ജൂത-ക്രൈസ്തവ മതങ്ങള്‍; ഇസ്‌ലാമിക വീക്ഷണത്തില്‍
ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവി
ആദരണീയനായ ശൈഖ് ഖറദാവിക്ക്, താങ്കളുടെ ഒരഭിപ്രായത്തിന് മറുപടിയായി ഖത്തറില്‍ നിന്നിറങ്ങുന്ന 'അല്‍ വത്വന്‍' എന്ന പത്രത്തില്‍ 'സറാബുന്‍ ഹാഫിദ്' എന്ന നാമത്തില്‍ ഒരാളുടെ ലേഖനം കണ്ടു. ക്രിസ്ത്യാനികളും ജൂതരും കാഫിറുകളാണ് എന്ന താങ്കളുടെ അഭിപ്രായത്തെ ഖണ്ഡിക്കുന്ന ഈ ലേഖകന് താങ്കളുടെ മറുപടി എന്താണ്? അദ്ദേഹത്തിന്റെ മുഖ്യമായ പോയിന്റുകള്‍ താഴെ ചേര്‍ക്കാം:
-ഖുര്‍ആനിലും വിശുദ്ധ നബിചര്യയിലും ഈമാന്‍ (വിശ്വാസം) എന്നതിന്റെ അടിസ്ഥാന താല്‍പര്യം, ഇബ്‌റാഹീമിന്റെ മാതൃകയനുസരിച്ചുള്ള ദൈവവിശ്വാസവും പരലോക വിശ്വാസവുമാണ്. കുഫ്ര്‍ (അവിശ്വാസം) എന്നാല്‍ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ നേര്‍ വിപരീതമാണ്. ബഹുദൈവത്വവും അവിശ്വാസത്തിന്റെ ഇനത്തില്‍ പെടുന്നു. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്നതിന് ധാരാളം ഖുര്‍ആനിക സൂക്തങ്ങള്‍ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്നു: മുഹമ്മദ് നബിയുടെ അനുയായികളോട് അല്ലാഹു കല്‍പിച്ചിരിക്കുന്നത്, വിശുദ്ധ ഖുര്‍ആനിന് മുമ്പേ മനുഷ്യരാശിക്ക് ബോധനം നല്‍കപ്പെട്ട ശരീഅത്തുകളിലെല്ലാം വിശ്വസിക്കണമെന്നാണ്. അതവര്‍ക്ക് ബോധ്യമായ കാര്യവുമാണ്. ഖുര്‍ആന്റെ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും മുന്‍കാല പ്രവാചകന്മാരുടെ സംഭവ കഥനങ്ങളിലാണ് ഊന്നിയിട്ടുള്ളത്. വിശിഷ്യാ, ഇബ്‌റാഹീമിന്റെയും മൂസായുടെയും ഈസായുടെയും കഥകളിലും അവര്‍ക്ക് ഇറങ്ങിയ തൗറാത്ത്, ഇഞ്ചീല്‍ എന്നീ വേദഗ്രന്ഥങ്ങളിലും.
മുന്‍കാല ശരീഅത്തുകളില്‍ വിശ്വസിക്കുന്നവരെ അവര്‍ക്ക് ശേഷം അവതീര്‍ണമായ ശരീഅത്തുകളില്‍ വിശ്വസിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല എന്നത് ബുദ്ധിയുടെ താല്‍പര്യമാണ്. അഥവാ, വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുകയെന്നത് അവരുടെ കഴിവിന്നതീതമാണ്. ഖുര്‍ആനിലെ കഥകളും വിധികളുമെല്ലാം അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലല്ലോ. 'അഹ്മദ്' എന്ന പ്രവാചകന്റെ നിയോഗത്തെക്കുറിച്ച സുവാര്‍ത്ത മാത്രമാണവയിലുള്ളത്.
ഖുര്‍ആന്‍ എല്ലാ സമുദായത്തോടും ആവശ്യപ്പെടുന്നത്, അവരുടെ ശരീഅത്തില്‍ വന്ന നിയമങ്ങളും വിധികളുമനുസരിച്ച് ജീവിക്കാനാണ്; ഖുര്‍ആനിക ശരീഅത്ത് അവര്‍ക്ക് തൃപ്തികരമല്ലെങ്കില്‍. അല്ലാഹു തന്റെ പ്രവാചകനോട് പറയുന്നു:
''നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചിരിക്കുന്നു. അതിന് മുമ്പുള്ള വേദങ്ങളെ ശരിവെക്കുകയും അതിനെ കാത്തുരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുക. നിനക്ക് വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിമയവ്യവസ്ഥയും കര്‍മസരണിയും നിശ്ചയിച്ചു തന്നിട്ടുണ്ട്.'' (മാഇദ: 48)
അല്ലാഹു പറയുന്നു: പറയുക, വേദക്കാരെ! തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും നിലനിര്‍ത്തുവോളം നിങ്ങളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല്‍ നിനക്ക് നിന്റെ നാഥങ്കല്‍നിന്ന് അവതരിച്ചു കിട്ടിയ സന്ദേശം അവരില്‍ ഏറെ പേരിലും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുകയാണുണ്ടായത്. അതിനാല്‍ സത്യനിഷേധികളായ ജനത്തെച്ചൊല്ലി നീ ദുഃഖിക്കേണ്ടതില്ല. (മാഇദ: 68)
ഈ സൂക്തം വേദക്കാരോട് ആവശ്യപ്പെടുന്നത്, തൗറാത്തും ഇഞ്ചീലും നിലനിര്‍ത്താനും അവ രണ്ടിലും പറയുന്നത് പ്രകാരം വിധി കല്‍പ്പിക്കാനുമാണ്; മുഹമ്മദ് നബിക്കവതീര്‍ണമായ ഖുര്‍ആനിക ശരീഅത്ത് പിന്തുടരാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍.
ഇഞ്ചീലില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്ന കാര്യത്തിലും ലേഖകന്‍ സംശയം ജനിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഇനി വാദത്തിന് വേണ്ടി അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ, മുന്‍ഗാമികള്‍ ചെയ്ത പാപത്തിന് ഒരു ക്രിസ്ത്യാനിയെ അല്ലാഹു ശിക്ഷിക്കുമോ?' അദ്ദേഹം തുടരുന്നു: 'വേദക്കാരും കാഫിറുകളോ മുശ്‌രിക്കുകളോ ആണെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം പൊതുവായി വിധി പറയുമ്പോള്‍, അവരെയും മറ്റു അവിശ്വാസികളെയും ബഹുദൈവവിശ്വാസികളെയും ഒരേ പദവിയില്‍ വെക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാം അവര്‍ക്ക് പ്രത്യേക പദവി നല്‍കിയിട്ടുണ്ട് എന്നതൊന്നും അവിടെ പരിഗണിക്കപ്പെടുന്നില്ല. ഇത് തീവ്രവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ന്യായമായിത്തീരുകയും ക്രൈസ്തവ സഹോദരങ്ങള്‍ക്കെതിരെ വംശീയ സംഘട്ടനത്തിന് നീതീകരണം നല്‍കുകയും ചെയ്യും.' സങ്കുചിത വീക്ഷകരായ മുസ്‌ലിംകള്‍ ഈ ഖുര്‍ആന്‍ സൂക്തം അവര്‍ക്കും ബാധകമാക്കും. 'അങ്ങനെ യുദ്ധനിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്‍മസ്ഥാനങ്ങളിലും അവര്‍ക്കായി പതിയിരിക്കുക. ഇനി, അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ വഴിക്ക് വിടുക.'' (തൗബ: 5)
അദ്ദേഹം തുടരുന്നു: ''ജൂതരെയും ക്രൈസ്തവരെയും അവിശ്വാസികളും ബഹുദൈവവിശ്വാസികളുമായി പരിഗണിക്കുമ്പോള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം ഒരു വലിയ ചോദ്യചിഹ്നം അഭിമുഖീകരിക്കുന്നു. മുസ്‌ലിംകള്‍ കാഫിറുകളും ബഹുദൈവവിശ്വാസികളുമായി വൈവാഹിക ബന്ധം നിഷിദ്ധമാക്കുകയും വേദക്കാരുടെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നുവല്ലോ. അല്ലാഹു പറയുന്നു: ''ബഹുദൈവവിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത് അവര്‍ വിശ്വസിക്കുന്നത് വരെ. വിശ്വാസിനിയായ ഒരടിമയാണ് ബഹുദൈവ വിശ്വാസിനിയെക്കാള്‍ ഉത്തമം. അവള്‍ നിങ്ങളെ ആകര്‍ഷിക്കുന്നുവെങ്കിലും. അവിശ്വാസികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്യരുത്. വിശ്വാസിയായ ഒരടിമയാണ് അവിശ്വാസിയേക്കാള്‍ ഉത്തമം, അയാള്‍ നിങ്ങളെ ആകര്‍ഷിച്ചുവെങ്കിലും. അവര്‍ നരകത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. അല്ലാഹു തന്റെ അനുമതിയോടെ സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് ക്ഷണിക്കുന്നത്. അവന്റെ ദൃഷ്ടാന്തങ്ങളെ ജനങ്ങള്‍ക്ക് വ്യക്തമാക്കുകയും ചെയ്യുന്നു. അവര്‍ ബോധവാന്മാരാകുന്നതിന്'' (അല്‍ബഖറ).
ഇവയാണ് ലേഖകന്‍ പറഞ്ഞ മുഖ്യപോയിന്റുകള്‍. ലേഖനം മുഴുവനായി താങ്കള്‍ക്കയക്കുന്നു.
മറുപടി:
എന്റെ ഒന്നിലേറെ കൃതികളില്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയ ഏറ്റവും അപകടകരമായ പ്രശ്‌നങ്ങളില്‍ പെട്ടതാണ്, ഇസ്‌ലാമിലെ സുസമ്മതമായ കാര്യങ്ങളില്‍ സംശയം ജനിപ്പിക്കാനുള്ള എതിരാളികളുടെ കുല്‍സിത ശ്രമങ്ങള്‍. ഖണ്ഡിതമായ കാര്യങ്ങളെ സംശയാസ്പദമാക്കാനും തള്ളാനും കൊള്ളാനും പറ്റുന്നതാക്കാനും അവര്‍ അത്യധ്വാനം ചെയ്യുന്നു. സമുദായത്തിന്റെ ഭദ്രമായ കോട്ടകളെ തകര്‍ക്കുകയോ അതില്‍ വിള്ളല്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍, സ്ഥിരപ്പെട്ട അടിത്തറകളില്‍ ഇളക്കം സൃഷ്ടിച്ചുകൊണ്ട് അതിന്റെ ഭദ്രത തകര്‍ക്കുകയാണവരുടെ ലക്ഷ്യം. മദ്യപാനവും പലിശയും നിഷിദ്ധമാക്കിയതില്‍ സംശയം ജനിപ്പിക്കുക, വിവാഹമോചനം, സോപാധികബഹുഭാര്യാത്വം എന്നിവ അനുവദിച്ചതിനെ ചോദ്യം ചെയ്യുക, പ്രവാചക ചര്യയുടെ പ്രാമാണികത നിഷേധിക്കുക, എന്തിനേറെ, ഉലൂമുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ വിജ്ഞാനശാസ്ത്രം) മുഴുവന്‍ തള്ളിക്കളയാനും സാംസ്‌കാരിക പൈതൃകങ്ങളെയെല്ലാം ചവറ്റുകൊട്ടയിലെറിയാനും ആഹ്വാനം ചെയ്യുന്നവരെ പോലും നമുക്ക് കാണാം. എങ്കിലല്ലേ വിശുദ്ധ ഖുര്‍ആനെ നിരുപാധികം വ്യാഖ്യാനിക്കാനും നൂറ്റാണ്ടുകളായി സമുദായത്തിലെ പണ്ഡിതന്മാര്‍ അംഗീകരിച്ചുപോന്ന നിയമ വ്യവസ്ഥകളും അടിത്തറകളും പൊളിച്ചുകൊണ്ട് ഖുര്‍ആന്റെ സമകാലിക വായന സാധ്യമാവുകയുള്ളൂ.
ഇസ്‌ലാമിക സംസ്‌കൃതിയിലേക്ക് ബലം പ്രയോഗിച്ചു കടന്ന ചിലരുണ്ട്. ഖുര്‍ആന്‍, നബിചര്യ, അറബി ഭാഷാ വിജ്ഞാനീയങ്ങള്‍, ഉസ്വൂലുല്‍ ഫിഖ്ഹ്- എന്നിവയെക്കുറിച്ചൊന്നും ഒരു ധാരണയും അവര്‍ക്കുണ്ടാകില്ല. അങ്ങനെ അറിയാത്ത മേഖലയിലേക്കവര്‍ നുഴഞ്ഞുകയറുകയും വിവരമില്ലാതെ മതവിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ജൂതരും ക്രൈസ്തവരുമൊന്നും കാഫിറുകളല്ല എന്ന വാദം ഈയിനത്തില്‍ പെട്ടതാണ്. യഹൂദരും ക്രൈസ്തവരും അന്യത്വത്തെയും അന്യബോധനത്തെയും നിഷേധിക്കുന്നവരല്ല എന്നാണ് ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ വാദം ശരിയാണെന്ന് പറയാം. മുഹമ്മദ് നബിയുടെ മതത്തെയും ദൗത്യത്തെയും ഖുര്‍ആനിനെയും നിഷേധിക്കുന്നവരല്ല എന്നാണവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇത് തീര്‍ത്തും അബദ്ധ ജഢിലമാണ്.
ഇസ്‌ലാമിനെക്കുറിച്ച് നേരിയ അറിവുള്ള ആര്‍ക്കും ജൂതരും ക്രിസ്ത്യാനികളും കാഫിറുകളാണെന്നത് സുതരാം സുവ്യക്തമാണ്. മുസ്‌ലിം സമുദായം ഒന്നടങ്കം എക്കാലത്തും അതില്‍ ഏകോപിച്ചിട്ടുണ്ട്. സുന്നി, ശീഈ, മുഅ്തസിലി, ഖാരിജി മുതല്‍ സൈദികളും ജഅ്ഫരികളും ഇബാദികളും വരെ അതില്‍ ഭിന്നിക്കുകയോ സംശയിക്കുകയോ ചെയ്യുന്നില്ല. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവന്‍ കാഫിറാണെന്നത് തെളിവുകള്‍ ആവശ്യമില്ലാത്ത വിധം ദീനില്‍ അറിയപ്പെട്ട അനിവാര്യ വസ്തുതയാണ്. അതിനു കാരണം, ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും അവിശ്വാസത്തിന് ഒരു സൂക്തമോ രണ്ടു സൂക്തമോ പത്ത് സൂക്തങ്ങളോ ഇരുപത് സൂക്തങ്ങളോ അല്ല തെളിവ്. ഖുര്‍ആനിലെ ദശക്കണക്കില്‍ സൂക്തങ്ങളും പ്രവാചകന്റെ ദശക്കണക്കില്‍ മൊഴികളും അതിന് തെളിവാണ് എന്നതത്രെ. ഖുര്‍ആന്‍ പാരായണം ചെയ്യുകയോ നബി വചനങ്ങള്‍ പഠിക്കുകയോ ചെയ്തവര്‍ക്കെല്ലാം അതറിയാം. ദൈവിക ഗ്രന്ഥത്തിന്റെ സുവ്യക്തമായ ആശയത്തെയും ഖണ്ഡിതമായ തെളിവുകളെയും സ്വന്തം ഇഛാനുസാരം ഒരു മുസ്‌ലിം എതിര്‍ക്കുമെന്ന് ഞാനൊട്ടും ധരിച്ചിരുന്നില്ല.
അവര്‍ കാഫിറുകളാണെന്ന് പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത് ഐഹിക നിയമങ്ങളെ സംബന്ധിച്ചേടത്തോളം മാത്രമാണ്. നമ്മെ സംബന്ധിച്ചേടത്തോളം ജനങ്ങള്‍ രണ്ടു തരക്കാര്‍ മാത്രമാണ്. മുസ്‌ലിംകളും കാഫിറുകളും. മുസ്‌ലിമല്ലാത്തവരെല്ലാം കാഫിര്‍. എന്നാല്‍ കാഫിറുകള്‍ പല തരക്കാരും തട്ടുകാരുമുണ്ട്. വേദക്കാര്‍, ബഹുദൈവ വിശ്വാസികള്‍, നിരീശ്വര-നിര്‍മത വാദികള്‍ എന്നിവരെല്ലാം. സമാധാന പ്രേമികളും ആക്രമണകാരികളും അവരിലുണ്ട്. ഓരോരുത്തര്‍ക്കും ഓരോ വിധിയാണുള്ളത്.
എന്നാല്‍ പാരത്രിക വിധികളെ സംബന്ധിച്ചേടത്തോളം, കാഫിറിന് രക്ഷ കിട്ടുമോ അതോ ശിക്ഷിക്കപ്പെടുമോ തുടങ്ങിയ കാര്യം അല്ലാഹുവിന്റെ അറിവില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ''ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ നാം ആരെയും ശിക്ഷിക്കുന്നതല്ല' (അല്‍ ഇസ്‌റാഅ്). ഇസ്‌ലാമിക പ്രബോധനം ഒരുനിലക്കും എത്തിയിട്ടില്ലാത്തവനോ, പഠിക്കാനും ചിന്തിക്കാനും പ്രേരകമാകും വിധം എത്താത്തവനോ, ഇസ് ലാമിന്റെ മുന്നില്‍ പ്രതിസന്ധികളാകുന്ന മതില്‍ കെട്ടുകള്‍ തടസ്സമായി നിന്നവനോ തുടങ്ങിയവരൊന്നും അല്ലാഹുവിന്റെ വാഗ്ദാന പ്രകാരം ശിക്ഷിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയില്ല. സത്യം വ്യക്തമായ ശേഷവും ധിക്കാരവും ഔദ്ധത്യവും കാരണമോ അസൂയയും വിദ്വേഷവും മൂലമോ ഭൗതിക താല്‍പര്യമോ അന്ധമായ അനുകരണമോ നിമിത്തമോ പ്രവാചകനോട് ഏറ്റുമുട്ടിയവരെയാണ് ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുള്ളത്. ''നേര്‍മാര്‍ഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിര്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന്‍ പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചു വിടും. അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ ചീത്ത താവളം! (നിസാഅ് 115).
ഈമാനിന്റെയും കുഫ്‌റിന്റെയും അതിര്‍ വരമ്പുകള്‍:
ശൈഖ് ശല്‍തൂത് പറയുന്നു: ദൈവാസ്തിക്യം അംഗീകരിക്കാത്തവര്‍, അവന്റെ ഏകത്വം സ്വീകരിക്കാത്തവര്‍ അവതാരം, അദ്വൈതം എന്നിവയില്‍ വിശ്വസിക്കുന്നവര്‍, പ്രപഞ്ചത്തിന്റെ നിയന്ത്രണവും കൈകാര്യകര്‍തൃത്വവും ഏകനായ ദൈവത്തിനാണെന്ന് അംഗീകരിക്കാത്തവര്‍, അവന്‍ ആരാധനക്കും പൂജക്കും അര്‍ഹനാണെന്ന് നിഷേധിക്കുന്നവര്‍, ഏതെങ്കിലും സൃഷ്ടികളെ പൂജിക്കല്‍ അനുവദനീയമെന്ന് കരുതുന്നവര്‍, അല്ലാഹു സൃഷ്ടികളിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചുവെന്നും അവരിലേക്ക് മലക്കുകള്‍ വഴി വേദഗ്രന്ഥങ്ങള്‍ ഇറക്കിയെന്നും സ്വീകരിക്കാത്തവര്‍, വേദങ്ങളില്‍ പറഞ്ഞ പ്രവാചകന്മാരെ അംഗീകരിക്കാത്തവര്‍, അല്ലാഹു പേരെടുത്തു പറഞ്ഞ പ്രവാചകരില്‍ ചിലരെ അംഗീകരിക്കുകയും മറ്റു ചിലരെ നിഷേധിക്കുകയും ചെയ്തവര്‍, ഈ ഐഹിക ജീവിതം ഒരു നാള്‍ അവസാനിക്കുമെന്നും ശാശ്വതമായ പാരത്രിക ജീവിതം വരാനിരിക്കുന്നു എന്നും ധരിക്കാത്തവര്‍, ഐഹിക ജീവിതം ശാശ്വതമാണെന്ന് വിശ്വസിക്കുന്നവര്‍, വിചാരണയോ പ്രതിഫലമോ ഒന്നും ഇല്ലെന്നും അല്ലാഹു വിലക്കിയതോ നിര്‍ബന്ധമാക്കിയതോ ആയ കാര്യങ്ങളല്ല, താന്‍ സ്വന്തമായി നിഷിദ്ധമെന്നും നിര്‍ബന്ധമെന്നും കരുതുന്നവയാണ് പിന്‍പറ്റേണ്ടതെന്ന് കരുതുന്നവന്‍..... ഇക്കൂട്ടരൊന്നും മുസ്‌ലിം ഗണത്തില്‍ പെടുകയില്ല. അവരുടെ മേല്‍ മുസ്‌ലിംകളോടുള്ള വിധികള്‍ നടപ്പാക്കുകയുമില്ല. ഇതിന്റെയര്‍ഥം ഇതില്‍ ഏതെങ്കിലുമൊന്ന് വിശ്വസിക്കാത്തവന്‍ അല്ലാഹുവിങ്കല്‍ കാഫിര്‍ ആകുമെന്നും ശാശ്വത നരകശിക്ഷക്കര്‍ഹനാകുമെന്നുമല്ല. ഇഹലോകത്ത് ഇസ്‌ലാമിന്റെ വിധികള്‍ അവര്‍ക്ക് ബാധകമാവുകയില്ലെന്നു മാത്രമാണ്. മുസ്‌ലിംകളോട് അല്ലാഹു കല്‍പിച്ച ആരാധനാ കര്‍മങ്ങള്‍ അവര്‍ക്ക് ബാധകമാകില്ല. ഇസ്‌ലാം നിരോധിച്ച മദ്യപാനം, പന്നിമാംസം കഴിക്കല്‍, അവയുടെ വ്യാപാരം എന്നിവയൊന്നും അവക്ക് നിരോധിക്കപ്പെടുകയില്ല. അയാള്‍ മരിച്ചാല്‍ മുസ്‌ലിംകള്‍ അയാളെ കുളിപ്പിക്കുകയോ അയാളുടെ പേരില്‍ നമസ്‌കരിക്കുകയോ ഇല്ല. അയാള്‍ക്ക് മുസ്‌ലിം ബന്ധുവിന്റെ അനന്തരാവകാശമോ മുസ്‌ലിംകള്‍ക്ക് അയാളുടെ അനന്തരാവകാശമോ ലഭിക്കില്ല.
അല്ലാഹുവിന്റെ പക്കല്‍ അയാള്‍ കാഫിറാണോ എന്ന കാര്യം, മേലുദ്ധരിച്ച വിശ്വാസ കാര്യങ്ങള്‍ മുഴുവനായോ ഭാഗികമായോ അയാള്‍ നിഷേധിക്കുന്നത് സത്യസന്ദേശം അയാള്‍ക്ക് പൂര്‍ണമായി ലഭിക്കുകയും മനസ്സിന്റെ ഉള്ളില്‍ അയാള്‍ അതംഗീകരിക്കുകയും ചെയ്യുന്നുവെങ്കിലും ധിക്കാരവും അഹന്തയും മൂലമോ സാമ്പത്തിക ലാഭത്തിനോ പൊള്ളയായ പദവികള്‍ പ്രതീക്ഷിച്ചോ ആക്ഷേപങ്ങള്‍ ഭയന്നോ അത് തിരസ്‌കരിക്കുമ്പോഴാണ്. സത്യസന്ദേശങ്ങള്‍ അയാള്‍ക്കെത്തിയിട്ടില്ലെങ്കിലോ, അല്ലെങ്കില്‍ ഇസ്‌ലാമിനോട് വെറുപ്പ് സൃഷ്ടിക്കുന്ന രീതിയിലാണ് ഇസ്‌ലാമിനെ അയാളുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്, അല്ലെങ്കില്‍ ചിന്തക്കും വിചിന്തനത്തിനുമൊന്നും കഴിയുന്ന ആളായിരുന്നില്ല, അല്ലെങ്കില്‍ സത്യാന്വേഷണ മാര്‍ഗത്തില്‍ മരണം വരെ അയാള്‍ സമയം കഴിച്ചുവെങ്കിലും സന്മാര്‍ഗം പുല്‍കാന്‍ അയാള്‍ക്ക് ഭാഗ്യമുണ്ടായില്ല- ഇങ്ങനെയെല്ലാമാകുമ്പോള്‍ ശാശ്വത നരക ശിക്ഷക്കര്‍ഹനാകുന്ന വിധത്തിലുള്ള കാഫിര്‍ എന്ന് അയാളെ പറ്റി നാം പറഞ്ഞുകൂടാ.
അതിനാല്‍, മുസ്‌ലിം പ്രദേശങ്ങളില്‍നിന്ന് അകന്നുകഴിയുന്ന ഇസ്‌ലാമിക സന്ദേശം എത്താത്തവരോ, വികൃതമായ രീതിയില്‍ അവതരിപ്പിക്കപ്പെടുകയോ, തെളിവുകള്‍ വേണ്ട രീതിയില്‍ ബോധ്യം വരികയോ ചെയ്യാത്തവര്‍ക്ക് കാഫിറുകള്‍ക്കുള്ള പാരത്രിക ശിക്ഷ ലഭിക്കുകയില്ല. അല്ലാഹു പൊറുക്കുകയില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞ ബഹുദൈവവിശ്വാസം ധിക്കാരവും അഹന്തയും മൂലം അവലംബിക്കുന്നതാണ്. അല്ലാഹു പറയുന്നു: അക്രമവും അഹന്തയും മൂലം അവരത് നിഷേധിച്ചു. അതേസമയം അവരുടെ മനസ്സുകള്‍ക്ക് അത് നന്നായി ബോധ്യപ്പെട്ടിരുന്നു'' (അന്നംല് 141).
ദോഹയിലെ മസ്ജിദുല്‍ കബീറില്‍, റമദാനിലെ തറാവീഹിനിടയിലെ ക്ലാസുകളിലൊന്നില്‍ 'വേദക്കാരുടെ' കുഫ്‌റിനെക്കുറിച്ച് ആനുഷംഗികമായ പരാമര്‍ശം നടത്തുകയായിരുന്നു ഞാന്‍. ഇവ്വിഷയകമായി ആരെങ്കിലും വിമര്‍ശനം നടത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അടുത്ത ദിവസമാണ് ഒരു മാന്യ സഹോദരന്‍ അതെന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അപ്പോഴാണ് അത് വരുത്തി വായിക്കാനിടയായത്.
'സറാബുന്‍ ഹാഫിള്' എന്ന പേരില്‍ 'അല്‍ വത്വന്‍' പ്രസിദ്ധീകരിച്ച ദീര്‍ഘമായ ലേഖനം കണ്ടപ്പോള്‍ വിസ്മയം തോന്നി. سراب الحافظ എന്നത് ഒരു കൃത്രിമ നാമമാണെന്നാണ് എനിക്കാദ്യം തോന്നിയത്. പേര് തികച്ചും അന്വര്‍ഥമാണെന്ന് തോന്നി. 'സറാബ്' (മരീചിക) എന്നത് യാഥാര്‍ഥ്യമില്ലാത്ത മരീചികയെന്നതാണല്ലോ. അടുത്തെത്തുമ്പോള്‍ വെള്ളമില്ലാതെ പൊള്ളയായ ജല തടാകം. അപ്പോഴാണ് അത് യഥാര്‍ഥ പേര് തന്നെയാണെന്നും അതൊരു സ്ത്രീയാണെന്നും ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത്.
ഈ മറുപടിയെഴുതാന്‍ ഞാന്‍ ബോധപൂർവം സമയമെടുത്തത് യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കാനും തെളിവുകള്‍ നിരത്താനും അല്ലാഹുവിങ്കല്‍ എന്റെ ബാധ്യത നിറവേറ്റിയതായി അംഗീകരിക്കപ്പെടാനുമാണ്. 'നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്'' (അല്‍ അന്‍ഫാല്‍ 42).
പ്രമാണങ്ങളെ സൂക്ഷ്മമായും സമഗ്രമായും പഠിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ സഹോദരിക്ക് ആശയക്കുഴപ്പം സംഭവിച്ചതാകാം. അല്ലെങ്കില്‍ ചില പ്രമാണങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് വായിച്ചതാകാം. അല്ലെങ്കില്‍ ഇസ്‌ലാമിലെ ചില അധ്യാപനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതാകാം. സത്യമാണവര്‍ അന്വേഷിക്കുന്നതെങ്കില്‍ എന്റെ ഈ പ്രത്യാഖ്യാനത്തില്‍ അവര്‍ക്ക് നേര്‍മാര്‍ഗം ലഭിച്ചേക്കും. ഇനി സ്വന്തം അഭിപ്രായത്തില്‍ പക്ഷപാതം പിടിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ ബാധ്യത നിറവേറ്റുകയും യാഥാര്‍ഥ്യം വിശദമാക്കുകയും ചെയ്തു.'' നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ച തരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവനുതന്നെ. ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവനുതന്നെ. ഞാന്‍ നിങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല. (അല്‍അന്‍ആം: 104).
ഉബാദത്തുബ്‌നു സ്വാമിത് (റ) നിവേദനം ചെയ്യുന്നു: ''അല്ലാഹുവല്ലാതെ ദൈവമില്ല, അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. ഈസാ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. മര്‍യമില്‍ നിക്ഷേപിച്ച വചനവും അവന്റെ ആത്മാവില്‍നിന്നുള്ളവനുമാണ്. സ്വര്‍ഗവും നരകവും സത്യമാണ് എന്ന് ആരെങ്കിലും സാക്ഷ്യം വഹിച്ചാല്‍ അല്ലാഹു അവന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.''
മുആദുബ്‌നു ജബലി(റ)നോട് നബിതിരുമേനി പറഞ്ഞതായി ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ''വേദക്കാരായ ജനതയിലേക്കാണ് താങ്കള്‍ പോകുന്നത്. അവിടെയെത്തിയാല്‍ അവരെ لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ എന്ന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കുക. അക്കാര്യം താങ്കളില്‍ നിന്നവര്‍ അംഗീകരിച്ചാല്‍ അഞ്ചുനേരത്തെ നമസ്‌കാരം അവര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പറയുക....''
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം. ''ഈ ജനതയിലെ ജൂതനോ ക്രിസ്ത്യാനിയോ ആരാവട്ടെ എന്നെക്കുറിച്ച് കേള്‍ക്കുകയും പിന്നീട് എന്റെ ദൗത്യത്തില്‍ വിശ്വസിക്കാതെ മരിക്കുകയും ചെയ്താല്‍ അവര്‍ നരകാവകാശികളായിരിക്കും.''
വേദക്കാരിലെ വിശ്വാസികള്‍ ഇബ്‌റാഹീമിന്റെ നടപടിക്രമം സ്വീകരിക്കണമെന്നും ലേഖിക ഉപാധിവെക്കുന്നുണ്ട്. എങ്ങനെയാണവര്‍ ഇബ്‌റാഹീമിന്റെ മില്ലത്ത് തിരിച്ചറിയുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിന്നവര്‍ അവലംബിക്കുന്ന സ്രോതസ്സ് ഏതായിരിക്കും. ഇബ്‌റാഹീമിന്റെ മില്ലത്തിനെക്കുറിച്ച ഏക സ്രോതസ്സ് ഇസ്‌ലാമിന്റേതാണ്. അഥവാ ഖുര്‍ആനും നബിചര്യയും. ഖുര്‍ആന്‍ മാത്രമാണ് മാറ്റത്തിരുത്തലുകളോ ഊഹാപോഹങ്ങളോ ഇടകലരാതെ നമുക്ക് വിശ്വസനീയമായി ലഭിച്ച ഏക ആകാശ പ്രമാണം.
ലേഖിക തുടരുന്നു: ഖുര്‍ആനിലും നബിചര്യയിലും വിശ്വാസത്തിന്റെ അടിസ്ഥാന വിവക്ഷ, അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ്. ഇബ്‌റാഹീം നബിയുടെ മില്ലത്ത് പ്രകാരം. കുഫ്ര്‍ എന്നത് അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള നിഷേധവും. ബഹുദൈവ വിശ്വാസം കുഫ്ര്‍ പോലെത്തന്നെയാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്നതിന് നിരവധി സൂക്തങ്ങള്‍ തെളിവായി അവര്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.
അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം നിര്‍ബന്ധമാണെന്നും അല്ലാഹുവിലുള്ള വിശ്വാസവും പരലോക വിശ്വാസവും അതില്‍ പെട്ടതാണെന്നും നാമും അംഗീകരിക്കുന്നു. എന്നാല്‍ അതില്‍നിന്ന് പ്രവാചകത്വത്തിലുള്ള വിശ്വാസം മാറ്റി നിര്‍ത്തിയത് നാമൊരിക്കലും അംഗീകരിക്കുന്നില്ല. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലും അവന്റെ പ്രവാചകന്മാരിലുമുള്ള വിശ്വാസം അദൃശ്യ കാര്യങ്ങളിലെ വിശ്വാസത്തിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല. ഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്നാല്‍ അതെഴുതപ്പെട്ട കടലാസുകളിലും മഷിയിലും വിശ്വസിക്കലാണെന്ന് ലേഖിക ധരിച്ചുവെന്ന് തോന്നുന്നു. അതിനാല്‍ ഇതൊന്നും അവര്‍ അദൃശ്യകാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല. അതുപോലെ അവര്‍ ധരിച്ചത്, പ്രവാചകന്മാരിലുള്ള വിശ്വാസം എന്നാല്‍, അവരുടെ കാണപ്പെടുന്നതും ചലിക്കുന്നതുമായ ആകൃതിയിലുള്ള വിശ്വാസമെന്നാണ്. അതിനാല്‍ അതും അദൃശ്യകാര്യവിശ്വാസത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ അതിന്റെ താല്‍പര്യം, അല്ലാഹു അവന്റെ പ്രവാചകന്മാര്‍ക്ക് ദിവ്യബോധനം നല്‍കിയെന്നും അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ അവതരിച്ചുവെന്നും മലക്കുകളിലൂടെയോ നേരിട്ടുള്ള വഴിയോ തന്റെ ആജ്ഞാനിരോധങ്ങള്‍ അവര്‍ക്കെത്തിച്ചുവെന്നോ വിശ്വസിക്കലാണ്. അപ്പോള്‍ അല്ലാഹുവിലും മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമെല്ലാം അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാണ്. വിശ്വാസ കാര്യങ്ങള്‍ പറയുമ്പോള്‍, അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം മാത്രം പരാമര്‍ശിക്കുന്നു. ചില സൂക്തങ്ങളും നബിവചനങ്ങളും അവര്‍ തെളിവായി പറഞ്ഞിരിക്കുന്നു. അത് തന്റെ വാദത്തിനുള്ള ഖണ്ഡിതമായ തെളിവായി കരുതുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇതിലവര്‍ക്ക് തെറ്റുപറ്റി.
സന്ദര്‍ഭത്തിന്റെ താല്‍പര്യമനുസരിച്ച് ഖുര്‍ആനും ഹദീസും വിഷയങ്ങള്‍ സംക്ഷിപ്തമായും വിശദമായും പറയും. ചിലപ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങളെല്ലാം പറയും. ഉദാ: 'അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നവരാണ് പുണ്യം ചെയ്യുന്നവര്‍' (അല്‍ബഖറ: 177).
'തന്റെ രക്ഷിതാവില്‍നിന്ന് തനിക്ക് അവതരിച്ചതില്‍ പ്രവാചകനും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിച്ചിരിക്കുന്നു' (അല്‍ബഖറ: 285).
ചിലപ്പോള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാന്‍ ആവശ്യപ്പെടും. അല്ലാഹുവിലും പാരത്രിക പ്രതിഫലത്തിലുമുള്ള വിശ്വാസമാണ് സത്യവിശ്വാസത്തില്‍ ഏറ്റവും സുപ്രധാനം. മറ്റു ചിലപ്പോള്‍, അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലുമുള്ള വിശ്വാസത്തെക്കുറിച്ചു പറയും. ''നിങ്ങളുടെ രക്ഷിതാവിന്റെ പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്നേറുക. ആകാശ ഭൂമികളുടെ വിശാലതയാണ് അതിനുള്ളത്. അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും വിശ്വസിച്ചവര്‍ക്കാണ് അത് ഒരുക്കിവെച്ചിട്ടുള്ളത് (അല്‍ഹദീദ്: 21). 'അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും വിശ്വസിച്ചവര്‍- അവരാണ് സത്യസന്ധര്‍. അവരുടെ രക്ഷിതാവിങ്കല്‍ സത്യസാക്ഷ്യം വഹിച്ചവരും' (അല്‍ഹദീദ് 19).
ചിലപ്പോള്‍ അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ ദൂതന്മാര്‍ക്ക് അവതീര്‍ണമായതിലും വിശ്വസിക്കാന്‍ പറയും. 'ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു, ഞങ്ങളിലേക്ക് അവതരിച്ചതും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവര്‍ക്ക് അവതരിച്ചതിലും എന്ന് പറയുക' (അല്‍ബഖറ 136). ചിലപ്പോള്‍ അല്ലാഹു അവതരിപ്പിച്ചതില്‍ വിശ്വസിക്കുക എന്നുമാത്രം പറയും.
''വേദങ്ങള്‍ നല്‍കപ്പെട്ടവരെ! നിങ്ങളോടൊപ്പമുള്ളതിനെ ശരിവെച്ചുകൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍'' (അന്നിസാഅ്: 47). ''നിങ്ങളോടൊപ്പമുള്ളതിനെ ശരിവെച്ചുകൊണ്ട് നാം അവതരിപ്പിച്ചതിനെ നിങ്ങള്‍ വിശ്വസിക്കുക' എന്ന് ഇസ്രാഈല്‍ സന്തതികളോട് പറഞ്ഞു (അല്‍ബഖറ: 41).
ചിലപ്പോള്‍ ദൈവവിശ്വാസത്തെക്കുറിച്ച് മാത്രം പറയും. മറ്റുള്ളവ ഒഴിവാകും. ''നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ആലുഇംറാന്‍ 110). ''അല്ലാഹുവില്‍ ആര്‍ വിശ്വസിക്കുന്നുവോ അവന്റെ ഹൃദയത്തെ അവന്‍ സന്മാര്‍ഗത്തിലേക്ക് നയിക്കും'' (അത്തഗാബുന്‍; 11). ''ആര്‍ ദൈവേതര ശക്തികളെ തള്ളിക്കളയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ?'' (അല്‍ബഖറ 256). ''ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവനെ സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കും'' (അത്ത്വലാഖ്: 11). ചിലപ്പോള്‍ മറ്റൊന്നിലേക്കും ചേര്‍ക്കാതെ 'ഈമാന്‍' എന്നുമാത്രം പറയും; ഖുര്‍ആനില്‍ ആവര്‍ത്തിച്ചു അഭിസംബോധന ചെയ്യുമ്പോള്‍ يَا أَيُّهَا الَّذِينَ آمَنُوا (വിശ്വാസികളേ!) എന്ന് പറയുന്നപോലെ. 'അല്ലാഹു വിശ്വാസികളുടെ രക്ഷകനാണ്. അവരെയവന്‍ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു'' (അല്‍ബഖറ: 257).
നിശ്ചയം അല്ലാഹു, സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കും.'' (അല്‍ഹജ്ജ് 38) ഈ രീതി ഖുര്‍ആനില്‍ ധാരാളം കാണാം.
ഇവിടെ ചിലേടങ്ങളില്‍ ഈമാനിന്റെ ചില അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് മതിയാക്കിയത്, ഇതര സ്തംഭങ്ങള്‍ അനാവശ്യമാണ് എന്ന അര്‍ഥത്തിലല്ല. ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളെ വിശദീകരിക്കും. ഒരിടത്ത് സംക്ഷിപ്തമാക്കിയാല്‍ മറ്റിടത്ത് വിശദമാക്കും. ഒരിടത്ത് അവ്യക്തമാക്കിയാല്‍ മറ്റിടത്ത് സുവ്യക്തമാകും. ഒരിടത്ത് നിരുപാധികമാക്കിയാല്‍ മറ്റിടത്ത് സോപാധികമാക്കും. ഖുര്‍ആനെ മുഴുവനായി അംഗീകരിക്കണം. ചിലതെടുക്കുകയും മറ്റു ചിലത് വര്‍ജിക്കുകയും ചെയ്യാവതല്ല. അല്ലാഹു അല്ലാത്തവരാണ് ഇത് അവതരിപ്പിച്ചതെങ്കില്‍ ധാരാളം വൈരുധ്യങ്ങള്‍ അതില്‍ കണ്ടേനെ.
ചിലപ്പോള്‍ 'അല്ലാഹു അല്ലാതെ മറ്റു ദൈവങ്ങളില്ല' എന്ന സത്യസാക്ഷ്യം മാത്രമാകും ചില വചനങ്ങളില്‍. കാരണം, ബഹുദൈവവിശ്വാസികളായ അറബികളുമായിട്ടായിരിക്കും സംവദിക്കുന്നത്. അവരുമായുള്ള അടിസ്ഥാന ഏറ്റുമുട്ടല്‍ 'ഏകദൈവത്വം' (തൗഹീദ്) മുന്‍നിര്‍ത്തിയായിരിക്കും. അവര്‍ لا إله إلا الله എന്ന് അംഗീകരിച്ചാല്‍ മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരായി. മുന്‍ഗാമികളിലെയോ പിന്‍ഗാമികളിലെയോ ആരും, ഒരാള്‍ لا إله إلا الله എന്ന് പറയുകയും മുഹമ്മദ് നബിയില്‍ അവിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ യഥാര്‍ഥ സത്യവിശ്വാസിയാണെന്ന് മനസ്സിലാക്കിയിട്ടില്ല.
ബുഖാരിയിലും മുസ്‌ലിമിലും വന്ന ചില ഹദീസുകളില്‍ لا إله إلا الله എന്ന പ്രഖ്യാപനം മാത്രം മതിയെന്ന് പറയുന്ന ചില ഹദീസുകള്‍ ഉദ്ധരിച്ച ലേഖികയോട് ഈമാനിന്റെ മറ്റു സ്തംഭങ്ങള്‍ കൂടി വേണമെന്ന് നിര്‍ദേശിക്കുന്ന ഹദീസുകള്‍ കൂടി അനുസ്മരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഉദാഹരണമായി ജിബ്‌രീലിന്റെ ഹദീസ് എന്ന് പ്രസിദ്ധമായ ഹദീസ്. ഈമാനിനെക്കുറിച്ച് നബി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: ''ഈമാന്‍ എന്നാല്‍ അല്ലാഹുവിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകരിലും മരണാനന്തര പുനരുദ്ധാനത്തിലും വിശ്വസിക്കുക എന്നായിരുന്നു. ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ. لا إله إلا الله محمد رسول الله എന്ന് സാക്ഷ്യം വഹിക്കുന്നത് വരെ ജനങ്ങളോട് സമരം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നത് വരെയും.'' (തീര്‍ന്നില്ല)