ഇജ്തിഹാദ്  നാലാം നൂറ്റാണ്ടിനു ശേഷവും

ഇ.എന്‍ ഇബ്‌റാഹീം, ചെറുവാടി‌‌
img

ഇജ്തിഹാദും തഖ്‌ലീദും രണ്ടു ഇസ്‌ലാമിക സാങ്കേതിക പദങ്ങളാണ്. 'ഖല്ലദ' എന്ന ക്രിയയുടെ ധാതുരൂപമാണ് തഖ്‌ലീദ് എന്നത്. കഴുത്തിലണിയിക്കുക എന്നാണ് അതിന്റെ അര്‍ഥം. 'ഖല്ലദസ്സൈഫ' എന്ന് പറയും, വാളുറയുടെ പട്ട കഴുത്തിലണിയിക്കുന്നതിന്. ഖല്ലദല്‍ ഖിലാദഃ എന്ന് പറഞ്ഞാല്‍ ഹാരമണിയിച്ചു എന്നാണര്‍ഥം.

കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനമായ നിദാനശാസ്ത്രത്തിലെ -ഉസ്വൂലുല്‍ ഫിഖ്ഹിലെ- ഒരു സാങ്കേതിക പ്രയോഗമാണ് തഖ്‌ലീദ് എന്നത്. തഖ്‌ലീദിന് നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്:
التقليد اخذ القول من غير معرفة دليله
(മറ്റൊരാളുടെ അഭിപ്രായം അതിന്റെ തെളിവ് നോക്കാതെ സ്വീകരിക്കലാണ് തഖ്‌ലീദ്).1
'അല്ലുമഇ'ല്‍ അബൂ ഇസ്ഹാഖുശ്ശീറാസി പറയുന്നത് ഇങ്ങനെയാണ്:
ان التقليد قبول القول من غير دليل
(ഒരു തെളിവും കൂടാതെ അഭിപ്രായം കൈക്കൊള്ളലാണ് തഖ്‌ലീദ്).2
ളാഹിരീ പണ്ഡിതനായ ഇബ്‌നുഹസം പറയുന്നത് ഇങ്ങനെയാണ്: 
والتقليد انما هو اتباع من لم يامرنا عزوجل باتباعه
(പിന്തുടരാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ലാത്ത ആളുകളെ പിന്‍തുടരലാണ് തഖ്‌ലീദ്).3
'ഇര്‍ശാദുല്‍ ഫുഹൂലി'ല്‍ ഇമാം ശൗക്കാനി (ഹി. 1173-125 ക്രി. 1741-1816) പറയുന്നു:
هو العمل بقول الغير من غير حجة
(തെളിവില്ലാതെ മറ്റൊരാളുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കലാണത്).4
പദപ്രയോഗത്തില്‍ അല്‍പമാത്ര വ്യത്യാസമുണ്ടെങ്കിലും മുകളിലുദ്ധരിച്ച നിര്‍വചനങ്ങള്‍ എല്ലാം പറയുന്ന ആശയം ഒന്നുതന്നെയാണ്.

തഖ്‌ലീദ് സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുണ്ടെങ്കിലും സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം തഖ്‌ലീദ് അനുവദനീയമാണെന്ന് തന്നെയാണ് ഏറക്കുറെ പണ്ഡിതമതം. കാരണം സാധാരണക്കാര്‍ക്ക് പ്രമാണം പരതി ഒരു കാര്യത്തിലും തീര്‍പ്പിലെത്താനാവുകയില്ല. അതിനാല്‍ തന്നെ അവരുടെ മുമ്പില്‍ മറ്റൊരു മാര്‍ഗമില്ല. പക്ഷേ തഖ്‌ലീദ് ചെയ്യുമ്പോള്‍ താന്‍ തഖ്‌ലീദ് ചെയ്യുന്ന ആള്‍ക്കും അബദ്ധം പിണയാമെന്ന് തഖ്‌ലീദ് ചെയ്യുന്നവര്‍ മനസ്സിലാക്കിയിരിക്കണം. ശരീഅത്തില്‍ നടത്തുന്ന കൈകടത്തലിന്റെ ഇനങ്ങള്‍ വിവരിക്കവെ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതുന്നു:
ومنها تقليد غير المعصوم اعنى غير النبي الذي ثبتت عصمته، وحقيقته ان يجتهد واحد من علماء الامة فى مسئلة فيظن متبعوه انه على الاصابة قطعا او غالبا فيردوابه حديثا صحيحا وهذا التقليد غير مااتفق عليه الامة المرحومة فانهم اتفقوا على جواز التقليد للمجتهدين مع العلم بان المجتهد يخطئ ويصيب ومع الاسْتشراف لنص النبي صلى الله عليه وسلم فى المسئلة والعزم على انه اذا ظهر حديث صحيح خلاف ما قلّد فيه ترك التقليد واتبع الحديث.  قال رسول الله صلى الله عليه وسلم فى قوله تعالى: اتخذوا احباهم ورهبانهم اربابا من دون الله انهم لم يكونوا يعبدونهم ولكهم كانوا اذا احلسو لهم شيئا استحلّوه و اذا حرموا عليهم شيئا حرموه
(പാപസുരക്ഷിതനല്ലാത്ത ആളെ തഖ്‌ലീദ് ചെയ്യുന്നതിന്റെ യാഥാര്‍ഥ്യം ഇതാണ്: ഒരു പണ്ഡിതന്‍ ഒരു വിഷയം സംബന്ധിച്ച് ഇജ്തിഹാദ് നടത്തുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ അയാള്‍ തീര്‍ത്തും, അഥവാ മിക്കവാറും സുബദ്ധനാണെന്ന് വിശ്വസിക്കുന്നു. അതുകാരണം സ്വഹീഹായ ഹദീസ് അവര്‍ തള്ളിക്കളയുന്നു. സമൂഹം അംഗീകരിച്ച തഖ്‌ലീദ് ഇതല്ല. മുജ്തഹിദിന് തെറ്റു പറ്റാം, അയാള്‍ ശരി കണ്ടെത്തിയെന്നും വരാം എന്ന് അംഗീകരിക്കുകയും പ്രശ്‌നം സംബന്ധിച്ചുള്ള പ്രവാചകന്റെ സുവ്യക്ത തീര്‍പ്പ് കണ്ടുകിട്ടുകയും താന്‍ കൈക്കൊണ്ട തഖ്‌ലീദിന് വിരുദ്ധമായി സ്വഹീഹായ ഹദീസ് ലഭിക്കുകയും ചെയ്താല്‍ തഖ്‌ലീദ് ചെയ്യുന്നത് ഒഴിവാക്കുകയും ഹദീസ് പിന്തുടരുകയും ചെയ്യുമെന്ന് തീരുമാനിക്കുകയും ചെയ്തുകൊണ്ട് മുജ്തഹിദുകളെ അനുകരിക്കുന്നത് അനുവദനീയമാണെന്ന കാര്യത്തിലാണ് സമൂഹം യോജിച്ചിട്ടുള്ളത്. പുരോഹിതന്മാരെയും പരീശന്മാരെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളാക്കി എന്ന അല്ലാഹുവിന്റെ വചനം സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്.
അവര്‍ പുരോഹിതന്മാരെയും പരീശന്മാരെയും ആരാധിച്ചിരുന്നില്ല. അതേസമയം അവര്‍ ഒരു കാര്യം അനുവദനീയമായി പ്രഖ്യാപിച്ചാല്‍ സമൂഹം അത് അനുവദനീയമായി പരിഗണിക്കുമായിരുന്നു. അവര്‍ ഒരുകാര്യം നിഷിദ്ധമെന്ന് പറഞ്ഞാല്‍ സമൂഹവും അത് നിഷിദ്ധമായി പരിഗണിക്കുമായിരുന്നു).5

അതായത് നിരുപാധിക തഖ്‌ലീദല്ല, സോപാധിക തഖ്‌ലീദേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ എന്നാണ് ഷാ ദഹ്‌ലവി പറഞ്ഞതിന്റെ പൊരുള്‍.
മുജ്തഹിദിന്റെ ഇജ്തിഹാദ് സാധുവാണെന്ന് വ്യക്തമാവണം എന്ന ഉപാധിയോടുകൂടി മാത്രമേ അദ്ദേഹത്തെ തഖ്‌ലീദ് ചെയ്യുന്നത് അനുവദനീയമാവൂ എന്നും അഭിപ്രായമുണ്ടെന്നാണ് 'ജംഉല്‍ ജവാമിഇ'ല്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്.
ഖണ്ഡിത നിയമങ്ങളില്‍ തഖ്‌ലീദ് അനുവദനീയമല്ല എന്നത്രെ അബൂഇസ്ഹാഖുല്‍ ഇസ്ഫറായിനി പറയുന്നത്. ഉദാഹരണമായി അല്ലാഹുവിന്റെ അസ്തിത്വം പോലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിലല്ല വിശ്വസിക്കേണ്ടത് എന്നര്‍ഥം.

മുജ്തഹിദല്ലെങ്കില്‍ പോലും പണ്ഡിതന്‍ തഖ്‌ലീദ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നവരുമുണ്ട് പണ്ഡിതന്മാരില്‍. പണ്ഡിതന്‍ പാമരനെപ്പോലെയല്ല, അയാള്‍ക്ക് പ്രമാണങ്ങളില്‍നിന്ന് വിധികണ്ടെത്താനാവും എന്നതാണ് അതിന് പറയുന്ന ന്യായം.

ഇജ്തിഹാദ്
ഏതു പ്രശ്‌നത്തിലായാലും കഴിവ് മുഴുവന്‍ പുറത്തെടുക്കുകയെന്നാണ് ഭാഷയില്‍ 'ഇജ്തിഹാദി'ന്റെ അര്‍ഥം ഇമാം റാസി തന്റെ 'മഹ്‌സ്വൂലി'ല്‍ കൊടുത്ത അര്‍ഥം ശൗക്കാനി തന്റെ 'ഇര്‍ശാദുല്‍ ഫുഹൂലി'ല്‍ ഉദ്ധരിക്കുന്നുണ്ട്.
ഇജ്തിഹാദിനെ ഇങ്ങനെയാണ് പണ്ഡിതന്മാര്‍ നിര്‍വചിച്ചിരിക്കുന്നത്: 'കര്‍മശാസ്ത്രകാരന്‍ എന്ന നിലയില്‍ ഒരു പ്രശ്‌നത്തിന്റെ തീര്‍പ്പെന്ന് പരിഗണിക്കാവുന്ന വിധി കണ്ടെത്താന്‍ പ്രമാണം പരതുന്നതില്‍ മുഴുവന്‍ കഴിവും വിനിയോഗിക്കുക.'6

ഏറക്കുറെ ഇതേ ആശയം കിട്ടുന്ന പ്രയോഗങ്ങളാണ് ഇമാം ശൗക്കാനി 'ഇര്‍ശാദുല്‍ ഫുഹൂലി'ലും (പേ: 418) ഇബ്‌നുഹസം അള്ളാഹിരി 'അസ്വ്‌ലുല്‍ ഉസ്വൂലി'ലും (പേ: 283) അബൂഇസ്ഹാഖുശ്ശീറാസി 'അല്ലുമഇലു'മൊക്കെ (പേ: 258) പറഞ്ഞിരിക്കുന്നത്.

മുജ്തഹിദും ഫഖീഹും
''വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്ന ഇസ്‌ലാമിക വ്യവസ്ഥയിലെ കര്‍മപരമായ നിയമങ്ങള്‍ക്കാണ് ഫിഖ്ഹ് എന്ന് പറയുന്നത്. ആ നിയമത്തെ ഗ്രഹിച്ചെടുക്കുന്നതിനും ഫിഖ്ഹ് എന്ന് പറയും.''7
ഇജ്തിഹാദ് വഴി ശര്‍ഈ നിയമങ്ങള്‍ ഗ്രഹിക്കുക എന്നതാണ് ഫിഖ്ഹ് എന്നത്രെ 'അല്ലുമഇ'ല്‍ ശീറാസി (പേജ്: 34) പറയുന്നത്. 'ഇര്‍ശാദുല്‍ ഫുഹൂല്‍ (പേ: 17) 'അസ്വ്‌ലുല്‍ ഉസ്വൂല്‍ - (ഇബ്‌നുഹസം, പേ: 289).

ഈ നിര്‍വചനമനുസരിച്ച് വിശദ തെളിവുകളില്‍നിന്ന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കെല്‍പുള്ളവന്നാണ് ഫഖീഹ് എന്ന് പറയുന്നത് എന്ന് വ്യക്തമായി. ഇതു തന്നെയാണ് മുജ്തഹിദിന്റെയും നിര്‍വചനം. അതായത് ഫഖീഹ്, മുജ്തഹിദ് എന്നിവ പര്യായപദങ്ങളാണെന്ന് സാരം. അതുകൊണ്ടത്രെ മുജ്തഹിദ് ഫഖീഹാണെന്നും ഫഖീഹ് മുജ്തഹിദാണെന്നുമൊക്കെ 'ജംഉല്‍ ജവാമിഇ'ല്‍ (പേ: 383) പറയുന്നത്. ഈ രണ്ടു പ്രയോഗവും ഒന്ന് മറ്റേതിനു പകരം വെക്കാമെന്ന് തുടര്‍ന്ന് പറയുന്നുണ്ട്.

ഈ വിവരണമനുസരിച്ച് ഫഖീഹും മുതഫഖ്ഖിഹും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വന്നു. തെളിവുകളില്‍നിന്ന് നിയമം നിര്‍ധാരണം ചെയ്‌തെടുക്കുന്നയാള്‍ക്കാണ് 'ഫഖീഹ്' എന്ന് പറയുന്നതെങ്കില്‍ ഫഖീഹ് കണ്ടെത്തിയ നിയമങ്ങള്‍ പഠിച്ച ആള്‍ക്കാണ് 'മുതഫഖ്ഖിഹ്' എന്ന് പറയുന്നത്. 'മുതഫഖ്ഖിഹ്' അനുകര്‍ത്താവാ(മുഖല്ലിദ്)യിരിക്കും.

ഇജ്തിഹാദിന്റെ ആവശ്യകത
ലോകാരംഭം തൊട്ടേ മനുഷ്യനെ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ഈ പരിഹാരം രണ്ടു രീതിയിലേ സാധ്യമാവൂ. ഒന്ന് മനുഷ്യന്‍ സ്വയം കണ്ടെത്തുകയാണ്. അത് ഇസ്‌ലാം അംഗീകരിച്ചുതന്നിട്ടില്ലാത്ത ഒന്നാണ്. അവിടെ കൈയൂക്കുള്ളവന്‍ കാര്യക്കാരനാവും. ചൂഷണത്തിന്റെ സകല വഴികളും തുറക്കപ്പെടും. നിയമം നിര്‍മിക്കുന്നവര്‍ തന്നെയാവും അത് ആദ്യം ലംഘിക്കുന്നത്. പിന്നെ ആ ലംഘനം മൂടിവെക്കാന്‍ നിയമം മാറ്റിയെഴുതും. അവിടെ ആദ്യം കൊലചെയ്യപ്പെടുന്നത് നീതിയാവും.

രണ്ടാമത്തെ മാര്‍ഗം മനുഷ്യനെ സൃഷ്ടിച്ച അവന്റെ സ്രഷ്ടാവ് തന്നെ നിയമം ആവിഷ്‌കരിക്കുകയാണ്. ഈ രീതിയാണ് ഇസ്‌ലാമിന്റേത്. അത് സ്രഷ്ടാവിന്റെ അവകാശം കൂടിയാണ്. സ്രഷ്ടാവാണ് സൃഷ്ടിക്കാവശ്യമായ നിയമം ആവിഷ്‌കരിക്കേണ്ടത്. അതുകൊണ്ടത്രെ അല്ലാഹു ആദിമ മനുഷ്യനോട് ഇപ്രകാരം അരുള്‍ ചെയ്തത്:
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٣٨﴾ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ هُمْ فِيهَا خَٰلِدُونَ ﴿٣٩﴾ يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّٰىَ فَٱرْهَبُونِ ﴿٤٠﴾ 
''നിങ്ങള്‍ക്ക് നിന്റെ മാര്‍ഗനിര്‍ദേശം വന്നുകിട്ടും. എന്റെ മാര്‍ഗനിര്‍ദേശം അംഗീകരിച്ചവരോ, അവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. നമ്മുടെ നിര്‍ദേശങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ അവര്‍ നരകാവകാശികളാവും. അതിലെ ശാശ്വത വാസികളും'' (2:38-40).
ഇതര ജീവജാലങ്ങളെപ്പോലെ മനുഷ്യന്‍ ജന്മമെടുത്ത നാളിലേതിന് സമാനം മുരടിച്ചു നില്‍ക്കുകയായിരുന്നില്ല. അവന്‍ വൈജ്ഞാനികമായും ധിഷണാപരമായും നാഗരികമായുമൊക്കെ വളരുകയായിരുന്നു. അതിനാല്‍ തന്നെ പ്രാഥമിക ഘട്ട നിയമങ്ങള്‍ മതിയാവാതെ വന്നു. കാലദേശമാറ്റങ്ങള്‍ക്കനുസൃതമായി നിയമം പരിഷ്‌കരിക്കേണ്ടിവന്നു. ആ കാര്യവും അല്ലാഹു തന്നെ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടാണ് അല്ലാഹു കാലോചിതമായ പുതിയ പുതിയ ശരീഅത്തുകള്‍ പില്‍ക്കാല പ്രവാചകന്മാര്‍ക്ക് നല്‍കിപ്പോന്നത്.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
'നിങ്ങളില്‍ ഓരോ വിഭാഗത്തിനും നിയമവ്യവസ്ഥയും പ്രായോഗിക മാര്‍ഗവും നാം നല്‍കുകയുണ്ടായിട്ടുണ്ട്' (5:48) എന്ന് ഖുര്‍ആന്‍ പറയുന്നത് ഇത് സംബന്ധിച്ചു കൂടിയാണ്.
നാഗരിക വളര്‍ച്ച പൂര്‍ണത പ്രാപിച്ച ഘട്ടത്തിലാണ് അവസാന നിയമ വ്യവസ്ഥയുമായി അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത്.

പക്ഷേ, നാഗരിക വളര്‍ച്ച അതോടെ നിലക്കുകയായിരുന്നില്ല, മുന്നോട്ട് കുതിക്കുകയായിരുന്നു. അപ്പോഴും പുതിയ നിയമനിര്‍മാണം വേണ്ടിവന്നു. എന്നാല്‍ അല്ലാഹു പുതിയ ശരീഅത്തുമായി പുതിയ പ്രവാചകനെ നിയോഗിച്ചില്ല.

ഇജ്തിഹാദ്
പുതിയ ശരീഅത്തുമായി പുതിയ പ്രവാചകനെ നിയോഗിക്കാതിരുന്നതു വഴി അല്ലാഹു മനുഷ്യകുലത്തെ പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവാത്തവിധം നിസ്സഹായാവസ്ഥയില്‍ ഉപേക്ഷിക്കുകയായിരുന്നില്ല. പകരം അല്ലാഹു അവനെ ചില മൗലിക തത്ത്വങ്ങള്‍ പഠിപ്പിച്ചു. ഇനിയങ്ങോട്ട് ആ മൗലിക തത്ത്വങ്ങള്‍ മുമ്പില്‍ വെച്ചും പരിധി വിടാതെയും പുതിയ നിയമങ്ങള്‍ കണ്ടെത്താന്‍ അവനെ തന്നെ ചുമതലപ്പെടുത്തി. അങ്ങനെ പുതിയ നിയമം കണ്ടെത്താന്‍ നടത്തുന്ന ശ്രമത്തെയാണ് ഇസ്‌ലാമിന്റെ സാങ്കേതിക പ്രയോഗത്തില്‍ ഇജ്തിഹാദ് എന്ന് പറയുന്നത്. ഇജ്തിഹാദ് വഴിയും പുതിയ നിയമം കണ്ടെത്താനുള്ള സ്രോതസ്സ് ഖുര്‍ആനും സുന്നത്തും ആയിരിക്കണമെന്നും ഖുര്‍ആന്‍ നിര്‍ദേശിച്ചു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩﴾
'വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുവിന്‍, ദൂതനെയും അനുസരിക്കുവിന്‍. നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും. വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്താല്‍ അത് അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുവിന്‍. അല്ലാഹുവിലും ഒടുവുനാളിലും വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതാണ് ചെയ്യേണ്ടത്. അതാവും ഉത്തമം. അനന്തര ഫലത്തില്‍ മെച്ചവും അതുതന്നെ' (4:59).
നബി (സ) പറഞ്ഞു:
إذاحكم فاجتهد ثمّ أصاب فله أجران واذاحكم فاجتهد ثمّ أخطأ فله أجر
'ഒരു നിയമദാതാവ് ഇജ്തിഹാദ് ചെയ്തു. അതിലയാള്‍ക്ക് ശരി കണ്ടെത്താനായാല്‍ രണ്ടുണ്ട് പ്രതിഫലം. അയാള്‍ക്ക് അബദ്ധം പിണഞ്ഞാലുമുണ്ട് ഒരു പ്രതിഫലം.'8

ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ഇനിയും ഇജ്തിഹാദനുകൂല തെളിവുകള്‍ ഉദ്ധരിക്കാനാവും. തല്‍ക്കാലം അതിന് മുതിരുന്നില്ല. കാലം നിലച്ചിട്ടില്ല, സമൂഹവും നിശ്ചലമല്ല, നാഗരികത പുരോഗമിക്കുക തന്നെയാണ്. പുതിയ പ്രശ്‌നങ്ങള്‍ അനുദിനം ഉടലെടുത്തു കൊണ്ടേയിരിക്കുന്നു. പ്രവാചക വിയോഗശേഷം ഖുര്‍ആനിലെ ഒറ്റ ആയത്തും ഹദീസ് സമാഹാരങ്ങളിലെ ഒറ്റ ഹദീസും റദ്ദു ചെയ്യപ്പെട്ടിട്ടുമില്ല. അതായത് ഇജ്തിഹാദിന് പ്രേരിപ്പിക്കുന്ന ആയത്തുകളും ഹദീസുകളും അതേപടി നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഒടുവുനാള്‍ വരെ ഇജ്തിഹാദ് തുടര്‍ന്നേ പറ്റൂ. ഇജ്തിഹാദ് സാധ്യമല്ല എന്നാണെങ്കില്‍ സമൂഹത്തിന്റെ ചലനാവസ്ഥ നിന്നുപോവും. അഥവാ ഇസ്‌ലാമിനെ പിന്തള്ളി സമൂഹവും നാഗരികതയും പിന്നെയും മുമ്പോട്ടു പോവും.

ഹിജ്‌റ നാനൂറിനു ശേഷം
'ഹിജ്‌റ 400-നു ശേഷം ഇജ്തിഹാദ് അനുവദനീയമല്ല' - ചില കോണുകളില്‍നിന്ന് പറഞ്ഞു കേള്‍ക്കുന്ന ഒരു വാദമാണിത്.
ഈ വാദഗതിയുടെ ന്യായീകരണം ഏറെ രസാവഹമാണ്. നാനൂറോടുകൂടി പൗരാണികരെ വെല്ലാവുന്ന വിവരമുള്ളവര്‍ ആരുമില്ല. മുമ്പുള്ളവര്‍ മഹാപ്രതിഭകളും വലിയ പണ്ഡിതന്മാരുമായിരുന്നു. ലോകത്തിന് വേണ്ടപ്പെട്ട സകല നിയമങ്ങളും അവര്‍ ആവിഷ്‌കരിച്ചുവെച്ചിട്ടുണ്ട്. പുതിയതായി ഒന്നും കണ്ടെത്താനില്ല. അതിനാല്‍ 400-നു ശേഷം പൂര്‍വികരെ അനുകരിക്കുകയേ നിര്‍വാഹമുള്ളൂ. ഇജ്തിഹാദ് കൂടുതല്‍ ഛിദ്രതക്ക് വേഗം കൂട്ടും.... ഇങ്ങനെ പോവുന്നു അവരുടെ വാദഗതികള്‍.
ഈ വിചിത്രവാദം വസ്തുതാപരമായി ഭീമാബദ്ധമാണ്. ഒന്നാമതായി, അറിവ് എന്നത് പൂര്‍വികര്‍, ആധുനികര്‍ എന്ന പരിഗണനവെച്ച് ലഭിക്കുന്ന ഒന്നല്ല. അല്ലാഹു നല്‍കിയ ബുദ്ധിശക്തിയും ഓര്‍മശക്തിയുമൊക്കെ വെച്ച് പഠിക്കാനൊരുങ്ങുന്നവര്‍ക്ക് നേടിയെടുക്കാവുന്ന ഒരു ദൈവിക ദാനമാണത്. എന്നു മാത്രമല്ല. മുന്‍ഗാമികളേക്കാള്‍ അതിനുള്ള മാര്‍ഗം കൂടുതല്‍ തുറന്നുകിടക്കുന്നത് പിന്‍ഗാമികളുടെ മുമ്പിലാണ്. അതുകൊണ്ടു തന്നെ പ്രതിഭയുടെയും പാണ്ഡിത്യത്തിന്റെയും കാര്യം അങ്ങനെ തീറെഴുതിക്കൊടുക്കാവുന്ന ഒന്നല്ല. ലോകത്തിനു വേണ്ട സകല നിയമങ്ങളും മുന്‍ഗാമികള്‍ ആവിഷ്‌കരിച്ചുവെച്ചിട്ടുണ്ടെന്ന് പറയുന്നതും അബദ്ധമാണ്. ഭാവിയില്‍ എന്തൊക്കെ എവിടെയൊക്കെ സംഭവിക്കാന്‍ പോകുന്നു എന്ന് സ്വഹാബിമാര്‍ക്കോ പില്‍ക്കാല മുജ്തഹിദുകള്‍ക്കോ അറിയുമായിരുന്നില്ല. അവരാരും ഭാവനാകല്‍പിത പ്രശ്‌നങ്ങള്‍ക്ക് നിയമം ചമക്കുന്നവരുമായിരുന്നില്ല. അത്തരം പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ ഭര്‍ത്സിക്കുകയായിരുന്നു അവരുടെ രീതി.
ഖുര്‍ആനും സുന്നത്തും ഇജ്തിഹാദിന് കാലപരിധി നിശ്ചയിച്ചില്ല എന്നതുപോലെ തന്നെ പൂര്‍വകാല മുജ്തഹിദുകളാരും ഇനിയാരും ഇജ്തിഹാദ് ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്ന് മാത്രമല്ല, അവര്‍ ഇജ്തിഹാദിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഉസ്വൂലുല്‍ ഫിഖ്ഹി(കര്‍മശാസ്ത്രത്തിന്റെ നിദാനശാസ്ത്ര)ന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടാവുന്നതേ ഉള്ളൂ. മേല്‍ വാദഗതിയില്‍ തന്നെ ഹിജ്‌റ നാനൂറ് എന്ന ഒരു കൃത്യകാലം ഗണിച്ചെടുത്തത് ആരാണെന്നത് വ്യക്തമല്ല.

അനുഷ്ഠാനവും വ്യവഹാരവും
ഇജ്തിഹാദ് ഒരു നിയമനിര്‍മാണ രീതി എന്ന നിലക്ക് അനുഷ്ഠാന (ആരാധനാ കാര്യങ്ങള്‍) കാര്യങ്ങളില്‍ സംഗതമല്ല. കാരണം അനുഷ്ഠാനം പ്രവാചകനില്‍നിന്ന് നേരിട്ട് പകര്‍ത്തേണ്ടതാണ്. അതില്‍ പിന്തുടര്‍ച്ച മാത്രമേ സംഗതമാവൂ. അതുകൊണ്ടാണ് അബ്ദുല്‍ ഖൈസ് കുടുംബ പ്രതിനിധികളെ യാത്രയാക്കുമ്പോള്‍ നബി അവരോട് ഇപ്രകാരം പറഞ്ഞത്:
''ഞാന്‍ നമസ്‌കരിച്ച് എങ്ങനെ കണ്ടുവോ അങ്ങനെ നമസ്‌കരിക്കുക.'' ഹജ്ജുമായി ബന്ധപ്പെട്ട് നബി ഇപ്രകാരം പറയുന്നുണ്ട് (ബുഖാരി 631):
''നിങ്ങളുടെ ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക.''
അനുഷ്ഠാന കാര്യങ്ങളില്‍ നടക്കുന്ന ഇജ്തിഹാദ് പ്രമാണങ്ങളുടെ ബലാബലവും തദടിസ്ഥാനത്തില്‍ ഏത് അനുഷ്ഠാന ഘടകത്തിന് സ്ഥിരീകരണം നല്‍കണം എന്നതുമാണ്. ഉദാഹരണം:
ഇമാം ഇരുന്നു നമസ്‌കരിക്കുമ്പോള്‍ മഅ്മൂം ഇരുന്നാണോ നമസ്‌കരിക്കേണ്ടത്? അതോ നിന്നോ?
കുതിരപ്പുറത്തുനിന്ന് വീണ് പരിക്കു പറ്റിയ നാളുകളില്‍ നബി ഇരുന്നാണ് നമസ്‌കരിച്ചിരുന്നത്. നബിയെ പിന്തുടര്‍ന്നവര്‍ നിന്നും. നമസ്‌കാരം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി.

''ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് അയാളെ പിന്തുടരാനാണ്. അതിനാല്‍ ഇമാം ഇരുന്ന് നമസ്‌കരിക്കുമ്പോള്‍ നിങ്ങളും ഇരുന്ന് നമസ്‌കരിക്കുക'' (ബുഖാരി 689).
എന്നാല്‍ മരണത്തിന് തൊട്ടുമുമ്പത്തെ നാളുകളില്‍ രോഗം കാരണം ഇരുന്ന് നമസ്‌കരിച്ചപ്പോഴും ഇതേപോലെ അവര്‍ പ്രവാചകനെ തുടരുന്നുണ്ട്. അതുവരെ അവര്‍ നിന്നാണ് നമസ്‌കരിച്ചിരുന്നത്. പക്ഷേ, അന്ന് നബി അവരോട് ഇരിക്കാന്‍ പറയുന്നില്ല.
സാങ്കേതികമായി ഇജ്തിഹാദ് എന്ന് പറയുന്നത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുതിയ നിയമം കണ്ടെത്താന്‍ നടത്തുന്ന ശ്രമത്തിനാണ്. ഈ ഇജ്തിഹാദ് യോഗ്യത നേടിയ ഏതൊരാള്‍ക്കും ഏതു കാലത്തും ചെയ്യാവുന്ന ഒന്നാണ്. എന്നു മാത്രമല്ല, സമൂഹ പുരോഗതി സാധ്യമാവണമെങ്കില്‍ ഏതു കാലത്തും ഇജ്തിഹാദ് അനിവാര്യമാണ്.
മനുഷ്യബുദ്ധിയും ധിഷണയും ഒരു നിശ്ചിത കാലഘട്ടത്തോടെ മരവിച്ചുപോയെന്നോ നഷ്ടപ്പെട്ടുപോയെന്നോ പറയുക സാധ്യമല്ല. മനുഷ്യധിഷണ വൈജ്ഞാനിക വ്യാപ്തിയോടെ വളര്‍ന്നതായാണ് ചരിത്രം. കാലം മാറുമ്പോള്‍, അഥവാ സാഹചര്യം മാറുമ്പോള്‍ നിയമം മാറുമെന്നത് സര്‍വാംഗീകൃത വസ്തുതയാണ്. എന്നു പറഞ്ഞാല്‍ സാഹചര്യം മാറുന്നതിനനുസരിച്ച് ഇജ്തിഹാദ് ചെയ്യേണ്ടിവരും. ഇജ്തിഹാദ് ചെയ്യാന്‍ പറ്റില്ല എന്നാണെങ്കില്‍ നിയമനിര്‍മാണ പ്രക്രിയ നിലച്ചു എന്നാണര്‍ഥം. നിയമനിര്‍മാണ പ്രക്രിയ നിലച്ചു എന്നതിനര്‍ഥം സമൂഹം തുലഞ്ഞു എന്നോ നിലച്ചു എന്നോ ഒക്കെയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇമാം ശൗക്കാനി പറയുന്നത് കാണുക:

''മുജ്തഹിദുകള്‍ ഇല്ലാത്ത കാലം സംഗതമോ അല്ലയോ? തങ്ങളെ ബാധിച്ച പ്രശ്‌നങ്ങളെ പ്രമാണബദ്ധമായി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്ന ഒരു മുജ്തഹിദെങ്കിലും ഇല്ലാത്ത കാലം ഉണ്ടാകാവതല്ല എന്നതാണ് ഒരു പക്ഷം. ഓരോ പ്രദേശത്തും മതിയായത്ര ആളുകളുണ്ടാവണം എന്നതാണ് മറ്റൊരഭിപ്രായം. കാരണം ഇജ്തിഹാദ് ഫര്‍ദു കിഫായ/സാമൂഹിക ബാധ്യതയാണ്.

ഇബ്‌നുസ്സ്വലാഹ് പറഞ്ഞു: ഇമാമുമാരുടെ ഗ്രന്ഥങ്ങളില്‍ എനിക്ക് കാണാനായിട്ടുള്ള കാര്യം ദ്യോതിപ്പിക്കുന്നത് സോപാധിക മുജ്തഹിദ് (മുജ്തഹിദ് മുഖയ്യദ്) വഴി ഫര്‍ദു കിഫായ (സാമൂഹിക ബാധ്യത) നിര്‍വഹിക്കുക സാധ്യമാവുകയില്ല എന്നാണ്.
അദ്ദേഹം പറഞ്ഞു: ഫത്‌വയുടെ കാര്യത്തില്‍ പോലും അത് സാധ്യമാവുകയില്ലെന്നത് വ്യക്തമാണ്.

ചിലര്‍ പറഞ്ഞത് ഇങ്ങനെയാണ്: പണ്ഡിതന്മാരെ സംബന്ധിച്ചേടത്തോളം ഇജ്തിഹാദിന് മൂന്ന് അവസ്ഥയുണ്ട്: വ്യക്തി ബാധ്യത, സാമൂഹിക ബാധ്യത, ഐഛികം. ആദ്യം പറഞ്ഞത് രണ്ടു രീതിയിലാവാം:

സ്വന്തത്തെ ബാധിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടത്. ആര്‍ക്കാണോ പ്രശ്‌നമുള്ളത് അയാളുമായി ബന്ധപ്പെട്ടത്. ഇതാണ് ആ രീതികള്‍. പ്രശ്‌നവുമായി ബന്ധപ്പെട്ട ബാധ്യത ഇടുങ്ങിയതും സങ്കീര്‍ണവുമെങ്കില്‍ ഉടനെ നടത്തേണ്ട ഇജ്തിഹാദ്. അല്ലെങ്കില്‍ സാവകാശവും.

രണ്ടാമത്തേതിനുമുണ്ട് രണ്ടവസ്ഥ. പ്രതിവിധി തേടുന്നവനെ ബാധിക്കുന്നതാണ് ഒന്ന്. അയാള്‍ പണ്ഡിതന്മാരോട് ഫത്‌വ തേടിയാല്‍ അത് എല്ലാവരുടെയും ബാധ്യതയായി. ആരോടാണോ ചോദ്യമുന്നയിച്ചത് അയാള്‍ അതറിയാന്‍ സവിശേഷ ബാധ്യതയുള്ള ആളായിരിക്കും. അയാളോ മറ്റാരെങ്കിലുമോ മറുപടി നല്‍കിയാല്‍ ബാധ്യത തീര്‍ന്നു. ഇല്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായിരിക്കും. പരിചിന്തന ബാധ്യതയുള്ള രണ്ടു ന്യായാധിപന്മാര്‍ക്കിടയില്‍ ബാധ്യത കറങ്ങുന്നു എന്നതാണ് അതിലെ രണ്ടാമത്തെ അവസ്ഥ. അപ്പോള്‍ ഇജ്തിഹാദ് രണ്ടു പേര്‍ക്കും തുല്യബാധ്യതയുള്ളതായിരിക്കും. രണ്ടു പേരില്‍ ആര് വിധിനല്‍കിയോ രണ്ടാളുടെയും ബാധ്യത ഒഴിവായിക്കിട്ടും.
മൂന്നാമത്തേതിനുമുണ്ട് രണ്ടവസ്ഥ. സംഭവിക്കാവുന്ന പ്രശ്‌നം സംബന്ധിച്ച് പ്രശ്‌നം സംഭവിക്കും മുമ്പേ ബന്ധപ്പെട്ട വിധിയറിയാന്‍ പണ്ഡിതന്‍ ഇജ്തിഹാദ് നടത്തുന്നതാണ് ഒന്ന്. പ്രശ്‌നം ഉടലെടുക്കുന്നതിന് മുമ്പേ അതിന്റെ വിധി അന്വേഷിക്കുന്നതാണ് രണ്ടാമത്തെ അവസ്ഥ.''

''ഇജ്തിഹാദ് ബാധ്യതയാണെന്നുള്ള അഭിപ്രായം മുജ്തഹിദില്ലാത്ത കാലം ഉണ്ടാകാവതല്ലെന്നതിനെ അനിവാര്യമാക്കുന്നുണ്ട് എന്നത് അവ്യക്തമല്ല. നബിയില്‍നിന്ന് ഉദ്ധരിച്ചുവന്ന സ്വഹീഹായ ഹദീസ് അതിനുള്ള തെളിവാണ്. അവിടുന്ന് പറഞ്ഞുവല്ലോ; എന്റെ സമൂഹത്തിലെ ഒരു സംഘം അന്ത്യഘട്ടം സംഭവിക്കുംവരെ സത്യത്തിന്റെ കാര്യത്തില്‍ പ്രത്യക്ഷരായി രംഗത്തുണ്ടായിരിക്കും.''

മുജ്തഹിദില്ലാത്ത കാലമുണ്ടാകാമെന്ന് വളരെപ്പേര്‍ പറഞ്ഞതായി സര്‍കശി 'അല്‍ബഹ്ര്‍' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 'അല്‍ മഹ്‌സ്വൂലി'ന്റെ കര്‍ത്താവ് അത് ഖണ്ഡിതമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാലത്ത് മുജ്തഹിദില്ലെന്ന കാര്യത്തില്‍ മനുഷ്യര്‍ ഏകാഭിപ്രായക്കാരായ മട്ടാണെന്ന് റാഫിഈയും പറഞ്ഞിട്ടുണ്ട്.
സ്വതന്ത്ര മുജ്തഹിദില്ലാത്ത കാലമായെന്നുള്ള ഇമാം ഗസ്സാലിയുടെ 'അല്‍വസീത്വി'ല്‍നിന്നോ അല്ലെങ്കില്‍ ഇമാം റാസിയുടെ വാക്കില്‍ നിന്നോ ആവും റാഫിഈ ഇത് സ്വീകരിച്ചിരിക്കുന്നത്.

സര്‍കശി പറഞ്ഞു: ''ഈ ഇജ്മാഅ് വാദം ആശ്ചര്യകരമാണ്. നമുക്കും ഹമ്പലികള്‍ക്കുമിടയില്‍ അഭിപ്രായാന്തരമുള്ളതാണ് പ്രശ്‌നം എന്നതാണ് വാസ്തവം. നമ്മുടെ തന്നെ ചില പണ്ഡിതന്മാര്‍ ഹമ്പലികളെ ഈ വിഷയത്തില്‍ സഹായിച്ചിട്ടുമുണ്ട്'' (ഇര്‍ശാദുല്‍ ഫുഹൂല്‍ 422,423).

വിഷയം സംബന്ധിച്ച് രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ഇജ്തിഹാദില്ലാത്ത കാലമുണ്ടാകാമെന്നതാണ് ഒന്ന്. ഇജ്തിഹാദില്ലാത്ത കാലമുണ്ടാകാവതല്ല എന്നതാണ് രണ്ടാമത്തെ കാഴ്ചപ്പാട്. ഹമ്പലികള്‍ രണ്ടാം പക്ഷത്ത് നില്‍ക്കുമ്പോള്‍ ശാഫിഈകളിലെ ഒരു വിഭാഗം മാത്രമാണ് ആദ്യ പക്ഷത്തുള്ളത്. ശാഫിഈ പക്ഷത്ത് ഖഫ്ഫാല്‍, ഗസ്സാലി, റാസി, റാഫിഈ പോലെയുള്ളവരാണ് ഈ വാദഗതിക്കാര്‍. അവര്‍ തന്നെയും പറയുന്നത് ഇജ്തിഹാദ് അരുതെന്നല്ല, മുജ്തഹിദില്ലാത്ത കാലമുണ്ടാവാം, മുജ്തഹിദില്ലാത്ത കാലമായിക്കഴിഞ്ഞു എന്നൊക്കെയാണ്.

മുജ്തഹിദില്ലാത്ത കാലം വന്നു കഴിഞ്ഞു എന്ന് ഗസ്സാലിക്കും മുമ്പ് പറഞ്ഞ ആള്‍ ഖഫ്ഫാലാണ്. താന്‍ ശാഫിഈയുടെ മുഖല്ലിദല്ലെന്നും തന്റെ അഭിപ്രായവും അദ്ദേഹത്തിന്റെ അഭിപ്രായവും തമ്മില്‍ ഒന്നിച്ചുവന്നതാണെന്നും അദ്ദേഹം പറഞ്ഞതായി സര്‍കശി ഉദ്ധരിക്കുന്നുമുണ്ട്. ഇവരുടെയൊക്കെ കാലത്തും ശേഷ കാലങ്ങളിലും പാണ്ഡിത്യത്തിലും മറ്റു കഴിവുകളിലുമൊക്കെ കിടയറ്റ വിജ്ഞന്മാര്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. മറിച്ചാണ് വാദമെങ്കില്‍ അതൊരു നിരര്‍ഥകവാദം മാത്രമാണ്.

ഇനി സൗകര്യത്തിന്റെ പ്രശ്‌നമെടുത്താലോ പൂര്‍വഗാമികള്‍ക്ക് ആഴ്ചകളും മാസങ്ങളും യാത്ര ചെയ്തു വേണമായിരുന്നു ഒരു ഹദീസ്, അല്ലെങ്കില്‍ ഒരു സ്വഹാബിയുടെ, ഒരു താബിഇയുടെ കാഴ്ചപ്പാട് മനസ്സിലാക്കിയെടുക്കാന്‍. ഒരു ഹദീസിന്റെ നിവേദക പരമ്പരയിലെ ആളുകളുടെ ചരിത്രം പഠിച്ചെടുക്കാനും അത്രയോ അതില്‍കൂടുതലോ പ്രയാസം സഹിക്കണമായിരുന്നു. എല്ലാം പഠിച്ചെടുക്കാവുന്ന ഗ്രന്ഥങ്ങളുടെ ലഭ്യത എളുപ്പമായ ഇക്കാലത്തോ? സൗകര്യം മുമ്പെന്നത്തെക്കാളും കൂടിവരികയാണ് ചെയ്തത്. വര്‍ത്തമാന കാലത്താണെങ്കില്‍ കരതലാമലകം പോലെ എല്ലാം പിടിയിലൊതുക്കാവുന്ന അവസ്ഥയുമാണുള്ളത്.

മൊത്തത്തില്‍ കഴിവുകളുടെ കാര്യത്തിലായാലും അറിവിന്റെ കാര്യത്തിലായാലും മറ്റെന്ത് യോഗ്യതയുടെ കാര്യത്തിലായാലും അതെല്ലാം നാലാം നൂറ്റാണ്ടോടുകൂടി നിലച്ചുകഴിഞ്ഞു, ശേഷം ആര്‍ക്കും ആ യോഗ്യത ആര്‍ജിക്കാനാവുകയില്ല, അതിനാല്‍ സ്വതന്ത്ര മുജ്തഹിദിന് സാധ്യതയില്ല, മുജ്തഹിദില്ലാത്ത കാലം ആഗതമായിക്കഴിഞ്ഞു എന്നിത്യാദി വാദങ്ങള്‍ ബാലിശവും പ്രമാണത്തിന്റെ പിന്‍ബലമില്ലാത്തതുമാണ്. നാഗരിക പുരോഗതിയും സമൂഹ വളര്‍ച്ചയും നിലച്ചുകഴിഞ്ഞു, ഇനി സമൂഹത്തിന് നശിക്കുകയേ വഴിയുള്ളൂ എന്ന് പറയുന്നതിന് തുല്യമാണത്. ഇതൊക്കെ പറയുന്നവര്‍ തന്നെ പല പ്രശ്‌നങ്ങളിലും ഇജ്തിഹാദ് ചെയ്തുകൊണ്ടിരിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.

ഭാഗിക വിഷയത്തിലുള്ള ഇജ്തിഹാദ്
ഒരാള്‍ മുജ്തഹിദാവുക എന്നാല്‍ ജീവിത ഗന്ധിയായ സകല വിഷയങ്ങളിലും കഴിവു നേടിയിരിക്കണമെന്നുണ്ടോ, അതോ ഏതെങ്കിലും വിഷയത്തില്‍ യോഗ്യത നേടിയാല്‍ അതില്‍ ഇജ്തിഹാദ് ആകാമോ എന്ന ഒരു ചോദ്യമുണ്ട്. ഇതിലും പണ്ഡിതന്മാര്‍ രണ്ടു പക്ഷക്കാരാണ്. ഒരു പക്ഷം സര്‍വ വിഷയത്തിലും അവഗാഹമുള്ളവരേ ഇജ്തിഹാദ് ചെയ്യാവൂ എന്നാണ്. കര്‍മശാസ്ത്ര വിഷയങ്ങള്‍ പരസ്പരബന്ധിതമാണെന്നും ഒന്നിന്റെ അടിസ്ഥാനം മറ്റൊന്നിലാവും കുടികൊള്ളുന്നതെന്നും അതറിയണമെങ്കില്‍ എല്ലാ വിഷയങ്ങളിലും അവഗാഹം വേണ്ടതുണ്ടെന്നുമാണ് അവരുടെ ന്യായം. മറ്റൊരു വിഭാഗം പറയുന്നത്, ആള്‍ സര്‍വവിജ്ഞാനകോശമാവണമെന്നില്ല, ഏതു വിഷയവുമായി ബന്ധപ്പെട്ടാണോ ഇജ്തിഹാദ് ചെയ്യാനുദ്ദേശിക്കുന്നത് തദ്വിഷയകമായി അവഗാഹമുണ്ടായാല്‍ മതിയാവും എന്നാണ്. ഇബ്‌നു ദഖീഖുല്‍ ഈദ്, ഗസാലി, റാഫിഈ, അസ്സഫിയ്യുല്‍ ഹിന്ദി തുടങ്ങി പലരും ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്.
എന്നാല്‍ പഠനമെന്നത് ഒരു നിലയ്ക്കാ പ്രവാഹമാണ്. പൗരാണിക മുജ്തഹിദുകള്‍ ആരും തന്നെ പഠനം കഴിഞ്ഞ ശേഷമായിരുന്നില്ല ഇജ്തിഹാദ് ചെയ്തത്. ഇമാം മാലികുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചു വന്ന ഒരു പ്രസിദ്ധ സംഭവമുണ്ടല്ലോ. തന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ട നാല്‍പതു വിഷയങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുപ്പത്തി ആറെണ്ണത്തിനു അറിയില്ല എന്നതായിരുന്നു മറുപടി. ഹദീസുകളുടെ കാര്യത്തിലാണെങ്കില്‍ എല്ലാം തങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു എന്ന് ഇവരാരും വാദിച്ചിരുന്നില്ലെന്നു മാത്രമല്ല അന്ന് ഹദീസുകള്‍ പില്‍ക്കാലത്തേതു പോലെ ക്രോഡീകരിക്കപ്പെട്ടിരുന്നുമില്ല. ഒരു വിഷയത്തെ സംബന്ധിക്കുന്ന പുതിയതും കൂടുതല്‍ പ്രബലവുമായ ഹദീസ് കിട്ടുമ്പോള്‍ നേരത്തേ നടത്തിയ ഇജ്തിഹാദ് തന്നെയും പുനഃപരിശോധിക്കുന്ന രീതിയിലായിരുന്നു അവരുടേത്. അതുകൊണ്ടുകൂടിയാണ് ഒരേ വിഷയത്തെ സംബന്ധിച്ച് ഒരാള്‍ തന്നെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. സ്വഹീഹായ ഹദീസ് കിട്ടിയാല്‍ അത് എന്നെക്കൂടി അറിയിക്കണമെന്ന് ഇമാം ശാഫിഈ ശിഷ്യനായ ഇമാം അഹ്‌മദിനോട് പറയുന്നതും മറ്റൊന്നു കൊണ്ടുമല്ല.
ചുരുക്കത്തില്‍ പറഞ്ഞുവന്നത് ഇത്രയുമാണ്: 1. ഇജ്തിഹാദ് അസാധ്യമായ ഒന്നല്ല. 2. ഇജ്തിഹാദില്ലാത്ത ഒരു കാലം ഉണ്ടാകാവതല്ല. 3. ബുദ്ധിയും ധിഷണയും അറിവുമൊക്കെ ഹിജ്‌റ നാനൂറാമാണ്ടിനും മുമ്പ് ഒടുങ്ങിപ്പോയെന്ന് പറയുന്നത് ബുദ്ധിപരമായും വസ്തുതാപരമായും ഒരു വല്ലാത്ത അബദ്ധമാണ്. ഇസ്‌ലാമിന്റെ നൈരന്തര്യത്തെയും വികാസക്ഷമതയെയും നിഷേധിക്കുന്ന നടപടിയാണ്. 4. ഇജ്തിഹാദ് നിലച്ചു എന്നു പറയുന്നത് മനുഷ്യന്റെ നാഗരിക പുരോഗതിയും വളര്‍ച്ചയും നിലച്ചു എന്നു പറയുന്നതിന് തുല്യമാണ്. 5. ലോകാന്ത്യം വരെ സംഭവിക്കാനിരിക്കുന്ന സകല സംഭവങ്ങളും ഹിജ്‌റ നാനൂറിന് മുമ്പുള്ളവര്‍ക്കറിയാമായിരുന്നു എന്ന് പറയുന്നതിന് സമാനമാണ് ഈ വാദവും. 6. ഇജ്തിഹാദില്ലാത്ത കാലമുണ്ടാവാം, മുജ്തഹിദില്ലാത്ത കാലം സംഭവിച്ചുകഴിഞ്ഞു എന്നൊക്കെ പറഞ്ഞവര്‍ പോലും ഭാവിയില്‍ ഇജ്തിഹാദ് ചെയ്യാവതല്ലെന്നോ മുജ്തഹിദുകള്‍ ഉണ്ടാവുകയില്ലെന്നോ പറയുന്നില്ല. 7. മുജ്തഹിദുകളില്ലാത്ത കാലം വന്നുകഴിഞ്ഞു എന്ന് പറഞ്ഞവര്‍ പോലും തങ്ങള്‍ കൈക്കൊണ്ട മദ്ഹബുകളിലേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പല പ്രശ്‌നങ്ങളിലും കൈക്കൊണ്ടവരായിരുന്നു. 8. ഖുര്‍ആനിലോ സുന്നത്തിലോ മുജ്തഹിദുകളുടെ പ്രസ്താവനകളിലോ ഇജ്തിഹാദിന് കാലപരിധി നിര്‍ണയിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹിജ്‌റ നാനൂറിനു ശേഷം ഇജ്തിഹാദ് പാടില്ലെന്ന വാദം പ്രമാണത്തിന്റെ പിന്‍ബലമില്ലാത്തതും അതിനാല്‍തന്നെ അസ്വീകാര്യവുമാണ്. 9. ആ വാദമുന്നയിക്കുന്നവരാകട്ടെ മുഖല്ലിദുകളാണുതാനും. മുഖല്ലിദുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും അവകാശമില്ല എന്നതാണ് വാസ്തവം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top