മൗലാനാ മുഹമ്മദ് റാബിഅ് ഹസനി

‌‌

ഉത്തരേന്ത്യയിൽ സുന്നി മുസ്്ലിംകൾക്കിടയിൽ  വിഭാഗീയത കേരളത്തെ പോലെ അത്ര ശക്തമല്ല. ഒരു ചിന്താ പ്രസ്ഥാനം എന്ന നിലയിൽ ഒന്നര നൂറ്റാണ്ട് മു് ഉത്തർപ്രദേശിലെ ലഖ്നൗ ആസ്ഥാനമായി രൂപംകൊണ്ട് നദ്്വത്തുൽ ഉലമ സംഭാവന ചെയ്ത മത പണ്ഡിതൻമാർ വിഭാഗീയതകൾക്കതീതമായി ഉയർന്ന് നിൽക്കുന്നതും അതിനെ ഒരു പരിധി വരെ പ്രയോഗവൽക്കരിക്കുന്ന വിദ്യാഭ്യാസ പദ്ധതിയും   ഉത്തരേന്ത്യയിൽ മേൽ പറഞ്ഞ അവസ്ഥ സൃഷ്ടിക്കുന്നതിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മദ്ഹബീ, സൂഫി ധാരയിൽ പെടുന്നവർക്കും അഹ്്ലെ ഹദീസ് ധാരയിൽ പെട്ടവർക്കും ഇസ്്ലാമിസ്റ്റ് ധാരയിൽ പെട്ടവർക്കും തങ്ങളുടെ ആശയങ്ങൾ ഒളിച്ചു വെക്കാതെ തന്നെ ഒരുമിച്ച്  പഠിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക മതകലാലയം ഇന്നും ലഖ്നൗവിലെ ദാറുൽ ഉലൂം നദ്്വത്തുൽ ഉലമ മാത്രമാണെന്നത് നദ്‌വ സ്ക്കൂൾ ഓഫ് തോട്ടിന്റെ പ്രത്യേകത തന്നെയാണ്. അവിടത്തെ അധ്യാപകരിലും ഈ വൈവിധ്യം കാണാം. പ്രസ്തുത  സ്ക്കൂൾ ഓഫ് തോട്ടിന് ഇതപര്യന്തം നേതൃത്വം നൽകിയ മൗലാനാ മുഹമ്മദലി മൊംഗേരി, അല്ലാമാ ശിബ്്ലി നുഅ്മാനി, അബ്ദുൽ ഹയ്യ് അൽ ഹസനി, ഡോ. അബ്ദുൽ അലി, മൗലാനാ അബുൽ ഹസൻ നദ്്വി  മുതൽ ഇക്കഴിഞ്ഞ റമദാൻ 22-ന് (2023 ഏപ്രിൽ 13 -ന്) മരണപ്പെട്ട മൗലാനാ മുഹമ്മദ് റാബിഅ് ഹസനി നദ്്വി വരെ  മുസ്്ലിം സമുദായത്തിൽ ഏറക്കുറെ സർവസമ്മതരാകാൻ കാരണം അവർ വിഭാഗീയതയെ വലിയ അളവിൽ വെറുത്തിരുന്നു എന്നതാണ്.
മുസ്്ലിം സമുദായത്തിലെ എല്ലാ സംഘടനകളെയും സമദൂരത്തിൽ കാണുന്നതിൽ മൗലാനാ മുഹമ്മദ് റാബിഅ്  ഹസനി നദ്‌വി തന്റെ മുൻഗാമിയും അമ്മാവനുമായ മൗലാനാ അലീമിയാനെക്കാളും ഒരു പടി മുന്നിലായിരുന്നു എന്ന് പറയാം. കാരണം റാബിഅ് ഹസൻ നദ്‌വി ഒരിക്കലും ഒരു സംഘടനയുടെയും ഭാഗമായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ അലിമിയാൻ അങ്ങനെയല്ല. തന്റെ ചെറുപ്പ കാലത്ത് രണ്ട് വർഷം ജമാഅത്തെ ഇസ്്ലാമിയിൽ പ്രവർത്തിച്ചതിന് ശേഷം ഏറെക്കാലം അദ്ദേഹം തബ്്ലീഗ് ജമാഅത്തിന്റെ പ്രബോധകനായിരുന്നു. തബ്്ലീഗ് ജമാഅത്തുമായി അത്തരത്തിലുള്ള യാതൊരുവിധ സംഘടനാ ബന്ധവും മൗലാനാ റാബിഅ് ഹസൻ നദ്്വിക്കുണ്ടായിരുന്നില്ല. അലീമിയാൻ, സയ്യിദ് മൗദൂദി അടക്കമുള്ള  ജമാഅത്ത് നേതാക്കളുമായി മരണംവരെ ഊഷ്മള ബന്ധം നിലനിർത്തുകയും  പൊതുവേദികളിൽ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും ജമാഅത്തെ ഇസ്്ലാമി വിട്ടതിന് ശേഷം സംഘടനയുടെ ഒരു ഔദ്യോഗിക പരിപാടിയിലും പങ്കെടുത്തതായി അറിയില്ല. എന്നാൽ മൗലാനാ മുഹമ്മദ് റാബിഅ് ഹസൻ നദ്്വി കേരളത്തിൽ ജമാഅത്തെ ഇസ്്ലാമിയുടെ ഒരു  സംഘടനാ സമ്മേളനത്തിൽ പങ്കെടുത്തതിനെ സംഘടനയോടുള്ള അദ്ദേഹത്തിന്റെ ഉദാര നിലപാടായി തന്നെ കാണണം. മാത്രമല്ല മൗലാനാ അബുൽ ഹസൻ അലി നദ്്വിയുടെ മൗദൂദി വിമർശന കൃതിയും മൗലാനാ ഉറൂജ് ഖാദിരിയുടെ അതിനുള്ള പ്രത്യാഖ്യാനവുമെല്ലാം പൊതു പ്രശ്നങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുോഴും നദ്്വക്കും ജമാഅത്തെ ഇസ്്ലാമിക്കും ഇടയിൽ ചില വിടവുകൾ ഉണ്ടാക്കിയിരുന്നു എന്നത് ഒരു വസ്തുതയാണ്. കുറെക്കാലമായി നിലനിന്നിരുന്ന ആ വിടവിനെ തന്റെ ജമാഅത്ത് സമ്മേളനത്തിലെ സാന്നിധ്യത്തിലൂടെ മറികടക്കാനുള്ള മൗലാനയുടെ ഒരു ശ്രമമായി അതിനെ  കാണുന്നതിൽ തെറ്റില്ല. അലീമിയാനെ പോലെ മുഹമ്മദ് റാബിഅ് ഹസൻ നദ്്വി തബ്്ലീഗ് ജമാഅത്തിന്റെ ഒരു പ്രബോധകനല്ലാത്തതുകൊണ്ട്  മൗലാനക്ക് മേൽപറഞ്ഞ വിടവിനെ മറികടക്കുക ഒരുപക്ഷെ കൂടുതൽ എളുപ്പമായിരുന്നിരിക്കാം.

1929-ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഹസനി സാദാത്തുക്കളുടെ ആസ്ഥാനമായ തകിയ കലാനിലാണ് മൗലാനയുടെ ജനനം. മൗലാനാ അലീമിയാന്റെ സഹോദരിയായ സയ്യിദ അമത്തുൽ അസീസിന്റെ നാലാമത്തെ മകൻ. അമത്തുൽ അസീസിന്റെ അഞ്ച് മക്കളുടെയും പേര് മുഹമ്മദ് എന്നായിരുന്നു. മൗലാന നാലാമത്തെ മകനായത് കൊണ്ട് തിരിച്ചറിയുന്നതിന് മുഹമ്മദ് റാബിഅ് ആയി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ  ഇളയ സഹോദരനാണ് മൂന്ന് വർഷം മുമ്പ് മരണ പ്പെട്ട അറബി സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്ന മുഹമ്മദ് വാദിഹ് റശീദ് നദ്‌വി.

നദ്‌വത്തുൽ ഉലമയിൽ തന്നെയായിരുന്നു റാബിഅ് നദ്‌വിയുടെ ഉപരി പഠനം. കുറഞ്ഞ കാലം ദയൂബന്ദിലും പഠിച്ചിട്ടുണ്ട്. അറബി സാഹിത്യമായിരുന്നു ഇഷ്ട വിഷയം. അതിനാൽ പഠനം കഴിഞ്ഞ ഉടനെ തന്നെ നദ്‌വയിൽ ഭാഷാധ്യാപകനായി. തുടർന്ന് ഡീനും അവസാനം ഡിപ്പാർട്ട്മെന്റ് തലവനുമായി. 1993-ൽ മുഹിബ്ബുല്ല നദ്‌വിയുടെ മരണത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പലുമായി. 1999 ഡിസംബറിൽ അലീമിയാന്റെ വിയോഗത്തെ തുടർന്ന് റെക്്ടറായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പ്രിൻസിപ്പളായത് സഈദുൽ അഅ്ളമിയാണ്.

അലീമിയാൻ റെക്്ടർ പദവിയിലിരുന്ന കാലത്തും നദ്്വയുടെ ഭരണപരവും അക്കാദമികവുമായ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നത് കൂടുതലും മൗലാനാ റാബിഅ് നദ്്വി തന്നെയാണ്. കാരണം അലീമിയാൻ അധിക സമയവും ഗ്രന്ഥ രചനയിലും പ്രബോധനപരമായ യാത്രയിലുമായിരുന്നന്നുവല്ലോ. അലീമിയാന്റെ വിദേശ യാത്രകളിൽ  അദ്ദേഹത്തെ അനുഗമിച്ചിരുന്നത് മുഹമ്മദ് റാബിഅ് ഹസൻ നദ്്വിയാണ്.
അലീമിയാനോടൊപ്പമുള്ള വിദേശ യാത്രകൾ അറബ് ലോകത്തെ ഇസ്്ലാമിക പ്രസ്ഥാന നായകരുമായും സാഹിത്യ പ്രതിഭകളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിന്  അവസരം നൽകുകയും അത് അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അനുജൻ വാദിഹ് റശീദ് നദ്‌വിയെ പോലെ അത്ര കൂടുതൽ ഇല്ലെങ്കിലും ലോക ഇസ്്ലാമിക ചലനങ്ങളെ ഒരു ഇസ്്ലാ  മിസ്റ്റ് പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.

ഏതായാലും ഏറെകാലം വാക്കിലും നോക്കിലും മാത്രമല്ല രൂപഘടനയിൽ വരെ അലീമിയാന്റെ നിഴൽ പോലെ തോന്നിച്ച മൗലാനാ റാബിഅ് നദ്‌വി ഇന്ത്യയിലെ ഒരു മുസ്്ലിം നേതാവായി അറിയപ്പെട്ടു തുടങ്ങിയത് 2002-ൽ മൗലാനാ മുജാഹിദുൽ ഇസ്്ലാം ഖാസിമിയുടെ മരണത്തെ തുടർന്ന് ഇന്ത്യൻ മുസ്്ലിംകളുടെ പൊതു വേദിയായ അഖിലേന്ത്യാ മുസ്്ലിം വ്യക്തി നിയമ ബോഡിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടു കൂടിയാണ്. ബോർഡിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിച്ചതും ഉഥ്്മാൻ നാഹിദ് തയാറാക്കിയ നികാഹ് നാമ ബോർഡ് ചർച്ച ചെയ്തതുമെല്ലാം അദ്ദേഹം ചെയർമാനായതിന്  ശേഷമാണ്. എങ്കിലും 2014-ൽ മോഡി അധികാരത്തിൽ വന്നതിന് ശേഷം എല്ലാ മുസ്്ലിം കൂട്ടായ് മകളെയും പോലെ ബോർഡിനെയും നിർജീവത ബാധിച്ചിട്ടില്ല എന്ന് പറയാനാവില്ല. അവസാന കാലത്ത് അദ്ദേഹത്തിന്റെ അനാരോഗ്യവും ബോർഡിന്റെ പ്രവർത്തനങ്ങളെ ചെറിയ രീതിയിൽ  ബാധിച്ചിട്ടുണ്ട്. മൗലാനയുടെ ബന്ധു കൂടിയായ മൗലാനാ സൽമാൻ  ഹുസൈൻ നദ്‌വിയുടെ പുറത്താക്കലിലേക്ക് വരെ നയിച്ച ചില അസ്വാരസ്യങ്ങളും ബോർഡിലുണ്ടായി. എങ്കിലും മൗലാനയുടെ നേതൃത്വം എല്ലാവർക്കും സ്വീകാര്യമായതിനാൽ ബോർഡിൽ വലിയ പൊട്ടിത്തെറിയൊന്നും അതുണ്ടാക്കിയില്ല.

പാണ്ഡിത്യത്തിന്റെ ഗരിമയോ മുസ്്ലിം നേതാവ് എന്ന തലക്കനമോ ഇല്ലാത്ത സൗമ്യ ഭാവവും വിനയവും ജീവിത ലാളിത്യവും മുഖ പ്രസന്നതയുമാണ് മൗലാനയുടെ വ്യക്തിത്വത്തിലെ  ഏറ്റവും  ആകർഷകമായ ഘടകങ്ങൾ. അറബി, ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ ഭാഷകൾ അറിയാവുന്ന  മൗലാന അറബിയിലും ഉർദുവിലും നല്ലൊരെഴുത്തുകാരൻ കൂടിയാണ്. നദ്‌വിയിലെ ഉയർന്ന ക്ലാസുകളിൽ  അറബി സാഹിത്യം പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന അൽഅദബുൽ അറബി ബൈന അറ്ദ്  വനഖ്ദ് എന്ന ഗ്രന്ഥം അദ്ദേഹവും അനുജൻ വാദിഹ് റശീദ് നദ്്വിയും ചേർന്ന് എഴുതിയതാണ്.  റഹ്്ബറെ ഇൻസാനിയത്ത് എന്ന നബി ചരിത്ര ഗ്രന്ഥവും ജുഗ്റാഫിയത്തുൽ അറബും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ പെടുന്നു.

അറബി ഭാഷക്ക്  നൽകിയ സംഭാവനകളുടെ പേരിൽ  രാഷ്ട്രപതിയുടെ മെഡൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പണ്ഡിതന്മാരുടെ സജീവമായ സാന്നിധ്യവും ഇടപെടലുകളും അത്യാവശ്യമായ ഘട്ടത്തിലെ മുഹമ്മദ് റാബിഅ് നദ്്വിയുടെ വിയോഗം ഇന്ത്യൻ മുസ്്ലിംകൾക്ക് തീരാനഷ്ടം തന്നെയാണ്. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായ വിടവ് കൂടുതൽ നല്ല പകരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ - ആമീൻ.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top