ഇറാന്‍ വിപ്ലവവും ഇസ്‌ലാമിക ചിന്തയും: ശരീഅത്തി-സൊറോഷ് സംവാദം

കെ. അഷ്‌റഫ്‌‌
img

റാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ഭാഗമായ രണ്ടു ബുദ്ധിജീവികളുടെ സൈദ്ധാന്തിക സമീപനങ്ങള്‍ പഠിക്കുന്നത് വിപ്ലവാനന്തര ഇറാന്‍ എത്തിപ്പെട്ടു നല്‍കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചില വ്യത്യസ്തമായ ധാരണകള്‍ പകര്‍ന്നു നല്‍കാന്‍ സഹായിക്കുമെന്ന് കരുതുന്നു. അലി ശരീഅതി (1933-1977), അബ്ദുല്‍ കരീം സൊറോഷ് (1945- ) എന്ന രണ്ടു ബുദ്ധിജീവികള്‍ ഇറാനിലെ ഇസ്‌ലാമിക ചിന്തയുടെ രണ്ടു കാലത്തെ മാത്രമല്ല രണ്ടു വ്യത്യസ്തമായ ദിശകളെയും ഊന്നലുകളെയും അതിലേറെ ഇസ്‌ലാമിക ചിന്തയിലെ പുത്തന്‍ സംഘര്‍ഷങ്ങളെയും കാണിച്ചുതരുന്നു. അതിലേറെ പ്രധാനമായി തോന്നുന്നത് ഈ വ്യത്യസ്തതകള്‍ പഠിക്കുന്നത് ശിയ ഇസ്‌ലാമിക ചിന്തയെ കുറിച്ച ഏകപക്ഷീയമായ ധാരണകളെ കൂടി തിരുത്താന്‍ സഹായകമാകുമെന്നു തോന്നുന്നു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ കാണേണ്ടത് ഷായുടെ ഏകാധിപത്യം, സോവിയറ്റ് അനുകൂല ഇടതുപക്ഷത്തിന്റെ പരാജയം എന്ന ചട്ടകൂടില്‍ മാത്രമല്ല ഇസ്‌ലാമിനെ പൊതുജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ ( public religion (പൊതു മതം) എന്ന് അകാദമിക് ലോകത്ത് അറിയപ്പെടുന്ന പ്രക്രിയ) ഇറാനിലെ ഇസ്‌ലാമിക ബുദ്ധിജീവികള്‍ നടത്തിയ ശ്രമങ്ങളുടെ ചരിത്രമായിട്ടാണ്.

ശരീഅത്തിയും ഇസ്‌ലാമിക പ്രത്യയശാസ്ത്രവും
തീര്‍ച്ചയായും ആധുനിക ഇസ്‌ലാമിക ചിന്താ പ്രവണതകളുടെ മുന്നില്‍ നടന്ന ചിന്തകന്‍ ആയിരുന്നു അലി ശരീഅത്തി. അദ്ദേഹം ഇസ്‌ലാമിന്റെ സാമൂഹിക ഇടപാടുകളുടെ മുന്നിറുത്തി ഇസ്‌ലാം ഒരു പ്രത്യശാസ്ത്രമാണെന്ന് (Islam as an ideology) പറയുകയും വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് ഇസ്‌ലാമിനു നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ശരീഅതി സംസാരിച്ച ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു കേവല ഭരണകൂട പ്രത്യയശാസ്ത്രമാവുകയും അത് ഇസ്‌ലാമിന്റെ വിമോചന പാഠങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന വിമര്‍ശനമാണ് അബ്ദുല്‍ കരീം സൊരൗഷിന്റെ ഇടപെടലുകളെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല ശരീഅതിയുടെ തന്നെ പല സൈദ്ധാന്തിക നിഗമനങ്ങളും ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ മറ്റൊരു ഭരണകൂട മതമായി മാറ്റുന്നതില്‍ പങ്കുവഹിച്ചുവെന്നും സൊറോഷ് കരുതുന്നു.

സാമ്യതകളും വ്യത്യാസങ്ങളും
ശരീഅതി തന്റെ വിദ്യാഭ്യാസം ഇറാനിലും ഫ്രാന്‍സിലുമാണു പൂര്‍ത്തിയാകിയതെങ്കില്‍ സൊറോഷ് തന്റെ പഠനം പൂര്‍ത്തിയാക്കിയത് ബ്രിട്ടനിലും ഇറാനിലും ആയിരുന്നു. ശരീഅതി സാമൂഹ്യ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും സാമൂഹ്യ വിപ്ലവത്തിന് ജനസഞ്ചയത്തെ പ്രാപ്തമാക്കുന്ന രാഷ്ട്രീയ ചിന്തയില്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ സൊറോഷ് ആവട്ടെ തത്വചിന്തയില്‍ ഊന്നിക്കൊണ്ട് ഇസ്‌ലാമിക സമൂഹത്തെ ഒരു തുറന്ന ജനാധിപത്യ സമൂഹമാക്കി മാറ്റുന്നതില്‍ പങ്കുവഹിക്കുന്ന ഇടപെടലുകളില്‍ വിശ്വസിക്കുന്നു. മതം ഒരു പ്രത്യശാസ്ത്രമാവുമ്പോള്‍ അത് സാമൂഹ്യ മാറ്റത്തിന് സഹായകമാകുമെന്ന് ശരീഅത് വിശ്വസിച്ചു. എന്നാല്‍ മതം പ്രത്യയശാസ്ത്രമായാല്‍ അത് മതത്തിന്റെ ആധ്യാത്മികവും അതീന്ദ്രിയവുമായ മാനങ്ങളെ കുടഞ്ഞുകളയുമെന്ന് ശരീഅതിക്കെതിരെ സൊറോഷ് വാദിക്കുന്നു. ഇസ്‌ലാമിനെ ഒരു പൊതുമതം എന്ന രീതിയില്‍ ആവിഷ്‌കരിക്കുന്നതില്‍ ശരീഅത്തിയും സൊറോഷും യോജിക്കുന്നുവെങ്കിലും അതിന്റെ മുന്‍ഗണനകളിലും ഊന്നലുകളിലും രണ്ട് ചിന്തകരും വ്യത്യസ്തമായ പാതകള്‍ തുറക്കുന്നു. ഇമാം ഹുസൈനും ഫ്രാന്‍സ് ഫാനനും ശരീഅതിയുടെ ചിന്തയുടെ അസ്ഥിവാരമാകുമ്പോള്‍ കാള്‍ പോപ്പരും മൌലാന ജലാലുദ്ധീന്‍ റൂമിയും സൊറോഷിന്റെ ആലോചനകളുടെ അടിസ്ഥാനമായി മാറുന്നു.

ശരീഅത്തിയും ഇറാനിയന്‍ സാഹചര്യവും
ഇസ്‌ലാമിനെ പ്രത്യയശാസ്ത്രമാക്കി വിശദീകരിച്ച ശരീഅതി അത് ഒരേ സമയം ഇറാനിലെ ശീഈ പൗരോഹിത്യത്തിനെതിരെയും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്താസരണിക്കെതിരെയും നില്‍ക്കുന്ന ചിന്താ രാഷ്ട്രീയ പദ്ധതിയായി വിശദീകരിച്ചു. മത പുരോഹിതര്‍ പ്രാദേശിക സംസ്‌കാരത്തെ ജഡതുല്യമാക്കി മാറ്റിയെന്നു ശരീഅതി കരുതി. എന്നാല്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകള്‍ ആധുനികതയുടെ പേരില്‍ പ്രാദേശിക സംസ്‌കാരത്തെ തള്ളികഞ്ഞതിനാല്‍ ജനകീയ ജീവിതത്തിനു പുറത്തേക്ക് പോയി. മാത്രമല്ല ഇറാനിയാന്‍ ലെനിനിസ്റ്റുകള്‍ സ്‌റ്റേറ്റിനെ ഏക രാഷ്ട്രീയ പ്രശ്‌നമായി കണ്ടതും ശരീഅത്തിയുടെ വിമര്‍ശനത്തിനു കാരണമായി. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ തലയറുത്ത് മാത്രമേ സാമൂഹ്യ മാറ്റം കൊണ്ട് വരാന്‍ കഴിയൂ എന്ന് അവര്‍ ശക്തിയായി വാദിച്ചു.
എന്നാല്‍ പില്‍കാല മാര്‍ക്‌സിസ്റ്റ് ചിന്തകരായ ലൂയി അല്‍തൂസരിലും അന്റോണിയോ ഗ്രാംഷിയിലും ഒക്കെ കാണുന്ന പോലെ ഭരണകൂടം ശക്തിയുടെ തലത്തില്‍ മാത്രമല്ല അത് അടിച്ചമര്‍ത്തപ്പെടുന്നവരില്‍ നിര്‍മിക്കുന്ന സമ്മതത്തിന്റെ തലത്തിലും കൂടി കാണാമെന്ന സമീപനം ശരീഅത്തിക്കുണ്ടായിരുന്നു. ഈയൊരു സമീപനത്തെ വിശദീകരിച്ചാണ് ശരീഅത്തി ഇസ്‌ലാം എന്നാ പ്രത്യയശാസ്ത്രം എന്ന സങ്കല്പം വിശദീകരിക്കുന്നത്. സാമ്പത്തിക അധികാരം, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സാംസ്‌കാരികമായ ആന്തരികവല്‍കരണം ഇവയാണ് അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും മൂന്നു തൂണുകളായി ശരീഅതി കണ്ടത്. അതായത് സഫാവിദ് ഭരണകാലത്ത് (1501-1736) ഭരണകൂട മതമായി മാറിയ ശീഇസം അടിച്ചമര്‍ത്തലിനു സാംസ്‌കാരികമായ ന്യായം നല്‍കുകയും അടിച്ചമര്‍ത്തല്‍ ആന്തരികവല്‍കരിക്കുന്നതില്‍ ജനകോടികളെ പ്രേരിപ്പിക്കുകയും ചെയ്തുവന്നു ശരീഅതി പറഞ്ഞു. അതുകൊണ്ട് തന്നെ സഫവിദ് ശീഇസത്തിനെതിരെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശീഇസമായി അലവി ശീഇസത്തെ ശരീഅതി വായിച്ചെടുത്തു. ഇങ്ങനെ അദ്ദേഹം രൂപപ്പെടുത്തിയ ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു ലോകവീക്ഷണം രൂപപ്പെടുത്തുകയും അത് മര്‍ദിതന് സ്വന്തം സാമൂഹിക സ്ഥാനത്തെ പ്രതി വ്യത്യസ്തമായ ബോധ്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

സൊറോഷും വിപ്ലവാനന്തര ഇറാനും
അലി ശരീഅതി ഇളക്കി മറിച്ച എഴുപതുകളില്‍ പക്ഷെ സൊറോഷ് ലണ്ടനില്‍ തത്വചിന്ത വിദ്യാര്‍ഥി ആയിരുന്നു. വിപ്ലവ കാലത്ത് പോരാട്ടത്തില്‍ നിന്ന് ഒളിച്ചോടിയെന്നു സൊരൗഷിന്റെ വിമര്‍ശകര്‍ ഇതിപ്പോഴും അദേഹത്തെ കുറ്റം പറയാറുണ്ട്. പക്ഷെ അദ്ദേഹം ലണ്ടനില്‍ ഇരുന്നു എഴുതിയ മാര്‍ക്‌സിസ്റ്റ് തത്വചിന്താ വിമര്‍ശനം ഇമാം ഖുമൈനിയുടെ ശ്രദ്ധ പിടിച്ചു പറ്റി. ചരിത്രത്തിന്റെ രേഖീയ വികാസത്തെയും ഭൗതികവാദത്തിന്റെ പ്രശ്‌നങ്ങളെയും കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനു ധാര്‍മിക സാധുത നല്‍കിയെന്നു ഖുമൈനി കരുതി.
അങ്ങനെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ആരംഭിച്ച സാംസ്‌കാരിക വിപ്ലവ കൗണ്‍സിലില്‍ ഇമാം ഖുമൈനി സൊറോഷിനെ നിയോഗിച്ചു. സൊറോഷിന്റെ വിമര്‍ശകര്‍ പറയുന്നത് അനുസരിച്ച് സര്‍വകലാശാലകളില്‍ എതിര്‍ശബ്ദങ്ങളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തുന്നതില്‍ സൊറോഷിന്റെ സാംസ്‌കാരിക പോലീസ് ഏറെ പങ്കുവഹിച്ചിരുന്നുവെന്നാണ്. രണ്ടാം ലോക യുദ്ധത്തിനു ശേഷം കാള്‍ പോപ്പറിന്റെ തുറന്ന സമൂഹം(open socitey) എന്ന ആശയം യുറോപ്യന്‍ നാസിസം, ഫാഷിസം, കമ്യൂണിസം തുടങ്ങിയ ലിബറല്‍ മുതലാളിത്ത വിമര്‍ശനങ്ങളുടെ തന്നെ വിമര്‍ശനമായി വികസിച്ചതാണ്. പോപ്പരിന്റെ വായനകളാല്‍ ഏറെ സ്വാധീനിക്കപ്പെട്ട സൊരൗഷ് ഒടുവില്‍ ഇറാനിയന്‍ ഇസ്‌ലാമിക ഭരണകൂടത്തിന്റെ വിമര്‍ശകനായി മാറി. ഇത് വികസിച്ചു ഒടുവില്‍ ഇസ്‌ലാമിന്റെ അപ്രത്യയശാസ്ത്രവല്‍കരണം (deideologisation) എന്നാ സമീപനത്തിലെത്തിപ്പെട്ടു. ഇത് സ്ഥാപിക്കാന്‍ സൊരൗഷ് ആവിഷ്‌കരിച്ച മര്‍മ പ്രധാനമായ ഒരു വാദം എന്നത് മതത്തെ മത വിഞാനീയത്തില്‍ നിന്ന് മാറ്റി കാണണം എന്നതാണ്.

ശരീഅത്തിയുടെ പ്രശ്‌നങ്ങള്‍
ശരീഅതിയെ മതത്തിന്റെ സാമൂഹിക ഇടപാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വ്യാഖ്യാനിച്ചതിനു പുകഴ്ത്തുന്ന സെറോഷ് പക്ഷെ മതത്തെ പ്രത്യയശാസ്ത്രവല്‍കരിച്ചു കൊണ്ട് അതിനെ കേവല സാമൂഹിക മാറ്റത്തിന്റെ ഉപാധിയാക്കി മാറ്റിയതിനു വിമര്‍ശിക്കുന്നു. ഇതിന്റെ ഏറ്റവുമടുത്ത പശ്ചാത്തലം എന്നത് ഇറാന്‍ ഇസ്‌ലാമിക് റിപബ്ലിക് മതത്തെ പ്രത്യയശാസ്ത്ര വല്‍കരിച്ചുകൊണ്ട് എടുത്ത സമീപനങ്ങളുടെ വിമര്‍ശനമാണ്. ഇങ്ങനെയുള്ള വീക്ഷണങ്ങള്‍ പരസ്യമായി പറഞ്ഞ സൊരൗഷിനു പലപ്പോഴും ഇറാനിലെ കാമ്പസുകളില്‍ വെച്ച് മര്‍ദനം ഏറ്റു. അതിനെ തുടര്‍ന്നാണ് അദ്ദേഹം അമേരിക്കാന്‍ ഐക്യ നാടുകളിലേക്ക് പ്രവാസിയായി പോയത്. ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര വ്യാഖ്യാനം അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളെ സഹായിക്കുമെങ്കിലും ധീര്‍ഘകാല അടിസ്ഥാനത്തില്‍ ഇസ്‌ലാമിക സമൂഹങ്ങളില്‍ സ്വേഛാധിപത്യ പ്രവണതകള്‍ തല്കപോക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ തുറന്ന സമൂഹമാകാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ഒന്നല്ല ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രവല്‍ക്കരണം എന്ന് അദ്ദേഹം വാദിക്കും. ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രവല്‍കരണം ഇസ്‌ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന വ്യാഖ്യാന ബഹുസ്വരതയെ നിരാകരിക്കുന്നതായാണ് സൊരൗഷ് കാണുന്നത്.
മതം: സത്തയും വ്യാഖ്യാനവും
ശരീഅതി തന്റെ കാല ഘട്ടത്തില്‍ നില നിന്ന വിപ്ലവ മുന്നണി പോരാളികളായി ബുദ്ധിജീവികളെ കാണുകയും അവര്‍ ബഹുജനത്തിനു വിജ്ഞാനം വിവരിച്ചു നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സൊരൗഷ് സത്യം പൂര്‍ണമായും ബുദ്ധിജീവിക്ക് ലഭ്യമാകും എന്ന സങ്കല്‍പത്തോട് മാത്രമല്ല ഇസ്‌ലാമിന്റെ സത്തയെ കുറിച്ചുള്ള അവകാശ വാദത്തെ സംശയത്തോടെ വീക്ഷിക്കുന്നു.
മതത്തിന്റെ സത്ത(essence) ഏതെങ്കിലും ഒരുവിഭാഗം മുസ്‌ലിംകളുടെ കുത്തകയല്ല. അതങ്ങെനെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഇസ്‌ലാം സമം പ്രത്യയശാസ്ത്ര വ്യാഖ്യാനം എന്ന സമീപനം സഹായിക്കുന്നു. ഇവിടെ മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യമെന്നത് മതത്തിന്റെ സത്തയും വ്യാഖ്യാനവും തമ്മിലുള്ള ദൂരത്തെ കുറിച്ചുള്ള സൊരൗഷിന്റെ തന്നെ സൈദ്ധാന്തികവല്‍ക്കരണമാണ്. അതായത് ശരീഅ: ചലനരഹിതമായ കാര്യമല്ല, നേരെ മറിച്ചു അതതു കാലത്തെ വായനക്കാരോട് സംസാരിക്കുന്ന പാഠമാണന്നു അദ്ദേഹം പറയുന്നു. ശരീഅ: സ്വയം സംസാരിക്കുന്നില്ല, അത് കാലത്തിലെ വായനക്കാരോടാണ് അത് സംസാരിക്കുന്നത്. ഇവിടെ മതത്തിന്റെ സത്തയും വ്യാഖ്യാനവും തമ്മിലുള്ള വിടവ് എന്ന സമീപനത്തെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വികസിക്കിപ്പിക്കുന്ന സൊരൗഷിനെ നമുക്ക് കാണാം. മതം എപ്പോഴും ഉണ്ട് പക്ഷെ മത വിജ്ഞാനം കാലത്തിനനുസരിച്ച് മാറുന്നുവെന്ന് അദേഹം പറയുന്നു.

സൊറോഷിന്റെ സാധ്യതയും പരിമിതിയും
സൊറോഷിന്റെ വിമര്‍ശകര്‍ കാല്‍ പോപ്പര്‍ വിമര്‍ശിച്ച നാസി അനന്തര/കമ്യൂണിസ്റ്റ് യുറോപ്യന്‍ സാഹചര്യം ഇറാനില്‍ ഉണ്ടോ എന്ന് സംശയം ഉള്ളവരാണ്. മാത്രമല്ല അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രത്തില്‍ ഒതുങ്ങുന്നതല്ലല്ലോ ഇറാനിലെ ഇസ്‌ലാമിക സാമൂഹിക അനുഭവം. ഇറാനിലെ മറ്റൊരു ഭരണകൂട വിമര്‍ശകനായ മുഹ്‌സിന്‍ കദിവാറിനെ പോലുള്ളവര്‍ കുറെ കൂടി വ്യത്യസ്തമായ സമീപനം ഇറാന്‍ ഇസ്‌ലാമിക റിപ്പബ്ലിക്കുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എത്രത്തോളം സ്വീകരിക്കണം, തങ്ങളുടെ സാഹചര്യങ്ങളില്‍ എങ്ങനെ വായിക്കണം എന്നാ കാര്യത്തില്‍ സഗൗരവം വീണ്ടും ആലോചിക്കേണ്ടതുണ്ട് എന്നും വിമര്‍ശകര്‍ പറയുന്നു.
എന്നാല്‍ സൊറോഷ് മറ്റു പല ഇറാന്‍ ഇസ്‌ലാമിക വിപ്ലവ വിമര്‍ശകരെയും പോലെ ഇസ്‌ലാമിനെ സ്വകാര്യവല്‍ക്കരിക്കണം എന്ന പക്ഷക്കാരനല്ല. വ്യാഖ്യാന ബഹുസ്വരതയുള്ള പുതിയ പൊതു ഇസ്‌ലാമാണ് അദ്ദേഹം വിഭാവന ചെയ്യുന്നത്. അദ്ദേഹം മതത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ഒട്ടും പിന്തുണക്കുന്നില്ല. ഈ അര്‍ഥ ത്തില്‍ അദ്ദേഹം പരമ്പരാഗത അര്‍ഥത്തിലുള്ള മത വിമര്‍ശനകനല്ല. അതുകൊണ്ട് തന്നെ സെക്യുലര്‍വല്‍കരണത്തെ തള്ളികളയുന്ന എന്നാല്‍ മതത്തിന്റെ പേരിലുള്ള വരട്ടുവാദങ്ങളെ സങ്കീര്‍ണമാക്കുന്ന സൊറോഷ് മുസ്‌ലിം വൈജ്ഞാനിക അന്വേഷങ്ങളുടെയും സൈദ്ധാന്തിക വിപുലീകരണങ്ങളുടെയും ഭാഗമാവേണ്ടതുണ്ട് എന്ന് തോന്നുന്നു.

അവലംബം:
Behrooz Ghamari- Tabrizi. (2008) Islam & Dissent in Postrevolutionary Iran : Abdolkarim Soroush, Religious Politics and Democratic Reform. London : I B Tauris .
Behrooz Ghamari- Tabrizi. (2004). Contentious Public Religion : Two Conceptions of Islam in Revolutionary Iran: Ali Shariati and Abdolkarim Soroush. International Sociology. Volume 19. Page 504.

© Bodhanam Quarterly. All Rights Reserved

Back to Top