മുഖക്കുറിപ്പ്
ലോകത്ത് വിവിധങ്ങളായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. വികസിത രാഷ്ട്രങ്ങളില്‍നിന്ന് പ്രതിവര്‍ഷം പുറത്തിറങ്ങുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ലക്ഷത്തില്‍പരമാണ്. ശാസ്ത്ര, ശാസ്‌ത്രേതര മേഖലകളിലും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും നിരവധി പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. ലോകത്തിന്റെ സാമൂഹ്യനിര്‍മിതിയില്‍ ഇത് വലിയ സ്വാധീനങ്ങള്‍ ചെലുത്തുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിന് അധികാരത്തിലെത്താന്‍ സാധിച്ചതിന് പിന്നില്‍ നാസികളെയും ഇതരജനങ്ങളെയും കുറിച്ച് നടത്തിയ നരവംശശാസ്ത്ര ഗവേഷണങ്ങളായിരുന്നു. മികച്ച ജനതയായി നാസികളെ അക്കാലത്തെ പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ ഉപകരണമായി അക്കാദമിക്‌സ് മാറിയതിന്റെ ഉദാഹരണമായിരുന്നു നാസിസ്റ്റ് ജര്‍മനി. യൂറോപ്പിന്റെ വംശമേധാവിത്വം സ്ഥാപിക്കുന്ന പഠനങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഇറ്റലിയിലെ ഫാഷിസ്റ്റുകള്‍ ഇതിനെ അവലംബമാക്കിയവരായിരുന്നു. പാശ്ചാത്യന്റെ മേല്‍കോയ്മ നിലനിര്‍ത്തുന്നതിനും പൗരസ്ത്യരുടെ അപരത്വം സ്ഥാപിക്കാനും ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. പില്‍കാലത്ത് സ്വതന്ത്രമായ ഗവേഷണ ശ്രമങ്ങള്‍ നടത്തുന്നവര്‍പോലും റഫറന്‍സായി സ്വീകരിക്കുന്നത് യൂറോപ്പിന്റെ ആര്‍ക്കൈവ്‌സുകളാണ്. അതിലൂടെ യൂറോപ്പ് സ്ഥാപിച്ചെടുത്ത ലോകത്തെ നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ ബ്ലാക്‌സിനെക്കുറിച്ചുള്ള പഠനങ്ങള്‍ ആഫ്രിക്കന്‍ ജനതയെപ്പറ്റിയുള്ള പ്രബന്ധങ്ങള്‍ അറബ് ജനവിഭാഗങ്ങള്‍, മറ്റു പൗരസ്ത്യസമൂഹങ്ങള്‍ എന്നിവയെക്കുറിച്ചു നടന്ന സാമൂഹ്യ നിര്‍മിതികള്‍ എല്ലാംതന്നെ യൂറോപ്പ് സ്ഥാപിച്ച മേല്‍കോയ്മയെ പ്രത്യക്ഷമായോ പരോക്ഷമായോ അംഗീകരിക്കുന്നതാണ്. ഇത് പൗരസ്ത്യ ലോകത്ത് ഒരു പാശ്ചാത്യഭ്രമത്തെ സൃഷ്ടിച്ചെടുത്തു. പാശ്ചാത്യരാവാനുള്ള പൗരസ്ത്യന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പാശ്ചാത്യരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു ആഗോള അക്കാദമിക് വ്യവസായം നിലവില്‍വന്നു.
ആധുനികോത്തര കാലത്ത് ഇതിനപവാദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും വ്യാപകമാവാന്‍ തുടങ്ങി. ആധുനികതയുടെ കാലഘട്ടത്തില്‍ ഒറ്റപ്പെട്ടിരുന്ന ഇത്തരം ശ്രമങ്ങള്‍ ഇപ്പോള്‍ ശക്തമായിത്തുടങ്ങി. യൂറോ-അമേരിക്കയെ അവലംബമാക്കാത്ത പുതിയ അന്വേഷണങ്ങള്‍ പ്രത്യേകിച്ചും ശാസ്‌ത്രേതര വിഷയങ്ങളില്‍ രൂപപ്പെട്ടുവന്നു. ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ക്ക് അവലംബിക്കാവുന്ന റഫറന്‍സുകള്‍ ഇന്നും കുറവാണ്. വര്‍ഷങ്ങളായി യൂറോപ്പ് സ്ഥാപിച്ചെടുത്ത സമൂഹ നിര്‍മിതിയെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച സമൂഹങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങള്‍ ഇന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്നു. നരവംശശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും പുനര്‍നിര്‍വചിക്കാനും ചരിത്രത്തെ പുനര്‍വായിക്കാനുമുള്ള ശ്രമങ്ങള്‍ യൂറോപ്പിനെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. അക്കാദമിക്‌സിന്റെ നിലവിലെ രാഷ്ട്രീയത്തെ വിശകലന വിധേയമാക്കിയാല്‍ മാത്രമേ പുതിയ അന്വേഷണങ്ങളും ഗവേഷണങ്ങളും വികസിച്ചു വരികയുള്ളൂ.