ജനാധിപത്യവാദികള്‍ ബാരക്കുകള്‍ക്ക് പിന്നിലാണ്

താരിഖ് റമദാന്‍‌‌
img

അറബ് ഉയിര്‍പ്പിനെയും സമീപകാലത്തെ ഈജിപഷ്യന്‍ തുനീഷ്യന്‍ പ്രതിസന്ധികളെയും കുറിച്ച് ഞാന്‍ നടത്തിയ വിശകലനം ഏറെ പ്രതികരണങ്ങള്‍ വരുത്തി. അറബ് മുന്നേറ്റവും അതിന്റെ ചരിത്രവും തദനുബന്ധമായ പ്രശ്‌നങ്ങളെയും സംബന്ധിച്ച് 'ഇസ്‌ലാമും അറബ് മുന്നേറ്റങ്ങളും' എന്ന പുസ്തകത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാല സംഭവങ്ങള്‍ എന്റെ നിലപാടുകളെ ശരിവെക്കുന്നുണ്ട്. ആ പുസ്തകം വായിക്കുന്നത് കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സഹായിക്കും എന്ന് എന്റെ വായനക്കാരെ ഞാന്‍ ഉണര്‍ത്തുന്നു.
    രാഷ്ട്രീയ ഇസ്‌ലാമിനെയും അതിന്റെ ചരിത്രവികാസത്തെയും സംബന്ധിച്ച എന്റെ നിലപാട് പുതിയതും അവസരവാദവുമാണ് എന്ന് വാദിക്കുന്നവര്‍ക്ക് ഞാനെന്റെ പഴയ പുസ്തകങ്ങള്‍ നിര്‍ദേശിക്കുന്നു. കഹെമാ, വേല ംലേെ മിറ വേല രവമഹഹലിഴല െീള ാീറലൃിശ്യേ(1995), ഞമറശരമഹ ഞലളീൃാ(2007) എന്നീ അറബ് മുന്നേറ്റത്തിന് മുന്‍പ് എഴുതിയ പുസ്തകങ്ങള്‍ രാഷ്ട്രീയം, വിമോചനം, സാമ്പത്തിക-സാമൂഹിക അധികാര-പ്രത്യധികാരങ്ങള്‍ എന്നിവയെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടുകള്‍ കൃത്യമായി വിശദീകരിക്കുന്നു. എന്റെ സമീപകാല ലേഖനങ്ങളധികം പഴയ ആ നിലപാടുകളെ കൂടുതലായി വിശദീകരിക്കുന്നവയും സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ ശക്തിപ്പെടുന്നവയുമാണ്. 1980കളുടെ അവസാനത്തില്‍ സുഡാനും അള്‍ജീരിയയും ഈജിപ്തും ഫലസ്ത്വീനുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതേ വിശകലന രീതി തന്നെയാണ് ഞാന്‍ പുലര്‍ത്തിയിരുന്നത്.
    അതേസമയം ഈജിപ്തിലും തുനീഷ്യയിലും നടക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ക്കും സെക്യുലരിസ്റ്റുകള്‍ക്കുമിടയിലെ സംവാദങ്ങളെ സംബന്ധിച്ച വിശദമായ ഒരു വിമര്‍ശം ഞാന്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ പട്ടാള അട്ടിമറിയോടുള്ള എന്റെ നിലപാട് കാരണം പലരും എന്നെ മുര്‍സി അനുകൂലനെന്നും ബ്രദര്‍ഹുഡ്-ഇസ്‌ലാമിസ്റ്റ് അനുകൂലിയെന്നുമൊക്കെ മുദ്രകുത്തുന്നുണ്ട്. കാര്യങ്ങള്‍ അതീവ ലളിതമായിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. മുര്‍സി ഗവണ്‍മെന്റിനെ സ്ഥാനഭ്രഷ്ടനാക്കിയതിനോടും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രത്യയശാസ്ത്ര നിലപാടിനോടും എനിക്കുള്ള സമീപനത്തില്‍ ആര്‍ക്കും വ്യക്തതക്കുറവ് ആരോപിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും ഉദാരമനസാക്ഷികളും സൈന്യത്തിന്റെ സുഹൃത്തുക്കളും ഒന്നും കണ്ടില്ലെന്ന് നടിക്കുകയും അവരുടെ പ്രതിപക്ഷത്തെ ഒന്നാകെ 'ഇസ്‌ലാമിസ്റ്റുകള്‍' 'തീവ്രവാദികള്‍' എന്ന് അടച്ചാക്ഷേപിക്കുകയുമാണ്.
    ആഴ്ചകളായി തെരുവില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളും പുരുഷന്മാരും മുര്‍സി അനുകൂലികളെന്നു അവതരിപ്പിക്കപ്പെട്ടു, പിന്നീട് ബ്രദര്‍ഹുഡ് അംഗങ്ങളെന്നും. ഇത്തരം വ്യാജമായ വിഭജനങ്ങളധികം ഔദ്യോഗിക മാധ്യമ പ്രചാരണങ്ങളുടെയും അതേറ്റു പിടിക്കുന്ന ലോകത്തെ 80 ശതമാനത്തോളം പടിഞ്ഞാറന്‍ മാധ്യമങ്ങളുടെയും സൃഷ്ടി മാത്രമാണ്. തെരുവില്‍ ഇനിയും നിലക്കാത്ത പ്രക്ഷോഭങ്ങളെ അവര്‍ ലളിതമായി ഇത്തരം പ്രയോഗങ്ങളുപയോഗിച്ച് മുദ്രകുത്തി ഒതുക്കുകയാണ്. വാസ്തവത്തില്‍ പ്രതിഷേധക്കാര്‍ അണിനിരന്നത് പട്ടാള അട്ടിമറിക്ക് വിരുദ്ധമായി എന്ന നിലയിലാണ്. മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളല്ലാത്ത സ്ത്രീ പുരുഷന്മാര്‍ അനേകമുണ്ടവിടെ. സലഫിസ്റ്റുകളിലും ഇസ്‌ലാമിസ്റ്റുകളിലും പെടാത്തവരും അനവധി. യുവാക്കളായ ബ്ലോഗര്‍മാരും കോപ്റ്റിക്കുകളും മതേതരചിന്താഗതിയുള്ളവരും അവരിലുണ്ട്.
    ഈജിപ്ഷ്യന്‍ ആര്‍മി രാഷ്ട്രീയപരമായി അത്ര നിഷ്‌കളങ്കമൊന്നുമല്ല. വളരെ വ്യക്തമായ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങളും അമേരിക്കയുമായുള്ള ബന്ധവുമൊക്കെ തന്നെയാണ് അവരുടെ നിലാടുകളെ രൂപപ്പെടുത്തുന്നത്. ഇസ്രയേല്‍ അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ക്കും കൃത്യമായ തന്ത്രങ്ങള്‍ ഈ ബന്ധത്തിലുണ്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഭീരുത്വം നിറഞ്ഞ നിര്‍വികാരതയും അമേരിക്കന്‍ സഹായവും മാധ്യമ പിന്തുണയും നല്‍കുന്ന വിശാല പ്ലാറ്റ്‌ഫോമിലാണ് ഇപ്പോള്‍ മിലിട്ടറി ഭരണം മുന്നോട്ടു പോകുന്നത് തന്നെ. കൊലപാതകവും പീഢനവും ജയിലറകളുമാണ് ഇന്ന് ഈജിപ്ഷ്യന്‍ ജനജീവിതം.
    പതിവുപോലെ സ്റ്റേറ്റ് മാധ്യമങ്ങള്‍ വിവരങ്ങളും വാര്‍ത്തകളും പടക്കുന്നു. നുണകള്‍ എഴുന്നള്ളിക്കുന്നു. ആളുകളെ കൊന്നൊടുക്കുന്ന പോലീസും സായുധസേനയും സ്വയംരക്ഷയുടെ ന്യായീകരണങ്ങള്‍ ഉന്നയിക്കുന്നു. മാരകായുധങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തൊടുക്കുന്നു. മരിച്ചുവീണവരുടെ കണക്കുകള്‍ വ്യവസ്ഥാപിതമായി മറച്ചുവെക്കുകയോ കുറച്ചുപറയുകയോ ചെയ്യുന്നു. രക്തസാക്ഷിയായവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന പള്ളികള്‍ വ്യാപകമായി കത്തിച്ചു ചാമ്പലാക്കിക്കൊണ്ട് തെളിവുകള്‍ നശിപ്പിക്കുന്നു. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പള്ളികളിലെത്തുന്നവരെക്കൊണ്ട്, നടന്നത് ആത്മഹത്യ ആണെന്ന് പറയിപ്പിക്കുകയും രേഖകളുണ്ടാക്കുകയും ചെയ്യുന്നു. പുതിയ ഭീകരപ്രവര്‍ത്തനങ്ങളും പഴയ രീതികളും വൈകിയാണെങ്കിലും പ്രതിഷേധക്കാര്‍ക്ക് നേരെ ഉപയോഗിക്കപ്പെട്ട ആയുധങ്ങളുടെ അളവും തോതും നശീകരണക്ഷമതയും പുറംലോകം കണ്ടു. പക്ഷേ, ആറാഴ്ചത്തെ കഠിനയത്‌നം, മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍, പട്ടാള ഭീകരത ഏല്‍പിച്ച ക്ഷീണം ഒക്കെ കാരണം അതുപയോഗപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ അബ്ദുല്‍ ഫത്താ സീസിയുടെ മറ്റൊരു കുതന്ത്രവും നമ്മള്‍ കണ്ടുകഴിഞ്ഞു. ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ കത്തിക്കുകയും അതു ചെയ്തത് പ്രതിഷേധക്കാരാണെന്ന് പ്രചരിപ്പിക്കുകയും അങ്ങനെ ഒരു കോപ്റ്റിക്-മുസ്‌ലിം സംഘര്‍ഷത്തിനുള്ള മൈതാനം ഒരുക്കുകയും ചെയ്തു. ഇസ്‌ലാമിക തീവ്രവാദം എന്ന സംജ്ഞ ഇവിടെ മനോഹരമായി ഉപയോഗിക്കപ്പെട്ടു. ഇതിലൂടെ കൊലകള്‍ക്ക്  പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പിന്തുണയും സീസി ഉറപ്പാക്കി. കല്ലൊന്ന്, പക്ഷി രണ്ട്. അങ്ങനെ മിലിട്ടറിയെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളായി മാറ്റപ്പെട്ടു. കൂട്ടക്കൊലയുടെ ഘട്ടത്തില്‍പോലും അഹിംസ സമീപനം സ്വീകരിച്ചവര്‍ അവസാന ഘട്ടം അക്രമണോത്സുകരാവുക പോലുമുണ്ടായി. ആരാണിവിടെ വിഡ്ഢികളാക്കപ്പെട്ടതെന്ന് പോലും ആശയക്കുഴപ്പമുണ്ടായി.
    ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച കേന്ദ്ര ചോദ്യം ഈജിപ്തില്‍ അവശേഷിക്കുന്നു. ഇസ്‌ലാമിസ്റ്റുകളോട് നിതാന്തമായ വൈരം പുലര്‍ത്തുന്നവര്‍ അന്യായമായ മിലിട്ടറി ഭരണത്തിന്റെ പക്ഷത്തു ചായുന്നുണ്ട്. മിലിട്ടറിയെ ഇന്ന് പിന്തുണക്കുന്നവര്‍ ഒരിക്കല്‍ മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്. എന്നിട്ടും ജനാധിപത്യ പരിപാടികള്‍ വിശദീകരിച്ചു തരുന്നവര്‍ ബാരക്കുകളുടെ പിറകിലാണ്, കെടുകാര്യസ്ഥതയുടെ ഉള്ളിലാണ്, ആടി ഉലയുന്ന മധ്യപൂര്‍വദേശത്തിലെ കൊടുങ്കാറ്റില്‍  പെട്ടിരിക്കുകയാണ്. പീഢാത്മകമായ 'വിമോചനവും' അനുതാപൂര്‍ണമായ 'പുരോഗമനാത്മകത'യും അവരുടെ ചെയ്തികള്‍ക്ക് എത്രമേല്‍ ന്യായീകരണം നല്‍കുമെന്ന് കാലം തെളിയിക്കും.
വിവ: മുഹമ്മദ് ഷാ

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top