ശീഇ-സുന്നി സമന്വയത്തിന്റെയും രീതിശാസ്ത്രം
ലോക ഇസ്‌ലാമിക സമൂഹത്തിലെ രണ്ടു പ്രധാനവിഭാഗങ്ങളാണ് ശീഇകളും സുന്നികളും. ദൈവശാസ്ത്രപരമായി ധാരാളം വിയോജിപ്പുകള്‍ ഇവര്‍ തമ്മിലുണ്ട്. സ്വഹാബികള്‍, ഇമാമത്ത് സങ്കല്‍പം, മഹ്ദി, പ്രവാചക കുടുംബത്തിന്റെ പദവി, കര്‍മശാസ്ത്ര സമീപനങ്ങള്‍ തുടങ്ങി വിവിധങ്ങളായ അഭിപ്രായാന്തരങ്ങള്‍ ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുമുണ്ട്. ഇതില്‍ തീവ്രസ്വഭാവം സ്വീകരിക്കുകയും പരസ്പരം പോരടിക്കുകയും അന്യവിഭാഗത്തെ കൊന്നൊടുക്കുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്നവര്‍ വരെ വിരളമാണെങ്കിലും ഇരു വിഭാഗത്തിലുമുണ്ട്.
എന്നാല്‍, യോജിപ്പിലെത്താവുന്ന ഈ പ്രശ്‌നങ്ങളിലെല്ലാം പരസ്പരം കലഹിച്ചും സംഘര്‍ഷപ്പെട്ടും കഴിയുക എന്നത് മുസ്‌ലിം രാജ്യങ്ങളുടെ ഭൗതിക മേല്‍കോയ്മ ആഗ്രഹിക്കുന്ന അമേരിക്കയുടെയും മറ്റും താല്‍പര്യമാണ്. മതപരമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും സുന്നി-ശീഇ ധ്രുവീകരണത്തിലൂടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സൈനികവും സാമ്പത്തികവുമായ മേധാവിത്വം നിലനിര്‍ത്തുക എന്നതും പടിഞ്ഞാറിന്റെയും ഇസ്രായേലിന്റെയും അജണ്ടയാണ്. ഇറാന്‍, ഇറാഖ്, ലബനാന്‍, യമന്‍, ബഹ്‌റൈന്‍, സിറിയ, സുഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ ചെറുതും വലുതുമായ ശീഇ-സുന്നി കലഹങ്ങളും പോരാട്ടങ്ങളും നടക്കുന്നുണ്ട്. ഇതിലൂടെ ഒരുവിഭാഗത്തെ -മിക്ക രാജ്യങ്ങളിലും ശിയാക്കളെ- പിന്തുണച്ച് കൊണ്ടു പശ്ചിമേഷ്യയുടെ ഭൂപടം മാറ്റി വരക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. യമനിലെയും സിറിയയിലെയും വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണ്. തന്ത്രപ്രധാനമായ പശ്ചിമേഷ്യയില്‍ സ്ഥിരം പ്രാതിനിധ്യവും അധികാരവും ഉറപ്പിക്കാനാണ് ശീഈ-സുന്നി സംഘര്‍ഷം അമേരിക്കയും ഇസ്രയേലും വളര്‍ത്തുന്നത്. അവിടങ്ങളില്‍ ഉണര്‍ന്ന്‌കൊണ്ടിരിക്കുന്ന ജനാധിപത്യ അവബോധത്തെ ശീഈ-സുന്നി സംഘര്‍ഷങ്ങളിലൂടെ അട്ടിമറിക്കാനും അവര്‍ ശ്രമിക്കുന്നു. ഇരുവിഭാഗത്തിലെയും പണ്ഡിതന്മാരും ദാര്‍ശനികരും പ്രശ്‌നാധിഷ്ഠിത ഐക്യത്തിലെങ്കിലും എത്തിച്ചേരല്‍ ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണ്.
മതപരമായി ഗുരുതരമായ പ്രശ്‌നങ്ങളിലാണ് ശീഇകളെന്ന് ആക്ഷേപിക്കുന്ന സുന്നിലോകം ഇന്നും കഅ്ബയില്‍ ഒരുമിച്ച് ഹജ്ജ് ചെയ്യാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കുന്നുണ്ട്. ചരിത്രപരമായ സംഘര്‍ഷങ്ങളെ പുനരുല്‍പാദിപ്പിക്കുന്നതിനു പകരം സംവാദങ്ങളിലൂടെ സമന്വയത്തിലെത്താന്‍ സാധിക്കുന്നതാണ് മുസ്‌ലിംലോകത്തിന് അഭികാമ്യമായത്. ശീഇ വിഭാഗത്തിന്റെ വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ വീക്ഷണങ്ങളും അവയോടുള്ള വിയോജിപ്പുകളും യോജിപ്പുകളും ഈ ലക്കം ബോധനം ചര്‍ച്ച ചെയ്യുന്നു. മതപരമായി ശീഇകള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകളെ വിശകലന വിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും രാഷ്ട്രീയമായ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പഠനങ്ങളും നിരീക്ഷണങ്ങളും ഇതില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്.