ഇസ്‌ലാമോഫോബിയ സാംസ്‌കാരിക വംശീയത

വി.എ മുഹമ്മദ് അശ്‌റഫ്‌‌‌

ആധുനിക കാലത്തെ ദൈനംദിന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ അദ്ധ്യായം. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍ നിലനിന്ന ആന്റിസെമിറ്റിസത്തിനും, അതിന്റെ പാരമ്യമായി നടന്ന നാസി ഭീകരതക്കും, സയണിസ്റ്റുകളുടെ പലസ്തീന്‍, നിഗ്രഹണത്തിനും, 2002ലെ ഗുജറാത്ത് നരഹത്യക്കും, പാശ്ചാത്യ ലോകത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയക്കും പിന്നില്‍ വംശവെറി'എന്ന ഒരൊറ്റ വികാരമാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ന്യൂനപക്ഷങ്ങളോടും ദുര്‍ബലരാക്കപ്പെട്ടവരോടുമുള്ള കരുണാവായ്പാണ്. ന്യൂനപക്ഷങ്ങളെ അപരാധികളും ശത്രുക്കളും അപകടകാരികളുമാക്കി ചിത്രീകരിക്കുക എന്നത് ഫാഷിസത്തിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതിയായിരിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷയും സുരക്ഷിതത്വവും സാമൂഹ്യനീതിയും നേടിക്കൊടുക്കാന്‍ അത്യദ്ധ്വാനം ചെയ്യുക എന്നതാണ് മഹത്വമുള്ള ഒരു ജനതയുടെ ധര്‍മ്മം.
ഇസ്‌ലാമോഫോബിയ
2001 സപ്തംബര്‍ 11ന് ശേഷം ഇസ്‌ലാമോഫോബിയ പാരമ്യതയിലെത്തിയതിനെപ്പറ്റി പലരും അന്ധാളിക്കുകയാണ്. അതിനാല്‍ ഇവക്ക് പിന്നിലെ സാംസ്‌കാരിക അന്തര്‍ധാരകളെ കുറിച്ച ചരിത്രപമായ ഒരു വിശകലനം ഏറെ  പ്രസക്തമാണ്.
കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി ഇന്ന് മാറിയിരിക്കുന്നു. വ്യാവസായികമായി ഇസ്‌ലാം വിരുദ്ധത പരത്താന്‍ കച്ചകെട്ടിയിറങ്ങിയഫൗണ്ടേഷനുകളുടെ നീണ്ട ശൃംഗലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം ഒരു മതമല്ലെന്നും വന്യനീതിയാണെന്നും ഇതരജനതക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നുമാണ് പ്രചാരണം. നിരവധി തിംങ്ക് ടാങ്കകള്‍ പരതിയെടുക്കുന്ന ഇസ്‌ലാം ഭീകരത'ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു.
ഇസ്‌ലാം വിരുദ്ധ ബ്ലോഗര്‍മാര്‍ക്ക് 7 മില്യനോളം വരുന്ന അമേരിക്കന്‍ മുസ്‌ലിംകളും 1.5 ബില്യണ്‍ വരുന്ന ലോകമുസ്‌ലിംകളും മുഴുക്കെ അപകടകാരികളും അക്രമികളും ഭീകരരുമാണ്; ഇസ്‌ലാം തന്നെ ഭീകരതയാണ്. ഇസ്‌ലാമിക സംസ്‌കാരം കൂമ്പടഞ്ഞതാണെന്നും ഖുര്‍ആന്‍ ഹിറ്റ്‌ലറുടെ മെയ്ന്‍ കാഫിനോട് തുല്യപ്പെടുത്താവുന്നതാണെന്നും മില്യന്‍ കണക്കിന് യൂറോപ്പ്യന്‍ മുസ്‌ലിംകളെ നാടുകടത്തണമെന്നും അവരുടെ എമിഗ്രേഷന്‍ തടയണമെന്നും ആക്രോശിക്കുന്ന ഗീര്‍ട്ട്  വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, 2010 ഒക്‌ടോബര്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 24 സീറ്റുകള്‍ പിടിച്ചെടുത്ത് കിംഗ് മേക്കറുടെ റോളിലാണ്.
പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ശരീഅത്ത് നിയമങ്ങളെ മുന്‍കൂട്ടിത്തന്നെ അസാധുവാക്കുന്ന നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞിരിക്കുന്നു. ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പ്രവൃത്തിക്കുന്നു എന്ന ഭാവനാപരമായ ആക്ഷേപമുയര്‍ത്തിയാണ് ഈ നിയമനിമ്മാണം. മുസ്‌ലിംകളോട് രൂപസാദൃശ്യമുള്ളവര്‍ പോലും സെപ്തംബര്‍ 11ന് ശേഷം അക്രമങ്ങള്‍ ക്കിരയാവുന്നു.
ആധുനിക വംശീയതയുടെ ഏറ്റവും മുര്‍ത്തരൂപമായി ഇസ്‌ലാമോഫോബിയയെ അനിന്ത്യ ഭട്ടാചാര്യ വിശേഷിപ്പിച്ചു.1 ഖുര്‍ആന്‍ വിശുദ്ധ യുദ്ധത്തിന്റെ മാര്‍ഗരേഖയാണെന്നും മസ്ജിദുകള്‍ ഭീകരരുടെ പോറ്റുകേന്ദ്രങ്ങളാണെന്നും 'തകിയ്യ''എന്ന തന്ത്രത്തിലൂടെ നുണപറയല്‍ ശീലമാക്കിയവരാണെന്നുമാണ് പ്രചാരണം. സ്വന്തം ജീവന് ആപല്‍ ഭീഷണി വന്നാല്‍, തികഞ്ഞ നിസഹായാവസ്ഥയില്‍ മാത്രം, വിശ്വാസം മറച്ചുവെക്കാമെന്ന് മാത്രമേ ഖുര്‍ആനികമായി സിദ്ധിക്കുന്നുള്ളൂ.
ഒരു ജനത ഒന്നാകെ ഏകശിലാഖണ്ഡമാംവിധം മാറ്റമില്ലാത്തതും അപരിഷ്‌കൃതവും ആധുനിക വിരുദ്ധവും ശാത്രവവും ഭീഷണവും സംഘട്ടനാത്മകവും തീവ്രവാദപരവും പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും പിന്നാക്കപ്രവണത നൈസര്‍ഗികമായി വഹിക്കുന്നതും സര്‍വ്വാധിപത്യപരവുമായി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഘടകം വംശവെറിയുടേത് തന്നെയാണ്. സാങ്കല്‍പ്പികമായ ശരീഅത്ത് ഭീതിയും ഗൂഢതന്ത്രത്തിലൂടെ നുഴഞ്ഞുകയറി ലോകം ഭരിക്കാന്‍ ഇസ്‌ലാം ആസൂത്രണം നടത്തുന്നുവെന്ന ഭയവും ഉല്‍പ്പാദിപ്പിക്കുകയാണ് തീവ്ര വലതുപക്ഷ നിയോകോണ്‍ സയണിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍.
ഇതിന്റെയൊക്കെ ഫലമായി തൊഴിലിടങ്ങളില്‍ മാത്രമല്ല വിമാനയാത്രകളില്‍ പോലും ശക്തമായ വിവേചനങ്ങളാണ് ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്നത്. 'ഫൈ്‌ളയിംഗ് വെയ്ല്‍ അറബ്''എന്ന പ്രയോഗം പോലും ഇതേ തുടര്‍ന്ന് സാധാരണമായി. 2001ല്‍ മാത്രം 1022 പരാതികളാണ് ഈയിനത്തില്‍ ലഭിച്ചതെന്ന് വാഷിംങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
താഴെ പറയുന്ന വ്യത്യസ്തമായ ഏതാനും സംഭവങ്ങള്‍ പരിശോധിക്കുക 1. യേശുക്രിസ്തുവിനെ ജൂതപാരമ്പര്യത്തില്‍ നിന്ന് വിമുക്തമാക്കി ആര്യ വംശജനാക്കാനായിരുന്നു ഹിറ്റ്‌ലറുടെ ശ്രമം. ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റുകാരുടെ 30ശതമാനവും (60ലക്ഷത്തോളം പേര്‍) ഫ്യൂററെ (ഹിറ്റ്‌ലറുടെ അപരനാമം) നമ്മുടെ കാലത്തെ ദൈവത്തിന്റെ പ്രതിപുരുഷനായി'കരുതിയിരുന്നു.2 അസീറിയന്‍ അധിനിവേശത്തിന് ശേഷം ഗലീലിയില്‍ ആര്യന്‍ ജെന്റൈല്‍ വംശക്കാരാണ് ബി.സി 8-ാം നൂറ്റാണ്ടുമുതല്‍ വസിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ യേശു ജൂതനല്ലായിരുന്നുവെന്നുമാണ് നാസി പക്ഷപാതികളായ ദൈവ ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചിരുന്നത്.3 2. വടക്കുകിഴക്കന്‍ ഇന്ത്യയിലെ മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളില്‍ നിന്നുള്ള 7200ല്‍ പരം ജൂതര്‍ക്ക് ഇസ്രയേലിലേക്ക് കുടിയേറാന്‍ 2011ല്‍ അനുമതി നല്‍കി. അസീറിയന്‍ അധിനിവേശകാലത്ത് 27 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ വിട്ടുപോയ 10 ഗോത്രങ്ങളിലൊന്നാണ് മിസോറമിലും മണിപ്പൂരിലുമുള്ള മനശെ വിഭാഗമെന്ന് കരുതപ്പെടുന്നു. ഇവരുടെ തിരിച്ചുവരവിനെ ജറുശലമിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ ആഹ്ലാദത്തോടെയാണ് കണ്ടത്.4 3.പോപ്പ് പിയൂസ് 12-ാമന്‍ 1941 ജൂലൈ 30ല്‍ നടത്തിയ പ്രസ്താവനയില്‍ ഹിറ്റ്‌ലറുടെ യുദ്ധം യൂറോപ്യന്‍ സംസ്‌കാരത്തെ പ്രതിരോധിക്കാനുള്ള വിശുദ്ധ യുദ്ധമാണെന്ന് ന്യായീകരിച്ചു.5  4.1939 ല്‍ സംഘ്പരിവാര്‍ അമരക്കാരന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു: 'ജര്‍മ്മന്‍ ദേശീയഭിമാനം ഇന്നിന്റെ പ്രധാന വിഷയമായിരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ജര്‍മ്മനി സെമിറ്റിക് വംശമായ ജൂതരെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ ലോകത്തെ ഞെട്ടിച്ചു.6 ജര്‍മ്മനിയില്‍ നടന്ന ജൂത മര്‍ദ്ദനം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആവര്‍ത്തിച്ചു. അവരെ ഹിന്ദു രാഷ്ട്രത്തെ സമ്പൂര്‍ണമായി കീഴ്‌പ്പെടുന്നവരാക്കി മാറ്റാനും പൗരത്വം പോലും നിഷേധിക്കാനും തുറന്നാഹ്വാനം ചെയ്തു.7
ഭിന്നങ്ങളായ ഈ സംഭവങ്ങളില്‍ ഓളം വെട്ടുന്നത് വംശീയത'എന്ന സങ്കല്പമാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനത ഒരു വംശീയ വിഭാഗമാണെന്നും അവര്‍ ഒരു പ്രത്യേക രാഷ്ട്രത്തിലേക്ക് ഒഴുകിയെത്തേണ്ടവരാണെന്നുമുള്ള വിശ്വാസമാണ് ഇവാഞ്ചലിക്കല്‍ സയണിസത്തെയും ജൂതസയണിസത്തെയും നയിക്കുന്നതെങ്കില്‍ ഒരൂ പ്രത്യേക മതവിശ്വാസത്തില്‍പെട്ടവര്‍ അഭിശക്തരും അക്രമികളും ആയതുകൊണ്ട് അവരെ സമൂഹത്തില്‍ നിന്ന് വിമുക്തമാക്കി നിര്‍ത്തലാണ് ആദര്‍ശാത്മകമെന്ന് സങ്കല്‍പിച്ചുകൊണ്ട് അവര്‍ക്കെതിരെ കടുത്ത വിവേചനങ്ങളും അതിക്രമങ്ങളും നടത്തേണ്ടത് ദൈവേഛയാണെന്നും ആന്റിസെമിറ്റിസം വിധിക്കുന്നു. ആന്റിസെമിറ്റിസം'എന്ന വംശീയവാദം ജൂതവിഭാഗത്തെ ഇകഴ്ത്തുകയും അവരുടെ മേല്‍ കരിമുദ്ര ചാര്‍ത്തുകയും അവരെ ചേരികളിലേക്ക് തള്ളിയിടുകയും ചെയ്തു. സമൂഹത്തിലെ അപചയങ്ങളുടെയൊക്കെ നിദാനം ജൂതരാണെന്ന് ആന്റിസെമിറ്റിസം ആരോപിച്ചു. യൂറോപ്പില്‍ ശക്തിപ്പെട്ടുവന്ന ഫാഷിസം ഈ ആശയത്തെ ഭീതിജനകമാം വിധം രൂക്ഷമാക്കിക്കൊണ്ട് ജര്‍മ്മനിയില്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ മെനഞ്ഞെടുത്തു. ഔദ്യോഗികമായ അംഗീകാരത്തോടെ ജൂതമര്‍ദ്ദനവും പീഢനവും വ്യാപകമാക്കി. പതിനായിരക്കണക്കിന് നിരപരാധികള്‍ കുരുതിക്കിരയായി. യൂറോപ്പില്‍ ഒരു സഹസ്രാബ്ദത്തിലേറെ നീണ്ടുനിന്ന ഈ പ്രവണത നാസി ഭരണകാലത്ത് അതിന്റ പാരമ്യത്തിലെത്തി. ഹിറ്റ്‌ലറുടെ നിഷ്ഠൂരതകള്‍ക്ക് പിന്തുണ നല്‍കിയ പോപ്പിന്റെ നയം കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം കാണുന്ന ആന്റിസെമിറ്റിസത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ക്രൂരതകളും അവര്‍ അര്‍ഹിച്ചിരുന്നതാണെന്ന പ്രചാരണം അതീവശക്തമായിരുന്നു. ജൂതരനുഭവിച്ച എല്ലാ ദൈന്യതകളും ദൈവഹിതമാണെന്ന് വിശദീകരിക്കപ്പെട്ടു. അതിക്രമകാരികള്‍ ധീര-വീര പരാക്രമികളായി കൊണ്ടാടപ്പെട്ടു.
ഈ ചരിത്രാനുഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണയുദ്ധത്തിന്റെ രൂക്ഷതയാണ് 1991ല്‍ ഇസ്‌ലാമോഫോബിയ'എന്ന പദം നിര്‍മ്മിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ജനിച്ച മണ്ണും നാടും വിനഷ്ടമായി അഭയാര്‍ത്ഥികളാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ ജനതക്കുമേല്‍ 1990വരെ ഭീകരന്മാര്‍'എന്ന കരിയടയാളം വിരളമായി മാത്രമേ പതിഞ്ഞിരുന്നുള്ളു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലസ്തീന്‍കാര്‍ 'പോരാളികള്‍''തന്നെയായിരുന്നു. എന്നാല്‍ 1990ല്‍ സോവ്യറ്റ് യൂനിയന്‍ എന്ന ശാക്തികച്ചേരി അന്യം നിന്ന് പോവുകയും ശാക്തികബന്ധങ്ങള്‍ യു.എസ് സാമ്രജ്യത്വത്തിനനുകൂലമായി മാറുകയും അവയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം ക്രൈസ്തവ-ജൂത സയണിസമായി മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ പലസ്തീനികള്‍ നടത്തുന്ന ദുഃബ്ബലമായ ചെറുത്തുനില്‍പുകള്‍പോലും ഭീകര പ്രവര്‍ത്തനമായി സമീകരിക്കപ്പെടുകയായിരുന്നു. മിസൈലുകളേയും അത്യുജ്ജ്വ—ലങ്ങളായ പോര്‍ വിമാനങ്ങളേയും കവചിത ടാങ്കുകളേയും കല്ലുകൊണ്ട് നേരിടുന്ന പലസ്തീന്‍ കുട്ടി ഭീകരവാദിയാകുന്ന അട്ടിമറിനടക്കുന്നത് എത്ര ലാഘവത്തോടെയാണ്!.
നോര്‍വേ ഭീകരാക്രമണത്തിന്റെ പിന്നാമ്പുറം
2011 ജൂലൈ 22ന് ആന്‍ഡേഴ്‌സ് ബെഹറിംഗ് ബ്രെവിക് എന്ന ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് നടത്തിയ കൂട്ടക്കുരുതിയില്‍ 77 നിരപരാധികളെ വധിച്ചത് ആസൂത്രിതമായി വളര്‍ന്നുവരുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകാശനം കൂടിയായിരുന്നു. സ്വന്തം ഗുരുക്കളായി യൂറോപ്യന്‍–ഇന്ത്യന്‍ ഫാഷിസ്റ്റുകളെയും യു. എസ്. ഇസ്‌ലാമോ ഫോബോകളെയുമാണ് അയാള്‍ കണ്ടത്. സവര്‍കര്‍, ഗോള്‍വാള്‍ക്കര്‍, കൊന്റാഡ് എല്‍സ്റ്റ്, രാം സ്വരൂപ്, സീതാറാം ഗോയല്‍, ഡേവിഡ് ഫ്രോളി എന്നീ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഡാനിയേല്‍ പൈപ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍, പമേലാ ഗെല്ലര്‍, ഡേവിഡ് ഹോറോവിറ്റ്‌സ്, ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്, അലിസീനാ എന്നീ ഇസ്‌ലാമോഫോബുകളും ബ്രെവിക്കിന് ഹീറോകളാണ്. തന്റെ 1518 പേജ് വരുന്ന '2083: യൂറോപ്പ്യന്‍ സ്വതന്ത്ര്യ പ്രഖ്യാപനം' എന്ന രചനക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് നോര്‍വെയിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബ്രെവിക്കിന് പ്രേരണയായത്. അയാള്‍ പ്രതീക്ഷിച്ചതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ പ്രസ്തുത കൃതി ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.8
മറ്റെല്ലായിടത്തുമെന്നതുപോലെ മുസ്‌ലിം ഭീകരതയാണ് യൂറോപ്പിലുള്ളതെന്ന ധാരണ വ്യാപകമാണ്. ബ്രെവിക്കിന്റെ രചനയിലും ത്രസിച്ചുനില്‍ക്കുന്ന മുഖ്യമായ ആശയം ഇത് തന്നെയാണ്.  എന്നാല്‍ ഇത് അടിമുടി അബദ്ധമാണ് എന്ന് 2007, 2008, 2009 വര്‍ഷങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ യൂറോപോള്‍ 2010ല്‍ പ്രസിദ്ധീകരിച്ച കണക്കുകളെ ഉദ്ധരിച്ച് വിഖ്യാത ചിന്തകന്‍ മുകുള്‍ കേശവന്‍ തെളിയിക്കുന്നു.9 ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ 2007ല്‍ നടന്ന 551 ഭീകരാക്രമണ പദ്ധതികളില്‍ 2 എണ്ണം മാത്രമാണ് മുസ്‌ലിം തീവ്രവാദികളുടെ വക.  2008ലെ 441 ഭീകരാക്രമണത്തില്‍ ഒരെണ്ണംപോലും മുസ്‌ലിംകളുടെ വകയായില്ല. 2009ല്‍ നടന്ന 294 ഭീകരാക്രമണങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുസ്‌ലിം നാമധാരി നടത്തിയത്.  ഈ കണക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നും മുകുള്‍ കേശവന്‍ ഓര്‍മപ്പെടുത്തുന്നു.  എന്നിട്ടും നോര്‍വയില്‍ കനത്ത ഭീകരാക്രമണം നടന്ന ഉടന്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കഥകളുണ്ടാക്കിയതായും മുകുള്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നു.  അന്‍സാര്‍ അല്‍ ജിഹാദ് അല്‍ ആലമി, നോര്‍വെ കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായും ന്യൂയോര്‍ക്ക് ടൈംസ് വേണ്ടത്ര തെളിവില്ലാതെ അവകാശപ്പെട്ടിരുന്നുവെന്നും ഓര്‍ക്കുക.  ജെനിഫര്‍ റൂബിന്‍, ദി പോസ്റ്റില്‍ എഴുതിയ ലേഖനത്തിലും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.10
മുസ്‌ലിംകളെക്കൂടി ഉള്‍കൊള്ളുന്ന ബഹുസ്വര സാംസ്‌കാരികതയെ പിന്തുണച്ചു എന്നതാണ് വധിക്കപ്പെട്ടവരുടെ അപരാധമായി ബ്രെവിക്ക് കണ്ടത്. അമേരിക്കയിലെയും ഇസ്രായേലിലെയും പല മുഖ്യധാരാ പത്രങ്ങളും കൂട്ടക്കുരുതിയെ അപലപിച്ചു കൊണ്ട് തന്നെ അയാളുടെ ആശങ്കകള്‍ ഗൗരവമായെടുക്കാന്‍ ആഹ്വാനം ചെയതിരുന്നു. സയണിസ്റ്റ്–ഹിന്ദുത്വ–നാസീ അനുകൂലവും ഇസ്‌ലാം–കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ വീക്ഷണങ്ങള്‍ കലവറയില്ലാതെ ബ്രെവിക്ക് പ്രഖ്യാപിക്കുന്നു. സയണിസ്റ്റ് കാപാലികരുടെ ഇരകളായി നിരാലംബരായിത്തീര്‍ന്ന ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ ഭീകരര്‍ എന്ന് വിളിക്കാന്‍ നവ നാസിയായ ബ്രെവിക്കിന് അശേഷം ശങ്കയില്ല. നമ്മുടെ സാംസ്‌കാരിക അര്‍ധസോദരനായ ഇസ്രയേലിന് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് അയാള്‍ അലറുന്നു.11 മുസ്‌ലിംകളും ബഹുസ്വര സംസ്‌കൃതിയും അപകടകരമാണെന്ന് പ്രഖ്യാപിക്കുന്ന ബ്രെവിക്ക് 359 പ്രാവശ്യമാണ് ഇസ്രയേലിന്റെ മഹത്വം പ്രഘോഷിക്കുന്നത്. ഖുര്‍ആന്‍ നിരോധിക്കാന്‍ ബ്രെവിക്ക് തുറന്നാഹ്വാനം നല്‍കുന്നു.12
ഹിന്ദുകുഷ്' എന്ന പദത്തിന്റെ അര്‍ത്ഥം ''ഹിന്ദുക്കളുടെ കൂട്ടകൊല' ആണെന്ന ഫാഷിസ്റ്റ് മിത്ത് ഏറെ പ്രാധാന്യത്തോടെയും സുസ്ഥാപിത ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലക്കുമാണ് പ്രതിപാദിച്ചിരിക്കുന്നത്. യൂറോപ്പ് മുസ്‌ലിം കുടിയേറ്റം നിരോധിക്കണമെന്നാണ് ബ്രെവിക്കിന്റെ പ്രധാന ആവശ്യം. എല്ലാ എത്‌നിക് സംസ്‌കാരങ്ങളും തുല്യമാണെങ്കില്‍ കറുത്ത ആഫ്രിക്കക്കാരും ആഫ്രോ കരീബിയക്കാരും പാകിസ്താനികളും ഇന്ത്യക്കാരും ചൈനക്കാരും തങ്ങളുടെ ജന്‍മഗേഹം വിട്ട് പടിഞ്ഞാറന്‍ നാടുകളില്‍ കൂട്ടമായി കുടിയേറുന്നതെന്തിന് എന്നയാള്‍ ചോദിക്കുന്നു. എല്ലാവരും തുല്യരാണെങ്കില്‍ ലോകത്തുള്ള വെള്ളക്കാരല്ലാത്ത ജനത, പടിഞ്ഞാറന്‍ ജനതയുടെ സ്റ്റൈല്‍ അനുകരിക്കുന്നതെന്തിന്? പാശ്ചാത്യ വംശീയതയുടെ എല്ലാ ബീഭല്‍സതകളും ബ്രെവിക്കില്‍ ആവാഹിച്ചിരിക്കുന്നു. നിരപരാധികള്‍ക്ക് നേരെ അയാള്‍ വെടിയുതിര്‍ത്തതില്‍ അല്‍ഭുതമില്ല.
ക്രൈസ്തവതയെ വിശ്വാസപരമായിട്ടല്ല സാമൂഹിക സാംസ്‌കാരിക സ്വത്വവും ധാര്‍മ്മിക പ്ലാറ്റ്‌ഫോമും മാത്രമായാണ് താന്‍ സ്വീകരിക്കുന്നത് എന്നും ഇത് തന്നെ ക്രൈസ്തവനാക്കുന്നുവെന്നും ബ്രെവിക്ക് തുറന്നടിക്കുന്നു.13 തിയഡോര്‍ ഹെര്‍സല്‍ ഈയര്‍ത്ഥത്തില്‍ ജൂതമതത്തെ സ്വീകരിച്ചപ്പോള്‍, മുഹമ്മദലി ജിന്ന ഇതേ അര്‍ത്ഥത്തില്‍ ഇസ്‌ലാമിനെയും വീര്‍ സാവര്‍ക്കര്‍ ഇതേ അര്‍ത്ഥത്തില്‍ ഹൈന്ദവതയെയും സ്വീകരിച്ചുവെന്നും ഓര്‍ക്കുക. വര്‍ഗീയ വാദികള്‍ തമ്മിലുള്ള സാധര്‍മ്യം ആരേയും അമ്പരപ്പിക്കുന്നതാണ്.
വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍
1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. കൃത്രിമമായി നിര്‍മിച്ചെടുത്ത തെളിവുകള്‍ ഉപയോഗിച്ച് ഇറാഖ് ജനതയെ കൂട്ടക്കുരുതിക്കിരയാക്കി. അഫ്ഗാനിസ്താനിലും ഇറാഖിലുമായി 20ലക്ഷത്തിലേറെ മനുഷ്യരെ യു.എസ് സാമ്രാജ്യത്വം കുരുതികഴിച്ചു. ഹീനത്വവും സംസ്‌കാര ശൂന്യതയും നിലീനമായ ഒരു ജനത ഈ വിധം തകര്‍ത്തെറിയപ്പെടുന്നത് ശരിയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം അധിനിവേശ ശക്തികളെ ചെറുത്തുനില്‍ക്കുന്നവരെ ഭീകരര്‍'എന്ന് വിളിക്കാന്‍ മുഖ്യധാരാ മീഡിയ ആവേശം കാണിക്കുന്നു.
നൈസര്‍ഗികമായിത്തന്നെ ഒരു ജനത ഭീകര പ്രവര്‍ത്തനം നടത്തുന്നവരാണെന്ന ചിന്താഗതിയിലേക്ക് സാമാന്യ ജനങ്ങളെ എത്തിക്കുന്ന വിധമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏത് സ്‌ഫോടനം നടന്നാലും നിമിഷങ്ങള്‍ക്കകം സംശയത്തിന്റെ നിഴലിലേക്ക് ഒരു പ്രത്യേക സമൂഹം മാറ്റിനിര്‍ത്തപ്പെടുന്നത് എത്ര സമര്‍ത്ഥമായും ആസൂത്രിതമായുമാണ്! ഒരു തെളിവുമില്ലാതെ ലൗജിഹാദ്' ആരോപണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ചുഴറ്റിയെറിയുന്നു. മാധ്യമ നൈതികത തുടര്‍ച്ചയായി ലംഘിക്കപ്പെട്ടാലും ഇതിലെ കുറ്റവാളികള്‍ക്ക് ബൈലൈനില്‍ തുടരാം.
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ പ്രാന്തവല്‍ക്കരണമല്ല, ഒരു പ്രത്യേക സമൂഹത്തില്‍ 'നിലീനമായ' ജൂഗുപ്‌സാവഹമായ സ്വഭാവ വൈകൃതങ്ങളാണ് അക്കൂട്ടരെ ഭീകരരാക്കി മാറ്റുന്നതെന്ന സിദ്ധാന്തം സ്വതന്ത്ര ഇന്ത്യയില്‍ ഫാഷിസ്റ്റുകളില്‍ മാത്രമുണ്ടായിരുന്ന ആശയമായിരുന്നു. ഇത് 1990 ന് ശേഷം ഇന്ത്യയില്‍ മുഖ്യധാരാവല്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. ആഗോളതലത്തില്‍ ഈ സമീപനരീതിക്ക് കിട്ടിയ അധികാര ശക്തികളുടെ ആശിര്‍വാദമാണ് ഇതിനു പിന്നില്‍.
'മുസ്‌ലിം ഭീകരത'യില്‍ നിന്ന് മോചനം നല്കിയവരായി സ്വയം അവതരിപ്പിക്കാന്‍ ഒരു 'ഹൈന്ദവ ഭൂതകാലം' സൃഷ്ടിച്ചുകൊണ്ട് രക്ഷകരായി അവതരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ നയമായിരുന്നു. ഒരൂ കാലഘട്ടത്തെ മതവുമായി സാത്മീകരിച്ച് ചരിത്രവക്രീകരണം നടത്തി ഒരു ജനതയെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടാണ് കൊളോണിയലിസ്റ്റുകള്‍ ചരിത്ര രചന നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഇത് സവര്‍ണമേല്‍ക്കോയ്മ എന്ന വംശീയവാദത്തിന് അനുഗുണമായി പരിണമിച്ചത് സ്വാഭാവികമാണ്.
മുസ്‌ലിം ഭരണാധികാരികളൊക്കെ ഇസ്‌ലാമിന്റെ പ്രതിരൂപങ്ങളാണെന്നും അവരുടെ യുദ്ധങ്ങളുടെ പിന്നിലുള്ള ലക്ഷ്യം ഇസ്‌ലാമാണ് എന്ന് വരുത്തലുമായിരുന്നു കൊളോണിയല്‍ പദ്ധതി. ക്ഷേത്രക്കൊള്ള, ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം എന്നിവ ഇസ്‌ലാമിക വിരുദ്ധമായിട്ട് കൂടി ഈ നെറികേടുകള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഇതിനായി ചരിത്രത്തെ വക്രീകരിച്ചു. സാമ്രാജ്യനിര്‍മിതിക്കായി പ്രവര്‍ത്തിച്ചവര്‍ ഇസ്‌ലാമിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കപ്പെട്ടു. സവര്‍ണ താല്‍പര്യങ്ങള്‍ക്കനുഗുണമായ ഒരു പുഷ്‌കല കാലം തിരികെ കൊണ്ടുവരാനുള്ള അഭിനിവേശവുമായി ഇന്ത്യന്‍ ഫാഷിസം ശക്തിപ്പെടുന്നത് ഈ കൊളോണിയല്‍ ചരിത്ര സംവേദനത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തുകൊണ്ടാണ്.
മതപരമായ അപരവത്കരണത്തിലും വിദ്വേഷത്തിലും മാത്രമാണ് ഫാഷിസം തഴച്ചുവളരുന്നത്. അപരവല്‍കരിക്കപ്പെട്ട ജനതയെക്കുറിച്ച് വിദ്വേഷജടിലമായ പ്രചാരണ യുദ്ധം നടത്തിക്കൊണ്ട് മാത്രമാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. എല്ലാ തെറ്റുകള്‍ക്കും നിദാനമായ അപരനെ സൃഷ്ടിച്ച് വെറുപ്പിന്റെ മണ്ഡലം സൃഷ്ടിക്കപ്പെട്ടേ ഫാഷിസത്തിന് നിലനില്‍ക്കാന്‍ പോലുമാവൂ. ഇവയാണ് ഫാഷിസത്തിന്റെ പ്രാണവായുവും ഭക്ഷണവും. ഫാഷിസത്തിന്റെ പോപ്പുലിസ്റ്റ് രീതികളോട് മത്സരിക്കാന്‍ മതേതരം എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടും. മാത്രമല്ല, തങ്ങളില്‍ തന്നെ അന്തഃസ്ഥിതമായ വംശീയ പക്ഷപാതിത്തം, ഫാഷിസത്തെ പരോക്ഷമായി സഹായിക്കും വിധം മതേതരത്വ ധ്വംസനത്തിന്റെ ചട്ടുകമായി മതേതര പ്രസ്ഥാനങ്ങളെപ്പോലും മാറ്റിയേക്കാമെന്ന് ദക്ഷിണേന്ത്യന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയ-കൊളോണിയല്‍ ചരിത്രപരിപ്രേക്ഷ്യമുല്പാദിപ്പിക്കുന്ന ചരിത്ര സംവേദനം ഏത് ജനതയുടെയും വര്‍ഗീയ വല്‍ക്കരണത്തെ ത്വരിതപ്പെടുത്തും. മതനിരപേക്ഷ ചരിത്രപഠനം വ്യാപിപ്പിക്കുകയാണ് ഇതിന് ഒരേയൊരൂ പ്രതിവിധി.
ഇന്ത്യന്‍-ജര്‍മ്മന്‍ ഫാഷിസങ്ങള്‍ വളര്‍ന്നത് താരതമ്യപ്പെടുത്തിനോക്കൂ: ഇന്ത്യയില്‍ മുസ്‌ലിം അപരത്വവും ജര്‍മ്മനിയില്‍ ജൂത അപരത്വവും മുഖ്യധാരാ സമീപനമാക്കി ക്രമത്തില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് കൃത്രിമമായ സ്വജന ഐക്യം'നിര്‍മ്മിച്ചെടുക്കുന്നത്. മുസ്‌ലിം അപരന്‍ എന്നും അക്രമാരിയും സമാധാന ഭഞ്ജകനും കുറ്റവാളിയുമായിരിക്കും. ഈ ഭാഷ്യത്തിന് പിന്നിലെ വര്‍ഗീയ-സാമ്രാജ്യത്വ-ഫാഷിസ്റ്റ് അജണ്ടകളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് ജ്ഞാന ശാസ്ത്രപരമായി പ്രബുദ്ധനാവുക എന്നതിനര്‍ത്ഥം.
സാംസ്‌കാരിക വംശീയത
ഏതെങ്കിലും ഒരു ജനവിഭാഗത്തെ അധഃസ്ഥിതരാക്കി നിലനിര്‍ത്താനും അവര്‍ക്ക് അര്‍ഹിച്ച സാമ്പത്തികമോ സാമൂഹികമോ ആയ നീതി നിഷേധിക്കാനുമുള്ള ശ്രമം വംശവെറിയുടെ ഉല്‍പ്പന്നമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അപരവല്‍കരിക്കാനും താഴ്ത്തിക്കെട്ടാനും അവരില്‍ കുറ്റവാളിത്തമോ ഭീകര പ്രവണതയോ ഉണ്ടെന്ന് നിരൂപിക്കും വിധം പ്രചാരണം നടത്തുന്നതിന്റെ പിന്നിലും പ്രര്‍ത്തിക്കുന്ന ഘടകം വംശവെറി തന്നെ. ഈ വംശീയ സമീപനത്തിന്റെ കൂടുതല്‍ അഭിശപ്തമായ രൂപമാണ് ഹിറ്റ്‌ലറില്‍ നാം ദര്‍ശിക്കുന്നത്. ഹിറ്റ്‌ലറുടെ വീക്ഷണത്തില്‍ ജനം അവരുടെ വംശത്തെ ജീര്‍ണിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണത്രെ മഹത്വം വിനഷ്ടമാകുന്നത്.14 ലോക ചരിത്രത്തിലെ സംഭവങ്ങള്‍ മുഴുക്കെ വംശസംരക്ഷണത്തിനുള്ള തെറ്റോ ശരിയോ ആയ പ്രകടനങ്ങള്‍ മാത്രമാണെന്ന്'തറപ്പിച്ചു പറയാന്‍ ഹിറ്റ്‌ലര്‍ മടിച്ചില്ല.15
ചരിത്രപരമായി പറഞ്ഞാല്‍ 1942ല്‍ ക്രൈസ്തവ സ്പാനിഷ് രാജവംശം രക്തശുദ്ധിയുടെ പേരില്‍  അറബികളെയും ജൂതരെയും സ്‌പെയിനില്‍ നിന്ന് പുറത്താക്കി. വംശീയതയുടെ പ്രകടമായ പ്രതിഫലനമായിരുന്നു ഈ ദുഷ്‌ചെയ്തി. എന്നാല്‍ ഹിജ്‌റഃ ആദ്യ നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസം പടിഞ്ഞാറിന് മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഭീഷണി ഉയര്‍ത്തിയെന്ന് മതാന്തര ഡയലോഗ് വിദഗ്ധന്‍ എക്‌സ്‌പോസിറ്റോ നിരീക്ഷിക്കുന്നു.16
ജൈവ വംശീയവെറി ഏറെക്കുറെ അവസാനിച്ചുവെങ്കിലും സാംസ്‌കാരിക തലത്തില്‍ അത് മറ്റൊരു വേഷത്തില്‍ നിലനില്‍ക്കുന്നു.17 സാംസ്‌കാരിക വംശീയതയില്‍ വംശം'എന്ന പേര് ഒരിക്കലും പ്രയോഗിക്കപ്പെടുന്നില്ല; ഒരു ജനതയുടെ മേല്‍ സാംസ്‌കാരിക അധമത്വം വെച്ചുകെട്ടുകയാണ് അതിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതി. അപരവല്‍കരിക്കപ്പെട്ട വിഭാഗത്തിന്റെ വിശ്വാസം, പെരുമാറ്റം, മൂല്യങ്ങള്‍, ചേഷ്ഠകള്‍ എന്നിവയൊക്കെ സമ്പൂര്‍ണ്ണമായ അവഹേളനത്തിന് വിധേയമാവും.  അധമത്വപരമായ ഈ അവസ്ഥ  അവരില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നും കാലമോ സ്ഥലമോ ബാധിക്കാത്ത വിധം സ്ഥായീഭാവം പൂണ്ടതാണെന്നും സങ്കല്‍പ്പിക്കപ്പെടുന്നു. ജൈവവംശീയ വാദത്തെപ്പോലെ സാംസ്‌കാരിക വംശീയതയിലും അസംസ്‌കൃതര്‍, പ്രാകൃതര്‍, അവികസിതര്‍, ഭീകരര്‍ എന്നിവ പ്രയോഗിക്കപ്പെടുമെങ്കിലും മതവിശ്വാസത്തെയാകും ഇവിടെ കൂടുതല്‍ അന്യവല്‍കരണത്തിന് ശരവ്യമാക്കുക. തങ്ങളുടെ അപരന്മാരായി റെഡ് ഇന്ത്യക്കാരെ നിരൂപിച്ചുകൊണ്ട് അവരുടെ സംസ്‌കൃതിയെ നിര്‍വചിച്ചു അമേരിക്കന്‍ വെള്ളക്കാര്‍.18 തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും എല്ലാ യുദ്ധങ്ങള്‍ക്കും പിടിച്ചടക്കലുകള്‍ക്കും വ്യക്തമായ വിധി (മാനിഫെസ്റ്റ് ഡെസ്റ്റിനി) ഉള്ളതായും തങ്ങളുടെ സാഹിത്യത്തിലൂടെ വെള്ളക്കാരായ വംശീയവാദികള്‍ പ്രചരിപ്പിച്ചിരുന്നു.19
നാസികള്‍ക്കെതിരായ സംഖ്യ ശക്തികളുടെ യുദ്ധം ജൂതരോട് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ച നരഹത്യയുടെ പേരിലല്ല, ജര്‍മ്മന്‍ സാമ്രാജ്യ മോഹം യൂറോപ്യന്‍ - അമേരിക്കന്‍ ശക്തികള്‍ക്ക് മേലുയര്‍ത്തിയ ഭീഷണിമൂലമായിരുന്നു. 1942ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് ശേഷം അതിനീചമാം വിധം പടര്‍ത്തിയ ജപ്പാന്‍ വിരുദ്ധ വംശീയത അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയവും മീഡിയയും കൂടി ഏറ്റെടുത്തു. തദ്ഫലമായി ഒരു ലക്ഷത്തിലേറെ ജപ്പാനീസ് അമേരിക്കക്കാര്‍ക്ക് നിരവധി വര്‍ഷങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. ജപ്പാനീസ് ബന്ധമുള്ളവരൊക്കെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുത്തരവാദികള്‍ എന്ന ബോധം  വംശീയതയില്‍ നിന്നുയിരെടുത്തതായിരുന്നു. ഈ അനുഭവത്തെ വിസ്മരിക്കുന്നത് ചരിത്രപരമായ അംനേഷ്യ കൊണ്ടോ വംശവെറി കൊണ്ടോ മാത്രമായിരിക്കും. ഈ പ്രവണതയുടെ തനിയാവര്‍ത്തനമാണ് അറബ് മുസ്‌ലിം ജനതക്കെതിരെ ഇന്ന് അമേരിക്കയിലും യൂറോപ്പിലും നടക്കുന്നത്. മുസ്‌ലിം നാടുകളില്‍ നടത്തുന്ന സായുധാക്രമണത്തിന് ന്യായീകരണം ചമക്കാനുള്ള സാംസ്‌കാരിക യുദ്ധമാണിത്. ഇസ്രയേലിനെ ശാസിക്കുന്ന 40 പ്രമേയങ്ങളാണ് രക്ഷാസമിതിയില്‍ ഇതിനകം അമേരിക്ക വീറ്റോ ചെയ്തത് എന്നും ഓര്‍ക്കണം.
മദ്ധ്യ-പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളുടെ മുഴുവന്‍ വേര് കിടക്കുന്നത് ദൈവം ഇസ്രായേല്‍ ജൂതര്‍ക്ക് പതിച്ചു നല്‍കി എന്ന വിശ്വാസത്തിലാണ്.20 വംശീയ വാദത്തിന്റെ അടിത്തറയിലാണ് ജൂത ക്രൈസ്തവ സയണിസങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. ഈ വംശീയ നൃശംസതക്ക് ലഭ്യമായ അന്ധമായ സാമ്രാജ്യത്വ പിന്തുണയാണ് പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ നിഷേധിച്ചുകൊണ്ട് ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ഇസ്രായേലില്‍ പലസ്തീനികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തെ ചില അറബ് നാടുകളില്‍ അമുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനമുദ്ധരിച്ചാണ് സയണിസ്റ്റു് അലന്‍ ദെര്‍ഷോവിസ്റ്റ് ന്യായീകരിക്കുന്നത്.21
മൂന്ന് അല്‍ഖൈദക്കാരെ തിരഞ്ഞ് സോമാലിയയില്‍ 80000 പേരെയാണ് യു.എസ് സാമ്രാജ്യത്വം വധിച്ചത്. ഇല്ലാത്ത കൂട്ടനശീകര ണായുധത്തിന്റെ പേരിലും തെളിയിക്കപ്പെടാത്ത സെപ്തംബര്‍ 11  ബിന്‍ലാദന്‍ ബന്ധത്തിന്റെ പേരിലും ഇറാഖിലും അഫ്ഗാനിലുമായി ഇരുപത് ലക്ഷത്തിലേറെ മനുഷ്യരെയാണ് പാശ്ചാത്യ ശക്തികള്‍ കൊന്ന് തള്ളിയത്. ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമായി വംശീയതയും അതിന്റെ ആധുനിക രൂപങ്ങളിലൊന്നായ ഇസ്‌ലാമോഫോബിയയും പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇറാനിയന്‍ ജനാധിപത്യത്തെ അറുകൊലചെയ്യാന്‍ 1953ല്‍ സി.ഐ.എ മുന്നിട്ടിറങ്ങി. അള്‍ജീരിയയില്‍ 1991ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ വിജയിച്ചതിനെ പട്ടാളം അട്ടിമറിച്ചതിനെയും ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ പലവുരു തുര്‍ക്കി പട്ടാളം അട്ടിമറിച്ചതിനെയും അമേരിക്കയും പാശ്ചാത്യ ശക്തികളും പിന്തുണക്കുകയായിരുന്നു. 2006ല്‍ ഹമാസ് വിജയിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന അമേരിക്കയും ഇസ്രായേലും അതംഗീകരിച്ചില്ല. പലസ്തീനില്‍ നിന്നും വസൂലാക്കിയ റവന്യൂ നല്‍കാന്‍ വിസമ്മതിച്ച് ജനതയെ അമേരിക്കന്‍ പിന്തുണയോടെ കൂട്ടശിക്ഷക്ക് ഇസ്രായേല്‍ വിധേയമാക്കുകയും ചെയ്തു. തുനീഷ്യയിലും ഈജിപ്തിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ തേര്‍വാഴ്ചയെ അമേരിക്കയും ഇസ്രായേലും പിന്തുണക്കുക യായിരുന്നു.
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ നിര്‍മ്മിതമാവുന്ന ഇസ്‌ലാമിക് സെന്ററില്‍ (ഗ്രൗണ്ട് സീറോ മസ്ജിദ് എന്ന് ശത്രുക്കള്‍) നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിവാദമെടുക്കുക. അവിടെ പണിയുന്ന ഇസ്‌ലാമിക കേന്ദ്രം 2001 സെപ്തംബര്‍ 11 ന്റെ ഇരകളുടെ ആത്മാവിനെ നോവിക്കുമെന്നായിരുന്നു പ്രചാരണം. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പൗലിന്‍ ഫേസ്ബുക്കിലൂടെ  പ്രഖ്യാപിച്ചത്. ഏതോ ഭീകരര്‍ നടത്തിയ അതിക്രമങ്ങള്‍ ഒരു ജനത മുഴുവന്‍ ഉത്തരവാദികളാണെന്ന ചിന്താഗതി വംശീയതയില്‍ നിന്നുയിര്‍കൊണ്ടതാണ്. അമേരിക്കന്‍ വലതുപക്ഷത്തിന്റെ ശക്തമായ പ്രചാരണായുധം ജനങ്ങളെ വ്യാപകമായി സ്വാധീനിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  പടിഞ്ഞാറും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മതാന്തര ഡയലോഗിനുമുള്ള കൊര്‍ദോവ ഇനീഷ്യേറ്റീവ് എന്ന സംരംഭത്തെയാണ് ഈ വിധം അപകീര്‍ത്തിപ്പെടുത്തുന്നത് എന്നോര്‍ക്കണം. സ്പാനിഷ് അന്തലുസ്യയിലെ കൊര്‍ദോവയിലാണ് ജൂതക്രൈസ്തവ മുസ്‌ലിം ജനവിഭാഗങ്ങള്‍ നൂറ്റാണ്ടുകളോളം സഹിഷ്ണുതയോടെ സഹവര്‍ത്തിച്ച് ശാസ്ത്രവും സംസ്‌കാരവും സമ്പുഷ്ടമാക്കിയത്.
പാകിസ്താനില്‍ അബൊട്ടാബാദില്‍ വെച്ച് ഉസാമ ബിന്‍ലാദിനെ കൊന്നതിന് ശേഷവും അഫ്ഗാന്‍ അധിനിവേശം അവസാനിച്ചിട്ടില്ല. മുസ്‌ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ അന്തരീക്ഷമാണ് അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളുമായി പൊരുത്തപ്പെട്ട് അമേരിക്കക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ കോര്‍പ്പറേറ്റ് മീഡിയ ശ്രമിക്കുന്നത്. കൂട്ട നശീകരണായുധങ്ങള്‍ ഇറാഖ് സമാഹരിച്ചു എന്ന വ്യാജാരോപണം തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇറാഖ് അധിനിവേശം തുടരാന്‍ ഇസ്‌ലാം വിരുദ്ധമായ സാംസ്‌കാരിക പ്രചാരണം ശക്തിപ്പെടുത്തിയേ മതിയാകൂ. ഗ്വാണ്ടനാമോയിലും അബൂ ഗുറൈബിലും  അഫ്ഘാനിലെ ബെഗ്രാമിലും നടന്ന  മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച പീഢനങ്ങള്‍ ഈ വിധത്തിലേ സ്വീകരിക്കപ്പെടുകയുള്ളൂ. കറുത്ത ആഫ്രിക്കന്‍ ജനതയെ അടിച്ചമര്‍ത്തി ചൂഷണങ്ങള്‍ക്കിരയാക്കാന്‍ വെള്ളക്കാരന്റെ വംശീയമേധാവിത്വം എന്ന ആശയം വ്യാപിപ്പിച്ചത് പോലെ ഇസ്‌ലാമോഫോബിയ പടര്‍ത്തേണ്ടത് പാശ്ചാത്യ ആയുധശക്തിയുടെ പ്രത്യയശാസ്ത്ര നീതീകരണമായി മാറി. ഇതാണ് അപരിമേയമാം വിധമുള്ള പ്രവേഗത്തില്‍ ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നതിന്റെ രഹസ്യം. അമേരിക്കന്‍ മുസ്‌ലിംകളിലെ ഭൂരിപക്ഷവും വെള്ളക്കാരല്ലാത്തതിനാല്‍ വെള്ളക്കാരന്റെ വംശവെറി പുതിയ ശത്രുവിനെതിരെ ചുഴറ്റാന്‍ എളുപ്പവുമായിരുന്നു. സെപ്തംബര്‍ 11  ആക്രമണത്തെപ്പറ്റി 90%ത്തിലേറെ അഫ്ഘാനികള്‍ക്കുമറിയില്ല എന്ന സത്യം ആരറിയുന്നു?
ഓറിയന്റലിസം
16, 17 നൂറ്റാണ്ടുകളില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കോളനികള്‍ വ്യാപിപ്പിച്ചതോടെ പിടിച്ചടക്കലിനുള്ള പ്രത്യയശാസ്ത്രപരമായ നീതീകരണങ്ങളും ശക്തിപ്പെട്ടു. പുതിയലോകത്തെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായ നരഹത്യകളും അടിമത്തവും ചുഷണങ്ങളും ദൈവശാസ്ത്ര വംശീയ വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് ന്യായീകരിക്കപ്പെട്ടു.22
മുസ്‌ലിം ലോകം ഏകാധിപത്യപരവും അനക്കമില്ലാത്തതും ജനായത്ത വിരുദ്ധവും സങ്കുചിതവുമാണെന്ന ചിത്രീകരണം വ്യാപകമായി.23 ഹോമോ ഇസ്‌ലാമിക്കസ് എന്നയിനം താഴ്ന്ന മനുഷ്യവര്‍ഗത്തെപ്പറ്റിപ്പോലും കൊളോണിയല്‍ കാലത്ത് നരവംശ ശാസ്ത്രപരമായ ചര്‍ച്ചകള്‍ നടന്നു.24
താഴ്ന്നതും ഭീഷണവുമായ ജനതയായി മുസ്‌ലിംകളെ അപരവല്‍കരിച്ചുള്ള ഓറിയന്റലിസ്റ്റ് പ്രതിപാദ്യങ്ങളുടെ നിരന്തരാവര്‍ത്തനങ്ങളാണ് കൊടിയ വിദ്വേഷത്തിന്റെ വിത്ത് സെര്‍ബുകളില്‍ സൃഷ്ടിക്കുകയും മുസ്‌ലിം കൂട്ടക്കുരുതിക്ക് 1990കളില്‍ പ്രേരണയാവുകയും ചെയ്തത് എന്ന് ചരിത്രകാരന്‍ നോര്‍മാന്‍ സിഗാര്‍ ഒരു പഠനത്തിലൂടെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.25
നവോത്ഥാന ചിന്തകനായ ഡേവിസ് ഹ്യൂം പോലും നീഗ്രോകള്‍ ധൈഷണികമായി താഴ്ന്നവരാണെന്ന് സങ്കല്‍പ്പിച്ചിരുന്നു.26 ബ്രിട്ടീഷ് ലിബറലിസത്തിന്റെ താത്വികനും ഫെമിനിസ്റ്റുമായിരുന്ന ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പോലും കോളനികളിലെ 'താഴ്ന്നവരായ ജനത' എന്ന പ്രയോഗം നിരന്തരം നടത്തുന്നുണ്ട്.27
അറബ് നാടുകളില്‍ ഏകാധിപതികളെ പ്രതിഷ്ഠിക്കുകയും അവര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്ത പാശ്ചാത്യശക്തികള്‍ തന്നെ ജനാധിപത്യ വിരുദ്ധതയും സര്‍വ്വാധിപത്യവും അറബികളുടെ സ്വാഭാവിക അവസ്ഥയെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. ഈ ധാരണയെ തകര്‍ത്തെറിയുകയാണ് തുനീഷ്യന്‍, ഈജിപ്ഷ്യന്‍ യമനീ ജനതകള്‍ അറബ് വസന്ത വിപ്ലവത്തിലൂടെ (2011) ചെയ്തത്. അറബ് വസന്തം'എന്ന പേരില്‍ വിഖ്യാതമായ ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍കൊണ്ടാണ് 'വാള്‍സ്ട്രീറ്റ് കയ്യടക്കുക'എന്ന പ്രക്ഷോഭപരിപാടി പോലും രൂപം കൊണ്ടത്.
പടിഞ്ഞാറിന്റെ അപരനായി ഇസ്‌ലാമിനെ കാണാനുള്ള തുറന്ന പ്രവണതയുടെ ആധുനിക ഉദാഹരണമാണ് മുന്‍ യു.എസ്. പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്‍: അക്രമോല്‍സുകവും ശത്രുദായകവുമായ മുസ്‌ലിം ലോകത്തിനെതിരെ പടിഞ്ഞാറിന് പുതിയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്' നിക്‌സന്‍ എഴുതി.28
സ്വന്തം അധിനിവേശങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സ്ത്രീ വിമോചനം പോലുള്ള പുരോഗമനപരമായ ആശയങ്ങളാവും സാംസ്‌കാരിക വംശീയവാദം ചിലപ്പോള്‍ ഉന്നയിക്കുക. ഉദാഹരണത്തിന് 2001ല്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിന് നല്‍കിയ കാരണങ്ങളില്‍ ഒന്നായി വനിതാവിമോചനം പ്രസിഡണ്ട് ജൂനിയര്‍ ബുഷ് എടുത്തുപറഞ്ഞിരുന്നു. അതേസമയം ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനത്തെ തഴുകിത്തലോടുന്നതില്‍ ഒരു വൈരുദ്ധ്യവും ബുഷ് കണ്ടില്ല. രാഷ്ട്രീയവും സൈനികവുമായ പ്രാധാന്യത്തിന് പുറമെ, ദക്ഷിണേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിയന്ത്രണവുമായി അഫ്ഗാന്‍ അധിനിവേശത്തിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ പോളിസിയെക്കുറിച്ച് പഠിച്ച അഹമ്മദ് റഷീദ് കണ്ടെത്തുന്നുണ്ട്.29 താലിബാന് ശേഷം 2001ല്‍ രൂപീകൃതമായ  വടക്കന്‍ സഖ്യ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്ന് രാജ്യാന്തര എണ്ണ വാതക കമ്പനികള്‍ക്ക് പൈപ്‌ലൈന്‍ സ്ഥാപിക്കാനുള്ള അവകാശമായിരുന്നു.
പ്രതിലോമകാരികളായ സാമ്രാജ്യത്വ നിര്‍മ്മിതാക്കള്‍ യുദ്ധ വ്യാപനത്തെ ന്യായീകരിക്കാനായി നടത്തുന്ന ഇസ്‌ലാം വിമര്‍ശനത്തിനുപയോഗിക്കുന്ന ചട്ടുകങ്ങള്‍ മാത്രമാണ് വഫാ സുല്‍ത്താന്‍, ഇബ്‌നു വറാഖ്, തസ്‌ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി, റോബര്‍ട്ട് സ്‌പെന്‍സര്‍, ഡാനിയേല്‍ പൈപ്‌സ് തുടങ്ങിയവര്‍. ഗോണ്ടനാമോ പീഡനം, അഫ്ഗാന്‍, ഇറാഖ്, സോമാലിയ, പാലസ്തീന്‍ അധിനിവേശങ്ങള്‍ എന്നിവയോട് ഇവര്‍ക്കാര്‍ക്കും എതിര്‍പ്പില്ല. നാസി പീഡനകാലത്ത് ജൂതമതത്തിന്റെ അപചയങ്ങളെക്കുറിച്ച ചര്‍ച്ചപോലെ അറപ്പുളവാക്കുന്ന വിധം ബീഭല്‍സമാണവരുടെ ചെയ്തികള്‍. സാമ്രാജ്യത്തിന് ദാസ്യവേല ചെയ്യുന്ന ധൈഷണിക ഭീകരന്‍മാര്‍ എന്നോ ബൗദ്ധിക വ്യഭിചാരികള്‍ എന്നോ ഇക്കൂട്ടരെ വിളിക്കാം. അയാന്‍ ഹിര്‍സി അലി, പര്‍വീണ്‍ ദാരാബി പോലുള്ള ഇസ്‌ലാമോഫോബുകള്‍ക്ക് യാഥാസ്ഥിതികവും ഫണ്ടമെന്റലിസ്റ്റുമായ വ്യാഖ്യാനം മാത്രമേ പ്രസക്തമായുള്ളൂ; അഥവാ അത്തരമൊന്നു മാത്രമേ സാദ്ധ്യമാകൂവെന്നവര്‍ സങ്കല്‍പ്പിക്കുന്നു. നിയോകോണ്‍  സയണിസ്റ്റ് കുരിശുയുദ്ധ ശക്തികളുടെ ആയുധങ്ങളായി വര്‍ത്തിക്കാനവര്‍ക്ക് ലജജയില്ല.
മീഡിയ: വംശീയതയുടെ ഉപകരണം
ജ്ഞാനം ശക്തിയാണെങ്കില്‍ മീഡിയയെ നിയന്ത്രിക്കുന്നവര്‍ ഏറ്റവും ശക്തരായി മാറുക സ്വാഭാവികം.  മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സ് പറഞ്ഞു. ഭൂമുഖത്തെ ഏറ്റവും സ്വാധീനശക്തിയുള്ള സത്വമാണ് മാധ്യമം. നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനും അതിനു കഴിയും. അധികാരമാണ് ഇതിന് പിന്നില്‍; എന്തെന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനുഷ്യമനസ്സുകളെയാണ് നിയന്ത്രിക്കുന്നത്.'
വാര്‍ത്താമാധ്യമങ്ങള്‍ മുന്‍വിധിയോടെ നടത്തുന്ന വിചാരണ അവസാനിപ്പിക്കാതെ വര്‍ഗീയ വിപത്തില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമല്ല. ഇസ്‌ലാം വിരുദ്ധമായ സൈദ്ധാന്തികാക്രമണം പടിഞ്ഞാറിന്റെ അപരനായി കണ്ടുകൊണ്ടുള്ളത് തന്നെയായിരുന്നു എന്ന് മുസ്‌ലിം പ്രതിനിധാനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിക്കൊണ്ട് മീഡിയ വിദഗ്ധന്‍ പൂള്‍ തെളിയിക്കുന്നു.30 ഒരമേരിക്കന്‍ മീഡിയ വിദഗ്ധന്‍ അഭിപ്രായപ്പെട്ടതുപോലെ ഒരറബിയെ നിങ്ങള്‍ക്ക് ഭയലേശമന്യേ അടിക്കാം, എന്തെന്നാല്‍ അവന്‍ നിങ്ങളുടെ വില്ലനായ ശത്രുവാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു ജൂതനോടോ കറുത്ത വര്‍ഗക്കാരനോടോ പെരുമാറാന്‍ ആവില്ല.'31
ഭൂഗോളം കരവലയത്തിലൊതുക്കാനും എണ്ണയടക്കമുള്ള വിഭവങ്ങള്‍ രാജ്യത്തേക്ക് നിര്‍വിഘ്‌നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉപഭോഗതൃഷ്ണയെ കൂടുതല്‍ കൊഴുപ്പിച്ച് പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യാനും മാത്രമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുരാഗ്രഹങ്ങളുടെ ദാസ്യവേലയാണ് മീഡിയ നിര്‍വഹിക്കുന്ന ധര്‍മ്മം.
ഭീകരതയെക്കുറിച്ച് തികച്ചും അയഥാര്‍ത്ഥമായ ചിത്രമാണ് ആഗോള മീഡിയ പ്രതിഫലിപ്പിക്കുന്നത്. 1980 മുതല്‍ 2005 വരെയുള്ള എഫ്.ബി.ഐ കണക്കുകള്‍ പ്രകാരം, മറ്റേത് വിഭാഗക്കാരെക്കാള്‍ ഭീകര പ്രവണത കുറഞ്ഞവരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. പ്രസ്തുത കാലയളവില്‍ നടന്ന മൊത്തം ഭീകരപ്രവര്‍ത്തനത്തിന്റെ 7%വും ജൂതര്‍ നടത്തിയപ്പോള്‍ മുസ്‌ലിം പങ്കാളിത്തം 6% മാത്രമായിരുന്നു. 42% ലാറ്റിനോകളും 24% തീവ്ര ഇടതുപക്ഷവും നടത്തി.32 എന്നാല്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഭീകരതക്ക് ലഭ്യമാകുന്ന ക്രമാതീതമായ കവറേജ് മൂലം (ഇതിന് പിന്നില്‍ വംശവെറി കൃത്യമായി പ്രവര്‍ത്തിക്കുന്നു) ഏതാണ്ട് മിക്ക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളുണ്ട് എന്ന പ്രതീതിയാണുള്ളത്.  അപരനെ സൃഷ്ടിച്ച് വംശവെറുപ്പ് മൂര്‍ച്ഛിപ്പിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടിംഗിന്റെ പ്രധാന ലക്ഷ്യം.  ഭീകരതക്കെതിരായ യുദ്ധം'എന്ന പേരില്‍ പലസ്തീനികളുടെ സ്വതന്ത്രസമരത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ജൂതക്രൈസ്തവ സയണിസ്റ്റുകളുടെയും ആയുധ ലോബികളുടെയും 'വെളുത്തകരങ്ങള്‍' ദര്‍ശിക്കാം.
ഇന്ന് പാശ്ചാത്യ ലോകത്ത് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇസ്‌ലാം വിരുദ്ധമായ പ്രചാരണം അയഥാര്‍ത്ഥവും ഏകപക്ഷീയവും വംശീയപ്രോക്തവും ആണെന്നും, ആന്റിസെമിറ്റിസത്തിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞെന്നും സാമൂഹ്യശാസ്ത്ര ചിന്തകന്‍ വില്യം ഡാര്‍ലിമ്പിള്‍ നിരീക്ഷിക്കുന്നു.33
2005 ഏപ്രില്‍ 15ന് ഒക്‌ലഹോമയില്‍ ബോംബ് സ്‌ഫോടനം നടത്തി 168 പേരെ വധിക്കുകയും 680പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് തിമോത്തി മക്‌വെയെ ആരും വെള്ളക്കാരനായ ക്രൈസ്തവവാദി എന്ന് വിളിക്കാറില്ല. എന്നാല്‍ അത്തരത്തിലൊരു നിഷ്ഠൂര കൃത്യം ചെയ്യുന്ന മുസ്‌ലിം നാമധാരിയെ 'ഇസ്‌ലാമിക ഭീകരന്‍' എന്നു വിളിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയില്ല.
1995 ഏപ്രില്‍ 19ന് ഒക്‌ലഹോമ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടു; കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ഇതേറ്റെടുത്തു. അന്ന് രാത്രി സ്റ്റീവ് എമേഴ്‌സണ്‍ എന്ന 'ഇസ്‌ലാമിക തീവ്രവാദ വിദഗ്ധന്‍' ഒക്‌ലഹോമ ബോംബിംഗിന് ഇസ്‌ലാമിക തീവ്രവാദ ബോംബിംഗുമായി സമാനതകളുണ്ടെന്ന് സി.ബി.എസ് ചാനലില്‍ വ്യക്തമാക്കി. ബോംബെന്ന പ്രതീതി ഉയര്‍ത്തിയ ഉപകരണവുമായി  ജോര്‍ഡാനിയന്‍ അമേരിക്കക്കാരനെ ലണ്ടനില്‍ വെച്ച് പിടികൂടുകയും ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിക്കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നയുടനെ ഒക്‌ലഹോമയിലെ അയാളുടെ സമ്പാദ്യങ്ങള്‍ അക്രമണത്തിനിരയായി. മധ്യ പൗരസ്ത്യ വംശജരായ ഒട്ടനവധി പേരെ സംശയിച്ച് കസ്റ്റഡിയിലെടുത്തതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു (ഏപ്രില്‍ 20, 1995). ഒക്‌ലഹോമാ ഭീകരാക്രമത്തിന് ശേഷം അവക്ക് പിന്നില്‍ ഇസ്‌ലാമിക ഭീകരതയാണെന്ന പ്രചാരണം യാതൊരുളുപ്പുമില്ലാത്ത വിധം വ്യാപകമായി അമേരിക്കയിലും പാശ്ചാത്യ നാടുകളിലും നടന്നു; യഥാര്‍ത്ഥ പ്രതി പിടിയിലാകും വരെ. മുസ്‌ലിം  വ്യക്തികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി.34 യഥാര്‍ത്ഥ പ്രതി അമേരിക്കന്‍ ക്രൈസ്തവ ദേശീയ വാദിയാണെന്നറിഞ്ഞ മുഹൂര്‍ത്തത്തില്‍ മാധ്യമ ചര്‍ച്ച മിലീഷ്യ പ്രതിഭാസത്തിലേക്ക് വഴുതി മാറുന്നതാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക ഭീകരത' എന്ന തലക്കെട്ട് ക്രമേണ 'ഒക്‌ലഹോമ ദുരന്തം'എന്നാക്കി മാറ്റി! ഒക്‌ലഹോമ കേസുമായി ബന്ധപ്പെട്ട് ഇരകളാക്കപ്പെട്ട നിരപരാധികളോട് ഒരു മാപ്പപേക്ഷയും മാധ്യമങ്ങളോ യു.എസ്. ഭരണകൂടമോ നടത്തിയില്ല. വംശീയവെറി എല്ലാ അനീതികളെയും മറികടക്കാന്‍ പോന്നതാണല്ലോ?
സെര്‍ബ് ക്രൈസ്തവതയുടെ വൈതാളികര്‍ 1995 ജൂലൈയില്‍ ബോസ്‌നിയന്‍ െസ്രബ്രിനിക്കയില്‍ നടത്തിയ മുസ്‌ലിം കുരുതിയില്‍ 8000 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ നരഹത്യയുടെ പേരില്‍ ക്രൈസ്തവ ഭീകരത എന്ന ആക്രോശം എവിടെ നിന്നും ഉയര്‍ന്നില്ല എന്ന വസ്തുത വില്ല്യം ഡാര്‍ലിമ്പിള്‍ ഓര്‍മ്മപ്പെടുത്തുന്നു.35 ബ്രിട്ടനില്‍ നടക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപങ്ങളുടെ ചെരിയൊരംശം പോലും ജൂതര്‍ക്കോ കത്തോലിക്കര്‍ക്കോ കറുത്ത വര്‍ഗക്കാര്‍ക്കെതിരോ നടന്നാല്‍ മാധ്യമ ലോകത്ത് കോളിളക്കമുണ്ടാക്ക പ്പെടുമെന്നതിനാല്‍ അസ്വീകാര്യമാകുമെന്നും  ഡാര്‍ലിമ്പിള്‍ പറയുന്നു.
ഇസ്രായേലി അമേരിക്കന്‍ ബാന്ധവം ശക്തപ്പെടുത്താനും ഇസ്രായേലിനനുകൂലമായ സൈനിക സാമ്പത്തിക സഹായങ്ങള്‍ ത്വരിതപ്പെടുത്താനും 1970കള്‍ മുതല്‍ പലസ്തീന്‍ മുസ്‌ലിം ഭീകരത' എന്ന പ്രയോഗം തുടങ്ങിയതായി അമേരിക്കന്‍ അക്കാദമീഷ്യന്മാര്‍ നിരീക്ഷിച്ചു തുടങ്ങിയിരുന്നു.36
മുസ്‌ലിം വിരുദ്ധ വംശവെറിയുടെ യു.എസ്. കോര്‍പ്പറേറ്റ് വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ ഇസ്രായേല്‍ ചങ്ങാത്തത്തിലാണെന്ന് വിഖ്യാത മാധ്യമ വിശാരദന്‍ എഡ്വേര്‍ഡ് ഹെര്‍മാന്‍ കണ്ടെത്തുന്നു.37 ഇതിന് നിദാനമായി നാല് കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു: 1. ഇസ്രായേല്‍ ചങ്ങാത്തത്തിലൂടെയുള്ള അമേരിക്കയുടെ നേട്ടങ്ങള്‍ 2. ഇസ്രായേല്‍ ലോബിയുടെ സ്വാധീനം 3. ജൂതരോടുള്ള ക്രൂരതകളോടുള്ള പാശ്ചാത്യന്‍ പശ്ചാതാപം 4. അറബ് വിരുദ്ധ വംശീയതയുടെ വ്യാപനം എന്നിവയാണവ.
പരിഹാരമെന്ത്?
പ്രചണ്ഡമായ പ്രചാരണതന്ത്രങ്ങളിലൂടെ, ഇസ്‌ലാമിനെക്കുറിച്ച കുരിശുയുദ്ധ - കൊളോണിയന്‍ - ഓറിയന്റ്‌ലിസ്റ്റ് വാര്‍പ്പു മാതൃകകള്‍ സജീവമാക്കി നിര്‍ത്തുകയാണ് ആഗോള സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഏറെ പൊലിപ്പിച്ചു കാട്ടി പൗരന്മാരെ മുഴുവന്‍ ഭയപ്പെടുത്തിക്കൊണ്ട്, സാമ്രാജ്യത്വം അതിന്റെ അധിനിവേശ തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നേറുകയാണ്. ഈ ചെയ്തികളത്രയും ആഗോള ഭീകരതക്കെതിരായ മഹത്തായ പോരാട്ടമാണെന്ന നാട്യങ്ങളോടെ, ആ വിധം വരുത്തിത്തീര്‍ക്കാനാണ് ഇസ്‌ലാമോഫോബിയുടെ ത്രീവ്രമായ വ്യാപനം. അതിഭീകരമായ ആണവായുധങ്ങള്‍ കയ്യിലേന്തി ഹിംസാത്മകതയോടെ പലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിയരക്കുന്ന ഇസ്രയേലിനെതിരെ ചെറുവിരലനക്കാത്ത പാശ്ചാത്യസമൂഹം, ആണവായുധങ്ങള്‍ നിര്‍മ്മിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ പേരില്‍ ഇറാനെ കടന്നാക്രമിക്കാനുള്ള വെമ്പലിലാണ്. ആസൂത്രിതമായ അപരത്വ നിര്‍മ്മിതിയിലൂടെ മാത്രമാണ് കൂര്‍ത്ത് മൂര്‍ത്ത കാപട്യത്തെ മറച്ചുവെക്കാനാവുക.
സ്വന്തം ജനതയെ എന്നും ഏതെങ്കിലും ആശങ്കയില്‍ തളച്ചിടുന്നത് രാഷ്ട്രീയ അധികാരികള്‍ക്ക് ആശ്വാസകരമാണ്. മധ്യേഷ്യയിലെ അധിനിവേശങ്ങള്‍ തുടരണമെങ്കില്‍ ഇസ്‌ലാമോഫോബിയ നിലനിന്നേ പറ്റൂ. അതുകൊണ്ട് തന്നെ സമാധാനശക്തികള്‍ വെറുപ്പിന്റെ ഈ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞേ മതിയാകൂ. വിഭവ ശോഷണത്തിലൂടെയും മാലിന്യവര്‍ദ്ധനവിലൂടെയും യുദ്ധങ്ങളിലൂടെയും വംശീയവെറിയുടെ വ്യാപനത്തിലൂടെയും അസംസ്‌കാരത്തിന്റെ കാളിമപടര്‍ത്തിയ യു.എസ്. സാമ്രാജ്യത്വത്തിനകത്ത് തന്നെ നടക്കുന്ന പുത്തന്‍ സാമൂഹ്യ വിപ്ലവത്തിന്റെ തുടികൊട്ടിന് ലോകം ആവേശപൂര്‍വ്വം പിന്തുണ നല്‍കേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ യുദ്ധം പടര്‍ത്താന്‍ ആയുധവ്യാപാര ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ സയണിസ്റ്റ് വിഭാഗം ക്രൈസ്തവതയ്ക്ക് വരുത്തിവയ്ക്കുന്ന ദ്രോഹം എത്ര കനത്തതാണെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.
വംശീയവിരുദ്ധവും ആധിപത്യവിരുദ്ധവുമായ ഒരു ചരിത്ര വായന അടിയന്തിരമായി നടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പരക്കെ പ്രചരിപ്പിക്കുന്നതുപോലെ, കൊളമ്പസിന്റെ അമേരിക്കന്‍ കണ്ടെത്തല്‍(1492) മനുഷ്യ ചരിത്ത്രിന്റെ പുരോഗതിയിലേക്കുള്ള കാല്‍വെപ്പായിരുന്നില്ല. വടക്കേ അമേരിക്കയില്‍ മാത്രം 10 മില്ല്യനോളം മനുഷ്യരാണ് ഈ കണ്ടെത്തല്‍' മൂലം കൂട്ടക്കുരുതിക്കിരയായത്.
ഇസ്‌ലാമോഫോബിയക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടകലണം. നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന അടിസ്ഥാന ധാര്‍മ്മിക ദൗത്യത്തില്‍ നിന്ന് (ഖുര്‍ആന്‍ 3:110, 9:71) ആര്‍ക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്നവര്‍ ദൃഢപ്രതിജ്ഞ ചെയ്യണം. മതവൈവിധ്യങ്ങളും ബഹുസ്വരതകളും പുഷ്‌കലമായി നില്‍ക്കുന്ന, നീതിയിലും ധര്‍മ്മ ചിന്തയിലും ഐക്യപ്പെടുന്ന സൗഹൃദത്തിന്റെ ഒരു ലോകം പണിയാനാണ് മുസ്‌ലിം ധിഷണശാലികള്‍ യത്‌നിക്കേണ്ടത്. 2011ല്‍ ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പ്രാര്‍ത്ഥനക്ക് മുസ്‌ലിംകള്‍ സുരക്ഷാവലയം തീര്‍ത്തുകൊണ്ട് ഇതിന്റെ പ്രായോഗികത അവര്‍ തെളിയിച്ചു.
വംശീയത നല്‍കുന്ന പൊള്ളിക്കുന്ന അനുഭവങ്ങളില്‍ നിന്ന് മനുഷ്യരാശിക്ക് ഒട്ടനവധി പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു. അവയില്‍ പ്രധാനം'വംശീയത' എന്ന ആശയവും അതുപയോഗിച്ച് ഏതെങ്കിലും ഒരു ജനവിഭാഗത്തെ അപരവല്‍ക്കരിക്കുന്നതും ആ ജനവിഭാഗത്തെ മാത്രമല്ല, മനുഷ്യരാശിക്ക് പൊതുവില്‍ തന്നെ അപകടദായകമാണെന്നതാണ.് ഇക്കാര്യം വേദഗ്രന്ഥങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്: ദൈവത്തിനെതിരായ ധിക്കാരം നാടിനെ അശുദ്ധമാക്കും; അതിന്റെ ദുരന്തഫലങ്ങള്‍ തദ്ദേശവാസികള്‍ അനുഭവിക്കേണ്ടി വരും. (ലേവ്യര്‍ 20:22, ആവര്‍ത്തനം 4:25,26 28:63, ജോഷ്വ 23:15,16) ഭൂമി പങ്കുവെക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ എസക്കിയേല്‍ പ്രവാചകന്‍ പറഞ്ഞത് അനുസ്മരണീയമാണ്: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ താമസിക്കവെ കുട്ടികള്‍ ജനിച്ച് അവിടെ പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അത് പങ്കുവെക്കണം. അവര്‍ നിങ്ങള്‍ക്ക് സ്വദേശീയമായ ഇസ്രായേല്‍ മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊപ്പം അവര്‍ക്കും അവകാശം ലഭിക്കണം.' (എസെക്കിയേല്‍ 47:22)
അടിച്ചമര്‍ത്തല്‍ നീതിക്ക് വഴിമാറുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ആഹ്വാനം ചെയ്യുന്നു: 'നീതി സ്‌നേഹത്തെ ചുംബിക്കുന്ന ഒരു സാമൂഹിക സൃഷ്ട്രി മാത്രമാണ് കരണീയം' (സങ്കീര്‍ത്തനങ്ങള്‍ 85:10); എന്തെന്നാല്‍ നീതിയില്ലാതെ സമാധാനം കൈവരിക്കാനാവില്ല (എശയ്യ 32:17). സ്വന്തത്തിന് വേണ്ടി ഇച്ഛിക്കുന്നതിനനുസൃതമായി മറ്റുള്ളവരോട് പെരുമാറേണ്ടതുണ്ടെന്ന സുവര്‍ണ്ണ നിയമം' (മത്തായി 7:12) മനുഷ്യവര്‍ഗത്തെ ദേശം, വംശം, സമ്പത്ത് എന്നിവയുടെ പേരിലുള്ള ഭിന്നിപ്പില്‍ നിന്ന് തടയുന്നു.38
തെരഞ്ഞെടുക്കപ്പെട്ട മതം, വംശം എന്നീ സങ്കല്പങ്ങള്‍ മാനവികതക്ക് എല്‍പ്പിച്ച പരിക്കിന്റെ ആഘാതം കനത്തതാണ്. ഈ ചരിത്രാനുഭവങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ച്ച, വംശത്തെകുറിച്ച ശാസ്ത്രീയമായ അറിവ് എന്നിവക്ക് പുറമെ മനുഷ്യ സമത്വം, മാനവ സാഹോദര്യം, സഹവര്‍ത്തിത്തം, നീതി, കാരുണ്യം, സഹാനുഭൂതി, യുദ്ധവിരുദ്ധത, സമാധാനവാഞ്ഛ എന്നീ മാനവിക മൂല്യങ്ങളില്‍ ഊന്നിയുള്ള ആത്മീയതയും കൂട്ടിച്ചേര്‍ത്ത ധനാത്മകമായ സമീപനത്തിലൂടെ മാത്രമേ വെറുപ്പിന്റെയും ഛിദ്രീകരണത്തിന്റെയും ഭീകരതയുടെയും ശക്തികളെ ഫലപ്രദമായ മറികടക്കാനാവുകയുള്ളൂ.
കുറിപ്പുകള്‍:
1. Anindya Bhattacharya, Racist Ideas Fuel the BNP, Socialist Worker, 20 June 2009
2. Susannah Heschel, The Aryan Jesus: Christian Theologians and the Bible in Nazi Germany, Princeton University Press: Princeton, NJ, 2008, p.3, 67
3. Ibid
4. Malayala Manorama-Kochi Edition, 28 September 2011, p.5
5. Mark Mason, The Christian Holocaust, Markwell Press: Hong Kong, 1981, p.350
6. Golwalkar M.S, We or Our National Defined, Bharat Prakashan: Nagpur, 1939, p.37
7. Ibid, p.52
8.Anders Behring Breivik, http://www.kevinislaughter.com/wp-content/uploads/2083++A European Declarationof Independence .pdf
9. Mukul Kesavan, Lessons from Norway: Terrorism should be Called by its Name Whoever the Killer is, The Telegraph, 11 August 2011
10. Jennifer Rubin, Norway Bombing, The Post, 22 Jul 2011
11. Anders Behring Breivik, 2083-A European Declaration of Independence, 2011, Ibid
12. Ibid, p.661
13. Ibid, p. 1307
14. Adolf  Hitler, The Speeches of Adolf Hitler, vol.1 (Tr: Norman H. Baynes), O.U.P: London, 1942, p.42
15. Adolf  Hitler, Mein Kampf (Tr: Ralf Manheim), Houghton Miffin Company: Boston, 1943, p. 296
16. John L. Esposito, The Islamic Threat: Myth or Reality, O U P: Oxford, 1992, p.25, 38
17. Hall S, New Ethnicities in Race, In 'Culture and Difference' (Edited: Rattansi A, Donald J), Sage: London, 1992, p.298
18. Robert F. Berkhofer, The White Man's India: Images of the American Indian from Columbus to the Present, Vintage: New York, 1979, p.29
19. Fuad Sha'ban, Islam and Arabs in Early American Thought: The Roots of Orientalism in America, The Acorn Press: Durham, North Carolina, 1991, p.23-26
20. Hector Avalos, Fighting Words: The Origins of Religious Violence, Prometheus Books: Amherst, New York, 2005, p.136
21. Alan Dershowitz, The Case for Israel, Random House Inc: New York, 2003, p.157
22. Hans Koning, The Conquest of America: How the Indian Nations Lost Their Continent, Cornerstone Press: New York, 1993, p.27
23. Zachary Lockman, Contending Visions of the Middle East: The History and Politics of Orientalism, C.U.P: Cambridge, 2004, p.56
24. Maxime Rodinson, Europe and Mystique of Islam, I.B. Tauris: London, 2002, p.60
25. Norman Cigar, The Role of Serbian Orientalists in Justification of Genocide Against Muslims of the Balkans, The Islamic Quarterly: Review of Islamic Culture, Vol: XXVIII, No.3, 1994
26. Martin Barker, The New Racism: Conservatives and the Ideology of the Tribe, Junction Books: London, 1981, p.54-77
27. Jennifer Pitts, A Turn to Empire: The Rise of the Imperialist Liberalization in Britain and France, Princeton University Press: Princeton, 2005, p.133-162
vamashrof@gmail.com  ഫോണ്‍: 9995377536

© Bodhanam Quarterly. All Rights Reserved

Back to Top