ആധുനികാനന്തര ഗവേഷണങ്ങള്‍ക്ക് സത്യത്തിന്റെ വഴിയൊരുക്കാം

ജമീല്‍ അഹ്മദ്‌‌
img

ആമുഖം
         മാനവിക വിഷയങ്ങളിലെ ഗവേഷണമേഖലയില്‍ ഇന്ന് ലോകതലത്തില്‍ സവിശേഷമായും കേരളീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഒട്ടേറെ മുസ്‌ലിം സ്‌കോളര്‍മാര്‍ വിവിധ സര്‍വകലാശാലകളില്‍ ഗവേഷകരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഉന്നതപഠനത്തിന്റെ പ്രധാന തലമായി അക്കാദമിക ഗവേഷണങ്ങള്‍ മാറിയിരിക്കുന്നു. ഗവേഷണത്തിന് ലോകമൊന്നടങ്കം നല്‍കിക്കൊണ്ടിരിക്കുന്ന ബിരുദനാമം 'പി.എച്ച്.ഡി' ആണല്ലോ. 'ഡോക്ടര്‍ ഓഫ് ഫിലോസഫി' എന്ന അതിന്റെ മുഴുവന്‍പേരില്‍ അടങ്ങിയിരിക്കുന്ന 'തത്ത്വശാസ്ത്രം' തന്നെ ആ ബിരുദത്തില്‍ പ്രക്ഷേപിക്കുന്ന ഉള്ളടക്കത്തിലേക്ക് സൂചനനല്‍കുന്നുണ്ട്. ഗവേഷണത്തിന്റെ തത്ത്വജ്ഞാനം നിര്‍ണയിക്കുന്നത് അതിന്റെ രീതിശാസ്ത്രമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏതൊരു ഗവേഷണ രീതിശാസ്ത്രത്തിനും കണിശമായ ഒരു ഫിലോസഫിയുടെ അടിത്തറയുണ്ടാകും. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കെല്ലാം ഗവേഷണത്തിന് തങ്ങളുടേതായ രീതിശാസ്ത്രമുണ്ട്. ഇസ്‌ലാമിനും ഉണ്ട്. എന്നാല്‍ ഇസ്‌ലാമിക ജ്ഞാനനിര്‍ധാരണ രീതിശാസ്ത്രം ഇസ്‌ലാമികമായ അറിവുകള്‍ സ്വരൂപിക്കാന്‍ മാത്രമേ ഉപയുക്തമാവൂ എന്നതാണ് വാസ്തവം. മറുവശത്ത്, മാര്‍ക്‌സിസ്റ്റ് വിശകലന രീതിയുപയോഗിച്ച് ഇസ്‌ലാമിനെയും ഉത്തരാധുനിക ഗവേഷണരീതിശാസ്ത്രമുപയോഗിച്ച് മാര്‍ക്‌സിസത്തെയും വിശകലനംചെയ്യാന്‍ സാധിക്കും. ഇങ്ങനെ ഏതൊരു ജ്ഞാനത്തെയും വിശകലനം ചെയ്യാവുന്ന ഒരു ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രം രൂപീകരിച്ചെടുക്കുക എന്നതാണ് പുതിയ വെല്ലുവിളി. അതിലേക്കുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം. മാനവിക-ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണപദ്ധതികള്‍ തികച്ചും വിഭിന്നമാകയാല്‍ ഈ ലേഖനത്തില്‍ മാനവിക ഗവേഷണങ്ങളുടെ ഇസ്‌ലാമിക പദ്ധതിയെയാണ് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്.

സൈദ്ധാന്തിക സാധൂകരണം
         ലഭ്യമായ അറിവുകളില്‍നിന്ന് പുതിയ അറിവിന്റെ നിര്‍മാണമാണ് ഗവേഷണം എന്ന് ഡോ. എഫ്.ആര്‍ ഫരീദി നിര്‍വചിക്കുന്നു (Research Methodology in Islamic Perspective, Editor: Mohammed Muqim). ഈ നിര്‍വചനം സാധുവാണെങ്കില്‍ ഗവേഷണത്തിനുള്ള ഇസ്‌ലാമിക വഴി നിശ്ചയിക്കുന്നതിനുമുമ്പ് അറിവ് എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്റെ ഇസ്‌ലാമിക ഉത്തരംകൂടി തേടേണ്ടിവരും. അറിവുകളുടെ ഇസ്‌ലാമീകരണം എന്ന വിചാരം പതിറ്റാണ്ടുകളായി വൈജ്ഞാനിക ലോകത്ത് മുഴങ്ങിനില്‍ക്കുന്നതാകയാലും ഒട്ടനവധി അഭിപ്രായധാരകള്‍ ആ വിഷയത്തിലുള്ളതിനാലും ഈ സന്ദര്‍ഭത്തില്‍ ആ ചര്‍ച്ചയിലേക്ക് കടക്കുന്നത് ഉചിതമാവുകയില്ല. എങ്കിലും ഇസ്‌ലാം അറിവിനെക്കുറിച്ച് എന്ത് മനസ്സിലാക്കുന്നു എന്നതറിയാതെ അറിവുല്‍പാദിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നതും അബദ്ധംതന്നെ. അറിവുതന്നെ മനുഷ്യന് ഉല്പാദിപ്പിക്കാനാകുമോ എന്ന ആലോചനയും ഇസ്‌ലാമിക ചിന്താലോകത്ത് ഉണ്ടെന്നിരിക്കെ, ഗവേഷണം എന്നതിന് മറ്റൊരു നിര്‍വചനം പോലും ഇസ്‌ലാമികദൃഷ്ട്യാ സാധ്യമാകേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ 'ഗോവി'നെ -നഷ്ടപ്പെട്ട പശുവിനെ- തേടല്‍ തന്നെയാണ് ഗവേഷണം. നഷ്ടപ്പെട്ടതിനെ കണ്ടെത്തലും പുതിയത് ആവിഷ്‌കരിക്കലും രണ്ടാണല്ലോ.
ഗവേഷണം ചെല്ലേണ്ട വഴിയാണ്, 'ഗവേഷണ രീതിശാസ്ത്രം' എന്ന് വിവര്‍ത്തനം ചെയ്യാവുന്ന റിസര്‍ച്ച് മെഥഡോളജി. റിസേര്‍ച്ചറുടെ പരികല്‍പന (Hypothesis) എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാനുള്ള യുക്തിസഹമായ വഴിയാണത്. അതിനാല്‍ ഗവേഷണ പദ്ധതിയെക്കുറിച്ച് പറയുമ്പോഴൊക്കെയും കാര്യകാരണബന്ധങ്ങളില്‍ അധിഷ്ഠിതമായ റീസണിംഗിനെക്കുറിച്ചും പറയേണ്ടിവരുന്നു. കുറ്റകൃത്യം തെളിയിക്കുന്നതുപോലെയുള്ള ആധികാരികതയും യുക്തിഭദ്രതയും റിസര്‍ച്ച് മെഥഡോളജിയിലും ആരോപിക്കപ്പെടുന്നുണ്ട് എന്നര്‍ഥം. ചുരുക്കത്തില്‍, തികച്ചും പ്രത്യയശാസ്ത്രാധിഷ്ഠിതവും യുക്തിഭദ്രവുമായ വിശകലനരീതിശാസ്ത്രം എന്നതാണ് ഗവേഷണപദ്ധതിക്ക് നല്കാവുന്ന നിര്‍വചനം. മറ്റൊരു കോണില്‍നിന്ന് നോക്കിയാല്‍ പ്രത്യയശാസ്ത്രം, യുക്തി എന്നീ വാക്കുകള്‍ തീര്‍ത്തും നിരപേക്ഷമല്ല. മതവിരുദ്ധമായ ഒരര്‍ഥതലം അവയ്ക്കുണ്ട്. അപ്പോള്‍, 'അക്കാദമിക ഗവേഷണരീതിശാസ്ത്രം' എന്ന പ്രമേയംതന്നെ പാരമ്പര്യ ഇസ്‌ലാമിക മൂല്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് എന്നു വരും. അതിനെ അസന്ദര്‍ഭസന്ദേഹമായി തള്ളിക്കളഞ്ഞാല്‍ പോലും ആശയപരവും പ്രായോഗികവുമായ ഇത്രയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ വിഷയം ചര്‍ച്ചക്കു തയാറാകുന്നത് എന്നത് യാഥാര്‍ഥ്യമാണ്.

പൂര്‍വ പഠനങ്ങള്‍
മാനവിക-ശാസ്ത്രീയ വിജ്ഞാനീയങ്ങളില്‍ (ഈ വിഭജനം കൃത്യമല്ലെങ്കില്‍ പോലും) മെഥഡോളജി എങ്ങനെ ഇസ്‌ലാമീകരിക്കാം എന്ന ചര്‍ച്ച ഇസ്‌ലാമിക ചിന്താലോകത്ത് പുതിയതല്ല. Research Methodology in Islamic Perspective എന്ന പുസ്തകം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഈ വിഷയകമായി നടന്ന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ്. 1991ല്‍ സര്‍വകലാശാല ഫിലോസഫി വകുപ്പും ഇസ്‌ലാമിക് ഒബ്ജക്ടീവ് സ്റ്റഡീസും ചേര്‍ന്നു സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. എം.എന്‍ സിദ്ദീഖി, ഡോ. എഫ്.ആര്‍ ഫരീദി, ഡോ. ഇര്‍ഫാന്‍ അഹ്മദ് തുടങ്ങി പ്രമുഖര്‍ അണിനിരക്കുന്നുണ്ട് ആ ഗ്രന്ഥത്തില്‍. സാമൂഹിക വിജ്ഞാനീയങ്ങളിലെ ഗവേഷണത്തിനുള്ള ഇസ്‌ലാമിക വഴികളെക്കുറിച്ചുമാത്രമേ ആ പുസ്തകം ചര്‍ച്ചചെയ്യുന്നുള്ളൂ എങ്കില്‍കൂടി ഇന്ത്യയില്‍ നിന്നുണ്ടായ ശക്തമായൊരു ചുവടുവെപ്പാണ് ആ പ്രബന്ധസമാഹാരം. മാത്രമല്ല, പുസ്തകത്തിലെ പകുതിയോളം ലേഖകരും 'വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമീകരണം' എന്ന പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നുമില്ല. രണ്ടും രണ്ട് ചിന്തകളും ഒരേ ആശങ്കയുടെ ഫലങ്ങളുമാണല്ലോ. ഉത്തരാധുനിക വൈജ്ഞാനിക ലോകത്തുണ്ടായ പുതിയ ഡിസിപ്ലിനുകളെ പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന് മറികടക്കാനാവാത്ത പോരായ്മയുമാണ്. കാരണം അത്രയും പഴയതാണല്ലോ ആ സെമിനാര്‍. പക്ഷേ, അതുണ്ടായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അത്തരത്തിലൊരാലോചന അത്രയും സമഗ്രമായി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്, ചില അനുരണനങ്ങളല്ലാതെ.

വിഷയനിര്‍ദ്ധാരണം
         ഇസ്‌ലാമികമായ ഒരു മാര്‍ഗരേഖ മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങള്‍ക്ക് അവതരിപ്പിക്കുന്ന ചിന്തകള്‍ പ്രധാനമായും നാലുകാര്യങ്ങളിലാണ് ഊന്നുന്നത്/ ഊന്നേണ്ടത്.
1. ഗവേഷണം എന്ന വൈജ്ഞാനിക കര്‍മത്തിന്റെ ഇസ്‌ലാമിക മാനം അന്വേഷിക്കുക. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തിലുണ്ടായ ചിന്തകളുടെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. മാത്രമല്ല ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക് തികച്ചും മികവുറ്റ ഒരു ജ്ഞാനനിര്‍ദ്ധാരണപദ്ധതി(epistemology)യുണ്ട്. നൂറ്റാണ്ടുകളായി ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ ഇസ്‌ലാമികഗവേഷണരംഗങ്ങളില്‍ അത് ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. ആ ഗവേഷണപദ്ധതിയെ പൊതു അക്കാദമിക ഗവേഷണത്തിലേക്ക് എറിഞ്ഞുപിടിപ്പിക്കാനാവില്ല. ഇസ്‌ലാമികമായ ഗവേഷണപദ്ധതി എന്നു കേള്‍ക്കുമ്പോഴേക്ക് ഉലൂമുല്‍ ഖുര്‍ആന്റെയും ഉലൂമുല്‍ ഹദീസിന്റെയും നിര്‍ദ്ധാരണ വ്യവസ്ഥകളെടുത്ത് പെരുമാറുന്ന അബദ്ധശ്രമങ്ങളുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. 
2. നിലവിലുള്ള ഗവേഷണപദ്ധതികളെ ഇസ്‌ലാമിക മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും വിമര്‍ശവിധേയമാക്കുകയും ചെയ്യുക.ഗവേഷണത്തിലെത്തന്നെ പ്രധാനപ്പെട്ട ഒരു മേഖല ഇതാണ്. പുതിയ അറിവ് പഴയ അറിവുകളെ തിരുത്തിക്കൊണ്ടാണ് ഉണ്ടാകുന്നത്. ഒരു അറിവ് തിരുത്തലിന് സജ്ജമാണോ എന്നും അതിനുള്ള വഴി എന്താണ് എന്നും മനസ്സിലാക്കുക ഇസ്‌ലാമിക ഗവേഷണരീതിശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ടാര്‍ഗെറ്റാണ്.
3. അങ്ങനെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കുക. ഇത് ഗവേഷകരുടെയോ ഭൗതിക വിജ്ഞാന മേഖലകളുടെയോ മാത്രം ആവശ്യമല്ല, മുസ്‌ലിം സമുദായത്തിന്റെ പൊതു ആവശ്യമാണ്. ഒരര്‍ഥത്തില്‍ അത് പരിഹരിക്കുക എന്നത് 'ഫര്‍ദ് കിഫായ' (സാമൂഹികാനുഷ്ഠാന ബാധ്യത)യായാണ് മനസ്സിലാക്കേണ്ടത്.
4. മാനവിക വിഷയങ്ങളിലെ നിലവിലുള്ള അംഗീകൃത ഗവേഷണ രീതിശാസ്ത്രവുമായി ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രത്തെ ബന്ധിപ്പിക്കുക. പൂര്‍ണമായ ഒരു ഗവേഷണപദ്ധതിക്കു പകരം നിലനില്‍ക്കുന്ന ഗവേഷണപദ്ധതികളുടെ വിവിധ അടരുകളെ ഇസ്‌ലാമികമായി ശുദ്ധീകരിക്കുക എന്ന ലക്ഷ്യമാണ് പ്രധാനം. 

ആധുനികാനന്തര ഗവേഷണ സംസ്‌കാരം
         സമാന്തരമായ സകല വഴികളെയും നിരാകരിച്ചുകൊണ്ട് ഏകശിലാത്മകമായ അറിവിനെ സ്ഥാപിക്കുകയായിരുന്നു ജ്ഞാനോദയ കാലത്തെ ആധുനികത. അതുമാത്രമല്ല മതാധിഷ്ഠിതമായ ധാരണകളെ മുഴുവന്‍ അത് ജ്ഞാനമണ്ഡലത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മനുഷ്യനെ അറിവിന്റെ കേന്ദ്രമാക്കിയ ആധുനികതയോട് ദൈവകേന്ദ്രിതമായ അറിവുകള്‍ ഏറ്റുമുട്ടേണ്ടിവരിക സ്വാഭാവികം. ഗവേഷണത്തിനുള്ള ഇസ്‌ലാമിക രീതിശാസ്ത്രം അന്വേഷിച്ച ആദ്യകാല ഗവേഷണങ്ങളെല്ലാം ആധുനിക വൈജ്ഞാനീയങ്ങളുമായാണ് അതിനെ താരതമ്യപ്പെടുത്തിയത്. ആധുനികതയുടെ മതവിരുദ്ധ ധാരണകള്‍ക്ക് ബദലായി ഇസ്‌ലാമിക ജ്ഞാനാര്‍ജനത്തെ പകരം വെക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്നത്തെ ഉത്തരാധുനിക വൈജ്ഞാനിക മണ്ഡലത്തിലേക്ക് അതേ ഉപകരണങ്ങള്‍ കൈയിലെടുത്ത് പ്രവേശിക്കുന്നത് വലിയൊരു പോരായ്മതന്നെയാണ്. കാരണം ആധുനികതയ്ക്കു വിരുദ്ധമായി ഉത്തരാധുനികതയുടെ സവിശേഷമായ ജ്ഞാനമണ്ഡലം ഗവേഷണ പദ്ധതികളിലെ ഇസ്‌ലാമിക വഴിക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) അതിന്റേതായ ഇടം അനുവദിക്കുന്നുണ്ട്. പല വഴികളെയും പല അറിവുകളെയും അറിവിന്റെ വിവിധ പ്രക്ഷേപണരീതികളായി അംഗീകരിക്കാന്‍ ഉത്തരാധുനികതക്ക് കഴിയുന്നു. അതിനാല്‍, ബദല്‍ എന്ന നിലയിലല്ല, സമാന്തരമായ മറ്റൊരു പ്രവര്‍ത്തനരീതി എന്ന നിലയില്‍ത്തന്നെ ഇസ്‌ലാമികമായ ജ്ഞാനരീതികളെ അവതരിപ്പിക്കേണ്ടതുണ്ട്. 
അറിവിനെ ശാസ്ത്രമെന്നും മാനവികമെന്നും വേര്‍തിരിച്ചതും പുനഃപരിശോധിക്കപ്പെടണം. ആധുനികത മതത്തെ എന്നപോലെ മതം ആധുനികതയെയും ഒരര്‍ഥത്തില്‍ മാറ്റിനിറുത്തിയിട്ടുണ്ട്. ആധുനികതയുടെ പ്രധാന അടിത്തറയായ കേവലയുക്തിയുടെ ശാസ്ത്രവിചാരങ്ങളെക്കാള്‍ അതിന്റെ മാനവികവിചാരങ്ങള്‍ക്ക് മതവുമായി കൂടുതല്‍ അടുപ്പമുണ്ടെന്ന തെറ്റിദ്ധാരണയായിരുന്നു അത്. ആധുനിക ജ്ഞാനപരിസരങ്ങളെ വിലയിരുത്തിയ ഇസ്‌ലാമിക ചിന്താലോകം പൊതു ആധുനിക ശാസ്ത്രത്തെ മതവിരുദ്ധവും മാനവികജ്ഞാന(humanities)ങ്ങളെ കുറേക്കൂടി മനുഷ്യപ്പറ്റുള്ളതുമായാണ് കണ്ടത്. യഥാര്‍ഥത്തില്‍ ശാസ്ത്രം എത്ര ദൈവനിഷേധത്തിലധിഷ്ഠിതമാണോ അത്രയും മതനിഷേധത്തിലധിഷ്ഠിതമായിരുന്നു പടിഞ്ഞാറുനിന്ന് ഉദയംകൊണ്ട മാനവിക വിഷയങ്ങളും. പരിണാമസിദ്ധാന്തത്തിന്റെയും മനുഷ്യകേന്ദ്രവാദത്തിന്റെയും (anthropocentric) അടിത്തറയില്‍ പടുക്കപ്പെട്ടതായിരുന്നു അവ. ആ അര്‍ഥത്തിലാണ് അവ 'മാനവികത' (humanism) എന്ന് വിളിക്കപ്പെട്ടത്. മനുഷ്യത്വം എന്ന് നാം വ്യവഹരിക്കുന്ന സദ്ഗുണങ്ങളുമായി 'ഹ്യൂമനിസം' എന്ന പ്രത്യയശാസ്ത്രത്തിന് ബന്ധമില്ലതന്നെ. യൂറോപ്പില്‍നിന്നുണ്ടായ ഭാഷാശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, ചരിത്രം തുടങ്ങി എല്ലാ മാനവിക വിഷയങ്ങളും ശാസ്ത്രത്തെപ്പോലെത്തന്നെ ദൈവനിഷേധത്തെ സ്ഥാപിക്കുന്ന ഗവേഷണഫലങ്ങളില്‍ അഭിരമിക്കുകയാണ് ഇന്നോളം ചെയ്തത്. എന്നാല്‍ ശാസ്ത്രത്തെപ്പോലെ തീവ്രാനുഭവം നല്കുന്ന മനുഷ്യവിരുദ്ധ ഫലങ്ങള്‍ അവ ഉല്‍പാദിപ്പിച്ചില്ല എന്നതുകൊണ്ടുമാത്രം മാനവിക വിഷയങ്ങളെ സുഹൃത്തുക്കളായി മതചിന്തകര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. 
എന്നാല്‍, ഉത്തരാധുനിക ജ്ഞാനമണ്ഡലം അറിവുകളുടെ മനുഷ്യകേന്ദ്രിതത്വത്തെയും കേവലയുക്തിയുടെ അധികാരഘടനകളെയും അംഗീകരിക്കുന്നില്ല. രേഖ, തെളിവ്, സൂചന എന്നിവയുടെ അപ്രമാദിത്വത്തെ അത് ബാഹ്യമായെങ്കിലും നിരാകരിക്കുന്നു. ആ സ്വാതന്ത്ര്യം വിശ്വാസം, ധാരണ, പാരമ്പര്യം, ബോധം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും അറിവുകള്‍ സ്വരൂപിക്കാമെന്ന പൊതുസമ്മതം ഗവേഷണരംഗത്ത് ഉത്തരാധുനിക ചിന്താലോകം രൂപപ്പെടുത്തി. ഇത് ഫോക്‌ലോറിനെ പോലുള്ള ചില ഡിസിപ്ലിനുകളെ അപ്രസക്തമാക്കിയെന്നുമാത്രമല്ല വാമൊഴിചരിത്രം, പുരാവൃത്തപഠനം, സംസ്‌കാര പഠനം എന്നീ പുതിയ ഗവേഷണമേഖലകളെ തുറന്നു വിടുകയും ചെയ്തു. അറിവുകളുടെ വിതരണം വലിയ കുഴലുകളില്‍ നിന്ന് ചെറിയ ചാലുകളിലേക്ക് പലവിധമായി ഒഴുകി. സാമ്പത്തിക ശാസ്ത്രം എന്ന ഒറ്റ തലക്കെട്ടില്‍ തന്നെ വിവിധങ്ങളായ ചെറിയ ഡിസിപ്ലിനുകള്‍ രൂപപ്പെട്ടു. അന്തര്‍വൈജ്ഞാനിക പഠനങ്ങള്‍ (multidisciplinary research) അറിവുകളുടെ സങ്കലനവും കൊള്ളക്കൊടുക്കലുകളും സാധ്യമാക്കി. 
ഈ പുതിയ കാലം അതിനാല്‍ ഇസ്‌ലാമിക ഗവേഷണങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ ഗവേഷണ ഫലങ്ങള്‍ മുതല്‍ ഇന്ത്യയിലെ മുസ്‌ലിം സ്വത്വസ്ഥാപനലക്ഷ്യങ്ങളോടെ നടക്കുന്ന യുവ ഗവേഷണങ്ങള്‍ വരെ ഈ പുതിയ കാലത്തിന്റെ ഫലമാണ്. അതാണ് ഗവേഷണരീതിശാസ്ത്രത്തെക്കുറിച്ച ഇസ്‌ലാമികമാര്‍ഗം പ്രസക്തമാകുന്നതിന്റെ യാഥാര്‍ഥ്യം.

പ്രായോഗിക ഗവേഷണത്തിന്റെ മൂല്യം
         എന്താണ് ഒരു ഗവേഷണത്തിന്റെ മൂല്യനിര്‍ണയോപാധികള്‍? ഭൗതികാര്‍ഥത്തിലുള്ള ഏതൊരു ഗവേഷണ പദ്ധതിയും സാധുവാകുന്നതിനുമുമ്പ് ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നിര്‍ണയിക്കേണ്ടത്. തങ്ങളുടെ തിസീസിന്റെ പരിശോധകരെ തൃപ്തിപ്പെടുത്തുക എന്ന വലിയ ലക്ഷ്യവും ഇന്ന് സര്‍വകലാശാലകളിലെ സാധാരണ ഗവേഷകര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതാണ് പ്രായോഗിക ഗവേഷണത്തിലെ ഇസ്‌ലാമിക രീതിശാസ്ത്രത്തിന് മുഖ്യ വെല്ലുവിളിയായി നില്‍ക്കുന്നത്. 
യൂറോ കേന്ദ്രിതമായ അറിവുമണ്ഡലങ്ങള്‍ ഗവേഷണത്തിന്റെ സാധുത പരിശോധിച്ചത് അവര്‍തന്നെ നിശ്ചയിച്ചുറപ്പിച്ച ചില അളവുപകരണങ്ങള്‍ പ്രയോഗിച്ചുകൊണ്ടാണ്. ഗവേഷണ രീതിശാസ്ത്രത്തിന് ചില യോഗ്യതകള്‍ യൂറോപ്യന്‍ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ദേശിച്ചിരിക്കുന്നു. പരിശോധനക്കുള്ള വഴക്കം (verifiability), കൃത്യത, പൊരുത്തം (conformability), പ്രായോഗിക പരിശോധകത്വം (empirical testability), പ്രവര്‍ത്തനക്ഷമത (operationality), പ്രവചനാത്മകത predictability, പര്യാപ്തത (adequacy) എന്നിവയാണവ. അതുകൂടാതെ ഗവേഷണപ്രബന്ധത്തിന് വിവരണാത്മത (explanation), തെളിവുകള്‍ക്കിടയിലെ പരസ്പരബന്ധം (correlation among phenomena), ആഗമികത(deductiveness), യുക്തിഭദ്രത (rationality), കാര്യകാരണ ബന്ധം (logical consistency), യഥാതഥത്വം (realism), പൊതുധാരണ (generality) സഫലത (fruitfulness) എന്നീ ഗുണങ്ങളും അവര്‍ നിര്‍ദേശിക്കുന്നു. ഇസ്‌ലാമികത എന്ന മറ്റൊരു യോഗ്യതകൂടി ഇക്കാര്യത്തിലുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇസ്‌ലാമിക രീതിശാസ്ത്രം വികസിക്കുന്നതിലൂടെ ഉരുത്തിരിയേണ്ടത്. 
ഏതൊരു ഇസ്‌ലാമിക പദ്ധതിയുടെയും അടിസ്ഥാനമായ 'ഹഖ്' എന്ന സംജ്ഞയിലൂടെയാണ് ഈ ലേഖനം അതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ- കര്‍മമണ്ഡലങ്ങളില്‍ ഏറെ ഗഹനമായ അര്‍ഥങ്ങളുള്ള വാക്കാണ് ഹഖ് എന്നത്. ഹഖ് എന്ന പദം ഇരുന്നൂറിലേറെ തവണ വിവിധ അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ കാണാം. സത്യം, യാഥാര്‍ഥ്യം, കടമ, ന്യായം, നീതി, ഉറപ്പ്, സത്ത, അവകാശം, ശരിയായത് തുടങ്ങിയ അര്‍ഥങ്ങളിലാണ് ഈ സംജ്ഞ ഖുര്‍ആനിലും ഹദീസിലും പരിചരിക്കുന്നത്. അല്ലാഹുവിനെയും ദീനുല്‍ ഇസ്‌ലാമിനെയും ഒരുപോലെ ഈ വാക്ക് ഉള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെയും ഖുര്‍ആനിന്റെതന്നെയും അപരനാമമായും ഹഖ് ഉപയോഗിച്ചിട്ടുണ്ട്. ഹഖിന്റെ വിപരീതാര്‍ഥത്തില്‍ ബാത്വില്‍, ളലാല്‍, ളന്ന് തുടങ്ങിയ വാക്കുകളും പ്രയോഗത്തിലുണ്ട്. സ്വര്‍ഗനരകങ്ങളും മഹാപ്രപഞ്ചങ്ങളും അടക്കമുള്ള സകലതിന്റെയും സൃഷ്ടിപ്പിനു പിന്നിലുമുള്ള ഹഖിനെ മനസ്സിലാക്കാന്‍ ഖുര്‍ആന്‍ പലസന്ദര്‍ഭങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. (45:22, 06:73; 10:05, 14:19, 15:85, 16:03, 29:44, 30:08, 39:05, 44:39, 46:03, 64:03). ഖുര്‍ആനിനെത്തന്നെയും ഹഖോടെയാണ് അല്ലാഹു അവതരിപ്പിച്ചത് എന്ന അറിവ് (42: 18) ഒരു മുസ്‌ലിം തന്റെ വ്യവഹാരങ്ങളിലൊക്കെയും ഈ വഴി പാലിക്കേണ്ടതുണ്ട് എന്നുറപ്പിക്കുന്നു.

ഇസ്‌ലാമിക ഗവേഷണ പദ്ധതിയുടെ വഴി
         ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇന്നത്തെ മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങളെ ഇസ്‌ലാമിക മൂല്യബോധത്തില്‍ എങ്ങനെ സമീപിക്കാം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. മാനവിക വിഷയങ്ങളിലെ ഒരു ഗവേഷണ പദ്ധതി താഴെ നല്‍കിയ അടിസ്ഥാന ഘടകങ്ങള്‍ക്ക് വഴങ്ങേണ്ടതുണ്ട്
1. അത് തികച്ചും പ്രായോഗികമായിരിക്കണം. നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകണം.
2 അത് മൂല്യനിര്‍ണയത്തിന് പര്യാപ്തമായിരിക്കണം. ഇസ്‌ലാമികമല്ലാത്ത ഗവേഷണരീതിശാസ്ത്രം അവലംബിക്കുന്ന പരിശോധകര്‍ക്കുപോലും സമ്മതമാകുന്ന തരത്തില്‍ ഭദ്രമായിരിക്കണം.
3. പരികല്പനയെ നിര്‍ദ്ധാരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശരിയായ വഴിയിലൂടെയുള്ള ഗമനം മാത്രമേ ലക്ഷ്യത്തിലെത്തിക്കുകയുള്ളൂ. ഇസ്‌ലാമിക രീതിശാസ്ത്രം ശരിയായ വഴിയാണെന്ന് തീരുമാനിക്കപ്പെടുക പരികല്‍പനകളെ അത് എത്രകണ്ട് സാധൂകരിക്കുന്നുണ്ട് എന്ന കണക്കുവെച്ചാണ്.
4. അതേ രീതിശാസ്ത്രം സമാനമായ മറ്റു ഗവേഷണങ്ങള്‍ക്കും യോജിക്കുന്നതാകണം.
ഇത്രയും ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു മെഥഡോളജി ഇസ്‌ലാമിന്റെ പേരില്‍ ഇന്നോളം ആരെങ്കിലും മുന്നോട്ടുവെച്ചതായി അറിവില്ല. ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രം എന്ന ചിന്ത ഇസ്‌ലാമൈസേഷന്‍ ഓഫ് നോളേജിന്റെ കുറ്റിയില്‍ കിടന്ന് കറങ്ങിയതുകൊണ്ടാണ് അത് സാധ്യമാകാതിരുന്നത്. അറിവുകളുടെ ഇസ്‌ലാമീകരണത്തെയും അറിവുല്‍പാദനത്തിന്റെ ഇസ്‌ലാമിക വഴികളെയും വേറെവേറെ സമീപിക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. ഇസ്‌ലാമിക രീതിശാസ്ത്രത്തിന്റെ അടിസ്ഥാനം ഹഖില്‍ നിര്‍ണിതമാക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ സമുചിതമായി പരിഹരിക്കാന്‍ കഴിയും. മാനവികവിഷയത്തിലെ സാധാരണ നടക്കുന്ന ഒരു ഗവേഷണത്തിലെ പ്രവര്‍ത്തന പരിപാടികളെ അതിലെ ഹഖിനെ മാനദണ്ഡമാക്കി താഴെ വിശദമാക്കുന്നു.

1. പ്രശ്‌നനിര്‍ധാരണം (Identification of the problem)
         പ്രശ്‌നത്തെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ ആദ്യത്തെ പടി. സമകാലിക ഗവേഷണങ്ങളില്‍ ഈ പടി ഇസ്‌ലാമികലോകത്തെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. ഏതൊരു വിഷയത്തിലും ആനുകാലിക ഇസ്‌ലാമിക ലോകം ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളിലേക്ക് ഗവേഷകര്‍ എത്തിച്ചേരേണ്ടതുണ്ട്. ഗവേഷണത്തിന്റെ തലക്കെട്ടുമുതല്‍ ഈ സൂചന ആവശ്യമാണ്. ഇസ്‌ലാമിലെ ഹഖ് എന്ന സംഗതിയുടെ ബാധ്യത, കടമ, അവകാശം എന്നീ അര്‍ഥങ്ങളില്‍ ഇത് സാധ്യമാകേണ്ടതാണ്.

2. പരികല്പന (hypothesis)
         പ്രശ്‌നം ഏതായാലും പരികല്‍പന അതിനെ ഇസ്‌ലാമികമാക്കുന്നു. മാത്രമല്ല, മെഥഡോളജിയെ നിര്‍ണയിക്കുന്നതും പരികല്‍പനകള്‍ തന്നെയാണ്. പൊതുവെ പരികല്പനയുടെ രംഗത്താണ് റിസേര്‍ച്ചര്‍ക്ക് കാലിടറാറുള്ളത്. ഗവേഷണത്തിലെ വഴികാട്ടി (Guide), ഉപദേശകസമിതി എന്നിവരുടെ ബാഹ്യവും പരോക്ഷവുമായ ഇടപെടലുകള്‍ കാരണം ചിലപ്പോഴെങ്കിലും ഗവേഷകര്‍ക്ക് യഥാര്‍ഥ പ്രശ്‌നത്തെ സ്വീകരിക്കാനാവില്ല. ആ പ്രശ്‌നംകൂടി ഇസ്‌ലാമികമായ പരികല്‍പനകളിലൂടെ പരിഹരിക്കാന്‍ കഴിയണം. സാമൂഹികശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഒരാള്‍ ഗൈഡിന്റെ നിര്‍ബന്ധം കാരണം തീവ്രവാദത്തിന്റെ സാമൂഹികമാനങ്ങളെക്കുറിച്ച ചില പ്രശ്‌നങ്ങളിലേക്ക് ചെല്ലേണ്ടിവരികയാണെങ്കില്‍ പോലും ഹഖിന്റെ മാനദണ്ഡങ്ങളുപയോഗിച്ച് ആ ഗവേഷണത്തെ ഗുണാത്മകമാക്കാന്‍ കഴിയും.
'കുന്തംപോയാല്‍ കുടത്തിലും തപ്പണം' എന്ന പഴഞ്ചൊല്ലിനെ ആസ്പദമാക്കി ഈ കാര്യം വിശദീകരിക്കാം. 'കുന്തം കാണുന്നില്ല' എന്ന 'പ്രശ്‌നം'(problem) റിസേര്‍ച്ചര്‍ മനസ്സിലാക്കുന്നു. കുന്തം കുടത്തിലുമുണ്ടാകാം എന്നതാണ് പരികല്പന. അത് എങ്ങനെ പരിശോധിക്കും എന്നതാണ് മെഥഡോളജി. മെഥഡോളജി ശരിയായാലേ, പരികല്‍പന ശരിയാണോ എന്ന പരിശോധനയും അതിന്റെ ഫലവും ശരിയാകൂ. മെഥഡോളജി മാത്രം ശരിയായതുകൊണ്ടു കാര്യമില്ലെന്നര്‍ഥം. പരികല്‍പനയും ശരിയാകണം. അതായത് ശരിയായ മെഥഡോളജിയുടെ ഭാഗമാണ് ശരിയായ പരികല്പനയും. 
'ശരിയായി പരിശോധിച്ചാല്‍ കുന്തം കുടത്തില്‍ നിന്നും കിട്ടും' എന്ന ധാരണ ഇക്കാലത്തെ ഗവേഷണയുക്തിയായി ഉറക്കപ്പെട്ടിരിക്കുന്നു. നേരത്തെ നിശ്ചയിച്ചുവെച്ച പരികല്‍പനകള്‍ ഉറപ്പിക്കുന്നതിനുവേണ്ടി പടച്ചെടുക്കുന്ന ഗവേഷണങ്ങളാണ് ഇന്ന് അക്കാദമികസമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റായ പരികല്‍പനകളില്‍ നിറുത്തി അതിനുവേണ്ട തെളിവുകള്‍ സമാഹരിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ ഫലങ്ങളാണ് സാമ്രാജ്യത്വ - ജൂതലോബികള്‍ പടച്ചുവിടുന്ന വമ്പന്‍ തിസീസുകള്‍ മുതല്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രശ്‌നം വരെ. അതിനാല്‍, തിരിച്ചു പറഞ്ഞാലാണ് ശരിയാകുക. ശരിയായി പരിശോധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കുടത്തില്‍ നിന്നുപോലും കുന്തം കിട്ടിയേക്കും. രണ്ടുരീതിയിലാണ് ഈ അവസ്ഥയെ മുസ്‌ലിം അക്കാദമിക ലോകം നേരിടേണ്ടത്. ഒന്ന് ഏതൊരു പ്രശ്‌നത്തിലും മുസ്‌ലിംസമൂഹവും ഇസ്‌ലാമിക ലോകവും ഇന്നാവശ്യപ്പെടുന്ന പരികല്‍പനകളെക്കുറിച്ച് നല്ല ധാരണ നേടിയെടുക്കണം. രണ്ടാമതായി ഇസ്‌ലാമികലോകത്തിന്റെ ശത്രുക്കള്‍ പടച്ചുവിടുന്ന പരികല്‍പനകളെ അക്കാദമികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുതന്നെ നേരിടണം. ഈ ഇരട്ടമുന്നേറ്റം സാധ്യമാക്കുന്നതിന് ആഗോളതലത്തില്‍ ഗവേഷണാസൂത്രണം എന്ന പൊതുവേദിക്കുതന്നെ ഇന്ന് പ്രസക്തിയുണ്ട്.

ദത്തശേഖരണം (Data collection)
         ദത്തങ്ങള്‍ ശേഖരിക്കുക എന്നതാണ് ഗവേഷണത്തിലെ മറ്റൊരു പ്രധാന പടി. അവയുടെ വിശകലനവും താരതമ്യവുമാണ് ഫലപ്രാപ്തിയിലെത്തുന്നത്. ദത്തങ്ങളുടെ ശേഖരണത്തിനുപയോഗിക്കുന്ന നിശ്ചിത മാനദണ്ഡങ്ങളാണ് ചരങ്ങള്‍ (Variables). ദത്തങ്ങളുടെ സത്യസന്ധത, ചരങ്ങളുടെ കൃത്യത എന്നിവയാണ് ഗവേഷണഫലം കൃത്യമാക്കുന്നതിന്റെ പ്രധാന ഉപാധികള്‍. ഇസ്‌ലാമിക വിജ്ഞാനീയത്തിലെ തര്‍ക്കവിജ്ഞാനീയത്തിന്റെ (മന്‍ദിഖ്) സിദ്ധാന്തങ്ങളുടെ പ്രയോജനം ഈ വിഷയത്തില്‍ സാധ്യമാകേണ്ടതുണ്ട്. ഒരു ഹദീസ് വന്ന വഴിയില്‍ ഒരാള്‍ നുണയനാണെങ്കില്‍ ആ ഹദീസ് തന്നെയും സംശയാസ്പദമാണെന്ന കണിശമായ ജ്ഞാനനിര്‍ധാരണമാര്‍ഗമാണ് ഇസ്‌ലാമിലുള്ളത്. സത്യസന്ധതയുടെയും സൂക്ഷ്മതയുടെയും ഉദാത്തമേഖലതന്നെയാണിത്. സര്‍വേകള്‍ മുതലാളിത്തത്തിന്റെ പ്രവര്‍ത്തനോപാധിയാണെന്ന ആരോപണം ഉത്തരാധുനിക ചിന്താലോകം ഉയര്‍ത്തുന്നുണ്ട്. എങ്കില്‍ പോലും സര്‍വെയെ അവഗണിച്ചുകൊണ്ട് പല സാമൂഹികശാസ്ത്ര പഠനങ്ങളും മുന്നോട്ടുകൊണ്ടുപോകാനാവില്ല. മാത്രമല്ല പൂര്‍ണമായ ദത്തങ്ങളെ സ്വീകരിക്കാതെ സര്‍വെ ഒരിക്കലും കൃത്യമാവുകയുമില്ല. ഹഖിന് യാഥാര്‍ഥ്യം എന്ന ആശയത്തെ പ്രകടിപ്പിക്കാന്‍ കഴിയും. ഉള്ളത് ഉള്ളതുപോലെ ശേഖരിക്കുകയാണ് ദത്തശേഖരണത്തിലെ സത്യസന്ധത. അതാണ് അതിലെ ഹഖും.

വിശകലനം
         ദത്തങ്ങളുടെ വിശകലനത്തില്‍ പിഴക്കുന്നത് ഗവേഷണ ഫലത്തെ വഴിതെറ്റിക്കും. സാമാന്യമായ ലോജിക്കുകള്‍ ആണ് ഇന്ന് ഈ മേഖലയില്‍ സാധ്യമാക്കുന്നത്. ലഭ്യമായ സാമ്പിളുകളില്‍നിന്ന് തിസീസിലേക്ക് ഗവേഷണം കടന്നുചെല്ലുന്നത് അതീവ സൂക്ഷ്മതയോടെ ആകണം. ലഭ്യമായ ദത്തങ്ങളുടെ പരിശോധന, അവയുടെ വിശകലനം, അതില്‍ നിന്നുള്ള നിര്‍ധാരണം (experimentation, observation, logical arguments) എന്നിവയിലൂടെ അറിവ് സ്വരൂപിക്കുകയും നിലനില്‍ക്കുന്ന അറിവിനെ തിരുത്തുകയും ചെയ്യലാണ് ഗവേഷണ ഫലം. ന്യായം, നീതി തുടങ്ങിയ ഹഖിന്റെ അര്‍ഥതലങ്ങള്‍ ഇവിടെയാണ് സാധുവാകുക.

റഫറന്‍സുകളുടെ ആധികാരികത
         സൈദ്ധാന്തികമായ ഏതെങ്കിലുമൊരു അടിത്തറയില്‍ നിന്നേ ഏതൊരു ഗവേഷണവും മുന്നോട്ടു പോകൂ. അതിനാല്‍ വാദങ്ങളും വസ്തുതകളും അടുക്കിയടുക്കിവെച്ച് കയറിക്കയറിപ്പോകുന്നതാണ് നല്ല ഗവേഷണപ്രബന്ധത്തിന്റെ ഘടന. ഒരു വാദത്തിന് ഏതാണ് തെളിവ് എന്ന ചോദ്യം പ്രസക്തമാണ്. മുമ്പ് പരാമര്‍ശിച്ചപോലെ, വഴികാട്ടിയെയും പരിശോധകരെയും തൃപ്തിപ്പെടുത്തുന്ന ആധികാരികത ഈ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കില്ലെങ്കില്‍ തുടക്കത്തിലേ ഗവേഷണഫലത്തിന്റെ സാധുത ചോദ്യംചെയ്യപ്പെടും. അംഗീകരിക്കപ്പെടുക എന്ന കടമ്പ ഗവേഷകര്‍ക്ക് കടക്കേണ്ടതുണ്ട്. ഇസ്‌ലാമികമായ ജ്ഞാനങ്ങളില്‍ പലതും യുക്തിയിലേറെ വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസം എന്നത് വിശ്വാസത്തിന്റെ യുക്തിക്കേ ബാധകമാകൂ എന്നതിനാല്‍ പൊതുവെ ഗവേഷകലോകം മതഗ്രന്ഥങ്ങളെ പൊതു ഗവേഷണങ്ങളുടെ ആധാരമായി അംഗീകരിക്കുകയില്ല. മതവിഷയങ്ങളില്‍ പോലും വിശ്വാസത്തിലധിഷ്ഠിതമായ ഗ്രന്ഥങ്ങള്‍ ഇന്ന് സംശയത്തോടെ മാത്രമാണ് അംഗീകരിക്കപ്പെടുന്നത് എന്നതിനാല്‍ റഫറന്‍സുകളുടെ കാര്യത്തില്‍ ഇസ്‌ലാമിക രീതിശാസ്ത്രം കൂടുതല്‍ ഭദ്രമായ നില കൈവരിക്കേണ്ടിയിരിക്കുന്നു. ഗവേഷണ ഫലം യുക്തിസഹമായി വിശദമാക്കാനുള്ള ബാധ്യത റിസേര്‍ച്ചറുടെതാണ്. ഈ യുക്തിയാകട്ടെ വിശ്വാസത്തിന് പുറത്തുള്ളതും മറുയുക്തികള്‍ക്ക് സാധ്യത നല്കാത്തതുമാകണം.

എന്തിന് ഇസ്‌ലാമിക രീതിശാസ്ത്രം?
         ഈ സാധ്യതകള്‍ക്കും പരിമിതികള്‍ക്കും ഇടയിലും എന്തിന് ഇത്തരമൊരു ചിന്ത എന്ന ചോദ്യം പ്രസക്തമാണ്. 
ശരിയായ അറിവ് എന്നതാണ് ഇസ്‌ലാമികചിന്തയുടെ അന്തിമ ലക്ഷ്യം. ഈ അറിവ് രൂപപ്പെടേണ്ടതിന് ഇസ്‌ലാമികമായ നിര്‍ധാരണ വഴികളും രൂപപ്പെടേണ്ടതുണ്ട്. പല നിലക്കും ഈ വഴികള്‍ പിഴച്ചുപോകാം. രണ്ടു രീതിയില്‍ ഈ പിഴവ് ഇന്ന് മുസ്‌ലിം ലോകം നേരിടുന്നുണ്ട്.
1. ഭൗതിക അറിവുകളുടെ ലോകം നിര്‍ണയിച്ചുവെച്ച മാര്‍ഗരേഖകളുപയോഗിച്ച്, അതിന്റെ ഉപകരണങ്ങളുപയോഗിച്ച് ഇസ്‌ലാമികവും അല്ലാത്തതുമായ അറിവുകളെ സ്വരൂപിക്കുന്നത് ഇസ്‌ലാമിക ചിന്താലോകത്ത് ഈയിടെയുണ്ടായ പല ആകാംക്ഷകളും സൃഷ്ടിക്കാന്‍ കാരണമായി. ഫെമിനിസം മുതല്‍ സ്വവര്‍ഗലൈംഗികതവരെ ഇസ്‌ലാമിക ടെക്സ്റ്റുകളില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഫലങ്ങളും ഇതിനുദാഹരണമാണ്.
2. ഇസ്‌ലാമിക മാര്‍ഗരേഖകളുപയോഗിച്ച് മതേതരമായ ജ്ഞാനങ്ങളെ സ്വരൂപിക്കാന്‍ ശ്രമിക്കുന്നത് പൊതു അറിവുകളുടെ അംഗീകാരപരിധിയില്‍ അകപ്പെടാതെ പോയി. സാമാന്യയുക്തിയുടെ ന്യായങ്ങള്‍ മാനദണ്ഡമാക്കി വഹ്‌യിനെ വിശദീകരിക്കാനാവില്ല എന്നതിനാല്‍ വഹ്‌യ് ഒരു അറിവും ഉല്‍പാദിപ്പിക്കുന്നില്ല എന്ന് തീര്‍പ്പുകല്‍പിക്കപ്പെടുന്നു.
ഇതിനു പരിഹാരം ഇസ്‌ലാമികമായ മൂല്യബോധത്തെ മതേതരജ്ഞാനനിര്‍ധാരണത്തിന്റെ മെഥഡോളജിയായി അംഗീകരിക്കപ്പെടാനുള്ള അടിസ്ഥാനസംഗതികള്‍ സ്വരൂപിക്കുക എന്നതാണ്. മതേതര ജ്ഞാനപരിസരത്തില്‍ നിന്നുകൊണ്ടുപോലും ഇസ്‌ലാമിനെ സമീപിക്കാനുള്ള ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തേ തീരൂ. ഗവേഷണത്തിലെ ഇസ്‌ലാമിക രീതിശാസ്ത്രം മുസ്‌ലിമിനു മാത്രം ബാധകമാകുന്നതോ സാധ്യമാകുന്നതോ ആയ ഒന്നല്ല, ഇസ്‌ലാമില്‍ ഗവേഷണം നടത്തുന്ന വിശ്വാസിയല്ലാത്ത ഒരാള്‍ക്കും ഈ മാര്‍ഗരേഖയേ പിന്തുടരാനാവൂ എന്ന നിലയുണ്ടാകണം. പൊതുജ്ഞാനമണ്ഡലത്തില്‍ യുക്തിയുക്തം സ്ഥാപിക്കപ്പെടാവുന്ന രീതിശാസ്ത്രമായി, ഇസ്‌ലാമിക വിശ്വാസത്തെ അംഗീകരിക്കാത്ത ഒരു ഗവേഷണത്തില്‍പോലും ഹഖില്‍ അടിസ്ഥാനപ്പെടുത്തിയ ഇസ്‌ലാമികവഴികളെ സ്ഥാപിക്കാന്‍ കഴിയണം. ഭാഷാശാസ്ത്രം, ചരിത്രം, വ്യാകരണം, സാഹിത്യം, സാമ്പത്തികശാസ്ത്രം, മനശ്ശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകള്‍ക്ക് അതിന്റേതായ ഗവേഷണ രീതിശാസ്ത്രം ഉള്ളതുപോലെ ഇസ്‌ലാമിക ജ്ഞാനത്തെ രൂപപ്പെടുത്താനും തിരുത്താനും വിലയിരുത്താനും കണക്കാക്കാനും സവിശേഷമായ ഒരു മെഥഡോളജി രൂപപ്പെടുത്തേണ്ടതുണ്ട് എന്ന യാഥാര്‍ഥ്യം ഇപ്പോഴും ബാക്കിയാകുന്നു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top