ഇസ്‌ലാമിക ചരിത്രത്തിലെ  പണ്ഡിതകള്‍, വനിതാ മുഫ്തിമാര്‍

ഇബ്‌റാഹീം ദുവൈരീ‌‌
img

ചരിത്രത്തില്‍ കഴിഞ്ഞുപോയ കൂടുതല്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരും മുഫ്തിമാരും പുരുഷന്മാരായതിനാല്‍ വനിതകളെ മുഫ്തിമാരായി നിശ്ചയിക്കുന്നതിനെതിരെ പല മുസ്‌ലിം നാടുകളിലും തര്‍ക്കവും പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. വനിതകള്‍ക്ക് ന്യായാധിപസ്ഥാനം ആവാമോ എന്ന് പണ്ടുമുതല്‍ക്കേ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് മുഫ്തിമാരാവുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഫത്‌വ, കര്‍മശാസ്ത്രം, ശര്‍ഈ വിജ്ഞാനങ്ങള്‍ മുതലായവയില്‍ ചരിത്രത്തില്‍ മുസ്‌ലിം വനിതകളുടെ പങ്ക് സംബന്ധിച്ച് പരിശോധിക്കുന്നത് ഇത്തരുണത്തില്‍ സംഗതമായിരിക്കും.

ഇസ്‌ലാമിന്റെ ആരംഭകാലത്ത്

ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസിയ്യ (മ.ഹി. 751) തന്റെ 'ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍ അന്‍ റബ്ബില്‍ ആലമീന്‍' എന്ന കൃതിയില്‍, ഫത്‌വ പറയുന്നതിനെ 'അല്ലാഹുവിനുവേണ്ടി ഒപ്പുചാര്‍ത്തല്‍' എന്നാണ് സാങ്കേതികമായി നിർവചിച്ചിരിക്കുന്നത്. മുഫ്തിക്ക് വേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ഇമാം നവവി (മ.ഹി. 676) എഴുതുന്നു: 
شَرط الْمُفْتِي كَونه مُكَلّفا مُسلما ثِقَة ‏مَأْمُونا، متنزِّها عَن أَسبَاب الْفسق وخوارم الْمُرُوءَة، فقيهَ النَّفس سليمَ الذِّهْن رصينَ الفِكر ‏صَحِيح التَّصَرُّف والاستنباط متيقظاً، سواءٌ فِيهِ الحرُّ وَالْعَبْد وَالْمَرْأَة
'മുഫ്തി പ്രായപൂര്‍ത്തിയായവനും മുസ്‌ലിമും വിശ്വസ്തനും, അധര്‍മിയാവാനുള്ള കാരണങ്ങളില്‍നിന്നും മാന്യതക്ക് നിരക്കാത്ത കാര്യങ്ങളില്‍നിന്നും മുക്തനും പണ്ഡിതനും നല്ല ബുദ്ധിപരമായ ശേഷിയുള്ളയാളും ഭദ്രമായ ചിന്തയുള്ളവനും വ്യവഹരിക്കാന്‍ കഴിവുള്ളയാളും ജാഗ്രത്തായ നിയമാവിഷ്‌കാര പടുത്വമുള്ളയാളുമാവണം. ഇത്രയുമാണ് മുഫ്തിക്കാവശ്യമായ ഉപാധികള്‍. ഇതില്‍ സ്ത്രീയും അടിമയും സ്വതന്ത്രനും തുല്യരാണ്. ചുരുക്കത്തില്‍, ഇസ്‌ലാമിക വീക്ഷണത്തില്‍ വൈജ്ഞാനിക കഴിവും ധാര്‍മികമായ പശ്ചാത്തലവും ചിന്താ-നിയമാവിഷ്‌കാര പടുത്വവുമാണ് മുഫ്തിക്കാവശ്യമായ ഗുണങ്ങള്‍. അത് സ്വതന്ത്രനോ അടിമയോ സ്ത്രീയോ ആരുമാകാം.

ഇസ്‌ലാമിക ചരിത്രത്തില്‍ ന്യായാധിപ സ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി, ഫത്‌വ നല്‍കുന്നതിന് രാഷ്ട്രീയ തീരുമാനം ആവശ്യമായിരുന്നില്ല. കാരണം, അത് ഫത്‌വയുടെ താഴെ നിർവചനത്തില്‍ വരുന്നതല്ല.

الإخبار بالحكم الشرعي لا على وجه ‏الإلزام
'ആളുകളെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാത്ത വിധത്തില്‍ ശര്‍ഈ വിധി നല്‍കലാണ് ഫത്‌വ.' വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളുടെ വൈജ്ഞാനിക യോഗ്യത സംബന്ധിച്ച പണ്ഡിതരുടെ സാക്ഷ്യമാണ് ശര്‍ഈ വിധി പ്രസ്താവത്തിനാവശ്യം. ഇതനുസരിച്ച് ഈ യോഗ്യതയുള്ളവര്‍ മുഫ്ത്തി, ആലിം, ഫഖീഹ് എന്നീ സ്ഥാനപ്പേരുകളില്‍ അറിയപ്പെടുന്നു. 'സർവലോക രക്ഷിതാവായ അല്ലാഹുവിനുവേണ്ടി ഒപ്പുവെക്കുന്നവര്‍' എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വമാണ് മുഫ്തിമാര്‍ ഏറ്റെടുക്കുന്നത് എന്നതിനാല്‍ മേല്‍ സ്ഥാനപ്പേരുകള്‍ ആര്‍ക്കും വേഗത്തില്‍ പതിച്ചുകിട്ടിയിരുന്നില്ല. ഇമാം ഖാദി ഇയാദ് പറയുന്നു:
لا نرى أن يسمى طالب العلم فقيهاً حتى يكتهل، ويكمل ‏سنه، ويقوى نظره، ويبرع في حفظ الرأي، ورواية الحديث وتبصره، ويميز طبقات رجاله، ‏ويحكم عقد الوثائق، ويعرف عللها، ويطالع الاختلاف، ويعرف مذاهب العلماء، والتفسير ‏ومعاني القرآن؛ فحينئذ يستحق أن يسمى فقيهاً، وإلا فاسم ‘الطالب’ أليق به
'വിദ്യാര്‍ഥിയെ ഫഖീഹായി വിശേഷിപ്പിക്കണമെങ്കില്‍ അയാള്‍ മധ്യവയസ്‌കനാവണം, പ്രായത്തികവെത്തണം, കാഴ്ചപ്പാട് ശക്തമാവണം, അഭിപ്രായം സ്വരൂപിക്കുന്നതില്‍ നൈപുണി നേടണം, ഹദീസുകളുടെ രിവായത്തു സംബന്ധിച്ച ശരിയായ ധാരണ വേണം, വര്‍ഷങ്ങള്‍ക്കനുസരിച്ചോ തലമുറകള്‍ക്കനുസരിച്ചോ ഹദീസ് നിവേദകരെ വേര്‍തിരിച്ചു മനസ്സിലാക്കണം, അഭിപ്രായ വ്യത്യാസങ്ങളും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും അറിയണം. ഖുര്‍ആനിക ആശയങ്ങളും വ്യാഖ്യാനങ്ങളും സ്വായത്തമാക്കണം. ഇതെല്ലാം നേടിയാലേ ഫഖീഹ് എന്ന പേരിന് അയാള്‍ അര്‍ഹനാവുന്നുള്ളൂ. ഇത് നേടാനായില്ലെങ്കില്‍ അയാള്‍ക്ക് ചേരുക 'വിദ്യാര്‍ഥി' എന്ന പേരാണ്.' ഫിഖ്ഹീ ശേഷി നേടിയവരെല്ലാം ഫത്‌വ നല്‍കാന്‍ യോഗ്യരാണെന്നര്‍ഥം. ഈ മാനദണ്ഡപ്രകാരം ധാരാളം സ്ത്രീകള്‍ മുഫ്തീ പദവി അലങ്കരിച്ചിരുന്നു എന്നു കാണാം. 'സ്വഹാബികളില്‍ പുരുഷന്മാരും സ്ത്രീകളുമായി നൂറ്റി മുപ്പതില്‍പ്പരം പേരുടെ ഫത്‌വകള്‍ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്.
الذين حُفظت عنهم الفتوى من أصحاب رسول ‏الله (ص) مائة ونيف وثلاثون نفسا، ما بين رجل وامرأة
'നബി(സ)യുടെ സ്വഹാബികളിലെ പുരുഷന്മാരും സ്ത്രീകളുമായ നൂറ്റിമുപ്പതില്‍പരം പേരില്‍നിന്ന് ഫത്‌വകള്‍ മനഃപാഠമാക്കപ്പെട്ടിട്ടു്.'

ഇവരില്‍ ഇരുപത്തിരണ്ട് വനിതാ മുഫ്തിമാരുണ്ട്. കൂടുതല്‍, കുറവ് എന്ന ക്രമമനുസരിച്ച് അവരുടെ പേരുകള്‍ താഴെ: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ, ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ, ഉമ്മു അത്വിയ്യ, ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ, ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ്വ, ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു ഹബീബ, ലൈലാ ബിന്‍ത് ഖാനിഫ് അസ്സഖഫിയ്യ, അസ്മാഅ് ബിന്‍ത് അബീബക്ര്‍, ഉമ്മു ശരീക്, ഹൗലാഅ് ബിന്‍ത് തുവൈത്ത്, ഉമ്മുദ്ദര്‍ദാഅ് അല്‍കുബ്‌റാ, ആതിക ബിന്‍ത് സൈദുബ്‌നു അംറ്, സഹ്‌ല  ബിന്‍ത് സുഹൈല്‍, ഉമ്മുല്‍ മുഅ്മിനീന്‍ ജുവൈരിയ, ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന, നബി(സ) യുടെ മകള്‍ ഫാത്വിമ, ഫാത്വിമ ബിന്‍ത് ഖൈസ്, സൈനബ് ബിന്‍ത് ഉമ്മുസലമ, ഉമ്മു ഐമന്‍, ഉമ്മു യൂസുഫ് (നബി(സ)യെ പരിചരിച്ചിരുന്ന എത്യോപ്യന്‍ വംശജ), ഗാമിദിയ്യഃ.

വനിതാ മുഫ്തിമാരുടെ ശതമാന സാന്നിധ്യം നബി(സ)യുടെ കാലത്തെ വനിതകളുടെ ഫിഖ്ഹീ-ഫത്‌വാ പങ്ക് എടുത്തു കാണിക്കുന്നുണ്ട്. അബ്ദുല്‍ ഹലീം അബൂശഖ്ഖയുടെ 'തഹ്‌രീറുല്‍ മര്‍അ ഫീ അസ്വ്‌രിര്‍ രിസാല' എന്ന കൃതിയുടെ ശീര്‍ഷകത്തെ അന്വര്‍ഥമാക്കുന്നതാണ് ഈ വനിതാ ഫത്‌വാ പാരമ്പര്യം.
ആഇശ(റ) യുടെ റോള്‍

ഹി. ഒന്നാം നൂറ്റാണ്ടില്‍ ഫത്‌വാ രംഗത്ത് പ്രഗത്ഭയായിരുന്ന നബിപത്‌നി ആഇശ(റ) (മ.ഹി. 58)യെ ഈ രംഗത്തെ പ്രഥമ ശ്രദ്ധേയയായ വനിതയായാണ് ചരിത്രകാരന്മാര്‍ എണ്ണിയിരിക്കുന്നത്. ഇമാം ദഹബിയും (മ.ഹി. 748) ഇബ്‌നുല്‍ ഖയ്യിമും അവരെ വിശേഷിപ്പിച്ചത് أفقه نساء الأمة على الإطلاق (മൊത്തത്തില്‍ ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകളില്‍ ഏറ്റവും വലിയ കര്‍മശാസ്ത്രജ്ഞ) എന്നത്രെ. 'അത്ത്വബഖാത്തുല്‍ കുബ്‌റാ'യുടെ കര്‍ത്താവ് ഇബ്‌നു സഅ്ദില്‍ ബസ്വ്‌രി (മ.ഹി. 230) എഴുതുന്നു: 'അബൂബക്‌റിന്റെയും ഉമറിന്റെയും ഉസ്മാന്റെയും ഭരണകാലത്ത് അവര്‍ സ്വതന്ത്രയായി ഫത്‌വകള്‍ നല്‍കിപ്പോന്നു.'

'മുതിര്‍ന്ന സ്വഹാബിമാരായ ഉമറും ഉസ്മാനും ഹദീസുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അവരോട് ചോദിച്ചിരുന്നു.'

നബി(സ)യുടെ കൂടെ ജീവിതം നയിച്ച ആഇശ(റ) അദ്ദേഹത്തില്‍നിന്ന് ധാരാളം ഹദീസുകളും ഫത്‌വകളും ഫിഖ്ഹീ വിധികളും റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക ശരീഅത്തിന്റെ നാലിലൊന്നും അവരിലൂടെയാണ് ലഭിച്ചതെന്ന ഹാകിം നൈസാബൂരി (മ.ഹി. 405) യുടെ പ്രസ്താവന ശ്രദ്ധേയമാണ്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും, അവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഇരുനൂറ്റി എഴുപതില്‍പരം ഹദീസുകളില്‍ വിധി സംബന്ധമല്ലാത്തവ വളരെ കുറച്ചേയുള്ളൂ. 'മൗസൂഅത്തു ഫിഖ്ഹി ആഇശ ഉമ്മില്‍ മുഅ്മിനീന്‍... ഹയാത്തുഹാ വ ഫിഖ്ഹുഹാ' എന്ന പേരില്‍ ശൈഖ് സഈദ് ഫായിസ് അദ്ദഖീല്‍ ഹ. ആഇശ(റ)യുടെ ഫിഖ്ഹ് ഫത്‌വകള്‍ ബൃഹദ് വാള്യത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.

മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ആഇശ(റ) തന്റേതായ ചില ഫിഖ്ഹി-ഫത്‌വാ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ കൂടുതല്‍ നന്നായി ഓതാന്‍ കഴിവും ശര്‍ഇല്‍ നല്ല ജ്ഞാനവും ഉള്ളവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടത്. ഇമാം ജാരസന്തതിയോ അല്ലയോ എന്നത് പരിഗണനീയമല്ല. കാരണം, 'മാതാപിതാക്കള്‍ ചെയ്ത തെറ്റിന് മകന്‍ ഉത്തരവാദിയല്ല. ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കേണ്ടതില്ല.'
കുഴപ്പമുണ്ടാവുമെന്ന് ഭയമില്ലെങ്കില്‍ മഹ്‌റം കൂടെ ഇല്ലാതെ വനിതകള്‍ക്ക് നിരുപാധികം യാത്ര ചെയ്യാമെന്നതാണ് അവരുടെ മറ്റൊരു ഫത്‌വ. ഇമാം സുഹ്‌രിയില്‍നിന്ന്: 'സ്ത്രീകള്‍ മഹ്‌റമിന്റെ തുണയില്ലാതെ യാത്ര ചെയ്യാവതല്ല എന്ന് ആഇശ(റ)യുടെ സാന്നിധ്യത്തില്‍ ആരോ പറഞ്ഞു. അപ്പോള്‍ അവരുടെ പ്രതികരണം 'എല്ലാ സ്ത്രീകള്‍ക്കും മഹ്‌റമിനെ ലഭിക്കുകയില്ല' (ليس كل النساء تجد محرما) എന്നായിരുന്നു. അവരുടെ ഫത്‌വകളുടെ വ്യതിരിക്തതക്ക് കാരണമായി ശൈഖ് സഈദുദ്ദഖീല്‍ പറയുന്നത്, അവരുടെ കൂടുതല്‍ ഫത്‌വകളിലും സവിശേഷമായ വനിതാ മുദ്ര കാണാം എന്നാണ്. നബി(സ)യോടൊപ്പം ഒരേ മച്ചിനുകീഴില്‍ കഴിഞ്ഞതിനാല്‍ പുരുഷന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പലതും അവര്‍ക്ക് സ്വായത്തമാക്കാന്‍ സാധിച്ചു.

ആഇശ(റ)യുടെ ഫിഖ്ഹീ ഇടപെടലുകള്‍ ഫത്‌വയിലും ഹദീസിലും മാത്രമായി ഒതുങ്ങിയില്ല.

അവര്‍ സ്വഹാബികളോട് സംവാദത്തിലേര്‍പ്പെടുകയും അബൂബക്‌റിന്റെയും ഉമറിന്റെയും ഫത്‌വകളെ തിരുത്തുകയും ചെയ്തു. അല്ലാമാ ബദ്‌റുദ്ദീന്‍ സര്‍കശീ (മ.ഹി. 794) സ്വഹാബികളെ തിരുത്തിക്കൊണ്ട് ആഇശ(റ) പറഞ്ഞ ഫത്‌വകള്‍ 'അല്‍ ഇജാബത്തു ലി ഈറാദി മസ്തദ്‌റകത്ത്ഹു ആഇശത്തു അലസ്സ്വഹാബ' എന്ന ഗ്രന്ഥമായി ക്രോഡീകരിച്ചിട്ടുണ്ട്. ആഇശയുടെ സഹോദരി ഉമ്മുകുല്‍സൂം സഹോദര പുത്രി ഹഫ്‌സ്വ എന്നിവര്‍ അവരാല്‍ വളര്‍ത്തിയെടുക്കപ്പെട്ട മുഫ്തിമാരാണ്. ആഇശയുടെ മുന്‍കൈയാല്‍ വളര്‍ന്നുവന്ന അംറ ബിന്‍തു അബ്ദിര്‍റഹ്മാന്‍ അന്‍സ്വാരിയ്യ പ്രമുഖയായ പണ്ഡിതയായിരുന്നു. സ്വഫിയ്യ ബിന്‍തു ശൈബ ഉമ്മി മന്‍സ്വൂര്‍ ഉമ്മുദ്ദര്‍ദാഅ് അസ്സ്വുഗ്‌റാ (മ.ഹി. 81) എന്നിവരാണ് ആഇശ(റ)യുടെ മറ്റു പ്രമുഖ ശിഷ്യകള്‍. ഇമാം നവവി, ഉമ്മുദ്ദര്‍ദാഇനെ കര്‍മശാസ്ത്രജ്ഞാനവും ബുദ്ധിയും ഗ്രഹണശേഷിയും മഹത്വവും ഉടയവര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രസിദ്ധരുടെ അധ്യാപികമാരായ പണ്ഡിതകള്‍

താബിഇകളുടെ കാലത്ത് മദീനയില്‍ പ്രമുഖരായ ഏഴു പണ്ഡിതന്മാരാണ് ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം ഗുരുക്കന്മാര്‍ വനിതകളായിരുന്നു. (1) സഈദുബ്‌നുല്‍ മുസയ്യബ് (മ.ഹി. 94)- ആഇശ(റ)യും ഉമ്മുസലമ(റ)യുമായിരുന്നു ഗുരുനാഥകള്‍. (2) ഉർവത്തുബ്‌നുസ്സുബൈര്‍ (മ.ഹി. 93). മാതാവ് അസ്മാഅ് ബിന്‍തു അബീബക്ര്‍, മാതൃസഹോദരി ആഇശ (റ) എന്നിവര്‍ ഗുരുക്കള്‍. (3) ഖാസിം ഇബ്‌നു മുഹമ്മദ് ഇബ്‌നു അബീബക്ര്‍ (മ.ഹി. 107) പിതൃവ്യ ആഇശ(റ)യുടെ മടിത്തട്ടിലായിരുന്നു വിദ്യാഭ്യാസം. (4) പണ്ഡിതനും കവിയുമായ ഉബൈദുല്ലാഹിബ്‌നു അബ്ദില്ലാഹില്‍ ഹുദലി (മ.ഹി. 98)- ആഇശ(റ)യും ഉമ്മുസലമ(റ)യുമാണ് ഗുരുനാഥകള്‍.

ഇമാമുല്‍ മദീന എന്നറിയപ്പെടുന്ന മാലികുബ്‌നു അനസ് (മ.ഹി. 179) വിദ്യയഭ്യസിച്ചത് സഅ്ദുബ്‌നു അബീവഖ്ഖാസ്വിന്റെ മകള്‍ ആഇശ(ആഇശത്തുസ്സ്വുഗ്‌റാ) യില്‍നിന്നാണ്. മാലികിന്റെ മകള്‍ ഫാത്വിമ പിതാവിന്റെ വിജ്ഞാനങ്ങള്‍ മനഃപാഠമാക്കിയിരുന്നു. ക്ലാസില്‍വെച്ച് പഠിതാക്കള്‍ക്ക് തെറ്റുമ്പോള്‍, വാതിലിനു പിന്നില്‍ നില്‍ക്കുന്ന ഫാത്വിമ വാതിലില്‍ മുട്ടി പിതാവിന്റെ ശ്രദ്ധ ക്ഷണിക്കുമായിരുന്നു എന്ന് ഹാഫിള് ഇബ്‌നു നാസ്വിറുദ്ദീന്‍ അദ്ദിമശ്ഖി (മ.ഹി. 842) രേഖപ്പെടുത്തുന്നു. ഇമാം അബൂഹനീഫ ഫിഖ്ഹിലേക്കും ഫത്‌വയിലേക്കും ശ്രദ്ധതിരിക്കാന്‍ കാരണം ഒരു വനിതയുടെ ചോദ്യമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഫിഖ്ഹീ വ്യക്തിത്വങ്ങളിലൊരാളായ ഇബ്‌നു ഹസ(മ.ഹി. 456)മിന്റെ മുഖ്യ ഗുരുക്കള്‍ വനിതകളാണ്. ഇബ്‌നു ഹസം തന്റെ വിദ്യാഭ്യാസ കാലം അനുസ്മരിച്ചുകൊണ്ടെഴുതുന്നു:
ولقد شاهدتُ النساء وعلمت من أسرارهن ما لا يكاد يعلمه ‏غيري، لأني ربيت في حجورهن، ونشأت بين أيديهن، ولم أعرف غيرهن…؛ وهن علمنني القرآن وروينني كثيراً من ‏الأشعار ودربنني في الخط
'ഞാന്‍ സ്ത്രീകളെ കണ്ടു. ഞാനല്ലാത്ത മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത അവരുടെ രഹസ്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി. ഞാന്‍ അവരുടെ മടിത്തട്ടുകളിലാണ് വളര്‍ന്നത്, അവര്‍ക്കിടയിലാണ് ജീവിച്ചത്. അവരെ അല്ലാതെ എനിക്കറിയില്ല. അവരാണ് എന്നെ ഖുര്‍ആന്‍ പഠിപ്പിച്ചത്. എനിക്ക് ധാരാളം കവിതകള്‍ പഠിപ്പിച്ചു തന്നതും എഴുത്ത് പഠിപ്പിച്ചതും അവര്‍ തന്നെ.' വനിതാധ്യാപകരുടെ ശിഷ്യത്വം ഇബ്‌നു ഹസമിനെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ നെറുകയിലെത്തിച്ചു; സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശേഷിച്ചും.

'പൗരസ്ത്യ ദേശത്തെ ഹാഫിള്' എന്ന പേരില്‍ പ്രശസ്തനായ ഖത്വീബുല്‍ ബഗ്ദാദിയുടെ ഗുരു അഹ്മദ് തനൂഖിയുടെ മകള്‍ ത്വാഹിറ(മ.ഹി. 436)യാണ്. ഇബ്‌നു അസാകിര്‍ (മ.ഹി. 571) തന്റെ എണ്‍പത് ഗുരുനാഥകളുടെ ജീവചരിത്രം 'മുഅ്ജമുന്നിസ്‌വാന്‍' എന്ന വനിതാ വിജ്ഞാനകോശത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഹാഫിള് സില്‍ഫി (മ.ഹി. 576) യുടെ ഒരു വിദ്യാര്‍ഥി തന്റെ അധ്യാപികമാരുടെ ഒരു ചരിത്ര വിജ്ഞാനകോശം രചിച്ചിട്ടുണ്ട്. ഇമാം ദഹബി ഒരു സംഘം വനിതാധ്യാപകരില്‍നിന്ന് ഉദ്ധരിക്കുകയും അവരെക്കുറിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം നജ്മുദ്ദീന്‍ ഇബ്‌നു ഫഹ്ദ് അല്‍ മക്കിക്ക് (മ.ഹി. 885) നൂറ്റി മുപ്പത് വനിതാധ്യാപികമാരുണ്ടായിരുന്നു. ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനി തന്റെ 'അദ്ദുററുല്‍ കാമിന ഫീ അഅ്‌യാനില്‍ മിഅത്തിസ്സാമിന' എന്ന കൃതിയില്‍ നൂറ്റി എഴുപത് പണ്ഡിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവരില്‍ അന്‍പത്തിനാലുപേര്‍ അദ്ദേഹത്തിന്റെ ഗുരുക്കളാണ്. ഇബ്‌നു ഹജറിന്റെ തന്നെ 'അത്തഖ്‌രീബി'ല്‍ പ്രശസ്തകളായ എണ്ണൂറ്റി ഇരുപത്തിനാല് ഹദീസ് പണ്ഡിതകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌നു ഹജറിന്റെ ശിഷ്യന്‍ സഖാവി (മ.ഹി. 902) എണ്‍പത്തിയഞ്ച് ഗുരുനാഥകളുണ്ടായിരുന്നതായി 'അദ്ദൗഉല്ലാമിഇ'ല്‍ പറയുന്നു. സഖാവിയുടെ സമകാലികനായ ഹാഫിള് സുയൂത്വി (മ.ഹി. 911)ക്ക് നാല്‍പത്തിനാല് അധ്യാപികമാരുണ്ട്.

ഇമാം ഇബ്‌നു ശിഹാബിസ്സുഹ്‌രി (മ.ഹി. 124)യുടെ الْحَدِيث‎ ‎ذَكَرٌ ‏يُحِبُّهُ‎ ‎ذكور‎ ‎الرِّجَالُ‎ ‎وَيَكْرَهُهُ مُؤَنَّثُوهُمْ (ഹദീസ് പുല്ലിംഗമാണ്. മനുഷ്യരിലെ ആണുങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നു. അവരിലെ സ്ത്രീകള്‍ അതിനെ വെറുക്കുന്നു) എന്ന പ്രസ്താവന പ്രസിദ്ധമാണ്. അതേസമയം, ഇമാം ദഹബിയുടെ മറ്റൊരു പ്രസ്താവനയും ഇതുപോലെ ശ്രദ്ധേയമാണ്. അതിങ്ങനെ:
وما ‏علمت في النساء من اتـُّهِمتْ [بوضع الحديث] ولا من تركوها
(ഏതെങ്കിലും വനിതകള്‍ വ്യാജ ഹദീസുകള്‍ നിര്‍മിച്ചതായി ധരിക്കപ്പെടുന്നതായോ, ഏതെങ്കിലും വനിതകളെ ഹദീസ് വിഷയത്തില്‍ പരിത്യക്തകളായി കരുതുന്നതായോ ഞാന്‍ അറിഞ്ഞിട്ടില്ല)

മേല്‍ രണ്ടു പ്രസ്താവനകളും അതത് കാലത്തെ സാംസ്‌കാരിക സാഹചര്യങ്ങളെയാണ് എടുത്തുകാണിക്കുന്നത്. ഇമാം സുഹ്‌രിയുടെ കാലത്ത് ഹദീസ് വിജ്ഞാനീയം കൂടുതലും പുരുഷന്മാരില്‍ പരിമിതമായിരുന്നു. ദഹബിയുടെ കാലമായപ്പോള്‍ ഇസ്‌ലാമിക ലോകത്ത് ഹദീസ് പണ്ഡിതകള്‍ വര്‍ധിച്ചുവന്നു. വിശിഷ്യാ, വൈജ്ഞാനിക കുടുംബങ്ങളില്‍. അറിവുതേടിയുള്ള യാത്ര സ്ത്രീകളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരുന്നു.
ഹി. ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ ഈജിപ്തിലും ശാമിലും പരിസര നാടുകളിലുമായി മുന്നൂറ്റി മുപ്പത്തിനാല് ഹദീസ് പണ്ഡിതകളുണ്ടായിരുന്നു. ഇബ്‌നു ഹജറില്‍ അസ്ഖലാനി ഉള്‍പ്പെടെയുള്ള പ്രഗത്ഭമതികള്‍ ഹദീസഭ്യസിച്ചത് അവരില്‍നിന്നാണ്. പൊതുവെ പറഞ്ഞാല്‍ പഴയകാല ഹദീസ് പണ്ഡിതന്മാരുടെ ഏതെങ്കിലും ഒരു ഗുരുവെങ്കിലും വനിതയായിരുന്നു എന്നര്‍ഥം.

സ്ഥല-കാലങ്ങള്‍ മറികടന്ന മുഫ്തിമാര്‍

ഫിഖ്ഹ് മേഖലയില്‍, വിശിഷ്യാ ഫത്‌വാ മേഖലയില്‍ ഒരു മുസ്‌ലിം നാട്ടിലും ഒരു കാലത്തും വനിതാ മുഫ്തിമാര്‍ ഉണ്ടാകാതിരുന്നിട്ടില്ല. ഹി. മൂന്നാം നൂറ്റാണ്ടില്‍ ഖൈറുവാനില്‍ 'തുനീഷ്യയിലെ രണ്ടു പണ്ഡിതകള്‍' എന്ന പേരില്‍ പ്രസിദ്ധരായവരാണ് അസ്മാഅ് ബിന്‍ത് അസദുബ്‌നുല്‍ ഫുറാത്തും ഇമാം സഹ്‌നൂനിന്റെ മകള്‍ ഖദീജയും. പിതാവ് തന്നെയായിരുന്നു അസ്മാഇ (മ.ഹി. 250)ന്റെ ഗുരുനാഥന്‍. പിതാവിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന സംവാദ, ചോദ്യോത്തര സദസ്സുകളില്‍ അസ്മാഅ് പങ്കെടുത്തിരുന്നു. പിതാവ് മാലികി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായിരുന്നുവെങ്കിലും അസ്മാഅ് ഹനഫീ മദ്ഹബില്‍ പാണ്ഡിത്യം നേടി. തുനീഷ്യയിലെ രണ്ടാമത്തെ പണ്ഡിതയായ ഇമാം സഹ്‌നൂനിന്റെ മകള്‍ ഖദീജ(മ.ഹി. 270)യെ ഖാദി ഇയാദ് വിശേഷിപ്പിച്ചത് 'മനുഷ്യരിലെ ഉത്തമകളില്‍ പെട്ടവള്‍' എന്നാണ്.

തുനീഷ്യയില്‍നിന്ന് ഒട്ടും ദൂരെയല്ലാത്ത ഈജിപ്തിലും ഇതുതന്നെയാണ് അക്കാലത്തെ ചരിത്രം. ശാഫിഈ പണ്ഡിതന്‍ ഇസ്മാഈലുബ്‌നു യഹ്‌യല്‍ മുസനിയുടെ സഹോദരി (മ.ഹി. 264), സഹോദരനുമായി സംവാദത്തിലേര്‍പ്പെടുകയും മത്സരിക്കുകയും ചെയ്തിരുന്നു. മുസനിയുടെ സഹോദരി എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഇമാം സുയൂത്വി (മ.ഹി 911) 'ഹുസ്‌നുല്‍ മുഹാദറ' എന്ന കൃതിയില്‍ അവര്‍ ഇമാം ശാഫിഇയുടെ വിജ്ഞാന സദസ്സില്‍ പങ്കെടുത്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശാഫിഇയില്‍നിന്ന് മുസനിയുടെ സഹോദരിയാണ് ചില ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇമാം റാഫിഈ എഴുതിയിട്ടുണ്ട്. സഹോദരന്‍ മുസനി സഹോദരിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. അവരെക്കുറിച്ച വിവരങ്ങളും വേണ്ടത്ര ലഭ്യമല്ല. ഇമാം അബൂ ജഅ്ഫര്‍ അത്ത്വഹാവി(മ.ഹി. 321) യുടെ മാതാവാണ് മുസനിയുടെ സഹോദരി എന്നാണ് മനസ്സിലാവുന്നത്. മുസനിക്ക് മറ്റൊരു സഹോദരി ഇല്ലാത്തതിനാല്‍ അങ്ങനെ മനസ്സിലാക്കുന്നതാണ് ശരി.

അന്ദലുസിലെ ചരിത്രകാരനായ ഇബ്‌നു ഉമൈറദ്ദബ്ബി (മ.ഹി. 599) പരിചയപ്പെടുത്തിയ ഫാത്വിമ ബിന്‍ത് യഹ്‌യബ്‌നു യൂസുഫ് അല്‍ മുഗാമി(മ.ഹി. 319)യാണ് മറ്റൊരു പ്രശസ്ത വനിത. കൊര്‍ദോവയില്‍ താമസിക്കുകയും അവിടെ മരിക്കുകയും ചെയ്ത അവരുടെ ജനാസായാത്രയില്‍ മറ്റൊരു വനിതയുടെയും ജനാസയില്‍ കാണാത്തത്രയും ആളുകള്‍ പങ്കെടുത്തിരുന്നു. ഇറാഖിലെ ഇബ്‌റാഹീമുല്‍ ഹര്‍ബിയുടെ മകള്‍ ഉമ്മുഈസാ (മ.ഹി. 328) പ്രശസ്തയായ പണ്ഡിതയും മുഫ്തിയുമായിരുന്നു. ഖാദി ഹുസൈന്‍ മുഹാമിലി (മ.ഹി. 377) യുടെ അടിമപ്പെണ്ണ് ശാഫിഈ മദ്ഹബില്‍ പ്രാഗത്ഭ്യം നേടി. ശാഫിഈ പണ്ഡിതനായ അബൂഅലി ഇബ്‌നു അബീഹുറയ്‌റ(മ.ഹി. 345)യുമായി ചേര്‍ന്ന് അവര്‍ ഫത്‌വ നല്‍കിയിരുന്നു.

വിദൂര പൗരസ്ത്യ ദേശമായ ഖുറാസാനിലെ അഹ് മദുല്‍ കുംസാനിയുടെ മകള്‍ ഉമ്മുല്‍ ഫദ്ല്‍ ആഇശ (മ.ഹി. 529) പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതയായിരുന്നു. സകരിയ്യല്‍ മക്കി അല്‍ ഹിലാലിയുടെ മകളായ തന്റെ പിതാമഹിയായിരുന്നു അവരുടെ ഗുരു. അതേ നൂറ്റാണ്ടില്‍ പ്രശസ്തയായ മറ്റൊരു പണ്ഡിതയായിരുന്നു ശഹ്ദ ബിന്‍ത് അഹ്മദ് അല്‍ ഇബരി (മ.ഹി. 574). ധാരാളം വിജ്ഞാനീയങ്ങളില്‍ വിശിഷ്യാ കര്‍മശാസ്ത്രത്തില്‍ അവര്‍ വിദഗ്ധയായിരുന്നു. മറയ്ക്ക് പിന്നിലിരുന്ന് ക്ലാസെടുത്തിരുന്ന അവര്‍ക്ക് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു.

ഹനഫി മദ്ഹബിലെ പ്രശസ്തയായ മുഫ്തിയായിരുന്നു ഫാത്വിമ ബിന്‍ത് അലാഉദ്ദീന്‍ അസ്സമര്‍ഖന്ദി (മ. ഏകദേശം ഹി. 540).

'ബദാഇഉസ്സ്വനാഇഇ'ന്റെ കര്‍ത്താവ് ഇമാം അലാഉദ്ദീന്‍ അല്‍കാസാനി (മ.ഹി. 587)യുടെ ഭാര്യയാണ് മറ്റൊരു പ്രമുഖ. പിതാവില്‍നിന്ന് അഭ്യസിച്ച അവര്‍ അദ്ദേഹത്തിന്റെ 'തുഹ്ഫ' മനഃപാഠമാക്കുകയുണ്ടായി. ഭര്‍ത്താവ് കാസാനി ചില ഫത്‌വകള്‍ അന്തിമമാക്കുന്നതില്‍ പ്രയാസപ്പെടുമ്പോള്‍ ഭാര്യയായിരുന്നു സഹായിച്ചിരുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ശരിയിലേക്ക് നയിച്ചിരുന്നതും അവര്‍ തന്നെ. അവര്‍ ഫത്‌വ നല്‍കിയിരുന്നു. ഫത്‌വകള്‍ അവരുടെയും പിതാവിന്റെയും കൈപടയിലായിരുന്നു പുറത്തുവന്നിരുന്നത്. കാസാനി വിവാഹം ചെയ്തതോടെ മൂന്നുപേരുടെയും ഒപ്പോടെയായിരുന്നു ഫത്‌വകള്‍ പ്രസിദ്ധം ചെയ്തിരുന്നത്.

സയ്യിദ് അഹ്മദ് രിഫാഈ അല്‍ കബീറിന്റെ മകള്‍ ഫാത്വിമ (മ.ഹി. 607) ഹി. ഏഴാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതയായിരുന്നു. ഉമ്മുല്‍ മുഅയ്യിദ് എന്ന പേരില്‍ പ്രശസ്തയായ, അബുല്‍ ഖാസിമിന്റെ മകള്‍ സൈനബാണ് മറ്റൊരു പണ്ഡിത പ്രതിഭ. പ്രമുഖരായ പണ്ഡിതന്മാരുടെ ശിഷ്യയായിരുന്ന അവര്‍ക്ക് 'തഫ്‌സീറുല്‍ കശ്ശാഫി'ന്റെ കര്‍ത്താവ് സമഖ്ശരി (മ.ഹി. 539)യും ചീഫ് ജസ്റ്റിസായിരുന്ന ഇബ്‌നു ഖല്ലികാനും (മ.ഹി. 681) തങ്ങളില്‍നിന്ന് പഠിച്ചവയും കേട്ടവയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ അനുവദിക്കുകയുണ്ടായി.

(ഈ അനുവാദത്തിന് സാങ്കേതിക ഭാഷയില്‍ 'ഇജാസ' എന്നു പറയുന്നു).
വിജ്ഞാനകോശ സമാനരായ ഹദീസ്, ഫിഖ്ഹ് പണ്ഡിതന്മാരാല്‍ സമൃദ്ധമായിരുന്നു ഹി. 8-ാം നൂറ്റാണ്ട്. ഇവരുടെ ജീവചരിത്രം ഇബ്‌നു ഹജറില്‍ അസ്ഖലാനി 'അദ്ദുററുല്‍ കാമിന ഫീ അഅ്‌യാനില്‍ മിഅത്തിസ്സാമിന'യില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഈ കാലത്തെ പണ്ഡിതകളെ സിത്തുല്‍ ഉലമാ, സിത്തുല്‍ ഫുഖഹാഅ്, സിത്തുല്‍ ഖുദാഅ്, സിത്തുല്‍ കതബ, സിത്തുല്‍ വുസറാഅ്, സിത്തുല്‍ മുലൂക്ക് മുതലായ കൗതുക സ്ഥാനപ്പേരുകളിലാണ് വിളിച്ചിരുന്നത്.

സിത്തുല്‍ ഉലമാ ബിന്‍ത് ശൈഖ രിബാത്വ് ദര്‍ബില്‍ മിഹ്‌റാനി (മ.ഹി 712), സിത്തുല്‍ ഫുഖഹാ അമത്തുര്‍റഹ്മാന്‍ ബിന്‍ത് ഇബ്‌റാഹീം അസ്സ്വാലിഹിയ്യ അല്‍ഹന്‍ബലിയ്യ (മ.ഹി. 726), സിത്തുല്‍ ഫുഖഹാ ബിന്‍തുല്‍ ഖത്വീബ് ശറഫുദ്ദീന്‍ അല്‍ അബ്ബാസി (മ.ഹി. 765) (ഇവരും സഹോദരന്‍ അലാഉദ്ദീനും സഹോദരി സിത്തുല്‍ ഖുദാത്തും ഹാഫിള് അബുല്‍ ഹജ്ജാജ് അല്‍ മിസ്സിയില്‍നിന്ന് 'അമാലില്‍ ജൗഹരി' യിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചിരുന്നതായി ഹാഫിള് ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്). സിത്തുല്‍ വുസറാഅ് ബിന്‍ത് ഉമറുബ്‌നുല്‍ മുന്‍ജി (മ.ഹി. 716). സിത്തുല്‍ മുലൂക് ഫാത്വിമ ബിന്‍ത് അലിയ്യുബ്‌നു അബില്‍ ബദ്ര്‍ (മ.ഹി. 710) എന്നിവര്‍ മറ്റു ചില വനിതാ പ്രതിഭകളാണ്.

ഒമ്പതാം നൂറ്റാണ്ടില്‍ താമസിച്ചോ സന്ദര്‍ശിച്ചോ അയല്‍പക്ക ബന്ധം സ്ഥാപിച്ചോ, മക്കയുമായി ബന്ധപ്പെട്ടിരുന്നവരായി 270 പണ്ഡിതകളുണ്ടായിരുന്നു. ഇമാം സഖാവി തന്റെ 'അദ്ദൗഉല്ലാമിഅ് ലിഅഹ്‌ലില്‍ ഖര്‍നിത്താസിഅ്' എന്ന കൃതിയില്‍ 1080 പണ്ഡിതകളെ പരിചയപ്പെടുത്തുന്നുണ്ട്. ഇവരിലധികവും ഹദീസ്-ഫിഖ്ഹ് മേഖലകളില്‍ പ്രശസ്തകളാണ്.

പത്താം നൂറ്റാണ്ടിലെ പ്രശസ്ത വനിതാ പണ്ഡിത വ്യക്തിത്വമാണ് ഉമ്മു അബ്ദില്‍ വഹ്ഹാബ് ബിന്‍തുല്‍ ബാഊനി അദ്ദിമശ്ഖിയ്യ (മ.ഹി. 922). കൈറോവിലെത്തിയ അവര്‍ വിജ്ഞാനം നേടി അധ്യാപനത്തിനും ഫത് വക്കുമുള്ള അംഗീകാരം നേടുകയായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിലെ മക്കയിലെ പ്രമുഖ പണ്ഡിതയായിരുന്നു ഖുറൈശ് ബിന്‍ത് അബ്ദില്‍ ഖാദിര്‍ അത്ത്വബരി (മ.ഹി. 1107). 11-ാം നൂറ്റാണ്ടില്‍ ഹദീസിന് വലിയ സംഭാവന നല്‍കിയ വനിതാ വ്യക്തിത്വമായാണ് 'ഫിഹ്‌രിസുല്‍ ഫഹാരിസി'ന്റെ കര്‍ത്താവ് ഇവരെ വിശേഷിപ്പിക്കുന്നത്.

മിമ്പറുകളിലെ വമ്പത്തികള്‍

ഹി. 8-ാം നൂറ്റാണ്ടിലെ ചരിത്രകാരന്മാര്‍ ഏറെ പ്രശംസിച്ചിട്ടുള്ള മഹതിയാണ് ഉമ്മുസൈനബ് ഫാത്വിമ ബിന്‍ത് അബ്ബാസ് അല്‍ ബഗ്ദാദിയ്യ (മ.ഹി. 714). 'രിബാത്വുല്‍ ബഗ്ദാദിയ്യ' എന്നായിരുന്നു അവര്‍ വിളിക്കപ്പെട്ടിരുന്നത്. ഇമാം ദഹബി അവരെ 'ശൈഖ, മുഫ്തിയ, ഫഖീഹ, ആലിമ, ഹമ്പലിയ്യ' എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ചരിത്രകാരനായ സ്വലാഹുദ്ദീന്‍ സ്വിഫ്ദി (മ.ഹി 764), ഉമ്മു സൈനബ് മിമ്പറില്‍ കയറി സ്ത്രീകളോട് സംസാരിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദമസ്‌കസിലെ പല സ്ത്രീകളെയും നന്നാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഹി. 700-നുശേഷം ഈജിപ്തിലേക്ക് മാറിത്താമസിച്ച അവര്‍ ഈജിപ്തിലും പ്രശസ്തയായി. വിവാഹമോചിതകളെ പുനർവിവാഹം വരെയും, ഭര്‍ത്താക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരെ തിരികെ കൊണ്ടുപോവുന്നതുവരെയും പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാലാണ് അവര്‍ 'രിബാത്വുല്‍ ബഗ്ദാദിയ്യ' എന്നറിയപ്പെട്ടിരുന്നത് (രിബാത്വ് = സന്നദ്ധസേവന മനസ്സോടെ കഴിയുക). ഹമ്പലി പണ്ഡിതയും മുഫ്ത്തിയുമായിരുന്ന ഇവരെക്കുറിച്ച് സ്വിഫ്ദി പറയുന്നതിങ്ങനെ: 'ശൈഖ് ശംസുദ്ദീന്‍ മഖ്ദിസി ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഫിഖ്ഹിലെ അതിസങ്കീര്‍ണമായ വിഷയങ്ങള്‍ പോലും അവര്‍ കുരുക്കഴിച്ചിരുന്നു.' ഇമാം ഇബ്‌നു തൈമിയ്യ പോലും അവരുടെ ബുദ്ധിസാമര്‍ഥ്യത്തിലും കഴിവിലും അതിശയിപ്പിച്ചിരുന്നു. ഇബ്‌നു തൈമിയ്യയുടെ ശിഷ്യന്‍ ദഹബി പറയുന്നു: 'അവര്‍ക്ക് നല്ല സ്വീകാര്യത ഉണ്ടായിരുന്നു. ജമനസ്സുകളില്‍ അവര്‍ സ്ഥാനം പിടിച്ചിരുന്നു. ഞാന്‍ അവരെ ഒരിക്കല്‍ സന്ദര്‍ശിച്ചിരുന്നു. അവരുടെ ഭക്തിയും ശ്രീത്വവും എന്നെ അത്ഭുതപ്പെടുത്തി. അത്തരം സ്ത്രീകള്‍ വളരെ കുറവാണ്.'

'ഇബ്‌നുല്‍ ആലിമ' (പണ്ഡിതയുടെ മകന്‍) എന്ന പേരില്‍ പ്രശസ്തനായ ശാഫിഈ പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അന്‍സ്വാരിയുടെ മാതാവ് മിമ്പറില്‍ കയറി പ്രസംഗിക്കുമായിരുന്നു. അവര്‍ക്ക് 'അല്‍ ആലിമ' എന്ന പേരുവരാന്‍ കാരണമായി ഖുത്വ്ബുദ്ദിന്‍ യൂനീനി (മ.ഹി. 726) വിവരിക്കുന്നത് ഇങ്ങനെ: 'ചക്രവര്‍ത്തി അല്‍ ആദിലുല്‍ കബീര്‍ ഹി. 615-ല്‍ മരിച്ചപ്പോള്‍ അനുശോചിച്ച് സംസാരിക്കാന്‍ പറ്റിയ ഒരു വനിതയെ ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു. അവരുടെ പേര് നിര്‍ദേശിക്കപ്പെട്ടു. (ഹി. 374-ല്‍ നിര്യാതനായ ഇബ്‌നു നുബാത്തയുടെ ഖുത്വ്ബകള്‍ അവര്‍ക്ക് മനഃപാഠമായിരുന്നു). ഇതേപ്പറ്റി അവര്‍ പിന്നീട് പറഞ്ഞതിങ്ങനെ: 'പ്രസംഗിക്കാനായി പേടിച്ചു വിറച്ചുകൊണ്ടു പോയപ്പോള്‍ സദസ്സില്‍ എന്നെ വഷളാക്കരുതെന്ന് ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നു.' മിമ്പറില്‍ കയറിയതോടെ അസ്വസ്ഥതകള്‍ മാറി. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു. മരണത്തെ സംബന്ധിച്ച് പ്രസംഗിച്ചു. സദസ്സ് കരച്ചിലായി.' അതോടെ 'അല്‍ ആലിമ' എന്ന പേര് പ്രചുരമായി. 'ഇബ്‌നുല്‍ ആലിമ' (പണ്ഡിതയുടെ മകന്‍) എന്ന പേരില്‍ വിശ്രുതരായ മറ്റു രണ്ടു പേരുമുണ്ട്. അബുല്‍ ഫദ്ല്‍ ഇബ്‌നുല്‍ ആലിമ (മ.ഹി. 530) - ഇദ്ദേഹം അല്‍ ഇസ്‌കാഫ് എന്ന പേരില്‍ അറിയപ്പെടുന്നു - ദമസ്‌കസിലെ പണ്ഡിതയായിരുന്ന ദുഹ്‌നുല്ലൗസിന്റെ മകന്‍ അഹ്മദുബ്‌നു അസ്അദ് അബുല്‍ അബ്ബാസ് എന്നിവര്‍.

രേഖപ്പെടുത്താതെ പോയ വനിതാ സംഭാവനകള്‍

വൈജ്ഞാനികരംഗത്ത് മുസ്‌ലിം വനിതകളുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അവരുടെ വൈജ്ഞാനിക പ്രസ്താവനകള്‍ കൂടുതലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നബിപത്‌നിമാരുടെ, വിശിഷ്യാ ആഇശ(റ)യുടെ പ്രസ്താവനകള്‍ മാത്രമേ ലിഖിതമായുള്ളൂ. ഇതിന് നാലു കാരണങ്ങളുണ്ട്:
1. പണ്ഡിതന്മാരുടെ പ്രശസ്തി അനുസരിച്ചാണ് പ്രസ്താവനകള്‍ ഉദ്ധരിക്കപ്പെട്ടു പോന്നിട്ടുള്ളത്. പ്രധാന നഗരങ്ങളിലെ മുഖ്യ പണ്ഡിതന്മാര്‍ക്കാണ് ഈ പരിഗണന ലഭിച്ചുവന്നിരുന്നത്.
2. അധിക പണ്ഡിതകളും പണ്ഡിതന്മാരായ പിതാക്കളുടെയോ ഭര്‍ത്താക്കന്മാരുടെയോ സംരക്ഷണയിലായിരുന്നു. അത് ഒരു ആവരണം പോലെ വനിതകള്‍ക്കുമേല്‍ നിലകൊണ്ടു.
3. പണ്ഡിതകളായ വനിതകള്‍ വളരെ കുറച്ചു മാത്രമേ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നുള്ളൂ. വൈജ്ഞാനിക സംഭാവനകളെ ശാശ്വതമാക്കി നിലനിര്‍ത്താന്‍ ഗ്രന്ഥങ്ങള്‍ക്കു മാത്രമേ കഴിയൂ.
4. അറബി സംസ്‌കാരത്തില്‍ വനിതകള്‍ ഔറത്തായാണ് പരിഗണിക്കപ്പെടുന്നത്. ചില ഗവേഷകര്‍ പറയുന്നത്, അറബികള്‍ സ്ത്രീകളുടെ വിഷയങ്ങളിലും സാമൂഹിക കാര്യങ്ങളിലും ഇസ്‌ലാമിനു മുമ്പത്തെ സമ്പ്രദായങ്ങളാണ് പുലര്‍ത്തിപ്പോന്നിരുന്നത് എന്നാണ്. ഇമാം മുസനി, പണ്ഡിതയായ തന്റെ സഹോദരിയുടെ പേരുവെളിപ്പെടുത്താതിരുന്നത് ഉദാഹരണം.

ചില ഗവേഷകര്‍ ഹി. രണ്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള മുപ്പത്തിയാറ് ഗ്രന്ഥകാരികളെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും അവരുടെ രനചകള്‍ ലഭ്യമല്ല. അവയുടെ തലക്കെട്ടുകള്‍ ഗ്രന്ഥങ്ങളില്‍ ഇടക്കൊക്കെ വന്നുപോവുന്നു എന്നുമാത്രം. തങ്ങളുടെ വൈജ്ഞാനിക ശേഷികളും മികവുകളും ഗ്രന്ഥ രൂപത്തില്‍ ക്രോഡീകരിക്കപ്പെടാതെ പോയതാണ് ഈ ദുരവസ്ഥക്ക് കാരണം.

വിവിധ മദ്ഹബുകളിലെ പണ്ഡിതന്മാരുടെ ജീവചരിത്രം ക്രോഡീകരിച്ച ഗവേഷകന്‍ മുഹമ്മദ് ഖൈറ് റമദാന്‍, വനിതാ പണ്ഡിതകളുടെ സംഭാവനകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് പരിഭവിക്കുന്നുണ്ട്. 2115 പണ്ഡിതന്മാരുടെ ചരിത്രം ക്രോഡീകരിച്ച 'അല്‍ ജവാഹിറുല്‍ മുദീഅ ഫീ തറാജുമില്‍ ഹനഫിയ്യ' എന്ന കൃതിയില്‍ അഞ്ച് പണ്ഡിതകളെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. മാലികി ജീവചരിത്രകൃതികളില്‍ ഒരു പണ്ഡിതയെക്കുറിച്ചു പോലും പരാമര്‍ശമില്ല. സുബുക്കി (മ.ഹി. 771) യുടെ 'ത്വബഖാത്തുശ്ശാഫിഇയ്യല്‍ കുബ്‌റാ'ക്ക് പത്ത് വാള്യങ്ങളുണ്ടെങ്കിലും ഒരു പണ്ഡിതയെക്കുറിച്ചും അതില്‍ പരാമര്‍ശമില്ല. പേരുപറയാതെ 'മുസനിയുടെ സഹോദരി' എന്ന വിശേഷണത്തോടെ ഒരാള്‍ പരാമര്‍ശിക്കപ്പെട്ടു എന്നുമാത്രം. ഇബ്‌നു അബീയഅ്‌ലാ(മ.ഹി. 526)യുടെ 'ത്വബഖാത്തുല്‍ ഹനാബില'യിലും ഒരു പണ്ഡിതയെപോലും കാണുന്നില്ല.

'ഇമാം അഹ്മദിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ചെറുഭാഗം ഉണ്ടെന്നുമാത്രമാണ് ആശ്വാസകരം.

വനിതകളുടെ വൈജ്ഞാനിക സംഭാവനകളുടെ നേരെയുള്ള ഈ അവഗണന അന്ദലുസിലുമുണ്ടായിരുന്നു. കര്‍മശാസ്ത്ര പണ്ഡിതയായിരുന്ന ഉമ്മു അബില്‍ വലീദ് അല്‍ ബാജി(മ.ഹി 474)യുടെ ചരിത്രം അവരുടെ മകനുമായി ബന്ധപ്പെട്ടാണ് രേഖപ്പെടുത്തിക്കാണുന്നത്. അന്ദലുസിലെ പ്രശസ്തരായ ഇരുപതു സ്ത്രീകളെ പരാമര്‍ശിക്കുന്നേടത്ത് 'നഫ്ഹുത്ത്വീബി'ലും അവരെക്കുറിച്ച വിവരങ്ങള്‍ കാണാം. അന്ദലുസിലെ ഏതെങ്കിലും നഗരത്തിലേക്ക് ചേര്‍ത്തുകൊണ്ടും ജനന-മരണ തീയതികളും ഗുരുക്കന്മാരെയും പരാമര്‍ശിക്കാതെയുമാണ് മിക്ക ജീവചരിത്രക്കുറിപ്പുകളും കാണുന്നത്. ഹി. 914-ല്‍ നിര്യാതനായ അബുല്‍ അബ്ബാസ്, ആഫ്രിക്ക, അന്ദലുസ്, മഗ്‌രിബ് നാടുകളിലെ പണ്ഡിതന്മാരുടെ ഫത്‌വകള്‍ സമാഹരിച്ചുകൊണ്ടെഴുതിയ 'അല്‍ മിഅ്‌യാറുല്‍ മുഅ്‌റബ് വല്‍ജാമിഉല്‍ മുഗ്‌റബ് അല്‍ ഫതാവാ അഹ്‌ലി ഇഫ്‌രീഖിയ വല്‍ അന്ദലുസ് വല്‍ മഗ്‌രിബ്' എന്ന കൃതിയിലും അതിനുശേഷം വിരചിതമായവയിലും വനിതാ സാന്നിധ്യം കുറവുതന്നെയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മൊത്തം ചരിത്രം പരിശോധിക്കുമ്പോള്‍ പല ഘട്ടങ്ങളിലും വനിതകള്‍ പുരുഷന്മാര്‍ക്ക് സമാനമോ തൊട്ടുതാഴെയോ ആയി വൈജ്ഞാനികരംഗത്ത് ശോഭിച്ചു തന്നെ നിന്നിട്ടു് എന്നതില്‍ സംശയമില്ല. 

(മൗറിത്താനിയയിലെ പ്രമുഖ ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top