സകാത്ത് പ്രഹസനമാകുമ്പോള്‍
ഈ ലക്കം 'ബോധന'ത്തില്‍ സകാത്താണ് മുഖ്യ വിഷയം. യഥാര്‍ഥത്തില്‍ സകാത്തിനെക്കുറിച്ച ചര്‍ച്ചകള്‍ക്ക് പുതുമയില്ലാതായിട്ടുണ്ട്. അത്രയധികം ചര്‍ച്ചകളും സംവാദങ്ങളും അപഗ്രഥനങ്ങളും ഖണ്ഡനമണ്ഡനങ്ങളും കൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക പ്രസാധനാലയങ്ങളും ഗ്രന്ഥപ്പുരകളും. എന്നിട്ടെന്തുണ്ടായി സംഭവലോകത്ത് എന്ന ചോദ്യത്തിനാണ് ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയുടെ മേനി പറയുന്ന മുസ്‌ലിം ഉമ്മത്ത് ഉത്തരം പറയേണ്ടത്. ഉമറു ബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് സകാത്ത് വാങ്ങാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചു ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം എന്ന് ഊറ്റം കൊള്ളുമ്പോള്‍ തന്നെ ആ അനുഭവം എന്തുകൊണ്ട് പിന്നീട് ആവര്‍ത്തിക്കപ്പെട്ടില്ല എന്ന ചോദ്യത്തിനും മറുപടി പറയേണ്ടി വരും.
ജനങ്ങളെ സംസ്‌കരിക്കാനും അവരുടെ സമ്പത്തിനെ വളര്‍ത്താനുമാണ് അല്ലാഹു സകാത്ത് നിര്‍ബന്ധമാക്കിയത് (خد من أموالهم صدقة تطهرهم وتزكيهم بها). പക്ഷേ, ആ ഉദ്ദേശ്യങ്ങളെ സാക്ഷാല്‍ക്കരിക്കുംവിധം സകാത്തിനെ പ്രയോജനപ്പെടുത്താന്‍ സമുദായത്തിനായില്ല. അവര്‍ മദ്ഹബുകളിലും 'മസ്അല'കളിലും കെട്ടുപിണഞ്ഞ് അതിന്റെ സുന്ദരമായ ആത്മാവിനെ ചോര്‍ത്തിക്കളഞ്ഞു. ഉദാഹരണമായി, ചിലര്‍ ഭക്ഷ്യധാന്യങ്ങള്‍ക്കേ സകാത്തുള്ളൂ എന്ന് 'കണ്ടെത്തി', റബ്ബര്‍, നാളികേരം പോലുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സകാത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ പത്ത് സെന്റ് നെല്‍പാടമുള്ളവന്‍ സകാത്ത് കൊടുക്കേണ്ടവനും ആയിരം ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുള്ളവന്‍ സകാത്ത് ബാധ്യതയില്ലാത്തവനുമായി. അതുപോലെത്തന്നെ, സകാത്തിന്റെ സാമൂഹിക ശേഖരണ-വിതരണങ്ങള്‍ മദ്ഹബിലില്ലെന്നു പറഞ്ഞ് സകാത്ത്ദായകര്‍ പണം തങ്ങള്‍ക്ക് തോന്നിയ പോലെ ആര്‍ക്കെങ്കിലും വീതം വെച്ച് കൊടുക്കുകയും അതവരുടെ പ്രശ്‌നങ്ങളൊരിക്കലും പരിഹരിക്കാത്തതിനാല്‍ മരണം വരെ അവര്‍ സകാത്ത് വാങ്ങിക്കൊണ്ടേയിരിക്കുകയും, സമൂഹത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഉപകരണം എന്നതിനു പകരം ദാരിദ്ര്യം നിലനിര്‍ത്തുന്ന സംവിധാനം എന്ന നിലയിലേക്ക് സകാത്ത് മാറുകയും ചെയ്യുന്നു!
കേരളത്തില്‍ മാത്രമല്ല, ലോകത്തുതന്നെയും ഇതാണവസ്ഥ. ഒരു കാലത്ത് സകാത്ത് കൊണ്ട് ലോകത്തെ സമ്പന്നമാക്കിയവരുടെ രാഷ്ട്രങ്ങള്‍ ഇന്ന് ലോകബാങ്കിനു മുമ്പില്‍ 'ചകാത്തി'നു വേണ്ടി ക്യൂ നില്‍ക്കുന്നു. പലിശ എന്ന ചൂഷണ വ്യവസ്ഥയില്‍ കെട്ടിപ്പടുക്കപ്പെട്ട മുതലാളിത്ത വ്യവസ്ഥിതിയുടെ വക്താക്കള്‍ ആഢംബരപൂര്‍വം ജീവിക്കുമ്പോള്‍ മനുഷ്യന്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ ഒറ്റമൂലിയായ സകാത്ത് വ്യവസ്ഥ നിര്‍ബന്ധമായ മുസ്‌ലിം സമുദായം പട്ടിണി കിടക്കുന്നു. സകാത്ത് എന്ന മനോഹരമായ സാമ്പത്തിക പാക്കേജിന്റെ ഉടമകളാണിന്ന് ലോകത്ത് ഏറ്റവും വലിയ ദരിദ്രര്‍. 37 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന ലോകമാണ് മുസ്‌ലിം ലോകം. കൊടിയ ദരിദ്ര രാജ്യങ്ങളെന്ന് യു.എന്‍ രേഖപ്പെടുത്തിയ 25 രാജ്യങ്ങളില്‍ ഭൂരിഭാഗവും മുസ്‌ലിം ലോകത്താണ്!
പെട്രോള്‍, പ്രകൃതി വാതകം, സ്വര്‍ണം, ഇരുമ്പ്, കല്‍ക്കരി തുടങ്ങി ഏറെ പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമൃദ്ധമാണ് മുസ്‌ലിം ലോകം. ഭൂമിക്കടിയിലുള്ള ഖനികള്‍ക്കും സകാത്തുണ്ട്. ഈ സകാത്ത് മുസ്‌ലിം രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരുടെയും രാജ്യത്തിന്റെയും നാനോമുഖമായ വികസനത്തിന് വിനിയോഗിച്ചിരുന്നെങ്കില്‍ അതവരുടെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ദരിദ്ര മുസ്‌ലിം സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതിയാകുമായിരുന്നു. പ്രസിദ്ധ പണ്ഡിതനായ ശൈഖ് അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി പറഞ്ഞത്, താന്‍ 2008-ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സകാത്ത് നിര്‍ബന്ധമായ സംഖ്യ ചുരുങ്ങിയത് നാല് ട്രില്യണ്‍ ഡോളറെങ്കിലും വരും എന്നാണ്. കമ്പനികളുടെയും ബാങ്കുകളുടെയും മാത്രം സകാത്താണിത്. പെട്രോള്‍, ഗ്യാസ് പോലുള്ള പ്രകൃതിവിഭവങ്ങള്‍ ഇതില്‍ പെടില്ല. രാഷ്ട്രങ്ങള്‍ക്ക് സോവറിന്‍ ഫണ്ടുകള്‍ എന്ന പേരില്‍ സ്ഥിര നിക്ഷേപ ഫണ്ടുകള്‍ വേറെയുമുണ്ട്. ആ ഫണ്ടും സകാത്തില്‍നിന്നും ഒരു നിലക്കും ഒഴിവാക്കാനാവാത്തതാണെന്ന് ഖറദാഗിയെപ്പോലുള്ളവര്‍ അടിവരയിടുന്നു.
ഇത്രയും സമ്പന്നമായൊരു സമുദായവും അതിന്റെ രാഷ്ട്രങ്ങളുമാണ് ഇന്ന് പട്ടിണി തിന്ന് ജീവിക്കേണ്ടിവരുന്നത്. അതേയവസരം വ്യക്തിപരമായി സകാത്ത് കൊടുക്കുന്നുണ്ട് നല്ലൊരു ശതമാനം മുസ്‌ലിംകള്‍. എന്നല്ല, സകാത്ത് കൊടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയുമാണ്. പക്ഷേ, അതുകൊണ്ടുണ്ടാകേണ്ട സാമൂഹിക പുരോഗതി മാത്രം ഉണ്ടാകുന്നില്ല.
എന്തുകൊണ്ടിത് സംഭവിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതം. സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള ശാസ്ത്രീയ സംവിധാനങ്ങളില്ല എന്നതാണത്. മുസ്‌ലിം ഭരണകൂടങ്ങളില്‍ ചിലത് ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നല്ലാതെ ഭൂരിപക്ഷവും അതിന് മെനക്കെട്ടിട്ടില്ല. ഇന്ത്യയിലേതുപോലുള്ള മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങളിലാവട്ടെ, മഹല്ല് സംവിധാനങ്ങള്‍ നല്ലൊരളവോളം ശക്തമായി നിലനില്‍ക്കുന്നിടങ്ങളില്‍ പോലും, സകാത്ത് സംഘടിതമായി ശേഖരിച്ചെടുത്ത് ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍ വിതരണം ചെയ്തുകൊണ്ട്, അതിനെ സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്താനുള്ള ചിന്തകളുണ്ടായിട്ടില്ല.
യഥാര്‍ഥത്തില്‍, സകാത്ത് അവകാശികളിലൊന്നായി അതിനു വേണ്ടി പണിയെടുക്കുന്നവരെ(والعاملين عليها) അല്ലാഹു നിശ്ചയിച്ചത് അതൊരു പണിയായതുകൊണ്ടാണ്. സകാത്ത് ദായകന്‍ തനിക്ക് തോന്നിയപോലെ ഒരു ദരിദ്രന് കൊടുക്കുന്ന ഏര്‍പ്പാടല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്ന ഒരു കൂട്ടരുണ്ടാകും, അവരാണ് അത് ചെയ്യേണ്ടത് എന്ന് ഇതില്‍നിന്നുതന്നെ വ്യക്തമല്ലേ? സംഘടിതമായും ശാസ്ത്രീയമായും സകാത്ത് ശേഖരണ-വിതരണ സംവിധാനമുണ്ടാക്കാന്‍ വേറെ തെളിവു വേണോ? 'നിങ്ങള്‍ നല്‍കുമ്പോള്‍ നല്‍കപ്പെടുന്നവര്‍ പിന്നീട് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാത്ത വിധത്തില്‍ അവര്‍ക്ക് നല്‍കുക' (إذا أعطيتم فأغنوا) എന്നാണ് ഉമര്‍ (റ) പറഞ്ഞത്. ദരിദ്രരെ ദാരിദ്ര്യാവസ്ഥയില്‍നിന്ന് മാറ്റി സ്വയംപര്യാപ്തനാക്കും വിധമായിരിക്കണം അയാള്‍ക്ക് സകാത്ത് കൊടുക്കേണ്ടത് എന്ന് ചുരുക്കം. ഇത് ആയത്തുകളും ഹദീസുകളും മുമ്പില്‍ വെച്ച് പണ്ഡിതന്മാര്‍ സമര്‍ഥിച്ചിട്ടുണ്ട്.
ശാഫിഈ മദ്ഹബ് പോലെത്തന്നെ, ഉണക്കി സൂക്ഷിക്കാവുന്നതും ഭക്ഷ്യയോഗ്യവുമായ കാര്‍ഷിക വിഭവങ്ങള്‍ക്കു മാത്രമേ സകാത്ത് കൊടുക്കേണ്ടതുള്ളൂ എന്ന തന്റെ മദ്ഹബിന്റെ വീക്ഷണം ഉപേക്ഷിച്ച്, ഭൂമിയിലുണ്ടാകുന്ന എല്ലാ വിഭവങ്ങള്‍ക്കും സകാത്ത് കൊടുക്കണമെന്ന ഇമാം അബൂ ഹനീഫയുടെ മദ്ഹബ് സ്വീകരിച്ച പ്രസിദ്ധ മാലികീ പണ്ഡിതനായ ഇബ്‌നുല്‍ അറബിയെപ്പോലെ സകാത്ത് വിഷയത്തില്‍ മദ്ഹബുകള്‍ക്കപ്പുറം നിലപാടുകളെടുക്കാന്‍ നമുക്ക് കഴിയണം. കേരളീയര്‍ റബ്ബര്‍, നാളികേരം തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ക്ക് സകാത്ത് കൊടുക്കുന്നവരാണ് നല്ലൊരു ശതമാനം. ഹനഫീ മദ്ഹബാണ് ആ വിഷയത്തില്‍ അവര്‍ സ്വീകരിച്ചിട്ടുള്ളത്. അതുപോലെത്തന്നെ, സകാത്ത് ശേഖരണത്തിലും വിതരണത്തിലും ശാസ്ത്രീയവും സംഘടിതവുമായ ഒരു സിസ്റ്റം കൊണ്ടുവരാന്‍ മദ്ഹബുകള്‍ നമുക്ക് തടസ്സമാകരുത്.
ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ എല്ലാ സകാത്ത്ദായകരുടെയും സകാത്ത് ഒന്നിച്ച് ശേഖരിക്കാനും മഹല്ലുകള്‍ മുഖേന കേരളത്തിലെ സമുദായത്തിലെ ദരിദ്രരുടെ കണക്കെടുത്ത് അവരെ സ്വയംപര്യാപ്തരാക്കുന്ന വിധത്തില്‍ ആ സകാത്ത് വിതരണം നടത്താനും സാധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സമുദായത്തില്‍നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനും അവരെ സ്വയംപര്യാപ്തരാക്കാനും സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബൈത്തുസ്സകാത്ത്, കേരള ഈയിടെ എറണാകുളത്ത് നടത്തിയ അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സിലെ മുസ്‌ലിം വ്യവസായപ്രമുഖരുടെ സെഷനില്‍ ഈ ദിശയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അവരോ അവരെപ്പോലുള്ളവരോ, സമുദായ സംഘടനകളുടെ നേതൃത്വത്തെ ഒന്നിച്ചിരുത്തി ഇത്തരമൊരു നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ മുന്നോട്ടു വന്നാല്‍ ലോകത്തിലെ മൊത്തം മുസ്‌ലിം സമുദായത്തിനു തന്നെ അതൊരു മാതൃകയായിരിക്കും. പല കാര്യങ്ങളിലും ലോക മുസ്‌ലിം സമൂഹത്തിന് മുമ്പില്‍ മോഡലുകള്‍ സമര്‍പ്പിച്ച കേരള മുസ്‌ലിംകള്‍ ഇക്കാര്യത്തിലും മാതൃകയാവുമോ?