സത്യവിശ്വാസി സത്യനിഷേധിയാകുന്നതെപ്പോള്‍?

ഡോ. മുഹമ്മദ് നഈം യാസീന്‍‌‌
img

മനുഷ്യര്‍ എങ്ങനെയാണ് ഇസ്്ലാമില്‍ പ്രവേശിക്കുന്നതെന്ന് മുന്‍ പഠനത്തിലൂടെ (ഒരാളുടെ ഇസ് ലാമാശ്ലേഷം സാധുവാകുന്നതെപ്പോള്‍?) നാം മനസ്സിലാക്കി സത്യവിശ്വാസത്തിലേക്ക് കടന്നുവരുന്നവര്‍ പലതരക്കാരാണ്. ഇത്തരക്കാര്‍, 'ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടു തന്നെ പരലോക പ്രാപ്തരാവുന്നു. ചിലരാകട്ടെ, സത്യവിശ്വാസത്തില്‍നിന്ന് പിറകോട്ടു പോയി നിഷേധികളായി മരിക്കുന്നു.

ഒന്നാമത്തെ വിഭാഗം (സത്യവിശ്വാസികളായി ജീവിച്ച് സത്യവിശ്വാസികളായി മരിക്കുന്നവര്‍) വ്യത്യസ്ത നിലവാരക്കാരാണ്.
فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ 
1) 'അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. 2) മധ്യനിലപാടുകാരും അവരിലുണ്ട്. 3) അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം' (ഫാത്വിര്‍ 32)
(അല്ലാഹുവില്‍ വിശ്വസിച്ചതോടൊപ്പം ചെറുതും വലുതുമായ തെറ്റു ചെയ്ത സത്യവിശ്വാസികളാണ് 'സ്വന്തത്തോട് അന്യായം ചെയ്തവര്‍' എന്നതിന്റെ വിവക്ഷ. നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിച്ചതോടൊപ്പം ഐഛികമായ പുണ്യകാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യങ്ങള്‍ കാണിക്കാത്തവരാണ് രണ്ടാമത്തെ വിഭാഗം. നിര്‍ബന്ധവും ഐഛികവുമായ കാര്യങ്ങളില്‍ നിഷ്ഠപുലര്‍ത്തിയതോടൊപ്പം എല്ലാ നല്ല കാര്യങ്ങളിലും അഹമഹമികയാ മുന്നേറിയവരാണ് മൂന്നാമത്തെ വിഭാഗം - വിവ.) സത്യവിശ്വാസികളില്‍ വിചാരണ ഇല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുണ്ട്. ചിലര്‍ ലളിതവിചാരണക്കു വിധേയകരാകും. ചിലര്‍ നരകശിക്ഷക്ക് വിധേയമാക്കപ്പെടും. ഒടുവില്‍ അല്ലാഹുവിന്റെ ഔദാര്യത്താല്‍ സ്വര്‍ഗപ്രാപ്തരാകും.

സത്യനിഷേധത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍

സത്യവിശ്വാസിയെ സത്യനിഷേധിയായി പരിഗണിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്ത് നല്‍കുന്ന വിശദീകരണം താഴെ:

പൊതുതത്ത്വം
ഒരു വ്യക്തിയെ സത്യനിഷേധിയായി പരിഗണിക്കേണ്ടി വരുന്ന വിശ്വാസവും വാക്കും പ്രവൃത്തിയും എന്തെല്ലാം എന്നതുസംബന്ധിച്ച് ഇമാം ത്വഹാവിയുടെ 'അല്‍ അഖീദത്തുത്ത്വഹാവിയ്യ' പറയുന്നതു കാണുക:
ونسمي أهل قبلتنا مسلمين مؤمنين، ما داموا بما جاء به النبي صلى الله عليه وعلى آله وسلم معترفين..... ولا نكفر أحدًا من اهل القبلة بذنب مالم يستحلّه، ولا نقول: لا يضرّ مع الإيمان ذنب لمن عملت ..... ولا يخرج العبد من الإيمان الا يجحود ماأدخله فيه
'നബി(സ) കൊണ്ടുവന്നവയെല്ലാം സമ്മതിച്ചംഗീകരിക്കുന്നേടത്തോളം നമ്മുടെ ഖിബ് ലയെ അംഗീകരിക്കുന്നവരെ നാം മുസ് ലിംകള്‍ എന്നു വിളിക്കും. ഖിബ്്ലയെ അംഗീകരിക്കുന്നവരെ, തെറ്റുകളെ അനുവദനീയമായി കാണാത്തേടത്തോളം സത്യനിഷേധികളായി നാം വിധിക്കുകയില്ല. സത്യവിശ്വാസത്തോടൊപ്പം തെറ്റു ചെയ്യുന്നത് അയാള്‍ക്ക് ദ്രോഹകരമാവില്ല എന്ന് നാം പറയില്ല. ഒരാളെ ഇസ് ലാമിലേക്ക് പ്രവേശിപ്പിക്കുന്നതെന്തോ, അവയെ നിഷേധിച്ചാല്‍ മാത്രമെ ഒരാള്‍ ഈമാനില്‍നിന്ന് പുറത്താവുകയുള്ളൂ എന്നാണ് നാം പറയുന്നത്.'1

മേല്‍ തത്ത്വം  ഇങ്ങനെ വിശദീകരിക്കാം: ഈമാനിലേക്കും ഇസ്്ലാമിലേക്കും കടന്നുവരാന്‍ അല്ലാഹു ഒരു കവാടം നിശ്ചയിച്ചിരിക്കുന്നു. രണ്ടു സത്യസാക്ഷ്യങ്ങള്‍ വിശ്വസിച്ചംഗീകരിക്കുക എന്നതാണാ കവാടം. ഇതിലൂടെ ഇസ്്ലാമിലേക്ക് കടന്നു വന്നവരിൽനിന്ന് മനസാ-വാചാ-കര്‍മണാ ആ സത്യസാക്ഷ്യത്തെ തള്ളിക്കളയുന്നവർ മാത്രമെ ഇസ്്ലാമില്‍നിന്നു പുറത്തുപോവുകയുള്ളൂ.

'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ വിവക്ഷയനുസരിച്ച് അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലെയും റുബൂബിയ്യത്തിലെയും, അവന്റെ നാമങ്ങളിലെയും വിശേഷണങ്ങളിലെയും പ്രവൃത്തികളിലെയും ഏകത്വത്തെ അംഗീകരിക്കുകയും അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്തിനെ നിരാകരിക്കുകയും വേണം. 'മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ്' എന്നതിന്റെ വിവക്ഷ, മുഹമ്മദ് നബി(സ) കൊണ്ടുവന്ന എല്ലാ നിയമങ്ങളും, അറിയിച്ചു തന്ന അദൃശ്യകാര്യങ്ങളും സത്യപ്പെടുത്തലും അവയത്രയും അല്ലാഹുവില്‍നിന്നാണെന്ന് അംഗീകരിക്കലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ എല്ലാ സവിശേഷതകളും മൂല്യങ്ങളും (സത്യത, സത്യസന്ധത, പാപസുരക്ഷിതത്വം, ഗ്രഹണ ശേഷി മുതലായവ) സമ്മതിക്കലുമാണ്.
ഇവയ്ക്കുവിരുദ്ധമായി മനസാ-വാചാ-കര്‍മണാ വല്ലതുമുണ്ടായാല്‍ രണ്ടു സത്യസാക്ഷ്യങ്ങളുടെയും ലംഘനമായി, അല്ലാഹുവിന്റെ ദീനില്‍നിന്ന് അയാള്‍ പുറത്തായി. പിന്നീടുള്ള അയാളുടെ വാക്കും പ്രവൃത്തിയും, അയാളുടെ ഉദ്ദേശ്യത്തിനനുസരിച്ചായാല്‍, അയാള്‍ ദുന്‍യാവിലും പരലോകത്തും കാഫിറായാണ് പരിഗണിക്കപ്പെടുന്നത്. ദുന്‍യാവില്‍ സത്യനിഷേധികള്‍ക്കു ബാധകമാവുന്ന നിയമങ്ങളാണ് അയാള്‍ക്കു ബാധകമാവുക. മതപരിത്യാഗത്തിന്റെ വിധികളില്‍ പ്രധാനം തൗബ ചെയ്തു തിരികെ ഇസ് ലാമിലേക്ക് പുനഃപ്രവേശിക്കാന്‍ അയാളോട് ആവശ്യപ്പെടുക എന്നതാണ്.

അതേസമയം ഏതെങ്കിലും സത്യവിശ്വാസി തെറ്റു ചെയ്യുകയും ഇസ് ലാമികമായി അല്ലാഹുവോടുള്ള തെറ്റായി ഗണിക്കപ്പെടുന്ന വാക്കോ പ്രവൃത്തിയോ അയാളില്‍നിന്നുണ്ടാവുകയും ചെയ്തു എന്നതുകൊണ്ടുമാത്രം, അയാള്‍ പശ്ചാത്തപിച്ചില്ലെങ്കിലും ഇസ് ലാമില്‍നിന്നു പുറത്തുപോവുകയില്ല. രണ്ടു ശഹാദത്തു കലിമകളെയോ അവയില്‍ ഒന്നിനെയോ ലംഘിക്കുന്ന ഒന്നും അയാളില്‍നിന്ന് ഉണ്ടായില്ലെങ്കില്‍ അയാള്‍ അല്ലാഹുവിന്റെ ഇഛക്കു വിധേയനായിരിക്കും. അതായത്, അയാളുടെ തെറ്റ് പരിഗണിച്ച് അല്ലാഹു അയാളെ ശിക്ഷിച്ചെന്നിരിക്കും, നരകത്തില്‍ പ്രവേശിപ്പിച്ചെന്നിരിക്കും, ഒടുവില്‍ സ്വര്‍ഗ പ്രവേശനം നല്‍കിയേക്കും. സാധുവായ ധാരാളം ഹദീസുകള്‍ പ്രകാരം, ഹൃദയത്തില്‍ അണുത്തൂക്കമെങ്കിലും സത്യവിശ്വാസമുള്ളവര്‍ ശിക്ഷ ഏറ്റുവാങ്ങിയ ശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ശിക്ഷിക്കാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു എന്നും വരാം. 'തന്നില്‍ പങ്കുചേര്‍ക്കുന്നതിനെ അല്ലാഹു തീര്‍ച്ചയായും പൊറുക്കുകയില്ല. അതൊഴികെയുള്ളവ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും' (നിസാഅ് 116)

ഇസ്‌ലാമില്‍നിന്ന് പുറത്തു പോകാനിടയാക്കുന്ന കാരണങ്ങള്‍
ഇസ്‌ലാമില്‍നിന്ന് പുറത്തുപോകാനിടയാക്കുന്ന എല്ലാ കാരണങ്ങളും മുകളില്‍ കൊടുത്ത പൊതുതത്ത്വവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാരണങ്ങളുടെ രീതികളും വിശദാംശങ്ങളും എണ്ണിപ്പറയാന്‍ കഴിയാത്തവിധം അനേകമുണ്ട്. എങ്കിലും അവയെ നാലായി സംക്ഷേപിക്കാം.
1. അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ (റബ്ബാണ് എന്നതിനെ) നിരാകരിക്കുന്നവ.
2. അല്ലാഹുവിന്റെ നാമങ്ങളെയോ വിശേഷണങ്ങളെയോ ക്ഷതപ്പെടുത്തുന്നവ.
3. അല്ലാഹുവിന്റെ ഉലൂഹിയ്യത്തിനെ- ഇലാഹാണ് എന്നതിനെ അഥവാ അല്ലാഹുവാണ് ഇബാദത്തിനര്‍ഹന്‍ എന്നതിനെ- നിരാകരിക്കുന്നവ.
4. അല്ലാഹുവിന്റെ സന്ദേശവാഹകരായ നബിമാരുടെ ദൗത്യത്തെ നിരാകരിക്കുന്നവ, നബി(സ)യുടെ വ്യക്തിത്വത്തെ ക്ഷതപ്പെടുത്തുന്നവ.
മേല്‍ നാലിനങ്ങളിലും വിശ്വാസപരവും വാചികവും പ്രവൃത്തിപരവുമായ ലംഘനങ്ങള്‍ കടന്നുവരും. അവയെല്ലാം രണ്ടു സത്യസാക്ഷ്യവചനങ്ങളെ നിരാകരിക്കുന്നവയാണ്. അതുവഴി അത്തരക്കാര്‍ ഇസ് ലാമില്‍ നിന്നു പുറത്തുപോവും. അവയുടെ വിശദാംശങ്ങള്‍ താഴെ:

ഒന്നാമത്തെ ഇനം
തൗഹീദിന്റെ ഇനങ്ങളില്‍ ഒന്നാമത്തേത് അല്ലാഹുവിന്റെ റുബൂബിയ്യത്തിലും അധികാരത്തിലുമുള്ള ഏകത്വമാണെന്ന് നമുക്കറിയാം. അതായത്, എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനും എല്ലാവസ്തുക്കളെയും സൃഷ്ടിച്ചവനും അന്നദാതാവും തന്റെ അറിവാലും യുക്തിയാലും ഇഛയാലും അവ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുന്നതിനെയാണ് റുബൂബിയ്യത്തിലുള്ള വിശ്വാസം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. അല്ലാഹുവിന്റെ റബ്ബ് എന്ന നിലയിലുള്ള ഈ സവിശേഷതകളെ നിരാകരിക്കുന്ന എല്ലാ വിശ്വാസവും വാക്കും സത്യനിഷേധമാണ്, മതപരിത്യാഗമാണ്. സ്രഷ്ടാവിനെ നിഷേധിക്കുക, വസ്തുക്കളെ അല്ലാഹു പടച്ചതല്ല, എല്ലാം ആദികാലം മുതല്‍ക്കെ ഉണ്ടായിരുന്നു എന്നു വാദിക്കുക, സൃഷ്ടിപ്പിനെയോ പ്രപഞ്ച നിയന്ത്രണത്തെയോ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുക, (പ്രപഞ്ചം യാദൃച്ഛിക സൃഷ്ടിയാണ്, പ്രകൃതിയാണ് പോലുള്ള വാദങ്ങള്‍), എല്ലാ സൃഷ്ടികളുടെയും ഉടമസ്ഥാധികാരം അല്ലാഹുവിനാണ് എന്നതിനെ നിഷേധിക്കുക, അല്ലാഹു അല്ലാത്തവരാണ് ആഹാരം തരുന്നത് എന്നു വാദിക്കുക, അതില്‍ അല്ലാഹുവോടൊപ്പം മറ്റുള്ളവരെ പങ്കുചേര്‍ക്കുക, അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചു, പക്ഷെ, അവന്‍ അവയെ അവഗണിച്ചു എന്നുവാദിക്കുക, അവന്‍ അവയുടെ വിഷയങ്ങളില്‍ ഇടപെടുകയോ, അവയെ സംരക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന് വാദമുന്നയിക്കുക മുതലായവയെല്ലാം അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസത്തെ നേരിട്ടു ബാധിക്കുന്ന ലംഘനങ്ങളാണ്.

അല്ലാഹുവിന്റേതു മാത്രമായ മേല്‍സവിശേഷതകള്‍ ഒരാള്‍ തനിക്കുണ്ടെന്നു വാദിക്കുന്നതും സത്യനിഷേധവും മതപരിത്യാഗവുമായാണ് പരിഗണിക്കപ്പെടുക. 'ഞാനാണ് നിങ്ങളുടെ പരമോന്നത റബ്ബ്' (നാസിആത്ത് 24) എന്ന ഫറോവയുടെ അവകാശവാദം ഉദാഹരണം. വസ്തുക്കളുടെ ഉടമ താനാണ്, അന്നദാതാവ് താനാണ് മുതലായ വാദങ്ങളും തഥൈവ- ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മാത്രമല്ല, ഉന്നയിക്കുന്നവരെ പിന്തുണക്കുന്നവരും സത്യനിഷേധികളാവും.

രണ്ടാമത്തെ ഇനം
അല്ലാഹുവിനുമാത്രം ചേര്‍ന്ന നാമങ്ങളിലും ഗുണവിശേഷണങ്ങളിലും ആക്ഷേപമുന്നയിക്കുന്നവിധമുള്ള നിലപാടുകൾ തൗഹീദിന്റെ ലംഘനമാണ്.
അല്ലാഹു ചില സ്വിഫാത്തു(ഗുണവിശേഷണങ്ങള്‍)കൾ തന്റേതു മാത്രമായി സ്ഥാപിച്ചിരിക്കുന്നു. നബി(സ)യും അല്ലാഹുവിന്റെ ചില ഗുണവിശേഷണങ്ങള്‍ വിവരിച്ചിരിക്കുന്നു. അതുപോലെ അല്ലാഹുവും റസൂലും അല്ലാഹുവിന് ചില ഗുണവിശേഷണങ്ങള്‍ ചേരുകയില്ലെന്നു പഠിപ്പിച്ചിരിക്കുന്നു. അല്ലാഹുവോ നബി(സ)യോ അല്ലാഹുവിന് ചാര്‍ത്തിക്കൊടുത്ത ഗുണവിശേഷണങ്ങളെ നിഷേധിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്യുന്നത് സത്യനിഷേധപരമായ നടപടിയാണ്. അല്ലാഹുവുമായി ബന്ധപ്പെടുത്തി നബി(സ) നിഷേധിച്ച ഏതെങ്കിലും ഗുണം അല്ലാഹുവിനുണ്ടെന്ന് സ്ഥാപിക്കുന്നതും വിശ്വാസ ലംഘനമാണ്. ചുരുക്കത്തില്‍, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ നിഷേധിക്കുക എന്നത് രണ്ടുതരമുണ്ട്. അല്ലാഹുവിന് ഉണ്ടെന്ന് സ്ഥാപിതമായ ഗുണവിശേഷണങ്ങളെ നിഷേധിച്ച് സത്യനിഷേധിയാവുക (കുഫ്‌റ് നഫ് യ്), അല്ലാഹുവിന് ചേര്‍ന്നതല്ലെന്ന് അല്ലാഹുവും നബി(സ)യും എടുത്തുപറഞ്ഞ ഗുണവിശേഷണങ്ങളെ അവനില്‍ ആരോപിക്കുക (കുഫ്‌റ് ഇസ്ബാത്ത്)

കുഫ്‌റ് നഫ്‌യ
അല്ലാഹുവിന്റെ പൂര്‍ണമായ അറിവിനെയോ, ശക്തിയെയോ, ജീവിതത്തെയോ, നിയന്ത്രണാധികാരത്തെയോ, കേള്‍വിയേയോ, കാഴ്ചയെയോ, സിംഹാസനത്തില്‍ ഉപവിഷ്ഠനായതിനെയോ, അവന്റെ സംസാരത്തെയോ, കാരുണ്യത്തെയോ, മഹാപ്രഭാവത്തെയോ, മഹത്വത്തെയോ, ഖുര്‍ആനിലും സുന്നത്തിലും സ്ഥാപിതമായ മറ്റേതെങ്കിലും വിശേഷണങ്ങളെയോ നിഷേധിക്കുക വഴി സത്യനിഷേധിയായി മാറുക എന്നത്രെ 'കുഫ്‌റ് നഫ്്യി'ന്റെ വിവക്ഷ.

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെയും നാമങ്ങളെയും ന്യൂനീകരിക്കുന്ന വിധത്തിലോ, അവയുടെ പൂര്‍ണതക്ക് അതിരു നിശ്ചയിക്കുന്ന വിധത്തിലോ വ്യാഖ്യാനിക്കുന്നതും 'കുഫ്‌റ് നഫ്്യ്' തന്നെ. ഉദാഹരണമായി, അല്ലാഹുവിന്റെ അറിവിനെ അംഗീകരിക്കുന്ന ഒരാള്‍, അല്ലാഹുവിന് പ്രാപഞ്ചിക കാര്യങ്ങളെപ്പറ്റി മൊത്തത്തിലുള്ള അറിവേ ഉള്ളൂ, വിശദാംശങ്ങള്‍ അവന്നറിയില്ല എന്നോ, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ സൃഷ്ടികളുടേതിനു സമാനമാണ്, മനുഷ്യര്‍ കേള്‍ക്കുന്നതുപോലെയാണ് അല്ലാഹു കേള്‍ക്കുന്നത്, മനുഷ്യന്‍ കാണുന്നതുപോലെയാണ് അല്ലാഹു കാണുന്നത് എന്നെല്ലാം വാദിച്ചാല്‍ അതും 'കുഫ്‌റ് നഫ്്യ്' തന്നെ.

കുഫ്റ് ഇസ്ബാത്ത്
രണ്ടാമത്തെ ഇനമായ, അല്ലാഹുവോ നബി(സ)യോ അല്ലാഹുവിന് ചേര്‍ന്നതല്ലെന്ന് എടുത്തു പറഞ്ഞ ഏതെങ്കിലും ഒരുകാര്യം അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തുന്നത് 'കുഫ്‌റ് ഇസ്ബാത്ത്' ആകുന്നു. അല്ലാഹുവിന് സന്താനങ്ങളെ ആരോപിക്കുക, പെണ്‍മക്കളോ ഭാര്യയോ ഉണ്ടെന്ന് വാദിക്കുക, അല്ലാഹുവിന് മയക്കമോ ഉറക്കമോ അശ്രിതത്വമോ മരണമോ സംഭവിക്കുമെന്നു വിശ്വസിക്കുക മുതലായവയെല്ലാം ഉദാഹരണങ്ങളായി മനസ്സിലാക്കാം. മനുഷ്യര്‍ക്ക് ഉണ്ടാവാറുള്ള ഏതെങ്കിലും ന്യൂനത ആരോപിക്കുന്നതും തഥൈവ.

അല്ലാഹുവിനു മാത്രമുള്ള അതേ ഗുണങ്ങള്‍ തനിക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ ഉണ്ടെന്ന് സ്ഥാപിക്കുന്നതും കുഫ്‌റു തന്നെ. അത്തരം വാദങ്ങള്‍ അംഗീകരിക്കുന്നതും അതേ ഗണത്തിലാണ് വരിക. ഉദാഹരണമായി, അല്ലാഹു അറിയുന്നതുപോലെ ഞാന്‍ അറിയും, അല്ലാഹുവിന്റേതുപോലുള്ള യുക്തിജ്ഞാനം ഇന്നയാള്‍ക്കുണ്ട് എന്നാരെങ്കിലും വാദിച്ചാല്‍ അതോടെ അയാള്‍ സത്യനിഷേധിയാവും. ആ വാദത്തെ അംഗീകരിക്കുന്നവരും സത്യനിഷേധിയാവും. കാരണം, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നത് അല്ലാഹുവിനെ വിലകുറച്ചു കാണലാണ്. അല്ലാഹുവിനെയോ, അവന്റെ ഗുണവിശേഷണങ്ങളെയോ ഏതുതരത്തില്‍ ന്യൂനീകരിക്കുന്നതും സത്യനിഷേധം തന്നെ.

മൂന്നാമത്തെ ഇനം
അല്ലാഹു മാത്രമാണ് ഇബാദത്തിന് അര്‍ഹന്‍ എന്ന തൗഹീദുല്‍ ഉലൂഹിയ്യയെ ക്ഷതം വരുത്തുന്ന വിശ്വാസമോ, വാക്കോ പ്രവൃത്തിയോ ഉണ്ടാവുക. അല്ലാഹു മാത്രമാണ് ഇബാദത്തിന് അര്‍ഹന്‍ എന്നും അവന്‍ അല്ലാത്തവര്‍ ഇബാദത്തിന് അര്‍ഹരല്ലെന്നും സാക്ഷ്യപ്പെടുത്തുന്നതിന് തൗഹീദുല്‍ ഉലൂഹിയ്യ എന്നു പറയുന്നു. അല്ലാഹുവിന്റെ ഈ അവകാശത്തെ ഹനിക്കും വിധം വാക്കാലോ പ്രവൃത്തിയാലോ വിശ്വാസത്താലോ, അവയില്‍ ഏതെങ്കിലും കുറച്ചോ, അവനുമായി ചേരാത്തത് സ്ഥാപിച്ചോ, അവനുമാത്രം അവകാശപ്പെട്ടത് മറ്റുള്ളവര്‍ക്ക് സ്ഥാപിച്ചോ നിലപാട് സ്വീകരിച്ചാല്‍ അയാള്‍ സത്യനിഷേധിയായി, മതപരിത്യാഗിയായി.

ഏറ്റവും കൂടുതല്‍ സത്യനിഷേധവും മതപരിത്യാഗവും ഈ ഇനത്തിലാണ് നടക്കുന്നത്. പൗരാണികരും ആധുനികരുമായ ഭൂരിപക്ഷം ജനങ്ങളും അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും, റുബൂബിയ്യത്തിന്റെ സവിശേഷതകളായ ശക്തി, നിയന്ത്രണം, അന്നദാനം, ജീവിപ്പിക്കല്‍, മരിപ്പിക്കല്‍ മുതലായവ അല്ലാഹുവിന് സമ്മതിച്ചും സ്ഥാപിച്ചും കൊടുക്കുന്നുമുണ്ട്.

അല്ലാഹുവാല്‍ നിയോഗിതരായ നബിമാരുടെ പ്രബോധിത സമുദായങ്ങള്‍ അല്ലാഹുവാണ് സ്രഷ്ടാവ് എന്ന് അംഗീകരിച്ചിരുന്നതാണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്.
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُۖ
'ആരാണ് അവരെ സൃഷ്ടിച്ചതെന്ന് താങ്കള്‍ അവരോട് ചോദിച്ചാല്‍ അല്ലാഹു ആണെന്ന് അവര്‍ തീര്‍ച്ചയായും പറയും' (സുഖ്‌റുഫ് 87)
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ 
'ആരാണ് ആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍, തീര്‍ച്ചയായും അവര്‍ പറയും: അവയെ സൃഷ്ടിച്ചത് പ്രതാപിയും സര്‍വജ്ഞനുമായ (അല്ലാഹു) ആണെന്ന്' (സുഖ്‌റുഫ് 9).

മിക്ക സത്യനിഷേധികളും സത്യനിഷേധികളായത് അല്ലാഹുവിനുമാത്രം അവകാശപ്പെട്ട ഇബാദത്തിനെ നിഷേധിച്ചതു വഴിയാണ്. ഈ നിഷേധം ഹൃദയംഗമമായ നിഷേധമോ, അത് സൂചിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ആവാം. അല്ലാഹു അല്ലാത്തവര്‍ ഇബാദത്തിന്നര്‍ഹരാണെന്ന് ഹൃദയംഗമമായോ വിശ്വാസപരമായോ, അത് സൂചിപ്പിക്കുന്ന വാക്കായോ പ്രവൃത്തിയായോ സമ്മതിക്കുന്നതിലൂടെ അവര്‍ സത്യനിഷേധികളായി മാറുന്നു.

സത്യനിഷേധത്തിന്റെ ഈ ഇനം- തൗഹീദുല്‍ ഉലൂഹിയ്യത്തിന്റെ നിഷേധം- അതിന്റെ വക്താക്കളെ സത്യനിഷേധത്തിന്റെ രണ്ടിനങ്ങളിലും പ്രവേശിപ്പിക്കുന്നു. കാരണം അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്ത്രകനും എന്നും പൂര്‍ണതയുടെയും മഹത്വത്തിന്റെയും എല്ലാ വിശേഷണങ്ങളും അവനു മാത്രമാണെന്നും അംഗീകരിക്കുന്നയാള്‍, അല്ലാഹു മാത്രമാണ് നിരുപാധിക ഇബാദത്തിനും അടിമത്തത്തിനും അര്‍ഹനെന്നു കൂടി അംഗീകരിച്ചിരിക്കണം. അത് നിരാകരിക്കുകയും അല്ലാഹു അല്ലാത്തവര്‍ ഇബാദത്തു ചെയ്യപ്പെടുകയോ അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങള്‍ ആരാധിക്കപ്പെടുകയോ ചെയ്യുന്നതോടെ അല്ലാഹുവിന്റെ റുബൂബിയ്യത്ത് അംഗീകരിക്കുന്നു എന്നു വാദിക്കുന്നതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല.

സത്യവിശ്വാസി  സത്യനിഷേധിയാകുന്നതെപ്പോള്‍?
സ്വന്‍ആനി പറയുന്നു:
فمن شأن من أقرّ لله تعالى بتوحيد الرّبوبيّة أن يفرده بتوحيد العبادة فإذالم يفعل ذلك فالإقرار الأول باطل
'അല്ലാഹുവിന്റെ റുബൂബിയ്യത്തീ തൗഹീദ് അംഗീകരിക്കുന്നവര്‍ അവനുള്ള ഇബാദത്തിലെ തൗഹീദും അംഗീകരിച്ചിരിക്കണം. അതംഗീകരിക്കുന്നില്ലെങ്കില്‍ തൗഹീദുര്‍റുബൂബിയ്യത്ത് അംഗീകരിക്കുന്നത് നിഷ്ഫലമാണ്.'2
അതുകൊണ്ടുതന്നെ ദുന്‍യാവില്‍ അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നത് തൗഹീദുര്‍റുബൂബിയ്യ അംഗീകരിക്കുന്നുണ്ടോ എന്നു നോക്കിയല്ല, തൗഹീദുല്‍ ഉലൂഹിയ്യ (തൗഹീദുല്‍ ഇബാദ) അംഗീകരിക്കുന്നുണ്ടോ എന്നു നോക്കിയാണ്.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
'എനിക്ക് ഇബാദത്തു ചെയ്യാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടില്ല' (ദാരിയാത്ത് 56)
ഇത്രയും വിശദീകരിച്ചതില്‍നിന്ന് രണ്ടുകാര്യങ്ങള്‍' ലാഇലാഹ ഇല്ലല്ലാഹ്'യുടെ ലംഘനങ്ങളായി ഭവിക്കും എന്നു ഗ്രഹിക്കാം.
1. ഇബാദത്തിന്റെ ഇനങ്ങളില്‍ ഏതെങ്കിലുമൊന്നെങ്കിലും അല്ലാഹു അര്‍ഹിക്കുന്നില്ല എന്നു നിഷേധിക്കല്‍.
2. ഇബാദത്തു ചെയ്യപ്പെടാനുള്ള അര്‍ഹത ഏതെങ്കിലും ഒരു സൃഷ്ടിക്ക് വകവെച്ചു കൊടുക്കല്‍.

മേല്‍ രണ്ടിനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉള്‍ക്കൊള്ളുന്ന വിശ്വാസമോ നിലപാടോ അതുള്ളയാളെ സത്യനിഷേധിയാക്കും, മതപരിത്യാഗിയാക്കും. അല്ലാഹു അല്ലാതെ മറ്റാരും അര്‍ഹിക്കാത്ത ഇബാദത്തിന്റെ വിവക്ഷ പൂര്‍ണമായ വിധേയത്വവും കീഴൊതുക്കവും നിരുപാധികമായ അനുസരണവുമാണ്. സ്‌നേഹം, ഭയം, സഹായാര്‍ഥന, പ്രാര്‍ഥന, ഭരമേല്‍പിക്കല്‍, പ്രതീക്ഷ, റുകൂഅ്, സുജൂദ്, നോമ്പ്, ബലി, ത്വവാഫ്, ഭക്തി മുതലായവയും ഇബാദത്തില്‍ ഉള്ളടങ്ങിയിരിക്കും.

ഈയടിസ്ഥാനത്തില്‍, മേല്‍ ആശയങ്ങളിലുള്ള അല്ലാഹുവിന്റെ അര്‍ഹതയെയും അവകാശത്തെയും വാക്കാലോ പ്രവൃത്തിയാലോ വിശ്വാസത്താലോ നിരാകരിക്കുന്നയാള്‍ സത്യനിഷേധിയാവും. അല്ലാഹുവിനെ ഭയക്കേണ്ടതില്ല, വിളിച്ച് പ്രാര്‍ഥിക്കേണ്ടതില്ല, അവനോട് സഹായം തേടേണ്ടതില്ല, അവന് റുകൂഅ് ചെയ്യേണ്ടതില്ല, അവനില്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടതില്ല എന്നിത്യാദി വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നതും പറയുന്നതും സത്യനിഷേധമാണ്.

അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവരെ പരിഹസിക്കുന്നതും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവരെയും സഹായം തേടുന്നവരെയും നിസ്സാരന്മാരായി ഗണിക്കുന്നതും അല്ലാഹുവിന്നായി നമസ്‌കരിക്കുന്നതിനെയും നോമ്പു നോല്‍ക്കുന്നതിനെയും ത്വവാഫു ചെയ്യുന്നതിനെയും ഇസ് ലാമിക ശരീഅത്ത് ഇബാദത്തായി ഗണിക്കുന്ന ഏതെങ്കിലും പ്രവൃത്തിയെയും സംസാരത്തെയും പരിഹസിക്കുന്നതും സത്യനിഷേധമാണ്. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവെ പരിഹസിക്കുന്നതും ലാഘവവല്‍ക്കരിക്കുന്നതും അല്ലാഹു ഇത്തരം ഇബാദത്തുകള്‍ അര്‍ഹിക്കാത്തവനാണെന്ന വിശ്വാസത്തെ ഖണ്ഡിതമായി പ്രകടിപ്പിക്കലാണ്.

ഇതുപോലെത്തന്നെ അല്ലാഹു സൃഷ്ടികളുടെ അനുസരണം അര്‍ഹിക്കുന്നു, അവന്റെ കല്‍പനകള്‍ അനുസരിക്കപ്പെടേണ്ടതാണ്, അവന്റെ നിരോധങ്ങള്‍ വെടിയണം എന്നീ വക കാര്യങ്ങള്‍ നിഷേധിക്കുന്നതും സത്യനിഷേധപരമാണ്. അല്ലാഹുവിന്റെ നിയമസംഹിത അവന്റെ ഗ്രന്ഥമായ ഖുര്‍ആനില്‍ ഉള്ളടങ്ങിയിരിക്കുന്നു. അത് അവന്റെ ദൂതനെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. മേല്‍ നിയമ സംഹിത അനുസരണാര്‍ഹമല്ല, പ്രയോഗവല്‍ക്കരിക്കേണ്ടതില്ല, അഥവാ ഈ കാലത്തിനു പറ്റിയതല്ല മുതലായ വാദങ്ങള്‍ ഉന്നയിക്കുന്നത് സത്യനിഷേധമാണ്. കാരണം ഉലൂഹിയ്യത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ് കല്‍പനയും വിധിയും നിയമ നിര്‍മാണവും.
إِنِ الْحُكْمُ إِلَّا لِلَّهِۚ
'അല്ലാഹുവിനു മാത്രമെ വിധിയധികാരമുള്ളൂ' (യൂസുഫ് 40). മനുഷ്യരുടെ ബാധ്യതയായ അടിമത്തത്തിന്റെ സവിശേഷതയാണ് അനുസരണവും വിധേയത്വവും.
ഇതിനു വിപരീതമായി, അല്ലാഹു അല്ലാത്തവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇബാദത്ത് സ്ഥാപിച്ചു നല്‍കുന്നവരും സത്യനിഷേധികളാവും. അല്ലാഹു അല്ലാത്തവര്‍ ഇബാദത്ത് അര്‍ഹിക്കുന്നു എന്നു വാദിക്കുന്നതും, ഒരാള്‍ക്കുവേണ്ടി ഇബാദത്തു ചെയ്യാന്‍ വേണ്ടി കല്‍പിക്കുന്നതും സത്യനിഷേധപരമാണ്. ഈ നിര്‍ദേശത്തെ സത്യപ്പെടുത്തുന്നവരും തൃപ്തിപ്പെടുന്നവരും അത്തരം ഇബാദത്തുകള്‍ നിര്‍വഹിക്കുന്നവരും സത്യനിഷേധികള്‍ തന്നെ. ആളുകളോട് കല്‍പിച്ചില്ലെങ്കിലും അത്തരം ഇബാദത്തുകള്‍ നിര്‍വഹിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നതും സത്യനിഷേധമായി തന്നെയാണ് പരിഗണിക്കുക.

തന്നെ മറ്റുള്ളവര്‍ ഭയപ്പെടണം, തന്നോട് ആളുകള്‍ സഹായം ചോദിക്കണം, തന്നില്‍ ആളുകള്‍ ഭരമേല്‍പിക്കണം, തന്നില്‍ ആളുകള്‍ പ്രതീക്ഷയര്‍പ്പിക്കണം, തനിക്ക് സുജൂദ് ചെയ്യണം, റുകൂഅ് ചെയ്യണം, ജനങ്ങള്‍ തന്നോട് ഭക്തിപുലര്‍ത്തണം എന്നിത്യാദി അല്ലാഹുവിലേക്കല്ലാതെ ചേര്‍ത്തു വെക്കാവതല്ലാത്ത സമാനാശയങ്ങള്‍ ഇഷ്ടപ്പെടുന്നതും സത്യനിഷേധം തന്നെ.

(അല്ലാഹുവിനല്ലാതെ കഴിയാത്ത, അദൃശ്യമാര്‍ഗത്തിലൂടെയുള്ള ഭയവും പ്രാര്‍ഥനയും സഹായാര്‍ഥനയും മറ്റുമാണ് ഇവിടെ വിവക്ഷ. മനുഷ്യര്‍ക്ക് കഴിയുന്ന തരത്തിലുള്ള കാര്യങ്ങളില്‍ ഇത് ബാധകമല്ല. ഉദാഹരണമായി, ജയില്‍ശിക്ഷാ ഭീഷണി നേരിടുന്ന ഒരാള്‍ അതില്‍നിന്നു രക്ഷനേടാന്‍ തന്റെ സുഹൃത്തിനോട് ഭൗതിക സഹായം തേടുക പോലുള്ളവ ഈ നിരോധിത ഗണത്തില്‍ വരില്ല.)

നിയമ നിര്‍മാണം
അല്ലാഹു അനുവാദം നല്‍കിയിട്ടില്ലാത്ത മേഖലയില്‍ ഭരണാധികാരി എന്ന നിലയില്‍ ഒരാള്‍ക്ക് നിയമനിര്‍മാണമാവാം എന്ന് വാദിക്കുന്നതും സത്യനിഷേധപരമാണ്. ഹറാമുകള്‍ ഹാലാലാക്കുന്നതും ഹലാലുകള്‍ ഹറാമാക്കുന്നതും പലിശയും വ്യഭിചാരവും നഗ്നതാ പ്രദര്‍ശനവും അനുവദിക്കുന്ന വിധം ഖുര്‍ആനിലും സുന്നത്തിലും നിശ്ചയിച്ച ശിക്ഷകളെ ഭേദഗതി ചെയ്യുന്നതും സകാത്ത്, അനന്തരാവകാശം, പ്രായശ്ചിത്തങ്ങള്‍, ഇബാദത്തുകള്‍ മുതലായവയുടെ അളവും തരവും മാറ്റുന്നതുമെല്ലാം അല്ലാഹുവിന്റെ നിയമനിര്‍മാണാവകാശങ്ങളില്‍ ഇടപെടലാണ്.

ഇത്തരം ത്വാഗൂത്തുകളില്‍ വിശ്വസിക്കുന്നതും അവര്‍ക്ക് ദിവ്യത്വത്തിന്റെ അവകാശങ്ങള്‍ സമ്മതിച്ചുകൊടുക്കുന്നതും സത്യനിഷേധപരമാണ്. അല്ലാഹു പറയുന്നു: وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَۖ 'തീര്‍ച്ചയായും എല്ലാ സമുദായങ്ങളിലും നിങ്ങള്‍ അല്ലാഹുവിന് ഇബാദത്തു ചെയ്യുക, ദൈവേതരശക്തിയെ -ത്വാഗൂത്തിനെ- വെടിയുക എന്ന സന്ദേശവുമായി നാം ദൂതനെ അയച്ചിരിക്കുന്നു (നഹ്്ല്‍ 36)
 فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَاۗ وَاللَّهُ سَمِيعٌ عَلِيمٌ
'അതിനാല്‍, ആരെങ്കിലും ത്വാഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ അറ്റുപോകാത്ത ബലിഷ്ഠമായ പാശം മുറുകെ പിടിച്ചിരിക്കുന്നു. അല്ലാഹു സര്‍വജ്ഞനും സര്‍വശ്രോതാവുമാകുന്നു' (ബഖറ 256) ബലിഷ്ഠപാശം എന്നതിന്റെ വിവക്ഷ 'ലാഇലാഹ ഇല്ലല്ലാഹു' എന്നത്രെ. അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്തിന്റെ എല്ലാ ഇനങ്ങളും നിഷേധിക്കുകയും അവയത്രയും പങ്കുകാരനില്ലാത്ത അല്ലാഹുവിനു മാത്രമായി സ്ഥാപിക്കുകയുമാണ് അതിന്റെ വിശാല താല്‍പര്യം.3

മേല്‍ തത്വപ്രകാരം, ഏതെങ്കിലും ഭരണാധികാരി ഖുര്‍ആനിലും സുന്നത്തിലും സ്ഥാപിതമായവയ്ക്കു വിരുദ്ധമായി നിയമനിര്‍മാണം നടത്തി ഹലാലുകള്‍ ഹറാമാക്കുകയോ, ഹറാമുകള്‍ ഹലാലാക്കുകയോ ചെയ്താല്‍ അയാള്‍ സത്യനിഷേധിയായി. കാരണം, ജനങ്ങള്‍ക്ക് വേണ്ടി സ്വതന്ത്ര നിയമാവിഷ്‌കാരം നടത്തുന്നതിലൂടെ ഇസ്്ലാമിക ശരീഅത്തില്‍നിന്ന് തനിക്ക് പുറത്ത് കടക്കാനാകുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വസിക്കുന്നവര്‍ സത്യനിഷേധികളുടെ ഗണത്തിലാണ് പെടുക.4

പ്രമാണങ്ങള്‍ കൈകാര്യം ചെയ്തവയിൽ അവയ്ക്കനുസൃതമായും കൈകാര്യം ചെയ്യാത്തവയിൽ മൗലിക തത്വങ്ങൾക്ക് വിരുദ്ധമാകാതെയും നിയമാവിഷ്കാരമാവാം. പണ്ഡിതന്മാര്‍ വ്യത്യസ്താഭിപ്രായങ്ങള്‍ രൂപവത്കരിക്കുന്ന വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന് വിലക്കില്ല.
ഇസ് ലാമിക ശരീഅത്തു പ്രകാരം ഹറാമെന്ന് ഏകോപിതാഭിപ്രായമുള്ള പലിശ, വ്യഭിചാരം പോലുള്ളവ അനുവദനീയമായി ആരെങ്കിലും നടപ്പിലാക്കിയാല്‍ അയാള്‍ സത്യനിഷേധിയാവും. അതേസമയം, നിയദാതാവായ അല്ലാഹു കൈയാളിയിട്ടില്ലാത്ത ഗതാഗത നിയമം, വിലനിലവാരം നിശ്ചയിക്കുക പോലുള്ളവ ഒരു ഭരണാധികാരി നടപ്പാക്കുന്നത് സത്യനിഷേധപരമല്ല. ചില പണ്ഡിതന്മാര്‍ അനുവദിക്കുന്നില്ല എന്നതിന്റെ പേരില്‍ വിലനിലവാര നിര്‍ണയം പാടില്ല എന്നു പറയാവതല്ല. കാരണം, അത്തരം കാര്യങ്ങള്‍ ഇജ്തിഹാദീപരമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
ദൈവേതര ഭരണാധികാരികള്‍ക്ക് നിയമനിർമാണത്തിന് അവകാശങ്ങളുണ്ടെന്ന് സമ്മതിച്ചു നല്‍കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ സത്യനിഷേധികളാവും. അത്തരം വിധികള്‍ തേടുന്നതും ഇസ് ലാമില്‍ അനിവാര്യമായും ഉള്ളതെന്ന് ബോധ്യമുള്ളവക്ക് വിരുദ്ധമായ നിയമങ്ങള്‍ തേടിപ്പോകുന്നതും സത്യനിഷേധപരം തന്നെ. അല്ലാഹു പറയുന്നു:
أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
'താങ്കള്‍ക്ക് അവതീര്‍ണമായതിലും താങ്കള്‍ക്ക് മുമ്പ് അവതീര്‍ണമായതിലും വിശ്വസിക്കുന്നു എന്ന് വാദിക്കുന്നവര്‍ ദൈവേതര ശക്തിയിലേക്ക് വിധിതേടിപ്പോകുന്നത് താങ്കള്‍ കണ്ടില്ലെ? അവരാകട്ടെ, അതില്‍ -ത്വാഗൂത്തില്‍- അവിശ്വസിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പിശാച് അവരെ വളരെ വിദൂരത്തില്‍ വഴികേടിലാക്കാന്‍ ഉദ്ദേശിക്കുന്നു' (നിസാഅ് 60).

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُۚ
'ദീനില്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ലാത്തത് നിയമമാക്കാന്‍ അവര്‍ക്ക് പങ്കാളികളുണ്ടോ?' (ശൂറാ 21).

നാലാമത്തെ ഇനം
നബി(സ)ക്ക് അല്ലാഹു നല്‍കിയ പ്രവാചകത്വ ദൗത്യത്തെ ഏതെങ്കിലും തരത്തില്‍ ഊനം വരുത്തുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും ഇസ്്ലാമിന്റെ ലംഘനമാണ്. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ് എന്നതിന്റെ നിരാകരണമാണ്. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്റെ സാക്ഷാല്‍ വിവക്ഷ, നബി(സ)യില്‍നിന്ന് സ്ഥാപിതമായവയെല്ലാം സത്യമാണെന്ന് സമ്മതിക്കലാണ്. ദൗത്യം നിര്‍വഹിക്കുന്നതിന് അവ തികവാര്‍ന്നും സമ്പൂര്‍ണമായും ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കാൻ സഹായകമായ സര്‍വഗുണങ്ങളാലും അല്ലാഹു അദ്ദേഹത്തെ അലങ്കരിച്ചിരിക്കുന്നു. ഇത്രയും വിശദീകരിച്ചതില്‍നിന്ന് രണ്ടു കാര്യങ്ങള്‍ രണ്ടാമത്തെ ശഹാദത്തു കലിമയുടെ ലംഘനമാണെന്നു മനസ്സിലാക്കാം:
1. നബി(സ)യെ ഏതെങ്കിലും തരത്തില്‍ ആക്ഷേപിക്കല്‍
2. തന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനായി അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കെ, അതിനു വിരുദ്ധമായി, അദ്ദേഹം അറിയിച്ചു തന്നവയില്‍ ഏതെങ്കിലും ചിലതിനെയെങ്കിലും നിഷേധിക്കല്‍. അതുവഴി നബി(സ)യുടെ സത്യതയെയോ വിശ്വസ്തതയെയോ പാതിവ്രത്യത്തെയോ ബൗദ്ധിക ക്ഷമതയെയോ മറ്റോ കുറ്റപ്പെടുത്തുന്ന എല്ലാവരും സത്യനിഷേധികളാവും. അതുപോലെ നബി(സ)യെ ചീത്തപറയുകയോ, പരിഹസിക്കുകയോ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രവൃത്തിയെയോ നിസ്സാരമായി ഗണിക്കുകയോ ചെയ്യുന്നതും സത്യനിഷേധപരം തന്നെ. മരണാനന്തര പുനരുത്ഥാനം, വിചാരണ, കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുന്ന ത്രാസ്, നരകത്തിനുള്ള മുകളിലെ പാലം, സ്വര്‍ഗ-നരകങ്ങള്‍ മുതലായ നബി(സ) അറിയിച്ചു തന്ന അദൃശ്യ കാര്യങ്ങള്‍ നിഷേധിക്കുന്നത് രണ്ടാമതു പറഞ്ഞതിന്റെ പരിധിയില്‍ വരുന്നതാണ്.

ഇതുപോലെ, ഖുര്‍ആനില്‍ നിന്നുള്ള ഏതെങ്കിലും നിഷേധിക്കുന്നവരും സത്യനിഷേധികളാവും5 കാരണം ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും അല്ലാഹുവിന്റെ വചനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു തന്നതാണ്. അതിലെ ഏതെങ്കിലും നിഷേധിക്കുന്നയാള്‍ ഫലത്തില്‍ അദ്ദേഹത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആനിലെയോ സുന്നത്തിലെയോ സ്ഥാപിത വിധികളില്‍ ഏതെങ്കിലും ഒന്ന് നിരാകരിക്കുന്നയാളും സത്യനിഷേധി തന്നെ.

ഉദാഹരണമായി, നമസ്‌കാരവും സകാത്തും നിര്‍ബന്ധമാണ് എന്നതോ, മോഷണവും വ്യഭിചാരവും നിഷിദ്ധമാണ് എന്നതോ നിഷേധിക്കുക, ഏതെങ്കിലും നമസ്‌കാരത്തില്‍ റക്അത്തുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നോ വുദു ഇല്ലാതെയും നമസ്‌കാരം അനുവദനീയമാണെന്നോ വാദിക്കുന്നതുമെല്ലാം ഇസ്്ലാമില്‍നിന്നു പുറത്തു പോകുന്ന നടപടികളാണ്.

അതേസമയം, ഇസ്്ലാമില്‍ അത്ര അറിയപ്പെടാത്തതോ പണ്ഡിതന്മാര്‍ക്ക് മാത്രം അറിയുന്നതോ ആയ ഒരു കാര്യം നിഷേധിക്കുന്നവര്‍ക്ക് ഒഴികഴിവുണ്ടായിരിക്കും. ഏകോപിതമല്ലാത്തതും ഇജ്തിഹാദിലൂടെ രൂപപ്പെട്ടതുമായ ഒരു വിധിയെ നിഷേധിച്ചതിന്റെ പേരിലും സത്യനിഷേധിയാവുകയില്ല.
ഇമാം നവവി എഴുതുന്നു:
 وكذلك الامر فى كل من انكر شيئا مما اجتمعت الامة عليه من أمور الدين اذا كان علمه منتشرا كالصلوات الخمس وصوم شهر رمضان الاغتسال من الجنابة وتحريم الزنا والخمر ونكاح ذوات المحارم ونحوها من الاحكام، الا أن يكون حديث عهد بالاسلام ولا يعرف حدوده، فانه اذا انكر شيئا منها جهلا به لم يكفر ..... فأما ما كان الاجماع فيه معلوما من طريق علم الخاصة كتحريم نكاح المرأة وعمتها وخالتها وأن القاتل عمدا لا يرث وأن للجدة السدس وما أشبه ذلك من الاحكام، فان من أنكرها لا يكفر بل يعذر فيها لعدم استفاضة علمها فى العامة 
'അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍, റദമാനിലെ നോമ്പ്, വലിയ അശുദ്ധിയില്‍നിന്ന് കുളി, വ്യഭിചാരം, മദ്യം, വിവാഹം നിഷിദ്ധമായവരുമായുള്ള വിവാഹം മുതലായവയുടെ നിഷിദ്ധത എന്നിവ സംബന്ധിച്ച് മുസ് ലിംകള്‍ക്കിടയില്‍ ഏകോപിതമായ ധാരണ ഉണ്ടായിരിക്കെ അവ നിഷേധിക്കുന്നത് സത്യനിഷേധപരമാണ്. അതേസമയം, ഇസ്്ലാമിലേക്ക് അടുത്തകാലത്തുമാത്രം വന്നതുകാരണം അതിലെ നിയമപരിധികള്‍ അറിയാത്തവര്‍ ഈ ഇനത്തില്‍പ്പെട്ടവ അറിവില്ലായ്മ കാരണം നിരാകരിച്ചാല്‍ സത്യനിഷേധിയാവില്ല.... ഒരു സ്ത്രീയെയും അവരുടെ മാതൃസഹോദരിയെയും പിതൃസഹോദരിയെയും വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്നും, മനഃപൂര്‍വം കൊല നടത്തിയ ആള്‍ അനന്തരാവകാശത്തിനര്‍ഹനല്ലെന്നും പിതാമഹിക്ക് അനന്തരസ്വത്തില്‍ ആറിലൊന്നിന് അവകാശമുണ്ടെന്നതും പോലെ സമൂഹത്തിലെ സവിശേഷ വിഭാഗങ്ങള്‍ക്കിടയില്‍ ഏകോപിതാഭിപ്രായമുള്ളവ(ഇജ്മാഅ്) സാധാരണക്കാര്‍ക്കിടയില്‍ പ്രചുരമല്ലാത്തതിനാല്‍ അവ നിഷേധിക്കുന്ന സാധാരണക്കാർ നിഷേധികളാവില്ല.6
ഖുര്‍ആനിലെ ഏതെങ്കിലും സൂക്തമോ, അദൃശ്യകാര്യമോ ഖുര്‍ആന്‍ പരാമര്‍ശിച്ച് സംഭവിച്ചു കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും ഒരു കാര്യമോ നിരാകരിക്കുന്നതും സത്യനിഷേധത്തിനു കാരണമാവും.

നബി(സ)യുടെ മുമ്പ് അല്ലാഹു നബിമാരെ അയച്ചിരുന്നു എന്നതിനെയോ മുന്‍കാലനബിമാരുടെ ചരിത്രകഥകളെയോ പ്രപഞ്ചോല്‍പത്തിയുടെ രൂപാന്തരത്തെക്കുറിച്ച് അല്ലാഹു നല്‍കിയ വിവരണത്തെയോ, ജിന്ന്, ശൈത്വാന്‍, അല്ലാഹുവിന്റെ സിംഹാസനം, ലൗഹ്, ഖലം എന്നിവയെയോ ഖുര്‍ആന്‍ സ്ഥാപിച്ച ചരിത്ര വ്യക്തിത്വങ്ങളെയോ, ഖുര്‍ആന്‍ നബിമാര്‍, ദൂതന്മാര്‍ എന്നു പരിചയപ്പെടുത്തിയവരുടെ പ്രവാചകത്വത്തെയോ ദൗത്യത്തെയോ നിഷേധിക്കുന്നത് കുഫ്‌റിലേക്ക് നയിക്കുന്ന നടപടിയും നിലപാടുമാണ്. അതുപോലെ, ദൂതന്മാരെയും നബിമാരെയും കുറിച്ച് അവര്‍ക്ക് ചേരാത്തവിധം ആക്ഷേപിക്കുക, പേരെടുത്തു പറഞ്ഞിട്ടില്ലാത്ത നബിമാര്‍ വേറെയുമുണ്ടെന്ന് അല്ലാഹു വിശദീകരിച്ചിരിക്കെ അക്കാര്യം നിഷേധിക്കുക മുതലായവയും സത്യനിഷേധത്തിലേക്ക് വഴി തെളിയിക്കും. അല്ലാഹുവാലും അനുഭവ യാഥാര്‍ഥ്യത്താലും സ്ഥാപിതമായ ഖുര്‍ആന്റെ അമാനുഷികത ചോദ്യം ചെയ്യുന്നതും മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞിരിക്കെ നബി(സ)യുടെ ശേഷവും പ്രവാചകന്മാര്‍ വരാനുണ്ടെന്ന് വാദിക്കുന്നതും കുഫ്‌റിന്റെ വാതില്‍ തുറക്കലാണ്..

കുറിപ്പുകൾ

1.  العقيدة الطحاويّة ص 250،251،252
تطهير الاعتقاد  ص9  2
3. رسالة محمّد بن عبد الوهّاب الجامع الفريد ص 266
4. نواقض الإسلام، محمد بن عبد الوهّاب، الجامع الفريد ص 278
5. شرح ملا عليّ القارى على الفقه الأكبرص 167
6. شرح النووى على صحيح مسلم ج 1 ص 205

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top