പണ്ഡിതന്മാര്‍ സ്വത്വവും സ്വാതന്ത്ര്യവും സംരക്ഷിച്ചതെങ്ങനെ? 2/2

മുഹമ്മദുസ്സ്വയ്യാദ്‌‌

ഭരണാധികാരികളുമായി പണ്ഡിതന്മാര്‍ ഏതുതരം ബന്ധമായിരിക്കണം തുടരേണ്ടത് എന്നത് സംബന്ധിച്ച് ഇബ്‌നുല്‍ ജൗസി (മ.ഹി 597) പറയുന്നുണ്ട്. പണ്ഡിതന്മാരുടെ ഫത് വകളെ വൈജ്ഞാനികേതരമായി സ്വാധീനിക്കാതിരിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നത് കാണാം 'പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ കവാടങ്ങളില്‍ സമയം ചെലവഴിക്കുന്നതിലേക്ക് നീ തിരിഞ്ഞു നോക്കേണ്ട. അവരുമായി അടുക്കുന്നതു വഴി ലഭിക്കുന്ന ലാഭം അതിലൂടെ നഷ്ടപ്പെടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ തുച്ഛമാണ്. പണ്ഡിതന്മാരുടെ നേതാവ് എന്നറിയപ്പെടുന്ന സഈദുബ്‌നുല്‍ മുസയ്യബ് (മ.ഹി 93) ഭരണാധികാരികളെ ചുറ്റിപ്പറ്റി കഴിയാറുണ്ടായിരുന്നില്ല. മോഹങ്ങളില്‍ ചെന്നു പെടാതിരിക്കാന്‍ നിന്നെ സഹായിക്കുന്ന ഏതെങ്കിലും തൊഴില്‍ നിങ്ങള്‍ കണ്ടെത്തണം.
വൈജ്ഞാനിക സ്വത്വവും സ്വാതന്ത്ര്യവും കാത്തു സംരക്ഷിക്കാന്‍ അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്താന്‍ പണ്ഡിതന്മാര്‍ ശ്രമിച്ചിരുന്നു. മാലികി പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, ഫത് വ നല്‍കാനുള്ള അവകാശം ഒരാളില്‍ മാത്രം പരിമിതമല്ലെങ്കില്‍ മുഫ്തിമാര്‍ക്ക് പ്രതിഫലം വാങ്ങാവുന്നതാണ്.

ചില പണ്ഡിതന്മാര്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക മുഫ്തിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണാധികാരികള്‍ക്കല്ല എന്ന പക്ഷക്കാരാണ്. അല്‍ ഖത്വീബുല്‍ ബഗ്ദാദി തന്റെ 'അല്‍ ഫഖീഹുവല്‍ മുതഫഖ്ഖിഹു' എന്ന കൃതിയില്‍ എഴുതുന്നു: 'തന്റെ കാലത്തെ പണ്ഡിതന്മാരിലെ പ്രശസ്തരോട് ആലോചിച്ചും അന്വേഷിച്ചും വേണം ഭരണാധികാരി മുഫ്തിയെ നിശ്ചയിക്കാന്‍.'

അന്ദലുസില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനു മുമ്പായി അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. അബുല്‍ വലീദ് അല്‍ ബാജീ തന്റെ 'അല്‍ മുന്‍തഖാ' യില്‍ എഴുതുന്നു. 'കടമുണ്ടെങ്കില്‍ അത് വീട്ടുകയും സാമ്പത്തിക ശേഷി കൈവരികയും ചെയ്യുന്നത് വരെ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കരുത്. കൈക്കൂലിയും പാരിതോഷികവും സ്വീകരിക്കേണ്ടി വരുന്നത് ഇതുവഴി ഒഴിവാക്കാനാവും' ഇസ് ലാമിക ചരിത്രത്തില്‍ ഈമേഖലയില്‍ പണ്ഡിതന്മാര്‍ തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിനായി സ്വീകരിച്ച ചില രീതികള്‍ താഴെ:

തൊഴിലിലൂടെ സമ്പാദനം
വൈജ്ഞാനിക സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ കവാടം എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതിന് വിവിധ മേഖലകളിലെ പണ്ഡിതന്മാര്‍ വലിയ പ്രാധാന്യം നല്‍കി. പലരും വിവിധതരം കച്ചവടങ്ങളില്‍ വ്യാപൃതരായി ഉപജീവനത്തിന് വഴികണ്ടു. വേറെ ചിലര്‍ മറ്റുചില തൊഴിലുകളിലേര്‍പ്പെട്ടു. പലരും തങ്ങള്‍ ചെയ്തു വന്ന തൊഴിലുകളുടെ പേരിലാണ് അറിയപ്പെട്ടത്. ഹദ്ദാദ് (ഇരുമ്പു പണിക്കാരന്‍) നജ്ജാര്‍ (ആശാരി), ഖയ്യാത്വ് (തുന്നല്‍ക്കാരന്‍), ഖത്ത്വാന്‍ (പരുത്തിപ്പണിക്കാരന്‍), ദബ്ബാഗ് (തോല്‍ ഊറക്കിടുന്നയാള്‍), സ്വബ്ബാഗ് (ചായം മുക്കുന്നവന്‍), ജസ്സ്വാസ്വ് (സിമന്റ് പണിക്കാരന്‍), അത്ത്വാര്‍ (അത്തര്‍ വില്‍പ്പനക്കാരന്‍), സ്വാഇഗ് (സ്വര്‍ണപ്പണിക്കാരന്‍), വര്‍റാഖ് (ബുക്സ് സ്റ്റാൾ കാരന്‍), കുതുബി (ഗ്രന്ഥാലയക്കാരന്‍) മുതലായ ഉദാഹരണം.
ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇമാം അബൂസഅ്ദ് സംആനി അല്‍ മര്‍വസി (മ.ഹി 562) യുടെ 'അന്‍സാബ്' എന്ന കൃതി കാണുക. പ്രസ്തുത കൃതിയില്‍ നൂറുകണക്കിന് പണ്ഡിതന്മാരെ അവരുടെ തൊഴിലുകളിലേക്ക് ചേര്‍ത്ത് പരിചയപ്പെടുത്തിയിരിക്കുന്നു. മുഹമ്മദ് ബ്‌നു ഇസ്ഹാഖ് അസ്സഅ്ദി അന്‍ഹര്‍വിയുടെ 'അസ്സ്വുന്നാഉ മിനല്‍ ഫുഖഹാഇ വല്‍ മുഹദ്ദിസീന്‍' (തൊഴിലാളികളായ ഹദീസ്-കര്‍മശാസ്ത്ര പണ്ഡിതന്മാര്‍), ആധുനിക ഗവേഷകനായ അബ്ദുല്‍ ബാസിത്വ് ബ്‌നു യൂസുഫ് അല്‍ഗരീബ് തയാറാക്കിയ 'അത്ത്വുര്‍ഫ ഫീമന്‍ നുസിബ മിനല്‍ ഉലമാഇ ഇലാ മിഹ് ന ഔ ഹിര്‍ഫ' എന്ന കൃതിയില്‍ നാനൂറോളം തൊഴിലുകളിലേര്‍പ്പെട്ടിരുന്ന ആയിരത്തഞ്ഞൂറോളം പണ്ഡിതന്മാരുടെ ജീവചരിത്രമുണ്ട്. അവര്‍ക്ക് പൊതുഖജനാവില്‍ നിന്നോ ഖലീഫയില്‍നിന്നോ രാജാവില്‍നിന്നോ ആനൂകൂല്യം പറ്റേണ്ടതുണ്ടായിരുന്നില്ല. മിക്കപ്പോഴും തങ്ങളുടെ വിദ്യാര്‍ഥികളുടെ ചെലവും സ്വന്തം നിലയില്‍ നിവൃത്തിച്ചുപോന്നു.

അംഗീകാരത്തിന് നിയന്ത്രണങ്ങള്‍
ധാരാളം വൈജ്ഞാനിക പരിശോധനാ ഘട്ടങ്ങള്‍ കഴിഞ്ഞായിരുന്നു പണ്ഡിതന്മാര്‍ക്ക് അധ്യാപനത്തിനും ഫത് വ നല്‍കാനും ഗവേഷണത്തിനും അനുവാദം നല്‍കിയിരുന്നത്. എല്ലാ ഫിഖ്ഹീ മദ്ഹബുകളിലും താന്താങ്ങളുടെ ഗുരുനാഥന്മാരുടെ സാക്ഷ്യത്തോടെ മാത്രമായിരുന്നു യോഗ്യത നിര്‍ണയിച്ചിരുന്നത്.
ഖത്വീബുല്‍ ബഗ്ദാദി 'അല്‍ഫഖീഹു വല്‍ മുതഫഖ്ഖിഹു' എന്ന കൃതിയില്‍ ഇമാം മാലികിനെ ഉദ്ധരിച്ചെഴുതുന്നതു കാണുക:
.....ما أفتيت حتى شهد لي سبعون أني أهل لذلك   
وعن خلف بن عمرو قال : سمعت مالك بن أنس يقول : " ما أجبت في الفتيا حتى سألت من هو أعلم مني : هل يراني موضعاً لذلك ؟ سألت ربيعة ، وسألت يحيى بن سعيد فأمراني بذلك ، فقلت له: يا أبا عبد الله فلو نهوك ؟ قال : كنت أنتهي ، لا ينبغي لرجل أن يرى نفسه أهلاً لشيء حتى يسأل من هو أعلم منه
'ഞാന്‍ ഫത് വ നല്‍കാന്‍ അര്‍ഹനാണെന്ന് എഴുപത് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമെ ഞാന്‍ ഫത് വ നല്‍കിയിട്ടുള്ളൂ. ഏതെങ്കിലും ഒരു കാര്യത്തിന് താന്‍ അര്‍ഹനാണോ എന്ന് തന്നേക്കാള്‍ വിവരമുള്ളവരോട് അന്വേഷിച്ചറിഞ്ഞ ശേഷമെ ഏതൊരാളും തന്നെക്കുറിച്ച് മതിപ്പിലെത്താവൂ'

ആവശ്യമായ യോഗ്യതകള്‍ ഇല്ലാതെയും അധികാര സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയും ചിലര്‍ ഫത് വാ രംഗത്തേക്ക് കടന്നുവരുന്നതിനെപ്പറ്റി ഇമാം ശാത്വിബി (മ.ഹി 790) എഴുതുന്നു:
ألاّ يكون (العالم) من اهل الإجتهاد، وإنّما ادخل نفسه فيه غلط او مغالطة اذلم يشهد له بالإستحقاق أهل الرّتبة ولا رأوه أهلا للدخول معهم فهو مذمهم
'പണ്ഡിതന്‍ ഇജ്തിഹാദിന് യോഗ്യനല്ലാതിരിക്കുന്നത് ഫത് വയെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. അത്തരം ആളുകള്‍ തങ്ങളെ തെറ്റായി ആ ഗണത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നതാണ്. യോഗ്യരായ ആളുകൾ അത്തരക്കാര്‍ക്ക് ഫത് വക്കുള്ള യോഗ്യത വകവെച്ചു നല്‍കുകയോ തങ്ങളുടെ ഗണത്തില്‍ പ്രവേശിക്കാന്‍ അര്‍ഹരായി അവരെ കാണുകയോ ചെയ്തിട്ടില്ല. അത്തരക്കാര്‍ അധിക്ഷേപിക്കപ്പെടേണ്ടവരാണ്.'
ശാത്വിബി പറഞ്ഞതിന്റെ വിവക്ഷ, ഇത്തരം അയോഗ്യര്‍ ഫത് വയില്‍നിന്നും ഇജ്തിഹാദില്‍നിന്നും മാത്രമല്ല അധ്യാപനത്തില്‍നിന്നും മാറ്റി നിറുത്തപ്പെടേണ്ടവരാണ് എന്നത്രെ.

ഇബ്‌നു ആദുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരില്‍, ഹദീസു പണ്ഡിതന്മാരുടെ നേതാവായി അറിയപ്പെടുന്ന അലിയ്യുബ്‌നുല്‍ മദീനി 'ഇസ് ലാം പരിത്യാഗിത'യായതുപോലെയായി എന്നുപോലും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെ ജനങ്ങളാല്‍ പരിത്യക്തനായ ഒരു പണ്ഡിതനെക്കുറിച്ച് ഇബ്‌നു ഉബൈക് അസ്സ്വിഫ്ദി (മ.ഹി 764) എഴുതുന്നു: 'പണ്ഡിതൻ, ഗുരു എന്ന പരിഗണന വെച്ചുനോക്കുമ്പോള്‍ വളരെ കുറച്ചു മാത്രം ജനങ്ങളാല്‍ പരിഗണിക്കപ്പെട്ടയാള്‍.'

ഭരണാധികാരികളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാരെപ്പറ്റി ഇമാം ഹിസ്വ്‌നിശ്ശാഫിഈ എഴുതുന്നു: 'ഒരാള്‍ തന്റെ സമ്പത്ത് ഏറ്റവും അജ്ഞനായ ഒരാള്‍ക്ക് നല്‍കാനായി തന്നാല്‍ അത് അക്രമികളായ ഭരണാധികാരികളെ പിന്തുണക്കുന്ന പണ്ഡിതന്മാര്‍ക്കാണ് കൊടുക്കേണ്ടത്. കാരണം, അവര്‍ ഭരണാധികാരികളുടെ ജാഹിലിയ്യ വിധികളെ സമ്മതിച്ചു കൊടുക്കുന്നു. അതുവഴി പരിശുദ്ധ ശരീഅത്ത് തേഞ്ഞു മാഞ്ഞു പോകുന്നതിന് അവര്‍ മൗനാനുവാദം നല്‍കുന്നു.'

വഖ്ഫ്
പണ്ഡിതന്മാരുടെ വൈജ്ഞാനിക സ്വത്വം സ്വതന്ത്രമായി കാത്തുസൂക്ഷിക്കുന്നതില്‍ വഖ്ഫ് സ്വത്തുക്കള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ് ലാമിക ലോകത്തിന്റെ പലഭാഗങ്ങളിലും ഈ വിധം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും നിലനിന്നുപോന്നു. മതവിജ്ഞാനീയങ്ങളില്‍ മാത്രമല്ല, വൈദ്യശാസ്ത്ര-ഗോളശാസ്ത്രാദി മേഖലകളിലും വഖ്ഫു സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തപ്പെട്ടു.

സമ്പന്നരും ഭരണാധികാരികളും നാട്ടുമുഖ്യന്മാരുമെല്ലാം വഖ്ഫുകള്‍ നല്‍കാന്‍ മുന്നോട്ടുവന്നു. സല്‍ജൂഖി മന്ത്രിയായിരുന്ന നിളാമുല്‍ മുല്‍കീ (മ.ഹി 485) നെപ്പറ്റി സുബുകി 'ത്വബഖാത്തുശ്ശാഫിഇയ്യ'യില്‍ എഴുതുന്നു: 'ഇറാഖിലെയും ഖുറാസാനിലെയും എല്ലാ നഗരങ്ങളിലും നിളാമുല്‍ മുല്‍ക് വിദ്യാലയങ്ങളുണ്ടാക്കിയിരുന്നു.' ബഗ്ദാദില്‍ ഹി. 459-ല്‍ സ്ഥാപിച്ച 'അന്നിളാമിയ്യ' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനായി അദ്ദേഹം ധാരാളം സ്വത്തുക്കളും കൃഷി സ്ഥലങ്ങളും ഒരു വിപണി കേന്ദ്രവും വഖ്ഫായി നല്‍കുകയുണ്ടായെന്ന് ഇബ്‌നുല്‍ ജൗസി എഴുതുന്നു. എല്ലാ അധ്യാപകര്‍ക്കും തൊഴിലാളികള്‍ക്കും വഖ്ഫിന്റെ വിഹിതം ലഭിച്ചിരുന്നു.

ഡോ. മുസ്ത്വഫസ്സിബാഈ (മ. ക്രി.വ 1964) തന്റെ 'മിൻറവാഇഇ ഹദാറത്തിനാ' എന്ന കൃതിയില്‍ നുഐമിദ്ദിമശ്ഖി (മ.ഹി 927) തന്റെ 'അദ്ദാരിസു ഫീ താരീഖില്‍ മദാരിസി'ല്‍ എഴുതിയത് ഇങ്ങനെ എടുത്ത് ചേര്‍ക്കുന്നു: 'ദമസ്‌കസില്‍ ഖുര്‍ആന്‍ പഠനത്തിനു മാത്രമായി ഏഴും, ഹദീസ് പഠനത്തിന് പതിനാറും, ഖുര്‍ആനും ഹദീസും ഒന്നിച്ചു പഠിക്കാന്‍ മൂന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. ശാഫിഈ ഫിഖ്ഹിന്റെ പഠനത്തിന് അറുപത്തി മൂന്നും, ഹനഫീ ഫിഖിഹിന്റെ പഠനത്തിന് അന്‍പത്തിരണ്ടും, മാലികി ഫിഖ്ഹിന് നാലും, ഹന്‍ബലി ഫിഖിഹിന് പതിനൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. മറ്റു വിജ്ഞാനീയങ്ങള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കു പുറമെയായിരുന്നു ഇവ.

അടിമവംശ ചക്രവര്‍ത്തിയായിരുന്ന അശ്‌റഫ് ഖായ്ത്ത്ബായി (മഹി 901) ന്റെ കാലത്തെ സമ്പന്നനായ ഒരു കച്ചവടക്കാരൻ ഈജിപ്തിലെ ജാമിഉല്‍ അസ്ഹര്‍ പുതുക്കി പണിയുകയും 'സുല്‍ത്താന്‍ ഖായ്ത്ത് ബായി മിനാരം സ്ഥാപിക്കുകയും പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുകയും ചെയ്തു. പഠിതാക്കള്‍ക്ക് താമസസ്ഥലങ്ങൾ നിര്‍മിച്ചു നല്‍കി. ഉസ്മാനീ സുല്‍ത്താനായിരുന്ന സുലൈമാനുല്‍ ഖാനൂനീ (മഹി 974) അസ്ഹര്‍ സര്‍വകലാശാലയെ സവിശേഷം പരിഗണിക്കുകയും പണ്ഡിതന്മാരുടെ ആവശ്യാര്‍ഥം വഖ്ഫ് നല്‍കുകയും ചെയ്തു.

സ്വാതന്ത്ര്യം നഷ്ടപ്പെടുമോ?
പണ്ഡിതന്മാരുടെ വൈജ്ഞാനിക സ്വത്വവും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ ആധുനിക കാലത്ത് വ്യാപകമായി വര്‍ധിച്ചിരിക്കുന്നു. 1843 (ഹി. 1259) ല്‍ ഫ്രാന്‍സ് പാശ്ചാത്യന്‍ സാമ്രാജ്യത്തിന്റെ കൈകളിലൂടെ അള്‍ജീരിയയില്‍ വഖ്ഫ് എടുത്തു കളഞ്ഞു. രണ്ടാമതായി, സ്വാതന്ത്ര്യാനന്തരം മുസ് ലിം നാടുകളിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ച് നേരത്തെ ഉണ്ടായിരുന്ന വഖ്ഫുകളില്‍ ഇടപെട്ടു. എങ്കിലും ചില പണ്ഡിതന്മാര്‍ ഏതു സാഹചര്യത്തിലും തങ്ങളുടെ തനതു വ്യക്തിത്വം നിലനിര്‍ത്തി.

ആധുനികതയും ആധുനിക രാഷ്ട്രങ്ങളുടെ മോഡേണ്‍ ഭാവങ്ങളും നിലപാടുകളും പണ്ഡിതന്മാരുടെ വൈജ്ഞാനിക വ്യക്തിത്വത്തെ കീഴ് മേല്‍ മറിച്ച ഘടകങ്ങളാണ്. ഏതു പണ്ഡിതനും രാഷ്ട്രവുമായി ബന്ധപ്പെട്ടവനായതിനാല്‍ രാഷ്ട്രത്തിന്റെ നിലപാടുകള്‍ പണ്ഡിതനെ സ്വാധീനിക്കുന്നു, സമ്മര്‍ദത്തിലാക്കുന്നു. പണ്ഡിതന്മാര്‍ ജീവനോപാധി എന്ന നിലയില്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളാകട്ടെ ആ മേഖലയിലെ സമ്മര്‍ദങ്ങള്‍ക്കും വിധേയമാകുന്നു.

ആധുനിക രാഷ്ട്രങ്ങള്‍ നിയമം, നിയമനിര്‍മാണം, തീരുമാനങ്ങള്‍ മുതലായവയെല്ലാം വിദ്യാഭ്യാസം, ആരോഗ്യം, ജനസേവനം മുതല്‍ക്ക് എല്ലാ മേഖലകളിലും പൗരന്മാരുടെ മേല്‍ പിടിമുറുക്കുന്നു. പണ്ടുകാലങ്ങളില്‍ വ്യക്തികളും സ്ഥാപനങ്ങളും അനുഭവിച്ചുപോരുന്ന ചരിത്രപരവും പരമ്പരാഗതവുമായ സ്വാതന്ത്ര്യം ഇന്ന് നഷ്ടമായിരിക്കുന്നു.

വൈജ്ഞാനിക രംഗത്തെ വ്യക്തിത്വങ്ങളും വേദികളും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ നാടുകളിലെ വൈജ്ഞാനിക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളെ ഇതിന് മാതൃകയാക്കാം. ഭരണാധികാരികളോടും രാഷ്ട്രീയത്തോടും ചങ്ങാത്തത്തിലാവാതെ ആദരണീയവും ഭദ്രവുമായ നിലപാട് രൂപപ്പെടുത്താന്‍ കഴിയണം. ഏറ്റവും പ്രധാനം പണ്ഡിതന്റെ മനഃസാക്ഷിയും അല്ലാഹുവെക്കുറിച്ച ഭയവും സൂക്ഷ്മതയുമാണ്. l

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top