രോഗ പ്രതിരോധം പ്രവാചക പാഠങ്ങള്‍

സലീല‌‌
img

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഭൗതികാനുഗ്രഹങ്ങളില്‍ കേന്ദ്ര സ്ഥാനമാണ് ആരോഗ്യത്തിനുള്ളത്. ഇതര അനുഗ്രഹങ്ങളെല്ലാം ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യത്തിന്റെ അഭാവത്തില്‍ ഒന്നും നേടിയെടുക്കാനാവില്ല.
നബി (സ) പറഞ്ഞു:
لاَ بَأسَ بالغنى لمن اتقى الله والصحّة لمن اتقى الله خير من الغنى وطيب النفس من النّعم
'അല്ലാഹുവിനോട് ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഐശ്വര്യം കൊണ്ട് കുഴപ്പമില്ല. അല്ലാഹുവോട് ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഐശ്വര്യത്തേക്കാള്‍ ഉത്തമം ആരോഗ്യമാണ്. മനസ്സിന്റെ സന്തോഷം അനുഗ്രഹങ്ങളില്‍പെട്ടതാണ്.'1
إنّي وان كان جمع المال يعجبني      فليس يعدل عندي صحّة الجسد
في المال زين وفى الأولاد مكرمة     والسّقم ينسيك ذكر المال والولد
'സമ്പത്ത് ശേഖരിക്കുന്നത് എനിക്ക് കൗതുകകരമാണെങ്കിലും അത് ശാരീരികാരോഗ്യത്തിന് സമമല്ല. സമ്പത്ത് അലങ്കാരമാണ്, മക്കള്‍ ആദരവാണ്. പക്ഷെ, രോഗമാവട്ടെ സമ്പത്തിനെയും മക്കളെയും മറപ്പിച്ചു കളയുന്നു (ബശ്ശാറുബ്‌നു ബുര്‍ദ്).
الصّحّة تاج على رؤوس الأصحّاء لا يراه إلّا المرضى
'ആരോഗ്യവാന്മാരുടെ ശിരസ്സുകളിലെ കിരീടമാണ് ആരോഗ്യം. രോഗികളല്ലാതെ അത് കാണുകയില്ല' എന്നാണല്ലോ മഹദ്വചനം.
من أصبح منكم معافى في جسده آمنا في سربه عنده قوت يومه فكأنما حيزت له الدّنيا بحذافيرها
ഒരാള്‍ തന്റെ വീട്ടിലും കുടുംബത്തിലുമാവുകയും ആരോഗ്യവാനായിരിക്കുകയും അയാളുടെ വശം അന്നന്നത്തേക്കാവശ്യമായ ഭക്ഷണമുണായിരിക്കുകയും ചെയ്താല്‍ ദുന്‍യാവ് മുഴുവന്‍ തനിക്ക് വേി സ്വരൂപിക്കപ്പെട്ടതിനു തുല്യമാണ്.'2
سلوا الله العفو والعافية فان أحدًا لم يعط بعد اليقين خيرًا من العافية فسلوهما الله تعالى
നിങ്ങള്‍ അല്ലാഹുവിനോട് മാപ്പും ആരോഗ്യവും ചോദിക്കുക. ഇസ്‌ലാമില്‍ ദൃഢബോധ്യം വന്ന ആളെ സംബന്ധിച്ചേടത്തോളം അതിനുശേഷം ആരോഗ്യത്തേക്കാള്‍ മികച്ച മറ്റൊന്നില്ല.'3
المؤمن القوي خير وأحبّ إلى الله من المؤمن الضعيف، وفي كلّ خير
'ദുര്‍ബലനായ സത്യവിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരനും ശക്തനായ സത്യവിശ്വാസിയാണ്; എല്ലാവരിലും നന്മയുണ്ട്.'4

ആരോഗ്യത്തിന്റെ പ്രഥമപടി രോഗപ്രതിരോധം
ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നല്ല. പ്രത്യുത, ശാരീരികവും മാനസികവും ബുദ്ധിപരവുമായ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പാകത്തിലുള്ള മെച്ചപ്പെട്ട നിലവാരമുണ്ടാവുക എന്നാണ്. ഇത് ഉറപ്പുവരുത്താന്‍ പ്രഥമമായി ശ്രദ്ധിക്കേണ്ടത് രോഗ പ്രതിരോധത്തിലാണ്. ഈ അര്‍ഥത്തില്‍ രോഗപ്രതിരോധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

പ്രതിരോധചികിത്സയിലാണ് എല്ലാ വൈദ്യശാസ്ത്രങ്ങളും ഊന്നുന്നത്. അതാവട്ടെ, സാര്‍വകാലികമായും സാര്‍വജനീനമായും ഒരുപോലെ പ്രസക്തമാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തില്‍ പ്രതിരോധത്തിന് വലിയ പങ്കുണ്ട്. രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന സാഹചര്യമുണ്ടാകുന്നതിനുമുമ്പ് രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിലാണ് ഇസ്‌ലാം ഊന്നുന്നത്. വ്യക്തികളുടെ രോഗനിര്‍ണയവും ചികിത്സയും അതാത് കാലത്തെ ഗവേഷണങ്ങള്‍ക്കും വൈദ്യശാസ്ത്ര കണ്ടെത്തലുകള്‍ക്കും വിധേയമായി നടക്കേണ്ടതായതിനാല്‍ എക്കാലത്തേക്കും പ്രായോഗികമായ മൗലിക നിര്‍ദേശങ്ങളാണ് പ്രതിരോധ രംഗത്ത് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍ക്കൊണ്ട് വൈദ്യശാസ്ത്രം മുന്നോട്ടു പോകുമ്പോഴും നബി(സ) മുന്നോട്ട് വെച്ചതും പ്രയോഗവല്‍ക്കരിച്ചതുമായ പ്രതിരോധ നിര്‍ദേശങ്ങള്‍ ഇന്നുവരെ പുനഃപരിശോധിക്കേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പ്രതിരോധോപാധികള്‍
എല്ലാ മേഖകലകളിലും ആരോഗ്യപൂര്‍ണത ലക്ഷ്യംവെച്ചുകൊണ്ടുള്ള സമഗ്രതല സ്പര്‍ശിയായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്. (ഒന്ന്) ഇണയെ തെരഞ്ഞെടുക്കുന്നതു മുതല്‍ ഇത് ആരംഭിക്കുന്നു.
تخيّروا لنطفكم لا تضعوها إلاّ فى الأكفّاء
'നിങ്ങളുടെ ബീജങ്ങള്‍ നിക്ഷേപിക്കാനുള്ള ഉചിതമായ ഇണകളെ നിങ്ങള്‍ തെരഞ്ഞെടുക്കുക. അനുയോജ്യരിലല്ലാതെ നിങ്ങള്‍ അത് നിക്ഷേ
പിക്കരുത് എന്ന നബിവചനം പ്രതിരോധത്തിന്റെ ബാലപാഠമാണ്.5
സമാനമായ ആശയം താഴെ ഹദീസുകളില്‍ കാണാം.

ഒരു കുട്ടിയുടെ ശിക്ഷണം, ഇരുപത് വര്‍ഷം മുമ്പ് അവന്റെ മാതാവിന്റെ ശിക്ഷണത്തോടെയാണ് ആരംഭിക്കുന്നതെന്ന മഹദ്വചനം ഇവിടെ ചേര്‍ത്ത് വായിക്കുക.
രണ്ട്: ശിശുക്കള്‍ക്ക് രണ്ടുവര്‍ഷക്കാലം പൂര്‍ണമായും മുലപ്പാല്‍ നല്‍കണം. മാതാപിതാക്കള്‍ താന്തങ്ങളുടെ നിലകളില്‍ അതിന് ബാധ്യസ്ഥരാണ്.
وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِۖ
'മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് രണ്ടുവര്‍ഷക്കാലം മുഴുവനായി മുലപ്പാല്‍ നല്‍കിയിരിക്കണം' (അല്‍ബഖറ: 233) അതിന്നാവശ്യമായ ബാധ്യതകള്‍ പിതാവ് വഹിക്കണം. (അതേ സൂക്തം) ശിശുവിന്റെ ശാരീരികവും മാനസികവുമായ ഭാവി വളര്‍ച്ചയും രോഗപ്രതിരോധ ശേഷിയും വൈകാരിക സന്തുലിതത്വവും നിര്‍ണയിക്കുന്നതില്‍ സ്തന്യപാനത്തിനു വലിയ പങ്കുണ്ടെന്നത് ഇന്ന് ചര്‍ച്ചാ വിഷയമേ അല്ല.
മൂന്ന്: ശൈശവം മുതല്‍ക്കേയുള്ള വിവിധങ്ങളായ ധാര്‍മിക ശിക്ഷണ ശീലങ്ങള്‍ വ്യക്തിയെ ശാരീരികമായും മാനസികമായും പ്രതിരോധ പരമായി സജ്ജനാക്കുകയും ജീവിതത്തില്‍ മുന്നേറാന്‍ പ്രാപ്തനാക്കുകയും ചെയ്യും. ഇതര വിഷയങ്ങളേക്കാള്‍ മാനവിക വിഷയങ്ങള്‍ കുട്ടികളെ നല്ലമനുഷ്യരാക്കുമെന്ന നിരീക്ഷണം ഇമാം ശാഫിഈ പങ്കുവെക്കുന്നുണ്ട്. ഉറക്കം, ഭക്ഷണ പാനീയം, കളി എന്നിവപോലെ എല്ലാ ദിവസവും നടക്കേണ്ടുന്ന ഒന്നാണ് വായനയെന്ന് കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ക്കേ സ്വയം ബോധ്യമാവുന്ന അവസ്ഥയുണ്ടാവണം. ജീവിതമെന്നാല്‍ സഹനമാണെന്ന പ്രാഥമിക പാഠം കുട്ടികളില്‍ മാനസികമായ പ്രതിരോധ ശേഷി വളര്‍ത്തും
നാല്: രോഗ പ്രതിരോധവും കായിക പരിശീലനങ്ങളും തമ്മിലുള്ള ബന്ധം വലുതാണ്.

നടത്തം
നബിയുടെ നടത്തത്തെപ്പറ്റി അബൂഹുറൈറ ഉദ്ധരിക്കുന്നു.
مَا رَأَيْتُ أَحَدًا أَسْرَعَ فِي مَشْيِهِ مِنْ رَسُولِ اللَّهِ صلى الله عليه وسلم كَأَنَّمَا الأَرْضُ تُطْوَى لَهُ إِنَّا لَنُجْهِدُ أَنْفُسَنَا وَإِنَّهُ لَغَيْرُ مُكْتَرِثٍ
'നബിയേക്കാള്‍ വേഗത്തില്‍ നടക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഭൂമി അദ്ദേഹത്തിന്നായി ചുരുളുന്നതു പോലെയായിരുന്നു. ഞങ്ങള്‍ ശാരീരികമായി പ്രയാസപ്പെടുമ്പോള്‍ നബിക്ക് ശാരീരികമായി പ്രയാസമുണ്ടായിരുന്നില്ല'6 ഒരിക്കല്‍ നബിയോടൊപ്പം അലിയും അബ്ദുല്ലാഹിബ്‌നു റവാഹയും ഒരു സൈനിക നീക്കത്തിന്റെ ഭാഗമായി യാത്രയിലായിരുന്നു. ഒരു ഒട്ടകം മാത്രമായതിനാല്‍ ഊഴമിട്ട് മാറിമാറി നടക്കേണ്ടിവന്നു. നബി(സ) നടക്കേണ്ടി വരുന്നത് പ്രയാസം തോന്നിയ ഇരുവരും ഒട്ടകപ്പുറത്ത് കയറാന്‍ ക്ഷണിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്:
ما انتما بأقوي منّي على المشي ولا أنا بأغنى منكما عن الأجر
'നിങ്ങള്‍ക്ക് എന്നെക്കാള്‍ നടക്കാന്‍ ശേഷിയില്ല. ഞാനാണെങ്കില്‍ അല്ലാഹുവിന്റെ പ്രതിഫലത്തിന് നിങ്ങളെക്കാള്‍ ഐശ്വര്യവാനുമല്ല.'7
ഉമറിനെപ്പറ്റി ഇങ്ങനെ കാണാം:
كان عمر إذا مشى أسرع ، واذا قال أسمع واذا ضرب أوجع
'ഉമര്‍ നടന്നാല്‍ വേഗത്തില്‍ നടക്കും, സംസാരിച്ചാല്‍ ആളുകള്‍ കേള്‍ക്കുമാറ് സംസാരിക്കും, അടിച്ചാല്‍ വേദനയാകും.'

(ത്വബഖാത്തുബ്‌നു സഅ്ദ്, താരീഖുത്തവബ്‌രി, ഇബ്‌നു അസാകിര്‍, ഇബ്‌നുല്‍ ജൗസി).
മക്കയില്‍നിന്ന് ത്വാഇഫിലേക്കും തിരിച്ചും ഏകനായി ക്ലിഷ്ടവും ദുര്‍ഗമവുമായ മലമ്പാതകള്‍ താണ്ടിക്കടന്ന നബിയുടെ കായികശേഷി എത്രയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ചിലര്‍ തങ്ങള്‍ക്ക് ക്ഷീണമുണ്ടെന്ന് സങ്കടം പറഞ്ഞപ്പോള്‍ നബി അവരോട് നിര്‍ദേശിച്ചത് വേഗത്തില്‍ നടക്കാനായിരുന്നു.
عليكم بالنسلان 'നിങ്ങള്‍ വേഗത്തില്‍ നടക്കുക.'

ഒരിക്കല്‍ ഒരു യുവാവ് പതുക്കെ നടക്കുന്നത് ശ്രദ്ധയില്‍പെട്ട ഉമര്‍(റ) ചോദിച്ചു: 'എന്തുപറ്റി, രോഗിയാണോ? യുവാവ്: 'അമീറുല്‍ മുഅ്മിനീന്‍, ഞാന്‍ രോഗിയല്ല.' ഉമര്‍ കൈയിലുണ്ടായിരുന്ന വടിപൊക്കിയിട്ട്, ശക്തിയോടെ നടക്കാന്‍ കല്‍പിച്ചു.
നബിയുടെ നടത്തത്തെ അലി(റ) വിശേഷിപ്പിക്കുന്നത് ഇങ്ങനെ:
كان رسول الله إذا مشى تكفّأ تكفؤًا كأنّما ينحطّ من صبب
'നബി (സ) നടക്കുമ്പോള്‍ താഴോട്ടുള്ള ഇറക്കം ഇറങ്ങുന്നപോലെ, മുന്നോട്ടാഞ്ഞാണ് നടന്നിരുന്നത്.' (തുര്‍മുദി).
പത്തുതരം നടത്തങ്ങളെപ്പറ്റി വിശദീകരിക്കുന്ന ഇമാം ഇബ്‌നുല്‍ഖയ്യിം, മുന്നോട്ടാഞ്ഞും വേഗത്തിലുള്ള നബിയുടെ നടത്തത്തെ മാതൃകാനടത്തമായി അവതരിപ്പിക്കുന്നു. ആരോ ചുമന്നുകൊണ്ടുപോകുന്ന മരത്തടി പോലെയുള്ള നടത്തം വളരെ ഗര്‍ഹണീയമാണ്.

അമ്പെയ്ത്ത്
من تعلّم الرمي فنسيه كان نعمة انعمها الله عليه فتركه
'ആരെങ്കിലും അമ്പെയ്ത്ത് പരിശീലിച്ച ശേഷം അത് മറന്നുകളഞ്ഞാല്‍, അത് അയാള്‍ക്ക് അല്ലാഹു നല്‍കിയതും എന്നിട്ടയാള്‍ ഉപേക്ഷിച്ചതുമായ ഒരു അനുഗ്രഹമാണ്.'8
ഒരിക്കല്‍ അമ്പെയ്തു കളിക്കുകയായിരുന്ന അന്‍സ്വാറുകളെ കണ്ടപ്പോള്‍ നബി(സ) പറഞ്ഞു:
ارموا بني إسماعيل فان أباكم كان رامياً
'ഇസ്മാഈലിന്റെ സന്തതികളേ, നിങ്ങള്‍ എറിയുക. നിങ്ങളുടെ പിതാവ് അമ്പെയ്ത്തുകാരനായിരുന്നു.9
كلّ شيئ ليس من ذكر الله فهو لهو الّا أربع خصال: مشي الرّجل بين الغرضين وتأديبه فرسه، وملاعبته أهله وتعلّمه السباحة.
'നാലു കാര്യങ്ങളൊഴിക അല്ലാഹുവന്റെ അനുസ്മരണമില്ലാത്ത എല്ലാ കാര്യങ്ങളും വിനോദമാണ്.' രണ്ടു ഉന്നങ്ങള്‍ക്കിടയിലെ നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, ഭാര്യയോടൊത്തുള്ള കേളി, നീന്തലഭ്യാസം.10
ما تشهد الملائكة من لهوكم الّا الرّهان والنضال
'നിങ്ങളുടെ വിനോദത്തില്‍ കുതിര മത്സരവും അമ്പെയ്ത്തുമൊഴികെ ഒന്നിനും മലക്കുകള്‍ സാക്ഷിയാവുകയില്ല.'11

മല്‍പിടിത്തം
ബൈഹഖി തന്റെ ദലാഇലില്‍ ഉദ്ധരിച്ച ഒരു സംഭവം ഇമാം സുയൂത്വി തന്റെ 'അല്‍ മുസാറഅഃ ഇലല്‍ മുസ്വാറഅഃ' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റുകാനബ്‌നു അബ്ദ് യസീദും നബിയും അബൂത്വാലിബിന്റെ ഏതാനും ആടുകളെ മേയ്ക്കാന്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം നബി(സ) റുകാനയോട് ചോദിച്ചു: 'ഞാനുമായി മല്‍പിടിത്തത്തിനു തയാറുണ്ടോ?

റുകാന: 'നീയുമായോ?' നബി: 'ഞാന്‍ തന്നെ' റുകാന: 'ജയിച്ചാല്‍ എന്തായിരിക്കും പ്രതിഫലം?' നബി: 'ഒരു ആട്' അങ്ങനെ രണ്ടു പേരും മല്‍പിടിത്തം നടത്തി. നബി അദ്ദേഹത്തെ തോല്‍പ്പിച്ചു. റുകാന ഒരു ആടിനെ നബിക്കു കൊടുത്തു. മൂന്നു തവണ നടത്തിയ മല്‍പിടിത്തത്തിലും നബി ജയിച്ചു. മൂന്നു ആടുകളെ റുകാന നബിക്ക് കൊടുത്തു. നാലാമതും തയാറുണ്ടോ എന്നു ചോദിച്ചപ്പോള്‍, മൂന്നുതവണ തോറ്റശേഷം ഞാനില്ല എന്നു പറഞ്ഞ് റുകാന ഒഴിഞ്ഞുമാറി. നബി(സ) ആടുകളെ റുകാനക്ക് തിരിച്ചുകൊടുത്തു. നബിക്ക് പ്രവാചകത്വം കിട്ടിയതറിഞ്ഞ റുകാന അവിടുത്തെ സമീപിച്ച് ഇസ്‌ലാം സ്വീകരിച്ചു. നബി മല്‍പിടിത്തത്തില്‍ ജയിക്കാന്‍ കാരണം അദ്ദേഹത്തിന്റേതു മാത്രമല്ലാത്ത ശക്തിയുടെ ബലത്തിലാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതെന്ന് റുകാന പ്രസ്താവിക്കുകയുണ്ടായി.

നബിയും പത്‌നി ആഇശയും തമ്മില്‍ നടത്തിയ ഓട്ട മത്സരം പ്രസിദ്ധമാണല്ലോ.12 തെറ്റുകളില്‍നിന്ന് മുക്തവും ശാരീരികവും മാനസികവും സ്വഭാവപരവുമായ മെച്ചപ്പെട്ട പോഷണത്തിന് സഹായകവുമായ എല്ലാതരം കായിക കേളികളും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഇനങ്ങളും രീതികളും കാലാനുസാരിയായി മാറിക്കൊണ്ടിരിക്കും.

നീന്തല്‍
തന്റെ ആറാം വയസ്സില്‍ മാതാവിന്റെ കൂടെ തന്റെ അമ്മാവന്മാരായ ബനൂ അദിയ്യിബ്‌നി ന്നജ്ജാര്‍ കുടുംബത്തില്‍ ഒരു മാസക്കാലം താമസിച്ച ഘട്ടത്തിലാണ് നീന്തല്‍ പഠിച്ചതെന്ന് തിരുമേനി പറയുകയുണ്ടായി.
ههنا نزلت بي أمّي وفي هذا الدّار قبر أبي عبد الله بن عبد المطلب وأحسنت العوم في بئر بني عدي بن النجّار.
'ഇവിടെയാണ് എന്റെ ഉമ്മ ഞാനുമായി താമസിച്ചത്, ഇവിടെയാണ് എന്റെ പിതാവ് അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ ഖബ്ര്‍. അദിയ്യ്ബ്‌നു ന്നജ്ജാര്‍ വംശത്തിന്റെ കിണറില്‍നിന്നാണ് ഞാന്‍ നന്നായി നീന്താന്‍ പഠിച്ചത്.'13

കുതിരസവാരി
ഉമര്‍(റ) പറഞ്ഞു:
علّموا أولادكم السّباحة والرماية ومروهم فليثبوا على ظهور الخيل وثبا
'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നീന്തലും അമ്പെയ്ത്തും പഠിപ്പിക്കുക, അവര്‍ ഒട്ടകങ്ങളുടെ പുറത്ത് ചാടിക്കയറട്ടെ.'14 മറ്റൊരിക്കല്‍ ഉമര്‍ പറഞ്ഞു:
علّموا اولادكم السّباحة والرّماية وركوب الخيل
'നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കുക. ഒരിക്കല്‍ നബി മെലിഞ്ഞ കുതിരകളെ ഉപയോഗിച്ച് ഹഫ്‌യാഇല്‍നിന്ന് സനിയ്യത്തുല്‍ വദാഇലേക്കും, മെലിയാത്ത കുതിരകളെ സനിയ്യയില്‍നിന്ന് മസ്ജിദുബനീ സുറൈഖിലേക്കും മത്സരത്തിന്റെ ഭാഗമായി ഓടിക്കുകയുണ്ടായി.

കുട്ടികളില്‍ മത്സരശീലം വളര്‍ത്തുക
നബി(സ) കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരെ മത്സരിക്കാന്‍ പ്രേരിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അവിടുന്ന് പിതൃവ്യന്‍ അബ്ബാസിന്റെ മക്കളായ അബ്ദുല്ലയെയും ഉബൈദുല്ലയെയും കസീറിനെയും വിളിച്ച്, എന്റെ അടുത്തേക്ക് മത്സരിച്ചോടി എത്തുന്നവര്‍ക്ക് ഇന്നയിന്ന സമ്മാനമുണ്ടെന്ന് പറയുമായിരുന്നു. അങ്ങനെ അവര്‍ നബിയുടെ പുറത്തും നെഞ്ചത്തും വന്നുവീഴുകയും അദ്ദേഹം അവരെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.' പതിനാല് വയസ്സുള്ള റാഫി ഉബ്‌നു ഖദീജും സമുറത്തുബ്‌നു ജുന്‍ദുബും തമ്മില്‍ നബി(സ) ഗുസ്തിമത്സരം നടത്തി. സമുറ, റാഫിഇനെ തോല്‍പിച്ചു. ഇരുവരുടെയും ശക്തി ഒരു യുദ്ധത്തില്‍ നേരിട്ടു കണ്ട നബി ഇരുവരെയും ചുംബിക്കുകയുണ്ടായി. റാഫിഅ് അമ്പെയ്ത്ത് വിദഗ്ധനും സമുറ ശക്തനായ മല്ലനുമായിരുന്നു.

മാനസിക പ്രതിരോധം
രോഗങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ശാരീരിക പ്രതിരോധത്തേക്കാള്‍ നമ്മെ ശക്തരാക്കുക മാനസിക പ്രതിരോധമായിരിക്കും. സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം അചഞ്ചലമായ വിശ്വാസം തന്നെയാണ് പ്രഥമമായും മുഖ്യമായും പ്രതിരോധ ശേഷി പകരുക.
قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَاۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿٥١﴾
'നബിയേ താങ്കള്‍ പറയുക: അല്ലാഹു വിധിച്ചതു മാത്രമേ ഞങ്ങളെ ബാധിക്കുകയുള്ളൂ. അവനാണ് ഞങ്ങളുടെ രക്ഷാധികാരി. ആയതിനാല്‍, സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ!' (തൗബ: 51)
واعلم أن الأمّة لواجتمعت على أن ينفعوك بشيئ لم ينفعوك إلّا بشيئ قد كتبه الله لك. ولواجمتمعو على أن يضرّوك بشيئ لم يضرّوك إلّا بشيئ قد كتبه الله عليك
'നീ അറിയുക, സമൂഹം ഒന്നടങ്കം നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒത്തൊരുമിച്ചാല്‍, അല്ലാഹു നിനക്ക് ചെയ്യാന്‍ വധിച്ചതുകൊണ്ടുമാത്രം ഉപകാരം ചെയ്യാനെ അവര്‍ക്കു കഴിയുകയുള്ളൂ. ഇനി, നിനക്ക് എന്തെങ്കിലും ഉപദ്രവം വരുത്താനാണ് അവര്‍ ഒത്തൊരുമിക്കുന്നതെങ്കില്‍ അല്ലാഹു നിനക്ക് വിധിച്ചത് മാത്രമേ ഉപദ്രവകരമായി ഭവിക്കുകയുള്ളൂ.'15

പ്രവാചകന്മാര്‍ മുതല്‍ താഴോട്ട് കാലാകാലങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ ജീവിച്ച മഹത്തുക്കള്‍ അത്യത്ഭുതകരമായ രീതിയില്‍ പ്രതിസന്ധികളെ മറികടന്നത് മുകളില്‍ പറഞ്ഞ വിശ്വാസബലത്താലാണ്. എല്ലാതരം ശാരീരിക അവശതകളെയും മറികടക്കാന്‍ വിശ്വാസ ബലത്തിനു കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ എമ്പാടുമുണ്ട്.

ഗുരു ഇബ്‌നു തൈമിയ്യയുടെ മാനസിക ബലം വിശദീകരിച്ചുകൊണ്ട് ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'അല്ലാഹുവിന്നറിയാം, ജീവിതത്തില്‍ ധാരാളം പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നുവെങ്കിലും ഇബ്‌നു തൈമിയ്യയേക്കാള്‍ സന്തുഷ്ട ജീവിതം നയിച്ച മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. തടവും ഭീഷണിയും അനുഭവിച്ചുവെങ്കിലും അദ്ദേഹം മനസ്സന്തോഷത്തോടെ ജീവിച്ചു. ഹൃദയദാര്‍ഢ്യം കാണിച്ചു. മുഖത്ത് എപ്പോഴും അത് പ്രതിഫലിച്ചിരുന്നു.16

പുലര്‍വേളയുടെ ബര്‍ക്കത്ത്
ശാരീരികവും മാനസികവുമായ ക്ഷമതയിലൂടെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നു. അത് നിലനിര്‍ത്താന്‍ ചില തുടര്‍നടപടികള്‍ ആവശ്യമാണ്. ചിട്ടയായ ചില ശീലങ്ങള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്.

ധൈഷണികവും പേശീപരവുമായ ഉന്മേഷം ഏറ്റവും കുടുതലായി നമുക്ക് ലഭിക്കുന്നത് അതിരാവിലെയാണ്. സ്വുബ്ഹ് വേളയില്‍ ഓസോണിന്റെ അളവ് ഉയര്‍ന്നതോതിലായിരിക്കും. മസ്തിഷ്‌ക കോശങ്ങളെ സജീവമാക്കാന്‍ അതിനു കഴിയും. സൂര്യോദയത്തോടെ അത് തീരെ ലഭ്യമല്ലാതാവും. സൂര്യോദയത്തോടെ ജീവകം സി ധാരാളമായി ലഭിക്കും. ക്രോട്ടിസോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നത് പുലര്‍വേളയിലാണ്. അതിരാവിലെ ഉണരുന്നതിന്റെയും ജീവിതായോധനത്തിലേര്‍പ്പെടുന്നതിന്റെയും നന്മയെ സംബന്ധിച്ച് നബി(സ) സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.
اللهم بارك لأمّتي في بكورها - وكان اذا بعث سريّة أو جيشا بعثهم من أول النهار وكان صخر رجلا تاجرًا وكان يبعث تجارته من أول النّهار فأثرى وكثر ماله
നബി ശിഷ്യന്‍ സ്വഖ്ര്‍ ബ്‌നു വദാഅല്‍ഹാമിദി നബിയില്‍നിന്ന് ഉദ്ധരിക്കുന്നു.
'അല്ലാഹുവേ, എന്റെ സമുദായത്തിന്റെ പ്രഭാതത്തില്‍ നീ അനുഗ്രഹം ചൊരിയേണമേ (എന്ന് നബി പ്രാര്‍ഥിച്ചിരുന്നു). നബി(സ) സൈന്യങ്ങളെ നിയോഗിച്ചിരുന്നത് അതിരാവിലെയായിരുന്നു. ഈ ഹദീസ് ഉദ്ധരിച്ച സ്വഖ്ര്‍ കച്ചവടക്കാരനായിരുന്നു. അദ്ദേഹം തന്റെ കച്ചവടയാത്രകള്‍ക്ക് തുടക്കം കുറിച്ചിരുന്നത് രാവിലെയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചു.'17 പ്രഭാതവേള പലതുകൊണ്ടും അനുഗൃഹീതമാണെന്നത് പ്രത്യേകം തെളിവ് ആവശ്യമില്ലാത്തവിധം ഏവര്‍ക്കും അനുഭവവേദ്യമാണ്.

നബിപുത്രി ഫാത്വിമ പറയുന്നു:
مرّ بي رسول الله وأنا مضطجعة فحرّكني ثمّ قال: يابنية! قومي اشهدي رزق ربّك ولا تكوني من الغافلين فان الله يقسم ارزاق الناس ما بين طلوع الفجر الى طلوع الشمس
'ഒരിക്കല്‍ നബി(സ) എന്റെ വീട്ടില്‍വന്നു. ഞാന്‍ കിടക്കുകയായിരുന്നു. അവിടുന്ന് എന്നെ ഇളക്കിവിളിച്ചു. എന്നിട്ടു പറഞ്ഞു: പൊന്നുമകളേ! എഴുന്നേല്‍ക്കൂ! നിന്റെ രക്ഷിതാവിന്റെ ആഹാരത്തിന് സാക്ഷിയാവുക. നീ അശ്രദ്ധരില്‍ പെടാതിരിക്കുക. തീര്‍ച്ചയായും അല്ലാഹു ജനങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വീതം വെക്കുന്നത് പ്രഭാതോദയത്തിന്റെയും സൂര്യോദയത്തിന്റെയും ഇടയിലാണ്.'18

വൃത്തി, ശുചിത്വം
ഇസ്‌ലാമിക ധര്‍മശാസ്ത്രവും കര്‍മശാസ്ത്രവും ആരംഭിക്കുന്നതു തന്നെ രണ്ടുതരം ശുദ്ധിയോടെയാണെന്നു പറയാം. ധര്‍മശാസ്ത്രം ആരംഭിക്കുന്നത് ബഹുദൈവവിശ്വാസമെന്ന മാലിന്യത്തില്‍നിന്നുള്ള ശുദ്ധിയോടെയാണ്. ഖുര്‍ആന്‍ പറയുന്നു:
فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ
'ആയതിനാല്‍, നിങ്ങള്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തെ വെടിയുക' (ഹജ്ജ്: 30)
وَثِيَابَكَ فَطَهِّرْ ﴿٤﴾ وَالرُّجْزَ فَاهْجُرْ ﴿٥﴾
'നിന്റെ വസ്ത്രം നീ വൃത്തിയാക്കുക, വിഗ്രഹത്തെ നീ വെടിയുക' (മുദ്ദസിര്‍: 4,5).
ഈ സൂക്തത്തില്‍ ആദര്‍ശപരവും ഭൗതികവുമായ രണ്ടുതരം മാലിന്യവും ചേര്‍ത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

രോഗപ്രതിരോധത്തിന്റെ മുഖ്യ ഊന്നലുകളിലൊന്നായ വിവിധ മേഖലകളിലെ ശുചിത്വവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍-നബി വചനങ്ങള്‍ വിശദീകരണം ആവശ്യമില്ലാത്തവിധം തെളിമയുള്ളവയാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍ ശുചിത്വം രോഗമുക്തിക്കുള്ള നിദാനമാണെന്നതിനേക്കാള്‍ സ്വന്തം നിലയില്‍ തന്നെ ഒരു ലക്ഷ്യമാണെന്നതാണ് വാസ്തവം. ശുചിത്വം ഒരേസമയം വിശ്വാസവും ജീവിത സമീപനവുമാണ്.
إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ

'തീര്‍ച്ചയായും അല്ലാഹു കൂടുതലായി പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധിപാലിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു' (ബഖറ 222).
ഖുബാ പള്ളിയിലെ വിശ്വാസി സമൂഹത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു:
فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُواۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ
'അവിടെ വിശുദ്ധി പാലിക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുണ്ട്. അല്ലാഹു വിശുദ്ധി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു' (തൗബ: 108).
ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ടുന്ന ശുചിത്വ ശീലങ്ങളെ സംബന്ധിച്ച് നബി(സ) നല്‍കിയ ചില നിര്‍ദേശങ്ങള്‍ ചുവടെ.

പ്രകൃതിചര്യകള്‍
خمس من الفطرة: الختان، والإستحداد، وقصّ الشارب، وقلم الظّفر، ونتف الآباط
'അഞ്ചുകാര്യങ്ങള്‍ പ്രകൃതിചര്യയാണ്. ചേലാകര്‍മം, ഗുഹ്യരോമം കളയല്‍, മീശവെട്ടല്‍, നഖം മുറിക്കല്‍, കക്ഷരോമം നീക്കല്‍.'19
وقّت في قصّ الشّارب وقلم الظفر ونتف الإبط وحلق العانة أن لا نترك ذلك من أربعة ليلة.
'മീശയും നഖവും കക്ഷ-ഗുഹ്യരോമങ്ങളും നാല്‍പതു ദിവസങ്ങള്‍ക്കപ്പുറം നീണ്ടുപോകാതെ നീക്കം ചെയ്യാന്‍ നബി(സ) ഞങ്ങള്‍ക്ക് സമയം നിശ്ചയിച്ചു തരികയുണ്ടായി.'20
من لم يأخذ من شاربه فليس منّا
'മീശവെട്ടാത്തവന്‍ നമ്മില്‍ പെട്ടവനല്ല.'21
ഒരാളെ ഉപദേശിച്ചു കൊണ്ട് നബി(സ) പറഞ്ഞു:
قلّم أظافرك فان الشيطان يقعد على ما طال منها
'നീ നിന്റെ നഖങ്ങള്‍ മുറിക്കുക. കാരണം, പിശാച് നീണ്ട നഖങ്ങളില്‍ ഇരിക്കുന്നു.'22
പ്രകൃതി ചര്യകളെ പത്തായും മറ്റൊരു ഹദീസില്‍ വിശദീകരിച്ചിരിക്കുന്നു.
عشر من الفطرة : قصّ الشارب، وإعفاء اللحية، والسواك، واستنشاق الماء وقصّ الأظفار، وغسل البراجم، ونتف الإبط، وحلق العانة وانتقاص الماء.
'പത്തുകാര്യങ്ങള്‍ പ്രകൃതിചര്യകളാണ്. മീശവെട്ടല്‍, താടി നീട്ടല്‍, ദന്തധാവനം, വെള്ളം മൂക്കില്‍ കയറ്റല്‍, നഖം മുറിക്കല്‍, പുരികം കഴുകല്‍, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം വടിച്ചുകളയല്‍, മല-മൂത്ര വിസര്‍ജനശേഷം വെള്ളമുപയോഗിച്ച് കഴുകല്‍.' ഹദീസ് നിവേദനം ചെയ്ത മിസ്വ്അബ് പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നു. പത്താമത്തേത് 'വായില്‍ വെള്ളം കൊപ്ലിക്കലാണെന്ന് എനിക്ക് തോന്നുന്നു.'23

മലമൂത്രാനന്തര ശൗച്യം
ഇസ്‌ലാമിക വിധിപ്രകാരം മലമൂത്രാനന്തര ശൗച്യം വളരെ പ്രധാനമാണ്. ഒരു മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഈ ശുചിത്വത്തിന്റെ അഭാവത്തില്‍ നിഷ്ഫലമാവും. ഇക്കാര്യത്തില്‍ നിഷ്ഠയില്ലാത്തവര്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടുമെന്ന് അവിടുന്ന് പറയുകയുണ്ടായി. രണ്ടുപേര്‍ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും അതിലൊരാള്‍ മൂത്രമൊഴിച്ച ശേഷം ശൗച്യം ചെയ്തിരുന്നില്ലെന്നും തിരുമേനി പറയുകയുണ്ടായി.
بلى إنه لكبير أما أحدهما فكان لايَسْتَتر من البول / لا يتنزّه من البول
'അത് വലിയ കുറ്റമാണ്, അവരിലൊരാള്‍ മൂത്രിക്കുമ്പോള്‍ ആളുകളില്‍നിന്ന് മറഞ്ഞിരിക്കുമായിരുന്നില്ല./ മൂത്രിച്ച ശേഷം ശൗച്യം ചെയ്തിരുന്നില്ല.24 വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കല്ലുള്‍പ്പെടെ ശൗച്യത്തിനു സഹായകമായ മറ്റുപാധികള്‍ സ്വീകരിക്കണം.

നബിയനുചരന്‍ സല്‍മാനുല്‍ ഫാരിസിയില്‍നിന്ന് നിവേദനം:
قيل له : قد علّمكم نبيكم كلّ شيئ حتى الخراءة فقال: أجلْ. لقدنهانا أن نستقبل القبلة لغائط أو بول أو أن نستنجي باليمين أو أن نسْتنجي بأقلّ من ثلاثة أحجار أو أن نستنجي برجيع أو بعظم
ചില ബഹുദൈവ വിശ്വാസികള്‍ സല്‍മാനുല്‍ ഫാരിസിയോട് പറഞ്ഞു: 'നിങ്ങളുടെ നബി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടല്ലോ!; മല-മൂത്രാനന്തര ശൗച്യം വരെ! സല്‍മാന്‍: 'അതെ, മല-മൂത്ര വിസര്‍ജന വേളയില്‍ ഖിബ്‌ലയുടെ നേരെ തിരിയരുതെന്നും, വലതുകൈകൊണ്ട് ശൗച്യം ചെയ്യരുതെന്നും, കല്ലാണെങ്കില്‍ മൂന്നില്‍ കുറയരുതെന്നും, ശൗച്യത്തിന് കാഷ്ഠമോ എല്ലോ ഉപയോഗിക്കരുതെന്നും അദ്ദേഹം ഞങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു.'25
ശൗച്യത്തിന് വലതു കൈ ഉപയോഗിക്കരുത്.
لا يمسكنّ أحدكم ذكره بيمينه وهو يبول ولا يتمسّح من الخلاء بيمينه
'മൂത്രമൊഴിക്കുമ്പോഴും ശൗച്യം ചെയ്യുമ്പോഴും വലതുകൈകൊണ്ട് നിങ്ങള്‍ ലിംഗം പിടിക്കരുത്'26 ഞാന്‍ നബിയുമായി അനുസരണ പ്രതിജ്ഞ ചെയ്ത ശേഷം വലതു കൈകൊണ്ട് എന്റെ ലിംഗം തൊട്ടിട്ടില്ലെന്ന് ഉസ്മാന്‍ (റ) പറയുകയുണ്ടായി. അത്തരം കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തിയ നിഷ്ഠയാണ് അത് സൂചിപ്പിക്കുന്നത്.
إذا شرب أحدكم فلا يتنفّس في الاناء واذا أتى الخلاء فلا يمسّ ذكره بيمينه ولا يتمسّح بيمينه
'നിങ്ങളിലാരെങ്കിലും കുടിച്ചാല്‍ പാത്രത്തിലേക്ക് ഉഛ്വസിക്കരുത്. വിസര്‍ജന സ്ഥലത്തെത്തിയാല്‍ വലതുകൈകൊണ്ട് ലിംഗം പിടിക്കരുത്, വലതു കൈകൊണ്ട് ശൗച്യം ചെയ്യരുത്.'27

ദന്തധാവനം
പല്ലും വായയും വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം നിരവധി നബിവചനങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്.
لولا أن أشق على المؤمنين لأمرتهم بالسّواك عند كلّ صلاة
'സത്യവിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ എല്ലാ നമസ്‌കാര വേളകളിലും പല്ലുതേക്കാന്‍ ഞാന്‍ അവരോട് കല്‍പിക്കുമായിരുന്നു.'28
اكثرت عليكم فى السّواك
'ദന്തധാവനവുമായി ബന്ധപ്പെട്ട് ഞാന്‍ നിങ്ങളെ ധാരാളമായി ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.29
വായയുടെ എല്ലാ ഭാഗവും നന്നായി വൃത്തിയാകത്തക്കവിധമായിരിക്കണം ദന്തധാവനം. അബൂമൂസല്‍ അശ്അരി ഉദ്ധരിക്കുന്നു:
اتيت النّبيّ وهو يستاك بسواك- وطرف السّواك على لسانه وهو يقول: اع اع والسّواك في فيه كأنه يتهوّع
'ഒരിക്കല്‍ ഞാന്‍ നബി(സ) ചെന്നു കണ്ടപ്പോള്‍ അവിടുന്ന് പല്ലുതേക്കുകയായിരുന്നു. ബ്രഷ് കൈയില്‍ പിടിച്ച് അതിന്റെ അറ്റം നാവില്‍ വെച്ച് ഛര്‍ദിക്കുന്നതുപോലെ അഅ്... അഅ്.... എന്ന് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.'30
വ്രതവേളയിലും ദന്തധാവനം അനുവദനീയമാണ്.
ആമിറുബ്‌നു റബീഅ ഉദ്ധരിക്കുന്നു:
رأيت رسول الله مالا أحصى يستاك وهو صائم
'നബി (സ) വ്രതമനുഷ്ഠിച്ചുകൊണ്ട് പല്ലു തേക്കന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.31

ദന്തധാവന നിഷ്ഠയില്ലാത്ത ചിലരെ ഉപദേശിച്ചുകൊണ്ട് ഒരിക്കല്‍ നബി(സ) പറഞ്ഞു:
مالي أراكم تأتوني قلحا استاكوا لولا أن أشق على أمّتي لفرضت عليهم السّواك كما فرضت عليهم الوضوء
'നിങ്ങള്‍ എന്താണ് പല്ലിലെ ഇത്തിളുമായി (മഞ്ഞപ്പൊറ്റ) എന്റെ അടുത്തേക്ക് വരുന്നത്. നിങ്ങള്‍ പല്ലുതേക്കുക. എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ വുദുനിര്‍ബന്ധമാക്കിയതുപോലെ ഞാന്‍ അവര്‍ക്ക് ദന്തധാവനവും നിര്‍ബന്ധമാക്കുമായിരുന്നു.'32  പല്ലുതേപ്പ് ഒരേസമയം വായയുടെ ശുചിത്വത്തിനും അല്ലാഹുവിന്റെ തൃപ്തിനേടാനും സഹായിക്കുന്നു.'33
السّواك مطهرة للفم مرضاة للرّبّ
നബി(സ) വീട്ടില്‍ പ്രവേശിച്ചാല്‍ ആദ്യം എന്താണ് ചെയ്തിരുന്നത് എന്ന ചോദ്യത്തിന് 'ദന്തധാവനം' എന്നായിരുന്നു പത്‌നി ആഇശയുടെ മറുപടിയെന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു.

ഗുഹ്യപ്രദേശം ശുചിയായി സൂക്ഷിക്കുക
സാധാരണയായും വലിയ അശുദ്ധിയാനന്തരം വിശേഷിച്ചും ഗുഹ്യഭാഗം വൃത്തിയാക്കുക നബിയുടെ രീതിയായിരുന്നു.
إذا غسل من الجنابة يبدأ فيغسل يديه ثمّ يفرغ بيمينه على شماله فيغسل فرجه ثمّ يتوضّأ وضوءه للصّلاة ثمّ يأخذ الماء ويدخل أصابعه في أصول الشّعر حتى إذا رأي أنّه قد استبرأ على حفن على رأسه ثلاث حثيات ثمّ أفاض على سائر جسده.
'നബി (സ) വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുമ്പോള്‍ ആദ്യമായി തന്റെ കൈകള്‍ കഴുകും. ശേഷം വലതുകൈകൊണ്ട് ഇടതുകൈയില്‍ വെള്ളമൊഴിച്ച് ഗുഹ്യഭാഗം കഴുകും. അനന്തരം നമസ്‌കാരത്തിനെന്നപോലെ വുദു എടുക്കും. അതുകഴിഞ്ഞ് വെള്ളമെടുത്ത് മുടിയുടെ മുരടുകളില്‍ വിരലുകള്‍ പ്രവേശിപ്പിച്ച് കഴുകും. വെള്ളം തൊലിയിലെത്തി എന്നു കണ്ടാല്‍ തലയില്‍ മൂന്നുതവണ വെള്ളം കോരി ഒഴിക്കും. ശേഷം ശരീരം മുഴുവന്‍ വെള്ളമൊഴിക്കും.'34 സ്ത്രീകള്‍ ആര്‍ത്തവാനന്തരവും ഇതേവിധം ശരീര ഭാഗങ്ങള്‍ വൃത്തിയാക്കണം. ആര്‍ത്തവത്തെയും ആര്‍ത്തവവേളയിലെ ലൈംഗിക ബന്ധത്തെയും സംബന്ധിച്ച് ഇസ്‌ലാമിന് വ്യക്തമായ നിലപാടുണ്ട്.
وَيَسْأَلُونَكَ عَنِ الْمَحِيضِۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴿٢٢٢﴾
'ആര്‍ത്തവത്തിന്റെ വിധിയെന്തെന്നും താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അത് ഒരു അശുദ്ധാവസ്ഥയാകുന്നു. ആ അവസ്ഥയില്‍നിന്ന് ശുദ്ധിയാകുന്നതുവരെ നിങ്ങള്‍ സ്ത്രീകളെ സമീപിക്കാതെ (ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ) അകന്നു കഴിയുക. അവര്‍ ശുദ്ധിയായി കഴിഞ്ഞാല്‍ അല്ലാഹു കല്‍പിക്കും വിധം നിങ്ങളവരെ സമീപിച്ചുകൊള്ളുക. തിന്മയില്‍നിന്ന് പിന്മാറുകയും വിശുദ്ധി നേടുകയും ചെയ്യുന്ന ജനത്തെയല്ലോ അല്ലാഹു സ്‌നേഹിക്കുന്നത്' (ബഖറ: 222).
ആര്‍ത്തവ വേളയില്‍ ലൈംഗിക ബന്ധമല്ലാത്ത എല്ലാം ആവാം എന്ന് അവിടുന്ന് പറയുകയുണ്ടായി.

اصنعوا كل شيئ إلّا النكاح
'ലൈംഗിക ബന്ധമല്ലാത്ത എല്ലാം ചെയ്തുകൊള്ളുക.'35
അറേബ്യ ജലം സമൃദ്ധമായി ലഭിക്കാത്ത പ്രദേശമായിരുന്നതിനാല്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുളിക്കണമെന്ന് നിര്‍ദേശിച്ചു.
حق على كل مسلم أن يغتسل كلّ سبعة أيام يوما يغسل فيه راسه وجسمه أو قال جسده
'ഒരു മുസ്‌ലിം ആഴ്ചയില്‍ ഒരു തവണയെങ്കിലും കുളിച്ചിരിക്കണം. തലയും ശരീരവും കഴുകിയിരിക്കണം.'36

വുദു (അംഗസ്‌നാനം)
ഇസ്‌ലാമിലെ പ്രഥമവും പ്രധാനവുമായ ആരാധനയായ നമസ്‌കാരത്തിന്റെയും മറ്റുചില ആരാധനകളുടെയും മുന്നോടിയായി നിര്‍ബന്ധമായും, മറ്റവസരങ്ങളില്‍ ഐഛികമായും നിര്‍വഹിക്കുന്ന ശുചീകരണാനുഷ്ഠാനമാണ് വുദു. അതിന്റെ പ്രാധാന്യവും ഭൗതികവും ആത്മീയവുമായ ഫലങ്ങളെക്കുറിച്ചും ധാരാളം നബിവചനങ്ങള്‍ കാണാം.
من توضّأ فأحسن الوضوء خرجت خطاياه من جسده حتى تخرج من تحت أظفاره
'ആരെങ്കിലും വുദു ചെയ്യുകയും അത് നല്ല രീതിയിലാവുകയും ചെയ്താല്‍ അയാളുടെ പാപങ്ങള്‍ അയാളുടെ ശരീരത്തില്‍നിന്ന് പുറത്തുപോകും; അയാളുടെ നഖങ്ങളില്‍നിന്നുപോലും.'37
നിലവിലുള്ള അഴുക്കുകള്‍ നീങ്ങുംവിധമാവണം വുദു.
إذا توضّأت فخلّل أصابع بديك ورجليك
'നീ വുദു ചെയ്യുമ്പോള്‍ നിന്റെ കാലുകളിലെയും കൈകളിലെയും വിരലുകള്‍ക്കിടയില്‍ വരയുക'38 (ഉരച്ചു കഴുകാന്‍ ശ്രദ്ധിക്കണം.)
توضّأ النّبي فجعل يدلك
'നബി ഉരസിക്കഴുകി വുദു ചെയ്യുകയുണ്ടായി.'39
مسح في وضوئه رأسه وأذنيه ظاهرهما وباطنهما
'നബി വുദു ചെയ്തപ്പോള്‍ തന്റെ തലയും അകവും പുറവും ഉള്‍പ്പെടെ ഇരു ചെവികളും തടവുകയുണ്ടായി.'
وادخل اصبعيه في صما خي أذنيه
'അദ്ദേഹം തന്റെ വിരലുകള്‍ രണ്ടു ചെവികളിലെയും ശ്രവണ നാളങ്ങളില്‍ പ്രവേശിപ്പിച്ചു.'40
وخلّل بين الأصابع وبالغ في الإستنشاق إلّا أن تكون صائما
'വിരലുകള്‍ക്കിടയില്‍ ചിക്കിക്കഴുകണം.'
നോമ്പുകാരനല്ലെങ്കില്‍ വുദു ചെയ്യുമ്പോള്‍ മൂക്കില്‍വെള്ളം നന്നായി കയറ്റി ചീറ്റണം.'41
اذ توضّأ العبد فمضمض خرجت الخطايا من فيه فاذا استنثر خرجت الخطايا من أنفه.
'ഒരു ദാസന്‍ വുദു ചെയ്യുമ്പോള്‍ വായില്‍ വെള്ളം കൊപ്ലിച്ചാല്‍ അയാളുടെ വായില്‍നിന്ന് പാപങ്ങല്‍ പുറത്തുപോവും. മൂക്കില്‍വെള്ളം കയറ്റി ചീറ്റിയാല്‍ അയാളുടെ മൂക്കില്‍നിന്ന് പാപങ്ങള്‍ പുറത്തുപോവും.'42

ഉറങ്ങിയുണരുമ്പോഴും ഭക്ഷണത്തിനു മുമ്പും ശേഷവും
إذا استيقظ احدكم من نومه فلا يغمس يده فى الإناء حتى يغسلها ثلاثا فإن احدكم لا يدري أين باتت يده.
'നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ മൂന്നു തവണ കഴുകുന്നതിനു മുമ്പ് കൈകള്‍ വെള്ളത്തില്‍ മുക്കരുത്. കാരണം, കൈകള്‍ രാത്രി എവിടെയാണ് രാപ്പാര്‍ത്തതെന്ന് നിങ്ങള്‍ക്ക് അറിയില്ല.'43
بركة الطعام الوضوء قبله وبعده
'കഴിക്കുന്നതിന്റെ മുമ്പും ശേഷവും കൈകഴുകുന്നതാണ് ഭക്ഷണത്തിന്റെ ബര്‍കത്ത്.'44
كان رسول الله إذا أراد أن ينام وهو جنب توضّأ واذا أراد أن يأكل أو يشرب غسل يديه ثمّ يأكل أو يشرب.
'വലിയ അശുദ്ധിയുള്ള അവസ്ഥയില്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ നബി വുദു ചെയ്യുമായിരുന്നു. തിന്നാനോ കുടിക്കാനോ ഉദ്ദേശിച്ചാല്‍ കൈകള്‍ കഴുകിയായിരുന്നു തിന്നുകയും കുടിക്കുകയും ചെയ്തിരുന്നത്.'45
വലതു കൈകൊാണ് ഭക്ഷണം കഴിക്കുകയെങ്കിലും രുകൈകളും കഴുകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ചില ഇടങ്ങളില്‍ മല-മൂത്രവിസര്‍ജനം പാടില്ല
اتقوا الملاعن الثلاثة: البراز في الموارد وقاعة الطريق والظّلّ
'നിങ്ങള്‍ മൂന്ന് ശാപഹേതുക്കളെ സൂക്ഷിക്കുക. ജലസ്രോതസ്സുകളിലെയും വഴിക്കവലയിലെയും തണലിലെയും മലമൂത്രവിസര്‍ജനം.'46
اتقوا اللّاعنين قالوا: وما اللاعنان قال: الذي يتخلّى في طريق الناس و ظلّهم.
'രണ്ടു ശാപകാരികളെ നിങ്ങള്‍ സൂക്ഷിക്കുക. സ്വഹാബികള്‍ ചോദിച്ചു. എന്താണ് ശാപകാരികള്‍? നബി: ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും തണലിലും വിസര്‍ജിക്കുന്നവര്‍.'47

മണ്ണ് ശുചീകരണോപാധി
ഇതര ശുചീകരണോപാധികള്‍ കണ്ടെത്തുന്നതിന് മുമ്പ് മണ്ണ് വ്യാപകമായി ശുചീകരണോപാധിയായി സ്വീകരിക്കപ്പെട്ടിരുന്നു. ഈ വിഷയകമായി ചില നബിവചനങ്ങള്‍ കാണുക.
طهور اناء أحدكم إذا ولغ الكلب في إناء أحدكم فليغسله سبع مرّات أولا هنّ بالتراب.
'നായമുഖമിട്ട നിങ്ങളുടെ പാത്രം വൃത്തിയാക്കേണ്ടത് ഏഴുപ്രാവശ്യം കഴുകിയാണ്. അതില്‍ ഒന്ന് മണ്ണുകൊായിരിക്കണം.'48
إذا ولغ الكلب في الإناء فاغسلوه سبع مرّات، وعفّروه الثامنة في التراب
'പാത്രത്തില്‍ നായമുഖം പ്രവേശിച്ചിപ്പിച്ചാല്‍ നിങ്ങള്‍ അത് ഏഴു തവണ കഴുകുക. എട്ടാമത്തെ തവണ നിങ്ങള്‍ അതില്‍ മണ്ണ് പുരട്ടുക.'49
നബി(സ) വിസര്‍ജനാനന്തരം മണ്ണുകൊണ്ട് വൃത്തിയാക്കിയതായി കാണാം.
ثمّ ضرب بيده الأرض فدلكها دلكا شديدًا
'പിന്നീട് അവിടുന്ന് തന്റെ കൈ മണ്ണില്‍ ശക്തിയായി ഉരസി.'50


വ്യക്തിപരവും ഗാര്‍ഹികവുമായ പ്രതിരോധം
من نام وبيده غمر قبل أن يغسل فأصابه شيئ فلا يلومنّ الّا نفسه
'കൈകഴുകാതെ എന്തെങ്കിലും പശിമയോടെ ആരെങ്കിലും ഉറങ്ങുകയും കൈയില്‍ വല്ല വിപത്തും ഏല്‍ക്കുകയും ചെയ്താല്‍ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.'51

മാംസത്തിന്റെയോ നെയ്യിന്റെയോ മറ്റോ പശിമയോടെ കൈകഴുകാതെ ഉറങ്ങാന്‍ കിടന്നാല്‍ ചിലപ്പോള്‍ എലിയോ പൂച്ചയോ മറ്റോ കടിക്കാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം.
إذا تنخّع بين يدى القوم فليوار بكفّيه حتى تقع نخاعته إلى الأرض
'ആളുകള്‍ക്കിടയില്‍ കാര്‍ക്കിക്കേണ്ടിവന്നാല്‍ കഫം നിലത്തുവീഴാതിരിക്കാന്‍ കൈകൊണ്ടു വായമൂടണം.'52
انّ النّبي كان إذا عطس غطّى وجهه بيده أو بثوبه وغضّ بها صوته
'നബി തുമ്മിയാല്‍ കൈകൊണ്ടോ വസ്ത്രം കൊണ്ടോ മുഖം പൊത്തുകയും ശബ്ദം താഴ്ത്തുകയും ചെയ്തിരുന്നു.'53

ഒരിക്കല്‍ ഒരു സംഘമാളുകള്‍ നബിയെകാണാന്‍ വന്നു. അവരുമായി സംസാരിക്കുന്നതിനിടെ, തന്റെ ചുറ്റുഭാഗത്തുമുള്ളവരുടെ ശരീരത്തിലായേക്കുമെന്ന് ഭയന്ന് നബി തുപ്പല്‍ നീര് കൈയിലെടുത്ത് ചെരിപ്പില്‍ തുടക്കുകയുണ്ടായി.'54

കോട്ടുവായ
إذا تثاءب أحدكم فليضع يده بفيه فان الشيطان يدخل فيه
'നിങ്ങളിലൊരാള്‍ കോട്ടുവായയിട്ടാല്‍ തന്റെ കൈ വായമേല്‍ വെച്ചുകൊള്ളട്ടെ. നിശ്ചയം പിശാച് അതിലൂടെ പ്രവേശിക്കുന്നതാണ്.'55

ഗാര്‍ഹിക ശ്രദ്ധയും ജാഗ്രതയും
أغلقوا الأبواب، واوكؤو السّقاء، واكفوا الإناء وأطفئوا المصباح فان الشيطان لا يفتح ولا يحلّ وكاء، ولا يكشف إناء وإن الفويسقة تضرم على الناس بيتهم
'നിങ്ങള്‍ വാതില്‍ അടക്കുകയും (വെള്ളംനിറച്ച) തോല്‍പാത്രങ്ങള്‍ കെട്ടിവെക്കുകയും പാത്രങ്ങള്‍ മൂടിവെക്കുകയും കമിഴ്ത്തി വെക്കുകയും വിളക്ക് കെടുത്തുകയും ചെയ്യുക. കാരണം, പിശാച് അടച്ചവ തുറക്കുകയോ, തോല്‍പാത്രത്തിന്റെ കെട്ടഴിക്കുകയോ, പാത്രം തുറന്നു വെക്കുകയോ ചെയ്യാറില്ല. എലി മനുഷ്യരുടെ വീടുകള്‍ അഗ്നിക്കിരയാക്കുന്നതാകുന്നു.'56

അറേബ്യയില്‍ തോല്‍പാത്രങ്ങളിലാണ് പണ്ട് വെള്ളം സൂക്ഷിച്ചിരുന്നത്. എണ്ണയുടെ തിരികളായിരുന്നു പുരാതനകാലത്തെ വിളക്കുകള്‍. വീട്ടുകാര്‍ ഉറങ്ങി രംഗം ശാന്തമായി കഴിഞ്ഞാല്‍ എണ്ണപ്പശിമ മൂലം എലികള്‍ ആ തിരികള്‍ കടിച്ചു കൊണ്ടുപോവുകയും അഗ്നി ബാധയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. അതാണ് വിളക്കുകള്‍ അണയ്ക്കാന്‍ കല്‍പിച്ചത്.
جاءت فأرة فأخذت تجرّ الفتيلة فذهبت الجارية تزجرها. فقال النبي دعيها. فجاءت بها فألقتها على الخمرة الّتي كان قاعدًا عليها فاحترق منها مثل موضع درهم فقال رسول الله : ءاذانمتم فاطفئوا سرجكم فان الشيطان يدلّ مثل هذه فتحرقكم
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു എലിവന്ന് എണ്ണത്തിരി വലിച്ചെടുത്തുകൊണ്ടുപോയി. അടിയാത്തി അതിനെ ആട്ടുവാന്‍ പോയപ്പോള്‍ നബി(സ) വിലക്കി. എലി തിരികൊണ്ടുപോയി നബി ഇരിക്കാറുള്ള ഒരു പടത്തില്‍ ഇടുകയും ഒരു നാണയത്തിന്റെ വട്ടത്തില്‍ അത് കരയുകയും ചെയ്തു. അപ്പോള്‍ അവിടുന്നു കല്‍പിച്ചു. 'നിങ്ങള്‍ ഉറങ്ങുമ്പോള്‍ വിളക്കുകള്‍ കെടുത്തുക. കാരണം, ഇതുപോലുള്ളതിന് പിശാച് വഴി തെളിക്കുകയും നിങ്ങള്‍ക്ക് അഗ്നിബാധ ഏല്‍പിക്കുകയും ചെയ്യുന്നതാണ്.'57
استيقظ النّبي (ص) ذات ليلة فاذا فأرة قد أخذت الفتيلة فصعدت إلى السّقف لتحرق عليهم البيت فلعنها النّبيّ وأحل قتلها للمحرم.
നബി(സ) ഒരു രാത്രി ഉണര്‍ന്നപ്പോള്‍ എലി എണ്ണത്തിരിയുമായി വീട് കരിക്കാനായി മച്ചിന്‍ പുറത്തേക്കു കയറി. അപ്പോള്‍ നബി അതിനെ ശപിക്കുകയും ഇഹ്‌റാം ചെയ്തവനു വരെ അതിനെ കൊല്ലാന്‍ അനുവദനീയമാക്കുകയും ചെയ്തു.58
لا تتركوا النّار في بيوتكم حين تنامون
'നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് വീടുകളില്‍ തീ വിട്ടേച്ചു പോകരുത്.'59
'മദീനയിലെ ഒരു വീട് അതില്‍ ആളുകളുണ്ടായിരിക്കെ രാത്രിയില്‍ കത്തി. വിവരമറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: 'തീ നിങ്ങളുടെ ശത്രുവാകുന്നു. അതുകൊണ്ട് നിങ്ങള്‍ ഉറങ്ങുമ്പോള്‍ അത് കെടുത്തിക്കളയുക.'60
إنّ النّبيّ أمر بتعليق السّوط في البيت
'ചാട്ടവാര്‍ വീട്ടില്‍ കെട്ടിത്തൂക്കിയിടാന്‍ നബി(സ) കല്‍പിക്കുകയുണ്ടായി.'61 അറബികള്‍ വാഹനപ്പുറത്ത് യാത്ര ചെയ്തിരുന്നവരാണ്. പുറത്തേക്കിറങ്ങി വരുമ്പോഴെല്ലാം മൃഗവും ചാട്ടവാറും അവരെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്. എപ്പോഴും ആവശ്യം വരുന്ന സാധനം അലസമായി എവിടെയെങ്കിലും വെച്ചാല്‍ ഉദ്ദേശിച്ച സമയത്ത് ലഭിക്കുകയില്ല. തെരഞ്ഞ് സമയം നഷ്ടപ്പെടുകയും ചെയ്യും.
إيّاكم والسّمر بعد هدوء اللّيل فان أحدكم لا يدري ما يبثّ الله من خلقه غلّقوا الأبواب، وأوكئوا السّقاء وأكفئوا الإناء وأطفئوا المصابيح
'രാത്രി ശാന്തമായി കഴിഞ്ഞ ശേഷം സംസാരിച്ചിരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുക. കാരണം, തന്റെ സൃഷ് ടികളില്‍ ഏതിനെയെല്ലാമാണ് അന്നേരം അല്ലാഹു അഴിച്ചുവിടുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. വാതിലുകളടക്കുകയും തോല്‍പാത്രങ്ങള്‍ കെട്ടുകയും പാത്രങ്ങള്‍ മൂടിവെക്കുകയും വിളക്കുകള്‍ കെടുത്തുകയും ചെയ്യുക.62
كفّوا صيانكم حتى تذهب فحمة -أوفورة- العشاء ساعة تهبّ الشياطين
'സന്ധ്യയുടെ ഇരുട്ടു നീങ്ങുന്നതുവരെ കുട്ടികള്‍ പുറത്തു പോകുന്നത് തടയുക. പിശാചുക്കള്‍ വ്യാപകമായി സഞ്ചരിക്കുന്ന സമയമാണത്.'63
ഭൗതിക സംവിധാനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നവയല്ല പിശാചുക്കളും അവയുടെ പ്രവര്‍ത്തനങ്ങളും. വിശ്വാസികളെ സംബന്ധിച്ചേടത്തോളം വഹ് യനുസരിച്ച് സംസാരിക്കുന്ന നബിയുടെ ഉപദേശം എത്രയും ധാരാളമാണ്.

വീടു ശുചീകരണം
نظّفوا أفنيتكم ودوركم ولا تشبّهوا باليهود ألتى تجمع الأكباد في دورها
'നിങ്ങളുടെ മുറ്റങ്ങളും വീടുകളും നിങ്ങള്‍ വൃത്തിയാക്കുക. വീടുകളില്‍ അടിക്കാട്ടങ്ങള്‍ കൂട്ടിവെക്കുന്ന യഹൂദന്മാരെ പോലെ നിങ്ങളാവരുത്.'64


ആഹാര പാനീയങ്ങളിലെ ശുചിത്വം
كان رسول الله اذا أراد أن ينام وهو جنب توضَأ وضوئه للصّلوة فاذا أراد أن يأكل أو يشرب غسل كفّيه ثمّ يأكل أو يشرب إن شاء.
'നബി(സ) വലിയ അശുദ്ധി ഉള്ള അവസ്ഥയില്‍ ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ നമസ്‌കാരത്തിനെന്ന പോലെ വുദു ചെയ്യും. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഉദ്ദേശിച്ചാല്‍ ഇരു മുന്‍കൈകളും കഴുകിയ ശേഷം തിന്നുകയോ കുടിക്കുകയോ ചെയ്യും.'65
إذا أكل أحدكم فليأكل بيمينه واذا شرب فليشرب بيمينه فإن الشيطان يأكل بشماله ويشرب بشماله
'നിങ്ങളിലൊരാള്‍ തിന്നുമ്പോള്‍ വലതുകൈകൊണ്ടു തിന്നട്ടെ, കുടിക്കുമ്പോള്‍ വലതുകൈകൊണ്ട് കുടിക്കട്ടെ. കാരണം, പിശാച് ഇടതു കൈകൊണ്ടു തിന്നുന്നു, ഇടതുകൈകൊണ്ട് കുടിക്കുന്നു.'66
نهى أن يتنفّس في الإناء أو ينفخ فيه
'പാത്രത്തിലേക്ക് ഉഛ്വസിക്കുന്നതും ഊതുന്നതും നബി(സ) നിരോധിച്ചു.'67
نهى رسول الله عن الشرب من فم القربة
'തോല്‍പാത്രത്തില്‍നിന്ന് വെള്ളം ഒഴിച്ചെടുക്കുന്നതിനു പകരം, അതില്‍ വായ വെച്ച് കുടിക്കുന്നത് നബി(സ) നിരോധിച്ചു.'68
ആഇശ(റ) പറയുന്നു:
نهى رسول الله أن يشرب في السّقاء لأنّ ذلك ينتنه
'വെള്ളപാത്രത്തില്‍ വായ വെച്ചു കുടിക്കുന്നത് നബി(സ) നിരോധിച്ചു. കാരണം, അത് അതിനെ ദുര്‍ഗന്ധമുള്ളതാക്കും.'69

വലതുവശത്തുനിന്നു തുടങ്ങുക
ശുചിത്വവുമായി ബന്ധമില്ലാത്തതും എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായതുമായ ധാരാളം നിര്‍ദേശങ്ങള്‍ നബി(സ)യില്‍നിന്ന് വേറെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഏതുകാര്യവും പ്രവൃത്തിയും വലതുഭാഗത്തുനിന്നു തുടക്കം കുറിക്കുക എന്നതാണ് ഇസ്‌ലാമിക രീതി. ഒരിക്കല്‍ പാലും വെള്ളവും ചേര്‍ത്ത പാനീയം നബിക്ക് കുടിക്കാനായി ഒരാള്‍ കൊണ്ടു കൊടുത്തു. നബിയുടെ വലതുവശത്ത് ഒരു ഗ്രാമീണ അറബിയും ഇടതുവശത്ത് അബൂബക്‌റു(റ) മായിരുന്നു. നബി ആദ്യം കുടിച്ചശേഷം വലതുവശത്തിരുന്ന ഗ്രാമീണനും ശേഷം ഇടതുവശമുള്ള അബൂബക്‌റിനും കൊടുത്തു. എന്നിട്ട് പറഞ്ഞു:

الأيمن فا لأيمن (വലതുവശം പിന്നെ തൊട്ടടുത്ത വലതുവശം)70
വലതുവശം ശുഭാവസ്ഥയുടെയും ബറകത്തിന്റെയും ധാര്‍മികതയുടെയും പ്രതീകമായാണ് ഇസ്‌ലാമികമായി വീക്ഷിക്കപ്പെടുന്നത്. മനുഷ്യരുടെ നല്ല പ്രവൃത്തികള്‍ അവരുടെ വലതുവശത്തും തിന്മകള്‍ ഇടതുവശവും മലക്കുകള്‍ എഴുതിവെക്കുന്നു എന്നത് ഇസ്‌ലാമിലെ ഒരു വിശ്വാസ കാര്യമാണല്ലോ. സ്വര്‍ഗവാസികളെ 'അസ്വ്ഹാബുല്‍ യമീന്‍' (വലതുപക്ഷക്കാര്‍) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
كان النّبيّ (ص) يعجبه التّيمّن في تنعّله وترجله وطهوره وفي شأنه كلّه

'ചെരിപ്പ് ധരിക്കുമ്പോഴും മുടിവാരുമ്പോഴും ശുചീകരണത്തിലും എല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കാന്‍ നബി ഇഷ്ടപ്പെട്ടിരുന്നു.'71
انّ الرّسول (ص) كان يحبّ التيا من مااستطاع في شأنه كلّه
'നബി (സ) തന്റെ എല്ലാ കാര്യങ്ങളിലും വലതുവശം മുന്തിക്കാന്‍ ഇഷ്ടപ്പെടുമായിരുന്നു.
إذا انتعل أحدكم فليبدأ باليمين واذا نزع فليبدأ بالشمال لتكن اليمنى اولهما تنعل واخرهما تنزع
'നിങ്ങളാരെങ്കിലും ചെരിപ്പ് ധരിക്കുമ്പോള്‍ വലതുചെരിപ്പ് ആദ്യം ധരിക്കണം. അഴിക്കുമ്പോള്‍ ആദ്യം ഇടത് അഴിക്കണം. വലത്തേതായിരിക്കണം ആദ്യം ധരിക്കുന്നത്; അവസാനമായി അഴിക്കുന്നതും.'72

വലതുവശത്തിന് മുന്‍ഗണന നല്‍കുക, വലതുകൈകൊണ്ട് ചെയ്യുക എന്നിവ മുഹമ്മദ് നബിയുടെ ശരീഅത്തില്‍ മാത്രം നടപ്പിലാക്കിയ നിയമമല്ല. ഉല്‍പത്തി പുസ്തകത്തിലെ ബിന്‍യാമീന്‍ ബ്‌നു യഅ്ഖൂബ് എന്ന നാമപദം ഉദാഹരണം. 'വലതിന്റെ പുത്രന്‍' എന്നാണ് അതിന്റെ അര്‍ഥം. ബര്‍കത്തിന്റെ മകന്‍ അഥവാ ബര്‍കത്തുള്ള മകന്‍ എന്നും അര്‍ഥമുള്ളതായി ഒരു വിശുദ്ധ വേദ നിഘണ്ടുവില്‍ കാണാം. പുരാതനകാലത്ത് യഹൂദികള്‍ ആരാധനകള്‍ നിര്‍വഹിച്ചിരുന്നപ്പോള്‍ പുരോഹിതന്മാര്‍ വലതുഭാഗത്തായിരുന്നു നിന്നിരുന്നത്. പുതിയ പുരോഹിതന്മാരെ ആരാധനാ ചടങ്ങുകള്‍ക്ക് നിയമിക്കുമ്പോള്‍ ചടങ്ങിന്റെ വലതു ഭാഗത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കുമായിരുന്നു.

ക്രിസ്തുമതത്തിലും വലതുവശത്തിനു തന്നെയാണ് പ്രാധാന്യം. അതിഥിയെ വലതുഭാഗത്തിരുത്തി ആദരിക്കണമെന്നാണ് സുവിശേഷം പറയുന്നത്. യേശു ആകാശത്തിലേക്ക് കയറിയ ശേഷം ദൈവത്തിന്റെ വലതു വശത്താണിരിക്കുക. മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ കാണാം: 'അന്ത്യനാളില്‍ പുണ്യവാന്മാര്‍ യേശുവിന്റെ വലതുവശത്താണിരിക്കുക; ദുഷ്ടന്മാര്‍ ഇടതുവശത്തും. എന്നിട്ട്, വലതുവശത്തുള്ളവരോട്, പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പെ നിങ്ങള്‍ക്ക് വേണ്ടി സംവിധാനിക്കപ്പെട്ട സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ പ്രവേശിച്ചോളൂ എന്നു യേശു പറയും.' ഈസാനബിയുടെ താഴെ ഉപദേശം പ്രസിദ്ധമാണല്ലോ. 'നിന്റെ വലതു ചെയ്തത് ഇടുത കൈ അറിയാതിരിക്കട്ടെ.'73

മനുഷ്യരില്‍ തിന്മ വളര്‍ത്താന്‍ സദാശ്രമിച്ചുകൊണ്ടിരിക്കുന്ന പിശാചിനെ ജീവിതത്തിന്റെ സമസ്ത സന്ദര്‍ഭങ്ങളിലും പരാജയപ്പെടുത്താനുള്ള പ്രതീകാത്മകമായ അനുഷ്ഠാനമാണ് യഥാര്‍ഥത്തില്‍ ഈ 'വലതുപക്ഷ'ാനുഷ്ഠാനംകൊണ്ട് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.74

ധിക്കാരപൂര്‍വം ഇടതുകൈ മാത്രമേ ഉപയോഗിക്കൂ എന്നു പറഞ്ഞ ആളുടെ ദുര്യോഗം ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം:
إن رجلا أكل عند رسول الله بشماله فقال: كل بيمينك قال: لا أستطيع قال: لا استطعت - ما منعه إلّا الكبر قال: فما رفعها الى فيه
'ഒരാള്‍ നബി(സ)യുടെ അടുത്ത് വെച്ച് ഇടതുകൈകൊണ്ട് ഭക്ഷണം കഴിച്ചു. വലതുകൈകൊണ്ട് ഭക്ഷിക്കാന്‍ നബി(സ) നിര്‍ദേശിച്ചപ്പോള്‍ 'എനിക്ക് കഴിയില്ല' എന്ന് അഹങ്കാരപൂര്‍വം അയാള്‍ പ്രതികരിച്ചു. നബി(സ) പറഞ്ഞു: 'നിങ്ങള്‍ക്ക് അതിന് കഴിയാതിരിക്കട്ടെ.' അയാള്‍ക്ക് കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.'75

കുറിപ്പുകള്‍

1. مسند أحمد
2. البخاري ، أدب المفرد
3. الترمذي
4. مسلم
5. حاكم ، ابن ماجه ، مضف ابن تيسية ، دار قطني ، القضاعي في مسند الشهاب ، أبو نعيم الإصبهاني
6. أحمد ، ترمذي
7. مسند أحمد
8. كنز العمّال
9. البخاري
10. السيوطي ، الباحة في فضل الشباحة
11. الجامع الصّغير للسّيوطي
12. سنن أبي داود ، مسند أحمد
13. السّيوطي الباحة في فضل السّباحة
14. الطّبراني
15. الترمذي ، أحمد
16. الوابل الصّيّب
17. ابوداود ، ترمذى ، ابن ماجه ، أحمد
18. البيهقي
19. البخاري ، مسلم
20. مسلم
21. ترمذي
22. الخطيب في الجامع (صعين)
23. مسلم
24. بخارى ، مسلم
25. مسلم
26. بخاري، مسلم
27. بخارى ، مسلم
28. البخاري، مسلم
29. البخاري
30. البخاري ، مسلم
31. البخاري

32. مسند أحمد، غريب الحديث الهروي (138)، التاريخ الكبير للبخاري (522)، مسند أبو يعلى الموصلي (6668)، معرفة الصحابة، أبونعيم (1237)، مسند أبي حنيفة (44)
33. أحمد، النسائي ، الترمذي
34. البخاري ، مسلم
35. مسلم
36. البخاري ، مسلم
37. مسلم
38. الترمذي حسنه البخاري
39. أبوداود
40. أبوداود والطّحاوي
41. رواه الخمسة وصحّحه الترمذي
42. ابن عبد البرّ، ابن ماجه، أحمد، النساني
43. مسلم
44. الترمذي
45. النّسائي، صححه الألباني
46. البخاري، مسلم
47. مسلم
48. مسلم
49. مسلم (280)
50. مسلم
51. البخاري، الأدب المفرد، أبوداود، أحمد، البيهقي
52. البخاري، الأدب المفرد
53. أحمد ابوداود ترمذي، البغوي
54. البخاري، أدب المفرد، أحمد، حاكم، كنز العمّال، مجمع الزّوائد
55. البخاري، أدب المفرد، أحمد، مضفّ عبد الرّزّاق
56. البخاري، أدب المفرد، مشكل الآثار 2/21، تجريب التمهيد 497، الترمذي
57. البخاري، أدب المفرد، أبوداود 5247
58. البخاري، أدب المفرد، الطّحاوي، حاكم
59. البخاري، أدب المفرد، مسلم، أبوداود، الترمذي، ابن ماجة، أحمد، مضفّ بن أبي تيسبة
60. البخاري، أدب المفرد، مسلم، ابن ماجه
61. البخاري، أدب المفرد، مضّف عبد الرّزّاق، مجمع الزّوائد
62. البخاري، أدب المفرد، أحمد
63. البخاري، أدب المفرد، مسلم
64. الألباني، حديث حسن
65. أحمد، البخاري، مسلم
66. مسلم
67. الترمذي وغيره
68. البخاري
69. الحاكم
70. البخاري، مسلم
71. البخاري: (166)
72. البخاري (5517)
73. http://us.moheet.com
74. ابن حجر 15/311
75. مسلم (2021)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top