'ഗസ്‌വത്തുല്‍ ഹിന്ദ്' ഒരു ഹദീസും കുറെ ഇസ്‌ലാംവിരോധികളും
അബ്ദുല്‍ അസീസ് അന്‍സാരി പൊന്‍മുണ്ടം
പരസ്പരവിശ്വാസത്തിലും സൗഹാര്‍ദത്തിലും കഴിഞ്ഞൂകൂടുന്ന ഇന്ത്യക്കാര്‍ക്കിടയില്‍, വിശിഷ്യാ മലയാളികള്‍ക്കിടയില്‍ വര്‍ഗീയവിഷം ചീറ്റാനും സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കാനുമുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ക്ക് പോര്‍ച്ചുഗീസ് അധിനിവേശത്തോളം പഴക്കമുണ്ട്. ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള വൈദേശിക ശക്തികള്‍ തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാനും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ബലഹീനമാക്കാനും വേണ്ടി വിവിധ മതസ്ഥരെ തമ്മില്‍ തെറ്റിക്കാനും അവര്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താനും ബോധപൂർവം ശ്രമിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു അവരുടെ നിലപാട്. തങ്ങളെല്ലാത്തവരൊക്കെ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്ന, മുസ്‌ലിംവംശഹത്യ രാജ്യരക്ഷാപരമായ അനിവാര്യതയാണെന്ന് വാദിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ മുഖ്യഅജണ്ടകളില്‍ ഒന്നും അതുതന്നെയാണ്. രാജ്യനിവാസികള്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കുന്നതിലും മുസ്‌ലിംവിരോധവും ഇസ്‌ലാമോഫോബിയയും വളര്‍ത്തുന്നതിലും അവരുടെ പങ്കെന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിര്‍ഭാഗ്യവശാല്‍ ഇത്തരം വിഷയങ്ങളില്‍ സംഘ്പരിവാറിനെപ്പോലും കവച്ചുവെക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു രാജ്യത്തെ ക്രിസ്ത്യാനികളില്‍ ഒരുവിഭാഗം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൗ ജിഹാദ് ആരോപണം അതിന്റെ ഭാഗമാണ്. അങ്ങനെയൊന്നില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സികളും കോടതി പോലും പറഞ്ഞിട്ടും അവരിപ്പോഴും പഴയ വാദമുപേക്ഷിച്ചിട്ടില്ല! ഇപ്പോഴിതാ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍, ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദ് കൂടിയുണ്ടെന്ന വര്‍ഗീയ പ്രസ്താവനയുമായി രംഗത്തിറങ്ങിയിരിക്കുന്നു! കൂടെ, താമരശ്ശേരി രൂപത അല്ലാഹുവിനെയും പ്രവാചകനെയും അവഹേളിച്ചുകൊണ്ടും, മന്ത്ര-തന്ത്രങ്ങളിലൂടെയും ഏലസ്സിലൂടെയും മുസ്‌ലിംകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടും പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയൊക്കെയാണിപ്പോള്‍ ക്രൈസ്തവരില്‍ ചിലര്‍ സംഘ് പരിവാറിന് മരുന്നിട്ട് കൊടുക്കുന്നത്! ഈ ആരോപണങ്ങള്‍ കേവലം നാക്ക് പിഴയോ അബദ്ധവശാല്‍ സംഭവിച്ചതോ അല്ലെന്നതും, ക്രൈസ്തവ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ അതിനുണ്ട് എന്നതുമാണ് നമ്മെ ചിന്തിപ്പിക്കേണ്ട ഘടകം.
ഇവ്വിധം ഇന്ത്യന്‍ മുസ്‌ലിംകളെ പൈശാചികവല്‍ക്കരിക്കുകയും ദേശസ്‌നേഹം ഇല്ലാത്തവരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ സംഘ്പരിവാറിന്റെ കൈയടിനേടാനും, കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച വിദേശ ഫണ്ടടക്കമുള്ള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ അനുകൂലതീരുമാനമുണ്ടാക്കാനും കഴിയും എന്നവര്‍ സ്വപ്നം കാണുന്നുണ്ടാവണം. അതല്ലെങ്കില്‍, കത്തോലിക്കാസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍നിന്നും സാമ്പത്തിക ആരോപണങ്ങളില്‍നിന്നും ക്രൈസ്തവവിശ്വാസികളുടെ ശ്രദ്ധതിരിക്കാനും, ക്രൈസ്തവര്‍ക്കിടയില്‍ മുസ്‌ലിംവിരുദ്ധതയുടെ കനല്‍കത്തിച്ച് പുതിയ രാഷ്ട്രീയ രസതന്ത്രത്തിന് കൊഴുപ്പേകാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാനും സാധ്യതയുണ്ട്. അതെന്തായാലും, പരസ്പര സ്‌നേഹത്തോടെ ജീവിക്കുന്ന ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി പരമതവിരോധം ഇളക്കിവിടാനുള്ള ഇത്തരം പൈശാചികശ്രമങ്ങളെ തുറന്നുകാണിക്കേണ്ടതും അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതും നിയമത്തിന്നു മുന്നില്‍ കൊണ്ടുവരേണ്ടതും രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ആഗ്രഹിക്കുന്നവരുടെ ബാധ്യതയത്രെ.
'ഗസ്‌വത്തുല്‍ ഹിന്ദ്'
ചില ഹദീസ്ഗ്രന്ഥങ്ങളില്‍' കിതാബുല്‍ ഫിതനി'ലോ 'ഗസ്‌വത്തുല്‍ ഹിന്ദ്:' എന്നതലക്കെട്ടിന് കീഴിലോ 'അല്‍ഹിന്ദി'നോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രവചനസ്വഭാവമുള്ള ഏതാനും നബിവചനങ്ങള്‍ കാണാം. മുമ്പുകാലത്ത് സംഘ് പരിവാര്‍ ശക്തികള്‍ മുസ്‌ലിംകളെ ഇന്ത്യാവിരുദ്ധരും തീവ്രവാദികളുമായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവയില്‍ ചിലത് എടുത്തുപയോഗിച്ചിരുന്നു. ഒരുപറ്റം അള്‍ട്രാ സെക്യുലറിസ്റ്റുകളും നാസ്തികരും ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരായും അതിനെ ദുരുപയോഗം ചെയ്തിരുന്നതായി കാണാം. എന്നാല്‍ ഇന്നിപ്പോള്‍ ആ ജോലിയും ചില ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നു! ഈയിടെഒരു ക്രൈസ്തവ യൂടൂബര്‍ വാദിച്ചതിങ്ങനെ: 'ഇന്ത്യക്ക് ഭീഷണി ആര്‍.എസ്.എസ്.അല്ല, മുസ്‌ലിംകള്‍ആണ്, ഭീകരവാദത്തിന്റെ സ്ലീപ്പര്‍ സെല്ല് ആണ് ഇസ്‌ലാം. ഇന്ത്യയെ കീഴടക്കുന്നവന് സ്വര്‍ഗമുണ്ട് എന്ന് മുഹമ്മദ് പറഞ്ഞിട്ടുണ്ട്, 'ഗസ്‌വാ അല്‍ഹിന്ദ്' എന്നാണ് ഹദീസ്. അതുകൊണ്ടാണ് കശ്മീരില്‍ ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാകുന്നത്...' സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകാര്‍ഥത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയത്തെക്കുറിച്ച ഒരു ലഘുപഠനമാണ് താഴെ.
ഹദീസുകള്‍ ഒരുവിശകലനം
'ഗസ്‌വത്തുല്‍ ഹിന്ദ്' വിഷയത്തില്‍ വിവിധ ഹദീസ് സമാഹാരങ്ങളില്‍ ഉദ്ധരിക്കപ്പെട്ടു വന്നിട്ടുള്ളതും ക്രൂരമായ ദുർവ്യാഖ്യാനത്തിനും തെറ്റിദ്ധരിപ്പിക്കലിനും വിധേയമായതുമായ സ്വീകാര്യമോ അസ്വീകാര്യമോ ആയ നബിവചനങ്ങളിവയാണ്:
1. عَنْ ثَوْبَانَ مَوْلَى رَسُولِ اللهِ ﷺ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « عِصَابَتَانِ مِنْ أُمَّتِي أَحْرَزَهُمُ اللهُ مِنَ النَّارِ: عِصَابَةٌ تَغْزُو الْهِنْدَ، وَعِصَابَةٌ تَكُونُ مَعَ عِيسَى ابْنِ مَرْيَمَ ».( رَوَاهُ أحمد 5/278 ، رقم 22449 ، والنسائى 6/42 ، رقم 3175 ، والبيهقى فى الكبرى 9/176 ، رقم 18381، والبخارى فى التاريخ الكبير 6/72، والديلمى 3/48 ، رقم 4124)
(സൗബാനില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍, അവര്‍ക്ക് അല്ലാഹു നരകത്തില്‍ നിന്ന് രക്ഷനല്‍കിയിരിക്കുന്നു. അല്‍ഹിന്ദ് കീഴടക്കുന്ന ഒരുസംഘവും ഈസബ്‌നുമര്‍യമിന്റെ കൂടെയുണ്ടാകുന്ന മറ്റൊരു സംഘവുമാണത്.)
2. عن أبي هريرة قال : وعَدَنا رسولُ اللهِ ﷺ غزوةَ الهندِ، فإنِ استُشهِدْتُ كنتُ مِن خيرِ الشُّهداءِ، وإنْ رجَعْتُ فأنا أبو هُريرةَ المُحرَّرُ. ( أخرجه النسائي ٣١٧٤ وأحمد ٧١٢٨)
(അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹംപറഞ്ഞു: അല്‍ഹിന്ദിനോട് സമരം ചെയ്യുമെന്ന് നബി(സ) ഞങ്ങളോട് വാഗ്ദാനം ചെയ്യുകയുണ്ടായി. ഞാനതില്‍ രക്തസാക്ഷിയായാല്‍ ഏറ്റവും ഉത്തമരക്തസാക്ഷികളില്‍ പെട്ടവനാകും. മടങ്ങിവന്നാലോ ഞാന്‍ സ്വതന്ത്രനായ അബൂഹുറൈറയായിരിക്കുകയും ചെയ്യും.)
3. عَنْ صَفْوَانَ بْنِ عَمْرٍو ، عَمَّنْ حَدَّثَهُ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : «يَغْزُو قَوْمٌ مِنْ أُمَّتِي الْهِنْدَ ، فَيَفْتَحُ اللَّهُ عَلَيْهِمْ حَتَّى يُلْقُوا بِمُلُوكِ الْهِنْدِ مَغْلُولِينَ فِي السَّلاسِلِ ، يَغْفِرُ اللَّهُ لَهُمْ ذُنُوبَهُمْ ، فَيَنْصَرِفُونَ إِلَى الشَّامِ فَيَجِدُونَ عِيسَى ابْنَ مَرْيَمَ بِالشَّامِ». (أخرجه نعيم بن حماد في الفتن: 1182)
(സ്വഫ്‌വാനുബ്‌നുഅംറ്, നബി(സ)യില്‍നിന്ന് ഒരാള്‍ തന്നോട് പറഞ്ഞതായി ഉദ്ധരിച്ചു. എന്റെ സമുദായത്തില്‍നിന്ന് ഒരുവിഭാഗം അല്‍ഹിന്ദിനോട് യുദ്ധംചെയ്യും. അല്ലാഹു അവര്‍ക്ക് വിജയം നല്‍കുകയും അങ്ങനെ അല്‍ഹിന്ദിലെ രാജാക്കന്മാരെ അവര്‍ചങ്ങലയില്‍ ബന്ധിച്ച് കൊണ്ടുവരികയും ചെയ്യും. അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. അവര്‍പിരിഞ്ഞു പോകുന്ന വേളയില്‍ സിറിയയില്‍വെച്ച് മര്‍യമിന്റെ മകന്‍ ഈസ(അ)യുമായി സന്ധിക്കും.)
'ഗസ്‌വത്തുല്‍ ഹിന്ദ്' വിഷയത്തില്‍വന്ന ഈ മൂന്ന് ഹദീസുകളില്‍ സ്വീകാര്യയോഗ്യമായിട്ടുള്ളത് ഒന്നാമതായി നാം വായിച്ച സൗബാനില്‍(റ)നിന്നുള്ള നിവേദനം മാത്രമാണ്. 'ഹസന്‍' ആയ ഹദീസാണത് എന്നാണ് പൊതുവെ പണ്ഡിതമതം. 'സില്‍സിലതുല്‍ അഹാദീസിസ്സ്വഹീഹ'യില്‍ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പ്രസ്തുത ഹദീസ് സ്വഹീഹ് ആണെന്ന് വിധിയെഴുതിയിട്ടുണ്ട് (ഹദീസ് നമ്പര്‍: 1934).
രണ്ടാമതായി കൊടുത്ത, അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഹദീസ് -പദപ്രയോഗങ്ങളിലെ ചെറിയവ്യത്യാസങ്ങളോടെ- മൂന്ന് വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഒന്നുപോലും പ്രശ്‌നമുക്തമല്ല.
അബൂഹുറൈറയില്‍നിന്ന് ജബറുബ്‌നു ഉബൈദവഴി ഉദ്ധരിക്കപ്പെടുന്ന നിവേദനമാണ് (മുസ്‌നദ് അഹ്മദ് 12/28) അവയില്‍ ഒന്ന്. ജബറില്‍നിന്ന് സിയാറുബ്‌നുല്‍ ഹകം മാത്രമേ ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെയാകട്ടെ ആരും പരിഗണനീയനായി കണക്കാക്കുന്നുമില്ല. 'അഥ്ഥിഖാത്തി'ല്‍ ഇബ്‌നുഹിബ്ബാന്‍ മാത്രമാണ് അമൂര്‍ത്തമായെങ്കിലും അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുള്ളത്. 'ഇത് ആരാണെന്ന് അറിയില്ല, ഈ നിവേദനം 'മുന്‍കര്‍' -നിവേദകപരമ്പരയിലുള്ള ഒരാള്‍ അധര്‍മിയോ അശ്രദ്ധയുള്ളവനോ മനഃപാഠത്തില്‍ ധാരാളമായി പിഴവു വരുത്തുന്നവനോ ആയതിനാല്‍ അസ്വീകാര്യമായത്- ആണെ'ന്നാണ് ഇമാം ദഹബിയുടെ പക്ഷം. (തഹ്ദീബുത്തഹ്ദീബ് 2/59).
രണ്ടാമത്തെ നിവേദനം, അബൂഹുറൈറയില്‍നിന്ന് ഹസനുല്‍ ബസ്വ്‌രിയും അദ്ദേഹത്തില്‍നിന്ന് അല്‍ബര്‍റാഉബ്‌നു അബ്ദുല്ല അല്‍ഗനവിയും ഉദ്ധരിക്കുന്നതാണ് (സുനനുന്നസാഈ 3173, മുസ്‌നദ് അഹ്മദ് 14/419). ഈ നിവേദനത്തില്‍ 'സിന്ധിലേക്കും അല്‍ഹിന്ദിലേക്കും നിയോഗിക്കപ്പെടുന്ന ഒരുസംഘം ഈ ഉമ്മത്തിലുണ്ടാവും' എന്നാണുള്ളത്. ബര്‍റാഉബ്‌നു അബ്ദുല്ലയുടെ നിവേദനങ്ങള്‍ ബലഹീനമാണെന്ന കാര്യത്തില്‍ ഹദീസ് വിശാരദന്മാര്‍ ഏകകണ്ഠരാണ്. (തഹ്ദീബുത്തഹ്ദീബ് 1/427). കൂടാതെ ഇതിന്റെ നിവേദക പരമ്പരയില്‍ അബൂഹുറൈറക്കും ഹസനുല്‍ ബസ്വ്‌രിക്കുമിടയില്‍ വിടവ് ഉണ്ട്താനും.
അബൂഹുറൈറയില്‍നിന്ന് കിനാനതുബ്‌നു നബീഹും അദ്ദേഹത്തില്‍നിന്ന് ഹാശിമുബ്‌നു സഈദും ഉദ്ധരിക്കുന്നതാണ് മൂന്നാമത്തേത്. ഇബ്‌നു അബീ ആസ്വിം 'അല്‍ജിഹാദി'ല്‍ 247-ാം നമ്പറില്‍ ഉദ്ധരിച്ച ഹദീസാണത്. ഹാശിമുബ്‌നു സഈദ് ദുര്‍ബലനാണ്. 'അദ്ദേഹം ഒന്നുമല്ല' എന്ന് ഇബ്‌നു മഈനും, ദുര്‍ബലന്‍ എന്ന് അബൂഹാതിമും പറഞ്ഞിരിക്കുന്നു. (തഹ്ദീബുത്തഹ്ദീബ് 11/17).
മൂന്നാമതായി നാം കൊടുത്ത സ്വഫ്‌വാനുബ്‌നു അംറ് നിവേദനം ചെയ്യുന്ന ഹദീസ് മുര്‍സല്‍ അഥവാ, താബിഇക്ക് ശേഷം സ്വഹാബിയെ പറയാതെ നേരിട്ട് നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. സ്വഫ്‌വാനുബ്‌നു അംറ് സ്വഹാബിയല്ല. അദ്ദേഹത്തോട് ആരാണ് പറഞ്ഞത് എന്ന് വ്യക്തവുമല്ല. ഈഹദീസ് -രണ്ടാം നമ്പറിലെ ഹദീസിന്റെ ആശയം കൂടി ഉള്‍കൊള്ളുംവിധം- വേറെ ചില പരമ്പരകളിലൂടെയും നുഐമുബ്‌നു ഹമ്മാദ് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അവയിലും വിവിധ പ്രശ്‌നങ്ങളുണ്ട്. ഒരുപരമ്പരയിലുള്ള അല്‍വലീദ്ബ്‌നു മുസ്‌ലിം തദ്‌ലീസ് ചെയ്യുന്ന -ഹദീസ് ഉദ്ധരിക്കുമ്പോള്‍ തന്റെ ഗുരുവിന്റെ പേര് ഒഴിവാക്കുന്ന- വ്യക്തിയാണ്. മറ്റൊരു പരമ്പര ബഖിയ്യത്ത്ബ്‌നുല്‍ വലീദ് ഉള്‍പ്പെടുന്നതാണ്. ഇദ്ദേഹവും തദ്‌ലീസ് ചെയ്യുന്നയാളാണ്. അബൂഹുറൈറയില്‍നിന്ന് ആരാണ് ഉദ്ധരിച്ചത് എന്നകാര്യം ഇവിടെയും അവ്യക്തമാണ്. ഇനിയുമൊരു പരമ്പരയുള്ളത് അര്‍ത്വാതിലൂടെയാണ്. അതിലാകട്ടെ മുര്‍സലിന്റെ പ്രശ്‌നമുണ്ട്താനും.
ചുരുക്കത്തില്‍, 'ഗസ്‌വത്തുല്‍ഹിന്ദ്' വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളില്‍ സ്വീകാര്യമായിട്ടുള്ള ഏക നിവേദനം നാം ആദ്യം പറഞ്ഞത് മാത്രമാണ്. വസ്തുത ഇതായിരിക്കെ, മുഹമ്മദ് നബി(സ)യുടെ ആ ഒരുവചനം കൊണ്ട ്ക്രിസ്ത്യാനികളിലെ ഇസ്‌ലാംവിരോധികള്‍ മുകളില്‍ പറഞ്ഞതുപോലുള്ള കബളിപ്പിക്കലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതേയുക്തിവെച്ച് പരാമൃഷ്ടവചനം കൊണ്ടും സമാന ആശയം വരുന്ന ബൈബിള്‍ വചനങ്ങള്‍ കൊണ്ടും നിഷ്പ്രയാസം പലര്‍ക്കും പലതും സ്ഥാപിക്കാം, അത് ക്രിസ്ത്യാനികള്‍ക്ക് തന്നെയും തിരിച്ചടിയാവും എന്നകാര്യം പക്ഷേ അവര്‍ അറിയാതെപോകുന്നു!
'അല്‍ഹിന്ദ്' എന്നാല്‍ പ്രാചീന ഇന്ത്യയോ അതോ ബസ്വ്‌റയോ?
മുകളില്‍ കൊടുത്ത ഹദീസുകളിലെ 'ഗസ്'വതുല്‍ഹിന്ദ്', 'ഇസ്വാബതുന്‍ തഗ്‌സൂ അല്‍ഹിന്ദ', യഗ്‌സൂഖൗമുന്‍മിന്‍ ഉമ്മതീ അല്‍ഹിന്ദ'എന്നിങ്ങനെയുള്ള പ്രയോഗങ്ങളെയാണ് നിലവിലെ ഇന്ത്യാരാജ്യത്തിനെതിരും രാജ്യദ്രോഹപരവുമാണതെന്നവണ്ണം ദുരുപയോഗം ചെയ്യുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യാറുള്ളത്. അല്‍ഹിന്ദ് യുദ്ധം, അല്‍ഹിന്ദ് കീഴടക്കുന്ന ഒരുവിഭാഗം, എന്റെ സമുദായത്തില്‍നിന്ന് ഒരു വിഭാഗം അല്‍ഹിന്ദിനോട് യുദ്ധംചെയ്യും എന്നൊക്കെയാണ് അവയുടെ അര്‍ഥം. ഇതിന് മുഹമ്മദ് നബി(സ) ഒരു വിശദീകരണം നല്‍കിയിട്ടില്ലെന്നിരിക്കെ, ഇവിടെ ഉദ്ദേശിക്കപ്പെട്ട രാജ്യം ഇന്നത്തെ നമ്മുടെ ഇന്ത്യയുള്‍പ്പെടുന്ന ഭൂപ്രദേശമാണെന്ന് എങ്ങനെ ഉറപ്പിച്ച് പറയും? പഴയ ബസ്വറയെ അറബികള്‍ അല്‍ഹിന്ദ് എന്നാണ് വിളിച്ചിരുന്നതെന്നിരിക്കെ വിശേഷിച്ചും?! അതുപോലെ, 'അസ്സിന്‍ദു വല്‍ ഹിന്ദ്'എന്നൊരു പ്രയോഗം മധ്യകാല അറബികള്‍ക്കിടയിലുണ്ടായിരുന്നു താനും. അബൂഹുറൈറയില്‍നിന്നുള്ള ഒരു നിവേദനത്തിലും പ്രസ്തുത പ്രയോഗം വന്നിട്ടുണ്ടെന്ന് നാം കണ്ടു. ഇന്നത്തെ ചൈനയുടെ ഭാഗമായ ടിബറ്റില്‍നിന്നും ഉല്‍ഭവിച്ച് പാകിസ്താനിലൂടെ ഒഴുകി കറാച്ചിയില്‍ അവസാനിക്കുന്ന 3180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെത്തന്നെ ഏറ്റവും വലിയ നദികളിലൊന്നായ സിന്ധു നദിയുടെ ചുറ്റുമുള്ള പ്രദേശങ്ങളെയാണ് പഴയകാലത്ത് അറബികള്‍ 'അസ്സിന്ധുവല്‍ഹിന്ദ്' എന്ന് വിളിച്ചിരുന്നത്. അഥവാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറമെ, ഇന്നത്തെ മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും വരെ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന, ലോകത്തിന്റെ കിഴക്കേയറ്റത്ത് വ്യാപിച്ചുകിടന്നിരുന്ന ഒരു അമൂര്‍ത്ത സങ്കല്‍പമായിരുന്ന വിശാല ഭൂപ്രദേശം. ജസീറത്തുല്‍ അറബിനു കിഴക്കും വടക്കുകിഴക്കും ഉള്ള, അതായത് ഖുറാസാന്‍, ചൈന അതിരുകള്‍ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ മൊത്തത്തില്‍. ഇന്നത്തെ ദേശരാഷ്ട്രങ്ങള്‍ വെച്ചുപറഞ്ഞാല്‍, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്ഥാന്റെയും മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും ചൈനയുടെയുമൊക്കെ ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന വിശാലമായ ഭൂപ്രദേശമാണ് മധ്യകാല അറബിയിലെ അല്‍ഹിന്ദ്.
മറ്റൊരുവിധം പറഞ്ഞാല്‍, സിന്ധൂനദിയുടെ പടിഞ്ഞാറുള്ള ഭാഗങ്ങളെയാണ് 'അസ്സിന്ധ്' കൊണ്ട് അറബികള്‍ അര്‍ഥമാക്കിയിരുന്നത്. സിന്ധൂനദിയുടെ കിഴക്കുഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്നതും ഇപ്പോള്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ ഭാഗമായിട്ടുള്ള പ്രദേശങ്ങള്‍ കൂടി ഉള്‍കൊള്ളുന്നതുമായ പ്രദേശങ്ങളെ ഉദ്ദേശിച്ച് 'ഹിന്ദ്' എന്നും പറയാറുണ്ടായിരുന്നു. ഹിന്ദ്, ഹിന്ദു എന്നിങ്ങനെയുള്ള പേരുകള്‍ പോലും 'സിന്ധു'മായും അതിന്റെ പേര്‍ഷ്യന്‍-ഗ്രീക്ക് ഉച്ചാരണഭേദവുമായും മറ്റും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. (കാണുക: ഇഅ്ജാസുല്‍ ഹഖ്ഖുദ്ദൂസി -താരീഖുസിന്ധ്, പേജ് 23, ലാഹോര്‍) പതിനാല് നൂറ്റാണ്ടുമുമ്പ്, മുഹമ്മദ് നബി(സ) ജീവിച്ച കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഇന്നത്തെപ്പോലെയുള്ള ഇന്ത്യയെന്ന ഒരുദേശരാഷ്ട്രം ഉണ്ടായിരുന്നില്ല, കുറേ ചെറുനാട്ടുരാജ്യങ്ങളായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ വസ്തുത മനസ്സിലാക്കിയാല്‍തന്നെ നിലവിലെ ഇന്ത്യയാണ് നാംചര്‍ച്ച ചെയ്യുന്ന ഹദീസിലെ അല്‍ഹിന്ദ് എന്ന് വാദിക്കാന്‍ ഒരുന്യായവുമില്ലെന്നും, ഇസ്‌ലാംവിരുദ്ധരുടെ ഇവ്വിഷയകമായ ആരോപണങ്ങളത്രയും പുകമറ മാത്രമാണെന്നും ബോധ്യമാവും.
അതിനാല്‍തന്നെ, ഇന്ത്യാ-പാക്ക് വിഭജനാനന്തരമുള്ള കാശ്മീരിലെ പ്രശ്‌നങ്ങളെ ഈ ഹദീസുമായി കൂട്ടിക്കെട്ടുന്നതിനും മുഹമ്മദ്‌നബി(സ)യെയും മുസ്‌ലിംകളെത്തന്നെയും നിലവിലെ ഇന്ത്യയോട് വിരോധമുള്ളവരായി ചിത്രീകരിക്കുന്നതിനും ഒരര്‍ഥവുമില്ല. ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധതയുള്ളവര്‍ക്കും ചരിത്രത്തോട് നീതിപുലര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്കും അങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ കഴിയില്ലതന്നെ.
ശ്രദ്ധേയമായ മറ്റൊരുകാര്യം, ഇന്ത്യയുടെ അന്നത്തെ ഭൂമിശാസ്ത്രഘടന പ്രകാരമായാലും പൗരാണിക അറേബ്യന്‍ മുസ്‌ലിംകളുടെ സാങ്കേതികഭാഷ പ്രകാരമായാലും, ഹദീസില്‍ വന്നിട്ടുള്ള 'അല്‍ഹിന്ദു' കൊണ്ടുള്ള ഉദ്ദേശ്യം ബസ്വ്‌റയാകാനുള്ള സാധ്യതയുണ്ട് എന്നതാണ്. എന്തെന്നാല്‍, പ്രവാചക കാലഘട്ടത്തില്‍ പേര്‍ഷ്യന്‍സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇന്നത്തെ ഇറാഖിലെ പ്രസിദ്ധ പട്ടണമായ ബസ്വ്‌റ പൂർവകാലങ്ങളില്‍ അല്‍ഹിന്ദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രിസ്ത്വബ്ദം 638-ല്‍ ഖലീഫ ഉമറിന്റെ കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചടക്കുന്നതുവരെ ബസ്വ്‌റയുള്‍ക്കൊള്ളുന്ന ഇറാഖ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അതിനെ ബസ്വ്‌റ എന്ന് വിളിച്ചതുപോലും മുസ്‌ലിംകളായിരുന്നുവത്രെ. 'മുസ്‌ലിംകള്‍ അവിടേക്ക് വന്നപ്പോള്‍ ദൂരെനിന്ന് നിരീക്ഷിച്ച സന്ദര്‍ഭത്തില്‍ കുറെ കല്ലുകളാണ് അവര്‍കണ്ടത്. അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് കല്ലുകള്‍ നിറഞ്ഞ ഭൂമി അഥവാ ബസ്വ്‌റയാണ്. അങ്ങനെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ ആ നാടിന് അപ്രകാരം പേര് വന്നത്' എന്ന് അബ്ദുല്ലാഹിബ്‌നു ഈസബ്‌നു ഇസ്മാഈല്‍ അന്നജ്ദിയുടെ 'താരീഖു മദീനത്തുല്‍ ബസ്വ്‌റ'യില്‍ (പേജ്: 19) പറയുന്നുണ്ട്. അറേബ്യയില്‍നിന്നും കരമാര്‍ഗം ഇന്ത്യയിലേക്കുള്ള പാതയിലാണ് ബസ്വ്‌റനിലകൊള്ളുന്നത് എന്നതുകൊണ്ട്, ഇന്ത്യയുടെ ദിക്കിലുള്ളനാട് എന്ന അര്‍ഥത്തിലായിരുന്നുവത്രെ ബസ്വ്‌റയെ 'അല്‍ഹിന്ദ്' (ഇന്ത്യ) എന്ന് വിളിച്ചിരുന്നത്. (മജ്മൂഉ റസാഇലുി ഇബ്‌നിറജബ്: 3: 205)
ഇമാം അബൂയുസുഫിന്റെ 'അല്‍ഖറാജി'ലും (1:73), ഇബ്‌നു സഅ്ദിന്റെ 'ത്വബഖാത്തി'ലും (7:3), ഇമാം ത്വബരിയുടെ 'താരീഖി'ലും (3:591), ഇബ്‌നുല്‍ അഥീറിന്റെ 'അല്‍കാമിലുഫിത്താരിഖിലും (2:316), ഇമാം ദഹബിയുടെ 'സിയറുഅഅ്‌ലാമിന്നുബലാഇ'ലും (2:393), ഇമാം ഇബ്‌നുകസീറിന്റെ 'അല്‍ബിദായ വന്നിഹായ'യിലും (7:57) എല്ലാം ബസ്വ്‌റയെ ഇന്ത്യ എന്നായിരുന്നു പ്രവാചകകാലഘട്ടത്തില്‍ വിളിച്ചിരുന്നത് എന്നതിന് ഉപോദ്ബലകമായ രേഖകളുണ്ട്. 'മുഹമ്മദിയ അധിനിവേശ കാലഘട്ടത്തില്‍, ബസ്വ്‌റയെ 'അര്‍സ്-ഉല്‍-ഹിന്ദ്', ഇന്ത്യന്‍ നാട് എന്നാണ് വിളിച്ചിക്കപ്പെട്ടിരുന്നത്' എന്ന് സുബോദ് കപൂര്‍ ഏഡിറ്റ് ചെയ്തതും ദല്‍ഹിയിലെ കോസ്‌മോ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതുമായ "The Indian Encyclopedia' (1/ 4718)-യിലും കാണാവുന്നതാണ്. കൂടാതെ, ബസ്വ്‌റക്കടുത്ത തുറമുഖനഗരമായിരുന്ന 'ഉബുല്ല' എന്ന സ്ഥലത്തെ 'മറജുല്‍ഹിന്ദ്' അഥവാ ഇന്ത്യന്‍ പുല്‍ത്തകിടി എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഇബ്‌നു ഖല്‍ദൂന്‍ തന്റെ താരീഖിലും (2:507) രേഖപ്പെടുത്തിയിരിക്കുന്നു.
അല്‍ഹിന്ദുകൊണ്ടുള്ള ഉദ്ദേശ്യം ബസ്വ്‌റയാണെന്ന് വ്യക്തമാക്കുന്ന, പ്രവാചകാനു ചരന്‍ ഖാലിദിബ്‌നു വലീദ്(റ) പറഞ്ഞതായി മുസ്‌നദു അഹ്മദ്, ദലാഇലുന്നുബുവ്വ:, ജാമിഉല്‍ മസാനിദ്, മുഅ്ജമുല്‍ കബീര്‍, മുഅ്ജമുല്‍ ഔസത്വ്, അല്‍മഅ്‌രിഫതു വത്താരീഖ്, താരീഖു ദിമശ്ഖ് തുടങ്ങി നിരവധി കൃതികളില്‍ ഉദ്ധരിക്കപ്പെട്ടുവന്നിട്ടുള്ള ഒരു സംഭവം ഇങ്ങനെ വായിക്കാം: 'ശാം അതിന്റെ സ്മൃതി ഇട്ടുതന്നതിന് ശേഷം വിശ്വാസികളുടെ നേതാവ്, ഉമറുബ്‌നുല്‍ ഖത്താബ് എനിക്ക് കത്തെഴുതി. എന്നോട് അല്‍ഹിന്ദിലേക്ക് നീങ്ങാന്‍ നിര്‍ദേശിച്ചു. -അല്‍ഹിന്ദ് എന്നാല്‍ അന്ന് ഞങ്ങളുടെ മനസ്സില്‍ ബസ്വ്‌റയാണ് (وَالْهِنْدُ فِي أَنْفُسِنَا يَوْمَئِذٍ الْبَصْرَةُ)- എനിക്കാകട്ടെ അല്‍ഹിന്ദിലേക്ക് പോകാന്‍ വൈമനസ്യമുണ്ടായിരുന്നുതാനും...'
ഇത്തരം തെളിവുകളുടെ പിന്‍ബലത്തില്‍, നാംചര്‍ച്ചചെയ്യുന്ന നബിവചനത്തില്‍ വന്നിട്ടുള്ള 'അല്‍ഹിന്ദു'കൊണ്ടുള്ള വിവക്ഷയും ഈ ബസ്വ്‌റയായിരിക്കാം എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല. അങ്ങനെ വരുമ്പോള്‍, അതിലെ 'തഗ്‌സൂ അല്‍ഹിന്ദ' എന്ന ഒരു പ്രയോഗത്തെ പ്രതി മനക്കോട്ടകള്‍ കെട്ടാനും ആരോപണങ്ങള്‍ ഉന്നയിക്കാനും 1947-ല്‍ സ്വതന്ത്രമായ അഭിനവ ഇന്ത്യയിലെ മുസ്‌ലിംകളെ രാജ്യവിരുദ്ധരായിചിത്രീകരിക്കാനും ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തം.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)