ഇസ്‌ലാമോഫോബിയ കാലത്തെ മഴവില്‍ സഖ്യങ്ങള്‍
സി.ദാവൂദ്
സാര്‍വദേശീയ സംഭവവികാസങ്ങളോട് ചടുലമായി പ്രതികരിക്കുകയെന്നത് കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ ഏറെ മുമ്പിലാണ് താനും. ക്യൂബക്ക് വേണ്ടി പിടിയരി കലക്ഷന്‍ പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് വന്‍വിജയമാകുന്നത് ഈ പ്രബുദ്ധതയുടെ ഭാഗമായിട്ടാണ്. സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ബഗ്ദാദിലും ഗസ്സയിലും ബോംബുകള്‍ വന്നുവീഴുമ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും കൂട്ടിലങ്ങാടിയിലുമെല്ലാം പ്രകടനങ്ങള്‍ നടക്കുന്നതും ഇതിന്റെ സൂചകം തന്നെ. സാര്‍വദേശീയ സംഭവങ്ങളെ സൂക്ഷ്മമായി പിന്തുടരുകയും അതില്‍ നിലപാടുകള്‍ സ്വീകരിക്കുകയും തങ്ങളുടെ അജണ്ടകളില്‍ സാര്‍വദേശീയ പരിപ്രേക്ഷ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഇടതുപക്ഷക്കാര്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കും കേരളത്തില്‍ വലിയ സ്വാധീനമുണ്ട് എന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സാര്‍വദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചൂടുസ്ഥലമായ പശ്ചിമേഷ്യയുമായി കേരളത്തിനുള്ള സവിശേഷമായ ബന്ധവും ഇതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയില്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് ഏറ്റവും പ്രധാന്യം നല്‍കുന്ന പ്രാദേശിക പത്രങ്ങള്‍ മലയാളത്തിലേതാണ്. അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് അരപ്പേജെങ്കിലും നല്‍കാത്ത മലയാള പത്രങ്ങള്‍ അപൂര്‍വം. ഇതാകട്ടെ, 1987ല്‍, ഇസ്‌ലാമിസ്റ്റുകളുടെ മുന്‍കൈയില്‍ മാധ്യമം പ്രസിദ്ധീകരണം തുടങ്ങിയ ശേഷം മലയാള മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചു പോന്ന ഒരു പ്രവണതയാണ്. അന്താരാഷ്ട്ര വാര്‍ത്തകള്‍ക്കായി മാത്രം ഒരു പേജ് നീക്കിവെച്ചുകൊണ്ട് മാധ്യമം അന്ന് മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചു. അതിന് ശേഷമാണ് മറ്റു മലയാള പത്രങ്ങളും അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയത്. അന്താരാഷ്ട്ര വാര്‍ത്തകളുടെ കാര്യത്തില്‍ പശ്ചിമേഷ്യന്‍ സംഭവങ്ങള്‍ക്കാണ് മാധ്യമം പ്രാധാന്യവും മുന്‍ഗണനയും നല്‍കാറുള്ളത്. മറ്റ് പത്രങ്ങളും ഇക്കാര്യത്തില്‍ മാധ്യമത്തിന്റെ വഴി തന്നെ പിന്തുടര്‍ന്നു.
അറബ് വസന്ത വിപ്ലവങ്ങളും തുടര്‍ സംഭവങ്ങളും ഇന്ത്യയിലെ മറ്റ് പ്രാദേശിക പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള പത്രങ്ങളില്‍ സാമാന്യം സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണവും ഈ പശ്ചാത്തലമാണ്. പൊതുവെ അന്താരാഷ്ട്ര വാര്‍ത്തകളുടെ കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന കേരളത്തിലെ ദൃശ്യമാധ്യമങ്ങളും ഇപ്പോള്‍ ഇക്കാര്യത്തില്‍ അല്‍പം കൂടി സജീവമാണ്.
സാര്‍വദേശീയ പ്രശ്‌നങ്ങളുമായുളള മലയാളിയുടെ ഈ സജീവ സമ്പര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞ മാസങ്ങളിലുണ്ടായ ഈജിപ്ഷ്യന്‍ പ്രശ്‌നങ്ങളെ മലയാളി എങ്ങനെ നോക്കിക്കണ്ടു എന്നു പരിശോധിക്കാന്‍. ഒരു കാര്യം ഉറപ്പാണ്; ഇന്ത്യയിലെ മറ്റു പ്രാദേശിക പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈജിപ്ഷ്യന്‍ സംഭവങ്ങള്‍ക്ക് സാമാന്യം നല്ല കവറേജ് മലയാളത്തിലെ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു പക്ഷേ, കേരളത്തില്‍ തന്നെ പ്രചാരത്തിലുള്ള, സാര്‍വദേശീയ വാര്‍ത്തകള്‍ക്ക് മികച്ച പ്രാമുഖ്യം നല്‍കാറുള്ള ദ ഹിന്ദു പത്രത്തെക്കാള്‍ നന്നായി അത് മലയാള പത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
പക്ഷേ, ഈജിപ്ത് പ്രശ്‌നത്തിന്റെ രാഷ്ട്രീയ, നൈതിക മാനങ്ങളെ ഒരു പ്രബുദ്ധ ജനാധിപത്യ സമൂഹം അഭിമുഖീകരിക്കേണ്ട അളവില്‍ മലയാളി അഭിമുഖീകരിച്ചുവോ എന്ന് ചോദിച്ചാല്‍ നിഷേധാത്മകമായിരിക്കും അതിന്റെ മറുപടി. തീര്‍ച്ചയായും കേരളത്തിന്റെ തെരുവുകളില്‍ ഈജിപ്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തെരുവുമൂലകളില്‍ അത് സജീവമായി നിലനിര്‍ത്തുന്നതില്‍ ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നല്ലൊരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകരെ ഈജിപ്തിലെ ജനാധിപത്യ പുനസ്ഥാപന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ചു കൊണ്ടുള്ള സദസ്സുകളില്‍ എത്തിക്കുവാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. കയ്‌റോവിലെ റാബിയ അദവിയ പ്രക്ഷോഭ ചത്വരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയില്‍ റാബിയ ചത്വരം പുനഃസൃഷ്ടിച്ചത് പുതിയൊരു അനുഭവമായിരുന്നു. അല്‍ജസീറ പോലുള്ള സാര്‍വദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തതും പ്രസ്താവ്യം തന്നെ. ഈജിപ്തിലെ സൈനിക അട്ടിമറിയെ അപലപിക്കാന്‍ സന്നദ്ധമാകാത്ത, ജനാധിപത്യ പുനസ്ഥാപന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊന്ന സൈനിക നൃശംസതയെ പിന്തുണക്കുന്ന ഇടതുപക്ഷ നിലപാടിനെ ചോദ്യം ചെയ്യാനും കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ട് വന്നു. ഇടതുപക്ഷത്തിന് ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യങ്ങള്‍ ഈജിപ്തിനെ മുന്‍നിര്‍ത്തി അവര്‍ ചോദിച്ചു കൊണ്ടിരുന്നു. മലാലാ യൂസുഫ്‌സായ് എന്ന, താലിബാന്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുക മാത്രം ചെയ്ത പാക് ബാലികയുടെ ഫ്‌ളക്‌സ് കേരളമാകെ പ്രദര്‍ശിപ്പിച്ച കേരളത്തിലെ ഇടതു യുവജന പ്രസ്ഥാനങ്ങള്‍, റാബിയ ചത്വരത്തില്‍ സത്യഗ്രഹത്തിനിടെ വെടിയേറ്റ് മരിച്ച അസ്മ ബെല്‍താജി എന്ന 17കാരിയെ മറക്കുന്നതെങ്ങിനെ എന്ന ചോദ്യം ഉയര്‍ത്തുവാനും യുവ ഇസ്‌ലാമിസ്റ്റുകള്‍ സന്നദ്ധരായി. ഈ ചോദ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റു പൊതുസ്ഥലികളിലും ശക്തമായ സംവാദമായി ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വത്തിനും സൈനിക ഭരണകൂടത്തിനും സല്യൂട്ട് ചെയ്യുന്ന സി.പി.എം നിലപാട് തിരിച്ചറിയാന്‍ ആഹ്വാനം ചെയ്തു കൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പോസ്റ്റര്‍ കാമ്പയിനിംഗ് സംഘടിപ്പിച്ചു. സാര്‍വദേശീയ നിലപാടുകളുടെ പേരിലാണ് കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും അടുത്ത കാലത്തായി ഏറ്റവും അടുക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതെങ്കില്‍ മറ്റൊരു സാര്‍വദേശീയ പ്രശ്‌നത്തിന്റെ പേരില്‍ അവര്‍ മുഖാമുഖം വരുന്ന അനുഭവമാണ് ഈജിപ്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. (ഇതാകട്ടെ, ആഗോള തലത്തില്‍ തന്നെ ഒരു ഇസ്‌ലാമിസ്റ്റ്-ഇടതുപക്ഷ സംവാദമായി വളര്‍ന്നിട്ടുണ്ട് എന്നും കാണാവുന്നതാണ്. ഈജിപ്തില്‍ തന്നെയും മുബാറകിന്റെ സൈനിക സ്വേഛാധിപത്യത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിച്ചവരാണ് ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും. മുബാറക് യുഗത്തിലെ സൈനിക മുഷ്‌കുകള്‍ക്ക് നേതൃത്വം നല്‍കിയ അതേയാളുകളുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട അട്ടിമറിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് ഇടതുപക്ഷമാണെന്നത് ചരിത്രത്തിലെ വലിയൊരു വിരോധാഭാസം. എന്നാല്‍, സൈനിക അട്ടിമറിയെ പിന്തുണച്ച ഇടതുപക്ഷത്തെയും സൈനിക ഭരണകൂടം വേട്ടയാടിത്തുടങ്ങിയെന്നാണ് ഇതെഴുതുമ്പോള്‍ ഈജിപ്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍.)
ഒരു അന്താരഷ്ട്ര സംഭവത്തിന് കേരളം പോലുള്ള പ്രദേശത്ത് ലഭിക്കാവുന്ന ശ്രദ്ധ ഈജിപ്ത് സംഭവത്തിന് ലഭിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ നമ്മുടെ ജനാധിപത്യ, പുരോഗമന വരേണ്യത വിഷയത്തോട് പ്രതികരിക്കേണ്ട അളവില്‍ പ്രതികരിച്ചുവോ എന്ന വിമര്‍ശവും പ്രസക്തമാണ്. ലളിതമായി പറഞ്ഞാല്‍, അടുത്ത കാലത്ത് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും പിന്തിരിപ്പനായ ഒരു ജനാധിപത്യ അട്ടിമറിയായിരുന്നു ഈജിപ്തില്‍ നടന്നത്. ഐതിഹാസികമായ അറബ് വസന്ത വിപ്ലവത്തിന് ശേഷം, 2012 ജനുവരി 12 നാണ് ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്വതന്ത്രമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവുന്നത്. 1928ല്‍ രൂപീകൃതമായ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 235 സീറ്റോടെ 37.5 ശതമാനം വോട്ട് വാങ്ങി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. തുടര്‍ന്ന് 2012 ജൂണ്‍ 30ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എഫ്.ജെ.പിയുടെ സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മുര്‍സി 51.73 ശതമാനം വോട്ട് നേടി രാജ്യത്തിന്റെ ആദ്യത്തെ ജനാധിപത്യ പ്രസിഡന്റായി. പാര്‍ലമെന്റിനാല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സമിതി തയാറാക്കിയ പുതിയ ഭരണഘടന ഹിത പരിശോധനക്ക് വിധേയമാക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഒരു പക്ഷേ, വിപ്ലവാനന്തര ഈജിപ്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു അത്. പുതിയ ഭരണഘടനക്കെതിരെ രാജ്യത്തെ സെക്യുലറിസ്റ്റുകളും ഇടതുപക്ഷക്കാരും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും അതിഭീകരമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു വരികയായിരുന്നു. എന്നാല്‍, 2012 ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന ഹിതപരിശോധനയില്‍ 63.83 ശതമാനം ജനങ്ങളും ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു. 2012ല്‍ കുറഞ്ഞ ഇടവേളകളില്‍ നടന്ന സുപ്രധാനമായ ഈ മൂന്ന് ജനകീയ തെരഞ്ഞെടുപ്പു ഫലങ്ങളുടെയും പാറ്റേണ്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന കാര്യമിതാണ്. മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഓരോ തെരഞ്ഞെടുപ്പിലും ജനപിന്തുണ വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ജനുവരിയിലെ പാര്‍ലെന്റ് തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട്, ജൂണിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 51 ശതമാനം, ഡിസംബറിലെ ഹിതപരിശോധനയില്‍ 63 ശതമാനം. അതായത്, എതിര്‍പ്പുകളും പിശാചുവത്കരണ പ്രചാരണങ്ങളും ശക്തിപ്പെടുന്ന മുറക്ക് മുഹമ്മദ് മുര്‍സിയുടെ പിന്തുണ വര്‍ധിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇങ്ങനെ, നിരന്തരം ജനപിന്തുണ പുതുക്കിക്കൊണ്ടേയിരുന്ന ഒരു പ്രസിഡന്റിനെയാണ് അദ്ദേഹം സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോഴേക്ക് (2013 ജൂണ്‍ 30) ജനപിന്തുണ ഇല്ല എന്ന് പ്രഖ്യാപിച്ച് സൈന്യം പുറത്താക്കുന്നത്. ജനപിന്തുണ ഇല്ല എന്ന തെളിയിച്ച രീതി അതിവിചിത്രമാണ്. അതിനിടയില്‍ രൂപം കൊണ്ട തമര്‍റുദ് (റെബല്‍) എന്ന യുവജന കൂട്ടായ്മ രാജ്യമെങ്ങും ജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചുവത്രെ. 22 മില്യന്‍ ജനങ്ങള്‍ തമര്‍റുദിന്റെ കാമ്പയിനില്‍ ഒപ്പുവെച്ചുവെന്നാണ് അവകാശവാദം. നിയമപരമായ പിന്തുണയോ നിഷ്പക്ഷ നിരീക്ഷകരുടെ അംഗീകാരമോ ഇല്ലാതെ, പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു സംഘടന ശേഖരിച്ചുവെന്ന് അവകാശപ്പെടുന്ന ഒപ്പുകളുടെ പേരില്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പില്‍ ജനം അംഗീകരിച്ച ഒരു ഭരണകൂടത്തെ അട്ടിമറിക്കുന്നത് അങ്ങേയറ്റം വിചിത്രം തന്നെയാണ്. തമര്‍റുദിന്റെ ഒപ്പുശേഖരണ കാമ്പയിന്‍ മുന്നേറുന്ന മുറക്ക് വിവിധ ഇടതുപക്ഷ, മതേതര സംഘടനകളുടെ നേതൃത്വത്തില്‍ തെരുവ് പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടായിരുന്നു. പക്ഷേ, പ്രക്ഷോഭങ്ങളെക്കുറിച്ച് പൊലിപ്പിച്ച വാര്‍ത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ഈജിപ്ഷ്യന്‍ മാധ്യമങ്ങളും നല്‍കിക്കൊണ്ടിരുന്നത്. ഏതാനും ആയിരങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ വന്നുചേരുമ്പോഴേക്കും മില്യന്‍ കണക്കിന് ജനം തെരുവിലിറങ്ങി എന്ന മട്ടിലാണ് വാര്‍ത്തകള്‍ വരിക. വന്‍ വ്യവസായ കുത്തകള്‍ക്ക് കീഴിലുള്ള മാധ്യമങ്ങളും സര്‍ക്കാര്‍ മാധ്യമങ്ങളും മാത്രമാണ് ഈജിപ്തിലുള്ളത്. കടുത്ത മുബാറക് ഭക്തിയും ബ്രദര്‍ഹുഡ് വിരുദ്ധതയും, സഭ്യതയുടെയും പത്രപ്രവര്‍ത്തന തത്വങ്ങളുടെയും സകല സീമകളും ലംഘിച്ച് പ്രസരിപ്പിക്കുക എന്നതാണ് ഇവ ചെയ്തുകൊണ്ടിരുന്നത്. മുര്‍സി സര്‍ക്കാര്‍ സൂയസ് കനാലും പിരമിഡുകളും ഖത്തറിന് വില്‍ക്കാന്‍ തീരുമാനിച്ചുവെന്നുവരെ ഒന്നാം പേജില്‍ വെണ്ടക്ക നിരത്തിയ പത്രങ്ങള്‍ ഈജിപ്തിലുണ്ട്! സര്‍ക്കാര്‍ മാധ്യമങ്ങളുടെ തലപ്പത്തെല്ലാം മുബാറക് കാലത്ത് അവരോധിതരായ പത്രപ്രവര്‍ത്തകന്മാരാണ്. ഇവരില്‍ ആരെയെങ്കിലും തത്സ്ഥാനത്ത് നീക്കാന്‍ പോലും മുര്‍സി ഭരണകൂടത്തിന് സാധിച്ചിക്കുകയുണ്ടായില്ല. പൊലീസ്, സൈന്യം, മാധ്യമം, ജുഡീഷ്യറി എന്നീ സുപ്രധാനമായ സ്ഥാപനങ്ങളെല്ലാം മുബാറക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. അതിനിടയിലാണ് മുഹമ്മദ് മുര്‍സി ഒരു വര്‍ഷം തന്റെ ഭരണം മുന്നോട്ട് കൊണ്ട് പോയത്. അപ്പോള്‍ പോലും ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പിന്തുണ കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
അത്തരമൊരു ഭരണകൂടത്തെ പിരിച്ചുവിട്ടുവന്ന് മാത്രമല്ല, അതില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ വിശുദ്ധ റമദാന്‍ മാസത്തില്‍ ക്രൂരമായി കൂട്ടക്കൊല ചെയ്യുകയുമായിരുന്നു. റാബിയ ചത്വരത്തിലെ സത്യഗ്രഹത്തെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഗാന്ധിയന്‍ അനുഭവം എന്നാണ് പ്രമുഖ അമേരിക്കന്‍ സൈദ്ധാന്തികനായ നോര്‍മല്‍ ഫിങ്കല്‍സ്റ്റീന്‍ വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരു മാസത്തോളം ഒരു തെരുവില്‍ രാപ്പകല്‍ സമ്മേളിക്കുകയെന്ന അത്യപൂര്‍വമായ സമരമായിരുന്നു അത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആ ജനക്കൂട്ടത്തിന് നേരെയാണ് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് ഈജിപ്ഷ്യന്‍ സൈന്യം വെടിവെച്ചതും ആയിരത്തിലേറെ പേരെ കൊന്നൊടുക്കിയതും. അവിടെ കൂട്ടിയിട്ട മൃതദേഹങ്ങള്‍ കത്തിക്കാന്‍ പോലും സൈന്യം സന്നദ്ധമായി. തുടര്‍ന്ന് മനുഷ്യവേട്ടയുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ക്കാണ് ആ രാജ്യം സാക്ഷ്യം വഹിച്ചത്. ബ്രദര്‍ഹുഡ് നേതൃത്വത്തെ ഒന്നടങ്കം തുറുങ്കിലടച്ചു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. രാജ്യത്ത് അടിയന്തിരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള ബ്രദര്‍ഹുഡ് പ്രസ്ഥാനത്തെ അനിശ്ചിത കാലത്തേക്ക് നിരോധിക്കുകയും ചെയ്തു.
ഈജിപ്തിലെ ജനാധിപത്യ ഭരണം തുടരുകായിരുന്നെങ്കില്‍ അത് അറബ് മേഖലക്ക് തന്നെ വലിയ ഗുണം നല്‍കുമായിരുന്നു. പരമ്പരാഗത ഫ്യൂഡല്‍, അര്‍ധ ഫ്യൂഡല്‍ ഭരണ സമ്പ്രദായങ്ങളും സാമൂഹിക ഘടനയും നിലനല്‍ക്കുന്ന അറബ് ദേശങ്ങളിലാകമാനം മാറ്റം കൊണ്ടുവരാന്‍ ഈജിപ്തിലെ ജനാധിപത്യത്തിന് കഴിയുമായിരുന്നു. എന്നാല്‍, ഈജിപ്തിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യോജിച്ചു പ്രവര്‍ത്തിച്ചത് ഈ ഫ്യൂഡല്‍ ഭരണകൂടങ്ങളും ഈജിപ്തിലെ മതേതര, പുരോഗമന പ്രസ്ഥാനങ്ങളുമാണ് എന്നതാണ് ഏറ്റവും അശ്ലീലകരമായിട്ടുള്ളത്. അട്ടിമറിയെയും അട്ടിമറി ഭരണകൂടത്തെയും ഏറ്റവുമാദ്യം അഭിവാദ്യം ചെയ്തത്, രാജഭരണം നിലനില്‍ക്കുന്ന യു.എ.ഇയും സൗദി അറേബ്യയുമായിരുന്നെങ്കില്‍ സൗദിയുടെയും യു.എ.ഇയുടെയും പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആദ്യം പ്രസ്താവനയിറക്കിയ ഒരാള്‍ ഈജിപ്തിലെ ഇടതുപക്ഷ നേതാവ് ഹംദീന്‍ സബാഹിയായിരുന്നു! ഒരുപക്ഷേ, യു.എ.ഇയെയും സൗദിയെയും അഭിനന്ദിച്ചു കൊണ്ട് ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ നേതാവ് രംഗത്തുവരുന്നത് ഈ വിഷയത്തില്‍ മാത്രമായിരിക്കും.
ഈജിപ്ത് പ്രശ്‌നം അടിസ്ഥാനപരമായി ഇടതു, ലിബറല്‍, പുരോഗമനവാദത്തിന്റെ മുഖത്തേറ്റ കനത്ത നൈതിക പ്രഹരമാണ്. ഇടതു, മതേതര വരേണ്യത എന്തുമാത്രം ഇസ്ലാമോഫോബിക് ആണ് എന്ന സത്യത്തെ അടിവരയിട്ടുറപ്പിച്ചുവെന്നതാണ് ഈജിപ്ഷ്യന്‍ പ്രശ്‌നത്തിന്റെ ഏറ്റവും വലിയൊരു ഫലശ്രുതി. ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തിലാവുമ്പോള്‍ ജനാധിപത്യത്തിന് യാതൊരു പ്രസ്‌കതിയുമില്ല, ഇസ്‌ലാമിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ടതില്ല എന്ന ഇടതു, മതേതര വരേണ്യത വെച്ചുപുലര്‍ത്തുന്ന സാമ്പ്രദായിക ധാരണയെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈജിപ്തില്‍ അവര്‍ സ്വീകരിച്ച നിലപാട്. കുത്തക മുതലാളിത്തത്തോടൊപ്പം എന്നും ചേര്‍ന്നു നിന്ന, ഈജിപ്തിലെ ഏറ്റവും വലിയ മൂലധന ശക്തിയായിട്ടുള്ള, ജനാധിപത്യത്തിന്റെ നേര്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന, തങ്ങളെയും ദീര്‍ഘകാലം ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയ സൈനിക നേതൃത്വത്തോടൊപ്പം ഇടതുപക്ഷം നിലകൊണ്ടതിന്റെ കാരണമന്വേഷിക്കുമ്പോള്‍ നാം ചെന്നെത്തുന്ന രണ്ട് കൂട്ടരും ഇസ്ലാമോഫോബിയ എന്ന വംശീയ രോഗത്തിന് വിധേയമായി എന്നതാണ്.
ഇടതു, മതേതര വരേണ്യതയുടെ ഈ പ്രതിസന്ധി കാരണമാണ്, ഈജിപ്തിലെ അട്ടിമറിയെ അപലപിക്കാന്‍ കേരളത്തിലെ അവരുടെ പ്രതിനിധികളും രംഗത്തുവരാതിരുന്നത്. ഈ മുഖ്യധാരയെ പ്രതിനിധീകരിക്കുന്ന സി.പി.എം ഈജിപ്ത് വിഷയത്തില്‍ സമ്പൂര്‍ണ്ണമായി സൈനിക നിലപാടിനോടൊപ്പമാണ് നിലകൊണ്ടത്. ദേശാഭിമാനി പത്രത്തിന്റെ താളുകളും വാര്‍ത്തകളും ആ നിലപാടിന്റെ പ്രകാശനങ്ങളായിരുന്നു. റാബിയ ചത്വരത്തില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്ത ദേശാഭിമാനിയില്‍ വന്നതിങ്ങനെയാണ്: തലക്കെട്ട് 'ഈജിപ്തില്‍ അടിയന്തരാവസ്ഥ' എന്ന്. (ദേശാഭിമാനി ആഗ്‌സ്ത് 15). 'ബ്രദര്‍ഹുഡ് ക്യാമ്പുകള്‍ ഒഴിപ്പിച്ചു, നൂറോളം പേര്‍ കൊല്ലപ്പെട്ടു' എന്നിങ്ങനെ രണ്ടു ഉപതലക്കെട്ടുകളും. ഇതില്‍ 'ഒഴിപ്പിച്ചു' എന്ന പ്രയോഗം ശ്രദ്ധേയമാണ്. റാബിയ ചത്വരത്തില്‍ നടത്തിയ കൂട്ടക്കൊലയെ കുറിക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യവും ഔദ്യോഗിക മാധ്യമങ്ങളും ഉപയോഗിക്കുന്ന അതേ വാക്കുതന്നെയാണ് ഇടതുപക്ഷ പത്രമായ ദേശാഭിമാനിയും ഉപയോഗിക്കുന്നത്. വാര്‍ത്ത തുടങ്ങുന്നതിങ്ങനെ: 'ജനകീയ-സൈനിക ഇടപെടലില്‍ പുറത്തായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുനരവരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ബ്രദര്‍ഹുഡ് തുടരുന്ന പ്രതിഷേധത്തില്‍ സമാധാനം നഷ്ടമായ ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.....ബ്രദര്‍ഹുഡ് അണികള്‍ തമ്പടിച്ചിരുന്ന താവളങ്ങള്‍ ഒഴിപ്പിക്കാനുള്ള സുരക്ഷാ സേനയുടെ ചൊവ്വാഴ്ചത്തെ ശ്രമം വലിയ സംഘര്‍ഷത്തില്‍ എത്തിയതോടെയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയത്.' എന്തു സുന്ദരമായ റിപ്പോര്‍ട്ടിംഗ്. 'താവളങ്ങള്‍ ഒഴിപ്പിക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമം സംഘര്‍ഷത്തില്‍ എത്തിയതോടെ', 'രാജ്യം അടിയന്തിരവാസ്ഥയിലേക്ക് നീങ്ങി' തുടങ്ങിയ അകര്‍മണി പ്രയോഗങ്ങള്‍, ഒരു ഇടതുപക്ഷ പത്രം എന്തുമാത്രം അരാഷ്ട്രീയമാവാം എന്നതിന്റെ മികച്ച സൂചനകളാണ്.
ഈജിപ്ത് സംഭവങ്ങളുമായി ബന്ധപ്പെട്ട ദേശാഭിമാനി വാര്‍ത്തകള്‍ മിക്കവയും ഈ സ്വഭാവത്തിലുള്ളതായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയുടെ അനുയായികളെ ഭീകരവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന സൈനിക ഭരണകൂടത്തിന്റെ അതേ നിലപാട് തന്നെയാണ് ഇടതുപക്ഷ മാധ്യമവും സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ബൂര്‍ഷ്വാ മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും സ്വീകരിച്ച സമചിത്തത പോലും ദേശാഭിമാനിക്കുണ്ടായില്ല എന്നതാണ് കൗതുകകരം. ദ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈജിപ്തില്‍ നടക്കുന്ന കാര്യങ്ങള്‍ സാമാന്യം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ ഇന്‍ഡിപെന്‍ഡന്റ് പത്രമാകട്ടെ തങ്ങളുടെ മുതിര്‍ന്ന യുദ്ധകാര്യ ലേഖകന്‍ റോബര്‍ട് ഫിസ്‌കിനെ നേരിട്ട് കൈറോവിലേക്കയച്ചു. കൈറോവില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രണ്ടു റിപ്പോര്‍ട്ടുകള്‍ മാധ്യമം പുനപ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളേണ്ട ഒരു ഇടതുപക്ഷ പ്രസിദ്ധീകരണം അടിയന്തരാവസ്ഥയും കര്‍ഫ്യുവുമായി നടക്കുന്ന ഒരു സൈനിക ഭരണകൂടത്തിന്റെ മെഗാഫോണാകുന്ന കാഴ്ചയാണ് ദേശാഭിമാനിയിലൂടെ നാം കണ്ടത്. ദേശാഭിമാനിയോട് സമാനത പുലര്‍ത്തുന്ന സമീപനം ഈജിപത് വിഷയത്തില്‍ സ്വീകരിച്ച കേരളത്തിലെ മറ്റൊരു പത്രം, കാന്തപുരം ഗ്രൂപ്പ് സുന്നികള്‍ പ്രസിദ്ധീകരിക്കുന്ന സിറാജ് പത്രമാണ്. പള്ളിക്ക് മുമ്പില്‍ തോക്കേന്തി നില്‍ക്കുന്ന സൈന്യത്തിന്റെ പടത്തിന് കീഴെ 'തോക്കുമായി നില്‍ക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍' എന്ന കള്ളപ്രസ്താവന ക്യാപ്ഷനായി എഴുതിവെച്ച് പ്രത്യക്ഷമായ അധാര്‍മ്മികത പോലും അവര്‍ പ്രകടിപ്പിച്ചു. ഈജിപ്തിലെ സൈനിക അട്ടിമറിയെ പിന്തുണക്കുന്ന യു.എ.ഇയിലെ ഫ്യൂഡല്‍ ഭരണകൂടവുമായ അടുത്ത വേഴ്ച പുലര്‍ത്തുന്ന ഒരു വിഭാഗമാണ് കാന്തപുരം ഗ്രൂപ്പ്. സൈനിക മുട്ടാളത്തം, പടിഞ്ഞാറന്‍ മുതലാലിളത്തം, അറബ് ഫ്യൂഡലിസം, മതപൗരോഹിത്യം, ഇടതുപക്ഷ മതേതരവാദം എന്നിവയെല്ലാം ഒത്തുവരുന്ന അത്യപൂര്‍വമായൊരു സന്ധിയാണ് ഈജിപ്ത്. അതായത്, ഇസ്‌ലാമിസ്റ്റ് വേട്ടക്കായുള്ള ഒരു മഴവില്‍ സഖ്യം.