കരുത്തോടെ..... കരുതലോടെ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഭാസമെന്തെന്ന് ചോദിച്ചാല്‍ അറബ് വസന്തം എന്നായിരിക്കും മറുപടി. സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിയാതിരുന്ന മാറ്റങ്ങളാണ്, പൂവിരിയുന്ന പോലെ എന്നുപറയാം, ലോകമാകെ സുഗന്ധം പരത്തിയും, ഊമന്മാരെപോലും സംസാരിപ്പിച്ചും, അന്ധന്മാര്‍ക്കുപോലും കാഴ്ച നല്‍കിയും അറബ്‌ലോകത്ത് യാഥാര്‍ഥ്യമായിരിക്കുന്നത്. അറബ് ലോകത്ത് മാറ്റം സംഭവിക്കുകയെന്നത് എത്രകവിഞ്ഞ ശുഭപ്രതീക്ഷകര്‍ക്കുപോലും ഇതുവരെ ഊഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അത്രയ്ക്ക് ചെഞ്ചായമണിഞ്ഞതായിരുന്നു അവിടത്തെ ഇസ്‌ലാമിസ്റ്റുകളുടെ ചരിത്രം. പക്ഷെ അത് സംഭവിച്ചു. അല്‍ ഹംദുലില്ലാഹ്! അറബ് വസന്തത്തിന്റെ അനുരണനങ്ങള്‍ അറബ് ലോകത്ത് മാത്രമല്ല, മൊത്തം ലോകത്തിന് തന്നെയും ആവേശം പകര്‍ന്നതിന്റെ തെളിവുകള്‍ പല ജനകീയ പ്രക്ഷോഭങ്ങളിലൂടെയും പടര്‍ന്നു കയറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്ക് ശേഷം പതിറ്റാണ്ടുകളായി സ്വേഛാധിപതികളുടെ കീഴിലമര്‍ന്നിരുന്ന അറബ് രാജ്യങ്ങളില്‍ ഒന്നൊന്നായി വസന്തം വിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അധിനിവേശ ശക്തികള്‍ ഒട്ടും താല്‍പര്യമില്ലാതെയാണെങ്കിലും ജനകീയ വിപ്ലവങ്ങളെ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. എങ്കിലും വല്ല പഴുതും കിട്ടിയാല്‍ വിപ്ലവത്തിന്റെ ഗുണഭോക്താക്കളായ ഇസ്‌ലാമിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ ശത്രുക്കളും പാശ്ചാത്യ മീഡയകളും കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുകയാണ്. ഈ തിരിച്ചറിവുള്ളതുകൊണ്ട് തന്നെ ഇസ്‌ലാമിക സംഘടനകള്‍ വളരെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്. അതിന്റെ ഫലങ്ങളാണ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പ് റിസല്‍ട്ടുകളില്‍ പ്രതിഫലിക്കുന്നത്. തീവ്രതയിലേക്ക് വഴിമാറിപ്പോവാതെ, പ്രശ്‌ന സങ്കീര്‍ണതകളെ എങ്ങനെ മറികടക്കാം എന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ ചിന്തിക്കുന്നത്. ഈജിപ്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവാനുയായികളെ അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചുകൊടുത്ത് രാഷ്ട്രത്തിന്റെ മുഖ്യധാരയില്‍ തന്നെ നിര്‍ത്തുവാന്‍ ഇഖ്‌വാന്‍ മുന്‍കൈയ്യെടുക്കുന്നത് അതുകൊണ്ടാണ്. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഈജിപ്തിലെ തീവ്ര സലഫിധാര ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നു. ക്രൈസ്തവ ചര്‍ച്ചുകള്‍ക്കെതിരെ കല്ലെറിഞ്ഞുകൊണ്ട് രംഗത്തുവന്ന അവര്‍ ഇപ്പോള്‍ ശരീഅത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. തങ്ങളുടെ അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ ഒന്നാം ഘട്ടത്തില്‍ 20% ഓളം വോട്ടുനേടി. ശരീഅത്തിനുവേണ്ടിയുള്ള അനവസരത്തിലെ തീവ്ര സലഫികളുടെ മുറവിളി ആര്‍ക്കാണു പ്രയോജനം ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ തന്നെ, പാശ്ചാത്യ മീഡിയകള്‍ ആവശ്യത്തിലധികം കവറേജ് അവര്‍ക്ക് നല്‍കുന്നതില്‍ തന്നെ അതിന്റെ സൂചനകളുണ്ട്. അടുത്തിടെയായി മുസ്‌ലിം സമൂഹത്തിലുയര്‍ന്നുവരുന്ന തീവ്ര സ്വഭാവങ്ങള്‍ സലഫി ധാരയില്‍ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലും ഒരു വിഭാഗം സലഫികളില്‍ നിന്ന് ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍ക്ക് യോജിക്കാത്ത തീവ്രാശയങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളില്‍ ഇസ്‌ലാം അനുവദിച്ച പരിധിയില്‍ നിന്നുകൊണ്ട് സൗഹാര്‍ദ്ദ പൂര്‍വ്വം പങ്കുചേരുന്നതിന് പള്ളി മിമ്പറുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇക്കൂട്ടര്‍ വിമര്‍ശനം ഉര്‍ത്തുകയുണ്ടായി. പരിസരവും സന്ദര്‍ഭവും മനസ്സിലാക്കാതെയുള്ള ഇത്തരംഅനുചിത തീവ്ര പ്രതികരണങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കായിരിക്കും വഴിവെക്കുക. ഒരു ബഹുസ്വര സമൂഹത്തില്‍ ഇടപഴകുമ്പോള്‍ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകള്‍ പൂര്‍ണമായി നാം ഇനിയും വിലയിരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു ചെറിയ വിഭാഗത്തിന്റെ തീവ്രനിലപാടിന് സമുദായം മൊത്തമായിരിക്കും വില നല്‍കേണ്ടിവരിക. അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സാമൂഹിക-സാംസ്‌കാരിക-സര്‍ഗാത്മക സൗന്ദര്യങ്ങളെ കെടുത്തിക്കളയും.
കരുത്തോടെ എന്നാല്‍ കരുതലോടെ... ഇതാവട്ടെ നമ്മുടെ നിലപാട്