ബര്‍നാഡ് ലൂയിസ് പെന്റഗന്റെ ശേവുകക്കാരന്‍
ഷഹ്‌നാസ് ബീഗം
'മറ്റൊന്ന് അതിന്റെ ലൈംഗിക വശമാണ്. മുസ്‌ലിം ലോകത്ത് പടിഞ്ഞാറിലെ പോലെ താല്‍ക്കാലിക രതി എന്നൊന്നില്ലെന്ന് മനസ്സിലാക്കണം. അവിടെ രണ്ട് സാധ്യതകള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ വിവാഹം, അല്ലെങ്കില്‍ വേശ്യാലയം. വധുവിനുള്ള വിവാഹമൂല്യമോ വേശ്യാലയത്തില്‍ പോകാനുള്ള പണമോ ഇല്ലാതെ വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെയാണ് നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയുക. അപ്പോള്‍ ഒരു വശത്ത് അവര്‍ സ്വര്‍ഗത്തിലെ അപ്‌സരസ്സുകളാല്‍ വശീകരിക്കപ്പെട്ട് ആത്മഹത്യാ ബോംബുകളായി മാറുന്നു. അവര്‍ക്ക് കിട്ടാവുന്നത് അവര്‍ മാത്രമാണ്. അതല്ലെങ്കില്‍ തീര്‍ത്തും നിരാശരാവുകയേ നിര്‍വാഹമുള്ളൂ.'
ഇക്കഴിഞ്ഞ മെയ് 19-ന് 101-ാം വയസ്സില്‍ നിര്യാതനായ ബര്‍നാഡ് ലൂയിസ് അറബ് വസന്തത്തെ കുറിച്ച് എഴുതിയതാണ് മുകളിലുദ്ധരിച്ച വരികള്‍.
മുസ്‌ലിം ലോകത്തോടുള്ള ഈ ഓറിയന്റലിസ്റ്റ് പണ്ഡിതന്റെ മനോഭാവത്തിന്റെ ശരിയായ ദര്‍പ്പണമാണത്. അമേരിക്കന്‍ ഫലസ്ത്വീനി ബുദ്ധിജീവിയായ എഡ്വേഡ് സഈദ് തന്റെ 'ഓറിയന്റലിസം', 'കവറിംഗ് ഇസ്‌ലാം' എന്നീ പ്രകൃഷ്ട കൃതികളിലൂടെ തുറന്നുകാട്ടിയ, കൊളോണിയലിസത്തിന് അകമ്പടിയായി വന്ന ഓറിയന്റലിസത്തിന്റെ യഥാര്‍ഥ മുഖം. സിറിയന്‍ സ്വാതന്ത്ര്യസമര സേനാനിയും ബ്രദര്‍ഹുഡ് നേതാവുമായിരുന്ന ഡോ. മുസ്ത്വഫസ്സിബാഈയുടെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു ഓറിയന്റലിസത്തിന്റെ ബൃഹത്തായൊരു വിമര്‍ശന പഠനം. അതിലേക്കുള്ള ചുവടുവെപ്പുകള്‍ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ ജീവിത കാലത്ത് അദ്ദേഹത്തിന് സാധിക്കുകയുണ്ടായില്ല. ആ ദൗത്യം ശ്ലാഘനീയമാംവിധം നിര്‍വഹിക്കാനുള്ള ഭാഗ്യമുണ്ടായത് ഫലസ്ത്വീനി ക്രൈസ്തവനായ എഡ്വേഡ് സഈദിനായിരുന്നു. ജീവിതകാലത്തുടനീളം ഇസ്രയേലിന്റെ കണ്ണിലെ കരടായിരുന്നു സഈദ്. ആ പാണ്ഡിത്യ ഗരിമയുടെ മുന്നില്‍ തലകുനിഞ്ഞുപോയ സയണിസ്റ്റ് അക്കാദമിക ലോകം സഈദിന്റെ ഫലസ്ത്വീനി വേരുകള്‍ നിഷേധിക്കാനുള്ള ഗവേഷണത്തിലാണ് അഭയം തേടിയത്.
ആരായിരുന്നു ബര്‍നാഡ് ലൂയിസ്? പെന്റഗന്റെ ശേവുകക്കാരന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. ലോറന്‍സ് ഓഫ് അറേബ്യയുടെ പുനരവതാരം എന്ന് പറഞ്ഞാലും തെറ്റാവില്ല. ലോറന്‍സിനെപ്പോലെ തന്നെ ബര്‍നാഡ് ലൂയിസും ഒരര്‍ഥത്തില്‍ കൊളോണിയല്‍ ഓഫീസറായിരുന്നു എന്നതാണ് ശരി. പാശ്ചാത്യ മേല്‍ക്കോയ്മാധികാരികള്‍ക്കു വേണ്ടിയുള്ള ഈ ഇസ്‌ലാമിക സേവനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതനായിരുന്നു ബര്‍നാഡ് ലൂയിസ്. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ നടന്ന പുതിയ അധിനിവേശത്തിന് അകമ്പടിയായി ലൂയിസിന്റെ പാണ്ഡിത്യ ഭാണ്ഡവുമുണ്ടായിരുന്നു. അറബ്-ഇസ്‌ലാമിക ലോകത്തിന്റെ ഭൂമിശാസ്ത്രവും അവിടത്തെ ജനതയെയും പഠിക്കുകയായിരുന്നില്ല ലൂയിസ് പ്രഭൃതികളുടെ ലക്ഷ്യമെന്ന് എഡ്വേഡ് സഈദ് പറഞ്ഞിട്ടുണ്ട്. ഏത് നീചമാര്‍ഗമുപയോഗിച്ചും അവിടത്തെ വിഭവങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരികയും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുക എന്നതായിരുന്നു ബര്‍നാഡ് ലൂയിസ് സ്‌കൂളുകളുടെ ലക്ഷ്യമെന്ന് ഓറിയന്റലിസത്തില്‍ സഈദ് എഴുതിയിട്ടുണ്ട്. 'തികച്ചും വ്യാജവും പക്ഷപാതപരവും അടിസ്ഥാനരഹിതവുമായ ആരോപണം' എന്നായിരുന്നു അതിന് ലൂയിസിന്റെ മറുപടി. ഹണ്ടിംഗ്ടണിനും മുന്നേ പടിഞ്ഞാറും ഇസ്‌ലാമും തമ്മിലുള്ള സംഘട്ടന സിദ്ധാന്തം അവതരിപ്പിച്ചത് ബര്‍നാഡ് ലൂയിസായിരുന്നു. ഹണ്ടിംഗ്ടണിന്റെയും ഫുക്കയാമയുടെയും ഗുരു യഥാര്‍ഥത്തില്‍ ലൂയിസാണ്. എഡ്വേഡ് സഈദാണ് ലൂയിസിന്റെ ഈ നുണ പൊളിച്ചത്. അപ്പോള്‍ ലൂയിസിനെ സഈദ് പ്രകോപിച്ചതില്‍ അത്ഭുതമില്ല. സഈദും ലൂയിസും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. '86 നവംബറില്‍ ബോസ്റ്റണില്‍ വെച്ച് ഇരുവരും തമ്മില്‍ നടന്ന സംവാദം പ്രസിദ്ധമാണ്; ന്യൂയോര്‍ക്ക് ബുക്ക് റിവ്യൂവിലുമതെ. യഥാര്‍ഥ പണ്ഡിതന്മാര്‍ അക്കാദമിക മേഖലകളില്‍ സത്യസന്ധതയുടെ ഓരം ചേര്‍ന്ന് സഞ്ചരിക്കുന്നവരാണ്. സഈദ് അങ്ങനെയായിരുന്നു. കൊളോണിയല്‍ യുക്തിക്ക് അദ്ദേഹം കീഴ്‌പ്പെട്ടില്ല. മറിച്ച് തന്റെ ബുദ്ധിജീവിതം അധികാരത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു എന്നതാണ് ലൂയിസിന്റെ സവിശേഷത. ബ്രിട്ടനില്‍നിന്ന് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതുതന്നെ അതിനു വേണ്ടിയായിരുന്നു. ചിരപുരാതനമായ 'പ്രിന്‍സ്റ്റണ്‍' യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നപ്പോഴും ഇസ്രയേലില്‍ വാഴുന്നവരുടെ ഉപദേഷ്ടാവുന്നതില്‍ ഈ അക്കാദമികന് പന്തികേടൊന്നും തോന്നിയില്ല. അത് പരസ്പരമുള്ള സ്‌നേഹമാണെന്ന് തുറന്നുപറയുന്നതില്‍ അദ്ദേഹത്തിന് ഒട്ടും ലജ്ജയുമുണ്ടായിരുന്നില്ല.
അധികാരത്തിന് കൂട്ടിക്കൊടുക്കാന്‍ പാണ്ഡിത്യത്തെ ദുരുപയോഗം ചെയ്തതാണ് ലൂയിസിന്റെ ചരിത്രം. ഈയൊരു ദുഷ്ടലാക്കോടെയാണ് ഇസ്‌ലാമിനെയും മുസ്‌ലിം ലോകത്തെയും നവയാഥാസ്ഥിതികരുടെ ഗുരുജിയായ ലൂയിസ് വായിച്ചത്. ഇറാഖ് അധിനിവേശത്തിന് ബുഷ് പ്രഭൃതികള്‍ക്ക് ഉപദേശവും ആവേശവും നല്‍കിയത് ലൂയിസായിരുന്നു; പിന്നീടദ്ദേഹം ഈ ആരോപണം നിഷേധിക്കുകയുണ്ടായെങ്കിലും. പാശ്ചാത്യാഭിമുഖ്യമുള്ള കുര്‍ദ് വിഘടനവാദികളെ സഹായിക്കാന്‍ മാത്രമേ താന്‍ പറഞ്ഞിരുന്നുള്ളൂവെന്നാണ് പില്‍ക്കാലത്ത് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചത്. 'കടുത്ത നടപടി സ്വീകരിക്കുക, ഇല്ലെങ്കില്‍ പുറത്തു വരിക' എന്നായിരുന്നു ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കക്ക് അദ്ദേഹം നല്‍കിയ ഉപദേശം.
ലാറ്റിന്‍, ടര്‍ക്കിഷ്, അറബി, അരാമിയ, ഹീബ്രു, ഗ്രീക്ക്, പാര്‍സി ഭാഷകളൊക്കെ വശമാക്കിയ ലൂയിസ് അവയൊക്കെ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മെരുക്കിയെടുത്തു. അമേരിക്ക സദ്ദാമില്‍നിന്ന് ഇറാഖിനെ മോചിപ്പിച്ചപ്പോള്‍ ആ നാട്ടില്‍ മന്നായും സല്‍വായും ആഗതമാവാന്‍ പോവുകയാണെന്ന് 2002-ല്‍ വാള്‍സ്ട്രീറ്റ് ജര്‍ണലില്‍ ബര്‍നാഡ് ലൂയിസ് എഴുതി. ആ മന്നായും സല്‍വായുമാണ് ഇപ്പോള്‍ നാം അവിടെ അരാജകത്വമായി കാണുന്നത്.
ഇംഗ്ലണ്ടില്‍ 1916-ല്‍ യഹൂദ ദമ്പതിമാര്‍ക്ക് ജനിച്ച ബര്‍നാഡ് ലൂയിസിന്റെ ഡോക്ടറേറ്റ് മുസ്‌ലിം അവാന്തരവിഭാഗമായ ഇസ്മാഈലീ ശിയാക്കളെ കുറിച്ചായിരുന്നു. അക്കാദമിക ജീവിതത്തിലുടനീളം 'ഇസ്‌ലാമിലെ സെക്‌ടേറിയനിസ'ത്തിലായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ലൂയിസിന്റെ ശിഷ്യനാണ് ചരിത്രകാരനായ കമാല്‍ സലീബി. ഡോ. കമാലിനെ ഉദ്ധരിച്ചുകൊണ്ട് ലബനീസ് കോളമിസ്റ്റായ ജിഹാദ് ഖാസിന്‍ എഴുതിയ ഒരു കാര്യം ശ്രദ്ധേയമാണ്. ലൂയിസ് തന്റെ ശിഷ്യനോട് ഒരിക്കല്‍ പറയുകയുണ്ടായത്രെ: ''അറബികളും മുസ്‌ലിംകളും വിശ്വസിക്കുന്നപോലെ ഒരു 'ആഗോള ഇസ്‌ലാമിക സമൂഹ'മോ 'അറബ് സമൂഹമോ' നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ലബനീസ് ജനതയോ സിറിയന്‍ ജനതയോ അതുമില്ല. ലബനാനിലും സിറിയയിലുമുള്ളത് സുന്നികളും ശിയാക്കളും ദറൂസുകളും മറോണൈറ്റ് ക്രിസ്ത്യാനികളും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുമാണ്. യഥാര്‍ഥത്തില്‍ ഇവിടെയൊന്നും ഒറ്റ ജനത എന്നൊന്നില്ല.'' സ്വന്തമായ താല്‍പര്യങ്ങളൊന്നുമില്ലാത്ത ശുദ്ധ അക്കാദമികനായിരുന്നില്ല ബര്‍നാഡ് ലൂയിസെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് ശിഷ്യനായ ഡോ. കമാല്‍ തന്നെ പറയുന്നുണ്ട്. സ്വന്തമായ ചില പദ്ധതികള്‍ക്കനുസൃതമായി തന്റെ വായനക്കാര്‍ക്കെന്നപോലെ വിദ്യാര്‍ഥികള്‍ക്കും ദിശാബോധം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. കേവലമൊരു ചരിത്രകാരനോ അക്കാദമികനോ എന്നതിലും കവിഞ്ഞ് അമേരിസ്രയേലീ ഭരണകൂടങ്ങളുടെ ഒന്നാന്തരം ഉപദേഷ്ടാവായി അദ്ദേഹം വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്. 1948-ലെ ഫലസ്ത്വീനി പതനം മുതല്‍ ഇതഃപര്യന്തം പാശ്ചാത്യ ശക്തികള്‍ സൃഷ്ടിച്ച എല്ലാ മുസ്‌ലിം ദുരന്തങ്ങള്‍ക്ക് പിന്നിലും ബര്‍നാര്‍ഡ് ലൂയിസിന്റെ അക്കാദമിക പിന്തുണയുണ്ടായിട്ടുണ്ട്. ഇസ്രയേലീ സര്‍വകലാശാലകളില്‍നിന്ന് മൂന്ന് ഓണററി ഡോക്ടറേറ്റ് നേടിയ ബര്‍നാഡ് ലൂയിസാണ് 'ഇസ്‌ലാമിക മതമൗലിക വാദം; റാഡിക്കല്‍ ഇസ്‌ലാം' എന്നീ പദപ്രയോഗങ്ങളുടെ ഉപജ്ഞാതാവെന്ന് ചിലര്‍ എഴുതി കണ്ടിട്ടുണ്ട്.
ദി ക്രൈസിസ് ഓഫ് ഇസ്‌ലാം, ഇസ്‌ലാം ആന്റ് ദി വെസ്റ്റ്, ദി എമര്‍ജെന്‍സ് ഓഫ് മോഡേണ്‍ ടര്‍ക്കി, ദി അറബ്‌സ് ഇന്‍ ഹിസ്റ്ററി തുടങ്ങി ഒട്ടേറെ കൃതികള്‍ വിട്ടേച്ചുകൊണ്ടാണ് ബര്‍നാഡ് ലൂയിസ് വിടവാങ്ങിയത്. ഇര്‍വിംഗ് ക്രിസ്റ്റള്‍, നാഷ്‌നല്‍ ജ്യൂവിഷ് ബുക് എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, ഇറാന്‍ എന്നീ മേഖലകളിലൊക്കെ അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്ക് വ്യാപ്തിയുണ്ട്. വിജ്ഞാനകോശസമാനമായ ഈ പഠനങ്ങള്‍ക്ക് പിന്നിലെ കഠിനാധ്വാനം, എന്തൊക്കെയാണെങ്കിലും മാനിക്കപ്പെടുമെന്നതിലുമില്ല തര്‍ക്കം. ചിലപ്പോഴെങ്കിലും ഇസ്‌ലാമിക നാഗരികതയുടെ സര്‍വാതിശായിത്വവും അപ്രതിരോധ്യതയും അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. 'ജ്യൂസ് ഓഫ് ഇസ്‌ലാം' പോലുള്ള കൃതികളില്‍ ഇസ്‌ലാമിക നാഗരികതയില്‍ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ അനുഭവിച്ച സഹിഷ്ണുതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ അസഹിഷ്ണുതയെക്കുറിച്ച് പ്രഭാഷണം നടത്തിയ ബെനഡിക്ട് മാര്‍പാപ്പയെ തിരുത്താനും അദ്ദേഹം മുന്നോട്ടു വരികയുണ്ടായി. ഇതൊക്കെ എടുത്തു പറഞ്ഞാണ് വിമര്‍ശകരുടെ മുന്നില്‍ ലൂയിസ് തന്റെ നിഷ്പക്ഷ നാട്യത്തെ ന്യായീകരിക്കാറുള്ളത്. പക്ഷേ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മെയ്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, ജീനാ ഹാസ്പല്‍ തുടങ്ങി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വരെ ചൊരിഞ്ഞ പ്രശംസാ വചനങ്ങളുടെ പശ്ചാത്തലത്തിലേ ലൂയിസിന്റെ നിഷ്പക്ഷ വായന സാധൂകരിക്കപ്പെടൂ. ഇസ്‌ലാമിന്റെയും മധ്യപൗരസ്ത്യ ദേശത്തിന്റെയും ഈ മഹാ പണ്ഡിതനോട് തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നാണ് ഇസ്രയേലീ പ്രധാനമന്ത്രി നെതന്യാഹു ലൂയിസിന് ചരമോപചാരമര്‍പ്പിച്ചത്. എഡ്വേഡ് സഈദിനും വളരെ മുമ്പേ ലൂയിസ് കൃതികളെക്കുറിച്ച് ഫൂക്കോ പറഞ്ഞത് ശ്രദ്ധേയമത്രെ: ലൂയിസിന്റെ വാചോടാപം അദ്ദേഹത്തിന്റെ ഉള്ളിലെ പ്രത്യയശാസ്ത്ര നിലപാടും എല്ലാം തെറ്റായി കാണാനുള്ള അസാമാന്യ പാടവവും തുറന്നുകാണിക്കുന്നുണ്ട്. എങ്കിലും ബര്‍നാഡ് ലൂയിസിന്റെ ഗ്രന്ഥങ്ങളുടെ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുകയാണെങ്കില്‍ അറബ് ലോകത്തെ വാഴുന്നവര്‍ക്ക് തങ്ങളുടെ മുഖവൈകൃതം തിരിച്ചറിയാന്‍ കഴിയും. താന്‍ ആരാണെന്ന് ക്രോണിക്ക്ള്‍ ഓഫ് എജുക്കേഷന് നല്‍കിയ ഒരഭിമുഖത്തില്‍ ലൂയിസ് പറയുന്നുണ്ട്: 'ചിലര്‍ക്ക് ഞാന്‍ ഒരു മഹാപ്രതിഭയാണ്, ചിലര്‍ക്ക് മഹാരാക്ഷസനും.' അതു രണ്ടുമായിരുന്നു ബര്‍നാഡ് ലൂയിസ് എന്നതാണ് ശരി.