മൗദൂദിയും ദൈവിക പരമാധികാര സങ്കല്‍പവും - 4/4

ഡോ. മുഹമ്മദ് അമാറ‌‌
img

മൗദൂദിയുടെ നിലപാട്
'ദൈവിക പരമാധികാരം' എന്നത് അതിന്റെ നിയമസംഹിത(ശരീഅത്ത്)ക്ക് രാഷ്ട്രത്തിനും സമൂഹത്തിനും ജീവിത വ്യവഹാരങ്ങളിലെ സമസ്ത ശാഖകള്‍ക്കും മേല്‍ മേധാവിത്തം ലഭിക്കുകയും, ഇസ്‌ലാമിക ലോകത്തും മുസ്‌ലിംകളുടെ ഭൗതിക ലോകത്തും ചെങ്കിസ് ഖാന്റെ 'യാസാ' സംഹിതയിലേക്ക് വ്യതിചലിച്ചതില്‍ പിന്നെ, സാമ്രാജ്യത്വം വന്ന് ശരീഅത്തിന്റെ സ്ഥാനത്ത് പാശ്ചാത്യ നാഗരിക ദര്‍ശനത്തില്‍ അധിഷ്ഠിതമായ നിയമസംഹിത പകരം വെച്ചശേഷം വീണ്ടും ശരീഅത്തിന്റെ മേല്‍ക്കോയ്മ പുനഃസ്ഥാപിതമാവുകയും ചെയ്യുക എന്നാണെങ്കില്‍, ഈ ദൗത്യനിർവഹണമാണ് ഇസ്‌ലാമിക നവോത്ഥാന സാരഥികളടക്കമുള്ള ഇസ്‌ലാമിസ്റ്റുകളുടെയും ബഹുജനങ്ങളുടെയും ആഗ്രഹസാഫല്യമെങ്കില്‍ എന്താണ് അതിന്റെ സാക്ഷാല്‍ക്കാരമാര്‍ഗത്തെക്കുറിച്ച മൗദൂദിവിഭാവന?
നൂറ്റാണ്ടുകളായി നമ്മുടെ ജീവിതത്തില്‍ വിത്തിറക്കപ്പെട്ട, മൗദൂദി 'ജാഹിലിയ്യത്ത്' എന്ന് വിളിക്കുന്ന അനിസ്‌ലാമിക കലര്‍പ്പുകള്‍, പാശ്ചാത്യ സാമ്രാജ്യത്വം പരിപാലിച്ചു വളര്‍ത്തിയ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍, ഇസ്‌ലാമിസ്റ്റുകള്‍ക്ക് അധികാരം ലഭിക്കുന്നതോടെ തല്‍ക്ഷണം അവയൊക്കെ പിഴുതുമാറ്റി അവയുടെ സ്ഥാനത്ത് ശരീഅത്ത് നിയമങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് സങ്കല്‍പിക്കാന്‍ കഴിയുമാര്‍, അത്രക്ക് ലാഘവബുദ്ധിക്കാരനൊന്നുമല്ല അദ്ദേഹമെന്നറിയുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നിയേക്കാം! ഇസ്‌ലാമിസ്റ്റുകള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നം, നന്നായി സജ്ജമാകേണ്ട വെല്ലുവിളി, 'ഇസ്‌ലാമിക നവോത്ഥാനം' എന്ന ഭാരിച്ച ദൗത്യമാണ്, 'അവിടെയും ഇവിടെയും സംഭവിക്കുന്ന കേവലം ചില ഭാഗിക മാറ്റങ്ങളല്ല' എന്ന് നന്നായി തിരിച്ചറിയുന്ന കൂര്‍മബുദ്ധിയാണ് മൗദൂദി... ഈ 'നവോത്ഥാനം' സൃഷ്ടിച്ചെടുക്കണമെങ്കില്‍ അതിന് പര്യാപ്തമായ ആളും കോളും അത്യാവശ്യമാണ്... ഇസ്‌ലാമിക പ്രകൃതവുമായി ഒത്തുപൊരുത്തപ്പെടുംവിധം, ആ ദൗത്യത്തിന്റെ മഹത്വവുമായി ഒത്തിണങ്ങുന്ന വിധം ഇസ്‌ലാമില്‍ ഊട്ടപ്പെട്ട പ്രവര്‍ത്തകരും വിഭവങ്ങളും സുസജ്ജമാകുമ്പോള്‍ മാത്രമേ അത് സാധിതമാവുകയുള്ളൂ. അങ്ങനെ ധൃതികൂട്ടുന്ന, ഉപരിപ്ലവമായി ചിന്തിക്കുന്നവരോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ''ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഇന്നത്തെ മുസ്‌ലിംകളെ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഒരു ദിവസം പോലും ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസൃതം അത് കൊണ്ടുനടത്താന്‍ അവര്‍ക്കാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഇസ്‌ലാമിക രാഷ്ട്രം അതിന്റെ നിരവധി വകുപ്പുകള്‍ ക്രമീകരിച്ച് വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ സവിശേഷ ചിന്താഗതിയിലും സ്വഭാവ ഘടനയിലും നിങ്ങളുടെ വ്യക്തികളെയും യുവാക്കളെയും വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ ഘടകങ്ങളും അനിവാര്യ ഉപകരണങ്ങളും സജ്ജമാക്കാത്ത പക്ഷം 'ഇസ്‌ലാമിക രാഷ്ട്രം' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നവരെ കുറിച്ച് ഞാന്‍ എന്തു പറയാനാണ്? ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പൊരുളും യഥാര്‍ഥ ഉള്ളടക്കവും അറിയാം എന്നതൊഴികെ അതിന്റെ ഉപാധികളും സജ്ജീകരണങ്ങളും സംഘടിപ്പിക്കാതെ കുത്തിയിരിക്കുന്നവരെക്കൊണ്ട് എന്തു പ്രയോജനം!''31

ലക്ഷ്യത്തെ സംബന്ധിച്ച് തികഞ്ഞ യാഥാര്‍ഥ്യ ബോധം മൗദൂദിക്കുണ്ടായിരുന്നു. ഇസ്‌ലാമിക നിയമത്തിന്റെ വീണ്ടെടുപ്പ്, രാഷ്ട്രത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും നീതിന്യായ വ്യവസ്ഥകളുടെയും ജ്ഞാന മണ്ഡലങ്ങളുടെയും മേലുള്ള ശരീഅത്തിന്റെ മേല്‍ക്കോയ്മ എന്നീ ലക്ഷ്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ യാഥാര്‍ഥ്യബോധം ആ ദൗത്യത്തിന്റെ ഭാരത്തെയും അതിന്റെ മുമ്പിലുള്ള പ്രതിബന്ധങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നേരറിവില്‍നിന്ന് ഉറവയെടുത്തതായിരുന്നു. എത്രയോ കാലങ്ങളിലായി അതിന്റെ വക്താക്കള്‍ ദീക്ഷിച്ചുപോരുന്ന ഒരു തത്വത്തിന്റെ ഫലമാണിത്. അതിനാല്‍ 'ഇസ്‌ലാമിക നിയമത്തിന്റെ തല്‍ക്ഷണ പ്രയോഗവല്‍ക്കരണ'ത്തിനായി അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായില്ല. ആ ലക്ഷ്യപ്രാപ്തിയിലേക്കുള്ള 'ക്രമാനുഗത' മുന്നേറ്റത്തിനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഇക്കാലത്ത് ഇസ്‌ലാമിക പരിസരത്ത് വിവാദമഴിച്ചുവിട്ട ഈ പ്രശ്‌നത്തെക്കുറിച്ച് ദീര്‍ഘമെങ്കിലും, മൗദൂദിയുടെ പ്രസക്തമായൊരു പരാമര്‍ശമുണ്ട്: ''ഇസ്‌ലാമിക നിയമത്തെക്കുറിച്ച് ഒരുപാടാളുകളുടെ മനസ്സിനെ അലട്ടുന്ന ഒരു സംശയമുണ്ട്. സർവോപരി അത് ദൂരീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നാം ഈ രാജ്യത്ത് -പാകിസ്താനില്‍- ഇസ്‌ലാമിക നിയമത്തിലധിഷ്ഠിതമായ ഒരു ഭരണകൂടം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കേള്‍ക്കുന്ന മാത്രയില്‍ ആ സര്‍ക്കാറിന്റെ കീഴില്‍ എല്ലാ നിയമങ്ങളും നാം ഒറ്റയടിക്ക് റദ്ദു ചെയ്യുമെന്നാണ് അവര്‍ ധരിച്ചുവശാകുന്നത്. എന്നിട്ട് ഒറ്റ പ്രഖ്യാപനത്തിലൂടെ തദ്സ്ഥാനത്ത് ഉടന്‍ ഇസ്‌ലാമിക നിയമം നടപ്പിലാക്കുമെന്ന്. സാധാരണക്കാരുടെ മനസ്സിനെ മാത്രം ഗ്രസിച്ചതല്ല ഈ സംശയം. നമ്മുടെ മതമണ്ഡലത്തിലുള്ള പലരും ഈ തെറ്റിദ്ധാരണക്കിരയാണ്......
''ഏതു നാട്ടിലാകട്ടെ, നിയമത്തിന് ആ നാട്ടിലെ സദാചാര-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുമായി അഗാധ ബന്ധമുണ്ടെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അജ്ഞരാണിവര്‍. ആ നാട്ടിലെ ജീവിത വ്യവസ്ഥ മുച്ചൂടും മാറാതെ അവിടത്തെ നിയമ വ്യവസ്ഥ മാറുക എന്നത് തികച്ചും അസംഭവ്യമത്രെ....

''പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചയില്ലാത്തവരാണ് അവര്‍. സാമൂഹിക ജീവിതത്തിലെ വിപ്ലവമെന്നാല്‍ അവരെ സംബന്ധിച്ചേടത്തോളം കുട്ടിക്കളി മാത്രമാണ്. അല്ലെങ്കില്‍ നട്ട ഉടന്‍ വിളവെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്....''
'ക്രമാനുഗതികത്വത്തിന്റെ തത്വം' എന്ന ശീര്‍ഷകത്തില്‍ മൗദൂദി തുടര്‍ന്ന് എഴുതുന്നു:
''..... 'ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനം' എന്ന സങ്കല്‍പത്തിന് കര്‍മപ്പുടവ അണിയിക്കുന്നതില്‍ വിജയിക്കണമെന്ന് യഥാര്‍ഥത്തില്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാറ്റമില്ലാത്ത ഒരു പ്രകൃതി തത്വത്തെക്കുറിച്ച് നാം അശ്രദ്ധരാകാന്‍ പാടില്ലാത്തതാകുന്നു. സാമൂഹിക ജീവിതത്തില്‍ ക്രമാനുഗതമായിട്ടല്ലാതെ ഒരു വിപ്ലവവും സംജാതമാവുകയില്ല എന്നതാണത്. ഏതൊരു വിപ്ലവമാകട്ടെ, എത്രമാത്രം അത് ധൃതിപിടിച്ചതും തീവ്രവുമാണോ അത്രമാത്രം അത് തുടക്കത്തിലേ കെട്ടുറപ്പില്ലാതെ തകര്‍ന്നുപോകും. തത്വാധിഷ്ഠിതവും അടിയുറപ്പുള്ളതുമായ ഏതൊരു വ്യവസ്ഥയും ജീവിതത്തിന്റെ സമസ്ത വശങ്ങളിലും സമ്പൂര്‍ണമാംവിധം സന്തുലിതമായിരിക്കേണ്ടത് അനിവാര്യമത്രെ. അങ്ങനെ ഓരോ വശവും മറ്റേ വശത്തിന് താങ്ങായിരിക്കണം.''

ഇത്രടം എത്തുമ്പോള്‍ സഫലമായ വിപ്ലവങ്ങളൊക്കെ ഈ ക്രമാനുഗതികത്വം പാലിച്ചതായിരുന്നു എന്നതിന് മൗദൂദി ഉദാഹരണങ്ങള്‍ നിരത്താന്‍ തുടങ്ങുന്നു. പ്രവാചകന്റെ ശോഭന കാലഘട്ടം ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്:
''ഈ വിഷയത്തില്‍ നമുക്കുള്ള ഉത്തമ നിദര്‍ശനം പ്രവാചകന്റെ കൈയാലെ അറേബ്യയില്‍ സാക്ഷാല്‍കൃതമായ വിപ്ലവമാകുന്നു. പ്രവാചകന്‍ ഇസ്‌ലാമിക നിയമം അതിന്റെ ശാഖകളോടും കൂടി ഒറ്റയടിക്ക് നടപ്പിലാക്കുകയായിരുന്നില്ല എന്ന് ആ ജീവിതത്തെ കുറിച്ച് നേരിയ അറിവുള്ള ഒരാള്‍ക്കും അവ്യക്തമാവില്ല. മറിച്ച്, വിപ്ലവത്തിനു മുമ്പേ അതിനെ സ്വീകരിക്കാന്‍ സമൂഹത്തെയും നാടിനെയും ഒരുക്കിയെടുക്കണം. ക്രമപ്രവൃദ്ധമായി ഈ ഒരുക്കം നടന്നുകൊണ്ടിരിക്കെ, ജാഹിലിയ്യാ -അനിസ്‌ലാമിക- രീതികള്‍ മാറുകയും പകരം ഇസ്‌ലാമിക രീതികളും അതിന്റെ പുതു അടിത്തറകളും പ്രതിഷ്ഠ നേടുകയും ചെയ്യും.... ഇപ്രകാരം പ്രവാചകന്‍ രാഷ്ട്രീയ ശക്തി നേടുകയും നാട്ടിന്റെ വിഭവസ്രോതസ്സുകളും മാര്‍ഗങ്ങളും പൂര്‍ണമായി അധീനമാക്കുകയും ചെയ്തതോടെ നിര്‍മാണ പരിഷ്‌കരണ ദൗത്യത്തില്‍ നിരതനായി.... ഈ പുത്തന്‍ സമഗ്ര പരിഷ്‌കരണ സംരംഭത്തിന്റെ ഫലമായി ജീവിതത്തിന്റെ നാനാവശങ്ങളില്‍ വിപ്ലവം നടന്നുകൊണ്ടിരിക്കെ പൂര്‍ണ സന്തുലിതത്വം പാലിച്ചുകൊണ്ട് പ്രവാചകന്‍ ഇസ്‌ലാമിക നിയമം പ്രയോഗവല്‍ക്കരിച്ചുപോന്നു. ഒമ്പത് വര്‍ഷം ഇങ്ങനെ തുടര്‍ന്നപ്പോള്‍ നാട്ടില്‍ ഒരുവശത്ത് ഇസ്‌ലാമിക ജീവിതം കെട്ടിപ്പടുക്കുകയും മറ്റൊരു വശത്ത് ഇസ്‌ലാമിക നിയമം സമ്പൂര്‍ണമായി നടപ്പിലാവുകയും ചെയ്തു......
''നാം ഖുര്‍ആനും നബിചര്യയും അഗാധ പഠനത്തിന് വിധേയമാക്കുകയാണെങ്കില്‍ അറേബ്യയില്‍ പ്രവാചകന്റെ കൈയാലെ എവ്വിധം ക്രമപ്രവൃദ്ധമായും സംഗോപാംഗപ്പൊരുത്തത്തോടു കൂടിയുമാണ് ഇസ്‌ലാമിക വിപ്ലവം സൃഷ്ടിക്കപ്പെട്ടതെന്ന് നിസ്സംശയം മനസ്സിലാക്കാന്‍ സാധിക്കും. ഹിജ്‌റ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടയിലാണ് അനന്തരാവകാശ നിയമം നടപ്പിലാക്കിയത്. ഏഴു വര്‍ഷമെടുത്ത് പതുക്കെ പതുക്കെയാണ് വിവാഹ-വിവാഹമോചന നിയമങ്ങള്‍ക്ക് പ്രാബല്യം സിദ്ധിച്ചത്. ക്രിമിനല്‍ നിയമങ്ങള്‍ ഓരോരോ വകുപ്പുകളായി പൂര്‍ത്തിയാകാന്‍ എട്ടു വര്‍ഷം വേണ്ടിവന്നു. മദ്യനിരോധനത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടമുറിയാതെ ഒട്ടനവധി കൊല്ലങ്ങളെടുത്തു. അങ്ങനെ ഹി. എട്ടാം വര്‍ഷമാണ് അത് ഖണ്ഡിതമായി നിരോധിച്ചത്. പലിശയിടപാട് നടത്തുന്നവരെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരുന്നെങ്കിലും മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സംസ്ഥാപിതമായ ഉടന്‍ അത് റദ്ദു ചെയ്യപ്പെടുകയുണ്ടായില്ല. സാമ്പത്തിക വ്യവസ്ഥ മുഴുവന്‍ പുതിയ ചട്ടക്കൂടില്‍ വാര്‍ത്തെടുക്കപ്പെട്ടതില്‍ പിന്നെയാണ് ഹിജ്‌റ ഒമ്പതാം വര്‍ഷം അത് ഖണ്ഡിതമായി നിരോധിക്കുകയും റദ്ദു ചെയ്യുകയും ചെയ്തതായ പ്രഖ്യാപനം വന്നത്. ഇപ്പറഞ്ഞതിലൊക്കെ പ്രവാചകന്‍ പ്രവര്‍ത്തിച്ചത് ഒരു എഞ്ചിനീയറെപ്പോലെയാണ്. തന്റെ മനസ്സില്‍ വരച്ചുവെച്ച കെട്ടിടം പടുത്തുയര്‍ത്താന്‍ തനിക്ക് ചുറ്റും അദ്ദേഹം കല്‍പടവുകാരെ ഒരുമിച്ചുകൂട്ടി. അതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും സംഭരിച്ചു. കുഴിയെടുത്ത് തറയൊരുക്കി. പിന്നെ ഓരോരോ കല്ലെടുത്ത് എല്ലാ ഭാഗത്തു നിന്നും പടവ് കെട്ടിപ്പടുക്കാന്‍ തുടങ്ങി. നിരന്തരം വര്‍ഷങ്ങളോളം അധ്വാനവ്യയം ചെയ്ത് അവസാനം അത് പൂര്‍ത്തിയാക്കി.....''
പ്രവാചകന്റെ പ്രഥമ മാതൃക ഉദാഹരിച്ചശേഷം മൗദൂദി ക്രമാനുഗതികത്വത്തിന്റെ ആവശ്യകത വിശദീകരിക്കാനായി ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിവിപ്ലവം ഉദാഹരിച്ചു. 'ഇന്ത്യയില്‍ ഇംഗ്ലീഷ് കാലഘട്ടത്തിന്റെ മാതൃക' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം എഴുതി:
''...... രാജ്യത്തെ നിയമവ്യവസ്ഥ മാറ്റാനായി ഇംഗ്ലീഷുകാര്‍ ഏതാണ്ട് ഒരു നൂറ്റാണ്ടു മുഴുവന്‍ തന്നെ ചെലവഴിക്കുകയുണ്ടായി. ആദ്യം അവര്‍ ജീവിത വ്യവസ്ഥ ഓരോന്നോരോന്നായി മാറ്റി. തങ്ങളുടെ ചിന്താഗതിയും സിദ്ധാന്തവുമനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്തവരെ അവര്‍ ഒതുക്കിക്കൊണ്ടുവന്നു. അധിനിവേശത്തിലൂടെ അധികാരത്തിന്റെ ബലത്തില്‍ സ്വന്തം ചിന്താഗതികള്‍ പ്രചരിപ്പിച്ചു. ജനങ്ങളുടെ മനസ്സും സദാചാരവും സാമ്പത്തിക വ്യവസ്ഥയും മാറ്റാനായി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചു. അതായത് പഴയ നിയമങ്ങള്‍ റദ്ദ് ചെയ്ത് തദ്സ്ഥാനത്ത് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു കൊണ്ടിരുന്നു. പലതലങ്ങളിലുമുള്ള അവരുടെ സ്വാധീനശക്തി വര്‍ധിച്ചുകൊണ്ടിരുന്ന അളവില്‍ ഈ നാട്ടിലെ സാമൂഹിക വ്യവസ്ഥയും മാറിക്കൊണ്ടിരുന്നു....''
ഏതു വിപ്ലവത്തിന്റെയും ഗ്യാരണ്ടി ക്രമാനുഗതികത്വത്തെ ആസ്പദിച്ചാണ് നില്‍ക്കുന്നതെന്നതിനും മാറ്റങ്ങളുടെ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് മുന്നേ സംഭവലോകത്ത് മാറ്റങ്ങള്‍ സംജാതമായിരിക്കണമെന്നതിനും ഇസ്‌ലാമിക വിപ്ലവവും പ്രതി ഇസ്‌ലാമിക വിപ്ലവവും ഉദാഹരിച്ച ശേഷം 'ക്രമാനുഗതികത്വം അനിവാര്യം' എന്ന ശീര്‍ഷകത്തില്‍ മൗദൂദി തുടര്‍ന്നെഴുതുന്നു:
''കൗമാര പ്രായത്തിലുള്ള നമ്മുടെ രാജ്യത്ത് ഇസ്‌ലാമിക നിയമം പുനരുജ്ജീവിപ്പിച്ചു വീണ്ടും നടപ്പിലാക്കാന്‍ നാം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആംഗല ഭരണത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളഞ്ഞ് തദ്സ്ഥാനത്ത് നമ്മുടെ പുത്തനടയാളങ്ങള്‍ ഒറ്റ തൂലികാ സ്പര്‍ശത്താല്‍ മുദ്രണം ചെയ്യുക എന്നത് തീര്‍ത്തും അസാധ്യമാണ്. നാട്ടിന്റെ നിയമ വ്യവസ്ഥ ഒറ്റയടിക്ക് മാറ്റുക എന്ന അസാധ്യമായ കാര്യം സാധ്യമാകുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അതുകൊണ്ട് വിശേഷിച്ച് ഫലമൊന്നുമുണ്ടാവുകയില്ല. കാരണം, ജീവിത വ്യവസ്ഥയും നിയമ വ്യവസ്ഥയും അപ്പോഴും പരസ്പരബന്ധമറ്റു കിടക്കും. മാത്രമല്ല, രണ്ടും തമ്മില്‍ ഇടഞ്ഞും നില്‍ക്കും. അതോടെ ആ മാറ്റം പരാജയത്തിലാണ് കലാശിക്കുക. പ്രകൃതവുമായി ഇണങ്ങാത്ത കാലാവസ്ഥയിലും മണ്ണിലും നട്ട ചെടിപോലിരിക്കും അതിന്റെ അവസ്ഥ. അതിനാല്‍ ഉദ്ദിഷ്ട പരിഷ്‌കരണവും പരിവര്‍ത്തനവും ക്രമാനുഗകികത്വത്തിന്റെ തത്ത്വത്തിലായിരിക്കേണ്ടത് അനിവാര്യമാകുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-നാഗരിക-സദാചാര മാറ്റങ്ങളോട് സഹയാത്ര ചെയ്യുംവിധം സന്തുലിതമായി മാത്രമേ വ്യവസ്ഥാ മാറ്റം സംഭവിക്കാന്‍ പാടുള്ളൂ....
''സത്യം പറഞ്ഞാല്‍, അനുഭവസമ്പത്തും കാര്യഗൗരവവുമുള്ള ഉത്തമ ചിന്താഗതിക്കാരുടെ കരങ്ങളിലേക്ക് രാഷ്ട്രത്തിന്റെ അധികാരം നീങ്ങുകയും രാജ്യത്ത് നിലവിലുള്ള വിഭവ സാമഗ്രികളുടെയും മാര്‍ഗങ്ങളുടെയും സഹായത്തോടെ പരിഷ്‌കരണത്തിനായി വരച്ചിട്ട ഭദ്രമായ വഴികളിലൂടെ അവര്‍ സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്താല്‍, ഒരു ദശവര്‍ഷം കഴിയുംമുമ്പ് തന്നെ നാട്ടിലെ സാമൂഹിക ജീവിതം അടിമുടി അട്ടിമറിയാന്‍ പിന്നെ കാലതാമസം വേണ്ടിവരില്ല. അതോടെ പഴയ നിയമങ്ങള്‍ റദ്ദ് ചെയ്യുകയും അവ പരിഷ്‌കരിച്ച് തദ്സ്ഥാനത്ത് പുതിയ ഇസ്‌ലാമിക നിയമങ്ങള്‍ സന്തുലിതവും സുസംഘടിതവുമായ രൂപത്തില്‍ നടപ്പിലാക്കാന്‍ ആരംഭിക്കുകയും ചെയ്യും. അങ്ങനെ ജാഹിലിയ്യാ (അനിസ്‌ലാമിക) നിയമങ്ങളില്‍ ഒരു നിയമവും നിലവിലുണ്ടാകില്ല. ഇസ്‌ലാമിക നിയമങ്ങളില്‍ ഒന്ന് പോലും, ദൈവേഛയാല്‍ നടപ്പിലാകാതെ പോവുകയുമില്ല....''
പിന്നീട്, ഇസ്‌ലാമിക പ്രസ്ഥാനത്തിന് മുന്നില്‍ ഉദ്ദിഷ്ട ഇസ്‌ലാമിക പരിവര്‍ത്തനത്തിന് അനിവാര്യമായി എണ്ണപ്പെടുന്ന ഉപകരണങ്ങളില്‍ പെട്ട മൂന്ന് പ്രധാന ദൗത്യങ്ങള്‍ മൗദൂദി നിര്‍ണയിക്കുന്നു:
''1. ഇസ്‌ലാമിക നിയമ പൈതൃകത്തിനും ഇസ്‌ലാമിക നിയമനിര്‍മാണ നിദാനശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും നിയമാവിഷ്‌കാരം നല്‍കുക. പുതിയ പ്രശ്‌നങ്ങളില്‍ നിയമ ഗവേഷണം നടത്തുകയും നമ്മുടെ നിയമശാസ്ത്ര (ഫിഖ്ഹ്) പൈതൃകം സമകാലിക നിയമജ്ഞര്‍ക്ക് സുപ്രാപ്യ സ്രോതസ്സായി മാറത്തക്കവിധം പുനഃസജ്ജീകരിക്കുകയും ചെയ്യുക.
2. ഈ ഇസ്‌ലാമിക നിയമത്തിന് കാലിക രൂപം നല്‍കുക.
3. നിയമ കലാശാലകളിലെ നിയമപഠനം ഇസ്‌ലാമിക നിയമം സ്ഥാപിക്കാന്‍ പ്രാപ്തരായവരെ തയാറാക്കാനായി ഇസ്‌ലാമീകരിക്കുക.
ഈ ദൗത്യങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി:
'....... നമ്മെ സംബന്ധിച്ചേടത്തോളം ന്യായമായിട്ടുള്ളത് നമ്മുടെ നിലവിലെ ആവശ്യ പൂര്‍ത്തീകരണത്തിനുവേണ്ടി മഹാന്മാരായ നമ്മുടെ പൂർവഗാമികള്‍ വിട്ടേച്ചുപോയത് പ്രയോജനപ്പെടുത്തുകയും വര്‍ത്തമാനകാലത്തെയും ഭാവിയിലെയും ആവശ്യങ്ങളുടെ തോതനുസരിച്ച് ഈ നിയമസൗധം കെട്ടിപ്പടുക്കുന്നത് തുടരുകയും ചെയ്യുക എന്നതാണ്. നമ്മുടെ പൂർവികര്‍ നമുക്കായി വിട്ടേച്ചുപോയ നിയമശാസ്ത്ര പൈതൃകം അവലോകനം ചെയ്യേണ്ട ദൗത്യം ഒരു കൂട്ടം പണ്ഡിതപ്രതിഭകളെ ചുമതലപ്പെടുത്തേണ്ടത് ഇന്ന് വളരെ അത്യാവശ്യമായിരിക്കയാണ്. അതില്‍ കണ്ടെത്താവുന്ന ഫലപ്രദമായ വിഷയങ്ങള്‍ക്ക് കാലഘട്ടത്തിന്റെ നിയമഭാഷയില്‍ അവര്‍ ഗ്രന്ഥരൂപം നല്‍കട്ടെ..... അതിനു ശേഷം നിയമനിര്‍മാണ തത്ത്വങ്ങളുടെയും യുക്തികളുടെയും ഗ്രന്ഥങ്ങളും ആധുനിക ഭാഷയില്‍ പുനഃക്രോഡീകരിക്കേണ്ടതുണ്ട്. അവക്ക് പുതിയ ശീര്‍ഷകങ്ങള്‍ നല്‍കുകയും ചിതറിക്കിടക്കുന്ന വിഷയങ്ങള്‍ ഒരു ശീര്‍ഷകത്തില്‍ സമാഹരിക്കുകയും വേണം. ഇസ്‌ലാമിക നിയമമീമാംസ കുറ്റമറ്റ രൂപത്തില്‍ ശരിയാംവിധം ആധുനിക കാലത്തെ നിയമജ്ഞന്മാര്‍ക്ക് മനസ്സിലാക്കാന്‍ സഹായകമാം വിധത്തില്‍ വിഷയാനുക്രമികയും നാമസൂചികയുമൊക്കെ തയാറാക്കുകയും വേണം.

ഈ വിഷയകമായി രണ്ടാമത് ചെയ്യാനുള്ളത് നിയമവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വിധികള്‍ ആധുനിക നിയമ പുസ്തകങ്ങളുടെ മാതൃകയില്‍ ക്രോഡീകരിക്കാനായി പരിചയസമ്പന്നരായ ആധികാരിക നിയമജ്ഞന്മാരുടെ ഒരു സമിതി രൂപീകരിക്കുക എന്നതാണ്.

മൂന്നാമതായി വേണ്ടത് ഇസ്‌ലാമിക നിയമം പ്രയോഗവല്‍ക്കരിക്കുന്നതിന് വൈജ്ഞാനികമായും ധാര്‍മികമായും പൂര്‍ണസജ്ജരായ വിദ്യാര്‍ഥിസമൂഹത്തെ സൃഷ്ടിച്ചെടുക്കാനായി നമ്മുടെ നിയമകലാലയങ്ങളിലെ അധ്യാപനരീതി മാറ്റി പഠനവിഷയത്തിലും ശിക്ഷണ ശൈലിയിലും നടപ്പുരീതി മാറ്റുക എന്നതത്രെ'' (അല്‍ ഖാനൂനുല്‍ ഇസ്‌ലാമി വ ത്വുറുഖു തന്‍ഫീദിഹി ഫീ ബാകിസ്താന്‍, പേ: 189-197).
ഇതാണ് ഇസ്‌ലാമിക വിപ്ലവത്തിലേക്കുള്ള ക്രമാനുഗത രീതിശാസ്ത്രവും അത് വിജയിപ്പിച്ചെടുക്കാനുള്ള മാര്‍ഗങ്ങളും. 'ദൈവിക ശരീഅത്തിന്റെ ആധിപത്യം' രാഷ്ട്രത്തിലും സമൂഹത്തിലും ഇസ് ലാമിക ലോകത്തിലെ ധൈഷണിക-ഭൗതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും വീണ്ടും മേല്‍ക്കോയ്മ നേടാന്‍ മൗദൂദി നിര്‍ണയിക്കുന്ന മാര്‍ഗം ഇതാണ്.

അപ്പോള്‍ നിയമത്തിന്റെ മാറ്റം രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സദാചാര ജീവിതാവസ്ഥകളുടെ മാറ്റത്തിന്റെ സഹചാരി അല്ലെങ്കില്‍ ഫലമാകുന്നു.
ഈ മാറ്റം ക്രമാനുഗതികത്വത്തെ ആസ്പദിച്ചു നില്‍ക്കുന്നതാണ്. എന്തുകൊണ്ടെന്നാല്‍, ക്രമാനുഗതികത്വമാണ് ജീവിതത്തിന്റെ സകല ശാഖകളിലും മാറ്റത്തിന്റെ ഫലങ്ങള്‍ വ്യാപകമായി പ്രകടമാകാനുള്ള വഴി; അങ്ങനെ ഈ ശാഖകള്‍ പരസ്പരം ശക്തിപ്പെടുത്താനും മാറ്റം ആഴത്തില്‍ വേരൂന്നാനും.
ദൈവിക ശരീഅത്തിന്റെ ആധിപത്യം വീണ്ടെടുക്കുന്നതിന് ഈ ക്രമാനുഗതികത്വം അനിവാര്യമാണെന്നതിന് സാക്ഷ്യമാണ് വിജയിച്ച എല്ലാ വിപ്ലവങ്ങളിലും അതിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത്... പ്രവാചക കാലഘട്ടത്തിലെ ആദ്യത്തെ ഇസ്‌ലാമിക വിപ്ലവമാകട്ടെ, ഇന്ത്യയില്‍ അധിനിവേശം നടത്തിയ ശേഷം ആംഗല സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതി ഇസ്‌ലാമിക വിപ്ലവമാകട്ടെ....
അതിനാല്‍ സംഭവലോകത്തിന്റെ മാറ്റവും അതിന്റെ ഇസ്‌ലാമികവല്‍ക്കരണവും പുതിയ ഇസ്‌ലാമിക വിപ്ലവത്തിന്റെ സാധുതക്ക് ഉപാധിയാകുന്നു; നിയമത്തിനും -ഏതു നിയമമായാലും- അതിനെ ക്രമീകരിക്കുകയും അതിന്റെ ചലനത്തെ കൃത്യപ്പെടുത്തുകയും ചെയ്യുന്ന ജീവിത യാഥാര്‍ഥ്യത്തിനുമിടയില്‍ സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ഉപാധിയാണിത്.

ഈ ഇസ്‌ലാമിക വിപ്ലവം സൃഷ്ടിച്ചെടുക്കാനും അതിന്റെ നൈരന്തര്യം ശാശ്വതീകരിച്ചു വിജയം ഉറപ്പിക്കാനും ആവശ്യമായ ഉപകരണങ്ങളും മാര്‍ഗങ്ങളും ഒരുക്കേണ്ടതും അത്യാവശ്യമത്രെ. ആ ഉപകരണങ്ങള്‍ ധൈഷണിക തലത്തിലുള്ളതാകട്ടെ, പുതിയ ഇസ്‌ലാമിക ചിന്തക്കനുസൃതമായ പ്രതിഭാ ശക്തിയും ധാര്‍മിക നിലവാരവും തികഞ്ഞ മനുഷ്യ വിഭാവതലത്തിലുള്ളതാകട്ടെ....
*****
ചരിത്രപരമായ ഈ ഉദ്ദിഷ്ട മാറ്റത്തില്‍ പുരാതന പൈതൃകമെന്ന നിലയിലും ആധുനിക ഇജ്തിഹാദ് (ഗവേഷണം) എന്ന നിലയിലും ഇസ്‌ലാമിക നിയമശാസ്ത്ര (ഫിഖ്ഹ്)ത്തിന്റെ പങ്കിനെയും 'ദൈവിക പരമാധികാരം' വീണ്ടെടുക്കേണ്ട മാര്‍ഗത്തെയും കുറിച്ചുള്ള മൗദൂദിയുടെ ദര്‍ശന സംബന്ധമായ സംസാരം ഇത്രയുമെത്തുമ്പോള്‍ ഇസ്‌ലാമിക നിയമശാസ്ത്ര പൈതൃക വൈവിധ്യത്തില്‍ എന്താണ് അദ്ദേഹത്തിന്റെ നിലപാട് എന്ന ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ആ വൈവിധ്യത്തിന്റെ ഫലങ്ങള്‍ സുന്നീ-ശീഈ കര്‍മസരണികളായി മുസ്‌ലിംകള്‍ക്കിടയില്‍ വിഭജിതമായ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഈ വിഭജനത്തിന്റെ ആഘാതങ്ങള്‍ ഇപ്പോഴും അറിയുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്താണ് സ്മര്യപുരുഷന്‍ വളരുകയും അദ്ദേഹത്തിന്റെ ചിന്തകള്‍ പുഷ്ടിപ്പെടുകയും ചെയ്തതെന്നത് ഈ ചോദ്യത്തിന്റെ പ്രസക്തിയെ വര്‍ധിപ്പിക്കുന്നു. ഈ ഖണ്ഡത്തില്‍ മൗദൂദിയുടെ നിലപാടില്‍ ശ്രദ്ധേയമായ ചില അടയാളങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും:
വിഭാഗീയതയുടെയും മദ്ഹബീ പക്ഷപാതിത്വത്തിന്റെയും കഠിന വിരോധിയാണ് മൗദൂദി. ഇസ്‌ലാമിനെ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖലയായാണ് അദ്ദേഹം കാണുന്നത്. ശുദ്ധമായ ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്ത എല്ലാ വിഭജനങ്ങള്‍ക്കും അതീതമായ ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. അദ്ദേഹം, തന്നെപ്പറ്റി സംസാരിക്കുന്നത് നോക്കുക: ''എല്ലാത്തരം വംശീയ-വിഭാഗീയ കൂട്ടുകെട്ടുകളില്‍നിന്നും സദാ ഞാന്‍ അകലം പാലിച്ചുപോന്നിട്ടുണ്ട്. പ്രകൃത്യാ തന്നെ അതിനോട് ചായ്‌വില്ലാത്തവനാണ് ഞാന്‍. എല്ലാ മുസ്‌ലിം വിഭാഗങ്ങളും കക്ഷിത്വത്തില്‍നിന്ന് സംശുദ്ധമാവുകയും അവരെല്ലാം സമുദായത്തിന്റെ ഉത്തമ താല്‍പര്യമെന്തോ അതില്‍ ദൃഷ്ടിയൂന്നുകയും ഇസ്‌ലാമിക യുക്തിക്കിണങ്ങിയ മോചന മാര്‍ഗം തേടുകയും ചെയ്യണമെന്നത് മാത്രമാണ് എന്റെ ഒരേയൊരു ലക്ഷ്യം.

പ്രശ്‌നങ്ങളോടുള്ള നമ്മുടെ ഇസ്‌ലാമിക വീക്ഷണവും ഇസ്‌ലാമിക ചിന്തയും നമ്മുടെ അകതാരിലെ പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും വിശാലമായ മുസ്‌ലിം കുടുംബ വൃത്തത്തിലെ ദുഷ്പ്രവണതകളെയെല്ലാം അലിഞ്ഞില്ലാതാകാനും ഇടവരുത്തും'' (അല്‍ മുസ്‌ലിമൂന വസ്സിറാഉസ്സിയാസിര്‍റാഹിനി, പേ: 14).

എന്നാല്‍ ഇന്ത്യയിലും പാകിസ്താനിലും നിലനില്‍ക്കുന്ന സുന്നീ-ശീഈ വിഭജനം എന്ന യാഥാര്‍ഥ്യത്തെ കവച്ചു ചാടിപ്പോകാനോ അവഗണിക്കാനോ മൗദൂദിക്ക് സാധിക്കുമായിരുന്നില്ല. വിശേഷിച്ച് ഇസ്‌ലാമിക നിയമത്തിന്റെ പ്രയോഗവല്‍ക്കരണം എന്ന് പറയുമ്പോള്‍ ഏത് നിയമം, ഏത് ഫിഖ്ഹ്, ശീഈ ഫിഖ്‌ഹോ, സുന്നീ ഫിഖ്‌ഹോ എന്നൊക്കെ ചോദിക്കുന്ന ശത്രുക്കളുടെ കൈയില്‍ ഈ വിഭജനം ഒരു ന്യായമായി നില്‍ക്കുമ്പോള്‍ വിശേഷിച്ചും. അതിനാല്‍, മൗദൂദി എല്ലാ ഓരോ വിഭാഗത്തിനും നിയമസരണി(മദ്ഹബ്)ക്കും തങ്ങളുടെ 'വ്യക്തി നിയമങ്ങളില്‍' സ്വന്തം നിയമം നടപ്പിലാക്കാമെന്ന് നിര്‍ണയം ചെയ്തു. എന്നാല്‍ രാഷ്ട്രത്തിന്റെ പൊതുനിയമം ഭൂരിപക്ഷ ജനതയുടെ നിയമസംഹിതയനുസരിച്ചായിരിക്കും. അതേസമയം വിവിധ ഫിഖ്ഹീ സരണികളുടെ അഭിപ്രായ ങ്ങളില്‍ ഓരോ വിഭാഗത്തിന്റെ മേലും അവരില്‍ അംഗീകൃതമായ വ്യക്തിനിയമങ്ങളേ നടപ്പിലാക്കുകയുള്ളൂ; നാട്ടിന്റെ പൊതു നിയമമാകട്ടെ ഭൂരിപക്ഷത്തിന്റെ അടുക്കല്‍ സമ്മതമായ അഭിപ്രായവും. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക നിയമത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ന്യായമായി എന്തെങ്കിലും പ്രശ്‌നം അവശേഷിക്കുന്നുണ്ടോ? നിയമനിര്‍മാണ സഭയിലെ നമ്മുടെ പ്രതിനിധികള്‍ ജാഗ്രതയോടെ ഈ തത്ത്വം മനസ്സിലാക്കുകയാണെങ്കില്‍ ഒരു വശത്ത് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കാണപ്പെടുന്ന വിഭാഗീയ തര്‍ക്കങ്ങളുടെ വൃത്തം ചുരുങ്ങുകയും മറ്റൊരു വശത്ത് ഇസ്‌ലാമിക നിയമം തൃപ്തികരമാംവിധം വളര്‍ച്ച പ്രാപിക്കുകയും ചെയ്യും എന്ന കാര്യം എനിക്ക് ഏതാണ്ട് ഉറപ്പാണ്.'' (മഫാഹീമു ഇസ്‌ലാമിയ്യ ഹൗലദ്ദീന്‍ വദ്ദൗല, പേ: 173, ഇതേ പുസ്തകം, പേജ് 169 കൂടി കാണുക; 'അല്‍ ഖാനൂനുല്‍ ഇസ്‌ലാമി വത്വുറുഖു തന്‍ഫീദിഹി ഫീ ബാകിസ്താന്‍', പേ: 183-187).
******
ഇതാണ് 'ദൈവിക പരമാധികാര'ത്തെക്കുറിച്ചുള്ള മൗദൂദിയുടെ വിഭാവനയുടെ യഥാര്‍ഥ ചിത്രം. ആധുനിക ഇസ്‌ലാമിക നവോത്ഥാന നായകന്മാരുടെ ധൈഷണിക സംഭാവനയിലേക്ക് അദ്ദേഹം മുതല്‍ക്കൂട്ടിയ അപൂർവ ചിന്തയുടെ അച്ചുതണ്ട് ഇവിടെയാണ്. സമകാലിക ഇസ്‌ലാമിക നവോത്ഥാന ധാരയില്‍ സജീവമായൊരു വിഭാഗത്തില്‍ തീവ്രത വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച, ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്ന ചിന്തയുടെ യാഥാര്‍ഥ്യമാണ് നാമിവിടെ കണ്ടത്. അത് യഥാവിധി മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് അബദ്ധം പിണഞ്ഞു.

പരമാധികാര(ഹാകിമിയ്യത്ത്)ത്തെ സംബന്ധിച്ച മൗദൂദിയുടെ പ്രതിപാദ്യത്തില്‍നിന്ന് ചിലത് അവര്‍ മുറിച്ചെടുത്തു. അതിനെ കുറിച്ച അദ്ദേഹത്തിന്റെ ചിന്തകള്‍ പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ അവര്‍ ശ്രമിച്ചില്ല. അതു പോലെത്തന്നെ ദൈവിക പരമാധികാര(ഹാകിമിയ്യ)ത്തെക്കുറിച്ച ഈ വികല ചിത്രം നമ്മുടെ ബുദ്ധിജീവികളില്‍ ഗണ്യമായൊരു വിഭാഗത്തെ ഇസ്‌ലാമിക ആഭിമുഖ്യത്തോട് വിരക്തി ജനിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുകയുണ്ടായി. കാരണം, 'ദൈവിക പരമാധികാര'ത്തിനും സമുദായമാണ് രാഷ്ട്ര വിഷയത്തിലും രാഷ്ട്രീയ, നാഗരിക-ലൗകിക വിഷയങ്ങളിലും അധികാര സ്രോതസ്സ് എന്ന ധാരണയിലും ഉറച്ച വൈരുധ്യം നിലനില്‍ക്കുന്നുണ്ടെന്ന് വാദിക്കുന്നതാണ് ഈ വികല ചിത്രം.

മൗദൂദിയുടെ 'ദൈവിക പരമാധികാര' സങ്കല്‍പത്തെക്കുറിച്ചുള്ള ഈ താളുകളിലെ നമ്മുടെ അവതരണം അദ്ദേഹത്തോട് നീതി പുലര്‍ത്തുന്നതാണെന്നാണ് നാം കരുതുന്നത്. അദ്ദേഹത്തിന്റെ ചിന്തകളെയും വാക്കുകളെയും ശരിയാംവിധം വ്യാഖ്യാനിക്കുന്നതാണത്. 'വിപ്ലവവീര്യം' തുളുമ്പുന്ന 'വികാര വിജൃംഭിത' ശൈലിയും സൂക്ഷ്മമായ 'അക്കാദമിക ശൈലി'യും താരതമ്യം ചെയ്തുകൊണ്ടുള്ള നിഷ്പക്ഷമായ വ്യാഖ്യാന വിമര്‍ശം. അദ്ദേഹത്തോട് അതിരു കവിഞ്ഞ് പക്ഷപാതം പുലര്‍ത്തുന്നവരില്‍നിന്നും, ഇസ്‌ലാമിക ആഭിമുഖ്യത്തോടു തന്നെ ശത്രുത പുലര്‍ത്തുകയോ വിമുഖത പ്രകടിപ്പിക്കുകയോ ചെയ്യുമാര്‍ അദ്ദേഹത്തിനെതിരെ തീവ്രനിലപാട് സ്വീകരിക്കുന്നവരില്‍നിന്നും അകലം പാലിക്കുന്ന നീതിപൂർവകമായ വിലയിരുത്തലാണിതെന്ന് നാം കരുതുന്നു.

ഇവിടെ, അദ്ദേഹത്തിന്റെ ചിന്തയെ അതിന്റെ ആവിഷ്‌കാര പശ്ചാത്തലവുമായി ബന്ധിപ്പിച്ച് വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി ഉണര്‍ത്തുകയാണ്. 'ഹാകിമിയ്യത്ത്' (പരമാധികാരം) അടക്കം തന്റെ രാഷ്ട്രീയ ചിന്തകള്‍ മുഴുക്കെ മൗദൂദി ആവിഷ്‌കരിക്കുന്നത് 1937-1941 കാലത്താണെന്ന് ഓര്‍ക്കണം. അന്ന് ഇന്ത്യയില്‍ ആധിപത്യം വാഴുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ജാഹിലീ കാഫിര്‍ മനുഷ്യാധിപത്യമാണത്. അപ്പോള്‍ കൊളോണിയല്‍ ഇന്ത്യന്‍ ചക്രവാളത്തില്‍ തെളിയുന്ന ചിത്രം ഇതാണ്: കോണ്‍ഗ്രസ് പാര്‍ട്ടി വിഭാവന ചെയ്യുന്ന സെക്യുലരിസ്റ്റ് ജനാധിപത്യ ദേശീയ രാഷ്ട്രം എന്ന പാശ്ചാത്യ രീതിയിലുള്ള സ്വതന്ത്ര ഇന്ത്യ. അവിടെ 'പരമാധികാരം' ദൈവനിഷേധത്തിലധിഷ്ഠിതമായ ഹൈന്ദവ ജാഹിലിയ്യത്തിനായിരിക്കും... ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ ഈ 'മനുഷ്യാധിപത്യ'ത്തിന്റെ നിഷേധം മൗദൂദി ഉറക്കെ പ്രഖ്യാപിച്ചു. 'പരമാധികാര'ത്തിന്റെ ദിവ്യവശത്തിന്മേല്‍ കേന്ദ്രീകരിച്ചു. അങ്ങനെ നിരവധി രചനകളിലൂടെ മനുഷ്യനില്‍നിന്ന് എല്ലാവിധ അധികാരവും ഉരിഞ്ഞെടുത്തു. അമവികളുടെ ഏകാധിപത്യ മര്‍ദക മനുഷ്യ ഭരണകൂടത്തെ നിരാകരിച്ച ശീഈകളെ പോലെയായിരുന്നു ഇവിടെ അദ്ദേഹം. ആ ഭരണകൂടത്തെ സഹിക്കുകയോ അവരുടെ പീഡനത്തെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയോ ചെയ്ത ശേഷം മുസ്‌ലിം സമുദായത്തെ മൊത്തം തന്നെ നിരാകരിക്കുന്നതിലാണ് ശീഈകള്‍ പിന്നീട് ചെന്നെത്തിയത്. അങ്ങനെ ഇമാമിനെ തെരഞ്ഞെടുക്കാനുള്ള അവകാശവും നിയമനിര്‍മാണാവകാശവുമൊക്കെ സമുദായത്തില്‍നിന്ന് അവര്‍ എടുത്തുമാറ്റി. അതൊക്കെയും ഇമാമിന്റെ ദൈവികാധികാരത്തില്‍ പരിമിതപ്പെടുത്തി. ദേവലോകത്തു നിന്ന് നേരിട്ട് വാഴിക്കുകയും നാശവും തിന്മയും അടിച്ചമര്‍ത്തലുകളും അടക്കിഭരിച്ച ഭൂമിയില്‍ നീതിനിര്‍ഭരമാക്കാന്‍ നിയുക്തനാവുകയും ചെയ്യുന്ന ഇമാമില്‍.

അക്രാമികമായ മനുഷ്യാധികാരത്തിന്റെ നിഷേധഭാവം -ബ്രിട്ടീഷ് ഇന്ത്യയെ സംബന്ധിച്ചേടത്തോളം അത് ദൈവധിക്കാരത്തിലധിഷ്ഠിതമായ ജാഹിലിയ്യ വ്യവസ്ഥിതിയാണ്- മൗദൂദിയുടെ ദൃഷ്ടിയില്‍ ഈ മര്‍ത്ത്യാധിപത്യം തന്നെ അതിനെ വിസമ്മതിക്കുന്നതിനും മനുഷ്യാധിപത്യത്തിന്റെ അടയാളമേതുമില്ലാത്ത 'ദൈവാധിപത്യ'ത്തിന്മേല്‍ കേന്ദ്രീകരിക്കുന്നതിനും ഉള്ള ന്യായത്തിന്റെ വഴിയാണ്. സ്ഥലകാല സവിശേഷതകളും മൗദൂദി തന്റെ ഈ ചിന്താഗതി ആവിഷ്‌കരിക്കുമ്പോള്‍ ഇന്ത്യയെ നയിച്ചിരുന്ന അധികാര സങ്കല്‍പവുമൊക്കെയാണ് 'ദൈവിക പരമാധികാര'ത്തെ 'മനുഷ്യാധികാര'ത്തിന് വിരുദ്ധമാക്കിയ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളെ ഒരു ഗര്‍ഭവാക്യം (ജമൃലിവേലശേരമഹ ടലിലേിരല) ആക്കി മാറ്റിയത്. ഇടക്കാല സാഹചര്യങ്ങളില്‍നിന്ന് ഉരുവം കൊണ്ട രാഷ്ട്രീയ ചിന്തയുടെ ആവിഷ്‌കാരം മാത്രമാണത്. ഏതദ്വിഷയകമായുള്ള സുസ്ഥിര മൂലപ്രമാണങ്ങളെ പ്രകാശനം ചെയ്യുന്ന ഇസ്‌ലാമിക സിദ്ധാന്തമല്ല ('അബുല്‍ അഅ്‌ലാ അല്‍ മൗദൂദി വസ്സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ' എന്ന കൃതിയില്‍നിന്ന്). 

വിവ: വി.എ കബീര്‍

31. منهاج الانقلاب الإسلامي   ص 96-92، ترجمة مبعود عالم اندومى نظرية الاسلام وعليه فى السياسة والقانون والدستور

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top