ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃയുടെയും അല്‍ ഇസ്സുദ്ദീന്‍ ബ്‌നു അബ്ദിസ്സലാമിന്റെയും ഫത്‌വകള്‍

ഡോ. യൂസുഫുല്‍ ഖറദാവി‌‌

ചില ഘട്ടങ്ങളില്‍ അതീവഗുരുതരവും പ്രത്യാഘാതജനകവുമായ ചില വിയോജനങ്ങള്‍ ആവശ്യമായിവരും. അവിടെ കരുതല്‍ നയം സ്വീകരിച്ചതുകൊണ്ടോ, എതിര്‍ നിലപാട് സ്വീകരിച്ചത് കൊണ്ടോ കാര്യമുണ്ടാവില്ല. അധികാരത്തില്‍ നിന്ന് പുറത്തുപോരേണ്ടിത്തന്നെയും വരാം. അത്തരം വ്യക്തമായ പാപത്തില്‍ പങ്കാളികളായി എന്ന് ചരിത്രം രേഖപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാനിടയാകരുത്. ഉദാഹരണം: ഇസ്‌റായേലുമായി യോജിപ്പിലെത്തുക, അവര്‍ ഫലസ്ത്വീനില്‍ നിന്ന് പിടിച്ചെടുത്തത് സമ്മതിക്കേണ്ടിവരിക, ഖുദ്‌സിനെ എക്കാലത്തെയും ഇസ്‌റായേലിന്റെ തലസ്ഥാനമായി വിട്ടുകൊടുക്കുക, ഇതര നാടുകളില്‍ നിന്നെത്തുന്ന യഹൂദികളെ  ഫലസ്ത്വീനില്‍ കുടിയിരുത്തുക, അവിടെനിന്ന് പുറത്താക്കപ്പെട്ട ഫലസ്ത്വീനികള്‍ക്ക് അവരുടെ സ്വഗേഹത്തിലേക്ക് തിരികെവരാന്‍ അവസരം നല്‍കാതിരിക്കുക.
4) അനിസ്‌ലാമിക ഭരണത്തില്‍ പങ്കാളികളാവുന്ന മുസ്‌ലിംകള്‍ കൂടെ കൂടെ വിലയിരുത്തലുകള്‍ നടത്തണം. സ്ഥിതിസാഹചര്യങ്ങള്‍ പുനഃപരിശോധിക്കണം. പരീക്ഷണം ഫലപ്രദമായോ? നീതിയും നന്മയും സ്ഥാപിക്കാനായോ? എങ്കില്‍ എത്രവരെ? പങ്കാളിത്തം തുടരുകയാണോ, പിന്‍വാങ്ങുകയാണോ വേണ്ടതെന്ന് ഈ പഠനം വ്യക്തമാക്കിത്തരും.
പണ്ഡിതന്മാരുടെ ഫത്‌വകള്‍
മുന്‍ഗണനാതാല്‍പര്യ സാക്ഷാല്‍കാരവും വിനാശകരമായ ദൂഷ്യങ്ങളുടെ പ്രതിരോധവും പരിഗണിച്ച്, അക്രമികളായ ഭരണാധികാരികള്‍ക്ക് കീഴെ ഭരണ-വിധിന്യായ-നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത് അനുവദനീയമാണെന്ന് ഇസ്‌ലാമിലെ അതിപ്രഗല്‍ഭരായ മഹാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതിനാണ് മുന്തിയ പരിഗണന നല്‍കേണ്ടത്? ഏതാണ് തള്ളേണ്ടതായി പരിഗണിക്കേണ്ടത്? എന്നിങ്ങനെ ഗുണ-ദോഷതാരതമ്യം ചെയ്യുന്ന കര്‍മശാസ്ത്ര (ഫിഖ്ഹുല്‍ മുവാസനാത്ത്) ത്തെ ആധാരമാക്കിയാണ് അവര്‍ ഈ കാഴ്ചപ്പാട് രൂപവല്‍ക്കരിച്ചിരിക്കുന്നത്. പലതരം നന്മകള്‍ ഉണ്ടാകുമെങ്കില്‍ അവയില്‍ ഏതിന് മുന്‍ഗണന നല്‍കണമെന്നതും ഇതുപോലെ പ്രധാനമാണ്.
ഈ താരതമ്യങ്ങളും മുന്‍ഗണനകളും രണ്ടുതരം കര്‍മശാസ്ത്രങ്ങളെ ആധാരമാക്കിയുള്ളതാണ്.
1) ശരീഅത്തിന്റെ മൊത്തം താല്‍പര്യങ്ങളുടെയും, ഭാഗികമായ പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ വിധികളും തെളിവുകളും കണ്ടെത്തുക.
2) നിലവിലെ സ്ഥിതിയെ യഥാതഥമായി മാത്രം മനസ്സിലാക്കുക. മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും അവസ്ഥകളെയും സാഹചര്യങ്ങളെയും ഭീമമായോ നിസ്സാരമായോ കാണരുത്. പ്രാദേശികവും, രാജ്യപരവും അന്താരാഷ്ട്രീയവുമായ സാഹചര്യങ്ങളെയും തഥൈവ. മേല്‍ താരതമ്യ കര്‍മശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് പണ്ഡിതന്മാര്‍ തദ്വിഷയകമായ ഫത്‌വ നല്‍കിയിരിക്കുന്നത്.
ഇസ്സുദ്ദീന്‍ ബ്‌നു അബ്ദിസ്സലാമിന്റെ ഫത്‌വ
'ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം' എന്ന കൃതിയില്‍ ഇസ്സുദ്ദീന്‍ ബ്‌നു അബ്ദിസ്സലാം എഴുതുന്നു: 'ഒരു രാജ്യം സത്യനിഷേധികളുടെ അധികാരത്തിനു കീഴിലായി. മുസ്‌ലിംകളുടെ പൊതു താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന ഒരാളെ അവര്‍ ന്യായാധിപനാക്കിയാല്‍, പൊതുതാല്‍പര്യം സംരക്ഷിക്കുക, സമഗ്രമായ ദൂഷ്യങ്ങള്‍ തടുക്കുക എന്ന ലക്ഷ്യത്തോടെ അതത്രയും നടപ്പാക്കേണ്ടതാണ്. പൊതുതാല്‍പര്യങ്ങളെ അവഗണിക്കുന്നതും സമഗ്രമായ ദൂഷ്യങ്ങള്‍ക്ക് വഴിവെക്കുന്നതും ശരീഅത്തിന്റെ കാരുണ്യത്തിനും, മനുഷ്യതാല്‍പര്യങ്ങളുടെ പരിരക്ഷക്കും വിരുദ്ധമായ നിലപാടാണ്...(2) ഇമാം അവര്‍കള്‍ ഇവിടെ പ്രകടിപ്പിച്ച ആശയം വ്യക്തവും, ഗ്രാഹ്യവും, യുക്തിക്കനുയോജ്യവും, നന്മ സാക്ഷാല്‍ക്കരിക്കുന്നതും വലിയൊരുപരിധിയോളം ദൂഷ്യം തടുക്കാന്‍ സഹായകവുമാണ്.
ഇബ്‌നുതൈമിയ്യഃയുടെ ഫത്‌വ
അക്രമം വാഴുന്ന രാജ്യത്ത്, അക്രമം ലഘൂകരിക്കാനോ, നാശത്തിന്റെയും കുഴപ്പത്തിന്റെയും തോത് കുറക്കാനോ കഴിയുന്ന സാഹചര്യമുണ്ടെങ്കില്‍, അതിന്നായി ലഭ്യമായ അധികാരമേല്‍ക്കുന്നത് അനുവദനീയമാണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ അഭിപ്രായപ്പെട്ടിരിക്കുന്നു. നമ്മുടെ 'ഔലവിയ്യാത്തുല്‍ ഹര്‍കത്തില്‍ ഇസ്‌ലാമിയ്യഃ' (ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനാക്രമം) എന്ന കൃതിയില്‍ ചേര്‍ത്ത പ്രസ്തുത ഫത്‌വ ഇങ്ങനെ:
ചോദ്യം: 'ഒരാള്‍ ഏതാനും പ്രദേശങ്ങള്‍ ഭരിക്കുന്നു. അവയുടെ മേല്‍ സാധാരണ പോലെ ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ തരം അക്രമങ്ങളെയും ഇല്ലാതാക്കാന്‍ അയാള്‍ തെരഞ്ഞെടുക്കുന്നു. തന്നാലാവും വിധം അയാള്‍ അതിന്നായി പരിശ്രമിക്കുന്നു. താന്‍ അധികാരം വേണ്ടെന്നുവെക്കുകയോ, അത് മറ്റാര്‍ക്കെങ്കിലും നല്‍കുകയോ ചെയ്താല്‍ അക്രമം ഇല്ലാതാവുകയില്ല, അഥവാ അത് വര്‍ധിക്കുമെന്ന് അയാള്‍ മനസ്സിലാക്കുന്നു. അതേസമയം, താനാണ് അധികാരത്തിലെങ്കില്‍ നികുതിപകുതിയായി ഇളവ് ചെയ്യാന്‍ കഴിയും. മറുപകുതി വിവിധ ആവശ്യങ്ങള്‍നിര്‍വഹിക്കാനുള്ളതാണ്. അതും ഒഴിവാക്കുകയാണെങ്കില്‍ അതിന് പകരം മറ്റ് വരുമാന സ്രോതസ്സ് കണ്ടെത്തേണ്ടതായിവരും. ആയതിനാല്‍, അത് റദ്ദാക്കാന്‍ കഴിയില്ല. ഇത്തരമാളുകള്‍ക്ക് അധികാരത്തില്‍ തുടരാമോ? അയാളുടെ ഉദ്ദേശ്യവും, തദനുസൃതമായ അധ്വാനവും കഴിവും സാധ്യതയുമനുസരിച്ച് അയാള്‍ അക്രമം ദൂരീകരിച്ചതും ആളുകള്‍ക്കറിയാവുന്നതാണ്. അതോ, അയാള്‍ അധികാരമൊഴിയണമോ? അധികാരമൊഴിഞ്ഞാല്‍ അക്രമം ഇല്ലാതാവില്ല, എന്നല്ല, അത് വര്‍ധിച്ചേക്കും. ഇത്തരം സാഹചര്യത്തില്‍ അയാള്‍ക്ക് അധികാരത്തില്‍ തുടരാമോ? അതില്‍ അയാള്‍ കുറ്റവാളിയാണോ? തെറ്റില്ലെങ്കില്‍ അധികാരമേല്‍ക്കാന്‍ അയാളോട് ആവശ്യപ്പെടാമോ? ഇതില്‍ ഏതാണ് അയാള്‍ക്കുത്തമം? അക്രമം ഇല്ലാതാക്കാനോ, കുറക്കാനോ ശ്രമിക്കുക, അല്ലെങ്കില്‍ അക്രമം വര്‍ധിക്കാനായി അധികാരത്തില്‍ നിന്ന് മാറി നില്‍ക്കുകയോ?
മറുപടി: 'അല്ലാഹുവിന് സ്തുതി! അതെ, അദ്ദേഹം നീതിനടപ്പാക്കുവാനും അനീതി ഇല്ലാതാക്കുവാനും കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും, അദ്ദേഹത്തിന്റെ ഭരണം മറ്റുള്ളവരുടെ ഭരണത്തേക്കാള്‍ ഗുണകരമാവുകയും ചെയ്യുമെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരുന്നത് അനുവദനീയമാണ്. അതില്‍ തെറ്റില്ല. അതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊന്നില്‍ ഏര്‍പ്പെടാനില്ലെങ്കില്‍ അതില്‍ തുടരുന്നതാണ് അയാള്‍ക്കുചിതം.
അയാളല്ലാത്ത മറ്റൊരാള്‍ക്ക് അതിന് കഴിയില്ലെങ്കില്‍ അയാള്‍ അത് നിര്‍ബന്ധമായും അതേറ്റെടുത്തിരിക്കണം. കഴിവനുസരിച്ച് നീതി നടത്തിപ്പും അക്രമം അമര്‍ച്ച ചെയ്യലും പൊതുബാധ്യതയാണ്. എല്ലാവരും കഴിയുന്നത്ര അത് നിര്‍വഹിച്ചിരിക്കണം.
ഏറ്റെടുക്കാന്‍ കഴിയാത്ത ചില ജോലികള്‍ രാജാക്കന്മാര്‍ നിശ്ചയിച്ചെന്നിരിക്കും. അത്തരം ജോലികള്‍ ആവശ്യപ്പെടാവതല്ല. രാജാക്കന്മാരും അവരുടെ പ്രതിനിധികളും സമ്പത്തുകള്‍ ആവശ്യപ്പെട്ടെന്നിരിക്കും. അത് നല്‍കാന്‍ അവരുടെ ചില ജോലികള്‍ അംഗീകരിച്ചുകൊടുക്കേണ്ടിവരും. സമ്പത്ത് നല്‍കിയില്ലെങ്കില്‍ ആ അധികാരം അക്രമത്തെ അംഗീകരിക്കുകയോ, വര്‍ധിക്കുകയോ, ലഘൂകരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടുത്തിരിക്കും. ഇത്തരം സാഹചര്യത്തില്‍ ചുമതലകള്‍ ഏറ്റെടുക്കുകയും, രാജാക്കന്മാര്‍ക്ക് കൊടുക്കാനുള്ളത് നല്‍കുകയുമായിരിക്കും എല്ലാ ജോലികളും അംഗീകരിക്കുന്നതിനേക്കാള്‍ മുസ്‌ലിംകള്‍ക്ക് ഗുണകരമാവുക. സാധ്യതയനുസരിച്ച് നീതിയും നന്മയും സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഇഹലോകത്തും പരലോകത്തും അയാള്‍ക്ക് പാപമുണ്ടാവില്ല. ഒരു അനാഥയുടെ കൈകാര്യ കര്‍ത്താവിന് അനാഥയുടെ സ്വത്തില്‍ നിന്ന്, അക്രമിയായ ഒരാള്‍ക്ക് വല്ലതും നല്‍കിക്കൊണ്ടല്ലാതെ അനാഥയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍, അങ്ങനെ ചെയ്യുന്നതേതുപോലെയാണോ, അതുപോലെത്തന്നെയാണിതും. അയാള്‍ തിന്മയല്ല, നന്മയാണ് ചെയ്യുന്നത്. ചെറിയ ഒരനീതി നിരോധിച്ചുകൊണ്ട് കൂടുതല്‍ അനീതിയും കുഴപ്പവും വിളിച്ചവരുത്തരുത്. ഉദാഹരണം: ചില വഴിയാത്രക്കാരെ ഒരു കൊള്ളസംഘം തടയുന്നു. വല്ലതും നല്‍കിയില്ലെങ്കില്‍ അവര്‍ ധനം കൊള്ളയടിക്കുകയും അവരെ വധിക്കുകയും ചെയ്യും. ഇവിടെ ജനങ്ങളുടെ സമ്പത്തില്‍ നിന്ന് അവര്‍ക്കൊന്നും നല്‍കാന്‍ പാടില്ല എന്നൊരാള്‍ പറയുന്നു. ചെറിയൊരു സംഖ്യയുടെ പേരില്‍ അയാള്‍ എല്ലാം നഷ്ടപ്പെടുത്തുകയാണ്. ഇത് ബുദ്ധിപരമായ നിലപാടല്ല. വിശിഷ്യ, ശരീഅത്തുകള്‍ അതംഗീകരിക്കില്ല. കാരണം അല്ലാഹു ദൂതന്മാരെ നിയോഗിച്ചിരിക്കുന്നത് സാധ്യമായത്ര പൊതു താല്‍പര്യങ്ങള്‍ ലഭ്യമാക്കാനും പൂര്‍ത്തിയാക്കാനും, ദൂഷ്യങ്ങള്‍ ഇല്ലാതാക്കാനും കുറയ്ക്കാനുമാണ്. .... കഴിവനുസരിച്ച് നീതിയും നന്മയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും. തനിക്ക് ചെയ്യാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ അവന്‍ ശിക്ഷിക്കപ്പെടുകയില്ല.(3)
ഫത്‌വ(2)
ഒന്ന്: രണ്ടു നന്മകള്‍ ഒന്നിച്ചുവരികയും ഒരേയവസരം രണ്ടും ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അവയിലേറ്റവും നല്ലതിന് പ്രാമുഖ്യം നല്‍കുകയും രണ്ടാമത്തേത് ഒഴിവാക്കുകയും ചെയ്യുക.
നിര്‍ബന്ധ(വാജിബ്)വും ഐച്ഛിക(മുസ്തഹബ്ബ്)വും ഒന്നിച്ചുവരുമ്പോള്‍ നിര്‍ബന്ധത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഐച്ഛികമായ സ്വദഖയെക്കാള്‍ കടംവീട്ടുന്നതിന് മുന്‍ഗണന നല്‍കുന്നത് ഉദാഹരണം. ഫര്‍ദ് ഐനും ഫര്‍ദ് കിഫായയും ഒന്നിച്ചുവരുമ്പോള്‍ ഫര്‍ദ് ഐനിനാണ് മുന്‍ഗണന. ഫര്‍ദ് ഐനല്ലാത്ത ജിഹാദിന് ധനം ചെലവഴിക്കുന്നതിനെക്കാള്‍, ബന്ധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടത് ഉദാഹരണം. ബന്ധുക്കളില്‍ തന്നെ മാതാപിതാക്കള്‍ക്കാണ് മുന്‍ഗണന.
രണ്ട്: രണ്ടിലൊരു തിന്മ നിര്‍ബന്ധമായും ചെയ്യേണ്ടിവന്നാല്‍ കൂടുതല്‍ ഗുരുതരമായത് ഒഴിവാക്കി താരതമ്യേന ലഘുവായത് ചെയ്യുക.
ഹിജ്‌റഃ പോവണ്ടിവരുന്ന സ്ത്രീ. അവള്‍ക്ക് കൂടെ യാത്ര ചെയ്യാന്‍ ഒരു 'മഹ്‌റമി'(വിവാഹബന്ധം നിഷിദ്ധമായ വ്യക്തി)നെ ലഭിച്ചില്ല. ഒന്നുകില്‍ 'മഹ്‌റമി'ല്ലാതെ ഹിജ്‌റ പോവേണ്ടിവരും. അല്ലെങ്കില്‍ ഹിജ്‌റ പോവാതെ അമുസ്‌ലിം രാഷ്ട്രത്തില്‍ തന്നെ താമസിക്കേണ്ടിവരും. രണ്ടും തിന്മയാണ്. ഇവിടെ ഹിജ്‌റഃ പോവാതെ അമുസ്‌ലിം രാഷ്ട്രത്തില്‍ തന്നെ താമസിക്കുക എന്ന വലിയ തിന്മ ഒഴിവാക്കാന്‍ 'മഹ്‌റമി'ല്ലാതെ യാത്രപോവുക എന്ന ചെറിയ തിന്മ ചെയ്യുക. ഉമ്മുകല്‍സും (റ) അതാണ് ചെയ്തത്. അവരെക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞത്: 'ഓ വിശ്വസിച്ചവരേ, വിശ്വാസിനികളായ സ്ത്രീകള്‍ നിങ്ങളുടെ അടുക്കല്‍ പലായനം ചെയ്‌തെത്തിയാല്‍ (അവര്‍ വിശ്വാസിനികള്‍ തന്നെയോ) എന്നു പരീക്ഷിച്ചുനോക്കേണ്ടതാകുന്നു' (മുംതഹിന:10).
മൂന്ന്: നന്മ ചെയ്താല്‍ അതിന്റെ അനന്തരഫലമായി തിന്മ സംഭവിക്കുകയോ, തിന്മ ഉപേക്ഷിച്ചാല്‍ അതിന്റെ ഫലമായി നന്മയും ഉപേക്ഷിക്കേണ്ടി വരുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ തിന്മയുടെ ഉപദ്രവവും നന്മയുടെ പ്രയോജനവും താരതമ്യം ചെയ്ത് കൂടുതല്‍ ഗുണകരമേതോ അത് തിരഞ്ഞെടുക്കുക.
കഠിനമായ വിശപ്പ്. ശവമല്ലാതെ മറ്റൊന്നും ലഭ്യമല്ല. ഭക്ഷണം കഴിക്കുക എന്നത് നന്മയും നിര്‍ബന്ധവുമാണ്. പക്ഷേ, ശവം തിന്നുകയെന്ന തിന്മയിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ. തിന്മ ഉപേക്ഷിച്ചാല്‍ നന്മയും ഉപേക്ഷിക്കേണ്ടിവരും. ഇവിടെ ശവം അനുവദനീയമാകുന്നു.
രണ്ട് അവസ്ഥയില്‍ തിന്മ അനുവദനീയമാണ്. ഒന്ന്: കൂടുതല്‍ ഗുരുതരമായ മറ്റൊരു തിന്മ ഒഴിവാക്കാന്‍ അത്ര ഗുരുതരമല്ലാത്ത ഒരു തിന്മ ചെയ്തുകൊണ്ടല്ലാതെ അതൊഴിവാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍. രണ്ട്: ഒരു തിന്മ ചെയ്താല്‍, അതുപേക്ഷിച്ചാല്‍ കിട്ടുന്ന നന്മയെക്കാള്‍ പ്രയോജനകരമായൊരു നന്മ ലഭിക്കുകയും ആ തിന്മ ചെയ്താലല്ലാതെ അത് ലഭ്യമല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുമ്പോള്‍.
രണ്ട് അവസ്ഥയില്‍ നന്മ ഉപേക്ഷിക്കാവുന്നതാണ്. ഒന്ന്: അതു ചെയ്യുക വഴി അതിനെക്കാള്‍ വലിയ നന്മ നഷ്ടപ്പെടാനിടയുള്ള സാഹചര്യത്തില്‍. രണ്ട്: അതു ചെയ്താല്‍ അതിന്റെ ഉപകാരത്തെക്കാള്‍ വലിയ ഉപദ്രവമുള്ള മറ്റു വല്ലതും സംഭവിക്കാനിടയുള്ള സാഹചര്യത്തില്‍.
മുകളില്‍ പറഞ്ഞ തത്വങ്ങള്‍, വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടായാലും അടിസ്ഥാനപരമായി ഒരു മതത്തിനും വിയോജിക്കാനാവാത്തവയാണ്. എന്നല്ല സാമാന്യബുദ്ധി അംഗീകരിക്കുന്ന വസ്തുതകളാണവ. നന്മയും തിന്മയും തിരിച്ചറിയുന്നവനല്ല, രണ്ടു നന്മകളില്‍ ഏറ്റവും വലിയ നന്മ തിരിച്ചറിയുന്നവനാണ് ബുദ്ധിമാന്‍ എന്നു പറയാറുണ്ട്. രണ്ടു രോഗങ്ങള്‍ പിടികൂടിയാല്‍ ഏറ്റവും അപകടകരമേതോ അതു ചികിത്സിക്കുന്നവനാണ് ബുദ്ധിമാന്‍ എന്നൊരു കവി പാടുകയുണ്ടായി. എല്ലാ കാര്യങ്ങളിലും ബാധകമാണിത്.
വരള്‍ച്ചക്കാലത്ത് മഴ വര്‍ഷിക്കുന്നത് ജനങ്ങള്‍ക്ക് ഒരനുഗ്രഹമാകുന്നു. അക്രമികള്‍ക്കും ആ അനുഗ്രഹം ല ഭിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അതില്ലാതായാല്‍ ജനങ്ങള്‍ മൊത്തം ക്ലേശിക്കുക എന്നതായിരിക്കും ഫലം. അതുപോലെത്തന്നെ ഭരണാധികാരി ഇല്ലാതിരിക്കുന്നതിനെക്കാള്‍ ഭേദമാണ് അക്രമിയാണെങ്കില്‍ പോലും ഒരു ഭരണാധികാരിയുണ്ടാവുക എന്നത്. ഭരണാധികാരിയില്ലാത്ത ഒരു രാത്രിയെക്കാള്‍ നല്ലത് അക്രമിയായ ഭരണാധികാരിയുള്ള അറുപതു വര്‍ഷങ്ങളാണ് എന്നു പറയാറുണ്ട്.
അക്രമം പ്രവര്‍ത്തിക്കുകയും സാധ്യമായിട്ടും അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്യുന്ന ഭരണാധികാരി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടും. പക്ഷേ, ഭരണമേറ്റെടുക്കുന്ന ഒരാള്‍, അല്ലെങ്കില്‍ ഭരണത്തിന്റെ ഏതെങ്കിലും വകുപ്പുകളുടെ ഉത്തരവാദിത്വമേറ്റെടുക്കുന്ന ഒരാള്‍, നിര്‍ബന്ധമായ കാര്യങ്ങള്‍ നിര്‍വഹിക്കുവാനോ നിഷിദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കുവാനോ കഴിയാത്ത അവസ്ഥയാണയാള്‍ക്കുള്ളത്, എങ്കിലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ചെയ്യാത്ത ചില കാര്യങ്ങള്‍ ബോധപൂര്‍വം അയാള്‍ ചെയ്യുന്നു. എങ്കില്‍ അയാള്‍ അധികാരമേറ്റെടുക്കുന്നത് അനുവദനീയമായിരിക്കും. ചിലപ്പോള്‍ നിര്‍ബന്ധം തന്നെയായിരിക്കും. ശത്രുവിനോട് സമരം ചെയ്യുക, യുദ്ധമുതല്‍ വീതിക്കുക, അതിര്‍ത്തി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ ഭരണം അനിവാര്യമായി വരികയും, അതില്‍ തനിക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത തിന്മയുടെ വശങ്ങളുണ്ടെങ്കിലും നന്മയുടെ വശങ്ങള്‍ അതിനെക്കാള്‍ കൂടുതലുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് 'വാജിബോ' 'മുസ്തഹബ്ബോ' ആയിത്തീരുന്നു. അക്രമം നിറഞ്ഞ ഭരണം, അക്രമം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്നതിലും വിരോധമില്ല.
ഇതൊക്കെ ഉദ്ദേശ്യശുദ്ധിയെ ആസ്പദിച്ചുനില്‍ക്കുന്ന കാര്യങ്ങളാണ്. ഒരു അക്രമി ഒരാളോട് പണം ആവശ്യപ്പെടുന്നു. തദവസരം ഒരു മധ്യവര്‍ത്തി ഇടപെട്ട് കൂടുതല്‍ അക്രമം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ അക്രമിക്ക് അയാളില്‍ നിന്ന് പണം വാങ്ങിക്കൊടുക്കുന്നു എങ്കില്‍ ആ മധ്യവര്‍ത്തി നന്മയാണ് ചെയ്തത്. അതേയവസരം അക്രമിയെ സഹായിക്കാനാണ് മധ്യവര്‍ത്തി അങ്ങനെ ചെയ്തതെങ്കില്‍ അത് തിന്മയാകുന്നു.
പക്ഷേ, ഇത്തരം കാര്യങ്ങള്‍ മിക്കപ്പോഴും ഏറ്റവും  ഉപകാരപ്രദവും ഏറ്റവും നല്ലതും ഏത് എന്ന് പരിഗണിച്ചുകൊണ്ടൊന്നുമല്ല പലരും ചെയ്യുന്നത്. ചീത്ത ഉദ്ദേശ്യവും ചീത്ത പ്രവര്‍ത്തനവുമാണ് പലപ്പോഴും പ്രകടമാവുന്നത്. പണവും അധികാരവും ലക്ഷ്യംവെക്കുമ്പോള്‍ ഉദ്ദേശ്യം ചീത്തയാകുന്നു. നിഷിദ്ധങ്ങള്‍ പ്രവര്‍ത്തിക്കുകയും നിര്‍ബന്ധ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ചീത്ത പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
തനിക്ക് കൂടുതല്‍ നിര്‍ബന്ധമായ മറ്റൊരു ജോലി ചെയ്യാനില്ല എങ്കില്‍ മാത്രമേ അധികാരമേറ്റെടുക്കുക എന്നത് 'ജാഇസോ' (അനുവദനീയം) 'മുസ്തഹബ്ബോ' 'വാജിബോ' ആകുന്നുള്ളൂ. രണ്ട് ജോലികള്‍ ഒരുമിച്ചുവന്നാല്‍ ഏറ്റവും നല്ലതിന് പ്രാധാന്യം നല്‍കണം.
യൂസുഫ് നബി(അ) ഈജിപ്തിലെ രാജാവിന്റെ കീഴില്‍ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഈ ഇനത്തില്‍ പെടുന്നു. രാജാവും അദ്ദേഹത്തിന്റെ സമൂഹവും നിഷേധികളായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 'ഇതിനുമുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളില്‍ വന്നിരുന്നു. പക്ഷേ അദ്ദേഹം കൊണ്ടുവന്ന അധ്യാപനങ്ങളില്‍ നിങ്ങള്‍ സന്ദേഹിച്ചുകൊണ്ടേയിരുന്നു...'(ഗാഫിര്‍:34). 'ഓ ജയില്‍ സഖാക്കളേ, വിഭിന്നരായ പല ദൈവങ്ങളാണോ അതല്ല, സര്‍വത്തെയും അതിജയിക്കുന്ന ഏകനായ അല്ലാഹുവാണോ ഉത്തമം? അവനെക്കാടാതെ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും സൃഷ്ടിച്ച ചില പേരുകളല്ലാതെ യാതൊന്നുമല്ല...'(യൂസുഫ്:39,40).
നിഷേധികളായ അവര്‍ക്ക് ധനം പിരിച്ചെടുക്കുന്നതിനും ചെലവഴിക്കുന്നതിനും അവരുടേതായ നടപടിക്രമങ്ങളുണ്ടാവും. അവ പ്രവാചകന്മാരുടെ നീതി ശാസ്ത്രവുമായി ഒത്തുപോവുന്നവയാവില്ല. അല്ലാഹുവിന്റെ ദീനില്‍പ്പെട്ട, താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുവാന്‍ യൂസുഫ് നബിക്ക് സാധ്യവുമല്ല. സമൂഹം അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ലല്ലോ. പക്ഷേ, അദ്ദേഹം സാധ്യമാവുന്ന നീതിയും നന്മയും ചെയ്തു. വിശ്വാസികളായ തന്റെ കുടുംബത്തെ ആദരിക്കുവാന്‍ തന്റെ അധികാരം ഉപയോഗപ്പെടുത്തി. അധികാരമില്ലെങ്കില്‍ അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല. ഇതൊക്കെ 'നിങ്ങള്‍ കഴിയുന്നത്ര അല്ലാഹുവെ സൂക്ഷിക്കുക' എന്ന ഖുര്‍ആന്‍ വചനത്തിന്റെ വരുതിയില്‍ പെടുന്നു.
രണ്ടുനിര്‍ബന്ധകാര്യങ്ങളില്‍ ഏറ്റവും പ്രബലമായതിന് പ്രാമുഖ്യം നല്‍കുമ്പോള്‍ മറ്റേത് നിര്‍ബന്ധകാര്യമല്ലാതായിത്തീരുന്നു. അതുപേക്ഷിച്ചാല്‍ നിര്‍ബന്ധകാര്യം ഉപേക്ഷിച്ചതായി ഗണിക്കപ്പെടുകയില്ല. രണ്ടു നിഷിദ്ധകാര്യങ്ങളില്‍ ഗുരുതരമായത് ഉപേക്ഷിക്കുവാന്‍ വേണ്ടി ലഘുവായത് ചെയ്യേണ്ടിവരുമ്പോള്‍ നിഷിദ്ധകാര്യം ചെയ്തതായി ഗണിക്കപ്പെടുകയില്ല.
പരന്നുകിടക്കുന്ന ഒരു വിഷയമാണിത്. പ്രവാചകത്വത്തിന്റെയും ഖിലാഫത്തിന്റെയും സദ്ഫലങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചുപോയ ഇക്കാലഘട്ടത്തില്‍ വിശേഷിച്ചും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുക സ്വാഭാവികമാണ്. സമുദായത്തില്‍ അതുവഴി ഒട്ടനവധി കുഴപ്പങ്ങളുണ്ടാവാനുമിടയുണ്ട്. നന്മയും തിന്മയും തമ്മില്‍ കൂടിക്കലരുന്ന അവസ്ഥയില്‍ ചിലയാളുകള്‍ നന്മ കണ്ട് അതിനുമാത്രം പരിഗണന നല്‍കുകയും അതിലന്തര്‍ഭവിച്ചുകിടക്കുന്ന വന്‍തിന്മകള്‍ കാണാതെ പോവുകയും മറ്റുചിലര്‍ ചെറിയ തിന്മ ഉപേക്ഷിക്കാന്‍ വേണ്ടി വന്‍ നന്മകളും ഉപേക്ഷിക്കുകയും ചെയ്‌തേക്കും. മധ്യനിലപാട് സ്വീകരിക്കുന്നവര്‍ രണ്ടുവശവും പരിഗണിക്കുന്നവരായിരിക്കും.
ഇവിടെ ഒരു പണ്ഡിതന്‍ ചെയ്യേണ്ടത് വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിക്കുക എന്നതാണ്. കല്‍പനയുടെയും നിരോധനത്തിന്റെയും കാര്യത്തില്‍ മുമ്പുപറഞ്ഞ തത്വങ്ങള്‍ ദീക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു നന്മ ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് കൂടുതല്‍ വലിയ തിന്മ ക്ഷണിച്ചുവരുത്തരുത്. അവിടെ തിന്മ സംഭവിക്കാതിരിക്കാന്‍ നന്മ കല്‍പിക്കാതിരിക്കുകയാണ് വേണ്ടത്. കുറ്റവാളിയെ അക്രമിയായ ഭരണാധികാരിക്കേല്‍പിച്ചുകൊടുക്കുന്നത് ഉദാഹരണം. അയാള്‍ ചെയ്ത തെറ്റിനെക്കാള്‍ ഗുരുതരമായിരിക്കും അക്രമിയായ ഭരണാധികാരി അയാള്‍ക്ക് നല്‍കുന്ന അമിതമായ ശിക്ഷ. അതുപോലെത്തന്നെ ചില തിന്മകള്‍ നിരോധിക്കുകവഴി കൂടുതല്‍ ഉപകാരപ്രദമായ നന്മ ഉപേക്ഷിക്കപ്പെടാനിടയുള്ള സാഹചര്യത്തില്‍ നിരോധം ഒഴിവാക്കേണ്ടതാണ്.
('മജ്മൂഉ ഫതാവ'യില്‍ നിന്ന് സംഗഹം, വാള്യം:20, പേജ്:48-61).

© Bodhanam Quarterly. All Rights Reserved

Back to Top