ശരീഅത്തധിഷ്ഠിത രാഷ്ട്രീയം ശൈഖ് ഖറദാവിയുടെ ചിന്തകളിൽ

സൈനുൽ ആബിദീൻ ദാരിമി‌‌

ശരീഅത്തധിഷ്ഠിത രാഷ്ട്രീയം, അല്ലെങ്കിൽ രാഷ്ട്രീയ കർമശാസ്ത്രം എന്നത് ഇസ്ലാമിക കർമ്മ ശാസ്ത്ര ശാഖകളിൽ ഒന്നാണ്.മനുഷ്യജീവിതത്തെ സമഗ്രവും സൂക്ഷ്മമായി  ഉൾക്കൊള്ളുന്നതാണ് ഇസ്ലാമിക കർമ്മശാസ്ത്രം.
ഇതര കർമ്മ ശാസ്ത്ര ശാഖകളെ പോലെ തന്നെ ചരിത്രത്തിലൂടെ  വികാസം പ്രാപിച്ച കടന്നുവന്നതാണ് രാഷ്ട്രീയ കർമശാസ്ത്രവും. ആദ്യകാലത്ത് ശിക്ഷാവിധികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാത്രം പരിമിതമായിരുന്നു പ്രസ്തുത കർമ്മശാസ്ത്രം. അവയിൽ സ്വതന്ത്രമായ കൃതികൾ രചിക്കപ്പെട്ടിരുന്നില്ല. ഖുർആൻ വ്യാഖ്യാനം,ഹദീസ് വ്യാഖ്യാനം, നിദാനശാസ്ത്ര, അഖീദ ഗ്രന്ഥങ്ങൾ, വ്യത്യസ്ത കർമശാസ്ത്ര ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു രാഷ്ട്രീയ കർമ്മശാസ്ത്രം. എന്നാൽ പിൽക്കാലത്ത് രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർന്നു വരുന്നതിനനുസരിച്ച് പ്രസ്തുത  മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ വികസിക്കുകയും അത് സ്വതന്ത്രമായ കൃതികൾ രചിക്കുന്നതിന് പ്രേരകമാവുകയും ചെയ്തു. ആ ഇനത്തിൽ നടന്ന ആദ്യത്തെ ക്രോഡീകരണമാണ് ശാഫിഈ പണ്ഡിതനായ ഇമാം മാവർദി (ഹി -450) യുടെ "അൽ അഹ്കാമുസ്സുൽ ത്വാനിയ " തുടർന്ന് ആ മേഖലയിൽ അനവധി ഗ്രന്ഥങ്ങൾ പിറവിയെടുക്കുകയുണ്ടായി. ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മേഖലയിൽ മാത്രം പരിമിതമായിരുന്ന രാഷ്ട്രീയ കർമശാസ്ത്രം അതോടെ സാമ്പത്തിക വ്യവസ്ഥകൾ,വ്യക്തി നിയമങ്ങൾ, നീതിന്യായം, നിയമനിർവഹണം, അഡ്മിനിസ്ട്രേഷൻ, ഭരണ വ്യവസ്ഥ, അന്താരാഷ്ട്രബന്ധങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് കടന്നു വരികയും പ്രസ്തുത മേഖലകളിലെ നിയമങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന പദമായി അത് രൂപാന്തരപ്പെടുകയും ചെയ്തു.

രാഷ്ട്രീയ കർമശാസ്ത്രം
ഇസ്്ലാമിക ശരീഅത്തിന്റെ പൊതു തത്വങ്ങളുടെയും ആത്യന്തിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കാലത്തിന്റെ പുതിയ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായി രൂപീകരിക്കപ്പെട്ട നിയമങ്ങളാണ് രാഷ്ട്രീയ കർമശാസ്ത്രം. അത് വ്യക്തിയെ രാഷ്ട്രവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇസ്്ലാമിക രാഷ്ട്രീയ കർമശാസ്ത്ര പൈതൃകങ്ങൾ ഖറദാവിയുടെ ചിന്തയിലൂടെ പുറത്തുവരുമ്പോൾ അതിനു പുതിയ രൂപവും ഭാവവും വർണ്ണവും കൈവന്നതായി നമുക്ക് അനുഭവപ്പെടും.

രാഷ്ട്രീയ നിയമങ്ങളുടെ സ്ഥാനം ഇസ്്ലാമിൽ
ശരീഅത്തധിഷ്ഠിത രാഷ്ട്രീയ നിയമങ്ങൾ ഇസ്്ലാമിലെ അടിസ്ഥാനങ്ങളിലാണോ, ശാഖാപരമായ കാര്യങ്ങളിലാണോ പെടുക?
ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.ഇമാമത്ത്, ഖിലാഫത്ത് തുടങ്ങിയ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഖീദഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ട് അത് ദീനിന്റെ അടിസ്ഥാന കാര്യങ്ങളിലാണ് ഉൾപ്പെടുക എന്ന അഭിപ്രായമാണ് ശൈഖ് ഖറദാവി യുടേത്.
ശിയാക്കൾ ഈ വിഷയത്തെ അടിസ്ഥാന കാര്യങ്ങളിലാണ് പരിഗണിക്കുന്നത്. കാരണം അവരത് കൈകാര്യം ചെയ്യുന്നത് ആദർശ കാര്യങ്ങളുടെ ഭാഗമായിട്ടാണ്. അഹ് ലുസ്സുന്നയിലെ പണ്ഡിതന്മാർ പ്രസ്തുത വിഷയത്തെ അഖീദ ഗ്രന്ഥങ്ങളിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും, ശാഖാപരമായ കാര്യമായിട്ടാണ് അതിനെ പരിഗണിക്കുന്നത്. അതിനവർക്കുള്ള ന്യായം രാഷ്ട്രീയ കാര്യങ്ങൾ വിശ്വാസകാര്യങ്ങളുമായിട്ടല്ല മറിച്ച് കർമ്മങ്ങളുമായിട്ടാണ് അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ്. ഇത് കാരണം ചില മുസ്്ലിം ഗവേഷകന്മാർ രാഷ്ട്രീയത്തിന്റെയും അല്ലാഹുവിന്റെ നിയമനിർമ്മാണാധികാരത്തിന്റെയും കാര്യം ലഘൂകരിച്ച് കാണാനും അതിനെ ശാഖാപരമായ കാര്യമായി പരിഗണിക്കാനും കാരണമായിട്ടുണ്ട്.
 എന്നാൽ ശൈഖ് ഖറദാവി ഇതിനെ മറ്റൊരു കോണിലൂടെയാണ് സമീപിക്കുന്നത്. ഇസ്്ലാം എന്നത് വിശ്വാസകാര്യങ്ങൾ മാത്രമല്ല വിശ്വാസം കർമ്മങ്ങളോട് ചേർന്ന് വരുമ്പോഴാണ് പൂർണ്ണത പ്രാപിക്കുന്നത്. ഇതിന്റെ സമ്മിശ്രമായ സമ്മേളനമാണ് ഇസ്്ലാം. അഹ്ലുസ്സുന്നത്ത് വിശ്വാസ കാര്യങ്ങളെ അടിസ്ഥാനങ്ങളായും കർമ്മങ്ങളെ ശാഖ കാര്യങ്ങളായുമാണ് വിഭജിച്ചത് എന്ന് സൂചിപ്പിച്ചു. അതുകൊണ്ട് കർമങ്ങളെല്ലാം അപ്രസക്തങ്ങളാണെന്നതിനർഥമില്ല. അടിസ്ഥാന നിർബന്ധ ആരാധനകളായ  നമസ്കാരം, നോമ്പ് എന്നിവ അടിസ്ഥാനങ്ങളിൽ അല്ല ശാഖാപരമായ കാര്യങ്ങളിലാണ് ആ പണ്ഡിതന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് കാണാം. എന്ന് കരുതി ഇതെല്ലാം ഇസ്്ലാമിൽ അടിസ്ഥാന കാര്യങ്ങൾ അല്ല എന്നാണോ?വിശ്വാസകാര്യങ്ങളെ അടിസ്ഥാനങ്ങളായും കർമ്മങ്ങളെ ശാഖാപരമായ കാര്യങ്ങളായും വിഭജിക്കുക മാത്രമാണ് അവർ ചെയ്തിരിക്കുന്നത്. പ്രസ്തുത ആരാധനകളുടെ നിർബന്ധത്തിൽ വിശ്വസിക്കൽഅടിസ്ഥാന കാര്യമാണ്, ശാഖാപരമായ കാര്യമല്ല. അതുകൊണ്ടുതന്നെ ആരെങ്കിലും അതിന്റെ നിർബന്ധത്തെ നിഷേധിച്ചാൽ അവൻ ദീനിൽ നിന്ന് പുറത്തുപോകും. നിയമനിർമ്മാണത്തിലെ അല്ലാഹുവിന്റെ പരമാധികാരം. ഇമാമത്ത് (ഭരണ നേതൃത്വം) തുടങ്ങിയ കാര്യങ്ങളും ശാഖ കാര്യങ്ങളായാണ് എണ്ണുന്നത് എങ്കിലും അതിൽ വിശ്വസിക്കലും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചത് അനുസരിച്ച് വിധി കൽപ്പിക്കലും പ്രവാചകനെ അനുധാവനം ചെയ്യലും നിർബന്ധവും വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നുമാണ്. ഇതിന്റെ ഗൗരവം വ്യക്തമാക്കുന്ന ചില സൂക്തങ്ങളുണ്ട് (അന്നിസാഅ് 60-65), (അന്നൂർ 47-57) ഈ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ നിയമനിർമ്മാണത്തിലെ പരമാധികാരം അംഗീകരിക്കലും അവന്റെ നിയമമനുസരിച്ച് വിധി കൽപ്പിക്കലും വിശ്വാസ കാര്യങ്ങളിൽ ഉൾപ്പെടുന്നതും ദീനിന്റെ അടിസ്ഥാനങ്ങളിൽ ഒന്നുമാണ്.

ഹാകിമിയ്യ
അല്ലാഹുവിന്റെ നിയമനിർമാണാധികാരം (ഹാകിമിയ്യത്തുല്ലാഹ് ) എന്നത് ഇസ്്ലാമിന്റെ ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. മറിച്ച് ചിലർ കരുതുന്നത് പോലെ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ യും സയ്യിദ് ഖുത്വ്്ബിന്റെയും കണ്ടെത്തലല്ല എന്ന് ഖറദാവി വ്യക്തമാക്കുന്നു. ഈ രണ്ട് വ്യക്തിത്വങ്ങളും പ്രസ്തുത വിഷയത്തിന്റെ പ്രാധാന്യം ആവർത്തിച്ച് ഊന്നിപ്പറഞ്ഞ വരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ അത് പരാമർശിച്ചവരുമാണ്.
മാത്രമല്ല നിദാന ശാസ്ത്രത്തിൽ എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളിലും ഹാകിം (നിയമനിർമ്മാതാവ് ) ആര് എന്നതിനെക്കുറിച്ച് ഒരു അധ്യായം തന്നെ മാറ്റിവെച്ചത് കാണാം.അവരെല്ലാവരും നിയമനിർമ്മാതാവ് അല്ലാഹു മാത്രമാണ് എന്ന കാര്യത്തിൽ ഐക്യപ്പെടുന്നതും കാണാം. അല്ലാഹു പറയുന്നു" ശാസനാധികാരം അല്ലാഹുവിനല്ലാതെയില്ല" (യൂസുഫ് 40) (അൽ അൻആം -57) ഈ കാര്യത്തിൽ ഇമാം ഗസ്സാലിയെ ശൈഖ് ഖറദാവി ഉദ്ധരിക്കുന്നു" നിയമനിർമ്മാതാവായി അല്ലാഹുവിനെ പരിഗണിക്കുക എന്നത് അഹ്ലുസ്സുന്നത്തിനും മുഅ്തസിലികൾക്കുമിടയിൽ അഭിപ്രായ ഐക്യമുള്ള കാര്യമാണ്.

ഭരണാധികാരിയുടെ അഭിപ്രായങ്ങൾ പ്രാവർത്തികമാക്കപ്പെടുന്ന 
മേഖലകൾ
രാഷ്ട്രീയ മേഖലയിൽ ഇസ്്ലാം വിശദമായ നിയമങ്ങൾ അവതരിപ്പിച്ചിട്ടില്ല മറിച്ച് അടിസ്ഥാന തത്വങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. കാരണം രാഷ്ട്രീയ മേഖല നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്നതാണ്. അവിടെ സ്ഥായിയായി നിയമങ്ങൾ പ്രായോഗികമല്ല. നീതി, ഐക്യം, സ്വാതന്ത്ര്യം, സമത്വം, കൂടിയാലോചന, ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ തൃപ്തിയോടുകൂടി തുടങ്ങിയ അടിസ്ഥാന തത്വങ്ങളാണ് രാഷ്ട്രീയ മേഖലയിൽ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. പ്രസ്തുത തത്വങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് പുതിയ നിയമങ്ങൾ ആവിഷ്കരിക്കുകയും ഈ തത്വങ്ങൾക്ക്  വിരുദ്ധമാകാത്ത രാഷ്ട്രീയ നിയമങ്ങൾ അന്യ സമൂഹങ്ങളിൽനിന്ന് സ്വീകരിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളിൽ ഒരു ഭരണാധികാരിക്ക് തന്റെ അഭിപ്രായങ്ങൾ രാഷ്ട്രീയ മേഖലയിൽ പ്രയോഗവത്കരിക്കാവുന്നത്.പ്രസ്തുത മേഖലകൾ ശൈഖ് ഖറദാവി വിശദീകരിക്കുന്നുണ്ട്. അതിനുമുമ്പ് ഇമാമുമായി ബന്ധപ്പെട്ട ചില ചർച്ചകൾ അദ്ദേഹം നടത്തുന്നുണ്ട്.

ആരാണ് ഇമാം?
ഇസ്്ലാമിക സമ്പ്രദായത്തിൽ ഇമാം എന്നാൽ ദീനിനെയും ഭൗതിക കാര്യങ്ങളെയും നിലനിർത്താൻ പ്രവാചകന്റെ പ്രതിനിധിയായി സമൂഹത്തെ ഭരിക്കുന്ന ഭരണാധികാരിയാണ്. അത് ഇസ്്ലാമിക രാഷ്ട്രത്തിന്റെ പരമോന്നത ഭരണ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. അനവധി പ്രവാചക വചനങ്ങളും ഖുലഫാഉർറാശിദുകളുടെ ചരിത്ര സംഭവങ്ങളും അത് വ്യക്തമാക്കുന്നുണ്ട്. ഭരണാധികാരിയെ നന്മയിൽ അനുസരിക്കലും അദ്ദേഹത്തോട് സഹകരിക്കലും നിർബന്ധമാണ്. പ്രവാചകൻ പറഞ്ഞു: 'ആരെങ്കിലും എന്റെ ഭരണാധികാരിയെ അനുസരിച്ചാൽ അവൻ എന്നെ അനുസരിച്ചു. ആരെങ്കിലും അദ്ദേഹത്തെ ധിക്കരിച്ചാൽ അവൻ എന്നെയാണ് ധിക്കരിച്ചത്. (ബുഖാരി- മുസ്്ലിം) ഭരണാധികാരിയുടെ അഭിപ്രായങ്ങൾ പ്രയോഗ വൽക്കരിക്കുന്ന മേഖലകൾ ഖറദാവി മൂന്നായി തരം തിരിച്ചു

1- പ്രമാണങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ
ഖുർആനിലും സുന്നത്തിലും പ്രമാണങ്ങൾ വന്നിട്ടില്ലാത്ത കാര്യങ്ങൾ. ശരീഅത്ത് മൗനംപാലിച്ച ഈ മേഖല വിട്ടു വീഴ്ചയുടെ തലം എന്നാണ് അറിയപ്പെടുന്നത്. പ്രവാചകന്റെ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രയോഗം നിലവിൽ വന്നത്. പ്രവാചകൻ പറഞ്ഞു: അല്ലാഹു അവന്റെ ഗ്രന്ഥങ്ങളിൽ അനുവദനീയമാക്കിയത്  അനുവദനീയവും നിഷിദ്ധമാക്കിയവ നിഷിദ്ധവുമാണ്. എന്നാൽ അവൻ മൗനം പാലിച്ച കാര്യങ്ങൾ നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്തതാണ്.അല്ലാഹുവിൽ നിന്ന് നിങ്ങൾ സൗഖ്യം സ്വീകരിക്കുക തീർച്ചയായും അല്ലാഹു ഒന്നും മറന്നിട്ടില്ല. പിന്നെ പ്രവാചകൻ ഈ സൂക്തം പാരായണം ചെയ്തു. "നിങ്ങളുടെ രക്ഷിതാവ് ഒന്നും മറന്നിട്ടില്ല"( മർയം 64) ഇതിൽ പരാമർശിച്ച വിട്ടുവീഴ്ചയുടെ മേഖലയാണ് പ്രമാണങ്ങൾ വന്നിട്ടില്ലാത്ത മേഖല.
എല്ലാക്കാര്യത്തിലും പ്രമാണങ്ങൾ അവതരിപ്പിക്കാത്തത് അല്ലാഹുവിന്റെ യുക്തിയാണ്. ചില കാര്യങ്ങളിൽ പൊതുവായ പ്രമാണങ്ങൾ അവതരിപ്പിച്ചു മറ്റു ചിലതിൽ വിശദമായ നിയമങ്ങൾ തന്നെ ഇറക്കി. രാഷ്ട്രീയം ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ നിയമങ്ങൾ അവതരിപ്പിക്കാതെ പൊതു തത്വങ്ങൾ മാത്രം ഇറക്കി. കാലവും ലോകവും മനുഷ്യനും മാറുന്നതിനനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്ന മേഖലകളിൽ നിയമങ്ങൾ ഇറക്കിയില്ല. അതാണ് വിട്ടു വീഴ്ചയുടെ മേഖല. അത് മനുഷ്യബുദ്ധിയുടെ ഗവേഷണങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കാലത്തിനും ലോകത്തിനും അനുസരിച്ച് ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ  പുതിയ നിയമങ്ങൾ ആവിഷ്കരിക്കാനുള്ള ബാധ്യത. അതാണ് അതത് കാലങ്ങളിലെ പണ്ഡിതന്മാർക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
"പ്രമാണങ്ങളില്ലാത്ത മേഖല" എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒന്നുകിൽ തീരെ പ്രമാണങ്ങൾ വന്നിട്ടില്ലാത്തത് അല്ലെങ്കിൽ വിശദനിയമങ്ങളില്ലാതെ പൊതു തെളിവുകൾ വന്നിട്ടുള്ളത്. ഉദാഹരണമായി കൂടിയാലോചന എന്ന കാര്യം. അല്ലാഹു പറയുന്നു:
'അവരുടെ കാര്യങ്ങൾ പരസ്പരം കൂടിയാലോചിച്ചു നടപ്പിലാക്കുന്നവർ' (അശ്ശൂറാ -38) 'കാര്യങ്ങളിൽ അവരുമായി കൂടിയാലോചിക്കുക' (ആലു ഇംറാ ൻ- 159) ഈ രണ്ടു പ്രമാണങ്ങൾ കൂടിയാലോചനയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്നില്ല. ആരാണ് കൂടിയാലോചന നടത്തേണ്ടത്? എങ്ങനെയാണ് അവരെ തിരഞ്ഞെടുക്കേണ്ടത്?ഏത് കാര്യങ്ങളിലാണ് കൂടിയാലോചന നടത്തേണ്ടത്? അവർക്കിടയിൽ അഭിപ്രായ ഭിന്നത വന്നാൽ എന്താണ് വിധി? തുടങ്ങിയ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതാത് കാലഘട്ടത്തിലെ പണ്ഡിതന്മാർക്ക് വിട്ടിരിക്കുകയാണ്. അവർ കാലത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെയും മാറ്റത്തിനനുസരിച്ച്  പുതിയ നിയമങ്ങൾ ആവിഷ്കരിക്കണം.
ശരീഅത്തിന്റെ അനവധി തെളിവുകൾ ഇതുപോലെ പൊതുവായ നിലയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വിശദാംശങ്ങൾ പണ്ഡിതന്മാർക്ക് വിട്ടുകൊടുക്കുക. ഇത് അടിമകളോടുള്ള അല്ലാഹുവിന്റെ കാരുണ്യവും വിശാലതയുമാണ്. മാറുന്ന കാലത്തെ പരിഗണിക്കാതെ എല്ലാ മേഖലയിലും വിശദനിയമങ്ങൾ അവതരിപ്പിച്ചിരുന്നുവെങ്കിൽ സാഹചര്യത്തോട് പൊരുത്തപ്പെടാത്ത നിയമങ്ങളെ അവർക്ക് നിർബന്ധമായി മുറുകെപ്പിടിക്കേണ്ടി വന്നേനെ. അങ്ങനെ ചെയ്യുക എന്നത് അല്ലാഹുവിന്റെ യുക്തിക്ക് വിരുദ്ധമാണ്.
ഇത്തരം മേഖലകളിൽ ശരീഅത്ത് അംഗീകരിച്ചിട്ടുള്ള മസ്വ് ലഹ മുർസല (നിരുപാധിക നന്മകൾ) സദ്ദുദ്ദറാഇഅ് (തിന്മയിലേക്ക് തുറക്കുന്ന വഴിയടക്കുക ) ഉർഫ് (നാട്ടുനടപ്പ്) തുടങ്ങിയ അടിസ്ഥാന നിദാന തത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് പുതിയ നിയമങ്ങൾ ആവിഷ്കരിക്കുക. ഇത്തരം പ്രക്രിയകളാണ് ഇസ്്ലാമിക ശരീഅത്തിനെ കാലത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തമാക്കിയത്

2- വ്യത്യസ്ത വീക്ഷണങ്ങൾക്ക് സാധ്യത നൽകുന്ന പ്രമാണങ്ങൾ
ഭരണാധികാരിയുടെ വീക്ഷണങ്ങളെ പ്രയോഗവൽകരിക്കാൻ അനുവാദം നൽകപ്പെട്ടിട്ടുള്ള രണ്ടാമത്തെ മേഖലയാണിത്. ഇതിനെ പണ്ഡിതന്മാർ രണ്ടായി തിരിക്കുന്നു.
1) ഇസ്്ലാമിക ശരീഅത്ത് രണ്ടോ അതിലധികമോ നിയമങ്ങൾ ആവിഷ്കരിക്കുക എന്നിട്ട് ഭരണാധികാരിക്ക് അതിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ അനുവാദം നൽകുക. യുദ്ധത്തിൽ പിടികൂടുന്ന തടവുകാരുടെ കാര്യത്തിൽ വന്ന നിയമങ്ങൾ അതിന് ഉദാഹരണമാണ്. ജിഹാദുമായി ബന്ധപ്പെട്ട കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. 
യുദ്ധ തടവുകാരുടെ കാര്യത്തിൽ അഞ്ച് നിയമങ്ങൾ വന്നിട്ടുണ്ട് 1: ഔദാര്യപൂർവം വിട്ടയക്കുക 2: നഷ്ടപരിഹാരം വാങ്ങി വിട്ടയക്കുക 3: ബന്ദികളാക്കുക 4: കൊന്നുകളയുക 5: ജിസ് യ (കരം) വാങ്ങി ഇസ്്ലാമിക രാജ്യത്ത് ജീവിക്കാൻ അനുവദിക്കുക.
ഇതിൽ ഏതെങ്കിലും ഒന്ന് കണ്ണടച്ച് തെരഞ്ഞെടുക്കലല്ല, മറിച്ച് ഉമ്മത്തിന്റെ നന്മക്കും താൽപര്യ സംരക്ഷണത്തിനും ഉതകുന്ന രീതിയിലായിരിക്കണം നിലപാടെടുക്കുന്നത്.
മുസ്്ലിംകൾ ശക്തരായിരിക്കുകയും അവരിൽ പ്രതീക്ഷയും ഭയവും കാണുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധതടവുകാരെ ഔദാര്യപൂർവ്വം വിട്ടയക്കാവുന്നതാണ്. കാരണം അത് മുസ്്ലിംകളുടെ സ്വഭാവ ഗുണങ്ങളും സഹിഷ്ണുതയും അവരിൽ സ്വാധീനം ചെലുത്താനാവും പ്രേരണയാവും.
മുസ്്ലിം തടവുകാരെ വിട്ടു നൽകുക, അല്ലെങ്കിൽ സമ്പത്ത് നൽകുക തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം തടവുകാരെ വിട്ടു നൽകാൻ ചില സാഹചര്യമുണ്ട്. ആ വകുപ്പിൽ വരുന്ന സമ്പത്ത് കൊണ്ട് മുസ്്ലിംകൾക്ക് ശക്തരാവാനും മുസ്്ലിം തടവുകാരുടെ ജീവിതം ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തുവാനും സാധിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം വാങ്ങി വിട്ടയക്കുന്നതാണ് അഭികാമ്യം.
 യുദ്ധതടവുകാരിൽ കടുത്ത കുറ്റവാളികൾ ഉള്ള സാഹചര്യത്തിൽ അവരെ കൊന്നുകളയുന്നതാണ് നല്ലത്. അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ വീണ്ടും മുസ്്ലിം സമുദായത്തിന് അപകട കരമാകുന്ന സാഹചര്യങ്ങളുണ്ടാവും. അവർ കേവലം തടവുകാരല്ല, യുദ്ധ കുറ്റവാളികളാണ്. മുസ്്ലിംകൾക്ക് വലിയ തോതിൽ നാശം വിതച്ചിട്ടുള്ള കുറ്റവാളികളെ യുദ്ധത്തിൽ പ്രവാചകൻ പിടികൂടിയപ്പോൾ അവരെ കൊന്നു കളയുകയും താരതമ്യേനെ നിരുപദ്രവകാരികളായവരെ മാപ്പ് നൽകി വിട്ടയക്കുകയും ചെയ്തു. മുസ്്ലിം തടവുകാരെ ശത്രുക്കൾ അടിമകളാക്കുന്ന സാഹചര്യത്തിൽ ശത്രുക്കളായ യുദ്ധതടവുകാരെ അടിമകളാക്കാവുന്നതാണ്. ഇത്തരം നിയമങ്ങൾ സ്വീകരിക്കുമ്പോൾ സാഹചര്യത്തിന്റെ തേട്ടം അനിവാര്യമായി ഉൾക്കൊള്ളേണ്ടതുണ്ട്.
ഇസ്്ലാമിക രാഷ്ട്രത്തിന്റെ നിയമങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് സമ്മതിച്ച തടവുകാരിൽ നിന്ന് ജിസ് യ സ്വീകരിച്ച് വിടാവുന്നതാണ്.
 ഇത്തരം സന്ദർഭങ്ങളിൽ ഭരണാധികാരി അഭിപ്രായം തെരഞ്ഞെടുക്കേണ്ടത് സ്വന്തം താൽപര്യത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സമൂഹത്തിന്റെ താൽപര്യം മുൻനിർത്തി കൊണ്ടാണ്.
ഒരു വിഷയത്തിൽ തന്നെ വന്നിട്ടുള്ള അനവധി നിയമങ്ങൾ ഇസ്്ലാമിക കർമശാസ്ത്രത്തിൽ കാണാം. അതിൽ സാഹചര്യത്തിന് അനുകൂലമായ വിധി ഭരണാധികാരികളാണ് തെരഞ്ഞെടുക്കുക. ധാരാളം ഉദാഹരണങ്ങൾ കാണാം. ഇസ് ലാമിക രാഷ്ട്രത്തിന് കൈവന്ന ഭൂമി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിയമങ്ങൾ.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ കവർച്ച ചെയ്യുന്ന കൊള്ളക്കാർക്കെതിരെയുള്ള ശിക്ഷാവിധികൾ. യുദ്ധമുതലുകൾ വീതിക്കുന്നതുമായി  ബന്ധപ്പെട്ട നിയമങ്ങൾ. ഇങ്ങനെയുള്ള അനവധി വിധികൾ പ്രമാണങ്ങളിൽ വന്നത് കാണാം. അതിൽ നിന്ന് അനുയോജ്യമായത് ഭരണാധികാരിക്ക് തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്.
2) ഭരണാധികാരിയുടെ വീക്ഷണങ്ങളെ പ്രയോഗവൽക്കരിക്കാൻ അനുവാദം നൽകപ്പെട്ടിട്ടുള്ള രണ്ടാമത്തെ മേഖലയാണ് വ്യത്യസ്ത വീക്ഷണങ്ങൾക്ക് സാധ്യത നൽകുന്ന പ്രമാണങ്ങൾ. ഇതിന്റെ രണ്ടാമത്തെ അർത്ഥം ഇതാണ്. പ്രമാണങ്ങളിൽ കർമശാസ്ത്ര പണ്ഡിതന്മാർ പ്രകടിപ്പിച്ചിട്ടുള്ള വീക്ഷണവൈവിധ്യങ്ങൾ. ശരീഅത്തിൽ ഖണ്ഡിത പ്രമാണങ്ങളും ഊഹാധിഷ്ഠിത പ്രമാണങ്ങളും ഉണ്ട്.എന്നാൽ ഖണ്ഡിതപ്രമാണങ്ങളുടെ പരിധി കുറഞ്ഞതും ഊഹാധിഷ്ഠിത പ്രമാണങ്ങളുടെ പരിധി വളരെ വിശാലവുമാണ്. ഈ മേഖലയാണ് കർമ്മ ശാസ്ത്ര നിയമങ്ങളുടെ വിഹാര മേഖല. ഇത്തരം മേഖലകളിലാണ് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്.
 ഓരോ കർമ ശാസ്ത്ര മദ്ഹബിലും നിദാന ശാസ്ത്രത്തിലും നിയമനിർദ്ദേശങ്ങളിലും സ്വതന്ത്രമായ പാഠശാലകൾ കാണാം. അവയിലെല്ലാം വീക്ഷണ വൈവിധ്യങ്ങളുണ്ട്. ചിലപ്പോൾ അത് മദ്ഹബിന്റെ ഇമാമിൽ നിന്ന് ആവാം അല്ലെങ്കിൽ ശിഷ്യന്മാരുടെ വചനങ്ങളിൽ ആവാം. ഹനഫി മദ്ഹബിലാണ് അത് വളരെ വിപുലമായ രീതിയിൽ കാണാൻ കഴിയുക. ഇമാം അബു ഹനീഫ(റ )യോട് തന്റെ ശിഷ്യന്മാർ ധാരാളം അഭിപ്രായങ്ങളിൽ വിയോജിക്കുന്നുണ്ട്. അത്തരം വിയോജിപ്പുകൾ മദ്ഹബിന്റെ മൂന്നിൽ ഒരു ഭാഗം തന്നെ വരും. ശരീഅത്തിലെ ഊഹാധിഷ്ഠിത പ്രമാണങ്ങളിൽ പണ്ഡിതന്മാർ വളരെ വിപുലമായ രീതിയിൽ അഭിപ്രായ ഭിന്നതകൾ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം ഇസ്്ലാമിക കർമ ശാസ്ത്ര പൈതൃകം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയം ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഇത് കൂടുതൽ സംഭവിക്കുന്നത്.

3) മസ്വ്്ലഹ മുർസല
ഭരണ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ രാഷ്ട്രീയ നയങ്ങൾ നടപ്പിലാക്കാൻ അനുവാദം നൽകപ്പെട്ടിട്ടുള്ള മൂന്നാമത്തെ മേഖലയാണ് മസ്വ് ലഹ മുർസല. അതാത് പ്രമാണങ്ങൾ നേർക്കുനേരെ വന്നിട്ടില്ലാത്ത കാര്യങ്ങളിൽ പൊതു നന്മ മുൻനിർത്തി നിയമങ്ങൾ ആവിഷ്കരിക്കുന്ന രീതി. രാഷ്ട്രീയ മേഖലയിലാണ് ഇത് ഏറ്റവും കൂടുതൽ പ്രയോഗവൽക്കരിക്കുക. ഏതൊരു കാര്യത്തിലും തിന്മയെക്കാൾ കൂടുതൽ നന്മയാണ് ഉള്ളതെങ്കിൽ അതിനെ നന്മയായി പരിഗണിക്കുക എന്നതാണ് ഇതിന്റെ  തേട്ടം.
"മാസ്വ്്ലഹത്ത്" എന്നാൽ സൃഷ്ടികൾക്ക് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ഉപകാരവും നന്മയുമുള്ള കാര്യങ്ങളാണ്. ആ നന്മകൾ വ്യക്തിപരമാകട്ടെ, സാമൂഹികമാകട്ടെ, ഭൗതികമാകട്ടെ, ആശയപരമാകട്ടെ.
"മുർസല "എന്നാൽ ഉപാധികളോട് കൂടിയല്ലാത്തത് എന്നാണ്. അതാത് ശരീഅത്ത് നിയമവിധേയമാക്കുകയോ അല്ലെങ്കിൽ നിയമവിരുദ്ധമാക്കുകയോ ചെയ്തിട്ടില്ലാത്ത നന്മകൾ. (107)
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ. അതിനെക്കുറിച്ച് പ്രമാണങ്ങളിൽ പരാമർശങ്ങളില്ല. അത്തരം കാര്യങ്ങളിൽ ഭൂരിഭാഗം നന്മകളാണെങ്കിൽ അത് നന്മയായി പരിഗണിക്കുക. കർമ്മ ശാസ്ത്ര പണ്ഡിതന്മാരിൽ ഭൂരിഭാഗവും മസ്വ്്ലഹ മുർസലയെ ഒരു അടിസ്ഥാനമായി സ്വീകരിക്കുന്നവരാണ്. ഇത്തരം സന്ദർഭത്തിൽ പൊതുനന്മയെ മുൻനിർത്തി ഭരണതലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ രാഷ്ട്രീയ നിയമങ്ങളും നിലപാടുകളും സ്വീകരിക്കാവുന്നതാണ്. ഖുലഫാഉർറാശിദുകളുടെ കാലത്ത് പ്രത്യേകിച്ചു ഉമർ (റ)വിന്റെ കാലത്ത് ഈ രീതിയിൽ ധാരാളം നിയമനിർമാണങ്ങളും പരിഷ്കരണങ്ങളും നടക്കുകയുണ്ടായി. ഭരണതലത്ത് വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകൾ രൂപീകരിക്കുക, റോഡ് പാലം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പരിധിയിലാണ് വരിക.

ഭരണാധികാരിയുടെ പ്രവർത്തനത്തിന്റെ നിബന്ധനകൾ
മുകളിൽ പറഞ്ഞ മൂന്ന് മേഖലകളിലാണ് ഭരണാധികാരിയുടെ അഭിപ്രായങ്ങൾ പ്രയോഗവൽക്കരിക്കേണ്ടത്. അങ്ങനെ പ്രയോഗവൽക്കരിക്കുന്ന സന്ദർഭത്തിൽ ചില നിബന്ധനകൾ അവർ പാലിക്കണമെന്ന് ശൈഖ് ഖറദാവി (റ) നിഷ്കർഷിക്കുന്നു.
1- ഭരണാധികാരി അഭിപ്രായങ്ങൾ രൂപീകരിക്കേണ്ടത് കൂടിയാലോചനയിലൂടെയായിരിക്കണം
 ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം വിദഗ്ധരുമായി കൂടിയാലോചന നിർബന്ധമാണ്. പ്രമാണങ്ങൾ ഇല്ലാത്ത,കാര്യങ്ങൾ വ്യത്യസ്ത വീക്ഷണങ്ങൾക്ക് സാധ്യത നൽകുന്ന കാര്യങ്ങൾമസ്വ് ലഹ മുർസലയിൽ ഇത്തരത്തിലുള്ള മേഖലകളിൽ വിദഗ്ധരുമായി കൂടിയാലോചിക്കൽ ഭരണാധികാരിക്ക് നിർബന്ധമാണ്. അല്ലാഹു പറയുന്നു." നിജസ്ഥിതി ഇത്ര കൃത്യമായി നിന്നോട് പറയാൻ ഒരു സൂക്ഷ്മ ജ്ഞനല്ലാതെ മറ്റാർക്കും സാധിക്കുകയില്ല"(ഫാത്വിർ -14)" അവനെക്കുറിച്ച് അറിവുള്ളവനോട് ചോദിച്ചു നോക്കുക" (അൽ ഫുർഖാൻ -59)
കൂടിയാലോചന അടിസ്ഥാനപരമായി നിർബന്ധമാണ്. അല്ലാഹു പ്രവാചകനോട് കല്പിക്കുന്നുണ്ട്" കാര്യങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുക"(ആലു ഇംറാൻ -159)
വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാന ഗുണങ്ങളിൽ ഒന്നായിട്ടാണ് ഖുർആൻ 'കൂടിയാലോചനയെ' പരിഗണിക്കുന്നത്. അടിസ്ഥാന ആരാധനകളായ നമസ്കാരത്തിനും സക്കാത്തിനും കൂടെയാണതിനെ പരാമർശിക്കുന്നത്." നമസ്കാരം നിലനിർത്തുന്നവരും കാര്യങ്ങൾ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരും നാം നൽകിയതിൽ നിന്ന് ചെലവഴിക്കുന്നവരും" (ആശ്ശൂറ -38)
ഇമാം ഖുർത്വുബി തന്റെ തഫ്സീറിൽ ഇമാം ഇബ്നു അത്വിയ്യയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു" കൂടിയാലോചന എന്നത് ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളിലും ഖണ്ഡിതവിധികളിലും  പെട്ടകാര്യമാണ്.
ദീനിന്റെയും വിജ്ഞാനത്തിന്റെയും വക്താക്കളോട് കൂടിയാലോചിക്കാത്തവരെ സ്ഥാനഭ്രഷ്ടരാക്കൽ നിർബന്ധമാണ് എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല "
ഭരണാധികാരികൾക്ക് കൂടിയാലോചന നിർബന്ധമാണ് എന്നതിനെ സൂചിപ്പിക്കുന്ന അനവധി പ്രമാണങ്ങളും പണ്ഡിത വചനങ്ങളും ശൈഖ് ഖറദാവി ഉദ്ധരിക്കുന്നു.
2- സാഹചര്യങ്ങളുടെ മാറ്റം പരിഗണിക്കുക
 സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഭരണാധികാരി അഭിപ്രായങ്ങളും മാറ്റണം. ശരീഅത്തധിഷ്ഠിത രാഷ്ട്രീയം മാറ്റങ്ങൾക്ക് വിധേയമാകാതെ സ്തംഭിച്ചു കിടക്കുന്നതല്ല മറിച്ച് സമൂഹത്തിന്റെയും ജീവിതത്തിന്റെയും ചലനങ്ങൾക്കനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്നതാണ്. ഇസ്്ലാമിൽ ഇജ്തിഹാദ് സമൂഹത്തെ പുരോഗതിയുടെയും നാഗരികതയുടെയും ചക്രവാളങ്ങളിലേക്ക് നയിക്കുന്നത് അങ്ങനെയാണ്. ഭരണാധികാരിയുടെയും, സമൂഹത്തിന്റെയും ചലനങ്ങളും മാറ്റങ്ങളും കൃത്യമായി ശരീഅത്തിന്റെ തത്വങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന രീതിയിലാവണം. അതിന്റെ മൂല്യ മണ്ഡലങ്ങൾക്കപ്പുറം കടക്കുന്ന ഏതൊരു മാറ്റവും ഇസ്്ലാമിക പശ്ചാത്തലത്തിന് പുറത്തായിരിക്കും.
രാഷ്ട്രീയ ഭരണ നിർവഹണ മേഖലയിൽ ഭരണാധികാരി നടത്തുന്ന ഗവേഷണങ്ങളും അഭിപ്രായ നയ രൂപീകരണവും മാറ്റങ്ങളെ പരിഗണിക്കുന്നതാവണം. ഖുലഫാഉർറാശിദുകളുടെ കാലത്ത് ഇതിന്റെ ധാരാളം മികച്ച ഉദാഹരണങ്ങൾ കാണാം. ഓരോ ഭരണാധികാരിയും പല വിഷയത്തിലും മുൻ ഭരണാധികാരിയുടെ നിലപാടുകളെ പരിഷ്കരിച്ചത് കാണാം.
യുദ്ധ മുതലുകൾ വീതം വെക്കുന്ന കാര്യത്തിൽ അബൂബക്ർ(റ) എല്ലാവർക്കും തുല്യമായ രീതിയിൽ വീതം വെച്ചപ്പോൾ ഉമർ(റ) ആളുകളുടെ വ്യതിരിക്തത പരിഗണിച്ചാണ് വീതം നൽകിയത്. 
അതിനുശേഷം വ്യത്യസ്ത കാലഘട്ടങ്ങളിൽ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ഇത്തരം വിഷയങ്ങളിൽ വെച്ച് പുലർത്തിയ നിലപാടുകൾ ഭിന്നങ്ങൾ ആയിരുന്നു എന്ന് കാണാം. ശൈഖ് ഖറദാവി അതിന്റെ വ്യത്യസ്ത ഉദാഹരണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ ഭരണാധികാരി കാലത്തിന്റെ മാറ്റങ്ങൾ പരിഗണിച്ചു  കൊണ്ടായിരിക്കണം നിലപാടുകൾ സ്വീകരിക്കേണ്ടത്

രാഷ്ട്രീയ കർമ്മ ശാസ്ത്രത്തിന്റെ അടിത്തറകൾ 
രാഷ്ട്രീയ കർമശാസ്ത്രം നിലകൊള്ളുന്ന ചില അടിത്തറകൾ ശൈഖ് ഖറദാവി അവതരിപ്പിക്കുന്നുണ്ട്.
1) ഉദ്ദേശ്യലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ പ്രമാണങ്ങളെ മനസ്സിലാക്കുക. ഏതു നിയമങ്ങളെയും അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കുക. ഈ വിഷയത്തിൽ മൂന്ന് പാഠശാലകളെ ശൈഖ് ഖറദ്വി ഉദ്ധരിക്കുന്നുണ്ട്.
1: ഉദ്ദേശ്യ ലക്ഷ്യങ്ങളെ പരിഗണിക്കാതെ അക്ഷരങ്ങളിൽ മാത്രം സ്തംഭിച്ചു കിടക്കുന്നവർ.അവരെ നവ അക്ഷരാർത്ഥ വായനക്കാർ എന്നാണ്  ഖർദാവി വിശേഷിപ്പിക്കുന്നത്. വിധികളുടെ കാരണങ്ങളെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പരിഗണിക്കാതെ പ്രമാണങ്ങളെ ബാഹ്യമാത്രമായി മനസ്സിലാക്കുന്നവർ.
2: ഒന്നാം വിഭാഗത്തിന്റെ നേർവിരുദ്ധ ദിശയിൽ സഞ്ചരിക്കുന്നവർ.അവർ ശരീരത്തിന്റെ പൊതുലക്ഷ്യങ്ങളെ ദീനിന്റെ ആത്മാവായി പരിഗണിക്കുന്നു.  അതുകൊണ്ടുതന്നെ പ്രമാണങ്ങളെ അവഗണിച്ച് മഖാസ്വിദുകൾക്ക് അനർഹമായ പ്രാധാന്യം കൽപ്പിക്കുന്നു.പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും ഇല്ലാത്ത ലക്ഷങ്ങൾ അതിന് ആരോപിക്കുകയും വാക്യങ്ങളെ അതിന്റെ യാഥാർത്ഥ സ്ഥാനത്ത് നിന്ന് അടർത്തിയെടുത്ത് മനസ്സിലാക്കുകയും ചെയ്യുന്നു.
3: ഇത് രണ്ടിനും ഇടയിൽ മധ്യമ നിലപാട് സ്വീകരിച്ചവർ. പ്രമാണങ്ങളെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കുന്നവർ. ഈ പാഠശാലയുടെ വക്താവാണ് ശൈഖ് ഖറദാവി. ഈ നിലപാടാണ് ഇസ്ലാമിന്റെ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ കർമശാസ്ത്ര നിയമങ്ങളെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളോടൊപ്പം മനസ്സിലാക്കാനാണ്
ഖറദാവി ആഹ്വാനം ചെയ്യുന്നത്.

2. സംഭവ ലോകത്തെ കുറിച്ചുള്ള കർമ്മശാസ്ത്രം
രാഷ്ട്രീയ കർമ്മ ശാസ്ത്രം നിലകൊള്ളുന്ന രണ്ടാമത്തെ അടിസ്ഥാനമാണിത്.രാഷ്ട്രീയം പുലരുന്ന ലോക സാഹചര്യങ്ങളെ കുറിച്ച് രാഷ്ട്രീയ കർമശാസ്ത്ര പണ്ഡിതൻ നല്ല അവഗാഹമുണ്ടായിരിക്കണം. ജനജീവിതത്തെ സ്പർശിക്കുന്ന സാഹചര്യങ്ങൾ വ്യവസ്ഥിതികൾ തീരുമാനങ്ങൾ, ആശയങ്ങൾ എന്നിവയെ കുറിച്ചുള്ള സൂക്ഷ്മ ജ്ഞാനം അവർക്കുണ്ടായിരിക്കണം. അതോടൊപ്പം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ മാറ്റങ്ങളും അറിഞ്ഞിരിക്കണം. ഇത്തരം യാഥാർത്ഥ്യങ്ങൾ അറിയുന്നവർക്ക് മാത്രമേ ഇസ്ലാമിക രാഷ്ട്രീയ നിയമങ്ങളെ ക്രിയാത്മകമായി സമൂഹത്തിൽ പ്രയോഗവൽക്കരിക്കാൻ സാധിക്കൂ. ഇത് പരിഗണിച്ചുകൊണ്ടാണ് ആദ്യകാലത്ത് സച്ചരിതരായ ഖലീഫമാരും പിൽക്കാലത്ത് ഇമാമുമാരും രാഷ്ട്രീയ നിയമങ്ങൾ ആവിഷ്കരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തത്.

3. താരതമ്യ കർമശാസ്ത്രം
 നന്മതിന്മകൾക്കിടയിൽ താരതമ്യം ചെയ്തുകൊണ്ട് രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുക. ഈ വിഷയത്തിൽ മാത്രമായി ശൈഖ് ഖറദാവി "ഔലവിയ്യാത്തുൽ ഹറകത്തിൽ ഇസ്്ലാമിയ്യ" എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.പുതിയ പുതിയ പ്രശ്നങ്ങൾ രൂപമെടുക്കുകയും അതിൽതന്നെ നന്മതിന്മകൾ കൂടിക്കുഴഞ്ഞ് കിടക്കുയും ചെയ്യുന്ന ആധുനിക കാലത്ത് താരതമ്യ കർമ്മ ശാസ്ത്രത്തിന്റെ പ്രസക്തി വളരെ കൂടുതലാണ്. രാഷ്ട്രീയ മേഖലയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ നന്മതിന്മകൾ കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിൽ നന്മയാണോ തിന്മയാണോ കൂടുതൽ എന്ന് നോക്കി അതിനനുസരിച്ച് നിയമങ്ങൾ ആവിഷ്കരിക്കാൻ സഹായിക്കുന്നത് പ്രസ്തുത കർമ്മ ശാസ്ത്രമാണ്. അതനുസരിച്ചാണ് കാര്യങ്ങളിൽ മുൻഗണന നിശ്ചയിക്കുന്നത്. തെളിവുകൾക്കിടയിൽ പരസ്പരം വൈരുദ്ധ്യങ്ങൾ അനുഭവപ്പെടുമ്പോൾ നിദാന ശാസ്ത്ര പണ്ഡിതന്മാർ തർജീഹ് ( ബലാബലം ) നടത്തി പ്രബലമായത് തിരഞ്ഞെടുക്കും. രാഷ്ട്രീയ മേഖലയിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്

4. മുൻഗണനാ കർമ്മശാസ്ത്രം
രാഷ്ട്രീയ കർമ്മശാസ്ത്രം നിലകൊള്ളുന്ന നാലാമത്തെ അടിസ്ഥാനമായി  ഖറദാവി പരിഗണിക്കുന്നതാണിത്. ഇത് താരതമ്യ കർമശാസ്ത്രവുമായി ബന്ധപ്പെട്ട് വരുന്നതാണ്.  താരതമ്യത്തിലൂടെയാണ് മുൻഗണന നിശ്ചയിക്കുവാൻ കഴിയുക. മുൻഗണന കർമ്മശാസ്ത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. ശരീഅത്തിന്റെ തുലാസിൽ ഓരോ കർമ്മത്തിനും അതിന്റെ മൂല്യം നൽകലാണ്. ഇതനുസരിച്ച് മുന്തിക്കേണ്ടതിനെ മുന്തിക്കുകയും പിന്തിക്കേണ്ടതിനെ പിന്തിക്കുകയും ചെയ്യുന്നു.
ഒരു സമൂഹം അധഃപതിക്കാനുള്ള പ്രധാന കാരണം ഓരോ കാര്യത്തിലെയും മുൻഗണന ക്രമം തെറ്റിക്കുന്നതാണ്. ചെറിയ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയും അമിത പ്രാധാന്യം നൽകേണ്ടതിനെ അവഗണിക്കുകയും ചെയ്യുക. രാഷ്ട്രീയമേഖലയിൽ ഏറ്റവും പ്രാധാന്യത്തോടെ കൂടി പരിഗണിക്കേണ്ട കാര്യമാണത്. അതുകൊണ്ടാണ് ശൈഖ് ഖറദാവി ഇതിന് തന്റെ രാഷ്ട്രീയ കർമശാസ്ത്ര ചിന്തയിൽ വലിയ പ്രാധാന്യം നൽകിയത്.

5. മാറ്റത്തിന്റെ കർമ്മശാസ്ത്രം
സമൂഹത്തെ പരിഷ്കരിക്കാനും പുരോഗതിയിലേക്ക് നയിക്കാനും മാറ്റം ഉൾക്കൊണ്ട് നിയമങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയമേഖലയിൽ നിരന്തരം മാറ്റം പ്രകടമാവും അത് പരിഗണിക്കാതെ അതിന്റെ നിയമങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിയില്ല. ഇസ്്ലാമിക ശരീഅത്ത് തന്നെ ആ മാറ്റങ്ങൾ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ മേഖലയിൽ വിശദ നിയമങ്ങൾ നൽകാതെ അടിസ്ഥാന തത്വങ്ങൾ മാത്രം നൽകിയത്. ഇത്തരത്തിലുള്ള ചില അടിസ്ഥാന ഘടകങ്ങളിലാണ് ശൈഖ് ഖറദാവി തന്റെ രാഷ്ട്രീയകർമ്മ ശാസ്ത്രത്തെ സ്ഥാപിച്ചിരിക്കുന്നത്. അതിൽ നിന്നുകൊണ്ടാണ് ആധുനിക രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങളെ അദ്ദേഹം സമീപിക്കുന്നതും വിമർശനാത്മകമായി വിലയിരുത്തുന്നതും. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top