ഫാദില്‍ സ്വാലിഹ് അസ്സാമര്‍റാഈ ഭാഷാശാസ്ത്രത്തിലൂടെ ഖുര്‍ആന്‍ വായിച്ച മഹാമനീഷി

പി.കെ ജമാല്‍‌‌
img

ഭാഷ, പദവിന്യാസം, ആവിഷ്‌കാരം, ലാവണ്യശാസ്ത്രം, ആശയം എന്നീ അടിസ്ഥാനങ്ങളില്‍ വിശുദ്ധ ഖുര്‍ആനിനെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ഓരോ സൂക്തത്തിലും അടങ്ങിയ അമാനുഷ രഹസ്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്ത, സമകാലീന ഭാഷാശാസ്ത്ര വിശാരദന്മാരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന മഹദ് വ്യക്തിത്വമാണ് ഫാദില്‍ സ്വാലിഹുസ്സാമര്‍റാഈ. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളും വിധികളും ചട്ടങ്ങളും സ്വഭാവ-സംസ്‌കാര നിര്‍മിതിക്കാധാരമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം പൂര്‍ണമായി ഗ്രഹിക്കണമെങ്കില്‍, പൂര്‍വിക വ്യാഖ്യാതാക്കളും ഭാഷാശാസ്ത്ര പടുക്കളും അഭിപ്രായപ്പെട്ടത് പോലെ, അറബി ഭാഷയില്‍ അവഗാഹവും പ്രാവീണ്യവും അനിവാര്യമാണെന്ന് സാമര്‍റാഈ വിശ്വസിച്ചു. ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനവും പ്രവര്‍ത്തനവും. വിശുദ്ധ ഖുര്‍ആനിന്റെ ആവിഷ്‌കാര ചാരുതയും ഭാഷാ ഭംഗിയും ആകുന്നു, അമാനുഷിക ഗ്രന്ഥത്തിന്റെ പ്രകടപ്രതിഭാസമായി കരുതേണ്ടതെന്ന് അദ്ദേഹം സമര്‍ഥിച്ചു. ലോകമൊന്നടങ്കം ശ്രമിച്ചാലും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ലെന്ന വെല്ലുവിളി, സഹസ്രാബ്ദങ്ങളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു.
ഖുര്‍ആന്‍ പഠനത്തിന്റെ തുടക്കത്തില്‍, ചെറുപ്പകാലത്ത് ഖുര്‍ആനിന്റെ അമാനുഷികതയും ഇഅ്ജാസും പൂര്‍വികരുടെയും ഇസ് ലാം പക്ഷപാതികളുടെയും അത്യുക്തിയാണെന്ന് താനും ധരിച്ചു വശായിരുന്നു എന്ന്, 'അത്തഅ്ബീറുല്‍ ഖുര്‍ആനി' എന്ന ഗ്രന്ഥത്തില്‍ സാമര്‍റാഈ തന്നെക്കുറിച്ച് പറയുന്നുണ്ട്. ഖുര്‍ആനിന്റെ ഇഅ്ജാസിനെ നിരാകരിച്ച് ഗ്രന്ഥം രചിച്ച വ്യക്തിയാണ് ഇബ്‌നുര്‍റാവന്ദി. 'സംറദ്:' എന്ന കൃതിയുടെ ഉള്ളടക്കം അതാണ്. എന്നാല്‍ ഖുര്‍ആനിന്റെ ആവിഷ്‌കാരലാവണ്യത്തിലും ഭാഷാസൗന്ദര്യത്തിലും അനുരക്തരായി, അത്ഭുതസ്ബ്ധരായി ഗ്രന്ഥം രചിച്ചു മഹാകവി മഅര്‍റിയെ പോലുള്ള മഹാരഥന്മാര്‍. 'ഇഖ്ദുല്‍ ഫരീദ്' 'അല്‍ കശ്കൂല്‍' 'അല്‍ മുസ്തത്വ്്റഫ്', 'അല്‍ ഫുസ്വൂലു വല്‍ ഗായാത്തു ഫീ മുഹാദാത്തി സ്സൂവരി വല്‍ ആയത്തി' എന്നീ ഗ്രന്ഥങ്ങളെല്ലാം ഈ ഗണത്തില്‍ പെട്ടതാണ്.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ആഴങ്ങളില്‍ ഇറങ്ങി അഗാധപഠനം നടത്തുന്ന രീതിയാണ് സാമര്‍റാഇയുടേത്. ഖുര്‍ആനിലെ ഓരോ അക്ഷരവും പദവും ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തിലെ സംഗീതം, ഹൃദയത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്ന ധ്വനി, വചനങ്ങളുടെ പൊരുളും അര്‍ഥവ്യാപ്തിയും, അക്ഷരങ്ങളില്‍ തെളിയുന്ന ആശയ വൈവിധ്യം- ഇങ്ങനെ ഖുര്‍ആനിന്റെ ഉള്ളറകളിലൂടെയുള്ള സാഹിത്യ യശഃപ്രാര്‍ഥിയുടെ സഫല യാത്രയാണ് സാമര്‍റാഇയുടെ ഖുര്‍ആന്‍ സേവനമെന്ന് കാണാം. 'ബലാഗത്തുല്‍ കലിമത്തി ഫിത്തഅ്ബീരില്‍ ഖുര്‍ആനി' 'അലാത്വരീഖിത്തഫ്‌സീറില്‍ ഖുര്‍ആനി', 'മുറാആത്തുല്‍ മഖാമി ഫിത്തഅ്ബീരില്‍ ഖുര്‍ആനി', 'ലംസാത്തുന്‍ ബയാനിയ്യത്തുന്‍ ഫീ നുസ്വൂസ്വിന്‍ മിനത്തന്‍സില്‍' 'മിന്‍ അസ്‌റാറില്‍ ബയാനില്‍ ഖുര്‍ആനി' എന്നീ ഗ്രന്ഥങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഖുര്‍ആനിന്റെ ഭാഷാസൗകുമാര്യവും കലാമേന്മയും പദവിന്യാസത്തിലും വാചക ഘടനയിലും ഉള്‍ക്കൊണ്ട രഹസ്യങ്ങളും അനാവരണം ചെയ്യുന്നവയാണ്. പൗരാണികവും ആധുനികവുമായ ഖുര്‍ആന്‍ പഠനങ്ങള്‍ക്കും മൗലികമായ സമകാലിക പഠനങ്ങള്‍ക്കും ഇടയിലെ പാലമാണ് സാമര്‍റാഈ പണിതത്. വൈകാരിക തലങ്ങളില്‍ നിന്നുകൊണ്ട് ഖുര്‍ആനിനെ നോക്കിക്കാണുന്നതിന് പകരം, ഭാഷാശാസ്ത്രപരവും ബുദ്ധിപരവും ചരിത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായ സമീപനമാണ് സാമര്‍റാഈ എന്ന ചിന്തകനെ വേറിട്ട വ്യക്തിത്വമാക്കുന്നത്.

ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന തലമുറയുടെ ഹൃദയാന്തരാളത്തിലേക്ക് കടക്കുന്ന വിശകലന രീതി അവലംബിച്ച സാമര്‍റാഇയുടെ ടെലിവിഷന്‍ പരിപാടികള്‍ ആയിരങ്ങളെ ഹഠാദാകര്‍ഷിച്ചു. ഭാഷാ ശാസ്ത്രമേഖലയില്‍ അഭിരമിക്കുന്ന സാഹിത്യ കുതുകികള്‍ക്ക് മാത്രമല്ല സാമാന്യ ജനങ്ങള്‍ക്കും സ്വീകാര്യമായി ആ പ്രതിപാദനരീതി.
ഖുര്‍ആന്‍ സംവേദനം ചെയ്യുന്ന ആശയങ്ങള്‍ക്ക് ഉപോല്‍ബലകമായി വരുന്ന ഉദാഹരണങ്ങള്‍, ഉപമകള്‍ എന്നിവയുടെ ഉള്ളറകളിലേക്ക് ഭാഷാ ശാസ്ത്രജ്ഞന്റെ മിടുക്കോടെയാണ് സാമര്‍റാഇ കടന്നുചെല്ലുന്നത്. ഖുര്‍ആനില്‍ പറയുന്ന പ്രവാചകന്മാരുടെ കഥകള്‍ക്ക് ഓരോന്നിനും സവിശേഷമായ അര്‍ഥ തലങ്ങളുണ്ട് എന്നാണ് സാമര്‍റാഇയുടെ മതം. പല പ്രവാചകന്മാരുടെയും ചരിത്രം പലയിടങ്ങളില്‍ ആവര്‍ത്തിച്ചതില്‍ അന്തര്‍ഭവിച്ച രഹസ്യങ്ങളെ കുറിച്ചുകൂടി അന്വേഷിക്കുന്നു അദ്ദേഹം. സ്വസിദ്ധാന്ത സ്ഥാപന വ്യഗ്രതയുടെയും പരസിദ്ധാന്ത നിഗ്രഹ താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ഉരുവംകൊണ്ട പക്ഷപാതപരമായ പല നിരീക്ഷണങ്ങളില്‍നിന്ന് കൃത്യമായ അകലം പാലിച്ച്, പൂര്‍വഗാമികളും ആധുനികരുമായ പ്രാമാണിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്തിയ പരിഗണന കല്‍പിച്ച് ഭാഷാ ജ്ഞാനത്തിന്റെ പിന്‍ബലത്തോടെ ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ചുവെന്നതാണ് സാമര്‍റാഇയുടെ സവിശേഷത, മുസ്ത്വഫാ സാദിഖുര്‍റാഫിഇ, ശൈഖ് അമീനുല്‍ ഖൂലി, ആഇശ അബ്ദുര്‍റഹ്മാന്‍, സയ്യിദ് ഖുത്വുബ്, മുഹമ്മദ് അലിസ്സ്വാബൂനി തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാന വിശാരദന്മാരുടെ ഖുര്‍ആന്‍ സേവനത്തോട് കിടപിടിക്കുന്നതാണ് സാമര്‍റാഇയുടെ പഠനങ്ങളും ഗവേഷണ ഫലങ്ങളും എന്ന് കാണാം.

ഫാദില്‍ സാമര്‍റാഇയുടെ ജനനം ഇറാഖിലെ സാമര്‍റാ പ്രവിശ്യയില്‍ 1933-ലാണ്. 1998-ല്‍ വിരമിക്കുന്നത് വരെ ബഗ്ദാദ് യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷാ പ്രഫസറായി സേവനം അനുഷ്ഠിച്ചു. യു.എ.ഇയിലെ ഷാര്‍ജ ടെലിവിഷനില്‍ 'ലംസാത്തുന്‍ ബയാനിയ്യ'യില്‍ മുഖ്യ പ്രക്ഷേപകനായിരുന്നു. 'നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സാമര്‍റാഇയുടെ ശ്രദ്ധേയ കൃതിയാണ് 'മുഹമ്മദ് നബിയുടെ പ്രവാചകത്വം സംശയത്തില്‍നിന്ന് ദൃഢബോധ്യത്തിലേക്ക് ' എന്ന കൃതി. (നുബുവ്വത്തു മുഹമ്മദിന്‍ മിനശ്ശക്കി ഇലല്‍ യഖീന്‍).
പ്രാഥമിക വിദ്യാഭ്യാസം ഇറാഖിലെ സാമര്‍റാഇല്‍. ഉപരിപഠനം ബഗ്ദാദില്‍. ടീച്ചേര്‍സ് ട്രെയ്‌നിംഗ് കോഴ്‌സ്. തുടര്‍ പഠനങ്ങൾ പൂര്‍ത്തിയാക്കിയ സാമര്‍റാഈ അറബിഭാഷയിലാണ് ബിരുദമെടുത്തത്. മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്ത അദ്ദേഹം പിന്നീട് ബഗ്ദാദ് യൂനിവേഴ്‌സിറ്റി പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു. ഐനുശംസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടി. 1979-ല്‍ കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷാ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചു. ഇറാഖിലേക്ക് മടങ്ങിയ സാമര്‍റാഈ പല ഉന്നത വിദ്യാഭ്യാസ സമിതികളിലും അംഗമായി സേവനം തുടര്‍ന്നു.

ഭാഷാകവാടത്തിലൂടെ ഖുര്‍ആനിലേക്ക്
ഖുര്‍ആനിന്റെ സമുന്നതാശയങ്ങളിലേക്ക് ഭാഷാ കവാടത്തിലൂടെ പ്രവേശിച്ച് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം. നഹ് വും സ്വര്‍ഫും പദാര്‍ഥങ്ങളും അക്ഷര വ്യത്യാസവും നന്നായി ഗ്രഹിച്ചവര്‍ക്ക് മാത്രമേ വേദഗ്രന്ഥത്തിന്റെ അഗാധതയില്‍ ഒളിഞ്ഞിരിക്കുന്ന ആശയങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയൂ എന്ന് സാമര്‍റാഈ ഉറച്ചു വിശ്വസിച്ചു.
'നിദാഉര്‍റൂഹി ഫില്‍ ഈമാനി ബില്ലാഹി വല്‍ യൗമില്‍ ആഖിറിർ'
'അദ്ദിറാസാത്തു ന്നഹ് വിയ്യത്തി വല്ലുഗവിയ്യത്തി ഇന്‍ദ സമഖ്ശരി.'
'തഹ്ഖീഖാത്തുന്‍ലുഗവിയ്യ'
'അലാ ത്വരീഖിത്തഫ്‌സീറില്‍ ബയാനി'
'ലംസാത്തുന്‍ ബയാനിയ്യഃ ഫീനുസ്വൂസ്വിൻ മിനത്തന്‍സീല്‍'
'അത്തഅ്ബീറുൽ ഖുര്‍ആനി'
'ബലാഗത്തുല്‍ കലിമത്തി ഫിത്തത്ത്ബീരില്‍ ഖുര്‍ആനി'
'മിന്‍ അസ്‌റാറില്‍ ബയാനില്‍ ഖുര്‍ആനി
തുടങ്ങി ഖുര്‍ആന്‍ ജ്ഞാനശാസ്ത്ര സംബന്ധിയായ 30ഓളം കനപ്പെട്ട കൃതികള്‍ സാമര്‍റാഇയുടേതായി ഉണ്ട്. ഭാഷയും സാഹിത്യവും മുഖ്യമുഖമാക്കി ഖുര്‍ആനിനെ പഠിച്ച പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ വിദഗ്ധരുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന് ഈ രചനകളിലൂടെ.

വിശ്വാസത്തിലേക്ക് വീണ്ടും
തന്റെ ഹൃദയത്തോടൊട്ടി നില്‍ക്കുന്ന കൃതിയായി സാമര്‍റാഈ വിശേഷിപ്പിച്ച കൃതിയാണ് 'നുബുവ്വത്തു മുഹമ്മദിന്‍ മിനശ്ശക്കി ഇലല്‍ യഖീന്‍' (മുഹമ്മദിന്റെ പ്രവാചകത്വം: സന്ദേഹത്തില്‍നിന്ന് ദൃഢബോധ്യത്തിലേക്ക്). ദൈവാസ്തിക്യത്തെക്കുറിച്ച് സംശയിച്ചു ഒരു ഭൂതകാലമുണ്ട് അദ്ദേഹത്തിന്. ഭൂമുഖത്ത് ഒരു വിശ്വാസിയും ജീവിക്കുന്നില്ല എന്നിടത്തോളം തന്റെ ദൈവത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വളര്‍ന്നതായി സാമര്‍റാഇ ഓര്‍ക്കുന്നുണ്ട്. താന്‍ കടന്നുപോന്ന മനഃസംഘര്‍ഷങ്ങളുടെ നാളുകള്‍ സാമര്‍റാഇയുടെ വാക്കുകളില്‍: 'അല്ലാഹുവിലുള്ള വിശ്വാസം എന്റെ മനസ്സിനെ അലട്ടിയ ഒരു വിഷയമായിരുന്നു. ഉറക്കത്തിലും ഉണര്‍വിലും രാത്രിയിലും പകലിലും എന്റെ മനസ്സിനെ മഥിച്ച ചിന്തയായിത്തീര്‍ന്നു അത്. ഞാന്‍ ഒരു കാര്യം പറയാം. അതിശയോക്തിയല്ല. ഈ പ്രശ്‌നം എന്റെ ഉറക്കം കെടുത്തി. വഴിയിലൂടെ നടക്കുമ്പോള്‍ ആര്‍ അഭിവാദ്യം ചെയ്താലും മിണ്ടിയാലും ഞാന്‍ കേള്‍ക്കാതായി. ചിലപ്പോള്‍ കൂട്ടുകാര്‍ വരെ ചോദിക്കും 'ചങ്ങാതി എങ്ങോട്ടാണ് നിങ്ങള്‍? അവരുണ്ടോ അറിയുന്നു ഞാന്‍ ചിന്തകളുടെ ഏതോ അപാരലോകത്താണെന്ന്?''

പക്ഷെ സാമര്‍റാഇയെപോലെ അത്യുന്നത മേധാശക്തിയും ചിന്താവൈഭവവും ഉള്ള ഒരു വ്യക്തിക്ക് ഇങ്ങനെ അധികകാലം ജീവിക്കാന്‍ ആവില്ലായിരുന്നു. നിരന്തര വായനയില്‍ മുഴുകി. ഒരു പുസ്തകത്തില്‍നിന്ന് മറ്റൊന്നിലേക്ക്. അണമുറിയാത്ത വായനാ പ്രവാഹം. ചിന്തയും മനനവും അപഗ്രഥനവുമായി ദീര്‍ഘനാളുകള്‍. അങ്ങനെ വിശ്വാസത്തിന്റെ കാന്തിയില്‍ പ്രശോഭിതമായ സൗഭാഗ്യനിമിഷങ്ങള്‍ വന്നെത്തി. ആത്മ സായൂജ്യത്തിന്റെ ധന്യമുഹൂര്‍ത്തമായിരുന്നു അത്. തനിക്ക് ചുറ്റുമുള്ള ലോകം മുച്ചൂടും മാറിയതായി സാമര്‍റാഇക്ക് തോന്നിത്തുടങ്ങി. ആ നിമിഷം അദ്ദേഹത്തിന്റെ വാക്കുകളില്‍: 'ഞാന്‍ വിശ്വാസിയായ ആ ദിനം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വിശ്വാസത്തിന്റെ സൂര്യന്‍ എന്റെ ഉള്ളിലുദിച്ച നിമിഷത്തേക്കാള്‍ മനോഹരമായ മറ്റൊന്ന് എനിക്ക് ഓര്‍ക്കാനില്ല. ആ ദിനത്തെക്കാള്‍ മഹത്തായ ഒരു ദിനം എന്റെ ജീവിതത്തില്‍ ഇല്ല. ഞാന്‍ സത്യവിശ്വാസിയായി. എനിക്ക് ചുറ്റുമുള്ള പ്രപഞ്ചം മുഴുവന്‍ മാറി. പറവകളും വൃക്ഷങ്ങളും നദിയും കല്ലും നക്ഷത്രവും സൂര്യനും ചന്ദ്രനും എല്ലാമെല്ലാം. എനിക്കും ഈ പ്രപഞ്ചത്തിനുമിടയില്‍ ഒരു താളഐക്യം രൂപപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ഈ പ്രപഞ്ച യാത്രാ സംഘത്തില്‍നിന്ന് എന്തിന്ന് ഇത്രനാളും ഞാന്‍ വിട്ടുനിന്നു?''
വിശ്വാസ വഴിയിലേക്കുള്ള സാമര്‍റാഇയുടെ ചുവടുമാറ്റത്തിന് രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു- ആദ്യഘട്ടം പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്നും അന്യൂനമായി ഇതിനെ സൃഷ്ടിച്ചതും സംവിധാനിച്ചതും അല്ലാഹുവാണെന്നുമുള്ള വിശ്വാസം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ആ പ്രവാചകന് അല്ലാഹു ഖുര്‍ആന്‍ എന്ന ഗ്രന്ഥം അവതരിപ്പിച്ച് നല്‍കിയിട്ടുണ്ടെന്നുമുള്ള വിശ്വാസത്തിന്റെ രണ്ടാമത്തെ ഘട്ടം.

അല്ലാഹുവിലുള്ള വിശ്വാസത്തില്‍നിന്ന് രണ്ട് കാര്യങ്ങള്‍ സംജാതമായി. പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് പിന്നിലെല്ലാം അതിവിദഗ്ധനായ ഒരു സ്രഷ്ടാവിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൗതികാതീത ലോകത്തേക്ക് തന്റെ കൈ പിടിച്ചു കൊണ്ടുപോയ നൂറ് കണക്കില്‍ സ്വപ്‌നങ്ങളും അന്തഃഛോദനകളും. പിന്നീട് ആ സൃഷ്ടികര്‍ത്താവ് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനെ കുറിച്ചായി ചിന്തയും പഠനവും. പിന്നീടുണ്ടായ മാറ്റങ്ങള്‍ സാമര്‍റാഇയുടെ വാക്കുകളില്‍: '1968-ല്‍ ഞാന്‍ ഉംറക്ക് പോയി. ഞാന്‍ സംസം വെള്ളം കുടിച്ചു. ജനങ്ങള്‍ക്ക് പ്രയോജനകരമായ അറിവ് നല്‍കാന്‍ ഞാന്‍ പ്രാര്‍ഥിച്ചു. ത്വവാഫില്‍ പ്രവേശിച്ച ഞാന്‍ കഅ്ബയുടെ കില്ലപിടിച്ചു പ്രാര്‍ഥിച്ചത്, ഖുര്‍ആനെ കുറിച്ച അറിവും തദനുസൃതമായ കര്‍മവും എനിക്ക് കനിഞ്ഞേകാനാണ്. പിന്നീട് അടുത്തകൊല്ലം ഹജ്ജിന് പോയപ്പോഴും ഉംറാ വേളയില്‍ നടത്തിയ പ്രാര്‍ഥന ആവര്‍ത്തിച്ചു. അങ്ങനെ ഭാഷാശാസ്ത്ര കവാടത്തിലൂടെ ഖുര്‍ആനിന്റെ മഹാപ്രപഞ്ചത്തിലേക്ക് കാലെടുത്ത് വെക്കാനുള്ള ഭാഗ്യം എനിക്ക് കൈവന്നു. അങ്ങനെയാണ് ഭാഷാശാസ്ത്രത്തിലൂടെ ഖുര്‍ആന്‍ വായിച്ച മഹാമനീഷി ഫാദില്‍ സ്വാലിഹ് സാമര്‍റാഇ ജനിച്ചത്. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top