കലകളുടെയും ആസ്വാദനങ്ങളുടെയും പ്രേരകങ്ങള്‍

‌‌

നസമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്തമായ ഉപകരണമാണ് കല. മനുഷ്യ ജീവിതത്തെ ആമൂലാഗ്രം ഗ്രസിച്ച ഒരു വ്യവസ്ഥക്ക് കലയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മുസ്‌ലിം സമൂഹത്തിന്റെ ആവിഷ്‌കാരങ്ങളിലും മുസ്‌ലിം ലോകത്ത് വികാസം പ്രാപിച്ച എല്ലാ കലകളിലും പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട്. അല്ലാഹു രൂപകല്‍പന ചെയ്ത പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലുമടങ്ങിയ ദൈവികമായ കലാസൗന്ദര്യവും ഏറെ പുതുമയുറ്റതും ആകര്‍ഷകവുമായ അതിലെ കാഴ്ചകളും വീക്ഷിക്കാന്‍ ഖുര്‍ആന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ട്. മണ്ണിലും വിണ്ണിലുമായി പ്രകൃതിയില്‍ നിക്ഷേപിക്കപ്പെട്ട അപാരമായ സൗന്ദര്യത്തെ ആസ്വദിക്കുന്നതിനായി മനുഷ്യന്റെ സംവേദനേന്ദ്രിയങ്ങളെ തട്ടിയുണര്‍ത്താനും അതിലൂടെ കണ്ണുകള്‍ക്കും മനസ്സിനും സന്തോഷവും കുളിര്‍മയും പ്രദാനം ചെയ്യാനുമാണ് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിംകളെ ഖുര്‍ആനിക കലകള്‍ എന്ന് വിളിക്കാമെന്ന് ഇസ്മാഈല്‍ റജി ഫാറൂഖി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹം ആവിഷ്‌കരിച്ച കലാമാതൃകകളില്‍ അത്രമേല്‍ ഖുര്‍ആനിന്റെ സ്വാധീനം പ്രകടമാണ്. സംഗീതം, കൊത്തുപണികള്‍, നിര്‍മാണങ്ങള്‍, കാലിഗ്രഫി, അലങ്കാര കലകള്‍ തുടങ്ങിയവയിലെല്ലാം ഇത് ദര്‍ശിക്കാവുന്നതാണ്. ഇസ്‌ലാം കലകളെ ജീവസ്സുറ്റതാക്കുന്നത് അതിന്റെ ദൈവികമായ പ്രചോദനങ്ങളിലൂടെയാണ്. കേവലാവിഷ്‌കാരങ്ങളില്‍ മാത്രമല്ല പ്രകൃതിയില്‍ അന്തര്‍ലീനമായ ദൈവിക ഇടപെടലുകളിലേക്കുള്ള അന്വേഷണവും ആസ്വാദനവും വളരെ പ്രധാനമായി കാണുന്നു. കലയില്‍ ഈ ദൈവികമായ പ്രചോദനത്തെ സന്നിവേശിപ്പിക്കുമ്പോഴാണ് ആവിഷ്‌കാരങ്ങളില്‍ ജീവാത്മക ചൈതന്യം തുടിച്ചുനില്‍ക്കുന്നത്. അതേസമയം കലകളും വിനോദങ്ങളും കീഴടക്കാനും അടിമപ്പെടുത്താനും ഉപയോഗിക്കാമെന്നും ആധിപത്യമുള്ളവന്റെ ആവിഷ്‌കാരങ്ങളാണ് ലോകത്തിന്റെ കലകളും വിനോദങ്ങളുമായി മാറുകയെന്നും മലിക്ബിന്നബി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ കലകള്‍ കേവല വിനോദമല്ല രാഷ്ട്രീയ അടയാളം കൂടിയാണ്.
ഇസ്‌ലാം സൗന്ദര്യത്തെ പരിപോഷിപ്പിക്കുകയും സുന്ദരമായ കലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യക്തമായ ചില ഉപാധികള്‍ അതിനുണ്ട്. അവ നന്മയിലധിഷ്ഠിതവും ക്രിയാത്മകവുമായിരിക്കണം. തിന്മയിലധിഷ്ഠിതവും നാശഹേതുവുമാകരുത്. നന്മയിലേക്കെത്തിക്കുന്ന മനുഷ്യനും പ്രകൃതിക്കും അനുഗുണമാവുന്ന ആവിഷ്‌കാരങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. 'മനസ്സിനെ ചികിത്സിക്കാനും അതിനോട് വിനയം കാണിക്കാനും സത്യത്തിലേക്ക് നയിക്കാനുമുള്ള അറിവ് നേടിയവര്‍ തീര്‍ച്ചയായും വിനോദങ്ങളും കലകളും കളികളും മനസ്സിന് ആനന്ദമുണ്ടാക്കുന്നതിനുള്ള ഗുണകരമായ ചികിത്സയാണെന്ന് വ്യക്തമായും മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ഇമാം ഗസാലി അഭിപ്രായപ്പെടുന്നത്.
കലയോടും വിനോദങ്ങളോടും ഇസ്‌ലാം സ്വീകരിച്ച നിലപാടുകള്‍, മുസ്‌ലിം ലോകത്ത് നടന്നിട്ടുള്ള കലാവികാസം, കലിഗ്രഫി, ശില്‍പകല തുടങ്ങയവയെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളുമാണ് ഈ ലക്കം ബോധനത്തിലുള്ളത്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top