ബൈത്തുസ്സകാത്ത്: ഉത്ഭവം, വളര്‍ച്ച, വികാസം

എം. അഹ്മദുല്ല, ഡോ. സയ്യിദ് മസൂദ് ജമാലി‌‌
img

ഇസ്‌ലാമിലെ അനിവാര്യ അനുഷ്ഠാനങ്ങളിലും മൗലികാടിത്തറകളിലും പെട്ടതാണ് സകാത്ത്. സംഭരണത്തിനും വിതരണത്തിനും വ്യവസ്ഥാപിതമായ സംവിധാനങ്ങളില്ലാതെ സകാത്ത് കാര്യക്ഷമമായി നടപ്പാക്കാനാവില്ല. നബി(സ)യുടെയും സ്വഹാബികളുടെയും കാലം മുതല്‍ പല ഘട്ടങ്ങളിലായി 'ബൈത്തുമാലിസ്സകാത്ത്' വികസിച്ചു വന്നിട്ടുണ്ട്. നബി(സ)യുടെ കാലത്ത് വരുമാനങ്ങള്‍ കുറവായിരുന്നതിനാലും തികയാതിരുന്നതിനാലും അവ സൂക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സ്ഥലങ്ങളുണ്ടായിരുന്നില്ല. രാഷ്ട്രനായകന്‍ എന്ന നിലയില്‍, ലഭ്യമായ വരുമാനങ്ങള്‍ അവിടുന്ന് അപ്പപ്പോള്‍ വിതരണം ചെയ്യുകയോ, സ്വഹാബികളുടെ വീടുകളില്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കുകയോ ചെയ്തുപോന്നു.
ഒന്നാം ഖലീഫ അബൂബക്‌റിന്റെ കാലത്ത് രാഷ്ട്രം വികസിച്ചു. സാഹചര്യം മാറി. വരുമാനങ്ങള്‍ വര്‍ധിച്ചു. അദ്ദേഹവും തന്റെ വീട്ടില്‍തന്നെ സമ്പത്ത് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കി. കൈവശം വന്നു ചേരുന്ന മുറക്ക് ബാക്കിവെക്കാതെ അപ്പപ്പോള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. അതേസമയം ഉമര്‍(റ) സമ്പത്ത് ശേഖരിച്ച് സൂക്ഷിച്ചുവെച്ചു. വര്‍ഷാവര്‍ഷം പൊതുമുതലിന്റെ കണക്കെടുപ്പ് നടത്തിയശേഷം വിതരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അന്ന് പല കാരണങ്ങളാല്‍ വരുമാനം വര്‍ധിച്ചുവെങ്കിലും സൈനികരുടെ എണ്ണവും കൂടി. ആരെയും വിട്ടുപോകാതെ ആനുകൂല്യം ലഭ്യമാക്കേണ്ടിയിരുന്നതിനാലും ഒരാള്‍ക്കു തന്നെ കൂടുതല്‍ തവണ നല്‍കുന്നതൊഴിവാക്കാനുമായി പ്രത്യേക ഓഫീസും രജിസ്റ്ററും ഏര്‍പ്പെടുത്തേണ്ടതായി വന്നു.
നബി(സ)യുടെ കാലം മുതല്‍ക്കേ ബൈത്തുല്‍മാല്‍ സംവിധാനം പരിഗണനാര്‍ഹമായ വിഷയമായിരുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. നബി(സ)യുടെ കാലത്ത് രാഷ്ട്രനായകന്റെ വ്യക്തിത്വവുമായിട്ടായിരുന്നു അതിന്റെ ബന്ധം. സാങ്കേതിക സംവിധാനമുണ്ടായിരുന്നില്ല എന്നുമാത്രം- ഖലീഫ അബൂബക്‌റിന്റെ കാലത്ത് അതിന് പ്രത്യേക സ്ഥലമുണ്ടായി. ഉമറിന്റെ ഭരണകാലത്ത് വ്യവസ്ഥാപിതവും ക്രിയാത്മകവുമായ മന്ത്രാലയ സ്വഭാവമുണ്ടായി. അന്നത്തെ ബൈത്തുല്‍മാലിന്റെ ചുമതല അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹിനായിരുന്നു. ഉമറിന്റെ കാലശേഷം വിവിധ ഘട്ടങ്ങളിലായി ബൈത്തുല്‍ മാലിന് കാലോചിതമായ വികാസങ്ങളുണ്ടായി.

ബൈത്തുല്‍മാല്‍: ഖുര്‍ആനിലും ഹദീസിലും
'യുദ്ധം കൂടാതെ ശത്രുപക്ഷത്തുനിന്ന് ലഭിക്കുന്ന സ്വത്തുക്കള്‍, സകാത്തുകള്‍, പൊതുസ്വത്തുക്കള്‍, സമാന വിധിയില്‍ വരുന്ന മറ്റു വരുമാനങ്ങള്‍ എന്നിവയുടെ ശേഖരണവും സംഭരണവും കാര്യക്ഷമമായും ഭദ്രമായും നടത്തി, പ്രമാണപരമായും ഇജ്തിഹാദിയായും ശരീഅത്ത് അംഗീകരിക്കുന്ന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന സ്വതന്ത്രമായ ആത്മീയ സംവിധാനം എന്നാണ് ബൈത്തുല്‍മാലിന്റെ സാങ്കേതികാര്‍ഥം.
ബൈത്തുല്‍ മാലിന് കീഴില്‍ വരുന്ന ധാരാളം സാമ്പത്തിക വ്യയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകാത്ത് സംഭരണം, വിതരണം, സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കായി ഈടാക്കുന്ന സമ്പത്തുക്കളുടെ വിനിയോഗം മുതലായവയെല്ലാം നബി(സ)യുടെയും അവിടുത്തെ കാലശേഷം ഖലീഫമാരുടെയും നേരിട്ടുള്ള ഉത്തരവാദിത്തത്തിനു കീഴില്‍ വരുന്നതായിരുന്നു. 

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْۗ

അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍നിന്ന് നീ വാങ്ങുകയും, അവര്‍ക്കു വേണ്ടി (അനുഗ്രഹത്തിനായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതാണ് (അത്തൗബ: 103). ഇവിടെ ഈടാക്കാനുള്ള കല്‍പ്പന നബി(സ)യോടാണ്, ജനങ്ങള്‍ ഒടുക്കേണ്ടത് നബിക്കാണ്, അവിടുന്ന് ഈടാക്കുന്നതും കൊടുക്കുന്നതും ബൈത്തുല്‍ മാലിന്റെ കൈകാര്യാധികാരി എന്ന നിലയിലാണ്.
സകാത്തിന്റെ എട്ട് അവകാശികളില്‍ മൂന്നാമതായി എണ്ണിപ്പറഞ്ഞിരിക്കുന്നത് (അത്തൗബ: 60) സകാത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ്. മുസ്‌ലിംകളുടെ പൊതു ഉത്തരവാദിത്തമേറ്റെടുത്തയാള്‍ എന്ന നിലയില്‍ നബി(സ)ക്കുള്ള ധാര്‍മിക വ്യക്തിത്വത്തിന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ ചുമതല വഹിക്കുന്നത്. നബി(സ)യുടെ കാലശേഷം ഖലീഫമാരും തല്‍സ്ഥാനം വഹിക്കുന്നവരാണ്.
ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമായി എടുത്തു പറയുന്നുണ്ട്:

مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُواۚ

അല്ലാഹു അവന്റെ ദൂതന് വിവിധ രാജ്യക്കാരില്‍നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ അത് അല്ലാഹുവിനും ദൂതനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളിലെ ധനികന്മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്ക് ദൂതന്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക (അല്‍ഹശ്ര്‍: 7). ശത്രുക്കളില്‍നിന്ന് യുദ്ധമില്ലാതെ കൈവരുന്ന സ്വത്തുക്കളുടെ സംരക്ഷണവും കണക്കെടുപ്പും വിതരണവുമെല്ലാം രാഷ്ട്ര ഭരണാധികാരിയുടെ നേരിട്ടുള്ള ഉത്തരവാദിത്തത്തിനു കീഴിലാണ് വരുന്നത്.
ഇതിനു പുറമെ, സമരാര്‍ജിത സ്വത്തുക്കളെക്കുറിച്ചും ഖുര്‍ആന്‍ നിലപാട് വ്യക്തമാക്കുന്നുണ്ട്:

وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ

'നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ദൂതനും ദൂതന്റെ അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍' (അല്‍അന്‍ഫാല്‍ 41). ഈ സൂക്തപ്രകാരം, സമരാര്‍ജിത സ്വത്തുക്കളുടെ അഞ്ചില്‍ നാലും സൈനികര്‍ക്ക് വിതരണം ചെയ്യണം. ബാക്കിയുള്ള ഒരു വിഹിതം മുകളില്‍ പറഞ്ഞവര്‍ക്കിടയില്‍ ഭാഗിക്കണം. ഇത് നിര്‍വഹിക്കേണ്ടത് നബി(സ)യും അദ്ദേഹത്തിന്റെ കാലശേഷം അതതു കാലത്തെ ഇസ്‌ലാമിക നേതൃത്വങ്ങളുമാണ്. ഇതും ബൈത്തുല്‍മാലിന്റെ കീഴെ വരുന്ന സാമ്പത്തിക നടപടികളാണെന്നര്‍ഥം.
നബി(സ)യുടെ കാലത്ത് 'ബൈത്തുല്‍മാല്‍' എന്ന പ്രയോഗം ഉള്ളതായി ഹദീസുകളില്‍നിന്ന് വ്യക്തമല്ല. അതേസമയം, ബൈത്തുല്‍മാലിന്റെ ചില ജോലികള്‍ നിര്‍വഹിക്കപ്പെട്ടിരുന്നതായി ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നുണ്ട്. സകാത്ത് ശേഖരിക്കാനായി ഉദ്യോഗസ്ഥരെ അയച്ച സംഭവങ്ങള്‍ ഉദാഹരണം. ജാബിറുബ്‌നു ഉതൈക് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

سَيَأْتِيكُمْ رَكْبٌ مُبَغَّضُونَ فَإِذَا جَاءُوكُمْ فَرَحِّبُوا بِهِمْ وَخَلُّوا بَيْنَهُمْ وَبَيْنَ مَا يَبْتَغُونَ فَإِنْ عَدَلُوا فَلأَنْفُسِهِمْ وَإِنْ ظَلَمُوا فَعَلَيْهَا وَأَرْضُوهُمْ فَإِنَّ تَمَامَ زَكَاتِكُمْ رِضَاهُمْ وَلْيَدْعُوا لَكُمْ ‏”‏ ‏.‏

'ക്ഷുഭിതരായ ഒരു സംഘം നിങ്ങളെ വന്നു കാണും. അവര്‍ നിങ്ങളുടെ അടുത്തു വരുമ്പോള്‍ നിങ്ങള്‍ അവരെ സ്വാഗതം ചെയ്യുക. അവര്‍ ഉദ്ദേശിക്കുന്നവിധം നിങ്ങള്‍ അവരെ വിടുക. അവര്‍ നീതി ചെയ്താല്‍ അതിന്റെ ഗുണം അവര്‍ക്കു തന്നെ. ഇനി അവര്‍ അനീതി ചെയ്യുകയാണെങ്കില്‍ (ഒടുക്കേണ്ട സകാത്ത് കൃത്യമായി നല്‍കാതെ കബളിപ്പിക്കുകയാണെങ്കില്‍) അതിന്റെ ദോഷം അവര്‍ക്കു തന്നെയായിരിക്കും. നിങ്ങള്‍ അവരെ തൃപ്തിപ്പെടുത്തുക. നിങ്ങള്‍ ഈടാക്കുന്ന സകാത്തിന്റെ പൂര്‍ണത ദാതാക്കളായ അവരുടെ തൃപ്തിയാണ്. അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കട്ടെ' (അബൂദാവൂദ്, കിതാബുസ്സകാത്, ബാബു രിദല്‍ മുസ്വദ്ദിഖ് /105).
നബി(സ) സകാത്ത് ശേഖരിക്കാനും സംഭരിക്കാനും ചിലരെ നിയോഗിച്ചിരുന്നതായും ഭരണാധികാരി ഉദ്ദേശിക്കുന്ന എവിടെയും ഈവക സ്വത്തുക്കള്‍ സൂക്ഷിക്കാമെന്നും ഇതില്‍നിന്ന് ഗ്രഹിക്കാം. അബൂഹുറൈറ വിവരിക്കുന്ന താഴെ സംഭവം ഇതിനെ ബലപ്പെടുത്തുന്നു:

وَكَّلَنِي رَسُولُ اللَّهِ صلى الله عليه وسلم بِحِفْظِ زَكَاةِ رَمَضَانَ، فَأَتَانِي آتٍ، فَجَعَلَ يَحْثُو مِنَ الطَّعَامِ، فَأَخَذْتُهُ فَقُلْتُ لأَرْفَعَنَّكَ إِلَى رَسُولِ اللَّهِ صلى الله عليه وسلم‏.

'നബി(സ) റമദാനിലെ ഫിത്വ്ര്‍ സകാത്ത് സൂക്ഷിക്കാനായി എന്നെ ചുമതലപ്പെടുത്തി. അപ്പോള്‍ ഒരാള്‍ വന്ന് ഭക്ഷണ സാധനങ്ങള്‍ വാരിയെടുക്കാന്‍ തുടങ്ങി. ഞാന്‍ അയാളെ പിടികൂടിയിട്ട് പറഞ്ഞു: ഞാന്‍ നിന്നെ നബി(സ)യുടെ മുമ്പില്‍ ഹാജരാക്കുക തന്നെ ചെയ്യും' (ബുഖാരി, കിതാബുല്‍ വകാല).
ഹുനൈന്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ധാരാളം മുതലുകള്‍ ലഭിക്കുകയുണ്ടായി. 24000 ഒട്ടകങ്ങള്‍, 40000 ആടുകള്‍, നാലായിരം ഊഖിയ വെള്ളി എന്നിവ. നബി(സ) അവ ജിഅ്‌റാന എന്ന സ്ഥലത്ത് ശേഖരിക്കാനായി നിര്‍ദേശിച്ചു. ത്വാഇഫില്‍നിന്ന് മടങ്ങുന്നതുവരെ അത് വിതരണം ചെയ്തില്ല. ശേഖരണവും സൂക്ഷിപ്പും തന്നെയാണല്ലോ 'ബൈത്തുല്‍ മാലി'ലൂടെ സാധ്യമാകുന്നത്. സമ്പത്തുക്കള്‍ പൊതുവെ കുറവായിരുന്നതിനാലും പൊതു ആവശ്യത്തിന് തികയാതിരുന്നതിനാലും നബി(സ) കൂടുതലായി കൊടുത്തുകൊണ്ടിരുന്നതിനാലും ചില അപൂര്‍വ സാഹചര്യങ്ങളിലാണ് പ്രത്യേകം ചിലരെ ചുതലപ്പെടുത്തിയിരുന്നത്.

ബൈത്തുല്‍മാല്‍ എന്ന ആശയം
യുദ്ധരഹിതമായും യുദ്ധാനുബന്ധമായും ലഭിക്കുന്ന സ്വത്തുക്കളും, സകാത്തുകളും മറ്റുമായി ലഭിക്കുന്ന സ്വത്തുവഹകളും സംഭരിച്ച് സൂക്ഷിക്കുന്ന സ്ഥലത്തിനാണ് ബൈത്തുല്‍മാല്‍ എന്ന് ആദ്യഘട്ടത്തില്‍ പ്രയോഗിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് മുസ്‌ലിംകളുടെ പൊതുസ്വത്തുക്കള്‍ സൂക്ഷിക്കുന്ന സമ്പ്രദായത്തിന് അഥവാ ചിട്ടക്ക് ബൈത്തുല്‍മാല്‍ എന്ന പദം ഉപയോഗിച്ചുപോന്നു. മാവര്‍ദി

بيت المال عبارة عن الجهةلا عن المكان

 'ബൈത്തുല്‍മാല്‍ എന്നത് സ്ഥലത്തിന് പകരം സമ്പ്രദായം അഥവാ ചട്ടത്തെ സൂചിപ്പിക്കുന്ന പദം' എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 'ദീവാനു ബൈത്തില്‍മാല്‍' (ബൈത്തുല്‍മാലിന്റെ രേഖകള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ്) എന്ന മറ്റൊരു പദവും ബൈത്തുല്‍മാലിനൊപ്പം പ്രയോഗിച്ചുവരുന്നുണ്ട്. പൊതുസ്വത്തുക്കളുടെ വരവും ചെലവും ഇവിടെയാണ് സൂക്ഷിക്കുക.
വ്യത്യസ്ത ഇസ്‌ലാമിക കാലഘട്ടങ്ങളില്‍ ഈ ആശയം വികസിച്ചുവന്നിട്ടുണ്ട്. ആധുനികനായ ഒരെഴുത്തുകാരന്റെ ഭാഷയില്‍ ഇങ്ങനെ വായിക്കാം: 'പണം, ചരക്കുകള്‍ എന്നിവ പോലെ ജംഗമമോ സ്വത്തുപോലെ സ്ഥാവരമോ ആയ രാഷ്ട്രത്തിന്റെ എല്ലാ വസ്തുവഹകളും ബൈത്തുല്‍ മാലിന്റെ പരിധിയില്‍ വരും. പണമോ അതുപോലുള്ളതോ സൂക്ഷിക്കുന്ന വെറും ഖജനാവ് എന്ന നിലയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. മുകളില്‍ പറഞ്ഞവക്കൊപ്പം രാഷ്ട്രത്തിന്റെ ധാന്യങ്ങള്‍, ആയുധശേഖരം, എണ്ണ- വാതകക്കുഴലുകള്‍ എല്ലാം ഇതിന്റെ വിവക്ഷയില്‍പെടും.'

നബി(സ)യുടെയും അബൂബക്‌റിന്റെയും കാലത്ത്
അനിവാര്യത ഇല്ലാതിരുന്നതിനാല്‍ നബിയുടെ കാലത്ത് ബൈത്തുല്‍മാല്‍ എന്ന സംവിധാനം വേണ്ടിയിരുന്നില്ല. ഇബ്‌നുതൈമിയ്യ എഴുതുന്നു: നബി(സ)യുടെയും ഖലീഫ അബൂബക്‌റിന്റെയും കാലത്ത് ഈടാക്കുകയോ കൊടുക്കുകയോ ചെയ്യുന്ന സ്വത്തുക്കള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ ആവശ്യമുണ്ടായിരുന്നില്ല. സമ്പത്ത് കുറേശ്ശെകുറേശ്ശെയായി വിതരണം ചെയ്യുകയായിരുന്നു രീതി- എങ്കിലും സകാത്ത്മുതലുകള്‍ രേഖപ്പെടുത്താന്‍ നബി(സ) ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം അതതു മേഖലകളിലെ ഗവര്‍ണര്‍മാര്‍ സകാത്തും ജിസ്‌യയും ശേഖരിച്ചു വന്നു. വരവിന്റെയും ചെലവിന്റെയും പേരില്‍ അവരെ പരിശോധിക്കുകയും ചെയ്തിരുന്നു. സുബൈറുബ്‌നുല്‍ അവ്വാം, ജഹ്മുബ്‌നു സ്വല്‍ത്ത്, ഹുദൈഫത്തുബ്‌നുല്‍ യമാന്‍ എന്നിവരെ സകാത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്താന്‍ അവിടുന്ന് ചുമതലപ്പെടുത്തി. ഇതനുസരിച്ച് ബൈത്തുല്‍മാലിന്റെ ഉപജ്ഞാതാവ് നബി(സ)യാണെന്നു പറയാം. ഖലീഫമാര്‍ അത് വ്യവസ്ഥപ്പെടുത്തുകയാണുണ്ടായത്. പിന്നീട് കാലോചിതമായ വികാസങ്ങളുണ്ടായി.

ഉമറിന്റെ കാലത്ത്
ഭരണപരമായ സവിശേഷ സംവിധാനം എന്ന നിലയില്‍ ബൈത്തുല്‍മാല്‍ വികസിച്ചുവന്നത് ഉമറിന്റെ കാലത്താണ്. ഉമറിന്റെ ഭരണനേട്ടങ്ങളിലൊന്ന് ബൈത്തുല്‍മാല്‍ വ്യവസ്ഥാപിതമായി സ്ഥാപിച്ചതാണെന്ന് ചരിത്രകാരന്‍ ഇബ്‌നുല്‍ അസീര്‍ എടുത്തുപറയുന്നുണ്ട്.

സകാത്തും ബൈത്തുല്‍മാലും തമ്മിലെ ബന്ധം
ബൈത്തുല്‍മാലിന്റെ ഭാഗമായി തന്നെയാണ് 'ബൈത്തുമാലിസ്സകാത്തും' പുഷ്ടിപ്പെടുന്നത്. സകാത്ത് ശേഖരിക്കാനായി നബി(സ) ഉദ്യോഗസ്ഥരെ നിയോഗിച്ചതു മുതല്‍ക്ക് ബൈത്തുമാലിസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെന്നു പറയാം. യമനിലെ ഗവര്‍ണറായി നിയോഗിതനായ മുആദിനോട് നബി(സ) പറഞ്ഞു:

إنك ستأتي قومًا أهل كتاب، فإذا جئتَهم فادعهم إلى أن يشهدوا أن لا إله إلا الله وأن محمدًا رسول الله، فإن هم أطاعوا لك بذلك فأخبرهم أن الله قد فرض عليهم خمس صلوات في كل يوم وليلة، فإن هم أطاعوا لك بذلك فأخبرهم أن الله قد فرض عليهم صدقة تؤخذ من أغنيائهم فتُرَدُّ على فقرائهم، فإن هم أطاعوا لك بذلك فإياك وكرائمَ أموالهم، واتقِ دعوة المظلوم؛ فإنه ليس بينه وبين الله حجابٌ

''തീര്‍ച്ചയായും നിങ്ങള്‍ പോകുന്നത് വേദക്കാരായ ഒരു ജനതയുടെ അടുത്തേക്കാണ്. നിങ്ങള്‍ അവിടെ എത്തിയാല്‍ 'അല്ലാഹു അല്ലാതെ ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്' എന്ന സത്യസാക്ഷ്യത്തിലേക്ക് അവരെ ക്ഷണിക്കുക. അത് അവര്‍ അനുസരിച്ചാല്‍ ദിവസം അഞ്ചു നേരമുള്ള നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നതായി അവരെ അറിയിക്കുക. അത് അവര്‍ അനുസരിച്ചുകഴിഞ്ഞാല്‍ അവരിലെ ധനികരില്‍നിന്ന് ഈടാക്കി അവരിലെ ദരിദ്രര്‍ക്കായി വിതരണം ചെയ്യുന്ന സകാത്ത് ചുമത്തിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചുകഴിഞ്ഞാല്‍ അവരുടെ സമ്പത്തുക്കളിലെ അമൂല്യമായവ ഈടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മര്‍ദിതന്റെ പ്രാര്‍ഥന നീ കരുതിയിരിക്കണം. ആ പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല'' (ബുഖാരി, മുസ്‌ലിം).

സകാത്തും നികുതിയും വെവ്വേറെ
ബൈത്തുല്‍മാലിന്റെ അടിസ്ഥാന ഘടകമായിരുന്നു ബൈത്തുമാലിസ്സകാത്ത് - എങ്കിലും ഇതര സാമ്പത്തിക സ്രോതസ്സുകളില്‍നിന്ന് അത് സ്വതന്ത്രമായിത്തന്നെ നിലനിന്നു. കാരണം, സകാത്തിന്റെ സ്രോതസ്സുകളും വിനിയോഗ വഴികളും വേറെത്തന്നെയാണല്ലോ. ഖാദി യൂസുഫ് ഖലീഫ ഹാറൂന്‍ റശീദിന് ഇതു സംബന്ധമായി നിര്‍ദേശം നല്‍കിയത് ശ്രദ്ധേയമാണ്: അമീറുല്‍ മുഅ്മിനീന്‍! സകാത്ത് ശേഖരിക്കാനായി താങ്കള്‍ വിശ്വസ്തനായ ഒരാളെ നിയോഗിക്കണം. അയാള്‍ തനിക്ക് തൃപ്തിയുള്ള ആളുകളെ അതിനായി അയക്കട്ടെ. സകാത്ത് ശേഖരിക്കപ്പെട്ടാല്‍ അല്ലാഹു കല്‍പിച്ചതുപോലെ അവയുടെ വിതരണം നടക്കട്ടെ. സകാത്ത് ശേഖരിക്കാനായി നികുതി ഉദ്യോഗസ്ഥരെ നിയോഗിക്കരുത്. കാരണം, സകാത്ത് നികുതി വരുമാനവുമായി കൂടിക്കലരരുത്. വരുമാനം പരിഗണിക്കുമ്പോള്‍ ബൈത്തുല്‍മാലിലെ വരുമാനം നാലു തരമാണ്. സകാത്ത്, അഞ്ചിലൊന്നുകള്‍, യുദ്ധമില്ലാതെ ലഭിക്കുന്ന സ്വത്തുക്കള്‍, ഇതര വരുമാനങ്ങള്‍. അതുകൊണ്ടുതന്നെ നികുതി വരുമാനങ്ങളെ വേറെത്തന്നെ വകയിരുത്തണം. സകാത്തിന്റെ വിനിയോഗം ഖുര്‍ആന്‍ നിര്‍ണയിച്ച എട്ടു വിഭാഗങ്ങളില്‍ മാത്രം പരിമിതമാണ്.

ഭരണാധികാരികളും സകാത്തിന്റെ മേല്‍നോട്ടവും
സകാത്ത് സംഭരണത്തിന്റെ അടിസ്ഥാനപരമായ അവകാശം ഭരണാധികാരിക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആള്‍ക്കോ ആണ്. നബി(സ) നേരിട്ടോ, പ്രതിനിധികള്‍ മുഖേനയോ സകാത്ത് ഈടാക്കി വന്നു. 'അവരുടെ സ്വത്തില്‍നിന്ന് നിങ്ങള്‍ സകാത്ത് ഈടാക്കുക' (അത്തൗബ: 103). 'അവരില്‍ സകാത്ത് വിഷയത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നവരുണ്ട്. അവര്‍ക്ക് വിഹിതം ലഭിച്ചാല്‍ അവര്‍ തൃപ്തിപ്പെടും. അതില്‍നിന്ന് നല്‍കപ്പെട്ടില്ലെങ്കില്‍ അവരതാ ക്ഷോഭിക്കുന്നു' (അത്തൗബ: 58). താഴെ നബിവചനം ഇത് കൂടുതല്‍ തെളിയിക്കുന്നുണ്ട്:

استعمَل رسول الله صلى الله عليه وسلم رجلا من الأزد على صدقات بني سليم يُدعى ابن اللتبية ، فلما جاء حاسبه . قال : هذا مالكم ، وهذا هدية ! فقال رسول الله صلى الله عليه وسلم : فهلا جلست في بيت أبيك وأمك حتى تأتيك هديتك إن كنت صادقا ! ثم خطبنا ، فحمد الله ، وأثنى عليه ، ثم قال : أما بعد فإني استعمل الرجل منكم على العمل مما ولاّني الله ، فيأتي فيقول : هذا مالكم ، وهذا هدية أهديت لي ، أفلا جلس في بيت أبيه وأمه حتى تأتيه هديته ؟ والله لا يأخذ أحد منكم شيئا بغير حقه إلا لقي الله يحمله يوم القيامة 

നബി (സ) ഇബ്‌നു ലുത്ബിയ എന്ന ആളെ സുലൈം വംശത്തിന്റെ സകാത്ത് ഈടാക്കാനായി  നിയോഗിച്ചു. അദ്ദേഹം തിരിച്ചുവന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ വിചാരണ ചെയ്തു. ഇബ്‌നു ലുത്ബിയ പറഞ്ഞു: 'ഇത് നിങ്ങള്‍ക്കുള്ള സകാത്ത് മുതല്‍ ഇത് അവരില്‍നിന്ന് എനിക്ക് കിട്ടിയ പാരിതോഷികം!' പ്രതികരിച്ചുകൊണ്ട് നബി (സ) പറഞ്ഞു: 'നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍, താങ്കള്‍ക്ക് മാതാപിതാക്കളുടെ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നില്ലേ? താങ്കള്‍ക്കുള്ള പാരിതോഷികം വീട്ടില്‍ എത്തുമായിരുന്നില്ലേ.' തുടര്‍ന്ന്, നബി(സ) അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തശേഷം ഇങ്ങനെ പ്രസംഗിച്ചു: 'അല്ലാഹു എന്നെ ചുമതലപ്പെടുത്തിയ ചില ജോലികള്‍ നിര്‍വഹിക്കാനായി ഞാന്‍ ചിലരെ ഏല്‍പിക്കുന്നു. എന്നിട്ട് അയാള്‍ വന്ന്, ഇത് നിങ്ങളുടെ ധനം, ഇത് എനിക്ക് കിട്ടിയ പാരിതോഷികം എന്നു പറയുന്നു. അങ്ങനെയെങ്കില്‍, അയാള്‍ക്ക് അയാളുടെ മാതാപിതാക്കളുടെ വീട്ടിലിരുന്നാല്‍, അയാളുടെ പാരിതോഷികം അവിടെ എത്തുമോ എന്ന് നോക്കാമല്ലോ? ദൈവമാണ, നിങ്ങളില്‍ ആരും തന്നെ തന്റേതല്ലാത്തവ സ്വന്തമാക്കാവതല്ല. അങ്ങനെയായാല്‍ അന്ത്യനാളില്‍ അവിഹിത സമ്പാദ്യവുമായി അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടിവരും.!'
ഒറ്റക്കും കൂട്ടായും സകാത്ത് ശേഖരിക്കുന്നവരെ 'സകാത്തിന്റെ പ്രവര്‍ത്തകര്‍' എന്നാണ് നാമകരണം നല്‍കിയിരിക്കുന്നത്. സകാത്തിന്റെ തുകയും കണക്കും (നിസ്വാബ്) അറിയുന്നവരായിരിക്കണം ഉദ്യോഗസ്ഥര്‍ എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മറ്റു ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം മുആദുബ്‌നു ജബല്‍ യമനില്‍ ഇതുകൂടി നിര്‍വഹിച്ചിരുന്നതായി ഹദീസുകളില്‍നിന്ന് ഗ്രാഹ്യമാണ്. മുആദിന്റെ നിയോഗവുമായി ബന്ധപ്പെട്ട ഹദീസില്‍നിന്ന് ഭരണാധികാരിയോ അദ്ദേഹം നിര്‍ദേശിച്ചവരോ ആണ് സകാത്ത് ശേഖരിക്കേണ്ടതെന്നും, സകാത്ത് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ബലാല്‍ക്കാരം അത് ഈടാക്കാമെന്നും വ്യക്തം.
സകാത്തിന് ഒരേസമയം ആദര്‍ശപരവും ആത്മീയവും സാമൂഹികവും സാമ്പത്തികവും സ്വഭാവപരവുമായ മാനങ്ങളുണ്ട്. അതിന്റെ സംഭരണവും വിതരണവും ബൈത്തുല്‍മാലിലൂടെയാവുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ബഹുമുഖ താല്‍പര്യങ്ങളെ ഫലപ്രദമായി സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കും. 

 

(എം. അഹ്മദുല്ല, ചെന്നൈ-48-ലെ ബി.എസ് അബ്ദുര്‍റഹ്മാന്‍ ക്രസന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സ്‌കൂള്‍ ഓഫ് അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസറും, ഡോ. മസൂദ് ജമാലി അതേ സ്ഥാനത്തിലെ ഡീനുമാണ്)

വിവ: സലീല

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top