സംഘടിത സകാത്ത് നിര്‍വഹണം നബിയുടെയും ഖലീഫമാരുടെയും കാലഘട്ടത്തില്‍
ഡോ. മുസ്ത്വഫ അമീന്‍ മുഹമ്മദ് അലി, ഖത്തര്‍
സംഘടിത സകാത്ത് നിര്‍വഹണം: നബിയുടെയും ഖലീഫമാരുടെയും കാലഘട്ടത്തില്‍ ഇസ്‌ലാം സമ്പൂര്‍ണമാണെന്നതുപോലെ സാര്‍വകാലികവുമാണ്, ഏതു കാലഘട്ടത്തിലെയും മുഴുവന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ സൂക്ഷ്മമായി പരതിയാല്‍ ഇസ്‌ലാമില്‍ നമുക്ക് കണ്ടെത്താനാവും.
وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢٨﴾
(എല്ലാ മനുഷ്യര്‍ക്കും മുന്നറിയിപ്പുകാരനും സന്തോഷവാര്‍ത്ത നല്‍കുന്നവനുമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല. പക്ഷേ, അധിക ജനങ്ങളും അറിയുന്നില്ല - സബഅ്: 28)
അല്ലാഹു തന്റെ അടിമകള്‍ക്ക് നിര്‍ബന്ധമാക്കിയ മൂന്നാമത്തെ ബാധ്യതയായ സകാത്ത് ഒരു ഭാഗത്ത് ദൈവത്തോടുള്ള ബാധ്യതയാണെങ്കില്‍ മറ്റേഭാഗം വിശ്വാസി താന്‍ പ്രതിനിധീകരിക്കുന്ന സമൂഹവുമായുള്ള ഊഷ്മള ബന്ധത്തെയും ഐക്യദാര്‍ഢ്യത്തെയും അവരുമായുള്ള ചേര്‍ന്നു നില്‍ക്കലിനെയുമാണ് പ്രത്യക്ഷീകരിക്കുന്നത്. ഈ ബാധ്യത ധനികരില്‍നിന്ന് ശേഖരിച്ച് അര്‍ഹരിലേക്ക് വിതരണം ചെയ്യപ്പെടണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഈ വ്യവസ്ഥ എങ്ങനെ, ഏത് ധനത്തില്‍, ഏത് പരിമാണത്തിലാണ് ബാധകമാവുന്നതെന്ന വിശദാംശങ്ങള്‍ നബിയുടെ സുന്നത്തിലാണ് നാം തേടേണ്ടത്. നബിയുടെയും അദ്ദേഹത്തിന്റെ ഉത്തരാധികാരികളായ ഖുലഫാഉര്‍റാശിദീങ്ങളുടെയും കാലഘട്ടത്തില്‍ സകാത്തിന്റെ ഔപചാരികമായ ശേഖരണവും വ്യവസ്ഥാപിതമായ നിര്‍വഹണവും നടന്നതിന് ഇസ്‌ലാമിക ചരിത്രം സാക്ഷിയാണ്. സകാത്തിന്റെ കാര്യക്ഷമമായ ശേഖരണവും നിര്‍വഹണവും വിതരണവും അക്കാലഘട്ടത്തില്‍ മാത്രമേ ശരിയായ അര്‍ഥത്തില്‍ നടന്നിട്ടുള്ളൂ എന്ന് പറഞ്ഞാലും അതിശയോക്തിയല്ല.
ബാധ്യസ്ഥരായ വിശ്വാസികളില്‍നിന്ന് ശേഖരിച്ച് അര്‍ഹരിലേക്ക് എത്തിക്കുന്നതുവരെയുള്ള വ്യവസ്ഥാപിതത്വവും അതില്‍ അവര്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മതയും നൈതികതയും കൃത്യതയുമെല്ലാം ആ തലമുറയുടെ മറ്റു ആരാധനാ കര്‍മങ്ങളിലെന്നതുപോലെ യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ സകാത്തിലും തെളിഞ്ഞു കാണുന്നുവെന്ന ചില തിരിച്ചറിവുകളാണ് ഈ പഠനത്തിന്റെ പ്രസക്തിയും പൊരുളും.
ശീര്‍ഷകം: ഒരു അവലോകനം
1. Governance നിര്‍വഹണം: ()
ഏതു ഇടപാടും കുറ്റമറ്റതാവണമെങ്കില്‍ അതില്‍ പുലര്‍ത്തേണ്ട സുതാര്യതയും അതിസൂക്ഷ്മതയും ഭരണപരമായ മേല്‍നോട്ടവും അനിവാര്യമാണ്.
Organistion for Economic Co-operation & Development (OECD- Paris), International Finance Co-operation (IFC-Washington) എന്നിവ വളരെ വ്യവസ്ഥാപിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കും ശേഖരിക്കുന്നവര്‍ക്കും ഉപദേശ-നിര്‍ദേശങ്ങളും ലോകബാങ്ക് വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരണവും നല്‍കുന്ന ഏജന്‍സികളാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ബോധപൂര്‍വം നടത്തുന്ന സംരംഭങ്ങള്‍ക്ക് സൗജന്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രസ്തുത സംരംഭങ്ങളുടെ ഓഡിറ്റിംഗുമെല്ലാം അവര്‍ തന്നെ നേരിട്ട് നടത്തുകയും ചെയ്യുന്നു. സ്വകാര്യ മേഖലയുടെ ശാക്തീകരണം, ഫണ്ട് ദാതാക്കളുടെ സേവനം, സ്വീകര്‍ത്താക്കളുടെ തെരഞ്ഞെടുപ്പ് എന്നിവക്ക് അവരുടേതായ നടപടിക്രമങ്ങളുണ്ട്.
നിലവിലുള്ള സകാത്ത് സംവിധാനങ്ങളുടെ അതിസൂക്ഷ്മ തലത്തിലുള്ള സംഭരണ-വിതരണ ശൃംഖലകളുടെ മേല്‍നോട്ടം വാസ്തവത്തില്‍ ഭരണപരമായ അധികാരമുണ്ടെങ്കിലേ പൂര്‍ണാര്‍ഥത്തില്‍ സാധ്യമാവുകയുള്ളൂ. അതിന്റെ നിര്‍വഹണം ആരോഗ്യപൂര്‍ണമാവണമെങ്കിലും തദ്വാരാ അതിന്റെ സ്വാധീനം സമൂഹത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് ശരിയായ രീതിയില്‍ എത്തണമെങ്കിലും അത് കൂടിയേ കഴിയൂ.
2. സകാത്ത് വ്യവസ്ഥ
ശേഖരണ-വിതരണത്തിലെ സൂക്ഷ്മത പോലെ തന്നെ പ്രധാനമാണ് ശേഖരിക്കുന്ന വസ്തുക്കളുടെ പരിമാണത്തെക്കുറിച്ചും അതിന്റെ ഉപയോഗപരതയെ കുറിച്ചുമുള്ള ആലോചനകള്‍. അര്‍ഹര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ അത്യാവശ്യമായ തോതില്‍ എത്തിക്കുക, സമൂഹത്തിലെ ആവശ്യക്കാര്‍, അത്യാവശ്യക്കാര്‍, അനാവശ്യക്കാര്‍ ആരെന്നു പഠിച്ച് സുതാര്യമായി നിര്‍വഹിക്കപ്പെടേണ്ട ഒരു കൂട്ടുത്തരവാദിത്വമാണ് സകാത്ത്.
ഭരണാധികാരി, സകാത്ത് ഉദ്യോഗസ്ഥര്‍, സകാത്ത് ദാതാവ് എന്നിവര്‍ തമ്മിലുള്ള ബന്ധങ്ങളിലെ സുതാര്യതയും ആവലാതികളില്ലായ്മയും ഈ വ്യവസ്ഥാപിത സംവിധാനത്തിന് അനിവാര്യമാണ്.
II - 90കളിലെ സാമ്പത്തിക പ്രതിസന്ധി
20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലുണ്ടായ പ്രതിസന്ധി സാമ്പത്തിക മേഖലയെ മാത്രമല്ല; ഭരണ-നിര്‍മാണ മേഖലകളിലെല്ലാം നിഴലിച്ചുകണ്ടിരുന്നു. ആ ഘട്ടത്തില്‍ പ്രസ്തുത പ്രതിസന്ധികളെ തരണം ചെയ്യാന്‍ OECD ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സംരംഭകരുടെയും ദാതാക്കളുടെയും അവകാശ സംരക്ഷണം എന്ന പോലെ തന്നെ ആഗോള സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും വ്യവസ്ഥാപിതത്വവും ഉറപ്പുവരുത്താന്‍ അന്നവര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ ധാരാളമാണ്. പ്രസ്തുത പ്രതിസന്ധിയെ തരണം ചെയ്യാനും ഫണ്ട് സമാഹരണത്തിനും അവരുടെ മുന്‍ഗണനാക്രമം താഴെ കൊടുക്കുന്നു:
1. സ്വഭാവ-സാമ്പത്തിക വിശുദ്ധി
2. അതിസൂക്ഷ്മമായ ഓഡിറ്റിംഗ്
3. പ്രതിസന്ധികളെ ബോധപൂര്‍വം കൈകാര്യം ചെയ്യല്‍ (Crisis Management)
4. നീതി, സമത്വം
ഫണ്ട് ശേഖരണത്തിലും വിതരണത്തിലും വരാന്‍ സാധ്യതയുള്ള അശാസ്ത്രീയതകളെ എങ്ങനെ അഭിമുഖീരിക്കാമെന്ന ആവലാതികള്‍ ഇല്ലാതെ അര്‍ഹരിലേക്ക് വ്യവസ്ഥാപിതമായി എങ്ങനയെത്തിക്കാമെന്നും ദാതാക്കള്‍ക്കോ ഉപഭോക്താക്കള്‍ക്കോ ആക്ഷേപമില്ലാതെ ഈ സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ സുതാര്യമാക്കാമെന്നുമെല്ലാം OECD സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
സംരംഭകര്‍, ദാതാക്കള്‍, ഉദ്യോഗസ്ഥര്‍, ഓഫീസ് വ്യവസ്ഥ എന്നിവയുടെ വിലയിരുത്തലിന് OECD -യും IFC-യും ആഭ്യന്തര/ ബാഹ്യ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്.1 അവ മെച്ചപ്പെടാനുള്ള പോംവഴികളും നിര്‍ദേശിക്കുന്നു.
1. നിര്‍വഹണത്തെ പരിപൂര്‍ണവും സുന്ദരവുമാക്കുക.
2. ഉല്‍പാദനത്തില്‍ ഊന്നുന്ന വിതരണം സാധ്യമാക്കുക.
3. പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുത്തുക.
4. ചെയ്യുന്ന ഉദ്യോഗത്തോട് കൂറും ആത്മാര്‍ഥതയും ശക്തമാക്കുക.
5. ശരിയല്ലാത്ത സംഭരണ-വിതരണ രീതികളില്‍നിന്ന് ഉദ്യോഗസ്ഥരെയും ഓഫീസ് വ്യവസ്ഥകളെയും നിയന്ത്രിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് യോഗ്യരാക്കുക.
6. സ്ഥാപനങ്ങള്‍ക്കുണ്ടാവാനിടയുള്ള ദുഷ്‌പേര് ഇല്ലാതാക്കുക.
7. പദ്ധതികള്‍ ആസൂത്രിതമായി നിര്‍വഹിക്കാനുള്ള Strategy കള്‍ കണ്ടെത്തുക.
8. ഉന്നത പരിശോധനകള്‍ക്ക് പഴുതില്ലാത്ത മേല്‍നോട്ടവും ഓഡിറ്റിംഗും സാധ്യമാക്കുക.
9. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ആഭ്യന്തര-ബാഹ്യ ഓഡിറ്റിംഗ് സുതാര്യതയോടെ നടപ്പില്‍ വരുത്തുക.
ഇവയെല്ലാം പാശ്ചാത്യ സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ചേടത്തോളം പുതുമയുള്ളതും ജിജ്ഞാസയുളവാക്കുന്നതുമായ നിര്‍ദേശങ്ങളാണെങ്കില്‍, സകാത്ത് സംഭരണ-വിതരണ-നിര്‍വഹണ രംഗത്ത് ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ ദശകങ്ങളില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കി, ലോകത്തിന് മാതൃക സമര്‍പ്പിച്ചിരിക്കുന്നുവെന്ന് കണ്ടെത്താനുള്ള എളിയ ശ്രമമാണ് ഈ പഠനം.
സകാത്ത് സംഭരണ-വിതരണ-നിര്‍വഹണം: പ്രവാചക കാലഘട്ടത്തില്‍
നിര്‍ബന്ധ സകാത്ത് നടപ്പിലാവുന്നതിനു മുമ്പുതന്നെ ഫിത്വ്ര്‍ സകാത്ത് ശേഖരണത്തിനും വിതരണത്തിനുമുള്ള സംവിധാനം മസ്ജിദുന്നബവി കേന്ദ്രീകരിച്ചുണ്ടായിരുന്നതായി ഖൈസുബ്‌നു സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:
أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم بِصَدَقَةِ الْفِطْرِ قَبْلَ أَنْ تَنْزِلَ الزَّكَاةُ ثم نزلت فَرِيضة الزَّكَاةُ فلَمْ يَأْمُرْنَا وَلَمْ يَنْهَنَا وَنَحْنُ نَفْعَلُهُ
(സകാത്ത് വിധി ഇറങ്ങുന്നതിന് മുമ്പ് നബി(സ) ഫിത്വ്ര്‍ സകാത്ത് നല്‍കാനായി ഞങ്ങളോട് കല്‍പിച്ചു. പിന്നെ, സകാത്ത് നിര്‍ബന്ധമായുള്ള വിധി ഇറങ്ങി. അദ്ദേഹം ഞങ്ങളോട് കല്‍പിക്കുകയോ വിലക്കുകയോ ചെയ്തില്ല. ഞങ്ങള്‍ അത് ചെയ്തു കൊണ്ടിരുന്നു).2
ഈ സംവിധാനത്തിലൂടെയായിരുന്നു സ്വഹാബത്തിന്റെ ഫിത്വ്ര്‍ സകാത്ത് ശേഖരണവും വിതരണവുമെന്നതിന് ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷി. തുടര്‍ന്ന് സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടപ്പോഴും ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയുണ്ടായി.
അക്കാലഘട്ടത്തിലെ സകാത്ത് സംഭരണ-വിതരണ-നിര്‍വഹണ രംഗത്തെ ശ്രദ്ധേയമായ സവിശേഷതകള്‍ താഴെ:
1. സൂക്ഷ്മത
അവകാശികള്‍ക്ക് വിതരണം ചെയ്യുന്നിടത്ത് നബി(സ) കാണിച്ച സൂക്ഷ്മത പ്രസ്താവ്യമാണ്. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ സ്വദഖയിലെ തന്റെ ഓഹരി കിട്ടുമോയെന്നറിയാന്‍ നബി(സ)യെ സമീപിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട് പ്രതിവചിച്ചത് ശ്രദ്ധേയമാണ്:
إِنَّ اللَّهَ تَعَالَى لَمْ يَرْضَ بِحُكْمِ نَبِيٍّ وَلاَ غَيْرِهِ فِي الصَّدَقَاتِ حَتَّى حَكَمَ فِيهَا هُوَ فَجَزَّأَهَا ثَمَانِيَةَ أَجْزَاءٍ فَإِنْ كُنْتَ مِنْ تِلْكَ الأَجْزَاءِ أَعْطَيْتُكَ حَقَّكَ
'അല്ലാഹു സകാത്ത് വിഷയകമായി ഏതെങ്കിലും നബിയുടെയോ മറ്റാരുടെയോ വിധി തൃപ്തിപ്പെടുന്നില്ല. അവന്‍ അതിനെ എട്ടു ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. നിങ്ങള്‍ ആ വിഭാഗങ്ങളില്‍ പെട്ടയാളാണെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് താങ്കളുടെ അവകാശം തന്നിരിക്കും.'3
ഈ ഒരു സംഭവത്തില്‍നിന്നു തന്നെ നബി(സ)യുടെ കാലത്തെ സകാത്ത് വിതരണത്തിലെ സൂക്ഷ്മത എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇഷ്ടക്കാര്‍ക്ക് കൊടുക്കാത്ത, അനര്‍ഹരിലേക്ക് അല്‍പംപോലും എത്തിപ്പെടാത്ത അതിസൂക്ഷ്മത പില്‍ക്കാല സാമ്പത്തിക ശാസ്ത്രപഠനങ്ങള്‍ക്ക് പ്രചോദകമാണെന്ന് ആമുഖത്തില്‍ നാം മനസ്സിലാക്കിക്കഴിഞ്ഞു.
2. നീതി
ഒരു വസ്തുവിന് രണ്ട് തവണ സകാത്ത് ഈടാക്കാവതല്ലെന്ന് (لا ثنْيَ فىِ الصَّدَقة) എന്ന വാചകം സൂചിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിലെ നൈതികത അതാണെന്ന് കിതാബുല്‍ അംവാലിന്റെ കര്‍ത്താവ് അബൂ ഉബൈദ് അല്‍ഖാസിമുബ്‌നു സല്ലാം അഭിപ്രായപ്പെടുന്നു.4
ഉബയ്യുബ്‌നു കഅ്ബ്(റ) നബി(സ) നിശ്ചയിച്ച ഒരു സകാത്ത് ഉദ്യോഗസ്ഥനായിരുന്നു. ആളുകളുടെ സകാത്ത് ശേഖരിക്കുമ്പോള്‍ അവരുടെ മുതലുകളില്‍ ഏറ്റവും മുന്തിയ ഇനം പിടിച്ചുവാങ്ങരുതെന്നും ബാധ്യതയില്‍പെട്ടതിനേക്കാള്‍ അല്‍പം പോലും കൂടുതല്‍ വാങ്ങിപ്പോവരുതെന്നും നബി(സ) പ്രത്യേകം നിര്‍ദേശിക്കാറുണ്ടായിരുന്നു.
ഉബയ്യുബ്‌നു കഅ്ബ്(റ) സകാത്ത് ശേഖരണത്തിനിടെ ഒരു ഗ്രാമീണന്റെ അടുത്തെത്തി. അയാള്‍ക്ക് ബിന്‍തു മഖാദ് (2 വയസ്സില്‍ താഴെയുള്ള ഒരൊട്ടകം) മാത്രമായിരുന്നു ബാധ്യതയായി നിശ്ചയിച്ചിരുന്നത്. തീരെ വളര്‍ച്ചയില്ലാത്ത, പാലില്ലാത്ത പ്രസ്തുത ബിന്‍തുമഖാദിനു പകരം നന്നായി തടിച്ച ഒരൊട്ടകത്തെ തരാം എന്ന് പറഞ്ഞപ്പോള്‍ ഉബയ്യ്(റ) അത് സ്വീകരിച്ചില്ല. എന്നു മാത്രമല്ല നബി(സ)യോട് അത് ആവലാതിയായി ബോധിപ്പിക്കുകയും ചെയ്തു. നബിസന്നിധിയിലെത്തിയ ദായകനോട് നബി(സ) പറഞ്ഞത് സകാത്ത് ശേഖരണത്തിലെ നീതിയെ അരക്കിട്ടുറപ്പിക്കുന്ന വാചകമാണ്:
ذَاكَ الَّذِي عَلَيْكَ فَإِنْ تَطَوَّعْتَ بِخَيْرٍ آجَرَكَ اللَّهُ فِيهِ وَقَبِلْنَاهُ مِنْكَ
'താങ്കളുടെ ബാധ്യത ആ ബിന്‍തുമഖാദ് മാത്രമാണ്; താങ്കള്‍ സ്വയം സന്നദ്ധനായി ഐഛികമായി വലിയ ഒന്നിനെ തന്നാല്‍ നാമത് സ്വീകരിക്കും, താങ്കള്‍ക്കതിന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ ലഭിക്കുകയും ചെയ്യും.'5 അഥവാ ബാധ്യതയേക്കാള്‍ ഒരരിമണി പോലും കൂടുതല്‍ ശേഖരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു; ഒരു തരിമ്പ് പോലും ദാതാവിനോടോ ഉപഭോക്താവിനോടോ അനീതി ഉണ്ടാവരുതെന്ന് വിശ്വസിച്ചിരുന്ന ഒരനുയായിവൃന്ദത്തെയാണ് നബി(സ) വളര്‍ത്തിയെടുത്തത്.
3. കൃത്യത
ഏതു ദേശത്തുനിന്ന് ആരുടെയെല്ലാം കൈയില്‍നിന്ന് ശേഖരിച്ച്, ആര്‍ക്ക് എത്ര തോതില്‍ വിതരണം ചെയ്യണമെന്ന് നബി(സ) ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. സകാത്ത് ബാധകമാവാത്ത (ഔഖാസ്വ്) വസ്തുക്കളില്‍നിന്നും സകാത്ത് ശേഖരിക്കേണ്ടതില്ലെന്ന് നബി(സ) തന്റെ ഗവര്‍ണര്‍ക്ക് കത്തെഴുതിയതായി അംവാലില്‍ (പേജ്: 985) കാണാം.
നബി(സ)യുടെയും ഉമറി(റ)ന്റെയും ലിസ്റ്റ് പരിശോധിച്ചായിരുന്നു ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) സംഭരണ-വിതരണം നടത്തിയിരുന്നത്. അവയിലില്ലാത്തവരില്‍നിന്ന് ശേഖരിക്കാതിരിക്കാനും അതിലുള്ള അര്‍ഹര്‍ക്ക് വിതരണം ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥരോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായും അല്‍അംവാലില്‍ നമുക്ക് വായിക്കാവുന്നതാണ് (2/912).
4. വ്യവസ്ഥാപിതത്വം
സകാത്ത് ശേഖരണ-വിതരണ-നിര്‍വഹണ രംഗത്തെ സുതാര്യത നബിയുടെ കാലത്ത് കണിശമായി പാലിച്ചിരുന്നു. ദാതാവിനെയും ഉപഭോക്താവിനെയും ഒരേപോലെ പരിഗണിക്കുന്ന സംഘടിത ഭാവമായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത.
الْعَامِلُ عَلَى الصَّدَقَةِ بِالْحَقِّ كَالْغَازِي فِي سَبِيلِ اللَّهِ
'സത്യസന്ധമായി സ്വദഖ/സകാത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദൈവമാര്‍ഗത്തിലെ പോരാളിയാണ്' എന്ന് പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു നബി(സ)യുടേത്.6
അബൂഹുറൈറ(റ), അബൂഉസൈദ്(റ) എന്നിവര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം:
إنّ حقّا على النّاس إذا قدم عليهم المصدّق أن يرحّبوابه ويخبروه بأموالهم كلّها ولايخفوا عنه شيئا. فان عدل فسبيل ذلك وان كان غير ذلك واعتدى لم يضرّ الّا نفسه وسيخلف الله لهم
'സകാത്ത് ഉദ്യോഗസ്ഥന്‍ ഒരു ജനതയുടെ അടുക്കലെത്തിയാല്‍ അവരദ്ദേഹത്തെ സ്വീകരിക്കുകയും അവരുടെ സ്വത്തു വിവരങ്ങള്‍ ഒന്നുപോലും മറച്ചുവെക്കാതെ അവരെ അറിയിക്കുകയും ചെയ്യണം. അയാളവരോട് അനീതി കാണിച്ചാല്‍ അല്ലാഹു അതിനുള്ളത് അവര്‍ക്ക് പകരം കൊടുത്തോളും.'7
കൊള്ളക്കൊടുക്കകളിലുള്ള ഈ വ്യവസ്ഥാപിതത്വം തന്നെ അക്കാലത്തെ സകാത്തിന്റെ ശരിയായ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാന്‍ സര്‍വഥാ യോഗ്യമാണ്.
5. സൂക്ഷ്മ പരിശോധന
സകാത്ത് വിതരണത്തിലെ സുതാര്യതയുടെയും പൂര്‍ണതയുടെയും ഭാഗമാണ് സൂക്ഷ്മ പരിശോധനയും ആഭ്യന്തര-ബാഹ്യ ഓഡിറ്റിംഗും. അസ്ദ് ഗോത്രത്തിലെ ഇബ്‌നുല്ലുത്ബിയ്യയെ സകാത്ത് പിരിക്കാന്‍ അയച്ചതിന്റെ വിശദാംശങ്ങള്‍ ബുഖാരി 1500/428/3-ല്‍ കാണാം.
ഇത് സകാത്തായി ലഭിച്ചതും ഇതെനിക്കു സമ്മാനമായി കിട്ടിയതുമാണ്, എന്നു പറഞ്ഞ ഇബ്‌നുല്ലുത്ബിയ്യയോട് നബി(സ) ചോദിച്ചത് 'നീ നിന്റെ വീട്ടിലിരുന്നിരുന്നെങ്കില്‍ ഈ അച്ചാരം കിട്ടുമായിരുന്നോ' എന്നാണ്. അഥവാ ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഇടപാടുകാരില്‍നിന്ന് ലഭിക്കുന്ന പാരിതോഷികങ്ങള്‍ തനിക്ക് അര്‍ഹതപ്പെട്ടതല്ലെന്ന ഉണര്‍ത്തല്‍, ഈ പരിശോധന വേണമെങ്കില്‍ പരസ്യമായി നടത്താമെന്നും സകാത്തുദ്യോഗസ്ഥര്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായിരിക്കണമെന്നും സ്ഥാ
പിക്കുന്നു.
ഭരണാധികാരിയും ഉദ്യോഗസ്ഥവൃന്ദവും തമ്മില്‍ ഇത്തരത്തിലുള്ള പരിശോധനക്കുള്ള അവസരങ്ങളൊരുക്കുന്നത് ദുര്‍ഭരണം നിര്‍ത്തലാക്കാന്‍ മാത്രമല്ല; നേതാവ് ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന ചിന്തയും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ വിചാരണ പരസ്യമായി നിര്‍വഹിക്കപ്പെടുന്നത് ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇത്തരം സേവനങ്ങള്‍ക്ക് നിയമിക്കപ്പെട്ടവന്‍ ഒരു നൂല്‍ അന്യായമായി എടുത്താല്‍ പോലും പരലോകത്ത് വിചാരണ ചെയ്യപ്പെടുന്ന ഗുലൂല്‍/വഞ്ചനയാണെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്8 ഈ ശക്തമായ മുന്നറിയിപ്പ് വിശ്വാസിയായ ഒരുദ്യോഗസ്ഥനില്‍ ഉണ്ടാക്കുന്ന ആത്മവിചാരണ മാര്‍ക്കറ്റിലെ മേല്‍നോട്ടം നിര്‍വഹിച്ച് അവിടെ നടക്കുന്ന വഞ്ചന കണ്ടുപിടിക്കുന്ന 'ഹിസ്ബ' (മേല്‍നോട്ടം) ദൗത്യം നിര്‍വഹിക്കുന്നവനെപ്പോലെയാണെന്നുള്ള ബോധം നബി(സ) തന്റെ ഉദ്യോഗസ്ഥര്‍ക്കെല്ലാം പകര്‍ന്നു നല്‍കിയിരുന്നു. ദാതാക്കളുടെ ഏറ്റവും വിലപ്പെട്ട വസ്തുക്കള്‍ സകാത്തിന്റെ പേരില്‍ പിടിച്ചെടുക്കരുതെന്നും മര്‍ദിതന്റെ പ്രാര്‍ഥന സൂക്ഷിക്കണമെന്നുമെല്ലാം പല സന്ദര്‍ഭങ്ങളിലായി ഈ ജോലിക്കാര്‍ക്ക് ഉദ്‌ബോധനം നല്‍കിയിരുന്നു.9
6. സ്വതന്ത്രപരത
സകാത്ത് ജോലിക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ശേഖരിച്ച ധനം തദ്ദേശീയമായിതന്നെ വിതരണം ചെയ്യാനും തങ്ങളുടെ യുക്തിപോലെ കേന്ദ്ര ബൈത്തുല്‍ മാലില്‍ എത്തിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അടിസ്ഥാനപരമായി ചെറിയ തുകയോ വലിയ വസ്തുക്കളോ ആണെങ്കിലും അത് ബൈത്തുല്‍ മാലിലേക്ക് എത്തിക്കുകയും തരാതിരിക്കുകയാണെങ്കില്‍ തിരിച്ചുപോരാനുമാണ് പ്രവാചക കല്‍പനയെങ്കിലും പിരിക്കുന്ന നാട്ടിലെ ആവശ്യങ്ങളെയും അവിടത്തെ ആവശ്യക്കാരെയും പരിഗണിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിതമായി സ്വാതന്ത്ര്യം നല്‍കിയിരുന്നതായി ഇംറാനുബ്‌നു ഹുസൈ്വന്‍(റ) നിവേദനം ചെയ്യുന്നു.
അഥവാ ഉദ്യോഗസ്ഥരുടെ വിവേചനാധികാരം / Priviledge ലഭിച്ചിരുന്നതായി ഇംറാന്‍ പ്രഖ്യാപിക്കുന്നുണ്ട്.10
നേതാവിന്റെ മേല്‍നോട്ടത്തില്‍ വിവേചനാധികാരമുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഈ ഉത്തരവാദിത്വത്തിന്റെ വാഹകരാണ് എന്ന ബോധത്തോടെ, ആത്മവിചാരണാ ചിന്തയോടെ നിര്‍വഹിക്കുന്ന മഹനീയ കര്‍മമായിരുന്നു സകാത്ത് സംഭരണവും വിതരണവുമെന്ന് ചുരുക്കം. നബി (സ) പറയുന്നു:
من استعملناه على عمل فليجئ بقليله وكثيره، فما أوتي منه أخذ، وما نهي عنه انتهى
നിങ്ങളില്‍ ആരെയെങ്കിലും ഒരു ജോലി ഏല്‍പിച്ചാല്‍ അതിലൂടെ ലഭിക്കുന്ന കുറച്ചോ കൂടുതലോ അയാള്‍ കൊണ്ടുവരണം. അതില്‍നിന്ന് നല്‍കപ്പെടുന്നത് അയാള്‍ക്ക് എടുക്കാം. അതില്‍നിന്ന് വിലക്കപ്പെട്ടാല്‍ അയാള്‍ പിന്‍വാങ്ങണം.11
സംഭരണ-വിതരണ-നിര്‍വഹണം ഖിലാഫത്തുര്‍റാശിദയുടെ കാലത്ത്
നബിയുടെ വിയോഗത്തിനു ശേഷം വന്ന നാല് ഖലീഫമാരുടെയും കാലം സകാത്ത് വിതരണത്തിലെ നബവി മാതൃക നിലനിന്ന കാലമായിരുന്നു. ആയതിനാല്‍ മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക സുവര്‍ണകാലഘട്ടം എന്നുവേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാവുന്നതാണ്. എന്നാല്‍ ആദ്യ ഖലീഫമാരായ അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവരുടെ കാലത്തെ ചില മാതൃകകളാണ് ഇവിടെ വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അവരെക്കുറിച്ചുള്ള പഠനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ആദ്യ രണ്ടു ഖലീഫമാരുടെ ജീവിത മാതൃകകളായി ഈ വിഷയ സംബന്ധിയായി ഇവിടെ വിശദമാക്കുന്ന ഈ തെരഞ്ഞെടുപ്പിന് ചില കാരണങ്ങളുണ്ട്:
1. നബി(സ) തന്റെ ഒരു സ്വപ്‌നത്തെക്കുറിച്ച് പറയുന്നുണ്ട്. വിജ്ഞാനമാവുന്ന കിണറില്‍നിന്നും രണ്ടു തൊട്ടിവെള്ളം അബൂബക്ര്‍(റ) കോരി, തുടര്‍ന്ന് ഉമര്‍(റ) വന്നു, അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയെ ഞാന്‍ കണ്ടിട്ടേയില്ല എന്നു തുടങ്ങുന്ന ഒരു വചനം ഈ രണ്ട് ഖലീഫമാരുടെയും ശ്രേഷ്ഠത വ്യക്തമാക്കുന്ന വിശദമായ ഒരു ഹദീസില്‍ കാണാം.12 'എനിക്ക് ശേഷം നിങ്ങള്‍ അബൂബക്‌റിനെയും ഉമറിനെയും മാതൃകയാക്കുക.'13
ഈ രണ്ടു ഹദീസുകള്‍ തന്നെ മതി സ്വഹാബത്തിനിടയില്‍ അവരുടെ മഹത്വം മനസ്സിലാക്കാന്‍.
2. സകാത്തിന്റെ സംഘടിത സ്വഭാവം നിഷേധിച്ചവരോടും മതപരിത്യാഗികളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനവും യുദ്ധപ്രഖ്യാപനവും നടത്തിയ മാതൃകക്ക് അതിനു ശേഷം തുടര്‍ച്ച ഉായിട്ടില്ല. വിശ്വാസത്തിന്റെ കരുത്തും ഇസ്‌ലാമിന്റെ ഗരിമയുമാണ് അബൂബക്‌റി(റ)ന്റെ എല്ലാ പ്രഖ്യാപനങ്ങളിലും നമുക്ക് ദര്‍ശിക്കാവുന്നത്.
3. സകാത്ത് സംഭരണ-വിതരണ രംഗത്ത് ഉമര്‍(റ) നിര്‍വഹിച്ച പ്രായോഗിക നടപടികളും അതിന്റെ സുഗമമായ നടത്തിപ്പിനും മേല്‍നോട്ടത്തിനും രാപ്പകല്‍ഭേദമില്ലാതെ അദ്ദേഹം നടത്തിയ അധ്വാനങ്ങളും പ്രകടിപ്പിച്ച മിടുക്കും പ്രായോഗികതയും പില്‍ക്കാല മാതൃകകളില്ലാത്തതാണ്.
തുടര്‍ന്നു വന്ന ഖലീഫമാരും ഇതേ ചര്യയില്‍ തന്നെയായിരുന്നുവെന്നതില്‍ സംശയമേതുമില്ല. പരോക്ഷധനം ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിതരണം ചെയ്യുന്നതിന് ഉസ്മാന്‍(റ) കുഴപ്പമൊന്നും കണ്ടിരുന്നില്ല. കൈസാന്‍(റ) എന്ന സകാത്ത് ദാതാവിനോട് അത് താങ്കള്‍ തന്നെ വിതരണം ചെയ്‌തോളൂ എന്നു പറഞ്ഞ മാതൃകയാണ് ഉസ്മാനെ ഈയൊരു അഭിപ്രായത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.14
അബൂബക്‌റിന്റെ കാലത്തെ സകാത്ത്
പ്രവാചക കാലത്തിന്റെ ഏറ്റവും അടുത്ത കാലമായതുകൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും അബൂബക്ര്‍(റ) ഭരണകാലം സകാത്ത് ശേഖരണ-വിതരണ രംഗത്ത് പല മേന്മകളാലും വ്യതിരിക്തമായിരുന്നു. അവയില്‍ പ്രധാനപ്പെട്ടവ താഴെ:
1. സുതാര്യത
തന്റെ ഖിലാഫത്തിന്റെ ഒന്നാം നാളില്‍ തന്നെ ജനങ്ങളുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിക്കുന്ന പ്രഭാഷണമാണ് അബൂബക്ര്‍(റ) നടത്തിയത്: നന്മയിലാണെങ്കില്‍ തന്നെ സഹായിക്കണമെന്നും അഥവാ പിഴച്ചുവെന്ന് തോന്നുന്നുവെങ്കില്‍ ചൊവ്വാക്കാന്‍ സാധിക്കണമെന്നുമുള്ള പ്രസിദ്ധമായ ആഹ്വാനം അദ്ദേഹത്തിന്റെ ആത്മാര്‍ഥതയെയും പ്രവര്‍ത്തന സുതാര്യതയെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു.
ത്വാഅ മശ്‌റൂത്വ (ഉപാധികളോടെയുള്ള അനുസരണം) എന്ന ചരിത്രപ്രാധാന്യമുള്ള നിലപാട് പ്രഖ്യാപന ചരിത്രത്തില്‍ മാതൃകയില്ലാത്തതാണ്.15
ആ പ്രഭാഷണത്തെ അവലോകനം നടത്തിയാല്‍ നാല് പ്രധാന പോയിന്റുകളില്‍ നമുക്കത് ക്രോഡീകരിക്കാം:
1. പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ സഹായം.
2. വീഴ്ചകളില്‍ ഗുണകാംക്ഷയോടെയുള്ള തിരുത്ത്
3. ഖലീഫയടക്കമുള്ള നേതൃത്വത്തിന്റെ വീഴ്ചകള്‍ സമൂഹം ശുദ്ധീകരിക്കേണ്ടതുണ്ട് എന്ന ഉണര്‍ത്തല്‍
4. സകാത്ത് വിതരണത്തിന് പ്രവാചക ഘടന അപ്രകാരം തന്നെ നിലനിര്‍ത്തല്‍ (ഉദ്യോഗസ്ഥരെപ്പോലും മാറ്റിയില്ല)
2. സകാത്ത് നിഷേധികളോടുള്ള കര്‍ക്കശ സമീപനം:
അബൂബക്ര്‍(റ) സകാത്തിന്റെ വിഷയത്തില്‍ വല്ല ഉദാസീനതയും കാണിച്ചിരുന്നുവെങ്കില്‍, അഥവാ സ്വന്തമായി കൊടുക്കാം ബൈത്തുല്‍ മാലിലേക്ക് തരില്ല എന്ന ന്യൂനപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയിരുന്നുവെങ്കില്‍ സകാത്ത് എന്ന സൗധം നബി(സ) മരിച്ചതോടെ നിലംപൊത്തിയേനെ.
3. പ്രവാചക മാതൃകയുടെ ആദ്യ പ്രാവര്‍ത്തിക രൂപം
സകാത്തിന്റെ സംഭരണ-വിതരണ വ്യവസ്ഥ പ്രവാചക മാതൃകയില്‍നിന്ന് കടുകിട തെറ്റരുതെന്ന് അബൂബക്‌റി(റ)ന് നിര്‍ബന്ധമുണ്ടായിരുന്നു. അനസി(റ)നെ ബഹ്‌റൈനിലേക്ക് നിയോഗിച്ചപ്പോള്‍ നബി നല്‍കിയ നിര്‍ദേശങ്ങള്‍ ആയിരുന്നു അബൂബക്‌റി(റ)ന് ആ വിഷയത്തിലെ ആദ്യ ഊന്നല്‍
അനസില്‍നിന്ന്: ഖലീഫ അബൂബക്ര്‍ അനസിനെ ബഹ്‌റൈനിലേക്ക് അയച്ചപ്പോള്‍ താഴെ പറയുന്ന നിയമം എഴുതിക്കൊടുത്തു:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹു റസൂലിനോട് കല്‍പിച്ചതും റസൂല്‍ മുസ്‌ലിംകള്‍ക്ക് നിശ്ചയിച്ചതുമായ നിര്‍ബന്ധ സകാത്താ(അതിന്റെ തോതാ)ണിത്. അതനുസരിച്ച് മുസ്‌ലിംകളില്‍ ആരെങ്കിലും (സകാത്ത്) ചോദിക്കപ്പെട്ടാല്‍ അയാള്‍ നല്‍കട്ടെ. അതിലപ്പുറം ചോദിച്ചാല്‍ നല്‍കാതിരിക്കുകയും ചെയ്യട്ടെ. 24-ഓ അതില്‍ കുറവോ വരുന്ന ഒട്ടകത്തിന് സകാത്ത് നല്‍കേണ്ടത് ആടില്‍നിന്നാണ്. 5 ഒട്ടകങ്ങള്‍ക്ക് ഒരു ആട് എന്ന തോതില്‍. 25 മുതല്‍ 35 വരെ വരുന്നതിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കുട്ടിയെ നല്‍കണം. 36 മുതല്‍ 46 വരെയുള്ളതിന് രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കുട്ടിയെ നല്‍കണം. 36 മുതല്‍ 45 വരെയുള്ളതിന് രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കുട്ടിയെ നല്‍കണം. 46 മുതല്‍ 60 വരെയുള്ളതിന് ആണൊട്ടകത്തിന് ഇണചേരാന്‍ പറ്റിയ മൂന്നു വയസ്സുള്ള പെണ്ണൊട്ടകത്തെയാണ് നല്‍കേണ്ടത്. 61 മുതല്‍ 75 വരെയുള്ളതിന് നാല് വയസ്സ് പ്രായമായ പെണ്ണൊട്ടകത്തെ കൊടുക്കണം. 76 മുതല്‍ 90 വരെ ഒട്ടകങ്ങള്‍ക്ക് രണ്ട് വയസ്സുള്ള രണ്ട് പെണ്ണൊട്ടകക്കുട്ടികളെ നല്‍കണം. 91 മുതല്‍ 120 വരെ ഒട്ടകങ്ങള്‍ക്ക് ആണൊട്ടകത്തിന് ഇണചേരാന്‍ പറ്റിയ മൂന്നു വയസ്സുള്ള രണ്ട് പെണ്ണൊട്ടകങ്ങളെ നല്‍കണം. 120-ല്‍ കൂടിയാല്‍ ഓരോ 40-നും രണ്ടു വയസ്സുള്ള ഒരു പെണ്ണൊട്ടകം വീതവും, ഓരോ 50-നും മൂന്നു വയസ്സുള്ള പെണ്ണൊട്ടകം വീതവും നല്‍കണം. ഒരാള്‍ക്ക് നാല് ഒട്ടകം മാത്രമേ ഉള്ളൂവെങ്കില്‍ അതിന് സകാത്ത് നല്‍കേണ്ടതില്ല; അതിന്റെ ഉടമസ്ഥന്‍ ഉദ്ദേശിച്ചാലല്ലാതെ. അഞ്ച് ഒട്ടകമാണുള്ളതെങ്കില്‍ ഒരാടിനെ നല്‍കണം. 40 മുതല്‍ 120 വരെയുള്ള മേഞ്ഞു തിന്നുന്ന ആടുകള്‍ക്ക് ഒരാട് വീതം നല്‍കണം. 120 മുതല്‍ 200 വരെയുള്ളതിന് രണ്ട് ആടുകള്‍. 200 മുതല്‍ 300 വരെയുള്ളതിന് മൂന്നാടുകള്‍. 300 കൂടിയാല്‍ ഓരോ നൂറിനും ഒരാടു വീതം കൊടുക്കണം. ഒരാളുടെ മേഞ്ഞു തിന്നുന്ന ആടുകള്‍, 40-ല്‍നിന്ന് ഒന്ന് കുറവാണെങ്കില്‍ അതില്‍ സകാത്ത് ഉണ്ടായിരിക്കുന്നതല്ല. അതിന്റെ ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നല്‍കാം.
വെള്ളിയുടെ സകാത്ത് 10-ന്റെ നാലില്‍ ഒന്ന് ആണ് (2.5 ശതമാനം). നൂറ്റിത്തൊണ്ണൂറ് ദിര്‍ഹം മാത്രമേ ഉള്ളുവെങ്കില്‍, അതില്‍ സകാത്ത് നിര്‍ബന്ധമില്ല. ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കൊടുക്കാം (ബുഖാരി).16
'ഉടമസ്ഥന്‍ ഉദ്ദേശിച്ചാലല്ലാതെ' إلا أن يشاء ربنا എന്ന ഒരു വ്യവസ്ഥ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട് ഐഛിക ദാനങ്ങളുടെ വാതായനങ്ങള്‍ സ്വന്തം തീരുമാനപ്രകാരം ദാതാവിന് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു.
4. നീതിയുടെയും സമത്വത്തിന്റെയും പാഠങ്ങള്‍
ബാധ്യസ്ഥരായവര്‍ക്കെല്ലാം അവരുടെ സകാത്തിന്റെ തോത് നിശ്ചയിച്ചുകൊടുക്കുന്നതോടൊപ്പം അര്‍ഹരായ ഉപഭോക്താക്കളെ തീരുമാനിക്കുമ്പോള്‍ ഇസ്‌ലാമിക സമാജത്തിലെ സീനിയോറിറ്റിയോ ഭൂരിപക്ഷമോ പരിഗണിക്കാതിരിക്കുകയായിരുന്നു അബൂബക്ര്‍(റ). അബൂബക്‌റിന്റെ കാലത്തെ ഗുണഭോക്താക്കള്‍ ദാതാക്കളായി മാറിയിരുന്നു. വിഹിതം ശേഖരിക്കാന്‍ വേണ്ട വ്യവസ്ഥാപിത സംവിധാനങ്ങള്‍ ബോധപൂര്‍വം നടപ്പിലാക്കുന്നതില്‍ അദ്ദേഹം യാതൊരു വീഴ്ചയും വരുത്തിയില്ല.
എല്ലാവരെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെട്ടതാണ്.
فضائلهم عند الله فأما هذا المعاش فالتسوية فيه خير
(അവരുടെ നന്മകള്‍ അല്ലാഹുവില്‍ പരിഗണിക്കപ്പെട്ടേക്കാം, എന്നാല്‍ വിഹിതത്തില്‍ തുല്യത പാലിക്കലാണുത്തമം).17
ഉമറി(റ)ന്റെ കാലത്തെ സകാത്ത് സംഭരണം,
വിതരണം
'എന്റെ ചങ്ങാതിമാര്‍ നടപ്പാക്കിയത് ഞാനും നടപ്പാക്കട്ടെ' എന്നതായിരുന്നു ഉമറി(റ)ന്റെ പ്രവര്‍ത്തന രീതി. നബി(സ)യുടെ അധ്യാപനങ്ങളും അബൂബക്‌റി(റ)ന്റെ പ്രായോഗിക മാതൃകകളുമായിരുന്നു ഉമറി(റ)ന്റെ മാര്‍ഗദീപങ്ങള്‍.
എന്നാല്‍ സകാത്ത് കാര്യവകുപ്പ്, അതിനുവേണ്ടി മാത്രമുള്ള ഒരു ഓഫീസ് വ്യവസ്ഥ എന്നിവ ഉമറെന്ന ധിഷണാശാലിയുടെ നിദര്‍ശനങ്ങളാണ്. തന്റെ മുന്‍ഗാമിയായ അബൂബക്‌റി(റ)ന്റെ ഭരണത്തിലെ സകാത്ത് വ്യവസ്ഥയിലെ സുതാര്യത, കൃത്യത, കൂടിയാലോചന, നീതി/തുല്യത എന്നിവയെല്ലാം അദ്ദേഹം നിലനിര്‍ത്തി എന്നതോടൊപ്പം പൊതുമുതല്‍ അന്യാധീനപ്പെടാതിരിക്കാനും മറ്റും ഉമര്‍(റ) ഊന്നിയ മേഖലകളെ
ലഘുവായൊന്ന് പരിചയപ്പെടാം:
I ഭരണസുതാര്യത പരസ്യപ്പെടുത്തല്‍
അവശരെയും ആലംബഹീനരെയും പൊതുധാരയിലേക്ക് കൊണ്ടുവരുന്നതായിരുന്നു ഉമര്‍(റ) നടപ്പിലാക്കിയ വിപ്ലവം. 'ദുര്‍ബലന്‍ എന്റെയടുത്ത് ശക്തനാണെ'ന്ന18 ആദ്യ പ്രഖ്യാപനം തന്നെ മതി അവശ വിഭാഗത്തോട് ചേര്‍ന്നു നിന്നായിരുന്നു അദ്ദേഹം പ്രവര്‍ത്തന മാര്‍ഗത്തിലെ ആവേശം ആവാഹിച്ചിരുന്നത് എന്ന് മനസ്സിലാക്കാന്‍. കുടുംബത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളവനാണ് രാഷ്ട്രത്തിന്റെ നായകന്‍ എന്നിങ്ങനെ പോവുന്നു അധികാരമേറ്റെടുത്തുകൊണ്ടുള്ള കന്നിപ്രഭാഷണം. ഈ ഒരു പ്രസംഗം തന്നെ മതി കഷ്ടപ്പാടനുഭവിക്കുന്ന, അരിഷ്ടത പേറുന്ന കുടുംബങ്ങളുടെ തൂണാവാനായിരുന്നു ഉമറി(റ)ന്റെ സകല അധ്വാനങ്ങളും എന്ന് മനസ്സിലാക്കാന്‍.
II കാര്യാലയങ്ങളുടെ കൃത്യത
ഓഫീസ് വ്യവസ്ഥകള്‍, ഉദ്യോഗസ്ഥ നിയമനങ്ങള്‍, ശമ്പള ഏകീകരണം, ജോലി വിഭജനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കൃത്യത കാത്തുസൂക്ഷിക്കുന്നതിലായിരുന്നു ഉമറിന്റെ മുഴുവന്‍ ശ്രദ്ധയും.19
സൈനിക കാര്യങ്ങള്‍, രാഷ്ട്രഭരണം, സകാത്ത് എന്നിവ ഒറ്റ സ്ഥാപനമായാണ് ഉമരിയന്‍ ഭരണകാലത്ത് പരിഗണിക്കപ്പെട്ടിരുന്നത്. ഈ മേഖലകളിലുള്ളവര്‍ക്കെല്ലാം തുല്യപരിഗണനയും ആനുകൂല്യങ്ങളും ഒരേപോലെ നല്‍കിപ്പോന്നു. 'അനാഥയുടെ സമ്പത്ത് സംരക്ഷിക്കുന്നതുപോലെയാണ് അല്ലാഹുവിന്റെ ഈ ധനം ഞാന്‍ ഏറ്റെടുക്കുന്നത്. നിവൃത്തിയില്ലാതാവുമ്പോഴേ ഞാനതിന്റെ വിഹിതം ശമ്പളമായി പറ്റുകയുള്ളൂ' എന്ന വിരക്തി പ്രഖ്യാപനത്തില്‍ സ്വന്തം ശമ്പളാനുകൂല്യത്തെ കുറിച്ച് ഉമര്‍(റ) സ്വീകരിച്ച നയം വ്യക്തമാണ്.20
കച്ചവടാവശ്യത്തിനായി ഉമറിന്റെ ശിപാര്‍ശയോടെ ബൈത്തുല്‍മാലില്‍നിന്നും കടം കിട്ടുമോ എന്നറിയാന്‍ ഒരിക്കല്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) സന്ദേശവാഹകനെ വിട്ടു. ഉമര്‍(റ) അയാളെ വെറും കൈയോടെ പറഞ്ഞുവിട്ടുവെന്ന് മാത്രമല്ല, നിന്റെ കൂട്ടുകാരന്‍ എത്രയാണ് വേണ്ടതെങ്കിലും ബൈത്തുല്‍ മാലില്‍നിന്നും നേരിട്ട് കടമായി വാങ്ങിക്കോട്ടെ എന്ന് അറിയിക്കുകയുമുണ്ടായി. ഈ പ്രതികരണത്തില്‍ ദുഃഖിതനായ ഇബ്‌നുഔഫ്(റ) ഉമറിനെ കണ്ടുമുട്ടിയ വേളയില്‍ ഈ തിക്താനുഭവം പങ്കുവെച്ചപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് പ്രതികരിച്ചത് ശ്രദ്ധേയമാണ്. ''പരലോകത്ത് വിചാരണാനാളില്‍ 'ഉമര്‍ സൂക്ഷിപ്പുസ്വത്തില്‍നിന്നെടുത്തു' എന്നു പറയപ്പെടുകയും താങ്കള്‍ തിരിച്ചുതരുന്നതിനു മുമ്പ് ഈ ഉമര്‍ മരിച്ചാല്‍ ബൈത്തുല്‍മാലില്‍നിന്നും കിട്ടാക്കടമെടുത്തവന്‍ എന്ന ദുഷ്ടപ്പേരുണ്ടാവും എന്നു കരുതിയാണ് അന്നങ്ങനെ പറഞ്ഞുവിട്ടത്.''21
ഈ സംഭവം ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ ധനത്തോട് പുലര്‍ത്തേണ്ട സമീപന മാതൃകയാണെന്ന് നാം മനസ്സിലാക്കുക.
III കൂടിയാലോചന, ബഹുജന പങ്കാളിത്തം
'ശൂറഃ (കൂടിയാലോചന) ഇല്ലാത്ത തീരുമാനങ്ങളില്‍ നന്മയുണ്ടാവില്ല' എന്നത് ഉമറിന്റെ പ്രഖ്യാപനം മാത്രമായിരുന്നില്ല; ജീവിതം തന്നെയായിരുന്നു. ശാമില്‍നിന്നു വന്ന ചിലയാളുകള്‍ ബൈത്തുല്‍മാലില്‍ പുതുതായി വന്നിട്ടുള്ള അടിമ/കുതിര എന്നിവയില്‍ ഓഹരി ചോദിച്ചപ്പോള്‍ ചോദിച്ചവര്‍ക്കെല്ലാം കൊടുക്കാനുള്ളതല്ല ബൈത്തുല്‍മാല്‍ എന്ന് ഭാവഭേദമില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ഉമര്‍(റ). തുടര്‍ന്ന് അലി(റ) അടക്കമുള്ള സമീപത്ത് സന്നിഹിതരായിരുന്ന സ്വഹാബത്തിനോട് ആലോചിച്ച് അവരിലെ അര്‍ഹരായ പാവങ്ങള്‍ക്ക് മാത്രം അവരര്‍ഹിക്കുന്നത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഒരുക്കാന്‍ അബൂഉബൈദ(റ)ക്ക് കത്തെഴുതുകയാണ് അദ്ദേഹം ചെയ്തത്.22
IV നീതി, തുല്യത
ഉമര്‍ നീതിയായിരുന്നു; അനീതിക്കെതിരെയുള്ള പടവാളും. ഒരിക്കല്‍ തന്റെ കീഴിലെ സകാത്ത് ഉദ്യോഗസ്ഥരെക്കുറിച്ച് വല്ല പരാതിയുമുണ്ടോ എന്ന് ഒരു പൊതുസദസ്സില്‍ ഉമര്‍(റ) അന്വേഷിക്കുകയുണ്ടായി. അപ്പോള്‍ സദസ്സിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: 'താങ്കളുടെ ഇന്ന ജോലിക്കാരന്‍ എന്നെ നൂറടി അടിച്ചു' ഉമറിന് ദുഃഖം അണപൊട്ടി. വിഷമം സഹിക്കാനാവാതെ ഗദ്ഗദത്തോടെ അദ്ദേഹം ആ സാധാരണക്കാരനോട് വിളിച്ചു പറഞ്ഞു; 'താങ്കളെ തല്ലിയവനെ താങ്കള്‍ക്ക് പ്രതിക്രിയയായി തല്ലാവുന്നതാണ്' ഇതുകേട്ട് തൊട്ടടുത്തുണ്ടായിരുന്ന അംറുബ്‌നുല്‍ ആസ്വ് 'അത്രയൊക്കെ വേണോ? പിന്നീടത് ഒരു നടപടിക്രമം പോലെ ജനങ്ങള്‍ കാണില്ലേ?' എന്ന ആശങ്ക പങ്കുവെച്ചു. അവസാനം ഉമര്‍(റ) തന്നെ ഒരു പരിഹാരം നിര്‍ദേശിച്ചു: 'താങ്കളെ അടിച്ച ഉദ്യോഗസ്ഥനില്‍നിന്നും ഓരോ അടിക്കും ഒരു ദീനാര്‍ വീതം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുകൊള്ളൂ.'23
നീതി രഹസ്യമായി നടപ്പിലാക്കപ്പെടേണ്ടതല്ലെന്നായിരുന്നു ഉമറിന്റെ പക്ഷം. ഏത് സകാത്തുദ്യോഗസ്ഥനെക്കുറിച്ച് പരാതി കിട്ടിയാലും അയാളെ പരസ്യമായി തന്നെ ശാസിക്കുക എന്നതായിരുന്നു ഉമറിന്റെ രീതി.
സകാത്ത് വിഹിതമായി ഒരു കൊഴുത്ത, നന്നായി പാല്‍ ചുരത്തുന്ന ആടിനെയുമായി വന്ന ഉദ്യോഗസ്ഥനോട് ഉമര്‍(റ) പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ജനങ്ങളെ നിങ്ങള്‍ പരീക്ഷിക്കരുത്; ഈ കൊഴുത്ത ആടിനെ അവര്‍ സ്വമേധയാ തന്നതാവില്ല.24
V പൊതുമുതലിലെ വിരക്തിയും സൂക്ഷ്മതയും
അകവും പുറവും സുതാര്യമാവുക എന്നത് ഭരണാധികാരിയുടെ ഗുണമാണെന്നതിന് ഉമറിന്റെ ജീവിതം സാക്ഷിയാണ്. ഉത്തരവാദിത്വനിര്‍വഹണ രംഗത്ത് ഉമര്‍(റ) പുലര്‍ത്തിയ സുതാര്യതയും സൂക്ഷ്മതയും നിസ്തുലമാണ്.
ഒരു സംഭവമിങ്ങനെ: ഉമറിന് ഒരു അസുഖം ബാധിച്ചു. വൈദ്യന്‍ ഔഷധമായി നിര്‍ദേശിച്ചത് തേന്‍ ഉപയോഗിക്കാനായിരുന്നു. ബൈത്തുല്‍മാലിലാവട്ടെ തേന്‍ സുലഭവും. എന്നാല്‍ അദ്ദേഹം ജനങ്ങളെ ഒരുമിച്ചുകൂട്ടി തന്റെ രോഗവും വൈദ്യന്മാര്‍ നിര്‍ദേശിച്ച ഔഷധവും പറഞ്ഞുകൊണ്ട് ഔഷധാവശ്യത്തിന് ബൈത്തുല്‍മാലിലെ തേന്‍ ഉപയോഗിക്കുന്നതിന് ആര്‍ക്കെങ്കിലും അഭിപ്രായാന്തരമുണ്ടോ എന്നന്വേഷിക്കുകയായിരുന്നു.25
VI പൊതുമുതല്‍ നശിക്കാതിരിക്കാനുള്ള ശ്രദ്ധ
പൊതുമുതല്‍ ആരും ഗൗനിക്കാത്ത ഈ കെട്ട കാലത്ത് അക്കാര്യത്തില്‍ ഉമര്‍(റ) നിലനിര്‍ത്തിയ ശ്രദ്ധ വാഴ്ത്തപ്പെടേണ്ടതാണ്. അനസ് വിവരിക്കുന്നത് കാണുക:
ഒരിക്കല്‍ ഉമര്‍(റ) ഝടുതിയില്‍ ഒരു ജീനിയും പിടിച്ച് പോവുന്നതാണ് അലി(റ) കാണുന്നത്. അത്ഭുതത്തോടെ അലി(റ): 'എവിടേക്കാണ് അമീറുല്‍ മുഅ്മിനീന്‍?'
ഉമര്‍: 'സ്വദഖയായി വന്ന ഒരൊട്ടകം ചാടിപ്പോയി. ഞാന്‍ അതിനെ തേടിപ്പോവുകയാണ്.'
അലി: 'താങ്കള്‍ ഇനിവരുന്ന ഖലീഫമാര്‍ക്ക് നല്ല പണിയാണ് കൊടുക്കുന്നത്.'
ഉമര്‍: 'അബുല്‍ ഹസന്‍, താങ്കളുടെ കൂടെ എന്നെ കുറ്റം പറയല്ലേ. ഒരാട്ടിന്‍കുട്ടി യൂഫ്രട്ടീസ് തീരത്ത് ദാഹിച്ചു മരിച്ചാല്‍ അതിന്റെ പേരില്‍ ഈ ഉമര്‍ വിചാരണ ചെയ്യപ്പെടില്ലേ?'26
ഉമര്‍(റ) തന്റെ കീഴില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ അവര്‍ നിര്‍വഹിക്കുന്ന ജോലിയുടെ ഗൗരവം ഉണര്‍ത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറുണ്ടായിരുന്നില്ല.
ഒരു കൊടും വേനല്‍ക്കാലം. മേല്‍വസ്ത്രം ഊരി തലയിലിട്ട് ബൈത്തുല്‍മാലിലുള്ള ഒട്ടകത്തിന് അടയാളമിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഉഷ്ണകാലം, ടാറ് കൊണ്ടാണ് നമ്പ്ര് ഇട്ടുകൊണ്ടിരിക്കുന്നത്. അപ്പോഴതാ ഒരു സംഘത്തോടൊപ്പം പ്രസിദ്ധ സ്വഹാബി അഹ്‌നഫു ബ്‌നു ഖൈസ് ഹാജരായി. ഉമര്‍(റ) അഹ്‌നഫി(റ)നോട്: 'അഹ്‌നഫ്, നിങ്ങളുടെ അമീറിനെ ഒട്ടകത്തിന് അടയാളമിടാന്‍ സഹായിക്കാമോ? ഈ നാട്ടിലെ അനാഥകളുടെയും വിധവകളുടെയും സ്വത്താണ്; വേഗം വായോ.'
അപ്പോള്‍ സംഘത്തിലെ ഒരാള്‍: 'അമീറുല്‍ മുഅ്മിനീന്‍ ഇപ്പണിയൊക്കെ വല്ല അടിമകളെയും വിളിച്ച് ചെയ്യിപ്പിച്ചാല്‍ പോരായിരുന്നോ?'
ഇത്തരുണത്തില്‍ ഉമറിന്റെ ഭാവം മാറി. ഉമര്‍(റ) വിളിച്ചു പറഞ്ഞു: 'എന്നേക്കാളും ഈ അഹ്‌നഫിനേക്കാളും വലിയ അടിമകള്‍ ആരാ ഉള്ളത്? സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ അവരോട് അടിമക്ക് തന്റെ മുതലാളിയോടുണ്ടാവേണ്ട ഗുണകാംക്ഷയും സത്യസന്ധതയുമാണ് വേണ്ടത്.'27
ഈയൊരു സൂക്ഷ്മതയാണ് ഖുര്‍ആന്‍ വ്യക്തമാക്കിയ, നബി(സ) നടപ്പിലാക്കിയിരുന്ന മുഅല്ലഫതുല്‍ ഖുലൂബ് (ഹൃദയം ഇണക്കപ്പെടേണ്ടവര്‍) എന്ന വിഹിതം റദ്ദാക്കുന്നതിന്റെ പിന്നിലെ ചേതോവികാരം. 'ഇസ്‌ലാമിന് അവരില്‍നിന്നും ധന്യതയും പ്രതാപവും കിട്ടിക്കഴിഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ബൈത്തുല്‍മാല്‍ വെറുതെ ഭുജിക്കപ്പെടേണ്ടതല്ലെന്നും ഇസ്‌ലാമിന്റെ ഔദാര്യം പറ്റി മാത്രം കഴിയേണ്ട അവശരായി എന്നുമെന്നും ജീവിക്കേണ്ടവരല്ല എന്ന ബോധം അവരില്‍ അങ്കുരിപ്പിക്കുന്ന സമീപനമായിരുന്നു ഉമറിന്റെ ഈ ധീരനടപടി. അല്ലാതെ ഒരു ഖുര്‍ആന്‍ സൂക്തം റദ്ദാക്കുകയായിരുന്നില്ല അദ്ദേഹം.
VII ഉദ്യോഗ നിയമനം രാഷ്ട്ര ബാധ്യത
ഭരണാധികാരിയുടെയും കീഴുദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങളും ബാധ്യതകളും പൊതുജനങ്ങള്‍ക്കും അനുഭവവേദ്യമാകേണ്ടതുണ്ട്. ഉമര്‍(റ) സകാത്ത് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ അവരുടെ ജോലിഭാരത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ശക്തമായ ഭാഷയില്‍ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ജനങ്ങളോട് ഗുണകാംക്ഷയുള്ളവരെ മാത്രമായിരുന്നു ഇത്തരം സേവനങ്ങള്‍ക്ക് പരിഗണിച്ചിരുന്നത്. നിര്‍വഹിക്കാന്‍ പ്രാപ്തരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവരുടെ ഉത്തരവാദിത്വം വിഭജിച്ചു നല്‍കാറുണ്ടായിരുന്നുള്ളൂവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ ബോധ്യപ്പെടുത്തുന്നു.28
ജനങ്ങളോട് പരുഷമായി പെരുമാറാത്ത, അവരുടെ വസ്തുവകകളില്‍ മാന്യമായി ഇടപെടുന്ന, പൊതുമുതല്‍ നശീകരണ പ്രവണതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തിയായിരുന്നു ഉമര്‍(റ) നിയമിച്ചിരുന്നത്.
ഈ നിയമനങ്ങള്‍ക്ക് അദ്ദേഹം അനുവര്‍ത്തിച്ച നടപടിക്രമങ്ങള്‍ ചുരുക്കി നല്‍കുന്നു:
1. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തവരാവുക.
2. സൂക്ഷ്‌നിരീക്ഷണത്തിനു ശേഷമുള്ള ബോധ്യം
3. യോഗ്യതാ പരിശോധന
4. സാമ്പത്തിക പരിസരവും ധാര്‍മിക വിശുദ്ധിയും
5. ഉത്തരവാദിത്വ ഗൗരവത്തെ കുറിച്ച ബോധ്യവും നിര്‍വഹണ പ്രാപ്തിയും.
6. ജോലികളെ കുറിച്ചുള്ള കൃത്യമായ അവബോധം
7. ഗവര്‍ണര്‍മാരായി നിയമിക്കുന്നവരുടെ സൂക്ഷ്മപരിശോധന
8 ആഭ്യന്തര നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍
9. വീഴ്ച സംഭവിച്ചാലുടനെ പിരിച്ചുവിടല്‍; പകരം പുതിയ യോഗ്യന്റെ നിയമനം (ശുറഹ്ബീലിനെ മാറ്റി മുആവിയയെ നിയമിച്ചത് ഉദാഹരണം).
10. ജോലി നിര്‍വഹണത്തിനുള്ള പ്രായവും ചടുലതയും പരിഗണിക്കല്‍
11. വീഴ്ച വരുത്തുന്നവരില്‍നിന്ന് പിഴ, വിശദീകരണം ആവശ്യപ്പെടല്‍
12. ജോലി നിയമന സമയത്തും സേവനം അവസാനിക്കുമ്പോഴുമുള്ള സാമ്പത്തികാവസ്ഥകളുടെ താരതമ്യം
13. ഉദ്യോഗസ്ഥര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതിനെ കുറിച്ചുള്ള ലിസ്റ്റ്.
(വില കൂടിയ തരം വാഹനങ്ങള്‍/ വസ്ത്രങ്ങള്‍ / ഭക്ഷണങ്ങള്‍ ഒഴിവാക്കല്‍, ഔദ്യോഗിക വസതിയുടെ വാതില്‍ പ്രജകള്‍ക്കായി തുറന്നിടാതിരിക്കല്‍).
14. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ സ്വഹാബികളോട് കൂടിയാലോചിക്കല്‍ (മുഗീറതുബ്‌നു ശുഅ്ബയെ ഉദ്യോഗസ്ഥനാക്കിയപ്പോള്‍ സച്ചരിതര്‍ക്ക് ആശ്വാസവും തെമ്മാടികള്‍ക്ക് ഭീതിയുമാവണമെന്ന ഉപദേശം).
15. ഉദ്യോഗസ്ഥനോട് ഗുണകാംക്ഷാപൂര്‍വം ജോലിയില്‍ സഹായം തേടല്‍ (അഹ്‌നഫ് സംഭവം).
16. ഉദ്യോഗസ്ഥരുടെ നാടും അനുഭവ പരിചയവും പരിഗണിച്ചുള്ള ഉത്തരവാദിത്വ വിഭജനം (സല്‍മാനുല്‍ ഫാരിസിയെ മദാഇന്‍ പ്രദേശത്തേക്ക് നിയമിച്ചത്).
ഢകകക ഉദ്യോഗസ്ഥരോടുള്ള വിജ്ഞാപനം
ഉമര്‍ നിയമനോത്തരവ് നല്‍കുന്നതിനു മുമ്പ് ഉദ്യോഗാര്‍ഥികളോട് നല്‍കിയിരുന്ന ആജ്ഞകള്‍ / ആനുകൂല്യങ്ങള്‍:
1. ജനഹിതം പരിഗണിക്കണം; അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയങ്ങളിലൊഴിച്ച് 30
2. ഇടപാടുകളിലെ സൂക്ഷ്മത31
3. ജനങ്ങളില്‍ ആദരവുണ്ടാക്കുന്ന പെരുമാറ്റവും സംസാരവും
4. സൗജന്യ ചികിത്സ
5. ആനുകൂല്യങ്ങളിലെ സമത്വം
(ജനങ്ങളുടെ മുതലില്‍ കൈയിട്ട് വാരാതിരിക്കാന്‍ പര്യാപ്തമാകുന്ന വേതന വ്യവസ്ഥയാണ് നടപ്പാക്കിയിരുന്നത്. അംറുബ്‌നുല്‍ ആസ്വ് അടക്കമുള്ള ഗവണര്‍മാര്‍ക്ക് 200 ദീനാറായിരുന്നു ശമ്പളം. എന്നാല്‍ മദാഇനില്‍ ഗവര്‍ണറായ സല്‍മാന് 500 ദിര്‍ഹം ശമ്പളം നിശ്ചയിച്ചത് ദൂരവും നാണയത്തിന്റെ മൂല്യക്കുറവും പരിഗണിച്ചായിരുന്നു (200 ദീനാറും 500 ദിര്‍ഹമും തമ്മിലെ അന്തരം വളരെ ചെറുതായിരുന്നു)
IX ഭരണാധികാരികളുടെയും സകാത്ത് ഉദ്യോഗസ്ഥരുടെയും ബാധ്യതകള്‍
ആദ്യമായി ഭരണാധികാരികളുടെ ഉത്തരവാദിത്വങ്ങള്‍ ക്രോഡീകരിച്ച് ഐക്യരൂപം നല്‍കിയത് ഉമര്‍(റ) ആയിരുന്നു. അവയില്‍ പ്രധാനപ്പെട്ടത് താഴെ കൊടുക്കുന്നു:
1. ദീനിന്റെയും ദീനീ ചിഹ്നങ്ങളുടെയും സംസ്ഥാപനം
2. സ്വദഖ/സകാത്ത് ഉദ്യോഗസ്ഥരുടെ നിയമനം
3. നികുതി ശേഖരണം
4. കാര്യാലയങ്ങള്‍ അടക്കാതിരിക്കല്‍
5. ദഅ്‌വത്ത്, സംരക്ഷണം, പള്ളികളുടെ നിര്‍മാണം
6. ധര്‍മസമരം
7. ഖലീഫ/ഗവര്‍ണര്‍മാര്‍ എന്നിവരുടെ ഓഫീസ് വ്യവസ്ഥയുടെ ആസൂത്രണം
8. നീതി സംസ്ഥാപനം
9. മുസ്‌ലിം/ അമുസ്‌ലിം പരിരക്ഷ
10. ഏത് ഭരണാധികാരികയെയും മുന്‍കൂട്ടി അനുമതിയില്ലാതെ ഏത് നേരവും കാണാന്‍ സൗകര്യമൊരുക്കല്‍
11. കേന്ദ്രത്തില്‍നിന്നയക്കുന്ന സര്‍ക്കുലറുകള്‍ ജനങ്ങള്‍ അറിയാന്‍ വേണ്ട സംവിധാനം പള്ളിയിലൊരുക്കുക.
X സൂക്ഷ്മ പരിശോധന
ഭരണകാര്യങ്ങള്‍ സുതാര്യമാവുന്നതിന്റെ ഭാഗമാണ് വ്യവസ്ഥാപിതമായ ഓഡിറ്റിംഗ്.
അതിനാവശ്യമായ സംവിധാനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രധാന ഘടകമായി ഉമറിന്റെ കാലത്താണ് നിലവില്‍ വന്നത്.32
ആഭ്യന്തര ഓഡിറ്റിംഗും ബാഹ്യഘടകങ്ങളുടെ സൂക്ഷ്മപരിശോധനയും നടപ്പില്‍ വരുത്തിയത് ഉമറിന്റെ ഭരണ പരിഷ്‌കരണമായാണ് അറിയപ്പെടുന്നത്.
1. ആവശ്യമാണെന്നു കണ്ടാല്‍ ഏത് സമയത്തും പരിശോധന; വിശിഷ്യാ പകല്‍ സമയങ്ങളില്‍
2. അതിനുവേണ്ടി രൂപകല്‍പന ചെയ്ത പ്രത്യേക സംഘങ്ങള്‍
3. ജനങ്ങളില്‍നിന്ന് ആവലാതി ശേഖരിക്കാനുള്ള സംവിധാനം. ഇന്ന് നിലവിലുള്ള വിജിലന്‍സ് സേന പോലുള്ള, സാമ്പത്തിക ക്രമക്കേടുകള്‍ ആകസ്മികമായി പിടികൂടാനുള്ള സംവിധാനം 33
4. ബാഹ്യനിരീക്ഷണം
പുറമെ നിന്നും ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനവും ഒരുക്കാന്‍ ഉമറിന് കഴിഞ്ഞു. മുഹമ്മദുബ്‌നു മസ്‌ലമ(റ)യെ ഇങ്ങനെ ബാഹ്യ നിരീക്ഷണത്തിനാണ് ഉമര്‍(റ) നിയമിച്ചിരുന്നത്34
5. ഉദ്യോഗസ്ഥരുടെ ആഭ്യന്തര-ബാഹ്യ വിചാരണ
ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നിടത്ത് താനെവിടെയെത്തി എന്ന് ഓരോ ഉദ്യോഗസ്ഥനും ആത്മവിചിന്തനത്തിനുള്ള സന്ദര്‍ഭമൊരുക്കാന്‍ ഉമര്‍(റ) ശ്രദ്ധിച്ചിരുന്നു. മിക്കവാറും ഹജ്ജ് സീസണോടനുബന്ധിച്ചായിരുന്നു ഇതിനായി സമ്മേളിച്ചിരുന്നത്.
ഉപരിസൂചിത മൗലിക സംവിധാനങ്ങളിലൂടെ ലോക ചരിത്രത്തില്‍ ഏറ്റവും പ്രായോഗികവും വിജയപ്രദവുമായ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ഉമറിനായി. യമനിലെ സകാത്ത് മുതല്‍ ആ നാട്ടില്‍ പ്രാദേശികമായി ചെലവഴിക്കാന്‍ അര്‍ഹരായ ആരെയും കിട്ടാതെ മദീനയിലെ കേന്ദ്ര ബൈത്തുല്‍മാലിലേക്ക് കൊടുത്തുവിട്ടോട്ടേയെന്ന് യമന്‍ ഗവര്‍ണര്‍മാര്‍ ഉമറിന് കത്തെഴുതിയ സംഭവം ചരിത്രപ്രസിദ്ധമാണ്.35
ഉമറിന്റെ ഇത്തരം മൗലിക സംഭാവനകള്‍, അദ്ദേഹത്തിന്റെ പ്രതിഭാവിലാസം, അതിസൂക്ഷ്മ നിരീക്ഷണപാടവം എന്നിവ ഇസ്‌ലാമിക ചരിത്രത്തില്‍ പില്‍ക്കാല ഖലീഫമാരായ ഉസ്മാന്‍(റ), അലി(റ), മുആവിയ(റ), ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നിവരുടെ ഭരണകാലത്തും ശക്തമായി സ്വാധീനം ചെലുത്തിയിരുന്നു.
ചുരുക്കത്തില്‍, ഇസ്‌ലാമിക സകാത്തിന്റെ സംഘടിത സ്വഭാവവും ശേഖരണ-വിതരണ-നിര്‍വഹണ രംഗത്തെ ഭരണ മേല്‍നോട്ടവുമായിരുന്നു ഇസ്‌ലാമിക സമൂഹത്തിന്റെ സാമ്പത്തിക സുവര്‍ണ ദശകങ്ങളായി ഈ കാലഘട്ടം പരിലസിക്കാന്‍ ഇടയായത്. അഥവാ ഈ സുതാര്യതയും സൂക്ഷ്മതയും സംഘടിതഭാവവും നഷ്ടപ്പെട്ടതുമുതല്‍ മറ്റു ആരാധനകള്‍ കണക്കെ സകാത്തിന്റെയും മണവും രുചിയും നഷ്ടപ്പെട്ട് കേവല ആരാധനയായി മാറിയത്. അഥവാ ഇസ്‌ലാമിലെ ഈ ചിഹ്നത്തിന്റെ ആത്മാവ് തിരിച്ചുപിടിക്കണമെങ്കില്‍ ആ ഉത്തമ നൂറ്റാണ്ടിലെ ആദ്യതലമുറ നടന്ന വഴിയില്‍ നടക്കുകയല്ലാതെ പോംവഴിയില്ല എന്ന് നാം മനസ്സിലാക്കുന്നു.
സംഗ്രഹ വിവര്‍ത്തനം:
ഹഫീദ് നദ്‌വി കൊച്ചി
1. Re-focussing the lens: Assessing the Challenge of youth envolvement: Haid, Philip - P-14
2. كتاب الزكاة - فتح البارى 266/3
3. അബൂദാവൂദ് - ഹദീസ് 3518, മൗസൂഅ ഫിഖ്ഹിയ്യ 356/11, മജ്മഉസ്സവാഇദ്
4. അല്‍ അംവാല്‍: 912
5. അല്‍ മജ്മൂഅ്, ശര്‍ഹുല്‍ മുഹദ്ദബ്, ഇമാം നവവി 5/426
6. മുസ്‌നദു അഹ്മദ് 3/465, അബൂദാവൂദ് 3/349, ഇബ്‌നു മാജ 1/578
7. അബൂഉബൈദ്, അല്‍ അംവാല്‍ 2/61
8. മുസ്‌ലിം 1832
9. കന്‍സുല്‍ ഉമ്മാല്‍ 16246
10. കിതാബുസ്സകാത്ത് 1625
11. മുസ്‌ലിം 3/1464
12. മുസ്‌നദ് അഹ്മദ് 2/39
13. ഇബ്‌നു അബ്ദില്‍ ബര്‍റ്: ഹദീസ് നമ്പര്‍ 13521
14. ബൈഹഖി 4/114, അബൂഉബൈദ് 1586
15. ത്വബരി താരീഖുര്‍റുസുലി വല്‍മുലൂക് 3/224
16. ബുഖാരി ഹദീസ് നമ്പര്‍ 1386
17. അബൂ ഉബൈദ്, കിതാബുല്‍ അംവാല്‍: ഹദീസ് 661, ഇബ്‌നു സഞ്ചവൈഹി ഫില്‍ അംവാല്‍, ഹദീസ്: 947
18. മൗസൂഅത്തു ഉമറിബ്‌നില്‍ ഖത്ത്വാബ് പേ: 137
19. വഖാഇഉ നദ്‌വത്തിന്നള്മില്‍ ഇസ്‌ലാമിയ്യ: 1/255
20. യഹ്‌യല്‍ യഹ്‌യ, അല്‍ ഖിലാഫത്തുര്‍റാശിദ വദ്ദൗലത്തുല്‍ ഉമവിയ്യ പേ: 270
21. അല്‍ അംവാല്‍ പേ: 65
22. അല്‍ അംവാല്‍ 1265
23. ഇബ്‌നു സഅ്ദ്, അത്ത്വബഖാത്തുല്‍ കുബ്‌റാ 3/293
24. മുവത്വ 1/256
25. ഫറാഇദുല്‍ കലാം ലില്‍ ഖുലഫാഇല്‍ കിറാം 1/113
26. ഇബ്‌നുല്‍ ജൗസി, മനാഖിബു ഉമര്‍ 4/161
27. മഹ്മൂദുല്‍ മിസ്വ്‌രി, അസ്വ്ഹാബുര്‍റസൂല്‍ 1/156
28. ഖറദാവി, ഫിഖ്ഹുസ്സകാത്ത് പേ: 32
29. ളാഫിറുല്‍ ഖാസിമി, നിളാമുല്‍ ഹുക്മി ഫിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ 1/482, താരീഖുത്ത്വബ്‌രി 5/39, ഇബ്‌നു അബ്ദില്‍ ഹാദീ, മഹ്ദുസ്സ്വവാബ് ഫീ ഫദാഇലി ഉമരിബ്‌നില്‍ ഖത്ത്വാബ് 1/510, അബ്ദുല്‍ അസീസ് അല്‍ അംരീ, അല്‍ വിലായത്തു അലല്‍ ബുല്‍ദാന്‍ 1/128, 142, 2/57
30. അബൂയൂസുഫ്, അല്‍ഖറാജ് പേ: 15
31. അല്‍ വിലായത്തു അലല്‍ ബുല്‍ദാന്‍ 2/57
32. സ്വുബ്ഹിസ്സ്വാലിഹ്, അന്നള്മുല്‍ ഇസ്‌ലാമിയ്യ പേ: 89
33. അല്‍ വിലായത്തു അലല്‍ ബുല്‍ദാന്‍ 1/157
34. അല്‍ അന്‍സ്വാര്‍ ഫില്‍ അസ്വ്‌രിര്‍റാശിദി പേ 123-126
35. ത്വബഖാത്തുബ്‌നി സഅ്ദ് 3/222