ഇസ്‌ലാമിക കാലിഗ്രഫി വികാസവും ചരിത്രവും

ഡോ. എം. സിയാഉദ്ദീന്‍‌‌
img

സാംസ്‌കാരികമായി സമ്പന്നമായിരുന്ന അബ്ബാസികളുടെ കാലഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുസ്തക പ്രസാധനകലക്കും സുപ്രധാനമായ പദവികളുണ്ടായിരുന്നു. വറാഖത്ത് എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധീകരണാലയങ്ങളില്‍ പുസ്തകത്തിന്റെ ബൈന്‍ഡിങ്ങും കവര്‍ നിര്‍മാണവും പുസ്തകവില്‍പനയും നടന്നിരുന്നു. അഭ്യസ്തവിദ്യര്‍ക്കും പണ്ഡിതന്മാര്‍ക്കും സമൂഹത്തില്‍ ശ്രേഷ്ഠമായ സ്ഥാനം നേടിക്കൊടുത്തിരുന്ന സ്ഥാപനങ്ങളായിരുന്നു വറാഖത്ത്. പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നതിനാല്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ വേഗത്തില്‍ പുസ്തകങ്ങള്‍ പകര്‍ത്തുന്ന വിദഗ്ധരായ സ്‌ക്രൈബുകളുടെ/എഴുത്തുകാരുടെ സംഘങ്ങളും സജീവമായിരുന്നു. അവരെ വര്‍റാഖ് എന്നായിരുന്നു വിളിച്ചിരുന്നത്. പണ്ഡിതന്മാരും ഉദ്യോഗസ്ഥന്മാരും അവരെ സെക്രട്ടറിമാരായും സ്‌റ്റെനോഗ്രാഫര്‍മാരായും നിയമിച്ചിരുന്നു.
പുസ്തകപ്രസിദ്ധീകരണം സമൂഹത്തില്‍ വലിയ പ്രാധാന്യമുള്ള സംഭവമായിരുന്നു. കാലിഗ്രഫിസ്റ്റുകള്‍ അതിലൂടെ വരുമാനവും, എഴുത്തുകാര്‍ അനശ്വരപ്രശസ്തിയും, വിദ്യാര്‍ഥികള്‍ അറിവും നേടി. പള്ളിയുടെ മിമ്പറുകളില്‍ നിന്ന് പ്രസംഗങ്ങളായോ, നേരത്തെ തയാറാക്കിയ കുറിപ്പുകള്‍ ഉറക്കെ വായിച്ചോ ആണ് എഴുത്തുകാര്‍ അവരുടെ പുസ്തകം പ്രകാശനം ചെയ്തിരുന്നത്. കേള്‍ക്കുന്ന മാത്രയില്‍ അവിശ്വസനീയമായ വേഗത്തില്‍ സ്‌ക്രൈബുകളും വിദ്യാര്‍ഥികളും അത് രേഖപ്പെടുത്തുകയും ചെയ്യും. എഴുത്തുകാരുടെ വായന/പ്രഭാഷണം ദിവസങ്ങളും മാസങ്ങളും ചിലത് വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുമായിരുന്നു. തങ്ങള്‍ രേഖപ്പെടുത്തിയ പാഠങ്ങള്‍ സ്‌ക്രൈബുകള്‍ ഒത്തുനോക്കുകയും രചയിതാവ് സാക്ഷ്യപ്പെടുത്തിയത് പ്രകാരം തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. ഈ പാഠങ്ങള്‍ പകര്‍ത്തി വീണ്ടും പുസ്തകവിപണിയില്‍ വില്‍പനക്ക് വെച്ചിരുന്നു. അനേകം വാള്യങ്ങളുള്ള വിജ്ഞാനകോശ സമാനമായ ഗ്രന്ഥങ്ങളായിരുന്നു ഇന്ന് നമുക്ക് വിശ്വസിക്കാനാവാത്ത വേഗതയില്‍ അന്നത്തെ എഴുത്തുകാര്‍ എഴുതിക്കൂട്ടിയിരുന്നത്.
എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികളില്‍ റോയല്‍റ്റി അവകാശങ്ങളൊന്നുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കും സ്‌ക്രൈബുകള്‍ക്കും രചനകള്‍ പറഞ്ഞുകൊടുക്കുന്നതോടെ എഴുത്തുകാരനും പുസ്തകവും തമ്മിലുള്ള ബന്ധമവസാനിച്ചു. ആര്‍ക്കും പുസ്തകം പകര്‍ത്തുകയും സ്വന്തം നിലക്ക് വില്‍ക്കുകയുമാകാം. മറ്റുള്ളവരുടെ രചനകള്‍ സ്വന്തം പേരിലേക്കാക്കുന്നവര്‍ അന്നും കുറവായിരുന്നില്ല. തങ്ങളുടെ രചനാകര്‍തൃത്വം സംരക്ഷിക്കുന്നതിന് വേണ്ടി പുസ്തകത്തില്‍ എല്ലാ പാഠത്തിലും സാധ്യമാവുന്നയത്ര തവണ അവര്‍ തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ദരിദ്രരായ എഴുത്തുകാര്‍ തങ്ങളെഴുതിയ പുസ്തകങ്ങള്‍ സ്വന്തമായി പകര്‍ത്തിയെഴുതി വീട്ടുപടിക്കലിരുന്ന് വില്‍പന നടത്തിയിരുന്നു.
പ്രധാനപള്ളിയോട് ചേര്‍ന്ന് രൂപീകൃതമായിരുന്ന പുസ്തകവിപണികളിലായിരുന്നു എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ വില്‍പന നടത്തിയിരുന്നത്. ബാഗ്ദാദില്‍ മുന്നൂറോളം പുസ്തകക്കടകളുണ്ടായിരുന്നു. പണ്ഡിതന്മാരുടെ പ്രധാന വിഹാരകേന്ദ്രമായിരുന്ന പുസ്തകക്കടകള്‍. പൊതുവെ പുസ്തകവില്‍പനക്കാരനും പണ്ഡിതന്മാരും എഴുത്തുകാരുമായിരുന്നതിനാല്‍ വിജ്ഞാനദാഹികളുടെ ആകര്‍ഷണീയകേന്ദ്രങ്ങളുമായിരുന്നു. മനോഹരമായ ഗ്രന്ഥക്കൂടുകളുടെ നടുവിലിരുന്ന് പ്രശസ്തരായ പണ്ഡിതന്മാരും വിജ്ഞാനകുതുകികളും കവിതയിലും മതവിജ്ഞാനീയങ്ങളിലും അര്‍ധരാത്രി വരെ നീളുന്ന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പകര്‍ത്തിയെഴുതുന്നതിലെ വേഗത സ്‌ക്രൈബുകള്‍ക്കിടയിലെ മത്സരവിഷയം തന്നെയായിരുന്നു. ഒറ്റ രാത്രിയും പകലും കൊണ്ട് മൂവായിരം വരികള്‍ വരുന്ന കവിത എഴുതിയ ആളായിരുന്ന ബയസങ്കര്‍ രാജകുമാരന്റെ കോടതിയിലെ കാലിഗ്രഫിസ്റ്റ്. അദ്ദേഹം രചന നിര്‍വഹിക്കുന്ന സന്ദര്‍ഭം ആവേശഭരിതമാക്കാന്‍ മശീദിലെ കൊട്ടാരത്തിനു ചുറ്റും നൂറോളം ആളുകള്‍ തടിച്ച് കൂടുകയും ചെണ്ടകൊട്ടി ആരവങ്ങളുണ്ടാക്കുകയും ചെയ്തത്രേ. ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് നൂറ് പേജ് എഴുതാന്‍ കഴിവുണ്ടായിരുന്ന ആളായിരുന്നു യഹ്യ ബിന്‍ ആദി.
കോപ്പിയിസ്റ്റിന്റെ ജോലികള്‍ വളരെ സാമ്പത്തികനേട്ടമുണ്ടാക്കുന്നതായിരുന്നത്രേ. പണ്ഡിതന്മാരും അഭ്യസ്തവിദ്യരും ആ ജോലി സ്വീകരിച്ചിരുന്നു. പുസ്തകങ്ങള്‍ വിറ്റ് ദിനംപ്രതി മൂന്ന് മുതല്‍ നാല് രൂപ വരെ അവര്‍ സമ്പാദിച്ചിരുന്നു. പുസ്തകങ്ങള്‍ കേട്ടെഴുതാന്‍ അവരെ ലൈബ്രറികളില്‍ നിയമിച്ച് അവര്‍ക്ക് വ്യവസ്ഥാപിതമായ ശമ്പളം നല്‍കുകയും ചെയ്തിരുന്നു. അവരിലെ പ്രഗത്ഭര്‍ രാജകുമാരന്മാരെയും രാജകുമാരികളെയും കുലീനരുടെ മക്കളെയും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടുകയും മറ്റുള്ളവര്‍ അധ്യാപകരായി നിയമിക്കപ്പെടുകയും ചെയ്തിരുന്നു. ഓരോരുത്തരും ഓരോ രീതിയിലുള്ള കാലിഗ്രഫിയില്‍ നിപുണരായിരുന്നതിനാല്‍ പലപ്പോഴും കൊട്ടാരങ്ങളില്‍ ഒരാള്‍ക്ക് അനേകം കാലിഗ്രഫിസ്റ്റുകള്‍ അധ്യാപകരായുണ്ടായിരുന്നു. ലൈബ്രറികളില്‍ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതാന്‍ നിയമിക്കപ്പെട്ടിട്ടുള്ള സ്‌ക്രൈബുകളുടെ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും കൈയ്യെഴുത്തിന്റെ നിലവാരം പരിശോധിക്കാനും ഇത്തരം നിപുണരായ കാലിഗ്രഫിസ്റ്റുകള്‍ നിയമിക്കപ്പെട്ടിരുന്നു. വേഗതയും കൃത്യതയും എഴുത്തിന്റെ ഗുണവും അനുസൃതമാക്കിയായിരുന്നു കേട്ടെഴുത്തുകാരുടെ വേതനം നിശ്ചയിച്ചിരുന്നത്. ഉദാരതക്ക് പേരു കേട്ട അബ്ദുറഹീം ഖാന്‍ ഖനാന്റെ ലൈബ്രറി ഉദ്യോഗസ്ഥനായിരുന്ന മുല്ല മുഹമ്മദ് അമീന്റെ ശമ്പളം നാലായിരം രൂപയായിരുന്നു. ട്രിപ്പോളിയിലെ ബാനു അമ്മാറിന്റെ ലൈബ്രറിയില്‍ 180 സ്‌ക്രൈബുകള്‍ ജോലിയെടുത്തിരുന്നു. അതില്‍ മുപ്പത് രാവും പകലും ജോലിയില്‍ മുഴുകുമായിരുന്നു. കാലിഗ്രഫിസ്റ്റ് കൂടിയായിരുന്ന ബയസങ്കറിന്റെ കൊട്ടാര ലൈബ്രറിയില്‍ മൗലാന ജഅ്ഫറിന്റെ കീഴില്‍ നാല്‍പത് സ്‌ക്രൈബുകള്‍ ജോലി ചെയ്തിരുന്നു.
സമൂഹത്തില്‍ അംഗീകാരമുള്ള പദവി അലങ്കരിച്ചിരുന്ന സ്‌ക്രൈബുകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളും നടത്തിയിരുന്നു. വഖീദിയുടെ എഴുത്തുകാരനായിരുന്ന ഇബ്‌ന് സഅദ് തന്റെ മനോഹരമായ ഭാഷയില്‍ പ്രവാചക ജീവചരിത്രം രചിച്ചയാളാണ്.
എല്ലാ സംസ്‌കാരങ്ങളുടെയും വളര്‍ച്ചയുടെ ഉത്തുംഗതയില്‍ പൊതുവിദ്യാലയങ്ങളും ലൈബ്രറികളും സ്ഥാപിച്ച് വിജ്ഞാനപ്രേമം അടയാളപ്പെടുത്തുമായിരുന്നു. എന്നാല്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ആ പ്രേമം ഒരു ഭ്രാന്തായിത്തന്നെ മാറുന്നതാണ് കണ്ടത്. തങ്ങളുടെ ലൈബ്രറികളിലെ പുസ്തകങ്ങളുടെ എണ്ണമായിരുന്നു ഓരോരുത്തരുടെയും അന്തസ്സിനെ നിര്‍ണയിച്ചിരുന്നത്. ഖലീഫമാരുടെയും കുലീനരുടെയും അഭ്യര്‍ത്ഥനപ്രകാരം എഴുതപ്പെടുന്ന പുസ്തകങ്ങള്‍ക്ക് കൈനിറയെ പ്രതിഫലവും ലഭിച്ചിരുന്നു. ഫുസൂസ് എഴുതിയ അന്തലൂസിലെ മന്‍സൂറിന് അയ്യായിരം സ്വര്‍ണനാണയങ്ങളാണ് പ്രതിഫലമായി ലഭിച്ചത്. ഖലീഫയുടെ കൊട്ടാരത്തിന്റെ ഒരു ഭാഗം ലൈബ്രറിയായിരുന്നു. അപൂര്‍വങ്ങളായ ഗ്രന്ഥശേഖരങ്ങള്‍ തങ്ങളുടെ ലൈബ്രറികളില്‍ എത്തിക്കുന്നതില്‍ പ്രഭുക്കളും ഉദ്യോഗസ്ഥരും പ്രമാണിമാരും പണക്കാരും പുളകം കൊണ്ടിരുന്നു. രാജാവിന്റെ അധ്യക്ഷതയില്‍ എല്ലാ മതങ്ങളിലെയും വിജ്ഞാനശാഖകളിലെയും പ്രഗത്ഭരായ പണ്ഡിതന്മാര്‍ മതപരവും ബൗദ്ധികവുമായ വിഷയങ്ങളില്‍ സംവദിക്കുകയും തീര്‍പ്പുകളിലെത്തുകയും ചെയ്യുമായിരുന്നു.
ലൈബ്രറി ഹാളുകളോട് ചേര്‍ന്നുള്ള ചിത്രശാലകളില്‍ പകര്‍ത്തിയെഴുതാനും മറ്റു ജോലികള്‍ക്കുമായി നൂറുകണക്കിന് കാലിഗ്രഫിസ്റ്റുകളും ചിത്രകാരന്‍മാരും ബൈന്റര്‍മാരും ചായം പൂശുകാരും ജോലി ചെയ്തിരുന്നു. വിഷയങ്ങളെ അടിസ്ഥാനമാക്കി സ്‌ക്രൈബുകളെ പല ഗ്രൂപ്പുകളാക്കി തിരിച്ചിരുന്നു. ഖുര്‍ആന്‍, ചരിത്രം, ആത്മകഥ, ഹദീസ്, നിയമം, വൈദ്യം എന്നിങ്ങനെ പല വകുപ്പുകളിലായി അവര്‍ ജോലി ചെയ്തു. അവരില്‍ ചിലര്‍ സൂക്ഷ്മപരിശോധനകളും നടത്തി.
അബ്ബാസിദകളുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് പോലെ മനോഹരമായ കൈപ്പടയിലും ചട്ടകളിലും തയ്യാറാക്കപ്പെട്ടിരുന്ന പുസ്തകങ്ങള്‍ക്കുണ്ടായിരുന്ന ഡിമാന്റ് പിന്നീട് ഉണ്ടായിട്ടില്ല. ഖലീഫ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ക്കും ശൈലികള്‍ക്കും അനുസൃതമായിരുന്നു പുസ്തകങ്ങള്‍ തയ്യാറാക്കപ്പെട്ടിരുന്നത്. പൊതു വിദ്യാഭ്യാസത്തിന്റെയും ലൈബ്രറികളുടെ വ്യാപനത്തിന്റെയും നേട്ടങ്ങള്‍ ഏറെ കൊയ്തത് കാലിഗ്രഫിസ്റ്റുകളായിരുന്നു.
സാമ്രാജ്യങ്ങളുടെ തലസ്ഥാനത്ത് ജോലിയെടുത്തിരുന്ന സ്‌ക്രൈബുകളുടെ പ്രതിഫലം കണക്കാക്കാനാവാത്തതായിരുന്നു. എന്നാല്‍ അവര്‍ ജോലികളില്‍ പുലര്‍ത്തിയിരുന്ന ചടുലതയും വേഗതയും അന്നത്തെ ലൈബ്രറികളിലെ ഗ്രന്ഥസൂക്ഷിപ്പുകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം ബോധ്യപ്പെടുന്നതാണ്. ഹാറൂന്‍ അല്‍ റഷീദിന്റെ ബൈത്തുല്‍ ഹിക്മ(അറിവിന്റെ സങ്കേതം)യില്‍ പത്തുലക്ഷം പുസ്തകങ്ങളാണുണ്ടായിരുന്നത്. ഇന്ത്യന്‍, ഗ്രീക് ഭാഷകളില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത ഗ്രന്ഥങ്ങളുടെ വലിയശേഖരം തന്നെ ഈ ലൈബ്രറിയിലുണ്ടായിരുന്നു. ഇത്തരം വിവര്‍ത്തനകൃതികള്‍ക്ക് സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തിയായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്. ഈ പ്രവൃത്തികള്‍ക്കായി പ്രത്യേകം വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ ഗ്രന്ഥശേഖരങ്ങള്‍ മുഗളന്മാര്‍ കൊള്ളയടിച്ചു. ബഹാദുദൗലയുടെ മന്ത്രിയായിരുന്ന ശാപൂര്‍ ബിന്‍ അര്‍ദ് ശിറിന്റെ ഗ്രന്ഥശേഖരത്തില്‍ പതിനായിരം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഹിജ്‌റ വര്‍ഷം 447ല്‍ തുഖ്‌റീല്‍ ബൈഗ് ഈ ഗ്രന്ഥശേഖരം തീവെച്ച് നശിപ്പിച്ചു. ഈജിപ്തിലെ അസീസ് ബില്ല ആറു ലക്ഷം ഗ്രന്ഥങ്ങളുടെ ശേഖരത്തിന് ഉടമയായിരുന്നു. കുര്‍ദുകളാണ് അദ്ദേഹത്തിന്റെ ശേഖരങ്ങള്‍ നശിപ്പിച്ചത്. മുസ്‌ലിംകള്‍ സ്ഥാപിച്ചതില്‍ വെച്ച് ഏറ്റവും വലുത് ട്രിപ്പോളിയിലെ ബനു അമ്മാര്‍ സ്ഥാപിച്ചതായിരുന്നു. മുപ്പതു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്ന ആ ലൈബ്രറി ഹിജ്‌റ വര്‍ഷം 502ല്‍ കുരിശുപട തകര്‍ത്തു. ഗ്രനഡയില്‍ പതിനേഴ് വലിയ ലൈബ്രറികളും, സ്‌കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നാനൂറു വീതം പുസ്തകങ്ങളുണ്ടായിരുന്ന 120 ചെറിയ ലൈബ്രറികളുമുണ്ടായിരുന്നു. ഇതില്‍ 80 ലൈബ്രറികള്‍ രാത്രിയും പകലും പൊതുജനത്തിനായി തുറന്നിട്ടിരുന്നു. കൊര്‍ദോവയിലെ രാജകീയ ലൈബ്രറി ഒരു കൊട്ടാരം തന്നെയായിരുന്നു.
കഴിവുള്ളവര്‍ അന്യദേശത്ത് നിന്നും പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതാനും വാങ്ങാനും ദൂതന്മാരെ നിയോഗിച്ചിരുന്നു. പേര്‍ഷ്യയിലേക്ക് ഫൈസി തന്റെ ദൂതന്മാരെ ഈ ആവശ്യാര്‍ത്ഥമയച്ചിരുന്നു. ഗ്രീക്, ശാസ്ത്രം, കല തുടങ്ങിയ വിഷയങ്ങളില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ ശേഖരിക്കാന്‍ ഹുനൈന്‍ ബിന്‍ ഇസ്ഹാഖിന് റോമന്‍ രാജ്യങ്ങളില്‍ ദൂതന്മാരുണ്ടായിരുന്നു. അദ്ദേഹം തന്റെ വിവര്‍ത്തകര്‍ക്ക് മാസം തോറും 250 പൗണ്ട് ശമ്പളം നല്‍കിയിരുന്നു. മുഹമ്മദ് ബിന്‍ അബ്ദുല്‍ മലിക് തന്റെ വിവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന മാസ ശമ്പളം 1000 പൗണ്ടായിരുന്നു. സ്‌പെയിനിലെ രാജാവായിരുന്ന ഹകം രണ്ടാമന്‍ അറിയപ്പെട്ട പുസ്തകപ്രേമിയായിരുന്നു. അദ്ദേഹത്തെ കുറിച്ച് പഠിച്ച പ്രഫ. ആര്‍ ഡോസി എഴുതുന്നു: അദ്ദേഹത്തെ പോലെ പാണ്ഡിത്യം നേടിയ ഒരു രാജകുമാരന്‍ സ്‌പെയിനില്‍ അന്നോളമുണ്ടായിട്ടില്ല. തന്റെ മുന്‍ഗാമികളെല്ലാം തന്നെ സാംസ്‌കാരികമായ ഔന്നത്യം പുലര്‍ത്തിയിരുന്നെങ്കിലും തന്റെ ഗ്രന്ഥശേഖരത്തിലേക്ക് ഇത്രമേല്‍ താല്‍പര്യത്തോടെ അമൂല്യവും അപൂര്‍വ്വവുമായ പുസ്തകങ്ങള്‍ ശേഖരിച്ചിരുന്ന ഒരാളുണ്ടായിരുന്നില്ല. എന്തു വില കൊടുത്തും പുരാതനവും ആധുനികവുമായ പുസ്തകങ്ങള്‍ വാങ്ങിക്കാനും പകര്‍ത്തിയെഴുതാനും നിയുക്തരായ നിരവധി ദൂതന്മാര്‍ അദ്ദേഹത്തിന് വേണ്ടി കൈറോവിലും ബാഗ്ദാദിലും ദമസ്‌കസിലും അലക്‌സാണ്ട്രിയയിലും സഞ്ചരിച്ചു. ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട നിധികളാല്‍ അദ്ദേഹത്തിന്റെ കൊട്ടാരം നിറഞ്ഞിരുന്നു. എവിടെ നോക്കിയാലും പകര്‍ത്തിയെഴുത്തുകാരും ബൈന്റര്‍മാരും അലങ്കാരപണികളെടുക്കുന്നവരും ജോലിയിലേര്‍പ്പെട്ടിരിക്കുന്നത് കാണാമായിരുന്നു. അക്കാലത്തെ വിജ്ഞാനതൃഷ്ണയുടെ അടയാളമാണിത്.
എന്നാല്‍ അറിവിന്റെ നിലവാരത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിച്ചിരുന്നത് ഗ്രനഡക്കും കൊര്‍ദോവക്കും നിശാപൂരിനും മീതെ ബഗ്ദാദായിരുന്നു. വിദ്യാഭ്യാസം സൗജന്യമായിരുന്ന ബാഗ്ദാദിലെ നിസാമിയ്യ സ്‌കൂളില്‍ വാര്‍ഷിക ചിലവ് അറുപത് ലക്ഷം ദീനാറായിരുന്നു. ഇവിടുത്തെ സ്ത്രീകളും വ്യാപകമായി വിദ്യ അഭ്യസിച്ചിരുന്നു. ഹാറൂണ്‍ അല്‍ റഷീദിന്റെ ഭാര്യ സുബൈദയുടെ സേവകരായിരുന്ന നൂറു സ്ത്രീകളും വിദ്യാഭ്യാസം നേടിയവരായിരുന്നു. ഡോ. സ്‌പ്രെഞ്ചെറുടെ വിലയിരുത്തല്‍ പ്രകാരം, രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍ പ്രകാരം തന്നെ അഞ്ചുലക്ഷം പണ്ഡിതന്മാര്‍ അന്നാട്ടിലുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അതിലുമെത്രയോ അധികം പേര്‍ അഭ്യസ്തവിദ്യരായിരുന്നുവെന്ന് വ്യക്തം. നല്ല കൈപ്പട സ്വായത്തമാക്കാന്‍ അക്കാലത്തെ അഭ്യസ്തവിദ്യരെല്ലാം പരിശ്രമിച്ചിരുന്നതിനാല്‍ തന്നെ, കാലിഗ്രഫിസ്റ്റുകള്‍ക്കിടയില്‍ നിലനിന്നിരിക്കാവുന്ന മത്സരവും അവര്‍ എത്തിപ്പിടിച്ചിരുന്ന പ്രാവീണ്യവും അചിന്തനീയമാണ്.
ഇതര കലകളില്‍ നിപുണരായിരുന്നവരും പല പ്രവൃത്തികള്‍ക്കായി കാലിഗ്രഫി അഭ്യസിച്ചിരുന്നു. ഏതൊരു കാലിഗ്രഫിസ്റ്റിനെയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ സ്വര്‍ണപ്പണിക്കാരും ആഭരണനിര്‍മാതാക്കളും ചെമ്പ്-ഇരുമ്പ് വസ്തുക്കളുടെ നിര്‍മാതാക്കളും മുദ്രപണിക്കാരും ആശാരിമാരും കൊത്തുപണിക്കാരും അവരുടെ സൃഷ്ടികളില്‍ മനോഹരമായ കാലിഗ്രഫി ശൈലികള്‍ പകര്‍ത്തിയിരുന്നു.
പല തരത്തിലുള്ള എഴുത്തുകാര്‍ക്കിടയില്‍, കേവലമായ എഴുത്തിനെ കലയായി വികസിപ്പിച്ചത് കാലിഗ്രഫിസ്റ്റുകളായിരുന്നു. അവര്‍ എപ്പോഴും എണ്ണത്തില്‍ കുറവായിരുന്നു. അവര്‍ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുന്നതിനേക്കാള്‍ സ്വന്തം കൈപ്പടയില്‍ എഴുതുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. വസ്‌ലി എന്നറിയപ്പെടുന്ന കട്ടിക്കടലാസിലും മറ്റും അവര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. മിക്കവാറും തങ്ങളുടെ നാലുവരിക്കവിതകളായിരുന്നു ഇങ്ങനെ മനോഹരമായ കൈപ്പടയില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നത്. കലാസ്‌നേഹികളും വിദ്യാര്‍ഥികളും അതെല്ലാം കലാവസ്തുവായും പഠനമാതൃകകളായും വില കൊടുത്ത് വാങ്ങി സ്വന്തമാക്കി.
കാലിഗ്രഫിസ്റ്റിന്റെ സൃഷ്ടികള്‍ വിലമതിക്കാനാവത്തതും ഏറെ ഘോഷിക്കപ്പെട്ടിരുന്നതുമായിരുന്നു. നാനൂറ് പേജ് വരുന്ന പുസ്തകത്തിന് അഞ്ഞൂറ് പൗണ്ട് വരെ വില സാധാരണ ലഭിച്ചിരിന്നു. നിര്‍വഹിക്കുന്ന ജോലിയെ ഒരു ഉപാസനയായി സ്വീകരിച്ചവരും ഏറെ നിഷ്ഠകള്‍ പുലര്‍ത്തിയിരുന്നവരുമായിരുന്നു ഈ കലാകാരന്മാര്‍. മരണദിവസം പോലും എഴുത്ത് ജോലികള്‍ നിര്‍വ്വഹിച്ചിരുന്ന കാലിഗ്രഫിസ്റ്റുകളെ കുറിച്ച് നാമേറെ വായിക്കുന്നു. മതപരമായ വിശുദ്ധിയും ആത്മീയസ്വഭാവവുമുണ്ടായിരുന്ന ഇക്കൂട്ടര്‍ തങ്ങളുടെ സമൂഹത്തില്‍ ഗുരുതുല്യമായ പദവികള്‍ അലങ്കരിച്ചിരുന്നവരായിരുന്നു.
ഹഫ്ത് ഖലമി (സപ്ത ശൈലികളുടെ ഗുരു) എന്നറിയപ്പെട്ടിരുന്ന ഗുലാം മുഹമ്മദ്, കാലിഗ്രഫിസ്റ്റുകളെ നേരില്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. മറ്റ് കലിഗ്രഫിസ്റ്റുകളെ അദ്ദേഹം കണ്ടുമുട്ടുന്നതും തങ്ങളുടെ ജോലിയെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യവുമെല്ലാം എടുത്തു പറയേണ്ടതാണ്. ഹഫീസ് നൂറുല്ലയുടെ സൃഷ്ടികളെ പറ്റി കേട്ടറിഞ്ഞ ഹഫ്ത് ഖലമി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ മാന്യനും സത്യസന്ധനും മുന്‍വിധികളൊന്നും വെച്ചു പുലര്‍ത്താത്തവനുമായ നൂറുല്ലയെ ഹഫ്തിന് നന്നേ ബോധിച്ചു. ഹഫ്ത് ഖലമി അദ്ദേഹത്തെ കുറിച്ചെഴുതി: ''ഹഫീസ് അദ്ദേഹത്തിന്റെ രചനകള്‍ എന്നെ കാണിച്ചു. അസഫുദ് ദൗല ബഹദൂറിന്റെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം ഹഫ്ത് ബന്ദി കോശി എഴുതി തീര്‍ത്തിരുന്നു. ഹഫീസ് തന്റെ തൂലികക്കൊണ്ട് സൃഷ്ടിച്ചിട്ടുള്ള അത്ഭുതങ്ങളെ ഞാന്‍ എങ്ങനെയാണ് വിവരിക്കേണ്ടത്. എല്ലാ പൂക്കളും വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂന്തോട്ടത്തോടെ അതിനെ ഉപമിക്കാവൂ. എത്ര നോക്കിനിന്നാലും മതിവരാത്ത സൃഷ്ടികള്‍. ആ താളുകളില്‍ തന്നെ നോക്കിക്കൊണ്ട് ഞാന്‍ ഒരുപാട് സമയമിരുന്നു. തന്റെ കലയില്‍ ഇത്രമേല്‍ പ്രാവീണ്യമുള്ള ഈ കലാകാരനെ സംബന്ധിച്ച് ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, ഈ കുലീനഹൃദയന്‍ അങ്ങേയറ്റത്തെ വിനയത്തിന്റെയും ഉടമയാണ്.''

അവരുടെ കല സമൂഹത്തിലെ ഉയര്‍ന്നവനും താഴ്ന്നവനുമുള്‍പ്പടെ ഏവരുടെയും ശ്രദ്ധയെ പിടിച്ചുപറ്റുകയും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. തങ്ങള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് കാലിഗ്രഫിസ്റ്റുകളും നന്നേ ബോധ്യമുള്ളവരായിരുന്നു. എല്ലാവരും ഹഫ്ത് ഖലമിയെ പോലെ വിനയാന്വിതരായിരുന്നുമില്ല. അവര്‍ക്കുണ്ടായിരുന്ന പദവിയെ കുറിച്ച് അല്‍പം പ്രതിപാദിക്കുന്നത് അനുചിതമാവില്ലെന്ന് കരുതുന്നു.
തന്റെ കാലത്ത് ഏറെ അംഗീകരിക്കപ്പെട്ടിരുന്നയാളായിരുന്നു മീര്‍ ഖലീലുല്ലാഹ് ഷാഹ്. നൗറാസ് എന്ന കൃതി അദ്ദേഹം ഏറെ സൂക്ഷ്മമായി പകര്‍ത്തിയെഴുതി, ഡക്കാന്‍ രാജാവായിരുന്ന ആദില്‍ ഷാക്ക് സമര്‍പ്പിച്ചു. തനിക്ക് ലഭിച്ച ഉപഹാരത്തില്‍ സംപ്രീതനായ രാജാവ് കലാകാരനെ മുക്തകണ്ഠം പ്രശംസിക്കുകയും 'തൂലികയുടെ രാജാവ്' എന്ന പദവി ചാര്‍ത്തി നല്‍കുകയും അദ്ദേഹത്തെ സിംഹാസനത്തിലിരുത്തി ആദരിച്ച ശേഷം, മടങ്ങുമ്പോള്‍ കൊട്ടാരസദസ്യരോട് അദ്ദേഹത്തിന്റെ വീട് വരെ അനുഗമിക്കാന്‍ കല്‍പിക്കുകയും ചെയ്തു.
ഖലീലുല്ലാഹ് ഷായുടെ ഒരു സൃഷ്ടിക്ക് ഒരു ആസ്വാദകന്‍ 700 രൂപ വില നല്‍കാമെന്നേറ്റെങ്കിലും അദ്ദേഹം തന്റെ സൃഷ്ടി വില്‍ക്കാന്‍ തയ്യാറായില്ല. ഒരു പാട് നേരത്തെ പേശലിന് ശേഷം ഒരു അറബി കുതിരക്ക് പകരമായി അദ്ദേഹമത് വിറ്റു.
നഖ്ശിലെ എഴുത്തുകാരില്‍ അറിയപ്പെടുന്നയാളായിരുന്നു യാഖുത് മുസ്തഅ്‌സമി. ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അദ്ദേഹം പകര്‍ത്തിയെഴുതിയ പുസ്തകങ്ങള്‍ മുസ്‌ലിം ലോകത്തുടനീളം പ്രചാരത്തിലുണ്ടായിരുന്നു. അദ്ദേഹം തയ്യാറാക്കിയ അല്‍ജൗഹരി നിഘണ്ടുവിന്റെ ഓരോ പ്രതിയും വിറ്റുപോയത് 50 പൗണ്ടിനാണ്. ഒരിക്കല്‍ ഇബ്‌നുസീനയുടെ ഷഫ പകര്‍ത്തിയെഴുതിയ അദ്ദേഹം അത് ഇന്ത്യയിലെ മുഹമ്മദ് തുഗ്ലകിന് അയച്ചുകൊടുത്തു. പുസ്തകം ഏറെ ഇഷ്ടപ്പെട്ട രാജാവ് അദ്ദേഹത്തിന് ഇരുനൂറു ദശലക്ഷം മിസ്ഖാല്‍ സ്വര്‍ണമാണ് പ്രതിഫലമായി അയച്ചുകൊടുത്തത്. പക്ഷേ 'തുഛമായ' തുക സ്വീകരിക്കുന്നത് തനിക്ക് കുറച്ചിലാണെന്ന് പറഞ്ഞ് യാഖുത് പ്രതിഫലം നിരസിച്ചു.
നസ്തലിഖ് ശൈലിയില്‍ അഗ്രഗണ്യനായ മിര്‍ ഇമാദ് അല്‍ ഹുസൈനി തന്റെ പ്രതിഭയോളം തന്നെ അഭിമാനിയായിരുന്നു. തന്റെ മേല്‍ സമൃദ്ധമായി വന്നുചേര്‍ന്നിരുന്ന അംഗീകാരങ്ങളെയും പ്രതിഫലങ്ങളെയും അദ്ദേഹം ഗൗനിച്ചതേയില്ല. ശാഹി നാമ പകര്‍ത്തിയെഴുതണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ച ശാഹ് അബ്ബാസ് സഫാവി അപേക്ഷയോടൊപ്പം മുന്‍കൂര്‍ പണമായി എഴുപത് തുമാനും അയച്ചു. ഒരു വര്‍ഷത്തിന് ശേഷം പുസ്തകത്തിനായി ചെന്നവര്‍ക്ക് അദ്ദേഹം പുസ്തകത്തിന്റെ ആദ്യത്തെ എഴുപത് വരികള്‍ മാത്രം പകര്‍ത്തിയെഴുതിയത് കൊടുത്തു. രാജാവ് നല്‍കിയ പ്രതിഫലത്തിന് അത്രയേ ചെയ്യാന്‍ പറ്റൂ എന്നായിരുന്നു അദ്ദേഹം ദൂതന്മാരോട് പറഞ്ഞത്. പ്രതികരണം ഇഷ്ടപെടാഞ്ഞ രാജാവ് എഴുപത് വരികള്‍ മടക്കി അയക്കുകയും താന്‍ നല്‍കിയ സ്വര്‍ണം തിരിച്ച് ആവശ്യപ്പെടുകയും ചെയ്തു. മിര്‍ അവിടെയും വിട്ടുകൊടുത്തില്ല. കൊണ്ടുവന്ന എഴുപത് വരികള്‍ അത്രതന്നെ കഷ്ണങ്ങളാക്കി മുറിച്ച് തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കി. അവര്‍ വീട്ടില്‍ പോയി പകരമായി ഓരോ തുമാന്‍ വീതം നല്‍കി. അവര്‍ നല്‍കിയ പണം സ്വന്തം കൈയ്യിലിട്ട് എണ്ണിയ മിര്‍ അത് രാജാവിന്റെ ദൂതന്മാര്‍ക്ക് നല്‍കി. ഈ സംഭവം നടന്ന് അധിക നാള്‍ കഴിയും മുമ്പേ മിര്‍ കൊല്ലപ്പെട്ടു. രാജാവ് തന്നെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
മിര്‍ ഇമാദിന്റെ സൃഷ്ടികള്‍ ഷാജഹാന്‍ ചക്രവര്‍ത്തിക്കും ഏറെ ബോധിച്ചിരുന്നു. മിര്‍ ഇമാദിന്റെ സൃഷ്ടികള്‍ സമ്മാനമായി നല്‍കുന്നവരെയെല്ലാം അദ്ദേഹം യഖ് സാദി, യോദ്ധാവ് പദവി നല്‍കി ആദരിച്ചു.
കലാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരില്‍ മറ്റൊരാളായിരുന്നു അഖ അബ്ദുറഷീദ്. മിര്‍ ഇമാദിന്റെ മച്ചുനിയനും വിദ്യാര്‍ഥിയുമായിരുന്ന അദ്ദേഹം ഷാജഹാന്റെ കാലത്ത് ഇന്ത്യയിലേക്ക് വരികയും അവിടെ ദാരഷിഖോവിന്റെ അധ്യാപകനായി നിയമിക്കപ്പെടുകയും ചെയ്തു. ദാര ഷിഖോവിനെ അദ്ദേഹം നസ്തലിഖ് ശൈലി അഭ്യസിപ്പിച്ചു. അഖ്ബറാബാദിലായിരുന്നു അദ്ദേഹം ജീവിതത്തില്‍ ഏറെ കാലവും ചെലവഴിച്ചത്. അവിടെ വെച്ചുതന്നെ മരണപ്പെടുകയും ഖബറടക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സ്വന്തമാക്കിയിരുന്നവര്‍ മോഷണം ഭയന്ന് അത് പുറത്ത് പറയാന്‍ മടിച്ചിരുന്നു.
പ്രശസ്തരായ കലാകാരന്മാരുടെ ശൈലികള്‍ അനുകരിച്ച് അവരുടെ പേരില്‍ സൃഷ്ടികള്‍ വിറ്റിരുന്നവരും അക്കാലത്തുണ്ടായിരുന്നു. അഖ അബ്ദുറഷീദിന്റെ വിദ്യാര്‍ഥിയായിരുന്ന അമീര്‍ റസ്വി ഗുരുനാഥന്റെ ശൈലി മോഷ്ടിച്ച് അദ്ദേഹത്തിന്റെ ഒപ്പ് വെച്ച് വില്‍പന നടത്തി പണം നേടിയിരുന്നു. തനത് സൃഷ്ടി ഏതെന്ന് തിരിച്ചറിയാന്‍ സുസൂക്ഷ്മമായ പരിശോധന തന്നെ വേണമെന്ന് ഹഫ്ത് ഖലമി പറയുന്നു. അഖ അബ്ദുറഷീദിന്റെ ചരമവാര്‍ഷികം എല്ലാ മുഹര്‍റം മാസത്തിലും അക്ബറാബാദില്‍ ആചരിക്കുന്നുണ്ട്. ആ ചടങ്ങില്‍ വെച്ച് ഡല്‍ഹിയിലെയും പരിസര സ്ഥലങ്ങളിലെയും കലാകാരന്മാര്‍ ഒത്തുചേരുകയും കലയെയും തങ്ങളുടെ സൃഷ്ടികളെയും കുറിച്ച് ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്നു. എന്നാല്‍ സജീവമായ ഒത്തുചേരല്‍ നടക്കുന്നത് ശാഹ് വാരിസ് അലിയുടെ വസതിയില്‍ വെച്ച് എല്ലാ മാസവും നാലാം തിയ്യതി നടക്കുന്നതാണ്. പേരെടുത്ത കാലിഗ്രഫിസ്റ്റായിരുന്ന അദ്ദേഹം ഗുല്‍സാര്‍, ശിഖസ്ത എന്നീ ശൈലികളില്‍ നിപുണനായിരുന്നു. വളരെ ചുറുചുറുക്കുള്ള വ്യക്തിത്വമായിരുന്ന അദ്ദേഹം മതത്തിന്റെ നിഷ്ഠകളൊന്നുമുണ്ടായിരുന്നില്ല. എല്ലാ മാസവും നടക്കുന്ന ഒത്തുചേരലുകളില്‍ അദ്ദേഹം സന്ദര്‍ശകരെ സന്തോഷിപ്പിക്കുന്നതിന് സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നതും പെണ്‍കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതും പതിവായിരുന്നു. ഇത്തരം ഒത്തുചേരലുകള്‍ ഗംഭീര ഫലങ്ങളായിരുന്നു നല്‍കിയിരുന്നതെന്ന് ഹഫ്ത് ഖലമി സാക്ഷ്യപ്പെടുത്തുന്നു. ഹിജ്‌റ 1227ല്‍ ശാഹ് വാരിസ് അലി അന്തരിച്ചു.
മുല്ല അമീര്‍ അലിയുടെ ശിഷ്യനായിരുന്ന മൗലാനാ ഖ്വാജ മുഹമ്മദും തന്റെ സൃഷ്ടികളില്‍ ഗുരുവിന്റെ മുദ്ര പതിപ്പിച്ചിരുന്നു. വളരെ ചിലര്‍ക്കേ യഥാര്‍ഥ സൃഷ്ടിയും പകര്‍പ്പും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. ശിഷ്യന്റെ അത്തരം നടപടികളെ കുറിച്ച് ഗുരുവിന് നല്ലപോലെ അറിയാമായിരുന്നു. തന്റെ ദൗര്‍ഭാഗ്യത്തെ കുറിച്ച് ഒരു കവിതയില്‍ അദ്ദേഹമിങ്ങനെ പറഞ്ഞു:
''ഏതാനും കാലമെന്റെ ശിഷ്യനായിരുന്നു ഖ്വാജ മുഹമ്മദ്. തനതായൊരു രീതിയുണ്ടാക്കാന്‍ കഴിയുന്നതുവരെ അദ്ദേഹത്തെ അഭ്യസിപ്പിക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചു. അദ്ദേഹത്തോട് ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല. അദ്ദേഹം എന്നോടും ഒന്നും ചെയ്തിട്ടില്ല, മികച്ചതും മോശവുമായ തന്റെ സൃഷ്ടികള്‍ എന്റെ പേരില്‍ വില്‍ക്കുന്നത് ഒഴികെ.''
മുല്ല അമീറിന്റെ കൈപ്പടയുടെ ആരാധകനായിരുന്നു ജഹാംഗീര്‍ ചക്രവര്‍ത്തി. തന്റെ പ്രതിഭയെ കുറിച്ച് അമീറിനു തന്നെ നല്ല ബോധ്യമുണ്ടായിരുന്നു, അദ്ദേഹമത് ഒളിച്ചുവെച്ചതുമില്ല. തന്റെ കലയുടെ മേന്മയെ കുറിച്ച് തന്റെ കവിതകളില്‍ പ്രതിപാദിക്കുമായിരുന്നു. കാലിഗ്രഫിയെന്ന കല കേവല കലയാകുന്ന ഉദാത്തമായ സന്ദര്‍ഭത്തെ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ ഞാനിവിടെ വിവര്‍ത്തനം ചെയ്ത് നല്‍കുന്നു:
''എന്റെ തൂലിക അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അര്‍ത്ഥത്തിനു മീതെ എന്റെ വാക്കുകളുടെ രൂപത്തിനുള്ള മേന്മയില്‍ അത് അഭിമാനിക്കുന്നു. എന്റെ അക്ഷരങ്ങളുടെ മിഴിവിനോട് മഴവില്ലുകള്‍ പോലും അടിയറവ് പറയുന്നു. എന്റെ ഓരോ വരകളും അനശ്വരമാണ്.''
വിവ: മുഹമ്മദ് അനീസ് ചാവക്കാട്

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top