ഇജ്തിഹാദിന്റെ നിദാനങ്ങള്‍ പിഴക്കുമ്പോള്‍

സലീല‌‌
img

കര്‍മശാസ്ത്ര നിദാനശാസ്ത്രപ്രകാരം ഇജ്തിഹാദിന് അതിന്റേതായ മാനദണ്ഡങ്ങളും നിദാനങ്ങളുമുണ്ട്, മുജ്തഹിദിന് അയാള്‍ നേടിയിരിക്കേണ്ടതായ യോഗ്യതകളുമുണ്ട്. അവയുടെ അഭാവത്തില്‍ ഇജ്തിഹാദ് അതീവ ഗുരുതരമായ അബദ്ധങ്ങളിലും വിധിതീര്‍പ്പുകളിലും ചെന്നുവീഴും. ഇതിനു സാധാരണയായി കാരണമാവുന്ന ചില വശങ്ങളെക്കുറിച്ചാണ് ഈ ലഘുപഠനം.

1. തെറ്റായ പ്രമാണ വായന
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും യഥാവിധി മനസ്സിലാക്കിയുള്ളതാവണം ഇജ്തിഹാദ്. രണ്ടിലും ഇല്ലെങ്കില്‍ മാത്രമാണ് അവ മുമ്പില്‍ വെച്ചുകൊണ്ടുള്ള ഇജ്തിഹാദിന് സാധുത കൈവരുന്നത്. നബി(സ)യുടെ ഉന്നതാധികാരികളായ അബൂബക്‌റും ഉമറും ഈ വിധമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഉമര്‍, ഖാദി ശുറൈഹിനും മറ്റും അയച്ച കത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു:
أن اقض بكتاب الله فان لم تجد فبسنّة رسول الله فان لم تجد فاقض بما قضي به الصّالحون وإلّا فاجتهد رأيك.
'അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കണം. അതില്‍ കണ്ടില്ലെങ്കില്‍ അല്ലാഹുവിന്റെ ദൂതന്റെ ചര്യയനുസരിച്ച് വിധിക്കണം. അതിലും കണ്ടില്ലെങ്കില്‍ സച്ചരിതര്‍ വിധിച്ചതനുസരിച്ച് വിധിക്കണം. അതിലുമില്ലെങ്കില്‍ നിങ്ങള്‍ ഗവേഷണം ചെയ്ത് അഭിപ്രായം സ്വരൂപിക്കണം.لا اجتهاد مع النّص' പ്രമാണങ്ങള്‍ പരിശോധിക്കാതെ അഭിപ്രായം രൂപവല്‍ക്കരിക്കുന്നത് തെറ്റാണെന്ന് സാരം. തെറ്റുപറ്റാത്ത പ്രമാണത്തെ ഒഴിവാക്കി തെറ്റുപറ്റുന്ന അഭിപ്രായത്തെ പിന്‍പറ്റുന്നത് അനിസ്‌ലാമികമാണെന്ന് ചുരുക്കം.  -'പ്രമാണമുള്ളപ്പോള്‍ ഇജ്തിഹാദ് സാധുവല്ല' എന്നു പറയാന്‍ അതാണ് കാരണം. ഇത് പല രീതികളില്‍ സംഭവിക്കാം. പ്രമാണമുള്ള കാര്യം അറിയാതിരിക്കുക എന്നതാണ് ഒരു കാരണം. ഖുര്‍ആന്റെ കാര്യത്തില്‍ സാമാന്യമായും ഹദീസിന്റെ വിഷയത്തില്‍ സവിശേഷമായും ഈ അജ്ഞത പലരിലും കാണാം.

തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ, സ്വേഛയുടെ താല്‍പര്യത്താലോ, പക്ഷപാതിത്വത്താലോ, പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയോ മറ്റോ പ്രമാണത്തെ ഗൗരവത്തില്‍ വായിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് പല പിഴവുകളും സംഭവിക്കുന്നത്.
കളഞ്ഞുകിട്ടിയ കുട്ടിയെ കിട്ടിയ ആളുടെ വംശജനായി പരിഗണിക്കാമോ?
വീണുകിട്ടിയ കുട്ടികളെ വംശസന്താനമായി പരിഗണിക്കാമെന്ന ബഹ്‌റൈന്‍ സുപ്രീംകോടതിയുടെ വിധി തെറ്റായ ഇജ്തിഹാദിന്റെ മികച്ച ഉദാഹരണമാണ്.
ബഹ്‌റൈനിലെ നീതിന്യായ മന്ത്രി അയച്ച കത്തിന് സുപ്രീംകോടതി നല്‍കിയ വിധി ഇങ്ങനെ വായിക്കാം: 1983 ജൂലൈ 3-ന് (ഹി. 1403 റമദാന്‍ 23) നിങ്ങളയച്ച 10/169/83 കത്തിന്റെ മറുപടി: വീണുകിട്ടിയ കുട്ടിയെ സംരക്ഷിക്കാനുള്ള വ്യക്തിയുടെ അകൈതവമായ താല്‍പര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇസ്‌ലാം ഏതു വിഷയത്തിലും നീതിപൂര്‍വകമായ പരിഹാരം വിധിക്കുന്നുണ്ട്. വീണുകിട്ടുന്ന കുട്ടികള്‍, ജാരസന്തതികള്‍, വംശമറിയാത്ത കുട്ടികള്‍ മുതലായവരുടെ പ്രശ്‌നങ്ങളും ഇസ്‌ലാം യഥാര്‍ഹം പരിഗണിച്ചിട്ടുണ്ട്. ഇവരെയെല്ലാം ഇസ്‌ലാമിക സമൂഹത്തില്‍ ലയിപ്പിച്ചു ചേര്‍ക്കണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം. ഇതിന്റെ ഭാഗമായി മുകളില്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ടവരെയെല്ലാം, അവരെ കണ്ടെടുത്തവരുടെ പേരിനോടും സ്ഥാനപ്പേരിനോടും വംശമൂലത്തോടും ചേര്‍ത്തു വിളിക്കുകയാണ് ഇസ്‌ലാമിക പാരമ്പര്യം. ഇതുപ്രകാരം രണ്ടുപേരും (കണ്ടെത്തിയവനും കണ്ടെത്തപ്പെട്ടവരും) തമ്മില്‍ കൈകാര്യ കര്‍തൃത്വം, സംരക്ഷണം, അനന്തരാവകാശം മുതലായവയില്‍ പങ്കാളികളായിരിക്കും. അതേസമയം, ഇത്തരം കുട്ടികള്‍ക്ക് ആദ്യമേയുള്ള പേര്, ഔദ്യോഗിക പേര് എന്നിങ്ങനെ രണ്ടു പേരുകളില്‍ വിളിക്കുന്നത് ശരിയല്ല. അത് കുട്ടികളില്‍ മോശമായ പ്രതികരണമുളവാക്കും. വലുതാകുമ്പോള്‍ അപകര്‍ഷ ചിന്തയുണ്ടാക്കും.

നേരത്തേയും ഇതുപോലെ, പിതാക്കളെ അറിയാത്ത കുട്ടികളെ കണ്ടെടുത്ത രക്ഷിതാക്കളുടെ വംശത്തിലേക്ക് ചേര്‍ത്ത് നിയമപ്രാബല്യം നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് കുട്ടികള്‍ക്ക് പുത്രത്വവും രക്ഷിതാക്കള്‍ക്ക് പിതൃത്വവും നിയമപരമായിത്തന്നെ കൈവരും.

ബഹ്‌റൈന്‍ സുപ്രീംകോടതിയുടെ മേല്‍വിധി ദത്തുപുത്ര സമ്പ്രദായത്തിന് വംശപരമായ നിയമസാധുത നല്‍കിയിരുന്ന ജാഹിലിയ്യ അറേബ്യന്‍ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തിയ ഖുര്‍ആന്റെ ലംഘനമാണ്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടു കാലമായി മുസ്‌ലിംകളിലെ എല്ലാ കര്‍മശാസ്ത്ര സരണികളും ഒരുപോലെ അംഗീകരിക്കുന്ന ശരീഅത്ത് നിയമത്തിന്റെ നിരാകരണമാണ് ബഹ്‌റൈന്‍ കോടതി വിധി.
ദത്തുപുത്രന്മാരുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ കൃത്യമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അഹ്‌സാബ് അധ്യായത്തില്‍ തദ്‌സംബന്ധമായി അല്ലാഹു പറയുന്നു:
وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ ﴿٤﴾ ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ
'നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ, അവന്‍ നിങ്ങളുടെ പുത്രന്മാരുമാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്‌കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു. നിങ്ങള്‍ അവരെ -ദത്തുപുത്രന്മാരെ- അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തു വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു' (അഹ്‌സാബ്: 4,5)
ഖുര്‍ആന്റെയോ സുന്നത്തിന്റെയോ ഇസ്‌ലാമിക സമൂഹത്തിന്റെ ഏകോപിതാഭിപ്രായത്തിന്റെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വിധി പറയുക എന്ന ലക്ഷ്യത്തോടെയല്ല കോടതിയുടെ പരാമര്‍ശമെന്നാണ് പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നത്. പക്ഷേ, കുട്ടികളെ ദത്തെടുക്കുന്നതിനും അവരുടെ വംശപരമായ നിയമപരത നിര്‍ണയിക്കുന്നതിനും കര്‍മശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ട നിബന്ധനകള്‍ മറന്നോ ശ്രദ്ധയില്‍ പെടാതെയോ ആണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് വ്യക്തം. സ്വകാര്യമായി നടന്ന നികാഹ്, അഭിപ്രായവ്യത്യാസമുള്ള നികാഹ്, തന്റെ ഭാര്യയാണെന്ന് കരുതി മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം മുതലായവയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ പിതാക്കളിലേക്ക് വംശപരമായി ചേര്‍ത്തു കൊടുക്കാം എന്ന ഫിഖ്ഹീ നിയമത്തെ തെറ്റായി മനസ്സിലാക്കിയാണ് കോടതി മേല്‍വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹലാലായ രീതിയില്‍ നടന്ന വിവാഹത്തിലൂടെയോ, സംശയസാധ്യത ഇല്ലാതെ നടന്ന ലൈംഗിക വേഴ്ചയിലൂടെയോ, ഹറാമല്ലാത്ത രീതിയിലോ അല്ലാതെ ജനിച്ച കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത് പിതൃ-പുത്ര ബന്ധമായല്ല പരിഗണിക്കുക, ദത്തെടുക്കലായാണ്. അതുകൊണ്ടുതന്നെ, വ്യാജമായി സ്ഥാപിക്കപ്പെടുന്ന പുത്രത്വവും രക്തബന്ധവും ഹറാമാണ്, സത്യനിഷേധത്തിലേക്കെത്തിക്കുന്ന വന്‍പാപമാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ സവിശേഷ ജ്ഞാനമില്ലാത്തവരില്‍നിന്നാണ് ഇത്തരം പിഴകള്‍ സംഭവിക്കുന്നത്.

നീണ്ട നൂറ്റാണ്ടുകളായി ഇസ്‌ലാമിക ജീവിതത്തില്‍ മേല്‍ക്കൈ നേടിയ ഫിഖ്ഹീ മദ്ഹബുകള്‍, അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തിനും ഊന്നല്‍ നല്‍കാതെ, താന്താങ്ങളുടെ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സുബദ്ധവും മുന്‍ഗണനയര്‍ഹിക്കുന്നതുമാണെന്ന് സ്ഥാപിക്കുന്ന തിരക്കിലായിരുന്നു. ദുര്‍ബലമോ വ്യാജമോ ആയ ഹദീസുകളെ തെളിവുകളായി അവതരിപ്പിച്ച് വിധിയാവിഷ്‌കരിക്കുന്ന രീതികളും ഫിഖ്ഹീ മേഖലയില്‍ വ്യാപകമായി. ഈ അവസ്ഥക്ക് ഒരു പരിഹാരം എന്ന നിലയില്‍ ഹദീസുകള്‍ സംശോധന ചെയ്യാന്‍ പണ്ഡിതന്മാര്‍ രംഗത്തു വരികയുണ്ടായി. അബുല്‍ ഫറജ് ബ്‌നുല്‍ ജൗസി (മരണം: ഹി. 597) യുടെ 'അത്തഹ്ഖീഖ് ഫീ തഖ്‌രീജിത്തആലീഖ്' എന്ന കൃതി ഈ ഇനത്തില്‍ പെടുന്നു. 'തന്‍ഖീഹുത്തഹ്ഖീഖ്' എന്ന പേരില്‍ ഇബ്‌നു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു അബ്ദില്‍ ഹാദി പ്രസ്തുത കൃതി സംശോധന ചെയ്തിട്ടുണ്ട്. ഇവര്‍ ഇരുവരും ഹമ്പലീ മദ്ഹബുകാരാണ്.

ഹനഫീ മദ്ഹബിലെ പ്രശസ്ത കൃതിയായ മര്‍ഗീനാനി(മ.ഹി. 593)യുടെ അല്‍ഹിദായ ഹാഫിള് ജമാലുദ്ദീന്‍ സൈലഈ (മ.ഹി. 762) സംശോധന ചെയ്ത് 'നസ്വ്ബുര്‍റായ ലി അഹാദീസില്‍ ഹിദായ' എന്ന് പേരു നല്‍കുകയുണ്ടായി. ഹാഫിള് ഇബ്‌നുഹജര്‍ (മ.ഹി. 854) അത് സംക്ഷേപിച്ചും ചിലത് ചേര്‍ത്തും 'അദ്ദിറായ ഫീ അഹാദീസില്‍ ഹിദായ' എന്ന പുസ്തകം രചിച്ചു. ശാഫിഈ ഫിഖ്ഹിലെ ഇമാം റാഫിഈ(മ.ഹി. 623)യുടെ 'ഫത്ഹുല്‍ അസീസ് ഫീ ശര്‍ഹില്‍ വജീസ്' എന്ന കൃതിയും ഇബ്‌നു ഹജര്‍ 'തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍ റാഫിഈ അല്‍ കബീര്‍' എന്ന പേരില്‍ സംശോധന ചെയ്തിട്ടുണ്ട്. ഫിഖ്ഹിനെ ഹദീസുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് മേല്‍ മഹാന്മാര്‍ ഇതിലൂടെ ഊന്നി സ്ഥാപിച്ചത്.

വിധിയാവിഷ്‌കാരത്തില്‍ ഹദീസുകളുടെ പ്രാമാണ്യം സ്ഥാപിച്ചുകൊണ്ട് ഉമര്‍ (റ) പറഞ്ഞത് ശ്രദ്ധേയമാണ്:
إيّاكم والرأي فان أصحاب الرأي اعداء السّنن أعيتهم الأحاديث أن يعوها، وتفلّتت منهم ان يحفظوها، فقالوا في الدّين برأيهم
'നിങ്ങള്‍ പ്രമാണബാഹ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ സൂക്ഷിക്കുക. ഇങ്ങനെ അഭിപ്രായം പറയുന്നവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. അവര്‍ക്ക് ഹദീസ് വശമാക്കാന്‍ കഴിയാതെ പോയി. അതുവഴി അവര്‍ സ്വാഭിപ്രായമനുസരിച്ച് ഇസ്‌ലാമില്‍ അഭിപ്രായം പറഞ്ഞു.'

2. പ്രമാണങ്ങളുടെ തെറ്റായ വായന, വ്യാഖ്യാനം
സാമാന്യമായി ബാധകമാവുന്ന ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും പരിമിതാര്‍ഥത്തിലും  മറിച്ചും മനസ്സിലാക്കുക, നിരുപാധികമായ വിധികളെ സോപാധികമായും മറിച്ചും മനസ്സിലാക്കുക മുതലായവ തെറ്റായ വായനയുടെ ഫലമായി സംഭവിക്കുന്നതാണ്. സന്ദര്‍ഭ പ്രധാനമായ പ്രമാണങ്ങളെ അതില്‍നിന്ന് സ്വതന്ത്രമായി കാണുക, ഒരു പ്രമാണത്തെ ബലപ്പെടുത്തുന്ന മറ്റു പ്രമാണങ്ങള്‍ കാണാതിരിക്കുക, അതിലെ ആശയത്തെ വിശദമാക്കുന്ന മറ്റു രേഖകള്‍ അവഗണിക്കുക, മുന്‍ നൂറ്റാണ്ടുകളിലൊരിക്കലും ആരും തള്ളിപ്പറയാത്ത ഏകോപിതാഭിപ്രായങ്ങളെ അവഗണിക്കുക എന്നിവയും ഈ ഗണത്തില്‍ പെടുന്നു.

പ്രമാണങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഇഛകളെ പിന്‍പറ്റാതെയും വിധി ആവിഷ്‌കരിക്കുക എന്നത് എക്കാലത്തെയും ഇസ്‌ലാമിന്റെ പ്രഖ്യാപിത ആഹ്വാനമാണ്.
يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ
'ഓ, ദാവൂദ്! നിശ്ചയം നാം താങ്കളെ ഭൂമിയിലെ പ്രതിനിധിയായി നിശ്ചയിച്ചിരിക്കുന്നു. ആയതിനാല്‍, താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ സത്യനിഷ്ഠമായി വിധി നടത്തുക, ഇഛയെ പിന്‍പറ്റാതിരിക്കുക' (സ്വാദ്: 26).
ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ ﴿١٨﴾
'(നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്' (ജാസിയ: 18).

തെറ്റായ ഇജ്തിഹാദ് പ്രവണത അല്ലാഹുവിന്റെ വചനങ്ങളെ ആശയപരമായി ഭേദഗതി ചെയ്യുന്നതിലേക്ക് നയിക്കും. പദപരമായ മാറ്റത്തിരുത്തലുകള്‍ മാത്രമല്ല, ആശയപരമായ ഭേദഗതിയും ഖുര്‍ആന്‍ തള്ളിക്കളഞ്ഞതാണ്. യഥാര്‍ഥ പണ്ഡിതന്മാരില്‍നിന്ന് ഇത്തരം നീക്കങ്ങളുണ്ടാവില്ല. ശരീഅത്തിന്റെ ഫിഖ്ഹറിയാത്ത കടന്നുകയറ്റക്കാര്‍ മാത്രമേ ഈ രീതിയില്‍ ഇടപെടുകയുള്ളൂ.

'അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍' എന്ന കൃതിയുടെ കര്‍ത്താവ് ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി തെറ്റായ ഇജ്തിഹാദിനെപ്പറ്റി എഴുതുന്നു: ''വ്യഭിചാരികളുടെയും മോഷ്ടാക്കളുടെയും ശിക്ഷ ഖുര്‍ആനികമായി ഖണ്ഡിതമാണ്. 'ഫഖ്ത്വഊ' (നിങ്ങള്‍ മോഷ്ടാക്കളുടെ കൈമുറിക്കുക) 'ഫജ്‌ലിദൂ' (നിങ്ങള്‍ വ്യഭിചാരികളെ അടിക്കുക) എന്നീ കല്‍പന ക്രിയകളെ 'ഖുദൂസീനതകും' (നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യം അണിയുക) എന്ന കല്‍പന ക്രിയ പോലെ അനുവദനീയം മാത്രമായി കണ്ടാല്‍ പോരേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ച് മോഷ്ടാക്കളുടെ കൈകള്‍ നിര്‍ബന്ധമായും മുറിക്കേണ്ടതല്ല. ഏറ്റവും കടുത്ത ശിക്ഷ നല്‍കേണ്ട തരം മോഷണത്തില്‍ മാത്രം മുറിച്ചാല്‍ മതി. മറ്റു സന്ദര്‍ഭങ്ങളില്‍ മറ്റു ശിക്ഷകള്‍ നല്‍കിയാല്‍ മതി.

ഭരണാധികാരിയുടെയും സാഹചര്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇളവുകളാവാം. ഇതാണ് വാദം. യഥാര്‍ഥത്തില്‍ ഖണ്ഡിതമായ ഖുര്‍ആനിക വിധിയുടെ നിരാകരണമാണിത്. 'മോഷ്ടാവിന്റെ കൈമുറിക്കുക' എന്ന കല്‍പന അനുവദനീയതയെ മാത്രമാണ് സൂചിപ്പിക്കുന്നതെങ്കില്‍ 'കള്ളനും കള്ളിയും ചെയ്തതിന്റെ ശിക്ഷയായി അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം'(جَزأءً بِمَا كَسَبًا نَكَالًا مِنَ الله)  എന്ന സൂക്തഭാഗത്തിന്റെ ഔചിത്യമെന്താണ്?''

ഒരു മോഷണ വിഷയത്തില്‍ നബിയുടെ സന്നിധിയില്‍ ശിപാര്‍ശയുമായി വന്ന ഉസാമയോട്, 'ഉസാമ! അല്ലാഹുവിന്റെ ശിക്ഷാവിധികളില്‍ നീ ശിപാര്‍ശ പറയുകയോ? ,(أتشفع فى حدّ من حدود الله) 'അല്ലാഹുവാണ! മുഹമ്മദിന്റെ മകള്‍ ഫാത്വിമ മോഷണം നടത്തിയാല്‍ ഞാന്‍ അവളുടെ കൈ മുറിക്കുക തന്നെ ചെയ്യും'  
(وأيم الله لو أن فاطمة بنت محمّد سرقت لقطعت يدها)
എന്ന നബി(സ)യുടെ കാര്‍ക്കശ്യത്തിന്റെ അര്‍ഥമെന്ത്? അതുപോലെ, വ്യഭിചാരികളെ അടിക്കുക എന്നു പറഞ്ഞേടത്ത് അല്ലാഹുവിന്റെ ശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ നിങ്ങളെ ദയ ആവേശിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു (ولا تأخذكم بهما رافة). ഇത് പ്രഹരശിക്ഷ അനുവാദം മാത്രമല്ല നിര്‍ബന്ധ നടപടിയാണെന്നല്ലേ സ്ഥാപിക്കുന്നത്? അതേസമയം, തെറ്റു ചെയ്‌തെന്ന് സൂക്ഷ്മബോധ്യം വരികയും അത് സ്ഥാപിതമാവുകയും ചെയ്താലേ ശിക്ഷ വിധിക്കാവൂ, ഹലാലും ഹറാമും പഠിക്കാന്‍ അവസരമുണ്ടായിട്ടില്ലാത്തവര്‍ക്ക് ശിക്ഷ നടപ്പാക്കരുത്, അവനവനും താന്‍ ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ക്കും ജീവനാംശം നല്‍കാന്‍ തക്ക സ്വയംപര്യാപ്തത ഇല്ലാത്തതിനാല്‍ മോഷ്ടിക്കേണ്ടി വരുന്നവര്‍ക്ക് ശിക്ഷ പാടില്ല, കുറ്റം സന്ദേഹരഹിതമായി സ്ഥാപിതമാവാതെ ശിക്ഷിക്കരുത്, കുറ്റം ചെയ്ത ശേഷം ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്ന കുറ്റവാളിക്ക് ഭരണാധികാരിക്കോ ന്യായാധിപനോ വിവേചനപൂര്‍വം മാപ്പു നല്‍കാം എന്നത്രെ പണ്ഡിതാഭിപ്രായം. (ഇബ്‌നുതൈമിയ്യയും ഇബ്‌നുല്‍ ഖയ്യിമും ഈ അഭിപ്രായക്കാരാണ്).

3. ഏകോപിതാഭിപ്രായങ്ങളെ അവഗണിക്കുക
കാലങ്ങളായി ഇസ്‌ലാമിക സമൂഹം അംഗീകരിച്ച ഏകകണ്ഠമായ വിധികളെ ബോധപൂര്‍വമോ അശ്രദ്ധയാലോ മറികടക്കുക എന്നതാണ് ചിലര്‍ ഇജ്തിഹാദിനെ അവഗണിക്കുമ്പോള്‍ സംഭവിക്കുന്നത്. മുസ്‌ലിം പുരുഷന് വേദവിശ്വാസിനിയെ വിവാഹം ചെയ്യാമെന്നപോലെ, ഇന്നത്തെ കാലത്ത്, മുസ്‌ലിം വനിതക്ക് വേദവിശ്വാസിയായ പുരുഷനെ വിവാഹം ചെയ്യാന്‍ അനുവാദമുണ്ടെന്ന വാദം ഉദാഹരണം. യഥാര്‍ഥത്തില്‍ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. വേദ വിശ്വാസിനിയെ വിവാഹം ചെയ്യുന്ന മുസ്‌ലിം പുരുഷന്‍ അവളുടെ മതത്തിന്റെ മൗലികത അംഗീകരിക്കുകയും അവളെ ആദരിക്കുകയും അവളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. അതേസമയം, വേദവിശ്വാസിയായ പുരുഷന്‍ മുസ്‌ലിം സ്ത്രീയുടെ ദീനിനെ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു മുസ്‌ലിം സ്ത്രീ എങ്ങനെയാണ് വേദാവകാശിയായ പുരുഷന്റെ കൂടെ പൊറുത്തുകഴിയുക? ഖുര്‍ആന്‍ നിഷിദ്ധമാക്കിയത് ബഹുദൈവവിശ്വാസിനികളെയും ബഹുദൈവവിശ്വാസിനികളായ വേദവിശ്വാസിനികളെയും വിവാഹം ചെയ്യുന്നതാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍, മുംതഹിന 10-ാം സൂക്തം അതിനെ ഖണ്ഡിക്കുന്നു. ആ ഭാഗം ഇങ്ങനെ:
فَإِنْ عَلِمْتُمُوهُنَّ مُؤْمِنَٰتٍ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ
(നബിയെ സമീപിക്കുന്ന വനിതകള്‍ സത്യവിശ്വാസിനികളാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ അവരെ സത്യനിഷേധികളുടെ അടുത്തേക്ക് തിരിച്ചയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല). ഈ സൂക്തത്തില്‍ ബഹുദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല, സത്യനിഷേധത്തെ അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞിരിക്കുന്നത്.فلا ترجعوهن إلى الكفّار  (നിങ്ങള്‍ ആ വനിതകളെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്) എന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. ഇതിലെ 'സത്യനിഷേധികള്‍' എന്നത് ബഹുദൈവവിശ്വാസികളെ എന്ന പോലെ വേദവിശ്വാസികളെയും ഉള്‍ക്കൊള്ളുന്നതാണ്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാത്ത ബഹുദൈവ വിശ്വാസി മാത്രമല്ല, വേദവിശ്വാസിയും സത്യനിഷേധിയാണ്.

4. അസ്ഥാനത്ത് ന്യായാധികരണം (ഖിയാസ്) നടത്തുക
ഖണ്ഡിതമായ പ്രമാണത്തെ ഊഹാധിഷ്ഠിതമായ ന്യായത്തിന് മാനദണ്ഡമാക്കുന്നതാണ് മറ്റൊരു അപഥ രീതി. ആരാധനാപരം മാത്രമായ കാര്യങ്ങളിലെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും സാധാരണ ജീവിത വ്യവഹാരങ്ങളിലും ഇടപാടുകളിലും ബാധകമാക്കുന്നതും ഇങ്ങനെ തന്നെ. ഇബ്‌ലീസ് പിഴക്കാനുണ്ടായ കാരണം ഇത്തരം തെറ്റായ ന്യായാധികരണമാണ്. 'ഞാനാണ് ആദമിനേക്കാള്‍ ഉത്തമന്‍, എന്നെ നീ തീയില്‍നിന്ന് സൃഷ്ടിച്ചു, അവനെ നീ മണ്ണില്‍നിന്ന് സൃഷ്ടിച്ചു' (അഅ്‌റാഫ്: 12). അനുവദനീയ കച്ചവടത്തെ ഉപജീവിച്ച് പലിശ അനുവദനീയമാണെന്ന് വാദിച്ച യഹൂദരുടെ നിലപാട് മറ്റൊരുദാഹരണം. (ബഖറ: 275).

സാര്‍വകാലികവും സാര്‍വദേശീയവുമായി ഇസ്‌ലാമിന്റെ വികാസക്ഷമത ഉറപ്പുവരുത്തുന്ന അതീവ പ്രധാനമായ നിയമനിര്‍ധാരണ രീതിയാണ് ഖിയാസ് എന്നതില്‍ തര്‍ക്കമില്ല. അതു പക്ഷേ ഖുര്‍ആനിനും സുന്നത്തിനും അനുരോധമായിരിക്കണമെന്നു മാത്രം. ഏത് ആധാരമാക്കിയാണോ ന്യായാധികരണം നടത്തുന്നത് അതും, എന്തിനെയാണോ ന്യായാധികരണത്തിന് വിധേയമാക്കുന്നത് അതും തമ്മില്‍ ന്യായാധികരണത്തിന്നാധാരമായ കാരണത്തില്‍ സാദൃശ്യമുണ്ടാവണം. ആയതിനാല്‍ ഖണ്ഡിതമല്ലാത്ത അടിസ്ഥാനത്തെ ആധാരമാക്കിയോ, കാരണം വ്യക്തമല്ലാത്ത സ്ഥാപിത പ്രമാണത്തെ മുന്‍നിര്‍ത്തിയോ, കാരണം വ്യക്തമെങ്കിലും അടിസ്ഥാനവും ശാഖയും തമ്മില്‍ പരിഗണനീയമായ വ്യത്യാസമുണ്ടെങ്കിലോ ഖിയാസ് പാടില്ല. കാരണം വ്യക്തമല്ലാത്ത സാധുവോ അസാധുവോ ആയ ഹദീസ് മുന്‍നിര്‍ത്തിയോ ന്യായാധികരണം നടത്തുന്നതും നടത്തപ്പെടുന്നതും തമ്മില്‍ വ്യത്യാസമുള്ളതോടൊപ്പമോ കര്‍മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങളെ മാനദണ്ഡമാക്കിയോ ന്യായാധികരണം നടത്തുന്നതും സ്വീകാര്യമല്ല. 'മാതാപിതാക്കള്‍ തമ്മിലുള്ള ഇടപാടുകളിലെ പലിശ പലിശയല്ല' എന്ന തത്ത്വത്തെ ആധാരമാക്കി ഗവണ്‍മെന്റുകളും പൗരന്മാരും തമ്മില്‍ പലിശ ഇടപാടാവാം എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ വാദം പ്രമാണമോ ഏകോപിതാഭിപ്രായമോ അല്ല. ഇത് ഏതോ ചില പണ്ഡിതന്മാരുടെ അഭിപ്രായം മാത്രമാണ്. അടിസ്ഥാനമില്ലാത്ത ഒന്നിനെ മറ്റൊന്നിന്റെ അടിസ്ഥാനമാക്കുന്നതെങ്ങനെ? പിതാവും മകനും തമ്മിലുള്ള ബന്ധമല്ല, സര്‍ക്കാറും പ്രജകളും തമ്മില്‍. 'നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനാണ്'  (أنت ومالك لأبيك)എന്ന നബിവചനം 'നീയും നിന്റെ സ്വത്തും സര്‍ക്കാറിന്റേതാണ്' എന്ന് പരാവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. കാരണം, പിതാവും മക്കളും തമ്മിലും സര്‍ക്കാറും പ്രജകളും തമ്മിലുള്ള ബന്ധം ഒരേ മാനമുള്ളതല്ല. ഇത്തരം ന്യയാധികരണ ശ്രമങ്ങള്‍ സമൂഹത്തില്‍ അരാജകാവസ്ഥയുണ്ടാക്കും. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന ചിലരുടെ വാദവും ഈ ഗണത്തില്‍പെട്ടതാണ്.

5. കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കല്‍
കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കുക എന്ന ന്യായത്തില്‍ മുന്‍പിന്‍ നോക്കാതെ ഇസ്‌ലാമിന്റെ മൗലിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുക എന്നത് ഇന്നു കണ്ടുവരുന്ന പ്രവണതയാണ്. ഇത് ഒരുവശം. മറുവശത്ത്, ആധുനിക പ്രശ്‌നങ്ങളെ വിവേചിച്ച് മനസ്സിലാക്കി ഇസ്‌ലാമിന്റെ അടിസ്ഥാന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാവാതെയും കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും നിയമാവിഷ്‌കാരത്തെ വികസിപ്പിച്ചെടുക്കാന്‍ വിമുഖത കാണിക്കുന്ന ചിലരെയും കാണാം. മദ്ഹബീ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍നിന്ന് പുറത്തു കടക്കരുതെന്ന ഒരുതരം വാശി ഇത്തരക്കാരില്‍ കാണാം. മദ്ഹബീ പൈതൃകത്തിന്റെ തടവറയില്‍നിന്ന് സ്വതന്ത്രരാവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഒന്നു ചിന്തിച്ചു നോക്കിയാല്‍ വിവിധങ്ങളായ പുതുപുതു പ്രശ്‌നങ്ങള്‍ വ്യക്തി-സമൂഹ ജീവിതത്തില്‍ നിറഞ്ഞാടുന്നതായി കാണാം. പഴയ സമൂഹങ്ങള്‍ മാത്രമല്ല, ഇന്നുതന്നെയുള്ള ഒരു രാജ്യമോ സമൂഹമോ അനുഭവിക്കാത്ത പുത്തന്‍ വിഷയങ്ങള്‍ മറ്റു സമൂഹങ്ങളും രാജ്യങ്ങളും അനുഭവിക്കുന്നതു കാണാം. അവയെക്കുറിച്ചെല്ലാം ആധുനിക ഇജ്തിഹാദുകള്‍ വേണ്ടിവരും. പഴയ കിതാബുകളില്‍ അവയുടെ പരിഹാരങ്ങള്‍ ഉണ്ടാവില്ല.

കൈയും കത്തിയും ഉപയോഗിച്ചു തന്നെ അറുക്കണം, അറവുയന്ത്രശാലകള്‍ പാടില്ല എന്ന വാദം ഉദാഹരണം. ഉപഭോഗം കുറഞ്ഞ ചെറിയ സമൂഹത്തില്‍ ഇത് ശരിയാവാം. എന്നാല്‍ വര്‍ധിത ഉല്‍പാദനവും ഉപഭോഗവും ഉള്ള രാജ്യങ്ങളില്‍ ഇത് പ്രായോഗികമല്ലെന്ന് വ്യക്തം. അത്തരം സാഹചര്യത്തില്‍ മനുഷ്യര്‍ക്കു പകരം അറവുയന്ത്രങ്ങള്‍ ആശ്രയിക്കേണ്ടി വരും. ഓരോ മൃഗത്തെയും അറുക്കുമ്പോള്‍ ബിസ്മി ചൊല്ലാന്‍ കഴിയില്ലെന്നതാണ് പ്രശ്‌നമെങ്കില്‍ യന്ത്ര അറവുശാലയില്‍ അറവുനടക്കുന്ന സമയമത്രയും പരസ്യമായി ബിസ്മി കേള്‍ക്കാവുന്ന വിധം കാസറ്റ് പ്രവര്‍ത്തിപ്പിക്കാം. വേട്ടക്കുവേണ്ടി നായയെയോ പരുന്തിനെയോ അമ്പോ അയക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നതുപോലെ യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രം ബിസ്മി ചൊല്ലുകയുമാവാം. ശാഫിഈ മദ്ഹബനുസരിച്ച് അറവ് സാധുവാകാന്‍ ബിസ്മി നിബന്ധനയല്ല.

ടെസ്റ്റ് റ്റിയൂബ് ശിശുക്കള്‍ മറ്റൊരു ഉദാഹരണം. രക്തബന്ധങ്ങള്‍ മിശ്രിതമാവും. അതൊഴിവാക്കാനായി ടെസ്റ്റ് റ്റിയൂബ് ശിശുക്കള്‍ക്ക് നിയമസാധുത നല്‍കരുതെന്ന് ചിലര്‍ വാദിക്കുന്നു. തെറ്റുകളിലേക്കെത്തുന്ന വഴികള്‍ അടക്കുന്നതിന്റെ ഭാഗമായി തീവ്രനിലപാട് സ്വീകരിക്കുന്നത് ജനങ്ങള്‍ക്ക് ധാരാളം നന്മകള്‍ നഷ്ടപ്പെടാന്‍ കാരണമാവും. ഇത്തരം വിഷയങ്ങളില്‍ നിരുപാധികമായ വിലക്കും അനുവദനീയതയും ഒഴിവാക്കാനായിരിക്കണം മുജ്തഹിദുകളുടെ ശ്രമം. നിരുപാധിക വിലക്ക് അല്ലാഹുവും നബിയും ഹറാമാക്കാത്തത് ഹറാമാക്കലാവും. നിരുപാധിക അനുവാദം അല്ലാഹുവും നബിയും ഹറാമാക്കിയത് ഹലാലാക്കലാവും. അതിനാല്‍, സോപാധികമായ അനുവദനീയതയും അനനുവദനീയതയുമാവും ഇത്തരം ഘട്ടങ്ങളില്‍ കരണീയമാവുക. ബീജം ഭര്‍ത്താവിന്റേതും അണ്ഡം ഭാര്യയുടേതും ബീജാണ്ഡ സങ്കലനം നടക്കുന്നത് ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോഴുമാണെങ്കില്‍ ശരീഅത്ത് പ്രകാരം ടെസ്റ്റ് റ്റിയൂബ് ശിശു അനുവദനീയമാണ്. ഭര്‍ത്താവിന്റെ മരണശേഷമോ വിവാഹമോചനാനന്തരമോ അനുവദനീയമല്ല.

അതോടൊപ്പം മറ്റു പുരുഷന്മാരുടെ ബീജങ്ങളും സ്ത്രീകളുടെ അണ്ഡങ്ങളും കൂടിച്ചേരാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഫോട്ടോഗ്രാഫിയാണ് മറ്റൊരു കാര്യം. ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ മുതലായവക്കുവേണ്ടി ഫോട്ടോ എടുക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു. നാഗരികതയുടെ വികാസത്തിന്റെ ഭാഗമായി ഇത് തെറ്റാണെന്ന് വിധിക്കാന്‍ കഴിയില്ല. ശബ്ദവും ചിത്രവും സമന്വയിക്കുന്ന ധാരാളം വാര്‍ത്താ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന ലോകത്ത് മുസ്‌ലിംകള്‍ മാത്രം അതൊക്കെ ഹറാമാണെന്നു പറഞ്ഞ് രംഗം മറ്റുള്ളവര്‍ക്ക് തീറെഴുതി നല്‍കണമോ? എല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്, അതുകൊണ്ട് പുകവലി ഹലാലാണ് എന്ന വാദം മറ്റൊരുദാഹരണം. നൂറ്റാണ്ടുകളായി തുടരുന്ന പുകവലിയുടെ ദുരന്തങ്ങള്‍ ലോകാരോഗ്യസംഘടനകള്‍ പുറത്തുകൊണ്ടുവരികയും ജനങ്ങള്‍ക്ക് സ്വാനുഭവത്താല്‍ അത് ബോധ്യമാവുകയും ചെയ്ത സാഹചര്യത്തില്‍ പുകവലിയെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. മൗലികതയും ആധുനികതയും ഒരുപോലെ സ്വാംശീകരിച്ചവരാവണം മുജ്തഹിദുകള്‍ എന്നു സാരം. 

 

അവലംബം
- من مزالق الإجتهاد المعاصر - موقع كلمات
- الإجتهاد مورد النصّ - دراسة أصولية مقارنة
https//books.google.co.in>books

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top