ബലി ത്യാഗം മാത്രമല്ല, അറവ് തന്നെയാണ്‌

മൗലാനാ മൗദൂദി‌‌
img

(ബലി എന്നാല്‍ ത്യാഗമാണെന്നും മൃഗത്തെ അറുക്കലല്ലെന്നുമുള്ള വാദം ഉയര്‍ത്തുന്ന ചിലരുണ്ട്. ആ തല തിരിഞ്ഞ  വാദം പുതിയ കണ്ടുപിടിത്തമല്ല. അത്തരം വാദമുയര്‍ത്തിയ ചിലര്‍ക്ക് 1930-കളുടെ അവസാനത്തില്‍ സയ്യിദ് മൗദൂദി  നല്‍കിയ മറുപടിയാണിത്. മുന തേഞ്ഞു പോയ വാദഗതികള്‍ വീണ്ടുമുയര്‍ത്താന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഏറെ പ്രസക്തമാണ് ഇതിലെ ഉള്ളടക്കം)

ബലി പെരുന്നാളിനോടനുബന്ധിച്ച് പഞ്ചാബിലെ ഒരു കൂട്ടായ്മ ഇറക്കിയ ലഘുലേഖ കാണാനിടയായി.അര്‍ഥരഹിതവും അനാവശ്യവുമായ കര്‍മമാണ് ബലി എന്നാണതില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ദ്രോഹകരവും അനാവശ്യ പണച്ചെലവുമുള്ള ആചാരമാണതെന്നും കക്ഷികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷി രഹിതമായ (ഗൈരി ദീസര്‍ഇന്‍) മണ്ണിലെ സമ്പ്രദായമുപേക്ഷിച്ച് ബലിക്കു വേണ്ടി നശിപ്പിച്ചു കളയുന്ന പണം, അനാഥകള്‍ വിധവകള്‍ ഭവനരഹിതര്‍ എന്നിവര്‍ക്കു വേണ്ടി ചെലവിടുവാന്‍ വല്ല സാമൂഹിക പ്രസ്ഥാനങ്ങളെയും ഏല്‍പിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടതെന്നാണ് ഇവരുടെ ഉപദേശം. ഈ വാദം പ്രചരിപ്പിക്കലാണ് ഇവരുടെ മുഖ്യ പ്രവര്‍ത്തനമെന്നും പിന്നീട് മനസ്സിലായി. അതുവഴി വര്‍ഷംതോറും ബലി കര്‍മത്തില്‍നിന്ന് മുസ്‌ലിംകളെ പിന്തിരിപ്പിക്കല്‍ നയമായി സ്വീകരിച്ചിരിക്കുകയാണവര്‍.  അക്കാര്യത്തില്‍ എത്രകണ്ട് വിജയിച്ചു എന്നറിയില്ലെങ്കിലും ആയിരക്കണക്കിന് വിശ്വാസികളെ ആശയപരമായി അസ്വസ്ഥരാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് സമുദായത്തെ വിലയിരുത്തിയപ്പോള്‍ മനസ്സിലായത്. അത് തടഞ്ഞില്ലെങ്കില്‍ ഭാവിയിലും എത്ര മുസ്‌ലിംകള്‍ ആ കെണിയില്‍ പെടുമെന്നും ആലോചിക്കേണ്ടതുണ്ട്. അതിനാലാണ് ഈ ഇടപെടല്‍.

ബലിയെ സംബന്ധിച്ച് മൂന്ന് ആരോപണങ്ങളാണ്  ഉന്നയിക്കുന്നതെന്നാണ് ഇവരുടെ ലേഖനത്തില്‍നിന്ന് മനസ്സിലായത്. ഒന്ന്: ബലി ഒരു പ്രാകൃത ആചാരമാണ്. അജ്ഞതയുടെ ബലത്തില്‍ ചില മൗലവിമാരാണതിനെ ഇസ്‌ലാമിക സമ്പ്രദായമാക്കി അവതരിപ്പിച്ചത്. പ്രസ്തുത സംഘത്തിലെ ഒരു ഗ്രന്ഥകര്‍ത്താവ് കുറിച്ചതിങ്ങനെ: ബലി എന്ന ആചാരം പ്രാകൃതവും പരിഷ്‌കൃതവുമായ മുഴുവന്‍ സമൂഹങ്ങളിലും നിലനിന്നിരുന്നു.എന്നാല്‍ മുസ്‌ലിംകളല്ലാതെ മറ്റാരും ഇപ്പോഴത് നടത്തുന്നില്ല.

രണ്ട്: സാമ്പത്തികമായി ഒരു നഷ്ടക്കച്ചവടമാണ് ബലി. ഉരുവിന്റെ രക്തമൊഴുക്കാന്‍ ചെലവിടുന്ന തുക പാഴായിപ്പോകുകയാണ്. അതുമുഖേന ബുദ്ധിപരമോ, ഭൗതികമോ ആയ യാതൊരു പ്രയോജനവും ലഭ്യമാകുന്നില്ല.

മൂന്ന്: ബലിയര്‍പ്പിക്കാനുള്ള കല്‍പന ഖുര്‍ആനില്‍ എവിടെയുമില്ല. നബി വചനങ്ങളാകട്ടെ ബലിയെ തിരസ്‌കരിക്കുകയുമാണ്. ഇതര വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുള്ളതോ അതിന്റെ പ്രയോജനമെന്തെന്ന് മനസ്സിലായിട്ടില്ലാത്തതോ ആയ കാര്യങ്ങളെ മതകീയ വൃത്തത്തിന്റെ പുറമ്പോക്കിലേക്ക് തള്ളല്‍ എളുപ്പമായതിനാലാണ് ഈ ഇസ്‌ലാമിക വിധിയെ  തള്ളിപറയാന്‍ അവര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
സ്വയം മുസ്‌ലിംകളെന്ന് വാദിക്കുകയും ഖുര്‍ആനെ ഖണ്ഡിത പ്രമാണമായി അംഗീകരിച്ചവരെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരത്രെ ഈ വിമര്‍ശകര്‍.  അതിനാല്‍ ബലിയുടെ വിധി ഖുര്‍ആനിലൂടെ തന്നെ വിവരിക്കാം. എന്തെല്ലാം പ്രയോജനങ്ങളുള്ളതിനാലാണ് ഖുര്‍ആന്‍ ബലിയെ ഒരു ആരാധനാകര്‍മമായി നിശ്ചയിച്ചതെന്ന് അതില്‍നിന്ന് വ്യക്തമാകും.

ഖുര്‍ആനിലെ ബലി വിധികള്‍

ബലി സംബന്ധിച്ച് വന്ന ഖുര്‍ആനിക വിധികളെ മൂന്ന് ഇനമായി തരം തിരിക്കാം.
ഒന്ന്: ഹജ്ജ് കര്‍മങ്ങളിലെ ഒരു പ്രത്യേക കര്‍മമാണ് ബലി. ഖുര്‍ആന്‍ പറയുന്നു: ഇബ്‌റാഹീം, താങ്കള്‍ ഹജ്ജ് വിളംബരപ്പെടുത്തുക. അപ്പോള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകപ്പുറത്തേറിയും ആളുകള്‍ എല്ലാ ദിക്കുകളില്‍നിന്നും അവിടെ എത്തിച്ചേരുന്നതാണ്. നിരവധി പ്രയോജനപ്രദമായ കാര്യങ്ങള്‍ അവര്‍ക്ക് അവിടെ കണ്ടു മനസ്സിലാക്കാനാണിത്. അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലി കഴിക്കുവാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക (അല്‍ ഹജ്ജ്: 27, 28 ). കഅ്ബ നിര്‍മാണത്തിന് ആജ്ഞ നല്‍കിയതിന്റെ കൂടെ തന്നെയാണ് ഹജ്ജ് നിർവഹണത്തിന്ന് ജനത്തെ ക്ഷണിക്കാനുള്ള കല്‍പനയും അല്ലാഹു ഇബ്‌റാഹിം നബിയിലൂടെ നല്‍കിയതെന്നാണ് ഖുര്‍ആനിക പ്രയോഗത്തില്‍ നിന്ന് മനസ്സിലാവുന്നത്.  അവിടെ സന്ദര്‍ശിക്കുക വഴി ജനങ്ങള്‍ക്ക് മതപരവും ഭൗതികവുമായ പ്രയോജനം ലഭിക്കുന്നതാണ്. അവര്‍ ദൈവനാമത്തില്‍ ബലിയര്‍പ്പിക്കുകയും വേണം. പിന്നീട് ഈ നിര്‍ബന്ധ ബാധ്യത അതേ അനുഷ്ഠാനങ്ങളോടെ മുഹമ്മദീയ ഉമ്മത്തിന്നും നിര്‍ബന്ധമാക്കി. കാരണം അവര്‍ ഇബ്റാഹീമി മാര്‍ഗത്തിന്റെ അനന്തരാവകാശികളാണ്. സൂറതുല്‍ ഹജ്ജിലെ 36-ാം സൂക്തം എപ്രകാരമാണോ ബലി ഇബ്‌റാഹീമി മാര്‍ഗത്തിന്റെ ഹജ്ജ് അനുഷ്ഠാനമായത് അതേ വിധം മുഹമ്മദ് നബിയുടെ സമുദായത്തിന്നും നിശ്ചയിക്കപ്പെട്ടതാണെന്നും വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ''ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട്  ബലിയര്‍പ്പിക്കുക. അങ്ങിനെ അവ പാര്‍ശ്വങ്ങളില്‍ വീണു കഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും യാചിക്കാതെ സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (അല്‍ ഹജ്ജ് - 36).

ഹജ്ജും ഉംറയും ഒന്നിച്ചോ (ഖിറാന്‍) രണ്ടിനും വെവ്വേറെ ഇഹ്‌റാമില്‍ പ്രവേശിച്ച് (തമത്തുഅ്) ഹജ്ജോ നിർവഹിക്കുമ്പോഴുണ്ടാകുന്ന പ്രായശ്ചിത്തം, ഹജ്ജില്‍ വല്ല തടസ്സവും നേരിടുമ്പോള്‍, ഇഹ്‌റാമിന്റെ വേളയില്‍ അതില്‍ പ്രവേശിച്ചയാളില്‍നിന്ന് കുറ്റങ്ങള്‍ സംഭവിച്ചു പോയാല്‍ -എന്നീ സന്ദര്‍ഭങ്ങളില്‍ നടത്തുന്നതാണ് രണ്ടാമത്തെ ഇനം ബലി. അവയുടെ വിധി ഇനി പറയും പ്രകാരമാണ്. ഒന്ന്: അല്ലാഹു അരുള്‍ ചെയ്തു: ''നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണതയില്‍ നിർവഹിക്കുക. ഇനി നിങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ബലിയറുക്കേണ്ടതാണ്. ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തലമുണ്ഡനം ചെയ്യാവുന്നതല്ല'' (അല്‍ബഖറ: 196). രണ്ട്: നിങ്ങളിലാരെങ്കിലും രോഗിയാവുകയോ തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ മുടി നീക്കുന്നതിന്ന് പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മമോ, ബലി കര്‍മമോ നിർവഹിച്ചാല്‍ മതിയാകും (അല്‍ബഖറ: 196) മൂന്ന്: ഒരാള്‍ ഉംറ നിർവഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലി മൃഗത്തെ അറുക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്ന് ദിവസവും നാട്ടിലെത്തിയിട്ട് ഏഴും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ് (അല്‍ബഖറ: 196) നാല്: വിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ട മൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂർവ്വം അങ്ങനെ ചെയ്താല്‍ അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാര്‍ തീര്‍പ്പ് കല്‍പിക്കുന്ന കാലിയെ കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ് (അല്‍മാഇദ: 95). മുകളിലെ എല്ലാ സൂക്തങ്ങളിലും ബലിമൃഗത്തെ സൂചിപ്പിക്കുവാന്‍ 'ഹദ്‌യ്' എന്ന പ്രയോഗമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. ഈ പദത്തിന്റെ വിശകലനത്തില്‍ ഇമാം റാസി പറയുന്നു: അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുവാന്‍ ദൈവിക ഭവനത്തിലേക്ക് നല്‍കുന്ന മൃഗമാണ് 'ഹദ്‌യ്.' മനുഷ്യന്‍  അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി നല്‍കുന്നതിന്റെ സ്ഥാനത്താണ് അല്ലാഹുവിന്നുള്ള ഹദ്‌യിന്റെ സ്ഥാനം. ഇത്രയും വ്യക്തമായിട്ടും ബലികൊണ്ട് ഉദ്ദേശ്യം അറവ് അല്ലെന്നും മറിച്ച് അത് വല്ല പാരിതോഷികവും നല്‍കലാണെന്നും  നിസ്സങ്കോചം പറയുകയാണ് ബലി നിഷേധികള്‍. ഇമാം റാസി പ്രസ്തുത വാക്കിന് അല്‍പം മുമ്പായി ഇങ്ങനെ പറയുന്നു: ''ബലിമൃഗം അറുക്കേണ്ട സ്ഥലത്തെത്തിച്ച് അറവ് നടത്തുന്നതു വരെ തലമുണ്ഡനം പാടില്ലെന്നും അറുത്തതിന് ശേഷമേ അതാകാവൂ എന്നുമാണ് ആയത്ത് നിബന്ധന വെക്കുന്നത്. എന്നാല്‍ 'പരിഷ്‌കൃത കാലത്തെ ഇസ്‌ലാം ഗവേഷകര്‍' പക്ഷെ അക്കാര്യമൊന്നും കണ്ടതായി ഭാവിക്കുന്നേയില്ല. അവര്‍ കൊന്നതിന് തുല്യമായ മൃഗം എന്നും ഖുര്‍ആന്‍ സൂക്തം നിര്‍ണയിച്ചു പറഞ്ഞതും ഇമാം റാസി പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. 'ഹദ്‌യ് പ്രയോഗം ഖുര്‍ആനില്‍ വന്ന സ്ഥലങ്ങളിലെല്ലാം അത് മുഖേന ബലിമൃഗം മാത്രമാണ് ഉദ്ദേശ്യമെന്ന് വ്യക്തം.

നബിക്കും അദ്ദേഹം മുഖേന മുഴുവന്‍ മുസ്‌ലിംകള്‍ക്കും നല്‍കപ്പെട്ട കല്‍പനയാണ് ബലിയുടെ ഇനത്തില്‍ മൂന്നാമത്തേത്. ഖുര്‍ആന്‍ പറയുന്നു: ''പ്രഖ്യാപിക്കുക എന്റെ നമസ്‌കാരവും ബലിയും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവിന്ന് സമര്‍പ്പിച്ചതാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ട മാര്‍ഗം. സമര്‍പിതരില്‍ ഒന്നാമനുമാകുന്നു ഞാന്‍'' (അന്‍ആം 163, 164). നമസ്‌കാര (സ്വലാത്)ത്തിന് ശേഷം ബലി (നുസുക്)യെ ആണ് ഈ സൂക്തം കല്‍പിക്കുന്നത്. നിര്‍ബന്ധവും ഐഛികവുമായ എല്ലാകര്‍മങ്ങളും ബലിയും നുസുകിന്റെ വിവക്ഷയില്‍ പെട്ടതാണ്. എങ്കിലും ഖുര്‍ആനിലെ ഭൂരിപക്ഷ സ്ഥലങ്ങളിലും നുസുക് എന്ന പദം ബലിയെയാണ് പ്രതിനിധീകരിക്കുന്നത്. സൂറതുല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നു: ''എല്ലാ സമൂഹത്തിന്നും നാം ബലികര്‍മം നിശ്ചയിച്ചിരിക്കുന്നു. അവര്‍ക്ക് അല്ലാഹു നല്‍കിയ മൃഗത്തെ അവന്റെ നാമത്തില്‍ ബലിയര്‍പിക്കാന്‍ വേണ്ടിയാണിത്'' (അല്‍ ഹജ്ജ്: 34). അല്‍ബഖറ അധ്യായത്തില്‍: ''അതിനുള്ള പ്രായശ്ചിത്തം നോമ്പ് നോല്‍ക്കലോ  ദാനധര്‍മമോ ബലിയര്‍പിക്കലോ ആകുന്നു'' (അല്‍ബഖറ: 196).

ഈ സൂക്തങ്ങള്‍ മുഖേന നുസുക് എന്തെന്ന് നിര്‍ണിതമായി. നമസ്‌കാരത്തോടൊപ്പം നുസുക് നിർവഹിക്കുവാനും എനിക്ക് നിയമം നല്‍കപ്പെട്ടിരിക്കുന്നു എന്നാണ് മുകളിലെ സൂക്തം പറയുന്നത്. ശേഷം ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാകുന്നു എന്ന് പറയുമ്പോള്‍ ഈ വിധി മുഹമ്മദ് നബിക്ക് മാത്രമല്ല എല്ലാ മുസ്‌ലിംകള്‍ക്കും കൂടിയാണെന്നും വ്യക്തം. അക്കാരണത്താല്‍ മുസ്‌ലിംകളില്‍ സാധ്യമാകുന്ന മുഴുവന്‍ പേരോടും ബലി  നിർവഹിക്കുവാന്‍ നബി(സ) ആജ്ഞാപിച്ചിട്ടുണ്ട്.  നബി(സ) പറഞ്ഞു: ''കഴിവ് ഉണ്ടായിട്ടും ബലി നിർവഹിക്കാത്തവന്‍ നമ്മുടെ നമസ്‌കാര സ്ഥലത്തേക്ക് അടുക്കാന്‍ പാടില്ല.'' മറ്റൊരു ഹദീസ്: ''ഇന്നത്തെ (പെരുന്നാള്‍ ദിനം) ദിവസം ആദ്യത്തെ അനുഷ്ഠാനം നമസ്‌കാരവും അടുത്തത് ബലി കര്‍മവുമാകുന്നു. മറ്റൊരിക്കല്‍ നബി അരുളി: നമ്മോടൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ബലിയര്‍പ്പിക്കേണ്ടതാണ്.

യാതൊരു സംശയത്തിനും അവ്യക്തതക്കും വ്യാഖ്യാനത്തിനും പഴുതില്ലാത്ത വിധം ബലിയെ സംബന്ധിച്ച് ഖുര്‍ആന്റെ വ്യക്തവും കൃത്യവുമായ വിധികളാണ് ഇതുവരെ പറഞ്ഞത്. ഒരു ഭാഗത്ത് ഖുര്‍ആന്റെ നടുക്കഷ്ണമാണ് തങ്ങളെന്ന്  അവകാശപ്പെടുക. മറുവശത്ത് താഴെ പറയുന്ന വിധം എഴുതുവാന്‍ എങ്ങനെയാണവര്‍ക്ക്  സാധിക്കുന്നത്: 'ബലി ആചാരം  ലോകത്തെ മുഴുവന്‍ പരിഷ്‌കൃത- അപരിഷ്‌കൃത സമൂഹത്തിലും നിലനിന്നിരുന്നു. എന്നാല്‍ ഇസ്‌ലാമിലല്ലാതെ മറ്റൊന്നിലും ഇപ്പോഴത് പ്രയോഗത്തിലില്ല.'
മൃഗത്തിന്റെ കഴുത്തില്‍ കത്തി വെച്ച് ഭൂമിയില്‍ രക്തമൊഴുക്കാന്‍ ചെലവിടുന്ന തുക സാമൂഹ്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ വര്‍ഷവും ആ തുക കൊണ്ട് വമ്പിച്ച ബിസ്‌നസ് ബാങ്ക് തുറക്കുവാന്‍ സാധിക്കും. ഖുര്‍ആന്റെയും മറ്റ് വിജ്ഞാനങ്ങളുടേയും പ്രചരണത്തിന് ആ പണം ചെലവിടാം. വിശ്വാസ ധാര്‍മിക സദാചാര രംഗങ്ങളുടെ സംസ്‌കരണത്തിന്നും വിനിയോഗിക്കാം. വിധവകളും ഭൂരഹിതരും അതിന്റെ ആവശ്യക്കാരായുണ്ട്. അന്ധമായ അനുകരണം കുടഞ്ഞൊഴിഞ്ഞും അനാവശ്യവും ഉപദ്രവകരവുമായ ഈ ആചാരത്തില്‍ നിന്ന്  മുക്തരായും  ഇതുപോലുള്ള ആയിരക്കണക്കിന് നന്മകള്‍ക്ക് ആ പണം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഉദ്ധരണികള്‍ക്കും അനുകരണത്തിന്നും പിന്നാലെ പോകുകയല്ലാതെ ബലിയുടെ ബുദ്ധിപരവും പ്രയോഗികവുമായ പ്രയോജനങ്ങളെ പറ്റി വെളിച്ചം പകരാന്‍ ഒരാളും മുന്നോട്ട് വരുന്നില്ലെന്നത് ദു:ഖകരമാണ്.'

യഥാര്‍ഥത്തില്‍ ഈ വാദം ഖുര്‍ആനോട് നേരിട്ടുള്ള ഏറ്റുമുട്ടലല്ലാതെ മറ്റെന്താണ്? ഖുര്‍ആന്‍ ഒരു വിഷയത്തില്‍ അതിന്റെ വിധി പ്രസ്താവിക്കുമ്പോള്‍ അതിന്റെ ബൗദ്ധികവും വാണിജ്യപരവുമായ പ്രയോജനങ്ങളിലേക്കാണ് അവരുടെ കണ്ണ് പായുന്നത്. നിങ്ങള്‍ക്കതില്‍ നന്മയുണ്ടെന്ന് ഒരു വശത്ത് ഖുര്‍ആന്‍ പറയുമ്പോള്‍ അനാവശ്യമെന്ന് മാത്രമല്ല ബലിയെ ആര്‍ഭാട ആചാരമെന്നാണവര്‍ വിധിക്കുന്നത്. ഒരു വസ്തുവെ അല്ലാഹു നിശ്ചയിച്ച അല്ലാഹുവിന്റെ ചിഹ്നം എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഇവരാകട്ടെ ജാഹിയിലിയ്യാ കാലത്തെ ആചാരമെന്ന് പ്രചരിപ്പിക്കുന്നു. സത്യത്തില്‍ പാശ്ചാത്യ ഓറിയന്റലിസ്റ്റുകള്‍ പൊക്കിപ്പിടിക്കുന്ന വാദത്തെയാണവര്‍ സ്വീകരിക്കുന്നത്. ഒരു വശത്ത് ഖുര്‍ആന്‍ വിശ്വാസ വീരവാദം, മറുവശത്ത് അതിന്നെതിരെ വികാര പ്രകടനം. ഒരു വസ്തു ഒരേ സമയം ഉണ്ടാവുകയും ഇല്ലാതിരിക്കുകയും സാധ്യമല്ലാത്ത പോലെ ഈ രണ്ട് വിരുദ്ധ നിലപാടുകളുടെ സംയോജനം അസാധ്യമാണ്.

ഖുര്‍ആനിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്  സ്വയം മറുപടി നല്‍കാന്‍ ഖുര്‍ആന്ന് തന്നെ കരുത്തുണ്ട്. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് ഖുര്‍ആന്‍ തന്നെ നല്‍കുന്ന മറുപടി പരിശോധിക്കാം:

ഇസ്ലാം പൂർവകാലത്ത് ദൈവേതര ശക്തികള്‍ക്കു മുമ്പാകെ കുനിയലും സാഷ്ടാംഗവും മാത്രമല്ല അവരോട് പ്രാര്‍ഥനയും അര്‍ഥനയുമെല്ലാം നടത്തപ്പെട്ടു.  അവര്‍ക്ക് വേണ്ടി നേര്‍ച്ചയും ബലിയും നല്‍കപ്പെട്ടു. അറേബ്യ, ഹിന്ദുസ്താന്‍, ഇറാന്‍, ഈജിപ്ത്, റോം തുടങ്ങി ഏത് രാജ്യമാണ് നിരര്‍ഥകമായ ആരാധ്യ ബിംബങ്ങള്‍ക്കും പ്രതിമകള്‍ക്കും മുമ്പാകെ ബലി നടത്താതിരുന്നത്. ദൈവ വിശ്വാസികളെന്നവകാശപ്പെട്ട ജൂതന്മാര്‍ വരെ ഈ ബഹുദൈവത്വത്തിന്‍റെ പിടിയിലകപ്പെട്ടവരായിരുന്നു. അതിനാല്‍ ബൈബിളിലെന്നപോലെ ഖുര്‍ആനിലും ജാഹിലിയ്യ യുഗത്തിലെ ഈ ബഹുദൈവ ആചാരത്തെപറ്റി പ്രതിപാദ്യമുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹു തന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍ നിന്നും കാലികളില്‍ നിന്നും ഒരു വിഹിതം അവരവന് -അല്ലാഹുവിന്- നിശ്ചയിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: 'ഇത് അല്ലാഹുവിന്നുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കി വെച്ച ദൈവങ്ങള്‍ക്കും' (അന്‍ആം 136). പ്രസ്തുത അധ്യായത്തിലെ138-ാം സൂക്തം പറയുന്നു: "അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ അവ തിന്നാന്‍ പാടില്ല. അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്."

ഭൂമുഖത്ത് ആഗതമായ വിശുദ്ധ ഖുര്‍ആന്‍, ദൈവേതര ശക്തികള്‍ക്ക് അര്‍പിക്കുന്ന ആരാധനകളുടെ മുഴുവന്‍ രൂപവും  അല്ലാഹുവിലേക്ക് മാത്രം തിരിച്ചുവിട്ടു. അപ്രകാരം തന്നെയാണ് നേര്‍ച്ചയേയും ബലിയേയും അല്ലാഹുവിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതും. ബഹുദൈവ വിശ്വാസികള്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടിയാണ് ആരാധനയും ബലിയും നടത്തുന്നതെങ്കില്‍ ഞങ്ങളുടെ ആരാധനയും ബലിയും അല്ലാഹുവിന്ന് വേണ്ടി മാത്രമാണെന്ന് പ്രഖ്യാപിക്കുവാന്‍ വേദഗ്രന്ഥം  വിശ്വാസികളെ പഠിപ്പിച്ചു.
ഖുര്‍ആനിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്  സ്വയം മറുപടി നല്‍കാന്‍ ഖുര്‍ആന്ന് തന്നെ കരുത്തുണ്ട്. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് ഖുര്‍ആന്‍ തന്നെ നല്‍കുന്ന മറുപടി പരിശോധിക്കാം:

ഇസ്‌ലാം പൂർവകാലത്ത് ദൈവേതര ശക്തികള്‍ക്കു മുമ്പാകെ കുനിയലും സാഷ്ടാംഗവും മാത്രമല്ല അവരോട് പ്രാര്‍ഥനയും അര്‍ഥനയുമെല്ലാം നടത്തപ്പെട്ടു.  അവര്‍ക്ക് വേണ്ടി നേര്‍ച്ചയും ബലിയും നല്‍കപ്പെട്ടു. അറേബ്യ, ഹിന്ദുസ്താന്‍, ഇറാന്‍, ഈജിപ്ത്, റോം തുടങ്ങി ഏത് രാജ്യമാണ് നിരര്‍ഥകമായ ആരാധ്യ ബിംബങ്ങള്‍ക്കും പ്രതിമകള്‍ക്കും മുമ്പാകെ ബലി നടത്താതിരുന്നത്. ദൈവ വിശ്വാസികളെന്നവകാശപ്പെട്ട ജൂതന്മാര്‍ വരെ ഈ ബഹുദൈവത്വത്തിന്റെ പിടിയിലകപ്പെട്ടവരായിരുന്നു. അതിനാല്‍ ബൈബിളിലെന്നപോലെ ഖുര്‍ആനിലും ജാഹിലിയ്യ യുഗത്തിലെ ഈ ബഹുദൈവ ആചാരത്തെപറ്റി പ്രതിപാദ്യമുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹു തന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍ നിന്നും കാലികളില്‍ നിന്നും ഒരു വിഹിതം അവരവന് -അല്ലാഹുവിന്- നിശ്ചയിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: 'ഇത് അല്ലാഹുവിന്നുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കി വെച്ച ദൈവങ്ങള്‍ക്കും' (അന്‍ആം 136). പ്രസ്തുത അധ്യായത്തിലെ138-ാം സൂക്തം പറയുന്നു: ''അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ അവ തിന്നാന്‍ പാടില്ല. അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്.''

ഭൂമുഖത്ത് ആഗതമായ വിശുദ്ധ ഖുര്‍ആന്‍, ദൈവേതര ശക്തികള്‍ക്ക് അര്‍പിക്കുന്ന ആരാധനകളുടെ മുഴുവന്‍ രൂപവും  അല്ലാഹുവിലേക്ക് മാത്രം തിരിച്ചുവിട്ടു. അപ്രകാരം തന്നെയാണ് നേര്‍ച്ചയേയും ബലിയേയും അല്ലാഹുവിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതും. ബഹുദൈവ വിശ്വാസികള്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടിയാണ് ആരാധനയും ബലിയും നടത്തുന്നതെങ്കില്‍ ഞങ്ങളുടെ ആരാധനയും ബലിയും അല്ലാഹുവിന്ന് വേണ്ടി മാത്രമാണെന്ന് പ്രഖ്യാപിക്കുവാന്‍ വേദഗ്രന്ഥം  വിശ്വാസികളെ പഠിപ്പിച്ചു.
പറയുക: ''എന്റെ നമസ്‌ക്കാരവും ബലിയും ജീവിതവും മരണവും അല്ലാഹുവിന്ന് മാത്രമാണ് സമര്‍പ്പിക്കുന്നത്'' (അന്‍ആം - 163). ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ മൃഗങ്ങളെ ദൈവേതര ശക്തികളുടെ നാമത്തിലാണ് ബലി നല്‍കിയിരുന്നതെങ്കില്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ മാത്രം അറുക്കുകയെന്ന് അത് ഉദ്‌ബോധിപ്പിച്ചു. ദൈവേതരന്മാരുടെ നാമത്തില്‍ ഉഴിഞ്ഞിടുന്ന മൃഗങ്ങളുടെ മേല്‍ ആരെയും യാത്ര ചെയ്യാന്‍ അവര്‍ അനുവദിച്ചില്ല. അവയുടെ മാംസം തിന്നുകയോ തീറ്റിക്കുകയോ ചെയ്യുന്നത് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഈ അജ്ഞതക്കു പകരം നിങ്ങള്‍ ബലിമൃഗത്തില്‍നിന്ന് സർവ്വ പ്രയോജനവും എടുത്തു കൊള്ളുക എന്ന് പഠിപ്പിച്ചു. ഖുര്‍ആന്‍ പറഞ്ഞു: 'ഒരു നിശ്ചിത അവധി വരെ ആ ബലിമൃഗങ്ങളെ നിങ്ങള്‍ക്കുപയോഗിക്കാം. പിന്നീട് അതിന്റെ ബലി സ്ഥലം ആ പുണ്യപുരാതന മന്ദിരത്തിങ്കലാണ്' (അല്‍ ഹജ്ജ്: 33). ''നിങ്ങള്‍ അവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവനെയും ചോദിച്ചു വരുന്നവനെയും തീറ്റിക്കുക. (അല്‍ ഹജ്ജ്: 36). കാരണം  അതിന്റെ രക്തമോ മാംസമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്'' (അല്‍ ഹജ്ജ്: 36-37).

ബഹുദൈവ വിശ്വാസികളില്‍ നടപ്പുള്ള മുഴുവന്‍ ആരാധന രീതികളേയും അല്ലാഹുവിന്ന് വേണ്ടി മാത്രമാക്കിമാറ്റുകയും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അവ അര്‍പ്പിക്കുന്നത് വിലക്കുകയും ചെയ്യുക എന്നതാണ് ബഹുദൈവത്വവും വിഗ്രഹാരാധനയും ജാഹിലിയ്യാ സമ്പ്രദായങ്ങളും വിപാടനം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് അല്‍പം ഉള്‍കാഴ്ചയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ആരാധനയിലെ ഏകത്വം മാത്രമാണ് വിശ്വാസത്തിലെ ഏകത്വം ഭൂമുഖത്ത് സ്ഥാപിക്കാനുള്ള ഏക മാര്‍ഗം. താന്‍ അഭയവും ആശ്രയവുമായി കാണുന്ന ശക്തിക്കു മുമ്പാകെ നേര്‍ച്ചയും ബലിയും നിര്‍ബന്ധമായും അര്‍പ്പിക്കണമെന്ന ബോധം ചിലരുടെ പ്രകൃതത്തില്‍ തന്നെ ഊട്ടപ്പെട്ടതാണ്.

അതിനാലാണ് തുടക്കം തൊട്ട് ഇന്നോളം ഏറ്റക്കുറച്ചിലുകളോടെ ഈ ആരാധനാ മാര്‍ഗം മനുഷ്യന്‍ തുടര്‍ന്നു പോരുന്നത്. അജ്ഞത മൂലം മുസ്‌ലിംകള്‍ പോലും ഇത്തരം ആരാധനകള്‍ നിർവഹിച്ചിട്ടു പോന്നിരുന്നു. അതിനാല്‍ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം ആരാധനാ രീതിയിലേക്ക് ഏതൊരാളും ആകൃഷ്ടനാവുക സ്വാഭാവികമാണ്. അതിനാലാണ് ദൈവേതര ശക്തികള്‍ക്കു മുമ്പാകെ നടത്തപ്പെട്ട നേര്‍ച്ച വഴിപാടുകളെ വിലക്കി അവ അല്ലാഹുവിന്ന് മാത്രമായുള്ളതാക്കിയത്. അതിന്റെ ബുദ്ധിപരവും ആത്മീയവും സദാചാരപരവും ഭൗതികവുമായ പ്രയോജനങ്ങളെ ഉപരിപ്ലവ ദൃഷ്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് അവരുടെ കാഴ്ചയുടെ മാത്രം പരിമിതിയാണ്.

അല്ലാഹുവിന്റെ ജ്ഞാനത്തിലും യുക്തിയിലും വിശ്വസിച്ചുകൊണ്ട് മനുഷ്യന്‍ അവന്ന് മുമ്പാകെ നിഷ്‌കളങ്കമായി വഴിപ്പെടുക (മുഖ്‌ലിസ്വീന ലഹുദ്ദീന്‍)യും ഋജു മനസ്‌ക്കനാവുക (ഹുനഫാഅ ലില്ലാഹ്)യുമാണ് ഏറ്റവും ഉത്തമമമായ മാര്‍ഗം. അതില്ലാത്തവരെ നന്നാക്കുവാന്‍ അനേകം ബാങ്കുകളോ ആയിരക്കണക്കിന് കോളെജുകളൊ സ്ഥാപിച്ചിട്ട് കാര്യമില്ല.

വിശ്വാസത്തിലും ആരാധനയിലും അല്ലാഹുവിന്ന് സമന്മാരെ നിശ്ചയിക്കുകയും അവന്‍ നല്‍കിയ വിഭവങ്ങളെടുത്ത് അവനല്ലാത്തവര്‍ക്ക് നേര്‍ച്ചയും ബലിയും നടത്തുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് പുറമെ മറ്റൊരു വിഭാഗം കൂടി മനുഷ്യര്‍ക്കിടയിലുണ്ട്. എപ്പോഴുമുള്ളവരാണ് അവരെങ്കിലും ഇപ്പോള്‍ അത്തരക്കാര്‍ വര്‍ധിച്ചിട്ടുമുണ്ട്. അവര്‍ ദൈവത്തില്‍ ഒട്ടും വിശ്വസിക്കുന്നില്ല. ഇനി വിശ്വസിക്കേണ്ടതുണ്ടെങ്കില്‍ തന്നെ അത് ബുദ്ധിപരമായ അനിവാര്യതയാണെന്ന് അവര്‍ക്ക് ബോധ്യപ്പെടേണ്ടതുമുണ്ടത്രെ.
ദൈവവുമായി ബന്ധമേ വേണ്ടതില്ലെന്ന വാദമാണിവര്‍ക്കുള്ളത്. ദുനിയാവില്‍ അവര്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഭൗതിക വിഭവങ്ങള്‍, സ്വത്ത് സമ്പാദ്യങ്ങള്‍, ആഹരിക്കുന്ന കൃഷിയുല്‍പന്നങ്ങള്‍, ഉപയോഗപ്പെടുത്തുന്ന മൃഗങ്ങള്‍ തുടങ്ങി ഒന്നിന്റെയും ഉടമസ്ഥര്‍ തങ്ങളല്ലെന്ന ബോധം  അവര്‍ക്ക് ഒട്ടുമില്ല. അതിന്റെ മേല്‍ തങ്ങള്‍ക്ക് അടിസ്ഥാന അവകാശമില്ലെന്നും പ്രത്യുത ഇത് ദൈവിക സമ്മാനവും ഔദാര്യവുമാണെന്നും അവര്‍ ചിന്തിക്കുന്നുമില്ല.  ഈ അശ്രദ്ധ പിടികൂടിയവര്‍ തങ്ങളെ വരിഞ്ഞു കെട്ടിയ ആത്മീയവും സദാചാരപരവും പ്രയോഗികവുമായ അപകടങ്ങള്‍ എത്ര മാത്രം വലുതായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. കണ്ണുള്ള എല്ലാവരും അവര്‍ മുഖേനയുണ്ടാകുന്ന സകല കുഴപ്പങ്ങള്‍ക്കും ഭൂമിയില്‍ നേര്‍ സാക്ഷികളാണ്.ഈ ചിന്താഗതിയുടെ കവാടം തന്നെ അടച്ചുകളയാന്‍ വേണ്ടിയാണ് അല്ലാഹു സമ്പത്തിലും കൃഷിയിലും നിര്‍ബന്ധ ബാധ്യതയായി സകാത്ത് നിശ്ചയിച്ചത്. കാലി സമ്പത്തില്‍ ബലിയെ നിയമമാക്കി നിശ്ചയിച്ചതും അതിന്ന് വേണ്ടി തന്നെ. അല്ലാഹു നല്‍കിയതില്‍ നിന്ന് ഒരു ഭാഗം എപ്പോഴും അവന്റെ മാര്‍ഗത്തിലേക്ക് നേര്‍ച്ചയാക്കുവാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ദുനിയാവിലെ യാതൊരു വസ്തുക്കളുടെയും യഥാര്‍ഥ ഉടമ തങ്ങളല്ലെന്നും നമുക്കതില്‍ സർവ്വതന്ത്ര നിര്‍ണയാവകാശമില്ലെന്നും ബോധ്യപ്പെടുത്തുക കൂടിയാണ് അതിന്റെ ഉദ്ദേശ്യം.'' നമുക്ക് യാതൊരു അര്‍ഹതയുമില്ലാതെ അവന്‍ നല്‍കിയവയാണെല്ലാം. നല്‍കിയവന്റെ തൃപ്തിക്ക് വിരുദ്ധമായ യാതൊരു കൈകാര്യ കര്‍തൃത്വവും അവന്‍ അനുവദിച്ചിട്ടില്ലെന്നും ഈ നിയമത്തിലൂടെ പഠിപ്പിക്കുന്നു. താഴെ സൂക്തം അക്കാര്യമാണ് വ്യക്തമാക്കുന്നത്.

'പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍, ഈത്തപ്പനകള്‍, പലതരം കായ്കനികളുള്ള കൃഷികള്‍, പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തു തീര്‍ക്കുക. എന്നാല്‍ അമിത വ്യയം അരുത്. അതിരു കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. കന്നുകാലികളില്‍ ഭാരം ചുമക്കുന്നവയെയും അറുത്തു തിന്നാനുള്ളവയെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് ആഹരിച്ചു കൊള്ളുക. പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരരുത്. സംശയം വേണ്ട അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ് (അന്‍ആം: 14 1, 142). ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'ഓരോ സമുദായത്തിനും നാം ഒരോ ബലി നിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍ വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അതിനാല്‍ നിങ്ങളവനു മാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്തയറിയിക്കുക. അല്ലാഹുവെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയങ്ങള്‍ ഭയചകിതരാകുന്നവരാണവര്‍. ഏതു വിപത് വേളകളിലും ക്ഷമയവലംബിക്കുന്നവരും നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ് (അല്‍ ഹജ്ജ്: 34,35).

ഇതാണ് ബലിയുടെ രണ്ടാമത്തെ ഗുണം. ഇനി ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത് തുലാസിന്റെ ഒരു തട്ടില്‍ ഈ വീക്ഷണത്തേയും മറു തട്ടില്‍ ബലി നിര്‍ത്തിവെച്ച് സംഭാവന നല്‍കുവാന്‍ വേണ്ടി ഹദീസ് നിഷേധികള്‍ പറയുന്ന മുഴുവന്‍ സാമൂഹ്യ സ്ഥാപനങ്ങള്‍, ബിസ്‌നസ് ബാങ്കുകള്‍, അനാഥശാലകള്‍ എന്നിവയേയും വെക്കൂക. ശേഷം പരസ്പരം താരതമ്യം നടത്തി പറയൂ, ഇതില്‍ ഏതിനായിരിക്കും കൂടുതല്‍ കനമുള്ളതെന്ന്.

ഇനി  സാമ്പത്തിക വിമര്‍ശനങ്ങളെയും അല്‍പം പരിശോധിക്കേണ്ടതുണ്ട്. ബലി സാമ്പത്തിക നഷ്ട കച്ചവടമാണെന്നാണല്ലൊ ഇവരുടെ വാദം. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് - അതില്‍ നിങ്ങള്‍ക്ക് നന്മയുണ്ടെന്നും സ്വയം ആഹരിക്കുകയും ആവശ്യക്കാരെ അത് ഭക്ഷിപ്പിക്കുകയും ചെയ്യുക എന്നുമാണ്. നമ്മുടെ രാജ്യത്ത് ഇന്നും ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് നല്ല പോഷക സംപുഷ്ടമായ ഭക്ഷണം ലഭിക്കുന്നില്ല. അത്തരക്കാര്‍ക്ക് ദാനമായും ബലിയായും മാംസ വിതരണം നടത്തുന്നത് നിങ്ങളുടെ വീക്ഷണത്തില്‍ അടിസ്ഥാനാവശ്യത്തിന്ന് എതിരാവുന്ന കാര്യമാണോ? രാജ്യത്ത് വര്‍ഷം മുഴുക്കെ കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ട ഗ്രാമീണര്‍ ലക്ഷ കണക്കിനുണ്ട്.

ബലിപ്പെരുന്നാളിനേക്ക് അവയെ വിറ്റ് പണം സമ്പാദിച്ച് നടുനിവര്‍ത്തുന്നവരാണവര്‍. അവരുടെ അന്നംമുട്ടിക്കല്‍ നിങ്ങളുടെ പക്കല്‍ എങ്ങനെയാണ് അന്നം നല്‍കലാവുന്നത്? ആയിരകണക്കിന് ദരിദ്രര്‍ക്ക് ബലിമൃഗത്തിന്റെ തോല്‍ ലഭ്യമാകുന്നത് മറ്റൊരു വരുമാനമാര്‍ഗമാണ്. അത്ര തന്നെ തുക കശാപ്പുകാര്‍ക്ക് അറവ് തൊഴില്‍ ചെയ്യുന്നതിന്ന് കൂലിയായും ലഭ്യമാകുന്നുണ്ട്. പറയൂ ഇവരെല്ലാം നിങ്ങള്‍ പറയുന്ന സമൂഹത്തിന്റെ പുറത്തുള്ളവരാണോ? അവരുടെ ആഹാര സമ്പാദനത്തെ നഷ്ട കച്ചവടവും ദ്രോഹകരവും ആര്‍ഭാടവുമായാണോ നിങ്ങള്‍ വരവ് വെക്കുന്നത്?

ദൈവവിധിപ്രകാരം പണം ചെലവഴിക്കേണ്ട ഘട്ടം വരുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് സമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ചെലവിടേണ്ട തുകയെ സംബന്ധിച്ച ഓര്‍മ വരാറുള്ളത്. അഥവാ ബാങ്കുകളുടെ സംസ്ഥാപനം, സാമൂഹ്യക്ഷേമ സംഘടനകള്‍, ധാര്‍മിക ബോധവത്കരണം, അനാഥകളുടേയും വിധവകളുടേയും പരിപാലനം തുടങ്ങിയവയൊക്കെ മുടങ്ങി നില്‍ക്കുന്നത് ഈ ബലി കാരണമാണോ?
എല്ലാ വര്‍ഷവും സമ്പാദ്യ സമാഹരണം നിർവഹിച്ച് ബിസ്‌നസ് ബാങ്കുകള്‍ തുറക്കുവാനാണ് ആഗ്രഹമെങ്കില്‍, രാജ്യമൊട്ടാകെ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററുകള്‍, ക്യാബറെ ഹാളുകള്‍, ചൂതാട്ട കേന്ദ്രങ്ങള്‍ തുടങ്ങി ധൂര്‍ത്തിന്റെ മുഴുവന്‍ താവളങ്ങളിലും സ്വന്തം ഏജന്റുമാരെ നിശ്ചയിച്ച് മുസ്‌ലിംകള്‍ ആ മേഖലയിലെല്ലാം കൊണ്ടുതള്ളി നശിപ്പിക്കുന്ന  സമ്പാദ്യം ശേഖരിക്കുകയാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്.
എന്നിട്ടവ സാമൂഹിക ഫണ്ടില്‍ ചേര്‍ക്കുക. എങ്കില്‍ എല്ലാ വര്‍ഷവും ദിവസേന ഓരോ ബാങ്ക് തുറക്കാനുള്ളത്ര തുകയുണ്ടാകുമത്. ഇഛാശക്തിയുണ്ടെങ്കില്‍ മറ്റൊരു കാര്യം കൂടി നിങ്ങള്‍ ചെയ്യുക. ബലിക്കു വേണ്ടി പണം നശിപ്പിക്കാതെ തന്നെ അവ നിര്‍ബന്ധ ദാനമായ സകാത്തിലേക്ക് എന്തുകൊണ്ട് തിരിച്ചുവിടുന്നില്ല. അങ്ങനെ ചെയ്താലും മുകളില്‍ പറഞ്ഞ മുഴുവന്‍ ആവശ്യ പൂര്‍ത്തീകരണത്തിനുമുള്ള തുകയുടെ സമാഹരണം സാധ്യമാകുന്നതാണ്. അതിനാല്‍ ബലിക്കെതിരെ ഇറങ്ങി പുറപ്പെടാതെ സകാത്ത് ശേഖരണ യജ്ഞത്തിന്ന് തുടക്കമിടുക. പണം ചെലവിടേണ്ട ആരാധന കര്‍മങ്ങള്‍ നിര്‍ത്തിവെച്ച് സാമൂഹ്യാവശ്യങ്ങള്‍ക്ക് അത് ചെലവിടമെന്ന ചിന്ത മുസ് ലിംകള്‍ക്കിടയിലുണ്ടായാല്‍ പ്രശ്‌നം കേവലം ബലിയില്‍ മാത്രം ഒതുങ്ങുന്നതാവില്ല. നാളെ വേറെ ചിലര്‍ ഇറങ്ങി പുറപ്പെട്ട് പറയുക, ഹജ്ജിന് വേണ്ടി സമുദായം കോടിക്കണക്കിന് രൂപയാണ് വര്‍ഷം പ്രതി ചെലവിടുന്നത്. അതിന്ന് പ്രത്യക്ഷമായൊരു പ്രയോജനവും ഞങ്ങള്‍ കാണാത്തതിനാല്‍ അത് നിര്‍ത്തിവെക്കേണ്ടതാണ്. ആ പണം കൊണ്ട് ബിസ്‌നസ് ബാങ്കുകള്‍ തുറക്കണം. അതോടെ എല്ലാ വിഷയങ്ങളും അടിമേല്‍ മറിയുകയാണുണ്ടാവുക. ഏതെങ്കിലും ഒരു വിഷയത്തിലെ മാനദണ്ഡം അട്ടിമറിഞ്ഞാല്‍ പിന്നീട് അതിന്നടുത്തുള്ളതിലും വളരെ വേഗം മാനദണ്ഡങ്ങള്‍ അട്ടിമറിഞ്ഞു കൊണ്ടേയിരിക്കുമെന്നും മറക്കാതിരിക്കുക. 
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1937 ജനുവരി).

വിവ: റഫീഖുര്‍റഹ്‌മാന്‍ മൂഴിക്കല്‍

Older post

Recent Topics

© Bodhanam Quarterly. All Rights Reserved