വിനോദവും കലയും

ഡോ. യൂസുഫുല്‍ ഖറദാവി‌‌
img

മുസ്‌ലിം സമൂഹത്തില്‍ ഏറെ കെട്ടുപിണഞ്ഞതും സങ്കീര്‍ണവുമായ വിഷയമാണ് വിനോദവും കലയും. മനുഷ്യന്റെ ചിന്തക്കും ബുദ്ധിക്കുമുപരി ഭാവനകളും അനുഭൂതികളുമായി കൂടുതല്‍ ബന്ധപ്പെട്ട ഈ വിഷയത്തില്‍ അധികപേരും രണ്ട് തട്ടിലാണ്. ഒന്നുകില്‍ അമിതാവേശം അല്ലെങ്കില്‍ തികഞ്ഞ എതിര്‍പ്പ്. ഒരു ഭാഗത്ത് എല്ലാ പരിധികളും ലംഘിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് തീവ്രനിലപാടുകള്‍ പുലര്‍ത്തുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
ആരാധനകളും ആചാരാനുഷ്ഠാനങ്ങളും മാത്രമുള്ള ഇസ്്‌ലാമിക സമൂഹത്തില്‍ വിനോദത്തിനും ആസ്വാദനത്തിനും ഒട്ടും സ്ഥാനമില്ലെന്നാണ് ചിലരുടെ ധാരണ. ചിലയാളുകളുടെ സ്വഭാവ രീതികളും പെരുമാറ്റങ്ങളും ഇത്തരം ധാരണക്ക് ആക്കം കൂട്ടിയിട്ടുണ്ടാവും. കലയെ സ്‌നേഹിക്കുകയും വിനോദം ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ കാണുമ്പോള്‍ അവര്‍ മുഖം തിരിക്കുകയും നെറ്റി ചുളിക്കുകയും പല്ലിളിക്കുകയും ചെയ്യുന്നു. മതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തതില്‍നിന്നാണ് ഇത്തരം വികലമായ ചിന്താഗതികളുണ്ടാകുന്നത്. മതം ഇത്തരം ന്യൂനതകളില്‍നിന്നെല്ലാം സുരക്ഷിതമാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.
സ്വന്തം നിലപാടനുസരിച്ച് ജീവിക്കാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും തങ്ങളുടെ നിലപാട് മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് അത് സമൂഹത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. മറുവശത്ത് കലയിലും വിനോദങ്ങളിലും മുഴുകി തോന്നിയപോലെ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവരുടെ ദൃഷ്ടിയില്‍ ജീവിതം മുഴുവനും കളിയും വിനോദവുമാണ്. തെറ്റും ശരിയും, നിഷിദ്ധവും അനുവദനീയവും, നിര്‍ബന്ധവും അല്ലാത്തതുമെല്ലാം അവര്‍ക്ക് സമമാണ്. കലാസ്വാദനത്തിന്റെ പേരില്‍ എല്ലാം അനുവദനീയമാക്കാനാണ് അവരുടെ ശ്രമം. അങ്ങനെ സമൂഹത്തിലാകമാനം അശ്ലീലതയും മ്ലേഛതയും വ്യാപിപ്പിക്കുന്നു. കലയുടെയും വിനോദത്തിന്റെയും ബാഹ്യാര്‍ഥം മാത്രമേ അവര്‍ മനസ്സിലാക്കിയിട്ടുള്ളൂ. അവയില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ പാടെ വിസ്മരിക്കുന്നു.
ഈ രണ്ട് അവസ്ഥകളും ഉപേക്ഷിച്ച് തെളിവുകളുടെയും സ്വീകാര്യമായ ഇസ്്‌ലാമിക പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ കലയുടെയും വിനോദത്തിന്റെയും കാര്യത്തില്‍ യുക്തിസഹവും നീതിപൂര്‍വവുമായ ഒരു നിലപാട് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് അല്‍ഹലാലു വല്‍ഹറാമു ഫില്‍ ഇസ്‌ലാം, ഫതാവാ മുആസ്വിറ എന്നീ കൃതികളില്‍ ഞാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

മനുഷ്യരോടുള്ള പെരുമാറ്റത്തില്‍ ഇസ്‌ലാമിന്റെ പ്രായോഗിക സമീപനം
ഇസ്‌ലാം പ്രായോഗിക മതമാണ്. ശരീരവും ആത്മാവും മനസ്സും മസ്തിഷ്‌കവുമെല്ലാമുള്ള മനുഷ്യനോടാണ് അത് സംവദിക്കുന്നത്. ഇവ ഓരോന്നിനും ആവശ്യമായ പോഷണം തേടാനും സന്തുലനം പാലിക്കാനും ഇസ്്‌ലാം ആവശ്യപ്പെടുന്നു. വിശ്വാസികളുടെ ഗുണമായാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ''ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയമോ പിശുക്കോ കാണിക്കാതെ മധ്യമ മാര്‍ഗം സ്വീകരിക്കുന്നവരാണ് അവര്‍'' (അല്‍ഫുര്‍ഖാന്‍: 67). 'മധ്യമ മാര്‍ഗം' എന്ന വിശേഷണം സാമ്പത്തിക രംഗത്ത് മാത്രം പരിമിതമല്ല. എല്ലാ കാര്യങ്ങളിലും ഉണ്ടാകേണ്ട പൊതുവായ അടിസ്ഥാന സ്വഭാവമാണത്. അതുകൊണ്ടാണ് മുസ്്‌ലിം സമൂഹം മധ്യമ നിലപാട് പുലര്‍ത്തുന്ന മധ്യമ സമുദായമെന്നു വിശേഷിപ്പിക്കപ്പെടുന്നത്. കായികാഭ്യാസം ശരീരത്തിനും, ആരാധന ആത്മാവിനും, ജ്ഞാന സമ്പാദനം ബുദ്ധിക്കും, കല മനസ്സിനുമുള്ള പോഷകാഹാരങ്ങളാണ്. കല എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് മനുഷ്യനെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്ന കലയെയാണ്. നാശത്തിലേക്കും അധഃപതനത്തിലേക്കും നയിക്കുന്നവയെ അല്ല.

ഖുര്‍ആന്‍ ഉണര്‍ത്തുന്ന സൗന്ദര്യബോധം
കലയുടെ ആത്മാവ് സൗന്ദര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ അതിനെക്കുറിച്ച് ഉണര്‍ത്തിയതായി കാണാം. സൃഷ്ടികളില്‍ അന്തര്‍ലീനമായ ഭംഗി, സൗന്ദര്യം എന്നിവയിലേക്ക് മനുഷ്യന്റെ ശ്രദ്ധ അല്ലാഹു തിരിച്ചുവിടുന്നുണ്ട്. മനുഷ്യന്‍ അവയിലെ ഉപകാരങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം അവയിലടങ്ങിയ സൗന്ദര്യം ആസ്വദിക്കണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. മൃഗങ്ങളില്‍ അല്ലാഹു മനുഷ്യന് നിശ്ചയിച്ച ഉപകാരങ്ങളും നേട്ടങ്ങളും (അവന്‍ കാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് വസ്ത്രമുണ്ട്, ഭക്ഷണമുണ്ട്- അന്നഹ്ല്‍: 5) വിവരിച്ച ഉടനെ അല്ലാഹു ഉണര്‍ത്തുന്നു: ''അവയെ പ്രഭാതത്തില്‍ മേയാന്‍ വിട്ടയക്കുമ്പോഴും പ്രദോഷത്തില്‍ തിരിച്ചുകൊണ്ടുവരുമ്പോഴും നിങ്ങള്‍ക്കവയില്‍ സൗന്ദര്യമുണ്ട്''(അന്നഹ്്ല്‍: 6). ''നിങ്ങള്‍ക്ക് സവാരി ചെയ്യുന്നതിനും നിങ്ങളുടെ ജീവിതം പകിട്ടുള്ളതാക്കുന്നതിനുമായി അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചുതന്നിരിക്കുന്നു'' (അന്നഹ്ല്‍: 8). പരിശുദ്ധനായ സ്രഷ്ടാവ് രൂപകല്‍പന ചെയ്ത, ഒരാളുടെയും കരസ്പര്‍ശമേല്‍ക്കാത്ത ഉദാത്ത സൃഷ്ടികളിലെ കലാ സൗന്ദര്യത്തിന്റെ ആസ്വാദനത്തിലേക്കാണ് അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നത്. സമുദ്രത്തെ മനുഷ്യന് കീഴ്‌പ്പെടുത്തിയതു സംബന്ധിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിക്കവെ ഇങ്ങനെ കാണാം: ''സമുദ്രത്തെ നിങ്ങള്‍ക്കധീനപ്പെടുത്തിത്തന്നതും അവന്‍ തന്നെയാകുന്നു. അതില്‍നിന്നു പുതുമാംസം ഭക്ഷിക്കുന്നതിനും നിങ്ങള്‍ ധരിക്കുന്ന അലങ്കാരവസ്തുക്കള്‍ ശേഖരിക്കുന്നതിനും''(അന്നഹ്്ല്‍: 14). മനുഷ്യന് വിശപ്പടക്കാനുള്ള ഭക്ഷണം കടലില്‍ അല്ലാഹു ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നു പറയുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും കണ്ണിന് സൗന്ദര്യവും നല്‍കുന്ന ആഭരണങ്ങളും അതില്‍ നിക്ഷേപിച്ചതായി അല്ലാഹു പറയുന്നു.
ഭക്ഷണവും പാനീയവും ശരീരത്തിന് അനിവാര്യമായതുപോലെ മനസ്സിന് സന്തോഷവും ആനന്ദവും അനിവാര്യമാണ്. ഈ വസ്തുത വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുന്തിരി, സൈത്തൂന്‍, ഉറുമാന്‍, ഈത്തപ്പഴം, ചെടികള്‍, കൃഷികള്‍ തുടങ്ങിയവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന സൃഷ്ടിവൈഭവവും സൗന്ദര്യവും മനോഹാരിതയും കണ്ടാസ്വദിക്കാനും ഉപയോഗപ്പെടുത്താനും അതേക്കുറിച്ച് ചിന്തിക്കാനും അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ സൗന്ദര്യബോധത്തെ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കുവാന്‍ മനുഷ്യരോട് അല്ലാഹു ആവശ്യപ്പെടുന്നുണ്ട്: ''ആദം സന്തതികളേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും നിങ്ങളുടെ അലങ്കാരങ്ങളണിഞ്ഞുകൊള്ളുക. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ അഅ്‌റാഫ്: 31).

സൗന്ദര്യബോധം സത്യവിശ്വാസിയുടെ ഗുണം
ആകാശം, ഭൂമി, സസ്യം, മൃഗം, മനുഷ്യന്‍ തുടങ്ങി പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളിലുമടങ്ങിയ സൗന്ദര്യത്തെക്കുറിച്ച് വിശ്വാസികളില്‍ അവബോധമുണ്ടാക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ശ്രമിക്കുന്നതായി കാണാം: ''അവര്‍ തങ്ങള്‍ക്കു മീതെയുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ. നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല''(ഖാഫ്: 6). ''ആകാശത്തു നാം നക്ഷത്ര മണ്ഡലങ്ങള്‍ നിശ്ചയിക്കുകയും നോക്കുന്നവര്‍ക്ക് അവ അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു''(അല്‍ഹിജ്ര്‍: 16). ''മാനത്തുനിന്ന് നിങ്ങള്‍ക്കായി ജലം വര്‍ഷിപ്പിക്കുകയും അതുവഴി സുന്ദരമായ തോട്ടങ്ങള്‍ മുളപ്പിക്കുകയും ചെയ്തു''(അന്നംല്: 60). ''അവന്‍ നിങ്ങളെ രൂപപ്പെടുത്തി. വളരെ ഭംഗിയായി രൂപപ്പെടുത്തി''(അത്തഗാബുന്‍: 3). ഇതിലൂടെയെല്ലാം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവവും ഉദാത്തമായ സൗന്ദര്യബോധവുമാണ് വിശ്വാസി മനസ്സിലാക്കുന്നത്. ''എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവൃത്തിയാണത്''(അന്നംല്: 88). ''താന്‍ സൃഷ്ടിച്ച ഏതു വസ്തുവിനെയും നന്നായി തന്നെ സൃഷ്ടിച്ചിരിക്കുന്നു'' (അസ്സജദ: 7). സൗന്ദര്യബോധം അല്ലാഹുവിന്റെ മഹത്തായ വിശേഷണങ്ങളില്‍ പെട്ടതാണെന്ന് മനസ്സിലാക്കുന്ന സത്യവിശ്വാസി തന്റെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സൗന്ദര്യവും മേന്മയുമാണ് ഇഷ്ടപ്പെടുക.

അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നു
സൗന്ദര്യബോധം വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നും മനസ്സില്‍ അഹങ്കാരമുണ്ടാക്കുമെന്നുമുള്ള ചില സ്വഹാബികളുടെ ധാരണ പ്രവാചകന്‍ തിരുത്തുകയുണ്ടായി. ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ''ഹൃദയത്തില്‍ അണുത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരിപ്പ് നല്ലതുമാകാന്‍ ആഗ്രഹിക്കുന്നതോ?'' അവിടുന്ന് പറഞ്ഞു: ''അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്. സത്യത്തെ നിരാകരിക്കലും ആളുകളെ അവഹേളിക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം).

ഖുര്‍ആന്‍ സൗന്ദര്യത്തിന്റെ ദൃഷ്ടാന്തം
ഇസ്്‌ലാമിലെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഖുര്‍ആന്‍. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ലഭിച്ച അതിമഹത്തായ അമാനുഷിക സിദ്ധിയുമാണത്. ബുദ്ധിപരമായ അമാനുഷികത്വം എന്നതിലുപരി സൗന്ദര്യപരമായ അമാനുഷികത്വം കൂടിയാണത്. അതിന്റെ രചനയിലും ശൈലിയിലുമുള്ള വിസ്മയിപ്പിക്കുന്ന സൗന്ദര്യവും സ്വര രാഗ മാധുര്യവും അറബികളെ അത്ഭുതപ്പെടുത്തി. ചിലരതിനെ മയക്കുവിദ്യ(സിഹ്‌റ്) എന്നുപോലും വിളിക്കുകയുണ്ടായി. അബ്ദുല്‍ ഖാഹിര്‍ മുതല്‍ സയ്യിദ് ഖുത്വുബ്, ബിന്‍ത് ശാത്വിഅ് തുടങ്ങി അറബ് ലോകത്തെ നിരവധി പ്രഗത്ഭ സാഹിത്യകാരന്മാര്‍ ഖുര്‍ആന്റെ അമാനുഷികത വിളിച്ചോതുന്ന വശ്യതയും സൗന്ദര്യവുമെല്ലാം വിവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ ശബ്ദ മാധുര്യത്തെ സാഹിതീയ സൗന്ദര്യവുമായി കുട്ടിയിണക്കി പാരായണം ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചതായി കാണാം. അതുകൊണ്ടാണ് ''ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവകാശം ഓതുക''(അല്‍ മുസ്സമ്മില്‍: 4) എന്നു കല്‍പിച്ചത്.
പ്രവാചകന്‍(സ) പറഞ്ഞു: ''നിങ്ങളുടെ ശബ്ദംകൊണ്ട് നിങ്ങള്‍ ഖുര്‍ആന്റെ ഭംഗി കൂട്ടുക''(മുസ്്‌ലിം). മറ്റൊരു റിപ്പോര്‍ട്ട് നോക്കുക: ''തീര്‍ച്ചയായും നല്ല ശബ്ദം ഖുര്‍ആന്റെ സൗന്ദര്യം വര്‍ധിപ്പിക്കും''(ദാരിമി, ഹാകിം). ''ഈണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല''(ബുഖാരി). നബി(സ) അബൂ മൂസയോട് പറഞ്ഞു: ''നിന്റെ ഖുര്‍ആന്‍ പാരായണം ഇന്നലെ ഞാന്‍ ശ്രദ്ധിച്ച് കേട്ടു. ആലുദാവൂദിന്റെ പുല്ലാങ്കുഴലില്‍ ഒരെണ്ണം നിനക്ക് നല്‍കപ്പെട്ടിരിക്കുന്നുവല്ലോ!'' അപ്പോള്‍ അബൂമൂസ പറഞ്ഞു: ''താങ്ങളെന്നെ ശ്രദ്ധിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്കു വേണ്ടി ഭംഗിയാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു!!'' (മുസ്‌ലിം).
ഞങ്ങളുടെ ഗുരുനാഥനും പ്രക്ഷേപണ വിഭാഗം ഉന്നതാധികാര സമിതി മെമ്പറുമായിരുന്ന ഡോ. മുഹമ്മദ് അബ്ദുല്ല ദറാസ് പറഞ്ഞു: ''ഖുര്‍ആന്‍ കേള്‍ക്കല്‍ ഒരു പുണ്യകര്‍മം മാത്രമല്ല; വിശുദ്ധ ഖുര്‍ആനില്‍ നിക്ഷിപ്തമായ കലയും സൗന്ദര്യവും ആസ്വദിക്കാന്‍ കൂടിയാണത്.'' ശരിയാണദ്ദേഹം പറഞ്ഞത്. ഖുര്‍ആന്‍ മതവും ശാസ്ത്രവും സാഹിത്യവും കലയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ്. ആത്മാവിനെ പരിപോഷിപ്പിക്കുകയും ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനസ്സിനെ തട്ടിയുണര്‍ത്തുകയും അനുഭൂതിക്ക് സുഖം നല്‍കുകയും നാവിനെ സ്ഫുടം ചെയ്യുകയും ചെയ്യുന്നു.

കലാസൗന്ദര്യം വാക്കിലും സാഹിത്യത്തിലും
സൗന്ദര്യത്തെ അറിയാനും ഇഷ്ടപ്പെടാനും ആസ്വദിക്കാനും ഇസ്്‌ലാം മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ അത് ഭംഗിയായി ആവിഷ്‌കരിക്കാനും ഇസ്്‌ലാം കല്‍പിക്കുന്നുണ്ട്. ഗദ്യം, പദ്യം, കഥ, പ്രസംഗം, ലേഖനം തുടങ്ങിയവയിലാണ് കലാസൗന്ദര്യം ഏറ്റവുമധികം പ്രകടമാകുന്നത്. പ്രവാചകന്‍ കവിത കേള്‍ക്കുകയും അതില്‍ ആകൃഷ്ടനാകുകയും അതിന്റെ സ്വാധീനം മനസ്സിലാക്കുകയും ചെയ്തിരുന്നു. കഅ്ബുബ്‌നു സുഹൈറിന്റെ ബാനത് സുആദും നാബിഅതുല്‍ ജഅ്ദിയുടെ കവിതകളും പോലെ. ഇസ്്‌ലാമിന്റെ പ്രചാരണത്തിനും പ്രതിരോധത്തിനും അദ്ദേഹം കവിതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനുദാഹരണമാണ് ഹസ്സാനുബ്‌നു സാബിതിന്റെ കവിതകള്‍. തന്റെ പ്രബോധനത്തെ കവിതകൊണ്ടദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അലി(റ)യെ പോലുള്ള പല സ്വഹാബികളും കവികളായിരുന്നു. പില്‍ക്കാലത്ത് ജീവിച്ച ഇമാം അബ്്ദുല്ലാഹിബ്‌നു മുബാറക്, ഇമാം ശാഫിഈ തുടങ്ങിയ പല പ്രമുഖ മതപണ്ഡിതരും കവികള്‍ കൂടിയായിരുന്നു.
പ്രവാചകന്‍(സ) പറഞ്ഞു: ''വാഗ്വിലാസത്തില്‍ വശ്യതയുണ്ട്. കവിതയില്‍ ജ്ഞാനമുണ്ട്'' (അഹ്മദ്, അബൂദാവൂദ്).
എന്നാല്‍ വ്യാജ പ്രശംസ, അസത്യജടിലമായ പൊങ്ങച്ചം, അതിരുവിട്ട ആക്ഷേപം, നിര്‍ലജ്ജമായ പ്രേമസല്ലാപങ്ങള്‍ തുടങ്ങി ധാര്‍മികതക്കും ഉന്നത മൂല്യങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങളുള്‍ക്കൊള്ളുന്ന കവിതകള്‍ 'ഹിക്മത്' എന്ന് പ്രവാചകന്‍ സൂചിപ്പിച്ച ആശയത്തില്‍നിന്ന് ബഹുദൂരത്താണെന്ന് ഉപര്യുക്ത ഹദീസില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഇതുകൊണ്ടാണ് മനുഷ്യനെ വഴിപിഴപ്പിക്കുകയും വ്യാജോക്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന കവികളെ ഖുര്‍ആന്‍ ആക്ഷേപിച്ചത്: ''വഴി പിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്. അവര്‍ സകല താഴ്‌വരകളിലും അലഞ്ഞുതിരിയുന്നത് നീ കാണുന്നില്ലേ? തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതും. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും അല്ലാഹുവിനെ ഏറെ സ്മരിക്കുകയും തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ'' (അശ്ശുഅറാഅ്: 224-227).
സാഹിത്യമാകട്ടെ, കലയാകട്ടെ അതിനൊരു ലക്ഷ്യവും ധര്‍മവുമുണ്ട്. ഗദ്യത്തിന്റെയും പദ്യത്തിന്റെയും ബാഹ്യരൂപങ്ങള്‍ പരിഷ്‌കരിക്കുന്നതിനും മറ്റുള്ളവരുടേതില്‍നിന്ന് നമുക്കനുയോജ്യമായ രൂപങ്ങള്‍ സ്വീകരിക്കുന്നതിനും വിരോധമില്ല. ലക്ഷ്യവും ഉള്ളടക്കവും ധര്‍മവുമാണ് പ്രധാനം. പണ്ട് അറബികള്‍ പുതിയ പല കാവ്യരൂപങ്ങളും കണ്ടുപിടിച്ചിരുന്നു. അതുപോലെ ആധുനിക കാലത്തും പുതിയ രൂപങ്ങള്‍ കണ്ടെത്തുന്നതിന് വിരോധമില്ല. ഇസ്്‌ലാമിക കാലഘട്ടങ്ങളിലും സാഹിത്യത്തില്‍ പുതിയ ആവിഷ്‌കാര രൂപങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ട്. രിസാലതുല്‍ ഗുഫ്‌റാന്‍, അല്‍ഫു ലൈല വ ലൈല, കലീലഃ വ ദിംനഃ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. അപ്രകാരം ആധുനിക കാലത്തും പുതിയ മേഖലകള്‍ കണ്ടെത്തുകയും നിലവിലുള്ളതിനെ പരിഷ്‌കരിക്കുകയും നാടകം, നോവല്‍, ചെറുകഥ തുടങ്ങി നമുക്ക് ഉപകാരമുണ്ടാക്കുന്നവ മറ്റുള്ളവരില്‍നിന്ന് സ്വീകരിക്കാവുന്നതുമാണ്.
ഇസ്്‌ലാമിക സാഹിത്യരംഗത്ത് നാടകം, കഥ തുടങ്ങിയവയുടെ മതകീയ കാഴ്ചപ്പാടിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അവയില്‍ അവതരിപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളുടെ സംസാരവുമെല്ലാം യഥാര്‍ഥ സംഭവങ്ങളല്ലെന്നിരിക്കെ അവ ഇസ്്‌ലാമിക ദൃഷ്ട്യാ കുറ്റകരമായ കളവായി ഗണിക്കപ്പെടുകയില്ലേ എന്നതാണ് ചോദ്യത്തിന്റെ കാതല്‍. ഇതിനുള്ള എന്റെ മറുപടി, കുറ്റകരമല്ല എന്നാണ്. അവയൊന്നും യഥാര്‍ഥമല്ലെന്ന് അവ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ നല്ലപോലെ മനസ്സിലാക്കുന്നുണ്ട്. കലാപരമായ ചിത്രീകരണമാണത്. സുലൈമാന്‍ നബിക്കുമുമ്പില്‍ ഉറുമ്പും ഹുദ്ഹുദ് പക്ഷിയും സംസാരിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടല്ലോ. അവ രണ്ടും സ്ഫുടമായ അറബി ഭാഷ സംസാരിച്ചിട്ടില്ലെന്നതുറപ്പാണ്. ആ സന്ദര്‍ഭത്തിലും സ്ഥലത്തും അവയുടെ സംസാരമെങ്ങനെയായിരുന്നുവെന്ന് ഖുര്‍ആന്‍ നമുക്ക് ഭാഷാന്തരം ചെയ്തുതന്നിരിക്കുകയാണ്.
ഞാന്‍ തന്നെ രണ്ട് നാടകങ്ങളുടെ രചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എന്റെ സാഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍, സെക്കന്ററിക്ക് പഠിച്ചുകൊണ്ടിരിക്കെ പ്രസിദ്ധ കവിയായ ശൗഖിയുടെ നാടകത്തില്‍ ആവേശം കൊണ്ടിരുന്ന കാലത്തായിരുന്നു ഒന്ന്. യൂസുഫ് നബിയെക്കുറിച്ചുള്ള കാവ്യ നാടകമായിരുന്നു അത്. രണ്ടാമത്തേത് പണ്ഡിതനും അക്രമിയും എന്ന പേരില്‍ സഈദുബ്‌നു ജുബൈറിനെയും ഹജ്ജാജുബ്‌നു യൂസുഫിനെയും കുറിച്ചുള്ള ചരിത്ര നാടകവും. വിവിധ നാടുകളില്‍ അവതരിപ്പിച്ച രണ്ടാമത്തേതിന് ആദ്യത്തേതില്‍നിന്നു വ്യത്യസ്തമായി ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചു. പ്രവാചകന്മാരുടെ ചിത്രീകരണം പാടില്ലെന്ന് ആധുനിക പണ്ഡിതന്മാര്‍ തീരുമാനിച്ചതിനാല്‍ ഒന്നാമത്തേതിന് അതുപോലുള്ള സ്വീകാര്യത ലഭിച്ചില്ല.

© Bodhanam Quarterly. All Rights Reserved

Back to Top