കൊല്ലം അബ്ദുല്ല മൗലവി: പ്രസ്ഥാന മാര്‍ഗത്തിലെ സമര്‍പിത ജീവിതം

ഡോ. എ.എ ഹലീം‌‌

ദക്ഷിണ കേരളത്തില്‍, വിശേഷിച്ചും കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം  വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നടന്ന വ്യക്തിയാണ് ഈ അടുത്ത് വിടവാങ്ങിയ കൊല്ലം അബ്ദുല്ലാ മൗലവി. അറിയപ്പെട്ട പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുന്‍ കൊല്ലം ജില്ലാ അധ്യക്ഷനുമായ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അല്ലാഹുവിലേക്കു യാത്രയായത്. എന്റെ പിതാവിന്റെ പിതൃസഹോദര പുത്രനാണ് അദ്ദേഹം. ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചലനങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നവരില്‍ പ്രമുഖനായ അബ്ദുല്ലാ മൗലവി, പ്രബോധകന്‍, അറബി ഭാഷാഭിജ്ഞന്‍, സംഘാടകന്‍, വാഗ്മി തുടങ്ങിയ നിലകളിലൊക്കെ കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി കര്‍മരംഗത്ത് സജീവമായി നിലകൊണ്ടു. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാറില്‍നിന്ന് പലായനംചെയ്ത നിരവധി പണ്ഡിത കുടുംബങ്ങള്‍ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ വന്ന് താമസമാക്കുകയുണ്ടായി. 

ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരുദ്ധ സമീപനവും പ്രതികാര നടപടികളുമായിരുന്നു, മുഖ്യമായും പ്രസ്തുത കുടിയേറ്റത്തിന് നിമിത്തമായത്. അതില്‍, പൊന്നാനി താലൂക്കിലെ വെളിയങ്കോട് നിന്ന് വന്നവരാണ് അബ്ദുല്ലാ മൗലവിയുടെ പിതാവ് അബൂബക്ര്‍ മുസ്‌ലിയാരും സഹോദരന്മാരായ മുഹമ്മദ് മുസ്‌ലിയാരും മൊയ്തുണ്ണി മുസ്‌ലിയാരും. തിരുവനന്തപുരം ജില്ലയിലെ വിവിധ മസ്ജിദുകളില്‍ ദീര്‍ഘകാലം ഇമാമുമാരും മുദര്‍രിസുമാരുമായിരുന്നു, അവര്‍ മൂന്ന് പേരും.

അബൂബക്ര്‍ മുസ്‌ലിയാരുടെ പുത്രനായി 1934-ല്‍ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് അബ്ദുല്ലാ മൗലവി ജനിച്ചത്. മതവിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പിതാവില്‍നിന്ന് തന്നെയാണ് അദ്ദേഹം പ്രാഥമിക ശിക്ഷണം നേടിയത്. അനന്തരം പള്ളി ദര്‍സുകളില്‍ പഠനം തുടര്‍ന്നു. അറബി ഭാഷയിലും വിവിധ വൈജ്ഞാനിക മേഖലകളിലും ഭദ്രത നേടുകയും ചെയ്തു.

തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരിനടുത്ത വടക്കേക്കാട് സ്‌കൂള്‍ അധ്യാപകന്‍ ആയിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുന്നതും തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാവുന്നതും. 1960-65 കാലഘട്ടത്തില്‍ കൊല്ലം-തിരുവനന്തപുരം ജില്ലകളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അദ്ദേഹം നിയോഗിതനായി. കൊല്ലത്ത് സ്ഥിരതാമസമാക്കിയതിന് ശേഷമാണ് പ്രസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അവിടം കേന്ദ്രമാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ ജില്ലയിലെ ആദ്യത്തെ അംഗമായ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് സംഘടന  നിരോധിക്കപ്പെട്ടപ്പോള്‍ ജില്ലയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍വാസം അനുഭവിച്ച രണ്ടുപേരില്‍ ഒരാളാണ്. 

ഇസ്‌ലാമിക പ്രബോധന രംഗത്ത് മൗലവിയുടെ സാന്നിധ്യവും പങ്കാളിത്തവും വിലമതിക്കാനാവത്തതാണ്. പ്രസ്ഥാന മാര്‍ഗത്തില്‍ വിശ്രമമില്ലാതെ പണിയെടുത്ത അദ്ദേഹം ശാരീരികമായി അവശത അനുഭവിച്ചപ്പോഴും കര്‍മോല്‍സുകനായിരുന്നു. മാള കെ. അബ്ദുസ്സലാം മൗലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ്, നീര്‍ക്കുന്നം അബ്ദുല്‍ അസീസ് സാഹിബ്, പുന്നപ്ര ഹസന്‍ ബാവാ മാസ്റ്റര്‍, സഹോദരീ പുത്രന്‍  കൂടിയായ പ്രഫ. പി.എ സഈദ് തുടങ്ങിയവരോടൊപ്പം പ്രസ്ഥാന സന്ദേശ പ്രചാരണ മാര്‍ഗത്തില്‍ കഠിനമായി അധ്വാനിച്ച മഹദ് വ്യക്തിത്വമാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ നിരവധി അക്രമങ്ങള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. ദീര്‍ഘകാലം ജമാഅത്തിന്റെ മേഖലാ നാളിമായി പ്രവര്‍ത്തിച്ച കെ. അബ്ദുസ്സലാം മൗലവി ഒരു സംഭവം അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: 'ഒരു ദിവസം കൊല്ലത്ത് വെച്ച് എതിരാളികള്‍ അബ്ദുല്ല മൗലവിയെ തല്ലി. നിലത്ത് വീണ അദ്ദേഹത്തെ അവര്‍ കുടക്കാലുകൊണ്ടു കുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ കണ്ട് മടങ്ങിവരുന്ന വഴി ഞാന്‍ കുറെ കരഞ്ഞു. വിശപ്പുകൊണ്ട് ഹോട്ടലില്‍ കയറിയ അന്ന് എനിക്കു ചോറു തിന്നാന്‍ പോലും കഴിഞ്ഞില്ല.' (യുവസരണി സപ്ലിമെന്റ്).
ഇസ്‌ലാമിക പ്രസ്ഥാനം ദക്ഷിണ മേഖലക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ആവശ്യം നേതൃയോഗങ്ങളില്‍ പലപ്പോഴും അദ്ദേഹം ശക്തമായി ഉന്നയിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് അഴിക്കോട് ഇസ്‌ലാമിക് എജുക്കേഷണല്‍ കോംപ്ലക്‌സിന് കെ.സി അബ്ദുല്ലാ മൗലവിയുടെ കാലത്ത് ആരംഭം കുറിച്ചത്. പിന്നീട് കൊല്ലത്തിനും സ്വന്തമായ ഒരു സ്ഥാപനമെന്ന ആവശ്യം മൗലവി ഉയര്‍ത്തിക്കൊണ്ടുവന്നു. പ്രഫ. കെ.എ സ്വിദ്ദീഖ് ഹസന്‍ സാഹിബിന്റെ കാലത്ത് ഉമയനലൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത് അങ്ങനെയാണ്. അസാധാരണമായ കര്‍മശേഷി പ്രദര്‍ശിപ്പിച്ച വ്യക്തിത്വമാണ് അബ്ദുല്ലാ മൗലവി. 

ദക്ഷിണ കേരളത്തിലെ അനേകം ഖുര്‍ആന്‍ പഠന വേദികളുടെ സ്ഥാപകനാണ് അദ്ദേഹം. ദീര്‍ഘകാലം ഓരോ സ്ഥലത്തും ക്ലാസ് നടത്തിയശേഷം മറ്റുള്ളവരെ പ്രാപ്തരാക്കി അവര്‍ക്കത് ഏല്‍പ്പിച്ച് കൊടുക്കുകയുണ്ടായിട്ടുണ്ട്. മാതൃകാ പഠന വേദിയായി കൊല്ലം ചിന്നക്കടയിലെ ഖുര്‍ആന്‍ സ്റ്റഡീ സര്‍ക്കിള്‍ നിലകൊണ്ടു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അമ്പതിലധികം പ്രമുഖര്‍ അതില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. വ്യാപാര- വ്യവസായ -ഉദ്യോഗ രംഗങ്ങളിലുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു. പുരുഷന്‍മാരോടൊപ്പം  സ്ത്രീകളേയും വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ശ്രദ്ധിച്ചു. 

വ്യത്യസ്ത വ്യക്തികളും വേദികളും വഴി  ബന്ധപ്പെടുന്നവര്‍ മുഖേന മതപ്രസംഗ പരമ്പരകളും പൊതുപ്രഭാഷണങ്ങളും സംഘടിപ്പിച്ചു. അത്തരം വേദികള്‍ ക്രമേണ വളര്‍ന്ന് മുത്തഫിഖ്-കാര്‍ക്കുന്‍ ഹല്‍ഖകളും പ്രാദേശിക ജമാഅത്തുകളും ഏരിയകളും രൂപംകൊണ്ടു. അവയുടെ കീഴില്‍ മദ്‌റസകളും മറ്റ് സേവന സംരംഭങ്ങളും സ്ഥാപിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയില്‍ പല മഹല്ലുകളും ശാക്തീകരിക്കപ്പെട്ടു. സകാത്ത്, ഫിത്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് തുടങ്ങിയവ സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യുന്നതിന് മാര്‍ഗങ്ങളുണ്ടായി. ഞാറയില്‍ക്കോണം, മുരുക്കുംപുഴ, അഴിക്കോട്, ഓടയം, വക്കം, റോഡുവിള, കുളത്തൂപുഴ, കരുനാഗപള്ളി തുടങ്ങിയ പ്രദേശങ്ങള്‍ അതിന് ഉദാഹരണമാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മസ്ജിദുകളില്‍ ഖതീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ഞാറയില്‍ക്കോണം, മുരുക്കുംപുഴ, അഴിക്കോട്, ഓടയം, വക്കം, റോഡുവിള, കുളത്തൂപുഴ, കരുനാഗപ്പള്ളി മുതലായവ അവയില്‍ ഉള്‍പ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഐതിഹാസികമായ സംസ്ഥാന സമ്മേളനം മലപ്പുറം ദഅവത്ത് നഗറില്‍ നടന്ന കാലഘട്ടത്തിലാണ് പ്രസ്ഥാനം ദക്ഷിണ കേരളത്തില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. പ്രസ്തുത സമ്മേളനത്തില്‍ നിരവധിയാളുകളെ തെക്കുനിന്ന് പങ്കെടുപ്പിക്കുന്നതിലും സമ്മേളന പ്രചാരണ പരിപാടികള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തുന്നതിലും മൗലവി വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.
സുദീര്‍ഘമായ അര നൂറ്റാണ്ട് കാലം  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ വേദികളില്‍ ഇസ്‌ലാമിക പ്രഭാഷണവും പഠന ക്ലാസ്സും നിര്‍വഹിച്ചിരുന്ന മൗലവിയുടെ സംസാരശൈലി ലളിതവും ശ്രോതാക്കളെ ആകര്‍ഷിക്കുന്നവയുമായിരുന്നു.

പൈതൃകമായി കിട്ടിയ വൈജ്ഞാനിക ഉള്‍ക്കരുത്തിന് പുറമേ, പരന്ന വായനയും പഠനവും ചിന്തയും പരിശ്രമവും മുഖേന സ്വായത്തമാക്കിയ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെയും ജുമുഅ: ഖുത്വുബകളുടെയും ചാരുത വര്‍ധിപ്പിച്ചു. പ്രാസ്ഥാനിക അവബോധം അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ അനിതരസാധാരണമായ പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.

സവിശേഷമായ അവതരണ രീതിയും മൗലികമായ കാഴ്ചപ്പാടും ആ പ്രഭാഷങ്ങളുടെ മികവ് വര്‍ധിപ്പിച്ചു. പ്രസ്ഥാനത്തെ താഴേത്തട്ടില്‍ കെട്ടിപ്പടുക്കാനും അവ വലിയ തോതില്‍ സഹായകമായിട്ടുണ്ട്. ഭാഷാശുദ്ധിയും വ്യക്തതയും വിജ്ഞാന മികവുമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാക്കള്‍ ഏറെയുണ്ടായിരുന്നു.

1980-കളുടെ മധ്യത്തില്‍ ശരീഅത്ത് വിമര്‍ശന കാലത്ത് ഇസ്ലാമിനെ പ്രതിനിധീകരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ സമുദായത്തിന് ആത്മവിശ്വാസവും ആവേശവും നല്‍കുന്നതില്‍ അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. സംഘടനാ ഭേദമില്ലാതെ കേരളത്തില്‍ ഉടനീളമുളള സ്റ്റേജുകളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന മൗലവി സംഘടനയുടെ സെക്രട്ടറിയായും കൊല്ലം ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം നഗരത്തിലും ജില്ലയില്‍ പലയിടങ്ങളിലുമായി നിരവധി സ്ഥാപനങ്ങളും ജനസേവന സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും അബ്ദുല്ലാ മൗലവി നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി. കൊല്ലം പോളയത്തോട്ടില്‍ അദ്ദേഹം സ്ഥാപിച്ച ഖുര്‍ആന്‍ പഠനവേദി ഇതര മതസ്ഥര്‍ക്ക് ഖുര്‍ആനെ പരിചയപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. കൊല്ലത്ത് മുസ്‌ലിം അസോസിയേഷന്‍ രൂപവത്കരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. കരിക്കോട്ട് മുസ്‌ലിം അസോസിയേഷന് കീഴിലെ അറബിക് അക്കാദമിയുടെ സ്ഥാപക പ്രിന്‍സിപ്പലായിരുന്നു. മെക്കയുടെയും നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. അറബി അധ്യാപകനായിരുന്ന അദ്ദേഹത്തിന് നല്ലൊരു ശിഷ്യവലയം തന്നെയുണ്ട്. ഇരവിപുരം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് വിരമിച്ചത്.

അബ്ദുല്ലാ മൗലവിയുടെ മോട്ടോര്‍ സൈക്കിള്‍ സഞ്ചാരം പ്രസിദ്ധമാണ്. ബൈക്കില്‍ ഒരു ബോക്‌സ് വെച്ച്‌കൊണ്ട് പോകുന്നിടത്തെല്ലാം ക്ലാസ്സുകള്‍ക്ക് അത് പ്രയോജനപ്പെടുത്തിയിരുന്നു. പ്രസ്ഥാനം താഴേതട്ടില്‍ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഏറെ അധ്വാനിച്ച ആ ത്യാഗിവര്യന്‍, ജില്ലയുടെ മുക്കുമൂലകളില്‍  എത്തിച്ചേരാത്ത പ്രദേശങ്ങള്‍ വിരളമായിരിക്കും. പലപ്പോഴും വീണ് പരിക്കേറ്റു, പല പ്രാവശ്യം ആശുപത്രിയിലായി. അതില്‍ നിന്നൊക്കെ രക്ഷപ്പെട്ട്, വീണ്ടും വളരെ വേഗം അദ്ദേഹം കര്‍മവീഥിയില്‍ തിരിച്ചെത്തി സജീവമായിരുന്നു. 

തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  സഹധര്‍മിണി റൈഹാന: ഏതാനും വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. മൂത്ത മകന്‍ ശറഫുദ്ദീന്‍ യു.എ.ഇയില്‍ പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് സജീവമാണ്. നസീം, ഫൈസ്വല്‍, നൗഫല്‍, മുനീറ, ലൈല എന്നിവരാണ് മറ്റു മക്കള്‍.

ഇസ്‌ലാമിക വിഷയങ്ങളിലും ചരിത്രത്തിലും അവഗാഹമുണ്ടായിരുന്ന മികച്ച പ്രതിഭയെയാണ് അബ്ദുല്ലാ മൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ദക്ഷിണ കേരളത്തില്‍  ഇസ്‌ലാമിക പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പണ്ഡിതന്‍ എന്നതിലുപരി സാമൂഹിക പ്രവര്‍ത്തന മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. 

ജാതി-മത ഭേദമന്യേ നല്ലൊരു സുഹൃദ് വലയത്തിന് ഉടമയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. അബ്ദുല്ലാ മൗലവിയുടെ വിയോഗത്തോടെ ദക്ഷിണ കേരളത്തിലെ നവോത്ഥാന രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച സംഭവബഹുലമായ ഒരു മഹല്‍ ജിവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീന്‍.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top