ഹദീസ് പഠനം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡോ. യൂസുഫുല്‍ ഖറദാവി‌‌
img

ദീസുകള്‍ മനസ്സിലാക്കുന്നത് ഖുര്‍ആന്റെ വെളിച്ചത്തിലാവണം. അല്ലെങ്കില്‍ പിഴച്ചുപോവും. തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാവാം. ഖണ്ഡിതമായ സത്യവും നീതിയുമാണ് ഖുര്‍ആന്‍. 'നിന്റെ രക്ഷിതാവിന്റെ വചനം- ഖുര്‍ആന്‍- സത്യത്തിലും നീതിയിലും പരിപൂര്‍ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ' (അല്‍അന്‍ആം: 115). എല്ലാ ഇസ്്‌ലാമിക നിയമങ്ങളുടെയും മൗലിക സ്രോതസ്സും ഇസ്്‌ലാമികാസ്തിത്വത്തിന്റെ ആത്മാവും ഖുര്‍ആനാണ്. ഈ ഭരണ ഘടനയുടെ വിശദീകരണവും, പ്രായോഗിക വിവരണവുമാണ് ഹദീസുകള്‍ അഥവാ സുന്നത്ത്. അതുകൊണ്ടുതന്നെ ഹദീസുകള്‍ ഖുര്‍ആനെതിരാവരുത്, അടിസ്ഥാനത്തിനെതിരെ ശാഖ നിലകൊള്ളരുത്. ഖുര്‍ആന്റെ ഭ്രമണപഥത്തിനു പുറത്തേക്ക് സുന്നത്തിന് പ്രവേശനമില്ലെന്നര്‍ഥം. ഖണ്ഡിതമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമായി സ്വഹീഹായ ഹദീസുകള്‍ കാണാത്തത് അതുകൊണ്ടാണ്. അങ്ങനെയും ചില ഹദീസുകള്‍ ഉണ്ടല്ലോ എന്നാണെങ്കില്‍, അതിന്റെയര്‍ഥം പ്രസ്തുത ഹദീസുകള്‍ സ്വഹീഹല്ല. അഥവാ, വൈരുധ്യം യാഥാര്‍ഥ്യമല്ല, ഊഹപരമാണ് എന്നതത്രെ. ചുരുക്കത്തില്‍, ഹദീസുകള്‍ എപ്പോഴും ഖുര്‍ആനിക ദൃഷ്ട്യാ മാത്രമായിരിക്കണം മനസ്സിലാക്കപ്പെടുന്നത്.

ചില ഉദാഹരണങ്ങള്‍
1. ഹദീസുല്‍ ഗറാനീഖ്
നബി(സ) വ്യാജദൈവങ്ങളുടെ ശുപാര്‍ശ തേടി എന്ന അര്‍ഥത്തില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസ് ഉദാഹരണം. അന്നജ്മ് അധ്യായം 19-23 സൂക്തങ്ങള്‍ വ്യാജദൈവങ്ങളെ കണക്കിനു വിമര്‍ശിച്ച സാഹചര്യത്തില്‍, അവയെ പുകഴ്ത്തി ഖുര്‍ആന്‍ അവതരിച്ചു എന്ന തരത്തില്‍ പറയുന്ന ഹദീസ് എങ്ങനെയാണ് യുക്തിസഹമാവുക?1
2. നിങ്ങള്‍ സ്ത്രീകളോട് കൂടിയാലോചിക്കുക, ശേഷം അതിന്നെതിരു പ്രവര്‍ത്തിക്കുക' എന്ന ഹദീസാണ് മറ്റൊരുദാഹരണം.
ഇത്, 'മാതാപിതാക്കള്‍ തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട്'(കുട്ടിയുടെ മുലകുടി നിര്‍ത്താനുദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമില്ല.....' എന്ന അല്‍ബഖറ 233ാം സൂക്തത്തിനു വിരുദ്ധമാണ്.
ഹദീസുകളില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് മനസ്സിലാകുന്നതെങ്കില്‍, ഖുര്‍ആന്‍ ബലപ്പെടുത്തുന്ന നിലപാടാണെടുക്കേണ്ടത്. ഉദാഹരണം അല്‍അന്‍ആം 141 പ്രകാരം, ഭൂമി ഉല്‍പാദിപ്പിക്കുന്ന എല്ലാറ്റിനും സകാത്ത് നല്‍കണമെന്ന് മനസ്സിലാവും. 'സകാത്ത്' എന്ന ശീര്‍ഷകത്തിനു കീഴില്‍ ഖുര്‍ആനും സുന്നത്തും കൈകാര്യം ചെയ്യുന്നത് ഇതിന്റെ വിശദാംശങ്ങളാണ്. അതേസമയം ചില പണ്ഡിതന്മാര്‍ പഴം, ധാന്യം എന്നിവയില്‍ നാലിനങ്ങള്‍ക്കു മാത്രമേ സകാത്ത് ബാധകമാവൂ എന്ന് അഭിപ്രായപ്പെടുന്നു. അവ ഒഴികെയുള്ള പഴങ്ങളും പച്ചക്കറികളും ചായ, കാപ്പി, ആപ്പിള്‍, മാങ്ങ, കരിമ്പ്, പരുത്തി മുതലായവയെല്ലാം അവരുടെ വീക്ഷണത്തില്‍ സകാത്തിനു പുറത്താണ്. ഇവയുടെയെല്ലാം ഉടമസ്ഥര്‍ ദശലക്ഷക്കണക്കിന് സംഖ്യകള്‍ സമ്പാദിക്കുന്നുണ്ടെന്നോര്‍ക്കണം.
ചില ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, കമ്യൂണിസ്റ്റുകള്‍ ഇസ്്‌ലാമിനെ തെറ്റിദ്ധരിക്കാനിടയായ ഒരു വസ്തു കേള്‍ക്കാനിടയായി. ഭൂമി പാട്ടത്തിനെടുത്ത് ചോളവും ഗോതമ്പും ബാര്‍ലിയും അരിയും മറ്റും കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരില്‍നിന്ന് സകാത്ത് ഈടാക്കുന്ന ഇസ്്‌ലാം, തെറ്റും ചായയും റബ്ബറും മറ്റും കൃഷിചെയ്യുന്ന വന്‍കിട കര്‍ഷകരെ വെറുതെ വിടുന്നു! കമ്യൂണിസ്റ്റുകളുടെ സംശയം അസ്ഥാനത്താണെന്നു പറയാമോ?
തന്റെ കാലത്തെ മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം അബൂബക്ര്‍ ഇബ്‌നു അല്‍ അറബി, തന്റെ 'അഹ്്കാമുല്‍ ഖുര്‍ആന്‍' എന്ന കൃതിയില്‍ മാലിക്, ശാഫിഈ, അഹ്്മദ് എന്നീ മദ്ഹബുകളിലെ തദ്‌സംബന്ധമായ വീക്ഷണം- നാലിനങ്ങളൊഴികെയുള്ളവയ്ക്ക് സകാത്ത് ബാധകമല്ല എന്ന തന്റെ മാലികി മദ്ഹബിന്റെ വീക്ഷണം തള്ളിക്കളയുകയുണ്ടായി. നിഷ്പക്ഷ നിലപാടു സ്വീകരിച്ച അദ്ദേഹം മേല്‍വീക്ഷണം ദുര്‍ബലപ്പെടുത്തുകയും, ഇമാം അബൂഹനീഫഃ, അല്‍അന്‍ആം 141ാം സൂക്തത്തെ കണ്ണാടിയാക്കി അതിലൂടെ സത്യം കണ്ടെത്തി എല്ലാ ഭക്ഷ്യവസ്തുക്കളിലും സകാത്ത് ബാധകമാക്കിയതായി പ്രശംസിക്കുകയും മഴ നനഞ്ഞുണ്ടായ കൃഷിയില്‍ പത്തിലൊന്ന് എന്ന് നബി(സ) വിശദീകരിച്ചതായി എടുത്തുകാട്ടുകയും ചെയ്തു.2
'പച്ചക്കറികളില്‍ സ്വദഖയില്ല' എന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുര്‍ബലമാണ്, അതുകൊണ്ടുതന്നെ തെളിവിന് പറ്റില്ല. ഖുര്‍ആന്‍ പൊതുവായി പറഞ്ഞവയെയും പ്രസിദ്ധമായ ഹദീസുകളെയും പരിമിതപ്പെടുത്താന്‍ മേല്‍ഹദീസ് യോഗ്യമല്ല. ഇതുദ്ധരിച്ച തുര്‍മുദി എഴുതുന്നു: ''ഈ ഹദീസിന്റെ പരമ്പര സ്വഹീഹല്ല, ഈ വിഷയത്തില്‍ നബി(സ)യില്‍നിന്ന് സാധുവായി ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.''3
3. കുഴിച്ചുമൂടിയവളും കുഴിച്ചുമൂടപ്പെട്ടവളും നരകത്തില്‍
ഖുര്‍ആന്റെ ഖണ്ഡിത തത്വത്തിന് വിരുദ്ധമായി കാണപ്പെടുന്ന ഹദീസ് വ്യാഖ്യാന വിധേയമാണോ എന്ന് പരിശോധിക്കണം. 'കുഴിച്ചുമൂടിയവളും കുഴിച്ചുമൂടപ്പെട്ടവളും നരകത്തിലാണെ'ന്ന അബൂദാവൂദ് ഉദ്ധരിച്ച ഹദീസ്4 ഉദാഹരണം. ഇതുവായിച്ചപ്പോള്‍ എന്റെ ഹൃദയം സങ്കോചിച്ചുപോയി. എങ്കിലും ഞാന്‍ ആശ്വസിച്ചു, 'ഹദീസ് ദുര്‍ബലമായിരിക്കാം.' സുനനുഅബീദാവൂദിലെ എല്ലാ ഹദീസുകളും സ്വഹീഹല്ല. പക്ഷേ, ശൈഖ് അല്‍ബാനി, സ്വഹീഹുല്‍ ജാമിഇസ്സ്വഗീറിലും സ്വഹീഹു അബീദാവൂദിലും മേല്‍ ഹദീസ് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു!
മറ്റൊരു ഹദീസ് കാണുക: 'കുഴിച്ചുമൂടിയവളും കുഴിച്ചുമൂടപ്പെട്ടവളും നരകത്തിലാണ്- കുഴിച്ചുമൂടിയവള്‍ ഇസ്്‌ലാം സ്വീകരിച്ചാലൊഴികെ.'5 അതായത്, കുഴിച്ചു മൂടിയവള്‍ക്ക് നരകത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ട്, കുഴിച്ചു മൂടപ്പെട്ടവള്‍ക്ക് അവസരമില്ല! ഇത്തരുണത്തില്‍ സ്വഹാബികളെ പോലെ ഞാന്‍ ചിന്തിച്ചു. കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്ന് നബി(സ) പ്രസ്താവിച്ചപ്പോള്‍ 'കൊന്നവന്റെ കാര്യം മനസ്സിലായി. കൊല്ലപ്പെട്ടവന്‍ നരകത്തില്‍ പോവാന്‍ കാരണമെന്ത്?' എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍, 'അയാള്‍ തന്റെ കൂട്ടുകാരനെ വധിക്കാന്‍ ആഗ്രഹിച്ചതായിരുന്നു' എന്ന് അവിടുന്ന് വിശദീകരിക്കുകയുണ്ടായി. ഈ ഹദീസിന്റെ മാതൃകയില്‍ ഞാന്‍ സ്വയം ചോദിച്ചു: ഈ ഹദീസിലെ കൊല്ലപ്പെട്ടയാളുടെ മാനസികാവസ്ഥ കുഴിച്ചുമൂടപ്പെട്ടവള്‍ക്കുമുണ്ടെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും? 'കുഴിച്ചുമൂടപ്പെട്ടവള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, എന്തിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന്?' (അത്തക് വീര്‍ 8,9) എന്ന സൂക്തത്തിന് വിരുദ്ധമാണ്. മേല്‍ ഹദീസിന്റെ വിശദീകരണം പരതിനോക്കിയെങ്കിലും തൃപ്തികരമായ വിശദീകരണം എവിടെയും കണ്ടില്ല.
എന്റെ പിതാവും നിന്റെ പിതാവും നിശ്ചയം നരകത്തിലാണ്
തന്റെ പിതാവ് എവിടെയായിരിക്കണമെന്ന ഒരാളുടെ ചോദ്യത്തിന് നബി(സ) നല്‍കിയതായി പറയപ്പെടുന്ന മറുപടിയാണ് മുകളില്‍. അനസില്‍നിന്ന് മുസ്്‌ലിം ഉദ്ധരിച്ചതാണ് മേല്‍ ഹദീസ്.
പ്രവാചക നിയോഗമനം നടന്നിട്ടില്ലാത്ത 'ഫത്‌റതി' ന്റെ കാലഘട്ടത്തില്‍ ജീവിച്ച നബി(സ)യുടെ പിതാവ് അബ്ദുല്ല നരകത്തില്‍ പ്രവേശിക്കുന്നതെങ്ങനെ? അവര്‍ നരകമുക്തരാണെന്ന വീക്ഷണമാണ് ശരിയെന്നിരിക്കെ വിശേഷിച്ചും. 'എന്റെ പിതാവ്' എന്നതിന്റെ വിവക്ഷ പിതൃവ്യന്‍ അബൂത്വാലിബാവാനുള്ള സാധ്യത തള്ളിക്കളയാവതല്ല? പിതൃ സഹോദരനെ പിതാവായി അറബി ഭാഷയിലും ഖുര്‍ആനിലും പരിഗണിച്ചിട്ടുണ്ട്. അല്‍ബഖറ 133ല്‍ ഇത്തരം പ്രയോഗമുണ്ട്. യഅ്ഖൂബിന്റെ പിതൃവ്യനായിരുന്നുവല്ലോ ഇസ്മാഈല്‍. ഇതനുസരിച്ച് ഇസ്മാഈലിനെ ഖുര്‍ആന്‍ പിതൃവ്യനായി പരാമര്‍ശിച്ചിരിക്കുന്നു. ഒടുവിലെ നിമിഷം വരെ കലിമത്തുത്തൗഹീദ് ഉച്ചരിക്കാന്‍ കൂട്ടാക്കാതിരുന്ന അബൂത്വാലിബ് നരകാവകാശിയായതില്‍ പുതുമയൊന്നുമില്ല. താരതമ്യേന ലഘുവാണെങ്കിലും അദ്ദേഹം നരകശിക്ഷ അനുഭവിക്കുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. എങ്കിലും പെട്ടെന്ന് മനസ്സിലാവുന്നതിന് വിരുദ്ധമാണ് ഈ ഹദീസ്. ചോദ്യകര്‍ത്താവിന്റെ പിതാവിന്റെ കുറ്റമെന്ത്? പ്രവാചക നിയോഗമത്തിനുമുമ്പാണ് അദ്ദേഹം മരിച്ചതെന്ന് ഹദീസില്‍നിന്ന് വ്യക്തമാകുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഇത്തരുണത്തില്‍ ഹദീസിന് കൂടുതല്‍ വ്യക്തത വേണമെന്ന് എനിക്ക് തോന്നി.
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഹദീസ് വ്യക്തമായും തള്ളിക്കളഞ്ഞിരിക്കുന്നു.'ദൂതനെ നിയോഗിക്കാതെ നാം ശിക്ഷിക്കുന്നതല്ല' (അല്‍ ഇസ്‌റാഅ് 15), 'ഇതിനുമുമ്പ് വല്ല ശിക്ഷയും കൊണ്ട് നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവന്‍ പറയുമായിരുന്നു: ''ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതരുന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിനു മുമ്പ് നിന്റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു'' (ത്വാഹാ 134), 'ഞങ്ങള്‍ക്ക് സുവാര്‍ത്തകനോ മുന്നറിയിപ്പുകാരനോ വന്നിട്ടുണ്ടായിരുന്നില്ലെന്ന് നിങ്ങള്‍ പറയാതിരിക്കാന്‍' (അല്‍മാഇദ 19) മുതലായ സൂക്തങ്ങളിലെ പ്രത്യക്ഷാശയത്തിന് വിരുദ്ധമാണ് മേല്‍ഹദീസ്. യാസീന്‍ 6ാം സൂക്തപ്രകാരം മുഹമ്മദ് നബി(സ)യുടെ മുമ്പ് അറബികളില്‍ പ്രവാചകന്‍ നിയോഗിതനായിട്ടില്ല. അസ്സജദ 3, സബഅ് 44 സൂക്തങ്ങളും ഇത് ശരിവെക്കുന്നു.
എങ്കിലും സ്വഹീഹായ ഹദീസുകള്‍ക്ക് നാം മനസ്സിലാക്കാത്ത ആശയങ്ങളുണ്ടാകാം എന്നതിനാല്‍ അവയെ അപ്പാടെ തള്ളുന്നത് ശരിയാവില്ല. 'സ്വഹീഹു മുസ്്‌ലിമി' ന്റെ വ്യാഖ്യാതാക്കളായ അബ്ബിയും സനൂസിയും മേല്‍ഹദീസ് വളരെ കരുതലോടെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. 'മരിച്ചവരെ ചീത്തപറഞ്ഞുകൊണ്ട് നിങ്ങള്‍ ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കരുത്' എന്ന നബിവചനവും 'അല്ലാഹുവിനെയും അവന്റെ ദൂതനെയും ഉപദ്രവിക്കുന്നവരെ അല്ലാഹു ഇഹലോകത്തും പരലോകത്തും ശപിക്കുകയും അവര്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു' (അല്‍ അഹ്്‌സാബ് 57) എന്ന സൂക്തവും നമ്മുടെ മുമ്പിലുണ്ടാവണം. തന്റെ പിതാവിന്റെ പാരത്രികാവസ്ഥ അന്വേഷിച്ച ആളെ സാന്ത്വനിപ്പിച്ചുകൊണ്ടാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്. ആഗതന്‍ നബി(സ)യോട് 'നിങ്ങളുടെ പിതാവോ?' എന്ന് ചോദിച്ചപ്പോഴാണ് പ്രസ്തുത പ്രതികരണമുണ്ടായത്.
ഇമാം നവവി വിശദീകരിച്ചത് ഇങ്ങനെ; ചോദ്യകര്‍ത്താവിന്റെ പിതൃദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വസിപ്പിക്കുക എന്ന നബി(സ)യുടെ സദ്‌സ്വഭാവത്തിന്റെ ഭാഗമായിരുന്ന മേല്‍പ്രതികരണം. നിഷേധിയായി മരിക്കുന്നവന്‍ നരകത്തിലായിരിക്കും. ആരുടെയും ബന്ധുത്വം ആര്‍ക്കും പ്രയോജനപ്പെടില്ല എന്ന പാഠം. പ്രവാചക നിയോഗമനത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ വിഗ്രഹാരാധകരായി മരിച്ചവര്‍ നരകത്തിലാണെന്നു സാരം. പ്രബോധനമെത്താതെ ശിക്ഷിക്കുക എന്ന നിലയിലല്ല. അവര്‍ക്ക് ഇബ്‌റാഹിം ഉള്‍പ്പെടെയുള്ള നബിമാരുടെ പ്രബോധനം എത്തിയിരിക്കുന്നു.
അബ്ബിയ്യ്, നവവിയുടെ വ്യാഖ്യാനത്തെ ഖണ്ഡിച്ചു കൊണ്ടെഴുതുന്നു: 'നവവിയുടെ വ്യാഖ്യാനത്തിലെ വൈരുധ്യം ശ്രദ്ധിക്കുക. പ്രബോധനം എത്തിയവരെ 'ഫത്‌റത്തി'ന്റെ കാലഘട്ടക്കാരെന്ന് വിശേഷിപ്പിക്കാവുന്നതല്ല. തങ്ങളിലേക്കായി ഒരു നബി നിയോഗിക്കപ്പെടുകയോ, രണ്ടാമതൊരു നബിയെ കണ്ടുമുട്ടുകയോ ചെയ്യാത്തവരാണവര്‍. ഈസാ നബി നിയോഗിക്കപ്പെടുകയോ മുഹമ്മദ് നബി(സ)യെ കണ്ടുമുട്ടുകയോ ചെയ്തിട്ടില്ലാത്ത ഗ്രാമീണര്‍ ഉദാഹരണം. ഈസാ നബിയുടെയും മുഹമ്മദ് നബിയുടെയും ഇടയിലെ കാലയളവിനെയാണ് പണ്ഡിതന്മാര്‍ 'ഫത്‌റഃ' എന്നു വിളിക്കുന്നത്. സല്‍മാനില്‍നിന്ന് ബുഖാരി ഉദ്ധരിച്ചതു പ്രകാരം 'ഫത്‌റഃ' അറുനൂറ് വര്‍ഷമാണ്. പ്രവാചക നിയോഗമുണ്ടായതിന് തെളിവില്ലാത്തേടത്തോളം മനുഷ്യര്‍ ശിക്ഷിക്കപ്പെടില്ലെന്നത് ഖണ്ഡിത സത്യമായതിനാല്‍, ആ കാലയളവിലെ ആളുകള്‍ ശിക്ഷിക്കപ്പെടുകയില്ല. 'എന്റെയും നിന്റെയും പിതാവ് നരകത്തിലാണ്' എന്ന ഹദീസും മക്കയില്‍ ആദ്യമായി ബഹുദൈവാരാധന നടപ്പിലാക്കിയ അംറുബ്‌നു ലുഹയ്യ് നരക ശിക്ഷയനുഭവിക്കുന്നതായി നബി(സ) വിശദീകരിച്ച സംഭവവും സ്വഹീഹാണല്ലോ എന്നാണ് വാദമെങ്കില്‍6 അതിന് ഉഖൈലുബ്‌നു അബീത്വാലിന്റെ മറുപടി താഴെ.
1. മേല്‍ ഹദീസുകള്‍ ഖബര്‍ ആഹാദാണ്. ഖബര്‍ ആഹാദ് ഖണ്ഡിതമായ തെളിവുകളെ നിര്‍വീര്യമാക്കില്ല.
2. ഇവര്‍ മാത്രം ശിക്ഷിക്കപ്പെടാനുള്ള കാരണം അല്ലാഹുവിനു മാത്രമേ അറിയൂ.
3. മേല്‍ ഹദീസുകളില്‍, 'ഫത്‌റഃ' ഘട്ടത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയവരെക്കുറിച്ചു മാത്രമാണ് പരാമര്‍ശിക്കുന്നത്.7
സൂക്ഷ്മാപഗ്രഥനം ആവശ്യം
ശരിയായ അടിത്തറയില്ലാതെ, ഹദീസുകള്‍ ഖുര്‍ആനെതിരാണെന്ന് മുന്‍-പിന്‍ നോക്കാതെ വിധിയെഴുതരുത്. അന്ത്യനാളില്‍ മുഹമ്മദ് നബി(സ)യുള്‍പ്പെടെയുള്ള നബിമാര്‍ക്കും മലക്കുകള്‍ക്കും സച്ചരിതരായ സത്യവിശ്വാസികള്‍ക്കും ഏകദൈവ വിശ്വാസികളായ കുറ്റവാളികള്‍ക്കുവേണ്ടി ശിപാര്‍ശ പറയാനുള്ള അനുവാദമുണ്ടാകുമെന്ന് സ്ഥാപിക്കുന്ന ധാരാളം ഹദീസുകള്‍ മുഅ്തസിലകള്‍ തള്ളിക്കളഞ്ഞത് ഉദാഹരണം. ശിപാര്‍ശയുടെ ആനുകൂല്യത്തില്‍ പാപികളായ മുസ്്‌ലിംകള്‍ ഒട്ടും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടാതിരിക്കുകയോ, പ്രവേശിപ്പിക്കപ്പെട്ടാല്‍ തന്നെ കുറച്ചുകഴിഞ്ഞ് പുറത്താക്കപ്പെടുകയോ ആത്യന്തികമായി സ്വര്‍ഗപ്രാപ്തരാവുകയോ ചെയ്യുമെന്ന് ഹദീസുകളില്‍നിന്ന് വ്യക്തമാണ്. ചില ഹദീസുകള്‍ കാണുക: 'മുഹമ്മദ് നബി(സ)യുടെ ശിപാര്‍ശയാല്‍ നരകത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന ചിലര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും. അവര്‍ ജഹന്നമികള്‍ എന്നറിയപ്പെടും.'8 'ശഫാഅത്തിലൂടെ നരകത്തില്‍നിന്ന് ചിലയാളുകള്‍ പുറത്തുകടക്കും. അവര്‍ ശതാവരിച്ചെടി പോലുള്ള സആരീര്‍ ചെടിയെപോലിരിക്കും.' 9 'എന്റെ സമുദായത്തിലെ ഒരാളുടെ ശിപാര്‍ശയാല്‍, തമീം വംശജരേക്കാള്‍ കൂടുതല്‍ പേര്‍ സ്വര്‍ഗപ്രവേശനം നേടും.'10 'ശഹീദ് തന്റെ കുടുംബത്തിലെ എഴുപതു പേര്‍ക്ക് ശിപാര്‍ശ പറയും.' 11 'അന്ത്യനാളില്‍ എന്റെ ശിപാര്‍ശയാല്‍ ഏറ്റവും സൗഭാഗ്യവാനാവുക, നിഷ്‌കളങ്ക ഹൃദയനായി 'ലാഇലാഹ ഇല്ലല്ലാ' എന്നു പറഞ്ഞവനായിരിക്കും.' 12 'എല്ലാ നബിക്കും ഒരു പ്രാര്‍ഥനാവസരമുണ്ട്- അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ പ്രാര്‍ഥനാ അവസരം അന്ത്യനാളില്‍ എന്റെ സമുദായത്തിനുവേണ്ടിയായിരിക്കും.'13 'എല്ലാ നബിമാരും ഓരോ ചോദ്യം ചോദിച്ചിട്ടുണ്ട്. (അഥവാ) എല്ലാ നബിമാര്‍ക്കും ഒരു പ്രാര്‍ഥനാ ചാന്‍സുണ്ട്. അവര്‍ ആ പ്രാര്‍ഥന നടത്തി. അതിന് ഉത്തരവും ലഭിച്ചു. ഞാന്‍ എന്റെ പ്രാര്‍ഥനയെ അന്ത്യനാളില്‍ എന്റെ സമുദായത്തിനായി മാറ്റിവെച്ചിരിക്കുന്നു.'14
മുഅ്തസിലകള്‍ വാഗ്ദാനത്തേക്കാള്‍ താക്കീതിനും കാരുണ്യത്തേക്കാള്‍ നീതിക്കും, പ്രമാണത്തേക്കാള്‍ യുക്തിക്കും മുന്‍തൂക്കം നല്‍കുന്നതിനാല്‍, സ്വഹീഹെന്ന് സ്ഥിരസ്ഥാപിതമായ മേല്‍ഹദീസുകളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. 'ശിപാര്‍ശകരുടെ ശിപാര്‍ശ' തള്ളിക്കളഞ്ഞ ഖുര്‍ആന്റെ നിലപാടിനു വിരുദ്ധമാണ് 'ശിപാര്‍ശാനുകൂല്യം' എന്നത്രെ അവരുടെ വാദം. എന്നാല്‍ അറബികളും ഇതര മതക്കാരും വിശ്വസിച്ചിരുന്ന ബഹുദൈവ വിശ്വാസപരമായ ശിപാര്‍ശ'യെ മാത്രമേ ഖുര്‍ആന്‍ നിരാകരിക്കുന്നുള്ളൂ എന്നതാണ് വസ്തുത. തെറ്റായ ഈ വിശ്വാസത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: 'അവന്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെ ആരാധിക്കുകയും അവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശിപാര്‍ശകരാണെന്ന് പറയുകയും ചെയ്യുന്നു' (യൂനുസ് 18), 'അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശകരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക. അവര്‍ (ശുപാര്‍ശകര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍പോലും(അവരെ ശിപാര്‍ശകരാക്കുകയോ?)' (അസ്സുമര്‍ 42,43) മര്‍യം 81,82 ഉം കാണുക.
വ്യാജദൈവങ്ങള്‍ ശിപാര്‍ശകരാവുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഖണ്ഡിക്കുന്നത്. 'അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശിപാര്‍ശകനായോ ആരും തന്നെയില്ല' (ഗാഫിര്‍ 18). ഖുര്‍ആന്‍ ബഹുദൈവവിശ്വാസത്തെ അക്രമമായും ബഹുദൈവവിശ്വാസികളെ അക്രമികളായുമാണ് പരിചയപ്പെടുത്തുന്നത്. അതേസമയം, ശിപാര്‍ശയെ രണ്ടുപാധികളോടെ അംഗീകരിച്ചിരിക്കുന്നു.
1. ശിപാര്‍ശചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചശേഷമായിരിക്കും ശിപാര്‍ശകന്‍ ശിപാര്‍ശ ചെയ്യുക. അതായത്, ശിപാര്‍ശ ചെയ്യാന്‍ ആര്‍ക്കും അല്ലാഹുവിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല (അല്‍ബഖറ 255).
2. ഏകദൈവ വിശ്വാസികള്‍ക്കായിരിക്കും ശിപാര്‍ശയുടെ ആനുകൂല്യം ലഭിക്കുക. 'അല്ലാഹു തൃപ്തിപ്പെട്ടവര്‍ അല്ലാതെ അവര്‍ ശിപാര്‍ശ ചെയ്യില്ല' (അല്‍ അമ്പിയാഅ് 28). 'ശിപാര്‍ശകരുടെ ശിപാര്‍ശ അവര്‍ക്ക് ഉപകാരപ്പെടില്ല' ( അല്‍ മുദ്ദസിര്‍ 48). ചുരുക്കത്തില്‍, ബഹുദൈവവിശ്വാസത്തോടൊപ്പം ശിപാര്‍ശകരെ ആശ്രയിച്ച് രക്ഷപ്പെടാമെന്നു കരുതുന്ന മൗഢ്യത്തെയാണ് ഖുര്‍ആന്‍ തള്ളിപ്പറയുന്നത്.15
ഒരേ വിഷയത്തിലെ എല്ലാ ഹദീസുകളും കൂട്ടിവായിക്കുക
തിരുചര്യ ശരിയാംവണ്ണം ഗ്രഹിക്കാന്‍ ഒരേ വിഷയത്തില്‍ വന്ന ഹദീസുകളെ വെവ്വേറെ വായിക്കാതെ കൂട്ടിവായിക്കണം. സദൃശമെന്നു തോന്നാവുന്ന ഹദീസിലെ ഉള്ളടക്കം കൂടുതല്‍ വ്യക്തമായി മറ്റൊരിടത്ത് ഉദ്ധരിച്ചിട്ടുണ്ടാവും. സാമാന്യമായി പറഞ്ഞത് മറ്റൊരിക്കല്‍ നിജപ്പെടുത്തിപ്പറഞ്ഞിട്ടുണ്ടാവും.
തുണി താഴ്ത്തിയിടുന്നതിനെപ്പറ്റിയുള്ള ഹദീസ്
ഞെരിയാണിയുടെ താഴെ തുണി താഴ്ത്തിയിടുന്നതിനെപ്പറ്റിയുള്ള ഹദീസുകള്‍ ഈ ഇനത്തില്‍ പെടുന്നതാണ്. ചില തീവ്രവാദികളായ യുവാക്കള്‍ ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതു കാണാം. ഞെരിയാണിയുടെ താഴെ തുണി താഴ്ത്തുന്നത് മതബോധത്തിന്റെ കുറവു കാരണമാണെന്ന് അവര്‍ ആരോപിക്കുന്നു. തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും പരസ്പരം ബന്ധപ്പെടുത്തി പഠിച്ചാല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നം.
നമുക്ക് പരിശോധിക്കാം. നബി(സ)യില്‍നിന്ന് അബൂദര്‍റ്(റ) ഉദ്ധരിക്കുന്നു. 'അല്ലാഹു അന്ത്യനാളില്‍ മൂന്നു പേരോട് സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുക എന്ന ലക്ഷ്യത്തോടെ വല്ലതും കൊടുക്കുന്ന ആള്‍, കള്ള സത്യം ചെയ്ത് ചരക്ക് ചെലവഴിക്കുന്ന ആള്‍, തുണി താഴ്ത്തിയുടുക്കുന്നവന്‍'(മുസ്്‌ലിം).
'തുണി താഴ്ത്തി ഉടുക്കുക' എന്നതിന്റെ വിവക്ഷ എന്ത്?
അഹങ്കാര ഉദ്ദേശ്യമില്ലാതെ തദ്ദേശീയ ആചാരമനുസരിച്ച് തുണി താഴ്ത്തിയുടുക്കുന്നവന്‍ ഇതില്‍ പെടുമോ? താഴെ ചേര്‍ത്ത ഹദീസുകള്‍ അതാണ് പഠിപ്പിക്കുന്നത്. 'രണ്ടു ഞെരിയാണികള്‍ക്കു താഴെയുള്ള തുണി നരകത്തിലാണ്.' 16 സമാനമായ മറ്റൊരു ഹദീസ് നസാഈയും ഉദ്ധരിച്ചിട്ടുണ്ട്.17 പക്ഷേ, ഈ വിഷയകമായി വന്ന മൊത്തം ഹദീസുകള്‍ വിലയിരുത്തിക്കൊണ്ട് നവവിയും ഇബ്‌നു ഹജറും എഴുതുന്നു: 'അഹങ്കാരത്തോടെയാവുമ്പോഴാണ് ഇത് ശിക്ഷാബാധകമാവുക എന്നത്രെ ഏക കണ്ഠാഭിപ്രായം.' 18 തുണി ഉടുക്കലിനെ അഹങ്കാരവുമായി ബന്ധപ്പെടുത്തിയ കൂടുതല്‍ ഹദീസുകളില്‍നിന്ന് ഇത് സുതരാം വ്യക്തമാവും. ആരെങ്കിലും അഹങ്കാരപൂര്‍വം തുണി വലിച്ചിഴച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അയാളെ കടാക്ഷിക്കുകയില്ല. അബൂബക്കര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എത്ര ശ്രദ്ധിച്ചാലും എന്റെ തുണിയുടെ ഒരു ഭാഗം താണു പോകുന്നു'' അപ്പോള്‍ നബി(സ) പ്രതിവചിച്ചു: ''നിങ്ങള്‍ അത് അഹങ്കാരത്തോടെ ചെയ്യുന്നവരില്‍ പെട്ടവനല്ല.''19 'സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ നബി(സ) വസ്ത്രം വലിച്ചിഴച്ചുകൊണ്ട് ധൃതിയില്‍ പള്ളിയിലേക്ക് പോയി.'20 'അഹങ്കാരപൂര്‍വം തുണി വലിച്ചിഴക്കുന്നവരെ അല്ലാഹു കടാക്ഷിക്കുകയില്ല.'21 'ഒരാള്‍ അഹങ്കാരപൂര്‍വം പുതുവസ്ത്രം ധരിച്ച്, കൃത്രി മുടി ചീകിക്കൊണ്ട് നടക്കുന്നതിനിടെ അല്ലാഹു അയാളെ ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അയാള്‍ അന്ത്യനാള്‍ വരെ ഭൂമിയില്‍ ആഴ്ന്നുകൊണ്ടേയിരിക്കുന്നു.22 ഒരാള്‍ തുണി വലിച്ചിഴച്ചു നടക്കവെ ഭൂമിയിലേക്ക് താഴ്ത്തപ്പെട്ടു. അയാള്‍ അന്ത്യനാള്‍ വരെയും ഭൂമിയില്‍ താഴ്ന്നുകൊണ്ടേയിരിക്കും.'23 'ആരെങ്കിലും അഹങ്കാരം മാത്രം ഉദ്ദേശിച്ച് തുണി നിലത്തിഴച്ചുവലിച്ചാല്‍, അന്ത്യനാള്‍ വരെ അല്ലാഹു അയാളെ കടാക്ഷിക്കുകയില്ല.'24 ഇതിലെ 'അഹങ്കാരം മാത്രം ഉദ്ദേശിച്ച്' എന്ന പ്രയോഗം ശ്രദ്ധിക്കുക. മേല്‍ഹദീസുകള്‍ വിശദീകരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: 'തുണി നിലത്തിഴക്കുന്നതിനെ അഹങ്കാരം എന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അഹങ്കാരപൂര്‍വം അങ്ങനെ ചെയ്യുന്നവര്‍ക്കാണ് മേല്‍താക്കീതെന്ന് വ്യക്തം. അബൂബക്കറിന്റെ തുണി നിലത്തിഴഞ്ഞിരുന്നുവെങ്കിലും, അഹങ്കാരപൂര്‍വമല്ലാതിരുന്നതിനാല്‍ 'നിങ്ങള്‍ അത്തരക്കാരില്‍ പെട്ടവനല്ല' എന്ന് നബി(സ) പറയുകയുണ്ടായല്ലോ.'
ഹാഫിള് ഇബ്‌നു ഹജര്‍ എഴുതുന്നു: 'അഹങ്കാരപൂര്‍വം തുണി വലിച്ചിഴക്കുന്നത് വലിയ തെറ്റാണ്. അഹങ്കാരപൂര്‍വമല്ലാതെ തുണി വലിച്ചിഴക്കുന്നതും ഹദീസിന്റെ പ്രത്യക്ഷാശയ പ്രകാരം നിഷിദ്ധംതന്നെ. എന്നാല്‍ ഹദീസില്‍ 'അഹങ്കാരപൂര്‍വം' എന്നു പറഞ്ഞിട്ടുള്ളതിനാല്‍ താക്കീത് അതുമായി ബന്ധപ്പെട്ടാണെന്ന് മനസ്സിലാക്കാം. ആയതിനാല്‍, അഹങ്കാരപൂര്‍വമല്ലാതുള്ള വലിച്ചിഴക്കല്‍ ഹറാമാവില്ല.' ഇബ്‌നു അബ്ദില്‍ ബര്‍റ് എഴുതുന്നു; 'അഹങ്കാരപൂര്‍വമല്ലാതെയുള്ള വലിച്ചിഴക്കലിന് താക്കീത് ബാധകമല്ല. എങ്കിലും വസ്ത്രങ്ങള്‍ വലിച്ചിഴക്കുന്നത് ഏത് സാഹചര്യത്തിലും ആക്ഷേപിക്കപ്പെടേണ്ടതാണ്.'25
ദീന്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത് മനസ്സിന്റെ തീരുമാനങ്ങള്‍ക്കും ബാഹ്യമായ നിലപാടുകള്‍ക്കു പിറകിലുള്ള മനോഭാവങ്ങള്‍ക്കുമാണ്. കടുകുമണിയളവെങ്കിലുമുള്ള അഹങ്കാരത്തിന്നെതിരെയാണ് ഇവിടെ നബി(സ) താക്കീത് നല്‍കുന്നത്.
വസ്ത്ര രീതികളെന്നത് ജനങ്ങളുടെ നാട്ടു സമ്പ്രദായങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ചൂട്, തണുപ്പ്, ഐശ്വര്യം, ദാരിദ്ര്യം, കഴിവ്, കഴിവുകേട്, ജോലിയുടെ തരം, ജീവിതനിലവാരം മുതലായവ വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അല്ലാഹു ജനങ്ങള്‍ക്ക് തദ്വിഷയകമായി ആശ്വാസം നല്‍കുന്ന ചില പരിധികളില്ലാതെ ഇടപെടുന്നില്ല. അകമേ അഹങ്കാരമുണ്ടാവരുത്, ബാഹ്യമായി ധൂര്‍ത്തോ ദുര്‍വ്യയമോ പാടില്ല- ഇതാണ് പൊതുമാനദണ്ഡം.26 അതുകൊണ്ടാണ് ഇമാം ബുഖാരി 'വസ്ത്രങ്ങളെക്കുറിച്ച അധ്യായം' എന്ന ശീര്‍ഷകത്തോടൊപ്പം 'അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കിയ അലങ്കാരം നിഷിദ്ധമാക്കിയവനാര്?' (അല്‍ അഅ്‌റാഫ് 32) എന്ന സൂക്തവും, നിങ്ങള്‍ അഹങ്കാരമില്ലാതെയും ധൂര്‍ത്തില്ലാതെയും തിന്നുക, കുടിക്കുക, വസ്ത്രം ധരിക്കുക, സ്വദഖ ചെയ്യുക എന്ന നബിവചനവും ഉദ്ധരിച്ചിരിക്കുന്നു.
ഇബ്‌നു ഹജര്‍ ഗുരു ഇറാഖിയില്‍നിന്ന് ഉദ്ധരിക്കുന്നു: 'അഹങ്കാരപൂര്‍വം നിലത്തിഴച്ചുവലിക്കുന്നത് ഹറാമാണെന്നതില്‍ സംശയമില്ല. സാധാരണയില്‍ കവിഞ്ഞുള്ള നിലപാടും നിഷിദ്ധമാണെന്നു തന്നെ പറയാം. പക്ഷേ, ഓരോ ജനവിഭാഗത്തിനും അവന്‍ അറിയപ്പെടുന്ന ഒരു ചിഹ്നമുണ്ടായിരിക്കും. വസ്ത്രങ്ങള്‍ നീട്ടിയുടുക്കുന്നത് ചിലരുടെ രീതിയാണ്. അത് അഹങ്കാരത്തോടെയാണെങ്കില്‍ നിഷിദ്ധമാണെന്നതില്‍ സംശയമില്ല. നാട്ടുസമ്പ്രദായമനുസരിച്ചാണെങ്കില്‍ അത് നിഷിദ്ധമല്ല; അത് നിരോധിക്കപ്പെട്ട നിലവാരത്തോളമെത്തിയില്ലെങ്കില്‍. ചുരുക്കത്തില്‍, സമ്പ്രദായങ്ങള്‍ക്ക് അവയുടേതായ പരിഗണനയുണ്ട്.
ഇനി ആരെങ്കിലും സുന്നത്തിനെ പിന്‍പറ്റുക എന്ന ഉദ്യേശ്യത്തോടെ തുണിപൊക്കിയുടുത്താല്‍ അയാള്‍ക്ക്, ഇന്‍ശാ അല്ലാഹ്, പ്രതിഫലം ലഭിച്ചെന്നിരിക്കും. പക്ഷേ, തന്റെ നിലപാട് സ്വീകരിക്കാന്‍ അയാള്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. ഒരു വിഷയകമായി വന്ന മൊത്തം ഹദീസുകള്‍ പരിഗണിക്കാതെ ഒന്നുമാത്രമെടുത്ത് നിലപാടിലെത്തുന്നത് അപകടം വരുത്തുമെന്നു സാരം.

കലപ്പയെ കുറ്റപ്പെടുത്തുന്ന ഹദീസ്
അബൂഉമാമന്‍ ബാഹിലി നബി(സ)യില്‍നിന്നുദ്ധരിക്കുന്നു; 'ഈ ഉപകരണം(കലപ്പ) ഉള്ള വീട്ടില്‍ അല്ലാഹു നിന്ദ്യ പ്രവേശിപ്പിക്കാതിരിക്കില്ല.'27 മേല്‍ഹദീസിന്റെ പ്രത്യക്ഷാശയം നബി(സ) കൃഷിയെയും കര്‍ഷകരെയും വെറുത്തിരുന്നു എന്നാണ്. ചില പൗരസ്ത്യ വിശാദരന്മാര്‍, കൃഷിയോടുള്ള ഇസ്്‌ലാമിന്റെ നിലപാട് പ്രതിലോമപരമാണെന്ന് സ്ഥാപിക്കാന്‍ മേല്‍ നബിവചനം ദുരുപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, എന്താണ് യഥാര്‍ഥ വസ്തുത? നമുക്ക് പരിശോധിച്ചു നോക്കാം.
അന്‍സ്വാറുകള്‍ കര്‍ഷകരായിരുന്നു. നബി(സ) അവരോട് കാര്‍ഷിക വൃത്തി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. തന്നെയുമല്ല, കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട പലനിയമങ്ങളും വ്യവസ്ഥകളും ഹദീസിലും ഫിഖ്ഹിലുമുണ്ട്- ജലസേചനം, തരിശു ഭൂമി കൃഷിയോഗ്യമാക്കല്‍ മുതലായവയും വിസ്തരിച്ചു തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. നബി(സ) പറഞ്ഞു: 'ഒരു മുസ്്‌ലിം ഒരു ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്തു. എന്നിട്ട് അതില്‍നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ തിന്നാല്‍ അതുവഴി അയാള്‍ക്ക് സ്വദഖയാവാതിരിക്കില്ല.''28 ''ഒരു മുസ്്‌ലിമിന്റെ കൃഷിയില്‍നിന്ന് തിന്നപ്പെടുന്നതും മോഷ്ടിക്കപ്പെടുന്നതും മൃഗങ്ങള്‍ തിന്നുന്നതും പക്ഷികള്‍ തിന്നുന്നതും അതില്‍നിന്ന് കുറയുന്നതെന്തും അയാള്‍ക്ക് സ്വദഖയായിരിക്കും.''29 നബി(സ) ഉമ്മു മഅ്ബദിന്റെ തോട്ടത്തില്‍ ചെന്നു. ''ഉമ്മു മഅ്ബദ്, ഈ ഈത്തപ്പഴം കൃഷി ചെയ്ത് മുസ്്‌ലിമോ സത്യനിഷേധിയോ?'' ഉമ്മു മഅ്ബദ്: ''മുസ്‌ലിം.'' അവിടുന്നു പറഞ്ഞു: 'ഒരു മുസ്്‌ലിം ചെടി നടുകയും അതില്‍നിന്ന് മനുഷ്യനോ പക്ഷിയോ ജീവിയോ തിന്നുകയും ചെയ്താല്‍, അന്ത്യനാള്‍വരെ അത് അയാള്‍ക്ക് സ്വദഖയാവാതിരിക്കുന്നില്ല.''30 മോഷ്ടിക്കപ്പെട്ടാലും, നല്‍കണമെന്ന ഉദ്ദേശ്യമില്ലാതെ പക്ഷികളോ മൃഗങ്ങളോ ഭക്ഷിച്ചാലും പുണ്യം ലഭിക്കുമെന്നു സാരം. കൃഷിയെ ഇതിനപ്പുറം പ്രോത്സാഹിപ്പിക്കാന്‍ കൂടുതലെന്തെങ്കിലും പറയണമോ? ഏറ്റവും നല്ല സമ്പാദ്യം കൃഷിയാണെന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം മറ്റൊന്നല്ല. ''നിങ്ങള്‍ കൈയില്‍ ഈന്തപ്പനത്തൈപിടിച്ചു നില്‍ക്കെയാണ് ലോകാവസാനം സംഭവിക്കുന്നതെങ്കില്‍, അത് സംഭവിക്കുന്നതിനു മുമ്പായി അത് നടാന്‍ അയാള്‍ക്ക് സാധിക്കുമെങ്കില്‍, അയാള്‍ അത് നടട്ടെ.''31 നടുന്നയാള്‍ക്ക് പ്രയോജനം ലഭിച്ചില്ലെങ്കിലും നടാന്‍ നിര്‍ദേശിച്ചത് ഭൂമിയുടെ പരിപാലനത്തിന്റെ പ്രാധാന്യം പഠിപ്പിക്കാനാണെന്ന് വ്യക്തം.
അല്ലാഹുവിന് ഇബാദത്തു ചെയ്യുക, ശേഷം പ്രവര്‍ത്തിക്കുക, ഭൂമിയുടെ പരിപാലനം നിര്‍വഹിക്കുക- ഇതാണ് മുസ്്‌ലിമിന്റെ ഉത്തരവാദിത്വം. അവസാന ശ്വാസം വരെ കര്‍മം ചെയ്തുകൊണ്ടേയിരിക്കുക. ഗതകാലനൂറ്റാണ്ടുകളില്‍ ഈ ലക്ഷ്യത്തോടെയാണ് മുസ്്‌ലിംകള്‍ ജീവിച്ചുപോന്നത്.
സാബിതിന്റെ മകന്‍ ഖുസൈമയുടെ മകന്‍ അമാറയില്‍നിന്ന് ഇബ്‌നു ജമീര്‍ ഉദ്ധരിക്കുന്നു. ഉമര്‍(റ) എന്റെ പിതാവിനോട്, ''നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്നില്ല'' എന്ന് ചോദിച്ചു. പിതാവ്: ''ഞാന്‍ വയോവൃദ്ധനായി ഇന്നോ നാളെയോ മരിക്കും എന്ന അവസ്ഥയിലാണ്!'' ഉമര്‍: ''അവിടെ കൃഷിചെയ്യുമെന്നു തന്നെ നിങ്ങള്‍ തീരുമാനിക്കണം.'' ഉമര്‍ അവിടെ എന്റെ പിതാവിനോടൊപ്പം കൃഷി ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി. 32
നബി ശിഷ്യന്‍ അബുദ്ദര്‍ദാഅ് ദമസ്‌കസില്‍ കൃഷി ചെയ്യുന്നതിനിടെ ഒരാള്‍ അതുവഴിവന്നു. അയാള്‍: ''അല്ലാഹുവിന്റെ ദൂതന്റെ സഖാവായ താങ്കള്‍ കൃഷി ചെയ്യുകയോ?'' അബുദ്ദര്‍ദാഅ്: ''ധൃതിപ്പെടാതെ. ഒരാള്‍ ചെയ്ത കൃഷിയില്‍നിന്ന് മനുഷ്യനോ, അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏതെങ്കിലും സൃഷ്ടിയോ തിന്നാല്‍ അത് അയാളുടെ സ്വദഖഃയായി പരിഗണിക്കപ്പെടുമെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.''33

എങ്കില്‍, കലപ്പയെ വിമര്‍ശിച്ചുകൊണ്ടുള്ള നബി വചനത്തിന്റെ പൊരുളെന്തായിരിക്കും?
ഇമാം ബുഖാരി മേല്‍ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് 'കാര്‍ഷികായുധങ്ങള്‍ കൊണ്ട് തൊഴിലെടുക്കുന്നതിന്റെയും പരിധി വിടുന്നതിന്റെയും ദൂഷ്യഫലങ്ങള്‍' എന്ന അധ്യായത്തിലാണ്. ഈ ഭാഗം വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ എഴുതുന്നു: 'കലപ്പയെ ആക്ഷേപിച്ചുകൊണ്ടുള്ള ഹദീസും കൃഷിയുടെ പുണ്യവും പ്രാധാന്യവും പഠിപ്പിക്കുന്ന ഹദീസുകളും സംയോജിപ്പിച്ചുകൊണ്ടുള്ള ശീര്‍ഷകമാണ് ബുഖാരി കൊടുത്തിരിക്കുന്നത്. അതായത്, നിര്‍ബന്ധമായ ജിഹാദ് പോലുള്ളവ അവഗണിച്ച് കൃഷിയില്‍ വ്യാപൃതമാവുക, അഥവാ, അവഗണിച്ചില്ലെങ്കില്‍ തന്നെയും പരിധിവിട്ടു പ്രവര്‍ത്തിക്കുക എന്നിവയാണ് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. ആദര്‍ശ ശത്രുക്കളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സമരവീര്യം നേടാതെ കൃഷിയില്‍ മുഴുകിയാല്‍ ശത്രുക്കള്‍ കരുത്തരായിത്തീരും. ഇത്തരം സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ സൈനിക പരിശീലനം നേടണം. മറ്റുള്ളവര്‍ അവരെ സഹായിക്കണം. 34 നബി(സ)യില്‍നിന്ന് ഇബ്‌നു ഉമര്‍ ഉദ്ധരിച്ച '............. നിങ്ങള്‍ പശുക്കളുടെ വാലുകള്‍ പിടിക്കുകയും കൃഷിയില്‍ തൃപ്തിയടയുകയും ജിഹാദ് ഉപേക്ഷിക്കുകയുമാണെങ്കില്‍ അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത ചുമത്തുന്നതായിരിക്കും. നിങ്ങള്‍ നിങ്ങളുടെ ദീനിലേക്ക് തിരിച്ചുവരുന്നതു വരെ നിന്ദ്യത അല്ലാഹു നീക്കിക്കളയുന്നതല്ല.' 35
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധമായ 'ജിഹാദ്' അവഗണിച്ചുകൊണ്ടുള്ള കാര്‍ഷികാഭിമുഖ്യത്തെയാണ് നബി(സ) അഭിശംസിച്ചതെന്ന് മേല്‍ നബിവചനം വ്യക്തമായി പഠിപ്പിക്കുന്നു. ചുരുക്കത്തില്‍, ഒരു വിഷയത്തില്‍വന്ന മൊത്തം ഹദീസുകള്‍ ചേര്‍ത്തുവായിക്കാതിരുന്നാല്‍ അപരിഹാര്യമായ അബദ്ധങ്ങള്‍ സംഭവിക്കുമെന്ന് വ്യക്തം.

ഹദീസുകളെ സംയോജിപ്പിച്ചു മനസ്സിലാക്കുകയോ ചിലതിന് മറ്റു ചിലതിനേക്കാള്‍ മുന്‍തൂക്കം നല്‍കുകയോ ചെയ്യുക.
ശരീഅത്തിലെ അടിസ്ഥാന പ്രമാണങ്ങള്‍ തമ്മില്‍ പരസ്പരം വിരുദ്ധമാവില്ല. കാരണം, സത്യം സത്യത്തിന് വിരുദ്ധമാവില്ല. ഏതെങ്കിലും തരത്തിലുള്ള വൈരുധ്യം നോക്കിയാലും അത് ബാഹ്യതലത്തില്‍ മാത്രമായിരിക്കും, യഥാര്‍ഥത്തിലായിരിക്കില്ല. പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന രണ്ടു പ്രമാണങ്ങള്‍ക്കിടയില്‍ കൃത്രിമത്വമില്ലാതെ സംയോജിപ്പിച്ച് വൈരുധ്യം പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ലത്. കാരണം ഒരു പ്രമാണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മറ്റേത് തള്ളിക്കളയേണ്ടി വരുമല്ലോ.

മുന്‍ഗണനയേക്കാള്‍ സംയോജനത്തിന് ഊന്നല്‍
പ്രത്യക്ഷത്തില്‍ വൈരുധ്യം തോന്നുന്ന സ്വഹീഹായ ഹദീസുകളെ സംയോജിപ്പിച്ചു മനസ്സിലാക്കണം. (ദുര്‍ബലമായ ഹദീസുകള്‍ക്ക് ഈ പരിഗണനയുണ്ടാവില്ല). ഇക്കാരണത്താല്‍ താഴെ ചേര്‍ക്കുന്ന ഹദീസ് പ്രഗത്ഭ ഹദീസ് പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഉമ്മു സലമയില്‍നിന്ന്, 'ഞാനും മൈമൂനയും നബി(സ)യുടെ സമീപത്തായിരുന്നു. അപ്പോള്‍ അന്ധനായ ഇബ്‌നു ഉമ്മി മക്തൂം അവിടേക്കു വന്നു. (ഹിജാബിനു ശേഷമാണ് സംഭവം) അപ്പോള്‍ നബി(സ) പറഞ്ഞു: ''നിങ്ങള്‍ രണ്ടു പേരും അദ്ദേഹത്തില്‍നിന്ന് മറഞ്ഞുനില്‍ക്കുക.'' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹം അന്ധനല്ലയോ? അദ്ദേഹം ഞങ്ങളെ കാണുകയോ അറിയുകയോ ഇല്ലല്ലോ?'' നബി(സ): ''നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തെ കാണുന്നില്ലേ?''36
ഈ ഹദീസ് സ്വഹീഹാണെന്ന് തുര്‍മുദി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ പരമ്പരയില്‍ ഉമ്മുസലമയുടെ വിമോചിത അടിമ നുബ്ഹാന്‍ ഉണ്ട്. അയാള്‍ അജ്ഞാതനാണ്. ഇബ്‌നു ഹിബ്ബാന്‍ അയാള്‍ വിശ്വസ്തനല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ദഹബി 'മുഗ്‌നി'യില്‍ ദുര്‍ബലരുടെ ഗണത്തിലാണ് നുബ്ഹാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് അന്യപുരുഷനെ കാണാം എന്ന ബുഖാരിയിലെയും മുസ്്‌ലിമിലെയും ഹദീസിനു വിരുദ്ധമാണ് മേല്‍ ഹദീസ്. ആഇശ(റ)യില്‍നിന്ന്; 'ഞാന്‍ പള്ളിയില്‍ വെച്ചു കളിക്കുകയായിരുന്ന അബ്‌സീനിയക്കാരെ നോക്കിക്കൊണ്ടിരിക്കെ നബി(സ) തന്റെ തട്ടംകൊണ്ട് എന്നെ മറച്ചുപിടിച്ചുകൊണ്ടിരുന്നു.'37
ഖാദി ഇയാദ് എഴുതുന്നു: അന്യപുരുഷന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് കാണാമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പുരുഷന്മാരുടെ സൗന്ദര്യം നോക്കുന്നതും ആസ്വദിക്കുന്നതും മാത്രമാണ് അനഭിലഷണീയം. 'സംശയത്തിനിടം നല്‍കാത്തവിധം സ്ത്രീകള്‍ അബ്്‌സീനിയക്കാരെയും മറ്റും നോക്കല്‍' എന്ന് ബുഖാരി അധ്യായത്തിന് ശീര്‍ഷകം നല്‍കിയത് ശ്രദ്ധേയമാണ്.38
ഖൈസിന്റെ ഫാത്വിമയോട് നബി(സ) പറഞ്ഞതും ബുഖാരി ഉദ്ധരിച്ചതുമായ ഹദീസ് ഇതിനെ ബലപ്പെടുത്തുന്നു. തീര്‍ത്തും മൊഴിചൊല്ലപ്പെട്ട ഫാത്വിമയോട് നബി(സ) പറഞ്ഞു: ''നീ ഇബ്‌നു ഉമ്മി മക്തൂമിന്റെ വീട്ടില്‍ ഇദ്ദ ഇരിക്കുക. അദ്ദേഹം അന്ധനാണ്. നിനക്ക് നിന്റെ വസ്ത്രങ്ങള്‍ അഴിച്ചുവെക്കാം. അദ്ദേഹം നിന്നെ കാണുകയുമില്ല.'' നേരത്തെ നബി(സ) ഫാത്വിമയോട് ഉമ്മു ശുറൈകിന്റെ വീട്ടില്‍ ഇദ്ദ ഇരിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. പിന്നീട് അവിടുന്നു പറഞ്ഞു: ''ഉമ്മു ശുറൈകിന്റെ വീട്ടില്‍ എന്റെ സഖാക്കള്‍ ധാരാളമായി വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഇബ്‌നു ഉമ്മി മക്തൂമിന്റെ വീട്ടില്‍ ഇദ്ദ ആചരിക്കുക......'' അതുകൊണ്ട്, ഇബ്‌നു ഉമ്മി മക്തൂമിനെ കാണരുതെന്ന് നബി(സ) പറഞ്ഞതായി ഉമ്മു സലമ ഉദ്ധരിച്ച ഹദീസ് ദുര്‍ബലവും സ്വഹീഹായ മേല്‍ രണ്ടു ഹദീസുകള്‍ക്കും വിരുദ്ധവുമായതിനാല്‍ തള്ളിക്കളയേണ്ടതാണ്. ഉമ്മു സലമയുടെ ഹദീസ് നിരൂപണം ചെയ്തുകൊണ്ട് ഇമാം ഖുര്‍ത്വുബി എഴുതുന്നു; 'പ്രസ്തുത ഹദീസ് ശരിയാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെയും നബി പത്‌നിമാരുടെ പവിത്രത ഊന്നിപ്പറയാനായിരിക്കണം അവിടുന്ന് ഇബ്‌നു ഉമ്മി മക്തൂമിനെ കാണരുതെന്ന് വിലക്കിയത്. അബൂദാവൂദ് ഉള്‍പ്പെടെയുള്ള ഇമാമുകള്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഉമ്മു ശുറൈകിന്റെ വീട്ടില്‍ ഇദ്ദ നിര്‍ദേശിച്ചുകൊണ്ടുള്ള ഹദീസിന്റെ ആശയം സുബദ്ധമായിത്തന്നെ അവശേഷിക്കുന്നു. ഈ ഹദീസിനെ ആധാരമാക്കി, സ്ത്രീകളുടെ തലയും കര്‍ണാഭരണങ്ങളും പുരുഷന്മാര്‍ക്കു കാണാം എന്നതുപോലെ, സ്്ത്രീകള്‍ക്കും പുരുഷന്മാരെ കാണാവുന്നതാണ്, നഗ്്‌നത ഇതില്‍നിന്നൊഴിവാണ്. ഉമ്മു ശുറൈകിന്റെ വീട്ടില്‍ ധാരാളം പേര്‍ വരുന്നതിനാലാണ് ഇബ്‌നു ഉമ്മി മക്തൂമിന്റെ വീട്ടിലേക്ക് മാറാന്‍ നിര്‍ദേശിച്ചത്. ഫാത്വിമക്ക് തന്റെ കണ്ണിനെ നിയന്ത്രിച്ചാല്‍ മതിയായിരുന്നുവല്ലോ.39

വനിതകളുടെ ഖബ്ര്‍ സന്ദര്‍ശനം
അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: 'നബി(സ) ഖബ്‌റുകള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന സ്്ത്രീകളെ ശപിച്ചിരിക്കുന്നു.'40 എന്നാല്‍ മറ്റുചില ഹദീസുകള്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കുന്നതായി കാണാം. 'ഞാന്‍ നിങ്ങളെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സന്ദര്‍ശിച്ചുകൊള്ളുക.'41 ഈ പൊതു അനുവാദത്തില്‍ സ്ത്രീകളും പെടും. ''ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുപറയും?'' എന്ന ചോദ്യത്തിന് നബി(സ) ആഇശയോട് പറഞ്ഞത് കാണുക. ''നീ, അസ്സലാമു അലാ അഹ്്‌ലിദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്്‌ലിമീന, വയര്‍ഹമുല്ലാഹുല്‍ മുസ്തഖ്ദിമീന മിന്നാ വല്‍ മുസ്തഅ്ഖിരീന, വ ഇന്നാ ഇന്‍ശാഅല്ലാഹു ബികും ലലാഹിഖൂന്‍' എന്നു പറഞ്ഞുകൊള്ളുക.''42
മറ്റൊരു റിപ്പോര്‍ട്ട് കാണുക; 'ഖബ്‌റിന്നടുത്തിരുന്ന് കരയുന്ന ഒരു സ്ത്രീയുടെ അരികിലൂടെ കടന്നുപോകവെ നബി(സ) പറഞ്ഞു: ''നീ അല്ലാഹുവെ സൂക്ഷിക്കുക, ക്ഷമിക്കുക!'' അപ്പോള്‍ അവള്‍ പറഞ്ഞു: ''എനിക്ക് സംഭവിച്ചതുപോലുള്ള ഒന്ന് നിങ്ങള്‍ക്ക് സംഭവിച്ചിട്ടില്ല'' (അവര്‍ നബി(സ)യെ തിരിച്ചറിഞ്ഞിരുന്നില്ല). 43 അവിടുന്ന് അവരെ സന്ദര്‍ശനം വിലക്കിയില്ല. വെപ്രാളപ്പെടരുതെന്നുമാത്രം ഉപദേശിച്ചു. ഫാത്വിമ(റ) പിതൃവ്യന്‍ ഹംസയുടെ ഖബ് ര്‍ എല്ലാ വെള്ളിയാഴ്ചയും സന്ദര്‍ശിക്കാറുണ്ടായിരുന്നു.'44
സ്ത്രീകള്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് വിലക്കുന്ന ഹദീസുകളെക്കാള്‍ കൂടുതല്‍ അനുവദനീയത സ്ഥാപിക്കുന്ന ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. രണ്ടുതരം ഹദീസുകള്‍ തമ്മില്‍ സംയോജിപ്പിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. ഖബ് ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ ശപിച്ചു എന്നു പറയുന്നത്, അനേകതവണ സന്ദര്‍ശിക്കുന്ന സ്ത്രീകളെ എന്നു മനസ്സിലാക്കണം. 'സവ്വാറാത്ത്' എന്നതിന്റെ വിവക്ഷ 'കൂടുതലായി സന്ദര്‍ശിക്കുന്ന സ്ത്രീകള്‍' എന്നാണല്ലോ. ഭര്‍ത്താവിനോടുള്ള കടമകള്‍ നിര്‍വഹിക്കാതെയും, മരിച്ചവരെച്ചൊല്ലി കരഞ്ഞും മറ്റുമുള്ള നടപടികളാവാം ശാപത്തിന് കാരണം. ശൗകാനി എഴുതുന്നു: പ്രത്യക്ഷത്തില്‍ വൈരുധ്യം തോന്നുന്ന ഇത്തരം ഹദീസുകള്‍ ഇങ്ങനെ വേണം സംയോജിപ്പിച്ചു മനസ്സിലാക്കാന്‍- 45 പരസ്പര വിരുദ്ധമായ ഹദീസുകള്‍ സംയോജിപ്പിച്ചു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചിലതിന് മറ്റു ചിലവയേക്കാള്‍ മുന്‍ഗണന നല്‍കണം.

ഖറദാവിയുടെ 'കൈഫ നതആമലു മനസ്സുന്നഃ' എന്ന കൃതിയില്‍നിന്ന്
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

കുറിപ്പുകള്‍

1. ഇത് വിശദമായി മനസ്സിലാക്കാന്‍ മുഹമ്മദുസ്സ്വാദിഖ് ഉര്‍ജൂനിന്റെ 'മുഹമ്മദുന്‍ റസൂലുല്ലാഹ്' 2/30-155 വായിക്കുക.
2. ഇബ്‌നുല്‍ അറബി, അഹ്കാമുല്‍ ഖുര്‍ആന്‍ പേ. 749-752
3. തുര്‍മുദി, കിതാബുസ്സകാത്ത്, ശര്‍ഹുബ്‌നില്‍ അറബി 3/132
4. അബൂദാവൂദ് 4714, ഇബ്‌നു ഹിബ്ബാന്‍, ത്വബറാനി. ഇതിന്റെ പരമ്പരയിലുള്ളത് സ്വഹീഹിന്റെ പരമ്പരയിലുള്ളവരാണെന്ന് ഹൈസമി എഴുതുന്നു. (അല്‍ ഫൈദ് 6/37)
5. അഹ്്മദ്, നസാഈ
6. മുത്തഫഖുന്‍ അലൈഹി, അല്ലുഅ്‌ലുഉ വല്‍ മര്‍ജാന്‍, (1816)
7. ശര്‍ഹുല്‍ അബ്ബിയ്യി വസ്സനൂസി അലാ മുസ്്‌ലിം 1യ363-373
8. ഇംറാനുബ്‌നു ഹുസൈ്വനില്‍നിന്ന് അഹ്്മദ്, ബുഖാരി, അബൂദാവൂദ്, സ്വഹീഹുല്‍ ജാമിഇസ്സ്വഗീര്‍ (8055)
9. ജാബിറില്‍നിന്ന്, മുത്തഫഖുന്‍ അലൈഹി, അതേ കൃതി (8058)
10. അബ്ദുല്ലാഹിബ്‌നു അബില്‍ ജദ്ആഅ് അതേകൃതി (8069)
11. അബുദ്ദര്‍ദാഇല്‍നിന്ന് അബൂദാവൂദ്, അതേകൃതി (8093)
12. അബൂഹുറൈറയില്‍നിന്ന് ബുഖാരി, സ്വഹീഹുല്‍ ജാലിഅ്
13. മുത്തഫഖുന്‍ അലൈഹി, അബൂഹുറൈറയില്‍നിന്ന്(967), അല്ലുഅ്‌ലുഅ് വല്‍മര്‍ജാന്‍(121)
14. മുത്തഫഖുന്‍ അലൈഹി, അനസില്‍നിന്ന്, അല്ലുഅ്‌ലുഅ് വല്‍ മര്‍ജാന്‍(122)
അബൂസഈദില്‍നിന്ന് ബുഖാരിയും മുസ്്‌ലിമും ഉദ്ധരിച്ച(അല്ലുഅ്‌ലുഉവല്‍ മര്‍ജാന്‍ 115, അബൂഹുറൈറയില്‍നിന്ന് മുസ്്‌ലിമും തുര്‍മുദിയും ഇബ്‌നു മാജയും ഉദ്ധരിച്ച(സ്വഹീഹുല്‍ ജാമിഇസ്സ്വഗീര്‍ 5176) ഹദീസും കാണുക.
15. നമ്മുടെ 'അശ്ശഫാഅത്തു ഫില്‍ ആഖിറത്തി ബൈനന്നഖ്‌ലി വല്‍ അഖ്ല്‍' എന്ന ലഘുകൃതി കാണുക.
16. ബുഖാരി, കിതാബുല്ലിബാസ്(5787)
17. നസാഈ, കിതാബുസ്സീഹ 8/207
18. ഫത്ഹുല്‍ ബാരി 20യ257
19. അതേ കൃതി പേ; 354 (5784)
20. അതേ കൃതി (5785)
21. അതേ കൃതി(5788)
22. അതേ കൃതി (5789)
23. അതേ കൃതി(5790)
24. മുസ്്‌ലിം ബിശര്‍ഹിന്നവവി 4/795)
25. ഫത്ഹുല്‍ബാരി 10/263
26. എന്റെ 'അല്‍ഹലാല്‍ വല്‍ഹറാം' കാണുക
27. ബുഖാരി, കിതാബുല്‍ മുസാറഅ
28. മുത്തഫഖുന്‍ അലൈഹി, അല്ലുഅ്‌ലുഉ വല്‍മര്‍ജാന്‍(1001)
29. മുസ്്‌ലിം, കിതാബുല്‍ മുസാഖാത്ത്(1552)
30. അതേ കൃതി
31. അഹ്്മദ്, മുസ്‌നദു അനസ് (3/183,184,191) ബുഖാരി, അല്‍ അദബുല്‍ മുഫ്‌റദ്, അല്‍ബാനി(അസ്സ്വഹീഹ നമ്പര്‍ 9) ഹൈസലി, ബസ്സ്വാര്‍ (4/63)
32. സുയൂത്വി, അല്‍ജാമിഉല്‍കബീര്‍, അസ്സ്വഹീഹ ലില്‍ അല്‍ബാനി 1/12
33. ഹൈസമി (മജ്മഉസ്സവാഇദ് 4/67) അഹ്്മദും ത്വബറാനിയും ഇത് ഉദ്ധരിച്ചിരിക്കുന്നു.
34. ഫത്ഹുല്‍ ബാരി 5/402
35. അഹ്്മദ്, അബൂദാവൂദ് അല്‍ബാനി സ്വഹീഹാക്കിയിരിക്കുന്നു.
36. അബൂദാവൂദ്(4112), തുര്‍മുദി (1779)
37. മുത്തഫഖുന്‍ അലൈഹി, അല്ലുഅ്‌ലുഉ വല്‍മര്‍ജാന്‍(513) ഫത്ഹുല്‍ ബാരി(950)
38. ഫത്ഹുല്‍ബാരി 2/445
39. തഫ്‌സീറുല്‍ ഖുര്‍ത്വുബി 12/228
40. അഹ്്മദ് 2/337 ഇബ്‌നു മാജ(1576) തുര്‍മുദി(1056), ബൈഹഖി(4/78)
41. അഹ്്മദ്, ഹാകിം (സ്വഹീഹുല്‍ ജാമിഉസ്സ്വഗീര്‍ 4584)
42. മുസ്്‌ലിം(974), നസാഈ(4/93), അഹ്്മദ്(6/221)
43. ബുഖാരി, മുസ്്‌ലിം, അല്ലുഅ്‌ലുഉ വല്‍മര്‍ജാന്‍(533)
44. ഹൈലുല്‍ അൗത്വാര്‍ 4/166

© Bodhanam Quarterly. All Rights Reserved

Back to Top