ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പോരാട്ടത്തിന്റെ നാള്‍വഴികള്‍
ശമീര്‍ബാബു കൊടുവള്ളി
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ക്രിയാത്മകവും പുരോഗമനപരവുമായി മുന്നോട്ടുപോയ പ്രസ്ഥാനമാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. ലോകത്തിലെ ഇതര ഇസ്‌ലാമിക സംഘടനകള്‍ക്ക് അനുകരിക്കാന്‍ കഴിയുംവിധം പുത്തന്‍ മാതൃകകള്‍ ആവിഷ്‌കരിക്കപ്പെട്ടുവെന്നത് ബംഗ്ലാദേശ് ജമാഅത്തിന്റെ സവിശേഷതയാണ്. രൂപീകരണത്തോടെ തന്നെ സജീവ രാഷ്ട്രീയത്തിലിടപെട്ടു. ജമാഅത്ത്, 2001-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടമാണ് കാഴ്ചവെച്ചത്. കൂടാതെ, പ്രവര്‍ത്തന വികേന്ദ്രീകരണമെന്ന ആശയം ഉയര്‍ത്തി തൊഴിലാളി സംഘടന, കര്‍ഷകസംഘടന, അധ്യാപകസംഘടന പോലുള്ള വിവിധതരം കൂട്ടായ്മകള്‍ക്ക് രൂപകല്‍പന നല്‍കാനും സാധിച്ചു. തീഷ്ണമായ പരീക്ഷണങ്ങളിലൂടെയും ജമാഅത്ത് സഞ്ചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഫിനിക്‌സ് പക്ഷിയെപ്പോലെ വിജയശ്രീലാളിതമായി രംഗത്ത് വരികയും പൂര്‍വാധികം ശക്തിയോടെ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ശൈഖ് ഹസീനാവാജിദ് രാജ്യദ്രോഹം, ഗൂഢാലോചന, കൊലപാതകം തുടങ്ങിയവയുടെ പേരില്‍ 1971ലെ യുദ്ധക്കുറ്റം ചുമത്തി ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ അംഗീകാരം റദ്ദാക്കിയിരിക്കുകയാണ്. ഈ നിരോധത്തെയും സംഘടന അതിജീവിക്കും എന്നുതന്നെയാണ് പ്രതീക്ഷ.
1971ലാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണം. അവിഭക്ത ഇന്ത്യയില്‍ 1941-ല്‍ ആയിരുന്നല്ലോ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായത്. 1947ലെ ഇന്ത്യാ-പാക് വിഭജനത്തോടെ, 1948-ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയും നിലവില്‍വന്നു. 1948 മുതല്‍ 1971 വരെയുള്ള പാകിസ്താന്‍ ജമാഅത്തിന്റെ കാലയളവ് ബംഗ്ലാദേശ് ജമാഅത്തിന്റെ ഒന്നാംഘട്ട ചരിത്രമാണ്.
1971-ലെ പാക്-ബംഗ്ലാ വിഭജനത്തിന് മുമ്പ് ബംഗ്ലാദേശ് അറിയപ്പെട്ടത് കിഴക്കന്‍ പാകിസ്താന്‍ എന്നായിരുന്നു. പാകിസ്താന്‍ ജമാഅത്ത് നിലവില്‍ വന്നപ്പോള്‍ കിഴക്കന്‍ പാകിസ്താന്‍ ജമാഅത്തിന്റെ ഒരു സജീവ ഘടകമായിരുന്നു. കിഴക്കന്‍ പാകിസ്താനില്‍ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ സജീവമായി രംഗത്തിറങ്ങിയവരാണ് മൗലാനാ അബ്ദുര്‍റഹീം, മൗലാനാ അബ്ദുല്‍ ഖാലിഖ്, മൗലാനാ അബ്ദുല്‍ കലാം യൂസുഫ്, മൗലാനാ അബ്ദുസ്സുബ്ഹാന്‍ ഖാന്‍, മൗലാനാ ഗുലാം അഅ്‌സം ഖാന്‍, മുതീഉര്‍റഹ്മാന്‍ നിളാമി തുടങ്ങിയവര്‍. പാക് ജമാഅത്തിന്റെ അസിസ്റ്റന്റ് അമീറായി വര്‍ത്തിച്ച മൗലാനാ അബ്ദുര്‍റഹീം പ്രത്യേകം സ്മരണീയനാണ്. മൗദൂദി രചനകള്‍ ബംഗാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. കൂടാതെ, തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനായ പ്രഫ. ഗുലാം അഅ്‌സം 1954-ല്‍ ജമാഅത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് കിഴക്കന്‍ പാകിസ്താന്റെ അമീറായി. ഗുലാം അഅ്‌സമിന്റെ പ്രവേശനത്തോടെയാണ് കിഴക്കന്‍ പാകിസ്താനില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായത്. ധാക്ക കേന്ദ്രീകരിച്ച് ഖുര്‍റം മുറാദും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1963 മുതല്‍ 1971 വരെ ധാക്ക അമീര്‍ കൂടിയായിരുന്നു അദ്ദേഹം.
1948-1971 കാലയളവില്‍ കിഴക്കന്‍ പാകിസ്താനുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ജമാഅത്തിന് പല വിഷയങ്ങളിലും ധീരമായ നിലപാടുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ അധികവും രാഷ്ട്രീയപരമായിരുന്നു. അത്തരമൊരു സങ്കീര്‍ണ വിഷയമായിരുന്നു ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന ബംഗ്ലാദേശ് വിമോചന പ്രക്ഷോഭം. കിഴക്കന്‍ പാകിസ്താനോടുള്ള പാക് ഭരണകൂടത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച്, പാകിസ്താനെ രണ്ടായി വിഭജിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭം. 1970-ലെ പൊതുതെരഞ്ഞെടുപ്പില്‍ മുജീബിന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് വന്‍ഭൂരിപക്ഷം നേടുകയുണ്ടായി. തുടര്‍ന്ന്, തങ്ങള്‍ 1966ല്‍ തയാറാക്കി സമര്‍പ്പിച്ച ആറിനപരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന പുനര്‍നിര്‍മിക്കണമെന്ന് അവാമിലീഗ് ഭരണകൂടത്തോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് യഹ്‌യാഖാന്‍ ഈ ആഹ്വാനം ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, മന്ത്രിസഭ രൂപീകരിക്കാന്‍ അവാമിലീഗിന് അനുവാദവും നല്‍കിയില്ല. ഇതോടെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തി.
ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തോട് സന്തുലിത നിലപാടാണ് പാകിസ്താന്‍ ജമാഅത്ത് സ്വീകരിച്ചത്. പാകിസ്താന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന പ്രാദേശിക-സാമുദായികാടിസ്ഥാനത്തിലുള്ള വിഭജനമെന്ന മുജീബിന്റെ ആശയത്തെ ശക്തിയുക്തം എതിര്‍ക്കുകയും വിവേചനം ഇല്ലാതാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പാകിസ്താന്‍ ജമാഅത്തിന്റെ ഈ നിലപാടിനൊപ്പം കിഴക്കന്‍ പാകിസ്താനിലെ ജമാഅത്തും നിലകൊണ്ടു. വിധിവൈപരീത്യമെന്നുപറയാം, 1971ല്‍ പാക് സൈന്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിനാണ് ഒടുവില്‍ മേല്‍ക്കൈ ലഭിച്ചത്. അങ്ങനെ 1971 ഡിസംബര്‍ 16-ന് കിഴക്കന്‍ പാകിസ്താന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശായി. വിമോചന പ്രക്ഷോഭത്തെ അനുകൂലിക്കാത്തതിന്റെ പേരില്‍ ഏറ്റവുമധികം വിലയൊടുക്കേണ്ടി വന്നത്, വിഭജനാനന്തരം നിലവില്‍വന്ന ബംഗ്ലാദേശ് ജമാഅത്ത് ഇസ്‌ലാമിക്കും. ഇപ്പോഴും അവാമിലീഗിന്റെ പ്രേത-ഭൂതങ്ങള്‍ ജമാഅത്തിനെ വേട്ടയാടികൊണ്ടിരിക്കുകയാണല്ലോ.
വിഭജനാനന്തരം പരീക്ഷണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പ്രവേശിച്ചത്. ബംഗ്ലാദേശിന്റെ പ്രഥമപ്രധാനമന്ത്രിയായി ശൈഖ് മുജീബുര്‍റഹ്മാന്‍ 1972-ല്‍ അവരോധിതനായി. തുടര്‍ന്ന്, ഒരു വര്‍ഷത്തിനകം പുതിയ ഭരണഘടന ഉണ്ടാക്കുകയും അതിനുകീഴെ 1973-ല്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. മികച്ച ഭൂരിപക്ഷത്തോടെ അവാമിലീഗ് അധികാരത്തില്‍ വരികയും 1975 വരെ മുജീബുര്‍റഹ്മാന്‍ പ്രധാനമന്ത്രിയായി തുടരുകയും ചെയ്തു. അധികാരത്തില്‍ വന്ന അവാമിലീഗ്, വിമോചനകാലത്ത് പാക് അഖണ്ഡതക്ക് വേണ്ടി നിലകൊണ്ട മുഴുവന്‍ സംഘടകനകളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി നിരോധിച്ചു. കൂട്ടത്തില്‍ ജമാഅത്തും ഉള്‍പ്പെട്ടു. നിരോധത്തോടൊപ്പം ജമാഅത്ത് അമീര്‍ ഗുലാം അഅ്‌സമിന്റെ പൗരത്വവും റദ്ദാക്കി. പൗരത്വം റദ്ദാക്കിയതിനാല്‍ വിദേശത്തായിരുന്നു ഏറെകാലം അദ്ദേഹം.
അവാമിലീഗിന്റെ ഭരണകാലയളവില്‍ വളരെ രഹസ്യമായിട്ടായിരുന്നു ജമാഅത്തിന്റെ പ്രവര്‍ത്തനം. ഈ സന്ദര്‍ഭത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മൗലാനാ സകരിയാ(1972-73), മാസ്റ്റര്‍ മുഹമ്മദ് ശഫീഖുല്ല(1973-74), മൗലാനാ അബ്ദുല്‍ ഖാലിഖ്(1974-75) തുടങ്ങിയവരായിരുന്നു.
ശൈഖ് മുജീബുര്‍റഹ്മാന്റെ ഇന്ത്യാ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ജനരോഷമുയരുകയും തുടര്‍ന്ന്, മുജീബ് ജനവികാരം അടിച്ചമര്‍ത്താന്‍ 1974-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്‍ഷ്യല്‍ ഭരണരീതി നടപ്പാക്കുകയും അധികാരം മുഴുവന്‍ തന്നില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ സൈന്യത്തിന്റെ നേതൃത്വത്തില്‍ പട്ടാളവിപ്ലവം നടക്കുകയും അധികാരം സൈന്യത്തിന്റെ കരങ്ങളില്‍ വരികയും ചെയ്തു. 1978-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയും പട്ടാള വിപ്ലവത്തിന് നേതൃത്വം കൊടുത്ത ജനറല്‍ സിയാഉര്‍റഹ്മാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1981 വരെ അദ്ദേഹം പ്രസിഡന്റായി തുടര്‍ന്നു. സിയാഉര്‍റഹ്മാന്‍ പ്രസിഡന്റായതിനെ തുടര്‍ന്ന് ജമാഅത്തിന്റെ നിരോധവും നിയന്ത്രണവും 1978-ല്‍ നീക്കം ചെയ്യപ്പെട്ടു. പ്രഫ. ഗുലാം അഅ്‌സമിനൊഴികെ എല്ലാവര്‍ക്കും പൗരത്വം തിരികെ ലഭിച്ചു. ഗുലാം അഅ്‌സമിന് നാട്ടിലേക്ക് തിരികെ വരാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. 1980ഓടെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി പുനരാരംഭിക്കുകയും ചെയ്തു.
നിരോധന കാലയളവില്‍ ഇസ്‌ലാമിക് ഡെമോക്രാറ്റിക് ലീഗ്(1976) എന്ന പേരില്‍ ഒരു മുന്നണിയുണ്ടാക്കി പരസ്യപ്രവര്‍ത്തനത്തിന് ജമാഅത്ത് മുതിര്‍ന്നത് പുതിയൊരു അനുഭവമായിരുന്നു. 1979-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയം നേടിയ 20 സ്ഥാനാര്‍ഥികളില്‍ 6 പേര്‍ ജമാഅത്ത് പ്രവര്‍ത്തകരായിരുന്നു. ഇസ്‌ലാമിക് ഡെമോക്രാറ്റിക് ലീഗെന്ന മുന്നണിക്ക് നേതൃത്വം നല്‍കിയതാകട്ടെ മൗലാനാ അബ്ദുര്‍റഹീമും.
1980 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി കഴിഞ്ഞിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. പ്രസ്തുത കാലയളവില്‍ സംഘടനക്ക് നേതൃത്വം നല്‍കിയത് രണ്ട് പേരായിരുന്നു. 2000 വരെ പ്രഫ. ഗുലാം അഅ്‌സമും തുടര്‍ന്ന് മുതീഉര്‍റഹ്മാന്‍ നിളാമിയും. ഗുലാം അഅ്‌സമിന്റെ പൗരത്വം പുനസ്ഥാപിക്കപ്പെടും വരെ അബ്ബാസ് അലിഖാന്‍ ആക്ടിംഗ് അമീറായി വര്‍ത്തിച്ചു.
1980കളില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ബംഗ്ലാദേശ് ജമാഅത്ത്. പട്ടാള ഏകാധിപതിയായ എച്ച്.എം ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെ ബീഗം ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുമായും ശൈഖ് ഹസീനാ വാജിദിന്റെ അവാമി ലീഗുമായും ചേര്‍ന്ന് ഏഴുവര്‍ഷം സംയുക്തപ്രക്ഷോഭം ജമാഅത്ത് നടത്തുകയുണ്ടായി.
1986-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ജമാഅത്തിന് 10 സീറ്റുകള്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി 10 സീറ്റുകളിലെയും ജമാഅത്ത് പ്രതിനിധികള്‍ 1987-ല്‍ രാജിവെച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടടത്ത് നിഷ്പക്ഷമായ കെയര്‍ടേക്കര്‍ ഭരണസംവിധാനമായിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1990ല്‍ ജമാഅത്ത് ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന ബി.എന്‍.പി ഗവണ്‍മെന്റ് കെയര്‍ടേക്കര്‍ സംവിധാനം ഭരണഘടനയുടെ ഭാഗമാക്കി അംഗീകരിച്ചു. കെയര്‍ടേക്കര്‍ സംവിധാനത്തിന് കീഴില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ ഏറക്കുറെ നിഷ്പക്ഷമായിരുന്നു.
1991ലേത് കെയര്‍ടേക്കര്‍ സംവിധാനത്തിന് കീഴില്‍ നടന്ന പ്രഥമ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു. 35 സീറ്റില്‍ മത്സരിച്ച ജമാഅത്തിന് 18 സീറ്റ് ലഭിച്ചു. കാബിനറ്റില്‍ ചേരാതെ ബി.എന്‍.പി ഗവണ്‍മെന്റിന് പുറത്തുനിന്ന് പിന്തുണ നല്‍കുകയാണ് ജമാഅത്ത് ചെയ്തത്. ബി.എന്‍.പി ഗവണ്‍മെന്റിന്റെ ഭരണരംഗത്തെ ജീര്‍ണത കാരണം അവാമിലീഗിനൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നയിക്കുകയും സ്വന്തം പാര്‍ലമെന്റ് പ്രതിനിധികളെ ഒടുവില്‍ രാജിവെപ്പിക്കുകയും ചെയ്തു. 1996ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 3 സീറ്റ് മാത്രമാണ് ജമാഅത്തിന് ലഭിച്ചത്. 2001 വരെ അധികാരത്തിലിരുന്നതാകട്ടെ അവാമിലീഗും.
2001 ല്‍ ഒക്‌ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി മികച്ച മുന്നേറ്റം നടത്തി. ബി.എന്‍.പി നേതൃത്വം നല്‍കുന്ന മുന്നണിക്കൊപ്പം നിന്നാണ് ജമാഅത്ത് മത്സരത്തില്‍ പങ്കെടുത്തത്. ബി.എന്‍.പി മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതില്‍ 17 അംഗങ്ങള്‍ ജമാഅത്ത് പ്രതിനിധികളായിരുന്നു. തുടര്‍ന്ന് വന്ന ബി.എന്‍.പി മന്ത്രിസഭയില്‍ ജമാഅത്തില്‍നിന്ന് രണ്ട് പേര്‍ കാബിനറ്റ് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷിവകുപ്പും പൊതുജനക്ഷേമ വകുപ്പുമാണ് കാബിനറ്റില്‍ ജമാഅത്ത് പ്രതിനിധികള്‍ക്ക് ലഭിച്ചത്. 2001 മുതല്‍ 2008 വരെയുള്ള ഈ ചെറിയ ഇടവേള ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സുവര്‍ണ ദശയായിരുന്നു.
ബംഗ്ലാദേശ് ജമാഅത്ത് ഇപ്പോള്‍ അനുഭവിക്കുന്ന പീഢനഘട്ടം ആരംഭിക്കുന്നത് 2008ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെയാണ്. ദയനീയ പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തിന് സംഭവിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശൈഖ് ഹസീനാ വാജിദ്, 1971-ലെ യുദ്ധക്കുറ്റം ചുമത്തി ജമാഅത്തിനും ജമാഅത്ത് പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ്. അവാമി ലീഗ് പൊടുന്നനെ ജമാഅത്ത് വിരുദ്ധ നടപടി സ്വീകരിക്കാന്‍ പ്രത്യേകമായൊരു പശ്ചാത്തലമുണ്ട്. തികച്ചും രാഷ്ട്രീയമായ പ്രതിസന്ധിയിലൂടെയാണ് അവാമിലീഗ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ നിലക്ക് കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍ ഫലം അമ്പേ പരാജയമായിരിക്കുമെന്ന് മാത്രമല്ല, ജമാഅത്തുള്‍പ്പെടെ ബീഗം ഖാലിദാ സിയയുടെ ബി.എന്‍.പിയായിരിക്കും അധികാരത്തില്‍ വരികയെന്നും അവാമിലീഗ് ഭയക്കുന്നു. ജമാഅത്തിനെതിരെ ഇസ്‌ലാമോഫോബിയ കളിച്ചാല്‍ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെ തന്ത്രപൂര്‍വം മറയിടാനാവുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരകസേര ഉറപ്പിക്കാനാവുമെന്നുമുള്ള മിഥ്യാധാരണയില്‍ നിന്നാണ് അവാമിലീഗിന്റെ ജമാഅത്തിനോടുള്ള പകപോക്കല്‍ രാഷ്ട്രീയനയം ആരംഭിക്കുന്നത്.
അന്യായവും തീര്‍ത്തും അനീതിപരവുമായ നടപടികളാണ് ജമാഅത്തിനെതിരെ ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് വിമോചനസമരകാലത്ത് പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് കൊലപാതകം, ഗൂഢാലോചന, രാജ്യദ്രോഹം എന്നീ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ടാണ് 1971 യുദ്ധക്കുറ്റം ചുമത്തി ജമാഅത്തിനെതിരെ ഭരണകൂടം ഈര്‍ഷ്യം തീര്‍ക്കുന്നത്. വിചാരണക്കുവേണ്ടി ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ പ്രാദേശിക കോടതികളും സ്ഥാപിച്ചിരിക്കുന്നു. ഈ ട്രൈബ്യൂണലുകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെയോ മറ്റു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയോ അംഗീകാരമില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനകം തന്നെ ധാരാളം ജമാഅത്ത് പ്രവര്‍ത്തകരെ ശിക്ഷക്ക് വിധിച്ചിരിക്കുന്നു കോടതികള്‍. അഞ്ച് വന്ദ്യവയോധികരെ വധശിക്ഷക്ക് വിധിച്ചതും 90 വയസ് പ്രായമുള്ള പ്രഫ. ഗുലാം അഅ്‌സമിന് 90 വര്‍ഷത്തെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതും അവയില്‍ പ്രധാനമാണ്. കൂടാതെ, ധാരാളം പേരെ അറസ്റ്റിന് വിധേയമാക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും ഒടുവില്‍ 2013 ആഗസ്റ്റ് ഒന്നിന് ജമാഅത്തെ ഇസ്‌ലാമിയുടെ അംഗീകാരവും ബംഗ്ലാദേശ് ഹൈകോടതി റദ്ദാക്കുകയുണ്ടായി.
അവലംബം:
1. 1988: അല്‍ മുജ്തമഅ്
2. Official Website of Bangladhesh Jamaate Islami.
3. ഇസ്‌ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച്
4. ഇസ്‌ലാമിക സമൂഹം ചരിത്രസംഗ്രഹം, ഐ.പി.എച്ച്.