പ്രവാചകചര്യയിലെ ഭൂമിശാസ്ത്രം

ഡോ. ഇമാദ് മുതൈ്വര്‍ അശ്ശംരി/ഡോ. ആമാല്‍ ഹസന്‍ മഹ്ദി‌‌
img

വൈജ്ഞാനിക ഗവേഷണങ്ങള്‍ ആവശ്യമായിട്ടുള്ള ഒന്നാണ് ആധുനിക പ്രാപഞ്ചിക വിഷയങ്ങളും ഇസ്‌ലാമിക ശരീഅത്തും സമന്വയിപ്പിച്ചു കൊണ്ടുള്ള പഠനങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട വിവിധ വിഷയങ്ങളെ ചേര്‍ത്തു വെക്കുന്നതിനൊപ്പം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളിലുള്ള അവഗാഹവും കൃത്യമായ മാര്‍ഗരേഖക്കും പൊതു നിബന്ധകള്‍ക്കും അനുസൃതമായി വൈജ്ഞാനിക ശറഈ വശങ്ങളെ ബന്ധിപ്പിക്കാനുള്ള കഴിവും അതിന് ആവശ്യമാണ്. വിശുദ്ധ ഖുര്‍ആനെയും പ്രവാചകചര്യയെയും അവലംബിച്ച് ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും അതിലെ കുരുക്കുകള്‍ അഴിക്കുന്നതിലും ഈ രീതിയിലുള്ള പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം അമുസ്‌ലിംകള്‍ക്ക് മുന്നില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ഇലാസ്തികതയും ആധുനിക മനുഷ്യ സമൂഹങ്ങളെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ അതിലെ നിര്‍ദേശങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല തെളിവാണ് ഈ പഠനങ്ങള്‍.
ഭൂമിശാസ്ത്രവും പരിസ്ഥിതി വിജ്ഞാനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെ കുറിച്ചുള്ള പഠനശ്രമമാണ് ഈ ഗവേഷണം. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുത്തരം നല്‍കാനും അവയെയും പ്രകൃതി വ്യവസ്ഥയുടെ സംരക്ഷണത്തെയും പരസ്പരം ബന്ധിപ്പിക്കാനും ശ്രമിക്കുന്ന ഒരു ശാസ്ത്ര ശാഖയായി ഭൂമിശാസ്ത്രം ഇന്ന് മാറിയിട്ടുണ്ടെന്നത് സുപരിചിതമാണ്. 21-ാം നൂറ്റാണ്ടില്‍ നാഗരിക പുരോഗതി സാക്ഷാല്‍കരിക്കുന്നതിനുള്ള മാര്‍ഗങ്ങളായി കണക്കാക്കപ്പെടുന്ന ശാസ്ത്രങ്ങളില്‍ ഒന്നായി ഭൂമിശാസ്ത്രം മാറിയിരിക്കുന്നു. അതേസമയം പ്രകൃതി വിഭവങ്ങളെയും പ്രകൃതി സമ്പത്തിനെയും നശിപ്പിക്കപ്പെടുന്നതില്‍ നിന്നും മലിനപ്പെടുത്തുന്നതില്‍ അത് സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുന്നു. വരും തലമുറകളുടെ കൂടി പുരോഗതിയുടെ ഘടകങ്ങള്‍ ഉറപ്പു വരുത്താന്‍ ഭൂഗോളത്തിന് സാധിക്കുന്നതിന് വേണ്ടിയാണത്. പ്രപഞ്ചത്തില്‍ കാണുന്ന വിഭവങ്ങളെല്ലാം ഈ തലമുറക്ക് മാത്രമുള്ളതല്ല. എല്ലാകാലത്തും എല്ലാ ദേശത്തുമുള്ള മുഴുവന്‍ ജനങ്ങളുടെയും സ്വത്താണത്. മൂല്യങ്ങളെ കൈവിടാതെ പ്രകൃതിയുമായി ഇടപെടുകയും പ്രകൃതിയുടെ ഘടകങ്ങളോടും വ്യവസ്ഥയോടും അതിലെ വിഭവങ്ങളോടും ശരിയായി ഇടപഴകുകയും ചെയ്യുന്ന നാഗരികതക്ക് മാത്രമേ വികസനത്തിന്റെ നൈരന്തര്യം നിലനിര്‍ത്താനാവുകയുള്ളൂ.
പ്രവാചക വചനങ്ങളുടെ വെളിച്ചത്തില്‍ ഭൂമിശാസ്ത്രമെന്ന വിഷയം കൈകാര്യം ചെയ്യാനാണ് ഈ പഠനം ശ്രമിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകളും ഇവ്വിഷയകമായിട്ടുള്ള ആധുനിക ശാസ്ത്രീയ സ്രോതസ്സുകളുമാണ് ഇതിന് അവലംബമായി സ്വീകരിച്ചിരിക്കുന്നത്. ഈ രീതിയിലുള്ള ഒരു പഠനം ആവശ്യമാണെന്നതും എന്നാല്‍ ഇത്തരം പഠനങ്ങള്‍ വളരെ അപൂര്‍വമാണെന്നതുമാണ് ഈ വിഷയം തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ള ഘടകം. പ്രമാണങ്ങളെ വിലയിരുത്തി കൊണ്ടും താരതമ്യം ചെയ്തുകൊണ്ടുമുള്ള പഠന രീതിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രത്തെയും അതിന്റെ ആധുനിക ശാഖകളെയും പരിഗണിക്കുകയും അവയെ പ്രവാചക വചനങ്ങളില്‍ നിന്ന് ലഭ്യമാവുന്ന ഇസ്‌ലാമിക കാഴ്ച്ചപ്പാടുമായി താരതമ്യം ചെയ്യാനും ഇതില്‍ ശ്രമിച്ചിട്ടുണ്ട്.

1. ജനസംഖ്യാ ഭൂമിശാസ്ത്രം ഹദീസുകളില്‍
ഉന്നതനായിട്ടാണ് ഇസ്‌ലാം മനുഷ്യനെ പരിഗണിക്കുന്നത്. അവനെ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയായി നിശ്ചയിക്കുകയും ആദരിക്കുകയും ചെയ്തു. മുഴുവന്‍ സൃഷ്ടികളെയും പ്രാപഞ്ചിക സംവിധാനങ്ങളെയുമെല്ലാം അവന് കീഴ്‌പ്പെടുത്തി കൊടുക്കുകയും ചെയ്തുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. 'ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി.' (അല്‍-ഇസ്‌റാഅ്: 70)
ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അല്ലാഹു അവന് വിഭവങ്ങള്‍ നല്‍കുകയും തന്നെ വഴിപ്പെടാന്‍ അവനോട് കല്‍പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: 'ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.' (അദ്ദാരിയാത്ത്: 56-57)
സമഗ്രമായ വികസനത്തിന്റെ മാധ്യമം എന്നത് പോലെ തന്നെ അതിന്റെ കേന്ദ്രമായിട്ടും മനുഷ്യനെയാണ് ഇസ്‌ലാം പരിഗണിക്കുന്നത്. അവന്റെ മതം, ശരീരം, ബുദ്ധി, പരമ്പര, സമ്പത്ത് എന്നിവയെല്ലാം സംരക്ഷിക്കപ്പെടുന്നതിനുള്ള തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക ശരീഅത്ത്. മനുഷ്യ സൃഷ്ടിപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ്. 'അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്നു സൃഷ്ടിച്ചതും അതില്‍ പാര്‍പ്പിച്ചതും. അതിനാല്‍ നിങ്ങള്‍ അവനോടു മാപ്പിരക്കുവിന്‍.' (ഹൂദ്: 61) അല്ലാഹുവിന്റെ കല്‍പന പ്രകാരം ഭൂമിയെ പരിപാലിക്കുകയും അതില്‍ നന്മകള്‍ നിറക്കാനുമാണ് കല്‍പിച്ചിരിക്കുന്നത്. ഒരു ജോലി ചെയ്യുന്നവന്‍ പഠനത്തിലൂടെയും മുന്നൊരുക്കത്തിലൂടെയും അതിന് സജ്ജനാകാനും അതിലൂടെ അവന്‍ ചെയ്യുന്ന ജോലി ഫലപ്രദവും പുതുമകളെ ആവിഷ്‌കരിക്കുന്നതുമാക്കാനാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അവന്‍ വിനിയോഗിക്കുന്നതിലേറെ സംഭാവന നല്‍കാന്‍ കൂടി സാധ്യമാക്കുന്നതിനാണത്. അതിന് വ്യത്യസ്തമായ മാര്‍ഗങ്ങളും വഴികളും സമര്‍പ്പിച്ചിട്ടുണ്ട്. അതിന് ചില ഉദാഹരണങ്ങളിതാ:
1. ജോലി ചെയ്യുന്ന ഒരാള്‍ താന്‍ ചെയ്യുന്നത് ദീനീ ബാധ്യതയാണെന്നും തനിക്കത് അന്തസും അഭിമാനവുമാണെന്നും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം ഏറ്റവും നന്നായി ചെയ്യുകയെന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമായി മാറുന്നു. അതില്‍ അവന്റെ കൂറും അവന്‍ ഭയക്കുന്നതും തന്നെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും പരലോകത്ത് വിചാരണ ചെയ്യുകയും ചെയ്യുന്ന അല്ലാഹുവിനെയാണ്. അതുകൊണ്ട് തന്നെ അവന്റെ ജോലി ഏറ്റവും നന്നായി ചെയ്യുന്നതിനുള്ള േ്രപരകവും അതായിരിക്കും. സൃഷ്ടികളായിരിക്കുകയില്ല അവന്റെ പ്രേരകം. നബി തിരുമേനി(സ) പറയുന്നു: നിങ്ങളില്‍ ആരെങ്കിലും ഒരു പ്രവര്‍ത്തനം നന്നായി ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു.' (ബൈഹഖി)
2. ജോലി ചെയ്യുന്നവനില്‍ ശ്രേഷ്ഠഗുണങ്ങള്‍ നട്ടുവളര്‍ത്തുകയും ആത്മാര്‍ത്ഥത, വിശ്വസ്തത, സത്യസന്ധത, ത്യാഗം, കൂറ്, പരിശ്രമം, ഉത്തരവാദിത്വബോധം തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. പ്രവര്‍ത്തിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമുളള ഏറ്റവും വലിയ പ്രേരകങ്ങളാണവ.
3. പരസ്പര സഹകരണം, സ്‌നേഹം, സാഹോദര്യം തുടങ്ങിയ ജോലിക്കാരിലുണ്ടാവേണ്ട സ്വഭാവങ്ങളെ പരിഗണിക്കുകയും തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമാവാനുള്ള അവസരവും നല്‍കല്‍.
4. ഭൗതികവും അല്ലാത്തതുമായ പ്രചോദനങ്ങളിലൂടെ ജോലി ചെയ്യുന്നവനെ പഠിക്കാനും അന്വേഷിക്കാനും കണ്ടെത്താനും പുതുആവിഷ്‌കാരങ്ങള്‍ക്കും പ്രേരിപ്പിക്കല്‍.
5. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ജോലിക്കാരന് ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക.
6. ജോലി ചെയ്യുന്നവന് സുരക്ഷിതത്വവും നിര്‍ഭയത്വവും ഉറപ്പാക്കുകയും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മതിയായ വേതനം നല്‍കുകയും ചെയ്യുക.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പാക്കുന്നതോടെ മനുഷ്യന്‍ ഉല്‍പാദനക്ഷമതയുള്ള ജോലിക്കാരനായി മാറുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലും ദേശീയ ഉല്‍പാദന വര്‍ധനവിലും അവന്‍ പങ്കാളിയാവുന്നു. ഇത്തരത്തില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഭാവിയുടെ നിര്‍മാണത്തില്‍ ഭാഗവാക്കാകാന്‍ സാധിക്കുന്നു. സന്താനോല്‍പാദനത്തിനും അതിലെ വര്‍ധനവിനും പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്ന് കാണാം. അതോടൊപ്പം തന്നെ ജനിക്കുന്ന കുട്ടികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സൗകര്യം ഉറപ്പാക്കാനും നിബന്ധന വെച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില പ്രാചക വചനങ്ങളാണ് ചുവടെ:
'നിങ്ങള്‍ വിവാഹം ചെയ്യുവിന്‍, സന്താനങ്ങളെ ഉണ്ടാക്കുവിന്‍, വര്‍ധിക്കുവിന്‍. അന്ത്യദിനത്തില്‍ മറ്റു സമൂഹങ്ങള്‍ക്ക് മേല്‍ നിങ്ങളെ കൊണ്ട് ഞാന്‍ അഭിമാനം കൊള്ളും.' (അഹ്മദ്)
'അല്ലയോ മുഹാജിറുകളേ, അഞ്ച് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, അത് നിങ്ങളത് കാണാതിരിക്കാന്‍ അല്ലാഹുവില്‍ ഞാന്‍ ശരണം തേടുന്നു. ഒരു സമൂഹത്തിലും മ്ലേഛവൃത്തികള്‍ പരസ്യമായി വെളിപ്പെടുകയില്ല, അവര്‍ക്കിടയില്‍ പ്ലേഗും അവരുടെ പൂര്‍വികര്‍ക്കിയില്‍ ഉണ്ടായിട്ടില്ലാത്ത രോഗങ്ങളും വ്യാപിച്ചിട്ടല്ലാതെ. അവര്‍ അളവിലും തൂക്കത്തിലും കുറവുവരുത്തിയിട്ടില്ല അവരെ വരള്‍ച്ചയും ദുരന്തവും ഭരണാധികാരികളുടെ അതിക്രമവും ബാധിച്ചിട്ടല്ലാതെ. അവര്‍ സകാത്ത് തടഞ്ഞിട്ടില്ല, ആകാശം അവര്‍ക്ക് വെള്ളം നിഷേധിച്ചിട്ടല്ലാതെ. മൃഗങ്ങളില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് തീരെ മഴപെയ്യുമായിരുന്നില്ല. അല്ലാഹുവും അവന്റെ ദൂതനുമായുള്ള കരാര്‍ അവര്‍ മുറിച്ചിട്ടില്ല, അവരുടെ ശത്രുക്കള്‍ക്ക് അവരുടെ മേല്‍ ആധിപത്യം നല്‍കുകയും അവരുടെ പക്കലുള്ളത് പിടിച്ചെടുക്കുകയും ചെയ്തിട്ടല്ലാതെ. അവരുടെ നേതാക്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധികല്‍പ്പിക്കുകയും അല്ലാഹു ഇറക്കിയതിലെ നന്മകള്‍ സ്വീകരിക്കുകയും ചെയ്തിട്ടില്ല, അല്ലാഹു അവരെ പരസ്പരം പോരടിപ്പിച്ചിട്ടല്ലാതെ.' (ഇബ്‌നുമാജ, ബൈഹഖി)
സാമ്പത്തിക പുരോഗതിയും ജനസംഖ്യാ വര്‍ധനവും തമ്മിലുള്ള ബന്ധത്തിലേക്ക് ഈ ഹദീസുകള്‍ സൂചന നല്‍കുന്നുണ്ട്. നിലവില്‍ യൂറോപ്യന്‍ നാടുകള്‍ അഭിമുഖീകരിക്കുന്ന മധ്യവയസ്‌കരുടെ പ്രശ്‌നം ഈ ഹദീസുകളെ സാധൂകരിക്കുകയാണ്. മൂല്യങ്ങളും സ്വഭാവഗുണങ്ങളും, ജോലി ചെയ്യാനുള്ള പരിശീലനത്തോടും കൂടിയുള്ള ജനസംഖ്യാ വര്‍ധനവ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രവും സമ്പത്തുമായിട്ടാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍ കണക്കാക്കിയിട്ടുള്ളത്. ഇബ്‌നു ഖല്‍ദൂന്റെ വാക്കുകള്‍ അതിന് ഉദാഹരണമാണ്. അദ്ദേഹം പറയുന്നു: 'ജനസംഖ്യയിലെ വര്‍ധനവിനെ ആശ്രയിച്ചാണ് ജീവിതമാര്‍ഗങ്ങളിലും സൗകര്യങ്ങളിലുമുള്ള വര്‍ധനവും, ആളോഹരി വരുമാനം വര്‍ധിക്കുന്നതിനുള്ള പ്രേരകവുമാണത്.'
ഏതെങ്കിലും തരത്തില്‍ സന്താനനിയന്ത്രണത്തിന് ജനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ സ്ഥാപിക്കുന്നത് ഇസ്‌ലാമികമായി ശരിയല്ല. ഇസ്്‌ലാമിക സമൂഹത്തിന് സാമൂഹികമായും സാമ്പത്തികമായും യുദ്ധരംഗത്തും വളര്‍ച്ചയുണ്ടാക്കുന്നതിന് സന്താന വര്‍ധനവാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. (ഖറാറാത്ത് മജ്മഉല്‍ ബുഹൂഥുല്‍ ഇസ്്‌ലാമിയ്യ 1956)
മുഹമ്മദ്് അല്‍ഗസ്സാലി പറയുന്നു: സന്താനനിയന്ത്രണത്തിനായി നടത്തുന്ന ആഹ്വാനം സംശയാസ്പദമായ ആഹ്വാനമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സോഷ്യലിസ്റ്റുകള്‍ സന്താനവര്‍ധനവിന് വലിയ പ്രധാന്യം നല്‍കുന്നത് കാണാം. അതിനവര്‍ ആയിരക്കണക്കിന് സമ്മാനങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. അപ്രകാരം ചര്‍ച്ച് മേധാവികള്‍ അനുയായികളോട് ആവശ്യപ്പെടുന്നതും സന്താനവര്‍ധനവിനാണ്. അപ്പോള്‍ സന്താനങ്ങള്‍ കുറക്കുകയെന്നത് മുസ്്‌ലിംകളെ മാത്രം ഉദ്ദേശിച്ചുള്ളതാണോ?
അപ്രകാരം ഡോ. അബ്ദുല്‍ ഹമീദ് അല്‍ഗസ്സാലി പറയുന്നു: സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ചാലക ശക്തി മനുഷ്യനാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ എല്ലാ തലത്തിലും ഉത്തരവാദിയാകുന്ന ജീവനുള്ള ഘടകം അവനാണ്. അടിച്ചമര്‍ത്തലും ചൂഷണവുമുണ്ടാകുമ്പോള്‍ മനുഷ്യന് ഒന്നും ചെയ്യാനാകില്ല. ഭൗതിക ഘടകങ്ങളുടെ ലഭ്യതയിലും വൈവിധ്യത്തിലും ഗുണത്തിലും എത്രതന്നെ ഉയര്‍ന്നാലും അക്രമം നിലനില്‍ക്കുന്നിടത്തോളം മൂല്യവത്തായ ഒന്നും അവന് നിര്‍വഹിക്കാനാവില്ല. ഒരു പ്രേരകശക്തിക്കും നയത്തിനും പ്രവര്‍ത്തന രീതിക്കും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും സാധിക്കില്ല. അത് ഭൗതിക പ്രേരകങ്ങളുടെ 'പരോക്ഷ കരങ്ങള്‍' ആണെങ്കിലും രാഷ്ട്രത്തിന്റെ അടിച്ചമര്‍ത്തുന്ന 'പ്രത്യക്ഷ കരങ്ങള്‍ ആണെങ്കിലും അതല്ലാത്ത ശക്തമായ മറ്റെന്ത് പ്രേരകങ്ങളാണെങ്കിലും മനുഷ്യപങ്കാളിത്തമില്ലാതെ ഒന്നും നടക്കുക സാധ്യമല്ല. (അവസാന വാചകം ഒത്തുനോക്കുന്നത് നന്നായിരിക്കും, ആശയ വിവര്‍ത്തനമാണ്.)

മനുഷ്യന്റെ അവസ്ഥ ഇസ്‌ലാമിന് മുമ്പ്
ഇസ്്‌ലാമിന് മുമ്പ് ജാഹിലിയ്യാ കാലത്ത് അറബികള്‍ അറബികള്‍ കുട്ടികളെ കൊന്നിരുന്നു. അതിന്റെ ചില കാരണങ്ങളാണ് താഴെ പറയുന്നത്:
a) മാനഹാനി: വ്യഭിചാരത്തിന്റെയും അധാര്‍മിക സ്വഭാവത്തിന്റെ വ്യാപനം കാരണം പെണ്‍കുട്ടികള്‍ കുടുംബത്തിന് മാനഹാനിയുണ്ടാക്കുമോ എന്ന ഭയം കാരണം പെണ്‍കുട്ടികളെ അവര്‍ കൊന്നിരുന്നു. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.' (അത്തക്‌വീര്‍: 89) പെണ്‍കുട്ടികളോടുള്ള വിരോധം കാരണം ജാഹിലിയാ കാലത്ത് കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോട് എന്തിന്റെ പേരിലാണ് അവള്‍ കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുമെന്നാണ് ഈ സൂക്തം പറയുന്നത്. അവളുടെ കൊലയാളിക്കുള്ള ശക്തമായ താക്കീതാണത്.
b) നിലവിലെ ദാരിദ്ര്യത്തെ കുറിച്ച ഭയം: ദാരിദ്ര്യവും ഉപജീവനത്തിലെ കുറവും കാരണം ഇസ്്‌ലാമിന് മുമ്പ് അറബികള്‍ മക്കളെ ആണ്‍ വിവേചനമില്ലാതെ കൊന്നിരുന്നു. അല്ലാഹു ഈ കുറ്റകൃത്യത്തെ ശക്തമായി വിലക്കുകയും എല്ലാവര്‍ക്കും ആവശ്യമായ ആഹാരം നല്‍കുകയെന്നത് അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുള്ള വിഷയമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. 'ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക. നാമാകുന്നു നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്.' (അല്‍അന്‍ആം: 151)
c) ഭാവിയിലെ ദാരിദ്ര്യത്തെ കുറിച്ച ഭയം: ദാരിദ്യം ഉണ്ടാകുമോ എന്ന ഭയവും ആഹാരവിഭവങ്ങള്‍ നല്‍കുന്നത് അല്ലാഹുവാണെന്ന വിശ്വാസത്തിന്റെ അഭാവവും കാരണം ഇസ്്‌ലാമിന് മുമ്പ് അറബികള്‍ സന്താനനിയന്ത്രണം നടപ്പാക്കിയിരുന്നു. ദരിദ്രര്‍ മാത്രമല്ല ധനികരും ഇക്കാര്യം ചെയ്തിരുന്നു. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: 'സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.' (അല്‍ഇസ്‌റാഅ്: 31) പിന്നീട് ഇസ്്‌ലാമിന്റെ ആവിര്‍ഭാവത്തോടെ വിശ്വാസ, സാമ്പത്തിക പ്രചോദനത്തിന്റെ ഭാഗമായി സന്താനങ്ങളെ വധിക്കുന്നത് വിരോധിച്ചു. വിശുദ്ധ ഭവനത്തെക്കാള്‍ പവിത്രത മനുഷ്യരക്തത്തിന് ഇസ്‌ലാം കല്‍പ്പിക്കുകയും ചെയ്തു. സാമ്പത്തിക വളര്‍ച്ചക്ക് പ്രചോദനമാകുന്ന സന്താനവര്‍ധനവിന് നബി(സ) വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങള്‍ വിവാഹം ചെയ്യുവിന്‍, സന്താനങ്ങളെ ഉണ്ടാക്കുവിന്‍, വര്‍ധിക്കുവിന്‍. അന്ത്യദിനത്തില്‍ മറ്റു സമൂഹങ്ങള്‍ക്ക് മേല്‍ നിങ്ങളെ കൊണ്ട് ഞാന്‍ അഭിമാനം കൊള്ളും.' (അഹ്മദ്)

പരിസ്ഥിതി പ്രവാചക വചനങ്ങളില്‍
പരിസ്ഥിതിയെ കുറിക്കുന്ന 'ബീഅഃ' എന്ന പദം വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അതുകൊണ്ടര്‍ത്ഥമാക്കുന്ന ഭൂമിയും അതുള്‍ക്കൊള്ളുന്ന അചേതന ഘടകങ്ങളായ പര്‍വതങ്ങള്‍, കുന്നുകള്‍, സമതലങ്ങള്‍, താഴ്‌വരകള്‍, പാറകള്‍, ഖനികള്‍, മണ്ണ്, ജലസ്രോതസ്സുകള്‍ തുടങ്ങിയവയും ജീവനുള്ള വസ്തുക്കളായ സസ്യങ്ങള്‍, ജീവജാലങ്ങളും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമായ ആവരണമായി നിലകൊള്ളുന്ന ഘടകങ്ങളുമാണ്. ഭൂമിയും അതുള്‍ക്കൊള്ളുന്നതും അതിനു ചുറ്റുമുള്ളതും എന്ന അര്‍ത്ഥത്തിലുള്ള പ്രകൃതിയെ കുറിച്ച് ഖുര്‍ആന്‍ 199 സൂക്തങ്ങളിലൂടെ പരാമര്‍ശിച്ചിട്ടുണ്ട്. പരിസ്ഥിതിയെ സൃഷ്ടിച്ചതും, തോതിലും സവിശേഷതകളിലും ധര്‍മങ്ങളിലും അങ്ങേയറ്റം സൂക്ഷ്മതയോടെ അതിന്റെ നിര്‍മാണം ഭദ്രമാക്കുകയും ചെയ്തത് അല്ലാഹുവാണ്. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: 'സകല വസ്തുക്കളെയും യുക്തിപൂര്‍വം സുഭദ്രമാക്കിയവനായ അല്ലാഹുവിന്റെ കഴിവിന്റെ അത്ഭുതപ്രതിഭാസമത്രെ ഇത്.' (അന്നംല്: 88) അല്ലാഹുവിന്റെ അറിവനുസരിച്ച എല്ലാ കാര്യങ്ങളും അവന്റെ അടുക്കല്‍ വളരെ കൃത്യമായ കണക്കുകളോടെയാണ്. പരിസ്ഥിതിയുടെ ഓരോ ഘടകങ്ങളെ കുറിച്ചും അവന് മാത്രമേ സൂക്ഷ്മമായി അറിയുകയുള്ളൂ. അതിന്റെ അടിസ്ഥാനത്തിലാണ് അതിലെ ഓരോ ഘടകത്തിനും നിര്‍ണിതമായ ദൗത്യം നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. പരസ്പര സംന്തുലിതത്തോടെയും സഹകരണത്തോടെയും ജീവന്റെ ഉന്നമനത്തില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കുന്നതിന് അതിലൂടെയാണ് അവയെ സജ്ജമാക്കിയിരിക്കുന്നത്. അല്ലാഹു പറയുന്നു: 'നാം ഓരോ വസ്തുവും ഓരോ കണക്ക് പ്രകാരം സൃഷ്ടിച്ചിരിക്കുന്നു.' (അല്‍ഖമര്‍: 49)
'സകല വസ്തുക്കളെയും അവന്‍ തന്നെ സൃഷ്ടിക്കുകയും അവയ്ക്കു കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.' (അല്‍ഫുര്‍ഖാന്‍: 2)
'സകല വസ്തുക്കള്‍ക്കും അവങ്കല്‍ കൃത്യമായ അളവുണ്ട്.' (അര്‍റഅ്ദ്: 8)
'ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ പര്‍വതങ്ങളുറപ്പിക്കുകയും ചെയ്തു. അതില്‍ സകലവിധ സസ്യങ്ങളെയും കൃത്യമായ പരിമാണത്തില്‍ മുളപ്പിച്ചിട്ടുണ്ട്.' (അല്‍ഹിജ്ര്‍: 19) അല്ലാഹു പരിസ്ഥിതിയെ സൃഷ്ടിക്കുകയും ഭൂമിയില്‍ തന്റെ പ്രതിനിധിയായി നിയോഗിച്ച മനുഷ്യര്‍ക്കായി അതിനെ കീഴ്‌പ്പെടുത്തി കൊടുക്കുകയും ചെയ്തു.
'അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍.' (അല്‍മുല്‍ക്: 15)
'സമുദ്രത്തെ നിങ്ങള്‍ക്കധീനപ്പെടുത്തിത്തന്നതും അവന്‍ തന്നെയാകുന്നു; അതില്‍നിന്നു നിങ്ങള്‍ പുതുമാംസം ഭക്ഷിക്കുന്നതിനും അണിയാന്‍ അലങ്കാരവസ്തുക്കള്‍ ശേഖരിക്കുന്നതിനും.' (അന്നഹ്ല്‍: 14)
'ആകാശഭൂമികളിലുള്ള വസ്തുക്കളൊക്കെയും അല്ലാഹു നിങ്ങള്‍ക്കധീനമാക്കിത്തന്നിട്ടുള്ളതും, അവന്റെ ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍36 നിങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും കാണുന്നില്ലയോ?' (ലുഖ്മാന്‍: 20)
'മണ്ണിലും വിണ്ണിലുമുള്ളതാസകലം അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.' (അല്‍ ജാഥിയ: 13)
'അവന്റെ ആജ്ഞാനുസാരം സമുദ്രത്തില്‍ സഞ്ചരിക്കുവാന്‍ കപ്പലുകളെ അധീനമാക്കിത്തന്നു. നദികളെയും നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു.' (ഇബ്‌റാഹീം: 32 33)
നബി(സ) പറയുന്നു: 'ഇഹലോകം മധുരവും പച്ചപ്പുമാണ്, അല്ലാഹു നിങ്ങളെയതില്‍ പ്രതിനിധികളാക്കിയിരിക്കുന്നു.' (മുസ്‌ലിം, നസാഇ) പ്രാതിനിധ്യം എന്ന വിഷയത്തോടൊപ്പം കുറച്ച് സമയം നാം ചെലവഴിക്കേണ്ടതുണ്ട്. കാരണം പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും അവന്റെ അതിനോടുള്ള ഉത്തരവാദിത്വങ്ങളും നിര്‍ണയിക്കുന്ന ഒന്നാണത്. ഈ പരിസ്ഥിതിയിലേക്ക് മനുഷ്യനെ അയച്ചത് ഉടമസ്ഥനായിട്ടല്ല; പ്രതിനിധിയായിട്ടാണ്. അതിനെ കൈകാര്യം ചെയ്യുന്നതിനും അതില്‍ നിന്ന് ഫലമെടുക്കുന്നതിനും അതിനെ പരിപാലിക്കുന്നതിനുമാണ് അവനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതിയുടെ യജമാനനും സ്രഷ്ടാവും എന്താണോ കല്‍പിക്കുന്നത് അത് നിര്‍വഹിക്കല്‍ പ്രാതിനിധ്യത്തിന്റെ സ്വാഭാവിക തേട്ടമാണ്. വിശ്വസ്തതയോടെ അത് നിര്‍വഹിക്കുകയെന്നതാണ് പ്രതിനിധിയുടെ ബാധ്യത. അല്ലാഹുവിന്റെ ഭൂമിയാണ് അവനെ ഏല്‍പിച്ചിരിക്കുന്നത്. ഇസ്‌ലാമില്‍ അല്ലാഹുവിന്റെ അടിമകളായ മനുഷ്യര്‍ക്ക് നിരുപാധിക ഉടമസ്ഥാവകാശമില്ല. അതായത് അവന് തോന്നിയപോലെ അത് കൈകാര്യം ചെയ്യാന്‍ അനുവാദമില്ലെന്നര്‍ത്ഥം. അല്ലാഹു നിര്‍ണയിച്ച നിബന്ധനകളോടെയും വ്യവസ്ഥകളോടെയുമുളള ഉടമസ്ഥാവകാശമാണ് ഇസ്്‌ലാമിലുള്ളത്. അതില്‍ പെട്ടതാണ് അതിനെ നന്നായി ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കേടുപാടുകളോ നാശങ്ങളോ കൂടാതെ അതിനെ സംരക്ഷിക്കുക എന്നതെല്ലാം. എത്രത്തോളമെന്നാല്‍ ഒരാള്‍ക്ക് സ്വന്തത്തെ പോലും നശിപ്പിക്കാനും തോന്നിയ പോലെ കൊണ്ടുനടക്കാനും അനുവാദമില്ല. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമായ നിന്റെ ശരീരത്തെ സംരക്ഷിക്കലും അതിനെ നാശത്തിലേക്ക് എടുത്തെറിയാതിരിക്കലും നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: 'സ്വന്തം കരങ്ങളാല്‍തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍.' (അല്‍ ബഖറ: 195) പരിസ്ഥിതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം വ്യവസ്ഥകളും അടിസ്ഥാനങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഇഹപര നന്മക്കായി അതിനെ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണത്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതാണ് മധ്യമ സ്വഭാവം അഥവാ മിതത്വം. മധ്യമനിലപാടിന്റെയും മിതത്വത്തിന്റെയും ദീനാണ് ഇസ്്‌ലാം. അമിത പ്രാധാന്യമോ അവഗണനയോ അതംഗീകരിക്കുന്നില്ല, ധൂര്‍ത്തോ പിശുക്കോ ഇല്ല. അല്ലാഹു പറയുന്നു: 'ഇവ്വിധം നാം നിങ്ങളെ ഒരു മിതസമുദായമാക്കിയിരിക്കുന്നു.' (അല്‍ ബഖറ: 143)
'നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷിപ്തനും ദുഃഖിതനുമായിത്തീരും.' (അല്‍ ഇസ്‌റാഅ്: 29) മിതത്വം പാലിക്കാനും ധൂര്‍ത്ത് ഉപേക്ഷിക്കാനും പ്രേരിപ്പിച്ചു കൊണ്ടുള്ള പ്രവാചക വചനങ്ങളില്‍ പെട്ടതാണ് രണ്ടു പേരുടെ ആഹാരം മൂന്ന് പേര്‍ക്ക് മതിയാകും, മൂന്ന് പേര്‍ക്കുള്ളത് നാല് പേര്‍ക്ക് മതിയാകും.' (മുസ്‌ലിം)
'ഒരു മനുഷ്യനും തന്റെ വയറിനേക്കാള്‍ മോശപ്പെട്ട ഒരു പാത്രവും നിറക്കുന്നില്ല. ഏതാനും ഉരുളകള്‍ അവന്റെ നടുനിവര്‍ത്തും, അവനത് മതിയായതുമാണ്. മൂന്നില്‍ ഒന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് ഒഴിച്ചിടാനുമുള്ളതാണ്.' (തിര്‍മിദി)
'പ്രവാചകന്‍(സ) കുളിക്കാനായി ഒരു സ്വാഅ് (നാല് മുദ്ദ്) മുതല്‍ അഞ്ച് മുദ്ദ് വരെ വെള്ളവും വുദുവെടുക്കാന്‍ ഒരു മുദ്ദ് വെള്ളവുമായിരുന്നു ഉപയോഗിച്ചിരുന്നത്. ആരെങ്കിലും അതില്‍ അധികരിച്ചാല്‍ ....... അക്രമവുമാണത്. (മുത്തഫഖുന്‍ അലൈഹി) ഇത്തരത്തിലുള്ള ഹദീസുകള്‍ മിതത്വം സ്വീകരിക്കാനും പ്രകൃതി വിഭവങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താനുമുള്ള വ്യക്തമായ ആഹ്വാനമാണ്. ധൂര്‍ത്തും അന്യായമായ ഉപയോഗവും പിശുക്കും ഉപേക്ഷിക്കാനും അവ ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെയും ഹദീസിന്റെയും വചനങ്ങള്‍ ഏതെങ്കിലും പ്രത്യേകമായ സന്ദര്‍ഭത്തിന് മാത്രമല്ല, മറിച്ച് പൊതുവാണെന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് എതിരഭിപ്രായമില്ല. അതുകൊണ്ട് തന്നെ മിതത്വം പാലിക്കണമെന്ന ആഹ്വാനം മനുഷ്യജീവിതത്തിലെ എല്ലാ പെരുമാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യന് ഒരു അനുഗ്രഹം നല്‍കപ്പെടുമ്പോള്‍ മുഴുവന്‍ സൃഷ്ടികള്‍ക്കും അതില്‍ നിന്നവന്‍ അവശേഷിപ്പിക്കുന്നു. അല്ലാഹു കനിഞ്ഞേകിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ സംരക്ഷണാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അവയുടെ ഉപയോഗത്തില്‍ ധൂര്‍ത്ത് ഉപേക്ഷിച്ച് സന്തുലിതത്വം പാലിക്കുകയും മിതത്വം മുറുകെ പിടിക്കുകയും വേണം. പരിസ്ഥിതിയടക്കമുള്ള എല്ലാറ്റിനോടുമുള്ള പെരുമാറ്റത്തിലും ഇടപഴകലിലും മുറുകെ പിടിക്കേണ്ട സ്വഭാവമാണ് മിതത്വം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിമേതര സമൂഹങ്ങള്‍ ഈയടുത്ത കാലത്ത് മാത്രം പറയാന്‍ തുടങ്ങിയിട്ടുള്ള ഒന്നാണ് ബുദ്ധിപരമായ ഉപയോഗവും അഥവാ മിതത്വത്തോടെയുള്ള ആരോഗ്യകരമായ ഉപയോഗവും (sound utilization) പരിധിവിട്ട അന്യായമായ ഉപയോഗം ഉപേക്ഷിക്കാനുള്ള ആഹ്വാനം. അവക്കെല്ലാം പതിനാല് നൂറ്റാണ്ട് മുമ്പായിരുന്നു ധൂര്‍ത്തും അമിതോപഭോഗവും ഉപേക്ഷിക്കാനും മിതത്വം പാലിക്കാനും ഇസ്‌ലാം ആഹ്വാനം നടത്തിയതെന്നതില്‍ സംശയമില്ല. പരിസ്ഥിതി വിഭവങ്ങളുടെ ഉപയോഗത്തില്‍ പരിധിവിടാന്‍ ആരംഭിച്ചപ്പോള്‍ മനുഷ്യര്‍ക്ക് നേരെ നിരവധി അപകട ഭീഷണികളും ഉയര്‍ന്നു. ഉദാഹരണത്തിന് മരങ്ങളും സസ്യങ്ങളും മുറിക്കുന്നതില്‍ പരിധിവിട്ടപ്പോള്‍ വരള്‍ച്ച, വെള്ളപ്പൊക്കം, മഴയിലും ജലത്തിന്റെ വിതരണത്തിലുമുണ്ടായ താളംതെറ്റല്‍, മരുപ്രദേശങ്ങള്‍ വര്‍ധിക്കല്‍, ഓക്‌സിജന്‍, കാര്‍ബണ്‍ഡൈഓക്‌സൈഡ് തുടങ്ങിയവയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അപ്രകാരം വെള്ളത്തിന്റെ അമിതോപഭോഗം ജലസ്രോതസ്സുകളിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും കുറവ് വരുത്തുന്നത് പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
വെള്ളത്തെ മലിനപ്പെടുത്താതെ ശുദ്ധമായി സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി പ്രവാചക വചനങ്ങളുണ്ട്. ജീവന്റെ സ്രോതസ്സും മനുഷ്യര്‍ക്ക് ഗുണകരവുമായി നിലകൊള്ളുന്നതിന് അതില്‍ മാലിന്യങ്ങളോ മറ്റ് കലര്‍പ്പുകളോ നിക്ഷേപിക്കരുതെന്നും അവ ആവശ്യപ്പെടുന്നു. അവയില്‍ പെട്ടതാണ് 'നിങ്ങളിലാരും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രവിസര്‍ജ്ജനം നടത്തരുത്, പിന്നെ അതില്‍ കുളിക്കുകയും ചെയ്യുന്നു.' (ബുഖാരി) അപ്രകാരം ഒഴുകുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതും അദ്ദേഹം വിലക്കി. (തബ്‌റാനി) ആമാശയ രോഗങ്ങളുടെ വ്യാപനത്തിന് സഹായിക്കുന്ന ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും ഫലഭൂയിഷ്ടമായ അന്തരീക്ഷം ഒരുക്കുകയാണ് കെട്ടികിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ. അപ്രകാരം ഒഴുകുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യലാണ്. കാരണ മലിനമാക്കപ്പെട്ട ജലമാണ് അവരിലേക്ക് എത്തുന്നത്.' സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപദ്രവമരുത്' എന്ന ഫിഖ്ഹീ തത്വ പ്രകാരം ഇസ്്‌ലാമിന്റെ താല്‍പര്യത്തിന് നിരക്കാത്ത സ്വഭാവാണത്. മറ്റൊരു ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു: മൂന്ന് ശാപങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക, വെള്ളം, തണല്‍, ആളുകളുടെ വഴികള്‍ എന്നിവിടങ്ങളില്‍ വിസര്‍ജ്ജനം നടത്തലാണവ. (അബൂദാവൂദ്) വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രതിപാദിച്ചിട്ടുള്ള പരിസ്ഥിതി വിഭവങ്ങള്‍ നശിപ്പിക്കരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ മുറുകെ പിടിക്കുന്നവരാണോ നമ്മള്‍? ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വെള്ളം യാതൊരു സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിധേയമാക്കാതെ നാം പുറംതള്ളുമ്പോള്‍ ശരീഅത്തിന് വിരുദ്ധമായിട്ടാണ് നാം പ്രവര്‍ത്തിക്കുന്നത് എന്നത് ഖേദകരമായ വസ്തുതയാണ്. രാസവസ്തുക്കളും അപകടകാരികളായ ബാക്ടീരിയകളും അടങ്ങിയിട്ടുള്ള അത് നദികളിലേക്കും കടലിലേക്കും എത്തുന്നു. ഫാക്ടറി മാലിന്യങ്ങള്‍ ജലജീവികള്‍ക്കുണ്ടാക്കുന്ന വലിയ അപകടങ്ങളെും അതിന്റെ പ്രാധാന്യത്തെയും അവഗണിച്ച് അവ പുഴകളിലേക്കും കടലിലേക്കും തള്ളുന്നതും അപ്രകാരം തന്നെയാണ്. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അവ ഉപയോഗപ്പെടുത്തുന്നതാണ് നദികളിലെ വെള്ളം. അതിലൂടെ ഇസ്‌ലാമിക വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ കാര്യമാണ് നാം ചെയ്യുന്നത്. അതോടൊപ്പം ദീനിന്റെ കല്‍പനകളെ കുറിച്ച് നാം അശ്രദ്ധരാവുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹാര്‍ദ ഗുണങ്ങള്‍ നമ്മില്‍ വളര്‍ത്താനുള്ള വ്യക്തമായ ആഹ്വാനങ്ങളാണ് ഈ ഹദീസുകളെല്ലാം. ഹരിതവല്‍കരണത്തിനും എല്ലായിടത്തും പച്ചപ്പ് വ്യാപിപ്പിക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനും ആവശ്യപ്പെടുന്നവയാണവ. കുവൈത്തിന് ഹരിതവല്‍കരിക്കാനുള്ള കുവൈത്ത് അമീറിന്റെ താല്‍പര്യത്തോടും അതിനായി മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധനകളോടും സഹകരിക്കേണ്ടത് അനിവാര്യമാണ്. ഹരിതവല്‍കരണത്തിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമുള്ള ഇസ്‌ലാമിക ആഹ്വാനമാണത്. സുരക്ഷിതമായ ജീവിതം തുടരുന്നതിനുള്ള ആഹ്വാനം കൂടിയാണത്. സസ്യങ്ങളുടെ കാര്യത്തിലെന്ന പോലെ ജീവികളുടെ കാര്യത്തിലും ഇസ്്‌ലാം ഇതിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. കരയിലെയും ജലത്തിലെയും അനുവദനീയമാക്കപ്പെട്ട ജീവികളെ ആവശ്യത്തിനല്ലാതെ വേട്ടയാടുന്നത് ഇസ്‌ലാം ശക്തമായി വിലക്കിയിട്ടുണ്ട്. വംശനാശ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ അതില്‍ ധൂര്‍ത്തു കാണിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഒരു ജീവിയും വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല. ഓരോന്നിനും അവയുടേതായ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. നസാഇയും ഇബ്‌നുമാജയും പ്രവാചകന്‍(സ)യില്‍ നിന്നും ഉദ്ധരിക്കുന്നു: ആരെങ്കിലും വെറുതെ ഒരു കുരുവിയെ കൊന്നാല്‍, ഈ വ്യക്തിയെന്നെ വെറുതെ ഒരു ആവശ്യവുമില്ലാതെ കൊന്നിരിക്കുന്നു എന്ന് അന്ത്യദിനത്തില്‍ അല്ലാഹുവോട് ആവലാതിപ്പെടും. ദാഹത്താല്‍ മണ്ണുകപ്പുന്ന നായയെ വെള്ളം കുടിപ്പിച്ചയാള്‍ അക്കാരണത്താല്‍ സ്വര്‍ഗാവകാശിയായ കഥ നമുക്കറിയാം. പൂച്ചയെ കെട്ടിയിടുകയും അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിടുകയും ചെയ്ത സ്ത്രീ നരകാവകാശിയായതും നമുക്കറിയാം. ജീവലോകത്തോടുള്ള ഇസ്‌ലാമിന്റെ പെരുമാറ്റ രീതിയാണിത്. ഈ പരിസ്ഥിതിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ശ്രമിക്കുന്ന സ്വഭാവഗുണങ്ങള്‍. ഇസ്‌ലാമിന്റെ ഈ പരിസ്ഥിതി ബോധം നമ്മിലുണ്ടാക്കാനും വരും തലമുറയില്‍ നട്ടുവളര്‍ത്താനും നാം ശ്രമിക്കുന്നുണ്ടോ? സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാനും ജീവികളെ സംരക്ഷിക്കാനുമാണത് ആവശ്യപ്പെടുന്നത്. വഴികള്‍ നല്ല രീതിയില്‍ ഉപയോഗിക്കാനും അതിലെ ഉപദ്രവങ്ങള്‍ നീക്കാനും ഇസ്്‌ലാം വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് ഹദീസുകളില്‍ കാണാം. 'വഴിയിലെ ഉപദ്രവം നീക്കല്‍ സ്വദഖയാണ്.' (മുത്തഫഖുന്‍ അലൈഹി)
'വിശ്വാസികളുടെ വഴികളില്‍ ഉപദ്രവം സൃഷ്ടിക്കുന്നവര്‍ അവരുടെ ശാപത്തിനര്‍ഹരായിരിക്കുന്നു.' (തബ്‌റാനി)
'വിശ്വാസം അറുപതില്‍ പരം/ എഴുപതില്‍ പരം ശാഖകളാണ്. വഴിയിലെ ഉപദ്രവം നീക്കലാണ് അതില്‍ ഏറ്റവും താഴ്ന്നപടി.' (മുത്തഫഖുന്‍ അലൈഹി)
'വിശ്വാസികളുടെ വഴിയില്‍ നിന്ന് ആരെങ്കിലും ഉപദ്രവം നീക്കിയാല്‍ അവന്റെ മേല്‍ ഒരു പ്രതിഫലം രേഖപ്പെടുത്തപ്പെട്ടു.' (ബൂഖാരി, തബ്‌റാനി)
'വഴിയിലെ ഉപദ്രവം നീക്കുന്നതിന് വിശ്വാസി പ്രതിഫലാര്‍ഹനായി മാറും.' (തിര്‍മിദി)
വഴികളില്‍ നിന്ന് എല്ലാത്തരത്തിലുമുള്ള ഉപദ്രവങ്ങള്‍ നീക്കല്‍ പ്രതിഫലാര്‍ഹമാണെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ നിര്‍ബന്ധ ബാധ്യത കൂടിയാണത്. വഴിക്ക് ദ്രോഹമാകുന്നതും അതിന്റെ സൗന്ദര്യവും ശുചിത്വവും നശിപ്പിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതുമായ എല്ലാം വഴിയിലെ ഉപദ്രവത്തിന്റെ പരിധിയില്‍ വരും. ചുരുക്കത്തില്‍ വഴിക്കും അതുപയോഗിക്കുന്നവര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന എല്ലാം അതിലുള്‍പ്പെടും. അതിനുദാഹരണമാണ് കാലിക്കുപ്പികളും പാഴ്ക്കടലാസുകളും മറ്റും റോഡരികില്‍ തള്ളുന്നത്. കാല്‍നടയാത്രക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക. റോഡിന് നടുവിലൂടെ നടക്കാന്‍ അവരെയതിന് നിര്‍ബന്ധിതരാക്കുകയും അപകടങ്ങള്‍ക്കത് കാരണമാവുകയും ചെയ്യും. റോഡ് നിയമങ്ങള്‍ പാലിക്കാത്തത് മൂലമുണ്ടാകുന്ന റോഡപടകങ്ങളും ഉപദ്രവത്തിന്റെ പരിധിയില്‍ തന്നെയാണ് ഉള്‍പ്പെടുക. മരണ വേഗതയില്‍ വാഹനമോടിക്കുന്നതിലൂടെയും നിയമത്തിന് വിരുദ്ധമായ കുറ്റകൃത്യമാണ് ചെയ്യുന്നത്. ഭ്രാന്തമായ വേഗത നാശത്തിലേക്കാണ് വിളിക്കുന്നത്. സ്വയം നാശത്തിലേക്ക് എടുത്ത് ചാടുന്നത് അല്ലാഹു വിലക്കിയ കാര്യമാണ്.

കാലാവസ്ഥാ ഭൂമിശാസ്ത്രം ഹദീസുകളില്‍
പ്രവാചക വചനങ്ങള്‍ ശാസ്ത്ര വിദ്യാലയത്തിന്റെ സ്ഥാനമാണ് വഹിച്ചിരുന്നത്. അന്തരീക്ഷവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അവ പകര്‍ന്നു നല്‍കി. മഴയെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞത് കാണുക: മറ്റൊരു വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറഞ്ഞ ഒരു വര്‍ഷവുമില്ല, എന്നാല്‍ അല്ലാഹു അതിനെ നിയന്ത്രിക്കുകയാണ് ചെയ്യുകയാണ്. (ബൈഹഖി) മഴ വര്‍ഷിക്കുന്നതിനും ഭൂമിയില്‍ ജലവിതരണം നടത്തുന്നതിലും കൃത്യമായ ഒരു വ്യവസ്ഥയുണ്ടെന്നതിനെയാണ് ഈ ഹദീസ് കുറിക്കുന്നത്. ഹദീസിന്റെ അമാനുഷികതയുടെ മുഖമായിട്ടാണ് ആധുനിക പണ്ഡിതന്‍മാര്‍ ഇതിനെ കാണുന്നത്. ഓരോ മാസങ്ങളിലും കാലാവസ്ഥകളിലും ഭൂഗോളത്തില്‍ ലഭിക്കുന്ന മഴയുടെ തോതില്‍ മാറ്റങ്ങളുണ്ടാവാം, എന്നാല്‍ ഒരു വര്‍ഷത്തെ മഴയുടെ ആകെ അളവ്് പരിശോധിക്കുമ്പോള്‍ അതില്‍ മാറ്റമില്ലെന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ആരും ഇന്ന് പഠിപ്പിക്കുന്നില്ല. മാത്രമല്ല എല്ലാവരും കരുതുന്നത് മഴയുടെ തോതില്‍ ഓരോ വര്‍ഷവും മാറ്റമുണ്ടെന്നാണ്. ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മഴയെ സംബന്ധിച്ച ശാസ്ത്രീയ നിയമങ്ങള്‍ നമുക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ശാസ്ത്രം അത് കണ്ടെത്തുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണത്. 'അല്ലാഹു അതിനെ നിയന്ത്രിക്കുന്നു' എന്നാണ് ഹദീസിന്റെ രണ്ടാം ഭാഗത്ത് പറയുന്നത്. ഭൗമോപരിതലത്തില്‍ വളരെ വ്യവസ്ഥാപിതമായി ജലവിതരണം ചെയ്യപ്പെടുന്നു എന്നതിനെയാണ് ഇത് ശക്തിപ്പെടുത്തുന്നത്. സൂക്ഷ്മമായ ആസൂത്രണത്തോടെ മഴയുടെ വിതരണം നടത്തുന്നു എന്നാണ് 'തസ്‌രീഫ്' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ സൂക്ഷ്മമായ തോതിലാണ് ജലവിതരണം നടക്കുന്നതെന്ന് ആധുനിക ശാസ്ത്രവും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ ഈ തോതും ഏകദേശം സ്ഥിരപ്പെട്ടതാണ്. അതില്‍ വരുന്ന ചെറിയ വ്യതിചലനങ്ങള്‍ പോലും ഭൂമിയിലെ ജീവനില്‍ വ്യതിചലനങ്ങളുണ്ടാക്കും. ഓരോ വര്‍ഷവും പെയ്യുന്ന മഴയുടെ അളവ് തുല്യമാണെന്ന് ഹദീസ് പറയുമ്പോള്‍ ആ അളവില്‍ അന്ത്യദിനം വരെ മാറ്റമുണ്ടാവില്ലെന്ന് അര്‍ത്ഥമില്ല. കാരണം പ്രപഞ്ചത്തിലെ ഒരു വസ്തുതയെ കുറിച്ച് പറയുകയാണ് നബി(സ) ചെയ്തിരിക്കുന്നത്.

സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഭൂമിശാസ്ത്രം ഹദീസുകളില്‍
നൂറ്റാണ്ടുകളോളം ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കാതിരുന്ന, അല്ലെങ്കില്‍ തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ സാധിക്കാത്ത കാര്യങ്ങളെ കുറിച്ച് പ്രവാചകന്‍(സ) അറിയിച്ചിട്ടുണ്ട്്. അബ്ദുല്ലാഹ് ബിന്‍ ഉമറില്‍ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: 'ഹജ്ജ് ചെയ്യുന്നവനോ ഉംറ നിര്‍വഹിക്കുന്നവനോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനോ സമുദ്രത്തില്‍ യാത്ര ചെയ്യുന്നില്ല, സമുദ്രത്തിന് താഴെ അഗ്നിയും അഗ്നിക്ക് താഴെ സമുദ്രവുമായിട്ടല്ലാതെ.' അബൂ ദാവൂദ് റിപോര്‍ട്ട് ചെയ്ത ഈ ഹദീസിനെ അതിന്റെ സനദിലെ ദൗര്‍ബല്യം കാരണം പലരും ദുര്‍ബല ഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അല്ലാഹുവിന്റെ വചനങ്ങള്‍ അവര്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: (അല്‍മാഇദ: 96) ഹദീസ് ദുര്‍ബലമാണെങ്കിലും ശരിയായ ആശയമാണ് അതിലുള്ളത്. നബി(സ) അറിയിച്ച അക്കാര്യം ആധുനിക ശാസ്ത്രം ശരിവെച്ചിട്ടുണ്ട്. സമുദ്രത്തിന്റെ അഗാധതകളില്‍ കത്തിജ്വലിക്കുന്ന തീയുണ്ടെന്നത് ശാസ്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങളും സ്ഥിരീകരിക്കുന്നു. ഭൂമിക്കടിയില്‍ തിളച്ചു മറിയുന്ന അഗ്നി പര്‍വതങ്ങളുണ്ട്. ഇടക്കിടെ അവ സ്‌ഫോടനങ്ങളുണ്ടാക്കുകയും മൈലുകളോളം അതില്‍ നിന്നുള്ള ലാവ പ്രവഹിക്കുകയും ചെയ്യുന്നു. ശാന്തമഹാ സമുദ്രത്തിലാണിത് കൂടുതലായി കാണപ്പെടുന്നത്. ഇതാണ് സമുദ്രത്തിനടിയിലെ അഗ്നിയായി അറിയപ്പെടുന്നത്.

ഭൂമിയുടെ ഭ്രമണത്തെ കുറിച്ച് ഹദീസ്
നവാസ് ബിന്‍ സംആന്‍ റിപോര്‍ട്ട് ചെയ്യുന്ന ദജ്ജാലിനെ കുറിച്ച ഹദീസില്‍ നബി(സ) ദജ്ജാലിനെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികള്‍ ചോദിച്ചു: എത്രകാലമാണത് ഭൂമിയില്‍ നിലനില്‍ക്കുക? പ്രവാചകന്‍(സ) പറഞ്ഞു: നാല്‍പത് ദിവസം, ഒരു വര്‍ഷം പോലത്തെ ദിവസം, ഒരു മാസം പോലത്തെ ദിവസം, ഒരു ജുമുഅ പോലത്തെ ദിവസം. എല്ലാ ദിവസങ്ങളും നിങ്ങളുടെ ദിവസങ്ങള്‍ പോലെയായിരിക്കും. അല്ലാഹുവിന്റെ ദൂതരെ, ഒരു വര്‍ഷം പോലത്തെ ദിവസത്തില്‍ ഒരു ദിവസത്തെ നമസ്‌കാരം മതിയാകുമോ? അദ്ദേഹം പറഞ്ഞു: മതിയാവില്ല, നിങ്ങള്‍ അതനുസരിച്ച് കണക്കാക്കണം. ഭൂമിയുടെ ഭ്രമണത്തിന്റെ ദിശ മാറുന്നതിന് മുമ്പ് ഭ്രമണം സാവധാനത്തിലാകുന്നത് കൊണ്ട് അസ്വസ്ഥകരമായ ഒരു ഘട്ടമുണ്ടാകുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നടന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നുവെന്നത് അത്ഭുതകരമായ കാര്യമാണ്. ആ ഘട്ടത്തില്‍ ദിവസങ്ങള്‍ വളരെ ദീര്‍ഘിച്ചതാവുകയും പിന്നീടത് ചുരുങ്ങി ചുരുങ്ങി വ്യവസ്ഥാപിതമാവുകയും ചെയ്യും.

ജലത്തിന്റെ ഭൂമിശാസ്ത്രം ഹദീസുകളില്‍
ജല സ്രോതസ്സുകളുടെ സംരക്ഷണാര്‍ത്ഥം പ്രവാചകന്‍(സ) കെട്ടികിടക്കുന്ന വെള്ളത്തില്‍ മൂത്രവിസര്‍ജനം നടത്തുന്നത് വിലക്കി. ജലം മലിനപ്പെടുന്നത് തടയുകയാണ് അതിലൂടെ. കാരണം മലിന ജലം ശുദ്ധീകരണത്തിനോ കുടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവതല്ല. മൂത്ര വിസര്‍ജനത്താല്‍ മലിനപ്പെടുത്തുന്നത് പോലെ തന്നെയാണ് മറ്റേത് വസ്തുക്കള്‍ കൊണ്ട് മലിനമാക്കുന്നതും. (ഫാക്ടറി മാലിന്യവും രാസവസ്തുക്കളും അതിന് ഉദാഹരണമാണ്.) ജാബിര്‍(റ)ല്‍ നിന്ന് നിവേദനം: കെട്ടികിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കപ്പെടുന്നത് പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു.അബൂഹൂറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളാരും മൂത്രമൊഴിക്കരുത്, പിന്നെ അതില്‍ കുളിക്കുകയും ചെയ്യുന്നു. 'മുആദ് ബിന്‍ ജബല്‍(റ) നിന്നും നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: മൂന്ന് ശാപങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. വിസര്‍ജനമാണത് ജലസ്രോതസ്സുകളിലും, വഴികളിലും, തണലിലും.' ഈ വിലക്കിന്റെ കാരണം വളരെ വ്യക്തമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ ജലത്തിന്റെ ഉപയോഗം വന്‍തോതില്‍ തടയുകയാണ് ചെയ്യുന്നത്. അപ്രകാരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സ്രോതസ്സുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് അവയെ ആമാശയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെയും ബാക്ടീരിയകളുടെയും പെറ്റുപെരുകലിന് സഹായകമായ അന്തരീക്ഷമാക്കുന്നു. മൂത്രം കലര്‍ന്ന കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന നമുക്കറിയാം. നിരവധി ജലജന്യ രോഗങ്ങളുടെ പകര്‍ച്ചക്ക് അത് കാരണമാകുന്നുവെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കെട്ടിക്കിടക്കുന്ന വെള്ളം മാരകങ്ങളായ ബാക്ടീരിയകളുടെയും പാരാസൈറ്റുകളുടെയും വളര്‍ച്ചക്ക് അനുയോജ്യമായ മാധ്യമമാണ്. മലമൂത്ര വിസര്‍ജനം ഇത്തരം വിരകളുടെയും കീടങ്ങളുടെയും പെറ്റുപെരുകലിനും വ്യാപനത്തിനും സഹായകമാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ആരോഗ്യമേഖലകളില്‍ നിന്നുള്ള വെള്ളം യാതൊരു നടപടിക്കും വിധേയമാക്കാതെ നദികളിലേക്കും കടലിലേക്കും ഒഴുക്കുന്നത് ദുഖകരമാണ്. മലമൂത്രങ്ങള്‍ക്ക് പുറമെ അതുള്‍ക്കൊള്ളുന്ന രാസവസ്തുക്കളും അവയവ ഭാഗങ്ങളും അപകടകാരികളായ രോഗാണുക്കളും കൂടി ഉള്‍ക്കൊള്ളുന്നതിനാല്‍ അതുണ്ടാക്കുന്ന ദൂഷ്യം വര്‍ധിക്കുന്നു. ഫാക്ടറികള്‍ അതിലെ അവശിഷ്ടങ്ങളുണ്ടാക്കുന്ന അപകടങ്ങളെയെല്ലാം അവഗണിച്ച് വെള്ളത്തിലേക്ക് തള്ളുമ്പോള്‍ പരിസ്ഥിതിക്കും മനുഷ്യനും മുഴുവന്‍ ജലജീവികള്‍ക്കും അപകടകരമായ സ്വഭാവാണ് കാണിക്കുന്നത്.
ജല സ്രോതസ്സുകള്‍ നശിപ്പിക്കാതെ പരിപാലിക്കുന്നതില്‍ നമുക്ക് പിന്തുടരാവുന്ന ഏറ്റവും നല്ല മാതൃകയാണ് പ്രവാചകന്‍(സ). ഇബ്‌നു ജുബൈറില്‍ നിന്ന് നിവേദനം: അനസ് പറയുന്നതായി ഞാന്‍ കേട്ടു: ഒരു സ്വാഅ് മുതല്‍ അഞ്ച് മുദ്ദ് വരെ വെള്ളമായിരുന്നു നബി(സ) കുളിക്കാന്‍ ഉപയോഗിച്ചിരുന്നത്. വുദുവെടുക്കാന്‍ ഒരു മുദ്ദും. കുളിക്കാനും വുദുവെടുക്കുന്നതിനും വെള്ളം അമിതമായി ചെലവഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും മിതത്വം ആവശ്യപ്പെടുകയുമാണ് ഈ ഹദീസ്. വെള്ളത്തിന്റെ ഉപയോഗത്തില്‍ ഇത്തരത്തില്‍ മിതത്വം പാലിക്കാനാണ് പ്രവാചകന്‍(സ) അനുയായികളെ പഠിപ്പിച്ചത്. അംറ് ബിന്‍ ശുഐബ് തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്റെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എങ്ങനെയാണ് ശുദ്ധീകരണം? ഒരു പാത്രത്തില്‍ വെള്ളം കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം മുന്‍കൈ മൂന്ന് തവണ കഴുകി. പിന്നെ മൂന്ന് തവണ മുഖം കഴുകി. പിന്നെ കൈകള്‍ മൂന്ന് തവണ കഴുകി. ശേഷം തലതടവുകയും ചൂണ്ടുവിരലുകള്‍ ചെവിക്കുള്ളിലും പെരുവിരലുകള്‍ പുറത്തും വെച്ചു. എന്നിട്ട് പെരുവിരലുകള്‍ കൊണ്ട് ചെവിയുടെ പുറവും ചൂണ്ടുവിരല്‍ കൊണ്ട് അകവും തടവി. തുടര്‍ന്ന് കാലുകള്‍ മൂന്ന് തവണ കഴുകി. എന്നിട്ട് പറഞ്ഞു: ഇപ്രകാരമാണ് വുദൂഅ്, ആരെങ്കിലും ഇതില്‍ കൂടുതലോ കുറവോ വരുത്തിയാല്‍ ചീത്ത പ്രവര്‍ത്തിക്കുകയും അക്രമം കാണിക്കുകയും ചെയ്തു.
വെള്ളത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ ജല ഉപയോഗത്തില്‍ മിതത്വം പാലിക്കലും ധൂര്‍ത്ത് ഉപേക്ഷിക്കലും അനിവാര്യമാണെന്ന് പണ്ഡിതന്‍മാര്‍ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒഴുകുന്ന നദിയുടെ കരയില്‍ നിന്നാണെങ്കില്‍ പോലും അത് പാടില്ലെന്നാണ്. ഈ ധൂര്‍ത്ത് നിഷിദ്ധമാണ് (ഹറാം) ആണെന്ന് ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് അനഭിലഷണീയമാണെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സമാപനം
പ്രവാചകചര്യ ഭൂമിശാസ്ത്രത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മഹത്തായ മൂല്യങ്ങളും അടിസ്ഥാനങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രവാചകചര്യ പരിശോധിക്കുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാനും വിവിധതരത്തിലുള്ള സമ്പൂര്‍ണമായ പുരോഗതി സാക്ഷാല്‍കരിക്കാനും അത് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ ജീവിക്കുന്ന സകല സൃഷ്ടികളുടെയും സംരക്ഷണത്തിനും ഗുണത്തിനും വേണ്ടിയാണത് നിലകൊള്ളുന്നത്. അതില്‍ പെട്ടതാണ് ഒരു മനുഷ്യന് സ്വന്തത്തില്‍ നിന്നും മറ്റു മനുഷ്യരില്‍ നിന്നുമുണ്ടാകുന്ന ഉപദ്രവത്തില്‍ നിന്നുള്ള സംരക്ഷണം. സവിശേഷമായ വ്യവസ്ഥകളോടെ അതിരുവിടലോ കുറവോ വരുത്താതെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കണമെന്നത് അതിന്റെ തേട്ടമാണ്. പരിസ്ഥിതിയോട് നന്മയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലവും മോശമായി വര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയും നിര്‍ണയിച്ച് അതില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയല്ലിത്. ഒരു മുസ്്‌ലിം പരിസ്ഥിതിയോടുള്ള തന്റെ പെരുമാറ്റത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ഒന്നായിട്ടാണതിനെ കണക്കാക്കിയിട്ടുള്ളത്.

© Bodhanam Quarterly. All Rights Reserved

Back to Top