മുസ്‌ലിം ചിന്തയിലെ ഇസ്‌ലാമേതര സ്വാധീനങ്ങള്‍

എ.കെ അബ്ദുല്‍ മജീദ്‌‌

ഇസ്‌ലാമിക തത്ത്വചിന്തയുടെ ആദ്യകാല വികാസ പരിണാമങ്ങള്‍ സംഭവിക്കുന്നത് ഹിജ്‌റ ഒന്നുമുതല്‍ 12 വരെ (ക്രി. വ. ഏഴു മുതല്‍ 18 വരെ)യുള്ള നൂറ്റാണ്ടുകളിലാണ്. ഇസ്‌ലാമിക നാഗരികതയുടെ ഉത്ഥാന പതനങ്ങള്‍ക്കും ഈ നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദൈവശാസ്ത്രം, തത്ത്വചിന്ത, ആധ്യാത്മിക ചിന്ത, ഭാതികശാസ്ത്രം എന്നീ വൈജ്ഞാനിക മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുടേതു കൂടിയാണ് ഈ കാലയളവ്. നാനാദിക്കുകളില്‍നിന്നുള്ള ജ്ഞാന സരിത്തുകള്‍ മുസ്‌ലിം നാഗരികതയുടെ ഈറ്റില്ലങ്ങളെ ലക്ഷ്യമാക്കി പ്രവഹിക്കുകയായിരുന്നു. ലഭ്യമായ ഉറവിടങ്ങളില്‍ നിന്നെല്ലാം അറിവ് സ്വന്തമാക്കുന്നതിന് മുസ്‌ലിം പണ്ഡിതന്മാര്‍ ഉത്സാഹിച്ചു. ഭാഗ്യവശാല്‍, അതിന് പിന്തുണ നല്‍കുന്ന ഭരണാധികാരികളാണ് മുസ്‌ലിം നാടുകള്‍ ഭരിച്ചിരുന്നത്. സ്വതന്ത്ര ചിന്തയെയോ ശാസ്ത്രാന്വേഷണത്തെയോ ഭരണകൂടങ്ങള്‍ നിരുത്സാഹപ്പെടുത്തിയില്ല. എന്നല്ല, മതിയായ പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് പ്രായേണ അവര്‍ സ്വീകരിച്ചത്.
ഗ്രീക്ക്, സംസ്‌കൃത, സിറിയക്, ഹീബ്രു ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ചെലവില്‍ ഹി. ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപനങ്ങള്‍ നിലവില്‍വരികയുണ്ടായി. മുസ്‌ലിം പണ്ഡിതന്മാര്‍ക്കു പുറമെ ക്രൈസ്തവ, യഹൂദ പണ്ഡിതന്മാരുടെ സേവനവും ഈ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തി.
അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദി(ക്രി. 786-809)ന്റെ കാലത്ത് ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകന്‍ അല്‍മഅ്മൂന്റെ കാലത്ത് (ക്രി. 813-833) വളര്‍ച്ചയുടെ പരകോടിയിലെത്തുകയും ചെയ്ത 'ബൈതുല്‍ ഹിക്മ' (ജ്ഞാന ഗൃഹം) ലോക വൈജ്ഞാനിക ചരിത്രത്തിലെതന്നെ നാഴികക്കല്ലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. പൈതഗോറസ്, പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍, ഹിപ്പോക്രോറ്റസ്, യൂക്ലിഡ്, പ്ലോട്ടിനസ്, ഗാലന്‍, ടോളമി, ശുശ്രുതന്‍, ചരകന്‍, ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ മഹാപ്രതിഭാശാലികളുടെ ഗ്രന്ഥങ്ങളെല്ലാം ബൈതുല്‍ ഹിക്മയിലെ വിവര്‍ത്തന വിഭാഗം അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. പല ക്ലാസിക് ഗ്രന്ഥങ്ങള്‍ക്കും ഒന്നിലധികം അറബി പരിഭാഷകളുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ സഹായമില്ലാതെ പണ്ഡിതന്മാര്‍ സ്വന്തം നിലയിലും തങ്ങളുടെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായും വിവിധ ലോകഭാഷകളില്‍നിന്നുള്ള ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. ഇവയെല്ലാം ചേര്‍ന്നാണ് അറബി ഭാഷയും ദേശവും വിജ്ഞാന വിസ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രമായിത്തീര്‍ന്നത്.
പുരോഗമനോന്മുഖമായ ഒരു നാഗരികതയും, ബാഹ്യസ്വാധീനങ്ങളേതുമില്ലാതെ, ഒറ്റപ്പെട്ട തുരുത്തില്‍ ഉദിച്ചസ്തമിക്കുകയല്ല ചെയ്യുന്നതെന്ന് നമുക്കറിയാം. എല്ലാ ദിക്കുകളില്‍നിന്നും വെള്ളവും വായുവും വെളിച്ചവും സ്വീകരിച്ചുകൊണ്ടാണ് നാഗരികതകള്‍ വിടരുകയും പുഷ്പിക്കുകയും ചെയ്തിട്ടുള്ളത്. ഇസ്‌ലാമിക നാഗരികതയും ഇതിന്നപവാദമല്ല. ഗ്രീക്ക്, സിറിയന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ വൈജ്ഞാനിക പൈതൃകങ്ങളുമായി ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ സ്വാധീനങ്ങളുടെ ഹ്രസ്വമായ വിവരണമാണ് ഈ അധ്യായത്തില്‍.
ഗ്രീക്ക് ചിന്തകരില്‍ മുസ്‌ലിം ദാര്‍ശനികരെ ഏറ്റവുമധികം സ്വാധീനിച്ചത് സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്നിവരാണ്. യഥാക്രമം ഇവര്‍ സുഖ്‌റാത്വ്, അഫ്‌ലാത്വൂന്‍, അരിസ്തൂത്വാലിസ് എന്നീ പേരുകളിലാണ് മുസ്‌ലിം ലോകത്ത് അറിയപ്പെട്ടത്. പരിഭാഷകള്‍ വഴിയും സ്വതന്ത്രഭാഷ്യങ്ങള്‍ വഴിയും പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും കൃതികള്‍ മുസ്‌ലിംലോകത്ത് പ്രചരിച്ചു. ഈ പരിഭാഷകള്‍ വഴിയാണ് ലാറ്റിനിലേക്കും ഇതര യൂറോപ്യന്‍ ഭാഷകളിലേക്കും ഗ്രീക്ക് ചിന്ത കൈമാറ്റം ചെയ്യപ്പെട്ടത്. അബുല്‍ ഫറജ് മുഹമ്മദ് ഇബ്‌നു നദീം തയാറാക്കിയ അല്‍ഫിഹ്‌രിസ്ത് (ഹി. 377/ക്രി.വ. 987) എന്ന ഗ്രന്ഥാവലിയില്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രീക്ക് ഗ്രന്ഥങ്ങളുടെ വിവരണങ്ങള്‍ ഉണ്ട്. യവനരുടെ ശാസ്ത്ര, തത്ത്വശാസ്ത്ര കൃതികളല്ലാതെ ഇതിഹാസ കാവ്യങ്ങളും നാടകങ്ങളും മുസ്‌ലിംകള്‍ അറബിയിലേക്ക് തര്‍ജമ ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മുസ്‌ലിംകള്‍ ബോധപൂര്‍വം അവ ഒഴിവാക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്. അലക്‌സാണ്ട്രിയ വഴിയാണ് മുസ്‌ലിംകള്‍ക്ക് ഗ്രീക്ക് വിജ്ഞാനം ലഭിക്കുന്നത്. ഗ്രീക്ക് സംസാരിക്കുന്ന ഈജിപ്തുകാരുടെ പ്രമുഖ തത്ത്വചിന്തകനായിരുന്ന പ്ലോട്ടിനസി(മ. ക്രി.മു. 270)ന്റെ തത്ത്വങ്ങളെ (നിയോ പ്ലാറ്റോണിക്) ആദ്യകാല അറബ് തത്ത്വചിന്തകരില്‍ ചിലര്‍ പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ആശയങ്ങളായി തെറ്റിദ്ധരിച്ചു എന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അരിസ്റ്റോട്ടിലിനെയാണ് ഒന്നാമത്തെ  തത്ത്വചിന്തകനായി അറബ് ചിന്തകര്‍ പൊതുവെ അംഗീകരിച്ചത്. അരിസ്റ്റോട്ടില്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ തത്ത്വചിന്തകനായി അല്‍ഫാറാബിയെ അവര്‍ കണ്ടു. അരിസ്റ്റോട്ടില്‍ കൃതികള്‍ക്ക് ഒന്നിലേറെ പരിഭാഷകളും സംശോധിത പതിപ്പുകളും വ്യാഖ്യാനങ്ങളും അറബിയില്‍ ഉണ്ടായി. മിക്കവാറും എല്ലാ ആദ്യകാല മുസ്‌ലിം തത്ത്വചിന്തകരും അരിസ്റ്റോട്ടിലിന്റെ അനുചരന്മാരായാണ് സ്വയം പരഗണിച്ചിരുന്നത്. അതേസമയം തത്ത്വചിന്താപഠനത്തിന്റെ ഭാഗമായി ഗ്രീക്ക് ചിന്തയെ മൊത്തത്തില്‍ അവര്‍ അപഗ്രഥനവിധേയമാക്കുകയും ചെയ്തു. പ്രപഞ്ചം, ഉണ്‍മ, സൃഷ്ടിപ്പ്, കാര്യകാരണ ബന്ധം തുടങ്ങി അതിഭൗതിക ശാസ്ത്രവുമായി ബന്ധപ്പെട്ട ധാരാളം ആശയങ്ങള്‍ ഗ്രീക്ക് തത്ത്വചിന്തയില്‍നിന്ന് മുസ്‌ലിം തത്ത്വചിന്തകര്‍ കടംകൊണ്ടതായി കാണാം. ഗ്രീക്ക് ചിന്തയുടെ അമിത സ്വാധീനത്തില്‍നിന്ന് ഇസ്‌ലാമിക ചിന്തയെ മോചിപ്പിക്കുക എന്നത് ഇമാം ഗസ്സാലിയെ പോലുള്ള പണ്ഡിതന്മാര്‍ തങ്ങളുടെ ജീവിത നിയോഗമായി കരുതുന്നത്ര സ്വാധീനം യവനചിന്തക്ക് മുസ്‌ലിം തത്ത്വചിന്തയില്‍ ഉണ്ടായിരുന്നു.

അലക്‌സാണ്ട്രിയോ- സിറിയക് സ്വാധീനം
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ക്രി. മു. 331-ല്‍ സ്ഥാപിച്ച രാജ്യമാണ് അലക്‌സാണ്ട്രിയ. ഇന്ന് ഇത് ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമാണ്. മധ്യധരണ്യാഴിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അലക്‌സാണ്ട്രിയ ഏതാണ്ട് 1000 വര്‍ഷം ഗ്രീക്ക് നാഗികതയുടെ ഈറ്റില്ലമായി നിലകൊണ്ടു. അലക്‌സാണ്ട്രിയന്‍ ലൈബ്രറി ചരിത്രപ്രസിദ്ധമാണ്. ഗ്രീസിലെ പഴയ നഗരരാഷ്ട്രങ്ങളെ തകര്‍ത്തെറിഞ്ഞാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി അലക്സാണ്ട്രിയ സ്ഥാപിക്കുന്നത്. സ്വാഭാവികമായും ഗ്രീസിലെ പണ്ഡിതന്മാര്‍ പുതിയ രാജ്യത്തേക്കു നീങ്ങി. റോമിന്റെയും ഈജിപ്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതന്മാരും അവിടേക്കാകര്‍ഷിക്കപ്പെട്ടു. പൗരാണിക സുമേരിയന്‍, അസ്സീറിയന്‍, അക്കാദിയന്‍ നാഗരികതയുടെ കേന്ദ്രമായിരുന്നു പിന്നീട് സിറിയ എന്നറിയപ്പെട്ട ഭൂപ്രദേശം. ക്രി. മു 64-ലാണ് റോമാ ചക്രവര്‍ത്തി പോംപെ, അന്തോക്കിയ കീഴടക്കി സിറിയയെ റോമാ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയത്. സിറിയയുടെ ഇന്നത്തെയും അന്നത്തെയും അതിര്‍ത്തി ഒന്നായിരുന്നില്ല. അരമായ ഭാഷ സംസാരിക്കുന്നവരായിരുന്നു സിറിയക്കാര്‍. സാധാരണക്കാര്‍ അരമായ ഭാഷയും, ഭരണവര്‍ഗവും ഉദ്യോഗസ്ഥരും ഗ്രീക്കും സംസാരിച്ചു. ക്രി. വ. ഏഴാം നൂറ്റാണ്ടിലാണ് മുസ്‌ലിംകള്‍ സിറിയ (അറബിയില്‍ ശാം) കീഴടക്കുന്നതും അവിടത്തെ സമ്പര്‍ക്കഭാഷ അറബിയാവുന്നതും. അലക്‌സാണ്ട്രിയയെപ്പോലെ സിറിയയും വൈജ്ഞാനികമായി ഏറെ മുന്‍പന്തിയിലായിരുന്നു. ഈ രണ്ടു പ്രദേശങ്ങളിലുമായി നിലനിന്നിരുന്ന തത്ത്വശാസ്ത്ര ധാരകളെ വിശകലനസൗകര്യാര്‍ഥം നിയോ പൈതഗോറനിസം, യഹൂദ-അലക്‌സാണ്ട്രിയന്‍ തത്ത്വചിന്ത, നിയോ പ്ലാറ്റോനിസം, ആദ്യകാല ക്രൈസ്തവ തത്ത്വശാസ്ത്രം എന്നിങ്ങനെ നാലായി തരം തിരിക്കാവുന്നതാണ്.
പൈതഗോറസിന്റെ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയെ പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍, സ്‌റ്റോയിക്കുകള്‍ തുടങ്ങിയവരുടെ ആശയങ്ങളുമായി പൊരുത്തപ്പെടുത്തുകയും ചെയ്ത നിയോ പൈതഗോറിസ്റ്റുകള്‍ അടിസ്ഥാനപരമായി മതപരമായ കാഴ്ചപ്പാടുകള്‍ ഉള്ളവരായിരുന്നു. അലക്‌സാണ്ട്രിയയായിരുന്നു ഇവരുടെ ശക്തികേന്ദ്രം. മൗലികമായി ഇവര്‍ ഏകദൈവ വിശ്വാസികളായിരുന്നു. ബാഹ്യ ചേഷ്ടകള്‍ കൊണ്ടാവരുത് ദൈവത്തെ ആരാധിക്കുന്നത് എന്ന് ഇവര്‍ പറഞ്ഞു. ആത്മീയതയോട് ഭൗതികത കൂട്ടിച്ചേര്‍ക്കരുത്. ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മാവിനെ സ്വതന്ത്രമാക്കണം. പരിത്യാഗ ജീവിതത്തിലൂടെ ശരീരത്തിന്റെ കാമനകളെ അതിജീവിക്കണം. നിയോ പൈതഗോറിസ്റ്റുകള്‍ സംഖ്യയ്ക്ക് അതിഭൗതികശാസ്ത്രപരമായ അര്‍ഥം കല്‍പിച്ചു. 'ഏക' ആണ് നന്മയുടെയും പ്രപഞ്ച വ്യവസ്ഥയുടെയും ആധാരം. അതേസമയം 'ഇരട്ട' അവ്യവസ്ഥയുടെയും അപൂര്‍ണതകളുടെയും ഉറവിടമാകുന്നു. ഇവ രണ്ടും തമ്മിലുള്ള വിടവു നികത്തുക എന്ന ധര്‍മം വിശ്വാത്മാവില്‍ നിക്ഷിപ്തമാണ്. ദൈവം, വിശ്വബുദ്ധി, വിശ്വാത്മാവ്, പദാര്‍ഥം എന്ന ചതുര്‍തത്ത്വമാണ് നിയോപൈതഗോറിയന്‍ അതിഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം.
മനുഷ്യന്‍ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് പാപം ചെയ്യുന്നത്. അല്ലാതെ പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തിയുടെ പ്രേരണകൊണ്ടല്ല. ശരീരമാകുന്ന തടവറയില്‍ പാര്‍പ്പിക്കപ്പെട്ടിരിക്കുകയാണ് ആത്മാവ് എന്നും ശരീരത്തില്‍നിന്ന് പുറത്തുകടന്ന് ദൈവവുമായി ചേരാന്‍ സദാ അഭിലഷിച്ചുകൊണ്ടിരിക്കുകയാണ് അതെന്നും നിയോ പൈതഗോറിയന്‍ ദാര്‍ശനികനായ മാക്‌സിമസ് ചിന്തിച്ചു. സിറിയന്‍ ചിന്തകനായ നുമേനിയസ് ദൈവത്തെ പിതാവ്, സ്രഷ്ടാവ്, സൃഷ്ടി എന്നീ മൂന്നു ഘടകങ്ങളുടെ സംയുക്തമായിട്ടാണ് കണ്ടിരുന്നത്. ആത്മാവും ശരീരവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍ എങ്കിലും ശരീരത്തെ പൂര്‍ണമായി അവഗണിക്കേണ്ടതില്ല എന്ന വീക്ഷണമായിരുന്നു നുമേനിയസിന്റേത്. നിരന്തരമായ പുനരവതാരങ്ങള്‍ വഴിയാണ് ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ക്രി. മു. ഒന്ന്, ക്രി. വ. ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലാണ് നിയോ പൈതഗോറിയനിസം നിലനിന്നത്. നികോമാകസ്, നിജിഡിയസ് ഫിഗുലസ്, അപോളോനിയസ്, മോഡറേറ്റസ് തുടങ്ങിയവരാണ് നിയോ പൈതഗോറിയന്‍മാരില്‍ പ്രമുഖര്‍.
യഹൂദ-അലക്‌സാണ്ട്രിയന്‍ തത്ത്വചിന്തയാണ് രണ്ടാമത്തെ ധാര. ക്രിസ്തുവിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അലക്‌സാണ്ട്രിയയില്‍ ജനിച്ച യഹൂദനായ ഫിലോയാണ് ഇവരില്‍ പ്രധാനി. യഹൂദ മതവും ഗ്രീക്ക് ചിന്തയും തമ്മില്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ച ദാര്‍ശനികനാണ് ഫിലോ. യഹൂദമതത്തിലെ ആശയങ്ങളെ അന്യാപദേശരീത്യാ വ്യാഖ്യാനിക്കുകയാണ് ഇതിനുള്ള മാര്‍ഗമായി അദ്ദേഹം കണ്ടത്. ചേലാകര്‍മത്തെ ആസക്തികളുടെയും ദൈവവിരുദ്ധ ആശയങ്ങളുടെയും പരിഛേദമായി അദ്ദേഹം വ്യാഖ്യാനിച്ചു. എന്നാല്‍ പ്രതീകാത്മകതയുടെ പേരില്‍ മതാചാരങ്ങളെ ഉപേക്ഷിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. തത്ത്വചിന്തകന്‍ എന്നതിനേക്കാള്‍ മതപ്രബോധകന്‍ ആയിരുന്നു ഫിലോ. ദൈവദര്‍ശനത്തിന് ആത്മാവിനെ പാകമാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം അധികമായും ചിന്തിച്ചത്. യവന മനശ്ശാസ്ത്രമായിരുന്നു ഇതിന് അദ്ദേഹത്തിന് അവലംബം. ദൈവത്തെ മനുഷ്യന്‍ തന്റെ ആധ്യാത്മിക നിലവാരത്തിനനുസരിച്ച് വ്യത്യസ്ത രീതികളിലാണ് അറിയുക. ചിലര്‍ മൂന്നായും ചിലര്‍ രണ്ടായും കാണുന്നു. എന്നാല്‍, ഏറ്റവും ഉന്നതിയില്‍ എത്തിയവര്‍ ഏകമായി കാണുന്നു. ദൈവിക ശക്തികളില്‍ ഏറ്റവും ശക്തം ലോഗോസ് (വാക്ക്) ആണ്. ദൈവത്തിനും മനുഷ്യനുമിടയിലുള്ള വിനിമയമാധ്യമമാണ് വാക്ക്. പ്ലാറ്റോ പറയുന്ന ആശയങ്ങളുടെ ലോകവുമായി ഫിലോ ലോഗോസിനെ ബന്ധിപ്പിക്കുന്നു. ദൈവത്തിന്റെ ശ്വാസം (ന്യൂമാ) മനുഷ്യനില്‍ പതിഞ്ഞിരിക്കുന്നുവെന്നും മനുഷ്യനിലെ ദൈവഭാവം അതാണെന്നും ഫിലോ പറഞ്ഞു. മനസ്സിനും മീതെയുള്ള ആത്മാവിന്റെ  അത്യുന്നതമായ ഭാഗമാണത്.
അലക്‌സാണ്ട്രോ-സിറിയക് തത്ത്വചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട ധാര നിയോ പ്ലാറ്റോണിസമാണ്. പില്‍ക്കാല തത്ത്വചിന്തെയ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിഞ്ഞതും നിയോ പ്ലാറ്റോണിയന്‍ ചിന്തകര്‍ക്കത്രെ. ഒരര്‍ഥത്തില്‍ നിയോ പൈതഗോറിയനിസത്തിന്റയും യഹൂദ ജ്ഞാനവാദത്തിന്റെയും തുടര്‍ച്ചയാണിത്. ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ഈജിപ്തുകാരനായിരുന്നു ക്രി.വ. 205-ല്‍ ജനിച്ചതായി കരുതപ്പെടുന്ന പ്ലോട്ടിനസ്. അമോണിയസ് സാക്കാസിന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം. ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ തത്ത്വചിന്തകളില്‍ പ്ലോട്ടിനസ് അവഗാഹം നേടി. ഒന്ന്, ബുദ്ധി, ആത്മാവ് എന്നീ മൂന്ന് തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് പ്ലോട്ടിനസിന്റെ തത്ത്വചിന്ത. ഉണ്‍മകള്‍ക്കും അനുണ്മകള്‍ക്കും അതീതമായ ഏകസത്തയാണ് 'ഒന്ന്.' എല്ലാ അസ്തിത്വങ്ങളുടെയും ആകത്തുകയല്ല ഇത്; മറിച്ച്, എല്ലാ അസ്തിത്വങ്ങള്‍ക്കും മുമ്പേയുള്ളതാണ്. ഈ 'ഒന്നി'നെ പ്ലോട്ടിനസ് 'നന്മ' യായും 'സൗന്ദര്യ'മായും കണ്ടു. ഈ 'ഒന്ന്' ഒന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ, അതില്‍നിന്ന് നിസ്സരിച്ചുണ്ടായതാണ് ലോകം. ഒന്നാമത്തെ നിസ്സരണം നൗസ് (ദിവ്യമനസ്സ്) ആണ്. അതില്‍നിന്ന് 'വിശ്വാത്മാവ്' നിസ്സരിച്ചുണ്ടായി. ഇങ്ങനെ വിവിധ തലങ്ങളുള്ള നിസ്സരണങ്ങളുടെ ഫലമാണ് നാം വസിക്കുന്ന ലോകവും അതിലെ ചരാചരങ്ങളും. പ്ലേറ്റോയുടെ അതിഭൗതികാശയങ്ങളുടെ ചുവടുപിടിച്ചാണ് പ്ലോട്ടിനസ് തന്റെ ചിന്തകള്‍ വികസിപ്പിച്ചത്. പ്ലേറ്റോയെ മതദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ വിശദീകരിക്കാനാണ് പ്ലോട്ടിനസ് മുതിര്‍ന്നത്. താന്‍ പുതുതായി എന്തെങ്കിലും പറയുകയാണെന്ന് അദ്ദേഹം ഭാവിച്ചിരുന്നില്ല. പില്‍ക്കാല ഇസ്‌ലാം, ക്രൈസ്തവ, ഇന്ത്യന്‍ തത്ത്വചിന്തകളെ ഗണ്യമായി സ്വാധീനിക്കാന്‍ പ്ലോട്ടിനസിനു സാധിച്ചു.
പോര്‍ഫിറിയാണ് പ്ലോട്ടിനസിന്റെ ഏറ്റവും പ്രധാന ശിഷ്യന്‍. സിറിയയിലെ ബതനാഇയയിലാണ് പോര്‍ഫിറിയുടെ ജനനം (ക്രി.വ. 232). പ്ലോട്ടിനസിന്റെ ആശയങ്ങളെ ഏറ്റവും ഭംഗിയായും ലളിതമായും വിശദീകരിച്ചത് ഇദ്ദേഹമാണ്. ആത്മാവിന്റെ സാക്ഷാത്കാരമാണ് തത്ത്വചിന്തയുടെ ലക്ഷ്യം എന്ന് പോര്‍ഫിറി പ്രസ്താവിച്ചു. ആത്മശുദ്ധീകരണവും പരിത്യാഗവും തത്ത്വചിന്താപരമായി ദൈവത്തെ ഗ്രഹിക്കലുമാണ് ആത്മസാക്ഷാത്കാരത്തിനുള്ള മാര്‍ഗം. സിസിലിയിലായിരുന്നപ്പോള്‍ അദ്ദേഹം ക്രൈസ്തവ ദൈവസങ്കല്‍പത്തെ വിമര്‍ശിച്ച് ഗ്രന്ഥം രചിച്ചു. പോര്‍ഫിറിയുടെ ശിഷ്യന്‍ അയാംബിലിക്കസ് ആണ് സിറിയക്കാരനായ മറ്റൊരു നിയോ പ്ലാറ്റോണിക് ദാര്‍ശനികന്‍. സിറിയയില്‍ അദ്ദേഹം 'അപാമിയ' എന്ന ഒരു വിദ്യാലയം സ്ഥാപിച്ചിരുന്നു. പ്ലേറ്റോയെയും അരിസ്‌റ്റോട്ടിലിനെയും പഠിക്കാനുതകുന്ന ഒരു പാഠ്യപദ്ധതി അദ്ദേഹം തയാറാക്കി. പ്രാര്‍ഥനകളിലൂടെയും ആരാധനകളിലൂടയും അത്ഭുതകരമായ ദൈവിക ഇടപെടല്‍ സാധ്യമാക്കാം എന്ന വിശ്വാസത്തെ പോര്‍ഫിറി എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ അയാംബിലിക്കസ് ഗുരുവിനോട് വിയോജിച്ചു. പ്രാകൃത മതവിശ്വാസങ്ങളിലെ ബഹുദൈവ, അസുര, വീര ഘടകങ്ങളെയെല്ലാം തങ്ങളുടെ തത്ത്വചിന്തയില്‍ നിയോ പ്ലാറ്റോണിക്കുകള്‍ ഉള്‍ച്ചേര്‍ത്തിരുന്നു. ഏകത്വത്തില്‍നിന്നുകൊണ്ട് ബഹുത്വത്തെ വിശദീകരിക്കുകയാണ് അവര്‍ ചെയ്തത്.
ക്രി.വ. 529-ലെ രാജകീയ വിളംബരത്തോടെ സിറിയയിലെയും അലക്‌സാണ്ട്രിയയിലെയും ഏഥന്‍സിലെയും നിയോ പ്ലേറ്റോണിക് വിദ്യാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. ക്രിസ്തുമതവിശ്വാസമാണ് ആശയരംഗത്ത് പിന്നീട് ഈ മേഖലയില്‍ സ്വാധീനം ചെലുത്തിയത്. ക്രിസ്തുമതത്തിന് സ്വന്തമായി ഒരു തത്ത്വശാസ്ത്രം ഉണ്ടായിരുന്നില്ല. അതിനാല്‍ അലക്‌സാണ്ട്രിയന്‍, നിയോ പ്ലാറ്റോണിക്, അരിസ്‌റ്റോട്ടിലിയന്‍ അതിഭൗതിക ശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും മതവിശ്വാസത്തെ അനുരൂപമാക്കുകയാണ് അവര്‍ ചെയ്തത്. ക്രിസ്തുവിനെ ദൈവത്തില്‍നിന്നുള്ള നിസ്സരമായി ആദ്യകാല ക്രൈസ്തവര്‍ സങ്കല്‍പിച്ചത് ഇങ്ങനെയാണ്: യേശു ദൈവപുത്രനാണെങ്കില്‍ ആദിയിലേ ദൈവം പിതാവായിരിക്കണം. അപ്പോള്‍ പുത്രനും നേരത്തേയുണ്ടാവണം. എന്നാല്‍, അന്തോക്കിയന്‍ സഭ ഇതിനോട് വിയോജിച്ചു. ദൈവത്തിന് പുത്രനില്ലാത്ത കാലം ഉണ്ടായിരുന്നുവെന്നാണ് അവര്‍ വാദിച്ചത്. നെസ്റ്റോറിയന്‍സഭ ഗ്രീക്ക് തത്ത്വ ചിന്തയെ പൂര്‍ണമായി സ്വീകരിച്ചു. നെസ്റ്റോറിയന്‍ മിഷനറിമാര്‍ ഗ്രീക്ക് തത്ത്വചിന്ത അഭ്യസിച്ചിരുന്നു. സ്വകാര്യത സൂക്ഷിക്കുന്നതിനു വേണ്ടി സിറിയന്‍ ഭാഷയിലാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ദൈവശാസ്ത്രവും തത്ത്വചിന്തയും സമന്വയിപ്പിക്കുന്നതില്‍ താല്‍പര്യം കാണിച്ച മറ്റൊരു വിഭാഗമായിരുന്നു യാക്കോബാ സഭക്കാര്‍. ഇവരും സിറിയന്‍ ആണ് മാധ്യമമായി സ്വീകരിച്ചത്. നിയോ പ്ലാറ്റോണിക് ആശങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു ഇവര്‍. എഡേസയിലെ വിദ്യാലയം ദൈവശാസ്ത്ര-തത്ത്വശാസ്ത്ര സമന്വയത്തില്‍ പ്രധാന പങ്കു വഹിച്ച സ്ഥാപനമാണ്. ക്രി.വ. 489-ല്‍ സീനോ ചക്രവര്‍ത്തി എഡസാ സ്‌കൂള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.
ക്രി.വ. 641-ലാണ് അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ അലക്‌സാണ്ട്രിയ കീഴടക്കുന്നത്. ഇതോടെ അവിടത്തെ വൈജ്ഞാനിക സമ്പത്ത് മുസ്‌ലിംകള്‍ സ്വാംശീകരിച്ചു. അറബികള്‍ക്ക് നേരത്തേ വ്യാപാര ബന്ധമുണ്ടായിരുന്ന സിറിയ (ശാം) ക്രി. വ. 640-ല്‍ മുസ്‌ലിംകള്‍ക്കധീനമായി. ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് സിറിയ കീഴടക്കിയത്. ഉമവി ഖിലാഫത്തിന്റെ ആസ്ഥാനം സിറിയ ആയിരുന്നു. ഗ്രീക്ക്-അരാമയിക് (സിറിയന്‍) ഭാഷയിലുള്ള നിയോ പ്ലാറ്റോണിക്-നെസ്‌റ്റോറിയന്‍ ഗ്രന്ഥശേഖരം ഇങ്ങനെ മുസ്‌ലിംകളുടെ വശം വന്നുചേര്‍ന്നു. പില്‍ക്കാല മുസ്‌ലിം തത്ത്വ ചിന്തയിലും ആധ്യാത്മിക-ദൈവശാസ്ത്ര വീക്ഷണങ്ങളിലും ഇവയുടെ സ്വാധീനം വളരെ വ്യക്തമാണ്.

പേര്‍ഷ്യന്‍ സ്വാധീനം
ഇസ്‌ലാമിനുമുമ്പ് ലോകത്ത് പ്രബലമായിരുന്ന സംസ്‌കാരങ്ങളില്‍ ഒന്നാണ് പേര്‍ഷ്യയുടേത്. ഇന്ന് ഇറാന്‍ എന്നറിയപ്പെടുന്ന പേര്‍ഷ്യയുടെ മതാചാരങ്ങള്‍ക്ക് പ്രാചീന ഭാരതീയ സംസ്‌കാരവുമായുണ്ടായിരുന്ന സാധര്‍മ്യങ്ങള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'ഇറാന്‍' എന്ന വാക്കിന് 'ആര്യന്‍' എന്ന വാക്കുമായുള്ള ബന്ധം സുവിദിതമത്രെ. ആര്യന്മാരുടെ ആദിമ ഗേഹങ്ങളിലൊന്നായിരുന്നു പേര്‍ഷ്യ എന്ന് അനുമാനിക്കപ്പെടുന്നു. ദേവീ-ദേവ സങ്കല്‍പവും ബിംബാരാധനയും പ്രാചീന പേര്‍ഷ്യന്‍ മത സംസ്‌കൃതിയുടെ ഭാഗമാണ്. പേര്‍ഷ്യന്‍ തത്ത്വചിന്തയെന്ന് വ്യതിരിക്തമായി അടയാളപ്പെടുത്താന്‍ സാധിക്കുന്ന തത്ത്വശാസ്ത്ര ചരിത്രം പേര്‍ഷ്യക്ക് ഉണ്ടെന്ന് പറയാനാവില്ല. ആദ്യകാലങ്ങളില്‍ പേര്‍ഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന മൂന്ന് പ്രബല മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഈശ്വരസങ്കല്‍പം, നൈതികശാസ്ത്രം എന്നിവയില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കാവുന്ന ദര്‍ശനത്തെയാണ് പേര്‍ഷ്യന്‍ തത്ത്വചിന്തയെന്ന് വൈജ്ഞാനിക ചരിത്രകാരന്മാര്‍ വ്യവഹരിക്കുന്നത്. 
ക്രിസ്തുവിന്റെ ജനനത്തിന് ആറു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന സൊറാഷ്ട്രര്‍ എന്ന മതപരിഷ്‌കര്‍ത്താവാണ് പേര്‍ഷ്യക്കാരെ പ്രാകൃത മതാചാരങ്ങളില്‍നിന്ന് വ്യവസ്ഥാപിത മതത്തിലേക്ക് ആദ്യമായി നയിച്ചത്. സൊറാഷ്ട്രിയനിസം അഥവാ ജതരുഷ്ട്രമതം എന്ന പേരില്‍ സൊറാഷ്ട്രരുടെ മതം അറിയപ്പെടുന്നു. ഇപ്പോള്‍ ഭാഗികമായി മാത്രം അവശേഷിക്കുന്ന 'അവസ്‌തെ' എന്ന ഗ്രന്ഥത്തിലാണ് സൊറാഷ്ട്രരുടെ ഗാഥകള്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. പ്രാകൃത മതാചാരങ്ങളുടെ ഭാഗമായിരുന്ന ഭൂത-പ്രേത ആരാധന, യാഗം, ബലി തുടങ്ങിയവയെ സൊറാഷ്ട്രര്‍ എതിര്‍ത്തു. ദൈവമായ അഹൂര മസ്ദയെ മാത്രമേ ആരാധിക്കാവൂ എന്നു നിഷ്‌കര്‍ഷിച്ചു. നല്ല ചിന്ത, നല്ല വാക്ക്, നല്ല പ്രവൃത്തി ഇതായിരുന്നു സൊറാഷ്ട്രരുടെ ഉദ്‌ബോധനങ്ങളില്‍ പ്രധാനം. കൃഷിയെ ഏറ്റവും മഹത്തായ കര്‍മമായി പ്രഖ്യാപിച്ചു. സാമൂഹിക അനീതികള്‍ക്കെതിരെ നിലകൊണ്ടു. ലോകത്തെ നവീകരിക്കുകയും പൂര്‍ണതയിലേക്ക് നയിക്കുകയുമാണ് സൊറാഷ്ട്രിയന്‍മാര്‍ ജീവിതധര്‍മമായി കണ്ടത്. ആകെ ഒരു മാര്‍ഗം മാത്രമേയുള്ളൂ. അത് സത്യത്തിന്റെ മാര്‍ഗമാണ്. പുനരുത്ഥാനത്തിലും സ്വര്‍ഗ-നരകങ്ങളിലും സൊറാഷ്ട്രിയര്‍ വിശ്വസിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഏകദൈവ മതമായാണ് സൊറാഷ്ട്രനിസം അറിയപ്പെടുന്നത്. എന്നാല്‍ ദൈ്വത വാദത്തെ ഉയര്‍ത്തിപ്പിടിച്ച ഇവര്‍ ഏകദൈവ വിശ്വാസത്തിന് എതിരായിരുന്നു എന്നും വാദമുണ്ട്. ഇന്ത്യയില്‍ വന്ന് ബുദ്ധ ദര്‍ശനം അഭ്യസിച്ച മാനി പേര്‍ഷ്യയിലെ പ്രമുഖനായ ഒരു പരിഷ്‌കര്‍ത്താവായിരുന്നു. സൊറാഷ്ട്രയനിസവും ക്രിസ്തുമതവും മാനിയെ സ്വാധീനിച്ചിരുന്നു. വിരക്തിയാണ് അദ്ദേഹം പ്രബോധനം ചെയ്തത്. മാനിമതം എന്നാണീ മതം അറിയപ്പെടുന്നത്.
സൊറാഷ്ട്രിയനിസത്തിനു വന്നുചേര്‍ന്ന അപചയങ്ങളെ തിരുത്തുന്നതിനു നേതൃത്വം നല്‍കിയ മറ്റൊരു മതപരിഷ്‌കര്‍ത്താവാണ് ക്രിസ്തുവിനുശേഷം 528-ല്‍ അന്തരിച്ച മസ്ദാക്. അഹൂര മസ്്ദയുടെ പ്രവാചകന്‍ ആണ് താന്‍ എന്ന് അദ്ദേഹം അവകാശപ്പെട്ടു. സാമൂഹിക സമത്വത്തിനു വേണ്ടിയാണ് മസ്ദാക് വാദിച്ചിരുന്നത്. ലോകത്ത് നന്മയുടെയും തിന്മയുടെയും രണ്ട് ശക്തികളുണ്ടെന്ന് സൊറാഷ്ട്രീയരെ പിന്തുടര്‍ന്ന് മസ്ദാക്കും പഠിപ്പിച്ചു. നന്മയുടെ പ്രതീകമാണ് വെളിച്ചം; തിന്മയുടേത് ഇരുട്ടും. ഇവ തമ്മിലുള്ള സംഘര്‍ഷമാണ് ലോകത്ത് നടക്കുന്നത്. നന്മയുടെ ദൈവമാണ് അഹൂര മസ്ദ. തിന്മയുടെ ദൈവം അന്‍ഗ്രാ മെയ്ന്‍യുവും. രണ്ടു ദൈവങ്ങള്‍ക്കുമുണ്ട് തങ്ങളുടേതായ 'സൃഷ്ടികള്‍.' അഹൂര മസ്ദയുടെ കൂടെ ദേവന്മാരും അന്‍ഗ്രാ മെയ്ന്‍യുവിന്റെ കൂടെ ഒരു കൂട്ടം അസുരന്മാരുമുണ്ട്.
മിദ്‌യയിലെ മാഗി വര്‍ഗക്കാരായിരുന്നു ഒരുകാലത്ത് ഈ മതത്തില്‍ വിശ്വസിച്ചിരുന്നവര്‍. സൊറാഷ്ട്രിയരുടെ സിദ്ധാന്തം ആകുന്ന 'സമ്മാനം വഹിക്കുന്നവര്‍' എന്ന അര്‍ഥത്തിലാണ് അവര്‍ക്ക് ഈ പേര് സിദ്ധിച്ചത് എന്ന് പറയപ്പെടുന്നു. അക്കേമെനിയന്‍ വംശം പേര്‍ഷ്യ വാണിരുന്ന കാലത്ത് (ക്രി. മു. 558-330) ഭാവി രാജാക്കന്മാരെ വിദ്യയഭ്യസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കായിരുന്നു. മതം പ്രചരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്ന ഇവര്‍ സൊറാഷ്ട്രിയന്‍ ദൈ്വതവാദത്തിന് തങ്ങളുടേതായ വിശദീകരണം നല്‍കുകയുണ്ടായി. അഹൂര മസ്ദ, അന്‍ഗ്‌റാ മെയ്ന്‍ലൂ എന്നീ ദൈവങ്ങളുടെ പിതാവായി സുര്‍വാനിസം എന്ന ഒരു സര്‍വേശ്വരനെ ഇവര്‍ സങ്കല്‍പിച്ചു. മാഗികളുേടത് സൊറാഷ്ട്രിയരുടേതില്‍നിന്ന് ഭിന്നമായ മറ്റൊരു മതമാണ് എന്ന് അഭിപ്രായപ്പെട്ട ചരിത്രകാരന്മാരുമുണ്ട്.
പേര്‍ഷ്യന്‍ മതപാരമ്പര്യത്തില്‍നിന്ന് പൊതുവായി ഉരുവം പ്രാപിച്ച ദാര്‍ശനികാശയങ്ങളെ നാലായി സംഗ്രഹിക്കാം. ഒന്നാമത്തേത് മിത്തിനെ കുറിച്ച സങ്കല്‍പമാണ്. അമൂര്‍ത്താശയങ്ങള്‍ക്ക് മൂര്‍ത്തരൂപം സങ്കല്‍പിക്കുകയും അവയെ മിത്തിക്കല്‍ കഥാപാത്രങ്ങളായി അന്യാപദേശ കഥകളില്‍ വിന്യസിക്കുകയും ചെയ്യുന്ന ഒരു രീതി പേര്‍ഷ്യന്‍ മതപാരമ്പര്യങ്ങളില്‍ കാണാം. ദേവന്മാരും അസുരന്മാരും വാനചാരികളായ ഇതര കഥാപാത്രങ്ങളുമുള്‍ക്കൊള്ളുന്ന ഐതിഹ്യ കഥകള്‍ ഈ മതങ്ങളുടെ പ്രത്യേകതയാണ്. ചരിത്രസംഭവങ്ങളെ അര്‍ധ ഐതിഹ്യങ്ങളായി അവതരിപ്പിക്കുന്ന രീതി മസ്ദയിക് ചിന്തയുടെ ഭാഗമാണ്. അഹൂര മസ്ദ എന്ന ദൈവത്തെ മൂര്‍ത്തമായ വ്യക്തി ദൈവമായി സങ്കല്‍പിക്കുകയും ദൈവത്തിന്റെ ഗുണങ്ങളെ മാലാഖമാരോ വ്യക്തികളോ ആയി സങ്കല്‍പ്പിക്കുകയും ചെയ്യുന്ന മസ്ദാകിയന്‍ രീതിയാണ് പേര്‍ഷ്യന്‍ മതപാരമ്പര്യത്തിന്റെ രണ്ടാമത്തെ സവിശേഷത. കാലം, ജലം, ഭൂമി മുതലായവയെല്ലാം മാലാഖമാരായാണ് സങ്കല്‍പിച്ചിരുന്നത്. മനുഷ്യന്‍ അഞ്ചു ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന് മസ്ദയിക് മതം പഠിപ്പിക്കുന്നു. ശരീരം, ആത്മാവ്, പ്രാണന്‍, ആദിരൂപം, ദൈവികചൈതന്യം എന്നിവയാണ് പ്രസ്തുത അഞ്ച് ഘടകങ്ങള്‍. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരം ഭൂമിയോട് ചേരുന്നു. ആത്മാവ് കാറ്റിലും ആദിരൂപം സൂര്യനിലും ലയിക്കുന്നു. ദൈവിക ചൈതന്യം ദൈവത്തോടു ചേരുന്നു. അതിനാല്‍ അസുരശക്തികള്‍ക്ക് ചൈതന്യത്തെ നശിപ്പിക്കാനാവില്ല. ലോകം അവസാനിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരും പുനര്‍ജനിക്കും. രക്ഷകന്‍ ഹതായോശ് എന്ന കാളയെ ബലിനല്‍കി ദിവ്യാമൃത് (അന്നോശ്) തയാറാക്കും. എല്ലാ മനുഷ്യരും അത് കുടിക്കുകയും ചിരഞ്ജീവികളായിത്തീരുകയും ചെയ്യും. പേര്‍ഷ്യന്‍ മതദര്‍ശനത്തിന്റെ മൗലിക തത്ത്വമായി കണക്കാക്കപ്പെടുന്നത് ദ്വിത്വസങ്കല്‍പമാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തില്‍ നന്മ വിജയിക്കുകയും അങ്ങനെ ഏകത്വം സ്ഥാപിക്കപ്പെടുകയും ചെയ്യും. ഇതാണ് മൂന്നാമത്തെ പ്രത്യേകത. കാലവും സ്ഥലവും അപ്രത്യക്ഷമായി ശാശ്വതികത്വം നിലവില്‍വരും എന്ന സങ്കല്‍പമാണ് പേര്‍ഷ്യന്‍ മതദര്‍ശനത്തിന്റെ നാലാമത്തെ പ്രത്യേകത.
'അവസ്‌തെ' ഉള്‍പ്പെടെയുള്ള പാര്‍സി-പഹ്‌ലവി ഗ്രന്ഥങ്ങളുടെ ക്രോഡീകരണം നടന്നത് ക്രി.വ. ഒമ്പതാം (ഹി. മൂന്ന്) നൂറ്റാണ്ടില്‍ മുസ്‌ലിം ഭരണകാലത്താണ്. അബ്ബാസീ ഖലീഫ മഅ്മൂന്റെ കാലത്ത് നടന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു അത്. പഹ്‌ലവി ഗ്രന്ഥങ്ങളില്‍ ഇസ്‌ലാമികാശയങ്ങള്‍ കടന്നുകൂടാനും ഇസ്‌ലാമിക ചിന്തയില്‍ സൊറാഷ്ട്രിയന്‍-മസ്ദാകിയന്‍ ദര്‍ശനങ്ങളുടെ നിഴല്‍ പതിയാനും ഈ സാഹചര്യം ഇടയാക്കി എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. വിശേഷിച്ചും മുഅ്തസിലീ ആശയങ്ങള്‍ പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെട്ടുവെന്നും പേര്‍ഷ്യന്‍ മതസങ്കല്‍പങ്ങള്‍ ശീഈ-സൂഫീ ആശയരൂപീകരണത്തെ സ്വാധീനിച്ചുവെന്നുമാണ് നിരീക്ഷണം. 
ക്രി.വ 651-ല്‍ പേര്‍ഷ്യയിലെ അവസാനത്തെ സാസാനിയന്‍ ഷാ അന്തരിച്ചതോടെ പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണമായും മുസ്‌ലിംകള്‍ക്കധീനമായി. ജനങ്ങള്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുകയും പേര്‍ഷ്യ വിവിധ മുസ്‌ലിം നഗരരാഷ്ട്രങ്ങളുടെ ആസ്ഥാനമായി മാറുകയും ചെയ്തു. മുസ്‌ലിം ശാസ്ത്ര-ദാര്‍ശനിക-പണ്ഡിത പ്രതിഭകളില്‍ നല്ലശതമാനം പേരും ഈ മേഖലകളില്‍നിന്നുള്ളവരാണ്. ഇസ്‌ലാം സ്വീകരിച്ച പേര്‍ഷ്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ തങ്ങളുടെ പരമ്പരാഗത മതത്തിലെ ആശയങ്ങള്‍ക്കനുസൃതമായി ഇസ്‌ലാം മതതത്ത്വങ്ങളെ വ്യാഖ്യാനിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഈ സ്വാധീനം പ്രകടമാണ്. പ്രവാചകത്വം (രിസാലത്ത്) എന്ന ആശയത്തെ നിരാകരിച്ച മുസ്‌ലിം തത്ത്വചിന്തകന്‍ അബൂബക്ര്‍ റാസി (മ. ഹി. 313/ക്രി. 925) പ്രധാനമായും ഉപജീവിച്ചത് ഇന്തോ-പേര്‍ഷ്യന്‍ ദര്‍ശനങ്ങളെയായിരുന്നു. 'ഇശ്‌റാഖി' തത്ത്വചിന്തകരില്‍ (ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി ആല്‍മഖ്തൂല്‍ തുടക്കം കുറിച്ച ചിന്താധാര) പേര്‍ഷ്യന്‍ സ്വാധീനം വളരെ പ്രകടമാണ്. മുസ്‌ലിം നാഗരികത പൂര്‍ണ വളര്‍ച്ചയിലെത്തുമ്പോഴേക്കും പേര്‍ഷ്യന്‍ ചിന്ത അതിന്റെ ഭാഗമായി സ്വാംശീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പേര്‍ഷ്യ വഴിയാണ് ഇന്ത്യന്‍ ശാസ്ത്രങ്ങളും ദര്‍ശനവും മുസ്‌ലിം ലോകത്ത് പ്രചരിക്കുന്നത്.

ഇന്ത്യന്‍ സ്വാധീനം
ആര്യന്മാര്‍ ഉള്‍പ്പെടുന്ന ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ ഏറ്റവും പ്രാചീനമായ സംസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യയിലെ വൈദിക സംസ്‌കാരം. ആര്യന്മാര്‍ ഇന്ത്യയില്‍ കുടിയേറുകയും ആധിപത്യമുറപ്പിക്കുകയും ചെയ്ത ക്രി. മു. 1500 മുതല്‍ 600 വരെയുള്ള കാലമാണ് വൈദിക കാലഘട്ടമായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തിലെ ചിന്തകളെ സാങ്കേതികാര്‍ഥത്തില്‍ തത്ത്വചിന്ത എന്നു വിളിക്കാന്‍ പറ്റില്ല എന്നാണ് ഡോ. എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്. ക്രി. മു. 600 മുതല്‍ 200 വരെയുള്ള കാലത്തെ ഇതിഹാസകാലം എന്നു വിളിക്കുന്നു. ആദ്യകാല ഉപനിഷത്തുകള്‍, രാമായണം, മഹാഭാരതം, ഗീത എന്നിവക്കു പുറമെ ബുദ്ധ, ജൈന, ശൈവ, വൈഷ്ണവ ദര്‍ശനങ്ങളും ഈ കാലത്ത് ഉടലെടുത്തവയാണ്. ക്രി.വ. 200 മുതലാണ് സൂത്രങ്ങളുടെ കാലം ആരംഭിക്കുന്നത്. അനേകം തത്ത്വചിന്താ പദ്ധതികള്‍ ഇക്കാലത്തുണ്ടായി. പണ്ഡിതയുഗം എന്നറിയപ്പെടുന്ന ദാര്‍ശനിക കാലവും ഇതേ സമയത്തുതന്നെയാണ് ആരംഭിക്കുന്നത്. കുമാരില, ശങ്കരന്‍, രാമാനുജന്‍, ശ്രീധരന്‍, ഭാസ്‌കരന്‍, മധ്വന്‍, വാചാസ്പതി, രഘുനാഥന്‍ തുടങ്ങിയ പണ്ഡിതന്മാരുടെ കാലമാണിത്. ചിന്താപദ്ധതികളുടെ അനുക്രമമായ വികാസമാണ് ഇന്ത്യയില്‍ സംഭവിച്ചത് എന്ന് ഈ കാലഘട്ടവിഭജനത്തിന് അര്‍ഥമില്ല. ചിന്തയുടെ പല കൈവഴികള്‍ ഹരിതവന നിബിഡമായ ഈ ഭൂപ്രദേശത്തെ ഒരേസമയം സമ്പന്നമാക്കിയിട്ടുണ്ട്. ചില ചിന്താപദ്ധതികള്‍ പരസ്പരവിരുദ്ധമായിരുന്നു.
ഋക്, സാമം, യജുര്‍, അഥര്‍വം എന്നിങ്ങനെ വേദങ്ങള്‍ നാലാണ്. ഈശ്വരപ്രോക്തമെന്ന് വിശ്വസിക്കപ്പെടുന്ന മന്ത്രങ്ങളാണ് വേദങ്ങളുടെ ഉള്ളടക്കം. വേദങ്ങള്‍ക്കു ശേഷം ബ്രാഹ്മണങ്ങളുണ്ടായി. പദ്യരൂപത്തിലുള്ള വേദമന്ത്രങ്ങളുടെ ഗദ്യവ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങള്‍. ഓരോ വേദത്തിനും ഒന്നിലധികം ബ്രാഹ്മണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണങ്ങളെ തുടര്‍ന്ന് അവയുടെ വിശദീകരണങ്ങളായ ആരണ്യകങ്ങളുണ്ടായി. ഐതരേയം, കൗഷീതകം, ൈതത്തരീയം, ബൃഹദാരം എന്നീ നാല് ആരണ്യകങ്ങളാണ് പ്രസിദ്ധം. വൈദിക സാഹിത്യ സമുച്ചയത്തില്‍ ഏറ്റവും ഒടുവില്‍ വരുന്നതും എന്നാല്‍ പ്രചാരത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ഗ്രന്ഥാവലിയാണ് ഉപനിഷത്തുകള്‍. ഋഷിയുടെ അടുത്തിരുന്ന് കേട്ടുപഠിച്ചത് എന്നാണ് 'ഉപനിഷത്ത്' എന്ന വാക്കിന്റെ വിവക്ഷ. വേദമന്ത്രങ്ങളുടെ സാരാംശമായ ബ്രഹ്മജ്ഞാനമാണ് ഉപനിഷത്തുകള്‍ പല പ്രകാരത്തില്‍ വിശദീകരിക്കുന്നത്. വേദത്തില്‍നിന്ന് ലഭിക്കുന്ന അന്തിമപാഠം എന്ന നിലയില്‍ ഉപനിഷത്തുകള്‍ക്ക് 'വേദാന്തം' എന്നും പേരുണ്ട്. ഉപനിഷത്തുകള്‍ നൂറിലധികമുണ്ടെങ്കിലും 13 എണ്ണത്തിനാണ് പ്രായേണ പ്രാമാണ്യത. ബ്രാഹ്മണങ്ങള്‍ വേദസംഹിതകളുടെ കര്‍മകാണ്ഡത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ ഉപനിഷത്തുകള്‍ അവയുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് പണ്ഡിതമതം. ബുദ്ധനു മുമ്പാണ് ഉപനിഷത്തുകളുടെ രചനാകാലം.
സ്മൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, വേദാംഗങ്ങള്‍ (ശിക്ഷ, വ്യാകരണം, ഛന്ദുസ്സ്, നിരുക്തം, ജ്യോതിഷം, കല്‍പം), ഷഡ് ദര്‍ശനങ്ങള്‍ (സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വ-ഉത്തര മീമാംസകള്‍) എന്നിവകൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ തത്ത്വചിന്തയുടെ വിസ്തൃത മണ്ഡലം. വേദോപനിഷത്തുകള്‍ക്കു പുറമെ ഹൈന്ദവ മതദര്‍ശനത്തെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുന്ന 'ഭഗവത് ഗീത' മഹാഭാരതത്തിന്റെ ഭീഷ്മപര്‍വത്തിന്റെ ഭാഗമാണ്. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ യുദ്ധംചെയ്യണമോ വേണ്ടയോ എന്നു ശങ്കിച്ചുനില്‍ക്കുന്ന അര്‍ജുനനെ, ഫലം ഇച്ഛിക്കാതെയുള്ള 'നിഷ്‌കാമ കര്‍മ'ത്തിന്റെ തത്ത്വപരവും പ്രായോഗികവുമായ പ്രാധാന്യം ബോധ്യപ്പെടുത്തി ശ്രീക്ൃഷ്ണന്‍ നടത്തുന്ന ഉദ്‌ബോധനമാണ് ഗീത. ഭാരതീയ ദര്‍ശനത്തിന്റെ ഭിന്നസാരങ്ങളുടെ സാന്ദ്ര സംഗ്രഹമായി ഗീതയെ വിലയിരുത്താം.
ഏകദൈവത്വം, ഏകതത്ത്വം എന്നിവയിലാണ് വേദങ്ങള്‍ ഉൗന്നുന്നത്. 'തദേകം' എന്ന പ്രസ്താവമാണ് വേദതത്ത്വങ്ങളുടെ കാതല്‍. 'എല്ലാമായ ഒന്ന്' എന്നാണ് ഇതിന്റെ സാരം. സര്‍വവ്യാപിയായ വിശ്വകര്‍മാവാണ് എല്ലാറ്റിന്റെയും ഉറവിടം. ബ്രഹ്മാവ്, വിരാട് പുരുഷന്‍ എന്നിങ്ങനെയുള്ള പേരുകളിലും വേദങ്ങള്‍ സ്രഷ്ടാവായ സര്‍വേശ്വരനെ പരിചയപ്പെടുത്തുന്നു. സൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ സൃഷ്ടിഗീതം വളരെ പ്രസിദ്ധമാണ്. അപാരവും അനന്തവും അപരിമേയവുമായ ഒരു സ്ഥിതിവിശേഷമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അനശ്വരമായ ആ ഒന്ന് മറ്റൊന്നിന്റെയും സഹായവും ആശ്രയവുമില്ലാതെ സ്വയം നിലനിന്നു. അന്ന് സത്തും അസത്തുമില്ല. ഭൂമിയും ആകാശവുമില്ല. രാവില്ല; പകലില്ല. സ്വന്തം മഹത്വംകൊണ്ടും തപംകൊണ്ടും അത് സത്തായിത്തീര്‍ന്നു. അതില്‍നിന്ന് എല്ലാമുണ്ടായി. പക്ഷേ, അതെങ്ങനെയെന്നോ അതിന്റെ കാരണമെന്തെന്നോ ആര്‍ക്കുമറിയില്ല.
വേദങ്ങളിലെ 'ഏക'ത്തെ വ്യാഖ്യാനിച്ച ഉപനിഷത്തുകള്‍ 'ആത്മാവ്' എന്ന തത്ത്വം ആവിഷ്‌കരിച്ചു. പ്രപഞ്ചാത്മാവ്, ജീവാത്മാവ് എന്നിങ്ങനെ രണ്ട് ആത്മാക്കളെക്കുറിച്ച് ഉപനിഷത്തുകള്‍ സംസാരിച്ചു. ഇവ രണ്ടും ഒന്നാണെന്നും അല്ല, വിഭിന്നങ്ങളാണെന്നും വാദമുണ്ടായി. ഒന്നായതിനെ പലതായി കാണുന്നത് അവിദ്യ മൂലമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നുണ്ട്. ഗുരുമുഖത്തുനിന്ന് നേരിട്ടു കേട്ട്, മനനത്തിലൂടെയും ഉപാസനകളിലൂടെയും വേണം വിദ്യനേടാന്‍. ഉപനിഷത്തിലെ ഈശ്വര സങ്കല്‍പത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ക്കെല്ലാം കാരണമായ ഏകദൈവം സുഗുണമോ നിര്‍ഗുണമോ എന്നതാണ് തര്‍ക്കം. ലോകത്തിന്റെ സാരസര്‍വസ്വമാണ് ബ്രഹ്മം എന്നും അതുതന്നെയാണ് സത്യവും ആത്മാവും എന്നും ബൃഹാദരണ്യകോപനിഷത്തില്‍ പറയുന്നുണ്ട്. 'ആ ആത്മാവാണ് നീ' (തത്വമസി) എന്ന് ഉദ്ദാലകന്‍ ശ്വേതകോതോവിനോട് പറയുന്നു. ഇതത്രെ 'അഹം ബ്രഹ്മാസ്മി'യുടെ അടിസ്ഥാനം.  മനുഷ്യനും ബ്രഹ്മവും ഒന്നാണെന്നു വരുമ്പോള്‍ മനുഷ്യര്‍ക്കിടയിലുള്ള ഭേദചിന്തകളെല്ലാം അവസാനിക്കേണ്ടതാണ്. എന്നാല്‍ ഉപനിഷത്തുകള്‍ ഉണ്ടാകുന്നതിനുമുമ്പ് ബ്രാഹ്മണങ്ങളുടെ കാലത്ത് രൂപപ്പെട്ട വര്‍ണാശ്രമ വ്യവസ്ഥ (ചാതുര്‍വര്‍ണ്യം) ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായി നിലനിന്നുപോന്നു. സങ്കീര്‍ണമായ ജാതിവ്യവസ്ഥക്ക് ഇത് കാരണമായി. ശൂദ്രരും അവര്‍ണരും അസ്പൃശ്യതക്കും കൊടിയ വിവേചനങ്ങള്‍ക്കും ഇരയായി. ക്രമേണ ഉച്ചനീചത്വങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. ചിന്താരംഗത്ത് പുതിയ ഉണര്‍വുകള്‍ സൃഷ്ടിക്കാന്‍ ഇതു കാരണമായി. ജീവിതം എന്തിനാണ്, ആത്മാവ് എന്താണ്, മരണാനന്തര ജീവിതം ഉണ്ടോ എന്നുതുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സംവാദങ്ങള്‍ നടന്നു. വേദപാരമ്പര്യങ്ങളെ തിരസ്‌കരിച്ച ബ്രഹ്മചാരികള്‍, സന്യാസിമാര്‍, താര്‍ക്കികന്മാര്‍, ദൈ്വതവാദികള്‍, അദൈ്വതവാദികള്‍, സന്ദേഹവാദികള്‍ തുടങ്ങി പല വിഭാഗങ്ങള്‍ ഉടലെടുത്തു. വേദോപനിഷത്തുകള്‍ ഉയര്‍ത്തിയ മൗലികപ്രധാനമായ ചോദ്യങ്ങളോട് വ്യത്യസ്ത വിധത്തിലാണ് ഈ ചിന്തകന്മാര്‍ പ്രതികരിച്ചത്. നാനാവിധ ദര്‍ശനപദ്ധതികള്‍ക്ക് ഇത് വഴിയൊരുക്കി.
ഇന്ത്യന്‍ തത്ത്വചിന്ത പൂര്‍ണമായും ആത്മീയമാണെന്ന് പറയാനാവില്ല. പൗരോഹിത്യത്തെയും യജ്ഞകര്‍മാദികളെയും നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉപനിഷത്തുകളില്‍ തന്നെയുണ്ട്. കര്‍മമല്ല, നിയതിയാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നതെന്ന് ആജീവകന്മാര്‍ വാദിച്ചു. മനുഷ്യന്‍ നന്നാവുന്നതിനും ചീത്തയാവുന്നതിനും കാരണങ്ങളൊന്നുമില്ല; നിയതിയാണത് തീരുമാനിക്കുന്നത് എന്നാണ് ആജീവക ദര്‍ശനം അഭിപ്രായപ്പെടുന്നത്. എന്തുചെയ്താലും ഒരു വ്യക്തിക്ക് തന്റെ നിയതിയെ മാറ്റാനാവില്ല. പുണ്യ-പാപങ്ങള്‍ ഇല്ലെന്നും ഇവര്‍ വാദിച്ചു. കര്‍മമാണ് ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനം എന്ന ബ്രാഹ്മണ സങ്കല്‍പത്തെയാണ് ഇതുവഴി ഇവര്‍ ചോദ്യംചെയ്തത്.
ലോകായത (ചാര്‍വാക) ദര്‍ശനമാണ് ഭാരതീയ ഭൗതികവാദത്തിന്റെ മികച്ച മാതൃക. ആത്മാവ്, പുനര്‍ജന്മം, മോക്ഷം, സ്വര്‍ഗം, നരകം എന്നിങ്ങനെയുള്ള ആശയങ്ങളെ ചാര്‍വാകന്മാര്‍ നിഷേധിച്ചു. ഭൗതികവാദികളും  ആത്മീയവാദികളും തമ്മില്‍ ധാരാളം സംവാദങ്ങള്‍ നടന്നിരുന്നു. ചാര്‍വാകന്മാരുടെ ഗ്രന്ഥങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ചതുര്‍ഭൂത (ഭൂമി, വെള്ളം, അഗ്നി, വായു) നിര്‍മിതമാണ് പ്രപഞ്ചം, ചതുര്‍ഭൂതങ്ങളുടെ വിവിധ അനുപാതങ്ങളിലുള്ള മിശ്രണം മൂലമാണ് വസ്തുവകകളെല്ലാം ഉണ്ടായത്, പ്രജ്ഞയും ശരീരവും ആത്മാവും ഇന്ദ്രിയങ്ങളുമെല്ലാം ഇങ്ങനെ ഉണ്ടായതാണ്, 'മരണം തന്നെയാണ് മോക്ഷം' തുടങ്ങിയ വാദങ്ങളാണ് ലോകായത ദര്‍ശനം മുന്നോട്ടുവെച്ചത്. 
വൈദിക മതത്തിനെതിരെ ആശയപരമായ കലാപമുയര്‍ത്തിയാണ് ബുദ്ധന്‍ രംഗത്തുവന്നത്. ദാനം, ധര്‍മം, ദയ, അഹിംസ, സമാധാനം തുടങ്ങി മനുഷ്യസ്‌നേഹത്തില്‍ ഊന്നിയുള്ള ആശയങ്ങളാണ് ബുദ്ധന്‍ പ്രചരിപ്പിച്ചത്. ആഗ്രഹങ്ങള്‍ വെടിയാനും സംയമനം പാലിക്കാനും ഉള്ളത് പങ്കുവെക്കാനും ഉപദേശിച്ച ബുദ്ധന്‍ നുണ പറയരുതെന്നും ലഹരി ഉപയോഗിക്കരുതെന്നും അനുശാസിച്ചു. ബുദ്ധദര്‍ശനത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് വേദാധികാരത്തെ ചോദ്യംചെയ്ത് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ് ജൈന ദര്‍ശനം. മഹാവീരനാണ് ഈ ദര്‍ശനത്തിന്റെ പ്രതിഷ്ഠാപകന്‍. ബ്രാഹ്മണപൗരോഹിത്യത്തിനും ചാര്‍വാകന്മാരുടെ ഭൗതികവാദത്തിനും എതിരായ നിലപാടാണ് മഹാവീരന്‍ സ്വീകരിച്ചത്. 'ത്രിരത്‌നങ്ങള്‍' എന്നറിയപ്പെടുന്ന മൂന്നു തത്ത്വങ്ങളാണ് ജൈനദര്‍ശനത്തിന്റെ അടിസ്ഥാനം. സമ്യക്കായ ദര്‍ശനം, സമ്യക്കായ ജ്ഞാനം, സമ്യക്കായ ചരിതം എന്നിവയാണവ. അറിവ് ആപേക്ഷികമാണെന്നും ഒരു വസ്തു ഉണ്ടെന്നോ ഇല്ലെന്നോ പറയുക ദ്രഷ്ടാവിന്റെ വീക്ഷണകോണിനെ ആസ്പദിച്ചായിരിക്കുമെന്നും ജൈനന്മാര്‍ സിദ്ധാന്തിച്ചു. ആത്മാവിന്റെ അനശ്വരതയില്‍ വിശ്വസിച്ചിരുന്ന അവര്‍ ദൈവമുണ്ടെന്ന് വിചാരിച്ചിരുന്നില്ല. ആത്മീയമായി ഔന്നത്യം പ്രാപിച്ച് തീര്‍ത്ഥങ്കര പദവിയില്‍ എത്തിച്ചേരലാണ് മോക്ഷം എന്ന് അവര്‍ വാദിച്ചു.
ബുദ്ധനും മുമ്പേ നിലവിലുണ്ടായിരുന്ന സാംഖ്യാദര്‍ശനമാണ് ഇന്ത്യയിലെ വ്യതിരിക്തമായ മറ്റൊരു ചിന്താധാര. യുക്തിക്കും കണക്കിനുമാണ് ഇവര്‍ പ്രാധാന്യം കല്‍പിച്ചിരുന്നത്. മനുഷ്യനെ അലട്ടുന്ന എല്ലാ വിധ ദുഃഖങ്ങളില്‍നിന്നുമുള്ള മോചനമാണ് സാംഖ്യദര്‍ശനം ലക്ഷ്യമായിക്കണ്ടത്. അതിനുള്ള മാര്‍ഗം പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി ജ്ഞാനത്തില്‍ വ്യക്തത വരുത്തലാണ്. പ്രാപഞ്ചികാസ്തിത്വത്തിന് ആധാരമായ 24 തത്ത്വങ്ങളെക്കുറിച്ച് സാംഖ്യദര്‍ശനം പറയുന്നുണ്ട്. സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്ന് ഗുണങ്ങള്‍ ഉള്‍ചേര്‍ന്നതാണ് മൂല പ്രകൃതി. ഇവയുടെ അനുപാത വ്യത്യാസമാണ് മാറ്റങ്ങള്‍ക്ക് നിദാനം. ബാഹ്യശക്തിയുടെ പ്രേരണയില്ലാതെ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇവയില്‍ ലീനമാണ്.
പ്രപഞ്ചോല്‍പത്തി പരമാണുവില്‍നിന്നാണെന്നു വാദിച്ച കണാദന്റെ വൈശേഷിക ദര്‍ശനം ഇന്ത്യയിലെ ഒരു പ്രധാന ചിന്താധാരയാണ്. മനുഷ്യന് സ്വന്തം ബുദ്ധികൊണ്ടും യുക്തികൊണ്ടും അപഗ്രഥിച്ച് പ്രാപഞ്ചിക യാഥാര്‍ഥ്യം ഗ്രഹിക്കാന്‍ സാധിക്കുമെന്നാണ് വൈശേഷിക ദര്‍ശനം പറയുന്നത്. പദാര്‍ഥം, ദ്രവ്യം, ഗുണം, കര്‍മം ആദിയായവയെ അവര്‍ വിശകലനം ചെയ്തു. എന്തിനുമുണ്ട് സാമാന്യവും സവിശേഷവുമായ ഗുണങ്ങള്‍. ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍തിരിക്കുന്ന ഘടകമാണ് സവിശേഷ ഗുണം. ഓരോ മൂലധാതുവിന്നും ഓരോ വിശേഷ ഗുണമുണ്ട്. ചലനം, മാറ്റം, ഗുണങ്ങള്‍, കര്‍മം, കാര്യം, കാരണം ഇവയെയെല്ലാം ബന്ധിപ്പിച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങളെ വിശദീകരിക്കുകയാണ് കണാദന്‍ ചെയ്തത്. ആത്മാവിനെ ചൈതന്യവത്തായ ഒരു സ്വതന്ത്ര ദ്രവ്യമായി അദ്ദേഹം സങ്കല്‍പിച്ചു.
ഇന്ത്യയുടെ മഹത്തും ബൃഹത്തുമായ ദര്‍ശനങ്ങളിലൊന്നായാണ് ശ്രീശങ്കരന്റെ അദൈ്വതം അറിയപ്പെടുന്നത്. ആത്മാവ് ഏകമാണ് എന്നതാണ് അദൈ്വതത്തിന്റെ അടിസ്ഥാന തത്ത്വം. ബ്രഹ്മം മാത്രമാണ് സത്യം. ജഗത്ത് മിഥ്യയാണ്. അത് സത്യമാണെന്നത് തോന്നല്‍ മാത്രമാണ്. സത്യം പാരമാര്‍ഥികം, വ്യാവഹാരികം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. യഥാര്‍ഥ സത്യമാണ് പാരമാര്‍ഥികം. സത്യമാണെന്ന തോന്നല്‍ വ്യാവഹാരികവും. വ്യാവഹാരിക സത്യത്തെ പാരമാര്‍ഥിക സത്യമായി ധരിക്കുന്നതിനു കാരണം അവിദ്യയാണ്. അവിദ്യ നീങ്ങുമ്പോള്‍ ശരിയായ ജ്ഞാനമുണ്ടാകുന്നു. ബ്രഹ്മ സാക്ഷാത്കാരമാണ് ജ്ഞാനം. അതുതന്നെയാണ് മോക്ഷവും. ഈ ലോകത്തുതന്നെ അത് സാധ്യമാണ്. ഞാന്‍, എന്റേത് എന്ന ഭാവത്തിലാണ് അവിദ്യ കുടികൊള്ളുന്നത്. എല്ലാ ജീവജാലങ്ങളുടെയും ആത്മാവുതന്നെയാണ് തന്റേതും എന്നു തിരിച്ചറിയുമ്പോഴേ ഞാനെന്ന ഭാവം ഇല്ലാതാവുകയുള്ളൂ. കര്‍മമല്ല, ജ്ഞാനമാണ് മോക്ഷത്തിന് ആധാരം എന്നത് അദൈ്വതത്തിന്റെ ഒരു പ്രധാന തത്ത്വമാണ്. ജ്ഞാനം സിദ്ധിക്കുന്നതിനുള്ള ഉപാധിയായി കര്‍മം വര്‍ത്തിച്ചേക്കാം എന്നു മാത്രം. വിവിധ കാലഘട്ടങ്ങളില്‍ അനേകം ചിന്തകന്മാര്‍ വിശദമായി ചര്‍ച്ചചെയ്ത വിഷയമാണിത്.
കര്‍മവിമുഖതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ ഭാസ്‌കരാചാര്യര്‍, അരവിന്ദഘോഷ് തുടങ്ങി ധാരാളം പേര്‍ അദൈ്വതത്തെ എതിര്‍ത്തിട്ടുണ്ട്. രാമാനുജന്റെ വിശിഷ്ടാദൈ്വതവും മധ്വാചാര്യരുടെ ദൈ്വതവാദവും ശങ്കരാദൈ്വതത്തിനെതിരെ രൂപംകൊണ്ട ദര്‍ശനങ്ങളാണ്. മതവിശ്വാസങ്ങളെ യുക്തിയുമായി സമന്വയിപ്പിക്കുകയാണ് രാമാനുജന്‍ ചെയ്തത്. ജഗത്ത് മിഥ്യയല്ലെന്നും ജീവാത്മാവും പരമാത്മാവും രണ്ടാണെന്നുമാണ് മധ്വാചാര്യര്‍ വാദിച്ചത്. നിംബാര്‍ക്കന്റെ ദൈ്വതാദൈ്വതമാണ് അദൈ്വതത്തിനെതിരായി ഉയര്‍ന്നുവന്ന മറ്റൊരു ചിന്താപ്രസ്ഥാനം. ബ്രഹ്മത്തില്‍നിന്നു ഭിന്നമായ രണ്ടസ്തിത്വങ്ങളാണ് പ്രപഞ്ചവും ആത്മാവും എന്നാണ് ദൈ്വതാദൈ്വതം പറയുന്നത്. ബ്രഹ്മത്തെ ആശ്രയിച്ചാണ് പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും നിലനില്‍പ്പ്. ഇവ തമ്മില്‍ ഭേദവും അഭേദവും ഒരേപോലെ നിലനില്‍ക്കുന്നതിനാലാണ് ദൈ്വതാദൈ്വതം സംഭവിക്കുന്നത് എന്നാണ് നിംബോര്‍ക്കന്റെ വിശദീകരണം. യോഗം, ന്യായം തുടങ്ങി ഭാരതീയ ദര്‍ശനത്തിന് വേറെയും കൈവഴികളുണ്ട്.
പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇന്ത്യയും ഇസ്‌ലാമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നുണ്ട്. ഇന്ത്യയുമായി അറബികള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന സമുദ്രവ്യാപാര ബന്ധം കേരളതീരം വഴി ഇന്ത്യയിലേക്ക് ഇസ്‌ലാമിന്റെ ആഗമനം സ്വാഭാവികവും അനായാസകരവുമാക്കി. അറബി പ്രബോധക സംഘങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചത്. ഇവിടത്തെ നാടുവാഴി ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ച് മക്കത്തു പോയതായി പറയപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആഗമനം ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. ഹി. 92/ക്രി.വ 711-ല്‍ മുഹമ്മദുബ്‌നു ഖാസിമിന്റെ സിന്ധ് ആക്രമണമാണ് ഈ ബന്ധത്തിന് തുടക്കം കുറിച്ചത്. സിന്ധ് ബഗ്ദാദ് കേന്ദ്രമായുള്ള അബ്ബാസീ ഖിലാഫത്തിന്റെ ഭാഗമായി. പിന്നീട് വിവിധ മുസ്‌ലിംവംശങ്ങള്‍ ഇന്ത്യ ഭരിച്ചത് ചരിത്രം. ഇസ്‌ലാം ഇന്ത്യയില്‍ അതിവേഗം പ്രചരിക്കുകയും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ മതമായി ഇസ്‌ലാം മാറുകയും ചെയ്തു.
അബ്ബാസീ ഖലീഫമാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്ന ബര്‍മകികള്‍ സംസ്‌കൃതഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതില്‍ പ്രത്യേക താല്‍പര്യമെടുക്കുകയുണ്ടായി. ബര്‍മകികള്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത പാര്‍സികളായിരുന്നു, അതല്ല ഇന്ത്യയില്‍നിന്ന് പോയ ബുദ്ധമതക്കാരായിരുന്നു എന്നിങ്ങനെ ചരിത്രകാരന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായങ്ങളുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വി തന്റെ ഇന്‍ഡോ അറബ് ബന്ധങ്ങള്‍ എന്ന വിഖ്യാത കൃതിയില്‍ തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നത് അവര്‍ ബുദ്ധമതക്കാരായിരുന്നു എന്നാണ്. സിന്ധ് വഴി ബഗ്ദാദിലെത്തിയ പണ്ഡിതന്മാരില്‍നിന്ന് ഗണിതം, വൈദ്യം, ജ്യോതിഷം, ഗോളശാസ്ത്രം തുടങ്ങിയ വിജ്ഞാനീയങ്ങള്‍ അറബിപണ്ഡിതന്മാര്‍ സ്വീകരിച്ചു. ജാഹിള്, യഅ്ഖൂബി, ഇബ്‌നു ന്നദീം, അല്‍ബിറൂനി, ഖാദി സാഇദ് അന്ദലുസി, ഇബ്‌നു അബീ ഉസൈബിഅ എന്നീ അറബി എഴുത്തുകാര്‍ ഈ വിജ്ഞാന കൈമാറ്റത്തിന്റെ ചരിത്രം വിശദമായി രേഖപ്പെടുത്തിയതായി സയ്യിദ് സുലൈമാന്‍ നദ്‌വി പ്രസ്താവിക്കുന്നു. മഹാഭാരത കഥകള്‍, തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങള്‍, വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവ എട്ടാം നൂറ്റാണ്ടില്‍തന്നെ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 'പഞ്ചതന്ത്രം' പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഇബ്‌നുല്‍ മുഖഫ്ഫഅ് അറബിയിലേക്ക് പരിഭാഷപ്പെടുത്തി. കലീല വ ദിംന (കരടകനും ദമനകനും) എന്നാണ് പഞ്ചതന്ത്രത്തിന്റെ അറബി ശീര്‍ഷകം. ബുദ്ധസഫും ബലോഹറും എന്ന ശ്രീബുദ്ധനെ സംബന്ധിക്കുന്ന ഇന്ത്യന്‍ ഗ്രന്ഥത്തിന്റെ അറബി പരിഭാഷ 'ഇഖ്‌വാനുസ്സഫാ' എന്ന മുസ്‌ലിം തത്ത്വചിന്താ സംഘത്തെ ഏറെ സ്വാധീനിച്ചതായി സയ്യിദ് സുലൈമാന്‍ നദ്‌വി പറയുന്നു.
അറബിയില്‍നിന്ന് സംസ്‌കൃതത്തിലേക്കും സംസ്‌കൃതത്തില്‍നിന്ന് അറബിയിലേക്കും ധാരാളം ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയ യശസ്സുറ്റ പണ്ഡിത പ്രതിഭയാണ് അല്‍ബിറൂനി (973-1050). യൂക്ലിഡിന്റെയും ടോളമിയുടെയും ശാസ്ത്രഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റിയത് അല്‍ബിറൂനിയാണ്. ഇന്ത്യന്‍ വിജ്ഞാനീയങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന അല്‍ബിറൂനിയുടെ അറബി ഗ്രന്ഥമാണ് കതാബുല്‍ ഹിന്ദ്. ഇന്ത്യയെക്കുറിച്ച് അറബിയില്‍ ഗ്രന്ഥം രചിച്ച സഞ്ചാരിയായ അറബി പണ്ഡിതനാണ് അല്‍ ഇദ്‌രീസി (മ. ഹി. 560/ക്രി.വ. 1165). സുലൈമാന്‍ ഇബ്‌നു ഖുര്‍ദാദ്‌ബെ, ഇബ്‌നുബത്തൂത്ത തുടങ്ങി നിരവധി സഞ്ചാരികള്‍ അറബിയില്‍ ഇന്ത്യയെക്കുറിച്ച് എഴുതിയവരാണ്. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളെയോ വിശ്വാസ-കര്‍മ സംഹിതയെയോ ജീവിത ശൈലിയെയോ സ്വാധീനിക്കാന്‍ ഹൈന്ദവ ദര്‍ശനത്തിനു സാധിച്ചിട്ടില്ല. എങ്കിലും കാലാന്തരത്തില്‍ ഹൈന്ദവ ആചാരങ്ങളും സമ്പ്രദായങ്ങളും മുസ്‌ലിംകളെ സ്വാധീനിച്ചു. ഇന്ത്യന്‍ വേദാന്തം സൂഫിസത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ധാരാളമായി ഉപന്യസിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ തത്ത്വചിന്തയെ ഇസ്‌ലാമിക തത്ത്വചിന്ത തിരിച്ചും വന്‍തോതില്‍ സ്വാധീനിക്കുകയുണ്ടായി. സൂഫികള്‍ മുഖേനയാണ് ഇന്ത്യയില്‍ ഇസ്‌ലാമിന് വ്യാപകമായ പ്രചാരം സിദ്ധിക്കുന്നത്. മാതൃകാപരമായ ജീവിതമായിരുന്നു അവരുടേത്. സ്വാഭാവികമായും അവരുടെ സ്വഭാവ മഹിമ ഇന്ത്യന്‍മനസ്സുകളെ ആകര്‍ഷിച്ചു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ച സമത്വമാണ് ജാതീയമായ അസ്പൃശ്യതയില്‍പെട്ട് ഉഴലുകയായിരുന്ന ജനസാമാന്യത്തെ ഇസ്‌ലാമിലേക്കാകര്‍ഷിച്ച പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകം. മുസ്‌ലിംകളുടെ കണിശമായ ഏകദൈവ വിശ്വാസവും ഇന്ത്യന്‍ ജനതയെ ആകര്‍ഷിക്കുകയുണ്ടായി. ഹിന്ദുമത പരിഷ്‌കര്‍ത്താക്കളെ പ്രചോദിപ്പിച്ച ആശയങ്ങളായിരുന്നു ഇസ്‌ലാമിന്റെ ഏകദൈവത്വവും സമത്വ വിഭാവനയും. സിക്കുമത സ്ഥാപനത്തിന് ഗുരുനാനാക്കിന് ഇസ്‌ലാം പ്രചോദനമായിത്തീര്‍ന്നു. അദൈ്വതത്തെ കുറിച്ച് ചിന്തിക്കാന്‍ ശ്രീ ശങ്കരാചാര്യര്‍ക്കു പ്രേരണയായതും ഇസ്‌ലാമിന്റെ ഏകദൈവ സങ്കല്‍പമാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top