കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യം
അശ്‌റഫ് കീഴുപറമ്പ്
കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ ഏതൊരു ഗവേഷകനും അഭിമുഖീകരിക്കേണ്ടിവരും. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം പൈതൃകഭാഷയായി മനസ്സിലാക്കപ്പെടുന്ന ഉര്‍ദുവുമായി താരതമ്യംചെയ്യുന്നത് കേരളീയ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ പോരായ്മകളും പരിമിതികളും അടുത്തറിയാന്‍ ഉപകരിക്കും. ഉര്‍ദുവിന് വലിയൊരു ചരിത്ര പാരമ്പര്യമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളോളം ഭരണ ഭാഷയായിരുന്ന പാര്‍സിയുടെ വൈജ്ഞാനിക സമ്പത്തിന്റെ അനന്തരാവകാശവും പില്‍ക്കാലത്ത് ജന്മം കൊണ്ട ഉര്‍ദുവിന് ലഭിച്ചിട്ടുണ്ട്. പല ഇസ്‌ലാമിക വിഷയങ്ങളിലും അറബിയിലുള്ളതിനെക്കാള്‍ കൂടുതല്‍ കൃതികള്‍ ഉര്‍ദുവില്‍ രചിക്കപ്പെടാന്‍ കാരണം അതാണ്. അറബ് ലോകത്തെ മഹാരഥന്മാരോട് കിടപിടിക്കാവുന്നവരും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഉയര്‍ന്നുവന്നു. ഇമാം ഗസ്സാലിക്ക് ഏറക്കുറെ സമശീര്‍ഷനായാണ് ഇന്ത്യക്കാരനായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി മനസ്സിലാക്കപ്പെടുന്നത്. ഹദീസ് വിജ്ഞാനീയങ്ങളിലെ പില്‍ക്കാല മഹാപണ്ഡിതന്മാരില്‍ ഒട്ടുവളരെ പേര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്.
ഇങ്ങനെയൊരു പാരമ്പര്യം കേരളത്തില്‍ കണ്ടെത്താനാവില്ല. ഭാഷ തന്നെയാണ് ഒന്നാമത്തെ പ്രശ്‌നം. സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനത്തില്‍നിന്ന് മുക്തമായി മലയാള ഭാഷ രൂപപ്പെട്ടതുതന്നെ വളരെക്കഴിഞ്ഞാണ്. ആ എഴുത്ത് ഭാഷയാകട്ടെ ഏറക്കുറെ ഹിന്ദു ഉയര്‍ന്ന ജാതിക്കാരുടെ കുത്തകയുമായിരുന്നു. കേരളത്തിലെ മുസ്‌ലിംകള്‍ മലയാളം തന്നെയാണ് സംസാരിച്ചിരുന്നതെങ്കിലും അവര്‍ക്കതിന്റെ എഴുത്തുഭാഷ വശമുണ്ടായിരുന്നില്ല. മലയാളം എഴുത്തുഭാഷ പഠിക്കാനുള്ള ശ്രമങ്ങള്‍ ആദ്യകാലങ്ങളില്‍ കാര്യമായി നടക്കുകയും ചെയ്തിരുന്നില്ല. സംസാരത്തിലൂടെ മാത്രമേ ആശയവിനിമയം സാധ്യമാവൂ എന്ന് വന്നു. ഈ പരിമിതയെ മറികടക്കാനാണ് അറബി മലയാളം എന്ന എഴുത്തുഭാഷ രൂപകല്‍പന ചെയ്തത്. ഭാഷാശാസ്ത്രപരമായി ഒട്ടേറെ പരിമിതികള്‍ അതിനുണ്ടായിരുന്നു. തുടക്കത്തില്‍ ചില മലയാള ശബ്ദങ്ങളെ കുറിക്കാന്‍ ആ ലിപിവിന്യാസത്തില്‍ അക്ഷരങ്ങളുണ്ടായിരുന്നില്ല.
ഒരു ഭാഷയുടെ ഘടനാ ഭദ്രതയോ പദസമ്പത്തോ ഇല്ലാതിരുന്നതുകൊണ്ട് അറബി മലയാളത്തിലെ വൈജ്ഞാനിക രചനകള്‍ക്ക് നിരവധി പരിമിതികളുണ്ടായിരുന്നു. അത് അക്കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാര്‍ക്കും അറിയാമായിരുന്നു. അതിനാല്‍, അവരുടെ വൈജ്ഞാനിക കൃതികളധികവും എഴുതപ്പെട്ടത് അറബി ഭാഷയിലായിരുന്നു. കുട്ടികളെ ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങളും അനുഷ്ഠാനങ്ങളും അഭ്യസിപ്പിക്കുക, സാധാരണക്കാരുടെ മനഃസംസ്‌കരണത്തിനുതകുന്ന ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ, തീര്‍ത്തും സാധാരണമായ ലക്ഷ്യങ്ങളേ പൊതുവെ അറബിമലയാളത്തിലുള്ള രചനകള്‍ക്കുണ്ടായിരുന്നുള്ളൂ. അറബിമലയാളത്തില്‍ എഴുതപ്പെട്ട ഒരു മൗലിക ഇസ്‌ലാമിക കൃതി കണ്ടെത്താന്‍ നാം വിഷമിക്കുന്നത് അതുകൊണ്ടാണ്.
മുന്‍കാലങ്ങളില്‍ കേരളീയ പണ്ഡിതന്മാര്‍ പൊതുവെ അറബിയിലാണ് വൈജ്ഞാനിക രചനകള്‍ നടത്തിയിരുന്നത് എന്ന് സൂചിപ്പിച്ചു. ഉള്ളടക്കത്തിലും ഭാഷയിലും ആ കൃതികള്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. മിക്കവാറും ഫിഖ്ഹീ വിഷയങ്ങളായിരിക്കും അത്തരം കൃതികളുടെ ഉള്ളടക്കം. ഫിഖ്ഹിന്റേതായ വളരെ ക്ലിഷ്ടമായ ഭാഷാ ശൈലിയായിരിക്കും അവയുടേത്. കേരളത്തിനു പുറത്ത് അവക്ക് പ്രചാരം കിട്ടാതെ പോയതിന്റെ ഒരു കാരണം അതാണ്.
കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ കേരളം, പ്രത്യേകിച്ച് മലബാര്‍ കടന്നുപോന്ന രാഷ്ട്രീയ, സാമൂഹിക സംഘര്‍ഷങ്ങളാണ് വൈജ്ഞാനിക സാഹിത്യത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം. പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് അധിനിവേശകര്‍ പ്രത്യേകം നോട്ടമിട്ട ജനവിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍. ഒട്ടുവളരെ വൈദേശിക കടന്നാക്രമണങ്ങളെയും കൈയേറ്റങ്ങളെയും അവര്‍ക്ക് ചെറുക്കേണ്ടിവന്നു. കേരളത്തില്‍ പ്രസ്താവ്യമായ മുസ്‌ലിം രാജവംശങ്ങളോ മറ്റ് അധികാര രൂപങ്ങളോ ഇല്ലാതിരുന്നതിനാല്‍ നിസ്സഹായരായ മുസ്‌ലിം ജന സാമാന്യത്തെ സംരക്ഷിക്കേണ്ട ചുമതലയും പണ്ഡിതന്മാരില്‍ വന്നുചേര്‍ന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലും അറബി ഭാഷയിലും അസൂയാവഹമായ അവഗാഹമുണ്ടായിരുന്ന നിരവധി പണ്ഡിതന്മാരെ കേരളം അക്കാലങ്ങളില്‍ സംഭാവന ചെയ്തുവെങ്കിലും അവരില്‍നിന്ന് ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തിന് കാര്യമായൊന്നും ലഭിക്കാതെപോയതിന്റെ കാരണം തുടര്‍ച്ചയായ ഈ രാഷ്ട്രീയ - സാമൂഹിക സംഘര്‍ഷങ്ങളാണെന്ന് തോന്നുന്നു. ഒരുതരം സമര സാഹിത്യമാണ് പണ്ഡിതന്മാരില്‍നിന്നു വരെ ഉണ്ടായത്. പിന്നെയുള്ളത്, സാധാരണക്കാരെ ഇസ്‌ലാം പഠിപ്പിക്കുന്ന പുസ്തകങ്ങളും; ഒക്കെ ചെറിയ ചെറിയ കൃതികള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാതി വരെ ബൃഹദ് ഇസ്‌ലാമിക കൃതികള്‍ എന്ന് വിശേഷിപ്പിക്കാവുന്നവ വളരെ അപൂര്‍വം.
ഈ അര്‍ഥത്തില്‍ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തിന് ഒരു നൂറ്റാണ്ടിലധികം പ്രായമില്ല. ആ വൈജ്ഞാനിക ശാഖയെ സ്വാധീനിച്ച ചിന്താധാരകള്‍ മുഖ്യമായും മൂന്നെണ്ണമാണ് എന്ന് കാണാന്‍ കഴിയും. ഒന്ന്, സ്വൂഫി ധാര. ഇതിനാണ് പഴക്കം കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍, ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാ ഉലൂമിദ്ദീന്‍' എന്ന കൃതിയുടെ സ്വാധീനം. പാരമ്പര്യ പണ്ഡിതന്മാരുടെ രചനകളെയെല്ലാം 'ഇഹ്‌യാ' ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ ബൃഹദ് കൃതിക്ക് ഒന്നിലധികം മലയാള പരിഭാഷകള്‍ ഉണ്ടായതുതന്നെ സ്വാധീനത്തിന്റെ വ്യാപ്തി വ്യക്തമാക്കിത്തരുന്നു. കൃതിയുടെ വ്യത്യസ്ത ഭാഗങ്ങള്‍ പുസ്തകരൂപത്തില്‍ വേറെയും വന്നിട്ടുണ്ട്. സംസ്‌കരണ പ്രധാനമായ അയ്യുഹല്‍ വലദ്, കീമിയാഉ സ്സആദ, മിന്‍ഹാജുല്‍ ആബിദീന്‍ പോലുള്ള കൃതികള്‍ക്കും നിരവധി പരിഭാഷകളുണ്ടായി. അതേസമയം, ഇമാം ഗസ്സാലിയുടെ തത്ത്വചിന്താ വിമര്‍ശനങ്ങളും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ദര്‍ശനങ്ങളും ഉള്ളടങ്ങിയ കൃതികള്‍ക്ക് മലയാളത്തില്‍ പരിഭാഷകള്‍ ഉണ്ടായതുമില്ല. ഗസ്സാലിയന്‍ സ്വാധീനം ആത്മീയ-സംസ്‌കരണ മേഖലകളില്‍ ഒതുങ്ങുന്നു എന്നര്‍ഥം. ആശയവും ചൈതന്യവും ചോര്‍ന്നുപോയ കേവലം അനുഷ്ഠാനപരതക്കെതിരെയുള്ള ആത്മീയ കലാപമായിരുന്നു ഗസ്സാലിയുടെ ഇഹ്‌യാ. സ്വൂഫി എന്നതിനേക്കാളേറെ അതൊരു തിരുത്തല്‍ പ്രസ്ഥാനമായിരുന്നു. യാതൊരു തരത്തിലുള്ള സ്വൂഫി ത്വരീഖത്തുകളെയും അത് പ്രമോട്ട് ചെയ്തിരുന്നില്ല. കേരളീയ മുസ്‌ലിം ജീവിതത്തില്‍ ത്വരീഖത്തുകള്‍ വേരുപിടിക്കാതെ പോയതിന്റെ കാരണവും ഒരുപക്ഷേ അതാവാം. സ്വൂഫി കൃതികളും കഥകളും ധാരാളമായി പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. സ്വൂഫിസത്തെക്കുറിച്ച് പഠനങ്ങളും പുറത്തുവന്നു. അബ്ദുല്‍ ഹഖ് അന്‍സാരി രചിച്ച 'സ്വൂഫിസവും ശരീഅത്തും' (വിവ: റഹ്മാന്‍ മുന്നൂര്) എന്ന കൃതിയാണ് ഇതില്‍ മികച്ചുനില്‍ക്കുന്നത്.
ആത്മസംസ്‌കരണ പ്രധാനമായ ഒട്ടേറെ വിവര്‍ത്തന കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് മലയാളത്തില്‍. ആ വിഷയത്തില്‍ മൗലിക സംഭാവനകള്‍ നല്‍കിയ പണ്ഡിതന്മാരിലൊരാള്‍ കെ.സി അബ്ദുല്ല മൗലവിയാണ്. അദ്ദേഹത്തിന്റെ 'പരലോകം ഖുര്‍ആനില്‍' എന്ന കൃതി 1976-ലാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ 26-ാം പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു. പരലോകത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏതൊരു വായനക്കാരനെയും പിടിച്ചുലക്കുന്ന ഇത്തരമൊരു അവതരണം മറ്റു ഭാഷകളിലും കുറവായിരിക്കും. ഇത്രയധികം വിറ്റഴിഞ്ഞ പുസ്തകങ്ങളും മലയാളത്തില്‍ അധികമുണ്ടാവില്ല. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ 'ആത്മസംസ്‌കരണ'മാണ് ഈ ശാഖയിലെ ശ്രദ്ധേയമായ മറ്റൊരു കൃതി.
ഇമാം ഗസ്സാലിയെപ്പോലെ കേരളീയ ഇസ്‌ലാമിക ചിന്താധാരയെ സ്വാധീനിച്ച പണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ്. നജ്ദില്‍ ജനിച്ചുവളരുകയും രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവരെ നേതൃത്വം നല്‍കുകയും ചെയ്ത ഈ പണ്ഡിതനെതിരെ പരമ്പരാഗത മതവൃത്തങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പും ശകാരവുമുണ്ടായി. കലര്‍പ്പറ്റ തൗഹീദിന്റെ ശക്തനായ വക്താവായിരുന്നു ഇബ്‌നു അബ്ദില്‍ വഹാബ്. കേരളീയ മുസ്‌ലിംകളില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ രംഗത്തുവന്ന ഇസ്‌ലാഹി പണ്ഡിതന്മാരുടെ കൈയിലെ പ്രധാന ആയുധം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ചിന്തകളായിരുന്നു. മുഹമ്മദ് അബ്ദു, റശീദ് രിദാ പോലുള്ള പണ്ഡിതന്മാരുടെ രചനകളിലൂടെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൂടെയുമാണ് ആ ചിന്താധാരകള്‍ കേരളീയ മതമണ്ഡലങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ കൃതികളും അദ്ദേഹത്തെക്കുറിച്ചുള്ള കൃതികളും മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും അവലംബമാക്കി അദ്ദേഹം അവതരിപ്പിച്ച തൗഹീദിയന്‍ ദര്‍ശനം അതിന്റെ പൂര്‍ണതയോടെ പ്രതിഫലിക്കുന്ന കൃതിയാണ്. പി. അബ്ദുല്‍ ഖാദിര്‍ 1944-ല്‍ പ്രസിദ്ധീകരിച്ച 'അത്തൗഹീദ്.' അദ്ദേഹം എഴുതിയ 'സിയാറത്തുല്‍ ഖുബൂര്‍' എന്ന കൃതിയിലെ തൗഹീദ് എന്ന ഭാഗം ഖുര്‍ആന്‍ സൂക്തങ്ങളുടെ ടെക്സ്റ്റും മറ്റു വിശദാംശങ്ങളും ചേര്‍ത്ത് വിപുലപ്പെടുത്തിയതാണ് ഈ കൃതി (പ്രസാ: സി.എം പ്രസ്, എടവ, ട്രാവന്‍കൂര്‍). കടുത്ത എതിര്‍പ്പാണ് മതവൃത്തങ്ങളില്‍നിന്ന് അതിനുനേരെ ഉണ്ടായതെന്ന് അതിന്റെ ആമുഖത്തില്‍ വായിക്കാം.
''അത്തൗഹീദിലെ വിഷയം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ വിശ്വാസങ്ങള്‍ക്ക് വിപരീതമാണെന്നുള്ള ധാരണ സത്യവിരുദ്ധമായിരുന്നു. എങ്ങനെയെന്നാല്‍, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നതിന്റെ ശരിയായ വിവക്ഷ നബിയുടെ സ്വഹാബികളാകുന്ന സംഘവും, അല്ലാഹുവിന്റെ ഗ്രന്ഥത്തിലെയും നബിയുടെ സുന്നത്തിലെയും സ്പഷ്ടങ്ങളായുള്ളവയെ അനുഗമിക്കുന്നതില്‍ സ്വഹാബാക്കളെ അനുഗമിച്ചിട്ടുള്ളവരും, ഹദീസിന്റെയും ഫിഖ്ഹിന്റെയും ഇമാമുകളും അവലംബിച്ച രാജപാതയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അനുകരണീയ പാത. എന്നാല്‍, മനുഷ്യ ശക്തിക്കതീതമായിട്ടുള്ള കാര്യങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് സഹായം അര്‍ഥിക്കല്‍ പ്രസ്തുത മഹാത്മാക്കള്‍ അനുഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, ഇങ്ങനെ ഒരു സമ്പ്രദായം അവരുടെ സുവര്‍ണകാലത്ത് പ്രചാരപ്പെട്ടതുമില്ല. പരമാര്‍ഥം ഇങ്ങനെയായിരിക്കെ ഈ ദുരാചാരം സമുദായത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യേണ്ടതാണെന്ന് പറയുന്നത് അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിന് വിപരീതമായി വരുന്നത് എങ്ങനെ'' (പേജ് 3,4).
വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം, ഇസ്‌ലാമിന്റെ സന്ദേശം, ദൗഉസ്സബാഹ്), ഇ.കെ മൗലവി (ഇസ്‌ലാം മതവിശ്വാസങ്ങള്‍, അല്‍ ഇസ്‌ലാം), കെ.എം മൗലവി, കെ.പി മുഹമ്മദ് മൗലവി, എ. അബ്ദുസ്സലാം സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തുടങ്ങി പഴയ തലമുറയിലും പുതിയ തലമുറയിലുംപെട്ട ഒട്ടേറെ പണ്ഡിതന്മാര്‍ തൗഹീദ്, ശിര്‍ക്ക്, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
കേരളീയ വൈജ്ഞാനിക മണ്ഡലത്തെ സ്വാധീനിച്ച മൂന്നാം ധാര മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, ശഹീദ് സയ്യിദ് ഖുത്വ്ബ് തുടങ്ങിയവരുടെ ചിന്തകളാണ്. ഇസ്‌ലാം മതം, ഖുത്വ്ബാത്ത്, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ തുടങ്ങിയ മൗദൂദിയുടെ ഒട്ടുമിക്ക ഉര്‍ദു കൃതികളും മലയാളത്തില്‍ പ്രസിദ്ധീകൃതമായതോടെ നിലവിലുള്ള വൈജ്ഞാനിക സാഹിത്യത്തിന്റെ ഊന്നലുകളിലും മുന്‍ഗണനകളിലും സമൂലമായ മാറ്റങ്ങള്‍ വന്നു. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി, നഈം സിദ്ദീഖി തുടങ്ങിയവരുടെ രചനകളും ആ ധാരക്ക് ശക്തിപകര്‍ന്നു. സമാന്തരമായി ശഹീദ് സയ്യിദ് ഖുത്വ്ബ്, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, സയ്യിദ് സാബിഖ്, ഡോ. മുസ്ത്വഫസ്സിബാഈ തുടങ്ങിയവരുടെ പ്രകൃഷ്ടരചനകളും അറബിയില്‍ നിന്ന് മലയാളത്തിലെത്തി. ഇവയെ പൊതുവെ ഇസ്‌ലാമിസ്റ്റ് ധാര എന്ന് വിളിക്കാം.
സൂഫി, ഇസ്‌ലാഹി, ഇസ്‌ലാമിസ്റ്റ് എന്നീ മൂന്ന് മുഖ്യധാരകളും വേറിട്ടു നില്‍ക്കുകയല്ല ചെയ്തത്. അവ പ്രതിപ്രവര്‍ത്തിക്കുകയും ഗണ്യമായ തോതില്‍ പരസ്പരം സ്വാധീനിക്കുകയും ചെയ്തു. ഈ ധാരകളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കിടയില്‍ ഇപ്പോഴും വിഭാഗീയത ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വൈജ്ഞാനിക സാഹിത്യത്തില്‍ അത്തരം വേര്‍തിരിവുകള്‍ നന്നെ കുറഞ്ഞുവന്നിട്ടുണ്ട്. തസ്വവ്വുഫിന്റെ സ്വാധീനം ഇസ്‌ലാമിസ്റ്റ് കൃതികളില്‍ മാത്രമല്ല, സലഫി കൃതികളിലും ഇന്ന് പ്രകടമാണ്. ഇസ്‌ലാമിനെ ദര്‍ശനമായും ജീവിതവ്യവസ്ഥയായും പരിചയപ്പെടുത്തുന്ന കൃതികളാണ് ഇന്ന് എല്ലാ ധാരകളും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ധാരകളില്‍പെട്ട സംഘടനകള്‍ തങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തിന് ഈ ക്രിയാത്മക മാറ്റം വളരെ പ്രതീക്ഷാജനകമാണെന്ന് പറയാതെ വയ്യ.
വിവിധ ഇസ്‌ലാമിക ധാരകളുടെ സങ്കലനത്തിലൂടെ രൂപപ്പെട്ട മലയാളത്തിലെ മൂന്ന് മൗലിക സംരംഭങ്ങളെ മാതൃകയായി പരിചയപ്പെടുത്തുകയാണ്. അതില്‍ ഒന്നാമത്തേതാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ (ആദ്യ പ്രസാധനം, 1983 ഇസ്‌ലാമിക ദര്‍ശനം). ഒരു സംഘം ലേഖകന്മാരാണ് ഇത് തയാറാക്കിയിരിക്കുന്നത്. പ്രഫ. സയ്യിദ് മൊഹിദീന്‍ ഷാ, പ്രഫ. വി. മുഹമ്മദ്, ടി.പി കുട്ടിയമ്മു, സി.പി അബൂബക്കര്‍ മൗലവി, മൗലവി മുഹമ്മദ് കുട്ടശ്ശേരി, മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി, പ്രഫ. കമാല്‍ പാഷ, കെ.എ സിദ്ദീഖ് ഹസന്‍, പ്രഫ. എ.പി അബ്ദുര്‍റഹ്മാന്‍, ടി. അബ്ദുല്ല, വി.എ കബീര്‍, അബ്ദുല്ല ഹസന്‍ തുടങ്ങിയ ഒട്ടുവളരെ പണ്ഡിതന്മാരും ഗവേഷകരും ഇതില്‍ ഒന്നിക്കുന്നു. വിശ്വാസം, അനുഷ്ഠാനങ്ങള്‍, തത്ത്വചിന്ത, ചരിത്രം, പരിഷ്‌കരണ സംരംഭങ്ങള്‍ തുടങ്ങി ഇസ്‌ലാമിക ദര്‍ശനത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒറ്റ വാള്യത്തിലുള്ള മലയാളത്തിലെ ആദ്യത്തെ മൗലിക കൃതി എന്ന് അതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.
''മനുഷ്യന്റെ ആത്മീയോല്‍ക്കര്‍ഷത്തെ ലാക്കാക്കി ലൗകിക മോഹങ്ങള്‍ വെടിഞ്ഞ് ധ്യാനത്തിലും പ്രാര്‍ഥനകളിലും വ്രതങ്ങളിലും മാത്രം മുഴുകി വിരക്തി വരിക്കാന്‍ ഉപദേശിക്കുന്ന ഒരാധ്യാത്മ ചിന്താപ്രസ്ഥാനമല്ല ഇസ്‌ലാം. അത് മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നു. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാ ജീവിത ലക്ഷ്യങ്ങള്‍ക്കും വേണ്ട കാഴ്ചപ്പാട് നല്‍കുന്നു'' (പേജ് 18). ഈ കാഴ്ചപ്പാടനുസരിച്ചാണ് പുസ്തകം സംവിധാനിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഒടുവില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ശൈഖ് നിസാമുദ്ദീന്‍ ഔലിയ, മുജദ്ദിദ് അല്‍ഫസാനി അഹ്മദ് സര്‍ഹിന്ദി, ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, അല്ലാമാ ഇഖ്ബാല്‍, അബുല്‍ കലാം ആസാദ്, മൗലാനാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി എന്നീ പരിഷ്‌കര്‍ത്താക്കളെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തുന്നു. ഇസ്‌ലാമിലെ വിവിധ ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവര്‍. ഈയൊരു ഉള്‍ക്കൊള്ളല്‍ മനോഭാവം ഇസ്‌ലാമിക ദര്‍ശനത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നു. അതുതന്നെയാണ് അതിന്റെ മേന്മയും.
കോഴിക്കോട് യുവത ബുക്‌സിന്റെ ഇസ്‌ലാം ഗ്രന്ഥപരമ്പരയാണ് ഈ ധാരയിലെ രണ്ടാമത്തെ സംരംഭം. വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, ബുദ്ധിപരവും ശാസ്ത്രീയവുമായ തെളിവുകള്‍, ആധികാരിക ചരിത്രരേഖകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിക വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്യുകയാണ് ഈ ഗ്രന്ഥ പരമ്പരകളില്‍. ഇസ്‌ലാം-വിശ്വാസദര്‍ശനം, കര്‍മാനുഷ്ഠാനങ്ങള്‍, ധര്‍മവും സംസ്‌കാരവും, ചരിത്രവും വികാസവും, പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും എന്നിങ്ങനെ വിഷയാധിഷ്ഠിതമായി അഞ്ച് വാള്യങ്ങളില്‍ ക്രോഡീകരിച്ച വിജ്ഞാനകോശമാണിത് എന്ന് പറയാം. നാല് വാള്യങ്ങളിലും ആയിരത്തിലധികം പേജുകള്‍.
മലയാളത്തില്‍ ഇസ്‌ലാമിക വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ തുടങ്ങിയത് വൈജ്ഞാനിക സാഹിത്യത്തിലെ പുതിയ വഴിത്തിരിവായി കണക്കാക്കാം. ഇതാണ് മൂന്നാമത്തെ മാതൃക. 1993-ല്‍ കലിമ ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇസ്‌ലാം വിജ്ഞാനകോശ'മാണ് ഇതില്‍ ആദ്യത്തേത്. വിഷയങ്ങള്‍ സംക്ഷിപ്തമായി ഒറ്റ വാള്യത്തില്‍ ക്രോഡീകരിച്ചിരിക്കുകയാണ്. പ്രധാന വിഷയങ്ങളെക്കുറിച്ച പ്രാഥമിക വിവരങ്ങളേ അതില്‍ നിന്ന് ലഭിക്കുകയുള്ളൂവെങ്കിലും മലയാളത്തിലെ ആദ്യ വിജ്ഞാനകോശ സംരംഭം എന്ന നിലയിലാണ് അത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുക. കോഴിക്കോട് പൂങ്കാവനം പബ്ലിക്കേഷന്‍സ് ബഹു വാള്യങ്ങളില്‍ ഒരു വിജ്ഞാന കോശ സംരംഭം തുടങ്ങിവെച്ചിരുന്നുവെങ്കിലും അതിന്റെ ഒറ്റ വാള്യം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ (1995).
ഈ രംഗത്ത് വളരെയേറെ മുന്നോട്ടു പോയത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ്. ഐ.പി.എച്ചിന്റെ 'ഇസ്‌ലാമിക വിജ്ഞാനകോശം' ആദ്യ വാള്യം പുറത്തിറങ്ങിയത് 1995-ലാണ്. ഇപ്പോള്‍ പതിനൊന്നാം വാള്യത്തില്‍ എത്തിനില്‍ക്കുന്നു. മലയാളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി ഈ സംരംഭത്തെ കാണുന്നതില്‍ തെറ്റില്ല. ഐ.പി.എച്ച് മലയാളത്തിലെ ഒരു പ്രബല ഇസ്‌ലാമിക ചിന്താധാരയുടെ ഭാഗമാണെങ്കിലും തുടക്കത്തിലേ കേരള മുസ്‌ലിംകളുടെ ഒരു പൊതുസംരംഭമായിട്ടാണ് ഇതിനെ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. എല്ലാ ധാരയിലുംപെട്ട എഴുത്തുകാരും പണ്ഡിതന്മാരും ഇതില്‍ അണിനിരക്കുന്നു. കേരളീയ ഇസ്‌ലാമിക പൈതൃകത്തിന് സവിശേഷ ഊന്നല്‍ കൊടുക്കുന്നതുകൊണ്ട് കേരള മുസ്‌ലിംകളുടെ ഏറ്റവും ബൃഹത്തായ ചരിത്രരേഖയായും ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ടുപോകുമായിരുന്ന ഒട്ടേറെ രേഖകള്‍ കണ്ടെത്താനും രേഖപ്പെടുത്തിവെക്കാനും ഈ സംരംഭം വഴി കഴിഞ്ഞു. അതേസമയം, ഇസ്‌ലാമിക ദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ബൃഹത്തായ ജ്ഞാനശേഖരമായി അത് മാറുകയും ചെയ്തു. അറിഞ്ഞിടത്തോളം ഇതിന് സമാനമായി മറ്റു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ഇംഗ്ലീഷിലെയും ഉര്‍ദുവിലെയും എന്‍സൈക്ലോപീഡിയകള്‍ മാത്രമാണ്. ഇംഗ്ലീഷിലെ ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയ ഏറക്കുറെ പൂര്‍ണമായും ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുടെ രചനകളാണ്. ഓറിയന്റലിസ്റ്റ് വാര്‍പ്പ് മാതൃകകളും മുന്‍വിധികളും അതില്‍ സുലഭം. ഉര്‍ദുവിലേതാകട്ടെ ചുരുക്കം ശീര്‍ഷകങ്ങള്‍ ഒഴിച്ചാല്‍ ഇംഗ്ലീഷിലെ ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയയുടെ നേര്‍ പരിഭാഷയും. ഈയൊരു പശ്ചാത്തലത്തിലാണ് ഇതിന് സമാനമായ ഒരു സംരംഭം മറ്റേതെങ്കിലും ഭാഷയിലുണ്ടോ എന്ന ചോദ്യമുയരുന്നത്. ഇസ്‌ലാമിക വിജ്ഞാനകോശ ചരിത്രത്തിലെ പയനിയര്‍ വര്‍ക്ക് ആയി ഇതിനെ കാണാമെന്ന് തോന്നുന്നു.
മൂന്ന് മുഖ്യധാരകളില്‍ പെടാത്ത പണ്ഡിതന്മാരും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പ്രമുഖനാണ് സി.എന്‍ അഹ്മദ് മൗലവി (1905-1993). തെളി മലയാളത്തില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആന്റെയും പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയുടെയും പരിഭാഷ പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. 'ഇസ്‌ലാമിലെ ധനവിതരണ പദ്ധതി' ആ വിഷയത്തില്‍ വന്നിട്ടുള്ള മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥമാണ്.
ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തില്‍ പല രീതിയില്‍ സ്വാധീനംചെലുത്തിയ ഏതാനും മേഖലകളെ വിഷയക്രമത്തില്‍ പരിശോധിക്കുകയാണ് ഇനി.
ഇസ്‌ലാമിന്റെ സമഗ്രത, സമ്പൂര്‍ണത
ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെ വിപ്ലവകരമായി തിരുത്തിയ കൃതികളാണ് മൗലാനാ മൗദൂദിയുടെ ഇസ്‌ലാം മതം, ഖുത്വ്ബാത്ത്, രക്ഷാസരണി, സത്യസാക്ഷ്യം, ഇസ്‌ലാമും ജാഹിലിയ്യത്തും, ബുദ്ധിയുടെ വിധി എന്നിവ. എടയൂരിലെ വി.പി മുഹമ്മദലി എന്ന ഹാജി സാഹിബാണ് ഈ കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത്. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ വേരുപിടിക്കാന്‍ അവ കാരണമാവുകയും ചെയ്തു. ഇസ്‌ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതവ്യവസ്ഥയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതികളുടെ പ്രത്യേകത. ഈ വശത്തിന് ഊന്നല്‍ നല്കിക്കൊണ്ടാണ് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന തന്റെ ഖുര്‍ആന്‍ വ്യാഖ്യാനകൃതി പ്രസിദ്ധീകരിക്കുന്നത്. അതിന്റെ പരിഭാഷയും പില്‍ക്കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
ഇസ്‌ലാം മുഴുജീവിതത്തെയും ഉള്‍ക്കൊള്ളുന്നു എന്ന ആശയം തന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പത്രത്തിലൂടെ മൗലാനാ മൗദൂദി നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അറബ് ലോകത്തെ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയവരുടെ പത്ര പ്രസിദ്ധീകരണങ്ങളും രചനകളും ഈ ആശയം ഉയര്‍ത്തിപ്പിടിക്കുന്നവ തന്നെയായിരുന്നു. അവ മുടങ്ങാതെ വായിച്ചിരുന്ന കേരളത്തിലെ ഇസ്‌ലാഹി പരിഷ്‌കര്‍ത്താക്കളെയും ആ ആശയം സ്വാധീനിച്ചു. ''മതമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിപരമായ ജീവിതത്തെ മാത്രം ബാധിക്കുന്നതും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുറകളില്‍ പ്രവേശനമില്ലാത്തതുമായ ഒരു സ്വകാര്യ പദ്ധതിയാണെങ്കില്‍ ആ അര്‍ഥത്തില്‍ ഇസ്‌ലാം ഒരു മതമല്ലെന്ന് തീര്‍ത്ത് പറയാം. ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ ചില വശങ്ങള്‍ മതത്തിനും മറ്റു ചിലത് ദേഹേഛകള്‍ക്കും ഇനിയും വേറെ പലതും രാഷ്ട്രീയത്തിനുമായി വിട്ടുകൊടുക്കുന്നില്ല. ഇസ്‌ലാം താത്ത്വികമായി ജീവിതത്തോടുള്ള ഒരു ഭാവമാണ്. സാമ്പത്തികം, സാംസ്‌കാരികം, സാംസര്‍ഗികം, രാഷ്ട്രീയം, സാമൂഹികവ്യവസ്ഥ, സാഹിത്യകല, ധാര്‍മിക മുറകള്‍ എന്നുവേണ്ട മനുഷ്യ ജീവിതത്തിലെ സകല തുറകളെയും ഒന്നുപോലെ ആവശ്യപ്പെടുന്നുണ്ട്'' (അല്‍മനാര്‍ പുസ്തകം 12, വാള്യം 12, പേജ് 371).
''ഇസ്‌ലാം ഏത് ദിവസം ദീന്‍ (മതം) ആയോ അന്നുതന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൗഹീദ് നംറൂദ്-ഫിര്‍ഔന്‍-ഖൈസര്‍-കിസ്‌റാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കുന്നതിനുള്ള സന്ദേശവും'' (അല്‍ മുര്‍ശിദ്, ജില്‍ദ് 3, ലക്കം 11, പേജ് 405).
പക്ഷേ, പ്രയോഗതലത്തില്‍ ഈ ആശയവുമായി ഏറെയൊന്നും മുന്നോട്ടുപോകാന്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന് സാധിച്ചില്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയോ മുസ്‌ലിം ലീഗിന്റെയോ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം ഇസ്‌ലാമിന് അതിന്റേതായ രാഷ്ട്രീയമുണ്ട് എന്ന് ഊന്നിപ്പറയാന്‍ കഴിഞ്ഞതുമില്ല. ഈയൊരു പശ്ചാത്തലത്തിലാണ് മൗലാനാ മൗദൂദിയുടെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമാവുന്നത്. നിലവിലുള്ള ഇസ്‌ലാമിക കൃതികളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാം മതം എന്ന കൃതിയുടെ ആമുഖത്തില്‍ അതിന്റെ വിവര്‍ത്തകനായ വി.പി. മുഹമ്മദലി ഹാജി എഴുതി: ''ഇസ്‌ലാമിന്റെ പൂര്‍വിക മാഹാത്മ്യങ്ങളെയും മഹല്‍ കൃത്യങ്ങളെയും പാടിപ്പുകഴ്ത്തി അതിന്റെ സ്മാരകം നിലനിര്‍ത്തിപ്പോരുക, ഇസ്‌ലാമിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് അടിസ്ഥാനത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി അതിനായി വാദിക്കുക, തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ ലോകത്ത് പ്രചരിച്ചുകഴിഞ്ഞിട്ടുള്ള ഏതാദര്‍ശ സിദ്ധാന്തവും ഇസ്‌ലാമിന്റേതാണെന്ന് തെളിയിക്കാന്‍ പാടുപെടുക, കേവലം നിസ്സാര സംഗതികളെ അടിസ്ഥാനമാക്കി മുസ്‌ലിംകളില്‍ ആഭ്യന്തര കലഹങ്ങളും കുഴപ്പങ്ങളുമുണ്ടാക്കാന്‍ പ്രേരണ നല്‍കുക, ഇന്ത്യക്കകത്തും പുറത്തും ഭരണാധിപന്മാരായി വാണിരുന്ന അക്രമികളും ധൂര്‍ത്തരും ദുര്‍മാര്‍ഗികളുമായ 'മുസ്‌ലിം രാജാക്കന്മാര്‍'ക്ക് വേണ്ടി വാദിക്കുക, വര്‍ഗീയ പക്ഷപാതിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സമുദായങ്ങള്‍ക്കെതിരില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുക തുടങ്ങിയ സേവനങ്ങളാണ് നിലവിലുള്ള കൃതികളില്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്നതെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഒരാധുനിക വിദ്യാര്‍ഥിയുടെ ഹൃദയത്തില്‍ ഉദ്ഭവിക്കുന്ന, ഇസ്‌ലാം എന്നാല്‍ എന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് തക്ക ഉത്തരം നല്‍കാന്‍ അവ മുതിര്‍ന്നുകാണുന്നില്ല'' (ഇസ്‌ലാം മതം, അബുല്‍ അഅ്‌ലാ മൗദൂദി, വിവര്‍ത്തക കുറിപ്പ്, എഡിഷന്‍ 2006).
ഇസ്‌ലാമിനെക്കുറിച്ച വികല ധാരണകള്‍ തിരുത്തുന്നവയാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിന്റെ ആദ്യ ദശകങ്ങളില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ മിക്ക കൃതികളും എന്നു കാണാന്‍ കഴിയും. 'ഇസ്‌ലാം ഒറ്റനോട്ടത്തില്‍' എന്ന കൃതിയില്‍ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി എഴുതുന്നു: ''മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ് മതമെന്ന സങ്കല്‍പത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. എങ്കില്‍, അതിന്റെ അധ്യാപനങ്ങള്‍ കേവലം വ്യക്തിജീവിതത്തില്‍ പരിമിതമാവേണ്ടതായിരുന്നു. ഏതാനും പള്ളിക്കാര്യങ്ങള്‍ പറയുക, നോമ്പ്-നമസ്‌കാരാദി കര്‍മങ്ങള്‍ കല്‍പിക്കുക, ചില ധാര്‍മികോപദേശങ്ങളും സാമൂഹിക സാംസര്‍ഗിക നിര്‍ദേശങ്ങളും നല്‍കുക, പിന്നെ മൗനം പൂണ്ടിരിക്കുക ഇത്ര മാത്രമേ ചെയ്യുമായിരുന്നുള്ളൂ. പക്ഷേ, യാഥാര്‍ഥ്യം മറിച്ചാണെന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും ഓരോ പേജും സാക്ഷ്യംവഹിക്കുന്നു. പള്ളികളിലും സ്വകാര്യജീവിത തുറകളിലും പരിമിതമല്ല ഇസ്‌ലാം, പ്രത്യുത വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലും രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലും നാഗരിക വേദികളിലും ഭരണ മണ്ഡലങ്ങളിലും എന്നുവേണ്ട ജീവിതത്തിന്റെ നാനാ തുറകളിലും ഇസ്‌ലാമിന് നിയമങ്ങളും നിരോധങ്ങളും ഉണ്ട്. ഇതിലേതെങ്കിലുമൊന്നിനെ പറ്റി അത് ദീനില്‍ കൂടുതലാണെന്ന് പറയാവതല്ല'' (ഇസ്‌ലാം ഒറ്റനോട്ടത്തില്‍, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, വിവ: മുഹമ്മദ് അബുല്‍ ജലാല്‍. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, പേജ് 10-109. ആദ്യ എഡിഷന്‍ 1968).
ഇത്തരം പുസ്തകങ്ങളുടെ പ്രസിദ്ധീകരണം ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി. ഒരു വശത്ത് നദ്‌വത്തുല്‍ മുജാഹിദീനിന്റെയും മറുവശത്ത് ജമാഅത്തെ ഇസ്‌ലാമിയുടെയും പണ്ഡിതന്മാര്‍ അണിനിരന്നു. ഈ സന്ദര്‍ഭത്തിലാണ് മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ കി ചാര്‍ ബുന്‍യാദി ഇസ്തിലാഹേന്‍ എന്ന കൃതിയുടെ പരിഭാഷയായ 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' പുറത്തിറങ്ങുന്നത്. പുസ്തകത്തിലെ ആശയങ്ങള്‍ അത് മലയാളത്തില്‍ പുസ്തക രൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ കേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിലെ നാല് അടിസ്ഥാന സാങ്കേതിക ശബ്ദങ്ങള്‍ക്ക് പരമ്പരാഗതമായി നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ടെന്നും, വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളത്രയും ഈ നാല് അടിസ്ഥാന വിഭാവനകളില്‍ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നതെന്നുമാണ് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത്. ''അല്ലാഹു മാത്രമാണ് ഏകനായ റബ്ബും ഇലാഹും. അവനല്ലാതെ ഇലാഹില്ല, റബ്ബുമില്ല. ഉലൂഹിയ്യത്തിലോ റുബൂബിയ്യത്തിലോ അവന് പങ്കുകാരാരുമില്ല. അതിനാല്‍, നിങ്ങള്‍ അവനെ മാത്രം തങ്ങളുടെ റബ്ബും ഇലാഹുമായി അംഗീകരിക്കുക; അവനൊഴിച്ചുള്ള മറ്റെല്ലാവരുടെയും ഉലൂഹിയ്യത്തിനെയും റുബൂബിയ്യത്തിനെയും തള്ളിക്കളയുക; അവന് മാത്രം ഇബാദത്ത് ചെയ്യുക; മറ്റൊന്നിനും ഇബാദത്ത് ചെയ്യാതിരിക്കുക. അവന്റെ ദീനിനെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ ദീനുകളെയും കൈയൊഴിക്കുകയും ചെയ്യുക.'' ആമുഖത്തിലെ ആദ്യ ഖണ്ഡികയില്‍ പുസ്തകത്തിന്റെ സാരാംശം ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. ഖുര്‍ആനില്‍ നിന്ന് നിര്‍ലോഭം സൂക്തങ്ങള്‍ ഉദ്ധരിച്ചാണ് ഓരോ സാങ്കേതിക സംജ്ഞയും വിശദീകരിക്കുന്നത്. ''ആകാശ ഭൂമികളില്‍ എല്ലാ അധികാരങ്ങളുടെയും ആധിപത്യങ്ങളുടെയും ഉടമ ഒരേ അസ്തിത്വമാകുന്നു. സൃഷ്ടി അവന്റേത് മാത്രമാണ്. അനുഗ്രഹം അവന്റേത് മാത്രമാണ്. ശാസന അവന്റേത് മാത്രമാണ്. ശക്തിയും ബലവും പൂര്‍ണമായും അവന്റെ ഹസ്തത്തിലാണ്... അവന്റെ ഭരണാധികാരത്തില്‍ ആര്‍ക്കും ഒരണുമണിത്തൂക്കവും പങ്കില്ല. അതിനാല്‍, അവനല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ഇലാഹില്ല തന്നെ'' (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, പേജ് 25). റബ്ബിനെ ഇങ്ങനെ വിശദീകരിക്കുന്നു: ''പരമാധികാരത്തിന്റെ ഉടമ എന്ന നിലയില്‍ നിങ്ങളുടെ പ്രകൃത്യതീതനായ റബ്ബും സദാചാര-നാഗരിക-രാഷ്ട്രീയ രംഗങ്ങളിലെ റബ്ബും അതേ ഏകനായ ദൈവമാകുന്നു. നിങ്ങളുടെ ആരാധ്യനും അവന്‍ തന്നെ. നിങ്ങള്‍ കുമ്പിടേണ്ടതും നമിക്കേണ്ടതും അവനാണ്. നിങ്ങളുടെ പ്രാര്‍ഥനകളുടെ അവലംബവും അവന്‍ തന്നെ. നിങ്ങളുടെ ആശ്രയവും അഭയകേന്ദ്രവും അവന്‍ മാത്രമാണ്'' (അതേ പുസ്തകം, പേജ് 71).
''പ്രപഞ്ചത്തിന്റെ ഈ സമ്പൂര്‍ണ കേന്ദ്രവ്യവസ്ഥയില്‍ അത്യുന്നതാധികാരം ആരുടെ കൈയിലാണോ അവനെക്കൂടാതുള്ള യാതൊരു അസ്തിത്വത്തോടും റുബൂബിയ്യത്തിന്റെ യാതൊരു ചുമതലയും അല്‍പം പോലും ബന്ധപ്പെടാന്‍ യാതൊരു സാധ്യതയുമില്ല... റുബൂബിയ്യത്തിന്റെ ഏതെങ്കിലുമൊരു അംശം ഒരര്‍ഥത്തിലും അല്ലാഹു അല്ലാത്ത ആരോടെങ്കിലും ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ യാഥാര്‍ഥ്യത്തോട് പടവെട്ടുകയും സത്യത്തില്‍ നിന്ന് മുഖം തിരിക്കുകയും സത്യത്തിനെതിരെ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്'' (അതേ പുസ്തകം പേജ് 77). ഖുര്‍ആനിക സൂക്തങ്ങളുടെയും അറബിഭാഷാ പ്രയോഗങ്ങളുടെയും വെളിച്ചത്തില്‍ ഇബാദത്തിനെ വിശദീകരിച്ച ശേഷം എത്തുന്ന നിഗമനം ഇതാണ്: ''ഇബാദത്ത് എന്ന പദത്തിന് കേവലം ആരാധനകള്‍ എന്നോ അല്ലെങ്കില്‍ അടിമത്തവും അനുസരണവും എന്നോ മാത്രം അര്‍ഥം കല്‍പിക്കുന്നതിന് യാതൊരു ന്യായവുമില്ല.... അടിമത്തം, അനുസരണം, ആരാധന എന്നിവ മൂന്നും അല്ലാഹുവിനായിരിക്കണമെന്നാണ് ഖുര്‍ആന്റെ സന്ദേശം. അതിനാല്‍, ഇബാദത്തിനെ ഏതെങ്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഖുര്‍ആനിക പ്രബോധനത്തെ പരിമിതപ്പെടുത്തലായിത്തീരും'' (അതേ പുസ്തകം പേജ് 93).
ഇബാദത്ത്, റബ്ബ്, ദീന്‍, ഇലാഹ്, ത്വാഗൂത്ത്, ഇത്വാഅത്ത്, ശിര്‍ക്ക്, കുഫ്‌റ് തുടങ്ങിയ ഖുര്‍ആനിക സംജ്ഞകളെക്കുറിച്ച മൗലാനൗ മൗദൂദിയുടെ വിശകലനങ്ങള്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കോളിളക്കമുണ്ടാക്കിയിരിക്കുക കേരളത്തിലായിരിക്കും. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഇതര ഭാഗങ്ങളില്‍ അതു സംബന്ധമായ ചര്‍ച്ചകള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഒതുങ്ങിയപ്പോള്‍ കേരളത്തില്‍ പ്രബുദ്ധരായ സാധാരണക്കാരും അതില്‍ പങ്കാളികളായി. കെ.എം മൗലവി, പി.പി ഉണ്ണി മെയ്തീന്‍ കുട്ടി മൗലവി, എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, സി.എ മുഹമ്മദ് മൗലവി, കെ. ഉമര്‍ മൗലവി തുടങ്ങിയ മുജാഹിദ് പണ്ഡിതന്മാര്‍ ഈ വിശകലനങ്ങളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തു. 'ഭരണം പിടിച്ചു പറ്റുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പരമ ലക്ഷ്യം. ഈ ലക്ഷ്യസാധ്യത്തിന് ഏത് മാര്‍ഗവും അവര്‍ അവലംബിക്കും. ഇലാഹ്, ഇബാദത്ത് എന്നീ പദങ്ങളുടെ അര്‍ഥങ്ങള്‍ മാറ്റുക വഴി അവര്‍ ഇസ്‌ലാമിന്റെ അടിത്തറ തന്നെ പൊളിക്കുകയാണ്' (ഉദ്ധരണം: ഇബാദത്ത് ഒരു സമഗ്ര പഠനം- കെ.സി അബ്ദുല്ല മൗലവി, പേജ് 20). ഈ വാദമുഖങ്ങളെല്ലാം ഉള്‍പ്പെടുത്തി മുജാഹിദ് പണ്ഡിതനായ കെ.പി മുഹമ്മദ് മൗലവി 1982-ല്‍ 'ഇബാദത്തും ഇത്വാഅത്തും' എന്ന ഗ്രന്ഥമെഴുതി. ഇബാദത്ത് എന്ന സംജ്ഞക്ക് ജമാഅത്തെ ഇസ്‌ലാമി അനുസരണം എന്ന അര്‍ഥം മാത്രമാണ് പറയുന്നത് എന്നായിരുന്നു അതിലെ മുഖ്യ ആരോപണം. അനുസരണം എന്ന അര്‍ഥത്തിലും പ്രയോഗിക്കാമെന്ന് മൗലാനാ മൗദൂദിയും ജമാഅത്ത് പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ച, ഖുര്‍ആനില്‍ വന്ന ഇബാദത്ത് പരാമര്‍ശങ്ങളെ ആരാധന എന്ന അര്‍ഥത്തില്‍ മാത്രമേ വ്യാഖ്യാനിക്കാന്‍ പറ്റൂ എന്നും ആ കൃതിയില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചിരുന്നു. 1985-ല്‍ ജമാഅത്ത് പക്ഷത്തു നിന്ന് കെ.സി അബ്ദുല്ല മൗലവി 'ഇബാദത്ത് ഒരു സമഗ്ര പഠനം' എന്ന പേരില്‍ ഈ വാദമുഖങ്ങള്‍ക്ക് മറുപടി എഴുതുകയുണ്ടായി. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാനകൃതികളില്‍ നിന്ന് ധാരാളം ഉദ്ധരണികള്‍ ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു ഈ കൃതി. 1988-ല്‍ 'ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം' എന്ന പേരില്‍ മുജാഹിദ് പക്ഷത്ത് നിന്ന് മറ്റൊരു ഗ്രന്ഥവും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
ഈ വൈജ്ഞാനിക ചര്‍ച്ചക്ക് ചൂട് പകരുന്നതായിരുന്നു പ്രമുഖ പണ്ഡിതന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ 'അസ്‌റാറെ ഹാദിര്‍മേം ദീന്‍ കീ തഫ്ഹീം വതശ്‌രീഹ്' എന്ന കൃതിയുടെ മലയാള വിവര്‍ത്തനം. 'അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം' എന്ന പേരില്‍ ഇത് അറബിയിലും പ്രസിദ്ധീകരിച്ചിരുന്നു. 'ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം' എന്ന പേരിലാണ് ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് (ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം- അബുല്‍ ഹസന്‍ അലി നദ്‌വി. വിവ: സുഹൈര്‍ ചുങ്കത്തറ, പ്രസാ: സലഫി എജുക്കേഷണല്‍ അസോസിയേഷന്‍, ഇസ്‌ലാമിയ പ്രസ്, പാലക്കാട് -1982). തികച്ചും രാഷ്ട്രീയ മുഖമുദ്രയുള്ളതാണ് ഖുര്‍ആനിക സംജ്ഞകള്‍ക്ക് നല്‍കിയ പുതിയ വ്യാഖ്യാനമെന്നാണ് അലിമിയാന്‍ ഉന്നയിക്കുന്ന പ്രധാന വാദം. 'ഹുകൂമത്തെ ഇലാഹി', 'ഇഖാമത്തുദ്ദീന്‍' എന്നീ ആശയങ്ങളെല്ലാം ഈ നിര്‍വചനത്തിലധിഷ്ഠിതമാണ്... മനുഷ്യനും സ്രഷ്ടാവായ നാഥനുമായുള്ള ബന്ധം ഒരു പ്രത്യേക ആശയത്തിലും നിര്‍ണിതമായ പരിധികളിലും ഒതുക്കിനിര്‍ത്തുന്നു ആ നിര്‍വചനം. അതനുസരിച്ച്, ഖുര്‍ആന്റെ അവതരണവും ഇസ്‌ലാമിക പ്രസ്ഥാനവുമൊക്കെ ഇസ്‌ലാമിക ഭരണകൂടവും ദൈവിക ഭരണവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമുള്ളതാണ്'' (അതേ പുസ്തകം പേജ് 23).
അതേസമയം, പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് മാന്യമായ ശൈലിയിലും ഭാഷയിലുമായിരുന്നു അലിമിയാന്റെ വിമര്‍ശനങ്ങള്‍. ''സത്യസന്ധമായ ആത്മാര്‍ഥത, സത്യാന്വേഷണ വികാരം, ദീനിനെ എല്ലാ വിധത്തിലുമുള്ള വളച്ചൊടിക്കലില്‍ നിന്നും സംരക്ഷിക്കാനുള്ള ആശ, പാപമുക്തനായ മുഹമ്മദ് നബി(സ)യുടെ ഒഴികെ എല്ലാവരുടെ വാക്കുകളിലും കൊള്ളേണ്ടതും തള്ളേണ്ടതും ഉണ്ടാവുമെന്ന വിശ്വാസം ഇതെല്ലാം ഉള്ള ഒരാളെ (മൗലാനാ മൗദൂദിയെ), ഞാന്‍ അവതരിപ്പിച്ച അഭിപ്രായങ്ങളും അപഗ്രഥനങ്ങളും യാഥാര്‍ഥ്യ വിശദീകരണവും ഒരു തരത്തിലും മുഷിപ്പിക്കുകയില്ല. മറിച്ച്, വിശാല ഹൃദയത്തോടെ, തുറന്ന മനസ്സോടെ തീര്‍ച്ചയായും ഇത് സ്വാഗതം ചെയ്യും'' (അതേപുസ്തകം, പേജ് 178).
ഈ പുസ്തകത്തിന് മൗലാനാ മൗദൂദി മറുപടി എഴുതുകയുണ്ടായില്ല. തന്റെ വീക്ഷണങ്ങളെ പണ്ഡിതന്മാര്‍ വിമര്‍ശിക്കുന്നതും അങ്ങനെയവ ചര്‍ച്ചയാവുന്നതും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ഒട്ടേറെ ഖുര്‍ആനിക സൂക്തങ്ങളുടെ അകമ്പടിയോടെ താന്‍ മുന്നോട്ടുവെച്ച അടിസ്ഥാന ആശയങ്ങളില്‍ ഒന്നുപോലും അലിമിയാന്‍ നിരൂപണ വിധേയമാക്കിയിട്ടില്ല എന്നതും മറുപടി പറയേണ്ടതില്ല എന്ന മാനസിക നിലയിലേക്ക് മൗലാനാ മൗദൂദിയെ എത്തിച്ചിട്ടുണ്ടാവാം. അലിമിയാന്റെ ആ പുസ്തകത്തിന് മറുപടി എഴുതിയത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ പണ്ഡിതരിലൊരാളായിരുന്ന സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരിയാണ് (ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനമോ? സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി. വിവ: വി.കെ അലി, പ്രസാ: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്- 1982). മൗലാനൗ മൗദൂദിയുടെ കൃതിയിലെ മൗലികാശയങ്ങളെ അലിമിയാന്‍ ഖണ്ഡിക്കുന്നില്ല എന്ന് ഉറൂജ് ഖാദിരിയും ചൂണ്ടിക്കാട്ടുന്നു. ''അദ്ദേഹത്തിന്റെ (അലിമിയാന്റെ) പുസ്തകം പാരായണം ചെയ്തപ്പോള്‍ മനസ്സിലായി, മൗലാനാ മൗദൂദി തന്റെ പുസ്തകത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് എത്ര ആയത്തുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ അവയില്‍ ഒന്നിനെക്കുറിച്ച് പോലും മൗലാനാ നദ്‌വി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.''
തീര്‍ച്ചയായും ഈ സംവാദങ്ങള്‍ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തെ വളരെയേറെ ഊര്‍ജസ്വലമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രബോധനം
ഇസ്‌ലാമിക പ്രബോധനം എന്ന പ്രയോഗം പില്‍ക്കാലത്ത് മാത്രമാണ് കേരള മുസ്‌ലിംകളില്‍ പ്രചാരം നേടിയത്. തബ്‌ലീഗ് (സന്ദേശമെത്തിക്കുക), ദഅ്‌വത്ത് (ആശയപ്രചാരണം), ശഹാദത്ത് (സാക്ഷ്യം) എന്നീ സംജ്ഞകളുടെ മുഴുവന്‍ ആശയപരിസരവും ഉള്‍ച്ചേര്‍ന്നതാണ് ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ഥത്തിലുള്ള ഇസ്‌ലാമിക പ്രബോധനം. മുസ്‌ലിം സമുദായത്തിന്റെ പിശകുകളും വീഴ്ചകളും പരിഹരിക്കുക, അതിലേക്ക് കടന്നുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുക എന്നീ പരിമിതമായ അര്‍ഥങ്ങളിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകള്‍ വരെ ഈ സംജ്ഞ വ്യവഹരിക്കപ്പെട്ടിരുന്നത്. മുസ്‌ലിം സമുദായ പരിഷ്‌കരണ (ഇസ്‌ലാഹ്)ത്തിന്റെ പര്യായമായി അത് മനസ്സിലാക്കപ്പെട്ടുവന്നു. മൗലാനാ മൗദൂദിയുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ദഅ്‌വത്തിനെക്കുറിച്ച സങ്കല്‍പത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുന്നത്. ഇസ്‌ലാമിക സന്ദേശം തീരെ എത്തിയിട്ടില്ലാത്തവര്‍ക്കോ അതിനെ തെറ്റായി മനസ്സിലാക്കിയവര്‍ക്കോ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ആശയ പ്രചാരണ സംരംഭമായി അതിന്റെ അര്‍ഥതലങ്ങള്‍ വികസിച്ചു.
1985-ല്‍ കലീം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത തോമസ് ആര്‍നോള്‍ഡിന്റെ ഇസ്‌ലാം: പ്രബോധനവും പ്രചാരവും എന്ന കൃതി (പ്രസാധനം ഐ.പി.എച്ച്) മിഷനറി പ്രവര്‍ത്തനത്തിലൂടെയാണ് ഇസ്‌ലാം പ്രചാരം നേടിയതെന്ന് ചരിത്രപരമായി സമര്‍ഥിക്കുന്നുണ്ട്. ''ഒരു സാധാരണ വിശ്വാസിക്ക് മാതൃകയാണ് പ്രവാചകന്‍. പ്രവാചകന്റെ ജീവിത മാതൃകയില്‍ നിന്ന്, അതനുകരിക്കാന്‍ പരിശ്രമിച്ചവരുടെ പ്രചോദന ചൈതന്യമെന്തായിരുന്നുവെന്നറിയാന്‍ നമുക്ക് കഴിയും. അവര്‍ സ്വീകരിച്ച ഉപായങ്ങളെപ്പറ്റിയും നമുക്ക് മനസ്സിലാക്കാന്‍ പറ്റും. കാരണം, ഇസ്‌ലാമിന്റെ മിഷനറി സ്വഭാവം അതിന്റെ ചരിത്രത്തിലെ ഒരനന്തര ചിന്തയല്ല. ആ മതത്തിന്റെ തുടക്കം തൊട്ടേ ആ സ്വഭാവമുണ്ട്'' (പേജ് 13). ഇസ്‌ലാമിനെക്കുറിച്ച ആദ്യവായനയില്‍ തന്നെ ആ ദര്‍ശനത്തിന്റെ കാതല്‍ ആര്‍നോള്‍ഡ് കണ്ടെത്തുന്നുണ്ട് (ആര്‍നോള്‍ഡ് വളരെ ചെറുപ്പത്തില്‍ എഴുതിയ പുസ്തകമാണിത്. ഒരെഴുത്തുകാരനായി പേരെടുക്കുന്നതിന് വളരെ മുമ്പ്). ''ഇസ്‌ലാമിന്റെ സന്ദേശം അറേബ്യക്ക് മാത്രമുള്ളതല്ല; മുഴുലോകം അത് പങ്കിടേണ്ടതുണ്ട്. ഒരൊറ്റ ദൈവമുള്ളത് പോലെ മനുഷ്യരെല്ലാം ക്ഷണിക്കേണ്ട ഒരൊറ്റ മതവുമാണുള്ളത്. സാര്‍വ ലൗകികവും എല്ലാ മനുഷ്യരെയും നാടുകളെയും ഉള്‍ക്കൊള്ളുന്നതുമായ മതമാണ് ഇസ്‌ലാം എന്ന വാദത്തിന്, മുഹമ്മദ് ക്രി വര്‍ഷം 688(ഹിജ്‌റ 6)ല്‍ അക്കാലത്തെ ഭരണാധിപര്‍ക്ക് അയച്ചതെന്ന് പറയപ്പെടുന്ന ലിഖിതത്തില്‍ പ്രായോഗിക രൂപം കാണുകയുണ്ടായി'' (പേജ് 35).
ഈ ആശയം തഫ്ഹീമുല്‍ ഖുര്‍ആന്‍, ഇസ്‌ലാം മതം തുടങ്ങിയ ഒട്ടുമിക്ക മൗദൂദി കൃതികളുടെയും അന്തര്‍ധാരയാണ്. അവയെ പണ്ഡിതോചിതമായി വികസിപ്പിക്കുകയാണ് കെ.സി. അബ്ദുല്ല മൗലവി ചെയ്തത്. അദ്ദേഹത്തിന്റെ മൂന്ന് പ്രധാന കൃതികള്‍ ഇസ്‌ലാമിക പ്രബോധനത്തെക്കുറിച്ചുള്ളതാണ്. 'പ്രബോധനം ഒരു മുഖവുര' (1992)യാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകളെയും വികല സങ്കല്‍പങ്ങളെയും തിരുത്തുകയാണതില്‍. 'പ്രബോധനത്തിന്റെ പ്രാധാന്യം' (1993) ആണ് രണ്ടാമത്തേത്. ആദ്യകാല വിശ്വാസി സമൂഹത്തിന്റെ ചരിത്രം മുമ്പില്‍വെച്ച് യഥാര്‍ഥ പ്രബോധന ദൗത്യം എന്ത് എന്ന് വിശദീകരിക്കുന്നു. ഈ രണ്ട് കൃതികളുടെയും സ്വാഭാവിക തുടര്‍ച്ചയാണ് 'പ്രബോധനം ഖുര്‍ആനില്‍' (1994). ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ പ്രവാചകന്മാരുടെ പ്രബോധന ശൈലികളാണ് അതില്‍ വിശകലനം ചെയ്യപ്പെടുന്നത്.
'പ്രബോധനത്തിന്റെ ലക്ഷ്യവും ശൈലിയും' വിവര്‍ത്തന കൃതിയാണ്. പ്രമുഖ പണ്ഡിതന്‍ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടേതാണ് രചന (പ്രസാ: ഐ.പി.എച്ച്, വിവ: ടി.കെ.എം ഇഖ്ബാല്‍). പ്രബോധന രീതിയിലെ വൈകല്യങ്ങള്‍, പ്രബോധനം എന്തിന്, പ്രഥമ പ്രബോധിതര്‍ ആര്, പ്രവാചകന്മാരുടെ പ്രബോധനശൈലി, വിഷയക്രമം, പ്രബോധന രീതികള്‍, പ്രബോധകന്റെ ഭാഷ, പ്രവാചകന്മാരുടെ സമര്‍ഥന രീതി, പ്രബോധകന്റെ ദൗത്യം, പ്രബോധന ഘട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യുക്തിഭദ്രമായി വിശകലനം ചെയ്യുന്നുണ്ട് ഈ കൃതിയില്‍. പ്രബോധകനെക്കുറിച്ച് മാത്രം സംസാരിക്കുകയാണ് ലബനീസ് പണ്ഡിതനായ ഡോ. ഫത്ഹീയകന്റെ 'പ്രബോധകന്റെ പാഥേയം' എന്ന കൃതി (പ്രസാ: ഐ.പി.എച്ച്, വിവ: എം.എസ്.എ റസാഖ്). പില്‍ക്കാലത്ത് ഇന്ത്യയിലെ മുസ്‌ലിം സമുദായം തീക്ഷ്ണമായ ചില യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍, പ്രബോധനമല്ല പ്രതിരോധമാണ് മുഖ്യവിഷയം എന്ന് ചിന്തിക്കാന്‍ ചിലര്‍ പ്രേരിതരായി. നല്ലൊരു ബൗദ്ധിക സംവാദത്തിന് അത് തുടക്കം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദി വിഭാഗങ്ങള്‍ പുനരാലോചനകള്‍ നടത്തി സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാതകളിലേക്ക് തിരിച്ചുവരുന്ന കാലമായിരുന്നതുകൊണ്ട് സ്വാഭാവികമായും സംവാദത്തില്‍ പ്രബോധനപക്ഷം മേല്‍ക്കൈ നേടി. ഈ വിഷയത്തിലെ ശ്രദ്ധേയമായ കൃതിയാണ് ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ 'പ്രബോധനവും പ്രതിരോധനവും ഇന്ത്യന്‍ സാഹചര്യത്തില്‍' (ഐ.പി.എച്ച് 2009).
ഖുത്വ്ബ പരിഭാഷ
ജനങ്ങളെ ഇസ്‌ലാമികമായി ബോധവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട് കേരളത്തിലെ മഹല്ല് സംവിധാനം. ജുമുഅ പ്രഭാഷണമാണ് ഇതിന്റെ ഒരു മുഖ്യ ഉപാധി. അത് നിര്‍വഹിക്കുന്നത് മാതൃഭാഷയിലാണെങ്കില്‍ മാത്രമേ സാധാരണ ജനത്തിന് ജുമുഅ ഖുത്വ്ബയിലെ ഉദ്‌ബോധനങ്ങള്‍ മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിയൂ. മലബാറില്‍ ഏറെ പ്രചാരത്തിലുള്ള ശാഫിഈ മദ്ഹബ് പ്രകാരവും ജുമുഅ ഖുത്വ്ബ മലയാളത്തിലാവുന്നതിന് വിരോധമില്ല. അതിനാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ ജുമുഅ മസ്ജിദ് എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ മലിക് ജുമുഅത്ത് പള്ളിയില്‍ ആരംഭകാലം മുതല്‍ക്കേ മാതൃഭാഷയിലായിരുന്നു ഖുത്വ്ബ (വളരെ അടുത്ത കാലത്ത് അതിന് മാറ്റം വന്നുവെങ്കിലും). സമസ്ത സുന്നി ധാരയിലെ പല പ്രമുഖ പണ്ഡിതന്മാരും ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവുന്നതിനെ അനുകൂലിക്കുകയും ചെയ്തു.
അതിനിടക്കാണ് 1947 മാര്‍ച്ച് 16-ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മീഞ്ചന്ത പ്രമേയം വരുന്നത്. മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നത് നിര്‍ത്തിവെക്കണമെന്നായിരുന്നു പ്രമേയത്തിലെ ആഹ്വാനം. എന്തിനുവേണ്ടിയാണ് ഈ പ്രമേയം കൊണ്ടുവന്നതെന്നോ ഖുത്വ്ബ പരിഭാഷ വിലക്കിയതിന്റെ ഇസ്‌ലാമികമായ ന്യായമെന്താണെന്നോ ഇന്നും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രമേയം പിന്‍വലിക്കാന്‍ സമസ്ത തയാറായതുമില്ല. പൊതുജനത്തിന് മനസ്സിലാവാത്ത അറബിഭാഷയില്‍ ഖുത്വ്ബ നടത്തി പിരിയുന്നത് അവരെ ഉദ്ബുദ്ധരാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കിയ ചില സമസ്ത പണ്ഡിതന്മാര്‍ തന്നെ അതിനെതിരെ രംഗത്തുവന്നു. അവരില്‍ ഏറ്റവും പ്രഗദ്ഭനാണ് കൊടിയത്തൂരിലെ മുസ്‌ലിയാരകത്ത് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (1908-1983). ഈയൊരറ്റ കാരണത്താല്‍ അദ്ദേഹം സമസ്തയുമായുള്ള ബന്ധം വരെ വിഛേദിച്ചു. ഇതൊരു ഫിഖ്ഹി പ്രശ്‌നമായി അദ്ദേഹം നിസ്സാരവത്കരിച്ചില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ ഏറക്കുറെ മുഴുവന്‍ വൈജ്ഞാനിക സംഭാവനയും ഇതിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. സമസ്ത ഔദ്യോഗിക വാദഗതികളെ ഖണ്ഡിച്ചുകൊണ്ട് ഈ വിഷയത്തില്‍ അഞ്ച് പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ജുമുഅ: ഖുത്വ്ബയും അല്‍ബയാനിലെ ഫത്‌വയും (1957), ഇ.കെയുടെ ഫത്‌വയും സദഖത്തുല്ലയുടെ ഫത്‌വയും (1958), സമസ്തയുടെ ഖുത്വ്ബയും റാബിത്വയുടെ ഫത്‌വയും (1976), ജുമുഅ ഖുത്വ്ബ ഒരു പഠനം (1982). പി.എം അബ്ദുര്‍റഹീം മൗലവി (ശാഫിഈ മദ്ഹബിലെ ജുമുഅ ഖുത്വ്ബ), വാഴക്കാട് എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി (ജുമുഅ ഖുത്വ്ബ) എന്നിവരും ഈ വിഷയത്തില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
ഈ പുസ്തകങ്ങളും തദ്വിഷയകമായി വന്ന നിരവധി ലേഖനങ്ങളും ഖണ്ഡനമണ്ഡനങ്ങളും കേരളീയ മതനേതൃത്വങ്ങളെ ഗണ്യമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ബോധ്യപ്പെടും. മീഞ്ചന്ത പ്രമേയം നിലനില്‍ക്കുന്നതിനാല്‍ ഇരു സമസ്തയും നിയന്ത്രിക്കുന്ന പള്ളികളില്‍ ഖുത്വ്ബ അറബിയില്‍ തന്നെ. പക്ഷേ ആ ഖുത്വ്ബയുടെ മുമ്പോ പിമ്പോ മാതൃഭാഷയില്‍ ദീര്‍ഘിച്ച ഉദ്‌ബോധനങ്ങള്‍ നടത്താത്ത ഒറ്റ പള്ളിയും ഇന്നില്ല എന്നതാണ് വാസ്തവം. ഖുത്വ്ബ ജനങ്ങള്‍ക്ക് തിരിയുന്ന ഭാഷയിലാവണം എന്നതായിരുന്നല്ലോ ഈ പുസ്തകങ്ങളുടെ കേന്ദ്ര പ്രമേയം. അക്കാര്യം വ്യംഗ്യമായിട്ടെങ്കിലും എല്ലാ മതനേതൃത്വങ്ങളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പുനര്‍ മുദ്രണം നടക്കാത്തതും ഒരു പക്ഷേ, ഒരു പുസ്തകക്കടയിലും വാങ്ങാന്‍ കിട്ടാത്തതുമായ ഈ പുസ്തകങ്ങളെ കേരളീയ മുസ്‌ലിം വൈജ്ഞാനിക വിപ്ലവത്തിന് കരുത്തുപകര്‍ന്നവയില്‍ ഉള്‍പ്പെടുത്താന്‍ കാരണമതാണ് (വിവരങ്ങള്‍ക്ക് കടപ്പാട്: ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം 10. പേജ് 72-78).
ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യത്തിലെ പൊതു പ്രവണതകളെക്കുറിച്ച ചില സൂചനകള്‍ മാത്രമാണ് നല്‍കിയത്. ഇതില്‍ എടുത്തുപറയേണ്ട കാര്യം വിവര്‍ത്തന കൃതികളുടെ സ്വാധീനമാണ്; മൗലിക കൃതികളുടെ ദൗര്‍ലഭ്യവും. മൗലിക കൃതികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലതും അറബി/ഉര്‍ദു/ ഇംഗ്ലീഷ് കൃതികളെ വളരെക്കൂടുതലായി അവലംബിച്ച് തയാറാക്കിയതാണ് താനും. വിഷയം വൈജ്ഞാനികമായതുകൊണ്ട് ഇതൊരു ന്യൂനതയായി കാണേണ്ടതുമില്ല.
(കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം)