ഇസ്‌ലാമിക സമൂഹത്തിന് ഉസ്മാനിയ ഖിലാഫത്തിന്റെ സംഭാവനകള്‍

സലീല‌‌
img

ക്രി. 14-ാം നൂറ്റാണ്ടില്‍ ഇസ് ലാമിക ലോകത്തിന്റെ അതിര്‍ത്തി വൃത്തങ്ങള്‍ക്കകത്ത് ചെറിയൊരു നേതൃത്വം മാത്രമായി എര്‍ത്തുഗ്്രിലിന്റെ മകന്‍ ഉസ്മാന്‍ ഒന്നാമന്‍ (ക്രി. 1258-1326) തുടക്കമിട്ട ഉസ്മാനിയ ഖിലാഫത്ത് ക്രമപ്രവൃദ്ധമായി വികസിച്ചു വന്നു. കുരിശുസേനകള്‍ക്കെതിരെ പ്രതിരോധ ശക്തിയായി അവര്‍ നിലകൊണ്ടു.
കൊച്ചു രാഷ്ട്രം എന്ന തലത്തില്‍നിന്ന് ലോകത്തെ ഒരു കൊടിക്കൂറക്ക് കീഴില്‍, ഒരെ ലക്ഷ്യത്തിലേക്ക് ഏകീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ഖിലാഫത്തായി ഉസ്മാനിയാ ഖിലാഫത്ത് മാറി. ഇസ് ലാമിന്റെ പ്രചാരണത്തിലും അതിന്റെ സന്ദേശം യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് എത്തിക്കുന്നതിലും അവര്‍ വലിയ പങ്കുവഹിച്ചു. അറബ് ലോകത്തിന് സവിശേഷമായും മുസ് ലിംകള്‍ക്ക് പൊതുവിലും മഹത്തായ സേവനങ്ങള്‍ ചെയ്യാനും അറബ്-ഇസ് ലാമിക ലോകത്തെ സാമ്രാജ്യത്വത്തിന്റെ നുകത്തിനു കീഴില്‍നിന്ന് മോചിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. ശത്രുക്കള്‍ ഹിജാസിനകത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഗൂഢോദ്ദേശ്യങ്ങളെ അവര്‍ നിലംപരിശാക്കി. കഅ്ബ, മസ്ജിദുന്നബവിയുള്‍പ്പെടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിച്ചു. ബൈത്തുല്‍ മഖ്ദിസിന്റെ സംരക്ഷണത്തിനായി പടപ്പുറപ്പാട് നടത്തി.

ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഇസ് ലാമിന്റെ പ്രചാരണം സാധ്യമാക്കുന്നതില്‍ പൊതുവിലും യൂറോപ്പിലെ കിഴക്ക്-തെക്കു രാജ്യങ്ങളില്‍ ഇസ് ലാമിനെ പ്രബോധനം ചെയ്യുന്നതില്‍ വിശേഷിച്ചും ഉസ്മാനിയാ ഖിലാഫത്ത് നിര്‍ണായക പങ്കുവഹിച്ചു. യൂറോപ്പിലെ മുസ് ലിം പള്ളികളുടെ വര്‍ധിച്ച സാന്നിധ്യവും ഇസ് ലാമിക സ്മാരകങ്ങളും ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

ഉസ്മാനി ഖലീഫമാര്‍ തങ്ങളുടെ പേരുകള്‍ക്കൊപ്പം 'ഹാമില്‍ ഹറമൈനിശ്ശരീഫൈന്‍' (ഇരുഹറമുകളുടെ സംരക്ഷകന്‍) 'അല്‍ഖലീഫ' പോലുള്ള സ്ഥാനപ്പേരുകള്‍ സ്വീകരിച്ചിരുന്നു. മതത്തെയും രാഷ്ട്രത്തെയും ഒന്നായി കണ്ടിരുന്ന അവര്‍ ഇസ് ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ അതീവ തല്‍പരരായിരുന്നു. ഖുര്‍ആനും സുന്നത്തുമായിരുന്നു ഭരണത്തിനാധാരം.

ഉസ്മാനികളും ഇസ് ലാമിക ദിഗ്വിജയങ്ങളും
ഒന്നാം ഉസ്മാനി ദിഗ്വിജയങ്ങള്‍ കരിങ്കടലും മര്‍മറ കടലും (Sea of Marmara) ഉള്‍പ്പെടെയുള്ള മേഖലകള്‍ ലക്ഷ്യം വെച്ച് വടക്കോട്ടായിരുന്നു. തുര്‍ക്കിയോട് ചേര്‍ന്ന ക്രൈസ്തവ സാന്നിധ്യങ്ങള്‍ക്കെതിരെ ഉസ്മാന്‍ ഒന്നാമന്‍ സൈനിക നീക്കങ്ങള്‍ നടത്തി. മൂന്നാം ഖലീഫ മുറാദ് ഒന്നാമന് (ഹി. 726/ ക്രി. 1326 - ഹി. 791/ക്രി. 1389) ബാല്‍ക്കണ്‍ മേഖലകളിലെ ക്രൈസ്തവ ശക്തികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു.

തലസ്ഥാനം ബര്‍സ(Bursa)യില്‍നിന്ന് ധാരാളം പള്ളികളും വിദ്യാലയങ്ങളുമുള്ള എദര്‍ന (Edirna)യിലേക്ക് മാറ്റി. യൂറോപ്പിന്റെ കിഴക്കുഭാഗത്തെ ധാരാളം നഗരങ്ങള്‍ ഉസ്മാനികളുടെ അധീനതയില്‍ വന്നു. ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയ (Sofiya) ഇവയില്‍ ഏറ്റവും പ്രധാനമാണ്. ഇസ് ലാം പ്രചാരണത്തിലൂടെ യൂറോപ്പില്‍ ദിഗ്വിജയങ്ങള്‍ തുടര്‍ന്ന് പോകവെ ക്രി. 1453 മാര്‍ച്ച് 29-ന് അമീര്‍ സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹി (ഹി. 833/ക്രി. 1429 - ഹി. 886/1481) ന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) ഖിലാഫത്തിനു കീഴില്‍ വന്നു. അയാസോഫിയ (Hagia Sophia) ചര്‍ച്ച് പള്ളിയാക്കി മാറ്റി. കോണ്‍സ്റ്റാന്റിനോപ്പിളിനെ ഇസ് ലാമിന്റെ തലസ്ഥാനം' എന്ന് അര്‍ഥമുള്ള 'ഇസ് ലാം ബൂല്‍' (Islambul) എന്ന് പുനര്‍നാമകരണം ചെയ്തു. 'എന്നില്‍നിന്ന് ഒരു സൂക്തമെങ്കിലും നിങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക' എന്ന നബി(സ)യുടെ ആഹ്വാനത്തെ അന്വര്‍ഥമാക്കിക്കൊണ്ട് ഉസ്മാനി ഭരണാധികാരികള്‍ വിവിധങ്ങളായ ഇസ് ലാം പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അതോടെ യഹൂദ-ക്രൈസ്തവ ലോബികള്‍ ഖിലാഫത്തിനെ ലക്ഷ്യം വെച്ചു. സുല്‍ത്വാന്‍ സുലൈമാന്‍ ഖാനൂനി (ക്രി. 1494 നവം. 6/ 1565 സെപ്തം. 7) യുടെ മരണത്തോടെ ഭരണനേതൃത്വം ദുര്‍ബല കരങ്ങളിലേക്ക് നീങ്ങി. അതോടെ ഉസ്മാനിയ ഖിലാഫത്തിന്റെ ശരീരത്തില്‍ മാരകമായ ക്ഷതങ്ങളേറ്റു. അടിത്തറയിളകി. പണ്ഡിതന്മാര്‍ അക്രമികളായ ഭരണാധികാരികളുടെ കളിപ്പാവകളായി.
ഇസ് ലാമിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉസ്മാനികള്‍ ചൂഷണം ചെയ്തു എന്ന തരത്തില്‍ ചിലര്‍ വിമര്‍ശിക്കാറുണ്ട്. അത് ശരിയല്ല. ഉസ്മാനി ചരിത്രത്തെ വക്രീകരിക്കാന്‍ യഹൂദ-ക്രൈസ്തവ-സെക്യുലര്‍ ലോബികള്‍ നടത്തിയ ദുഷ്പ്രചാരണം മാത്രമാണത്. ജനങ്ങളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയും എല്ലാ മേഖലകളിലും ശരീഅത്തു സ്ഥാപിക്കുകയുമായിരുന്നു അവരുടെ അടിസ്ഥാന ലക്ഷ്യമെന്നതാണ് യഥാര്‍ഥ വസ്തുത. അതിന്റെ ഭൗതികവും പാരത്രികവുമായ സ്വാധീനങ്ങള്‍ ദൃശ്യമായിരുന്നുതാനും. നിര്‍ഭയത്വം, സുസ്ഥിരത, അധാര്‍മികതകളുടെ വിപാടനം, നന്മകളുടെ വ്യാപനം എന്നിവ അന്ന് ദൃശ്യമായിരുന്നു. വര്‍ത്തമാനകാല തുര്‍ക്കി നേതൃത്വം ഉസ്മാനിയ ഖിലാഫത്തിനെ അനുസ്മരിപ്പിക്കും വിധം ഇസ് ലാമിക മൂല്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്.

സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ സംഭാവനകള്‍
ഉസ്മാനിയ ഖിലാഫത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ട 33 വര്‍ഷം നേതൃത്വം നല്‍കിയ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് (ക്രി. 1842-1918) ഇസ് ലാമിന് മഹത്തായ സേവനങ്ങള്‍ നല്‍കുകയുണ്ടായി. ഖുര്‍ആന്‍ കഴിഞ്ഞാല്‍ രണ്ടാം പ്രമാണമായ ഹദീസുകളില്‍ പ്രഥമസ്ഥാനീയമായ സ്വഹീഹുല്‍ ബുഖാരിക്ക് സംശോധിത പതിപ്പ് തയാറാക്കാന്‍ അദ്ദേഹം നടപടി സ്വീകരിച്ചു. അതിനായി ഈജിപ്തിലെ ശൈഖുല്‍ അസ്ഹറിന്റെ നേതൃത്വത്തില്‍ പതിനാറംഗ പണ്ഡിത സമിതി രൂപവല്‍ക്കരിച്ചു. സംരംഭം തുര്‍ക്കി പ്രസുകളില്‍നിന്ന് ഈജിപ്തിലെ പ്രസുകളിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ സ്വന്തം ലൈബ്രറിയിലുണ്ടായിരുന്ന യൂനീനിയ്യ പതിപ്പും ഇരുപതുവര്‍ഷക്കാലം സ്വഹീഹുല്‍ ബുഖാരിയെ സേവിച്ച മക്കയിലെ ഹദീസു പണ്ഡിതരുടെ ഇമാം അബ്ദുല്ലാഹിബ്‌നു സാലിം അല്‍ ബസ്വ് രി (ഹി. 1134 ല്‍ മക്കയില്‍ മരണം) യുടെ കൈവശമുണ്ടായിരുന്ന പതിപ്പും ഒന്നിച്ചു വെച്ചായിരുന്നു സംശോധന. രണ്ടു പതിപ്പുകളും തമ്മിലുള്ള ചെറു വ്യത്യാസങ്ങള്‍ അതാതിടങ്ങളില്‍ രേഖപ്പെടുത്തിയാണ് സുല്‍ത്വാനിയ പതിപ്പ് തയാറാക്കിയത്. ഇപ്പോഴേക്ക് നൂറ്റിമുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ ആ പതിപ്പ് സ്വഹീഹുല്‍ ബുഖാരിയുടെ ഏറ്റവും സുബദ്ധമായ പതിപ്പാണ്. തുര്‍ക്കിയും കടന്ന് ഇനി ലോക മുസ് ലിംകള്‍ക്കുള്ള മഹത്തായ സംഭാവനയായി.2

ഇസ് ലാമിന്റെ അഭിമാനമായ ബൈത്തുല്‍ മഖ്ദിസിന്റെയും ഫിലസ്ത്വീന്റെയും സംരക്ഷണത്തിനായി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് ശത്രുക്കളുടെ എല്ലാ ഓഫറുകളും തള്ളിക്കളഞ്ഞു.

യൂറോപ്പിലും റഷ്യയിലും പീഡിത ജനമായി കഴിയുകയായിരുന്ന യഹൂദരെ ഫിലസ്ത്വീനില്‍ കുടിയിരുത്താന്‍ ഗൂഢ തന്ത്രങ്ങള്‍ മെനഞ്ഞ സിയോണിസ്റ്റ് നേതാവ് തിയഡോര്‍ ഹര്‍സല്‍ (1860-1904) ഫിലസ്ത്വീനില്‍ കണ്ണുവെക്കാന്‍ യഹൂദികളെ പ്രേരിപ്പിച്ചു. തുര്‍ക്കിയുടെ ഏക യൂറോപ്യന്‍ സഖ്യകക്ഷിയായിരുന്ന ജര്‍മന്‍ ചക്രവര്‍ത്തിയെപോലുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും സുല്‍ത്വാന്‍ വഴങ്ങിയില്ല. സമ്പത്തുനല്‍കി വഴക്കിയെടുക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടായിട്ടും 'ഫിലസ്ത്വീന്‍ ദേശം തന്റേതല്ല, ഒരു സമൂഹത്തിന്റേതാണ്, അതില്‍നിന്ന് ഒരു ചാണ്‍ ഭൂമിപോലും ഞാന്‍ വില്‍ക്കില്ല' എന്നദ്ദേഹം തീര്‍ത്തു പറഞ്ഞു. 1890 ജൂണ്‍ 28-ന് ജൂതന്മാരെ അവര്‍ വന്നേടങ്ങളിലേക്ക് തന്നെ തിരിച്ചയക്കാന്‍ സുല്‍ത്വാന്‍ ഉത്തരവിടുകയുണ്ടായി.

അറബിഭാഷ
ഉസ്മാനിയാ ഖിലാഫത്തിന്റെ ചരിത്രത്തില്‍ അറബി ഭാഷയെ ഔദ്യോഗിക ഭാഷയാക്കാന്‍ ആദ്യമായി ശ്രമം നടത്തിയത് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദാണ്. 'രാഷ്ട്രത്തെ അറബി വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ രാഷ്ട്രത്തിന്റെ തുര്‍ക്കി അടിസ്ഥാനം ബാക്കിയുണ്ടാവില്ല.' എന്ന് പ്രതകരിച്ചുകൊണ്ട് കൊട്ടാരത്തിലെ പ്രധാന വിശ്വസ്തരിലൊരാളായ മുഹമ്മദ് സഈദ് പാഷ (1830-1914) വിയോജിക്കുകയുണ്ടായി.
സുല്‍ത്വാന്‍ ഉസ്മാനി അറബികളെ പ്രത്യേകം പരിഗണിക്കുകയും അറബി കുടുംബങ്ങളുടെ വിദ്യാഭ്യാസാവശ്യാര്‍ഥം 'മദ്‌റസത്തുല്‍ അശാഇരില്‍ അറബിയ്യ' എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. അഞ്ചുവര്‍ഷമായിരുന്നു പഠനകാലം. വിദ്യാര്‍ഥികളുടെ എല്ലാ ചെലവുകളും രാഷ്ട്രം ഏറ്റെടുത്തു. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ 'കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കാന്‍ അവധി' എന്ന പേരില്‍ വെക്കേഷനുണ്ടായിരുന്നു. യാത്രാചെലവും സര്‍ക്കാര്‍ വകയായിരുന്നു.

പാന്‍ ഇസ്‌ലാമിസം
ആഗോള ഇസ്‌ലാമിക സമൂഹങ്ങള്‍ തമ്മിലെ ബന്ധങ്ങള്‍ ദുര്‍ബലരായിരുന്ന ഘട്ടത്തില്‍ അത് ശക്തിപ്പെടുത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ നടപടികള്‍ സ്വീകരിച്ചു. യൂറോപ്യന്‍ ചിന്തകള്‍ ഇസ്്ലാമിക സമൂഹത്തിലേക്ക് കടന്നുകയറുന്നത് പ്രതിരോധിക്കാനും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ  വികാസത്തിന് തടയിടാനും അതുവഴി സാധ്യമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഉസ്മാനിയ ഖിലാഫത്തിന്റെ മഹത്വം പൂനഃസ്ഥാപിക്കുന്നതിലൂടെ ഇസ് ലാമിക സമൂഹത്തെ ആഗോള രാഷ്്ട്രീയ ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തദാവശ്യാര്‍ഥമുള്ള പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനും പത്രങ്ങളുടെ സഹായം തേടി.

വിദ്യാഭ്യാസത്തിന്റെ നവീകരണത്തിലൂടെയും പണ്ഡിതന്മാരുടെയും ലോകത്തെ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളുടെയും സഹകരണത്തിലൂടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഇസ് ലാമിക സമൂഹങ്ങളുമായി സംവദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രബോധകരെ അയക്കാനും അവിടങ്ങളിലെ കാര്യങ്ങള്‍ തന്നെ അറിയിക്കാനും സുല്‍ത്വാന്‍ വഴികള്‍ തേടി. ഇസ് ലാമിക പഠനങ്ങള്‍ വഴി ഇസ് ലാമിക വിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കാനും അതിനാവശ്യമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും നടപടികള്‍ കൈക്കൊണ്ടു. ഈജിപ്തില്‍നിന്ന് ജമാലുദ്ദീന്‍ അഫ്ഗാനിയും മുസ്വ്്തഫാ കാമിലും സിറിയയില്‍നിന്ന് അബുല്‍ ഹുദാ അസ്സ്വയ്യാദിയും റശീദ് രിദായും സൈബീരിയയില്‍നിന്ന് അബ്ദുര്‍റശീദ് ഇബ്‌റാഹീമും ലിബിയയില്‍നിന്ന് സനൂസി പ്രസ്ഥാനത്തിന്റെ ശൈഖുമാരും ലോക ഇസ് ലാമിക കൂട്ടായ്മയെ പിന്തുണച്ചു.

ഹിജാസ് റെയില്‍വെ
ഇസ് ലാമിക സമൂഹങ്ങളുടെ ഐക്യം സാധ്യമാക്കാന്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ രാജ്യങ്ങളെ ഇസ്തംബൂളുമായി റയില്‍വെ വഴി ബന്ധിപ്പിക്കാനുള്ള ശ്രമം സുല്‍ത്വാന്റെ സ്വപ്‌നപദ്ധതിയായിരുന്നു. ഇസ്തംബൂളില്‍നിന്ന് മക്കയിലേക്ക് നാല്‍പതു ദിവസം നീണ്ടുനിന്നിരുന്ന ഹജ്ജ് യാത്രക്കിടെ വഴിക്കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയമായിരുന്ന ഹാജിമാര്‍ക്ക് സുരക്ഷിതയാത്രയൊരുക്കുക എന്നതും നിര്‍ദിഷ്ട റെയില്‍വെയുടെ ലക്ഷ്യമായിരുന്നു.

ഹിജാസ് റെയില്‍വെക്ക് നാലുമില്യണ്‍ ഉസ്മാനി ലീറയാണ് മൊത്തം ചെലവ് കണക്കാക്കിയത്. ആവശ്യമായ തുക ലഭ്യമാക്കാന്‍ രാഷ്ട്രത്തിന് കഴിയാതിരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ചു. സുല്‍ത്വാനും കുടുംബാംഗങ്ങളും പ്രമുഖ നേതാക്കളും സംഭാവനകള്‍ക്ക് തുടക്കം കുറിച്ചു. പണി തീര്‍ന്നപ്പോള്‍ 3.5 മില്യണ്‍ ലീറയായിരുന്നു ചെലവ്.
1908 ആഗസ്റ്റ് 27-ന് യാത്രക്ക് തുടക്കമായ റെയില്‍വെ ലൈനില്‍ 2666 പാലങ്ങളും ഓവുചാലുകളും ഇരുമ്പു പാലങ്ങളും 96 സ്റ്റേഷനുകളും 7 കുളങ്ങളും 37 ജലസംഭരണികളും രണ്ട് ആശുപത്രികളും 3 വര്‍ക്ക് ഷോപ്പുകളും ഉണ്ടായിരുന്നു. ഇസ്തംബൂളില്‍നിന്ന് മക്കയിലേക്ക് നാലു ദിവസത്തെ യാത്രയായിരുന്നു.

വിജ്ഞാനീയങ്ങളുടെ സംരക്ഷണം
മുസ ്‌ലിം ചിന്തകളുടെയും വിജ്ഞാനീയങ്ങളുടെയും വന്‍ശേഖങ്ങള്‍ താര്‍ത്താരികള്‍ ടൈഗ്രീസ് നദിയില്‍ മുക്കി നശിപ്പിച്ചതിന്റെ ഇരുപതുവര്‍ഷം മുമ്പ് ഖംബീസ്        എന്ന ക്രൈസ്തവ പുരോഹിതന്റെ നേതൃത്വത്തില്‍ കൊര്‍ദോവയിലെ ലൈബ്രറിയിലെ വന്‍ ഗ്രന്ഥശേഖരങ്ങള്‍ കത്തിച്ചു കളയുകയുണ്ടായി. അള്‍ജീരിയയിലും മൊറോക്കോവിലും സാമ്രാജ്യത്വം ഇതു തന്നെ ആവര്‍ത്തിച്ചു. ഗ്രന്ഥങ്ങള്‍ മോഷ്ടിച്ച് യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുപോയി. അതേസമയം ഇസ് ലാമിന്റെ ധ്വജം ഉയര്‍ത്തിപ്പിടിച്ച ഉസ്മാനിയ ഖിലാഫത്ത് എല്ലാ വൈജ്ഞാനിക പൈതൃകങ്ങളെയും സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു.

ആസിതാനയിലെ വിശിഷ്യാ ജവാഇബിലെ പ്രസ്സുകള്‍ അറബി ഭാഷയിലെ പൈതൃക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഉസ്മാനികള്‍ രചിച്ച വിജ്ഞാനകോശങ്ങള്‍ അറബി വിജ്ഞാന പൈതൃകങ്ങളെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ത്വാശ്കൂബ്്രി സാദ (1495-1561)യുടെ 'മിഫ്താഹുസ്സആദ', ഹാജി ഖലീഫ (1609-1657) യുടെ 'കശ്ഫുള്ളുനൂന്‍ അല്‍ അസാമില്‍ കുതുബി വല്‍ ഫുനൂന്‍' എന്നീ കൃതികള്‍ നിലവിലുള്ളതും നഷ്ടപ്പെട്ടുപോയതുമായ ഗ്രന്ഥങ്ങളെ കുറിച്ച് നമുക്ക് വിവരം തരുന്നവയാണ്. തുര്‍ക്കിയിലെ ലൈബ്രറികളില്‍ വിശിഷ്യാ ഇസ്തംബൂളിലെ ലൈബ്രറികളിലെ വന്‍ കൈയെഴുത്തു ശേഖരങ്ങള്‍ ഉസ്മാനികളുടെ ജാഗ്രതയുടെ ഫലമായി നമുക്ക് ബാക്കിയായി കിട്ടിയവയാണ്. ചരിത്രകാരനും ഈജിപ്ഷ്യന്‍ എഴുത്തുകാരനുമായ ഐമന്‍ ഫുആദ് സയ്യിദി (ജനനം 1949) ന്റെ കണക്കുപ്രകാരം തുര്‍ക്കി ലൈബ്രറികളില്‍ മൂന്നുലക്ഷം അറബി കൈയെഴുത്തു പ്രതികളുണ്ട്. സുലൈമാനി ലൈബ്രറിയില്‍ മാത്രം രണ്ടുലക്ഷം കൈയെഴുത്തു പ്രതികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തുന്ന ഗവേഷകര്‍ അവ പഠനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. അവയുടെ സംരക്ഷണത്തിനായി ഗവണ്‍മെന്റ് ഭീമമായ സംഖ്യ വിനിയോഗിച്ചു കൊണ്ടിരിക്കുന്നു.

കൈയെഴുത്തുപ്രതികള്‍ കൊള്ളയടിച്ചതോ?
തുര്‍ക്കി ലൈബ്രറികളിലെ വന്‍ കൈയെഴുത്തു ശേഖരങ്ങള്‍ അറബ് നാടുകളില്‍നിന്ന് കൊള്ളയടിച്ചവയല്ലെ എന്ന ചോദ്യമുയരാം. ചരിത്രകാരന്‍ ഡോ. ഹുസൈന്‍ ഫൗസി നജ്ജാര്‍ (1918-2003) വിശദീകരിക്കുന്നത് കാണുക: 1) 'എഴുതിയ ആളുടെ ദേശവും പൗരത്വവും പരിഗണിക്കാതെ അറബി ഭാഷയില്‍ വിരചിതമായ എല്ലാം അറബി പൈതൃകമായാണ് പരിഗണിക്കപ്പെടുക. ഇസ് ലാം എല്ലാ വിഭജനങ്ങളെയും നിരാകരിക്കുന്നു. അതനുസരിച്ച് ഈ ബൃഹദ് ഇസ് ലാമിക പൈതൃകത്തില്‍ ഇസ് ലാമിക ലോകം മൊത്തത്തില്‍ പങ്കാളികളാണ്. ഇബ്‌നുസീനാ, ഫാറാബി, മഹ്മൂദുല്‍ കശ്ഗരിയെപോലുള്ള തുര്‍ക്കികള്‍ ഈ അറബി പൈതൃകത്തില്‍ ഭാഗഭാഗിത്വം വഹിച്ചവരായുണ്ട്. അതോടൊപ്പം അവര്‍ അറബി പൈതൃകത്തിന്റെ ഭാഗവുമാണ്.
2) ക്രി. 16-ാം നൂറ്റാണ്ടിന്റെ ഒന്നാംപാദം മുതല്‍ ഇസ് ലാമിക ലോകത്തിന്റെ നേതൃത്വം ഉസ്മാനികള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഈ പൈതൃകത്തിന്റെ സംരക്ഷണോത്തരവാദിത്വം അവര്‍ക്കായിരുന്നു. ഇതിന്റെ ഭാഗമായി ഇസ് ലാമിക വൈജ്ഞാനിക പൈതൃകങ്ങള്‍ ഇസ്തംബൂളിലേക്ക് മാറ്റിയത് കൊള്ളയായി വിശേഷിപ്പിക്കപ്പെടാവതല്ല.
3) കൈയെഴുത്തു പ്രതികളിലെ ഒരു ഭാഗം പാരിതോഷികമായി ലഭിച്ചവയാണ്. ജര്‍മന്‍ ഓറിയന്റലിസ്റ്റ് Hellmut Ritter (1892-1971) പറയുന്നത്, ഈ ഗ്രന്ഥങ്ങളില്‍ അധികവും വന്‍ഗ്രന്ഥശേഖരമുള്ളവര്‍ വിലകൊടുത്തുവാങ്ങിയവയോ അവര്‍ക്ക് പാരിതോഷികമായി ലഭിച്ചവയോ ആണ് എന്നത്രെ.
4) ഇസ്തംബൂള്‍ ഇസ് ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായതോടെ മൂന്നു കാര്യങ്ങള്‍ സംഭവിച്ചു. (എ) ബഗ്ദാദ്, കൊര്‍ദോവ, കൈറോ പോലുള്ള ഇസ് ലാമിക നാഗരികകേന്ദ്രങ്ങളിലേതുപോലെ തുര്‍ക്കികള്‍ ഗ്രന്ഥങ്ങള്‍ വാങ്ങാനും പകര്‍പ്പെടുക്കാനും നിയമാനുസൃതം മത്സരിച്ചു. (ബി) ധാരാളം അറബ് പണ്ഡിതന്മാര്‍ തങ്ങളുടെ ചിന്തകളുടെ ലിഖിത രേഖകളുമായി ഖിലാഫത്തിന്റെ ആസ്ഥാനമായ അവിടേക്ക് വന്നുചേര്‍ന്നു. വിവിധ നാടുകളില്‍നിന്നെത്തിയ അവരുടെ ലിഖിത സംഭാവനകള്‍ സ്വാഭാവികമായും അവിടെ കുന്നുകൂടി. (സി) ചില കൈയെഴുത്തു പ്രതികള്‍ ഇസ്തംബൂളിലേക്ക് കൊണ്ടുവന്നത് കൊള്ളയായി ചരിത്രകാരന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല.
ജലാലുദ്ദീന്‍ സുയൂത്വിയുടെ ശിഷ്യനും ശര്‍കസ് വംശജനുമായ മുഹമ്മദ് ഇബ്‌നു ഇയാസ് (1448-1524) 'താരീഖു ബദാഇസ്സുഹൂര്‍ ഫീ വഖാഇഇ ദ്ദുഹൂര്‍' എന്ന കൃതിയില്‍ സലീം ഒന്നാമന്റെ കാലത്ത് ഈജിപ്തില്‍ ഉസ്മാനികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ എണ്ണിപ്പറയുന്നുണ്ട്. അവയിലൊന്നും കൈയെഴുത്തു പ്രതികളുടെ മോഷണത്തെപ്പറ്റി പറയുന്നില്ല. അങ്ങനെ വല്ലതുമുണ്ടായിരുന്നുവെങ്കില്‍ ഇബ്‌നു ഇയാസ് അത് എടുത്തു പറയുമായിരുന്നു.
(5) ഹുലാക്കുഖാന്‍ (ക്രി. 1217-1265) ബഗ്ദാദ് ലൈബ്രറി നശിപ്പിച്ചപ്പോള്‍ അടിമരാജാക്കന്മാര്‍ ഗ്രന്ഥങ്ങള്‍ കൈറോവിലേക്ക് കടത്തിക്കൊണ്ടുവരികയുണ്ടായി. അത് കൊള്ളയായി വിശേഷിപ്പിക്കാമോ? ഇസ് ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഖിലാഫത്തിന്റെ പുതിയ ആസ്ഥാനമായ കൈറോവിലേക്ക് മാറ്റി എന്നല്ലെ നാം മനസ്സിലാക്കേണ്ടത്. ഇസ്തംബൂളിലേക്ക് മാറ്റിയ എല്ലാ കൈയെഴുത്തു രേഖകളും ഭദ്രമായി സൂക്ഷിച്ച ഉസ്മാനികളെ മോഷ്ടാക്കളായി വിലയിരുത്തുന്നത് ഒട്ടും ശരിയല്ല.
(6) ഉസ്മാനിയ ലൈബ്രറികളില്‍ സംരക്ഷിക്കപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ അവിടെ അഭിമാനത്തിനായി മാത്രം സൂക്ഷിക്കുകയായിരുന്നില്ല. സുഊദി ചരിത്രകാരനും ഗവേഷകനുമായ ഡോ. സാമീ സ്വഖ്ഖാര്‍ അല്‍ ഫൈസ്വല്‍ മാഗസിന്റെ 44-ാം ലക്കത്തില്‍ ഇതേപ്പറ്റി എഴുതുന്നു: 'തുര്‍ക്കിയില്‍ കുന്നുകൂടിയ ഗ്രന്ഥങ്ങള്‍ അഭിമാനിക്കാന്‍ മാത്രമായുള്ള ഒരു ശേഖരം മാത്രമായിരുന്നില്ല. പ്രത്യുത, അവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുണ്ടായി.'

ഉസ്മാനി ഖിലാഫത്തിനു കീഴിലുള്ള എല്ലാ ഭൂപ്രദേശങ്ങളിലും വൈജ്ഞാനിക നവോത്ഥാനത്തിന് ഊര്‍ജം പകരാന്‍ ഈ ശേഖരങ്ങള്‍ക്ക് കഴിഞ്ഞു. ഉസ്മാനിയ ഖിലാഫത്ത് സ്ഥാപിതമായതു മുതല്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കമിട്ടതായി കാണാം. ഊര്‍ഖാന്‍ (1281-1360) മകന്‍, മുറാദ് ഒന്നാമന്‍ (1326-1389) എന്നിവര്‍ ഈ മേഖലയില്‍ മികച്ചു നില്‍ക്കുന്നു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയത്തിനുശേഷം സുൽത്വാന്‍ അല്‍ ഫാതിഹ് (1429-1481) ധാരാളം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. സുലൈമാന്‍ അല്‍ഖാനൂനി (1494-1566) മക്കയിലും മദീനയിലും വിദ്യാലയങ്ങള്‍ സ്ഥാപിച്ചതോടൊപ്പം സുലൈമാനിയ്യ കോളേജിനും തുടക്കം കുറിച്ചു. ഇന്ന് യൂനിവേഴ്‌സിറ്റികള്‍ ബിരുദങ്ങള്‍ നൽകുന്നതുപോലെ അന്നത്തെ ബിരുദധാരികള്‍ നേതാക്കളും അധ്യാപകരുമായി സമൂഹത്തിലേക്കിറങ്ങി.

വിശുദ്ധ ഭൂമികളുടെ സംരക്ഷണം
ഇസ് ലാമിലേക്ക് പ്രവേശിച്ചതോടൊപ്പം തന്നെ ഇസ് ലാമിനെ നാനാ വിധേന സേവിക്കാന്‍ തുര്‍ക്കി ജനത മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ് ലാമിന്റെ പതാക ഉയരത്തില്‍ പിടിക്കാനും വിശുദ്ധ ഭൂമികളെ സംരക്ഷിക്കാനും അവര്‍ പ്രതിജ്ഞാ ബദ്ധരായിരുന്നു. സല്‍ജൂഖികളുടെയും സങ്കികളുടെയും ഉസ്മാനികളുടെയും കാലത്ത് ഇസ് ലാമിന്റെയും മുസ് ലിംകളുടെയും സംരക്ഷണം തുര്‍ക്കികളുടെ പ്രഥമ അജണ്ടയായിരുന്നു.
സങ്കി, സല്‍ജൂഖി ഭരണകൂടങ്ങള്‍ അബ്ബാസി രാഷ്ട്രത്തിനു കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാല്‍ അത് സ്വതന്ത്രമായിരുന്നില്ല. എന്നാല്‍ ഉസ്മാനി രാഷ്ട്രം ഇതില്‍നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായിരുന്നു. ശിഥിലമായ മുസ് ലിം സമൂഹത്തെ വലിയൊരു രാഷ്ട്രം സ്ഥാപിച്ച് സംരക്ഷിക്കുക എന്നത് അവരുടെ പ്രഥമ പരിഗണനയായിരുന്നു.

ഹറം നാടുകള്‍ കീഴില്‍ വരുന്നതിനു മുമ്പ് (1299-1517)
സലീം ഒന്നാമന്‍ (1470-1520) ജയിച്ചടക്കും മുമ്പ് അടിമ വംശത്തിന്റെ ഭരണത്തിനു കീഴിലായിരുന്ന ഹറം നാടുകളിലേക്ക് സകാത്തിന്റെ വലിയൊരു വിഹിതം അയച്ചുകൊടുക്കാന്‍ ഉസ്മാനിയ ഖിലാഫത്ത് മുന്‍കൈയെടുത്തിരുന്നു. സുല്‍ത്വാന്‍ യല്‍ദ്‌റീം ബയാസീദ് (1361-1403) സുൽത്വാന്‍ മുഹമ്മദ് ശലബി, സുല്‍ത്വാന്‍ മുറാദ് രണ്ടാമന്‍ എന്നിവര്‍ തങ്ങളുടെ ബജറ്റില്‍ വിശുദ്ധ ഭൂമികള്‍ക്കായി സംഖ്യ വകയിരുത്തുകയും അവിടങ്ങളിലേക്ക് പോകുന്നവരുടെ വശം അത് കൊടുത്തയക്കുകയും ചെയ്തിരുന്നു.
ഇസ്തംബൂള്‍ കീഴടക്കിയ മുഹമ്മദുല്‍ ഫാതിഹ് (1429-1481) സമരാര്‍ജിത സമ്പത്തിന്റെ വലിയൊരു ഭാഗം ഹിജാസിലേക്ക് അയച്ചുകൊടുത്തു. മക്കയിലേക്കുള്ള പാതകളിലെ നിര്‍ഭയത്വം ഉറപ്പുവരുത്താനും പുതിയ ജലസ്രോതസ്സുകള്‍ നിര്‍മിക്കാനും മുഹമ്മദുല്‍ ഫാതിഹ് മംലൂകി രാഷ്ട്രത്തെ ചുമതലപ്പെടുത്തി.

ഹറം നാടുകള്‍ തുര്‍ക്കി ഖിലാഫത്തിനു കീഴിലായ ശേഷം (1517-1918)
സുല്‍ത്വാന്‍ സലീം ഒന്നാമന്‍ 1516-ല്‍ ശാം നാടുകളും 1517-ല്‍ ഫലസ്ത്വീനും ഈജിപ്തും ജയിച്ചടക്കിയ ശേഷം ഹറം നാടുകള്‍ ഉള്‍പ്പെടെ അറേബ്യ ഉപദ്വീപ് കീഴടക്കി. അബ്ബാസി ഖിലാഫത്ത് അബ്ബാസികളില്‍നന്ന് ഉസ്മാനികളിലേക്ക് നീങ്ങിയതുപോലെ, വെള്ളിയാഴ്ചയിലെ ഖുതുബ ഔദ്യോഗികമായി സലീം ഒന്നാമന്‍ നിര്‍വഹിച്ചു വന്നു. ഹിജാസ് ഉസ്മാനിയ ഖിലാഫത്തിനു കീഴിലായി.

ഹിജാസിന്റെ നിയന്ത്രണം ഉസ്മാനികളിലേക്ക് നീങ്ങിയതോടെ വിശുദ്ധ ഭൂമികളുടെ സംരക്ഷണത്തിനായി അവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഹറമിലെ ശൈഖിനെ ഇസ്തംബൂളില്‍നിന്ന് നിയമിച്ചു. ഹാശിം കുടുംബവുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചു. ഹറമുകളില്‍ ഏറ്റവും നല്ല സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാകുമാറുള്ള സഹകരണം ഉണ്ടാകണമെന്ന് അവരോട് അഭ്യര്‍ഥിച്ചു. ഹാശിം കുടുംബത്തില്‍നിന്ന് ഹറമുകളുടെ ചുമതല വഹിച്ചിരുന്നവര്‍ 'ശരീഫു മക്ക', 'ശരീഫുല്‍ മദീന' എന്ന പേരില്‍ അറിയപ്പെട്ടു. ഹാജിമാരുമായി ബന്ധപ്പെട്ട് ശുചിത്വം, ആരോഗ്യം, സവിശേഷമായ നിരീക്ഷണം, മേല്‍നോട്ടം എന്നീ വക കാര്യങ്ങളില്‍ താല്‍പര്യമെടുത്ത് പ്രവര്‍ത്തിച്ചു. ഇവയ്ക്കായി പ്രത്യേക വിംഗുകള്‍ രൂപവല്‍ക്കരിച്ചു. ഹാജിമാര്‍ ഒറ്റക്കൊറ്റക്ക് വരുന്നതിനു പകരം ഓരോ രാജ്യത്തുനിന്നും വരുന്ന ഹാജിമാര്‍ക്ക് സംഘങ്ങളായി യാത്ര ചെയ്യാനായി സംവിധാനങ്ങളൊരുക്കി. ഇതുപ്രകാരം ശാമില്‍നിന്നും കൈറോവില്‍നിന്നും യമനില്‍നിന്നും മറ്റും ശക്തമായ സംരക്ഷണത്തോടെയും ആവശ്യമായ ജല-ഭക്ഷണ-താമസ സൗകര്യങ്ങളോടെയും ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ ഒത്താശകള്‍ ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

ഹാജിമാരുടെ സുരക്ഷിതത്വത്തിന്നായി ചെങ്കടലിനും മധ്യധരണ്യാഴിയുടെയും സമീപങ്ങളില്‍ വന്‍ കപ്പല്‍പടയെ വിന്യസിച്ചു. പുണ്യ ഭൂമികള്‍ക്കെതിരെ ആഭ്യന്തരമായോ വൈദേശികമായോ ഉണ്ടാകാവുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ നാലു നൂറ്റാണ്ടോളം കാലം യമനിലും ഇറാഖിലും സേനകളെ വിന്യസിച്ചു.
മക്കയുടെ സംരക്ഷണത്തിന്നായി 1781-നും 1783-നും ഇടയില്‍ അജ് യാദ് കോട്ടയും 1801-ല്‍ ഫുല്‍ഫുല്‍കോട്ടയും 1806-ല്‍ ഹിന്ദ് കോട്ടയും നിര്‍മിച്ചു.

അബ്ബാസി ഖലീഫ ഹാറൂന്‍ റശീദിന്റെ ഭാര്യ സുല്‍ത്വാന സുബൈദയുടെ പേരില്‍ നിര്‍മിതമായ കിണറിന്റെ പുനരുത്ഥാനവും 'ഐനുല്‍ ഹുനൈന്‍, 'ഐനു ജബലിര്‍റഹ്്മ (അറഫ) കനാലുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. സുല്‍ത്വാന്‍ അഹ്മദ് ഒന്നാമന്‍ (1590-1617) കഅ്ബയുടെ ചുറ്റുമതില്‍ പുതുക്കിപ്പണിതു. ഒടുവിലെ ഉസ്മാനീ സുല്‍ത്വാനായ വഹീദുദ്ദീന്‍ (1861-1926) മക്കയിലെ സേനാ നായകനായ ഫഖ്‌റുദ്ദീന്‍ പാഷ (1868-1948) യോട് നബി(സ)യുടെ ശേഷിപ്പായി സൂക്ഷിച്ചുപോന്ന എല്ലാ വസ്തുവഹകളും മക്കയില്‍നിന്ന് ഇസ്തംബൂളിലേക്ക് കൊണ്ടുവരാന്‍ 1917-ല്‍ ഉത്തരവിടുകയുണ്ടായി. ഉസ്മാനിയാ ഖിലാഫത്ത് ദുര്‍ബലമായി വരുന്ന സാഹചര്യത്തില്‍ അവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു നടപടിയുടെ ലക്ഷ്യം.

ബൈത്തുല്‍ മഖ്ദിസിന്റെ സംരക്ഷണം
ക്രി. 1516 ഡിസംബര്‍ 28/ ഹി. 922 ദുല്‍ഹിജ്ജ 4-നാണ് ഉസ്മാനികള്‍ ഖുദ്‌സില്‍ പ്രവേശിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഖുദ്‌സില്‍ സന്ദര്‍ശനത്തിനെത്തിയ സുല്‍ത്വാന്‍ സലീം ഒന്നാമനെ സ്വീകരിക്കാനെത്തിയ പണ്ഡിതന്മാരും നേതാക്കളും മസ്ജിദുല്‍ അഖ്‌സ്വായുടെയും ഖുദ്‌സ് നഗരത്തിന്റെയും താക്കോലുകള്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നാലു നൂറ്റാണ്ടു കാലം ഉസ്മാനിയ ഖിലാഫത്തിനു കീഴിലായിരുന്നു അവയുടെ ഭരണം. പ്രത്യേക പരിഗണനയിലായിരുന്ന അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
1672-ല്‍ ഖുദ് സിലെ നിവാസികളുടെ എണ്ണം നാല്‍പത്തിയാറായിരമായിരുന്നു. അറബ് മുസ് ലിംകളായിരുന്നു കൂടുതലും.

ക്രൈസ്തവരും യഹൂദികളും അവിടെ പ്രത്യേക മേഖലകളില്‍ താമസിച്ചു വന്നു. യഹൂദികള്‍ ആയിരം തികയുമായിരുന്നില്ല. എല്ലാ വിഭാഗങ്ങളുടെയും മതാചാരാവകാശങ്ങള്‍ വ്യവസ്ഥ ചെയ്തുകൊണ്ട് പരസ്യപ്പെടുത്തി. ഖലീഫ ഉമറിന്റെ കാലം മുതല്‍ക്കുള്ള പാരമ്പര്യം നിലനിര്‍ത്തി.

ഖുദ്‌സില്‍ പള്ളികളോടനുബന്ധിച്ച് വൈജ്ഞാനിക കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നു. 1672-ല്‍ ഖുദ്‌സ് സന്ദര്‍ശിച്ച സഞ്ചാരി ഔലിയാ ചെലബി (1611-1682) എഴുതുന്നു: ഖുദ്‌സില്‍ നമസ്‌കാരത്തിനായി ഇരുപത്തിനാല് മിഹ്‌റാബുകളും, ഹദീസ് പഠനങ്ങള്‍ക്ക് ഏഴും ഖുര്‍ആന്ന് പത്തും വീടുകളും നാല്‍പത് വിദ്യാലയങ്ങളും ഉണ്ടായിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെ എണ്ണൂറുപേര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു.

ഖുദ്‌സിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉസ്മാനി ടച്ച് ഏറെ പ്രകടമായിരുന്നു. ഖുദ്‌സ് നഗരം പുനരുദ്ധരിക്കുന്നതിന് സുല്‍ത്വാന്‍മാര്‍ മുന്തിയ പരിഗണന നല്‍കിയിരുന്നു. സുലൈമാന്‍ ഖാനൂനി ഖുബ്ബത്തുസ്സ്വഖ്‌റ പള്ളി പുനരുദ്ധരിച്ചു. അയ്യൂബികള്‍ നിര്‍മിച്ച ഖുദ്‌സ് നഗരത്തിന്റെ ചുറ്റു മതില്‍ നാലുകിലോ മീറ്ററായി പുനര്‍നിര്‍മിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഹ്മദ് ഖറഹിസ്വാരി (1468-1555) ആര്‍ക്കിടെക്റ്റ് സിനാന്‍ (1489-1588) മുതലായ പ്രഗത്ഭരെ ഉപയോഗപ്പെടുത്തി.  

റഫറൻസ്
1. الخلافة العثمانيّة ودورها في نشر الاسلام - محمد برغوث
2. علامة ميوري (محمّد أبو الهدى اليعقوبي) خدمات العثمانية للإسلام تجاوزت حدود الدّولة
3. العثمانيون والتراث الإسلامية - حماة لابغاة
4. الخدمات التي قدّمتها الدولة العثمانية لبلاد الحرمين
5. القدس في ظل الدولة العثمانية. turk press co.

© Bodhanam Quarterly. All Rights Reserved

Back to Top