നിഅ്മത്ത് ഖുര്‍ആനില്‍

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

ഖുര്‍ആനിലെ 'നിഅ്മത്ത്' എന്ന പദത്തെയും അതില്‍നിന്നുദ്ഭവിച്ച മറ്റു പദങ്ങളെയും ക്രിയകളുടെ പദരൂപങ്ങളെ(സ്വിയഗ്)യും കുറിച്ച് ഇമാം റാഗിബുല്‍ അസ്വ്്ഫഹാനി (ജ. ഹി. 343 റജബ് / ക്രി.വ. 954 നവംബര്‍ / മരണം ഹി. 502/ക്രി.വ. 1108) എഴുതുന്നു:
اَلنِّعْمَة എന്നാല്‍ 'അല്‍ഹാലത്തുല്‍ ഹസന' അഥവാ നല്ല അവസ്ഥ. ഇരുത്തത്തിന്റെയും വാനഹപ്പുറത്തേറുന്നതിന്റെയും അവസ്ഥയെ സൂചിപ്പിക്കുന്ന 'അല്‍ജിൽസ' 'അര്‍രിക്ബ' എന്ന പദം പോലെ പ്രയോഗിക്കുന്ന പദമാണ് 'അന്നിഅ്മഃ' (മെച്ചപ്പെട്ട അവസ്ഥ, നല്ല അവസ്ഥ).

اَلنِّعْمَة എന്നാല്‍ 'അത്തനഉഉും' അഥവാ സുഖൈശ്വര്യങ്ങളോടെ ജീവിക്കുക. 'അദ്്ദര്‍ബത്തു' (ഒരു തവണ പ്രഹരം), 'അശ്ശത്ത്മത്തു' (ഒരു തവണ ചീത്തപറയല്‍) എന്നീ പദങ്ങളെ പോലെയുള്ള പദരൂപമാണ് 'അന്നഅ്മഃ' എന്നതും. വര്‍ഗത്തെ സൂചിപ്പിക്കുന്ന 'അന്നിഅ്മഃ' കൂടുതലിനും കുറച്ചിനും ഉപയോഗിക്കും.

'الإنْعَام' എന്നാല്‍ 'ഈസ്വാലുല്‍ഇഹ് സാന്‍ ഇലല്‍ ഗൈരി' (മറ്റുള്ളവരിലേക്ക് നന്മ എത്തിക്കുക) എന്നര്‍ഥം. മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നതിനാണ് 'ഇന്‍ആം' എന്നു പറയുക. 'അന്‍അമഫുലാനുൻ അലാ ഫറസി ഹി' (ഒരാള്‍ തന്റെ കുതിരക്ക് നന്മ ചെയ്തു) എന്നു പ്രയോഗിക്കുകയില്ല.

النّعِيمْ എന്നാല്‍ 'അന്നിഅ്മത്തുല്‍ കസീറ' (ധാരാളം അനുഗ്രഹങ്ങള്‍) എന്നര്‍ഥം.
النَّعَمُ എന്നത് കന്നുകാലി എന്ന അര്‍ഥത്തില്‍ ഒട്ടകത്തിനു മാത്രം ഉപയോഗിക്കുന്നതാണ്. ബഹുവചനം 'അന്‍ആം'. അറബികളെ സംബന്ധിച്ചേടത്തോളം ഒട്ടകം ഏറ്റവും വലിയ അനുഗ്രഹമായതിനാലാണ് അതിന് 'അന്നഅം' എന്നു പേരുവന്നത്. 'ഒട്ടകം, പശു, ആട് എന്നീ കന്നുകാലികള്‍ക്ക് 'അന്‍ആം' എന്ന് ഉപയോഗിക്കും. ഒട്ടകം ഇല്ലാത്ത കന്നുകാലികള്‍ക്ക് 'അല്‍അന്‍ആം' എന്നു പ്രയോഗിക്കുകയില്ല.
بِئْسَ (എത്ര മാത്രം ചീത്ത) എന്നതിന്റെ വിപരീതമായ نِعْمَ യുടെ അര്‍ഥം 'എത്ര ഉല്‍കൃഷ്ടം!' 'എത്രമഹനീയം!' 'എത്ര ഉത്തമന്‍!', എത്ര ശ്രേഷ്ഠന്‍! എന്നൊക്കെയാണ്. 'ഇന്‍ആം' എന്നതില്‍നിന്നാണ് അതിന്റെയും നിഷ്പത്തി. نَعَمْ എന്നാല്‍, 'അതെ' എന്നര്‍ഥം. 'അന്നിഅ്മ' എന്ന പദത്തില്‍നിന്നു തന്നെയുള്ള പദമാണിതും.

അന്നിഅ്മഃ എന്ന പദത്തിന്റെ 
ക്രിയാ രൂപങ്ങള്‍

'അന്നിഅ്മഃ' എന്ന പദത്തിന്റെ ക്രിയാരൂപം പതിനെട്ടുതവണ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്.
أَنْعَمَهَا، أَنْعَمْنَا، أَنْعَمْتُ، نّعَّمَهُ എന്നിങ്ങനെ.

ഭൂതകാല പ്രയോഗം
'അന്നിഅ്മഃ'യുടെ എല്ലാ ക്രിയാരൂപങ്ങളും ഭൂതകാല പ്രയോഗങ്ങളായാണ് വന്നിരിക്കുന്നത്. ഭാവികാല-കല്‍പന ക്രിയാരൂപങ്ങളില്‍ വന്നിട്ടില്ല. 'അന്നഅ്മഃ' എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച പറയുന്നേടത്താണ് പ്രയോഗിച്ചിരിക്കുന്നത്.
أَنْعَمْتُ، نَعّمَهُ، أَنْعَمْنَا، أَنْعَمَهَا എന്നിങ്ങനെ ഭൂതകാല ക്രിയകളായി ഉപയോഗിച്ചത് ചെയ്ത അനുഗ്രഹങ്ങളെക്കുറിച്ച് പറയലും സ്ഥിരീകരിക്കലും എന്ന ഉദ്ദേശ്യത്തോടെയാവാം. അറബി ഭാഷയില്‍ ഭൂതകാലക്രിയ സ്ഥിരതയെയും മാറ്റമില്ലാത്ത അവസ്ഥയെയും സൂചിപ്പിക്കുന്നുണ്ടല്ലോ.

അല്ലാഹുവിലേക്ക് ചേര്‍ത്തു 
പറഞ്ഞതിന്റെ ഉദാഹരണം

ഭൂതകാലക്രിയയായി പതിനേഴു സ്ഥലങ്ങളില്‍ അനുഗ്രഹത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തു പറഞ്ഞിരിക്കുന്നു.
أنعم الله عليه (അല്ലാഹു അയാള്‍ക്ക് അനുഗ്രഹം ചെയ്തു), أنعمت عليهم (നീ അവര്‍ക്ക് അനുഗ്രഹം ചെയ്തു), التي أنعمت عليكم (ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തതായ), وإذا أنعمنا على الإنسان (നാം മനുഷ്യന് അനുഗ്രഹം നല്‍കിയാല്‍), نعمة أنعمها على قوم (ഒരു ജനതക്ക് അവന്‍ നല്‍കിയ അനുഗ്രഹം) എന്നിങ്ങനെ.

ഇവിടങ്ങളിലെല്ലാം അനുഗ്രഹത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തു പറഞ്ഞത് യഥാര്‍ഥത്തില്‍ അനുഗ്രഹം ചെയ്യുന്നത് അവന്‍ ആയതുകൊണ്ടാണ്. അല്ലാഹു മാത്രമാണ് മനുഷ്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നത്. അല്ലാഹു കണക്കാക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന അളവില്‍ മാത്രമെ സൃഷ്ടികള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നുള്ളൂ. അവന്റെ അനുഗ്രഹങ്ങളുടെ ഗുണഭോക്താക്കളും അവ ലഭ്യമാക്കാനുള്ള മാധ്യമങ്ങളുമാണ് സകല സൃഷ്ടികളും. അതുകൊണ്ടാണ് അനുഗ്രഹങ്ങളെക്കുറിച്ച് പറയുന്നേടത്ത് കര്‍ത്താവായി അല്ലാഹു വരുന്നത്.

നബി(സ)യിലേക്ക് ചേര്‍ത്തു പറഞ്ഞതിന്റെ വിവക്ഷ
'അന്‍അമ' എന്ന് ഒരിടത്തുമാത്രം അല്ലാഹു  അല്ലാത്തവരിലേക്ക് ചേര്‍ത്തു പറഞ്ഞിരിക്കുന്നു. അതിന്റെ പശ്ചാത്തലവും യുക്തിയും എന്താണ്?
അല്ലാഹു പറയുന്നു:
إِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ 
'നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തു കൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) (അല്‍അഹ്‌സാബ് 37)

സൈദുബ്‌നു ഹാരിസ എന്ന സ്വഹാബിയെക്കുറിച്ചാണ് മേല്‍സൂക്തത്തിലെ പരാമര്‍ശം. പ്രവാചക നിയോഗമനത്തിനു മുമ്പ് നബി(സ)യുടെ അിടമയായിരുന്ന സൈദിനെ അവിടുന്ന് മോചിപ്പിച്ച് ദത്തുപുത്രനായി സ്വീകരിക്കുകയായിരുന്നു. അല്ലാഹു ദത്തുപുത്രത്വം എന്ന സമ്പ്രദായം അസാധുവായി പ്രഖ്യാപിച്ചതോടെ സൈദിനെ അദ്ദേഹത്തിന്റെ പിതാവിലേക്ക് ചേര്‍ത്ത് സൈദുബ്‌നു ഹാരിസ എന്ന് വിളിച്ചുവന്നു. നബി(സ) സൈദിന് പിതൃസഹോദരി പുത്രി സൈനബ് ബിന്‍ത് ജഹ്ശിനെ വിവാഹം ചെയ്തു നല്‍കി. കുറച്ചു കാലത്തിനുശേഷം ദമ്പതികള്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. അത് പരിഹരിക്കാന്‍ നബി(സ) ഇടപെടുകയുണ്ടായി.
സൈദുബ്‌നു ഹാരിസക്ക് ലഭിച്ച വലിയ രണ്ടനുഗ്രഹങ്ങളാണ് സൂക്തത്തിലെ പ്രതിപാദ്യം.

1. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം.
(أنعم الله عليه) സൈദിനെ ഇസ് ലാമിലേക്ക് മാര്‍ഗദര്‍ശനം നല്‍കിയതാണ് വിവക്ഷ. ഒരു മുസ് ലിമിനെ സംബന്ധിച്ചേടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഹിദായത്താണല്ലോ. തന്റെ അസ്തിത്വം എന്ന അനുഗ്രഹത്തോളമോ അതിലുപരിയോ വലുതായി കാണേണ്ട അനുഗ്രഹം!

2. അടിമത്തില്‍നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യം നബി(സ)യുടെ നടപടി (وأنعمت عليه)
അനുഗ്രഹത്തെ നബി(സ)വിലേക്ക് ചേര്‍ത്തു പറഞ്ഞത് ആലങ്കാരികമായാണ്. യാഥാര്‍ഥ്യം എന്ന നിലയിലല്ല. സൈദിന് അടിമത്ത മോചനം സാധ്യമായത് അല്ലാഹുവിന്റെ വിധിയാലാണ്. സൈദിനെ മോചിപ്പിക്കാന്‍ നബി(സ)യെ തോന്നിപ്പിച്ചതും അല്ലാഹു തന്നെ. അല്ലാഹുവിന്റെ അനുഗ്രഹം സൈദിലേക്കെത്താന്‍ നബി(സ) ബാഹ്യമായ ഒരു കാരണം മാത്രമാവുകയായിരുന്നു.

أنْعم ، نَعَّمَ
ഖുര്‍ആനില്‍ أَنْعَم എന്ന് പതിനേഴു തവണയും نَعَّمഎന്ന് ഒരു തവണയും വന്നിരിക്കുന്നു.
نَعَّمَ എന്നു വന്ന പശ്ചാത്തലം എന്താണ്?
أنْعَم യും نَعَّم യും തമ്മിലെ വ്യത്യാസമെന്ത്?
അല്ലാഹു പറയുന്നു:

فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ . وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
'എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് . (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്' (അല്‍ഫജ് ര്‍ 15,16)
أَنْعَم യും نَعَّم യും നാലക്ഷരങ്ങളുള്ള ക്രിയകളാണ്. أَنْعَمَ യില്‍ ഹംസ (أ) അധികമായി വന്നിരിക്കുന്നു. نَعَّمയില്‍ ع എന്ന അക്ഷരം ഇരട്ടിപ്പോടെ വന്നിരിക്കുന്നു.
أنْعَم എന്ന പദം അല്ലാഹുവിന്റെ ഭാഗത്തുനിന്ന് മനുഷ്യര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നേടത്താണ് വന്നിരിക്കുന്നത്.

نَعَّمَ ആക്ഷേപകരമായ പശ്ചാത്തലത്തില്‍
أَنْعَمَ യില്‍നിന്ന് വ്യത്യസ്തമായി نَعَّمَ എന്ന പദം അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് തെറ്റായ ധാരണ പുലര്‍ത്തുന്നവരെ ഭര്‍ത്സിക്കുന്നേടത്താണ് ഉപയോഗിച്ചതെന്നു കാണാം.

വിവരദോഷികളായ ഭോഷന്മാര്‍ അല്ലാഹു മനുഷ്യനെ ആദരിക്കുന്നതിന്റെ അടിസ്ഥാനം അറിയാതെ, ആദരവ് സ്വന്തം നിലയില്‍ തന്നെ ആദരവാണെന്ന് തെറ്റിദ്ധരിക്കുന്നു. അല്ലാഹു ചിലരെ ഭൗതികമായി അനുഗ്രഹിക്കുന്നത് അവനോടുള്ള ഇഷ്ടത്തിന്റെയും അടുപ്പത്തിന്റെയും ഭാഗമായ ആദരവാണെന്ന് ധരിച്ചുവശാകുന്നു. അല്ലാഹു ഭൗതികമായി അനുഗ്രഹിച്ചിട്ടില്ലാത്തവരൊക്കെ അവന്റെ നിന്ദക്ക് വിധേയരാണെന്ന് വിധിയെഴുതുന്നു.
ഇത് മിഥ്യാധാരണയാണ്, തിരുത്തപ്പെടേണ്ട മൂഢത്വമാണ്. ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
كَلَّاۖ بَل لَّا تُكْرِمُونَ الْيَتِيمَ 
'അങ്ങനെയല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല' (അല്‍ ഫജ് ര്‍ 17)
ഐഹികവും ഭൗതികവും സാമ്പത്തികവുമായ അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തിലല്ല അല്ലാഹു ആളുകളെ ആദരിക്കുന്നതും ആദരിക്കാതിരിക്കുന്നതും. അനാഥയെ അല്ലാഹു അനാദരിച്ചതാണെങ്കില്‍ അയാളെ ആദരിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നതെങ്ങനെ? അതുകൊണ്ടുതന്നെ അനാദരിച്ചതല്ലെന്ന് വ്യക്തം. 
(തുടരും)

© Bodhanam Quarterly. All Rights Reserved

Back to Top