മൗലാനാ ഉബൈദുല്ല സിന്ധി: സ്മരിക്കപ്പെടേണ്ട  വിപ്ലവ ഗാഥ

മമ്മൂട്ടി അഞ്ചുകുന്ന്‌‌‌
img

സ്‌കൂള്‍ വിദ്യാര്‍ഥിയായ ഭൂട്ടാ സിംഗ് വായനാപ്രിയനായിരുന്നു. സ്‌കൂളില്‍നിന്ന് ഒരു  ഹൈന്ദവ  സഹപാഠിയില്‍ നിന്ന് ലഭിച്ച  'തുഹ്ഫത്തുല്‍ ഹിന്ദ്' എന്ന പുസ്തകം വായിച്ച ആ സിഖ് ബാലന് ഇസ്‌ലാമിനോട് ആകര്‍ഷണം തോന്നി. പിന്നീട് ഇസ്‌ലാമിക പുസ്തകങ്ങള്‍ തേടിയപ്പോള്‍ ലഭിച്ചത് അല്ലാമാ ഷാഹ് ഇസ്മാഈല്‍ ശഹീദ് ദഹ്‌ലവിയുടെ 'തഖ്വിയ്യത്തുല്‍ ഈമാന്‍' ആയിരുന്നു. മനസ്സിരുത്തി അതിലൂടെ കടന്നുപോയ 15 വയസ്സുകാരനായ ആ സിഖ് ബാലന്‍ ഒട്ടും വൈകാതെ ശഹാദത്തു കലിമ ഏറ്റുചൊല്ലി. 

സിഖ് കുടുംബത്തില്‍ പിറന്ന ഭൂട്ടാ സിംഗ് ഉപ്പല്‍ എന്ന ആ കുട്ടിയെ ഇന്ത്യാ ചരിത്രം പിന്നീട് രേഖപ്പെടുത്തിയത് ബ്രിട്ടീഷ് അധികാരികളെ വിറപ്പിച്ച പോരാളിയും മഹാ ജ്ഞാനിയും ആത്മജ്ഞാനിയും  ചരിത്രപുരുഷനുമായ മൗലാനാ ഉബൈദുല്ല സിന്ധി എന്ന നാമത്തിലാണ്. 

1872-ലായിരുന്നു ഭൂട്ടാ സിംഗിന്റെ ജനനം. പിതാവ് രാം സിംഗ് കുട്ടിയുടെ ജനനത്തിനു നാല് മാസം മുമ്പ് മരണപ്പെട്ടിരുന്നതിനാല്‍ പിതാമഹനായിരുന്നു ഭൂട്ടാ സിംഗിനെ പരിപാലിച്ചുപോന്നത്. അമ്മയുടെ വീട്ടില്‍ വളര്‍ന്ന ഭൂട്ടാ മാതൃപിതാവിന്റെ മരണശേഷം പതിനഞ്ചാം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ച് ഉബൈദുല്ല എന്ന നാമം സ്വീകരിച്ചു. തന്റെ ഇസ്‌ലാമാശ്ലേഷത്തെ തുടര്‍ന്നുായ പ്രത്യാഘാതങ്ങളെ ധൈര്യപൂര്‍വം ഉബൈദുല്ല നേരിട്ടു.  അക്കാലത്തെ വിഖ്യാത സൂഫിവര്യനായ ഹാഫിള് മുഹമ്മദ് സാദിഖിന്റെ ശിഷ്യത്വം സ്വീകരിച്ച ഉബൈദുല്ല ആത്മീയതയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. നാല് മാസത്തിനു ശേഷം 1888-ല്‍ തന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം വിഖ്യാത ഇസ്ലാമിക കലാലയമായ ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേര്‍ന്ന് മതപഠനം ആരംഭിച്ചു. വളരെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ഉബൈദുല്ല. 

മൗലാന റശീദ് അഹ്‌മദ് ഗംഗോഹി, മൗലാനാ മഹ്‌മൂദുല്‍ ഹസന്‍ ദയൂബന്ദി തുടങ്ങിയ വിഖ്യാതരായ പണ്ഡിത മഹത്തുക്കളുടെ സഹവാസം ലഭിച്ച ഉബൈദുല്ല പുസ്തകങ്ങള്‍ക്കപ്പുറത്തെ അറിവുകളും ആര്‍ജിക്കാന്‍ തുടങ്ങി. പില്‍ക്കാലത്ത് മൗലാനാ ഉബൈദുല്ല സിന്ധി എന്ന പേരില്‍ ചരിത്ര പുരുഷനായി അടയാളപ്പെടുത്തപ്പെട്ട ആ മഹാവ്യക്തിത്വത്തിന് വിത്തു പാകുന്നത് ദാറുല്‍ ഉലൂമിലെ പഠന കാലത്താണ്. ഹദീസ്, ഭാഷ, തത്ത്വശാസ്ത്രം എന്നിവ അഭ്യസിച്ച ഉബൈദുല്ല ദാറുല്‍ ഉലൂമില്‍നിന്ന് സിന്ധിലേക്ക് മടങ്ങി അവിടെ അധ്യാപനം ആരംഭിച്ചു. 

തന്റെ ഗുരു ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്‌മൂദുല്‍ ഹസന്‍ ദയൂബന്ദിയുടെ നിര്‍ദേശപ്രകാരം സിന്ധ് പ്രവിശ്യയില്‍ ദാറുല്‍ ഇര്‍ശാദ് എന്ന പേരില്‍  മൗലാനാ സിന്ധി ഒരു മദ്‌റസ സ്ഥാപിച്ച് അധ്യാപനം നടത്തിയിരുന്ന കാലത്താണ് അദ്ദേഹം കൂടുതല്‍ തന്റെ നാടിനെയും സാഹചര്യങ്ങളെയും ശ്രദ്ധിച്ചു തുടങ്ങിയത്. വിമോചന പോരാട്ടങ്ങളുടെ കാഹളം സിന്ധിനെയും സ്വാധീനിക്കാന്‍ തുടങ്ങിയ  വേളയായിരുന്നു അത്. ഗുലാം മുഹമ്മദ് ദീന്‍പൂരി എന്ന സാത്വികന്റെ നേതൃത്വത്തില്‍ സിന്ധില്‍ ഒരു രഹസ്യ വിപ്ലവ പ്രസ്ഥാനം രൂപം കൊണ്ടിരുന്നു. മൗലാനാ ഉബൈദുല്ല സിന്ധി ഈ പ്രസ്ഥാനവുമായും ശൈഖുല്‍ ഹിന്ദിന്റെ വിമോചന സംരംഭങ്ങളുമായും ഒരേസമയം ബന്ധം പുലര്‍ത്തി. അദ്ദേഹം ശൈഖുല്‍ ഹിന്ദിനെ സിന്ധിലേക്ക് വരുത്തുകയും അവിടെയുള്ള വിപ്ലവ സംരംഭങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു. ശൈഖ് മഹ്‌മൂദുല്‍ ഹസന്‍ വിമോചന ദൗത്യം മുന്നില്‍ കണ്ടുകൊണ്ട് ജംഇയ്യത്തുല്‍ അന്‍സ്വാര്‍ എന്നൊരു കൂട്ടായ്മ രൂപീകരിച്ചു. 1909-ല്‍ രൂപീകരിക്കപ്പെട്ട ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മൗലാന ഉബൈദുല്ല സിന്ധിയെ സിന്ധില്‍നിന്ന് ദയൂബന്ദിലേക്ക് വിളിപ്പിച്ചു. മൗലാനാ സിന്ധി എഴുതുന്നു: '1909-ല്‍ ഹസ്രത്ത് ശൈഖുല്‍ ഹിന്ദ് എന്നെ ദയൂബന്ദിലേക്ക് വിളിപ്പിച്ചു. സാഹചര്യത്തിന്റെ അനിവാര്യത മൂലം ദയൂബന്ദില്‍നിന്നു കൊണ്ട് പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടതുണ്ട് എന്ന് എന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. ദയൂബന്ദിലെ ദാറുല്‍ ഉലുമുമായുള്ള ബന്ധവും നിലനിര്‍ത്താം എന്നൊരു ഗുണം കൂടി അദ്ദേഹം എന്നെ തെര്യപ്പെടുത്തി.' 

 ദാറുല്‍ ഉലൂം ദയൂബന്ദ് കേന്ദ്രമാക്കിയായിരുന്നു ഇവരുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. വിവിധ ഭാഗങ്ങളിലെ സമാന ചിന്താഗതിക്കാരായ പണ്ഡിതരെ കൂട്ടിയോജിപ്പിച്ചുകൊണ്ടായിരുന്നു ജംഇയ്യത്തുല്‍ അന്‍സാറിന്റെ പ്രവര്‍ത്തനങ്ങള്‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകള്‍ ഒരു മതവിദ്യാ കേന്ദ്രം എന്ന നിലയില്‍ ദാറുല്‍ ഉലൂം ദയൂബന്ദിനെ ബാധിക്കരുത് എന്ന ചിന്തയില്‍ മൗലാനാ സിന്ധി സ്വന്തമായി  നിസാറത്തുല്‍ മആരിഫ് എന്ന പേരില്‍ ദല്‍ഹിയില്‍  ഒരു വിദ്യാകേന്ദ്രമുണ്ടാക്കുകയും പ്രവര്‍ത്തനകേന്ദ്രം അവിടേക്ക് മാറ്റുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും അറബി ഭാഷയും പഠിപ്പിക്കുന്ന ഒരു സ്ഥാപനം എന്നതിലുപരി ബ്രിട്ടീഷ്‌വിരുദ്ധ പോരാളികളുടെ രഹസ്യസങ്കേതം കൂടിയായിരുന്നു ഈ സ്ഥാപനം. ഗൂഢാലോചനാ കേന്ദ്രം എന്ന നിലയില്‍ ബ്രിട്ടീഷ് രേഖകളില്‍ ഈ സ്ഥാപനം സ്ഥാനം പിടിച്ചിട്ടുണ്ട്. ഹകീം അജ്മല്‍ ഖാന്‍, ഡോ. മുഖ്താര്‍ അന്‍സ്വാരി, മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ ശൗക്കത്തലി, മൗലാനാ സഫര്‍ അലി ഖാന്‍, മൗലാനാ അബുല്‍ കലാം ആസാദ് എന്നിവര്‍ ഇവിടെ സംഗമിച്ചിരുന്നു. 

അധ്യാപനത്തോടൊപ്പം അല്ലാമാ  സിന്ധി  രാഷ്ട്രീയ രംഗത്തും ശോഭിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്‍നിരയില്‍ നിന്ന ഉബൈദുല്ല മഹാഗുരു മൗലാനാ മഹ്‌മൂദുല്‍ ഹസന്റെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. വിഖ്യാതമായ സില്‍ക്ക് ലെറ്റര്‍ ഗൂഢാലോചന യില്‍ മുഖ്യ പ്രതിയായിരുന്നു മൗലാനാ ഉബൈദുല്ല. റൗലറ്റ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാബൂളില്‍ രാജാ മഹേന്ദ്രപ്രതാപുമായി കൂടിച്ചേര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ ആസൂത്രണം ചെയ്ത മൗലാനാ ഉബൈദുല്ലയെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പട്ടുറുമാല്‍ വിപ്ലവം
വിഖ്യാതമായ രേഷ്മി റുമാല്‍ തഹ്‌രീക്  അഥവാ പട്ടുറുമാല്‍ വിപ്ലവം (സില്‍ക്ക് ലെറ്റര്‍ മൂവ്‌മെന്റ്)  ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്മരണീയമായ ഒരധ്യായമാണ്. മൗലാനാ മഹ്‌മൂദുല്‍ ഹസനും മൗലാനാ ഉബൈദുല്ല സിന്ധിയും അടക്കമുള്ള  ദയൂബന്ദി പണ്ഡിതരാണ് ചരിത്ര പ്രസിദ്ധമായ ഈ സംഭവത്തിനു പിന്നില്‍. മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി, മൗലാനാ ഉബൈദുല്ല സിന്ധി എന്നിവരുടെ മേല്‍  ഗൂഢാലോചനാ കുറ്റം ചുമത്തി നൂറു കണക്കിന് പേജുകള്‍ ഉള്ള ഔദ്യോഗിക റിപ്പോര്‍ട്ട് ബ്രിട്ടീഷ് അധികാരികള്‍ പ്രസിദ്ധീകരിച്ചത് ഇന്നും ചരിത്രരേഖയായി നിലകൊള്ളുന്നു. ശൈഖുല്‍ ഹിന്ദ് മഹ്‌മൂദുല്‍ ഹസനും വിപ്ലവകാരികളായ മറ്റു പണ്ഡിതന്മാരും തമ്മില്‍ നടത്തിയത് പട്ട് തുണിക്കഷ്ണങ്ങളില്‍  പരസ്പരം വിപ്ലവ സന്ദേശങ്ങളും നിര്‍ദേശങ്ങളും കൈമാറുന്ന രീതിയാണ്. ഈ കത്തുകളില്‍ നിര്‍ദേശങ്ങളും പദ്ധതികളും ആയുധങ്ങളെയും പടക്കോപ്പുകളെയും സംബന്ധിച്ച വിവരങ്ങളും, പോരാളികളെ വിന്യസിക്കുന്നത് സംബന്ധിച്ച ആലോചനകളുമാണ് കൈമാറിയിരുന്നത്. ശൈഖുല്‍ ഹിന്ദിന്റെ സഹചാരികളായ ആയിരക്കണക്കിന് പോരാളികള്‍ക്ക് ഇതുമൂലം പോരാട്ടഭൂമികയില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനായി. രേഷ്മി റുമാല്‍ എന്ന  ഈ വിപ്ലവഗാഥ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തമായ സായുധ വിപ്ലവങ്ങള്‍ക്ക് ഹേതുവായി ഭവിച്ചു. ബ്രിട്ടീഷ്‌വിരുദ്ധ ചേരികളായിരുന്ന തുര്‍ക്കി, അഫ്ഗാന്‍, റഷ്യ എന്നിവരായിരുന്നു പ്രധാനമായും ഈ പോരാട്ടങ്ങള്‍ക്ക് പണവും ആയുധവും നല്‍കിപ്പോന്നത്. 
ശൈഖുല്‍ ഹിന്ദിനു പുറമെ മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്‌മദ് മദനി, മൗലാനാ ഉബൈദുല്ല സിന്ധി, മൗലാനാ ഷാഹ് റഹീം, മുഹമ്മദ് മിയാന്‍ മന്‍സൂര്‍ അന്‍സ്വാരി എന്നിവരായിരുന്നു ഇതുമായി ബന്ധപ്പെട്ട വിപ്ലവനേതാക്കള്‍. മുസ്‌ലിം പണ്ഡിതരാല്‍ നയിക്കപ്പെട്ട പ്രസ്ഥാനമായിരുന്നെങ്കിലും സര്‍വരുടെയും പിന്തുണയുള്ള ഒരു മതേതര മൂവ്‌മെന്റ് ആയിട്ടാണ് ഇത് വര്‍ത്തിച്ചത്. കാബൂളിലെ ഹിന്ദു രാജാവാണ് ആ പ്രദേശത്തെ  വിപ്ലവകാരികളുടെ ഭരണകൂടത്തിന്റെ തലവനായി നിശ്ചയിക്കപ്പെട്ടത്.

സൈന്യത്തിന്റെ ചുമതലയുള്ള മന്ത്രിയും ഒരു ഹിന്ദുവായിരുന്നു. മൗലാനാ ബറകത്തുല്ല ഭോപ്പാലി പ്രധാനമന്ത്രിയും മൗലാനാ ഉബൈദുല്ല സിന്ധി ആഭ്യന്തര മന്ത്രിയുമായിരുന്നു. ഏഴു വര്‍ഷത്തോളം ഈ വിപ്ലവ പ്രസ്ഥാനം നിലനിന്നിരുന്നു. അറേബ്യയിലേക്ക് അയക്കപ്പെട്ട,  ഉര്‍ദുവില്‍ സില്‍ക്ക് തുണിയില്‍ എഴുതപ്പെട്ട നിലയിലുള്ള മൂന്ന് കത്തുകള്‍ ബ്രിട്ടീഷ് രാജ് നിലനിന്നിരുന്ന മുള്‍ത്താനില്‍ വെച്ച് മുള്‍ത്താന്‍ മജിസ്ട്രേറ്റ് ആയിരുന്ന റബ്ബ് നവാസ് പിടികൂടുകയും ബ്രിട്ടീഷ് കമീഷണര്‍ക്ക് കൈമാറുകയും ചെയ്തു. കാബൂളില്‍നിന്ന് മൗലാനാ ഉബൈദുല്ല സിന്ധി സുഊദി അറേബ്യയിലായിരുന്ന  തന്റെ  നേതാവായ ശൈഖുല്‍ ഹിന്ദ് മഹ്‌മൂദുല്‍ ഹസന് എഴുതിയ രണ്ട് കത്തുകളായിരുന്നു അവ. ഒരു കത്ത് മൗലാനാ അബ്ദുര്‍റഹീമിനുള്ളതായിരുന്നു. കണ്ടുകെട്ടിയ  മൂന്ന് മഞ്ഞ പട്ടുറുമാലുകള്‍ കുട്ടിക്കളിയെന്നു ബ്രിട്ടീഷ് കമീഷണര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ പഞ്ചാബിലെ സി.ഐ.ഡി ആയ ടോംകിന്‍സ് ഇതിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയും സന്ദേശവാഹകനായ അബ്ദുല്‍ഹഖിനെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. 
അന്ന്  സുഊദി അറേബ്യയിലായിരുന്ന ശൈഖുല്‍ ഹിന്ദിന് എഴുതിയ ഈ കത്തില്‍ കാബൂളിലെ രഹസ്യ വിപ്ലവത്തെയും, ഭാവി പദ്ധതികളെയും ഉള്‍ക്കൊണ്ടിരുന്നു. ഒട്ടോമന്‍  തുര്‍ക്കികളില്‍നിന്ന് വിപ്ലവത്തിനുള്ള ധനസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും കത്തിലുണ്ടായിരുന്നു. 

മൗലാനാ ഉബൈദുല്ല സിന്ധി എഴുതിയ കത്തുകളിലൊന്നില്‍  ഒന്നാം ലോക യുദ്ധ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്‌വിരുദ്ധ ചേരികളില്‍നിന്ന് വിപ്ലവത്തിനു വേണ്ടി ശേഖരിച്ച ആയുധങ്ങളുടെയും മറ്റും വിവരങ്ങളും പ്രതിപാദിച്ചിരുന്നു. ഈ കത്തുകള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തപ്പോള്‍ 31 പേജുകള്‍ ഉള്ളതായാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്. ഇതു സംബന്ധിച്ച് ബ്രിട്ടീഷ്‌രാജ് അന്വേഷണത്തിന് ഉത്തരവിടുകയും നൂറുകണക്കിന് പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ട് തയാറാവുകയും ചെയ്തു. 1918-ലെ സെഡിഷന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗൂഢാലോചനയുടെ പിന്നിലെ നേതാക്കളെ  അടക്കം  222 പോരാളികളെ പിടികൂടി തുറുങ്കിലിട്ടു.

നേതാക്കളായ മൗലാനാ മഹ്‌മൂദുല്‍ ഹസനെയും മൗലാനാ വഹീദ് അഹ്‌മദ്, ഹകീം സയ്യിദ് നുസ്രത്ത് ഹുസൈന്‍, മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി എന്നിവരെയും 1917 ഫെബ്രുവരി 21-ന് മാള്‍ട്ട ദ്വീപിലെ തുറുങ്കല്‍ പാളയത്തിലേക്കയച്ചു. 

നാടു വിട്ട മൗലാനാ ഉബൈദുല്ല സിന്ധിയെയും, മിയാന്‍ മന്‍സൂറിനെയും പിടികൂടാന്‍ കഴിഞ്ഞില്ല.  ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകള്‍ ആധാരമാക്കി സില്‍ക്ക് ലെറ്റര്‍ മൂവ്‌മെന്റ് എന്ന പേരില്‍ (silk letter movement: accounts of – silk letter conspiracy case- from british records)മൗലാനാ മുഹമ്മദ് മിയാന്‍ ദയൂബന്ദി എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈയിടെ ദാറുല്‍ ഉലൂം ദയൂബന്ദ് പുറത്തിറക്കുകയുണ്ടായി. 2013 ജനുവരി 11-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സില്‍ക്ക് ലെറ്റര്‍ മൂവ്‌മെന്റിനെ ആദരിച്ചുകൊണ്ടുള്ള തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

ശൈഖുല്‍ ഹിന്ദും ഹുസൈന്‍ അഹ്‌മദ് മദനിയുമെല്ലാം പിടിയിലായപ്പോള്‍ മൗലാനാ സിന്ധി അഫ്ഗാനില്‍ തുടര്‍ന്നു. അഫ്ഗാനില്‍നിന്നു കൊണ്ട്  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിമോചനത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ആവശ്യകത അഫ്ഗാന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരിശ്രമിച്ചു. 1915-ല്‍ രാജാ മഹേന്ദ്രപ്രതാപിന്റെ നേതൃത്വത്തില്‍ കാബൂളില്‍ രൂപംകൊണ്ട പ്രൊവിഷനല്‍ ഗവണ്‍മെന്റില്‍ മൗലാനാ  ഉബൈദുല്ല സിന്ധി പങ്കാളിയാവുകയും 'ജുനൂദുല്ലാഹ്' എന്ന പേരില്‍ ഒരു സംഘം രൂപീകരിച്ച് പോരാട്ടവീര്യം പകരുകയും ചെയ്തു. ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതുവരെ ഏഴു വര്‍ഷം അദ്ദേഹം കാബൂളില്‍ തുടര്‍ന്നു. ഹിന്ദുസ്താന്‍ ഗദര്‍ പാര്‍ട്ടി തുടങ്ങിയ വിപ്ലവ സംഘങ്ങളുമായി അദ്ദേഹം സഹകരിച്ചിരുന്നു. തന്റെ  സഖാക്കളുമൊത്ത് അദ്ദേഹം  1922-ല്‍ മോസ്‌കോയിലേക്ക് തിരിച്ചു. ലെനിന്‍ അസുഖബാധിതനായ കാലത്താണ് മൗലാന റഷ്യയിലെത്തുന്നത്. റഷ്യയില്‍നിന്ന് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആറു മാസം അവിടെ താമസിച്ച് നിരീക്ഷണം നടത്തി. തുര്‍ക്കിയിലെത്തി ഇമാം ഷാഹ് വലിയ്യുല്ലാഹിയെക്കുറിച്ചുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടു. അദ്ദേഹം തന്റെ 'സ്വതന്ത്ര ഇന്ത്യ ചാര്‍ട്ടര്‍' തയാറാക്കുന്നത് തുര്‍ക്കിയില്‍ വെച്ചാണ്. റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണഘടനയുടെ സ്വാധീനം മൗലാനയുടെ ചാര്‍ട്ടറില്‍  ഉണ്ടായിരുന്നു എന്നാണ് ഗവേഷകരുടെ പക്ഷം. 

താന്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു: 'മോസ്‌കോയിലെ റഷ്യന്‍ വിപ്ലവത്തിന്റെ അനന്തര ഫലങ്ങള്‍ ഞങ്ങള്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. വിപ്ലവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങളില്‍ ചിലര്‍ റഷ്യന്‍ ഭാഷ പഠിക്കുകയുണ്ടായി. റഷ്യയിലെ പല പ്രമുഖരുമായും ആശയസംവാദം  നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. റഷ്യന്‍ വിപ്ലവം അയല്‍രാജ്യങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നറിയാന്‍ ഞങ്ങള്‍ ആ രാജ്യങ്ങളില്‍ ചെന്ന് പഠനം നടത്തി. എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, ആ വിപ്ലവത്തിന്റെ യഥാര്‍ഥ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഇവിടത്തെ പുതിയ തലമുറ തീര്‍ത്തും പരാജിതരാണ് എന്ന് പറയാതെ വയ്യ.' 

കമ്യൂണിസ്റ്റുകളുമായി നല്ല ബന്ധം പുലര്‍ത്തിയ മൗലാനാ സിന്ധിയെ തേടി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായിരുന്നു എം.എന്‍ റോയിയുടെ പ്രതിനിധി ഖുശി മുഹമ്മദ് തുര്‍ക്കിയിലെത്തി. കമ്യൂണിസ്റ്റ് റഷ്യയിലെ മോസ്‌കോ യൂനിവേഴ്‌സിറ്റിയില്‍ തന്റെ കുറച്ചു സഖാക്കള്‍ പ്രവേശനം തേടണം എന്നായിരുന്നു സഖാവ് റോയിയുടെ ആവശ്യം.
'സ്വതന്ത്ര ഇന്ത്യ ചാര്‍ട്ടര്‍' എന്ന നിലയില്‍ താന്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടന പ്രയോഗവത്കരിക്കാന്‍ മഹാഭാരത് സ്വരാജ്യ പാര്‍ട്ടി എന്നൊരു രാഷ്ട്രീയ പ്രസ്ഥാനം മൗലാനാ സിന്ധി രൂപീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രചന ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയും വര്‍ഷങ്ങളോളം ഇന്ത്യയിലേക്കു മടങ്ങാന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്തു.  

പിന്നീട് ഹിജാസിലെത്തിയ മൗലാനാ ഉബൈദുല്ല സിന്ധി നീണ്ട 14 വര്‍ഷം വിശുദ്ധ മക്കയില്‍ ഇസ്‌ലാമിക പഠനത്തില്‍ വ്യാപൃതനായി. പ്രധാനമായും ഹദീസ്, തത്ത്വശാസ്ത്രം എന്നിവയായിരുന്നു ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ഗവേഷണ മേഖല. ഇമാം ഷാഹ് വലിയ്യുല്ലാഹിയുടെ കൃതികളെ ആസ്പദിച്ചുള്ള പഠനമായിരുന്നു മൗലാനാ ഉബൈദുല്ല ഇക്കാലയളവില്‍ നടത്തിയത്. ഒരു വിപ്ലവ പോരാളിയായി രാജ്യം വിട്ട മൗലാനാ  ഉബൈദുല്ല പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയത് പക്വമതിയായ ഒരു ചിന്തകനായിട്ടായിരുന്നു. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ഥനപ്രകാരം 1939-ല്‍ സിന്ധില്‍ കപ്പലിറങ്ങിയ അദ്ദേഹത്തെ സിന്ധിലെ അസംബ്ലി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വീരോചിതമായി വരവേറ്റു. പിന്നീട് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായ അദ്ദേഹം ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവയില്‍നിന്നെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണം പുലര്‍ത്തിപ്പോന്നു. രാഷ്ട്രത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ തന്റെ പര്യടന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പരിഷ്‌കരിക്കുകയും അതിനായി ഒരു സിന്ധ് ജമുന നര്‍ബദ സിന്ധ് സാഗര്‍ പാര്‍ട്ടി രൂപീകരിക്കുയും ചെയ്തു. എന്നാല്‍ ദ്വിരാഷ്ട്ര വാദത്തെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. തന്റെ നിലപാടിന് ചരിത്രപരമായും മതപരമായും അദ്ദേഹം ന്യായങ്ങള്‍ നിരത്തി. ഹിന്ദു-മുസ്‌ലിം പ്രശ്‌നമായിരുന്നു അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നമായി ദേശീയ നേതാക്കളില്‍ പലരും നിരീക്ഷിച്ചത്. എന്നാല്‍ മൗലാനാ സിന്ധിയുടെ കാഴ്ചപ്പാട് ഹിന്ദു-മുസ്‌ലിം രഞ്ജിപ്പു കൊണ്ട് മാത്രം ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നായിരുന്നു. തൊഴില്‍പരമായും ജാതീയമായും നേരിടുന്ന പ്രശ്‌നങ്ങളാണ് അദ്ദേഹം ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നങ്ങളായി മനസ്സിലാക്കിയത്. 

ദല്‍ഹിയില്‍ അലീഗഢ് പ്രസ്ഥാനത്തിന്റെ ആധുനിക പ്രവണതകളും ദയൂബന്ദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യ രീതികളും തമ്മില്‍ സംയോജിപ്പിക്കുന്ന തരത്തിലായിരുന്നു മൗലാനാ ഉബൈദുല്ലയുടെ ചിന്തകള്‍ സഞ്ചരിച്ചത്. അദ്ദേഹം മുസ്‌ലിംകള്‍ക്കിടയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും കൃത്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന പത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1911-'12 കാലയളവില്‍ ബാള്‍ക്കന്‍ യുദ്ധത്തോടനുബന്ധിച്ച് അദ്ദേഹം തന്റെ ഇടങ്ങളില്‍ ഇസ്‌ലാമിക സ്വത്വബോധം വളര്‍ത്തുന്ന യത്‌നത്തില്‍ സജീവമായിരുന്നു. 

ഇമാം ഷാഹ് വലിയ്യുല്ലാഹിയുടെ രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഒരു സമൂഹത്തിന്റെ സാമൂഹികമായ അസ്ഥിരതക്ക് കാരണമായി അദ്ദേഹം കണ്ടത് സമ്പത്ത് ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ്.  ബഹുഭൂരിപക്ഷവും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു സമൂഹത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ സാമ്പത്തിക വിതരണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദ്യാഭ്യാസ രംഗത്തെയും തൊഴില്‍ രംഗത്തെയും ജാതീയമായ വേര്‍തിരിവുകള്‍ സമൂഹത്തിന്റെ സുഗമമായ പ്രയാണത്തിന് വലിയ വിഘ്നമാകുന്നു എന്നും അദ്ദേഹം  സിദ്ധാന്തിക്കുന്നു. ഇത്തരം ചിന്തകള്‍  അദ്ദേഹത്തിലെ സോഷ്യലിസത്തിന്റെ സ്വാധീനമായും അതല്ല,  ഷാഹ് വലിയ്യുല്ലാഹിയുടെ സാമൂഹിക  കാഴ്ചപ്പാടുകളുടെ സാധീനമായും വിലയിരുത്തപ്പെടുന്നുണ്ട്. വ്യാവസായിക വിപ്ലവാനന്തര ലോകത്തെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങള്‍ അദ്ദേഹം വീക്ഷിക്കുകയും അതില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ സമൂഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. മുസ്‌ലിം ലോകം പുതിയ മാറ്റങ്ങളെയും ലോക ക്രമങ്ങളെയും തുറന്ന മനസ്സോടെ കാണുകയും സമീപിക്കുകയും ചെയ്യണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍, ഇസ്‌ലാം, ദൈവം, മതങ്ങള്‍ എന്നിവയെയെല്ലാം തത്ത്വചിന്താപരമായി വിലയിരുത്തുന്ന രീതിയാണ് മൗലാനാ ഉബൈദുല്ലയുടേത്. ഇമാം ഷാഹ് വലിയ്യുല്ലാഹിയുടെ ഫിലോസഫിയെക്കുറിച്ച് ഗഹനമായ രചനകള്‍ അദ്ദേഹത്തില്‍നിന്നുണ്ടായി. 'ഷാഹ് വലിയ്യുല്ലാഹ് ഓര്‍ ഉന്‍കാ ഫല്‍സഫ'  മൗലാനാ സിന്ധിയുടെ ഈ രംഗത്തെ പ്രസിദ്ധമായ രചനയാണ്. ഇമാം വലിയ്യുല്ലാഹിയുടെ സാമൂഹിക -രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിശകലനം ചെയ്തുകൊണ്ട് രചിച്ച 'ശഊറോ ആഗായി'യും വിശുദ്ധ ഖുര്‍ആന്റെ വിപ്ലവാത്മകതയെ ആസ്പദമാക്കി രചിച്ച  'ഖുര്‍ആനി ശഊറെ  ഇന്‍ഖിലാബും' അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും സമാഹരിച്ച 'ഖുത്വ്ബാത് വ മഖാലാതു'മാണ് മറ്റു രചനകള്‍. 'സാതി ഡയറി' എന്ന പേരില്‍ കാബൂളിലെ വിപ്ലവ സ്മരണകള്‍ ആധാരമാക്കി രചിക്കപ്പെട്ട  ആത്മകഥയും  ആ തൂലികയില്‍നിന്ന് പിറന്നു. 

1944-ല്‍  ലാഹോറിനടുത്ത റഹീം യാര്‍ ഖാന്‍ ജില്ലയിലെ മകളുടെ വീട്ടിലേക്ക് പോയ മൗലാനാ ഉബൈദുല്ല അവിടെ വെച്ച് രോഗാതുരനാവുകയും മരണപ്പെടുകയും ചെയ്തു. ആ ചരിത്രപുരുഷന്‍  ലാഹോറിന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു.  

അവലംബങ്ങള്‍ 
*തെഹ്‌രീകെ ആസാദി മേം ഉലമ ക കിര്‍ദര്‍: ഫൈസല്‍ നദ്വി ബഡ്കലി. 
*തെഹ്‌രീകെ ആസാദി മേം ഉലമ ഓര്‍ ആവാം ക കിര്‍ദര്‍ : മൗലാനാ മന്‍സൂര്‍പൂരി. 
*Deobandi school and Indian independence movement: various articles
*Ubaidulla sindi and socialism: റാസ നസീം

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top