ഓപ്പറേഷന്‍ പോളോ: മറച്ചുവെക്കപ്പെട്ട ഒരു ചരിത്രാനുഭവം
വി.എ മുഹമ്മദ് അശ്‌റഫ്
ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനോട് ചേര്‍ക്കാനായി 1948 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടത്തപ്പെട്ട 'ഓപ്പറേഷന്‍ പോളോ' എന്ന പട്ടാള നടപടിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശാനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.
മുഗളന്മാരുടെ പതനത്തെ തുടര്‍ന്ന് 1724ല്‍ ദക്ഷിണേന്ത്യയിലെ ഡക്കാന്‍ പീഠഭൂമിയില്‍, മിര്‍ കമറുദ്ദീന്‍ സിദ്ദീഖിയാണ് ആസിഫ് ജാഹി ഭരണകൂടം എന്ന പേരില്‍ ഒരു രാഷ്ട്രം (ഹൈദരാബാദ്) സ്ഥാപിച്ചത്. 1798ല്‍ ആര്‍തര്‍ വെല്ലസ്ലി ബ്രിട്ടനോട് കൂട്ടിച്ചേര്‍ത്ത ആദ്യത്തെ ഇന്ത്യന്‍ സ്‌റ്റേറ്റ് ഹൈദരാബാദ് ആയിരുന്നു. ആസിഫ് ജാഹി ഭരണകൂടത്തിലെ ഏഴാമത്തെയും ഒടുവിലത്തെയും നൈസാം മീര്‍ ഉസ്മാന്‍ അലിയുടെ ഭരണകാലത്ത് മൊത്തം 214190 കി.മീ വലുപ്പമുള്ളതും 1941 ലെ കണക്ക് പ്രകാരം 16.34 ദശലക്ഷം ജനസംഖ്യയുള്ളതുമായ സമ്പന്ന രാജ്യമായിരുന്നു ഹൈദരാബാദ്. പൗരന്‍മാരില്‍ 85% വും ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഹൈദരാബാദ് ഭരണകൂടത്തില്‍ ഹിന്ദുക്കളുടെ സാന്നിധ്യം വളരെ കുറവായിരുന്നു.
സംസ്ഥാനത്തെ 1765 ആര്‍മി ഓഫിസര്‍മാരില്‍ 1268 ഉം മുസ്‌ലിംകളായിരുന്നു. 421 പേര്‍ മാത്രമായിരുന്നു ഹിന്ദുക്കള്‍. 121 പേര്‍ ക്രിസ്ത്യാനികളും പാഴ്‌സികളും സിഖുകാരുമായിരുന്നു. സംസ്ഥാനത്തിന്റെ 40% ഭൂമിയും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്നു.
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് പോലും ഹൈദരാബാദിന് സ്വന്തം സൈന്യവും റെയില്‍വെയും പോസ്‌റ്റേജുമുണ്ടായിരുന്നു.
1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് രാജ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ 562 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവയില്‍ തിരുവിതാംകൂര്‍, മൈസൂര്‍, ജോഡ്പൂര്‍, ജൈസാല്‍മെര്‍, ഭോപ്പാല്‍, ജൂനഗഡ്, ഹൈദരാബാദ്, കാശ്മീര്‍ എന്നിവയാണ് സ്വതന്ത്രമായി നിലകൊള്ളാനുള്ള അഭിവാജ്ഞ പുലര്‍ത്തിയത്. എന്നാല്‍ വി.പി മേനോന്റെ നയതന്ത്രജ്ഞതയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഉരുക്കുമുഷ്ടിയും എല്ലാറ്റിനേയും നിലംപരിശാക്കി.
ഹൈദരാബാദ്: 1947-നുശേഷം
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ തുടര്‍ന്ന് നൈസാം ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ അംഗമാകാനും യു.എന്‍ അംഗത്വത്തിനും ശ്രമിച്ചു. രണ്ടും നിഷ്പ്രഭമായി. നൈസാമിനെ നേതൃത്വത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് ഹിതപരിശോധന (പ്ലെബിസൈറ്റ്) നടത്തുക, പ്രത്യേക അധികാരങ്ങളോടെ ഇന്ത്യന്‍യൂനിയനില്‍ ചേരുക എന്നീ നിര്‍ദേശങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും മൗണ്ട് ബാറ്റനും മുന്നോട്ടുവെച്ചു. പൂര്‍വാവസ്ഥ(സ്റ്റാന്റ് സ്റ്റില്‍) തുടരാന്‍ അനുവദിക്കുന്ന കരാറിനു പോലും നെഹ്‌റു സന്നദ്ധത പ്രകടിപ്പിച്ചു.(1) 13% മുസ്‌ലിംകള്‍ക്ക് അസംബ്ലിയില്‍ 40% പ്രാതിനിധ്യം നല്‍കാമെന്ന വാഗ്ദാനം പോലും നൈസാം നിരസിച്ചു. കെ.എം മുന്‍ഷിയുടെ വാക്കുകളില്‍ നൈസാം, ഹൈദരാബാദിനെ ഒരു സ്വതന്ത്ര ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിച്ചു.(2)
1948 ജൂലൈ 26-ന് ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയ ധവളപത്രത്തില്‍ ഇന്ത്യന്‍ ഹൃദയത്തിലെ അള്‍സര്‍ ആയാണ് ഹൈദരാബാദിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യക്ക് ഇടപെടാതിരിക്കാനാവില്ലെന്ന് ധവളപത്രം അവിതര്‍ക്കിതമായി വ്യക്തമാക്കിയിരുന്നു.(3) അതേ തുടര്‍ന്ന് ഹൈദരാബാദിന്റെ പ്രധാനമന്ത്രി മീര്‍ ലൈക്ക് അലിയും സര്‍ദാര്‍ പട്ടേലും പലവുരു പരസ്പര ഭീഷണിമുഴക്കി. ഈ വാക്കുമത്സരത്തിന്റെ പാരമ്യത്തിലും സര്‍ദാര്‍പട്ടേലിന്റെ പ്രത്യേകമായ ആവേശത്തിലുമാണ് ഹൈദരാബാദില്‍ പട്ടാള നടപടിയുണ്ടാകുന്നത്.
ഇന്ത്യയിലേറ്റവുമധികം പോളോഗ്രൗണ്ട് (17 എണ്ണം) ഹൈദരാബാദിലായതുകൊണ്ടാണ് ഈ പട്ടാളനടപടിക്ക് 'ഓപ്പറേഷന്‍ പോളോ' എന്ന പേര്‍ നല്‍കപ്പെട്ടത്.
റസ്സാക്കന്‍മാരും പ്രചാരണങ്ങളും
1944 ജൂണില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പ്രസിഡന്റ് ബഹാദൂര്‍ യാര്‍ ജംഗ് മരിച്ചപ്പോള്‍ എം.ഐ.എം നേതൃനിരയില്‍ വലിയൊരു വിടവ് സൃഷ്ടിക്കപ്പെട്ടു. അതിനു ശേഷം അബ്ദുല്‍ ഹസ്സന്‍ സയ്യിദ്അലിയും പിന്നീട് മസ്‌വീര്‍ അലി കാമിലും പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാരായി. രണ്ടു വര്‍ഷത്തിനുശേഷം 1946ല്‍ മൗലവി സയ്യിദ് കാസിം റിസ്‌വി മജ്‌ലിസ് പ്രസിഡന്റായി. 1900ല്‍ ജനിക്കുകയും അലിഗര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുക്കുകയും ചെയ്ത പ്രഭാഷണ വീരനായിരുന്നു റിസ്‌വി.
ബഹാദൂര്‍ യാര്‍ ജംഗ് ഫണ്ട് ശേഖരണാഹ്വാനം പ്രഖ്യാപിച്ചപ്പോള്‍ തന്റെ മുഴുവന്‍ സമ്പത്തും പാര്‍ട്ടിക്കെഴുതിക്കൊടുത്തു കാസിം റിസ്‌വി. ധീരവീര പരാക്രമിയും സത്യസന്ധനുമായ കാസിം റിസ്‌വി വിവേകമതിയായിരുന്നില്ല. എളുപ്പം വികാരവിക്ഷുബ്ധമാകുന്ന പ്രകൃതക്കാരനായിരുന്നു. തന്റെ പ്രസംഗത്തിലുടനീളം ഇന്ത്യന്‍ യൂനിയനെ പ്രകോപിപ്പിച്ചുകൊണ്ടു ജനങ്ങളെ സംഘടിപ്പിക്കാനാണ് റിസ്‌വി ഉദ്യമിച്ചത്. തനിക്കെതിരായ ഒരു ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ് ഭയന്ന നൈസാം, മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീനെ 'റസ്സാക്കേഴ്‌സ്' (വളണ്ടിയര്‍മാര്‍) എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് ഇന്ത്യാ ലയനത്തെ ചെറുക്കാന്‍ അനുവദിക്കുകയായിരുന്നു. ആയിരങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളായി.
റസ്സാക്കന്‍മാരുമായുണ്ടായ നിരന്തരകലാപം, ഹൈദരാബാദിനെയും തൊട്ടുകിടക്കുന്ന ഭാഗങ്ങളെയും നിരന്തരം അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. മുഴുവന്‍ ഹൈദരാബാദി മുസ്‌ലിംകളും റസ്സാക്കന്‍മാരാണ് എന്ന പ്രതീതിയാണ് കാസിം റിസ്‌വി സൃഷ്ടിച്ചത്.
എന്നാല്‍ ഒരു ഹിന്ദുവിരോധസ്വഭാവം കാസിമിനുണ്ടായിരുന്നില്ല. നിരവധി അമുസ്‌ലിംകളും റസ്സാക്കര്‍ പ്രസ്ഥാനത്തിലണിനിരന്നിരുന്നു. എന്നാല്‍ നാവിന്റെ ദുരുപയോഗം മൂലം ഹൈദരാബാദിന് പിന്നീട് വന്നുഭവിച്ച ദുര്‍വിധിയില്‍ മറ്റാരെക്കാളും ഉത്തരവാദിയായി മാറി കാസിം റിസ്‌വി!
അതേസമയം ഹൈദരാബാദ് സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, നൈസാമിനെതിരായ സമരത്തില്‍ അണിചേര്‍ന്നു. 1947 ഡിസംബര്‍ 4ന് ഹിന്ദുത്വ പ്രസ്ഥാനമായ ആര്യസമാജത്തിന്റെ നേതാവ് നാരായണ റാവു പവാര്‍, കൊട്ടാരത്തിന് പുറത്തുവെച്ച് നൈസാമിനെ വധിക്കാനുള്ള ശ്രമം വരെ നടത്തി.
ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് 1947-'48കാലത്തുണ്ടായ സംഭവവികാസങ്ങള്‍ ഹൈദരാബാദിനെ ഒരു നെരിപ്പോടിലേക്ക് തള്ളിവിട്ടു. 10 ലക്ഷത്തോളം മുസ്‌ലിം അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹൈദരാബാദിലെത്തി. വികാരവിക്ഷുബ്ധതയോടെ താന്‍, നൈസാമിന്റെ വെന്നിക്കൊടി ചെങ്കോട്ടയിലുയര്‍ത്തുമെന്ന് വീരസ്യം മുഴക്കുവാനും കാസിം റിസ്‌വി തയ്യാറായി.
യാഥാര്‍ത്ഥ്യബോധം ലവലേശമില്ലാത്ത കാസിം റിസ്‌വി, ഇന്ത്യന്‍ യൂനിയന്റെ അക്രമണത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദിനെ പ്രതിരോധിക്കാനാഹ്വാനം ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: 'നമ്മുടെ രാജ്യത്തെ (ഹൈദരാബാദിലെ) ഒരമുസ്‌ലിമിനെയും നാം നോവിക്കരുത്. ഓര്‍ക്കുക, നമ്മുടെ യുദ്ധം ഇന്ത്യന്‍ യൂനിയനെതിരെയാണ്, ഹിന്ദുക്കള്‍ക്കെതിരായല്ല. നിങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും ആക്രമിക്കരുത്. നിരായുധരായ ശത്രുക്കളെപ്പോലും ആക്രമിക്കരുത്. അക്രമികളെ അല്ലാഹു സഹായിക്കുകയില്ല.'
റസ്സാക്കന്‍മാര്‍ ചില അന്യായങ്ങളും അതിക്രമങ്ങളും കാണിച്ചിട്ടുണ്ടെങ്കിലും മിക്കതും പലമടങ്ങ് ഊതിവീര്‍പ്പിച്ചതും യുദ്ധാവശ്യാര്‍ത്ഥം പര്‍വതീകരിക്കപ്പെട്ടതുമായിരുന്നു. തന്റെ ഭരണകൂടം നിലനിര്‍ത്താന്‍ റസ്സാക്കന്‍മാരെ ഉപയോഗിച്ച നൈസാമും ഇക്കാര്യത്തില്‍ നൈസാമിനെ അന്ധമായി സഹായിച്ച കാസിം റിസ്‌വിയും മുസ്‌ലിംകളുടെയോ ഹൈദരാബാദ് സമൂഹത്തിന്റെയോ മൊത്തക്കുത്തക അവകാശപ്പെടാനാകാത്തവരായിരുന്നു. യാഥാര്‍ത്ഥ്യബോധം അവരെ തൊട്ടുതെറിച്ചിരുന്നില്ല. തങ്ങളുടെ ശക്തിയെക്കുറിച്ച അതീവഗുരുതരമായ മിഥ്യാഭിമാനവും വിഭ്രാന്തിയും അവരെ പിടികൂടിയിരുന്നു.
1948 സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ പട്ടാള അധിനിവേശം നടന്നപ്പോള്‍ കാര്യമായ ഒരു ചെറുത്തുനില്‍പ്പും നേരിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈനിക നേതൃത്വത്തിന് തന്നെ അമ്പരപ്പുണ്ടായിരുന്നു.
ഭീകരതയുടെ ദുര്‍ദിനങ്ങള്‍
ഹൈദരാബാദ് കൂട്ടിച്ചേര്‍ക്കലിന് വേണ്ടി ഇന്ത്യയുടെ ഏജന്റ് ജനറലായി പ്രവര്‍ത്തിച്ചത് അല്‍പം വര്‍ഗീയ സ്വഭാവമുള്ള കെ.എം മുന്‍ഷിയായിരുന്നു. 1957ല്‍ പ്രസിദ്ധീകൃതമായ തന്റെ 'എന്റ് ഓഫ് ആന്‍ എറാ' എന്ന തന്റെ ഓര്‍മക്കുറിപ്പുകളില്‍ ഹൈദരാബാദില്‍ 1948ല്‍ നടന്ന മുസ്‌ലിംകുരുതികളെകുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നു.(4)
ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന 'പോലിസ് നടപടി' എന്ന പദത്തിന്റെ അപര്യാപ്തത ബോംബെയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകന്‍ ഡി.എഫ് കാരാക നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.(5)
മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പി.സുന്ദരയ്യ തന്റെ കൃതിയില്‍ 'പറയപ്പെടാത്ത അനേകം ക്രൂരതകള്‍ക്ക് സാധാരണ മുസ്‌ലിം ജനത ഇരയായി' എന്ന് രേഖപ്പെടുത്തുന്നുണ്ട്.(6)
റസ്സാക്കന്‍മാര്‍ കാറ്റ് വിതച്ച് കൊയ്തത് കൊടുങ്കാറ്റല്ല, ചുഴലിക്കാറ്റായിരുന്നുവെന്നും അതില്‍പെട്ട് ഹൈദരാബാദിലെ പത്തിലൊന്നു മുതല്‍ അഞ്ചിലൊന്നു വരെ മുസ്‌ലിം പുരുഷന്മാര്‍ അറുകൊലചെയ്യപ്പെട്ടുവെന്നും ഇതേകുറിച്ച് പഠിച്ച ജര്‍മ്മന്‍ ഗവേഷക രേഖപ്പെടുത്തുന്നു.(7)
മുഹമ്മദലി ജിന്നയുടെ കടുത്ത വിമര്‍ശകനും പ്രമുഖ ഓറിയന്റലിസ്റ്റ് പണ്ഡിതനുമായിരുന്ന വില്‍ഫ്രഡ് കാന്റ് വെല്‍സ്മിത്ത് മിഡില്‍ ഈസ്റ്റ് ജേര്‍ണലില്‍ എഴുതിയ പ്രബന്ധത്തില്‍ കൊലചെയ്യപ്പെട്ടവരുടെ സംഖ്യ 50,000 ആണെന്ന്, മറ്റുചില കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷമോ അതിലധികമോ വരുമെന്നും കുറിക്കുന്നു.(8)
ഇതിലേറ്റവും ചെറിയ കണക്കുപോലും റസ്സാക്കന്‍മാരുടെ ദുഷ് ചെയ്തിമൂലം ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗികമായി കുറ്റപ്പെടുത്തുന്നതിന്റെ 10 ഇരട്ടിയിലധികം വരുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ക്കുന്നു: 'ചിലയിടങ്ങളില്‍ പുരുഷന്‍മാരെ മുഴുവന്‍ നിരത്തിനിര്‍ത്തി വധിക്കുകയായിരുന്നു.' 'മുസ്‌ലിംകള്‍ ആയിരക്കണക്കായി അരുംകൊലചെയ്യപ്പെട്ടു. ആയിരങ്ങള്‍ വേരറുത്തു മാറ്റപ്പെട്ടു. ഇതൊരു പ്രതികാരമായിരുന്നു.'(9)
അതിഭീകരമായ കൊലകളും ബലാത്സംഗങ്ങളും 1948ല്‍ ഹൈദരാബാദിലെ ഇന്ത്യന്‍ പട്ടാള ഇടപെടലില്‍ അരങ്ങേറി.(10) നെഹ്‌റുവിന്റെ നിര്‍ദേശാനുസരണം പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ നേതൃത്വത്തില്‍ നിയോഗിതമായ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നാല്‍ അവയില്‍ നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ 1988ല്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
അക്രമത്തില്‍ പങ്കെടുത്തത് പട്ടാളവും ഹിന്ദുത്വരും പോലിസും ചേര്‍ന്നാണ്. അതിക്രമങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം ജനതയെ നിരായുധരാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ നിന്നുള്ള ഒരു സാമ്പിള്‍ കാണുക:
'ഒസ്മാനാബാദ് ജില്ലയിലെ ഗന്‍ജോദി പൈഗാ: ഇവിടെ മുസ്‌ലിംകളുടേതായി 500 വീടുകളുണ്ടായിരുന്നു. ഇതില്‍ 200 പേരെ ഗുണ്ടകള്‍ കൊന്നു. സൈന്യം മുസ്‌ലിംകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. പ്രത്യാക്രമണത്തിനു ശേഷിയില്ലാത്തവരെയാണ് ഗുണ്ടകള്‍ കൊന്നത്. മുസ്‌ലിം സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്തു. ഗന്‍ജോദിയിലെ പാഷാബി എന്ന താമസക്കാരന്റെ മൊഴി: സൈന്യത്തിന്റെ വരവോടെ ഗന്‍ജോദിയില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യുവ മുസ്‌ലിം സ്ത്രീകളും ബലാത്സംഗത്തിനിരയായി. ഒസ്മാന്‍ സാഹിബിന്റെ അഞ്ചു പെണ്‍മക്കളും കാസിയുടെ ആറ് പെണ്‍മക്കളും ബലാത്സംഗം ചെയ്യപ്പെട്ടു. ഇസ്മായില്‍ സാഹിബ് സൗദാഗറുടെ മകള്‍ സൈബാ ചാമറെ വീട്ടില്‍ വെച്ച് ഒരാഴ്ചയോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ഉമര്‍ഗയില്‍ നിന്നുള്ള സൈന്യം രാത്രിമുഴുവന്‍ ലൈംഗിക ദാഹം തീര്‍ത്തു. നേരം പുലരുമ്പോള്‍ മുസ്‌ലിംസ്ത്രീകളെ വീടുകളിലേക്കയച്ചിരുന്നു. മഹ്താബ് തമ്പോലിയുടെ പെണ്‍മക്കളെ ഹിന്ദുത്വര്‍ വീതിച്ചെടുക്കുകയായിരുന്നു.'(11) ഇത്തരം വിവരങ്ങളുടെ ഒരു ശേഖരമാണ് റിപ്പോര്‍ട്ട്.
കുരുതികള്‍ കണ്ടു നില്‍ക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായി. അപമാനത്തെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. നൂറുകണക്കിനു കുരുന്നുകളെയും അക്രമിക്കൂട്ടം കൊന്നുതള്ളി. ഷുവാര്‍പൂരിലെ ഒരു കിണറ്റില്‍ നിന്ന് മാത്രം 40 കുട്ടികളുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
യു.പി ഗവര്‍ണറായിരു സരോജിനിനായിഡു, ഹൈദരാബാദിലെ വ്യാപകമായ കൂട്ടക്കുരുതികളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ചറിഞ്ഞ് കരഞ്ഞുപോയി.(12) സൈനിക നടപടിയുടെ വര്‍ഗീയ സ്വഭാവത്തില്‍ മനംമടുത്ത് 700 മുസ്‌ലിം പട്ടാളക്കാര്‍ സൈന്യം വിട്ടതായുള്ള സ്ഥിരീകരിക്കാത്ത ഒരു റിപോര്‍ട്ടും ഖലീദി ഉദ്ധരിക്കുന്നു.(13)
പട്ടാള നടപടിക്ക് ശേഷം നിരവധി മുസ്‌ലിം ഉദ്യോഗസ്ഥര്‍ പിരിച്ചുവിടപ്പെട്ടു. അനവധി പേര്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റിന് വിധേയരായി; ചിലരെ തരം താഴ്ത്തി; ചിലരോട് നിര്‍ബന്ധിത ലീവ് എഴുതിവാങ്ങി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മറ്റു ചില ഉദ്യോഗസ്ഥര്‍ സ്വയം പിരിഞ്ഞുപോവുകയും ചെയ്തു.(14) ഔദ്യോഗിക ഭാഷ ഉറുദുവില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ഒറ്റയടിക്ക് മാറ്റിയത്, ഇതിനൊക്കെയുള്ള ന്യായീകരണമായി ഉന്നയിക്കപ്പെട്ടു.
ഹൈദരാബാദ് പ്രധാനമന്ത്രി മീര്‍ ലൈക് അലിയും റസ്സാക്കന്‍ തലവന്‍ കാസിം റിസ്‌വിയും അറസ്റ്റു ചെയ്യപ്പെട്ടു. മേജര്‍ ജനറല്‍ ചൗധുരി ഹൈദരാബാദിന്റെ മിലിട്ടറി ഗവര്‍ണറായി ചാര്‍ജെടുത്തുകൊണ്ട് പ്രസ്തുത തസ്തികയില്‍ 1949 വരെ തുടര്‍ന്നു. 1950 ജനുവരിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എം.കെ. വെങ്ങോടിയെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും നിയോഗിക്കപ്പെട്ടു. നൈസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍ 'രാജ് പ്രമുഖ്' എന്ന തസ്തികയില്‍ അവരോധിതമായി. 1952 ലെ പൊതു തിരഞ്ഞെടുപ്പുനിശേഷം ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തിലുള്ള ജനകീയ മന്ത്രിസഭ അധികാരാരോഹണം നടത്തി. 1956 ലാണ് ഹൈദരാബാദ്, ആന്ധ്രാപ്രദേശ് സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
പണ്ഡിറ്റ് സുന്ദര്‍ലാല്‍ റിപോര്‍ട്ട്
ഹൈദരാബാദില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ കിട്ടിയ നെഹ്‌റു കോണ്‍ഗ്രസുകാരനായ പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ (1886-1980) നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചു. കാസി മുഹമ്മദ് അബ്ദുല്‍ഗഫാര്‍(1889-1956), മൗലാനാ അബ്ദുല്‍ മിസ്‌റി എന്നിവരടങ്ങിയ അന്വേഷണസംഘം 1948 നവംബര്‍-ഡിസംബര്‍ കാലഘട്ടത്തില്‍ ഏഴ് ജില്ലാ തലസ്ഥാനങ്ങളിലും 21 പട്ടണങ്ങളിലും സന്ദര്‍ശനം നടത്തി. 109 വില്ലേജുകളില്‍ നിന്നുള്ള 500 പേരെ ഇന്റര്‍വ്യൂ ചെയ്തു. നെഹ്‌റുവിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ 27,000ത്തിനും 40,000ത്തിനുമിടക്ക് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ പട്ടാളവും പോലിസും ഹിന്ദുത്വവര്‍ഗീയവാദികളോട് ചേര്‍ന്ന് അതിക്രമത്തില്‍ പങ്കെടുത്തതായും റിപോര്‍ട്ട് നല്‍കി.(15) ഈ റിപോര്‍ട്ടിന്റെ ഒറിജിനല്‍ ന്യൂദല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറിയില്‍ 2013 മുതല്‍ ലഭ്യമാണ്. 2013 സെപ്തംബര്‍ മുതല്‍ ഇന്റര്‍നെറ്റില്‍ നമുക്കത് വായിക്കാം. റിപോര്‍ട്ടിന്റെ പ്രസക്ത ഭാഗം 1988ല്‍ തന്നെ പുറത്തുവന്നിരുന്നു.(16)
സുന്ദര്‍ലാല്‍ റിപോര്‍ട്ടില്‍ നിന്നൊരുഭാഗം: 'മുസ്‌ലിം പുരുഷന്മാരുടെ കൊലകള്‍ മാത്രമല്ല നടന്നത്. സ്ത്രീകളെയും കുരുന്നുകളെപോലും വര്‍ഗീയവാദികള്‍ വെറുതെ വിട്ടില്ല. നാഗ്പൂര്‍, ഷോലാപൂര്‍ എന്നിവിടങ്ങളിലേക്ക് പോലും കുറേ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. നിരവധി മസ്ജിദുകള്‍ തകര്‍ക്കപ്പെടുകയും മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാവുകയും ചെയ്തു. വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ദശകോടികളുടെ സ്വത്തുക്കള്‍ കത്തിക്കപ്പെടുകയുംചെയ്തു. ഷോലാപൂര്‍ പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വര്‍ഗീയവാദികള്‍ ആസൂത്രിതമായി തന്നെ ഇന്ത്യന്‍ സേനയോടൊപ്പം അക്രമങ്ങളില്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ ഇന്ത്യന്‍ പട്ടാളം ഹിന്ദു ജനക്കൂട്ടങ്ങളെ മുസ്‌ലിം കടകളും വീടുകളും കൊള്ളയടിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ വര്‍ഗീയഭ്രാന്തില്‍ നിന്ന് മുക്തരാകാന്‍ ചില സൈനികര്‍ക്കായില്ല.'
1948 നവംബര്‍ 14ന് നെഹ്‌റു, സര്‍ദാര്‍ പട്ടേലിന്റെ ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു: 'ഹൈദരാബാദില്‍നിന്ന് ഈയിടെ തിരിച്ചുവന്ന അബ്ദുല്‍ ഗഫാര്‍, മിസ്സ് പത്മനാഭനായിഡു എന്നിവരുമായി ഞാന്‍ സംസാരിച്ചു.(അവരിരുവരും അവലംബിക്കാവുന്ന നിരീക്ഷകരാണ്). അവരില്‍ നിന്ന് എനിക്ക് കിട്ടിയ വിവരം നിരവധി പേരെ കുരുതിക്കിരയാക്കിയെന്നാണ്. ഇതേ പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്കറിയേണ്ടതുണ്ട്.'(17)
ചോദ്യങ്ങളും പാഠങ്ങളും
1948 സപ്തംബര്‍ 18ന് മേജര്‍ ജനറല്‍ എല്‍ എന്‍ഡ്രൂസും സംഘവും ഇന്ത്യന്‍ സേനാതലവന്‍ ജനറല്‍ ജെ.എന്‍ ചൗധരിയുടെ മുമ്പാകെ കാര്യമായ യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ കീഴടങ്ങി. 1948 സെപ്തംബര്‍ 23ന് നടത്തിയ റേഡിയോ സംപ്രേഷണത്തില്‍ നൈസാം ഉസ്മാന്‍അലി റസ്സാക്കന്‍മാരെ തള്ളിപ്പറയുകയും അവര്‍ മൂലമാണ് നാട്ടില്‍ കുഴപ്പങ്ങളുണ്ടായതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇത്രയെളുപ്പത്തിന് കീഴടങ്ങിയ നൈസാമും റസ്സാക്കന്‍ നേതാവ് കാസിം റിസ്‌വിയും ഒരു വന്‍ സാഹസത്തിനു മുതിര്‍ന്നതെന്തുകൊണ്ട്? സ്വന്തം സുരക്ഷക്ക് വേണ്ടി നൈസാം ഹൈദരാബാദ് ജനതയെ ഒറ്റുകൊടുക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുന്നു. കൊട്ടാരങ്ങള്‍, വസ്തുവഹകള്‍, ആഭരണങ്ങള്‍, ജീവിതശൈലി എന്നീ ആവശ്യങ്ങളൊക്കെ നൈസാമിന് വകവെച്ചു നല്‍കപ്പെട്ടു. ഇന്ത്യന്‍ യൂനിയനോട് ചേരാന്‍ വിസമ്മതിച്ച വ്യക്തിയെ ഈ വിധം ആദരിച്ചതെന്തുകൊണ്ട്? അതേസമയം പ്രധാനമന്ത്രി ലൈക്ക് അലിയും ഖാസിം റിസ്‌വിയും അറസ്റ്റു ചെയ്തു ജയിലിലടക്കപ്പെടുകയായിരുന്നുവെന്നും നാം കണ്ടു.
റസ്സാക്കന്‍മാരുടെ സംഖ്യയും അവരുടെ പ്രവര്‍ത്തനവും വല്ലാതെ ഊതിവീര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്ന വസ്തുത, ഓപ്പറേഷന്‍ പോളോവില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. 10,000 ത്തോളം റസ്സാക്കന്‍മാരെ രണ്ടു ലക്ഷം വരെയായി പെരുപ്പിച്ചു പറയുകയായിരുന്നു. വെറും രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം മാത്രമുള്ള റസ്സാക്കന്‍മാരുടെ പേരില്‍ ഏതാനും ദുഷ്‌ചെയ്തികള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. അവയിലധികവും സാമൂഹ്യവിരുദ്ധ ശക്തികള്‍ നടത്തി റസ്സാക്കന്‍മാരുടെ തലയില്‍ കെട്ടിവെച്ചതായിരുന്നു.
ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം നല്‍കാന്‍ ഹൈദരാബാദ് ഭരണകൂടം കാണിച്ച ആര്‍ജ്ജവം രാജ്യത്തിനാകെ മാതൃകയാണെന്നത് മറച്ചുവെക്കപ്പെട്ടു. അവിടെ ദേവദാസി സമ്പ്രദായം നിരോധിച്ചുവെന്നത് വിസ്മരിക്കപ്പെട്ടു. രണ്ടു നൂറ്റാണ്ടിലധികം നിലനിന്ന മതസൗഹാര്‍ദവും അവഗണിക്കപ്പെട്ടു. കുറച്ചുകൂടി സാവകാശം നല്‍കിയാല്‍ ഇന്ത്യന്‍ യൂനിയനോട് ചേരാനുള്ള നൈസാമിന്റെ സന്നദ്ധത പോലും പരിഗണിക്കപ്പെട്ടില്ല. ധൃതിപിടിച്ച് അതിനീചമായ ഒരു കൊടുംകൂര്രതക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദുഃശക്തികള്‍ ആരൊക്കെയാണ്?
ആരാണ് സുന്ദര്‍ലാല്‍ റിപോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തെ എതിര്‍ത്തതും തടഞ്ഞതും? റസ്സാക്കന്‍മാരുടെ ചെയ്തികള്‍ക്ക് മറുപടിയായി മുസ്‌ലിം നിരപരാധികളെ കുരുതികഴിക്കാനും സ്ത്രീകളെ അപമാനിക്കാനുമുള്ള നിര്‍ദേശം നല്‍കിയതാരാക്കെ? കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യത്തില്‍ കാണിച്ച ആവേശത്തിന്റെ നിദാനമെന്ത്? 1948ല്‍ പോലും സൈന്യത്തെ വര്‍ഗീയവല്‍ക്കരിക്കാനായതെങ്ങനെ? ഹിന്ദു ജാഗിര്‍ദാറുകളും ദേശ്മുഖുകളും നൈസാമിന്റെ പിന്തുണക്കാരായുണ്ടായിരുന്നുവെന്നത് അവഗണിച്ചതെന്തുകൊണ്ട്? നൈസാം വിരുദ്ധ സമരങ്ങളില്‍ മുസ്‌ലിംകള്‍ വ്യാപകമായി പങ്കെടുത്തിരുന്നുവെന്നതും റസ്സാക്കന്‍മാരില്‍ അമുസ്‌ലിംകള്‍ ഉള്ളതും വിസ്മൃതമായതെന്തുകൊണ്ട്?
സെക്കുലറിസം തെളിയിക്കാനായി തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും പണ്ഡിറ്റ് സുന്ദര്‍ലാല്‍ റിപോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാകണം.
1948ല്‍ പോലും ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന തീവ്രമായ മുസ്‌ലിംവിരുദ്ധ വര്‍ഗീയ ധാര, 1-ാം സ്വാതന്ത്ര്യസമരത്തിനുശേഷം കൊളോണിയല്‍ അജണ്ട നടപ്പാക്കാനായി പ്രചരിപ്പിച്ചവര്‍ഗീയ പരിപ്രേഷ്യത്തിന്റെ ഉല്‍പ്പന്നമായിരുന്നു.
കുറിപ്പുകള്‍
1. S. Gopal (ed), Selected Works of Jawaharlal Nehru, volvi Delhi: Orient Longman, 1972, P. 214
2. K M Munshi, End of an Era, Bombay: Bharatiya Vidya Bhavans, 1957 P. XXIII
3. V H Desai, Vandemataram to Janaganamana: Saga of Hyderabad's Freedom Struggle, Bombay: Bharatiya Vidya Bhavans, 1990, P. 67
4. K.M Munshi, Op Cit.
5. Omar Khalidi, The 1948 Military Operations and its Aftermath, in Omar Khalidi (ed), Hyderbad After the Fall, Witchita, Kansas: Hyderabad Historical Society, 1988, P. 200
6. P Sundarayya, Telengana People's Struggle and its Lessons, Calcutta: D P Sraj Chadha, 1972, P.88-89
7. Margrit Pernau, The Passing of Patrimonialism, New Delhi, Marohar, 2000, P.336
8. Wifred Cantwell Smith, Hyderabad: Muslim Tragedy, Middilee East Journal, Vol: 4, No. 1(January 1950), P. 27-50
9. Ibid, P. 46
10. William Darlymple, The Age of Kali, Landon: Flamingo, 1999, P. 209-210
11. Omar Khalidi, Op Cit, P.101-109
12. M.O Faruqi, Deccan Chronicle, 15 August, 1997, P. 6
13. Omar Khalidi, Op. Cit, P.201
14. Op cit, p. 209
15. Mike Thomson, Hyderabad 1948: India's Hidden Masscre, BBC, September 24, 2013
16. Omar Khalidi, Op Cit, P. 95-97
17. Jawaharlal Nehru, Selected Works (second series.), Vol 8, Delhi: Orient Longman;, 1990, P.102-103