നബി(സ)യുടെ വരുമാന സ്രോതസ്സുകള്‍

ഹഫീസ് നദ്‌വി‌‌
img

ഗവേഷകനായ അബ്ദുല്‍ ഫത്താഹ് സുമാന്‍ നബിചരിത്രവും ഹദീസ് ഗ്രന്ഥങ്ങളും പരതി പ്രവാചകന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി 'അംവാലുന്നബി' എന്ന പേരില്‍ ബൃഹത്തായ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഈ സുപ്രധാന ഗ്രന്ഥം പ്രവാചകന്റെ (സ) സാമ്പത്തികാവസ്ഥയെക്കുറിച്ച് വെളിച്ചം വീശുന്നു.
كان صلى الله عليه وسلم ثريا منفقا لا فقيرا زاهدا
أموال النبي كسبا وانفاقا وتوريثا
عبد الفتاح السمان
എന്നാണ് പുസ്തകത്തിന്റെ മുഴുവന്‍ പേര്. നബി (സ) സമ്പത്ത് ചെലവ് ചെയ്യുന്ന ധനികനായിരുന്നു, പരിവ്രാജകനായ സാധുവായിരുന്നില്ല. പ്രവാചകന്റെ അധ്വാനത്തിലൂടെയും അനന്തരമായും മറ്റുമുള്ള സാമ്പത്തിക സ്രോതസ്സുകള്‍ എന്നാണ് ഗ്രന്ഥനാമം.

പ്രവാചകന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് വെളിച്ചം ലഭിക്കാന്‍ നിര്‍ബന്ധമായും വായിക്കേണ്ട ഒന്ന്.

1. കച്ചവടം
നബി (സ) പ്രവാചകത്വത്തിന് എത്രയോ മുമ്പ് തന്നെ കച്ചവടത്തില്‍നിന്ന് സമ്പാദനം തുടങ്ങിയിരുന്നു. ഖദീജ(റ)യുമായുള്ള വിവാഹത്തിനു മുമ്പേ 50:50 അനുപാതത്തില്‍ കച്ചവടത്തില്‍ ഏര്‍പ്പെടുകയും പ്രവാചകത്വത്തിന് മുമ്പായി  ഖദീജ(റ)യുടെ പണത്തില്‍ വ്യാപാരം നടത്തുകയും ചെയ്തതുമെല്ലാം നമുക്കറിവുള്ളതാണല്ലോ. ഇബ്‌നുല്‍ ഖയ്യിം സാദുല്‍ മആദില്‍ (1/154) പറയുന്നു: 'പ്രവാചകന്‍ (സ) വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നയാളായിരുന്നു ....' പാനപാത്രം (ഖദ്ഹ്), ജമുക്കാളം (ഹില്‍സ്) എന്നിവയുടെ വ്യാപാരങ്ങളിലും അബൂമദ്കൂര്‍ എന്ന സുഹൃത്തിനു വേണ്ടി അടിമ വ്യാപാരത്തിലേര്‍പ്പെട്ടതും വാങ്ങലും  വില്‍ക്കലും വാടകയ്‌ക്കെടുക്കലും  വാടകയ്ക്ക് കൊടുക്കലും നുബുവ്വത്തിന് മുമ്പ് ആടുകളെ പരിപാലിക്കുന്നതിന് പാട്ടത്തിനെടുത്തുവെന്നും മറ്റുമുള്ള ചില സന്ദര്‍ഭങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നു.

എന്നാല്‍ റസൂല്‍ (സ) തന്റെ വ്യാപാരത്തിന്റെ ലാഭം സാധു / വിധവാ സംരക്ഷണത്തിനും കാലവിപത്തുക്കള്‍ ബാധിച്ചവരെ സേവിക്കുന്നതിനുമൊക്കെ നല്‍കിയിരുന്നുവെന്നും ആദ്യ വഹ്‌യിന്റെ വേളയില്‍ ഖദീജ (റ) ആ വിഷയങ്ങള്‍ ഉണര്‍ത്തിയാണ് അദ്ദേഹത്തെ സാന്ത്വനിപ്പിച്ചതെന്നുമുള്ള ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ (1/3) ആദ്യഭാഗത്ത് നമുക്കു വായിക്കാം. 

ഖദീജ(റ) ഈ സംഭവത്തില്‍ ഊന്നിപ്പറഞ്ഞ സവിശേഷ ഗുണങ്ങള്‍ പണത്താലോ ശരീരത്താലോ മാത്രം ചെയ്യാന്‍ കഴിയുന്ന ഔദാര്യത്തിന്റെയും നന്മയുടെയും തത്ത്വങ്ങളാണ്. ഇബ്‌നു ഹജര്‍ (റ) പറയുന്നു: 'നല്ല ധാര്‍മികതയുടെ തത്ത്വങ്ങളായാണ് അവര്‍ ഈ ഗുണങ്ങളെ  വിശേഷിപ്പിച്ചത്, കാരണം ദാനം ധനം കൊണ്ട് മാത്രം പൂര്‍ത്തിയാകുന്ന ഒന്നാണല്ലോ.' (ഫത്ഹുല്‍ ബാരി: 1/24).

2. അനന്തരാവകാശം
നബി(സ)ക്ക് തന്റെ മാതാപിതാക്കളില്‍നിന്നും  ഭാര്യ ഖദീജ (റ) മരിച്ചപ്പോള്‍ അവരിലൂടെയും ലഭ്യമായ നിയമപരമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ആണ് അനന്തരാവകാശങ്ങള്‍ എന്നതിന്റെ അര്‍ഥം. ഇമാം വാഖിദി പറയുന്നു: 'നബി(സ) അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്ലയില്‍നിന്ന് ഉമ്മു അയ്മന്‍ എന്ന അടിമസ്ത്രീയെ കൂടാതെ ഷഖ്‌റാന്‍, സ്വാലിഹ് എന്നീ മൗലകളുടെ അനന്തരാവകാശി ആയതോടൊപ്പം  അഞ്ച് ഒട്ടകങ്ങള്‍, ഒരു ആട് എന്നിവയും അദ്ദേഹത്തിന് ആ വകയില്‍ ലഭ്യമായിരുന്നു. ഉമ്മ ആമിനയില്‍നിന്ന് അദ്ദേഹത്തിന് അവകാശം ലഭിച്ചത് ശിഅബു ബനീ അലിയിലെ   ഭവനമായിരുന്നു. ഭാര്യ ഖദീജ ബിന്‍ത് ഖുവൈലിദിന്റെ  സ്വഫ- മര്‍വക്ക് പിന്നിലായുണ്ടായിരുന്ന  അവരുടെ വീട്, സുഗന്ധ ചന്തയിലെ വിഹിതമായ പണം എന്നിവ  അവകാശമായി ലഭിച്ചു. മുമ്പ് ഹകീമുബ്‌നു ഹിസാമില്‍നിന്ന്  ഖദീജക്കു വേണ്ടി സൈദുബ്‌നു ഹാരിസ ഉക്കാള് മാര്‍ക്കറ്റില്‍ നിന്ന് നാനൂറ് ദിര്‍ഹമുകള്‍ക്കായി വാങ്ങിയ ഓഹരിയായിരുന്നുവത്.'

അദ്ദുഹാ 8-ാം സൂക്തത്തില്‍ പറഞ്ഞ സമ്പന്നത ഇവയാണ് എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍നിന്നും മനസ്സിലാവുന്നത്.

3. ഗനീമത്ത്, അന്‍ഫാല്‍, ഫൈഅ്
യുദ്ധാര്‍ജിത സ്വത്തിന്റെ വ്യത്യസ്ത നാമങ്ങളാണ് ഗനീമത്തും അന്‍ഫാലുമെല്ലാം, യുദ്ധം നടക്കാതെ ലഭിക്കുന്ന സമ്പത്താണ് ഫൈഅ്. ഇവയെ കുറിച്ച് ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ''(നബിയേ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക'' (അന്‍ഫാല്‍: 1). ''നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍'' (അന്‍ഫാല്‍: 8). ''എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക'' (അന്‍ഫാല്‍: 69). ''അവരില്‍നിന്ന് -യഹൂദികളില്‍നിന്ന്- അല്ലാഹു അവന്റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അല്ലാഹു അവന്റെ ദൂതന്മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളിലെ ധനികന്മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്'' (ഹശ്ര്‍: 6-7).
മുകളിലെ സൂക്തങ്ങളില്‍ അതിസൂക്ഷ്മ നിര്‍ദേശങ്ങളുണ്ട്. പൊതുവെ ഗനീമത്തില്‍ അഞ്ചിലൊന്ന് പ്രവാചകനാണ്. ഫൈഇന്റെ വിഭജനാധികാരവും അദ്ദേഹത്തിനാണ്. ഇവയെ മൊത്തം വിശേഷിക്കുന്ന സംജ്ഞയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അന്‍ഫാല്‍.
ഫൈഅ് ഉപരിസൂചിത യുദ്ധാര്‍ജിത മുതലുകളില്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, മദീനയില്‍  ബനുന്നദീര്‍ വിട്ടേച്ചുപോയ മുതലുകള്‍, ഖൈബര്‍, ഫദക് (വിശദാംശങ്ങള്‍ താഴെ) സ്ഥാവരജംഗമ വസ്തുക്കള്‍ തുടങ്ങിയ വ്യത്യസ്തമായ വരുമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉമര്‍ (റ) പറയുന്നു:
كانتِ لرسولِ الله – صلَّى الله عليه وسلم – ثلاثُ صفايا: بنو النضير، وخيبر، وفَدَك.
ബനുന്നദീര്‍, ഖൈബര്‍, ഫദക് എന്നിവ റസൂലിന്റേതായിരുന്നു (അബൂദാവൂദ്).

ബനുന്നദീര്‍ യുദ്ധമുതലുകള്‍

മദീനയില്‍ അധിവസിച്ചിരുന്ന ഒരു ജൂതഗോത്രമാണ് ബനുന്നദീര്‍. കാലങ്ങളായി ശത്രുത വെച്ചുപുലര്‍ത്തിയിരുന്ന അവര്‍ പ്രവാചകന്നും മുസ്ലിംകള്‍ക്കുമെതിരെ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ഉഹുദ് യുദ്ധത്തിനു ശേഷം ഹിജ്‌റ നാലാം വര്‍ഷം അവര്‍ മുസ്ലിംകള്‍ക്കെതിരെ കൂടുതല്‍ രംഗത്തിറങ്ങി. ബനുന്നദീര്‍ യുദ്ധത്തിന് ഈയൊരു പശ്ചാത്തലത്തിലാണ് അവസരമൊരുങ്ങുന്നത്.

സംഭവം ഇങ്ങനെ സംഗ്രഹിക്കാം:
ബിഅ്റു മഊന സംഭവത്തില്‍നിന്നും രക്ഷപ്പെട്ട അംറുബ്‌നു ഉമയ്യ (റ) മദീനയിലേക്കു മടങ്ങുകയായിരുന്നു. വഴിയില്‍ ബനൂ ആമിര്‍ ഗോത്രത്തിലെ രണ്ടു പേരെ കണ്ടുമുട്ടി. അറുപതിലേറെ മുസ്ലിംകളെ നിഷ്‌കരുണം വധിച്ചതിന് പ്രതികാരമെന്നോണം അവരെ അദ്ദേഹം വകവരുത്തി. പ്രവാചക സവിധം വന്ന് കാര്യം പറഞ്ഞു. അവരും പ്രവാചകനും ഉടമ്പടിയിലാണെന്ന കാര്യം അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. പ്രവാചകന്‍ ഉടനെ ബനുന്നദീര്‍ ഗോത്രത്തിന്റെ അടുത്തു ചെന്നു. കാരണം, ബനുന്നദീറും ബനൂ ആമിറും സഖ്യത്തിലായിരുന്നു. ബനൂ ആമിര്‍ ഗോത്രത്തില്‍നിന്നും വധിക്കപ്പെട്ടവരുടെ ദിയത്ത് (പ്രായശ്ചിത്തം) നല്‍കുന്ന കാര്യത്തില്‍ സഹായമഭ്യര്‍ഥിച്ചു. അവര്‍ സമ്മതം മൂളി. ഇപ്പോള്‍ വരാമെന്ന ഭാവത്തില്‍ അകത്തുപോയി. പ്രവാചകന്‍ പുറത്ത് ചുമരിനോട് ചാരിയിരിക്കുകയാണ്. അവര്‍ അകത്ത് യോഗം ചേര്‍ന്നു. വലിയ പാറക്കല്ല് ചുമരിനു മുകളിലൂടെ പ്രവാചകന്റെ തലക്കു മുകളിലിട്ട് വധിക്കാന്‍ തീരുമാനമായി. താമസിയാതെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു പ്രവാചകന് അറിയിച്ചുകൊടുത്തു.
വളരെ തന്ത്രപരമായി തന്നെ വധിക്കാന്‍ ശ്രമിച്ച ബനുന്നദീറിനെ പാഠം പഠിപ്പിക്കല്‍ അനിവാര്യമായിരുന്നു. പ്രവാചകന്‍ (സ) ഉടനെ എഴുന്നേറ്റ് മദീനയിലേക്കു പുറപ്പെട്ടു. അനുചരന്മാരോട് യുദ്ധത്തിനു തയാറാകാന്‍ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനുള്ളില്‍ നാടു വിട്ടു പോകണമെന്ന സന്ദേശവുമായി മുഹമ്മദുബ്‌നു മസ്ലമയെ ബനുന്നദീര്‍ ഗോത്രത്തിലേക്ക് പറഞ്ഞയച്ചു. ഇത് അവരെ സംബന്ധിച്ചേടത്തോളം പ്രയാസമായി. ഈ സമയം നോക്കി മുനാഫിഖുകള്‍ അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. നാടു വിടേണ്ടതില്ലെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അവര്‍ ഉറപ്പു കൊടുത്തു. ദിവസങ്ങള്‍ കടന്നുപോയി. മുനാഫിഖുകളുടെ വാഗ്ദാനത്തില്‍ അവര്‍ വഞ്ചിതരായി. അവരെ സഹായിക്കാന്‍ ഒരാളുമെത്തിയില്ല.

അതോടെ പ്രവാചകന്‍ സൈന്യസമേതം ബനുന്നദീറിലേക്ക് കടന്നുചെന്നു. അവരുടെ കോട്ടകള്‍ ഉപരോധിച്ചു. ആറു ദിവസത്തോളം ഉപരോധം നീണ്ടു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ കീഴടങ്ങി. എത്രയും വേഗം സ്ഥലം വിടാമെന്നു സമ്മതിച്ചു. ആയുധങ്ങളൊഴികെ ഒട്ടകത്തിനു ചുമക്കാന്‍ സാധിക്കുന്നത്ര സാധനങ്ങളുമായി പുറപ്പെട്ടുപോകാമെന്നതായിരുന്നു തീരുമാനം. അതനുസരിച്ച് കിട്ടിയ സാധനങ്ങളുമായി അവര്‍ നാടു വിട്ടു. ചിലര്‍ ഖൈബറിലും ചിലര്‍ ശാമിലും ഇറങ്ങിത്താമസിച്ചു.

ആയുധങ്ങളും മറ്റുമായി വലിയൊരു അളവോളം യുദ്ധമുതലുകള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ എല്ലാം സമാഹരിക്കുകയും ഏറിയകൂറും ദരിദ്രരായ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. മുസ്ലിംകളുടെ ശക്തി തുറന്നുകാട്ടുകയും പ്രതാപം ഉയര്‍ത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ഇത്. മദീനയില്‍ വന്നതിനു ശേഷമുള്ള  മുസ്‌ലിംകളുടെ ആസ്തി വര്‍ധിപ്പിച്ച ഒരു സ്രോതസ്സും ഫൈഅ് വകുപ്പിലെ ആദ്യ മുതലുമായിരുന്നു ഇവ.

 ഖൈബറിലെ തോട്ടങ്ങള്‍

 മുഹമ്മദ് നബി(സ)യുടെ കീഴിലെ മുസ്ലിം സൈന്യവും ഖൈബറിലെ ജൂതവിഭാഗങ്ങളും തമ്മില്‍ നടന്ന യുദ്ധമാണ് ഖൈബര്‍ യുദ്ധം. ക്രി.വ. 628 മെയ്, ജൂണ്‍ (ഹി. 7 മുഹര്‍റം) മാസങ്ങളിലാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തില്‍ പരാജയപ്പെട്ട ജൂതന്മാര്‍ മുസ്ലിംകള്‍ക്ക് നികുതി നല്‍കാം എന്ന വ്യവസ്ഥയോടെ സമാധാനസന്ധി ഒപ്പിട്ടു.

കരാര്‍ ലംഘിച്ചതിന്റെ പേരില്‍ മദീനയില്‍നിന്ന് പുറത്താക്കപ്പെട്ട ജൂതഗോത്രങ്ങളില്‍ മിക്കവരും എത്തിയത് ഖൈബറില്‍ ആയിരുന്നു. അവര്‍ മദീനയില്‍ ശക്തി പ്രാപിക്കുന്ന മുസ്ലിംകളെ ഭീഷണിയായി കണ്ടു അവര്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അവരുടെ നീക്കങ്ങള്‍ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അവരെ നേരിടാന്‍ തീരുമാനിച്ച നബി (സ) 1600 പേരടങ്ങുന്ന ഒരു സൈന്യവുമായി ഖൈബറിലേക്ക് പടനയിച്ചു. എന്നാല്‍ മുസ്ലിം സൈന്യത്തിന്റെ നീക്കം നേരത്തേ പ്രതീക്ഷിച്ച ഖൈബര്‍ ജൂതന്മാര്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ നടത്തിയിരുന്നു. ഖൈബറിലെ തങ്ങളുടെ കോട്ടകളില്‍ മതിയാവോളം ഭക്ഷണവസ്തുക്കള്‍ സജ്ജീകരിച്ച അവര്‍ 14,000 വരുന്ന ഒരു സൈന്യത്തെയും ഒരുക്കിനിര്‍ത്തിയിരുന്നു. കൂറ്റന്‍ കോട്ടകള്‍ കേന്ദ്രീകരിച്ചായിരുന്നു അവരുടെ താവളങ്ങള്‍. ഖൈബറില്‍ നിരവധി കോട്ടകള്‍ ജൂതന്മാര്‍ക്ക് ഉണ്ടായിരുന്നു.

താമസിയാതെ യുദ്ധമാരംഭിച്ചു. ജൂതരുടെ നേതാവ് മുറഹ്ഹിബായിരുന്നു. മുസ്ലിംകള്‍ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു. ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ച മുറഹ്ഹിബ് അലിയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ ജൂതസൈന്യം കോട്ടയിലേക്ക് ഉള്‍വലിഞ്ഞു. മുസ്ലിംകള്‍ കോട്ട ഉപരോധിച്ചു. ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു. പക്ഷേ സര്‍വ സജ്ജീകരണവും നടത്തിയ ജൂതന്മാര്‍ പുറത്തിറങ്ങിയില്ല. ഒടുവില്‍, മുസ്ലിം സൈന്യം അവരുടെ കൃഷിഭൂമിയിലെ ഈന്തപ്പനമരങ്ങള്‍ നശിപ്പിച്ചു പ്രകോപിപ്പിച്ചതോടെ അവര്‍ കോട്ടക്ക് പുറത്തിറങ്ങി. തുടര്‍ന്ന് നടന്ന യുദ്ധങ്ങളില്‍ ജൂതസൈന്യം അമ്പേ പരാജയപ്പെട്ടു. പരാജയം സമ്മതിച്ച ജൂതന്മാര്‍ അടുത്ത കോട്ടയിലേക്കു പിന്മാറി. അങ്ങനെ, ശക്തമായ യുദ്ധത്തിനും ഉപരോധത്തിനുമൊടുവില്‍ ആദ്യനിരയിലെ അഞ്ചു കോട്ടയും മുസ്ലിംകളുടെ കീഴില്‍ വന്നു. അതോടെ, ജൂതന്മാര്‍ രണ്ടാം നിരയില്‍ അഭയം തേടി. മുസ്ലിംസൈന്യം അവിടെയും ഉപരോധം ആരംഭിച്ചു. നാശനഷ്ടങ്ങള്‍ ഭയന്ന് പരാജയം സമ്മതിച്ച അവര്‍ സന്ധിസംഭാഷണത്തിനു തയാറായി. ഒരു വിഭാഗം ഭൂമിയും കൃഷിവിഭവങ്ങളില്‍ നല്ലൊരു പങ്കും മുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ യുദ്ധം അവസാനിച്ചു.

 വാദില്‍ ഖുറാ

 ഡോ. മുഹമ്മദ് ഹമീദുല്ല തന്റെ 'മുഹമ്മദുന്‍ റസൂലുല്ലാഹ്' എന്ന പ്രവാചക ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നതുപോലെ ഖൈബറില്‍നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന വാദില്‍ ഖുറായില്‍ നിരവധി ഗോത്രങ്ങള്‍ താമസിച്ചിരുന്നു. അവരില്‍ അറബി ഗോത്രങ്ങളുണ്ട്, ജൂതഗോത്രങ്ങളുമുണ്ട്. ബലാദുരിയുടെ അന്‍സാബില്‍ സവിശദം ചര്‍ച്ച ചെയ്യുന്നുണ്ട് (ബലാദുരി - അന്‍സാബ് 1, 738).
ഖൈബര്‍ വിട്ട ശേഷം നബി (സ) സൈന്യസമേതം വാദില്‍ ഖുറായില്‍ ചെന്നതായി പറയുന്നുണ്ട്. ഒരൊറ്റ ദിവസം മാത്രം നീണ്ട ചെറിയ പ്രതിരോധത്തിനൊടുവില്‍ തങ്ങളുടെ കോട്ടകള്‍ക്കകത്തായിരുന്ന (ഉത്വും എന്നായിരുന്നു ആ കോട്ടകള്‍ക്ക് പറഞ്ഞിരുന്നത്. സംഹൂദി, രണ്ടാം എഡിഷന്‍, പേ: 1328) ജൂതന്മാര്‍ പുറത്തേക്കിറങ്ങി തങ്ങള്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. ഖൈബറിലെ അതേ കീഴടങ്ങല്‍ വ്യവസ്ഥ തന്നെയായിരുന്നു ഇവിടെയും. അതായത്, ഉല്‍പ്പന്നങ്ങളുടെ പകുതി ഇവിടത്തുകാര്‍ മദീനയിലെ നബി(സ)യുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന് നല്‍കണം. ഇവിടത്തെ ഗവര്‍ണറായി അംറുബ്നു സഈദിനെ പ്രവാചകന്‍ നിശ്ചയിക്കുകയും ചെയ്തു. ഖൈബര്‍ സംഭവം തൊട്ടടുത്ത ജൂതഗോത്രങ്ങള്‍ക്ക് മദീനാ ഭരണകൂടത്തിന് വിധേയപ്പെടാന്‍ പ്രേരണയായി. ഉദാഹരണത്തിന് ബനൂ ഉദ്റയിലെ ജൂതന്മാര്‍. ഉദ്റക്കാരനായ ഹംസ എന്നയാള്‍ക്ക് അദ്ദേഹം ഇസ്ലാം സ്വീകരിച്ചപ്പോള്‍ വാദില്‍ ഖുറായില്‍ ധാരാളം സ്ഥലങ്ങള്‍ പ്രവാചകന്‍ പതിച്ചുനല്‍കിയതിന് ഇമാം ബലാദുരി തന്റെ ഫുതൂഹില്‍ തെളിവുകള്‍ പറയുന്നുണ്ട്.
ഹി. ഒമ്പതാം വര്‍ഷം ഒരു സ്ത്രീക്ക് ഈ മേഖലയില്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.5

ഉഫദക്
മദീനയുടെയും ഖൈബറിന്റെയും ഇടയിലുള്ള ചരിത്രപ്രസിദ്ധ കേന്ദ്രമാണ് ഫദക്. കുതിരക്കടിഞ്ഞാണ്‍ നിര്‍മാണത്തിന് പ്രശസ്തമായിരുന്നു ഈ പ്രദേശം (സംഹൂദി, രണ്ടാം എഡിഷന്‍, പേ: 1245). ഇബ്‌നു സഅ്ദില്‍നിന്ന് ഇമാം വാഖിദി റിപ്പോര്‍ട്ട് ചെയ്യുന്നത്, ഫദകിലെ ജൂതന്മാര്‍ ഖൈബറുകാരെ സഹായിക്കാന്‍ പോകാനിരിക്കുകയായിരുന്നു എന്നാണ്. അപ്പോള്‍ പ്രവാചകന്‍, അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹിജ്റ ആറാം വര്‍ഷം ശഅ്ബാന്‍ മാസത്തില്‍ ഫദകിലേക്ക് അയച്ചു. പക്ഷേ, ഖൈബര്‍ സംഭവം നടക്കുന്നതാകട്ടെ പിന്നെയും ആറു മാസം കഴിഞ്ഞ് ഹി. 7-ാം വര്‍ഷം മുഹര്‍റം മാസത്തിലാണ്. ഇബ്നു ഹിശാമിന്റെ വിവരണപ്രകാരം, ഖൈബറുകാര്‍ അംഗീകരിച്ച അതേ സന്ധിവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തങ്ങളും തയാറാണെന്ന് ഫദകില്‍നിന്നുള്ള ഒരു പ്രതിനിധിസംഘം പ്രവാചകനെ ചെന്നു കണ്ട് അറിയിക്കുകയാണുണ്ടായത്. മദീനാ ഗവണ്‍മെന്റിന്റെ മറ്റു ചെലവുകള്‍ക്കൊപ്പം, പ്രവാചക കുടുംബത്തിന്റെ ചെലവുകള്‍ക്കും വക കണ്ടെത്തിയിരുന്നത് ഇവിടെനിന്നുള്ള വരുമാനം കൊണ്ടായിരുന്നു. അബൂദാവൂദ്  ഉദ്ധരിക്കുന്ന ഒരു സംഭവം (സുനന്‍ 19: 33/35) ഇങ്ങനെയാണ്: ഫദകിലെ ഗോത്രമുഖ്യന്‍ പ്രവാചകന് നാല് ഒട്ടകങ്ങള്‍ക്ക് വഹിക്കാന്‍ മാത്രമുള്ള സമ്മാനങ്ങളും ധാന്യങ്ങളും അയച്ചുകൊടുത്തു. പ്രവാചകനത് സ്വീകരിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

തൈമാഅ്
തൈമാഅ് നഗരം അറേബ്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സസ്യശാമള കേന്ദ്രമായിരുന്നു. പുരാതന അറബി സാഹിത്യത്തില്‍ തൈമാഇന്റെ ഒട്ടേറെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. അവയില്‍ മിക്കതും ആറാം നൂറ്റാണ്ടിലെ ക്രൈസ്തവ  പൈതൃകത്തില്‍നിന്നുള്ളവയാണ്. 

രണ്ടാം അസീറിയന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ തിഗ്ലത്ത് പിലേസര്‍ (745-727 ബി.സി) വടക്കന്‍ അറേബ്യ കീഴടക്കിയിരുന്നു. ബി.സി 728-ല്‍  തൈമാഇല്‍നിന്നും മസാഇ, സബാഇ ഗോത്രങ്ങളില്‍നിന്നും അദ്ദേഹത്തിന് സ്വര്‍ണവും ഒട്ടകങ്ങളും സുഗന്ധ ദ്രവ്യങ്ങളും തിരുമുല്‍ക്കാഴ്ചയായി ലഭിച്ചിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് അവസാനത്തെ കല്‍ദിയന്‍ രാജാവ് നബോനിഡസ് (559-539 ബി.സി) ഇവിടെയൊരു പ്രവിശ്യാ പാര്‍പ്പിടം പണിതതോടെയാണ് ഈ പ്രദേശം വീണ്ടും പ്രശസ്തിയാര്‍ജിച്ചത്. ഒരു ക്യൂണിഫോം ലിഖിതത്തില്‍, നബോനിഡസ് രാജാവ് തേമ/തൈമാഇലെ രാജകുമാരനെ കൊല്ലുകയും എന്നിട്ട് ഈ മരുപ്പച്ചയില്‍ താമസമാക്കുകയുമാണുണ്ടായത് എന്നു കാണാം.

ജൂതശക്തി തൈമാഇല്‍ കേന്ദ്രീകരിക്കപ്പെടുന്നത് മിക്കവാറും ക്രി. ആറാം നൂറ്റാണ്ടിലായിരിക്കും. നമ്മുടെ ചരിത്രസ്രോതസ്സുകളില്‍ സമൗഅലു ബ്നു ആദിയാഅ് എന്നൊരു ജൂതരാജകുമാരനെക്കുറിച്ച് പറയുന്നുണ്ട്. ശുദ്ധ അറബിക്കവിയായിരുന്ന സമൗഅല്‍/സാമുവല്‍ പാര്‍ത്തിരുന്നത് തൈമയില്‍ പ്രശസ്തമായ ഒരു കോട്ടയിലായിരുന്നു. അറബിയല്ലാത്ത മറ്റൊരു ഭാഷയും അയാള്‍ സംസാരിക്കുമായിരുന്നില്ല.

'സമൗഅലിനേക്കാള്‍ സത്യസന്ധന്‍' എന്ന ഒരു പ്രയോഗം തന്നെ അറബിയിലുണ്ട്. 
 അറബിക്കവി ഇംറുഉല്‍ ഖൈസ്, സമൗഅലിന്റെ സമകാലികനായിരുന്നു. ഒരിക്കല്‍ ഇംറുഉല്‍ ഖൈസ് തൈമാഇലെത്തി തന്റെ ജംഗമസ്വത്തുക്കളൊക്കെ, പ്രത്യേകിച്ച് ആയുധങ്ങള്‍ സമൗഅലിനെ ഏല്‍പ്പിച്ചു. എന്നിട്ട് കവി ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കാണാനായി അങ്കാറയിലേക്ക് തിരിച്ചു. ഇത് ഏകദേശം ക്രി. 540-ല്‍ ആണ്. അവിടെ വെച്ച് കവി ഇംറുഉല്‍ ഖൈസ് വധിക്കപ്പെടുകയാണത്രെ ഉണ്ടായത് (അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും അങ്കാറയിലുണ്ട്). അസൂയക്ക് പാത്രമായി വധിക്കപ്പെട്ട കവിയുടെ സ്വത്തുവഹകള്‍ വിട്ടുതരണമെന്ന് ഗസ്സാന്‍കാരനായ അല്‍ഹാരിസുല്‍ അഅ്റജ് സമൗഅലിനോട് ആവശ്യപ്പെട്ടു. പക്ഷേ സമൗഅല്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് സമൗഅലിനെ ഹാരിസ് ഉപരോധിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ സമയത്ത് സമൗഅലിന്റെ മകന്‍ കോട്ടക്ക് പുറത്തായിരുന്നു. ഹാരിസ് അവനെ പിടികൂടി തന്റെ ആവശ്യം ആവര്‍ത്തിച്ചു. അംഗീകരിച്ചില്ലെങ്കില്‍ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സാമുവല്‍ അംഗീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു തന്നെ മകനെ ഹാരിസ് അറുകൊല ചെയ്തു. ഈ അബ്ലഖ് കോട്ട വളരെ കെട്ടുറപ്പുള്ളതായിരുന്നതിനാല്‍ ശത്രുക്കള്‍ പലവുരു ആക്രമിച്ചെങ്കിലും കീഴടക്കാനായില്ല. അവസാനം ശത്രുക്കള്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.

തൈമാഅ് എപ്പോഴാണ് നബി(സ) കീഴടക്കിയത് എന്ന് നമ്മുടെ സ്രോതസ്സുകള്‍ കൃത്യമായി പറയുന്നില്ല. പക്ഷേ, അവിടെ ബനൂ ആദിയാഅ് ജൂത രാജവംശം (സമൗഅലിന്റെ പിതാവാണ് ആദിയാഅ്) ഭരണം നടത്തിയിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരാണ്. ബലാദുരി ഫുതൂഹില്‍ (33/5) പറയുന്നത്, ഖൈബറും വാദില്‍ ഖുറായും (ഹി. ഏഴാം വര്‍ഷം) കീഴടങ്ങിയതോടെ തൈമാഅ് നിവാസികളുടെ ഒരു പ്രതിനിധിസംഘം പ്രവാചകനെ വന്നു കാണുകയും തങ്ങള്‍ ചുങ്കം നല്‍കിക്കൊള്ളാമെന്ന് സമ്മതിക്കുകയും പ്രവാചകനത് അംഗീകരിക്കുകയും ചെയ്തു എന്നാണ്. ഇത് ഹി. ഒമ്പതാം വര്‍ഷം, 30,000 സൈനികരുമായി പ്രവാചകന്‍ തബൂക്കിലേക്ക് പുറപ്പെട്ട സമയത്തായിരിക്കാനും സാധ്യതയുണ്ട്. തബൂക്കിലേക്ക് ഈ വഴിയായിരിക്കാം അദ്ദേഹം കടന്നുപോയിട്ടുണ്ടാവുക. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, യസീദുബ്നു അബീ സുഫ്യാനെയാണ് പ്രവാചകന്‍ ഈ മേഖലയുടെ ഗവര്‍ണറായി നിശ്ചയിച്ചത്. തൈമാഉകാരുമായി പ്രവാചകനുണ്ടാക്കിയ ഉടമ്പടിയുടെ രേഖ ലഭിച്ചിട്ടുണ്ട്. അക്കാലത്തെ നയതന്ത്ര എഴുത്തിന്റെ മികച്ച മാതൃകയാണ് ഈ രേഖ:

''കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഇത് ദൈവപ്രവാചകന്‍ മുഹമ്മദ്, ബനൂ ആദിയാഇനായി എഴുതി നല്‍കുന്നത്. അവര്‍ തലവരിച്ചുങ്കം കൊടുക്കുന്നുണ്ടല്ലോ, അവര്‍ക്ക് സംരക്ഷണമുണ്ട്. കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടരുത്, നാട് കടത്തപ്പെടുകയുമരുത്. (കരാര്‍ വ്യവസ്ഥകള്‍ക്ക്) രാത്രി ദൈര്‍ഘ്യവും പകല്‍ കരുത്തും പകരട്ടെ. എഴുതിയത്: ഖാലിദു ബ്നു സഈദ്.''

ഈ രേഖയില്‍ ബനൂ ആദിയാഅ് ഭരണവംശത്തെ പ്രത്യേകം പേരെടുത്ത് പറഞ്ഞതുകൊണ്ട്, തൈമാഇല്‍ മാത്രമല്ല അവരുടെ മുഴുവന്‍ ഭരണപ്രദേശങ്ങളിലും ഇത് ബാധകമായിരുന്നുവെന്നു മനസ്സിലാക്കാം. ഇബ്നു സഅ്ദിന്റെ കൃതിയില്‍ ഇവരുടെ പേര് ബനൂ ഗാദിയാഅ് എന്നാണ് ചേര്‍ത്തിട്ടുള്ളത്. ഇങ്ങനെയൊരു ജനവിഭാഗത്തെക്കുറിച്ച് എവിടെയും പരാമര്‍ശവും കാണുന്നില്ല. മറ്റുള്ള കൃതികളിലും ആദിയാഅ് എന്നു തന്നെയാണുള്ളത് (അറബിയിലെഴുതുമ്പോള്‍ ഇരു വാക്കുകളും തമ്മില്‍ ഒരു 'കുത്തി'(dot)ന്റെ വ്യത്യാസമേയുള്ളൂ). ലിസാനുല്‍ അറബില്‍ ഇബ്നു മന്‍ളൂര്‍  രേഖയുടെ ഒരു ഭാഗം ഉദ്ധരിച്ച് അത് തൈമാഉകാരുമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്. തൈമാഅ് ഭരിച്ചിരുന്നത് ബനൂ ആദിയാഅ് ഗോത്രമായിരുന്നു. തലവരിച്ചുങ്കത്തെക്കുറിച്ച പരാമര്‍ശം കരാര്‍ ഒപ്പുവെച്ച കാലത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. മുസ്ലിംകളല്ലാത്ത പ്രജകളുടെ മേല്‍ അത് ചുമത്തിയിരുന്നത് ഹി. ഒമ്പതാം വര്‍ഷം മാത്രമാണ്. ഖൈബര്‍ പടയോട്ടക്കാലത്ത് ഉല്‍പ്പന്നങ്ങള്‍ പങ്കുവെക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. 'തബൂക്ക് പടയോട്ടക്കാലത്ത് തൈമാഉകാര്‍ പേടിച്ചുപോയി' എന്ന് മഖ്രീസി തന്റെ തന്‍ബീഹില്‍ (467) വ്യക്തമായി പറയുന്നുമുണ്ട്.

 ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകളുടെ ഭാഗത്തു നിന്നുകൊണ്ട് ഒരു ജൂതന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ വേണ്ടി യുദ്ധം ചെയ്തിരുന്നു. ആ മഹാന്‍ അവസാനം മുസ്‌ലിമായി എന്നും ചരിത്രമുണ്ട്.  അദ്ദേഹം വലിയ സമ്പന്നന്‍ ആയിരുന്നു. മുഖൈരിഖ് എന്നായിരുന്നു പേര്‍. അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷി ആയപ്പോള്‍ നബിക്ക് തന്റെ ഏഴു തോട്ടങ്ങള്‍ സമ്മാനം നല്‍കിയാണ് മരിച്ചത്. അത് മതിയായിരുന്നു പ്രവാചകനും കുടുംബത്തിനും മരണം വരെ പട്ടിണിയില്ലാതെ ജീവിക്കാന്‍. പക്ഷേ മുഹമ്മദ് നബി(സ) ദാരിദ്ര്യം ഭയക്കാതെ അടിച്ചുവീശുന്ന കാറ്റിനെ പോലെ ധര്‍മം ചെയ്തിരുന്നുവെന്നാണ് സുന്നത്തില്‍ കാണുന്നത്. ഒരിക്കല്‍ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞ് എണീറ്റ് വേഗത്തില്‍ പോയ നബി(സ)യോട് സ്വഹാബികള്‍ എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, സമ്മാനം കിട്ടിയ സ്വര്‍ണം ദാനം ചെയ്യാന്‍ പോയതാണെന്നും അത് നമസ്‌കാരത്തില്‍നിന്ന് തന്റെ ശ്രദ്ധ തെറ്റിച്ചുകളഞ്ഞു എന്നുമായിരുന്നു. 

കിട്ടിയ വരുമാനം ദാനം നല്‍കുന്ന സ്വഭാവം ആയതുകൊണ്ട് പ്രത്യേകിച്ച് വമ്പിച്ച സ്വത്തുക്കള്‍ ഒന്നും ബാക്കിവെക്കാതെയാണ് മുഹമ്മദ് നബി (സ) പരലോകം പൂണ്ടത്. പട്ടിണി അനുഭവിച്ചപ്പോള്‍ പരിച പണയം വെച്ച് ജൂതന്റെ അടുക്കല്‍ നിന്ന്  കടം മേടിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതുപോലെ തന്നെ  ഭൗതിക സുഭിക്ഷതയും അനുഭവിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)  സമ്പൂര്‍ണ മനുഷ്യനായിരുന്നു. ജീവിത സുഖവും ദുഃഖവും മാറിമാറി അനുഭവിച്ച യഥാര്‍ഥ മനുഷ്യന്‍. അനന്തരാവകാശമായി പ്രത്യേകിച്ചൊന്നും അവശേഷിപ്പിക്കാതെ കടന്നുപോയ ധനികന്‍. ചെലവഴിച്ച് നിസ്വനായ ഒരു സാധാരണക്കാരന്‍. അവിടുന്ന് ബാക്കിവെച്ചുപോയ ധനം ഇസ്‌ലാമിക ജ്ഞാനമാണ്. അതിന്റെ അനന്തരക്കാര്‍  പണ്ഡിതര്‍ ആണ് എന്ന വാചകത്തെ ആ അര്‍ഥത്തില്‍ വേണം മനസ്സിലാക്കാന്‍. 

المراجع:

1. الأحكام السلطانية     الإمام الماوردي
2. أموال النّبيّ (ص) عبد الفتاح سمان
3. تركة النبي ،    الإمام البغدادي
4. الطريق من هنا ،   محمّد الغزّالي
5. مقدّمة أموال النّبيّ ص ، السهيلي
6. الأنساب ، فتوح البلدان ، البلاذري
7. محبّر ، صفدي
8. المبسوط ، الزّركشي
9. لسان العرب ، ابن منظور
10. أحكام الذّمّة ، زاد المعاد ، ابن القيم
11. محمد رسول الله ، الدّكتور محمّد حميد الله
12. كتب التفسير والحديث والسّيرة

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top