ഹാഫിള് ഇബ്‌നു കസീര്‍ ജീവിതവും സംഭാവനകളും
പി.കെ. ജമാൽ
ഇസ്‌ലാമിക ചരിത്രത്തില്‍ പുകള്‍പെറ്റ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും വിശ്രുത പണ്ഡിതന്മാരുടെയും മുന്‍നിര സ്ഥാനീയനായ മഹദ് വ്യക്തിത്വമാണ് ഇമാം ഇബ്‌നു കസീര്‍. ഹാഫിളും മുഫസ്സിറും മുഹദ്ദിസും ഫഖീഹും ചരിത്രകാരനും എന്ന നിലയില്‍ ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി വിലസിയ ഇബ്‌നുകസീര്‍ ആധുനിക കാലഘട്ടത്തിലും പ്രമാണമായെണ്ണുന്ന നിരവധി ബൃഹദ് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. തഫ്‌സീറുല്‍ ഖുര്‍ആന്‍ വിജ്ഞാനശാഖയില്‍ അഗ്രിമ സ്ഥാനം അലങ്കരിക്കുന്ന ഇബ്‌നു കസീറിന്റെ 'തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം' ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുന്ന പരമ്പരാഗത തഫ്‌സീറിന്റെ ഗണത്തിലാണ്. നബിയില്‍നിന്നോ സ്വഹാബികളില്‍നിന്നോ അവരുടെ ശിഷ്യന്മാരായ താബിഉകളില്‍നിന്നോ അതുമല്ലെങ്കില്‍ അവരുടെ താബിഉകളുടെ ശിഷ്യന്മാരില്‍നിന്നോ ഉദ്ധരിച്ചു പോരുന്ന തഫ്‌സീര്‍ രീതിയാണ് ഇബ്‌നു കസീര്‍ അവലംബിച്ചിട്ടുള്ളത്.
പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇബ്‌നുകസീര്‍, സൂക്തങ്ങള്‍ പഠിച്ചും മനനം ചെയ്തും അപഗ്രഥിച്ചും നിര്‍ധാരണം ചെയ്‌തെടുക്കുന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും സർവ സ്വീകാര്യമായിത്തീരുകയും കാലഘട്ടത്തിലെ മുജ്തഹിദായി വാഴ്ത്തപ്പെടാന്‍ അര്‍ഹനാക്കുകയും ചെയ്തു. മുന്‍ഗാമികളായ സച്ചരിതരെയും പണ്ഡിതശ്രേഷ്ഠരെയും അനുധാവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അദ്ദേഹം ഹദീസിനെയും സുന്നത്തിനെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും സന്ധിയില്ലാ സമരത്തില്‍ ഏര്‍പ്പെട്ട മഹാപണ്ഡിതന്‍ സാധാരണ ജനങ്ങളിലേക്കിറങ്ങുകയും സമൂഹത്തിന്റെ സ്പന്ദനങ്ങളോട് സചേതനമായി പ്രതികരിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ കേസുകളില്‍ തീര്‍പ്പ് കല്‍പിക്കാനും അനുരഞ്ജനമുണ്ടാക്കാനും സാധുക്കളെ സഹായിക്കാനും അവകാശങ്ങള്‍ നേടിക്കൊടുക്കാനും ഉത്സാഹപൂർവം പ്രയത്‌നിച്ച ഇബ്‌നു കസീറിനെ ജനങ്ങള്‍ തങ്ങളുടെ 'മുര്‍ശിദ്' ആയി അംഗീകരിച്ചു. ഈ വിധം 'ജനകീയ'രായ മുഫസ്സിറുകള്‍ അധികമില്ല.
അബുല്‍ഫിദാ ഇസ്മാഈല്‍ ഇബ്‌നു ഉമറബ്‌നി കസീറിദ്ദിമശ്ഖി എന്ന് പൂര്‍ണ നാമം. പില്‍ക്കാലത്ത് ഇബ്‌നു കസീര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദമസ്‌കസിലെ മജ്ദല്‍ ഗ്രാമത്തില്‍ ക്രി. 1301-ല്‍ (ഹിജ്‌റ 701) ജനനം. ക്രിസ്ത്വബ്ദം 1373 ഫിബ്രവരി ഒന്നിന് മരണപ്പെട്ട ഇബ്‌നുകസീര്‍ ദമസ്‌കസിലെ മഖാബിറുസ്സൂഫിയ്യയില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയുടെ ചാരത്ത് മറമാടപ്പെട്ടു.
ഇബ്‌നുതൈമിയ്യ, ശംസുദ്ദീനുദ്ദഹബി, ഇബ്‌നു ഖയ്യിമില്‍ ജൗസിയ്യ, ജമാലുദ്ദീനില്‍ മിസ്സി തുടങ്ങിയ പ്രശസ്ത പണ്ഡിതന്മാരുടെ കീഴിലാണ് വിദ്യാഭ്യാസം.
ധന്യമായ ശൈശവം, ബാല്യം, കൗമാരം
ഇബ്‌നു കസീര്‍ വളര്‍ന്നത് മൂത്ത സഹോദരന്റെ തണലിലാണ്. പിതാവ് ഖത്വീബ് ശിഹാബുദ്ദീന്‍ നേരത്തെ മരണമടഞ്ഞിരുന്നു. ഞങ്ങളോട് കനിവും കാരുണ്യവുമുള്ള കൂടപ്പിറപ്പുണ്ടായിരുന്നു ഞങ്ങള്‍ക്ക്' എന്നാണ് സഹോദരന്‍ അബ്ദുല്‍ വഹ്ഹാബിനെ കുറിച്ച് ഇബ്‌നു കസീര്‍ എഴുതിയത്. മമാലിക് ഭരണം നിലനിന്ന ഹിജ്‌റ 8-ാം നൂറ്റാണ്ടിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നു ഇമാം ഇബ്‌നു കസീര്‍. മുസ്‌ലിം രാജ്യങ്ങളില്‍ താര്‍ത്താരികളുടെ ആക്രമണം, മുസ്‌ലിം രാജ്യങ്ങളില്‍ കൊടുമ്പിരികൊണ്ട ദാരിദ്ര ്യംവും ക്ഷാമവും മാരക പകര്‍ച്ചാ വ്യാധികളും, മഹാമാരികളെ തുടര്‍ന്നുള്ള കൂട്ടമരണങ്ങള്‍, ദശലക്ഷക്കണക്കില്‍ ജനങ്ങളുടെ മരണത്തിനിടയാക്കിയ മഹാമാരി വിതച്ച ദുര്‍ഭഗ ജീവിത സാഹചര്യങ്ങള്‍, കുരിശു യോദ്ധാക്കളും മുസ്‌ലിംകളും തമ്മില്‍ നടന്ന യുദ്ധങ്ങള്‍, മുസ്‌ലിം രാഷ്ട്ര സ്വരൂപത്തെ തകര്‍ക്കാന്‍ രാജാക്കന്മാരെയും മന്ത്രിമാരെയും പണ്ഡിതന്മാരെയും കൂട്ടുപിടിച്ചു നടന്ന ഉപജാപങ്ങള്‍- ഇവയെല്ലാം ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ അഭിശാപങ്ങളായി തിമിര്‍ത്താടുമ്പോള്‍, മറുവശത്ത് ജ്ഞാനോദയത്തിന്റെയും വൈജ്ഞാനിക പ്രബുദ്ധതയുടെയും നിരവധി ഭാസുര ദൃശ്യങ്ങള്‍ക്കും നൂറ്റാണ്ട് സാക്ഷിയായി. ഇസ്‌ലാമിക വിജ്ഞാന കേന്ദ്രങ്ങള്‍, ഗ്രന്ഥരചന തുടങ്ങി നിരവധി ആഹ്ലാദകരമായ സംരംഭങ്ങളും ആ നൂറ്റാണ്ടില്‍ ഉണ്ടായി. ഇത്തരം സാഹചര്യങ്ങളെ കണ്ടും മനസ്സിലാക്കിയും അനുഭവിച്ചുമായിരുന്നു ഇബ്‌നു കസീറിന്റെ ജീവിതകാലം.
ഇബ്‌നു കസീര്‍ ജനിച്ചുവളര്‍ന്ന ഭവനം ദീനീ പശ്ചാത്തലമുള്ളതാണ്. പിതാവ് ശിഹാബുദ്ദീന്‍ ഖത്വീബ്. പിതാവിന്റെ സ്‌നേഹസാന്നിധ്യം ചെറുപ്രായത്തില്‍ മാത്രം അനുഭവിക്കാനേ ബാലനായ ഇബ്‌നു കസീറിന് ഭാഗ്യമുണ്ടായുള്ളൂ. ഇബ്‌നു കസീറിന് ഏഴ് വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. എന്നാലും ശൈശവത്തില്‍ തന്നെ സ്വാധീനിച്ച പിതാവിന്റെ സ്‌നേഹവും സ്വഭാവവും ജീവിതരീതിയും തന്റെ പില്‍ക്കാല ജീവിതത്തിന് മുതല്‍ കൂട്ടായിരുന്നു എന്ന് ഇബ്‌നുകസീര്‍ അനുസ്മരിക്കുന്നുണ്ട്. പിതാവിന്റെ മരണശേഷം കുടുംബം ദമസ്‌കസിലേക്ക് മാറി.
ചെറുപ്രായത്തില്‍ തന്നെ ഇബ്‌നുകസീര്‍ ഒരു ഗ്രന്ഥം രചിച്ചു -'അഹ്കാമുത്തന്‍ബീഹ്' എന്ന പേരില്‍. ഇബ്‌നു കസീറിനെ പ്രശംസിച്ച് ഗുരുവര്യന്‍ ബുര്‍ഹാന്‍ ഇബ്‌നുല്‍ ഇമാദ് എഴുതി: 'ഇബ്‌നുകസീറിന്റെ മനഃപാഠ സിദ്ധി അപാരമാണ്. മറക്കില്ല, പെട്ടെന്ന് ഗ്രഹിക്കും. കിതാബുത്തന്‍ബീഹ് ഹൃദിസ്ഥമാക്കി. ഇബ്‌നുല്‍ ഹാജിബിന്റെ മുഖ്തസ്വറും മനഃപാഠമാക്കി. പിന്നെ ഹദീസിലേക്കാണ് തിരിഞ്ഞത്. ഹദീസുകളുടെ ഉള്ളടക്കവും നിവേദക പരമ്പരയും പഠനവിധേയമാക്കി. ഇമാം മാലിക്കിന്റെ മുവത്വ, ഇമാം ബുഖാരിയുടെ അല്‍ ജാമിഉസ്സഹീഹ്, ഇമാം മുസ്‌ലിമിന്റെ ജാമിഉസ്സ്വഹീഹ്, സുനനുദ്ദാറഖുത്വ്‌നി, ബൈഹഖിയുടെ സുനനുല്‍ കുബ്‌റ, ഇമാം ശാഫിഇയുടെ മുസ്‌നദ് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെല്ലാം ചെറുപ്രായത്തില്‍ തന്നെ പഠിച്ചു. നാനാവിജ്ഞാനശാഖകളില്‍ വ്യുല്‍പത്തി നേടി കഴിവ് തെളിയിക്കാന്‍ ചെറുപ്രായത്തില്‍ തന്നെ കഴിഞ്ഞു എന്റെ പ്രിയ ശിഷ്യന്.'
അഞ്ചാമത്തെ വയസ്സില്‍ ദമസ്‌കസിലേക്ക് പോയ ഇബ്‌നു കസീറിന് പ്രശസ്തരായ നിരവധി ഗുരുവര്യന്മാരുടെ കീഴില്‍ അറിവ് നേടാന്‍ ഭാഗ്യമുണ്ടായി. ശൈഖ് ഇബ്രാഹീമുല്‍ ഫസാരി, ഈസാബ്‌നു മുത്വ്ഇം, ഖാസിം ഇബ്‌നു അസാകിര്‍, ഇബ്‌നു ശീറാസി, ഇസ്ഹാഖ് ഇബ്‌നുല്‍ ആമുദി, തഹ്ദീബുല്‍ കമാല്‍ വ അത്വ്‌റാഫുല്‍ കുതുബിസ്സിത്തയുടെ രചയിതാവ് ശൈഖ് ജമാല്‍ ഇബ്‌നു യൂസുഫ് സകി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഒടുവില്‍ പറഞ്ഞ ശൈഖ് ജമാല്‍ ഇബ്‌നു സകിയുടെ പുത്രിയെയാണ് ഇബ്‌നു കസീര്‍ വിവാഹം കഴിച്ചത്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ സന്തത സഹചാരിയായിത്തീര്‍ന്ന ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക സിദ്ധികളെ ആവോളം പ്രയോജനപ്പെടുത്തി. ഇബ്‌നു തൈമിയ്യയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വ്യക്തിത്വം. അതുകൊണ്ട് തന്നെയാണ് ദമസ്‌കസിലെ മഖാബിറുസ്വ്‌സ്വൂഫിയ്യയില്‍ ഇബ്‌നു തൈമിയ്യയുടെ ചാരത്ത് തന്നെ മറമാടപ്പെടുവാന്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തത്.
തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം
വിശ്രുതമായ തഫ്‌സീര്‍ ഇബ്‌നുകസീര്‍, അല്‍ ബിദായഃ വന്നിഹായഃ, അസ്സീറത്തുന്നബവിയ്യ 'ഖസ്വസ്വുല്‍ അന്‍ബിയാഅ്' ജാമിഉസ്സുനനി വല്‍ മസാനീദ്, ത്വബഖാത്തുശ്ശാഫിഇയ്യ, രിസാലത്തുന്‍ ഫില്‍ ജിഹാദി, അത്തക്മിലഃ ഫില്‍ ജര്‍ഹി വത്തഅ്ദീല്‍ തുടങ്ങിയവയാണ് മുഖ്യ ഗ്രന്ഥങ്ങള്‍. പഴമയെയും പുതുമയെയും സംയോജിപ്പിച്ച്, ഇസ്‌ലാമിക പ്രമാണങ്ങളെ കാലത്തോടൊപ്പം സഞ്ചരിപ്പിക്കുന്ന ശൈലി സ്വീകരിച്ചത് നിമിത്തം തലമുറഭേദമന്യെ തഫ്‌സീറുബ്‌നി കസീര്‍ സർവരുടെയും അവലംബമായി. ഖുര്‍ആനിലെ ഒരു സൂക്തത്തിന്റെ തഫ്‌സീര്‍ നല്‍കുമ്പോള്‍ സമാനമായ മറ്റ് സൂക്തങ്ങള്‍ ഉദ്ധരിച്ചും തദ്‌സംബന്ധമായി വന്ന പ്രധാന ഹദീസുകളെല്ലാം ചേര്‍ത്തും സ്വഹാബിമാരും താബിഉകളും താബിഇത്താബിഉകളുമായ മഹാരഥന്മാരുടെ തദ്വിഷയകമായ പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തിയും പുരോഗമിക്കുന്ന ശൈലി പഠിതാവിന്റെ മുമ്പില്‍ വിശാലമായ അറിവിന്റെ പ്രപഞ്ചം തുറന്നിടുന്നു. തഫ്‌സീറുത്ത്വബരിയോടൊപ്പമോ അതിന് തൊട്ടുതാഴെയോ തഫ്‌സീറു ഇബ്‌നി കസീറിനെ പരിഗണിക്കുന്നവരാണ് ഏറെയും. പൂർവികരുടെ സത്യസന്ധമായ നിവേദനങ്ങളെ പില്‍ക്കാല പണ്ഡിതന്മാരുടെ ചിന്തകളും അഭിപ്രായങ്ങളുമായി ചേര്‍ത്ത് വെക്കുന്ന രീതി സ്വീകരിച്ചവരാണ് വളരെയധികം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. ശൈഖുല്‍ മുഫസ്സിരീന്‍ ഇബ്‌നു ജരീരിത്ത്വബരി ഈ വിഭാഗത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ത്വബരിയുടെ 'ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍' വായിക്കുന്നവര്‍ക്ക്, അദ്ദേഹം നിവേദനങ്ങള്‍ ഉദ്ധരിക്കുന്നതും അവ ചര്‍ച്ചാ വിഷയമാക്കി കൂടുതല്‍ ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേരുന്നതും കാണാം. ഹാഫിള് ഇബ്‌നുകസീറും തന്റെ 'തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം' എന്ന ഗ്രന്ഥത്തില്‍ ഏറെക്കുറെ ഇതേ സരണി തന്നെയാണ് പിന്‍പറ്റിയത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇബ്‌നുജരീരിനോളം ഇബ്‌നു കസീറിനില്ലെങ്കിലും ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ടും നബിചര്യ കൊണ്ടും വിശദീകരിക്കുക പോലുള്ള വിഷയങ്ങളില്‍ ഇബ്‌നുകസീറാണ് മികച്ചു നില്‍ക്കുന്നത് എന്നാണ് പണ്ഡിതാഭിപ്രായം.
ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ചില ഭാഗങ്ങളെ വ്യാഖ്യാനിക്കും, ഒരിടത്ത് സംക്ഷിപ്തമായി നല്‍കുന്ന സൂചനകള്‍ മറ്റൊരിടത്ത് വിശദീകരിച്ചിരിക്കും. ചിലയിടങ്ങളില്‍ അവ്യക്തമായി പറഞ്ഞത് മറ്റ് ചിലേടത്ത് വ്യക്തമായി പറഞ്ഞിരിക്കും. നിരുപാധികമായി പറഞ്ഞത് മറ്റിടത്ത് സോപാധികമാക്കും. പൊതുവായി പറഞ്ഞത് മറ്റിടത്ത് പ്രത്യേകമാക്കും. അതിനാല്‍ ഖുര്‍ആന്‍ മൊത്തമായെടുത്ത് ചിന്തിക്കുമ്പോള്‍ മാത്രമേ ആശയം വ്യക്തമാകൂ. ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതി ഏറ്റവും പൂര്‍ണമായി അവലംബിച്ചത് ഇമാം ഇബ്‌നുകസീറാണ്. ചുരുക്കത്തില്‍, ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക, സുന്നത്തിലൂടെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുക, സ്വഹാബിമാരുടെയും താബിഉകളുടെയും വ്യാഖ്യാനം ഉദ്ധരിക്കുക, ഭാഷാ പ്രയോഗങ്ങളും പശ്ചാത്തലവും പരിഗണിക്കുക, അര്‍ഥവ്യത്യാസം വ്യക്തമാക്കുക, അവതരണ കാരണങ്ങള്‍ പരിഗണിക്കുക, നിയമവിധികള്‍ നിര്‍ധാരണം ചെയ്യുക, ചരിത്ര സംഭവങ്ങള്‍ ചേര്‍ത്തുവെക്കുക, സ്ഥൂലവും സൂക്ഷ്മവുമായ നാനാര്‍ഥങ്ങളിലൂടെ സഞ്ചരിച്ച് തനിക്ക് ശ്രേഷ്ഠമായി തോന്നുന്ന നിരീക്ഷണങ്ങള്‍ നടത്തുക തുടങ്ങി നിരവധി സവിശേഷതകള്‍ ഇബ്‌നു കസീറിന്റെ വ്യാഖ്യാന ഗ്രന്ഥത്തെ വേറിട്ടു നിര്‍ത്തുന്നു. ഖുര്‍ആന്‍ പഠിതാക്കളെ ഇബ്‌നുകസീറിന്റെ ആരാധകരാക്കുന്നതും ഈ പ്രത്യേകതകളാണ്.
സർവസമ്മതമായ തഫ്‌സീറുബ്‌നികസീര്‍ പൂർവികരും ആധുനികരുമായ നിരവധി പണ്ഡിതന്മാരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഇമാം സുയൂത്വി: 'തഫ്‌സീര്‍ ഇബ്‌നു കസീറിനെ പോലെ ഒരു ഗ്രന്ഥം വിരചിതമായിട്ടില്ല.'
ഇമാം ശൗകാനി: 'വിശ്രുത തഫ്‌സീറിന്റെ കര്‍ത്താവാണ് ഇബ്‌നുകസീര്‍: മദ്ഹബീ വീക്ഷണങ്ങളും ചരിത്ര സംഭവങ്ങളുമെല്ലാം അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച അവതരണ രീതി കൈക്കൊണ്ട അദ്ദേഹത്തിന്റെ തഫ്‌സീര്‍ ഏറ്റവും നല്ല തഫ്‌സീറാണ്.'
അഹ്മദ് മുഹമ്മദ് ശാകിര്‍: 'നാം കണ്ട തഫ്‌സീറുകളില്‍ മികച്ചതാണ് തഫ്‌സീറു ഇബ്‌നി കസീര്‍. സൂക്ഷ്മമാണ് അതിലെ വിശകലനം. അത്യുത്തമമാണ് അപഗ്രഥനവും നിരീക്ഷണവും.'
അബ്ദുല്‍ അസീസ് ഇബ്‌നുബാസ്: 'തഫ്‌സീര്‍ ഇബ്‌നു കസീര്‍ മഹത്തായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ സരണി പിന്‍പറ്റിയ സലഫി തഫ്‌സീറാണത്. ഹദീസുകളും അവയുടെ സനദുകളും പരിശോധനാ വിധേയമാക്കി നെല്ലും പതിരും വേര്‍തിരിക്കുന്ന ഇബ്‌നുകസീറിന്റെ രീതി അനുപമമാണ്.'
ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം കൂടുതലായി പ്രതിനിധീകരിക്കുന്ന സൂക്തങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ഇസ്‌ലാമിന് പ്രാപ്യമായ അധികാരപരമായ സ്വാധീനങ്ങളെ സംബന്ധിച്ച് തഫ്‌സീറുബ്‌നു കസീറില്‍ പലേടങ്ങളിലായി പരാമര്‍ശിക്കുന്നത് കാണാം. ചില ഉദാഹരണങ്ങള്‍: അല്‍ ഇസ്‌റാഅ് 80-ാം സൂക്തം ഖതാദയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: 'ഈ കാര്യം -ഇസ്‌ലാം- അധികാരമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രാപ്തി തനിക്കില്ലെന്ന് നബി(സ) മനസ്സിലാക്കി. അല്ലാഹുവിന്റെ ഗ്രന്ഥത്തിനും അവന്റെ നിയമവിധികള്‍ക്കും നിര്‍ബന്ധകാര്യങ്ങള്‍ക്കും അല്ലാഹുവിന്റെ ദീന്‍ സ്ഥാപിക്കുന്നതിനും സഹായകമായ അധികാരം വേണമെന്ന് നബി(സ) അല്ലാഹുവോട് ചോദിച്ചു. കാരണം അധികാരം അല്ലാഹുവിന്റെ കാരുണ്യമാണ്. അതില്ലായെങ്കില്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ ആക്രമിക്കും. ശക്തന്‍ ദുര്‍ബലനെ തിന്നുകളയും. ഹദീദ്: 25-ാം സൂക്തവും ഇതേ കാര്യമാണ് പങ്കുവെക്കുന്നത്. (തീര്‍ച്ചയായും ഖുര്‍ആന്‍ കൊണ്ട് തടയാന്‍ കഴിയാത്തത് അല്ലാഹു അധികാരം കൊണ്ട് തടയും എന്ന് നബി വചനത്തിലുണ്ട്. റഅ്ദ് 40,41 ന്റെ വ്യാഖ്യാനത്തില്‍: 'ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ ഭൂപ്രദേശങ്ങള്‍ നാം മുഹമ്മദിന് കീഴടക്കി കൊടുക്കുന്നു എന്ന് അവര്‍ -നിഷേധികള്‍- കാണുന്നില്ലേ? ഒന്നിനു പിറകെ മറ്റൊന്ന് എന്ന രൂപത്തില്‍ ശിര്‍ക്കിനു മേല്‍ ഇസ്‌ലാമിന്റെ വിജയം എന്ന വ്യാഖ്യാനമാണ് ഇവിടെ കൂടുതല്‍ ശരി.' സൂറത്തുന്നൂര്‍: 55-ാം സൂക്തത്തിന് രണ്ടര പേജ് നല്‍കിയ വ്യാഖ്യാനത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രഭാവത്തെയും നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും അധികാരവാഴ്ചയിലൂടെ കൈവന്ന സാമൂഹിക നീതിയെയും കുറിച്ച് ഇബ്‌നു കസീര്‍ വാചാലനാവുന്നുണ്ട്. ശിയാക്കളുടെ തെറ്റായ വാദങ്ങളെയും അവരുടെ വകയായുള്ള വ്യാജ ഹദീസുകളെയും ശക്തമായി നിരൂപണം നടത്തുന്ന ഭാഗങ്ങളും തഫ്‌സീറു ഇബ്‌നു കസീറില്‍ ധാരാളമായുണ്ട്.
അല്‍ബിദായഃ വന്നിഹായഃ
ഇമാം ഇബ്‌നു കസീറിന്റെ അതിപ്രശസ്ത ഗ്രന്ഥമാണ് 'അല്‍ബിദായഃ വന്നിഹായഃ' ലോകാരംഭം മുതല്‍ക്ക് ഹിജ്‌റ 768 വരെയുള്ള ചരിത്രസംഭവങ്ങളാണ് 21 വാള്യങ്ങളുള്ള ഈ മഹദ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 'തുടക്കവും ഒടുക്കവും' എന്ന പേരിനെ അന്വര്‍ഥമാക്കുന്നവിധം മനുഷ്യപിതാവായ ആദമിന്റെ സൃഷ്ടി മുതല്‍ ലോകാവസാനത്തില്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ വരെ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശ വിധേയമാണ്. ആകാശ ഭൂമികളുടെ സൃഷ്ടി, മലക്കുകള്‍, ആദമിന്റെ സൃഷ്ടിപ്പ്, പ്രവാചക ചരിത്രം എന്നിവയിലൂടെ സഞ്ചരിച്ച് മുഹമ്മദ് നബിയുടെ നിയോഗവും തുടര്‍ന്നുള്ള സംഭവങ്ങളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ഇമാം ഇബ്‌നു കസീര്‍ പറയുന്നു. 'അല്ലാഹുവിന്റെ സഹായത്താലും പിന്തുണയാലും പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ക്കുള്ള ചരിത്രം ഞാന്‍ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. 'അര്‍ശ്, സിംഹാസനം (കുര്‍സി), ആകാശം, ഭൂമി, പ്രവാചകന്മാര്‍, മുഹമ്മദ് നബിയുടെ നിയോഗം മുതല്‍ പ്രവാചക ജീവിതത്തിന്റെ ഒടുക്കംവരെ, പിന്നെ നമ്മുടെ കാലഘട്ടം, ഫിത്‌നകള്‍, യുദ്ധങ്ങള്‍, ഖിയാമത്തിന്റെ അടയാളങ്ങള്‍, പുനരുത്ഥാനം, വിചാരണ, അന്ത്യനാളിന്റെ വിഹ്വലതകള്‍- ഇവ സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന വിവരണങ്ങള്‍ എല്ലാം ഈ ഗ്രന്ഥത്തില്‍ സംക്ഷേപിച്ചിട്ടുണ്ട്.' ചരിത്ര വിജ്ഞാനശാഖയില്‍ പഠനം നടത്തുന്നവര്‍ക്ക് ആധികാരിക പ്രമാണമായി ഗണിക്കുന്ന മഹദ് ഗ്രന്ഥമാണ് ഇബ്‌നു കസീറിന്റെ അല്‍ ബിദായഃ വന്നിഹായഃ. പ്രപഞ്ച സൃഷ്ടിയുടെ സമാരംഭം മുതല്‍ ദുല്‍കിഫ്‌ലിന്റെ ചരിത്രം വരെയാണ് ഒന്നാം ഭാഗത്തില്‍. ചരിത്രമാകുന്ന ശൃംഖലയില്‍ കണ്ണി ചേര്‍ത്ത സംഭവങ്ങളുടെയെല്ലാം വിവരണം കഴിഞ്ഞ് 21-ാം ഭാഗത്തെത്തുമ്പോള്‍ വായിക്കാന്‍ കഴിയുന്നത്: ഖുദ്‌സിയായ ഹദീസുകള്‍, മഹാന്മാര്‍, രാജ്യങ്ങള്‍, ജലാശയങ്ങള്‍, ജലസ്രോതസ്സുകള്‍ തുടങ്ങിയവയാണ്. ബൃഹത്തായ ഈ ചരിത്രഗ്രന്ഥം റഫറന്‍സ് ഗ്രന്ഥമായി ലൈബ്രറികളെ അലങ്കരിക്കുന്ന വിജ്ഞാന ഭണ്ഡാരമാണ്. 'അല്‍ബിദായഃ വന്നിഹായഃ'യെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണ കൃതികളും വിരചിതമായിട്ടുണ്ട്. അതില്‍ ഒടുവിലെ വിശദ പഠനമാണ് കുവൈത്തിലെ പ്രമുഖ പണ്ഡിതന്‍ ഉമര്‍ സുലൈമാന്‍ അശ്കര്‍ പ്രസിദ്ധീകരിച്ച കൃതി, ഫിഹറസുല്‍ ബിദായഃ വന്നിഹായഃ വ നിഹായത്തുല്‍ ബിദായഃ വന്നിഹായഃ.
അസ്സീറത്തുന്നബവിയ്യ
ഇബ്‌നു കസീറിന്റെ 'അസ്സീറത്തുന്നബവിയ്യ' നബി ചരിത്രവിജ്ഞാനശാഖയിലെ ആധികാരിക ഗ്രന്ഥമാണ് ഇസ് ലാമിന് മുമ്പുള്ള അറബികളുടെ ചരിത്ര കഥനത്തില്‍ തുടങ്ങി മുഹമ്മദ് നബിയുടെ ജനനം, ശൈശവം, ബാല്യം, കൗമാരം, യുവത്വം, പ്രവാചകത്വ ലബ്ധി, മക്കാജീവിതകാലം, യുദ്ധങ്ങള്‍, ഹിജ്‌റ, മദീന ജീവിതം, മരണം തുടങ്ങി നബിയുടെ ജീവിതം ഇത്ര വിശദമായി പ്രതിപാദിച്ച ചരിത്രകൃതി കാണില്ല. നിരവധി ചരിത്രകാരന്മാരെ ഉദ്ധരിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവയില്‍ മികച്ച അനുമാനങ്ങളിലെത്താനും ഇബ്‌നുകസീര്‍ പ്രദര്‍ശിപ്പിച്ച രചനാ പാടവം നിസ്തുലമാണ്. സർവാതിശിയായ സര്‍ഗസിദ്ധി വിളിച്ചോതുന്നതാണ് ഓരോ അധ്യായവും. നാല് വാള്യങ്ങളുണ്ട് ഈ ജീവ ചരിത്ര ഗ്രന്ഥത്തിന്.
വ്യാപരിച്ച വിജ്ഞാന മേഖലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം ഇബ്‌നു കസീറിന്റെ ശ്രേഷ്ഠ ഗുണങ്ങളെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും ജീവചരിത്ര കൃതികള്‍ വാചാലമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിശാലമനസ്‌കത, ഉദാര വീക്ഷണം കാലത്തോടൊപ്പം വളരുന്ന ചിന്തയും ഗവേഷണവും, പണ്ഡിതന്മാരും സാധാരണ ജനങ്ങളുമായി ഉറ്റ സ്‌നേഹബന്ധം, ഗുരുവര്യന്മാരോടുള്ള ആദരം, ശിഷ്യഗണങ്ങളെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനുമുള്ള ആത്മാര്‍ഥ മനസ്സ്, നന്മക്ക് വേണ്ടി നിലയുറപ്പിക്കുന്ന, തിന്മക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന സമരസജ്ജമായ ഹൃദയം, ആര്‍ജവം, തന്റേടം, ധീരത, ഭരണാധികാരികളോട് നിലപാടുകള്‍ വെട്ടിത്തുറന്നു പറയാനുള്ള കരുത്ത്, നിരൂപകരെയും വിമര്‍ശകരെയും തുറന്ന ഹൃദയത്തോടെ സ്വീകരിക്കാനും കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനുമുള്ള വിവേകം തുടങ്ങി നിരവധി വിശിഷ്ട ഗുണങ്ങളാല്‍ ഇബ്‌നു കസീര്‍ വേറിട്ടു നില്‍ക്കുന്നു.
ഇബ്‌നു കസീറിന്റെ വൈജ്ഞാനിക സംഭാവനകളെ ആദരവോടെയാണ് ഇസ്‌ലാമിക ലോകം നോക്കിക്കണ്ടത്. ഖുറാഫാത്തുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുറുകെ പിടിക്കുന്നവര്‍ക്ക് ഇബ്‌നു തൈമിയ്യയും ഇബ്‌നു ഖയ്യിമും ഇബ്‌നു കസീറും അനഭിമതരായതില്‍ അത്ഭുതമില്ല. ബിദ്അത്തുകളോടും അനിസ്‌ലാമിക ആചാരങ്ങളോടും പടവെട്ടിയവരായിരുന്നല്ലോ ആ പ്രതിഭാധനന്മാര്‍. ഇഖ്‌റാഅ്, തഹ്ദീസ്, തദ്‌രീസ്, ഇഫ്താഅ് തുടങ്ങി എല്ലാ മേഖലകളിലും വ്യാപരിച്ചെങ്കിലും ഇബ്‌നു കസീര്‍ ഗ്രന്ഥ രചനക്കാണ് ജീവിതം ഉഴിഞ്ഞു വെച്ചത്. ജീവിക്കുന്ന തലമുറക്കും വരുംകാല തലമുറക്കും അവലംബനീയമായ പ്രാമാണിക ഗ്രന്ഥങ്ങളുടെ രചനക്ക് അദ്ദേഹത്തെ പിന്തുണച്ചത് അഗാധവും സൂക്ഷ്മവുമായ പഠനവും ഗവേഷണവുമാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, താരീഖ് എന്നീ മണ്ഡലങ്ങളില്‍ ആധികാരികമായ അറിവ് പ്രദാനം ചെയ്യുന്ന ഇബ്‌നു കസീര്‍ എന്ന വിഖ്യാത പണ്ഡിതനില്‍ ഒരു പ്രബോധകന്റെ മനസ്സ് കണ്ടെത്താന്‍ നമുക്ക് കഴിയും. ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും ജീവല്‍ സ്പന്ദനങ്ങളോടൊട്ടിനിന്ന ഇബ്‌നു കസീറിന്റെ തഫ്‌സീറിലൂടെ സഞ്ചരിക്കുമ്പോള്‍, ഒരു പ്രബോധകന്റെ ഹൃദയത്തുടിപ്പുകള്‍ വേറിട്ടു കേള്‍ക്കാം. ദൈവിക ദീനിന്റെ വിജയത്തെക്കുറിച്ചും അവിശ്വാസി സമൂഹത്തിന്റെ പരാജയത്തെക്കുറിച്ചും വിവരിക്കുന്ന സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തദ്വിഷയകമായി വന്ന മുബശ്ശിറാത്തുകള്‍ (സന്തോഷ സുവിശേഷങ്ങള്‍) പ്രവചിക്കുന്ന നബിവചനങ്ങള്‍ ധാരാളമായി ഉദ്ധരിക്കുന്നത് കാണാം. പഠിതാവിന്റെ ഹൃദയത്തില്‍ ശുഭചിന്തകള്‍ വളര്‍ത്തുകയും മനോവീര്യവും ആത്മവിശ്വാസവും അങ്കുരിപ്പിക്കുകയും ചെയ്യുന്ന വചനങ്ങള്‍ക്ക് ഉപോദ്ബലകമായി ചരിത്രത്തില്‍ രേഖപ്പെട്ട നിരവധി സംഭവങ്ങളും എടുത്തു പറയും. ഇസ്‌ലാമിക പ്രബോധകനില്‍ നിർവൃതി പ്രദമായ ആത്മലയം സൃഷ്ടിക്കാന്‍ ഈ ശൈലി ഉതകുമെന്നതില്‍ സംശയമില്ല. പ്രശസ്ത പണ്ഡിതന്മാര്‍ തങ്ങളുടെ നിത്യപാരായണത്തിന് ഇബ്‌നു കസീര്‍ കൃതികള്‍ തെരഞ്ഞെടുത്തതായി കാണാം.
വൈജ്ഞാനിക ലോകത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച മഹാമനീഷി ഇമാം ഇബ്‌നു കസീര്‍ ക്രി. 1373 (ഹിജ്‌റ 774)-ല്‍ 74-ാം വയസ്സില്‍ ഈ ലോകത്തോട് വിടവാങ്ങി. ജ്ഞാന സപര്യയായിരുന്ന ആ മഹദ് ജീവിതത്തിന്റെ മുഖമുദ്ര എന്ന് തീര്‍ച്ചയായും പറയാം.