ഹദീസും കേരളവും

അബ്ദുര്‍റഹ്മാന്‍ മങ്ങാട്‌‌
img

റബ് രാജ്യങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യയിലെ രണ്ടു തീരദേശ പ്രദേശങ്ങളാണ് ഗുജറാത്തും മലബാറും. പ്രവാചക കാലഘട്ടം മുതല്‍ തന്നെ ഇസ്‌ലാമിന്റെ ആഗമനമറിയിച്ച പ്രദേശങ്ങളാണ് ഇവരണ്ടും. പക്ഷേ, ഗുജറാത്തിന്റെ ചരിത്രത്തില്‍ ഇമാം സഖാവിയുടെയും മറ്റു ശിഷ്യന്മാരായ മഹുദ്ദിസുകളുടെയും പരാമര്‍ശങ്ങളുണ്ട്. ചരിത്രത്തോടുള്ള നമ്മുടെ അവഗണന കാരണം നമ്മുടെ പൂര്‍വികരായ ഒരുപാട് പണ്ഡിതന്മാരുടെ ചരിത്രം ഒരു സ്ഥലത്തും രേഖപ്പെട്ടുകാണുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന കൃതിയില്‍ എഴുതുന്നു: 'മുസ്‌ലിം ഭൂമിശാസ്ത്രജ്ഞന്മാരില്‍ പ്രഖ്യാതനായ ഇമാം യാക്കൂത്ത് ഹമവീ തന്റെ വിഖ്യാത ഗ്രന്ഥം മുഅ്ജമുല്‍ ബുല്‍ദാനില്‍ പ്രാചീന കാലത്തെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിച്ചിട്ടുണ്ട്.' രാഷ്ട്രങ്ങളുടെ വിവരങ്ങളുള്‍ക്കൊള്ളുന്നൊരു വിജ്ഞാനകോശമാണത്. മലബാറിലെ ഇഞ്ചി, കുരുമുളക് എന്നിവയെ സംബന്ധിച്ച വിശദീകരണങ്ങള്‍ക്കു ശേഷം അതില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു.
'ഞാന്‍ താരീഖു ദിമശ്കില്‍ അബ്ദുല്ലാഹിബ്‌നു അബ്ദുര്‍റഹ്മാനുല്‍ മലൈബാരി എന്നൊരാളുടെ ചരിത്രം എഴുതിക്കണ്ടിട്ടുണ്ട്. അദ്ദേഹം ഡമസ്‌കസ് കടലോരത്തിനു സമീപം സ്ഥിതി ചെയ്യുന്ന സൈദാ സംസ്ഥാനത്തില്‍ അദ്‌നൂന്‍ എന്ന സ്ഥലത്ത് വെച്ച് അഹ്മദ്ബ്‌നു അബ്ദുല്‍ വാഹിദുല്‍ ഖശ്ശാബ് ശീറാസിയുടെ സന്നിധാനത്തില്‍നിന്ന് ഹദീസ് അഭ്യസിച്ചിരുന്നു. മലൈബാരിയില്‍നിന്ന് അബുഅബ്ദുല്ലാഹിസ്സൂരി ഹദീസ് രിവായത് ചെയ്തിട്ടുണ്ട്.
ശീറാസിലെ മുഹദ്ദിസായിരുന്ന അഹ്മദ്ബ്‌നു അബ്ദുല്‍ വാഹിദ് ഖശ്ശാബ്(മരക്കച്ചവടക്കാരന്‍) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം കേരളത്തില്‍നിന്ന് വിലപ്പെട്ട മരങ്ങള്‍ അറേബ്യയിലേക്കും മറ്റും കയറ്റുമതി ചെയ്തിരുന്നു.
യാഖൂതുല്‍ ഹമവി ഹിജ്‌റ 526ലാണ് അന്തരിച്ചത്. ഇതില്‍നിന്നും മുഹദ്ദിസ് അബ്ദുല്ലാഹില്‍ മലൈബാരി അതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹദീസ് പഠനത്തിനായി ഡമസ്‌കസില്‍ താമസിച്ചിരുന്നതെന്ന് ഗ്രഹിക്കാം. - പേജ് 16, 137.
ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച കോഴിക്കോട്ടുകാരനായ മറ്റൊരു മുഹദ്ദിസിനെക്കുറിച്ചും ചരിത്രകാരന്മാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. യാകൂതുല്‍ ഹമവീ പരാമര്‍ശിച്ച അബ്ദുല്ല മലൈബാരി അവരില്‍ ഒരാളാണ്. ഖാസിം അബൂബക്കര്‍ എന്നീ സഹോദരന്മാരോടൊപ്പം മക്കയിലെത്തിയ അദ്ദേഹം ഹദീസ് പണ്ഡിതനായ അല്‍ ഹാഫിള് അസ്സഖാവിയുടെ ശിഷ്യത്വം സ്വീകരിച്ച് ഹദീസ് പഠനം നടത്തി. ഹദീസുകള്‍ നിവേദനം ചെയ്യാന്‍ ഗുരുവില്‍നിന്ന് അനുമതി(ഇജാസ) ലഭിച്ചു. സഖാവി തന്റെ കൃതിയില്‍ അബ്ദുല്ലാഹിബ്‌നു അഹ്മദിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളീയരായ ധാരാളം ഹജ്ജ് യാത്രികര്‍ വര്‍ഷങ്ങളോളം മക്കയിലും മദീനയിലും താമസിക്കാറുണ്ടായിരുന്നു. അവിടങ്ങളിലുള്ള പ്രഗത്ഭരായ മുഹദ്ദിസുകളില്‍നിന്ന് ഹദീസുകള്‍ പഠിച്ചിട്ടുമുണ്ട്. ദൗര്‍ഭാഗ്യമെന്ന് പറയാം. പക്ഷേ, അവയൊന്നും വേണ്ടവിധം എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല.
അറബി ഭാഷയില്‍ കേരളത്തില്‍ വിരചിതമായ ഹദീസ് കൃതികളാണ് സിഹാഹുശൈഖൈനി, മിര്‍ആതുല്‍ മിശ്കാത് തുടങ്ങിയവ. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍(1881-1965) രചിച്ചതാണ് സിഹാഹുശൈഖൈനി. ബുഖാരിയിലും മുസ്‌ലിമിലും രേഖപ്പെടുത്തപ്പെട്ട മുത്തഫഖുന്‍ അലൈഹിയായ രണ്ടായിരത്തി അറുനൂറിലധികം ഹദീസുകള്‍ വിവിധ അധ്യായങ്ങളിലായി സമാഹരിച്ചതാണ് പ്രസ്തുത ഗ്രന്ഥം. ഖാദി മുസ്സ്വഹീഹൈനി എന്ന പേരില്‍ അതിന്നു ഒരു വിശദീകരണവും തയാറാക്കിയിട്ടുണ്ട് അദ്ദേഹം. ഹാശിയതുസ്വിഹാഹു ശൈഖൈനി എന്ന പേരില്‍ ഒരു വ്യാഖ്യാന ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്.
പ്രമുഖ ഹദീസ് സമാഹാരമായ മിശ്കാതുല്‍ മസ്വാബീഹിന്ന് പണ്ഡിതനായ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍(1939-2011) എഴുതിയ വിശദീകരണ ഗ്രന്ഥമാണ് എട്ട് വാല്യങ്ങളുള്ള മിര്‍ആതുല്‍ മിശ്കാത്ത്. ആറായിരത്തില്‍പരം പേജുകളുള്ള അറബിയില്‍ വിരചിതമായ ഗ്രന്ഥമാണിത്. ഹദീസുകളുടെ വിശദീകരണങ്ങള്‍, ഓരോ അധ്യായത്തിനും അനുബന്ധമായി തയാറാക്കിയിട്ടുള്ള പഠനങ്ങള്‍, ചാര്‍ട്ടുകള്‍, സൂചികകള്‍, ഭൂപടങ്ങള്‍ എന്നിവ ഓരോ വാല്യത്തിലും ചേര്‍ത്തിട്ടുണ്ട്. പ്രസിദ്ധമായ നാലു കര്‍മശാസ്ത്ര മദ്ഹബുകളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഫിഖ്ഹീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്. വിവാദ വിഷയങ്ങള്‍ പ്രത്യേക ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. മിശ്കാതില്‍ വന്ന സ്വഹാബിമാരുടെയും താബിഉകളുടെയും മറ്റും സംക്ഷിപ്ത ജീവചരിത്രവും പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍, വിഖ്യാതരായ ഹദീസ് പണ്ഡിതന്മാര്‍, ഹദീസ് നിദാനശാസ്ത്രത്തിലെ സാങ്കേതിക സംജ്ഞകള്‍ എന്നിവയെല്ലാം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. വിശദമായ വിഷയസൂചികയുമുണ്ട്.
സമകാലിക ഹദീസ് ലോകത്തിനു കേരളം നല്‍കിയ സംഭാവനയാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. ഹദീസ് നിരൂപണ മേഖലയില്‍ പൂര്‍വികരുടെയും പില്‍ക്കാല പണ്ഡിതന്മാരുടെയും സംഭാവനകളെ അതിസൂക്ഷ്മമായി വിശകലനം ചെയ്ത് വികസിപ്പിച്ചെടുത്ത അദ്ദേഹത്തിന്റെ രീതിശാസ്ത്രം മന്‍ഹജുല്‍ മലൈബാരി എന്ന പേരില്‍ ആധുനിക ഹദീസ് പണ്ഡിതന്മാരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്.
ദുബൈ കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് അറബികിലെ ഹദീസ് പഠനവകുപ്പ് മേധാവിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ലോകത്തിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ ഹദീസ് ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയ സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു. അല്‍ ഹദീസുല്‍ മഅ്‌ലൂല്‍ ഖവാഇദുന്‍ വളവാബിതുന്‍ നളറാതുന്‍ ജദീദ ഫീ ഉലുമില്‍ ഹദീസ് അല്‍ മുവാസന ബൈനല്‍ മുതഖദ്ദിമീന വല്‍ മുതഅ്ഖിരീന്‍ ഫീ തസ്ഹീഹില്‍ അഹാദീസി വതദ്ഈഫിഹാ കൈ നദ്‌റുസു ഇല്‍മതഖ്‌രീജില്‍ ഹദീസ് ഉലൂമുല്‍ ഹദീസ് ഫീ ദൗഇ തത്ബീഖാതില്‍ മുഹദ്ദിസീന്‍, മാഹാകദാ തൂറദു യാസഅ്ദ് അല്‍ ഇബ്ന്‍ തുടങ്ങിയ നിരവധി ഹദീസ് പഠന ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണദ്ദേഹം. അതുപോലെ തന്നെ മറ്റൊരു വ്യക്തിത്വമാണ് ഡോ. മുഹമ്മദ് അശ്‌റഫ് മലൈബാരി. മദീന യൂനിവേഴ്‌സിറ്റിയിലും മസ്ജിദുന്നബവിയിലും ഹദീസ് ക്ലാസുകള്‍ നടത്തുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും വിവിധ രാജ്യങ്ങളിലും ഹദീസ് സംബന്ധമായ പ്രബന്ധങ്ങളും പരിപാടികളും നടത്തുന്നുണ്ട്.

ഹദീസ് പരിഭാഷകള്‍/പഠനങ്ങള്‍
ഹദീസ് പരിഭാഷകളെക്കുറിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ഒരിക്കലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നിട്ടും പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളുടെ പരിഭാഷകളൊന്നും അടുത്തകാലംവരെ മലയാളത്തിലുണ്ടായില്ല എന്നുള്ളത് പഠന വിധേയമാക്കേണ്ട കാര്യമാണ്. അതില്‍ ഏറെ ഗൗരവതരമായി തോന്നുന്നത് നമ്മുടെ പണ്ഡിതന്മാരുടെ മാതൃഭാഷാപരമായിട്ടുള്ള കഴിവില്ലായ്മയാണ്.
പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങിയത് 1935-ല്‍ പ്രസിദ്ധീകരണമാരംഭിച്ച അല്‍ മുര്‍ശിദ് മാസികയിലൂടെയാണ്. പരിഭാഷകന്‍ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ എം.സി.സി അഹ്മദ് മൗലവി(1904-1962)യായിരുന്നു. ഹദീസുകളുടെ വിശദീകരണമടങ്ങിയ പ്രസ്തുത വ്യാഖ്യാനം അഞ്ച് വര്‍ഷക്കാലം നീണ്ടുനിന്നു.
ഗ്രന്ഥ രൂപത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഹദീസ് സമാഹാരം 1938-ല്‍ പുറത്തുവന്ന ഇസ്‌ലാം മത തത്വപ്രദീപം എന്ന ഗ്രന്ഥമാണ്. വക്കം മൗലവിയുടെ സഹോദരിപുത്രനായ പി. മുഹമ്മദ് മൈതീന്‍(1889-1967) സാഹിബാണ് പരിഭാഷ നിര്‍വഹിച്ചത്. ഇടവ സി.എം പ്രസ്സിലാണ് അച്ചടി നിര്‍വഹിച്ചത്. സാമൂഹിക-സാംസ്‌കാരിക പ്രസക്തിയുള്ള ഹദീസുകള്‍ തെരഞ്ഞെടുത്ത് സമാഹരിച്ചതാണിത്.
ആദ്യകാല ഹദീസ് സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് കെ. മുഹമ്മദലി വിവര്‍ത്തനം ചെയ്ത് എ. മജീദ് മരക്കാര്‍ 1951-ല്‍ പ്രസിദ്ധീകരിച്ച 'അല്‍ഹദീസ്' എന്ന കൃതി. ഹദീസ് വിജ്ഞാനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടര്‍മാരെ കുറിച്ചുമുള്ള പഠനമുണ്ട് ഈ കൃതിയില്‍. നിത്യാവശ്യത്തിനു ഉപയുക്തമായ 696 ഹദീസുകള്‍ തെരഞ്ഞെടുത്ത് 32 അധ്യായങ്ങളായി ക്രമീകരിച്ചതാണ് അല്‍ ഹദീസ്. 1986-ല്‍ ഈ ഗ്രന്ഥം അല്‍ഹുദ ബുക്സ്റ്റാള്‍(കോഴിക്കോട്) പുനഃപ്രസിദ്ധീകരിച്ചു.
1962-ല്‍ പുറത്തിറങ്ങിയ മറ്റൊരു ഗ്രന്ഥമാണ് 'പരിശുദ്ധ നബിവചനങ്ങള്‍ പരിഭാഷയും വ്യാഖ്യാനവും' എന്നത്. എം. അഹ്മദ് മൗലവി(എടത്തനാട്ടുകര)യാണ് വിവര്‍ത്തകന്‍. വിശദീകരണങ്ങള്‍ അടിക്കുറിപ്പായി ചേര്‍ത്തിട്ടുള്ള ഈ ഗ്രന്ഥത്തില്‍ 333 ഹദീസുകളാണുള്ളത്. 'ടീച്ചിംഗ് ഓഫ് ദ ഹോളി പ്രൊഫറ്റ് 333' എന്ന പേരില്‍ ഈ ഗ്രന്ഥം ഹസന്‍ ഫാറൂഖി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'നബിവചനങ്ങള്‍ 300 ഹദീസുകള്‍' എന്ന പേരില്‍ ബുഖാരി-മുസ്‌ലിമില്‍നിന്ന് തെരഞ്ഞെടുത്ത് 300 ഹദീസുകള്‍ ഉള്‍പ്പെടുത്തി. കെ. അലവി മൗലവി(കടന്നമണ്ണ) സമാഹരിച്ചതാണ് മറ്റൊന്ന്.

സ്വഹീഹുല്‍ ബുഖാരി: സ്വഹീഹുല്‍ ബുഖാരിക്ക് പുസ്തക രൂപത്തില്‍ ആദ്യമായി പരിഭാഷ പുറത്തിറക്കിയത് കെ. അലവി മൗലവി(കടന്നമണ്ണ)യാണ്. മൂന്ന് ചെറു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട കൃതി ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല.
ബുഖാരിയിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഒരു ഹദീസ് ഒരു തവണ മാത്രം വരുന്ന രീതിയില്‍ സി.എന്‍ അഹ്മദ് മൗലവി നിര്‍വഹിച്ച പരിഭാഷയാണ് സമഗ്രമായ ആദ്യ ബുഖാരി പരിഭാഷ. ഒറ്റവാല്യത്തിലായി 1970ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിന് സി.എന്‍ എഴുതിയ 200 പേജ് വരുന്ന ആമുഖത്തില്‍ ബുഖാരിയുടെ സ്വീകാര്യതയില്‍ സംശയം ജനിപ്പിക്കുകയും സ്വഹാബികളെയും റിപ്പോര്‍ട്ടര്‍മാരെയും തരംതാഴ്ത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങളുണ്ട്. 792 പേജ് വരുന്ന ഈ ഗ്രന്ഥം 'തജ്‌രീദുല്‍ ബുഖാരി'യെ അവലംബിച്ചുകൊണ്ടാണ് തയാറാക്കിയിട്ടുള്ളത്.
ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാതെ സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തി മൂന്ന് ഭാഗങ്ങളായി അയ്യുബ് ബുക്ഹൗസ് 1993ല്‍ ഒന്നാം ഭാഗവും 1999ല്‍ മൂന്നാം ഭാഗവും പ്രസിദ്ധപ്പെടുത്തി. ഒന്നാം ഭാഗത്തില്‍ അറബ് മൂലം ഉള്‍പ്പെടുത്തിയെങ്കിലും മറ്റും രണ്ടു ഭാഗങ്ങളിലും അറബ് മൂലം ഒഴിവാക്കി. വിശദീകരണങ്ങള്‍ അടിക്കുറിപ്പുകളായി ചേര്‍ത്തിട്ടുണ്ട്.
ഒരു സംഘം പണ്ഡിതന്മാര്‍ വിവര്‍ത്തനം നിര്‍വഹിച്ച് ഐ.പി.എച്ച് പുറത്തിറക്കിയ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയാണ് എടുത്ത് പറയാവുന്ന മറ്റൊരു ഗ്രന്ഥം. പ്രസാധകക്കുറിപ്പ് ഇങ്ങനെ വായിക്കാം. ''സ്വിഹാഹുസ്സിത്ത എന്ന പേരിലറിയപ്പെടുന്ന ആറു പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളുടെ പരിഭാഷകളാണ് ആദ്യം പുറത്തിറക്കുക. തുടര്‍ന്ന് ഈ രംഗത്ത് മറ്റു ചില സംഭാവനകള്‍ ഐ.പി.എച്ചിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം. വിശുദ്ധ ഖുര്‍ആനു ശേഷം മുസ്‌ലിം ലോകം ഏറ്റവും ആധികാരികത കല്‍പിക്കുന്ന സ്വഹീഹുല്‍ ബുഖാരിയാണ് സ്വിഹാഹുസ്സിത്തയിലെ പ്രഥമവും പ്രധാനവുമായ ഗ്രന്ഥം. അല്‍ ജാമിഉസ്സഹീഹിന് പ്രഗത്ഭ പൗരാണിക ഹദീസ് പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദ് അസ്സബീദി തയാറാക്കിയ 'അത്തജ്‌രീദുസ്സഹീഹ്' എന്ന സംഗ്രഹമാണ് ഇതിന് അവലംബിച്ചത്. സംശോധന നിര്‍വഹിച്ചത് പ്രഗത്ഭ പണ്ഡിതന്‍ ഡോ. മുസ്തഫ ദീബ് അല്‍ ബുഗാ.'' 2007 ഏപ്രിലില്‍ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു.
സ്വഹീഹുല്‍ ബുഖാരിക്ക് മറ്റുചില പരിഭാഷകള്‍ കൂടിയുണ്ട് മലയാളത്തില്‍. ഇബ്‌റാഹിം പുത്തൂര്‍ ഫൈസി വിവര്‍ത്തനം ചെയ്ത് ഇസ പ്രസിദ്ധീകരിച്ച രണ്ടു ഭാഗങ്ങള്‍, അബ്ദുല്‍ ഹഖ് സുല്ലമിയുടെ വിവര്‍ത്തനത്തില്‍ രണ്ടു ഭാഗങ്ങളായി ഷാഹീന്‍ ബുക്‌സ് പ്രസിദ്ധീകരണം. സ്വാദിഖ് അന്‍വരി വിവര്‍ത്തനം നിര്‍വഹിച്ച് ക്രസന്റ് 2010ല്‍ പ്രസിദ്ധീകരിച്ച ഒറ്റവാല്യം. കായംകുളം എം.എസ്.എം കോളേജ് പ്രഫസറായിരുന്ന കെ.എ റസാഖ് ഇംഗ്ലീഷില്‍നിന്ന് മൊഴിമാറ്റി പ്രസിദ്ധീകരിച്ച ഒറ്റവാല്യം എന്നിവ ബുഖാരിയുടെ മറ്റു വിവര്‍ത്തനങ്ങളാണ്.

സ്വഹീഹ് മുസ്‌ലിം: സ്വഹീഹ് മുസ്‌ലിമിന്റെ ആദ്യമലയാള പരിഭാഷ കെ. അലവി മൗലവി(കടന്നമണ്ണ)യുടേതാണ്. 1980കളില്‍ പുറത്തിറങ്ങിയ ഇതിന് 3 വാല്യങ്ങളുണ്ട്. വിശദ വ്യാഖ്യാനം സഹിതം 479 അധ്യായങ്ങളിലായി 1761 ഹദീസുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തിരൂര്‍ അല്‍ ജലാല്‍ ബുക്സ്റ്റാളാണ് പ്രസാധകര്‍.
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഹീദസ് പരമ്പരയുടെ രണ്ടാം ഭാഗമായി സ്വഹീഹ് മുസ്‌ലിം 2009ല്‍ പ്രസിദ്ധീകരിച്ചു. ഹാഫിള് സകിയ്യുദ്ദീന്‍ അല്‍മുന്‍ദിരി സംഗ്രഹിക്കുകയും ഡോ. മുസ്ത്വഫ ദീബ് അല്‍ബുഗാ സംശോധന നടത്തുകയും ചെയ്ത സംഗ്രഹീതപ്പതിപ്പാണ് വിവര്‍ത്തനത്തിന് അവലംബം. അവസാനം വിശദമായ വിഷയ സൂചിക നല്‍കിയിട്ടുള്ള ഈ ഗ്രന്ഥത്തില്‍ 2179 ഹദീസുകളാണുള്ളത്.
ഇന്‍സാഫ് പബ്ലിക്കേഷന്‍സ്(മഞ്ചേരി) പുറത്തിറക്കിയ സ്വഹീഹു മുസ്‌ലിം സമ്പൂര്‍ണ പരിഭാഷ ഹദീസ് പരിഭാഷ രംഗത്തെ മികച്ച സംഭാവനയാണ്. മൂന്ന് ഭാഗങ്ങളായി 3033 ഹദീസുകളാണ് ഇതിലുള്ളത്. ഒരുകൂട്ടം പണ്ഡിതന്മാര്‍ പരിഭാഷ നിര്‍വഹിച്ച ഗ്രന്ഥത്തിന്റെ പരിശോധന നിര്‍വഹിച്ചത് കെ. അബൂബക്കര്‍ സലഫി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി എന്നിവരാണ്. 2640 പേജുള്ള ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം 2009ലാണ് പ്രസിദ്ധീകരിച്ചത്.
മുത്തഫഖുന്‍ അലൈഹി: ബുഖാരിയും മുസ്‌ലിമും ഏകോപിച്ച് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളാണ് മുത്തഫഖുന്‍ അലൈഹി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് വിവിധ പരിഭാഷകളുണ്ട് മലയാളത്തില്‍. 1994-ല്‍ ബുഖാരി-മുസ്‌ലിം സംയുക്ത ഹദീസ് പരിഭാഷ എന്ന പേരില്‍ ഇബ്‌റാഹിം പുത്തൂര്‍ ഫൈസിയാണ് ആദ്യമായി ഇത് നിര്‍വഹിച്ചത്. ബയാനിയ്യ ബുക്സ്റ്റാള്‍ പരപ്പനങ്ങാടിയാണ് പ്രസാധകര്‍. മിശ്കാത്തുല്‍ മസാബീഹ് എന്ന ഗ്രന്ഥത്തില്‍ നിന്നാണ് മുത്തഫഖുന്‍ അലൈഹിയായ ഹദീസുകള്‍ അദ്ദേഹം തെരഞ്ഞെടുത്തത്. തുടര്‍ന്ന് 'അല്ലുഉലുഉവല്‍മര്‍ജാന്‍' എന്ന മുത്തഫഖുന്‍ അലൈഹിയായ ഹദീസുകളുടെ സമാഹാരത്തെ അവലംബിച്ചുകൊണ്ട് അബ്ദുല്‍ ഹഖ്‌സുല്ലമിയും(രണ്ടുഭാഗം) അബ്ദുസ്സമദ് ഫൈസിയും ഈ രംഗത്ത് സംഭാവന നല്‍കിയിട്ടുണ്ട്.

അല്‍ അദബുല്‍ മുഫ്‌റദ്
ഇമാം മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരിക്കു പുറമെ അദ്ദേഹം സമാഹരിച്ച ഗ്രന്ഥമാണ് അല്‍ അദബുല്‍ മുഫ്‌റദ്. സംസ്‌കാരം, മര്യാദ, സദാചാരം, ശ്രേഷ്ഠ സ്വഭാവം എന്നൊക്കെയാണ് അദബ് എന്ന അറബി പദത്തിന്റെ അര്‍ഥം. ഇത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള ഹദീസുകള്‍ പ്രത്യേകമായി സമാഹരിക്കുകയും അതിനു അല്‍ അദബുല്‍ മുഫ്‌റദ് എന്ന് പേരിടുകയുമാണ് അദ്ദേഹം ചെയ്തത്. ആയിരത്തി മുന്നൂറിലധികം ഹദീസുകളുള്ള ഈ ഗ്രന്ഥത്തിലെ പകുതി ഹദീസുകളും സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പോലെ ആധികാരികമെന്നാണ് ഹദീസ് പണ്ഡിതനായ മുഹമ്മദ് യൂസുഫ് ബീന്നൂരിയ്യ തബ്‌സിറയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി ഹദീസുകള്‍ ഇമാം മുസ്‌ലിമിന്റെ നിബന്ധനകള്‍ക്ക് താഴെയെ വരുന്നുള്ളൂ എന്നാണ് ബിന്നൂരിയുടെ അഭിപ്രായം.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി വിവര്‍ത്തനവും വിശദീകരണവും നല്‍കിയ അദബുല്‍ മുഫ്‌റദ് 1998ലാണ് പ്രസിദ്ധീകരിച്ചത്.

റിയാദുസ്സാലിഹീന്‍
ഇമാം നവവി(1233-1277)യുടെ വിശ്വപ്രസിദ്ധ ഹദീസ് സമാഹാരമാണ് റിയാദുസ്സാലിഹീന്‍. ഓരോ അധ്യായത്തിന്റെ ആരംഭത്തിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ ചേര്‍ത്തിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഗ്രന്ഥത്തിനു മലയാളത്തില്‍ വിവിധ പരിഭാഷകള്‍ നിലവിലുണ്ട്. ആദ്യ വിവര്‍ത്തനം തയാറാക്കിയത് എ.കെ ഉസ്മാന്‍ മൗലവിയാണ്. അല്‍ഹുദ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് എ. അബ്ദുസ്സലാം സുല്ലമി(അയ്യൂബി ബുക്സ്റ്റാള്‍), കോഴിക്കോട് വലിയ ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍(തിരൂരങ്ങാടി ബുക്സ്റ്റാള്‍), അബുല്‍കലാം ഫൈസി(പൂങ്കാവനം ബുക്‌സ്), കെ.വി.എം പന്താവൂര്‍(ചന്തപ്പടി ബുക്സ്റ്റാള്‍), അബ്ദുല്ല നദ്‌വി(ഷാഹീന്‍ ബുക്‌സ്) എന്നിവരുടെ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ബുലൂഗുല്‍ മറാം
ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി(1372-1449)യുടെ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ മുസ്‌ലിം ലോകത്തുണ്ടാവില്ല. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഹദീസ് സമാഹാരമാണ് ബുലൂഗുല്‍ മറാം. ഇതിന് മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ട്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെയും ക്ലാപ്പന അബ്ദുല്ല മൗലവിയുടെയും രണ്ടും 1972ലാണ് പ്രസിദ്ധീകൃതമായത്.
മത്‌നുല്‍ അര്‍ബഈനന്നബവിയ്യ: ഇമാം നവവി തെരഞ്ഞെടുത്ത് ക്രോഡീകരിച്ചതാണ് ഈ കൃതി. ഇതിന് മലയാളത്തില്‍ പത്തിലധികം പരിഭാഷകളുണ്ട്.
അസ്സിഹാഹുസ്സിത്ത - (ഹദീസ് വിജ്ഞാനകോശം)
ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ എന്നീ ഗ്രന്ഥങ്ങളാണ് അസ്സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്നത്. അവയിലെല്ലാമുള്ള ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി നാലു ബൃഹത്തായ വാല്യങ്ങളായി പരിഭാഷയോടൊപ്പം പ്രസിദ്ധീകരിക്കുകയെന്ന ദൗത്യമാണ് ഡോ. എന്‍.കെ മുസ്ത്വഫാ കമാല്‍പാഷയുടെ നേതൃത്വത്തില്‍ നിറവേറ്റിയത്. 2010ലാണ് ഒന്നാംഭാഗം പ്രസിദ്ധീകരിച്ചത്; തുടര്‍ന്ന് മറ്റു വാല്യങ്ങളും.
ഹദീസ് വിജ്ഞാനരംഗത്തെ വളരെ ശ്ലാഘനീയ സംരംഭമാണ് യുവത പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഹദീസ് സമാഹാരം. 2006ല്‍ പ്രസിദ്ധീകരിച്ച വിശ്വാസം എന്ന പേരിലുള്ള ഒന്നാംഭാഗത്ത് വളരെ സമഗ്രമായ ഒരു ആമുഖവും ധാരാളം കളര്‍ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 810 ഹദീസുകളും പരിഭാഷയും ചെറുകുറിപ്പുകളുമാണ് ഒന്നാം ഭാഗത്തുള്ളത്. രണ്ടാം വാല്യം അനുഷ്ഠാന -നമസ്‌കാരം- കര്‍മങ്ങളെ പ്രതിപാദിക്കുന്ന ഹദീസുകളാണ്. 1800 ഹദീസുകളുള്ള ഈ വാല്യത്തില്‍ വിശദമായ ഹദീസ് സൂചികയുമുണ്ട്.
ഹദീസ് പഠനരംഗത്തുള്ള ഈ ചെറിയ വര്‍ക്കുകളും പരാമര്‍ശിക്കാതെ പോകുന്നത് അനുചിതമാകുമല്ലോ. കര്‍മസരണി(ജലീല്‍ അഹ്‌സന്‍ നദ്‌വി), 40 ഹദീസുകള്‍(ഇമാം നവവി), പ്രവാചക വചനങ്ങള്‍(വി. അബ്ദുല്ല ഉമരി), മരുഭൂമിയുടെ വചനപ്രസാദം(വി.എ കബീര്‍), മാര്‍ഗദീപം(ശൈഖ് മുഹമ്മദ് കാരകുന്ന്), വഴിവെളിച്ചം(ജഅ്ഫര്‍ എളമ്പിലാക്കോട്), വിശുദ്ധിയുടെ വഴി തെരഞ്ഞെടുത്ത 50 ഹദീസുകള്‍(കുഞ്ഞിമുഹമ്മദ് വളാഞ്ചേരി), ഹദീസ് ബോധനം(ടി.കെ ഉബൈദ്), ഹദീസ് ഭാഷ്യം(ടി. ഇസ്ഹാഖലി മൗലവി) (എല്ലാം ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങള്‍), ഇസ്‌ലാമിക ജീവിതം(മുഹമ്മദ് അമാനി മൗലവി), പ്രവാചക ചര്യ (പി.കെ മൂസ മൗലവി), ഹദീസ് അര്‍ഥവും പൊരുളും(കോടമ്പുഴ ബാവ മുസ്‌ലിയാര്‍), ഉസ്‌വതുര്‍ റസൂല്‍(പ്രഫ. വി. മുഹമ്മദ്), നബിയുടെ ഉപദേശങ്ങള്‍(സുബൈര്‍ കുന്നമംഗലം), തിരുമൊഴികള്‍(എം.എന്‍ കാരശ്ശേരി), സൂക്തികിരണങ്ങള്‍(പി. മുഹമ്മദ് മൈതീന്‍), തഹ്ദീബുല്‍ അഖ്‌ലാഖ്(വിവ. അബ്ദുര്‍റഹ്മാന്‍ മങ്ങാട്) എന്നിവ ഹദീസ് പഠന രംഗത്തെ സഹായകമായ കൃതികളാണ്.
പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിശ്കാതുല്‍ മസാബീഹില്‍നിന്ന് 501 ഹദീസുകള്‍ വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കി മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി 1976ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ആയിരം ഹദീസുകള്‍ക്ക് അബ്ദുശ്ശുക്കൂര്‍ അല്‍ഖാസിമിയുടെ വിവര്‍ത്തനത്തോടെ മആരിഫുല്‍ ഹദീസ് എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശമാഇലുത്തിര്‍മിദിക്ക് അഞ്ച് പരിഭാഷകളുണ്ട്. മൗലാനാ മുഹമ്മദ് യൂസുഫ് കാന്തലവിയുടെ മുന്‍തഖബെ അഹാദീസിന്ന് തെരഞ്ഞെടുത്ത ഹദീസുകള്‍ എന്ന നാമത്തില്‍ അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി പരിഭാഷ നിര്‍വഹിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് 900 പേജുകളുണ്ട്. (ഈ പഠനം പൂര്‍ണമാണെന്നവകാശമില്ല.)

© Bodhanam Quarterly. All Rights Reserved

Back to Top