, അഹിംസയാണ് ഉള്ളതെന്ന് തെളിയിക്കാനാണ് ഗ്രന്ഥകാരന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.
ഇങ്ങോട്ട് ആക്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു: وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുവിന്‍) എന്നും يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ (വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു) എന്നുമുള്ള ആയത്തുകളിലെല്ലാം قِتَال എന്ന് പ്രയോഗിച്ചിട്ടുള്ളത് യുദ്ധത്തെക്കുറിച്ച് തന്നെയാണ്. ''വിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതില്‍ യുദ്ധം ചെയ്യല്‍ വലിയ പാതകം തന്നെ. ആ മാസത്തില്‍ യുദ്ധം ചെയ്യല്‍ ഗൗരവമുള്ള സംഗതിയാകുന്നു'' എന്ന് ഗ്രന്ഥകാരന്‍ തന്നെ അര്‍ഥം പറയുന്നുണ്ടല്ലോ. പിന്നെ എങ്ങനെയാണ് قِتَال-ന് യുദ്ധമെന്ന അര്‍ഥം ഒന്നാമത്തെയോ രണ്ടാമത്തെയോ അല്ല എന്ന് പറയുന്നത്. ഖുര്‍ആനില്‍ പ്രയോഗിച്ച രണ്ടു സുപ്രധാന പദങ്ങളാണ് ഖിതാലും ജിഹാദും. ധനംകൊണ്ടും ശരീരം കൊും നിർവഹിക്കേണ്ട ത്യാഗപരിശ്രമങ്ങളാണ് ജിഹാദിന്റെ വിവക്ഷ. ഖിതാല്‍ എന്നാല്‍ ഇസ്‌ലാമിനെതിരെ ആക്രമണത്തിന് വരുന്നവരോടുള്ള സമരമാണ്. അനിവാര്യസന്ദര്‍ഭങ്ങളില്‍ അത് നിര്‍ബന്ധമായിത്തീരും. ആര്‍ക്കെല്ലാമോ വേണ്ടി അവയൊന്നും വളച്ചൊടിക്കേണ്ട ആവശ്യമില്ല.
4. وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ എന്ന ഖുര്‍ആന്‍ വചനം ''നിങ്ങളില്‍ ആരെങ്കിലും സത്യനിഷ്ഠവെടിയുകയും നിഷേധികളായി മരണപ്പെടുകയും ചെയ്താല്‍ ഈ ലോകത്തും പരലോകത്തും അവന്റെ സകല കര്‍മങ്ങളും നഷ്ടപ്പെട്ടതുതന്നെ'' എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ സൂക്തത്തിന്റെ ശരിയായ അര്‍ഥം, ''നിങ്ങളില്‍ ആരെങ്കിലും തന്റെ ദീന്‍ വെടിഞ്ഞ് അവിശ്വാസിയായി മരിച്ചാല്‍ അവന്റെ കര്‍മങ്ങളെല്ലാം വൃഥാവിലാകും'' എന്നാണ്. മുര്‍തദ്ദ് (മതപരിത്യാഗി) ആവുകയെന്നത് ഇസ്‌ലാമില്‍ കടുത്ത ശിക്ഷാര്‍ഹമായ പാതകമാണ്. ഇതിനെ ലഘൂകരിച്ചുകൊണ്ട് വ്യാഖ്യാനിക്കുന്നത് കാണുക: ''ഭൗതികതാല്‍പര്യത്തിന് വിധേയമായോ മറ്റോ ആദര്‍ശജീവിതം കൈയൊഴിഞ്ഞവരെ സംബന്ധിച്ചാണ് ഇവിടെ പരാമര്‍ശം. ഏത് ആദര്‍ശവും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് ദൈവം നല്‍കിയതാണ്. എന്നാല്‍ സത്യനിഷ്ഠ വെടിയരുത്, നിഷേധിയാകരുത് എന്നേയുളളൂ'' (പേജ്: 382). അഥവാ ഏത് മതക്കാരനായാലും കൊള്ളാം സത്യനിഷ്ഠ വേണമെന്ന് മാത്രം!
5. 256-ാം സൂക്തത്തിലെ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لَا انْفِصَامَ لَهَا (ആരെങ്കിലും ദൈവേതര ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്താല്‍ ശക്തമായ പാശമാണവന്‍ പിടിച്ചിരിക്കുന്നത്. അത് അറ്റുപോകില്ല) എന്ന സൂക്തം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സവിശദം വിവരിച്ചിട്ടുണ്ട്. ഇവിടെ طاغوت എന്ന പദം طغى എന്ന ഭൂതകാല ക്രിയയുടെ اِسم فاعل ആണ്. സാധാരണഗതിയില്‍ طاغي എന്നാണ് വരേണ്ടതെങ്കിലും طاغوت എന്നാകുമ്പോള്‍ مبالغة യുടെ അര്‍ഥം ലഭിക്കും. പരിധി ലംഘനത്തിന്റെ ആത്യന്തികതയും തീവ്രതയും സൂചിപ്പിക്കാനാണിത്. അതിനാല്‍ طاغوت-നെ പണ്ഡിതന്മാര്‍ ഇങ്ങനെ നിർവചിച്ചു: الطاغوت عبارة عن كل معتد وكل معبود من دون الله (ത്വാഗൂത് എന്നത് എല്ലാ അതിക്രമകാരികള്‍ക്കും അല്ലാഹുവിനെക്കൂടാതെ വിധേയത്വപ്പെടുന്ന ശക്തികള്‍ക്കുമുള്ള പ്രയോഗമാണ്). അപ്പോള്‍ ഇതിന് വ്യത്യസ്ത അര്‍ഥതലങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിലും വിവിധ വിവക്ഷകളില്‍ അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. അല്‍ബഖറ 256-ല്‍ അതിന്റെ അര്‍ഥം അല്ലാഹുവല്ലാത്ത ആരാധ്യരും അധിപതികളുമെന്നാണെങ്കില്‍ സൂറതുന്നഹ്ല്‍ 36-ല്‍ أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ എന്നതില്‍ അതിന്റെ അര്‍ഥം അല്ലാഹു അല്ലാതെ ഇബാദത്ത് ചെയ്യപ്പെടുന്ന ശക്തി എന്നാണ്. അന്നിസാഅ് 76-ല്‍ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ എന്നതില്‍ അതിന്റെ വിവക്ഷ മനുഷ്യരിലും ജിന്നുകളിലും പെട്ട പൈശാചിക ശക്തികളാണ്. അന്നിസാഅ് 60-ല്‍ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ എന്നതില്‍ طاغوت-ന്റെ താല്‍പര്യം വിശുദ്ധ ഖുര്‍ആന്നും പ്രവാചകചര്യക്കും എതിരായ നീതിശാസ്ത്രങ്ങളും വ്യവസ്ഥിതികളും സ്ഥാപനങ്ങളുമാണ്. അതിനാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകളെ മറികടന്നുകൊണ്ട് വിധി കല്‍പിക്കുന്ന ജിന്നുകളും മനുഷ്യരും പിശാചുക്കളും അല്ലാഹുവെക്കൂടാതെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളും ഗോളങ്ങളും പൂർവികരുമെല്ലാം അതിലുള്‍പ്പെടും (വിശദീകരണത്തിന് ഖുര്‍ആന്‍ ബോധനം വാ. 1, പേജ്: 503,504 നോക്കുക)
ഇവിടെ فَمَنْ يَكْفُرْ بِالطَّاغُوتِ എന്നതിന് 'പൈശാചികതയെ നിഷേധിക്കുക' എന്ന അര്‍ഥമാണ് ഗ്രന്ഥകാരന്‍ കൊടുത്തത്. പൈശാചികതയെ തളളിപ്പറയുക എന്നത് എല്ലാവര്‍ക്കും ഫിറ്റാകുന്ന ഒരു പദമാണല്ലോ. അപ്പോള്‍ എല്ലാവരെയും തൃപ്തിപ്പെടുത്താം. എന്നാല്‍ 'പൈശാചിക ശക്തികളെ നിരാകരിക്കുക' എന്നല്ലാതെ 'പൈശാചികത' എന്നാകുമ്പോള്‍ طاغوت മസ്വ്ദര്‍ (ക്രിയാധാതു) ആയി മാറും. ഭാഷാപരമായി അത് അബദ്ധമാണ്. اِسم فاعل-ന്റെ വകഭേദമാണ് ത്വാഗൂത് എന്ന് മുകളില്‍ വിശദീകരിച്ചുവല്ലോ. അതിന്റെ അര്‍ഥതലങ്ങളും നമുക്ക് ബോധ്യപ്പെട്ടു. എന്നാല്‍ ഗ്രന്ഥകാരന്റെ വിവരണം കാണുക: ''ത്വാഗൂത്ത് എന്ന പദത്തിന് ദൈവേതര ഭരണവ്യവസ്ഥ എന്ന് പരിഭാഷപ്പെടുത്തുന്നത് ഭാഷാപരമായും ഖുര്‍ആന്റെ ശൈലിവിശേഷണത്തോടും ചേരുന്നതല്ല. ജനാധിപത്യം, രാജവാഴ്ച, സൈനികം തുടങ്ങിയ ഏതുതരം സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന ഭരണകൂടങ്ങളെയും രണ്ടുവിഭാഗമായി തരംതിരിക്കാം. ഒന്ന്, നീതിനിഷ്ഠമായ ഭരണസംവിധാനം. രണ്ട്, അനീതിയില്‍ അധിഷ്ഠിതമായ ഭരണസംവിധാനം. ഈ രണ്ടുതരം ഭരണസംവിധാനങ്ങളില്‍ നീതിനിഷ്ഠമായ ഭരണസംവിധാനം അതിന് നേതൃത്വം നല്‍കുന്നവര്‍ ആരുമാകട്ടെ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കലാണ് ധര്‍മം'' (പേജ് 457).
6. അല്‍ബഖറ 282-ാം സൂക്തം കടമിടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇടപാടുകള്‍ നടത്തുമ്പോള്‍ അവ എഴുതി വെക്കണമെന്നും അനുയോജ്യരായ രണ്ടു പുരുഷന്മാര്‍ സാക്ഷികളായി ഉണ്ടാകണമെന്നും അതില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇനി രണ്ടുപുരുഷന്‍മാരെ ഒത്തുകിട്ടിയില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായാലും മതി. രണ്ടു സ്ത്രീകള്‍ വേണമെന്ന് എന്തുകൊണ്ടാണ് നിഷ്‌കര്‍ഷിച്ചത് എന്നുകൂടി പറയുന്നു. അതിലൊരാള്‍ക്ക് പിഴവ് പറ്റിയാല്‍ രണ്ടാമത്തെ സ്ത്രീ അവളെ ഓര്‍മിപ്പിക്കുകയും യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും വേണം. ഇത്രയും കാര്യങ്ങള്‍ അര്‍ഥശങ്കയില്ലാത്തവിധം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടുപുരുഷന്മാര്‍ (رَجُلَيْنِ) സാക്ഷികളായി വേണമെന്നും രണ്ടുപേരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടുസ്ത്രീകളും (فَرَجُلٌ وَامْرَأَتَانِ) വേണമെന്നും പ്രത്യേകം പറഞ്ഞത് അന്യഥാ വ്യാഖ്യാനങ്ങളില്ലാതിരിക്കാനാണ്. ചില സ്ത്രീവാദികള്‍ ഖുര്‍ആനെ അടിക്കാന്‍ ഈ സൂക്തം ദുരുപയോഗം ചെയ്യാറുണ്ട്. ഇസ്‌ലാം സ്ത്രീക്ക് പുരുഷന് തുല്യമായ പങ്ക് നല്‍കുന്നില്ലെന്നും അതുകൊണ്ടാണ് ഒരു പുരുഷന് പകരം രണ്ടുസ്ത്രീകള്‍ വേണമെന്ന് നിര്‍ദേശിച്ചതെന്നും അവര്‍ വാദിക്കുന്നു. യഥാര്‍ഥത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരു പുരുഷന് പകരം രണ്ടുസ്ത്രീകള്‍ വേണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. വൈകാരികമായ സ്വാധീനങ്ങള്‍ക്ക് വഴങ്ങുക, ഭീഷണിയുടെ മുന്നില്‍ ഭയചകിതയാവുക തുടങ്ങിയ സ്വഭാവം സ്ത്രീകളില്‍ കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് സ്ത്രീയുടെ പ്രകൃതിസഹജമായ ദൗര്‍ബല്യമാണ്. അത് പരിഗണിച്ചാണ് ഇവിടെയും രണ്ടുസ്ത്രീകള്‍ വേണമെന്ന് പറഞ്ഞത്. ഇത് ചില ഇസ്‌ലാം വിരോധികള്‍ മുതലെടുക്കുന്നുവെന്ന് മാത്രം. ഇത്തരക്കാര്‍ക്ക് വിടുവേല ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നതും ഇതുതന്നെ. ഫെമിനിസ്റ്റുകളുടെ കൈയടി വാങ്ങുന്നതിന് ഖുര്‍ആന്‍ സൂക്തം അദ്ദേഹം വളച്ചൊടിക്കുന്നത് കാണുക. ഈ സൂക്തത്തില്‍ പറഞ്ഞത് സാക്ഷിത്വത്തിന് ഒരു പുരുഷനോടൊപ്പം ഒരു സ്ത്രീ മതി എന്നുതന്നെയാണ്. രണ്ടാമത്തെ സ്ത്രീ യഥാര്‍ഥ സാക്ഷിയായ സ്ത്രീക്ക് കൂട്ടായി വരേണ്ടവളാണ്. അത് ഖുര്‍ആനിക പരാമര്‍ശത്തില്‍ വളരെ വ്യക്തമാണ്. 'പിഴച്ചാല്‍ ഓര്‍മിപ്പിക്കുന്നതിന്' എന്ന പ്രയോഗത്തില്‍ നിന്ന് അത് വ്യക്തമാകും. രണ്ടുസ്ത്രീകള്‍ (امْرَأَتَانِ) എന്ന് പറഞ്ഞാല്‍ 'ഇമ്മിണി വലിയ ഒന്നാ'ണെന്നും ഒരു സ്ത്രീ ഈ പ്രശ്‌നത്തില്‍ ഒരു പുരുഷന് പകരമാവുകയില്ലെന്നും സമ്മതിക്കുക തന്നെയല്ലേ ഇവിടെ ചെയ്യുന്നത്? ആയത്തിനുതന്നെ വികലമായ അര്‍ഥമാണ് കൊടുത്തിരിക്കുന്നത്. ''നിങ്ങളില്‍ നിന്ന് യോഗ്യതയുള്ള രണ്ടുപേര്‍ സാക്ഷി നില്‍ക്കട്ടെ. തികഞ്ഞ യോഗ്യതയുളള രണ്ടുപേര്‍ ഇല്ലെങ്കില്‍ ഒരാളും മറ്റു രണ്ടുപേരും ഒരാള്‍ക്ക് തെറ്റിയാല്‍ മറ്റൊരാള്‍ ഓര്‍മിപ്പിക്കുന്നതിന്'' (പേജ്: 496). എന്തെല്ലാം കരണംമറിച്ചിലുകളാണ് ഇവിടെ നടത്തിയത്. ഒരു പുരുഷനും രണ്ടുസ്ത്രീകളും (فَرَجُلٌ وَامْرَأَتَانِ) എന്നതിന് ഒരാളും മറ്റുരണ്ടുപേരുമെന്ന്. എന്നിട്ട് رجل-ഉം امْرَأَة-ഉം സ്ത്രീക്കും പുരുഷനുമൊക്കെ പ്രയോഗിക്കുമെന്ന് പറഞ്ഞു കരണം മറിയുന്നു. ഇവിടെ ഗ്രന്ഥകാരന്‍ നിലാവെളിച്ചത്ത് വിട്ട കോഴിയെ പോലെയാണ് പെരുമാറുന്നത്.
ഹിന്ദുത്വവും സൂഫിസവും കലര്‍ന്ന ദൈവവിശ്വാസം
ബഹുദൈവവിശ്വാസികളും ദിവ്യാനുരാഗത്തില്‍ ഭ്രമിച്ച സൂഫികളുമെല്ലാം നേർവഴിയിലാണെന്നും അവരെല്ലാം ഖുര്‍ആനിക ജീവിതം പിന്തുടരുന്നവരാണെന്നും സ്ഥാപിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം ഗ്രന്ഥകാരന്‍ പെടാപാടുപെടുന്നതായി കാണാം.
163-ാം സൂക്തത്തിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക:
وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ (നിങ്ങളുടെ ദൈവം ഏകനായ ദൈവം, കാരുണ്യവാനും കരുണാമയനുമായ അവനല്ലാതെ മറ്റൊരു ദൈവവുമില്ല.) തൗഹീദിനെ ഏറ്റവും വ്യക്തമായ രീതിയില്‍ സ്ഥാപിക്കുകയാണ് ഈ സൂക്തം. ഏകദൈവത്തിന് മാത്രമേ ദിവ്യത്വത്തിന് അര്‍ഹതയുള്ളൂവെന്നും അവന്‍ പരമകാരുണികനാണ് എന്നും പറഞ്ഞതിന്റെ വ്യാഖ്യാനം കാണുക: ''ദൈവം ഏകനാണ് എന്നത് പ്രപഞ്ചത്തിലെ മഹാസത്യമാണ്. ഈ സത്യത്തെ നിരാകരിക്കുന്ന ഒരു ദൈവവിശ്വാസിയും ഇന്നോളം ഉണ്ടായിട്ടില്ല. സർവമതങ്ങളും വേദങ്ങളും പ്രവാചകന്മാരും പുണ്യാത്മാക്കളും ഒരുപോലെ അംഗീകരിച്ച കേവലസത്യമാണത്'' (പേജ്: 276). എല്ലാ ജനങ്ങളും ആചാര്യന്മാരും ഏകദൈവവിശ്വാസികളാണെങ്കില്‍ നാം മുന്നില്‍ കാണുന്ന പരകോടി ദൈവങ്ങളും വേദങ്ങളുമെല്ലാം എന്താണ്?
وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ (സത്യവിശ്വാസികള്‍ സർവോപരി സ്‌നേഹിക്കുന്നത് അല്ലാഹുവിനെയത്രെ) എന്ന ആയത്തിന് അകംപൊരുളുകാരന്റെ അര്‍ഥം ''യഥാര്‍ഥ ദൈവബോധമുള്ളവര്‍ സർവേശ്വരനോട് കടുത്ത പ്രണയമുള്ളവനായിരിക്കും'' എന്നാണ്. ഈ സൂക്തത്തില്‍ നിന്ന് ടിയാന്റെ കണ്ടുപിടിത്തം, ''ദിവ്യാനുരാഗമാണ് മനുഷ്യനെ ഭക്തനാകാന്‍ പ്രേരിപ്പിക്കുന്നത്. സ്വര്‍ഗക്കൊതിയോ നരകഭീതിയോ അല്ല. ദിവ്യപ്രണയം അവരെ സദാ ഉല്ലാസഭരിതരാക്കും. ആരാധനകളും അനുഷ്ഠാനങ്ങളും പ്രണയോന്മാദത്തിന്റെ നിറവിലാണ് അവര്‍ നിർവഹിക്കുക. അനുരാഗമില്ലാത്ത ആരാധന ബലാല്‍ക്കാരം പോലെ അസഹനീയവും വിരുദ്ധഫലം സൃഷ്ടിക്കുന്നതുമായിരിക്കും'' (പേജ്: 291,292). അദ്ദേഹം തുടരുന്നു: ''സ്വര്‍ഗക്കൊതിയും നരകഭയവും പ്രചോദനമാകുമ്പോള്‍ കര്‍മം സ്വര്‍ഗ നരകങ്ങള്‍ എന്ന സൃഷ്ടികള്‍ക്ക് വേണ്ടിയായിരിക്കും'' (പേജ് 292).
ദൈവത്തോടുള്ള സ്‌നേഹം, ഇഷ്ടം (حُبّ، رِضَا) എന്നിവയെയാണ് ഗ്രന്ഥകാരന്‍ പ്രണയം, അനുരാഗം എന്നീ വാക്കുകളില്‍ വ്യാഖ്യാനിക്കുന്നത്. സൂഫിസത്തിന്റെ സ്വാധീനമാണ് ഈ വികലവ്യാഖ്യാനത്തിനാധാരം. അനുരാഗം, പ്രണയം എന്നിവ ഫ്രോയ്ഡിയന്‍ സങ്കല്‍പത്തിലുള്ള ലൈംഗികത കലര്‍ന്ന വികാരമാണ്. അതിന് അറബിയില്‍ عِشق എന്നോ غرام എന്നോ പറയും. എന്നാല്‍ ദൈവപ്രീതിയെക്കുറിച്ച് ഖുര്‍ആനിലോ സുന്നത്തിലോ ഈ പദങ്ങള്‍ ഒരിക്കലും പ്രയോഗിച്ചിട്ടില്ല. إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ (നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും (ആലുഇംറാന്‍: 31). ഇവിടെ രസകരമായ കാര്യം يُحْبِبْكُمُ اللَّهُ (അല്ലാഹു നിങ്ങളെ സ്‌നേഹിക്കും) എന്നതിന് സാധാരണപോലെ സ്‌നേഹം എന്ന് പ്രയോഗിക്കുകയും അതേപദം അല്ലാഹുവിനെ സ്‌നേഹിക്കുക എന്നിടത്ത് 'ദൈവത്തെ പ്രണയിക്കുക' എന്നും ആകുന്നതെങ്ങനെ? അപ്പോള്‍ പ്രണയവും അനുരാഗവുമൊന്നും ദൈവത്തിന് ചേര്‍ന്നതല്ലെന്ന് ഗ്രന്ഥകാരനും ഭംഗ്യന്തരേണ സമ്മതിക്കുകയാണല്ലോ. പ്രണയമില്ലെങ്കില്‍ ആരാധന പോലും ബലാല്‍ക്കാരമാകുമെന്നത് സൂഫികളില്‍ നിന്ന് കടമെടുത്തതാകാം.
മറ്റൊരു ഭീമാബദ്ധം, അല്ലാഹുവിന് ഇബാദത്ത് ചെയ്യേണ്ടത് അവനെ ഭയന്നുകൊണ്ടോ സ്വര്‍ഗം കൊതിച്ചുകൊണ്ടോ നരകം ഭയന്നുകൊണ്ടോ ആകരുത് എന്ന കണ്ടുപിടിത്തമാണ്. ഇത്തരം ജല്‍പനങ്ങളും ഖുര്‍ആന് കടകവിരുദ്ധവും ഇസ്‌ലാമികാധ്യാപനങ്ങളുടെ തിരസ്‌കാരവുമാണ്. ''തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷ ഭയന്നും പ്രതിഫലം കാംക്ഷിച്ചും പ്രാര്‍ഥനാ നിരതരാകുന്നവരാണ് സത്യവിശ്വാസികള്‍'' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. റുകൂഇലും സൂജൂദിലുമെല്ലാം ഇത് പ്രകാരമുളള ഭക്തിയാണവര്‍ പ്രകടിപ്പിക്കേണ്ടത്. എന്നാല്‍ പ്രണയലീലകളില്‍ അഭിരമിക്കുന്ന അകം പൊരുള്‍കാരന്റെ സുജൂദ് കാണുക: ''പ്രേമ പൂര്‍ണമായ പ്രണയഭാജനമായ ദൈവത്തിന്റെ മുഖത്ത് തന്റെ മുഖം ചേര്‍ത്തുവെക്കലാണ് സുജൂദ്. ദൈവത്തെ ചുംബിക്കലാണത്. ഓരോ ചുംബനവും അടുത്ത ചുംബനത്തെ അനിവാര്യമാക്കുന്നു''. (പേജ്: 426).
സമാപനം
ഖുര്‍ആന്‍ അകംപൊരുളിന്റെ ഒന്നാം വാള്യത്തിലൂടെ ഒരു വിഹഗവീക്ഷണം നടത്തിയപ്പോള്‍ ശ്രദ്ധയില്‍പെട്ട കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. കൂടുതല്‍ ശ്രദ്ധയോടെ വായിച്ചാല്‍ ഇതൊരു അബദ്ധപഞ്ചാംഗമാണെന്ന് കൂടുതല്‍ ബോധ്യപ്പെടും. എന്നാല്‍ സൂര്യപ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കണം; ''അല്ലാഹുവിന്റെ വെളിച്ചം സ്വന്തം വായകൊണ്ട് ഊതിക്കെടുത്താന്‍ അവരാഗ്രഹിക്കുന്നു. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമായി ജ്വലിപ്പിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്കത് അരോചകമാണെങ്കിലും'' (അസ്സ്വഫ്ഫ്: 8).
(പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ഖുര്‍ആന്‍: ആധുനിക ദുർവ്യാഖ്യാനങ്ങള്‍' എന്ന കൃതിയില്‍നിന്ന്)