ഇജ്തിഹാദ് :യോഗ്യതകളും മാനദണ്ഡങ്ങളും

മുഹമ്മദ് കാടേരി‌‌
img

ഒരു മുസ്ലിം തന്റെ ജീവിതത്തില്‍ മുഴുക്കെ പാലിക്കേണ്ട നിയമ വ്യവസ്ഥകളാണ് ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ ഉള്ളടക്കം. തന്റെ ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ മുസ്ലിം അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിലും ഒരു കര്‍മശാസ്ത്ര വിധിയുണ്ട്. ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നുമാണ് ഈ വിധി രൂപപ്പെടുന്നത്. എന്നാല്‍ ഖുര്‍ആനിലോ ഹദീസുകളിലോ എല്ലാ പ്രശ്‌നങ്ങളുടെയും വിധികള്‍ നേര്‍ക്കുനേരെ പ്രസ്താവിച്ചിട്ടില്ല. ഇജ്തിഹാദിന് യോഗ്യത നേടിയ പണ്ഡിതന്മാര്‍ അതത് കാലങ്ങളില്‍ ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും നിയമനിര്‍ധാരണം വഴി പുതിയ പ്രശ്‌നങ്ങളുടെ വിധി കണ്ടെത്തുന്നു. ഇജ്തിഹാദാണ് ഇസ്ലാമിക ശരീഅത്തിനെ ലോകാവസാനം വരേക്കുമുള്ള സാര്‍വലൗകികവും സാര്‍വജനീനവുമായ സമ്പൂര്‍ണ ജീവിതക്രമമായി നിലനിര്‍ത്തുന്നത്. എന്താണ് ഇജ്തിഹാദ്? ആരാണത് നിര്‍വഹിക്കേണ്ടത്? അതിന്റെ ഉപാധികളും നിബന്ധനകളും എന്തെല്ലാം? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള സംക്ഷിപ്ത മറുപടിയാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.

ആധുനിക കര്‍മശാസ്ത്ര വിശാരദന്മാരില്‍ പ്രശസ്തനായ ഡോ. അബ്ദുല്‍ കരീം സൈദാന്‍ ഇജ്തിഹാദിന് നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്: 
بذل المجتهد وسعه في طلب العلم بالاحكام الشرعية بطريق الاستنباط
(നിയമനിര്‍ധാരണം വഴി ശര്‍ഈ വിധികള്‍ കണ്ടെത്താന്‍ മുജ്തഹിദ് തന്റെ പരമാവധി കഴിവ് വിനിയോഗിക്കലാണ് ഇജ്തിഹാദ്). ഈ നിര്‍വചനത്തില്‍ താഴെ വസ്തുതകള്‍ അനാവൃതമാകുന്നു:
1. മുജ്തഹിദ് തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തലാണ് ഇജ്തിഹാദ്. താന്‍ വിനിയോഗിച്ചതിലപ്പുറം ഒരു കഴിവ് ആ വിഷയത്തില്‍ തനിക്ക് പ്രയോഗിക്കാനാവില്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാവണം.
2. മേല്‍വിധം പരിശ്രമം നടത്തുന്നയാള്‍ മുജ്തഹിദായിരിക്കണം. മുജ്തഹിദല്ലാത്ത ഒരാള്‍ നടത്തുന്ന നിയമനിര്‍ധാരണം ഇജ്തിഹാദായി പരിഗണിക്കപ്പെടുന്നതല്ല. നിയമനിര്‍ധാരണത്തിന് അയാള്‍ അര്‍ഹനല്ലെന്നതാണ് കാരണം. ഇജ്തിഹാദിന് യോഗ്യത നേടിയ ആള്‍ നിയമനിര്‍ധാരണം ചെയ്യാന്‍ നടത്തുന്ന പരിശ്രമമേ ഇജ്തിഹാദാവുകയുള്ളു.
3. മുജ്തഹിദിന്റെ പ്രയത്‌നം ശര്‍ഈ വിധികളും നിയമങ്ങളും കണ്ടെത്തുന്നതിനു വേണ്ടിയാകണം. ഭാഷാപരമോ ബുദ്ധിപരമോ ഭൗതികമോ ആയ വിധിതീര്‍പ്പുകള്‍ക്കു വേണ്ടി നടത്തുന്ന പരിശ്രമം ഇജ്തിഹാദല്ല.
4. ശര്‍ഈ വിധികള്‍ കണ്ടെത്തുന്നത് ഇസ്തിന്‍ബാത്വിലൂടെയാവണം. അഥവാ ഇസ്‌ലാമിക പ്രമാണങ്ങളുടെ പഠനവും നിരീക്ഷണവും അപഗ്രഥനവും വഴി വിധിവിലക്കുകള്‍ കരസ്ഥമാക്കലാണ് ഇജ്തിഹാദ്. താന്‍ നേരത്തേ പഠിച്ചറിഞ്ഞതോ ഒരു മുഫ്തിയോട് അന്വേഷിച്ച് കരഗതമാക്കിയതോ വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍നിന്ന് ലഭിച്ചതോ ആയ വിധിവിലക്കുകള്‍ അവതരിപ്പിക്കുന്നത് ഇജ്തിഹാദാവുകയില്ല.

ഒരു മുജ്തഹിദ് നിര്‍വഹിക്കേണ്ട ദൗത്യമാണ് ഇജ്തിഹാദെന്ന് മേല്‍വിവരണത്തില്‍നിന്ന് വ്യക്തമാണല്ലോ. ആരാണ് മുജ്തഹിദ് എന്നാണ് ഇനി പരിശോധിക്കാനുള്ളത്. താഴെ പറയുന്ന ഉപാധികള്‍ മുഴുവന്‍ ഒത്തുചേര്‍ന്ന വ്യക്തിയാണ് ഇജ്തിഹാദിനു യോഗ്യത നേടിയവന്‍ എന്ന് കര്‍മശാസത്ര-നിദാനശാസ്ത്ര പണ്ഡിതന്മാര്‍ ഒന്നടങ്കം വ്യക്തമാക്കിയിരിക്കുന്നു:

1. അറബി ഭാഷാ പരിജ്ഞാനം
അറബികളുടെ വിശിഷ്യാ, പ്രവാചക കാലത്തെ ഭാഷാശൈലിയും പദപ്രയോഗങ്ങളും അവയുടെ അര്‍ഥ സൂചനകളും സുഗ്രാഹ്യമാകുന്നവിധം അറബി ഭാഷയിലുള്ള അവഗാഹമാണ് ഉദ്ദേശ്യം. അറബി മാതൃഭാഷയായതുകൊണ്ടും അന്യഭാഷാസ്വാധീനങ്ങളില്‍നിന്ന് മുക്തമായ ശുദ്ധ അറബി സംസാരിക്കുന്നവര്‍ക്കിടയില്‍ വളര്‍ന്നുവന്നതിനാലും ചിലര്‍ക്കിത് നൈസര്‍ഗികമായി ലഭിച്ചിരിക്കാം. ഇല്ലെങ്കില്‍ തക്കതായ അഭ്യസനം വഴി അത് ആര്‍ജിതമാക്കേണ്ടതുണ്ട്. നഹ്‌വ്(വ്യാകരണം), സ്വര്‍ഫ്(പദവ്യുല്‍പത്തി ശാസ്ത്രം), ബലാഗ(സാഹിത്യ ശാസ്ത്രം), അദബ്(സാഹിത്യം) എന്നീ വിജ്ഞാനങ്ങളുടെ സൂക്ഷ്മമായ പഠനവും ഗ്രാഹ്യവും അതിന് അനുപേക്ഷ്യമാണ്. ശര്‍ഈ നിയമങ്ങളുടെ അടിസ്ഥാന സ്രോതസ്സായ ഖുര്‍ആനും സുന്നത്തും അറബി ഭാഷയിലാണ്. അറബി സാഹിത്യത്തിന്റെ അത്യുന്നത വിതാനത്തിലാണ് അവ സ്ഥിതി ചെയ്യുന്നത്. അറബി ഭാഷയില്‍ അവഗാഹമില്ലാത്തവര്‍ക്ക് അവ പൂര്‍ണമായി ഗ്രഹിക്കാനോ വേണ്ടവിധം പ്രയോജനപ്പെടുത്താനോ സാധിക്കില്ല. അറബി ഭാഷയിലുള്ള ആധികാരിക ജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു പ്രമാണങ്ങളുടെ ശരിയായ പ്രഗഹണവും വിശകലനവും.

അറബി ഭാഷാ പ്രയോഗങ്ങളുടെ സൂക്ഷ്മമായ അര്‍ഥതലങ്ങള്‍ നിര്‍ണയിക്കാനും പദപ്രയോഗങ്ങളുടെ വൈവിധ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ഥഭേദങ്ങള്‍ ഗ്രഹിക്കാനുമുള്ള കഴിവനുസരിച്ചാണ് ശര്‍ഈ പ്രമാണങ്ങളില്‍നിന്ന് നിയമനിര്‍ധാരണം കര്‍മശാസ്ത്ര വിശാരദന്മാര്‍ക്കു സാധിതമാകുന്നത്. ഇമാം ശാത്വിബി ശരീഅത്ത് വിശാരദന്മാരെ അവരുടെ ഭാഷാ പ്രാവീണ്യമനുസരിച്ച് വ്യത്യസ്ത പടവുകളില്‍ വിന്യസിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു: 
واذا فرضنا مبتدا فى فهم العربية فهو مبتدا فى فهم الشريعة او متوسطا فهو متوسط فى فهم الشريعة والمتوسط لم يبلغ درجة النهاية فاذا انتهى الى الغاية فى العربية كان ذلك فى الشريعة فكان فهمه فيها حجة كما كان فهم الصحابة وغيرهم من الفصحاء الذين فهموا القران حجة فمن لم يبلغ شاوه فقد نقصه من فهم الشريعة بمقدار التقصير عنهم وكل من قصر فهمه لم يكن حجة ولا كان قوله مقبولا - الموافقات
'അറബി ഭാഷാ പരിജ്ഞാനത്തില്‍ തുടക്കക്കാരനായ ഒരാളെ നാം സങ്കല്‍പിച്ചാല്‍ അയാള്‍ ശരീഅത്ത് ഗ്രഹിക്കുന്ന കാര്യത്തിലും പ്രാഥമിക നിലവാരത്തിലുള്ളവനായിരിക്കും. മധ്യനില കൈവരിച്ചവന്‍ ശരീഅത്ത് ഗ്രഹിക്കുന്നതിലും മധ്യനിലവാരം പുലര്‍ത്തുന്നവനാകും. മധ്യനില കൈവരിച്ചവന്‍ ശരീഅത്ത് വിജ്ഞാനത്തില്‍ പരമകാഷ്ഠ പ്രാപിക്കുന്നില്ല. അറബി ഭാഷാജ്ഞാനത്തില്‍ അഗ്രിമ സ്ഥാനം കൈവരിച്ചവന് ശരീഅത്തിലും അതേ നിലവാരമുണ്ടാകും. അപ്പോള്‍ അയാളുടെ ഗ്രാഹ്യം ശര്‍ഈ വിഷയങ്ങളില്‍ ഒരു അവലംബമായിരിക്കും; ഖുര്‍ആന്‍ ഗ്രഹിച്ച ഭാഷാപടുക്കളായ സ്വഹാബിമാരും മറ്റും തല്‍ വിഷയങ്ങളില്‍ പ്രാമാണികന്മാരായ പോലെ. അത്തരം ഒരു വിതാനത്തില്‍ എത്താത്തവന്‍ അവന്റെ പരിമിതിക്കനുസൃതം ശരീഅത്ത് വിജ്ഞാനത്തില്‍ അപര്യാപ്തതയുള്ളവനായിരിക്കും. ജ്ഞാന പരിമിതിയുള്ളവന്‍ പ്രാമാണികനോ അയാളുടെ വാക്ക് സ്വീകാര്യമോ അല്ല (ഉദ്ധരണം: അബൂ സഹ്‌റ - ഉസ്വൂലുല്‍ ഫിഖ്ഹ്).

2. വിശുദ്ധ ഖുര്‍ആനിലുള്ള പാണ്ഡിത്യം
വിശുദ്ധ ഖുര്‍ആനിലുള്ള അഗാധമായ അറിവും പരിണത ജ്ഞാനവും മുജ്തഹിദിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണ്. മുഴുവന്‍ ശര്‍ഈ പ്രമാണങ്ങളുടെയും ആലംബവും എല്ലാ തെളിവുകളുടെയും അടിയാധാരവുമാണ് ഖുര്‍ആന്‍. അതിനാല്‍ ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളെ സംബന്ധിച്ചും സാമാന്യേനയുള്ള അറിവ് മുജ്തഹിദിന് അനുപേക്ഷണീയമാകുന്നു. അതോടൊപ്പം വിധിവിലക്കുകള്‍ അടങ്ങിയ ആയത്തുകളില്‍ സവിസ്തരവും സമഗ്രവുമായ അറിവുമുണ്ടാകണം. വിധിവിലക്കുകള്‍ അടങ്ങിയ ആയത്തുകളില്‍നിന്നാണ് കര്‍മശാസ്ത്ര വിധികളുടെ നിര്‍ധാരണമെന്നതു തന്നെ കാരണം. വിധിവിലക്കുകള്‍ ഉള്ളടങ്ങിയിട്ടുള്ള ആയത്തുകള്‍ 500 എണ്ണമാണെന്ന് ചില പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്.

എന്നാല്‍ വിധിവിലക്കുകളുടെ ആയത്തുകള്‍ പ്രസ്തുത എണ്ണത്തില്‍ പരിമിതമല്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ആഴത്തിലുള്ള ചിന്തയും സൂക്ഷ്മ നിരീക്ഷണവും വസ്തുനിഷ്ഠമായ അപഗ്രഥനവും വഴി മറ്റു ആയത്തുകളില്‍നിന്നും - ഉപമകളും ചരിത്ര കഥകളും പ്രതിപാദിക്കുന്ന ആയത്തുകളില്‍നിന്നു പോലും - വിധികള്‍ പുറത്തെടുക്കാനാകും. എന്നാല്‍ വിധിവിലക്കുകള്‍ അടങ്ങിയ ആയത്തുകള്‍ ഹൃദിസ്ഥമായിരിക്കല്‍ മുജ്തഹിദിനെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധമില്ലെന്നാണ് പണ്ഡിതമതം. പ്രത്യുത, ഖുര്‍ആനില്‍ അവയുടെ സ്ഥാനങ്ങള്‍ എവിടെയൊക്കെയാണെന്ന് അറിഞ്ഞിരുന്നാല്‍ മതി. ആവശ്യ സന്ദര്‍ഭങ്ങളില്‍ അവ കണ്ടെത്താനും വിവരങ്ങള്‍ക്ക് അവലംബിക്കാനും സാധിക്കണം.

ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിയമ ഭേദഗതിക്കു വിധേയമായവയെക്കുറിച്ച അറിവ്, അഥവാ നാസിഖ് (മുന്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന സൂക്തം), മന്‍സൂഖ് (നിയമപ്രാബല്യം എടുത്തുമാറ്റപ്പെട്ട സൂക്തം) എന്നിവയെക്കുറിച്ച അറിവും മുജ്തഹിദിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനെല്ലാം പുറമെ ആയത്തുകളുടെ അവതരണ നിമിത്തങ്ങളും പശ്ചാത്തലവും മുജ്തഹിദ് അറിഞ്ഞിരിക്കേണ്ടതുണ്ട്. ആയത്തുകളുടെ ഉദ്ദേശ്യം ഗ്രഹിക്കാന്‍ ഈ അറിവ് അദ്ദേഹത്തിന് പ്രയോജനപ്പെടും.

3. നബിചര്യയിലുള്ള പാണ്ഡിത്യം
ഹദീസുകളില്‍ പ്രബലമേതെന്നും ദുര്‍ബലമേതെന്നും തിരിച്ചറിയാനുള്ള കഴിവ് മുജ്തഹിദ് ആര്‍ജിച്ചിരിക്കണം. ഹദീസ് നിവേദകന്മാരുടെ നിലവാരം, അവരുടെ വിശ്വാസ്യത, ദീനീനിഷ്ഠ, ഹദീസുകള്‍ സൂക്ഷിക്കുന്നതിലുള്ള ജാഗ്രത, ഹദീസുകളുടെ ആശയ ഗ്രഹണശേഷി എന്നിവ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഹദീസുകളുടെ ഉത്ഭവ പശ്ചാത്തലം, ഹദീസുകളുടെ മുന്‍ഗണനാ നിര്‍ണയ തത്ത്വങ്ങള്‍, നാസിഖ്, മന്‍സൂഖ് എന്നിവ സംബന്ധിച്ച അറിവുണ്ടാകണം. മുഴുവന്‍ ഹദീസുകളും അറിവുണ്ടാകണമെന്നില്ല. പ്രത്യുത, വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളില്‍ അവഗാഹമുണ്ടാകണം. ഹദീസുകള്‍ ഹൃദിസ്ഥമാകണമെന്നില്ല. സ്വഹീഹായ ഹദീസുകളുടെ സമാഹാരങ്ങള്‍ കൈവശമുണ്ടാവുകയും അവയില്‍ വിധിവിലക്കുകളെ സംബന്ധിച്ച ഹദീസുകളുടെ സ്ഥാനങ്ങള്‍ അറിയുകയും ചെയ്താല്‍ മതി. നിവേദകന്മാരുടെ സ്ഥിതി അറിയാന്‍ ഹദീസ് നിരൂപണശാസ്ത്ര ഗ്രന്ഥകളും ലഭ്യമാകണം.

4. കര്‍മശാസ്ത്ര നിദാന തത്ത്വങ്ങളിലുള്ള അവഗാഹം
ഏതൊരു മുജ്തഹിദിനും ഫഖീഹിനും നിദാനശാസ്ത്ര തത്ത്വങ്ങളിലുള്ള (ഉസ്വൂലുല്‍ ഫിഖ്ഹ്) സൂക്ഷ്മമായ അറിവ് അനിവാര്യമാകുന്നു. ശര്‍ഈ പ്രമാണങ്ങള്‍ ഏതെല്ലാമാണെന്നും അവയെ അവലംബിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ഗണനാക്രമങ്ങള്‍ എന്തെല്ലാമാണെന്നും അറിയുന്നതിന് ഉസ്വൂലുല്‍ ഫിഖ്ഹിലുള്ള ജ്ഞാനം അനുപേക്ഷ്യമാകുന്നു. പ്രമാണവാക്യങ്ങളുടെ വ്യത്യസ്ത അര്‍ഥസൂചനകളും അവയുടെ ബലാബലവും മുന്‍ഗണനാ നിര്‍ണയവും നിയമനിര്‍ധാരണത്തിന്റെ രീതിശാസ്ത്രവും ഗ്രഹിക്കാന്‍ ഉസ്വൂലുല്‍ ഫിഖ്ഹിനെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ല.

5. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിഞ്ഞിരിക്കല്‍
ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ജനസമൂഹങ്ങളുടെ ശരിയായ താല്‍പര്യങ്ങളും അറിഞ്ഞിരിക്കല്‍ മുജ്തഹിദിന്റെ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ശ്രുത പ്രമാണങ്ങള്‍ (ഖുര്‍ആനും സുന്നത്തും) വ്യക്തമാക്കിയിട്ടില്ലാത്ത നിയമവിധികള്‍ ഖിയാസ് (ന്യായാധികരണം) മുഖേനയോ ജനനന്മ(മസ്വ്‌ലഹത്)യെ ആധാരമാക്കിയോ ജനസമൂഹങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുതകുന്ന സമ്പ്രദായ(ഉര്‍ഫ്)ങ്ങളെ ആസ്പദമാക്കിയോ നിയമനിര്‍ധാരണം നടത്താന്‍ ശര്‍ഇന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ(മഖാസ്വിദുശ്ശരീഅഃ)ക്കുറിച്ച കൃത്യമായ അറിവ് ഒഴിച്ചുകൂടാനാവില്ല. ജനങ്ങളുടെ സമ്പ്രദായങ്ങളും നടപ്പുരീതികളും മുജ്തഹിദ് അറിഞ്ഞിരിക്കണം. കാരണം അവയുടെ പരിരക്ഷയെ ആശ്രയിച്ചിരിക്കുന്നു ജനതാല്‍പര്യങ്ങളില്‍ അധിഷ്ഠിതമായ നിയമനിര്‍ധാരണം.

6. ഇജ്തിഹാദിനുള്ള നൈസര്‍ഗിക പ്രാപ്തി
മുന്‍കാല പണ്ഡിതന്മാരും ഗ്രന്ഥങ്ങളും ഇങ്ങനെയൊരു നിബന്ധന പരാമര്‍ശിച്ചിട്ടില്ല. ആധുനിക പണ്ഡിതന്മാരുടെ ചര്‍ച്ചകളില്‍ വന്നിട്ടുള്ള ഈ നിബന്ധന ഏറെ പ്രസക്തവും ന്യായയുക്തവുമാണ്. ഇജ്തിഹാദിന് മുതിരുന്നയാള്‍ക്ക് അതിനുള്ള നൈസര്‍ഗികമായ കഴിവും യോഗ്യതയും ഉണ്ടായിരിക്കണമെന്നാണ് ഇത് താല്‍പര്യപ്പെടുന്നത്. കര്‍മശാസ്ത്രാഭിമുഖ്യമുള്ള ധിഷണയും പ്രശ്‌നങ്ങളുടെ സൂക്ഷ്മ വശങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും നല്ല ഉള്‍ക്കാഴ്ചയുമുള്ള വ്യക്തിയാവണം ഇജ്തിഹാദിന് മുതിരുന്നയാള്‍. കളങ്കരഹിതമനസ്‌കനും കുശാഗ്ര ബുദ്ധിയുടെ ഉടമയുമാകണം. ഈ വിധം നൈസര്‍ഗിക ശേഷിയും സഹജമായ പ്രാപ്തിയും ഇല്ലാത്ത വ്യക്തി, ഇജ്തിഹാദിന്റെ ഉപരിസൂചിത ഉപാധികള്‍ ആര്‍ജിച്ചവനാണെങ്കിലും ശരിയായ അര്‍ഥത്തിലുള്ള ഒരു മുജ്തഹിദാവുക സാധ്യമല്ല. അറബി ഭാഷയും അനുബന്ധ വിജ്ഞാനങ്ങളും കാവ്യശാസ്ത്രവും നന്നായി പഠിച്ച വ്യക്തി കവിയോ സാഹിത്യകാരനോ ആകണമെന്നില്ല; അയാളില്‍ അതിനുള്ള നൈസര്‍ഗിക വാസന ഇല്ലെങ്കില്‍. ഇജ്തിഹാദിന്റെ കാര്യവും അങ്ങനെത്തന്നെ.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top